പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിമിത്തം അവസാനനിമിഷം റദ്ദ് ചെയ്യപ്പെട്ടെങ്കിലും വളരെയേറെ പ്രതിലോമകരവും സാംസ്കാരിക കേരളത്തിനു നാണക്കേടുണ്ടാക്കുന്നതുമായ ഒരു സംഭവമായിരുന്നു കറന്റ് ബുക്സ് അരങ്ങേറ്റാൻ തുനിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനായ കെ എ ഷാജി ഫേസ്ബുക്കിൽ കുറിച്ച അഭിപ്രായം പ്രസക്തമാണെന്ന് ഞങ്ങൾ കരുതുന്നു. ഇവ്വിധമുള്ള ആത്മീയതയെ മുറുകെപിടിക്കുന്നവരാണോ ഒരു ശാസ്ത്രജ്ഞന്റെ ഗുരുവും പ്രചോദനവുമാകുന്നെതെന്ന ചോദ്യവും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

രു സ്ത്രീയുടെ നിഴൽ പോലും തങ്ങളുടെ ദേഹത്ത് വീഴരുത് എന്നും അങ്ങനെ വീണാൽ അത് അശുദ്ധി ആണെന്നും കരുതുന്ന ആളുകളെ മാനസ്സിക രോഗത്തിന് ചികിത്സിക്കുന്നതിന് പകരം ആത്മീയ ഗുരുക്കളായി പൂവിട്ടു പൂജിക്കുന്ന പ്രവണത ഒട്ടും തന്നെ പുതിയതല്ല. എന്നാൽ ഇത്തരം ആത്മീയ വ്യാപാരികളെ പ്രകീർത്തിച്ച് രചിക്കപ്പെടുന്ന പുസ്തകം പരിഭാഷപ്പെടുത്താൻ ഒരു സ്ത്രീയോട് തന്നെ ആവശ്യപ്പെടുന്നതും അങ്ങനെ ചെയ്ത ശേഷം പ്രകാശന ചടങ്ങിൽ നിന്നും മാറി നിന്ന് അത് അശുദ്ധമാകാതെ സൂക്ഷിക്കാൻ അവരോട് ആവശ്യപ്പെടുന്നതും പുതിയതാണ്.

കേരളം കണ്ട ഏറ്റവും പുരോഗമനകാരിയായ വിദ്യാഭ്യാസ മന്ത്രിയുടെ കുടുംബം നടത്തുന്ന പുസ്തക പ്രകാശനശാലയാണ് ഈ കോമാളി നാടകത്തിന് വേദി ഒരുക്കുന്നത് എന്ന ദയനീയത കൂടി ഇവിടുണ്ട്. മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ഒടുവിലത്തെ പുസ്തകം ആണ് ഇവിടെ വിവാദത്തിന്റെ പ്രഭവ കേന്ദ്രം. അതിന്റെ പ്രകാശനം നടക്കുന്ന വേദിയിൽ പരിഭാഷക കയറാൻ പാടില്ല. വിശിഷ്ടാതിഥി യായി എത്തുന്ന സ്വാമി ഇരിക്കുന്ന വേദിയിൽ സ്ത്രീകൾ കയറാൻ പാടില്ലത്രേ. രണ്ടു ലക്ഷം കോപ്പി എങ്കിലും വിറ്റു പോകുന്ന കച്ചവട സാധ്യത ഉള്ള പുസ്തകം ആണ്. അബ്ദുൽ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji ( Harper Collins India) മലയാളത്തിലേക്ക് “കാലാതീതംഎന്നാ പേരിൽ വിവർത്തനം ചെയ്ത വനിതയാണ്‌ അവഹേളിക്കപ്പെട്ടത്. കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ്‌ സ്വാമിജി സ്ത്രീകൾ ഇല്ലാത്ത വേദിയിലെ പ്രകാശനം ചെയ്യൂ. സ്ത്രീയുടെ നിഴലിനെ പോലും ഇങ്ങേർക്ക് പേടിയാണ്.

പ്രതിനിധി ഇങ്ങനെ ചിന്തിക്കുമ്പോൾ ഗുരുവിന്റെ ചിന്തയും വേറെ ഒന്നാകാൻ തരമില്ല. ഇത്തരത്തിൽ സ്ത്രീ വിരുദ്ധമായ ഒരു സംഘത്തിന്റെ ആത്മീയതയിൽ മുൻ രാഷ്‌ട്രപതി പ്രചോദിതനായി പുസ്തകം എഴുതി എന്നത് അമ്പരപ്പും ഉണ്ടാക്കുന്നു.

സ്വാമി വേദിയിൽ ഇരിക്കുമ്പോൾ മുൻപിലുള്ള മൂന്ന് വരി സീറ്റുകൾ ശൂന്യമായി ഇടണം എന്നും അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാൻ അനുവാദമുള്ളു എന്നും വരെ പറയുമ്പോൾ എത്ര പ്രതിലോമകരമായ ഫാസിസം ആണ് ഇവർ മുന്നോട്ടു വയ്ക്കുന്നത് എന്ന് മനസിലാക്കാം. അങ്ങേയറ്റം പിന്തിരിപ്പൻ ആയ സ്വാമി നാരായണ്‍ സന്യാസ സൻസ്ഥാൻ കലാമിലെ ശാസ്ത്രജ്ഞനു ആത്മീയ നവീകരണം വരുതിയെങ്കിൽ അതും ചർച്ച ചെയ്യപ്പെടണം.

കലാമിനെതിരെ ചെറിയ വിമർശനം പോലും വച്ച് പൊറുപ്പിക്കാത്ത അസഹിഷ്ണുക്കളായ ഒരുപാട് അനുയായികൾ ഉണ്ട്. പ്രത്യേകിച്ചും സോഷ്യൽ മീഡിയയിൽ. സ്ത്രീ വിരുദ്ധചിന്താഗതിയുള്ള ഒരാൾക്കൂട്ടത്തെ വാഴ്ത്തുന്ന ഈ പുസ്തകം ഒരു സ്ത്രീയെ പരിഭാഷപ്പെടുത്താൻ ഏല്പിക്കണമായിരുന്നോ എന്നെങ്കിലും അവർ ചിന്തിക്കണം. വേദിയിൽ കയറുന്നതിലും വലിയ ആശുധിയാണ് പരിഭാഷ അവരെ ഏല്പിച്ചത് വഴി പ്രസാദകർ ഉണ്ടാക്കിയത്. പുസ്തകത്തിന്റെ ഈ വനിതാ പരിഭാഷ ഉടൻ പിൻ വലിച്ച് ഒരു പുരുഷ പരിഭാഷ ഇറക്കി സ്വാമിയുടെയും കലാമിന്റെയും ചാരിത്ര്യം രക്ഷിക്കണം.

 

(ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും)

Comments

comments