രിക്കലും നടക്കരുതാത്തതാണു എഫ് ടി ഐ ഐയിൽ നടന്ന കാര്യം. കലാകാരന്മാരുടേയും ആവിഷ്കാരസ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണു. ഒരുപാട് ഇടങ്ങളിൽ സത്യം വിളിച്ച് പറയുകയും തുറന്നെഴുതുകയും ചെയ്യുന്ന മനുഷ്യർ കൊല്ലപ്പെടുന്നു. വ്യക്തിപരമായി പറഞ്ഞാൽ എഫ് ടി ഐ ഐയിൽ സംഭവിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വീട്ടിൽ നടന്ന ഒരു സംഭവം എന്ന നിലയ്ക്കുള്ളതാണു. ഞാനെല്ലാം അവിടെ എത്തിയപ്പോൾ എട്ടും ഒൻപതും തവണയൊക്കെ ശ്രമിച്ച്, കഠിനാധ്വാനം ചെയ്ത് അവിടെ അഡ്മിഷൻ നേടിയെടുത്ത ആളുകളെ കണ്ടിട്ടുണ്ട് അത്തരത്തിൽ മികവിന്റെ കേന്ദ്രമായ ഒരു സ്ഥാപനമാണത്. സിനിമയ്ക്ക്, ഇന്ത്യൻ സിനിമയ്ക്ക് പ്രത്യേകിച്ചും ഇൻസ്റ്റിറ്റ്യൂട്ട് നൽകിയിട്ടുള്ള സംഭാവനകൾ വളരെയാണു. പണ്ടുമിന്നും ഋതിക് ഘട്ടക്, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം എന്നിവരെപ്പോലെയുള്ള സംവിധായക അഭിനയ, സിനിമാസാങ്കേതികരംഗത്തെ പ്രതിഭാധനർ വ്യാപരിച്ചിരുന്ന ഇടമാണത്.  അത്തരമൊരിടത്തിന്റെ തലപ്പത്തേക്ക് ഒരുതരത്തിലും അർഹനല്ലാത്ത ഒരാളെ ചെയർമാനായി നിയമിക്കുക എന്നത് ഒരിക്കലും യോജിക്കാൻ കഴിയുന്നതല്ല. അത്തരമൊരു സ്ഥാനത്ത് വരുന്ന ആൾ അനുഭവസമ്പന്നനും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരോട് സംവദിക്കാനും അവരെ മനസ്സിലാക്കാനും അവരെ നയിക്കാനും പ്രാപ്തിയുള്ള ആളായിരിക്കേണ്ടതുണ്ട്. ഇതൊന്നും ആ സ്ഥാനത്തേക്ക് പുതുതായി നിയമിക്കപ്പെട്ട വ്യക്തിക്കില്ല. ഇതായിരുന്നു സമരത്തിലേക്ക് വിദ്യാർഥികളെ നയിച്ച അടിസ്ഥാനകാരണം. ആദ്യഘട്ടങ്ങളിൽ പൊതുരംഗം ഇത് ആ അർത്ഥത്തിൽ മനസ്സിലാക്കിയോ എന്നത് സംശയമാണു. അങ്ങനെയാണു കഴിഞ്ഞ നൂറ്റിനാല്പതോളം ദിവസങ്ങൾ പഠിപ്പ് മുടക്കി സമരം ചെയ്യുക എന്ന തരത്തിൽ ഒരു നീക്കത്തിലേക്ക് വിദ്യാർഥികളെ എത്തിച്ചത്.

         ജീവിതത്തിൽ നിന്ന്, ആ വിദ്യാർഥികളുടെ ഇൻസ്റ്റിറ്റ്യൂട്ട് ജീവിതത്തിൽ നിന്ന് വളരെ വിലയേറിയ അത്രയും ദിനങ്ങളെടുത്തു മാറ്റുക എന്നത് ആലോചിക്കാൻ കഴിയുന്നതിനപ്പുറം സങ്കടകരമായ കാര്യമാണു. ഇന്ത്യയിലുടനീളമുള്ള സ്ഥാപനങ്ങളിൽ ഇത്തരം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് നമ്മെ സ്തബ്ദ്ധരാക്കുന്നുണ്ട്. ഇന്ത്യയിലേയും വിദേശത്തെയും ഏറ്റവും മികച്ച ചലച്ചിത്രപ്രവർത്തകർ ഒരുപാട് പേർ സമരത്തെ പിന്തുണച്ചിട്ടും ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഒരു നീക്കുപോക്കുമുണ്ടായില്ല. ഒടുക്കം രാജ്യത്തെ പ്രമുഖരായ ഒരുപറ്റം ചലച്ചിത്രപ്രവർത്തകർ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഗവണ്മെന്റിന്റെ നിലപാടുകളോട് പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും തങ്ങൾക്ക് ലഭിച്ച ദേശീയ അവാർഡുകൾ തിരികെക്കൊടുക്കുന്നതും നാം കണ്ടു. എത്രത്തോളം പിന്തുണ  ആ സമരത്തിനു ലഭിക്കാമോ അത്രത്തോളം പിന്തുണ സമരത്തിനങ്ങനെ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നിട്ടും ഗവണ്മെന്റ് മൗനം തുടരുകയാണു തീരുമാനങ്ങളൊന്നുമുണ്ടാകുന്നില്ല. അതിനാൽ, അവസാനമില്ലാതെ, ഒരിക്കലും നീതി ലഭിക്കാതെ, പഠനം തീർത്തും നടക്കാതെ ഈ സ്ഥിതി തന്നെ തുടർന്നു പോയേക്കാം എന്ന സാഹചര്യത്തിലാണു വിദ്യാർഥികൾ പഠിപ്പ് മുടക്കിയുള്ള സമരം പിൻവലിക്കുകയും പ്രതിഷേധസമരം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തതെന്ന് കരുതുന്നു. അതിൽ അനുരഞ്ജനത്തിന്റെ ലാഞ്ഛന കാണുന്നവർ ഓർക്കേണ്ടത് കലാകാരൻ തന്റെ സൃഷ്ടികളിലൂടെയാണു ഏറ്റവും കൂടുതൽ സ്വയം പ്രകടിപ്പിക്കുക എന്നതാണു. പ്രതിഭയുള്ള കുട്ടികളാണു അവിടെ പഠിക്കുന്നത്. തങ്ങളുടെ കലാസൃഷ്ടികളിലൂടെ അവർ നാളെ ഈ നീതിനിഷേധത്തിനും മൗനത്തിനുമെതിരെ കൂടുതൽ തീക്ഷ്ണമായും കരുത്തോടെയും പ്രതികരിക്കുമെന്നത് നിശ്ചയമാണു.

Comments

comments