And from every dead child a rifle with eyes,
And from every crime bullets are born [Pablo Neruda ]

നെരൂദയുടെ പ്രവചനാത്മകമായ ഈ വരികളുടെ ഇൻസ്റ്റലേഷനാണു ഇന്ന് പശ്ചിമേഷ്യ. അതിന്റ മകുടമാണ് സിറിയ .അവിടെ നടക്കുന്ന രക്ത ചൊരിച്ചിലിന്റെ ലാവാപ്രവാഹത്തിലേക്ക് എടുത്തു ചാടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ . അർത്ഥശാസ്ത്രമോ രാജ്യതന്ത്രമോ പഠിക്കാതെ തന്നെ ഏതൊരാൾക്കും പറയാം ഇത് മണ്ടത്തരമാണ്. ഇന്ത്യൻ അാന്താരാഷ്‌ട്ര ബന്ധങ്ങളുടെ, സൈദ്ധാന്തിക, സാമ്പത്തിക വശങ്ങളുടെ ഊടും പാവും മാറ്റുന്ന, ആഭ്യന്തരമായി അതിസൂക്ഷ്മതലങ്ങളിൽ പോലും അസ്വാസ്ഥ്യം വിതയ്ക്കുന്ന ഒന്നാണ് മോഡി ഒറ്റക്കെടുത്ത ഈ തീരുമാനം . നാട്ടില്‍ എങ്ങും ചർച്ചകൾ നടന്നില്ല. മോഡി വിദേശങ്ങളില്‍ പാറി നടന്നു ചർച്ച ചെയ്തു. ഇന്ത്യയുടെ വിദേശനയം പോലും തീരുമാനിക്കപ്പെടുന്നത് മന്ത്രിസഭയിലോ പാർലമെന്റിലോ അല്ല വിദേശത്താണ് എന്നർത്ഥം. രാജ്യമറിയുന്നത് റ്റ്വിറ്ററിലൂടെയും. ഇതെന്തു ദേശീയത പ്രിയ പ്രയാണമന്ത്രീ ?

ജി ഇരുപതു രാഷ്ട്രങ്ങളുടെ ഉച്ചകോടിക്ക് ശേഷമാണ്  “പാശ്ചാത്യ നാടുകളുടെ ഭീകര വിരുദ്ധ യുദ്ധത്തില്‍ അണി ചേരാൻ നരേന്ദ്ര മോഡി ആഹ്വാനം ചെയ്തത്. രാഷ്ട്രപതിക്ക് വിദേശയാത്രയുടെ ബ്രീഫിംഗ് പോലും നല്കും മുന്‍പ്. ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന ഭരണകക്ഷിയുടെ ഏകാധിപത്യ പ്രവണതയുള്ള ഭരണനായകൻ വെളിവാക്കുന്ന ഈ ധാർഷ്ട്യം തന്നെയാണ് രാജ്യത്ത് അസഹിഷ്ണുതയുടെ തീക്കുണ്ഡം സൃഷ്ടിച്ചതും.

ഉന്നതമായ രാഷ്ട്രനേതൃത്വം വലിയ ദർശനത്തിന്റെയും നിരാസക്തമായ സന്തുലനത്തിന്റെയും ഒരു സംഘഗാനമാണ്. ജനവിശ്വാസവും അത് നൽകുന്ന ധാർമ്മികതയുമാണ് ഭരണാധികാരിയുടെ കൈമുതൽ. ജനാധിപത്യസ്ഥാപനങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയെ അടയാളപ്പെടുത്തുന്നത്. ഒന്നരവർഷം കൊണ്ട് നരേന്ദ്ര മോഡി ഈ പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു. പരാജയപ്പെട്ട ഒരു പരീക്ഷണം ആണെന്ന് സ്വന്തം പാർട്ടിയും അതിന്റെ മാതൃസ്ഥാപനമായ ആർ എസ്സ് എസ്സും മോഡിയെ വിലയിരുത്തിക്കഴിഞ്ഞു. അദ്വാനി അടക്കമുള്ളവര്‍ പരസ്യമായി വീണ്ടും പറഞ്ഞ് കഴിഞ്ഞു. അതിന്റെ പരിഭ്രാന്തമായ പ്രതികരണങ്ങള്‍ ആണ് തീവ്ര വലതുപക്ഷ ക്യാമ്പിൽ നിന്നുയരുന്നത്. ആര്‍ എസ്സ് എസ്സ് നേരത്തെ ഭയന്ന പോലെ സെൽഫ് അറ്റൻഷൻ മാത്രം കാംക്ഷിക്കുന്ന നരേന്ദ്രമോഡി മതിഭ്രമം ബാധിച്ചപോലെയാണ് നീങ്ങുന്നതെന്ന് ഉപശാലകളില്‍ നിന്ന് ശബ്ദമുയർന്നു തുടങ്ങിയിട്ടുണ്ട്. ആർ എസ്സ് എസ്സും മോഡി അധികാരമേറ്റതിനു ശേഷം ആദ്യമായി ആശയക്കുഴപ്പം പ്രകടിപ്പിക്കുന്നു. അത് വലിയ ആപത്തുകളിലേക്ക് രാജ്യത്തെ നയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാമക്ഷേത്രംഎന്ന ഏറ്റവും വലിയ വർഗീയ കാർഡ് ഇറക്കിക്കളിക്കാൻ അത് ഹിന്ദുത്വ തീവ്രവാദികളെ പ്രേരിപ്പിക്കും എന്ന് ഫ്രണ്ട് ലൈൻ വാരികയുടെ അസോ. എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ഭയക്കുന്നുണ്ട്, എഴുതിയിട്ടുണ്ട്.

അമ്പത്താറിഞ്ചു നെഞ്ചു വിരിവുള്ള പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവം എന്ന ആരാധകരുടെ പ്രചരണം മോഡിയുടെ മനോവ്യാപാരങ്ങളെ നിയന്ത്രിക്കുന്ന ഒരു ഘടകമായി മാറിയതായി ഒന്നര കൊല്ലം കൊണ്ട് തെളിഞ്ഞു കഴിഞ്ഞു. കീഴടക്കുക, കീഴടക്കുക, അപ്രതിരോധ്യനായി എന്നെന്നും നിലകൊള്ളുക എന്ന മോഡിയുടെ ചിന്താരീതിയുടെ ഭാഗമായാണ് സിറിയൻ സാഹസവും. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും വൻശക്തിയാവാനുള്ള അടക്കാനാവാത്ത ത്വര. ആഗോള ഭീകരതയെ നേരിടുന്ന കരുത്തനായ ഭരണാധികാരി — മോഡിയുടെ മനസ്സിൽ അതാണ്‌. എല്ലാ ഫാസിസ്റ്റുകളുടെയും മനസ്സില്‍ അതായിരുന്നു. അങ്ങിനെ ഒരു വ്യക്തി ഭാരണാധികാരിയാവുമ്പോൾ നാടെത്തിപ്പെടാവുന്ന സംഘർഷ നാളുകളിലാണ്‌ ഇന്ന് ഇന്ത്യ.

മോഡി സിറിയന്‍ പ്രശ്നത്തെ തന്റെ പ്രസ്ഥാനമായ ആർഎസ്സ് എസ്സിന്റെ കണ്ണിലൂടെയാണു കാണുന്നത്. അവിടെ യുദ്ധം ഇസ്ലാമിനെതിരെ ആയതു കൊണ്ട് ഇന്ത്യ ഇടപെടുന്നു എന്ന ഉപരിവ്ലമായ ഒരു പ്രതീതി ആണ് മോഡിയുടെ പ്രഖ്യാപനത്തിൽ കാണുന്നത്. ഇന്ത്യയിലും സിറിയന്‍ തീവ്രവാദ സംഘടനയായ ഐസിസ് പ്രവർത്തിക്കുന്നുണ്ട് എന്നതിന് പറയുന്ന ന്യായത്തിനുമുണ്ട് കായംകുളം വാളിന്റെ സ്വഭാവം. ഇന്ത്യയില്‍ നിന്ന് ഇതുവരെ പത്തു ഐസിസുകാരെ പോലും കണ്ടെത്താത്ത നിലക്ക് ഈ വാദം എങ്ങിനെ നിലനില്ക്കും? പശ്ചിമേഷ്യയുമായി സഹസ്രാബ്ദങ്ങളായി നല്ല ബന്ധമുള്ള ഇന്ത്യയുടെ നിലപാട് മാറ്റാന്‍ ഇത് സാധുവായ കാരണമാവില്ല. പതിനാറു കോടി മുസ്ലീങ്ങൾ പൌരന്മാരായുള്ള രാജ്യത്ത് ഇതെന്തൊക്കെ ചലനമുണ്ടാക്കും? ഇന്ത്യന്‍ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നകന്നു പോകുന്ന മോഡി പാശ്ചാത്യ നാടുകള്‍ നടത്തുന്ന അധിനിവേശ ശ്രമത്തെ സ്വയമറിയാതെ പിന്താങ്ങുകയല്ലേ?

പശ്ചിമേഷ്യയില്‍ നിരന്തരം അധിനിവേശം നടത്തുകയും ആയുധം വിറ്റ് കലാപങ്ങൾ തുടർച്ച നിലനിർത്തുകയും ചെയ്യുന്നത് അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ നാടുകളാണ്. പ്രധാനമായും അമേരിക്കയും ബ്രിട്ടനും. ലോകത്തെ ഭീമാകാര എണ്ണകമ്പനികളുടെ ഉടമസ്ഥർ. ആയുധം വില്ക്കാനും എണ്ണപ്പാടങ്ങളുടെ അവകാശം കയ്യടക്കാനുമായി എഴുപതുകൾ മുതൽ പല രൂപത്തില്‍ ഈ ശക്തികൾ പശ്ചിമേഷ്യയിൽ ഇടപെടുന്നു; സായുധമായി തന്നെ. ഓരോ യുദ്ധവും ഒട്ടേറെ സാധാരണ പൌരന്മാരെ കൊല്ലുന്നുണ്ട്‌. ഓരോ മരണവും ഒരു തീവ്രവാദിക്ക് ജന്മം നല്‍കുന്നു. ഈ തീവ്രവാദികളെ ആയുധമണിയിച്ചാണ് പാശ്ചാത്യനാടുകള്‍ പിന്നീട് കലാപമുണ്ടാക്കുന്നത്. അതിനു മുസ്ലിം മതത്തില്‍ നിലനില്‍ക്കുന്ന വിഭിന്ന ആചാരക്കാരുടെയും ഗോത്ര സംസ്കാരം നിലനിർത്തുന്നവരുടെയും വൈജാത്യങ്ങള്‍ തമ്മിലുള്ള ഉരസലാണ് എപ്പോഴും അവസരമാക്കാറുള്ളത്. പാശ്ചാത്യ പൌരസ്ത്യ സംസ്കാരങ്ങളുടെ ഏറ്റുമുട്ടല്‍ ആയാണ് ഇപ്പോൾ പാശ്ചാത്യനാടുകള്‍ ഇതിനെ കാണാൻ ആഗ്രഹിക്കുന്നത്. എന്തിനാണ് അത്തരമൊരു ഏറ്റുമുട്ടൽ? മറുപടിയില്ല. ആയുധവും എണ്ണയും എന്നൊരു മാറ്റൊലി കേൾക്കുന്നുണ്ടോ?

സിറിയയില്‍ സംഭവിച്ചതും മറ്റൊന്നല്ല. അതിന്റെ ചരിത്രം പുറത്തു വന്നു കഴിഞ്ഞു. ഇപ്പോള്‍ അമേരിക്ക ഭസ്മാസുരനെ ഭയന്നോടുന്ന പരമശിവന്റെ അവസ്ഥയിലാണ് ഐസിസിനു മുന്നിൽ. ബ്രിട്ടന്‍ യുദ്ധകുറ്റവിചാരണ നേരിടേണ്ട അവസ്ഥയിലാണ്. സായുധ തീവ്രവാദ സേനകള്‍ ഇന്ന് അൽപ്പം പഴക്കമുള്ള ഒരു യുദ്ധ തന്ത്രം ആദ്യമായി പയറ്റുകയാണ്. അർബൻ ഗറില്ലാ വാർഫെയര്‍ (നഗരോളിപ്പോരു). നഗരങ്ങളിൽ ജനവാസ പ്രദേശങ്ങളിൽ ഒളിച്ചു പാർക്കുന്ന സേനാംഗങ്ങള്‍ പെട്ടെന്ന് ഒത്തുചേര്‍ന്ന് ആക്രമണങ്ങൾ നടത്തുന്നതാണു ആവരുടെ രീതി. ഇവരെ സാമ്പ്രദായിക യുദ്ധത്തിന്റെ ബോംബിംഗ് കൊണ്ട് കൊല്ലാനാവില്ല. ജനവാസപ്രദേശത്തു ബോംബിടുമ്പോൾ  –ഉദാഹരണത്തിനു റാക്കയില്‍ ഫ്രാൻസ് പിടഞ്ഞു മരിക്കുന്നത് കുഞ്ഞുങ്ങളും സ്ത്രീകളും അടക്കമുള്ള സാധാരണക്കാരാണ്. റാക്കയില്‍ ഇന്ന് രണ്ടു ലക്ഷം പേര്‍ അധിവസിക്കുന്നുണ്ട്. അവിടെ ഐസിസിന്റെ പതിനയ്യായിരം പടയാളികള്‍ ഉണ്ടായിരുന്നു. ഇന്ന് ഏതാണ്ട് രണ്ടായിരം പേര്‍ മാത്രം. മറ്റുള്ളവരൊക്കെ ഐസിസ് കീഴടക്കിയ ഇറാക്കിലെ മോസൂളിലേക്ക് കടന്നു കഴിഞ്ഞു. ഇന്ന് റാക്കയില്‍ ജനങ്ങളുടെ കൂടെ ഒരേ വീട്ടിൽ കഴിയുന്ന ഐസിസ് പോരാളികളെ ആകമിക്കണമെങ്കിൽ ആ വാസപ്രദേശങ്ങൾ ബോംബിട്ടു തകർക്കണം എന്നർത്ഥം. മരിക്കാന്‍ മടിയില്ലാത്ത ഈ ചാവേറുകളെ കൊല്ലാന്‍ ബോംബിടുന്നത് ആയിരങ്ങളെയാണ്. ഫ്രാൻസ് ഇന്ന് ചെയ്യുന്നത് അതാണ്‌. അമേരിക്കയും റഷ്യയും അതെ.

ഇത്തരത്തിലുള്ള ഓരോ കൂട്ടക്കൊലയും ഐസിസിന്റെയും സമാധാനവിരുദ്ധ സേനകളുടെയും വിജയമാണ്. അവർക്ക് ലോകമെമ്പാടും സഹാനുഭൂതി ലഭിക്കുന്നു. മതതീവ്രവാദികളില്‍ നിന്ന് പുതിയ റിക്രൂട്ടുകൾ ലഭിക്കുന്നു. അർബൻ ഗറില്ലാ യുദ്ധത്തിന്റെ ആശയപരമായ വിജയമാണിത്. ഈ വിഭാഗങ്ങൾക്ക് ആളും ആയുധവും നൽകി സിറിയയിൽ റഷ്യയുടെ സാന്നിധ്യം ഇല്ലാതാക്കാനും ഇറാനെ വരിഞ്ഞു മുറുക്കാനും അമേരിക്കയടക്കം പാശ്ചാത്യ ശക്തികള്‍ നടത്തിയ ശ്രമത്തിൽ നിന്നാണ് ഇന്നത്തെ സിറിയ പിറക്കുന്നത്‌. യുദ്ധം കൂടുതല്‍ ഒളിപ്പോരാളികളെ സൃഷ്ടിക്കും, കൂടുതല്‍ ചോരപ്പുഴകൾ സൃഷ്ടിക്കും എന്നതിന് മറ്റൊരു തെളിവാണ് ബുഷിന്റെ ഇറാക്ക് ആക്രമണം. ആക്രമണം കഴിഞ്ഞ് ആറു മാസം പിന്നിട്ടപ്പോഴേക്കും അവിടെ ഐസിസ് രൂപം കൊണ്ടു. അതില്‍ സദ്ദാമിന്റെ സേനയിൽ ഉള്ളവർ ഉണ്ടായിരുന്നു. അവര്‍ അർബന്‍ ഗറില്ലായുദ്ധം പരിശീലിച്ചവരാണ്. ഇന്ത്യയും റഷ്യയും ആണ് പരിശീലനം നൽകിയത്. യുദ്ധം തോൽക്കും മുൻപ് തന്നെ അവർ അപ്രത്യക്ഷരായി. അതാണീ യുദ്ധമുറയുടെ രീതി. അല്‍ ഖ്വയിദയില്‍ ഒരു വിഭാഗവുമായി ചേർന്നാണ് ഐസിസിന്റെ ആദ്യ രൂപം പൊട്ടിമുളച്ചത്. സിറിയയിലെ അല്‍ ഖ്വയിദയിൽ അവര്‍ക്ക് സ്വാധീനമായി, ഗൾഫു നാടുകളും അവരെ തുണച്ചു, പാശ്ചാത്യ നാടുകൾ ഐസിസിനു ആയുധവും പരിശീലനവും നൽകി.

ഇതൊരു മരണവൃത്തമാണ്. യുദ്ധം ഭീകരപ്രവർത്തകരെ കൂടുതല്‍ വളർത്തുകയേ ഉള്ളൂ. ഈ വളയത്തിലെക്കാണു ഇന്ത്യ ചാടാൻ ഒരുങ്ങുന്നത്. മറ്റു താൽപ്പര്യങ്ങള്‍ ഒന്നും തന്നെ ഇന്ത്യക്കില്ലെന്നിരിക്കെ ഭീകരവിരുദ്ധ യുദ്ധമെന്ന പേരില്‍ നടമാടുന്ന അധിനിവേശത്തിനു ഇന്ത്യ കൂട്ട് നിൽക്കേണ്ടതുണ്ടോ? ലോക താൽപ്പര്യം എന്ന് പറയാവുന്ന എന്തിനെങ്കിലും വേണ്ടിയാണോ അവിടെ യുദ്ധം? വികസിത നാടുകളുടെ സ്ഥാപിതതാൽപ്പര്യം മാത്രം. അതിന്റെ പുറകെ ഇന്ത്യ ചെന്ന് ചാടുന്നത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കും. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി എന്ന് മോഡി മറക്കരുത്. പറഞ്ഞാല്‍ പോര.

സിറിയന്‍ യുദ്ധം അവസാനിപ്പിക്കാൻ അവിടുത്തെ പലതട്ടിലുള്ള സ്വകാര്യ / ഭീകര സേനകൾക്ക് പാശ്ചാത്യനാടുകളും സൌദി അടക്കമുള്ള ഗൾഫു നാടുകളും നൽകുന്ന സാമ്പത്തിക സായുധ സഹായങ്ങള്‍ നിർത്തുകയാണ് ആദ്യം വേണ്ടത്. സിറിയയിലെ എണ്ണപ്പാടങ്ങൾ മിക്കതും ഐസിസിന്റെ നിയന്ത്രണത്തിലാണ്. തുർക്കി വഴിയാണ് അവർ എണ്ണ ഭൂരിഭാഗവും കടത്തുന്നത്. തുർക്കിയും മറ്റു രാജ്യങ്ങളുമാണു അവരുടെ എണ്ണ വാങ്ങുന്നത്. വിൽക്കുന്ന എണ്ണയിൽ നിന്നു ലഭിക്കുന്ന ഭൂരിഭാഗം തുകയും യൂറോപ്പിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നു. ഇതാണ് ഐസിസിന്റെ പ്രവർത്തനങ്ങളുടെ സാമ്പത്തികശാസ്ത്രം. ഇതവസാനിപ്പിച്ചാല്‍ ഐസിസിസ് സാവകാശം ക്ഷീണിക്കും. സമാധാനം സ്ഥാപിക്കും വരെ അസ്സദിന്റെ നിയമപ്രകാരമുള്ള സർക്കാര്‍ തുടരാൻ ഇത് സഹായിക്കും. അതിനു ശേഷം നടത്തുന്ന തെരഞ്ഞെടുപ്പു നീതിപൂർണ്ണമാകണം. പക്ഷെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി സിറിയ അടക്കം പശ്ചിമേഷ്യന്‍ രാജ്യങ്ങൾ ഏറ്റു വാങ്ങുന്ന നരക പീഡനങ്ങളുടെ ചോരയൊലിക്കുന്ന മുറിവുകൾ ഉണങ്ങണമെങ്കിൽ അതിനു സാന്ത്വനത്തിന്റെ പുതിയ മാർഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും. ഇല്ലെങ്കില്‍ ഇറാക്കിനെ പോലെ അത് വേദനകൾ പ്രസരിപ്പിച്ചു കൊണ്ടേയിരിക്കും.

ഇതിനു പകരം ഈ ഘട്ടത്തില്‍ മതം കസവിട്ടു നില്ക്കുന്ന ഈ യുദ്ധത്തിലേക്ക് ഇന്ത്യ എന്തിനു ധാർമ്മികമായോ സൈനികമായോ ഇടപെടണം? എന്തിനു ഇസ്രായേലുമായി ഈ സന്ദർഭത്തില്‍ തന്നെ അടുക്കണം? ഇന്ത്യയില്‍ ഒരു മതാധിപത്യ രാഷ്ട്രം ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പാർട്ടിയുടെ നേതാവായ മോഡി എന്തിനു പശ്ചിമേഷ്യയില്‍ ഒരു മതാധിഷ്ഠിത കാലിഫെറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഐസിസിനെ ആക്രമിക്കണം? അതിലൊരു വല്ലാത്ത വൈരുദ്ധ്യമുണ്ട്. പശ്ചിമേഷ്യയില്‍ ജനാധിപത്യം വാഗ്ദാനം ചെയ്തു അവസാനിക്കാത്ത യുദ്ധങ്ങളും പകപോക്കലുകളും മാത്രം സൃഷ്ടിക്കുന്ന പാശ്ചാത്യ നാടുകളെ പോലെതന്നെ. ഇതുവരെ ഇന്ത്യ അൽ ഖ്വായിദയും ഐസിസുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഹോട്ട് സ്പോട്ടോ ലക്ഷ്യ സ്ഥാനമോ ആയിരുന്നില്ല. എന്നാൽ പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിനു ദൂരവ്യാപകമായ ഫലങ്ങൾ പ്രതീക്ഷിക്കാതിരിക്കാനാവില്ല. സിറിയ ഇന്ത്യയ്ക്ക് ഒരു കെണിയായിത്തീരും എന്നതായിരിക്കും ഇതിന്റെ പരിണിതഫലം.

മോഡിയുടെ ചിന്താശൂന്യമായ നടപടികളുടെ പുതിയ തുടർച്ചയാണ് പതിനഞ്ചു സുപ്രധാന സമ്പദ് മേഖലകളില്‍ കൂടി നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം. അത് നിയമനിർമ്മാണ സഭകളും പൊതുമണ്ഡലവും കടന്നു നിയമം ആകുമോയെന്നതു ഭാവി രാഷ്ട്രീയം തീരുമാനിക്കും. പക്ഷെ മോഡിയുടെ മെയ്ഡ് ഇന്‍ ഇന്ത്യയുടെ അന്തസാരശൂന്യത പൊതിഞ്ഞു നില്ക്കുകയാണ് ഈ പ്രഖ്യാപനത്തിൽ. എന്തായിരിക്കാം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചോദനകൾ?

ഇപ്പോള്‍ ഈ പ്രഖ്യാപനം ഒരു ബിംഗ് ബാംഗ് ആയി വരാൻ ഒട്ടേറെ കാണാക്കാരണങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ യു കെ സന്ദർശനവും ജി ഇരുപതു സമ്മേളനവും ആണ് അതിനു നിമിത്തം. വിരുദ്ധോക്തി എന്നു തോന്നാം, ബീഹാര്‍ ആണ് പ്രചോദനം. ആഭ്യന്തരമായി ക്ഷീണിച്ച പ്രധാനമന്ത്രിക്ക് ലോക രാഷ്ട്രങ്ങളുടെ സ്വീകാര്യത കിട്ടണമെങ്കില്‍ മാർക്കറ്റ് സ്വതന്ത്രമായി തുറന്നു കൊടുത്താല്‍ മാത്രം പോര, ഇന്ത്യയുടെ സ്വത്തും പ്രകൃതിസ്വത്തും തൊഴിൽ ശേഷിയും കൂടി കുറഞ്ഞ ചിലവിൽ കിട്ടണം. അതിനു താന്‍ തയ്യാറാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ മോഡി ചെയ്തത്. ഇന്ത്യയുടെ മണ്ണും പ്രകൃതി വിഭവങ്ങളും തൊഴില്‍ സംവിധാനവും ചെറുകിട വ്യാപാര മേഖലയുമടക്കം വിദേശ കമ്പനികൾക്ക് വിൽക്കാനുള്ളതാണ് പുതിയ സാമ്പത്തിക നിർദ്ദേശങ്ങള്‍. ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബി എം എസ്സ് അടക്കം പത്തു ദേശീയ തൊഴിലാളി യൂണിയനുകളിലെ പതിനഞ്ചു കോടി അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധദിനം ആചരിച്ചിരുന്നു. ആഭ്യന്തരമായ ഈ വന്‍ എതിർപ്പിനെ പുച്ഛിച്ച്  നടപടിയുമായി മുന്നോട്ടു പോകുന്ന മോഡിയുടെ സ്നേഹം രാഷ്ട്രത്തോടല്ല എന്ന വ്യാഖ്യാനം എങ്ങിനെ തള്ളിക്കളയും?

ഇന്ത്യയുടെ സാമ്പത്തിക ജീവിത മേഖലകള്‍ ഒന്നൊന്നായി ആഗോള വിപണന കുത്തകകൾക്ക് തുറന്നു കൊടുക്കാനുള്ള കുറെ ധാരണാപത്രങ്ങൾ ഒപ്പിട്ടതല്ലാതെ ഭരണമേറ്റെടുത്തു ഇക്കാലം കൊണ്ട് ലോകമെമ്പാടും പറന്നു നടന്ന പ്രധാനമന്ത്രി കാര്യമായ ഒരു നേട്ടവും ഉണ്ടാക്കിയില്ല. അദ്ദേഹം ആത്മ രതിയില്‍ മുഴുകിപ്പോയിരിക്കുകയാണു.

വിദേശ രാഷ്ട്രത്തലവന്മാരുമായി ഫോട്ടോ സെഷനുകളില്‍ വെള്ളി വെളിച്ചത്തിൽ നില്ക്കുമ്പോഴാണ് പ്രധാനമന്ത്രി തെളിയുന്നത്. ഇതല്ലാതെ മറ്റെന്തെങ്കിലും എടുത്തു കാണിക്കാനോ പയറ്റി തെളിയിക്കാനോ അദ്ദേഹത്തിനു ഉണ്ടെങ്കില്‍ അത് ഗുജറാത്തിലെ പങ്കിലമായ ഭൂതകാലം മാത്രമാണ്. പ്രധാനമന്ത്രി വിദേശത്തേക്ക് അടിക്കടി പറക്കുന്നതു ദില്ലിയില്‍ തന്റെ ചുറ്റുമുള്ള സഹപ്രവർത്തകർക്കിടയില്‍ അദ്ദേഹം അരക്ഷിതത്വബോധവും ഏകാന്തതയും അനുഭവിക്കുന്നതു കൊണ്ടാവണം എന്ന് ഇന്ദ്രപ്രസ്ഥത്തില്‍ പിറുപിറുപ്പ്‌ ഉയരുന്നുണ്ട്. ഞാനിന്നൊരു ക്ലാസിക്കല്‍ ഫാസിസ്റ്റിനെകണ്ടു എന്ന് കവിയും സാമൂഹ്യപ്രവർത്തകനുമായ ആശിഷ് നന്ദി, വർഷങ്ങൾക്കു മുൻപ് മോഡിയെ കണ്ടു സംസാരിച്ചതിന് ശേഷം പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. ചുറ്റുപാടുകളെ വിശ്വാസമില്ലാത്ത ഒരു ഫാസിസ്റ്റിന്റെ ഏകാന്തത മോഡിക്ക് അന്യമാവാനിടയില്ല.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങാണ് മന്ത്രിസഭയില്‍ ആർ എസ്സ് എസ്സ് പ്രമുഖ്. അദ്ദേഹമടക്കം ഒരു മന്ത്രിയും മോഡിക്ക് സുഹൃത്തല്ല. അമിത് ഷാ അരുണ്‍ ജെയിറ്റ്ലിദ്വയത്തെ മാത്രം കൂടെ നിർത്തി അവരുമായി മാത്രം ആശയവിനിമയം നടത്തിയാണ് മോഡിയുടെ തീരുമാനങ്ങള്‍ രൂപം കൊള്ളുന്നത്‌. പ്രധാനമന്ത്രിയുടെ ഓഫീസിലെ കുറെ പുതുമുഖ ജൂനിയര്‍ മന്ത്രിമാരും സെക്രട്ടറിമാരുമാണ് ദൈനംദിന കാര്യങ്ങ നിശ്ചയിക്കുന്നത്. മന്ത്രിസഭയാകെ നോക്കുകുത്തിയായ അവസ്ഥ. ഏകാധിപത്യത്തിന്റെ ലക്ഷണമൊത്ത അവസ്ഥ. മോഡിയുടെ വിദേശയാത്രകളെ ഒരു എകാന്തന്റെ പലായനങ്ങളായി കാണാ തുടങ്ങിയിരിക്കുന്നു സാമൂഹ്യ മനശാസ്ത്രജ്ഞർ.

വിദേശത്ത് മോഡി അഭിസംബോധന ചെയ്യുന്നത് ഇന്ത്യക്കാരെയാണ്. അവര്‍ മോഡിയുടെ ഭരണം നേരിട്ടറിയാത്ത മോഡിഭക്തരാണവർ. അവര്‍ ആവേശഭരിതരാവുന്നത് അവരുടെ ദത്തുരാജ്യത്ത് അവ നേരിടുന്ന അപകർഷതാബോധത്തി നിന്നാണ്. പക്ഷെ ആ ആരവങ്ങളില്‍ മുഴുകി നാട്ടിലെ പൌരന്മാരുടെ ചോദ്യത്തിന് മറുപടി പറയാതെ അപ്രീതികരമായതൊന്നും അഭിസംബോധന ചെയ്യാതെ മോഡി കൃത്രിമമായ ഒരു കവചത്തിൽ കഴിയുകയാണ്. ബ്രിട്ടനില്‍ നിന്ന് അഹമ്മദാബാദിലേക്ക് വിമാന സർവ്വീസ് തുടങ്ങുമെന്നും ഇന്ത്യയിലെ ഇരുപതിനായിരം ഗ്രാമങ്ങളില്‍ കൂടി വൈദ്യുതി എത്തിക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ലണ്ടനില്‍ വെച്ചാണെന്നോർക്കണം.

ആഭ്യന്തര രംഗത്തും ഈ പ്രവണത തെളിഞ്ഞു തെളിഞ്ഞു വരികയാണ്. ഇപ്പോഴത്തെ സാമ്പത്തിക പരിഷ്ക്കാരങ്ങ അതിനും ഉദാഹരണമാണ്. രാഷ്ട്രത്തിന്റെ ഒരു പൊതുസമ്മതിയുമില്ലാത്ത, തെരഞ്ഞെടുപ്പു മാൻഡേറ്റ് ഇല്ലാത്ത നടപടിയാണിത്. ബീഹാര്‍ തെരഞ്ഞെടുപ്പു വാസ്തവത്തിഈ നയങ്ങളും ബദല്‍ നയങ്ങളും തമ്മിലുള്ള ഒരേറ്റുമുട്ടലായിരുന്നു. അത് ആ സംസ്ഥാനത്ത് മാത്രം ഒതുങ്ങിയ ചർച്ചയല്ല. രാഷ്ട്രം മുഴുവന്‍ അതി പങ്കെടുത്തു. സാമൂഹ്യനീതിയും ജനാധിപത്യവും അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ് മാർഗ്ഗവും വിദേശ നിക്ഷേപവും വിപണിയും ആധാരമായുള്ള മറ്റൊരു സമ്പദ് മാർഗ്ഗവും തമ്മിലുള്ള പോരാട്ടമായിരുന്നു അവിടെ ഉലയൂതിയത്. മോഡിയുടെ വിപണി സമ്പദ് വ്യവസ്ഥ ബീഹാറും ആ ചർച്ചയില്‍ പങ്കെടുത്ത രാജ്യത്തെ ജനവിഭാഗങ്ങളും തള്ളി. പക്ഷെ അത് അംഗീകരിക്കാ മോഡിയും ഷായും തയ്യാറല്ല. ബീഹാര്‍ തെരഞ്ഞെടുപ്പു വേളയി കണ്ട മോഡി സ്വേച്ഛാധികാരപ്രമത്തത നിറഞ്ഞു കവിയുന്ന പേടിപ്പിക്കുന്ന ഒരു രൂപമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അല്ല അവിടെ കണ്ടത്. എതിരാളികളെ എങ്ങിനെയും നേരിടാമടിക്കാത്ത ഒരു തെരുവ് മല്ലനെയാണ്. തെരഞ്ഞെടുപ്പു രംഗത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നതില്‍ ഇത് വലിയ പങ്കു വഹിച്ചു. ബീഹാര്‍ തെരഞ്ഞെടുപ്പിൽ നിന്ന് ഒന്നും ഉൾക്കൊള്ളാന്‍ തയ്യാറല്ല എന്ന പ്രഖ്യാപനമാണ് പുതിയ സാമ്പത്തിക പരിഷ്ക്കാരങ്ങ. ചെറുകിട വ്യാപാര രംഗം, റീട്ടേയിൽ, പ്രതിരോധം, റോഡ്, പാലം തുടങ്ങി സർവ്വ മേഖലകളും വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കുകയാണ് മോഡി. ഓണ്‍ലൈ വ്യാപാര കുത്തകകൾക്ക്ഥേഷ്ടം വിഹരിക്കാം. ഇന്ത്യ വിപണിയി ഇന്ത്യ അപ്രത്യക്ഷമാകുന്നു. ഇതെന്തു മേയ്ക്ക് ഇന്ത്യ?

ഇതാണ് ആര്‍ എസ് എസ്സിനെ ഇപ്പോ ഒരു പ്രതിസന്ധിയി എത്തിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്ത് വാഗ്ദാനം ചെയ്ത മുതലാളിത്തവികസനം നടപ്പാവുന്നതിന്റെ ഒരു ലക്ഷണവുമില്ല. വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിനോടാകട്ടെ രാജ്യത്താകമാനം കടുത്ത പ്രതിരോധവും. ഒരു വർഷം മുൻപ് കിട്ടിയ ജനപിന്തുണ ഒലിച്ചുപോകുകയാണ്. അമിത് ഷാ – മോഡി – ജെയിറ്റ്ലി ടീമിനെതിരെ പരാതികള്‍ നാഗ്പൂരിലേക്ക് ഒഴുകുന്നു. സർക്കാർ മോഡിയും പാർട്ടി തങ്ങളും എന്ന ആര്‍ എസ്സ് എസ്സ് നയം വിഫലമാവുകയാണ്. വർഗ്ഗീയാരവത്തിനു ഒരു തടയിടാന്‍ നാഗ്പൂർ നിർദ്ദേശിക്കുന്നത് ഈ സാഹചര്യത്തിലാണ്. മോഡിയുടെ വാക്കുകകളില്‍, പ്രസംഗത്തില്‍ വന്ന മാറ്റവും നൽകുന്ന സൂചന മറ്റൊന്നല്ല. സത്യമേവ ജയതേ, അഹിംസ പരമ ധർമ്മ, വസുദൈവ കുടുംബകംതുടങ്ങി തത്വജ്ഞാനങ്ങളും സിംഗപ്പൂരില്‍ പോയി ഏഷ്യ നൂറ്റാണ്ടിനെക്കുറിച്ചും മോഡി പ്രസംഗിക്കുന്നു. അമേരിക്കയില്‍ പോയി ഡിജിറ്റ നൂറ്റാണ്ടിനെ കുറിച്ചും പാരീസി പോയി യൂറോപ്യ നൂറ്റാണ്ടിനെക്കുറിച്ചും പ്രസംഗിച്ച അതേ മോഡി നാഗ്പൂരിൽ നിന്നുള്ള നിർദ്ദേശമാണ് അത് വഴി പിന്തുടരുന്നത്. നയം മാറ്റത്തിന്റെ സൂചനയല്ല. പക്ഷെ അടവ് നയത്തിന്റെ ലക്ഷണമാണ്. മോഡിയുടെ കടന്നാക്രമണത്വരയുള്ള വ്യക്തിത്വത്തിനു ഇത് മനസ്സിലായില്ലെങ്കിലും സേവകവൃന്ദം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്; സംഘപരിവാറിലെ മോഡി ഭക്ത അല്ലാത്തവരും. മോദി എന്ന മുഖത്തിനു പിന്നിൽ ആർ എസ്സ് എസ്സ് പുതിയ അടവുനയം പയറ്റാനൊരുങ്ങുന്നു. ഈ സങ്കീർണ്ണമായ അവസ്ഥയില്‍ ഇന്ത്യ ജനാധിപത്യ സമൂഹത്തിന്റെ വാഴ്ച ഇനിയുള്ള നാളുകളി നിർണ്ണായകസ്ഥിതിയിലെത്താം.

Comments

comments