തെരഞ്ഞെടുപ്പ് ഓരോ വ്യക്തിക്കും പ്രസ്ഥാനത്തിനും സാമൂഹ്യബോധത്തിന്റേയും ചിന്താപദ്ധതിയുടേയും അഴിച്ചു പണികൾക്കുള്ള കുറച്ചു സമയം നൽകുന്ന ഒരിടവേളയാണ് എന്ന് ഒരഭിപ്രായം ഉണ്ട്എനിക്ക്. നടത്തിയേ പറ്റൂ എന്ന മട്ടിലുള്ള പിടിവാശിയും നടന്നാൽ കൊള്ളാം എന്ന ഔദാസീന്യഭാവവും അല്ല, നടന്നിരുന്നെങ്കിൽ എന്ന ശുഭപ്രതീക്ഷയുടെ ഉൽക്കട ഭാവമാണ് അപ്പോൾ എല്ലാവർക്കും. അത് തന്റെ ഇട്ടാവട്ടത്തിലെ “ഭരിപ്പു”കളെ തുടങ്ങി വിശാല രാഷ്ട്ര സമീപനങ്ങളെവരെ കൂലങ്കഷമായി പരിശോധിക്കാൻ അവസരം നൽകുന്ന ഒന്നാണ്.

ഭരണംകിട്ടിയാൽ, കേരളത്തിനുവേണ്ടി അടിയന്തിരമായി , ജയിച്ച മുന്നണി / പാര്ടി ഉണ്ടാക്കുന്ന സർക്കാർ ചെയ്യേണ്ട പത്തു കാര്യങ്ങൾ , താങ്കളുടെ നോട്ടത്തിൽ എന്താണെന്ന് രണ്ടോ മൂന്നോ വരിയിൽ പറയാമോ ?
എന്ന ചോദ്യത്തിന്റെ മുന്നിൽ നില്ക്കുമ്പോൾ ഇത്രയും ആമുഖമായി പറയണമല്ലോ
കേരളത്തിന്റെ സാമൂഹ്യ പരിസരത്തിൽ വേണ്ടതെന്ന് എനിക്കു തോന്നിയ വിഷയങ്ങൾ ഇവിടെ എഴുതുന്നു.
പ്രധാനമായി നാലു മേഖലയാണ് പ്രസക്തം .
1. ആരോഗ്യം 2. പരിസ്ഥിതി 3. വിദ്യാഭ്യാസം 4. സംസ്കാരം
1. ആരോഗ്യം – ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം ആരോഗ്യമേഖലയിലേതാണ്. മാനസിക-ശാരീരിക പ്രശ്നങ്ങൾ വേണ്ട വിധംപരിഹരിക്കപ്പെടുന്നില്ല എന്നതാണ് സമകാലീന പ്രതിസന്ധി.
A-വഴിപാടിനു വേണ്ടിയല്ലാതെ ഒരു ഹെൽത്ത് ക്ലബ്ബ് പഞ്ചായത്തിൽ രൂപീകരിക്കണം.പഞ്ചായത്ത് തലത്തിൽ ആറു മാസത്തിലൊരിക്കൽ എല്ലാ വീട്ടുകാരേയും ഒരുമിപ്പിച്ചു കൊണ്ടുള്ള മീറ്റിംഗ് നടത്തുകയും ആരോഗ്യ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള ഒരു വേദി ഒരുക്കുകയും വേണം. രോഗത്തെ പേടിക്കുന്ന, രോഗികളെ അകറ്റി നിർത്തുന്ന പ്രവണതകൾ മാറ്റാനുള്ള ബോധവല്ക്കരണ യത്നം ആയിരിക്കണം അത്.കാരണം രോഗത്തെ ജനങ്ങൾ ഭയക്കുന്നത് മരണത്തെ മുന്നിൽ കണ്ടു കൊണ്ടും അതിനേക്കാൾ കൂടുതൽ സാമ്പത്തിക വിഷമതകൾ നേരിട്ടു കൊണ്ടും ആണ്.ഇവ പരിഹരിക്കുവാൻ, മാനസിക-ശാരീരിക-സാമ്പത്തിക വിഷമതകൾ മറികടക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനും അവ പരിഹരിക്കുവാനും ഉള്ള സാഹചര്യങ്ങൾ ഒരുക്കേണ്ടത് ഗ്രാമപഞ്ചായത്ത് തലത്തിൽ അത്യാവശ്യമാണ് .ഇന്ന് മിക്കവാറും കാണുന്നത് ഇതാണ്.മാരകം എന്നു കേൾവികേട്ട ഒരു രോഗം ആർക്കെങ്കിലും വന്നാൽ ആദ്യം ഒരു ഞെട്ടൽ, പിന്നെ സഹതാപ തരംഗ വ ർ ഷം, പിന്നെ ഭീകരമായ ഒരു ഐസലേഷൻ,… രോഗിയും വീട്ടുകാരും പിന്നീട് ഒരു ദ്വീപു പോലെയാണ്. അധികമാരും അടുക്കാതെ ആഘോഷവും ആഹ്ളാദവും ഇല്ലാതെയായ ഒരവസ്ഥ. മരണം മാത്രമേ തനിക്കു മുന്നിൽ ഉള്ളൂ എന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുന്നു. കാണികൾക്കും അങ്ങനെ രോഗമെന്നത് ഒരു വൈതരണി ആയി മാറുന്നു. രോഗത്തെ ചുറ്റിപ്പറ്റി ഒരു പാട് അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള മണ്ണും കിട്ടുന്നു. ജ്യോത്സ്യം, മന്ത്രവാദം, ആൾദൈവങ്ങൾ എന്നിങ്ങനെ പലതിലും പെട്ടു പോവുന്നത് ഈ അവസ്ഥാവിശേഷം അനുഭവിക്കുന്നവരാണ്. ഇവിടെ ഞാൻ വിഭാവനം ചെയ്ത ഹെൽത്ത് ക്ലബ്ബ് ഇതിനെല്ലാം വേണ്ടി നിലകൊള്ളുന്നതാകണം. പ്രഭാഷണം, സെമിനാർ,ചരച്ചകൾ എന്നിവക്കു പുറമെ മാസത്തിലൊരിക്കൽ ഗൃഹസന്ദർശനം, രോഗാവസ്ഥകളെക്കറിച്ചുള്ള വിശദാന്വേഷണം എന്നിവ നടത്തണം. കൗൺസിലിംഗ് സെൻററുകൾ പ്രവർത്തിക്കണം. സമാന്തര ചികിത്സാ രീതികൾ, ആയുർവേദം അലോപ്പതി ഹോമിയോ പ്രകൃതിചികിത്സ നാട്ടുവൈദ്യം എന്നിവയെക്കല്ലാം ആനുപാതികമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു പ്രവർത്തന പദ്ധതിയായിരിക്കണം.കാരണം പലർക്കം പലതാണ് പഥ്യം.
B-പെയിൻ ആന്റ് പാലിയേറ്റീവ് സെൻറുകൾ ഗ്രാമീണ തലത്തിൽ വ്യാപകമല്ല. അതിനുള്ള പ്രവർത്തനം നടക്കണം. ശയ്യാവലംബികളായ രോഗികൾ ഒറ്റപ്പെട്ടു പോകുന്ന സ്ഥിതിവിശേഷം ഇല്ലാതാക്കണം
C-ഹെൽത്ത് ഇൻഷൂറൻസ് കുറ്റമറ്റ രീതിയിൽ നടപ്പാക്കുകയും വേണം
D-ഇനി പറയുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ ഒന്നാണ്. നേരത്തേ സൂചിപ്പിച്ച ഹെൽത്ത് ക്ലബ്ബ് ഒരു വെബ് പേജ് തുടങ്ങണം. കംപൂട്ടർ സാക്ഷരത നേടിയ ഇന്നത്തെ കാലത്ത കാലോചിതമായ പരിഷ്ക്കരണം ആതുരശുശ്രൂഷാ രംഗത്തും വേണം. അതാതു സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയെ എല്ലാം ഏകോപ്പിപ്പിച്ചു വേണം ഈ വെബ് ഹെൽത്ത് ഗ്രൂപ്പ് പ്രാവർത്തികമാകേണ്ടത്
2. പരിസ്ഥിതി പ്രശ്നങ്ങൾ ആഴത്തിൽ പുനരവലോകനം ചെയ്യണ്ട അവസ്ഥയാണിന്ന്.
A- വീടുകൾ തോറും മഴവെള്ള സംഭരണി, മാലിന്യ സംസ്ക്കരണ സാമഗ്രികൾ എന്നിവ നിർമ്മിക്കുന്ന പദ്ധതി പ്രാവർത്തികമാക്കണം. ബയോഗ്യാസ് പ്ലാന്റ് വീടുകൾ തോറും നടപ്പിൽ വരുത്തണം
B-കൃഷി പ്രോൽസാപ്പിക്കുന്ന ഊർജിത പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. ഇപ്പോൾ പാടശേഖര സമിതികൾ പലയിടത്തും നന്നായി പ്രവർത്തിക്കുന്നുണ്ട്. സംഘടിത പച്ചക്കറി കൃഷി യൂണിറ്റുകൾ തുടങ്ങുകയും അവയുടെ ആഭിമുഖ്യ ത്തിൽ ഗ്രാമചന്തകൾ തുടങ്ങയും ചെയ്താൽ നല്ലത്. പ്രാദേശികമായ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഇത് വളരെ ഉപകരിക്കും.
C- പഞ്ചായത്ത് തലത്തിൽ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം, വനനശീകരണം, മണ്ണെടുപ്പ്, വയൽ നികത്തൽ തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചുള്ള സെമിനാറുകൾ, ക്ളാസുകൾഫിലിം പ്രദർശനങ്ങൾ എന്നിവ നടത്തണം.
3-വിദ്യാഭ്യാസം സംസ്ക്കാരം എന്നീ മേഖലകളെ ഒരുമിച്ച് സൂചിപ്പിക്കുന്നു.
A- Empowerment of men and women എന്ന മുദ്രാവാക്യമാണ് ഞാൻ മുന്നോട്ടു വെക്കുന്നത്. സ്ത്രീകളെ മാത്രം ബോധവൽക്കരിക്കുന്നതിൽ വലിയ വിശേഷം ഞാൻ കണ്ടിട്ടില്ല. എന്നല്ല ഇത്തരം ബോധവൽക്കരണ ക്ലാസ് നടത്തുന്ന ലേഡിക്ക് ഭർത്താവു സമ്മതിക്കാത്തതിനാൽ പോകാനാവാത്ത സാഹചര്യങ്ങൾ കണ്ടിട്ടുമുണ്ട്. സഹനങ്ങളുടെ പാതകൾ താണ്ടുന്ന തുടങ്ങിയ വിശേഷണങ്ങൾ മാറ്റി വെച്ച് ധീരതയോടെ മുന്നോട്ട് പോവാൻ പ്രാപ്തരാക്കണം സമൂഹത്തിലെ സ്ത്രീ പുരുഷമാരെ .
B- Gender Equality യെ കുറിച്ച് ധാരണനല്കുrന്ന ക്ലാസുകൾ നടത്തണം
C- Moral Policing- ഇതൊരു പകർച്ചവ്യാധിയാണ്. അതിന്റെ ദൂഷ്യവശങ്ങൾ കൃത്യമായും ബോധിപ്പിച്ചു കൊടുക്കാൻ ഉതകുന്ന ക്ലാസുകൾ, ഫിലിം ഷോകൾ ഇതൊക്കെ നടത്തേണ്ടതുണ്ട്.
D-ഭാഷാ സംബന്ധമായ നയങ്ങൾ പലതും പ്രാവർത്തികമായിത്തുടങ്ങിയിട്ടുണ്ട് അവ ഊർജസ്വലമായി വ്യാപകമാക്കാൻ സാധിക്കണം.
മേൽ പ്രസ്താവിച്ച 4 മേഖലകളിലും പഞ്ചായത്ത് തലത്തിൽ പരസ്പരബന്ധിത പ്രവർത്തന ശൃംഖലകൾ രൂപപ്പെടുത്തണം.implement ചെയ്യുന്നതല്ല പ്രധാനം..
തുടർപ്രവർത്തനങ്ങൾ ഉണ്ടാകുന്നതാണ്.വീടുവീടാന്തരം സന്ദേശങ്ങൾ എത്തിച്ച് പ്രായോഗികമായി വികസിപ്പിക്കേണ്ട നയങ്ങൾ ആണ് എന്റെ ചിന്തയിൽ ഉള്ളത്. ഒറ്റയ്ക്കു നിന്നല്ല പ്രകൃതിക്കുംഭാഷക്കും വേണ്ടി നിലകൊള്ളേണ്ടത് എന്ന ഒരു സമഗ്ര ദർശനം അത്യാവശ്യമായിരിക്കുന്നു.

Comments

comments