പെരുമ്പാവൂർ: ജിഷയുടെ ക്രൂരമായ കൊലപാതകത്തിന്റെ അന്വേഷണത്തിൽ പോലീസ് കാട്ടിയ അനാസ്ഥയ്ക്കും അലംഭാവത്തിനുമെതിരെ, ലിംഗസമത്വത്തിനും സാമൂഹികനീതിക്കുമായി മുദ്രാവാക്യമുയർത്തി പെരുമ്പാവൂരിൽ പ്രതിഷേധിക്കാൻ ഒത്തു ചേർന്നവർക്കെതിരെ പ്രകോപനമില്ലാതെ പോലീസിന്റെ മർദ്ദനം.

സമാധാനപരമായി ഒത്തുകൂടി പ്രതിഷേധിക്കുന്നവരെ തടയാൻ വൻ പോലീസ് സന്നാഹം. സ്ത്രീകളും ട്രാൻസ് ജെൻഡറുമായ പ്രതിഷേധക്കാർക്കെതിരെ ക്രൂരമായ മർദ്ദനവും അപമാനവും അറസ്റ്റും. പുരുഷപോലീസാണു  സ്ത്രീകളെ ആക്രമിച്ചത്. വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്ത പോലീസ്  ഭ്രാന്ത് പിടിച്ച  ഒരു കൂട്ടമായി മാറിയിരിക്കുകയാണു.

നീതിനിഷേധങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെക്കൂടി അടിച്ചമർത്തുന്ന പോലീസ് രാജാണു ഇവിടെ നിലനിൽക്കുന്നതെന്നതിന്റെ സൂചനയാണിത്. ക്രൂരമായി പീഡിക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു ദളിത് പെൺകുട്ടിയുടെ മൃതദേഹം നിയമം അനുശാസിക്കുന്നതിനു വിരുദ്ധമായി ധൃതിപ്പെട്ട് ദഹിപ്പിക്കുവാൻ കൂട്ടുനിനന്ന പോലീസ് നടപടി  തെളിവുകൾ ഇല്ലാതാക്കാനും  അന്വേഷണം അങ്ങനെ വഴിമുട്ടിക്കുവാനുമാണു സഹായിച്ചിട്ടുള്ളത്. പോലീസിനെ കയറൂരി വിട്ട സർക്കാരിന്റെ പോലീസ് നയത്തിന്റെ ഭാഗമാണു സാമാധാനപരമായി പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്കു നേരെ ഉണ്ടായ ഈ ആക്രമണം. സർക്കാരിന്റെ ദളിത് വിരുദ്ധ സമീപനത്തിന്റെ ഉദാഹരണമാണു ജിഷയുടെ കേസിൽ പോലീസ് കാട്ടിയ അലംഭാവവും. സംഭവം കഴിഞ്ഞ് ദിവസങ്ങളോളം സംഭവം തമസ്കരിക്കാനാണു മുഖ്യധാരാ മാധ്യമങ്ങളും പോലീസും ശ്രമിച്ചത്.

അനാസ്ഥ കാട്ടിയ പോലീസുകാർക്കെതിരെയും സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളും ട്രാൻസ്ജെൻഡറുകളുമായവരെ വനിത പോലീസിനെ കൂടി നിയോഗിക്കാതെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത പോലീസുകാർക്കെതിരെയും നടപടി വേണ്ടതാണു. പോലീസിന്റെ   അനാസ്ഥയ്ക്കെതിരെയും പ്രതിഷേധിക്കാൻ ഒത്തുകൂടിയവർക്കെതിരെ നടത്തിയ കിരാതവാഴ്ചയ്ക്കെതിരെയും  ജനാധിപത്യവിശ്വാസികൾ ഒന്നിച്ച് നിന്ന് ശബ്ദമുയർത്തേണ്ടതാണു.

Comments

comments