ഫിക്ഷനൽ റിയലിസം സഹകരണ സംഘം ( ക്ലിപ്തം ); കൊ. വ. 1190 ; കുംഭം.

നട്ടപ്പാതിരക്ക് നടത്തിയ തെങ്ങിൻതട ഖനനത്തിൽ വിലപ്പെട്ട ഒരു പുരാവസ്തു ഇട്ടിനാന്റെ കൂന്താലിയിൽ തടഞ്ഞു.

ആയിടെ നീറേങ്കലിൽ നിരോധിച്ച പോത്തിറച്ചി, ആരോ കെട്ടിപ്പൊതിഞ്ഞ് കടത്തിയ അത്യുഗ്രൻ സാംസ്കാരിക വാരിക! പൌരാണികയാഗങ്ങളിലെ  പാചകവിധി പ്രകാരം മുളകരച്ച് പുരട്ടി, ബീഫ് ഫെസ്റ്റിവൽ പൊരിച്ച ശേഷം വിപ്ലവകാരികൾ വലിച്ചെറിഞ്ഞതാകണം.

മണ്ണ് ചുരണ്ടിക്കളഞ്ഞ എഡിറ്റോറിയൽ പേജ് ചുളി നിവരുന്നു…..അതോടൊപ്പം, ‘നാപ്പുണ്ണി ശ്രാദ്ധാഘോഷം – നാലാംദിന റിപ്പോർട്ട്’ ഇട്ടിനാൻ ചെമ്പോലയിൽ കൊത്തുവേല ചെയ്യുന്നു.
‘Men are the archaeologists of the past;
Women are the botanists of the future…’ എന്ന Gilles Deleuze വാക്യങ്ങൾ ‘reggae’ ഈണത്തിൽ ഗിത്താറിൽ ചിട്ടപ്പെടുത്തന്നതിനൊപ്പം….

വിദൂരഭാവിയിൽ ഭൂമിയും ഭൂമുഖവും ഭൂമുഖത്ത് നീറേങ്കലും പ്രപഞ്ചാവശിഷ്ടങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞു നിലനിൽക്കാനിടയുണ്ടെങ്കിൽ… ….എങ്കിൽ, അക്കാലത്തെ സസ്യശാസ്ത്രജ്ഞകളായ പൂന്തോട്ടക്കാരികൾക്ക് ആടിപ്പാടി നടക്കാനാണ് ഞാനിങ്ങനെ പാഴ്ഖനനം ചെയ്യുന്നതെന്ന രസകരമായ phallocentric വിഷാദങ്ങളിൽ മുഴുകിക്കൊണ്ട് ….

* * * * *
നീറേങ്കലിന്റെ തെക്കൻ ഭൂപടാതിർത്തിയിൽ – വെള്ളം വറ്റിയെങ്കിലും – കരിമ്പുഴ ആലങ്കാരികമായി കുതിച്ചൊഴുകുന്നു. മറുകരയിലെമ്പാടും വമ്പൻ ആക്രിക്കമ്പനികളും കരിമണൽ ഫാക്ടറികളും ചിതറിക്കിടപ്പുണ്ട്. ആർത്തി പിടിച്ച വികസനത്തിന്റെ  അംബരചുംബികളായ പുകക്കുഴലുകളെക്കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ. വിസ തട്ടിപ്പിൽ പെട്ട്, നട്ടംതിരിഞ്ഞ ഒട്ടേറെ ക്ണാശീരിയർ എപ്രകാരമോ പുഴ നീന്തി അക്കരെയെത്തി.

മണ്ണാർക്കാട് ആഗോള കുഗ്രാമത്തിന്റെ പോസ്റ്റ്- കൊളോണിയൽ പ്രവിശ്യകളായ എലുമ്പുലാശ്ശീരി, കാരാകുറിശ്ശി, മുന്നൂർക്കോട് മൂന്നാംലോകങ്ങളിൽ നിന്ന് കൂറ്റൻ കണ്ടെയ്നറുകൾ ചെക്ക് പോസ്റ്റുകൾ വെട്ടിച്ച് രാജ്യാന്തര ഹൈവേകളിലേക്ക് തിരിയുന്ന അനധികൃത രാത്രികൾ… ഗോഡൗണുകളിൽ കുമിയുന്ന ടണ്‍ കണക്കിന് ആണവചണ്ടി, ഇലക്ട്രോണിക മാലിന്യങ്ങൾ, പൊളിഞ്ഞ മുങ്ങിക്കപ്പലുകൾ, കാണാതായ ബോയിങ്ങുകൾ… അവയ്ക്കിടയിൽ അഹോരാത്രം അത്യധ്വാനത്തിലേർപ്പെട്ട മറുനാടൻ നീറേങ്കലീയർ… ആക്രിബാഹുല്യം കൈകാര്യം ചെയ്യാനറിയാതെ കുഴഞ്ഞു വീഴുന്ന വേയ്സ്റ്റ് മാനേജർമാർ… നടുമുതുകത്ത് വീഴുന്ന കങ്കാണി ബെൽറ്റുകൾ , ചാട്ടവാർ ചീറ്റലുകൾ… അടിക്ക് ശേഷം ബാക്കി വന്ന വീരരായൻ നീറേങ്കൽ യൂറോവിൽ കണ്‍വെർറ്റ് ചെയ്ത് കുഴൽ വഴി പമ്പ് ചെയ്യുന്ന ഗൃഹാതുരത്വം…  ആ നെടുവീർപ്പുകൾ വളമാക്കി കരിമ്പുഴയുടെ ഇങ്ങേക്കരയിൽ തടിച്ച് കൊഴുക്കുന്ന കെട്ടിടാഭാസങ്ങൾ, അഗമ്യഗമനങ്ങൾ, അവധിക്കാല പാരനോയിക് സംശയ രോഗങ്ങൾ… വായനക്കാർ ഇപ്പറഞ്ഞതെല്ലാം കൊളാഷ് കുഴമറിച്ചിലായി, വേണമെങ്കിൽ വിഭാവനം ചെയ്ത് കൊൾക. സംഗതി അതല്ല. ന്യൂക്ലിയർ ആക്രിയുടെ കമ്പോള നിലവാരം Oracle Financial പട്ടികകളിൽ അപ്ഡേറ്റ് ചെയ്യുന്നതിനൊപ്പം തന്നെ മണലാരണ്യൻമാരുടെ സർഗ്ഗദുരന്തഗദ്ഗദകദനകഥനങ്ങൾ ഡാറ്റാബേസ് മാനേജ്ന്റ്മെന്റ് സിസ്റ്റങ്ങളിൽ വൈറലായി.

മണൽക്കാട് ദുരന്തങ്ങൾ മൊത്തമായും ചില്ലറയായും മറിച്ച് വിറ്റ് നീറേങ്കലിലെ Disaster Development കമ്പനികൾ കൊള്ളലാഭം കൊയ്തു. “The concept of progress must be grounded in the idea of catastrophe. That things are ‘status quo’ (that things just go on) is catastrophe” എന്ന് വാൾട്ടർ ബെഞ്ചമിൻ ആലോചിച്ചത് പുസ്തകച്ചട്ടകളിൽ പരസ്യവാചകങ്ങളായി. ക്ണാശ്ശേരി ഉദാരവാണിജ്യവ്യവസ്ഥയിൽ കോടിക്കണക്കിന് ‘ഷോക്ക് ഡോക്ട്രിൻ’ കണ്ണീർപതിപ്പുകളാണ് ചെലവായിപ്പോയത്. ദുരിതമൂലധനത്തിന്റെ പൊതുമേഖലാ ഷെയറുകൾ പീഡിതകുത്തകകൾ കയ്യടക്കി. മിൽട്ടൻ ഫ്രീഡ്മാൻ മാഫിയമുതലാളിത്തം ക്ണാശ്ശീരി ഭാവുകത്വപ്രതിസന്ധിയിൽ നിന്ന് തത്ക്കാലം കരകയറിയത് അപ്രകാരമായിരുന്നു.

നാപ്പുണ്ണി മരണാനന്തര ചർച്ചയുടെ  മൂന്നാം ദിനം എന്തുകൊണ്ടും ക്ണാശ്ശീരി കലാസാഹിത്യചരിത്രത്തിൽ 24 കാരറ്റ് തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കും. ആ സുദിനത്തിലാണ് മണൽക്കാടൻ നിന്ദിതസൗന്ദര്യശാസ്ത്രസങ്കേതമായ ‘ഫിക്ഷണൽ റിയലിസം’ സമ്മേളന പന്തലിൽ കൈകാലിട്ടടിച്ച്, തൊണ്ട കീറി, പിറന്നു വീണത്. പകൽ കൃത്യം പത്ത് നാഴിക ചെല്ലുമ്പോൾ…. ‘കാലത്തിനൊത്ത് തുള്ളുന്ന എഴുത്ത് കോലങ്ങൾ’ എന്ന സെമിനാറിൽ….

പൊയ്പ്പോയ കൊടുംവരൾച്ചക്ക് ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടായി ക്ണാശ്ശീരിയിൽ നടന്നുവരുന്ന ഭാവുകത്വപരിണാമവിസ്ഫോടനപരമ്പര നീറേങ്കൽ നിരൂപകകേസരികൾ ശ്രദ്ധിക്കാൻ വിട്ട് പോയിരുന്നു. ബ്ലോക്ക് ഓഫീസിൽ ക്യൂ നിൽക്കൽ, ജൈവകൃഷിക്ക് തരപ്പെടുന്ന ലോണ്‍, സബ്സിഡി ഫോമുകൾ പൂരിപ്പിക്കൽ, അന്തമില്ലാത്ത വീടുപണി എന്നീ തിരക്കുകൾക്കിടയിൽ അവർക്കാർക്കും സമയം കിട്ടിയില്ല. നിരൂപകരോടുള്ള അഭ്യർത്ഥനയും താക്കീതും ഭീഷണിയുമാണ് ഫിക്ഷണൽ റിയലിസം കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (F.R .C.S) ബൈലോ മണൽക്കാട് ബിനാമികൾ സ്റ്റേജിൽ അവതരിപ്പിച്ചത്.

“സഹാക്കളെ , സുഹൃത്തുക്കളേ…” നീളത്തിൽ മടക്കിയ മുദ്രക്കടലാസുകൾ ഉയർത്തിപ്പിടിച്ച്, കണ്ണീർ തുടച്ച്, ഗദ്ഗദകണ്ഠനായി ഒരു ബിനാമി ലേലം വിളി തുടങ്ങി:

“….അമ്മപെങ്ങമ്മാരെ … F.R .C.S സങ്കേതം, അതിന്റെ ഉല്പത്തി, അടിയന്തരാവശ്യകത, ലക്ഷണങ്ങൾ… നാൽക്കവലകളിലും ചുരിദാർ ഡിസ്ക്കൗണ്ട് മേളകളിലും ഇ -ടോയ്ലറ്റുകളിലും വായനക്കാരെ കുടുക്കിവീഴ്ത്താനുള്ള കെണികൾ…. കെണിനിർമ്മാണത്തിനുള്ള ടൂളുകൾ… കേട്ടെഴുത്ത്, കട്ടെഴുത്ത്, കൂട്ടെഴുത്ത്, ചുട്ടെഴുത്ത്, ചുരുക്കെഴുത്ത്, വട്ടെഴുത്ത് ഇത്യാദി ഫിക്ഷണൽ റിയലിസം രചനാകൗശലങ്ങൾ… FR നോവലുകൾ ആർത്തിപിടിച്ച്, വാരിവലിച്ച് വായിച്ച് അജീർണ്ണവും വയറിളക്കവും ബാധിച്ച പരശ്ശതം ശരാശരി ഉപഭോഗികൾ… അവർക്കായി ഏർപ്പെടുത്തിയിട്ടുള്ള ആംബുലൻസ് ശൃംഖലകളുടെ ടോൾ ഫ്രീ നമ്പറുകളും കോർപറേറ്റ് – ഇൻഷുറൻസ് പദ്ധതികളും… ടെലിഫോണ്‍ ഡയറക്ടറി, യെല്ലോ പേജ്സ്, ശബ്ദതാരാവലി എന്നിങ്ങനെ ക്ണാശ്ശീരി സാഹിത്യത്തിൽ ബൃഹദാഖ്യാനങ്ങളുടെ ഘർ വാപസി … അങ്ങിനെയങ്ങിനെ ഒട്ടേറെ ഗൗരവമേറിയ സാഹിത്യസംഗതികൾ ആയിരക്കണക്കിന് ഫർലോങ്ങ് ആഴത്തിൽ, അത്യാഗാധമായി ചിന്തിച്ചുറപ്പിച്ച സൂക്ഷ്മചരിത്ര നിരീക്ഷണങ്ങളാണ് ഈ രേഖയിലുള്ളത്. എല്ലാറ്റിനും മുമ്മൂന്ന് വീതം പായിന്റുകൾ അക്കമിട്ട് കൊടുത്തിട്ടുമുണ്ട്… ലേഖനത്തിൽ 1,2,3 എന്നിങ്ങനെ അക്കമിട്ടാൽ ആധികാരികത ഉറപ്പിക്കാം … (മൂന്നിൽ കൂടുതൽ ഞാൻ കൂട്ടിയാൽ കൂടില്ല)…പറഞ്ഞു വരുന്നതെന്തെന്നാൽ…ഈ ബൈലോ വായിച്ച് പഠിക്കാതെ ക്ണാശ്ശീരിയിൽ ഇനിയാരും നിരൂപണം എമ്മേ പരീക്ഷ പാസ്സാകുമെന്ന് സ്വപ്നം കാണേണ്ട. നിങ്ങളൊക്കെ ഇത്രയും കാലം കടിച്ച് പിടിച്ച് തൂങ്ങിയത് കാരണം പല പല പഴഞ്ചൻ കലാസങ്കേതങ്ങളും പൊട്ടി പാളീസായിരിക്കുന്നു.”

ബിനാമി 3 ദീർഘ നിശ്വാസങ്ങൾ ഉള്ളിലേക്കെടുത്ത് വലിച്ച് വിട്ടു. അനന്തരം ഒരു ലിസ്റ്റ് വായിക്കാൻ തുടങ്ങി :

“ക്ലാസ്സിസം, അഥവാ ക്ലാസ്സിസിസം അല്ലെങ്കിൽ ക്ലാസ്സിക്കലിസം (എന്തൊരു തൊന്തരവ് !)… നിയോ ക്ലാസ്സിസിസം, നാച്വറലിസം, റിയലിസം, നിയോ റിയലിസം, സോഷ്യലിസ്റ്റ് റിയലിസം, മാജിക്കൽ റിയലിസം, ഫോട്ടോഗ്രഫിക് റിയലിസം, സറിയലിസം, ദാദായിസം, ഇമേജിസം, നവഫോർമലിസം, മോഡേണിസം, ബോധധാരാ സമ്പ്രദായം, പരഗതിവാദിധാര, ബീറ്റ് തലമുറ, നഷ്ടപ്പെട്ട തലമുറ, ക്രുദ്ധ ‘യുവത’, പോസ്റ്റ് സ്ട്രക്ചറലിസം, പോസ്റ്റ് മോഡേണിസം, Oulipo , Nouveau Roman ….”chepped-4-e3

F.R.C.S കരാർത്തൊഴിലാളികൾ ആഴ്ചകളോളം ഉറക്കമിളച്ച്, കരിമ്പുഴമണൽ അരിച്ച് പെറുക്കിയ ക്ണാശ്ശീരി കലാപ്രസ്ഥാനലേബലുകൾ തപ്പിത്തടഞ്ഞു വായിച്ച് ബിനാമി മിനറൽ ഗംഗാജലം ഒരു കുപ്പി തൊണ്ടയിലേക്ക് കമിഴ്ത്തി കസേരയിൽ തളർന്നിരുന്നു.

മണൽവാരി നോവലിസ്റ്റുകളിൽ ഒരാൾ ചാടിയെഴുന്നേറ്റു. ക്ഷീണിത ബിനാമിയുടെ കയ്യിൽ നിന്നും ബൈലോ തട്ടിപ്പറിച്ച്, കണ്ണട മൂക്കിലുറപ്പിച്ചു:
“… അതെയതെ … അതുതന്നെ … ഇതിയാൻ പ്രസ്താവിച്ച മേൽപ്പറഞ്ഞ കുന്ത്രാണ്ടങ്ങൾ എന്തൊക്കെയാണെങ്കിലും അവയെല്ലാം ക്ണാശ്ശീരിയിൽ ചത്ത് തുലഞ്ഞു കഴിഞ്ഞു . ഞങ്ങളുടെ സൃഷ്ടികളിൽ അങ്ങിങ്ങ് ‘കോപ്പക്കൂട്ട് ‘ പോലെ അപ്പറഞ്ഞവയുടെ ചില അംശങ്ങൾ നിങ്ങളിൽ ആർക്കെങ്കിലും കണ്ടെത്താൻ കഴിഞ്ഞെങ്കിൽ  അത് ഞങ്ങളുടെ ഭാഗ്യം!

ആ ജനുസ്സുകളിൽ  പെട്ട മുൻകൃതികളുടെ പണിക്കുറ്റങ്ങൾ, പരാജയ കാരണങ്ങൾ … അതൊക്കെ ഞങ്ങൾ ആഴത്തിൽ, വീതിയിലും പരപ്പിലും, സൂക്ഷ്മമായി, കിറുകിറുത്യമായി പഠിച്ച അന്വേഷണ റിപ്പോർട്ടുകൾ വരും നാപ്പുണ്ണി ചർച്ചകളിൽ സബ്മിറ്റ് ചെയ്യും. ഏതായാലും ഫിക്ഷണൽ റിയലിസത്തിന് മാത്രമേ ഇനി മുതൽ നീറേങ്കൽ മെഗാപുസ്തകമേളകളിൽ നിലനിൽപ്പുള്ളൂ . ഞങ്ങൾ പറയുന്നത് കേൾക്കുന്നതാണ് നിങ്ങൾക്ക് നല്ലത്…. അല്ലാത്ത പക്ഷം, കണ്ണടച്ച് ഇരുട്ടാക്കുന്നവർ വിമർശന ഡിപ്പാർട്ട്മെന്റ് മേൽഗതി ടെസ്റ്റുകളിൽ മിനിമം മാർക്ക് കിട്ടാതെ, തോറ്റ് തൊപ്പിയിട്ട്, അഷ്ടിക്ക് ഗതിയില്ലാതെ, വയറൊട്ടി ചിറിയിളിച്ച്,  വട്ടം ചുറ്റും.  ഇതു തീർച്ച; സത്യം ;സത്യം; പരമാർത്ഥം!!”

ക്ണാശ്ശീരിയിൽ പൊതുവെ വിമർശകർക്ക് വംശനാശം നേരിട്ട് കൊണ്ടിരിക്കുകയാണ്. പാരിസ്ഥിതിക പ്രശ്നങ്ങളെ അതിജീവിച്ച വിരലിലെണ്ണാവുന്നവരിൽ സീനിയറായ പരമഭട്ടാകാരൻ സ്റ്റേജിൽ വാ പൊളിച്ചിരുന്നു. നീറേങ്കൽ സാഹിത്യചരിത്രത്തിൽ തരിശിട്ട നെൽ പാടങ്ങൾ പിടിച്ചടക്കാൻ F.R .C.S ഭൂമാഫിയ – റിയൽ എസ്റ്റേറ്റ് ബുൾഡോസറുകൾ ഇരമ്പിക്കയറുന്നത് കണ്ട് അദ്ദേഹം നെറുകുംതലയിൽ കൈ വെച്ചു. പരമഭട്ടാകാരൻ പരതിയിട്ടുള്ള കഥാപ്രസ്ഥാനങ്ങളിലൊന്നും ഈ കോടങ്കി സൗന്ദര്യശാസ്ത്രം കാണാനിട വന്നിട്ടില്ല. ചാപിള്ളയെ ക്ലോണ്‍ ചെയ്ത വല്ല ജനിതക വൈകൃതമാണോ ഇക്കൂട്ടർ തൊട്ടിലാട്ടുന്ന FR ശിശു? ഫിക്ഷനും റിയലും 1:2 എന്ന അനുപാതത്തിൽ കലർത്തി ഏതിനം സങ്കരവിത്താണ് നീറേങ്കൽ നോവൽ പാറപ്പുറങ്ങളിൽ വിതയ്ക്കാൻ പോകുന്നത്? അവർ വിതച്ചത് ആരാൻ കൊയ്യുമോ? കൊയ്തത് മെതിച്ച്, രാസവിഷത്തിൽ പുഴുങ്ങി, ‘നിറപറ’ ചാക്കുകളിൽ നിറച്ച് , ഭക്ഷ്യശൃംഖലയിൽ മായം കലർത്തി……

പരമഭട്ടാകാരൻ പരിഭ്രാന്തിയോടെ നോട്ട്ബുക്ക് കമ്പ്യൂട്ടർ ഓണാക്കി. സെർച്ച് എഞ്ചിൻ നെറ്റിൽ ചുഴറ്റി എറിഞ്ഞു . Standford Encyclopedia of Philosophy-യുടെ ഒരു entry ചൂണ്ടയിൽ കൊളുത്തി. ഹെമിങ്ങ് വേയുടെ സാന്റിയാഗോ കിഴവനെ മനസ്സിലാവാഹിച്ച് സാവകാശം ചൂണ്ടച്ചരട് വലിച്ച് കൊണ്ടിരുന്നു.

അപ്പോഴേക്കും FR ദൃഷ്ടന്താങ്ങളുടെ ശിങ്കാരിമേളം പന്തലിൽ മുറുകിക്കഴിഞ്ഞിരുന്നു:
“ഒന്നാമതായി ഞാൻ രചിച്ചിട്ടുള്ള പോത്ത്ജന്മം, വാത്ത്മരണങ്ങൾ എന്നീ ഉത്കൃഷ്ടകൃതികൾ തന്നെ പരിശോധിക്കാം … ‘സർവാംഗപുളകംസാറാമ്മ’ എന്ന ഇടയവിലാപഗാനത്തിന്റെ 69-ആം പതിപ്പിനെ കമിഴ്ത്തിയടിച്ച് മുന്നേറുന്ന നോവൽബുക്കുകളാണ് ഇവ. അതാരും മറക്കേണ്ട. ‘സ്ത്രീപാഴ്ജന്മം’ എന്ന സീരിയലിൽ കുടുങ്ങിപ്പോയ അനേകലക്ഷം മപ്പ് വായനക്കാരെ തിരിച്ചുപിടിക്കാൻ ‘പോത്ത് ജന്മ’ത്തിൽ ഞാനൊരുക്കിയ കെണി അഥവാ ടൂൾ വിവരിക്കാം.

Sony MZ-NH 900 HiMD സൌണ്ട് റെക്കോർഡിംഗ് മെഷീനാണ് ഞാൻ കെട്ടെഴുത്തിന് ഉപയോഗിച്ച ടൂൾ. രചനയിലെ വിഷമഘട്ടങ്ങൾ പലതായിരുന്നു. കഥാനായകൻ അനുഭവിച്ച കഷ്ടപ്പാടുകളിൽ യഥേഷ്ടം ഫിക്ഷൻ കലർത്തുന്നതെങ്ങിനെ? വേണ്ടിവന്നാൽ ആ ദൈന്യജന്മത്തെ രക്ഷപ്പെടുത്തുകയും വേണം. അവിടെയാണ് FR സർഗ്ഗശക്തി പല്ലും നഖവും ഉപയോഗിച്ച് – ഈ ഞാൻ –  പ്രയോഗിച്ചത്. നീറേങ്കൽ നാഷണൽ ജ്യോഗ്രഫിക് ചാനൽ, അനിമൽ പ്ലാനെറ്റിലെ മണലാരണ്യ ഓന്ത്പാമ്പ്ഗൗളി എപ്പിസോഡുകൾ, മൂത്ത ചെക്കന്റെ കോമിക് പുസ്തകങ്ങൾ, Lawrence of Arabia, Lost In The Desert , Desert Commandos, The Desert Escape മുതലായ ഹോളിവുഡ് അതിസാഹസിക പടങ്ങൾ (subtitle സഹിതം) എന്നിവയിലൂടെ ഏകദേശം ഒരു വർഷക്കാലം ഞാൻ കഠിനവ്യഥയും അന്യഥാബോധവും പേറി അലഞ്ഞു നടന്നു.

F.R ആഖ്യാനക്കുരുക്കിൽ എഴുത്തുകാരന്റെ ജീവിതം ബുദ്ധിപൂർവ്വം വരികൾക്കിടയിൽ തിരുകിക്കയറ്റണം. ഉദാഹരണത്തിന് ഞാൻ എട്ടാം ക്ലാസ്സിലേക്ക് കഷ്ടിച്ച് കടന്ന ഒരു സുന്ദരസന്ധ്യാനേരം. തിരുനാരായണപുരം വായനശാലയിലേക്കുള്ള ഇടവഴിയിലൂടെ പോവുകയായിരുന്നു, ഞാൻ. അതാ, നമ്മുടെ പത്തിലെ പർവതമർദ്ദിനി പോസ്റ്റ്ഓഫീസിനരികിൽ ഒറ്റക്ക് പരുങ്ങുന്നു. ഏതോ കാമുകനുള്ള പ്രണയലേഖനം പോസ്റ്റ്ബോക്സിലിടാൻ അവൾ വലംകയ്യു പൊക്കിയതും ജംബറിന് മുകളിൽ ഒന്ന് ഞെക്കി ഞാൻ ഓടിയ ഓട്ടം! മുട്ടുകാൽ വീണു പൊട്ടിയ ആദ്യാനുരാഗത്തിന്റെ മധുരസ്മരണ!! …ആഹാ, ഓഹോ!!!  നോവലിസ്റ്റിന്റെ ഈ പ്രണയാനുഭവം മരുഭൂമിയിൽ കുടുങ്ങിയ  നമ്മുടെ കഥാനായകൻ പട്ടിണിയിട്ട് പല്ലിളിക്കുമ്പോൾ,  അയവിറക്കുന്നത് അതിഗംഭീരമല്ലേ? അതാണ് ഫിക്ഷണൽ റിയലിസത്തിന്റെ കുതിരശക്തി. അതുപോലെ രചയിതാവിന്റെ ആട്മാട്പോത്ത്താറാവാത്ത്മൃഗപക്ഷിരതിവാസനകളും ആത്മഹത്യയുടെ വക്കത്തെത്തിയ ആ ദുരന്തജീവിയുടെ തലയ്ക്കുള്ളിൽ കെട്ടിത്തൂക്കണം. ഇതാകുന്നു ജീവിതമെഴുത്തെന്ന FR സങ്കേതം. വലിയ പെരുന്നാളിന് റപ്പായി ചേട്ടൻ ആട്ടിറച്ചിക്ക് തൂക്കം കൂട്ടാൻ സിറിഞ്ച് കൊണ്ട് വെള്ളം കുത്തിവെക്കുന്ന വിദ്യ നിങ്ങൾ ഓരോ എഴുത്തുകാരനും കണ്ടു പഠിക്കേണ്ടതാണ്. അദന്നെ റിയലിൽ ഫിക്ഷൻ കലർത്തുന്ന രീതിശാസ്ത്രം. അതോടെ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകൾ മായുന്നു …എന്റെയീ അഗാധചിന്തകൾ നിങ്ങൾക്ക് വല്ല എത്തും പിടിയും കിട്ടിയോ?”

ബിനാമി പരമഭട്ടാകാരനെ പുച്ഛത്തോടെ നോക്കി.

നോട്ട്ബുക്ക് അടച്ച് പരമഭാട്ടാകാരൻ മേശപ്പുറത്ത് മുഷ്ടി ചുരുട്ടിയിടിച്ചു.

“താനേത് മണൽക്കൂനയിൽ നിന്നാണ് ഹേ, എഴുന്നേറ്റ് വരുന്നത്?” നിരൂപകസിംഹം ഗർജ്ജിച്ചു:
“നിങ്ങളീ പറയുന്ന ശവംതീനിസങ്കേതം എവിടുത്തെ ഫിക്ഷണൽ റിയലിസമാണ്? ശരിക്കും ആ ആശയത്തിന്റെ അർത്ഥമെന്താണ്? F.R ബൈലോ തട്ടിക്കൂട്ടുന്നതിനു മുൻപു താൻ അബോധത്തിലെങ്കിലും ആലോചിക്കാനിടവന്നിട്ടുണ്ടോ? കുഴമറിഞ്ഞ എന്തോ തത്വശാസ്ത്ര പ്രശ്നമാണ് ഫിക്ഷണൽ റിയലിസം. ഭാവനയിൽ മാത്രമുള്ള വസ്തുക്കളും കഥാപാത്രങ്ങളും നിലനിൽക്കുന്ന സമാന്തര പ്രപഞ്ചങ്ങളെക്കുറിച്ചുള്ള സിദ്ധാന്തം. ഡേവിഡ് ലൂയിസും മറ്റും പിന്താങ്ങുന്ന Modal Realism-എന്ന പദ്ധതിയുടെ തുടർച്ച. A. D 1895 ൽ വില്ല്യം ജെയിംസ് എന്ന അമേരിക്കൻ തത്വചിന്തകൻ പറഞ്ഞു വെച്ച Multiverse തിയറി പൊലിപ്പിച്ചാൽ ഭാവനാസൃഷ്ടികൾക്ക് അപരലോകങ്ങളിലേക്ക് ക്വാണ്ടം ചാട്ടം നടത്തി റിയലാകാം. അങ്ങിനെയാണെങ്കിൽ ലൂയിസ് കരോളിന്റെ ആലീസും അത്ഭുതലോകവും സ്പൈഡർമാനും ഡാകിനിയും ലുട്ടാപ്പിയും ചോട്ടാഭീമനും നിലനിൽക്കാൻ സാധ്യതയുള്ള പ്രപഞ്ചങ്ങളുണ്ട്. അനേകലോക വ്യാഖ്യാനങ്ങൾക്ക് തെളിവൊന്നും കിട്ടിയിട്ടില്ലെങ്കിലും സയൻസ് ഫിക്ഷൻ ഫാന്റസികളുടെ സാരസ്യമെങ്കിലുമുണ്ട്. അതെങ്ങിനെ താനും കൂട്ടാളികളും പന്നിപ്രസവം നടത്തുന്ന പടപ്പുകളുടെ പുതുപുത്തൻ സങ്കേതമായി? തന്റെ F.R ഉം ഞാൻ മനസ്സിലാക്കിയ F.R ഉം തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധമാണ് കാണുന്നത്.”

ബിനാമി ജ്ഞാനിയുടെ ചിരിയോടെ സദസ്സിനെ നോക്കി:

“മരത്തലയനിരൂപകശിരോമണികൾ! ഞാനീപ്പറയുന്ന ക്ണാശ്ശീരി ഫിക്ഷണൽ റിയലിസം വേറെയാണ്. ഒന്നു കൂടി വ്യക്തമാക്കാം. അതായത് ഈയിരിക്കുന്ന മോഡേൺ വിമർശകൻ പരമഭട്ടാകാരനെയും (ആള് റിയൽ ആണ്..) യുലീസ്സസ്സിലെ സ്റ്റീഫൻ ഡിഡാലസിനെയും (നമ്മളാരും വായിച്ചിട്ടില്ലെങ്കിലും…) ഒരേ നുകത്തിൽ വണ്ടിക്കാളകളെ പോലെ കൂട്ടിക്കെട്ടി കഥയെഴുതുകയാണെന്ന് കരുതുക. കാലഘട്ടത്തിന്റെ ആവശ്യം ബലമായി പ്രതിഫലിപ്പിക്കാൻ മറക്കരുത്. വില്ലൻ റോളിനിടയ്ക്ക് ആകാശത്ത് മരിച്ച് പോയ ഏതെങ്കിലും നടനെ ഗബ്രിയേൽ മാലാഖയുടെ ചിറകുകളിൽ കൂട്ടിക്കെട്ടിയാൽ അക്കാര്യം സാധിക്കും.

അതോടെ ഫിക്ഷൻ ഏത്, റിയൽ ഏത്; ചത്തതാര്, കൊന്നതാര്; ബീച്ച്, ഗരാജ്, ആകാശം, മൃഗാശുപത്രി, വായനശാല … എല്ലാറ്റിന്റെയും അതിർവരമ്പുകൾ ചിന്നിച്ചിതറി, കൂടിക്കലർന്നു പൊടിതൂളയായി കട്ടപൊഹ! അത് തന്നെ ഫിക്ഷണൽ റിയലിസം…”

ഈ നിമിഷം വരെ ജീവിച്ചിരിക്കുന്ന തന്നെ ഫിക്ഷനാക്കി അവഹേളിച്ചതിൽ ചൂടായി പരമഭട്ടാകാരൻ ബിനാമിയെ പച്ച/മഞ്ഞ/നീലത്തെറികൾ വിളിച്ചു. മറ്റ്  F.R.C.S മെംബർമാർ വൃദ്ധനിരൂപകവ്യാഘ്രത്തിന്റെ സടയും താടിയും തടവി തൽക്കാലം അടക്കി നിർത്താൻ നോക്കി.

അതുകൊണ്ടരിശം തീരാതവനാ-
സ്റ്റേജിനു ചുറ്റും മണ്ടി നടന്നു….neerenkal-4-e-4 -81

അപ്പോഴേക്കും പെട്ടിക്കട നടത്തുന്ന പെട്ടിബൂർഷ്വ രാജേട്ടൻ ഡിസ്പോസ്ബിൾ താലത്തിൽ കൊണ്ടുവന്ന പഴംപൊരിയുടെ പ്രമേഹ സുഗന്ധം സ്റ്റേജിൽ വീശിയടിച്ചു. ചായക്ക് പിരിഞ്ഞ ശേഷം F.R ന്റെ രൂപഭദ്രത, അതിലളിതകോമളഭാഷ, ബൃഹദാഖ്യാനങ്ങളുടെ തൂക്കവില, ഹൈപർറിയാലിറ്റിയിലെ സത്തിയം, എന്നിവയിൽ ഗാഡഗൂഢദർശനങ്ങൾ അവതരിപ്പിക്കാമെന്ന നിർദേശം വെള്ളമൂറുന്ന ഐകകണ്ഠെന എല്ലാവരും അംഗീകരിച്ചു.

അരങ്ങൊഴിഞ്ഞ തക്കത്തിന് കമ്പ്യൂട്ടർ ഗെയിമുകളിൽ  ജന്മനാപ്രതിഭാശാലനി ‘ടമാർ പടാർ’ എന്ന ഫിക്ഷണൽ റിയൽ L. K.G ബാലിക ചൊല്ലിയ യു ട്യൂബ് ഗാനം:

‘ചത്തകാലം പോലെ തളംകെട്ടിയ
ചളിക്കുണ്ടിൽ ശവംനാറിപ്പുല്ലുതിന്നാവോളവും
കൊഴുത്തമെയ് ആകവെ താഴ്ത്തി
വട്ടച്ച കൊമ്പുകളുടെ കീഴെ
തുറിച്ച മന്തൻ കണ്ണാൽ നോക്കി നീ
കണ്ടതും കാണാത്തതുമറിയാതെ
എത്ര തൃപ്തനായ് കിടക്കുന്നു.
നിന്റെ ജീവനിലഴുകിയ ഭാഗ്യം
എന്തൊരു ഭാഗ്യം…..’

ഇട്ടി ഇത്രയും പകർത്തിയപ്പോഴേക്കും ചെമ്പോല തീർന്നു പോയി.

ഇപ്രാവശ്യം   ഇട്ടിനാൻ ‘വാറുണ്ണി ആൻഡ് സണ്‍സിന്റെ’ പാത്രക്കടയിലേക്ക് ഓട്ടോ പിടിക്കുന്നതായിരിക്കും. പാത്രക്കടക്ക് തൊട്ടടുത്താണ് ‘വർജ്ജനം’  A/C  ബാർ. കൌണ്ടറിൽ തിക്കിത്തിരക്കി, ഇട്ടി   ‘ബോധവത്കൃതം’ ബ്രാണ്ടി ഒന്നര, നില്പനടിക്കും. അതോടെ, ലളിതകോമള F.R ഭാഷയിലെ പൂതനാവേഷം ഇട്ടി പുറത്തെടുക്കും. വേണ്ടിവന്നാൽ തല്ലുണ്ടാക്കും.

പിന്നീട്, വാറുണ്ണി ചേട്ടനോട്  പഴയ ചെമ്പുരുളി വിലപേശി വാങ്ങി, ഉരുക്കിയടിച്ച് പരത്തി, തകിടുകളാക്കണം. നീറേങ്കൽ സാംസ്കാരിക ഗതികേടുകളെ മാഹാത്മ്യത്തിലേക്ക് പരാവർത്തനം ചെയ്യാൻ …നീത്ച്ചേ പറയുന്ന monumental history എന്ന നീചമാർഗ്ഗം പിന്തുടർന്ന്. അളിപിളി ഭാവുകത്വത്തിലൂടെ  ക്ണാശ്ശീരിയിൽ വരാനിരിക്കുന്ന സർവാധിപത്യത്തിനു  നിലമൊരുക്കിയവരുടെ കൂറ്റൻ സ്മാരകങ്ങൾ പടുത്തുയർത്താൻ.

അതുവരെ പോത്ത്ജന്മത്തിലെ ‘ഹയ്യോ ഹമ്മേ ഹാവൂ’ കരുണരസപദങ്ങൾ ബിനാമിയുടെ ശിങ്കിടികൾ സ്റ്റേജിൽ പാടിക്കൊണ്ടിരിക്കട്ടെ. ഇലത്താളം മുഴക്കി, മരുക്കാറ്റ് വീശുന്ന രാഗത്തിൽ…. നേരം പുലരുവോളം.

ഉറക്കം തൂങ്ങുന്നവർക്ക് പായ ചുരുട്ടി, കുട്ടികളെയും കൂട്ടി നീറേങ്കൽ ഫേക് റിയലിസം വരമ്പുകളിലൂടെ വീട്ടിലേക്ക് മടങ്ങാവുന്നതാണ്. വഴുക്കി വീഴാതിരിക്കാൻ F.R.C.S ബിനാമി ബ്രാൻഡ് സൂക്ഷ്മചരിത്ര വള്ളിചെരിപ്പുകൾ ഊരിപ്പിടിക്കുന്നത് നന്നായിരിക്കും. അറ്റക്കഴായകൾ ചാടുമ്പോൾ സ്റ്റീഫൻ ഡിഡാലസിന്റെ ആകുലതകൾ ജപിച്ചാൽ മതി:

‘History is a nightmare from which I am trying to awake…..’

—————————————–

*‘ചത്തകാലം പോലെ തളംകെട്ടിയ… : എൻ.എൻ കക്കാടിന്റെ കവിത

 

നീറേങ്കൽ മുൻ ചെപ്പേടുകൾ:

നീറേങ്കൽ ചെപ്പേട്- ഓല ഒന്ന്

നീറേങ്കൽ ചെപ്പേട്- ഓല രണ്ട്

നീറേങ്കൽ ചെപ്പേട്- ഓല മൂന്ന്

Comments

comments