ടെലിവിഷൻ സീരിയലുകളെ പരിശോധനയ്ക്കു വിധേയമാക്കാനുള്ള സംവിധാനം നടപ്പാക്കുന്നതിലേക്കായി കേരള സർക്കാർ കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. ടെലിവിഷൻ പരിപാടികളെ മുഖ്യമായും വിവരകൈമാറ്റത്തിനും വിനോദത്തിനുള്ളവയെന്നും പൊതുവെ രണ്ടായി തിരിക്കാം. നിലവിൽ വിനോദാധിഷ്ഠിത സീരിയലുകളിന്മേലാണ് ഇപ്പോൾ ഇവ്വിധം നിലപാടെടുത്തിരിക്കുന്നത്. അത്തരം സീരിയലുകൾ കേരളീയ സമൂഹത്തിലേയ്ക്ക് കടത്തിവിടുന്ന സന്ദേശങ്ങളും അതിന്റെ ഉള്ളടക്കം ഉദ്ദീപിപ്പിക്കുന്ന നെഗറ്റീവായ വൈകാരികാവസ്ഥകളും കുടുംബബന്ധങ്ങളെ സാരമായി ബാധിക്കുന്നുവെന്ന പരാതി പരക്കെ നിലനിൽക്കുന്നുണ്ട്. ഇത്തരം സീരിയലുകൾ മലയാളിക്കുമേൽ തള്ളിവിടുന്ന വൈകാരികതയുടെ അധോമുഖീകരണം എല്ലാ അർത്ഥത്തിലും വ്യക്തികളുടെ മാനസികാരോഗ്യത്തെ ഗൗരവമായ് സ്വാധീനിക്കുന്നുമുണ്ട്. ഏറെക്കുറെയായിന്നു കാണുന്ന സീരിയലുകൾ അമ്മായിയമ്മ- മരുമകൾ സ്റ്റീരിയോടൈപ്പ്‌ പ്രശ്നങ്ങൾ, അതിൽ ഭർത്താവിന്റെ റോൾ, ഭാര്യ- ഭർതൃ ബന്ധത്തിനിടയ്ക്ക് മറ്റൊരാളുടെ രംഗ പ്രവേശം, സഹായ മനസ്കരായ മനുഷ്യർ ചൂഷണം ചെയ്യപ്പെടുന്ന ചുറ്റുപാടുകൾ , അനുകമ്പ കാണിക്കുന്നവരെ പിന്നിൽ നിന്ന് കുത്താൻ തയ്യാറായി നിൽക്കുന്നവർ, ബിസിനസ്സ് പങ്കാളികൾക്കിടയിലെ വഞ്ചന എന്നിങ്ങനെ വിവിധ രീതിയിൽ ഉള്ളടക്കങ്ങളുടെ സത്ത നിലനിൽക്കുന്നുണ്ട്.

ഒരു കലാരൂപം എന്ന നിലനിലയിൽ സീരിയലുകളെ യുക്തിസഹമായി അവതരിപ്പിക്കാൻ അതിന്റെ പ്രസവകാരണ ഭൂതർക്ക് ആരാലും ഉല്ലംഘിക്കാനാകാത്ത എല്ലാ അവകാശവും ഉണ്ട്. സർവ്വോപരി കലാസൃഷ്ടികൾക്കുമേൽ ഭരണകൂടം നിയന്ത്രണം കൊണ്ടുവരുന്നതൊക്കെ പുരോഗമനപരവും പ്രത്യാശാഭരിതവുമാണെന്ന് ചരിത്രം ഇന്നോളം സാക്ഷ്യപ്പെടുത്തിയിട്ടുമില്ല. ഇത്തരം സാഹചര്യത്തിൽ ഈ അവസ്ഥയ്ക്ക് എന്ത് പരിഹാരം എന്ന ചോദ്യം പ്രസക്തമാവുകയാണ്.

മദ്യനയത്തിന്റെ കാര്യത്തിൽ സ്വയംബോധ്യത്തിലൂന്നിയ വർജ്ജനമാണ് വേണ്ടതെന്ന് ശഠിക്കുകയും അതിനനുസരിച്ചുള്ള നിലപാടുകൾ കൈക്കൊള്ളാനൊരുങ്ങുകയുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സർക്കാർ ടി. വി സീരിയലുകളുടെ കാര്യത്തിൽ മാത്രം കഴിഞ്ഞ സർക്കാരിന്റെ നിലപാടിന്റെ പിന്താങ്ങി എന്തിനിങ്ങനെ സെൻസർഷിപ്പ് അനിവാര്യമാണെന്ന് നിലപാടെടുക്കുന്നു? രണ്ട് എലമെന്റുകളും ഒരുതരത്തിൽ ലഹരിയാണ്. വ്യക്തിയുടെ മനോവ്യവഹാരങ്ങളോടും  കുടുംബാന്തരീക്ഷത്തോടും  ചങ്ങാത്തത്തോടും  ഒക്കെ ബന്ധിതമാണത്തിന്റെ സ്വാധീനം. വസ്തുത അങ്ങനെയൊക്കെ ആകെയാൽ ടെലിവിഷന് ചാനലുകൾക്കും സ്ഥാപന മേധാവികൾക്കും അതിന്റെ പ്രക്ഷേപണ നയത്തിനും ഒക്കെയാണ് ഉത്തരവാദിത്വം. വാർത്താധിഷ്ഠിത ആക്ഷേപഹാസ്യം എന്ന പേരിൽ ചാനലുകളിൽ നിത്യേന നടത്തുന്ന പരിപാടികൾ രാഷ്ട്രീയ നേതാക്കളുടെ വാക്കുകളെ അടർത്തിയെടുത്ത് അവർ കുടിക്കുന്നതും കിടക്കുന്നതുമെല്ലാം ക്ലിപ്പുകളാക്കി മറ്റു സന്ദർഭങ്ങളുമായി ചേർത്ത എഡിറ്റു ചെയ്ത് അവതരിപ്പിക്കുന്നതിനുമേൽ വിലക്കുകൾ ആവശ്യമെന്ന് ആരും പറഞ്ഞു കണ്ടില്ല. ഇത്തരം പരിപാടികളിന്മേൽ, അടിച്ചേൽപ്പിക്കേണ്ട നിയന്ത്രണമല്ല അനിവാര്യം എന്ന വാദം അതേപടി സീരിയലുകളുടെ കാര്യത്തിലും സ്വീകാര്യമാകേണ്ടതുണ്ട്.censorship-v-1

നാളെ സീരിയലുകളിൽ  ഭരണരാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന കൊലപാതകമോ മറ്റു സാഹചര്യങ്ങളോ എന്നു തോന്നിപ്പിക്കുന്ന ഒരു അവസ്ഥ പുനരാവിഷ്കരിക്കുകയാണെങ്കിൽ ഈ സെൻസർ സംവിധാനത്തിന്റെ നിലപാടെന്താകും ? മാധവിക്കുട്ടിയുടെ സാഹിത്യ രചനകളെത്തന്നെ ദൃശ്യവൽക്കരിക്കണമെന്നു വിചാരിച്ചാൽ എന്തു സമീപനം സ്വീകരിക്കും ? ഇവിടെയാണ് ഭരണകൂടത്തിന്റെ സെൻസറിങ് ഭൂഷണമല്ലാതാവുക. തികച്ചും പോസിറ്റീവ് ആയ ഒരു മാറ്റം കാംക്ഷിച്ചു എടുക്കുന്ന നിലപാട് തിരിച്ചടി മാത്രം പ്രദാനം ചെയ്യുന്ന അവസ്ഥ രൂപപ്പെടും. കേന്ദ്ര നിയമത്തിനനുസൃതമായ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേരളത്തിന് മാത്രമായി ഒരു ഇളവ് നൽകുക സാധ്യമല്ല. അങ്ങനെയാകുമ്പോൾ ഉത്തർ പ്രദേശും ഗുജറാത്തും തമിഴ്‌നാടും ഒക്കെ ഈ അധികാരത്തെ എങ്ങനെയായിരിക്കും ഉപയോഗിക്കുക? സീരിയലുകളെ മാത്രമായി സെൻസർ ചെയ്യേണ്ടി വരുമ്പോൾ ഇവിടെ ഉദ്ദേശിക്കുന്ന സീരിയലുകളെ നിയമത്തിൽ എങ്ങനെ നിർവചിക്കും? ഇനി ഇതരഭാഷയിലെ ഒരു സീരിയൽ ഡബ്ബ് ചെയ്ത് പ്രക്ഷേപണം ചെയ്യുകയാണെങ്കിൽ കേരളത്തിൽ നിയന്ത്രിക്കുകയും ആ ഭാഷയിൽ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്നതിന് നിയമപരിരക്ഷാപരമായ യുക്തി ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം ഇതെല്ലാം ഒരു കോടതിവിധി  കൊണ്ട് അപ്പൂപ്പൻതാടികളായ് മാറാവുന്നതേ ഉള്ളൂ.

പ്രമേയത്തോട് വിയോജിപ്പുകൾ വച്ചുപുലർത്തുമ്പോഴും മലയാള ഭാഷാപ്രയോഗങ്ങൾ എല്ലായിടത്തുനിന്നും അന്യമാകുന്ന പരിതസ്ഥിതിയിൽ സീരിയലുകൾ news-c-3-1കടുകുമണിയോളമെങ്കിലും പ്രതിരോധം തീർക്കുന്നുണ്ട്. ‘ന്യൂസ് അറ്റ്‌ നയൻ’, ‘കൗണ്ടർ പോയിൻറ്’, ‘ന്യൂസ് നയൻ’, ‘എഡിറ്റേഴ്സ് അവർ’ എന്നിങ്ങനെയൊക്കെ ഇംഗ്ലീഷ് പേരുകളിലും കോട്ടും സ്യുട്ടും ഇട്ടാലെ പ്രൊഫെഷണൽ ആകൂ എന്ന മിഥ്യാധാരണ നിലനിൽക്കുന്നതുമായ ഇടത്തിലാണ് പേരിലെങ്കിലും ഒരു ‘കറുത്ത മുത്തും’ ‘ചന്ദന മഴ’യും ‘പരസ്പര’വും ഒക്കെ നിലനിൽക്കുന്നത്. എന്നുവെച്ച്  പ്രമേയത്തിൽ നീതിപുലർത്തുന്നും ഇല്ല. അടുക്കളയിൽ പോലും 8000 രൂപയുടെ സാരിയിലേ സീരിയൽ കഥാപാത്രങ്ങൾ നടക്കൂ.

ഈ ടെലിവിഷൻ ചാനലുകളൊക്കെയും അറിഞ്ഞും അറിയാതെയുമൊക്കെ കടത്തിവിടുന്ന സൗന്ദര്യബോധവും വർണ്ണ-വംശീയ ലാവണ്യബോധത്തിന്റെ ഒളിച്ചുകടത്തലും ഒക്കെ ചർച്ചാവിധേയമാക്കേണ്ടതുണ്ട്. ഇത്തരം അവസ്ഥകളെക്കൂടി മുഖവിലയ്‌ക്കെടുത്തുകൊണ്ട് ചാനൽ- മാധ്യമ സ്ഥാപന മേധാവികളും പരിപാടി ആസൂത്രകരുമടങ്ങുന്ന സമൂഹം ഒന്നടങ്കം ഇച്ഛാശക്തി പ്രകടിപ്പിച്ചാൽ മാത്രമേ ഇതിനൊരു മാറ്റം വരൂ. ഇത്തരത്തിൽ പൊതുസ്വീകാര്യമായ തരത്തിൽ നയരൂപീകരണം സാധ്യമെങ്കിൽ ചാനലുകൾക്ക് പെട്ടെന്നുണ്ടാകുന്ന മാറ്റം കൊണ്ട് രൂപപ്പെടാവുന്ന മാർക്കെറ്റിംഗിന്റെ പരിമിതികളെ മറികടക്കാനുമാകും.  സീരിയൽ കഥ/തിരക്കഥ രചനയോട് ലാഘവബുദ്ധിയോടെയുള്ള നിർമ്മാതാക്കളുടെ സമീപനത്തിൽ മാറ്റം വരേണ്ടതുണ്ട്. സർക്കാർ മുൻകൈയ്യെടുത്ത് നിലവാരമുള്ള സീരിയലുകൾക്ക് പ്രചോദനമെന്നോണം ഉയർന്ന സാമ്പത്തിക പാരിതോഷികം നൽകണം. ചാനലുകൾ, സീരിയലുകൾ മാത്രമാണ് സായാഹ്നങ്ങളിലെ സാമ്പത്തികവേട്ടയുടെ സുപ്രധാന ഉപാധി എന്ന നയം ത്തിരുത്തണം. പരിപാടികളിലെ വൈവിധ്യവൽക്കരണവും അതിന്റെയൊക്കെ സമയക്രമങ്ങളിലും ഘടനാപരമായ മാറ്റം വരുത്തേണ്ടതുണ്ട്.

ഇത്തരത്തിൽ കലയുടെ പരിപോഷണത്തിനും, സാംസ്‌കാരികമായ ഇടപെടലിലൂടെ സാമൂഹ്യ പരിവർത്തനത്തിനു ടെലിവിഷൻ ചാനലുകളും, സർക്കാരും, പൊതുസമൂഹവും  ഒരേ ബോധ്യത്താൽ മുന്നോട്ടു നീങ്ങിയാൽ സർവ്വോന്മുഖമായ വികാസത്തിന്റെയും പുരോഗമനചിന്തയുടെയും പാതയിൽ മലയാളിയെത്തിച്ചേരുമെന്ന് നിസ്സംശയം കരുതാം.

(പഞ്ചാബ് കേന്ദ്ര സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ലീഗൽ സയൻസ് ആൻഡ് ഗവേർണൻസിൽ ഗവേഷകനാണു ലേഖകൻ)

Comments

comments