പീറ്റർ ബ്രൂഗൽ: 1525-69 കാലഘട്ടത്തിൽ ജീവിച്ച ഫ്‌ളെമിഷ് (ഡച്ചുബെൽജിയം) നവോത്ഥാനചിത്രകാരൻ. മകനും ഇതേ പേരിലറിയപ്പെടുന്ന ചിത്രകാരനായതുകൊണ്ട് തിരിച്ചറിയാനായി മൂത്ത ബ്രൂഗൽ അല്ലെങ്കിൽ Bruegel the Elder എന്നു പൊതുവെ വിളിക്കുന്നു. കൃഷീവലനായ ബ്രൂഗൽ എന്നൊരു വിളിപ്പേരുമുണ്ട്. പ്രകൃതിദൃശ്യങ്ങളും കൃഷിയിടങ്ങളും അനവധി തവണ തന്റെ രചനകൾക്കു വിഷയമാക്കിയാതുകൊണ്ടായിരുന്നു ആ പേരു വീണത്.

യൂറോപ്പിലെങ്ങും മാറ്റത്തിന്റെ അലയടി നിറഞ്ഞുകൊണ്ടിരുന്നപ്പോഴായിരുന്നു ബ്രൂഗലിന്റെ ജനനം. മൈക്കലാഞ്ജലോയും ഡാവിഞ്ചിയുമൊക്കെ മുന്നിൽ നിന്നു നയിച്ച നവോത്ഥാനകാലം അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞതേയുള്ളൂ. മാർട്ടിൻ ലൂതർ എന്ന ജർമ്മൻകാരൻ ക്രിസ്തുമതത്തിൽ ഇളക്കിവിട്ട ചലനങ്ങളാകട്ടെ യൂറോപ്പിനെ അമ്പരപ്പിച്ചും കൊണ്ടിരുന്ന കാലം. അക്കാലത്തെ സാധാരണക്കാരുടെ ജീവിതവും ഭാവങ്ങളുമായിരുന്നു ബ്രൂഗലിന് ഏറെ പ്രിയം. ഗ്രാമീണജീവിതത്തിലെ തുടിപ്പാർന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായി. കൃഷി, നായാട്ടുവിനോദങ്ങൾ, ഉത്സവങ്ങൾ, ഗ്രാമസദ്യകൾ, നാടോടിനൃത്തങ്ങൾ, നാടൻകളികൾ, ആചാരങ്ങൾ എന്നിവയൊക്കെ ബ്രൂഗലിന്റെ ചായങ്ങളിലൂടെ പുനർസൃഷ്ടിക്കപ്പെട്ടു. പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിന്റെ ഗ്രാമ്യചിത്രം ബ്രൂഗൽ നമുക്കു വെളിവാക്കിത്തരുന്നുണ്ട്. ‘കൊയ്ത്തുത്സവം’, ‘കൊയ്ത്തുകാർ’, ‘വിവാഹനൃത്തം’, ‘ഡച്ചുപഴമൊഴികൾ’, ‘നീലമേലങ്കി’, ‘കുട്ടിക്കളികൾ’, ‘മഞ്ഞുകാലത്തെ വേട്ടക്കാരൻ’ എന്നീ ചിത്രങ്ങളൊക്കെ ഇക്കൂട്ടത്തിൽ പെടുന്നവയാണ്. കൂടാതെ കൂടുതൽ ഗൗരവമാർന്ന ‘മരണത്തിന്റെ വിജയം’, ‘എതിർമാലാഖകളുടെ വീഴ്ച’, ‘കുതിരപ്പട’, ‘കുരുടരെ നയിക്കുന്ന കുരുടൻ’ എന്നീ പ്രസിദ്ധ ചിത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ബ്രേദയിലാണ് ജനിച്ചതെങ്കിലും ആന്റ്‌വെർപ്പ് നഗരമായിരുന്നു ബ്രൂഗലിന്റെ പ്രധാനവിഹാരരംഗം. അക്കാലത്തുണ്ടായിരുന്ന ചിത്രകലാവിഷയങ്ങളിൽ ഗ്രാമീണതയുടേയും മാനവികതയുടേയും വർണ്ണച്ഛായകൾ ആദ്യമായി പടർത്തിയത് ബ്രൂഗലായിരുന്നുവെന്നു പറയാം. യൂറോപ്പിന്റെ കലാചരിത്രത്തിൽ നിസ്തുലമായ ഒരു പങ്കും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇറ്റലിയിലേക്കുള്ളൊരു യാത്രയിൽ അദ്ദേഹം സമ്പാദിച്ച ഹൈറോനിമസ് കോക്ക് എന്ന ചിത്രകാരനുമായുള്ള അടുപ്പം ബ്രൂഗലിനെ ഏറെ സ്വാധീനിച്ചു. ബ്രൂഗലിന്റെ ശക്തവും നൂതനവുമായ പ്രമേയങ്ങൾ പെട്ടെന്നുതന്നെ ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. നൂറോളം പഴഞ്ചൊല്ലുകളെ ഒരു ഫ്‌ളെമിഷ്ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കോർത്തിണക്കി വരച്ച ‘ഡച്ചുപഴമൊഴികൾ’ ഇവയിൽ എടുത്തുപറയേണ്ടതുതന്നെ.

നാട്ടുമ്പുറത്തെ ആത്മവിശ്വാസവും ഉത്സാഹവുമായിരുന്നു ബ്രൂഗൽ തേടിനടന്നത്. നരച്ചുമങ്ങിയ നാടൻ വസ്ത്രങ്ങളണിഞ്ഞ ഗ്രാമീണരുടെ നേരമ്പോക്കും കോലാഹലവും ഉല്ലാസവുമെല്ലാം ആദേഹത്തിന് പഥ്യങ്ങളായി. അത്തരം ചിത്രങ്ങളോരോന്നും ചിത്രകാരന്റെ സൂക്ഷ്മാവലോകനപാടവത്തിന്റേയും വർണ്ണനിഷ്‌കർഷയുടേയും ഉത്തമോദാഹരണങ്ങളായിരുന്നു. ഒരു സാധാരണ ദൈനംദിനജീവിതരംഗമെന്നതിലും ഉയർന്ന ഒരു വീക്ഷണതലം അദ്ദേഹം ഇവയിൽ സന്നിവേശിപ്പിച്ചു. അത്തരം പ്രമേയങ്ങൾ ഭദ്രവും സങ്കീർണ്ണവുമായ ഒരു രംഗാവിഷ്‌കാരസാധ്യതകളായാണ് ബ്രൂഗലിലൂടെ പുറത്തുവന്നത്. ഋതുഭേദങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രകൃതിഭംഗിയിലും കവിഞ്ഞ ഒരു മനോഹാരിത പകർന്നവയായിരുന്നു.

ഇനി നമുക്ക് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധിയാർജ്ജിച്ച ബാബേൽ ഗോപുരമെന്ന ചിത്രത്തിലേക്കു വരാം.

Pieter_Bruegel_the_Elder_-_The_Tower_of_Babel_(Vienna)

ആന്റ്‌വെർപ്പിലെ നിക്ലിയാസ് യോംഗെലിങ്കിന്റെ കൈയ്യിൽനിന്നാണ് ഈ മഹദ്ചിത്രം വിയന്നയിലെ കലാചരിത്രമ്യൂസിയത്തിൽ എത്തിച്ചേർന്നത്. ഇത്തരത്തിൽ മൂന്നു ചിത്രങ്ങൾ ബ്രൂഗൽ ചെയ്യുകയുണ്ടായത്രെ. ആദ്യത്തേത്, ജൂലിയോ ക്ലോവിയോ എന്ന ഇറ്റാലിയൻ ചിത്രകാരന്റെ ശേഖരത്തിലെ ഐവറിയിൽ ചെയ്ത ഒന്നായിരുന്നു. നിർഭാഗ്യമെന്നുപറയട്ടെ, ഈ ഹ്രസ്വരൂപം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയി. മൂന്നാമത്തേത്, റോട്ടർഡാമിലെ ബോയ്മാൻസ് ഫാൻ ബേനിയൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള മരത്തടിയിലെ എണ്ണച്ചായാചിത്രം. വിയന്ന മ്യൂസിയത്തിലെ ചിത്രത്തിനും ഒരുവർഷം ശേഷമായിരിക്കണം റോട്ടർഡാമിലേതിന് പിറവിയുണ്ടായത്. നമ്മളിവിടെ വായിക്കാൻ പോകുന്ന ചിത്രത്തിനെ അപേക്ഷിച്ച്, ഇവ രണ്ടും വളരെ ചെറുതാണ്.

ഉൽപ്പത്തി പുസ്തകത്തിലെ പതിനൊന്നാം ഭാഗത്ത് ഒന്നു മുതൽ ഒമ്പതുവരേയുള്ള വരികളിൽ വിവരിക്കുന്ന ബാബേൽ ഗോപുരത്തിന്റെ കഥയാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. ഒത്തൊരുമയും ഒറ്റഭാഷയുമുണ്ടായിരുന്ന ആദിമാനവരാണത് പണിതത്. നിമ്രോദ് രാജാവിന്റെ നിർദ്ദേശാനുസാരമായിരുന്നുവത്രെ അതിന്റെ നിർമ്മിതി. ബൈബിളിൽ ഇപ്രകാരം പറയുന്നു. “വരൂ, നമുക്കായൊരു നഗരം നിർമ്മിക്കാം. ഒപ്പം ഒരു മഹാഗോപുരവും. ഉയരും സ്വർഗ്ഗത്തോളമത്. നമ്മളങ്ങനെ പേരെടുക്കട്ടെ. അല്ലെങ്കിൽ ചിതറിത്തെറിച്ചുപോകും നമ്മളീ ഭൂമുഖത്തെങ്ങും”. ചിത്രത്തിലാകട്ടെ, സ്വർഗ്ഗത്തിലേക്കുയരുന്ന ഒരു മഹാസൗധം പണിതെടുക്കുന്ന തിരക്കിലാണ് ജനങ്ങൾ. നിമ്രോദിനു മുന്നിൽ മുട്ടുകുത്തി വണങ്ങുന്ന നാട്ടുകാരെ ഇതിൽക്കാണാം. രാജാവിന്റെ അഹംഭാവം നിറഞ്ഞ അതിധാർഷ്ട്യമെന്ന പാപത്തിന് ബ്രൂഗൽ ഇവിടെ അടിവരയിടുകയാണ്. ദൈവത്തിനെ മറന്നുകൊണ്ടുള്ള ഈ ധിക്കാരത്തിന് നിമ്രോദ് ശിക്ഷിക്കപ്പെടുന്നു. ദാന്തേയുടെ ഡിവൈൻ കോമഡിയിലും മറ്റും ഇതിന്റെ വിശദവർണ്ണനകളുണ്ട്.

ബാബേൽ ഗോപുരത്തെ ഇതിൽ കാണിച്ചിരിക്കുന്ന രീതി വെച്ചുനോക്കിയാൽ, അതിൽ റോമിലെ കൊളീസിയം ഓർമ്മകൾ നിറയുന്നുണ്ട്. സൂക്ഷ്മനോട്ടത്തിൽ റോമിലെ കൊളീസിയത്തിന്റെ രൂപം തന്നെ ബ്രൂഗലിന്റെ ബാബേലിന്. വർത്തുളാകൃതിയിൽ (Spiral) മുകളിലേക്കു കയറിപ്പോകുന്ന ഗോപുരതലങ്ങൾ. അക്കാലത്ത്, കൊളീസിയത്തിനെ മതദ്വേഷത്തിന്റെ കടന്നൽക്കൂടായും, ദുരിതം നിറഞ്ഞ പീഡനഗൃഹവുമായുമൊക്കെയാണ് ക്രിസ്ത്യാനികൾ കണ്ടിരുന്നത്. ആദ്യകാലക്രിസ്ത്യാനികൾ റോമക്കാരുടെ പക്കൽനിന്നും അനുഭവിച്ചിട്ടുള്ള പീഡാനുഭവങ്ങളുടെ ദുരന്തമാതൃക. ഒരുപക്ഷെ, റോമാക്കാരിൽനിന്നും തങ്ങളുടെ പൂർവ്വികർക്ക് നേരിടേണ്ടിവന്ന ക്രൂരതകൾ ചിത്രരചനയ്ക്കിടയിലൊക്കെ ബ്രൂഗലിന്റെ മനസ്സിൽ തികട്ടിവന്നിരിക്കണം. കൊളീസിയത്തിൽ ക്രൂശിക്കപ്പെട്ട ജീവനുകളേയും, അവിടെ തളംകെട്ടിയ ക്രിസ്ത്യൻ രക്തത്തേയും ഓർക്കുമ്പോൾ ആ കൊളീസിയഛായ വെറുതേയല്ലെന്നു തോന്നും. ഒരു പക്ഷെ, അതു തന്നേയായിരിക്കാം ബ്രൂഗലും ഇവിടെ ഓർമ്മപ്പെടുത്തുന്നത്. റോം എന്ന നിതാന്തനഗരത്തിന്റെ ജീർണ്ണതയും തകർച്ചയും, മനുഷ്യന്റെ അഹന്തയുടേയും അതിമോഹത്തിന്റേയും അല്പായുസ്സിനോടൂം നിസ്സാരതയോടും ചേർത്തുവെച്ചു വായിക്കുകയാണ് ബ്രൂഗലിവിടെ. ഒരു പക്ഷെ, ബാബിലോണിയൻ കഥയുടെ ഇത്തരത്തിലുള്ള റോമൻവൽക്കരണം മനപൂർവ്വമല്ലാതേയും ആവാം. ഗംഭീരനിർമ്മിതികൾക്ക് അക്കാലത്ത് റോമൻ മാതൃകകൾ മാത്രമായിരുന്നല്ലോ, ഉത്തമദൃഷ്ടാന്തങ്ങൾ. ചിത്രത്തിൽ ബാബേൽഗോപുരം നില്ക്കുന്നത്, ഒരു നദിക്കരയിലാണെന്നു തോന്നുന്നു. യൂഫ്രട്ടീസ് നദിയായിരിക്കാം. കെട്ടിടനിർമ്മാണത്തിനുള്ള വമ്പൻ സാധനങ്ങൾ ജലമാർഗ്ഗേണയായിരുന്നല്ലോ പ്രാചീനകാലത്ത് പൊതുവെ എത്തിച്ചുകൊടുത്തിരുന്നത്.

ചിത്രത്തിലൂടെ ഓടിച്ചുനോക്കിയാൽ നമുക്ക് നിരവധി മനുഷ്യരെ കാണാനാവും. എല്ലാവരും ആ മഹാനിർമ്മാണപ്രക്രിയയുടെ ഭാഗഭാക്കുകൾ. ഇത്രയും വിസ്തൃതവും വൈഷമ്യമേറിയതുമായ മറ്റൊരു പ്രവർത്തനം ഈജിപ്തിലൊഴിച്ച്, നമുക്ക് പുരാരേഖകളിലൊന്നും കാണാനാവില്ല. പക്ഷെ, നിമ്രോദിന്റേത് ദൈവത്തിനെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ശ്രമമായിരുന്നു

അതുകൊണ്ടാണു ഇതിനൊരു നീചത്വം കല്പ്പിക്കപ്പെട്ടത്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഉറപ്പായും തകർച്ചയിലേക്ക് കൂപ്പുകുത്തുന്ന ഒരഹങ്കാരപ്രകടനം.

വളരെ നിപുണശ്രദ്ധയോടേയാണ് ബ്രൂഗൽ ഈ ചിത്രം വരച്ചിരിക്കുന്നത്. ഗോപുരനിർമ്മാണത്തിന്റെ സങ്കീർണ്ണമായ വിവിധവശങ്ങൾ മനസ്സിലാക്കിത്തന്നെ, ഈ രചന. മേഘത്തോളം ഉയർന്നുനില്ക്കുന്നു, ബാബേൽ. പക്ഷെ, നല്ലപോലെ ശ്രദ്ധിച്ചുനോക്കിയാൽ ഗോപുരത്തിന്റെ പണിയിൽ എന്തൊക്കെയോ അപാകതകൾ കാണാം. പണി മുഴുവനും തീരാത്തതുകൊണ്ടാണോ, അതോ നിർമ്മാണപ്പിശകുകളാണോ? എന്തായാലും ഏതുനിമിഷവും തകർന്നേക്കാമെന്ന സൂചന ബ്രൂഗലിന്റെ ഗോപുരം നമുക്ക് തരുന്നുണ്ട്. ദൈവത്തിനു മാത്രം അവകാശപ്പെടാവുന്ന സമ്പൂർണ്ണതയുടെ അഭാവം മനുഷ്യന്റെ കഴിവുകളെ വേർതിരിച്ചുകാണാനും, ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാനുമായി മനപൂർവ്വം ചെയ്തതായിരിക്കണം. കെട്ടിടം ഉയരുന്നതിനനുസരിച്ച്, മുകളിലേക്ക് നിർമ്മാണസാമഗ്രികൾ കൊണ്ടുപോകുന്നതിനായി മണ്ണും കല്ലുമെല്ലാം കൂട്ടിയിട്ടുണ്ടാക്കിയ ചെരിഞ്ഞ പ്രതലം പ്രാചീനകാലത്തെ നിർമ്മാണരീതിയെ സൂചിപ്പിക്കുന്നു. പിരമിഡുകൾ അടക്കമുള്ള വൻകെട്ടിടങ്ങൾ കെട്ടിപ്പൊക്കിയിരുന്നത് അക്കാലത്ത് ഇതേ രീതിയിലായിരുന്നുവല്ലോ.

കല്ലുകൾ കൊത്തിയെടുക്കുന്നവരുടെ അടുത്തേക്കാണ് നിമ്രോദ് എഴുന്നള്ളിയിരിക്കുന്നത്. ആയുധധാരികളായ ഭടന്മാർ കൂടേയുമുണ്ട്. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാൻപോലും വേണ്ടിവരുന്ന ഈ ആയുധസന്നാഹം രാജാവ് എത്രത്തോളം ജനങ്ങളിൽനിന്നും അകലെയാണെന്നു കാണിക്കുന്നുണ്ട്. രാജാവ് തൊട്ടടുത്തുണ്ടായിട്ടും പലരും ജോലിയിൽ വ്യാപൃതർ തന്നെ. ഒരാൾ തിരുമനസ്സിന്റെ കാല്ക്കൽ വീണുകിടക്കുന്നു. ജോലിയിലെ വീഴ്ചയോ, അതോ മറ്റെന്തോ കുറ്റം ആരോപിക്കപ്പെട്ടതിനോ മാപ്പുചോദിക്കുകയാണെന്നു തോന്നും. നിമ്രോദിന്റെ മുഖമാണെങ്കിൽ ഒട്ടും കരുണവുമല്ല. ഒരു കടുംശിക്ഷ അവിടെ ഏതുനിമിഷവും പ്രതീക്ഷിക്കാം. രാജാവിനു തൊട്ടുപുറകിൽ രണ്ടുപേർ ഒരാളെ വലിച്ചിട്ടടിക്കുന്നുമുണ്ട്. ഏത് മഹാസൃഷ്ടികൾക്കുപിന്നിലും ഇത്തരം ക്രൂരതകളുടെ കഥകൾ നിറഞ്ഞുനിൽക്കുന്നുണ്ടെന്ന നിത്യസത്യം ബ്രൂഗൽ നമ്മെ ഓർമ്മിപ്പിക്കുന്നു.

ഗോപുരത്തിന്റെ പലഭാഗങ്ങളിലുമായി പണിയെടുക്കുന്നവരെ വളരെ ചെറുരൂപങ്ങളായി കാണിച്ചിട്ടുണ്ട്. ഉറുമ്പുകളെന്നോണം പണിയെടുക്കുന്നവർ. അവർ അടിമകളാവാനിടയില്ലെന്നുതന്നെ ഞാൻ കരുതുന്നു. വലിയ ശിലാഖണ്ഡങ്ങൾ മുകളിലേക്കെത്തിക്കുന്ന ഭഗീരഥപ്രയത്‌നത്തിൽ അവർ പ്രസരിപ്പോടെതന്നെയാണ് കൂട്ടുചേരുന്നത്. പാതിപണിത ഗോപുരവാതിലിലും കാണാം ഏതാനും ജോലിക്കാരെ. മുകൾനിലകളിൽനിന്നും തൂങ്ങിക്കിടക്കുന്ന ഒരു ഏണിയിലൂടെ ചവിട്ടിക്കയറുന്ന ഒരാൾ, അതിനടുത്തായി കൂട്ടംകൂടി നില്ക്കുന്ന മറ്റുചിലർ തുടങ്ങി ബാബേൽ ഗോപുരത്തിൽ പലയിടത്തായി വരച്ചിട്ടിരിക്കുന്ന തൊഴിൽക്കാഴ്ചകൾ വൈവിധ്യമാർന്നതുതന്നെ.

നദിപ്പരപ്പിനു തൊട്ടുതന്നേയാണ് ഇത്രയും വലിയൊരു ഗോപുരം കെട്ടിപ്പടൂക്കുന്നത്, എന്നതു അതിന്റെ ശാശ്വതപ്രതിഷ്ഠയെ അസ്ഥിരമാക്കുന്നുണ്ട്. തൊട്ടടുത്ത് നങ്കൂരമിട്ടിട്ടുള്ള കപ്പലുകൾ തുറമുഖത്തിന്റെ സജീവത കാണിക്കുന്നു. ഒരു കൗതുകകരമായ സംഗതി എന്താണെന്നുവെച്ചാൽ, ഇങ്ങനെ വിസ്തൃതമാർന്ന നൗകാഗാരങ്ങൾ ബാബേലിന്റെ കാലത്ത് ഉണ്ടായിരുന്നുവോ എന്ന സംശയമാണ്. സിന്ധുനാഗരികതയിലാണ് ആദ്യമായി ഇത്തരം കപ്പൽത്തുറകൾ ഉണ്ടാക്കപ്പെട്ടിട്ടുള്ളതെന്നാണ് കേട്ടിട്ടുള്ളത്. കപ്പലുകൾക്കടുത്തുതന്നെ കടലിലേക്കു നീണ്ടുകിടക്കുന്ന ഒരു കോട്ടയും ശ്രദ്ധേയമാണ്.

ഗോപുരത്തിനു ചുറ്റുമുള്ള ഭൂപ്രകൃതിയിൽ ബ്രൂഗൽ കാണിച്ചിരിക്കുന്ന ചിട്ടയും ശ്രദ്ധയും അത്ഭുതാവഹമെന്നേ പറയാനാവൂ. ചിത്രപശ്ചാത്തലത്തിൽ നിമ്രോദിന്റെ നഗരം പരന്നുകിടക്കുന്നു. വളരെ സൂക്ഷ്മതയോടെത്തന്നെ അദ്ദേഹം അതിനെ ഭാവനയിൽനിന്നും ഒപ്പിയെടുത്തിട്ടുണ്ട്. ഒരു കാര്യം ഉറപ്പിച്ചുപറയാം, നിമ്രോദിന്റെ ബാബേലിനെക്കാളൂം ഒരുപക്ഷെ, ഗംഭീരവും, സങ്കീർണ്ണവുമായ മായാസൃഷ്ടി തന്നെ ബ്രൂഗലിന്റേത്. വളരെ ശാസ്ര്തീയമായ കൃത്യതയോടെ ആ ഗോപുരത്തെ പുനർസൃഷ്ടിച്ച ബ്രൂഗലിന്റെ ചിത്രനിമിഷങ്ങൾ അദ്ദേഹത്തിന് അളവറ്റ ആനന്ദം പ്രദാനം ചെയ്തിട്ടുണ്ടാവണം. അന്നദ്ദേഹം അനുഭവിച്ച ഉൾത്തിമിർപ്പ് അദ്ദേഹത്തെ ഹർഷോന്മത്തനുമാക്കിയിട്ടുണ്ടാവാം. ഈ മഹദ്ചിത്രം കാണുമ്പോഴെല്ലാം നാമനുഭവിക്കുന്ന വികാരതീവ്രതയും ഉൾപ്പുളകവും ഈ ചിത്രത്തിലടക്കം ചെയ്യപ്പെട്ടിരിക്കുന്ന ബ്രൂഗൽനിമിഷങ്ങളിൽനിന്നും നാമ്പെടുക്കുന്നത്രെ. അതിന്റെ പ്രതിഫലനങ്ങളാണ് ഇതു കാണുന്ന ഓരോ കാഴ്ചക്കാരനിലേക്കും ഇന്നും പകർന്നുതരുന്നത്.

ചുരുക്കിപ്പറഞ്ഞാൽ, അഹങ്കാരത്തിനുള്ള ശിക്ഷയെ ഓർമ്മിപ്പിക്കുന്നു ഈ ഗോപുരം; അതോടൊപ്പം തന്നെ ദൈവഹിതത്തിനെതിരായ മനുഷ്യാദ്ധ്വാനത്തിന്റെ നിഷ്ഫലതയേയും.

പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം അതിനേക്കാളൊക്കെ മനസ്സിൽത്തട്ടുന്ന മറ്റൊരു ചിന്തകൂടി ഈ ബാബേൽ ഗോപുരത്തിൽനിന്നും മുളപൊട്ടുന്നുണ്ട്. മെയ്മറന്നു പണിയെടുത്തിരുന്ന ഈ ബാബിലോണിയൻ ജനതയെ ദൈവം നല്ലരീതിയിലല്ല കണ്ടതെന്ന് ബൈബിൾ പറയുന്നു. ഒരു പക്ഷെ, നിമ്രോദിന്റെ ആജ്ഞകൾക്കപ്പുറത്ത് ആ പാവം ബാബിലോണിയർക്ക് മറ്റൊരു ലോകമുണ്ടായിരുന്നില്ലായിരിക്കാം. ദൈവകോപം ഒരു പക്ഷെ, നിമ്രോദിനെചൊല്ലിയായിരിക്കാനും മതി. ഉയരത്തിലേക്കു പൊങ്ങിയിരുന്ന ബാബേൽ ഗോപുരം ദൈവത്തിനടുത്തേക്കെത്താനുള്ള അത്യാഗ്രഹത്തെ സൂചിപ്പിക്കുന്നുവെന്ന് വിശുദ്ധഗ്രന്ഥം ആവർത്തിക്കുന്നുണ്ട്. മനുഷ്യരുടെ ഒരുമയായിരുന്നു അവരുടെ ശക്തിയെന്ന് ദൈവം തിരിച്ചറിഞ്ഞു. അതിനെ കൂട്ടിവിളക്കിയിരുന്നതോ അവരുടെ ഭാഷയും. മനുഷ്യനെ വിഘടിപ്പിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആ ഭാഷയേയും, അതിലൂടെ അവരൂടെ ഐക്യത്തേയും ഇല്ലായ്മ ചെയ്യലായിരുന്നു.ദൈവം അതുതന്നെ ചെയ്തു. തന്നെ വെല്ലുവിളിച്ച മനുഷ്യനുമേൽ സർവ്വശക്തൻ ചൊരിഞ്ഞ ഏറ്റവും കടുത്ത ശിക്ഷ അതോടെ നടപ്പായി. അവന്റെ ജന്മഭാഷ അവനു നഷ്ടപ്പെട്ടു. അവർക്ക് പരസ്പരം മനസ്സിലാവാതായി. തമ്മിലടിച്ച്, ഭാഷ വെടിഞ്ഞ് അവർ ഭൂമിയുടെ നാനാകോണിലേക്കും ചിതറിത്തെറിച്ചു. പുതുഭാഷകളും, പുതുനാടുകളും പിറന്നു. പക്ഷെ, അവനെ ഒന്നാക്കിയിരുന്ന ആ ഒറ്റധമനി, അവന്റെ മാതൃഭാഷ, അവനു എന്നെന്നേക്കുമായി ഇല്ലാതായി. ഫലമോ നമ്മളിന്നീ കാണുന്ന നിരന്തരകലഹവും യുദ്ധകോലാഹലങ്ങളും.

ബാബേൽ പ്രതിനിധാനം ചെയ്യുന്ന, നമുക്കെന്നോ നഷ്ടപ്പെട്ടുപോയ ആ പൂർവ്വഭാഷയെക്കുറിച്ചുള്ള, അല്ലെങ്കിൽ നമ്മേയെല്ലാം ഒന്നാക്കിയിരുന്ന ആ മാതൃജിഹ്വയെക്കുറിച്ചുള്ള സങ്കല്പങ്ങൾ, അങ്ങനേയൊന്ന് ഇന്നു നമുക്കില്ലാത്തതിനാൽ, ഭാഷയുടേയും മതത്തിന്റേയും പേരിൽ തമ്മിൽത്തല്ലുന്ന വർത്തമാനസമൂഹത്തെ ചേർത്തുവായിക്കുമ്പോൾ, ഒരു നൊമ്പരമായി ഈ ബ്രൂഗൽച്ചിത്രം അവശേഷിപ്പിക്കുന്നു.

ചിത്രത്തിന്റെ സാങ്കേതികവശങ്ങൾ

‘ബാബേൽ ഗോപുരം’ വർഷം: 1563

ചിത്രകാരൻ: പീറ്റർ ബ്രൂഗൽ ( ദി എൽഡർ) (1525-69)

മാധ്യമം: എണ്ണച്ചായം

വലിപ്പം: 114 റ്റ 155 സെ.മീ

ശൈലി: ചരിത്ര/മതപര ചിത്രം

പ്രസ്ഥാനം: ഡച്ചുനവോത്ഥാനം

സൂക്ഷിച്ചിരിക്കുന്ന സ്ഥലം: കലാചരിത്രമ്യൂസിയം, (Kunshistorisches Museum), വിയന്ന.

Comments

comments