ചിത്രവും ചിത്രകാരനും – 3
വെറും 39 വർഷങ്ങൾ മാത്രം (1571- 1610) ജീവിച്ചിരുന്ന മഹാനായ ഇറ്റാലിയൻ ചിത്രകാരൻ കരവാജ്ജിയോ, ഇന്നും ചിത്രകലാപണ്ഡിതന്മാരെ വിസ്മയിപ്പിക്കുന്ന അസാമാന്യപ്രതിഭയാണ്. സത്യത്തിൽ കരവാജ്ജിയോ എന്നത് ഒരു സ്ഥലപ്പേരു മാത്രം. ശരിക്കുള്ള പേരാകട്ടെ, മൈക്കലാഞ്ചെലോ മെരിസി കരവാജ്ജിയോ എന്നും. മിലൻ, റോം, മാൾട്ട എന്നിവിടങ്ങൾ  കരവാജ്ജിയോയുടെ വിഹാരഭൂമിയായി. സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്‍റെ ജിവിതം. Caravaggio Portrait by Bild Ottavio Leoniബഹുമിടുക്കനായ ഒരു കലാകാരാനായിരുന്നെങ്കിലും, ആളൊരു കലഹപ്രിയനും വഴക്കാളിയുമായിരുന്നത്രെ. സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം കരവാജ്ജിയോയ്ക്ക് പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. പലപ്പോഴും നിയമത്തിന്‍റെ പിടിയിൽനിന്നും രക്ഷപ്പെടാനുള്ള പരക്കംപാച്ചിലായിരുന്നു അദ്ദേഹത്തെ മിലനിലും റോമിലും നേപ്പിൾസിലും മാൾട്ടയിലുമൊക്കെ എത്തിച്ചത്.

റോമിൽവെച്ചാണ് കരവാജ്ജിയോയുടെ മരിയോ മിനിറ്റി എന്ന പയ്യനുമായുള്ള വിവാദാത്മകബന്ധം ആരംഭിക്കുന്നത്. അദ്ദേഹത്തിന്‍റെ തുടര്‍ന്നുള്ള നിരവധി ചിത്രങ്ങളി ൽ മിനിറ്റി മോഡലായി വരുന്നുണ്ട്. അതിൽ പല ചിത്രീകരണങ്ങളും, ഉറങ്ങിടക്കുന്ന കാമാതുരതയെ തൊട്ടുണർത്തുന്നവയാണെന്നുപോലും വിമർശകർ പറയുകയുണ്ടായി.

മതപരമായ റിയലിസ്റ്റിക് ചിത്രങ്ങളായിരുന്നു ആദ്യകാലങ്ങളിൽ കരവാജ്ജിയോയ്ക്ക് പഥ്യം. അതിലെ തീക്ഷ്ണമായ യഥാർത്ഥവാദവും പ്രകൃതിവാദവും അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കി. ഉത്തമവും ഉത്കൃഷ്ടവുമായ സമ്പൂർണ്ണതയ്ക്ക് ഉപരിയായി കുറ്റങ്ങളും കുറവുകളുമടക്കം അതേപടി പ്രായോഗികമായി അവതരിപ്പിക്കുന്ന രീതി, അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നതും മൈക്കലാഞ്ചലോയെപ്പോലേയുള്ള പ്രതിഭാധനർ അരക്കിട്ടുറപ്പിച്ചിരുന്നതുമായ ആദർശാത്മകതയ്ക്കു വിരുദ്ധവുമായിരുന്നു. അതുകൊണ്ടുതന്നെ കരവാജ്ജിയോയ്ക്ക് കടുത്ത വിമർശനങ്ങളെ നേരിടേണ്ടിവന്നു. ഒരുകാലത്ത് റോമിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായിരുന്നു അദ്ദേഹം. അതേസമയം തന്‍റെ പച്ചയായ ചിത്രീകരണങ്ങളിലൂടെ പലപ്പോഴും പള്ളിയധികാരികളുടെ എതിർപ്പും വിദ്വേഷവും പിടിച്ചുവാങ്ങുകയും ചെയ്തു.

ഒരുപക്ഷെ അബദ്ധവശാലായിരിക്കണം, കരവാജ്ജിയോയുടെ കൈകൊണ്ടു തോമസ്സോണി എന്നൊരാൾ കൊല്ലപ്പെട്ടു. കാരാഗൃഹവാസം ഭയന്ന്‍ കരവാജ്ജിയോ നേപ്പിൾസിലേക്ക്‌ ഓടിരക്ഷപ്പെടുകയും ചെയ്തു. ചിത്രകലയെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചിരുന്ന മാൾട്ടയിലെ പ്രഭുക്കന്മാരെ തേടിയായിരുന്നു അദ്ദേഹത്തിന്‍റെ അടുത്ത പലായനം. കൂടാതെ, ഇറ്റാലിയൻ ഭരണത്തിൽ വളരെ നിയന്ത്രണശക്തിയുമുള്ള ഇവരെ  സ്വാധീനിച്ച് തോമസ്സോണി വധത്തിൽ ഔദ്യോഗിക കുറ്റവിമോചനം തരമാക്കുക എന്നൊരു ഉദ്ദേശം കൂടി കരവാജ്ജിയോയ്ക്ക് ഇല്ലാതിരുന്നില്ല. മാൾട്ടയിൽ കഴിയുന്നതിനിടയ്ക്കായിരുന്നു സ്നാപകയോഹന്നാന്‍റെ ചിത്രം രൂപപ്പെടുന്നത്.

കരവാജ്ജിയോയുടെ ഒരു അസാധാരണ സൃഷ്ടിയാണിത്. ഒരു പക്ഷെ, അദ്ദേഹത്തിന്‍റെ മാസ്റ്റർപീസ് എന്നുതന്നെ പറയാവുന്ന മഹദ്ചിത്രം. ചിത്രത്തിലെ ഓരോ കോണുകളും അളവുകളും ചായച്ചേർപ്പുകളും ഇരുട്ടും വെളിച്ചവും എല്ലാമെല്ലാം വിസ്മയകരമായ ഒരു സന്തുലിതാവസ്ഥയിലാണെന്നു പണ്ഡിതർ പറയുന്നു.  കുറച്ചു നിറങ്ങളേ അദ്ദേഹം ഇവിടെ ഉപയോഗിച്ചിട്ടുള്ളൂ. ചുവപ്പും കറുപ്പും അതിന്‍റെ വിവിധ ചേരുവകളും, പിന്നെ വെളുപ്പും. എങ്കിലും, വളരെയധികം പ്രത്യേകതകളുള്ള ഒരു ചിത്രം തന്നെയിത്. മാത്രമോ, കരവാജ്ജിയോ വരച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ചിത്രവും. മഹാനായ ചിത്രകാരന്‍റെ സ്വന്തം ഒപ്പ് പതിഞ്ഞിട്ടുള്ള ഏകചിത്രവും മറ്റൊന്നല്ല. അദ്ദേഹം ഇതിനെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായി കരുതിയിരുന്നു എന്നതിന് വേറെയെന്തു തെളിവ് വേണം? മാൾട്ടയിലെ പ്രഭു സന്തോഷാതിരേകത്താൽ കരവാജ്ജിയോയെ പൊന്നുകൊണ്ടു പൊതിഞ്ഞു എന്നാണു കേട്ടിട്ടുള്ളത്.

The Main Picture

ചിത്രത്തിൽ ഒരു കെട്ടിടം കാണാം. ഒരു കാരാഗൃഹകവാടം എന്നുതന്നെ കരുതാമതിനെ. അതിഘോരവും തീവ്രവൈകാരികവുമായ ഒരു രംഗത്തിന്‍റെ പശ്ചാത്തലചിത്രീകരണത്തിൽ കരവാജ്ജിയോ പ്രകടപ്പിച്ചിട്ടുള്ള കൈയ്യടക്കം ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരുപക്ഷെ, അത്രമാത്രം  നിർവ്വികാരത അദ്ദേഹത്തിന്‍റെ മനസ്സിനെ ചൂഴ്ന്നുനിന്നിരുന്നോ  എന്നാരും സംശയിച്ചുപോകും. വളരെ സൂക്ഷ്മതയോടുകൂടിയും വിശദമായിട്ടും തന്നെ ആ കാരഗൃഹഭിത്തി കരവാജ്ജിയോ വരച്ചുചേർത്തിട്ടുണ്ട്. കരവാജ്ജിയോചിത്രങ്ങളിൽ ഇത്തരം വാസ്തുകല്പനകൾ തീർത്തും അപൂർവ്വമാണെന്നോര്‍ക്കണം. കറുപ്പുപുരണ്ട പരുക്കൻ ചുമരിന്‍റെ നിസ്സംഗത വേർപിരിയുന്നത് അതിലെ ജനവാതിലിലൂടെ എത്തിനോക്കുന്നവരുടെ ഉദ്വേഗാവേഗത്തിലൂടെയാണ്. അവരുടെ ശാരീരികഭാവത്തിലാകട്ടെ ആകാംക്ഷയും അലസതയും കെട്ടുപിണഞ്ഞുകിടക്കുന്നു. ആ ജനൽക്കമ്പികളുടെ ചിത്രണവും ആ മുഖങ്ങളിലെ പ്രകാശസന്നിവേശവും അതിഗംഭീരമെന്നെ പറയാനാവൂ.

ചിത്രത്തിലെ ഏറ്റവും വികാരവിക്ഷോഭമായ സംഭവം നടക്കുന്നത് വലതുവശം ചേർന്നാണ് – ഇടതുവശത്തെ നിശബ്ദതയ്ക്ക്‌ ഒരു മറുകുറിയെന്നോണം. അഞ്ചു കഥാപാത്രങ്ങളാണവിടെ തൊട്ടടുത്തനിമിഷത്തിലേക്ക് നമ്മളെയോരോരുത്തരെയും എടുത്തെറിയാനായി കാത്തുനില്‍ക്കുന്നത്. ഏറ്റവും നടുവിലുള്ള താടിക്കാരൻ കാരാഗൃഹാധികാരിയായിരിക്കണം. അയാളുടെ വലതുകൈയ്യിലെ നീട്ടിപ്പിടിച്ച ചൂണ്ടുവിരലിൽ ആ ചിത്രത്തിലെ സ്തോഭഭ്രമങ്ങളെല്ലാം ഇറുകിപ്പിടിച്ചുകിടപ്പുണ്ട്. ആ അധികാരസംജ്ഞയിലാണ് അടുത്ത നിമിഷത്തിലെ കൃത്യം അവിടെ സംഭവിക്കാൻ പോകുന്നത്. അയാള്‍ക്കടുത്ത് ചെവികൾ രണ്ടും പൊത്തിനില്‍ക്കുന്ന വൃദ്ധ ആ ശിരച്ഛേദത്തിന്‍റെ കാഴ്ചയെക്കാളേറെ അതിന്‍റെ ശബ്ദത്തെയാണ് പേടിക്കുന്നതെന്നുതോന്നും. അതൊരു പക്ഷെ, അഗാധതയിൽനിന്നുള്ള ആർത്തനാദമോ ഹൃദയാന്തസ്ഥമായ ഞരക്കമോ ആവാം. ചിലപ്പോൾ, പ്രപഞ്ചത്തിന്‍റെ തന്നെ ഉൾവിളിയാവാനും മതി. ആ വൃദ്ധ ഈ ക്രൂരകൃത്യത്തിന്‍റെ ഉപജ്ഞാതാവായ ഹെരോദിയാസ് ആണോ എന്നറിയില്ല. ഒരു പക്ഷെ, നമ്മളെത്തന്നെ പ്രതിനിധാനം ചെയ്യുന്ന പ്രേക്ഷകനുമാവാം. അങ്ങനെയുള്ള പ്രേക്ഷകബിംബങ്ങളെ തന്‍റെ ചിത്രത്തിൽ വരച്ചിടുന്നത് കരവാജ്ജിയോയുടെ ഒരു രീതിയാണ്. അങ്ങനെ, ഒരേസമയം ചിത്രത്തിനകത്തും പുറത്തും കാഴ്ചക്കാരനെ പ്രതിഷ്ഠിക്കുകയാണ് കരവാജ്ജിയോ ഇവിടെ.

zoomed area of the picture 4

വെറും നിലത്ത് സ്നാപകയോഹന്നാൻ ജീവച്ഛവമെന്നോണം കിടപ്പുണ്ട്. അദ്ദേഹത്തിന്‍റെ ചുവന്ന തുണ്ടുവസ്ത്രം അഴിഞ്ഞുനീണ്ടുകിടക്കുന്നു. ശരീരത്തിനടിയിൽ ആട്ടിൻതോലിന്‍റെ അഗ്രഭാഗം കാണാം. ഇവിടെ ചുവപ്പുവസ്ത്രം രക്തസാക്ഷിത്വത്തിന്‍റേയും ആട്ടിൻതോൽ നിഷ്കളങ്കതയുടേയും പ്രതീകമായി കരുതാവുന്നതാണ്. ഇഹലോകത്തിലനുഭവിച്ചുതീർക്കേണ്ട യാതനകളെല്ലാം അവിടെ ഘനീഭവിച്ചുകിടപ്പുണ്ട്. അതിൽനിന്നൊരു വിടുതലെന്നോണം ആരാച്ചാരുടെ മൂർച്ചയേറിയ കത്തി തിളങ്ങുന്നു. തന്‍റെ ഇര അതുകണ്ടു പേടിക്കാതിരിക്കാനെന്നോണം അയാളതിനെ തന്ത്രപൂര്‍വ്വം മറച്ചുവെച്ചിട്ടുണ്ട്. സ്നാപകയോഹന്നാന്‍റെ മുടി കൂട്ടിപ്പിടിച്ച് ആ ശിരസ്സ് നിലംചേർത്തുപിടിച്ചിരിക്കുകയാണയാൾ. ഒരു ഇറച്ചിവെട്ടുകാരന്‍റെ വിവേചനശാസ്ത്രം ഇവിടെ പ്രകടം.

zoomed area of the picture 3

ഇതിനെക്കാളൊക്കെ ഭയാനകം പക്ഷെ, ആ ഭഗ്നശിരസ്സ് ഏറ്റുവാങ്ങാനായി ശരീരംകുനിച്ചു, കൈകൾ നീട്ടി പൊൻതളികയുമായി നില്‍ക്കുന്ന യുവതിയുടെ ഭാവമാണ്. സലോമിയായിരിക്കണം, ആ ഭീഷണപ്രതീകം. ഒരു കൊലപാതകത്തിന്‍റെ പിരിമുറുക്കത്തേക്കാളേറെ അവിഘ്നം സംഭവിക്കാൻപോകുന്ന തന്‍റെ ആഗ്രഹസാഫല്യത്തിന്‍റെ പാരമ്യതയാണവിടെ പ്രതിഫലിക്കുന്നത്. സലോമിയുടെ കൈകളുടെ ഒഴുക്കും തരളിതയും നിറവും അവളുടെ ആഭിജാത്യത്തെ കാണിക്കുന്നുണ്ട്. അതിനിഷ്ഠുരമായ ദുഷ്കൃത്യമാണ് മുന്നിൽ നടക്കുന്നതെങ്കിലും ഒരു കൺപോള പോലും ചിമ്മാതെയും ഉൾക്കിടിലം ലവലേശം പോലുമില്ലാതേയുമാണവൾ  ആ ശിരസ്സിനുവേണ്ടി കാത്തുനില്‍ക്കുന്നത്.

സ്നാപകയോഹന്നാന്‍റെ ശരീരത്തിൽനിന്നും ഒഴുകിയിറങ്ങുന്ന രക്തത്തിലാണ് കരവാജ്ജിയോചിത്രം പൂർണ്ണതയിലേക്കെത്തുന്നത് എന്നു പറയാം. അതിന്‍റെ നിസ്സന്ദേഹമുദ്രയെന്നോണം ചിത്രകാരൻ ആ ചോരപ്പാടിൽത്തന്നെ തന്‍റെ കൈയ്യൊപ്പ് ചാർത്തിയിരിക്കുന്നു. ഒരു പക്ഷെ, ആ രക്താക്ഷരങ്ങളിലൂടെ തന്‍റെ കൊലപാതകക്കുറ്റത്തിനുള്ള മാപ്പ് ചോദിക്കുകയായിരുന്നോ കരവാജ്ജിയോ എന്ന് ചിലപ്പോൾ ചിന്തിച്ചുപോകും.

നമ്മെ അങ്ങേയറ്റം പിടിച്ചുലക്കുന്ന ഈ ചിത്രം നിസ്സീമമായ ഒരു ഊർജ്ജം അടക്കിവെയ്ക്കുന്നുണ്ട്. അതിലെ ഓരോ കഥാപാത്രങ്ങളും പ്രകടിപ്പിക്കുന്ന തീവ്രഭാവങ്ങളിലൂടെ അത് നമ്മളിലേക്ക് പ്രസരിക്കുകയും ചെയ്യുന്നു. ഈ  കാൻവാസിന്‍റെ  വലിപ്പം അതിന്‍റെ വികാരപ്പകര്‍പ്പിന് കാരണഭൂതമായ പ്രധാനഘടകമാണെന്ന്‍ പറയാതെ വയ്യ. അതിലൂടെ ജീവസ്സുറ്റ രംഗാവിഷ്കാരമോ അഭിനയമുഹൂർത്തമോ ഒക്കെ ആയി മാറുന്നുണ്ട് ഈ ബൃഹദ്ചിത്രം. അക്കാലങ്ങളിൽ കരവാജ്ജിയോ അനുഭവിച്ചിരുന്ന അനിശ്ചിതത്വവും, ഉൾഭയവും, അറിയാതെ ചിത്രത്തിലേക്ക് പകർന്നതാവാനും മതി. കൂടാതെ, തന്നെ കാത്തിരിക്കുന്ന തടവറയുടെ അധികാരത്തിലൂന്നിയ നിസ്സംഗത തന്നെയായിരിക്കണം ഈ ചിത്രത്തിലെ ചുവരിലും കരവാജ്ജിയോ വരഞ്ഞിട്ടത്. ചിത്രത്തിലാകെ ഒരേസമയം നിറഞ്ഞുനില്‍ക്കുന്ന കർണ്ണകഠോരമായ ഭീകരതയും, വെറുങ്ങലിച്ചുനില്‍ക്കുന്ന നിശ്ശബ്ദതയും ഒരു പക്ഷെ, കരവാജ്ജിയോ എന്ന മഹാപ്രതിഭാശാലിക്കുമാത്രം സാധിക്കുന്ന അസാധാരണത്വമാവാം. അത്രമാത്രം തീക്ഷ്ണമാണിതിലെ പ്രമേയാവതരണം.

 

ഈ ചിത്രത്തിലൂടെ കരവാജ്ജിയോ ആഗ്രഹിച്ചതൊന്നും പക്ഷെ, നടന്നില്ല. അദ്ദേഹം മാൾട്ടയിൽ തന്നെയുള്ള കാരാഗൃഹത്തിലടയ്ക്കപ്പെട്ടു. എങ്കിലും, അവിചാരിതമായി വന്നെത്തിയ അജ്ഞാതസഹായത്താൽ കരവാജ്ജിയോ ജയിൽ ചാടി.zoomed area of the picture 2 അതിനാടകീയമായിരുന്നു ആ രക്ഷപ്പെടൽ. മാൾട്ടയില്‍നിന്നും ഒരു കൊച്ചുതോണിയിൽ പലായനം ചെയ്ത കരവാജ്ജിയോയ്ക്ക് എന്തു സംഭവിച്ചു എന്നതിന് ഇന്നും ആർക്കും കൃത്യമായി ഉത്തരമില്ല. ആ കടല്‍യാത്ര കരവാജ്ജിയോയുടെ മരണത്തിലാണ് അവസാനിച്ചത് എന്നുമാത്രം നമുക്കറിയാം.

 

 

 

 

ഇതുകുടാതെ മറ്റൊരു സ്നാപകയോഹന്നാന്‍ചിത്രം കൂടി കരവാജ്ജിയോ വരച്ചിട്ടുണ്ട്. അതിലെ സലോമിയുടെ തങ്കത്തളികയിലെ സ്നാപകയോഹന്നാന്‍റെ ശിരസ്സിന് കരവാജ്ജിയോയുടെ അതേ ഛായയാണ്. ഒരു പക്ഷെ, സ്നാപകയോഹന്നാനിലൂടെ തന്‍റെ ദുർമ്മരണം മുന്നിൽ കാണുകയായിരുന്നോ കരവാജ്ജിയോ?

The second picture

 


ചിത്രത്തിന്‍റെ സാങ്കേതികവശങ്ങ

“സ്നാപകയോഹന്നാന്‍റെ ശിരച്ഛേദം”
ചിത്രകാരൻ: കരവാജ്ജിയോ
വര്‍ഷം: 1608
മാധ്യമം: കാൻവാസിലെ എണ്ണച്ചായം
വലിപ്പം:  361 സെ.മീ  X  520 സെ.മീ

ശൈലി: മതപരം / തീവ്രറിയലിസം / ബറോക് (രംഗങ്ങള്‍ വൈകാരികമായും ആലങ്കാരികമായും അവതരിപ്പിക്കുന്ന ശൈലി) /  ടെനബ്രിസം (ഇരുട്ടും വെളിച്ചവും ഇടകളില്ലാതെ പ്രയോഗിക്കുന്ന രീതി)

സൂക്ഷിച്ചിരിക്കുന്ന സ്ഥലം: സെന്‍റ് ജോണ്‍ കത്തീഡ്രൽ, വലെറ്റ, മാൾട്ട.

Comments

comments