മാഗ്‌സസെ അവാർഡ് നേടിയ ടി.എം.കൃഷ്ണയുടെ സമീപനം സംഗീതത്തിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുന്നതാണ്. ജാതി മത വേർതിരിവുകൾ വിദ്യാഭ്യാസത്തിന്റേയും ആരാധനയുടെയും തൊഴിലിന്റെയും മേഖലകളെ മാത്രമല്ല സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും മേഖലകളെയും മലിനീകരിക്കുന്നു എന്ന സത്യമാണദ്ദേഹം തുറന്നു പറഞ്ഞത്. സംഗീതത്തിൽ നിലനിൽക്കുന്ന അനാചാരവും ജാതിമേൽക്കോയ്മയും ഭയങ്കരമാണെന്ന് മലയാളികളിൽ പലർക്കും അറിയാമായിരിക്കും. അത് പലപ്പോഴും ഉത്സവക്കമ്മറ്റികളിൽ അവർണനായ ഒരുവന്റെ കച്ചേരി എർപ്പാടാക്കിക്കൂടേ എന്ന് ചോദിക്കുമ്പോഴും ആഢ്യ സംഗീത സഭകളിൽ നാടൻ ചുവയുള്ള പാട്ടുമായി ഒരാൾ വരുമ്പോഴും വെളിപ്പെടുന്നു. പാട്ടിന്റെ കാര്യത്തിൽ തന്നെ പക്ഷഭേദം കൊണ്ട് ദയാശൂന്യമാണ് നമ്മുടെ നാട്. ക്ലാസിക്കൽ സംഗീതത്തിന് പ്രാധാന്യം നൽകുന്നത് ചിലപ്പോഴെങ്കിലും മിഥ്യാധാരണകളുടെ മുകളിലാണ്.ആഢ്യത്വത്തിന്റെ അലംകൃതമേനികൾക്ക് കേവലാലങ്കാരമായി പരിണമിക്കുന്നില്ലേ ക്ലാസിക്കൽ സംഗീതം? അത് മനസ്സിലാവുക ക്ലാസിക്കൽ സംഗീതമറിയില്ല എന്ന് ഒരു ആഢ്യൻ തുറന്നു സമ്മതിക്കുമ്പോൾ വിരിയുന്ന ആക്ഷേപ പുഞ്ചിരി കളിലാണ്.

സംഗീതത്തിന് ജാതിയും മതവുമില്ല എന്ന് പറയാം നമുക്ക്.. പക്ഷെ മൈതാന പ്രസംഗങ്ങളിൽ ഒലിച്ചുപോന്ന വായ്ത്താരി മാത്രമാകുന്നു അത്.ഭക്തി പ്രസ്ഥാനത്തിന്റെ വസന്തകാലങ്ങളിൽ ഉഞ്ചവൃത്തികളും സംഗീതയാത്രകളും നടത്തിയവർ ഒരു പക്ഷെ ബാക്കിവെച്ചത് ശ്രുതിസുഖദഗാനങ്ങൾക്ക് കിട്ടിയ ആലാപന വഴികൾ മാത്രമാണ്.അതിനാൽ ശുദ്ധ സംഗീതം എന്താണെന്ന് ഗവേഷണം നടത്തുന്നവർ മനസ്സിലാക്കുന്നില്ല മനസ്സിന്റെ പരമമായ ആനന്ദവും സ്വാതന്ത്ര്യവുമാണ് അതിന്റെ വഴി എന്ന്. ക്ലാസിക്കൽ ആണോ നാടൻ ആണോ ശുദ്ധമാണോ ലളിതമാണോ ഫ്യൂഷൻ ആണോ എന്നതല്ല അതിന്റെ മേന്മ.. ആഢ്യ സംഗീതസദസ്സുകളുടെ പക്ഷപാതത്തെപ്പറ്റി കൃഷ്ണ പറഞ്ഞത് വാസ്തവമാണ്. സംഗീതക്കച്ചേരികൾ ആരുടേതെന്ന് അന്വേഷിക്കുന്നതിൽ ശുദ്ധമല്ലാത്ത ഒരാകാംക്ഷ തിരി നീട്ടുന്നത് മനസ്സിലാക്കാം. വ്യക്തിയുടെ ജാതിയെപ്പോലെ പാട്ടുകളെയും ജാതി തിരിക്കുന്നു എന്നത് ലജ്ജാവഹം.നാടൻ പാട്ടുകൾക്കും പുള്ളുവൻപാട്ട് തുടങ്ങിയ ഗാനവിഭാഗങ്ങൾക്കും പാതിത്യം.. കച്ചവടത്തിന്റെ മേഖലയിൽ എന്നാൽ ഇവയെ എങ്ങനെ ഉപയോഗിക്കാനും മടിയില്ല താനും. വഴിമാറിപ്പോയ സംഗീതത്തെയാണ് കാലം വിശുദ്ധമായ ജീവസന്ധാനത്തിനുതകുന്ന മട്ടിൽ വേർതിരിഞ്ഞുപയോഗിച്ചത്. പാശ്ചാത്യ നാട്ടിലും പൗരസ്ത്യ നാട്ടിലും സംഗീത ധാരകൾ നാഗരികവും ഗ്രാമീണവും വംശീയവും ലളിതവും ശാസ്ത്രിയവും ഒക്കെയായി അതാതു ചിഹ്ന പദ്ധതികളിൽ വാർക്കപ്പെട്ടിരുന്നു.

എത്രയോ മുമ്പ് ഡയനൈണഷ്യൻ സൗന്ദര്യക്കൂട്ടുകൾ പ്രഖ്യാപിത സംഗീതത്തിന്റെ പ്രൗഢസദസ്സുകളെ ബഹിഷ്ക്കരിച്ചപ്പോൾ തെരുവു ഗാനങ്ങളും അടിച്ചമർത്തപ്പെട്ടവരുടേയം മർദ്ദിതരുടേയും ഗാനങ്ങളും അതിന്റെ ആവിഷ്കർത്താക്കളെ പ്രകമ്പനം കൊള്ളിച്ചു.സംഘടിത മതത്തിനു പുറത്തു ജീവിക്കുന്ന ലയാത്മകസൌന്ദര്യത്തെ വാഴ്ത്തുന്നതിനൊപ്പം ഡയനൈഷ്യാക്‌ സൌന്ദര്യത്തെ മറച്ചുപിടിക്കുകയും ചെയ്യുന്ന കലാചരിത്രത്തിന്റെ പൊതുധാരയിലാണ്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുക്കം വരെയുള്ള പാശ്ചാത്യസംഗീതത്തിന്റെ ചരിത്രവും ഉള്‍പ്പെടുന്നത്. അതിനെതിരെയുള്ള പ്രതിഷേധങ്ങളും മുന്നേറ്റങ്ങളും സുഭദ്രമല്ലാത്ത എല്ലാ സംഗീത വഴികളെയും പരീക്ഷിക്കുകയും നടപ്പാക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു.

അവിടെയും പ്രാന്തവൽക്കരണം ആഢ്യത്വത്തിൽ നിന്നുള്ള ഒഴിച്ചു പോകൽ തന്നെ. ബ്രിട്ടീഷ് ഫിലോളജിസ്റ്റ് ഏജെ.എല്ലിസ് സംഗീതം ഒരു സാമൂഹ്യ യാഥാർത്ഥ്യവും (Social reality)സാംസ്കാരിക ചരവു(cultural variable) മാണ് എന്നു പറഞ്ഞു. സംഗീതവ്യവസ്ഥകൾ സാംസ്ക്കാരിക വ്യവസ്ഥകൾ തന്നെയാണെന്നും അത് സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും വ്യത്യസ്ത ലോകരാജ്യങ്ങളിലെ സംഗീതങ്ങൾ പരിശോധിച്ച അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ സംഗീതത്തിനുമുണ്ട് വ്യതിരിക്തമായ ധ്വനിവ്യവസ്ഥകൾ. വംശീയ സംഗീതത്തിനും ക്ലാസിക് സംഗീതത്തിനുമൊക്കെയും ഉണ്ട്. യുദ്ധകാലത്തും നവോത്ഥാന കാലത്തും ക്ഷാമകാലത്തും ഒക്കെയും സംഗീതം രൂപപ്പെടുന്നുമുണ്ട്. അവയുടെ അർത്ഥ സംപുഷ്ടി ഒരു സന്ദർഭത്തിൽ നിർണ്ണായകമാണെങ്കിൽ മറ്റൊരു കാലത്ത് അനാവശ്യമാകാം.എന്നാൽ ഉച്ചനീച ശൃംഖലകളിൽ ജാതിയും മതവും പ്രവേശിക്കുമ്പോൾ അന്യമായിപ്പോകുന്നത് കലയുടെ സുതാര്യതയാണ്.

ബാവുലുകളേയും ഫക്കീർമാരേയും സൂഫികളേയും ആഢ്യവർഗം തങ്ങളുടെ ആദർശ സാമാജ്യത്തിനു വെളിയിൽ കൊട്ടിയടക്കുന്നു. മത സംഘടനകൾ ബാവുലുകളെ സ്വന്തം സ്ഥലങ്ങളിൽ നിന്ന് അടിച്ചോടിക്കുമ്പോൾ കലർപ്പറ്റസംഗീതത്തേയും അത് പാടുന്നവരുടെ ജീവബോധത്തേയുമാണ് നിഷ്ക്കാസനം ചെയ്യുന്നത് എന്ന് ആരാണ് പറയുക? ‘..നാഥാ കാണാത്ത സ്വർഗത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്.. വയലിൽ വിരിയുന്ന കുഞ്ഞു പൂക്കളെയാണ് ഞാൻ തലോടുന്നത്…’ എന്നിങ്ങനെ അതിവിശാലമാനവികതയിലേക്ക് ചിറകടിച്ചുയരുന്ന സംഗീതവും വരികളും പ്രകടമായൊരു രാഷ്ട്രീയം ചർച്ച ചെയ്യുന്നു. ജൈവികതയുടെ സംസ്കാരം നിറഞ്ഞ നാട്ടുപാട്ടുകൾക്ക് അർത്ഥവും ഈണവും സുഭദ്രമല്ലായെന്ന് തോന്നിപ്പിക്കുന്ന ഒരു താളബോധവും ആണ്. ശ്രേഷ്ഠമെന്ന പദവി പാട്ടുകൾക്ക് നൽകി ജനകീയ ഗാനങ്ങൾക്ക് വിലക്ക് കൊടുക്കുന്നിടത്ത് ‘പുറത്തേക്കെറിയപ്പെട്ടവന്റെ വായ്ത്താരികൾ ശുദ്ധമല്ലെന്നും സഭ്യമല്ലെന്നും ഉള്ള യജമാനകൽപനകൾ ആണ് നടപ്പാകുന്നത്. ഇത്തരം വിലക്കുകളെയാണ് ടിഎം.കൃഷ്ണയെപ്പോലുള്ളവർ നിഷേധിക്കുന്നത്. അരാഷ്ട്രീയവൽക്കരണത്തിന്റെ കടും ചെയ്ത്താണതെല്ലാം. നിരുപാധിക സ്വാതന്ത്ര്യത്തിന്റെ‌ തുറസ്സുകളെ മതബോധമോ വ്യാജ ആത്മീയതയോ ചൊല്ലി പഠിപ്പിച്ച് മലിനമാക്കുന്നു. ഇന്ത്യൻ സംഗീതത്തിന്റെ നാൾവഴികളിൽ എത്രയെത്ര ദശാസന്ധികൾ ഇത് ഉണ്ടാക്കി. സംഗീതം നൽകുന്ന ശുഭ്രപാതകൾ വംശീയ വെറികൾ കൊണ്ട് കരിപിടിക്കുന്നു. ബാവുൽ ആശ്രമങ്ങൾ അഗ്നിക്കിരയാക്കുമ്പോൾ അവർണ്ണന്റെ പാട്ടിനെ അകത്തളങ്ങളിൽ കേറ്റാതിരിക്കുമ്പോൾ ഈ കരി വ്യാപിക്കുന്നു. കേരളത്തിലെ ഒരു സ്വഭാവം പറയട്ടെ..ശിങ്കാരിമേളത്തിന് പൊതുവെ കൽപിക്കുന്നുണ്ട് ഒരു ഭ്രഷ്ട്. അത് ആസ്വദനീയമല്ലെന്ന ഒരു ധാരണ.അല്ലെങ്കിൽ ആഢ്യമല്ലെന്ന പരികല്പന. ശിങ്കാരിമേളം പഞ്ചവാദ്യമല്ല.. എന്നാൽ അതിനുമുണ്ട് ഒരു സംഗീത വഴിയെന്ന് പലരും മറക്കുന്നു. ഇവിടെയാണ് ടി.എം.കൃഷ്ണയെപ്പോലെ ഒരു നവോത്ഥാന പ്രവർത്തകൻ വലിയ മാറ്റങ്ങൾക്ക് വേദിയൊരുക്കുന്നത്. നമുക്കേത് പാട്ടിനേയും തള്ളു കയും കൊള്ളുകയും ആകാം. പരസ്യ ജിംഗിളുകളിൽ പോലും നാമിപ്പോൾ കേരളത്തിന്റെ ഉൾനാടുകളിൽ കേട്ടിരുന്ന പാട്ടുകൾ ഹൈ ഫൈ മോഡലിൽ കേൾക്കുന്നു. അത് ശരിയോ തെറ്റോ എന്ന് നെറ്റി ചുളിച്ച് ചർച്ച ചെയ്തിരുന്നു പണ്ട്. ഇന്ന് അതുമായി യോജിച്ചിരിക്കുന്ന്നു. പക്ഷെ അത് ബിസിനസ്സിന്റെ വിപണനതന്ത്രമായാണ് നാം മനസ്സിലാക്കുന്നത്. നമുക്കിഷ്ടമുള്ള സംഗീത വഴി നാം പോവുകയും നാം തെരഞ്ഞെടുക്കകയും ഒക്കെ ചെയ്യും. പാടുന്നവർക്കും  എന്തിനേയും പാട്ടിന്റെ വഴിയിൽ കാണാനും അഭ്യസിക്കാനുമാവും.ആസ്വാദകരുടെ കാര്യമാണേറെ പരുങ്ങലിൽ. ഏത് വഴിയിലാണ് ആഢ്യത്വം പതിച്ചു കിട്ടുക എന്ന കൂടി ചിന്തിച്ചു വിയർത്താണ് അവർ. കളിഭ്രാന്ത് തനിക്കുണ്ടെന്ന് അവകാശപ്പെട്ട അരസിക പരബ്രഹ്മത്തെപ്പോലെ ഒന്നുമറിയാതെ ശാസ്ത്രീയ സംഗീതത്തെ ഉപാസിക്കയാണെന്നു നടിക്കുന്നു. ഇതിൽ മണക്കുന്ന അപകടം കൂടി പറഞ്ഞു കൊണ്ട് നിർത്താം. മാറ്റി നിർത്തപ്പെടുന്നത് ജനകീയവും അതേ സമയം നാടോടിയോ വംശീയമോ ആയ സംഗീതമാണ് എന്നതൊന്ന്. ജാതി മേനിപറച്ചിൽ ആണ് പലപ്പോഴും ഇതിനടിയിൽ.. അപവാദങ്ങൾ ഉണ്ടാകാം. അത് പക്ഷെ തുച്ഛം. തീർച്ചയായും കേൾവിയുടെ ബലതന്ത്രം സാമൂഹ്യ സവർണ്ണബോധം കൂടി പങ്കെടുത്ത് ബലപ്പെടുത്തുന്നതാണ് എന്ന് വരുന്നു.ഭാഷക്കുണ്ടായിരുന്ന പേർ തിരിവുപോലെ. സംസ്കൃതത്തിന്റെ ഗരിമ പച്ച മലയാളത്തിന് കൊടുക്കാത്ത പോലെ, കൊളോണിയൽ കാലത്തിനു ശേഷം ഇംഗ്ലീഷിനു സംസ്കൃതത്തിന്റെ സ്ഥാനം കിട്ടിയത് പോലെ.. പാട്ടുകളോട് ഇഷ്ടമോ അനിഷ്ടമോ ഉണ്ടാകാം. അതിന് കാരണം മാനസിക നിലപാടുകളേക്കാൾ ആഢ്യത്വത്തിനോട് പുലർത്തുന്ന അടിമത്വം ആണെന്നു വരുന്നത് എത്ര ലജ്ജാകരം. പണ്ട് സിനിമാപ്പാട്ടിനുണ്ടായിരുന്ന പതിത്വം ഇന്ന് കുറേയൊക്കെ ഇല്ലാതായി എന്നു പറയാം. പക്ഷെ സംഗീതസദസ്സുകൾ ജനകീയ സംഗീത സംപ്രദായങ്ങൾ നിരസിക്കുന്നത് പലപ്പോഴും കാണാം..

നാം കേൾക്കാനാഗ്രഹിക്കുന്നത് ക്ലാസിക്കലോ സെമിക്ലാസിക്കലോ നാടോടിയോ അനുഷ്ഠാന പരമോ ആയ പാട്ടുകളാവാം. എല്ലാറ്റിനുമുണ്ട് തനതു വ്യക്തിത്വമെന്നത് മറന്നു കൂടാ. മത്സ്യത്തൊഴിലാളികൾക്കിടയിലേക്ക് തന്റെ പാട്ടുമായി ഇറങ്ങിയ കൃഷ്ണ അരാഷ്ട്രീയതയെ വെറുക്കുന്നു. അത് ബുദ്ധിയും ഹൃദയവും ഉള്ളൊരു കലാകാരന്റെ തുറസ്സായ കടന്നിരിക്കൽ ആകുന്നു. സാർവ്വലൗകികതയിൽ തേഞ്ഞില്ലാതാകട്ടെ എല്ലാവരമ്പുകളും അവയിലൊതുങ്ങി വീർപ്പുമുട്ടുന്ന പാട്ടുവഴികളും.

Comments

comments