കേരളത്തിലെ കോടതികളിൽ മാദ്ധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്ക് വാസ്തവത്തിൽ അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയുടെ നിഴലിലാണ് നമ്മളെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. നീതിന്യായവ്യവസ്ഥ എവ്വിധം പ്രവർത്തിക്കുന്നു എന്നറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താൻ ശ്രമിക്കുന്നവരെ അടക്കിനിർത്താൻ ജനാധിപത്യ ഭരണകൂടവും കോടതിയും തയ്യാറാവുന്നില്ലെങ്കിൽ ജനാധിപത്യം അപകടത്തിലാവുമെന്ന് പറയേണ്ടതില്ല. നിർഭാഗ്യവശാൽ, അത്തരമൊരു സാഹചര്യമാണ് ഒരു വിഭാഗം അഭിഭാഷകർ കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ജനാധിപത്യവിരുദ്ധവും സാമൂഹികവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കെതിരെ നിലക്കൊള്ളാൻ ഉത്തരവാദിത്വമുള്ളവരാണ് അഭിഭാഷകർ. അത് വെറുമൊരു തൊഴിൽ മാത്രമല്ല. ആ മട്ടിൽ സാമൂഹികപ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന നല്ല അഭിഭാഷകരുടെ ഒരു വലിയ നിര കേരളത്തിലുമുണ്ട്. എന്നാൽ, ഒരു സ്ത്രീയെ ആക്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട അഭിഭാഷകനെ പിന്തുണയ്ക്കാനും അയാളെ സംബന്ധിച്ച വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകരെ ശാരീരികമായി ആക്രമിക്കാനും മുതിർന്നവർ അഭിഭാഷകവൃത്തിയിലുള്ളവരാണ് എന്നതുകൊണ്ടുമാത്രം ഗുണ്ടകളല്ലാതാവുന്നില്ല. അത് തുറന്നുപറയാൻ ഒരു നിയമവും പൗരനെ വിലക്കുന്നില്ല.
പൊതുവഴിയിൽവെച്ച് സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ച ഒരു പബ്ലിക് പ്രോസിക്യൂട്ടറെക്കുറിച്ചുള്ള വാർത്തകൾ പത്രങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടപ്പോഴാണ് അഭിഭാഷക സംഘടന മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കുമെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഹൈക്കോടതിവളപ്പിൽവെച്ച് സ്ത്രീകൾ ഉൾപ്പടെയുള്ള മാദ്ധ്യമലേഖകരെ ഒരുകൂട്ടം അഭിഭാഷകർ പൊലീസ് സാന്നിദ്ധ്യത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അവരെ ശിക്ഷിക്കുന്നതിനുപകരം ഇരുകൂട്ടരും രമ്യമായി ഒത്തുതീർപ്പുണ്ടാക്കണമെന്ന് ആഹ്വാനംചെയ്ത് നിയമലംഘനത്തിന് സാധൂകരണം നൽകിയ അധികാരികളുടെ നടപടിയും അപലപിക്കപ്പെടേണ്ടതാണ്. കുറ്റവാളികളായ അഭിഭാഷകർക്ക് മാത്രമായി പ്രത്യേക നിയമം ഉണ്ടെന്നാണോ ഇതിൽനിന്ന് മനസിലാക്കേണ്ടത്?
ഹൈക്കോടതിയിലെ ഗുണ്ടാവിളയാട്ടം മറ്റുചില കോടതികളിലും ആവർത്തിച്ചു. നിയമത്തെയും പൗരസ്വാതന്ത്ര്യത്തെയും മാനിക്കുന്നവരും അതേക്കുറിച്ച് പഠിച്ചിട്ടുള്ളവരും സാമൂഹികബോധമുള്ളവരുമായ കേരളത്തിലെ മുതിർന്ന അഭിഭാഷകരിലേറെയും അഭിഭാഷകസംഘടനയുടെ കുറ്റകരമായ ചെയ്തികളെ അപലപിക്കുവാൻ നിർബ്ബന്ധിതരായി. മാദ്ധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്ന് അവരിൽപ്പലരും തുറന്നുപറഞ്ഞു. മുതിർന്ന അഭിഭാഷകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ, രാഷ്ട്രീയ-മാദ്ധ്യമ നിരീക്ഷകനായ അഡ്വ. ജയശങ്കർ, അഡ്വ. ശിവൻ മഠത്തിൽ തുടങ്ങിയവരാണ് അഭിഭാഷകരുടെ കാടത്തത്തിനെതിരെ പരസ്യനിലപാടെടുത്ത പ്രമുഖർ. അവർക്കെതിരെ അഭിഭാഷക സംഘടന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവരാരും ഈ ഭീഷണിയെ വകവെച്ചില്ല.
കോടതിവളപ്പിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കോടതിയാണ്. അഭിഭാഷകരല്ല. എന്നാൽ, തങ്ങൾക്കിഷ്ടമില്ലാത്തവരെ കോടതിയിൽ കയറ്റില്ലെന്ന ഒരുവിഭാഗം അഭിഭാഷകരുടെ അജ്ഞതാജന്യമായ അഹങ്കാരത്തെ ചോദ്യംചെയ്യാതിരിക്കാൻ പൗരാവകാശങ്ങളെയും ജനാധിപത്യമൂല്യങ്ങളെയും മാനിക്കുന്നവർക്ക് കഴിയില്ല. കോടതി തങ്ങളുടെ സ്വകാര്യസ്വത്താണെന്ന മട്ടിലാണ് നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു വിഭാഗം അഭിഭാഷകർ ഗുണ്ടകളെപ്പോലെ അക്രമാസക്തരായത്. നിയമത്തെയും ജനാധിപത്യത്തെയും വെല്ലുവിളിക്കാൻ മുതിർന്ന അഭിഭാഷകരുടെ ഈ ഗുണ്ടാവിളയാട്ടത്തെത്തുടർന്ന് മാദ്ധ്യമങ്ങളിൽ കോടതിനടപടികൾ റിപ്പോർട്ട്ചെയ്യപ്പെടുന്നില്ലെന്നത്, മാദ്ധ്യമസ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും നിഷേധിക്കുന്നതിന് തുല്യമാണ്. എന്നാൽ, കോടതികളോ ഭരണകൂടമോ മാദ്ധ്യമസ്ഥാപനങ്ങൾ പോലുമോ ഈ ജനാധിപത്യവിരുദ്ധപ്രവണതക്കെതിരെ കർശനമായ നിലപാടെടുത്തില്ലെന്നത് നിർഭാഗ്യകരമാണ്. ഈ സാഹചര്യത്തിലാണ് ഡോ. സെബാസ്റ്റ്യൻ പോൾ പ്രസ് കൗൺസിലിന് ഇതുസംബന്ധിച്ച പരാതി സമർപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ജനങ്ങളെ വിവരങ്ങൾ അറിയിക്കുന്ന മാദ്ധ്യമങ്ങളുടെ ദൗത്യത്തെയും സംബന്ധിച്ച വളരെ സുപ്രധാനമായ ചില പ്രഖ്യാപനങ്ങൾക്ക് പ്രസ് കൗൺസിലിനെ നിർബ്ബന്ധിക്കാനിടയുള്ള ശ്രദ്ധേയമായൊരു പൊതുതാൽപ്പര്യ ഹരജിയാണ്, സ്വയം ഒരു മാദ്ധ്യമപ്രവർത്തകനും മാദ്ധ്യമ പണ്ഡിതനും വിമർശകനും കൂടിയായ സെബാസ്റ്റ്യൻ പോൾ കൗൺസിലിന് സമർപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ പ്രവർത്തനസ്വാതന്ത്യത്തെ വെല്ലുവിളിക്കുകയും ലേഖകരെ ആക്രമിക്കുകയുംചെയ്ത നടപടിക്കെതിരെ കേരളത്തിലെ മാദ്ധ്യമസ്ഥാപനങ്ങൾ വളരെ നേരത്തേ പ്രസ് കൗൺസിലിനെ സമീപിക്കേണ്ടതായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ അതുണ്ടായതായി അറിവില്ല. അടിയന്തരപ്രാധാന്യമുള്ള ആ ദൗത്യം ഏറ്റെടുത്ത ഡോ. സെബാസ്റ്റ്യയൻ പോളിനോട് മാദ്ധ്യമപ്രവർത്തകർ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തെ വിലമതിക്കുന്ന സകല ജനാധിപത്യവിശ്വാസികളും കടപ്പെട്ടിരിക്കുന്നു.
ഡോ.സെബാസ്റ്റിയൻ പോളിനും, ഈ വിഷയത്തിൽ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച അഡ്വ. ജയശങ്കറിനും അഡ്വ. ശിവൻ മഠത്തിലിനും, പേരറിയാത്ത മറ്റ് നിരവധി അഭിഭാഷകർക്കും നവമലയാളി വായനക്കാരുടെപേരിൽ ഞാൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുമെതിരെ നാനാദിക്കുകളിൽനിന്നും വെല്ലുവിളികളുയരുന്ന ഒരു ഇരുണ്ടകാലത്ത് അവരുടെ ഈ ചേഷ്ഠ അത്ര നിസ്സാരമല്ല.
———
ഈ വിഷയത്തിൽ നവമലയാളി റീഡേഴ്സ് ഏഡിറ്ററായ ഒ.കെ.ജോണി മുൻപെഴുതിയ ലേഖനം ഇവിടെ വായിക്കാം: അഭിഭാഷകർക്ക് പേയിളകുകയാണോ?
Be the first to write a comment.