അധിനിവേശക്കാരന് ഏത് കൽപ്പടവിലിരുന്നും അധികാരപ്രമത്തതയേയും, അരാജകത്വത്തേയും പറ്റി കുറ്റം പറയാം. താൻ ചെയ്ത അധിനിവേശം കുറ്റമല്ലാ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണതെല്ലാം. അധികാരമില്ലാത്തവനോട് നിന്നെ ചൂഷണം ചെയ്യുന്നു, നീ ചൂഷണത്തിന് വിധേയനാകാൻ നിന്നുകൊടുക്കരുത്, നിന്റെ വിഭവങ്ങൾ പങ്കുവയ്ക്കാൻ സമ്മതിക്കരുത് എന്നൊക്കെ സുഹൃത്ത് ആഹ്വാനം ചെയ്യുമ്പോൾ അധികാരമില്ലാത്തവന് അധിനിവേശക്കാരൻ പ്രിയപ്പെട്ടവനാകുന്നു. അധികാരമില്ലാത്തവന്റെ ഭാഷയും, ആശയവും അവൻ പോലുമറിയാതെ അധിനിവേശക്കാരനിലേയ്ക്ക് എത്തപ്പെടുന്നു. തന്നെ നിയന്ത്രിക്കാൻ ഉള്ള അധികാരം അധിനിവേശക്കാരനു കൊടുത്ത് അധികാരമില്ലാത്തവൻ സായൂജ്യമടയുന്നു.

ഇത് ലോക രാജ്യങ്ങളിൽ എല്ലാം കാണുന്ന പ്രതിഭാസമാണ്. ബ്രിട്ടീഷുകാരൻ ഇൻഡ്യയിൽ വന്നതിനെ നമ്മുടെ ചരിത്രപുസ്തകങ്ങൾ വിമർശനബുദ്ധ്യാ നിരീക്ഷിക്കുമ്പോൾ അവരുടെ ചരിത്രപുസ്തകങ്ങളിൽ അത് ‘Civilisation movement’ ആണ്. Robinson Crusoe എന്ന നായകനും Friday എന്ന അപരിഷ്‌കൃതനും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന കഥ തന്നെ ഉത്തമ ഉദാഹരണം.

കാറൽ മാർക്‌സ് ജാതിരഹിതരാജ്യത്തിരുന്ന് ഉള്ളവനും, ഇല്ലാത്തവനും തമ്മിലുള്ള അസമത്വം കുറയ്ക്കണമെന്ന്  ‘Das Capital’-ൽ എഴുതി. തനിക്ക് പരിചിതമായ വ്യവസ്ഥയോടാണ് അദ്ദേഹംmarx-j1 പോരാടിയത് എന്നതിനാലായിരിക്കണം ജാതിയിൽ കൂടിയവനും ജാതിയിൽ കുറഞ്ഞവനും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കണമെന്ന് എഴുതാഞ്ഞത്. എന്നാൽ നമ്മൾ ആ ആശയത്തെ ഇവിടെ വികലമാക്കി. കടൽകടന്ന് ഇവിടെയെത്തിയ Marxian doctrine കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ ഭൂപരിഷ്‌കരണ നിയമങ്ങളായി ദളിത്‌വിഭാഗങ്ങളെ ‘മുഖ്യധാര’യിലെത്തിച്ചു. പിന്നെ എത്രയോ കഥകളിൽ, ചലച്ചിത്രങ്ങളിൽ ഭൂപരിഷ്‌കരണം വന്നതിനാൽ തകർന്നടിഞ്ഞ നമ്പൂതിരി കുടുംബങ്ങളെ നാം കണ്ടു. അവിടെയൊക്കെ ഒളിഞ്ഞും, തെളിഞ്ഞും കുറ്റക്കാരായത്/ആക്കപ്പെട്ടത് ദളിത് – ആദിവാസി വിഭാഗങ്ങൾ ആണ്.

ദുർബലവിഭാഗങ്ങൾ, സ്ത്രീകൾ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നീ വിഭാഗങ്ങൾ ശാക്തീകരിക്കപ്പെട്ടാലേ ഒരു രാജ്യം വികസിതമായി എന്ന് നമുക്ക് അവകാശപ്പെടാനാവൂ What to produce, How to produce, Whom to produce എന്നതുപോലെ തന്നെ പ്രധാനമാണ് Where to stock pile? (എവിടെയാണ് സംഭരിക്കപ്പെടുന്നത്?) എന്നതും.

ഇടതുപക്ഷ ഗവൺമെന്റ് നടപ്പിലാക്കിയ ഭൂപരിഷ്‌കരണത്തിലെ ചതി തദ്ദേശജനതയെ ‘3 സെന്റ്’ കോളനിക്കാരാക്കി പരിണമിപ്പിച്ചു. ബ്രാഹ്മണർ താമസിക്കുന്നത് അഗ്രഹാരവും, ദളിത് ആദിവാസി വിഭാഗങ്ങൾ താമസിക്കുന്നത് കോളനിയിലുമാണെന്നുള്ള വാക്കിൽ തന്നെ അസമത്വം നിഴലിക്കുന്നു. ഒരിടത്ത് ഹിന്ദുപത്രവും, ഫിൽട്ടർകോഫിയും കർണാടക സംഗീതവും പുഷ്‌കലമാകുമ്പോൾ മറ്റൊരിടത്ത് പോഷകാഹാരക്കുറവും സാംസ്‌കാരിക അപചയവും പറിച്ചു നടപ്പെടുന്നു.

ഒരു ഏക്കർ ഭൂമി സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ അവിടെ കൃഷി ചെയ്ത് തനിക്കാവശ്യമായ വിഭവങ്ങൾ ഉത്പാദിപ്പിച്ച് സ്വയം പര്യാപ്തമായി ജീവിക്കാമായിരുന്ന ദളിത് – ആദിവാസികൾ ഉപജീവനത്തിനായി മറ്റ് വേലകളിലേയ്ക്ക് തിരിഞ്ഞു. അത്തരം വേലകൾക്കായി വീണ്ടും ഉടമയെ ആശ്രയിക്കേണ്ടി വന്നു.  ‘ആധുനിക അടിമത്തത്തിന്റെ’ മറ്റൊരു പതിപ്പ്. കൃഷി ഭൂമി കൃഷിക്കാരന് കിട്ടേണ്ടതിനു പകരം കൃഷിയറിയാത്ത ഉടമയ്ക്ക് കിട്ടി. അവിടെയാണ് നേരത്തെ ഉന്നയിച്ച Where to stockpile? (എവിടെയാണ് സംഭരിക്കപ്പെടുന്നത്) എന്ന ചോദ്യത്തിന്റെ പ്രസക്തി. ഭൂമിയുടെ അധികാരം നിക്ഷിപ്തകരങ്ങളിലെത്തപ്പെട്ടു. വിയർക്കാതെതന്നെ കൃഷിഭൂമിയും, കന്നുകാലിസമ്പത്തും സ്വന്തമാക്കിയ ഉടമ അധഃസ്ഥിതനെ ഞങ്ങൾ ‘Skilled labour’ ആക്കി എന്നഅവകാശവാദത്തോടെ ഭൂഅധികാരം വിനിയോഗിച്ചു. ഫലത്തിൽ ഭൂപരിഷ്‌കരണ നിയമം വഴി ഇവിടെ നിലനിന്നിരുന്ന ബ്രാഹ്മണിക്കൽ ഫ്യൂഡലിസത്തേയോ ജാതി കമ്മ്യൂണിസത്തേയോ ഒരു പോറൽ പോലുമേൽപിക്കാതെ, ആ അവസ്ഥ അതേപടി നിലനിർത്തിക്കൊണ്ടുതന്നെ കേവലം പരിഷ്‌കരണങ്ങൾ മാത്രം നടത്തി സവർണഫാഷിസ്റ്റ് മാർക്സിസം നടപ്പിലാക്കുകയാണുണ്ടായത്. ഫ്യൂഡലിസം, ജന്മിത്തം എന്നീ പദങ്ങൾ ഇല്ലാതാവുകയും പ്രസ്തുത അവസ്ഥയും, വ്യവസ്ഥയും കൂടുതൽ പ്രബലമാവുകയും ചെയ്തു.

തൃശൂരിലെ കേരളസാഹിത്യ അക്കാഡമിയിൽ ഭൂ അധികാര പ്രഖ്യാപന കൺവെൻഷൻ mdc1ഉന്നയിച്ചത് ഭൂമി, പാർപ്പിടം, അധികാരം, തുല്യനീതി എന്നീ വിഷയങ്ങൾ ആയിരുന്നു. ഒക്‌ടോബർ 15,16 തീയതികളിലായി നടന്ന ആദിവാസി ദളിത് അംബേദ്കറൈറ്റ്‌സ് നേതൃസംഗമം ഉദ്ഘാടനം ചെയ്തത് ഉന സമരനായകൻ കൂടിയായ പ്രമുഖ ദളിത് – ആക്റ്റിവിസ്റ്റ് ജിഗ്‌നേഷ് മേവാനി ആയിരുന്നു.jignesh7

ഭൂമി, പാർപ്പിടം, അധികാരം, തുല്യനീതി ഇവ നാലും കൃത്യമായി ലഭിച്ചാൽ ഒരു ജനത ശാക്തീകരിക്കപ്പെടുക തന്നെ ചെയ്യും. ജാതിക്കോളനികൾ ഇല്ലായ്മ ചെയ്യുക, സർക്കാർ കൈവശം വയ്ക്കുന്ന 5 ലക്ഷം ഏക്കർ കൃഷിഭൂമി ഭൂരഹിതർക്ക് പതിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രചരണപരിപാടികൾ ശക്തിപ്പെടുത്തുകയും ജനുവരി 26-ന് ‘ചലോ തിരുവനന്തപുരം’ എന്ന ജനകീയ മുന്നേറ്റവുമായി ജിഗ്‌നേഷ് മേവാനിക്കൊപ്പം കേരളത്തിലെ ദളിത് വിഭാഗങ്ങൾ കൈകോർക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. കൃഷിഭൂമി കൃഷി അറിയാവുന്നവന്റെ കയ്യിലാണ് എത്തേണ്ടത്. വിജയ് മല്യയെപ്പോലുള്ളവർ പാപ്പരാണെന്നു കാണിച്ച് വിദേശത്ത് സുഖമായി ജീവിക്കുന്ന ‘സമത്വസുന്ദര ഇന്ത്യ’യിൽ കേവലം 3 സെന്റ് ഭൂമിയിൽ ഇനിയും ഒതുക്കപ്പെടേണ്ടവരല്ല എന്ന ബോധമുള്ളവരാണ് കേരളത്തിലെ ദളിത് ആദിവാസി വിഭാഗങ്ങൾ. സർക്കാരിന്റെ കൈവശമുള്ള ഏക്കറുകണക്കിന് ഭൂമിയിൽ നിന്ന് അവകാശപ്പെട്ട ഭൂമി അവർ ചോദിക്കുന്നത് കൃത്യമായ കണക്കുകളുമായാണ്.chalotvm2

ബോർമയിൽ പൂഴ്ത്തിവച്ചിരിക്കുന്ന വലിയ കേക്ക് കണ്ടെത്തിയിരിക്കുന്നു. അത് പുറത്തെടുക്കാതെ ഞങ്ങൾക്കായി മാത്രം പ്രത്യേകം തയ്യാറാക്കിയ 7324 ഏക്കർ വലുപ്പമുള്ള കേക്കിൽ നിന്ന് 3 സെന്റ് വലുപ്പത്തിൽ കഷണം മുറിച്ചുള്ള പിറന്നാളാഘോഷം നിർത്തുക. അതിനു മെഴുകുതിരി കത്തിച്ച് ഞങ്ങളെക്കൊണ്ട് തന്നെ ഊതിക്കെടുത്തിക്കാൻ ഇനിയും ശ്രമിക്കരുത്.

“ചലോ തിരുവനന്തപുരം” ചലനാത്മകമാവുക തന്നെ വേണം. അതിനായ് ശക്തമായ പ്രചരണ പരിപാടികൾ കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. ആശയപരമായ ഐക്യത്തിലൂടെ എല്ലാ ദളിത് ആദിവാസി വിഭാഗങ്ങളെയും, പൊതുസമൂഹത്തെയും ട്രാൻസ്‌ജെൻഡറുകളെയും ഉൾപ്പെടുത്തി കേരളത്തിലെ ഭൂമി, പാർപ്പിടം, അധികാരം, തുല്യനീതി ഈ ആവശ്യങ്ങൾ ഒരു മനുഷ്യാവകാശപ്രശ്‌നമായി സമൂഹത്തിനുമുന്നിൽ/സർക്കാരിനു മുന്നിൽ അവതരിപ്പിക്കാൻ അതിന് കഴിയുകതന്നെ വേണം. അതിനായ് എല്ലാവരും കൈകൾ കോർക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണു, ഏറ്റവും വലിയ ആവശ്യമാണു.

Comments

comments