സ്രയും കുടുംബവും പാകിസ്ഥാനിലേക്ക് തിരികെപ്പോകുവാൻ തീരുമാനിക്കുന്ന രാത്രി ബാബ ഇങ്ങിനെ പറഞ്ഞു –

ആഗസ്ത് 14 ലെ ഇതുപോലൊരു രാത്രി; ലോകം കണ്ട ഏറ്റവും വലിയ നിർബന്ധിത കുടിയേറ്റ രാത്രി, ആ നീറ്റൽ ഇപ്പൊഴുമെന്റെയുള്ളിൽ എരിയുന്നുണ്ട്. ലക്ഷോപലക്ഷം ജനങ്ങൾ എല്ലാം ഇട്ടെറിഞ്ഞ് ഭയന്നോടിയ ആ ഭീകര രാത്രി; അതുപോലൊന്നു ഇന്നിതാ വീണ്ടും. നസ്‌റാ ഇന്ന് നീ ഞങ്ങളോടൊപ്പം വരുന്നില്ലായെങ്കിൽ, മകളേ നിന്റെ നാശമാണ്‌ വരാനിരിക്കുന്നത്.”

നസ്ര മിണ്ടാതെ നിന്നതേയുള്ളൂ.

ഒമർ അവളെയും കാത്തുനില്പ്പുണ്ട്, ഹരീം കുന്നുകളുടെ താഴ്വാരത്ത്.

അവൾ വീടുവിട്ടിറങ്ങി; ഒരു അഭയാർത്ഥിയുടേതായ എല്ലാവിധ അരക്ഷിതബോധത്തോടും കൂടി.

ഒലീവ് മരങ്ങൾക്കിടയിൽ നിന്ന് അവൾക്കരികിലേക്ക് നടന്നടുക്കുന്ന ഒമറിന്റെ ശരീരത്തിന്‌ നിലാവെളിച്ചത്തിലും നിഴലുകളുണ്ടായിരുന്നില്ല. നിഴൽ പോലുമില്ലാതെ മനുഷ്യരൊറ്റയാക്കപ്പെടുന്നുവോ യുദ്ധഭൂമികളിൽ! അതിർത്തിയിൽ സിറിയൻ വിമതരുടെയും തുർക്കി പട്ടാളക്കാരുടെയും കണ്ണുവെട്ടിച്ച് അപ്പുറം കടക്കാൻ ഈ നിഴലില്ലായ്മ സഹായകമാകുമല്ലോ എന്നവളോർത്തു. കമ്പിവേലികൾ ചാടി നിയമവിരുദ്ധമായുള്ള അതിർത്തികടക്കൽ; പട്ടാളക്കാരുടെ കണ്ണിൽ പെട്ടാൽ ഒരു ബുള്ളറ്റിലെല്ലാം തീരുമെന്നതുറപ്പ്.

അന്ന് ഒമർ സാഖിറുമായി പിരിഞ്ഞ സ്ഥലമെത്തി; അന്നു കണ്ട ഹറം കോട്ടയുടെ അവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ അവിടെ കാണാനുള്ളൂ. കോട്ടയുടെ ഇടിഞ്ഞുവീണൊരു കൽത്തൂണിന്മേൽ നസ്ര തളർന്നിരുന്നു, ഒമർ അല്പദൂരം മുന്നോട്ടു നടന്നു. അതാ നസ്ര നോക്കി നില്ക്കെ ഒമർ പെട്ടന്ന് ഇല്ലാതാവുകയാണ്‌. അവൻ കാലെടുത്തുവച്ചത് ഒരു കുഴിബോംബിലേക്കാണെന്നുള്ളതും ഒമറിന്റെ ശരീരഭാഗങ്ങളാണ്‌ തനിക്ക് ചുറ്റും ചിതറിക്കിടക്കുന്നതെന്നും നസ്രയ്ക്ക് മനസ്സിലായത് മണിക്കൂറുകൾക്ക് ശേഷമാണ്‌. അവൾ ബോധരഹിതയായി എത്ര നേരം അങ്ങിനെ കിടന്നെന്നറിയില്ല.

നസ്രയ്ക്ക് കരയാൻ തോന്നിയില്ല, അതൊരു അതിശയമായി അവൾക്കുതന്നെ അനുഭവപ്പെട്ടിരുന്നിരിക്കണം. അല്പം അകലെ ചുവന്ന് കൂർത്ത കൊക്കുകളുള്ളൊരു ഐബിസ് പക്ഷി ഒരു ഒച്ചിനെ കൊത്തിവിഴുങ്ങുന്നു; ശീതക്കാറ്റേറ്റ് അതിന്റെ തലയിലെ കറുത്ത തൂവൽ എഴുന്നു നില്ക്കുന്നു. ആ പക്ഷി ഒച്ചിനെ വിഴുങ്ങി മെല്ലെ മെല്ലെ നടന്നുവന്ന് ഒമറിന്റെ അറ്റുവീണ കാൽ വിരലുകൾ കൊത്തിപ്പെറുക്കുവാൻ തുടങ്ങി. “ശൂ‍ൂ ശൂ….” നസ്ര അതിനെ ആട്ടിയോടിച്ചുവിട്ടു. അവൾ തലയുയർത്തി നോക്കിയപ്പോൾ ചുറ്റുമുള്ള മരങ്ങളിലെല്ലാം ഐബിസുകൾ പറ്റം പറ്റമായി ചേക്കേറിയിരിക്കുന്ന കാഴ്ച്ച; ആയിരത്തിലേറെ കണ്ണുകളുടെ കൂർത്ത നോട്ടത്തിൽ അവൾ പതറിപ്പോയി. കാലം തെറ്റിയുള്ള ഐബിസുകളുടെ ഈ ദേശാടനം എന്തു തേടിയാവുമോ? അറിയില്ല!!

നസ്രയ്ക്കുമുന്നിൽ ആ രാത്രി മൂന്ന് ദേശകവാടങ്ങൾ തുറന്നുകിടന്നു. അവൾക്ക് കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് പോകാം, അല്ലെങ്കിൽ തിരികെ സിറിയയിലേക്ക്, അതുമല്ലെങ്കിൽ ഇതാ അഭയാർത്ഥിയായി തുർക്കിയിലേക്കുള്ള വാതിലും തുറന്നുകിടപ്പുണ്ട്. അവൾ തുർക്കിയിലേയ്ക്കുതന്നെ കടക്കുവാൻ തീരുമാനിച്ചു, പെട്ടെന്ന് പ്രാപ്യമെന്ന് തോന്നിയ ഇടം അതാണ്‌. നസ്ര ഓർത്തു; ഇന്നീ രാത്രിയിൽ അവൾ താണ്ടിയ ദൂരത്താൽ സിറിയയും തുർക്കിയും തമ്മിലുള്ള അന്തരം കുറഞ്ഞുകുറഞ്ഞുവന്നു, അന്ന് ആഗസ്റ്റ് 14 രാത്രി ബാബ താണ്ടിയ ദൂരത്താൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അന്തരം ഏറിവന്നു.

യുവാക്കളെ നിർബന്ധിതമായി പട്ടാളത്തിൽ ചേർക്കുവാനുള്ള ശ്രമത്തിൽ നിന്ന് സ്വയം രക്ഷനേടുവാനുള്ള പാച്ചിലിലാണ്‌ സാഖിർ ഒരു മാസം മുമ്പ് തുർക്കി അതിർത്തിവഴി സിറിയയിൽ നിന്ന് കടന്നുകളഞ്ഞത്. അന്നവൻ ഒമറിനെയും കൂടെക്കൂട്ടിയതാണ്‌, എന്നാൽ പാതിവഴിയിൽ അവനൊന്നിടറി, ഒമർ തിരികെ സിറിയയിലേക്കുതന്നെ മടങ്ങുകയാണുണ്ടായത്. അന്ന്, ആ ഹറം കോട്ടയ്ക്കരികിലെത്തിയപ്പോഴാണ്‌ ഒമർ പറഞ്ഞത് , “നീ രക്ഷപ്പെട്ടോളൂ, ഞാൻ വരുന്നില്ല.”

കിതയ്ക്കുന്ന ശ്വാസമടക്കിപ്പിടിച്ച് സാഖിർ, “ നിനക്കെന്താണ്‌? ഇനി ഏകദേശം 2 കിലോമീറ്റർ കൂടിയേയുള്ളൂ അതിർത്തിയിലേക്ക്. പട്ടാളക്കാരുടെ കണ്ണുവെട്ടിച്ചു കടന്നുകിട്ടിയാൽ ഈ നശിച്ച പോരിൽ നിന്ന് രക്ഷപ്പെട്ടൂടേ? ”

ദേഷ്യത്താൽ ചുവന്ന സാഖിറിന്റെ നീണ്ട മൂക്കിൻ തുമ്പത്തുനിന്നൊരു തുള്ളിവിയർപ്പുമണിയിറ്റുവീണു; അതാവുമവൻ ആ മണ്ണിലൊഴുക്കിയ അവസാനബാക്കി. അതും ആ മണ്ണ്‌  അവഗണനയോടെയാവും സ്വീകരിച്ചതെന്നത് അവനറിയാം. ഹറം കോട്ടയിൽ നിന്ന് ഒമർ തിരിഞ്ഞോടി; നസ്രയുടെ അടുക്കലേയ്ക്ക്.

ഇഡ്ലിബ് നാഷണൽ സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോഴുണ്ടായ ബന്ധം പിന്നീട് നിയമ വിദ്യാർത്ഥികളായി കോളേജിൽ ഒരുമിച്ചപ്പൊഴും ഒമറും സാഖിറും വിട്ടുകളഞ്ഞില്ല. ഇഡ്ലിബിലെ ആ പഴയ സ്കൂളിന്റെയും യൂണിവേഴ്സിറ്റിയുടെയുമൊക്കെ ഘനാവശിഷ്ടങ്ങൾ മണ്ണോടും, ദുർബ്ബലാവശിഷ്ടങ്ങൾ വിണ്ണോടും എന്നേ പ്രാപിച്ചുകഴിഞ്ഞു. സഹപാഠികളോടൊപ്പം വർഷാവർഷമെടുക്കുന്ന ഗ്രൂപ്പ് ഫോട്ടോകളുടെ യഥാർത്ഥ ലക്ഷ്യം അവർ മനസ്സിലാക്കുന്നത് ഇപ്പോഴാണ്‌. മരണപ്പെട്ടവരുടെ തലയ്ക്ക് ഒരു ചുവന്ന വട്ടം വരയ്ക്കാനെങ്കിലും അതുപകരിക്കുന്നുവല്ലോ!

പക്ഷെ സാഖിർ മിടുക്കനാണ്‌, തുർക്കിയിലെത്തി പത്തു ദിവസത്തിനകം അവനൊരു ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്നു. അവൻ ഉപേക്ഷിച്ചുപോയ ഇഡ്ലിബിൽ പ്രേത നഗരങ്ങളുടെ എണ്ണമിങ്ങിനെ വർദ്ധിച്ചുകൊണ്ടേയിരുന്നു.

നസ്ര ജനിച്ചതും വളർന്നതുമൊക്കെ സിറിയയിലാണ്‌; ഒമറിന്റെ അയല്ക്കാരിയായി, കുടുംബസുഹൃത്തായി, കൂട്ടുകാരിയും കാമുകിയുമായി അവളെന്നും അവനോടൊപ്പം തന്നെയായിരുന്നു. അവന്റെ ബാബായുടെ സുഹൃത്തും ബിസിനസ്സ് പങ്കാളിയുമായ പാകിസ്ഥാനിയുടെ മകളാണ്‌ നസ്ര. അഫ്ഗാൻ കാർപറ്റുകളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ 25 വർഷത്തോളം നീണ്ട ആത്മബന്ധമാണുള്ളത്. തുർക്കിയിലേയ്ക്കുള്ള പലായനത്തിൽ സാഖിറിനോടൊപ്പം ഒമർ കൂടാത്തതിനു കാരണം അവളാണെന്ന് സാഖിറിനു നന്നായറിയാം. എങ്കിലും അവൻ നിരന്തരം ഒമറിനെ തുർക്കിയിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു.

നേരം വെളുത്തപ്പോൾ അതിർത്തിയിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ളൊരു സിറിയൻ അഭയാർത്ഥിക്യാമ്പിലെത്തപ്പെട്ട നസ്ര അവിടെ പ്രവേശനത്തിനായി ക്യൂ നില്ക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് നിർദ്ദാക്ഷിണ്യം തള്ളപ്പെട്ടു. ഒരു പാക്കിസ്ഥാനിക്ക് എങ്ങിനെയാണ്‌ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ ഇടം കൊടുക്കുക? ക്രമാതീതമായി ഇടിച്ചുകയറുന്ന അഭയാർത്ഥികൾക്കുതന്നെ ആവശ്യത്തിനു ഭക്ഷണവും താമസവും നല്കാനാവുന്നില്ല; അപ്പോൾ ഇവളെപ്പോലെയുള്ള അർഹരല്ലാത്തവരും കൂടി മത്സരിക്കുവാൻ തുടങ്ങിയെന്നുവന്നാൽ!  ചുറ്റുമുള്ള പല ക്യാമ്പുകളിലും അവൾ അഭയംതേടി പോയെങ്കിലും എല്ലായിടവും ഒരേ പ്രതികരണം തന്നെ. പോകുന്നിടത്തെല്ലാം സാഖിറിനെ കുറിച്ചവൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരിടത്തുനിന്നു കിട്ടിയ അറിവുവെച്ചുകൊണ്ടവൾ ‘കുയൂബാഷി ക്യാമ്പിലേക്ക്’ പോയി. ഗവണ്മെന്റ് രേഖകളിലില്ലാത്ത കുയൂബാഷി ക്യാമ്പ് സിറിയയിൽ നിന്നുള്ള റൗഡികളായ അഭയാർത്ഥികൾക്കുള്ള പ്രത്യേക ക്യാമ്പാണ്‌. മറ്റു ക്യാമ്പുകളിൽ തല്ലും ബഹളവും ഉണ്ടാക്കുന്നവരെ മാറ്റിപ്പാർപ്പിക്കുവാനുള്ള താത്ക്കാലിക സംവിധാനം. എന്നാൽ അവിടെ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ സാഖിർ കുയൂബാഷിയിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. ക്യാമ്പിലെ ചില അഭയാർത്ഥിത്തടവുകാർ നല്കിയ വിവരങ്ങൾവച്ച് അവൾ സാഖിറിനെ കണ്ടെത്തി. 2 ദിവസത്തെ അലച്ചിലിൽ ആകെ തളർന്ന നസ്രയെ സാഖിർ തന്റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒമറിന്റെ മരണശേഷം നസ്ര ആദ്യമായി കരയുന്നത് ഒരുപക്ഷെ അപ്പോഴായിരിക്കും.

എങ്ങിനെയെങ്കിലും എനിക്ക് തിരിച്ച് പാക്കിസ്ഥനിലേക്ക് പോകണം, ബാബായെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.” നസ്ര സാഖിറിനോട് അപേക്ഷിച്ചു.

തീർച്ചയായും നീ പാക്കിസ്ഥാനിലേക്കുതന്നെ പോണം, പക്ഷെ എനിക്കു കുറച്ച് സമയം തരൂ.”

സാഖിർ നസ്രയെയും കൂട്ടി ഇസ്താൻബുള്ളിലേക്ക് തിരിച്ചു. അവൻ അവൾക്ക് താമസം സജ്ജമാക്കിയത് ഇത്രയും ആഡംബരമായൊരിടത്താണെന്നതിൽ നസ്ര അതിശയിച്ചു. ഇസ്തിക്‌ലാൽ തെരുവിനെക്കുറിച്ച് അവൾ ഒരുപാട് കേട്ടിട്ടുണ്ട്; ഇത്രയും തിരക്കുള്ള ഈ ചരിത്രപ്രധാന തെരുവിനു നടുവിൽ കാണപ്പെടാവുന്ന ഏറ്റവും ഭീകരമായ ഒറ്റശൂന്യതയായി അവൾ മാറി.

നസ്രാ, നീ കുറച്ചു ദിവസം ഇവിടെ താമസിക്കൂ, ഒരു 6 ദിവസം….അപ്പൊഴേക്കും ഞാൻ ഒക്കെ ശരിയാക്കാം“. സാഖിർ മടിച്ചു മടിച്ചാണത് പറഞ്ഞത്.

ഞാനിവിടെ എന്തു ചെയ്യാനാണ്‌ സാഖിർ?“

നീ എന്നെ സഹായിക്കണം, നമുക്കു രണ്ടു പേർക്കും ഈ ദുരിതങ്ങളിൽ നിന്ന് രക്ഷപ്പെടണ്ടേ? എനിക്ക് സ്വീഡനിലേക്ക് കുടിയേറണം, നിനക്ക് തിരികെ നിന്റെ നാട്ടിലേക്കും. അതിനു പണം വേണമല്ലോ.“ സാഖിറിനു വാക്കുകൾ വിക്കി.

അയാൾ അവളിരിക്കുന്ന കസേരക്കരികിൽ നിലത്തുവന്നിരുന്നു. സാഖിർ നസ്രയുടെ കാൽ മുട്ടുകളിൽ തലവച്ച് കരയാൻ തുടങ്ങി. “ഒമറിനെ നീ എത്ര സ്നേഹിച്ചിരുന്നുവെന്ന് ഞാനല്ലാതെ മറ്റാർക്കാണറിയുക? പക്ഷെ ഇനി അതൊക്കെ പറഞ്ഞിട്ടെന്തുകാര്യം. അവനെ നമുക്ക് നഷ്ടമായി, നമ്മുടെ നാടും നമുക്ക് നഷ്ടമായി, ഇനി നമ്മെ നമുക്കുതന്നെ നഷ്ടമാകുന്ന അവസ്ഥയിലെത്തിക്കണോ നസ്രാ…?”

നസ്ര മെല്ലെ എണീറ്റ് ജനാലയ്ക്കരികിൽ വന്നു നിന്നു. ഇസ്തിക്ക്‌ലാൽ തെരുവിലെ ഒട്ടോമാൻ കെട്ടിടങ്ങളുടെ ഗാംഭീര്യമുള്ള നോട്ടത്തിൽ അവളാകെ ചൂളിപ്പോയി.

നസ്രാ, എന്നോട് ക്ഷമിക്കണം. നോക്കൂ…..ആറേ ആറ്‌ ദിവസങ്ങൾ മാത്രം….ഒരു ദിവസം പല സമയങ്ങളിലായി 4 പേരെ ഞാൻ നിന്റടുക്കലേക്കയക്കും. നീ കൊച്ചു പെണ്ണല്ലേ

നസ്ര ഒന്നും മിണ്ടിയില്ല. അവൾ തെരുവിലെ ആർട്ട് ഗാലറികളിലും കഫെകളിലും നിന്നറങ്ങി വരുന്ന ടൂറിസ്റ്റുകളെ നോക്കി നില്ക്കുകയാണ്‌.

നിന്നെ സുരക്ഷിതമായി പാക്കിസ്ഥാനിലെത്തിക്കാം…. പക്ഷെ ഈ 6 ദിവസങ്ങൾ……, ഇതൊരു ഭീഷണിയല്ല, എന്റെ അപേക്ഷയാണ്‌ നസ്രാ….”

നസ്രയുടെ ഭാഗത്തുനിന്ന് കാര്യമായ എതിർപ്പുകളൊന്നും നേരിടേണ്ടി വരാത്തതിൽ സാഖിർ അല്പമൊന്നാശ്വസിച്ചു. അതിർത്തി താണ്ടിയ ആ രാത്രിയും തുടർന്നുള്ള 2 പകലുകളും കൊണ്ട് അവളിത്രയും മാറിയല്ലോയെന്ന് സാഖിർ ഉള്ളാൽ അതിശയിച്ചു. നസ്ര ഇതൊക്കെ മുന്കൂട്ടി പ്രതീക്ഷിച്ചിരുന്നുവോ? അതോ കുടിയേറ്റങ്ങളുടെ കഥകൾ ജനിച്ചനാൾമുതൽ ബാബായിൽ നിന്നും കേട്ടു തഴമ്പിച്ച് അവളിതൊക്കെ നേരിടുവാൻ സ്വയം സജ്ജമാക്കപ്പെട്ടുവോ? യുദ്ധങ്ങളും വിഭജനങ്ങളും പരമാവതി പീഡിപ്പിക്കുന്നത് സ്ത്രീകളെയാണെന്നവൾക്കറിയാം; ഒരു പക്ഷെ ഒമർ കൂടെയുണ്ടായിരുന്നുവെങ്കിലും തനിക്കിതൊക്കെ നേരിടേണ്ടിവരുമായിരുന്നിരിക്കണം എന്നുതന്നെ അവൾ വിശ്വസിച്ചു

നസ്ര ജനൽ ചില്ലിൽ പടർന്ന നീരാവിയിൽ ഇങ്ങിനെയെഴുതി 6 X 4 = 24

സാഖിർ നോക്കിനില്ക്കേ അവൾ നിലത്തു വിരിച്ചിരുന്ന ടർക്കിഷ് കാർപറ്റ് ഉയർത്തി വെളുത്ത മാർബിൾ തറയിൽ കണ്മഷി കൊണ്ട് 24 പൂജ്യങ്ങളിട്ടു.

“ഇതൊരു കളിയാണ്‌. ഈ 6 ദിവസങ്ങൾ കൊണ്ട് തീർക്കാവുന്നൊരു കളി.”

0              0              0              0

0              0              0              0

0              0              0              0

0              0              0              0

0              0              0              0

0              0              0              0

ആറ്‌ ദിനങ്ങൾ കാർപറ്റിനടിയിലെ 24 പൂജ്യങ്ങളിൽ തങ്ങിക്കിടപ്പുണ്ട്; ഓരോ ദിവസവും നാലു പേർ, നാലു പൂജ്യങ്ങൾ ചേർത്തൊരു ചതുരം വരയ്ക്കുമ്പോൽ ഒരു ദിവസം കടന്നുകഴിഞ്ഞു. ആ ചതുരത്തിനുള്ളിൽ അന്നവളുടെയടുക്കൽ വന്ന 4 പേരിൽ ഒരാളുടെ പേരിന്റെ ആദ്യാക്ഷരം കണ്മഷികൊണ്ട് കോറിയിടും; ആ പേരിനുടമ ആരുമാകാം; അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനോ ഇഷ്ടപ്പെടാത്തവനോ അകാം, അവളെ ഇണക്കിയവനോ പിണക്കിയവനോ ആകാം, അവൾക്ക് മധുരമോ കയ്പ്പോ നല്കിയവാനാകം. പക്ഷെ തീർച്ചയായും മറ്റുള്ളവരിൽ നിന്നവൻ വ്യത്യസ്തനായിരിക്കും.

തന്റെ ജീവിതത്തിലുണ്ടാകാൻ പോകുന്ന ആ 24 ശൂന്യത്തുളകൾക്കായി അവൾ തയ്യാറായി.

ദിനം 1

ആദ്യചതുരത്തിലെ B : ബേക്ക്തുർക്ക് എന്ന 50 വയസ്സുകാരൻ ഒട്ടോമാൻ തുർക്കി. അയാൾ അവളെ ‘നാർ’ എന്നു വിളിച്ചു. തളികയിൽ അടർത്തി വച്ചിരുന്ന കടും ചുവപ്പു നിറത്തിലെ അനാർ അരികളിൽ 2 എണ്ണം അയാൾ അവളുടെ വായിലിട്ടുകൊടുത്തു. എന്നിട്ട് 4 എണ്ണം സ്വന്തം വായിലേക്ക്. വീണ്ടും 2 അവൾക്ക്, 4 അയാൾക്ക്….(2,4), (2,4), (2,4)…….അങ്ങിനെ അതൊരു താളക്രമത്തിൽ തുടർന്നു.

ബേക്ക്തുർക്ക് : നീ ബീഥോവന്റെ ‘ടർക്കിഷ് മാർച്ച്’ സംഗീതം കേട്ടിട്ടുണ്ടോ? അതിന്റെ താളക്രമമാണ്‌ ഈ 2/4, 2/4…..

നസ്ര ഇല്ലെന്ന് തലകുലുക്കി.

ബേക്ക്തുർക്ക് തന്റെ കൈവശമുണ്ടായിരുന്ന ‘സിപ്സി’ ചുണ്ടോടടുപ്പിച്ച് ടർക്കിഷ് മാർച്ച് വായിച്ചു കേൾപ്പിച്ചു. ഇസ്തിക്ക്‌ലാൽ തെരുവിൽ സംഗീതോപകരണങ്ങൾ വില്ക്കുന്നൊരു കടയുണ്ടായിരുന്നു ബേക്ക്തുർക്കിന്‌. 2001 ൽ തുർക്കിക്കു സംഭവിച്ച സാമ്പത്തിക മാന്ദ്യത്തിൽ ബിസിനസ്സാകെ നഷ്ടത്തിലായി. ഭാര്യയും മക്കളും യൂറോപ്പിലേക്ക് കുടിയേറിയപ്പോഴും അയാൾ പോയില്ല, എന്നെങ്കിലുമൊരിക്കൽ എല്ലാം നേരെയാകുമെന്നും വീണ്ടും തന്റെ ബിസിനസ്സ് പച്ചപിടിക്കുമെന്നും അയാൾ വിശ്വസിച്ചിരുന്നു. ഇപ്പോൾ കടകൾ വീണ്ടും തുറക്കാനായില്ലെങ്കിലും മകൻ കൃത്യമായി എല്ലാ മാസവും അക്കൗണ്ടിലേക്ക് യൂറോകൾ നിറയ്ക്കുന്നതുകൊണ്ട് ബേക്ക്തുർക്ക് സമൃദ്ധമായി ജീവിക്കുന്നു.

അയാൾ പോയതിനു ശേഷം അവൾ കാർപറ്റിലൂടെ ടർക്കിഷ് മാർച്ച് താളത്തിൽ നൃത്തംവച്ചു. ബേക്ക്തുർക്ക് സമ്മാനമായി നല്കിയ സിപ്സിയുടെ 6 തുളകളിൽ ആദ്യത്തേതിൽ അവൾ മേശമേലിരുന്ന മെഴുകുതിരിയിൽനിന്നു൦ ഉരുകിയൊലിച്ച മെഴുകു പൊടിച്ചിട്ടു; അങ്ങിനെ ആ തുള അവളടച്ചു.

pizap-com14774684859221

 

 

 

 

 

 

ദിനം 2

രണ്ടാം ചതുരത്തിലെ R : റാണാ പ്രസാദ് എന്ന ഇന്ത്യക്കാരൻ.

താൻ പാക്കിസ്ഥനിയാണെന്നറിഞ്ഞപ്പോൾ അയാൾക്കൊരു വിരക്തി തോന്നിയോ, അതോ നസ്രയ്ക്ക് വെറുതേ തോന്നിയതാണോ? അറിയില്ല….

അവളുടെ കുടുംബ ചരിത്രമുൾപ്പെടെയുള്ള ഒട്ടനവധി ചോദ്യങ്ങൾ റാണ നസ്രയ്ക്കുമുന്നിൽ നിരത്തിയെങ്കിലും അവളൊന്നിനും കൃത്യമായ മറുപടി നല്കിയില്ല. റാണ ഒരു ഇറാക്കി എണ്ണ കമ്പനിയിലെ ഇൻസ്റ്റലേഷൻ മാനേജറാണ്‌. ഇറാക്കിലൊരു എണ്ണക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടയിൽ തുർക്കിയിൽ ഒരു ദിവസം ഇടത്താമസം.

നസ്ര : “എണ്ണക്കിണറിൽ പണിയെടുക്കുന്നവരെ എണ്ണ മണക്കുമോ?“

റാണ : “ഹ ഹ ഹ….  മണത്തുനോക്കൂ, ഞാൻ എണ്ണയെങ്കിൽ നീ തീയല്ലേ.”

നസ്ര : നിങ്ങളെ കല്ക്കരി മണക്കുന്നു

കല്ക്കരിക്കും മണമോ! ഇനി തന്റെ നിറം കണ്ടിട്ടാണോ ഇവൾ ഇങ്ങിനെയൊരു വർത്തമാനം പറഞ്ഞതെന്ന് റാണയ്ക്ക് നേരിയ സംശയം തോന്നാതിരുന്നില്ല. കല്ക്കരി ഖനനം ചെയ്തു ജീവിക്കേണ്ടവൻ എണ്ണ കുഴിക്കാൻ നടക്കുന്നതെന്തിനെന്നൊരു ധ്വനിയും അതിലുണ്ടെന്നയാൾക്ക് തോന്നി. എന്തുകൊണ്ടോ റാണ അധികനേരം അവൾക്കരികിൽ ചിലവഴിച്ചില്ല, ഫ്ലൈറ്റിനു നേരമായെന്നു പറഞ്ഞ് അയാൾ നേരെ അങ്കാര എയർപോർട്ടിലേക്ക് ടാക്സി കയറി. നസ്ര സിപ്സിയുടെ രണ്ടാം തുളയിലേക്ക് അന്നത്തെ മെഴുകുതിരിയുടെ അവശിഷ്ടങ്ങൾ പൊടിച്ചിട്ടു.

സാഖിർ എന്നും വൈകുന്നേരം അവളെ കാണുവാൻ റൂമിലെത്തും. വിലപിടിപ്പുള്ള വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും മറ്റുമായാവും വരവ്. അവൾക്കിതിലൊന്നും താത്പര്യമില്ലെന്ന് അറിയുന്നതാണവൻ‌, എങ്കിലുമെന്നു൦ അവൾക്കായി ഓരോരോ സമ്മാനങ്ങൾ വാങ്ങിവരുന്നു.

ദിനം 3

മൂന്നാം ചതുരം U : ഉവൈയ്യാം എന്ന സിറിയക്കാരൻ വസ്ത്രവ്യാപാരി.

സിറിയയിലെ കലാപത്തിൽ ഭാര്യയും മക്കളും നഷ്ടപ്പെട്ട അയാൾ തുർക്കിയിലേക്ക് കുടിയേറിയിട്ട് ഏറെ നാളുകളായില്ല. എന്നാൽ ഇനിയൊരിക്കലും അവിടേയ്ക്ക് മടങ്ങിപ്പോകുവാനും അയാൾ ആഗ്രഹിക്കുന്നില്ല, എന്റെ സ്വത്തും സ്നേഹവും സംരക്ഷിക്കുവാനാവാത്ത എന്റെ രാജ്യത്തെക്കാൾ എത്രയോ നല്ലതാണീ അഭയഭൂമി എന്നാണയാളുടെ വാദം.

അയാൾ തെരുവിൽ വില്ക്കുന്ന ഡോണ്ഡുർമ്മ എന്ന കോൺ ഐസ്ക്രീമും വാങ്ങിയാണ്‌ വന്നത്. ഇസ്തിക്ക്‌ലാൽ തെരുവിൽ എന്നുമൊരു കിളവൻ ഡോണ്ഡുർമ്മ വണ്ടിയുമായി വരുന്നത് അവൾ കാണാറുണ്ട്. ഒരു നീണ്ട വടിയുടെ തുഞ്ചത്ത് ഐസ്ക്രീം വച്ച് പലരീതിയിൽ കറക്കിയും തിരിച്ചും അഭ്യാസങ്ങൾ കാട്ടി അയാൾ കാണികളെ ആകർഷിക്കും.

ഉവൈയ്യാം : നിനക്ക് ഇഷ്ടമാണോ ഐസ്ക്രീം?

നസ്ര : ഈ ഉരുകിയ മെഴുകുതിരി പോലെ, ഉരുകിയ ഐസ്ക്രീമാണെനിക്കിഷ്ടം.

അവൾ അയാളുടെ കയ്യിൽ നിന്നുമത് വാങ്ങി കിടക്കയിൽ എണീറ്റുനിന്നുകൊണ്ട് മേല്ക്കൂരയിൽ തൂങ്ങിക്കിടന്ന ടർക്കിഷ് റാന്തൽവിളക്കു പിടിച്ചു താഴ്ത്തി. അതിന്റെ മൂടി ഉയർത്തി അതിലേക്ക് ഡോണ്ഡുർമ്മ നിക്ഷേപിച്ചു. ഉരുകിവീണ ഓരോ തുള്ളികളും അവളുടെ ശരീരമാകെ പശമയമാക്കി. കിടക്കയിൽ നിന്നെഴുന്നേല്ക്കുമ്പോൾ നനുത്ത കമ്പിളിയുടെ രോമനൂലുകൾ അവളുടെ ശരീരത്തിലങ്ങിങ്ങ് പറ്റിപ്പിടിച്ചിരുന്നു.

ഉവൈയ്യാം : നീയൊരു ചാര നിറമുള്ള ചെമ്മരിയാടിൻ കുഞ്ഞുപോലുണ്ട്.

നസ്ര : രോമം നീക്കം ചെയ്തൊരു ചെമ്മരിയാട്

ഉവൈയ്യാം : ഈ കൃത്രിമ രോമത്തിലും നിനക്കൊരു ആട്ടിന്‌കുട്ടിയുടെ ലക്ഷണം തന്നെയാണ്‌

ഉവൈയ്യാം പോയതിനുശേഷം നസ്ര സിപ്സിയുടെ മൂന്നാം തുളയിലും മെഴുകുനിറച്ചു.

24 പൂജ്യങ്ങളിൽ 12 എണ്ണം അവൾ നികത്തിക്കഴിഞ്ഞു; 3 ചതുരങ്ങളിലായി മൂന്ന് പേരുകളും. സാഖിർ ഓരോ ദിവസവും പതിന്മടങ്ങ് സന്തോഷവാനായി കാണപ്പെട്ടു. സാഖിർ കൊണ്ടുവരുന്ന സമ്മാനങ്ങൾ അവൾക്ക് തിരികെ പാക്കിസ്ഥാനിലേക്ക് പോകുമ്പോൾ കൊണ്ടുപോകാനുള്ളതാണെന്നാണ്‌ അവൻ പറയാറ്‌. അങ്ങിനെയെങ്കിൽ അങ്ങിനെ, ഇനി 3 ദിനങ്ങളല്ലേ ബാക്കിയുള്ളൂ, നസ്ര തെരുവിലൂടെ നടന്നു നീങ്ങുന്ന മനുഷ്യരെ നോക്കി നിന്നു. അഞ്ചാം നിലയുടെ ഉയരത്തിൽ നിന്നും പല നിറങ്ങളിലുള്ള തലകളായി അവർ ഇരു ദിശകളിലേക്കും ഒഴുകിക്കൊണ്ടിരുന്നു. ചുവന്ന തലകൾ, കറുത്ത തലകൾ, വെളുത്ത തലകൾ, ചാരനിറത്തലകൾ, തവിട്ടുതലകൾ…… ഈ നിറഭേദങ്ങൾ തലച്ചോറിനെയും ബാധിച്ചിട്ടില്ലെന്ന് എങ്ങിനെ പറയാനാവും, വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ മനുഷ്യർക്ക് മുടിയുടെ നിറഭേദം പോലെ ബുദ്ധിഭേദവുമുണ്ടെന്നതിൽ എന്താണ്‌ സംശയം.

ദിനം 4

നാലാം ചതുരത്തിലെ T : തൗഫീക്ക് ബർണാസ് എന്ന കുർദ് സംഗീതജ്ഞൻ. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ട്.

തൗഫീക്ക് : ഇന്ന് പുതുവത്സരം,

നസ്ര : ഇന്ന് മാർച്ച് 21 ആണ്‌, പുതുവത്സരമോ?

തൗഫീക്ക് : കുർദുകളുടെ പുതുവത്സരദിനമിന്നാണ്‌, കുർദിസ്ഥാനെന്നൊരു ഇടം തന്നെ ഇല്ലാണ്ടായിരിക്കുമ്പോൾ എന്തു പുതുവത്സരം !

തൗഫീക്ക് ഘനമുള്ള ശബ്ദത്തിൽ പാടി:

അഹമദോ…

എൻ പ്രകാശമേ…

വാഴ്ത്തപ്പെട്ടവൻ നീയോ,

ഗുരുവല്ല, നീയെനിക്ക്

ന്യായാധിപനുമല്ല,

നിന്റെ മാറിൽ പീഢിതൻ ഞാൻ,

വലയുന്നു നിൻ നെഞ്ചിൽ

കാണുവാൻ കൊതിയ്ക്കുന്നു,

എന്റെ രാജ്യത്തെ,

എന്റെ നഷ്ടദേശത്തെ.

ശേഷം അയാൾ നസ്രയെ നോക്കി പാടി:

എന്റെ പ്രണയമേ,

രാവേറെക്കറുത്തു,

ഇത്രയുമിരുളിൽ

 നിന്നെ കാണുവതെങ്ങിനെ?

തൗഫീക്ക് : നീ കേട്ടിട്ടുണ്ടോ ഈ പാട്ട്, അയ്നൂറിന്റെ സംഗീതമാണ്‌. എന്റെ ഭാഷയും സംഗീതവുമെല്ലാമവർ നിരോധിച്ചു, പിന്നെ ഞാനെന്തിനു നിലനില്ക്കണം….

അയാൾ പാടിക്കൊണ്ടുതന്നെ മുറിവിട്ടുപോയി. തെരുവിലെ ഓരോ വിളക്കുകാലിലും അയാൾ കെട്ടിപ്പിടിച്ചുനിന്ന് പാടുന്നത് നസ്ര നോക്കിനിന്നു. അവൾ സിപ്സിയുടെ നാലാം ദ്വാരവും അടച്ചു.

ദിനം 5

അഞ്ചാം ചതുരത്തിലെ U : ഉംബെർട്ടോ എന്ന റഷ്യക്കാരനായ ഡോൾഫിൻ  പരിശീലകൻ. ഇത്രയും കുട്ടിത്തമുള്ളൊരു മനുഷ്യനെ നസ്ര ആദ്യമായി കാണുകയാണ്‌.

ഉംബെർട്ടോ : നീ ആ ബാത്ടബ്ബിൽ വെള്ളം നിറയ്ക്ക്, ന്നിട്ട് അതിൽ കയറി കിടക്ക്

നസ്ര അയാൾ പറഞ്ഞപടി ചെയ്തു.

ഉംബെർട്ടോ ഷവറിൽ ഒരു പന്ത് കെട്ടിത്തൂക്കി.

ഉംബെർട്ടോ : നീ പെരുവിരൽ മാത്രം നിലത്തുകുത്തി വെള്ളത്തിൽ നിന്നുയർന്നുവന്ന് ഈ പന്തിലുമ്മവയ്ക്കൂ.

നസ്ര ആദ്യമൊന്നു പകച്ചു. രണ്ടുമൂന്നുവട്ടമത് ചെയ്തപ്പോൾ അവൾക്കതൊരു രസമായി. അവളൊരു ഡോൾഫിൻപ്പെണ്ണായി വെള്ളത്തിൽ നിന്നുയർന്നുവന്നു പന്തിലുമ്മവച്ചു കുതിച്ചുചാടി.

ഉംബെർട്ടോ : ഹ ഹഹ …മിടുക്കീ, നീ ആ കട്ടിലിൽ കിടക്കുന്ന ടവൽ കണ്ടോ? കൈകൾ പിന്നിൽ കെട്ടി വാകൊണ്ട് അത് കടിച്ചെടുത്തു വരാമോ?

ക്രിസ്റ്റൽ കൊണ്ടുണ്ടാക്കിയൊരു ഡോൾഫിൻ കീച്ചെയിൻ അവൻ നസ്രയുടെ ഇടതുകാതിൽ തൂക്കിയിട്ടു.

ഉംബെർട്ടോ : ഇത് നിലത്തുവീഴാതെ ആ ടവൽ കടിച്ചെടുത്തുവാ

നസ്ര ചിരിയടക്കിക്കൊണ്ട് മെല്ലെ നടന്നു കിടക്കവരെയെത്തി. ടവലെടുക്കാൻ കുനിഞ്ഞപ്പോൾ അതാ ക്രിസ്റ്റൽ ഡോൾഫിൻ നിലത്തുവീണു പൊട്ടി. കുളിമുറിയിൽ നിന്നും ഉംബെർട്ടോയുടെ നിർത്താത്ത നിലവിളി. പുരുഷന്മാർ ഇങ്ങിനെ കരയുകയയോ ! നസ്ര ആകെ പരിഭ്രമിച്ചു.

ഉംബെർട്ടോ : എന്റെ ഡാഡി കഴിഞ്ഞ ബർത്ത്ഡേയ്ക്കു തന്ന ഗിഫ്റ്റാണത്, നീ പൊട്ടിച്ചില്ലേ

നസ്ര : അയ്യോ, എന്നോട് ക്ഷമിക്കില്ലേ?

ഉംബെർട്ടോയുടെ അച്ഛൻ ഒരു സ്കൂബാ ഡൈവറാണ്‌. അയാൾ മരിച്ചിട്ടിപ്പോ ഏകദേശം ഒരു മാസത്തോളമേ ആയിട്ടുള്ളൂ.

ഉംബെർട്ടോയുടെ അച്ഛൻ റഷ്യക്കാരനും അമ്മ തുർക്കിക്കാരിയുമാണ്‌. 90 കളിൽ റഷ്യയിൽ നിന്നും തുർക്കിയിലേക്ക് കുടിയേറിയ അച്ഛൻ പിന്നെ അവിടം വിട്ടു പോയിട്ടില്ല. എന്നാൽ ഇന്നിപ്പോള്‍ തുർക്കിയിലെ ദേശസാല്ക്കരണ പ്രവർത്തങ്ങൾ കാരണം ഇസ്താൻബുൾ ഡോൾഫിനേറിയത്തിലെ തന്റെ ജോലി നഷ്ടമായെന്നും തിരികെ റഷ്യയിലേക്ക് മടങ്ങേണ്ടുന്ന അവസ്ഥയാണെന്നും ഉംബേർട്ടോ പറഞ്ഞു.

ഉംബെർട്ടോ : എനിക്ക് മറ്റൊരു ജോലിയും ചെയ്യാനാവില്ല, ഞാൻ കടൽ കണ്ടു വളർന്നു, എനിക്കതുവിട്ടൊരു ജീവിതമില്ല

നസ്ര : റഷ്യയിലും കിട്ടുമല്ലോ ഈ ഡോൾഫിൻ പരിശീലനത്തൊഴിൽ

ഉംബെർട്ടോ: കിട്ടും, പക്ഷെ എന്റെ മമ്മാ ഇവിടുത്തുകാരിയല്ലേ, അവർ തയ്യാറല്ല ഇവിടം വിട്ടുവരാൻ.….

അയാൾ പിന്നെയും കരയുകയാണ്‌. നസ്ര എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിനിന്നു. സിപ്സിയുടെ അഞ്ചാം തുളയും അടയ്ക്കപ്പെട്ടു.

നസ്ര കാർപറ്റ് ഉയർത്തി മുറിയുടെ അരണ്ട വെളിച്ചത്തിൽ ആ 24 പൂജ്യങ്ങളിലൂടെ വിരലോടിച്ചു. തന്നിലെ ശൂന്യതയുടെ 24 പുരുഷ ബിംബങ്ങൾ! അവൾ തന്റെ സിപ്സി കൊണ്ട് ആദ്യത്തെ ചതുരത്തിലൊന്നു തൊട്ടു. കുടുംബമൊറ്റപ്പെടുത്തിയ ബേക്ക്തുർക്കിന്റെ ഏകാന്തത അവളുടെ ശരീരത്തിലേക്ക് അരിച്ചുകയറി. രണ്ടാം ചതുരത്തിലൂടെയവൾ വിരലോടിച്ചു, നസ്രയുടെ ശരീരത്തിന്റെ പൊള്ളലിൽ സംഭ്രമിച്ചുപോയ റാണയുടെ വ്യാകുലത അവളെ അസ്വസ്ഥമാക്കി. കാർപറ്റിന്റെ നൂലുകളിൽ കുരുക്കിട്ടുകൊണ്ട് അവൾ മൂന്നാം ചതുരത്തിലേക്കുനോക്കി, സ്വന്തം നാടിനെ തിരസ്കരിച്ച ഉവൈയ്യാമിന്റെ ധൈര്യം പകരുന്ന നോട്ടം അവളിലൊരു അദൃശ്യ ശക്തിയെ ആവേശിച്ചുകയറ്റിയതുപോലെ അനുഭവപ്പെട്ടു. അടുത്ത ചതുരത്തിലേക്ക് വിരൽ തൊടുമ്പോഴേക്കും അവളുടെ മനസ്സിലേക്ക് തൗഫീക്കിന്റെ വിഷാദസംഗീതത്തിന്റെ ഘനം, ഭാരം കൊണ്ടുവന്നിട്ടു. നസ്രയ്ക്ക് തേങ്ങിക്കരയണമെന്നു തോന്നി. അവൾ ഉടൻ അടുത്ത ചതുരത്തിലേക്ക് കണ്ണുപായിച്ചു, ഉംബെർട്ടോയുടെ ചതുരത്തെ അവൾ വാത്സല്യത്തോടെ തലോടി. എവിടേയ്ക്ക് പോകണമെന്നുള്ള വ്യാകുലതയിൽ അവൻ ഇപ്പൊഴും ഉറക്കെ കരയുന്നുണ്ടാവണം, ചിലപ്പോ അമ്മയെ കെട്ടിപ്പിടിച്ചാവും, ചിലപ്പോ അവന്റെ പ്രിയപ്പെട്ട ഡോൾഫിനുകളെ ചേർത്തുപിടിച്ചാവും.

അവൾ സിപ്സിക്കുഴലിലൂടെ മറുവശം കാണാനാവുമോയെന്നു നോക്കി. ഇല്ല, തുളകൾ അഞ്ചും അടഞ്ഞുവല്ലോ, ആ സംഗീതോപകരണത്തിന്റെ സുതാര്യതയിൽ അവൾ തന്റെ ഭാരമിറക്കി വച്ചുവല്ലോ. ഇനിയത് ഒരിക്കലും സംഗീതമുതിർക്കില്ല. പൊള്ളയാക്കപ്പെട്ട ഒരു കുഴലിൽ നിന്നുള്ള സംഗീതം അവളിനി കേൾക്കുവാനും ഇഷ്ടപ്പെടുന്നില്ല.

ദിനം 6

നസ്ര സന്തോഷവതിയാണ്‌. ആറാം ദിവസത്തെ മൂന്നാമത്തെ ഇടപാടുകാരനും വന്നുപോയി, ഇന്നവൾ ചതുരം വരച്ചിട്ടില്ല. നാലാമൻ എന്തായാലും അവളെ അതിശയിപ്പിക്കുന്ന ഒരുവൻ തന്നെയായിരിക്കും. അതോടെ ആ അവസാന ചതുരവും പൂർത്തിയാക്കപ്പെടും.

നസ്ര തന്റെ സാധനങ്ങൾ ഓരോന്നായി അടുക്കിവച്ചു. സാഖിർ കൊണ്ടുവന്ന പൊതിക്കെട്ടുകൾ അവൾ ഇന്നാണഴിച്ചുനോക്കുന്നത്. ബാബാ ഒരിക്കലും തന്നെ വീട്ടിലേക്ക് കയറ്റുകയില്ലെന്നറിയാം; സാരമില്ല.

അവൾ സിപ്സി തന്റെ ചുണ്ടോടടുപ്പിച്ച് തലയിണയിൽ മുഖമമർത്തി കിടന്നു. മറ്റ് അഞ്ച് തുളകൾ നിറയ്ക്കുവാനുണ്ടായ ആവേശത്തെക്കാൾ എത്രയോ ഇരട്ടിയാണ്‌ ഈ ആറാം തുള നിറയ്ക്കുവാനുള്ളത്. നസ്ര ഒന്നു മയങ്ങി.

pizap-com14774686525201111111

 

 

 

 

 

 

 

ഇരുപത്തിനാലാമൻ വാതിൽ തുറന്നു വന്നു. നസ്രയുടെ നെറ്റിയിൽ നിന്നും ഒലിച്ചുവന്ന ചോരത്തുള്ളികൾ സിപ്സിയുടെ ആറാം തുളയിൽ നിറഞ്ഞു കട്ടപിടിച്ചു. അതെ, സാഖിറിനു ഒരിക്കലും ഉന്നം പിഴയ്ക്കാറില്ല. ആറാം ചതുരത്തിലെ അവസാനയക്ഷരം പൂർത്തീകരിക്കാതെ BRUTU_ എന്ന വാക്ക് അപൂർണ്ണമായിക്കിടന്നു.

 

Comments

comments