ജോര്‍ജിയ ഒക്കീഫ്: പൂക്കളുടെ രാജകുമാരി

ജോര്‍ജിയ ഒക്കീഫ്: പൂക്കളുടെ രാജകുമാരി

SHARE
ചിത്രവും ചിത്രകാരനും 6

അമേരിക്കന്‍ ചിത്രകലയിലെ ആധുനികതയെ ആദ്യമായി കൈപിടിച്ചു നടത്തിച്ച പ്രതിഭകളിലൊരാള്‍. ഒരുപക്ഷെ, ലോകപ്രസിദ്ധിയാര്‍ജ്ജിച്ച ആദ്യത്തെ ചിത്രകാരിയെന്നും ആധുനിക അമേരിക്കൻ ചിത്രകലയുടെ അമ്മ എന്നും വിശേഷിപ്പിക്കാം. അക്കാലത്ത് യൂറോപ്പില്‍ ആവിര്‍ഭവിച്ച അത്യാധുനികാശയങ്ങള്‍ അവരെ ഏറെ സ്വാധീനിച്ചിരിക്കണം. പിന്നീടുള്ള ഏഴു ദശകക്കാലം വിശ്വചിത്രകലയിലെ നിറസാന്നിധ്യമായി ഒക്കീഫ്. അമൂര്‍ത്തമായ വൈകാരികതയായിരുന്നു ഒക്കീഫ് ചിത്രങ്ങളുടെ പ്രത്യേകത.

പുഷ്പങ്ങള്‍ എന്നും ഒക്കീഫിന്‍റെ പ്രിയപ്പെട്ട ചിത്രവിഷയമായി. പുഷ്പങ്ങളുടെ സൂക്ഷ്മാന്തരങ്ങള്‍ അവരുടെ കാന്‍വാസുകളില്‍ വര്‍ണ്ണങ്ങള്‍ വിരിയിച്ചപ്പോള്‍ വിവാദങ്ങള്‍ പിന്നാലെ ഒഴുകിയെത്തി. ഇംപ്രഷനിസത്തെ പുതുതലങ്ങളിലേക്ക് ഒക്കീഫ് ഉയര്‍ത്തിയെങ്കിലും അവരുടെ ശൈലിയും വര്‍ണ്ണമാനങ്ങളും അതില്‍നിന്നെല്ലാം മാറിയും ഉയര്‍ന്നും, തുടര്‍ച്ചയായ രീതിമാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ചുറ്റും കാണുന്ന വസ്തുക്കളെ ഒരു ഭൂതക്കണ്ണാടിയിലെന്നോണം വലുതാക്കി, വിശദവും ഭാവമയവുമായ സാന്ദ്രചിത്രങ്ങളിലൂടെ ചില അമൂര്‍ത്തതലങ്ങളിലേക്ക്‌ പ്രേക്ഷകനെ കൊണ്ടുപോകുന്നതാണ് ഒക്കീഫിന്‍റെ രീതി.

okeeffe

അധികമാരും അറിയാതെ ചാര്‍ക്കോളും ജലച്ചായവുമുപയോഗിച്ച് വരച്ചിരുന്ന അവരെ ലോകത്തിനു മുന്നിലേക്ക് പിടിച്ചുകൊണ്ടുവന്നത് ഭാവി ഭര്‍ത്താവായിരുന്ന ആള്‍ഫ്രഡ് സ്റ്റീഗ്ലിറ്റ്സ് ആയിരുന്നു. ഫോട്ടൊഗ്രാഫറും ആര്‍ട്ട് ഡീലറും ആയിരുന്നു സ്റ്റീഗ്ലിറ്റ്സ്. അദ്ദേഹം ന്യൂയോര്‍ക്ക് നഗരത്തിലെ ഒക്കീഫിന്‍റെ ആദ്യത്തെ ചിത്രകലാപ്രദര്‍ശനത്തിന്‍റെ സംഘാടകനായി. പിന്നീടങ്ങോട്ട് ഒക്കീഫിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇതിനിടയില്‍ പലരും പ്രതീക്ഷിച്ചപോലെ ഒക്കീഫും സ്റ്റീഗ്ലിറ്റ്സും പ്രണയബദ്ധരായിക്കഴിഞ്ഞിരുന്നു. തുടര്‍ന്നവര്‍ വിവാഹിതരുമായി.

വിവാഹത്തിനു ശേഷം ഒക്കീഫ് ലോകമെങ്ങും പ്രശസ്തിയാര്‍ജ്ജിച്ച പൂച്ചിത്രങ്ങള്‍ വരച്ചുതുടങ്ങി. നീലയിലും ഊതവര്‍ണ്ണത്തിലുമുള്ള നിരവധി പെറ്റൂണിയകള്‍ ആ ചിത്രകാരിയുടെ കാന്‍വാസില്‍ വിരിഞ്ഞു; കാഴ്ചക്കാരുടെ ഹൃദയവും കവര്‍ന്നു. ആ പൂക്കളുടെ ലോലവും ശോഭയാര്‍ന്നതുമായ വര്‍ണ്ണഛവി  പുനര്‍സൃഷ്ടിക്കുന്നതിലായിരുന്നു  ഒക്കീഫിന്‍റെ സൂക്ഷ്മശ്രദ്ധ. ഒക്കീഫിന്‍റെ വസന്തോദ്യാനങ്ങളെ പ്രണയമനോഹരമാക്കിയ പെറ്റൂണിയകള്‍ ആ ചിത്രകലാജീവിതത്തിനു വലിയൊരു പ്രേരണയാണ് നല്‍കിയത്. തന്‍റെ പുഷ്പങ്ങളെ വലുതാക്കിവരച്ച് അതിന്‍റെ രൂപവും നിറവുമെല്ലാം സൂക്ഷ്മമായി പകര്‍ത്തുന്നതിലായിരുന്നു ആ ചിത്രകാരിയുടെ ആനന്ദം. ഒരുപാട് പുഷ്പങ്ങള്‍ ആ ബ്രഷില്‍നിന്നും പിറക്കുകയുണ്ടായി. ഒടുവില്‍ അവയേയെല്ലാം ചേര്‍ത്തുവെച്ചുകൊണ്ട് പൂച്ചിത്രങ്ങളുടെ ആദ്യത്തെ പ്രദര്‍ശനം 1925ല്‍ ന്യൂയോര്‍ക്കില്‍ നടന്നു.

ഒക്കീഫിന്‍റെ കലാജീവിതത്തിലെക്കാലവും ചിത്രങ്ങളും വിഷയങ്ങളും സൂനപ്രമേയങ്ങളില്‍ അഭിരമിച്ചുകൊണ്ടേയിരുന്നു. മിക്കവാറും ചിത്രകാരന്മാര്‍ക്കൊക്കെ ഇത്തരത്തില്‍ ഒരു സ്വകാര്യപ്രണയം കാണാറുണ്ട്. അവരുടെ ചിത്രങ്ങളില്‍ എവിടെയെങ്കിലും തങ്ങളുടെ ആ പ്രിയപ്പെട്ടവസ്തുവിനെ വരച്ചുവെയ്ക്കും. വാന്‍ ഗോഗിന്‍റെ സൂര്യകാന്തിപ്പൂക്കളെപ്പോലെ ഒക്കീഫിന്‍റെ പെറ്റൂനിയകളും ഓര്‍ക്കിഡുകളും വളര്‍ന്നു.

‘പെറ്റൂനിയകള്‍’ എന്ന ചിത്രം ഏറെ പ്രശസ്തി നേടി. മനോഹരമായ ലൈലാക് വര്‍ണ്ണത്തില്‍ ഒക്കീഫ് വരച്ച ആ ചിത്രം അങ്ങേയറ്റം ജീവസ്സുറ്റതായിരുന്നു. ഒരു പക്ഷെ, ഒക്കീഫ് വരച്ച ചിത്രങ്ങളില്‍ ഇന്നും ഏറ്റവും അസ്സല്‍ എന്നു പറയാവുന്ന ഒന്ന്‍. അതിനെക്കുറിച്ച് ഒക്കീഫ് പറയുന്നത് ഇങ്ങനെ. “നമുക്കുചുറ്റും നിറയെ പൂക്കള്‍ തന്നെ. പക്ഷെ, എത്രപേര്‍ അതിനെ കാണുന്നുണ്ട്? ശ്രദ്ധിക്കുന്നുണ്ട്? എത്ര ചെറുതാണവ? നമുക്കതിനു സമയമേ ഇല്ല. പൂക്കളെ കാണുന്നത് ചങ്ങാതികളെ ലഭിക്കുന്നതു പോലെയാണ്. പതുക്കെ പതുക്കെയാണ് ഒരാള്‍ ഒരു നല്ല ചങ്ങാതിയായി മാറുന്നത്. പൂക്കളെ നമ്മള്‍ കാണാന്‍ തുടങ്ങുന്നതും അങ്ങനെത്തന്നെ. പൂവിനെ കാണുന്നപോലെതന്നെ വരച്ചാല്‍ ആരാണതിനെ കാണാന്‍  ശ്രമിക്കുക. ആരുമുണ്ടാവില്ല. കാരണം അതിനെക്കാണുന്നത് വളരെ ചെറുതായിട്ടാണ്. ആ വലിപ്പത്തില്‍ പൂക്കളെ കണ്ടുകൊണ്ടിരിക്കാനുള്ള താല്പര്യം പലര്‍ക്കുമുണ്ടാവില്ല. അതുകൊണ്ട് ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ഞാന്‍ പൂക്കളെ കാണുന്ന പോലെ വരയ്ക്കും. അവ എനിക്കെങ്ങനെയാണെന്നുവെച്ചാല്‍ അങ്ങനെ. പക്ഷെ, അവയെ വലുതാക്കി  വരയ്ക്കും. ആ വലിയപൂക്കളെ ശ്രദ്ധിക്കാന്‍, കാണാന്‍, കണ്ടുകൊണ്ടിരിക്കാന്‍, അതിനുവേണ്ടി സമയം കണ്ടെത്താന്‍,  ഓരോരുത്തരും ശ്രമിക്കും. ഈ തിരക്കുപിടിച്ചോടി നടക്കുന്ന ന്യൂയോര്‍ക്കുകാരെക്കൊണ്ടുപോലും ഞാനെങ്ങനെയാണ് പൂക്കളെ കാണുന്നതെന്ന് മനസ്സിലാക്കിപ്പിക്കും.” അപാരമായ ഒരു ആത്മവിശ്വാസമായിരുന്നു അത്. ഒക്കീഫ് അത് തെളിയിക്കുകയും ചെയ്തു.

scanned from transparency. Vendor: Light Source transparency shot 12/02

നമ്മളോരോരുത്തരും ഹൃദയത്തിലും ചിന്തകളിലും കൊണ്ടുനടക്കുന്ന ഓരോ കാഴ്ചകളും തന്‍റെ പൂക്കളിലൂടെ അനുഭവവേദ്യമാകുമെന്ന്‍ ആ ചിത്രകാരിയ്ക്കുറപ്പായിരുന്നു. ഓരോരുത്തരും അവരരുടെ രീതിയില്‍ ആ പൂക്കളെ കണ്ടു. അവരതിനെക്കുറിച്ചെഴുതി. ഒക്കീഫിനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് പുഷ്പവ്യാഖ്യാനങ്ങള്‍ ഉടലെടുത്തു. അവ സ്ത്രൈണബിംബങ്ങളായും, ഉര്‍വ്വരതാസങ്കല്പങ്ങളായും എന്തിന് പച്ചയായ ലൈംഗികപ്രതീകങ്ങളായും ചര്‍ച്ചചെയ്യപ്പെട്ടു. സിഗ്മണ്ട് ഫ്രോയ്ഡ്  ഇതിന്‍റെ മുന്‍പന്തിയിലായിരുന്നു.

സ്ത്രീലൈംഗികാവയവങ്ങളുടെ മുഖം മൂടിയിട്ട മായാദര്‍ശനമാണ് ഒക്കീഫിന്‍റെ പുഷ്പങ്ങളെന്നുവരെ പറഞ്ഞുകളഞ്ഞു ചില ഫെമിനിസ്റ്റ് നിരൂപകര്‍. ഒക്കീഫിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്തരം വ്യാഖ്യാനങ്ങള്‍. ഈ വ്യാഖ്യാനങ്ങളെയൊക്കെ അവര്‍ പാടെ നിരാകരിച്ചു. പക്ഷെ, ലോകചിത്രലോകം അതെല്ലാം വിവാദങ്ങളായി മാത്രം കണ്ടു. ഒക്കീഫിനെ സംബന്ധിച്ചിടത്തോളം അവരുടെ ചിത്രങ്ങള്‍ രഹസ്യങ്ങള്‍ സംവദിക്കുന്നവയായിരുന്നില്ല. മറിച്ച്, പുഷ്പങ്ങളുടെ വിരിച്ചിട്ട കാതല്‍ മാത്രം. പെറ്റൂനിയച്ചിത്രത്തിന്‍റെ വിശദവര്‍ണ്ണനയിലൂടെ പുഷ്പങ്ങള്‍ക്കുള്ളിലേക്ക് ഊളയിട്ടുപോകുന്ന നിഷ്കളങ്കയായ കാമുകിയായി മാറുകയായിരുന്നു ഒക്കീഫ്. അതിലൂടെ ആ പൂക്കള്‍ക്കുള്ളിലെ പ്രത്യുല്പാദനവ്യവസ്ഥകളെയും സ്ത്രീപുരുഷാംഗഭേദങ്ങളെയും വിസ്തരിച്ചവതരിപ്പിക്കുകയുമായിരുന്നു അവര്‍. എന്നാല്‍ ശാസ്ത്രീയവര്‍ണ്ണന എന്നതില്‍നിന്നെത്രയോ അകലെ നിന്നുകൊണ്ട്, തീവ്രവൈകാരികത കൂടി ചാലിച്ചെടുത്തായിരുന്നു ആ ചിത്രങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെട്ടത്.

പെറ്റൂനിയകളെ വരച്ചപോലെ ലില്ലി, കാന, ഐറിസ് എന്നിങ്ങനെ നിരവധി പുഷ്പങ്ങള്‍ കൂടി അവര്‍ക്ക് വിഷയമായി ഭാവിച്ചു. അക്കൂട്ടത്തില്‍ ‘പൌരസ്ത്യ പോപ്പി’ എന്ന ചിത്രം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. അത്ഭുതാവഹമായ സര്‍ഗ്ഗചാരുത പേറുന്ന ആ ചിത്രത്തെ ഒക്കീഫിന്‍റെ മാസ്റ്റര്‍പീസ്‌ എന്നുതന്നെ കരുതാം. രണ്ടു വമ്പന്‍ പോപ്പി പുഷ്പങ്ങളാണതില്‍. താരതമ്യേന വലിയൊരു കാന്‍വാസിലാണ് വര്‍ണ്ണോജ്ജ്വലമായ ഈ ചിത്രം തീര്‍ത്തിരിക്കുന്നത്. ആ നയനഹാരിത നമ്മെ ഒട്ടൊന്നു വിസ്മയിപ്പിച്ചുകളയും. സായാഹ്നശോണിമയും പിംഗലനിറവും ചേര്‍ന്നൊരു അതിശയമേളനം. ഇതള്‍മധ്യമാണെങ്കില്‍ നീലലോഹിതവും. അതില്‍ പോപ്പിപുഷ്പത്തിന്‍റെ ആന്തരികവിന്യാസങ്ങള്‍ തെളിഞ്ഞുകാണാം. അതിമനോഹരമായി ചായം ചാര്‍ത്തിയിരിക്കുന്ന ആ ദലങ്ങളിലെ ജൈവതരളിത അതിവിശേഷമെന്നേ പറയാനാവൂ. അത്രമാത്രം വര്‍ണ്ണനൈപുണ്യം ഒക്കീഫ് ഈ പോപ്പിയുടെ ദലകല്പനയില്‍ ചാലിച്ചുചേര്‍ത്തിട്ടുണ്ട്. അതിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന ഒരൊ പ്രേക്ഷകനും അതില്‍  ഭ്രമിച്ചുവശമാകാതെ വയ്യ.

oriental-poppies

സത്യം പറഞ്ഞാൽ, പൗരസ്ത്യ പോപ്പിയെ കണ്ടാൽ ഒരു ക്ലോസപ്പ് ഫോട്ടൊഗ്രാഫ് ആണെന്നേ തോന്നൂ. ചിത്രത്തിന്റെ പശ്ചാത്തലത്തിലാണെങ്കിൽ ഒന്നുമില്ലതാനും. ആ സുന്ദരസൂനത്തിനപ്പുറത്തേക്കൊരു പ്രേക്ഷകശ്രദ്ധ വേണ്ടെന്നു തന്നേയാണ്  ഒക്കീഫ് നിശ്ചയിച്ചിരിക്കുന്നത് എന്നുതോന്നും. ഇതിനെക്കുറിച്ചൊരിക്കൽ ആരോ ഇങ്ങനെ പറയുകയുണ്ടായി: തികച്ചും സംശുദ്ധമായ അമൂർത്തതയാണ് ഒക്കീഫ് പശ്ചാത്തലത്തിന്‍റെ അഭാവത്തിലൂടെ ഉദ്ദേശിക്കുന്നത്  എന്ന്. അങ്ങനെ പൂക്കളുടെ അമൂർത്തസൗന്ദര്യം അപ്പാടെ, തെളിമയോടെ, ലോകത്തിനു വേണ്ടി തുറന്നിടുകയായിരുന്നു അവർ.

പക്ഷെ, നേരത്തെ പറഞ്ഞതുപോലെ, ഒക്കീഫ് മനസ്സിൽപ്പോലും കാണാത്തതായിരുന്നു ലോകം കണ്ടത്. ആ മനോജ്ഞരൂപങ്ങൾ സ്ത്രൈണാംഗങ്ങളായി സങ്കല്പിക്കപ്പെട്ടു. പുഷ്പദലങ്ങൾ യോനിദലങ്ങളായും. ഒക്കീഫിന്റെ ചിത്രങ്ങൾ പൊടുന്നനെ  യോനീപ്രതീകങ്ങളുടെ ആവർത്തനങ്ങളായി  മാറി. പ്രേക്ഷക മനസ്സുകളുടെ അത്തരത്തിലുള്ള   പക്ഷപാതപരമായ മാറ്റം തന്നെ അമ്പരപ്പിച്ചുവെന്ന് അവർ പിന്നീട് ഒട്ടൊരു വേദനയോടെ പറഞ്ഞിട്ടുണ്ട്.

എത്രയൊക്കെ നിഷേധിച്ചിട്ടും ഒക്കീഫ് പുഷപങ്ങൾക്ക്  കാമാതുരതയിലൂന്നിയുള്ള  വ്യാഖ്യാനങ്ങൾ മാത്രം ബാക്കിയായി. ബോർഷാർദ് ഹ്യൂം എന്ന ആസ്വാദകൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഈ ഇരുപതാം നൂറ്റാണ്ടിൽ പുരുഷ ചിത്രകാരന്മാരന്മാരുടെ ചിത്രങ്ങളേയെല്ലാം  വിവിധതലങ്ങളിലും മാനങ്ങളിലും പണ്ഡിതരും പ്രേക്ഷകരും വായിച്ചപ്പോൾ, സ്ത്രീയായ ഒക്കീഫിനെ വായിക്കാൻ ഒരേയൊരു പരിപ്രേക്ഷ്യം മാത്രമാണ് ഈ പുരുഷാധിപത്യലോകം തീർത്തത്.” എത്ര ശരി!
ദൗർഭാഗ്യവശാൽ ആ ഫ്രോയ്ഡിയൻ ചിന്തകൾക്ക് തുടക്കമിട്ടത് 1920 കളിൽ അവരുടെ ഭാവിഭർത്താവായ സ്റ്റീഗ്ലിറ്റ്സ് തന്നെയായിരുന്നു. ഈ ഉത്തരാധുനികകാലത്തെങ്കിലും ഈ പഴഞ്ചൻ ലിംഗവ്യാഖ്യാനങ്ങൾക്ക് അറുതിവരണേയെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചുപോവുകയാണ്. ലിംഗതാരതമ്യങ്ങൾക്കെല്ലാം അതീതയായ ആ മഹദ്കലാകാരിയ്ക്കുവേണ്ടി നമുക്ക് അതെങ്കിലും ചെയ്യാം.

ഒക്കീഫിനെ പൂർണ്ണമായി മനസ്സിലാക്കാനായി അവരുടെ പുഷ്പങ്ങൾക്കു പുറത്തുള്ള ചിത്രലോകത്തെക്കൂടി നമുക്കു പരിചയപ്പെടേണ്ടതുണ്ട്.

അതിലൊന്നാണ് ‘ഹരിതനീലസംഗീതം’.  സംഗീതം ഒരു ദൃശ്യഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ ലഭിക്കുന്ന വർണ്ണരാജിയായി വേണമെങ്കിൽ ഈ ചിത്രത്തെ കണക്കാക്കാം.

blue-green-music-okeefe-1

ഹരിതനീലസംഗീതം, താളം, ചലനം, നിറം, ആഴം, രൂപം എന്നിവ ഇഴചേർന്ന ഒരു കൃതിയാണെന്നു വിദഗ്ദ്ധർ പറയുന്നു. ഒക്കീഫ് സ്വന്തം മനസ്സിന്റെ സംഗീതവാതായനം മലർക്കെ തുറന്നിട്ടതാവാനും മതി.ലോലവർണ്ണങ്ങളുടെ ഒരു മേളനം എന്നും തോന്നാം. എന്തുതന്നേയായാലും, വളരെ നിർഭയമായ ഒരു തുറന്നുപറച്ചിൽ കൂടിയാണത്. വർണ്ണഛവികൾ അലിഞ്ഞലിഞ്ഞ് മറ്റൊന്നായി മാറുകയും മോഹനതരംഗങ്ങളായി പടരുകയും ചേരുകയും വീണ്ടും വിടരുകയും ചെയ്ത്, ഒരു നൃത്താവിഷ്കാരമെന്നോണം നമുക്കു മുന്നിൽ അവതരിക്കുകയാണിവിടെ. അതിന്റെ തെളിമയും ഗരിമയും കാഴ്ചക്കാരന്റെ മനസ്സിൽ കുളിർമ്മയും അനുഭൂതിയും സൃഷ്ടിക്കുന്നു. സംഗീതത്തിന്റെ തനതു രീതിയിലാണിവിടെ വർണ്ണതരംഗങ്ങൾ സ്വഛമായി വിഹരിക്കുന്നത്. ഒക്കീഫിന്റെ വാക്കുകളിൽ പറഞ്ഞാൽ ഒരു നയനഭാഷ തന്നെ.സംഗീതം എല്ലാ കലാസാഹിത്യശാഖകളിലൂടേയും പുനർജ്ജനിക്കണമെന്ന് അവർക്ക് നിർബ്ബന്ധമായിരുന്നു. എന്തിന്, ആ ചിത്രത്തിൽ നിന്നും ശ്രുതി ശബ്ദം വരെ കേൾക്കാമായിരുന്നുവത്രെ. സംഗീതം മനസ്സിനെ പുണരുമ്പോൾ സംഭവിക്കുന്ന അതേ ആത്മഹർഷം തന്നെ താൻ തീർക്കുന്ന നിറക്കൂട്ടുകൾക്കുമുണ്ടാവണമെന്ന് ഒക്കീഫ് ആഗ്രഹിച്ചു. അതിൽ കവിഞ്ഞൊരു നിർവൃതിയുമില്ലായിരുന്നു. തികച്ചും സ്ത്രൈണമായ വികാരപാരമ്യതയെന്നു പറഞ്ഞാൽ തെറ്റില്ല. അല്ലെങ്കിലും, മൃദുസംഗീതത്തോളം സ്ത്രൈണമായി മറ്റെന്തുണ്ട്?
ഇവിടെ ഇളംനീലനിറം ഭാസുരിയും, കടുംനീല തംബുരുവും, കൂടുതൽ ഇരുണ്ട നീല കിന്നരപ്പെട്ടിയുമായൊക്കെ മാറുന്നു. പശ്ചാത്തലത്തിൽ ഹരിത താളവും. കാഴ്ചക്കാരനോ, ആ ദൃശ്യസ്വരലയത്തിൽ മയങ്ങിമയങ്ങി, കാറ്റിലാടിപ്പറന്ന് സാന്ദ്രസുന്ദരഗീതമായും പരിണമിക്കുന്നു. എത്ര ഉദാത്തം ഈ വർണ്ണസംഗീതം!

ചിത്രങ്ങളുടെ സാങ്കേതികവശങ്ങള്‍:

പേര് പൌരസ്ത്യ പോപ്പികൾ ഹരിതനീലസംഗീതം
ചിത്രകാരന്‍ ജോര്‍ജിയ ഒക്കീഫ് ജോര്‍ജിയ ഒക്കീഫ്
വര്‍ഷം 1928 1921
മാധ്യമം കാന്‍വാസിലെ

എണ്ണച്ചായം

കാന്‍വാസിലെ

എണ്ണച്ചായം

വലിപ്പം 76.2 × 101.6 cm (30 × 40 in.)

 

58.4 x 48.3 cm (23 x 18 in.)
ശൈലി പ്രിസിഷനിസം അബ്സ്റ്റ്രാക്ഷനിസം
സൂക്ഷിച്ചിരിക്കുന്ന

സ്ഥലം

ആട്ട് മ്യൂസിയം, മിന്നസോട്ട ചിക്കാഗോ ആട്ട് ഇസ്റ്റിറ്റ്യൂട്ട്

 

Comments

comments