കേരളാ ബുഫെ (വറുത്തരച്ച ചരിത്രത്തോടൊപ്പം): ഭാഗം -6

ദ്വാപരയുഗത്തിലാണ് അവിയൽ ഉണ്ടായതായി പറയപ്പെടുന്നത്. വെള്ളിനേഴി പഞ്ചായത്ത് ഭൂമിശാസ്ത്രപരമായി അന്നും നിലവിലുണ്ടായിരുന്നെങ്കിലും കഥകളി കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു എന്നതുകൊണ്ട് കലാമണ്ഡലത്തിലെ ഫയലുകൾ പരിശോധിക്കുക വഴി ഇക്കാര്യത്തിൽ ഒരു തീർപ്പുപറയുക സാദ്ധ്യമല്ല. പാണ്ഡവരുടെ അജ്ഞാതവാസകാലത്ത് വിരാടരാജധാനിയിൽ പ്രച്ഛന്നരായി കഴിഞ്ഞുകൂടിയിരുന്ന പാണ്ഡവരിൽ ഭക്ഷ്യപ്രിയനായിരുന്ന ഭീമസേനൻ മഗധയിൽ നിന്നോ (ഇപ്പോഴത്തെബിഹാർ) ഫ്രാൻസിസ് ഇട്ടിക്കോരക്കും ഒരു യുഗം മുമ്പുള്ള കുന്നംകുളത്തു നിന്നോ മുദ്രണം ചെയ്ത വലലൻ എന്ന പേരിൽ സംഘടിപ്പിച്ച വ്യാജകാറ്ററിംഗ് ഡിപ്ലോമാ സർട്ടിഫിക്കറ്റ് വഴി പാചകക്കാരനായി ജോലിയിൽ ചേർന്നപ്പോൾ നടത്തിയ ഒരു പാചകസാഹസമാണ് അവിയലായി കലാശിച്ചത് എന്നാണ് ഒരു കഥ. അങ്ങനെയല്ല, സാമ്പത്തികമാന്ദ്യവും ത്രിഗർത്തന്മാരിൽ നിന്ന് യുദ്ധഭീഷണിയും നേരിട്ടിരുന്ന വിരാടരാജ്യത്തെ ചെലവുചുരുക്കൽ പദ്ധതിയിൽ നേരിട്ടിടപെട്ടിരുന്ന രാജാവ് കുശിനി സന്ദർശിച്ച് അവശിഷ്ടമായി തള്ളിയിരുന്ന പച്ചക്കറികൾ ഉപയോഗിക്കാൻ നിർദേശിച്ചതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറായ ഒരു വിഭവമാണ് അവിയൽ എന്നും ഒരു ഭാഷ്യമുണ്ട്. അവിയലിന്റെ ഒരുവിധ വകഭേദങ്ങളും ഇന്ദ്രപ്രസ്ഥത്തിന്റെ പരിസരങ്ങളിലോ വിന്ധ്യനും സഹ്യപർവതത്തിനും ഇടക്കുള്ള പ്രദേശങ്ങളിലോ അതിനു വടക്കോ ഒന്നും നിലവിലില്ല എന്നതുകൊണ്ട് പൂർണമായും കേരളീയമായ ഒരു വിഭവമാണ് അവിയൽ എന്ന വാദവും പ്രാബല്യത്തിലുണ്ട്. ഭാവിയിൽ മന്നത്ത് പത്മനാഭൻ ജനിക്കാനിടയുണ്ടെന്നോ നായർ സർവീസ് സൊസൈറ്റിക്ക് ഇത്രയും ആസ്തിയുണ്ടാവുമെന്നോ ഒന്നും കരുതാത്ത, കുഞ്ചൻ നമ്പ്യാരാൽ അതികഠിനമായ കളിയാക്കലിനു വിധേയരായിരുന്ന നായന്മാരിൽ അതിപിശുക്കനായ ഒരു നായർ ദേഹണ്ണത്തിൽ ബാക്കിയായ പച്ചക്കറിത്തുണ്ടുകൾ കണ്ട് ശുണ്ഠി പിടിച്ച് ഉണ്ടാക്കിയെടുപ്പിച്ചതാണ് ആദ്യത്തെ അവിയൽ എന്നതാണ് ഏറ്റവും വിശ്വസനീയമായ സങ്കല്പം.n-a-c-1

സങ്കല്പങ്ങൾ എന്തുതന്നെയായാലും രണ്ട് കാലഘട്ടങ്ങളായി അവിയലിന്റെ ചരിത്രം വേർതിരിക്കപ്പെടേണ്ടതുണ്ട്. പൊതുവേ പീതവർണത്തോട് ആഭിമുഖ്യം പുലർത്തുന്ന അവിയലിൽ കുങ്കുമനിറത്തിലുള്ള കാരറ്റ് കഷ്ണമായി കാണപ്പെട്ടു തുടങ്ങിയ ഒരു കാലത്തെ അടിസ്ഥാനപ്പെടുത്തിയാണ് അത്. കാരറ്റിനുമു മ്പ് (Before Carrot-BC) കാരറ്റിനുശേഷം (AC-After Carrot) എന്ന രീതിയിൽ കൃത്യമായി അവിയൽ ചരിത്രം വേർതിരിക്കപ്പെടാവുന്നതാണ്. അവിയലിന്റെ പ്രഭവസ്ഥാനം എവിടെയായിരുന്നാലും തുഞ്ചത്തെഴുത്തച്ഛൻ മുതലുള്ള ഭാഷാകവികൾ പരാമർശിച്ചിട്ടുള്ള പച്ചക്കറികൾ ഉപയോഗിച്ചേ ആദ്യകാലങ്ങളിൽ അവിയൽ ഉദ്പാദിപ്പിച്ചു പോന്നിട്ടുള്ളൂ. വെള്ളരി, പടവലം, മത്തൻ, ചേന, കുമ്പളങ്ങ, പയർ, മുരിങ്ങക്ക എന്നൊക്കെ മലയാളകാവ്യവൃത്തങ്ങളിൽ ചേർന്നുപോകാവുന്ന പച്ചക്കറികളാണു പൊതുവെ അവിയലിൽ ചേർക്കാൻ യോഗ്യമായി കരുതപ്പെട്ടിട്ടുള്ളത്. ഛന്ദസ്സിനോട് ചേർച്ചയുള്ളതെങ്കിലും പച്ചനിറത്തിൽ നല്ല കയ്പ്പുള്ള കയ്പക്ക (അഥവാ അത്ര പാവമൊന്നുമല്ലാത്ത പാവയ്ക്ക) അവിയലിൽ മുറിച്ചിടാമോ എന്നതുപോലും പച്ചനിറത്തിലുള്ള മുസ്ലീംലീഗിനെ മുന്നണിയിലെടുക്കേണ്ടതുണ്ടോ എന്നത് ഐക്യകേരളരാഷ്ട്രീയത്തിലെ ആദ്യത്തെ അവിയൽ മുന്നണികളിൽ ഉണ്ടാക്കിയ സന്ദേഹം പോലെ വിഷമകരമായ ഒരു തീരുമാനമായിരിക്കെ, തീർത്തും പരദേശിയായ കാരറ്റ് അവിയലിൽ കഷ്ണമായിത്തീർന്നത് കാര്യമായ എതിർപ്പുകളൊന്നും നേരിടാതെയായിരുന്നു എന്നത് അത്ഭുതകരമാണ്.

അതു മാത്രമല്ല അലർമേൽവള്ളിയുടെ കൃശഗാത്രത്തോട് ചേർന്ന് നൃത്തലാസ്യത്തിൽ പിണഞ്ഞുനിൽക്കുന്ന കരാംഗുലമുദ്രകളെന്നപോലെയുള്ള ഇളവൻ-വെള്ളരിക്കാക്കഷണങ്ങൾക്കിടയിൽ (ഒരു നേരമ്പോക്കിനു കടിച്ചുവലിക്കാവുന്ന മുരിങ്ങക്കായ് ഒഴിച്ചു നിർത്തിയാൽ) ശാഖയ്ക്ക് പോകുന്ന പഴയ ആറെസ്സെസ്സുകാരന്റെ ട്രൗസർ നിൽക്കുന്നതു പോലെ കാരറ്റുകഷ്ണങ്ങൾ കുങ്കുമപതാകയേന്തി അറ്റൻഷനായി നിൽക്കുന്നത് സ്വല്പം അലോസരമുണ്ടാക്കുന്നുണ്ട്.  കാരറ്റ് തീർത്തും യൂറോപ്യനാണ്. തെക്കുപടിഞ്ഞാറൻ ഏഷ്യ വഴി പടർന്നെങ്കിലും യൂറോപ്പിലെ ക്രിസ്മസ് മഞ്ഞുമനുഷ്യന്മാരുടെ മൂക്കാവുക വഴി വെളുത്തമനുഷ്യരുടെ ജീവിതവുമായി കാരറ്റ് അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു.

ജീവിതം എന്നാൽ എന്താണെന്ന് നീയെന്നോട് ചോദിക്കുന്നത് കാരറ്റ് എന്നാൽ എന്താണെന്ന് ചോദിക്കുന്നതു പോലെയാണ്. ഒരു കാരറ്റെന്നാൽ കാരറ്റാണ് എന്നതിൽ ക്കൂടുതൽ ഒന്നും തന്നെ നമുക്ക് കാരറ്റിനെക്കുറിച്ചറിയില്ല” എന്ന് വിശ്രുതനായ നാടകകൃത്ത് ആന്റൺ ചെക്കോവ് തന്റെ ഭാര്യ ഓൾഗക്കയച്ച കത്തിൽ കാരറ്റിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. എന്നാൽ വേദങ്ങളിലോ ഹൈന്ദവപുരാണങ്ങളിലോ സംഘകാല കൃതികളിലോ എന്നതു പോകട്ടെ സരോജിനിയുടെ കടുംകൈ, കവളപ്പാറ കൊമ്പൻ മുതലായ ആദ്യകാല മലയാളസാഹിത്യത്തിൽ പോലും കാരറ്റ് എന്ന പച്ചക്കറി പരാമർശിക്കപ്പെട്ടിട്ടില്ല. തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ കാരറ്റ് കൃഷി ഉണ്ടായിരുന്നെങ്കിലും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരളസംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഏറ്റവും പ്രിയങ്കരനായ ദേഹണ്ണക്കാരനായ പഴേടം മോഹനൻ നമ്പൂതിരി ഇന്നേവരെ അവിയലിൽ കാരറ്റ് അരിഞ്ഞിട്ടിട്ടില്ല. കീഴാളനായ പടവലത്തെ അവിയൽകഷ്ണമായി അംഗീകരിക്കാനുള്ള പുരോഗമന നമ്പൂരി മനസ്സുള്ള അദ്ദേഹം ഈ വിഭവത്തിന്റെ പൊതുരുചിയിൽ ചേർന്നു നിൽക്കുന്ന ഒന്നല്ല കാരറ്റ് എന്ന്മനസ്സിലാക്കിയിട്ടുണ്ടാവണം.n-a-e-1

ഒരു കൂട്ടുകക്ഷിമുന്നണിയിൽ ഒന്നിച്ചുചേർന്നു പ്രവർത്തിക്കാൻ തയ്യാറുള്ള പച്ചക്കറികൾ ചേർന്ന് ഉണ്ടാക്കുന്ന തികച്ചും കേരളീയമായ അവിയലിന്റെ കാര്യമെടുക്കുക. കഴിവതും ഒരേ വലിപ്പത്തിലുള്ള അതല്ലെങ്കിൽ സ്വന്തം ഘനസാന്ദ്രതക്കനുസരിച്ച ഏറ്റവും അനുയോജ്യമായ വ്യാപ്തത്തിൽ കാഴ്ചക്ക് ചേർച്ചയില്ലായ്മ തോന്നിക്കാത്ത കഷണങ്ങളായി ഒന്നിച്ചു ചേർന്ന് മഞ്ഞൾപ്പൊടിയും (മഞ്ഞൾപ്പൊടി ചേർക്കാതെയും അവിയൽ അവിയലാവുമെങ്കിലും) ഉപ്പും ചേർത്ത് വേവുന്ന കഷ്ണങ്ങൾ പിന്നീട് സ്വന്തം സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറക്കാതെതന്നെ ഒരു പൊതുരുചിയുടെ ഭാഗമായി പ്രവർത്തിക്കാൻ സന്നദ്ധരാവുന്നു എന്ന് നമുക്ക് കാണാവുന്നതാണ്. നാളികേരവും പച്ചമുളകും ചതച്ചിട്ടശേഷം തൈരൊഴിക്കണോ, തൈരൊഴിച്ച ശേഷം നാളികേരവും പച്ചമുളകും ചതച്ചിടണോ, തൈരിനു പകരം പുളി എന്ന പൊതുവികാരത്തിലെത്താൻ നല്ല ചുണയുള്ള പച്ചമാങ്ങ മുറിച്ചിട്ടാൽ മതിയാവുമോ, ചുവന്നുള്ളി ചതച്ചിടാമോ എന്നൊക്കെയുള്ളവിഷയങ്ങൾ പ്രാദേശികമായ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിൽ ധാരണയിലെത്തുകയാണു പതിവ്. മുന്നണിസംവിധാനം കേരളരാഷ്ട്രീയത്തിൽ ആദ്യമായി പരീക്ഷിച്ചത് ശ്രീ. പട്ടം താണുപിള്ളയാണെങ്കിലും അവിയലിന്റെ രാഷ്ട്രീയം കൃത്യമായി വായിച്ചെടുത്ത പ്രയോക്താവ് കേരളരാഷ്ട്രീയത്തിൽ ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. രാഷ്ട്രീയപാഠാവലിയിൽ ഇ.എം.എസ് വിക്കിവിക്കിപ്പറഞ്ഞിട്ടുള്ള കാര്യങ്ങളാണു കേരളരാഷ്ട്രീയത്തിന്റെ ഒരുകാലത്തെ വിക്കിപ്പീഡിയ. ഇനി ഇന്ത്യൻ രാഷ്ട്രീയത്തിനും കേരളത്തിന്റെ അവിയൽമാതൃക പിന്തുടരുകയേ നിവൃത്തിയുള്ളൂ എന്ന് ഇ.എം.എസ് പറഞ്ഞത് ഏലങ്കുളംമനക്കൽനിന്ന് കാട്ടുമാടത്തേക്ക് മന്ത്രവാദത്തിനു ക്വട്ടേഷൻ പോയിട്ടാണോ എന്നറിയില്ല. അത് പിന്നീട് അച്ചട്ടായിത്തീരുകയണ് ഉണ്ടായത്.

കഷ്ണമെന്തുതന്നെയായാലും അവിയലിനെ വിവക്ഷിക്കാവുന്ന ഒരു വർണം മഞ്ഞയാണ്. മഞ്ഞൾപ്പൊടി ചേർത്തില്ലെങ്കിലും അവിയലിൽ അല്പം പീതവർണമുണ്ട്. മഞ്ഞയുടെ കടുപ്പം കൂടുന്നതാവട്ടെ മഞ്ഞൾപ്പൊടിയുടെ ചേർപ്പുകൊണ്ട്മാത്രമാണ്.  എൻഡ്രിൻ പരാമർ മുതൽ എൻഡോസൾഫാൻ വരെയുള്ള പല തലമുറകളിൽപ്പെട്ട കീടനാശിനികളുടെ കാളിയവിഷ സ്പർശങ്ങളുമായി വരുന്ന പച്ചക്കറികളിൽ സുഗതകുമാരിട്ടീച്ചറേയോ ആ പീതാംബരധാരിയേയോ സ്മരിച്ചുകൊണ്ട്  അത്താളത്തിലുടഞ്ഞു തകർന്നെൻ ദുഷ്കൃതമെല്ലാമകലട്ടെ” എന്ന് കാളിയമർദ്ദനം രണ്ടുവരി ചൊല്ലിതൂവിയിടേണ്ട അല്പമാത്രസാന്നിദ്ധ്യമായ മഞ്ഞളിനെ സ്വത്വരാഷ്ട്രീയവുമായി ബന്ധിപ്പിച്ചുകൊണ്ടെന്ന വ്യാജേന അവിയലിൽ മഞ്ഞൾ ഒരു കഷ്ണമാവേണ്ടതുണ്ട് എന്ന ഒരു പ്രചരണം വെള്ളാപ്പള്ളി നടേശന്റെ എസ്.എൻ.ഡി.പി യോഗത്തിനകത്ത് കടത്തിയത് കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൽ ഉണ്ടാക്കിയിട്ടുള്ള അരുചി പരാമർശിക്കാതിരിക്കാനാവില്ല. സാമുദായിക ദുഷ്ചിന്തകളാൽ വിഷലിപ്തമായ കേരളത്തെ ശുദ്ധീകരിക്കുന്നതിനായി നടത്തിയ “നമുക്ക് ജാതിയില്ല” എന്ന നാരായണഗുരുവിന്റെ വിളംബരത്തെ ഏറ്റവും അസന്നിഗ്ധമായി വെളിപ്പെടുത്തുന്ന വിഭവമായഅവിയൽ പെട്ടെന്ന് ഒരു ആശയക്കുഴപ്പത്തിന്റെകൂടി പ്രതീകമാവുകയാണ് ഉണ്ടായത്.

ഗുരുകണ്ണാടിതന്നു

കാഴ്ചതന്നു

നോട്ടം ഞാനുടച്ചു കളഞ്ഞു”

എന്ന്കെ.ജി.എസ് കവിതയിൽ പറഞ്ഞതുപോലെ ഒരു ഏറ്റുപറച്ചിൽ ശ്രീ.വെള്ളാപ്പള്ളിനടേശൻ അരുവിപ്പുറത്തു നടത്തുക എന്നതാണു കേരളത്തിലെ അവിയൽപ്രേമികളുടെ സുന്ദരമായ നടക്കാത്ത സ്വപ്നം. കേരളത്തിൽ മഞ്ഞ രാഷ്ട്രീയം ഉപയോഗിക്കാനുള്ള ഉത്തരേന്ത്യൻ വരേണ്യബാബുമാരുടെ നീക്കം കേരളത്തിലെ നദീതടസംസ്കാരങ്ങളോട് ചേർന്ന് നടക്കുന്ന ബലിതർപ്പണ വ്യവസായമേഖലയിൽ ചന്ദനത്തിനു പകരം മഞ്ഞൾക്കഷണമുപയോഗിക്കുന്ന തരത്തിൽപെട്ട ഒരു പ്രായോഗികബുദ്ധി മാത്രമാണെന്നതാണു സത്യം.n-a-v-1 ചന്ദനത്തിനു പകരം കല്ലിലിട്ടുരക്കുന്നു എന്നതുകൊണ്ട് ഈ ചതുർവേദിമാരും ആചാര്യമാരും പാണ്ഡേമാരും മിശ്രമാരുമൊക്കെ മഞ്ഞൾക്കഷണത്തെ ചന്ദനമായി എക്കാലവും കരുതുമെന്ന് ശ്രീമാൻ വെള്ളാപ്പള്ളി ധരിച്ചുവശാവാതിരുന്നാൽ നന്ന്. വിഷഹാരിയായ ഏറ്റവും വിശ്വസ്തതമായ ജൈവഔഷധം എന്നനിലയിൽ ആയുർവേദത്തിൽ മഞ്ഞളിനുള്ള പ്രാമുഖ്യം തന്നെയാണു ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനായി സ്ഥാപിക്കപ്പെട്ട ധർമപരിപാലനസംഘത്തിനു കേരളസമൂഹത്തിൽ ഉള്ളത് എന്നത് തന്റേടത്തോടെയും അഭിമാനത്തോടെയും ഓർക്കേണ്ട സമയമാണ് ഇത്. ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്റെ നിലപാടുകൾ കേരളത്തിലെ മുന്നണിരാഷ്ട്രീയത്തിൽ എത്രത്തോളം പ്രസക്തമാണെന്നതും അദ്ദേഹത്തിന്റെ മകൻ ശ്രീ. മിഥുൻ അവിയൽബാൻഡിന്റെ താളമെന്ന നിലയിൽ വഹിക്കുന്ന പങ്കെന്തെന്നും പരസ്പരം ബന്ധമുള്ളവരെ സംബന്ധിച്ച വെവ്വേറെ വിഷയങ്ങളാണ് എന്നതുപോലെത്തന്നെ ശ്രീനാരായണ ധർമ്മപരിപാലനസംഘത്തിന്റെ സാമൂഹ്യമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതും ആ സമൂഹം രാഷ്ട്രീയമായി പ്രതികരിക്കേണ്ടതെങ്ങനെ എന്ന് നിശ്ചയിക്കുന്നതും വെവ്വേറെ വിഷയങ്ങളാണ്. എഴുപതുകളിലേയും എൺപതുകളിലേയും ഓൾഡ് മങ്ക് പീതസായന്തനങ്ങളിൽ വാളുവെച്ചു തീർന്നെന്നുകരുതിയ മലയാളകവിത രണ്ടായിരത്തിപ്പതിനാറിലെ ഫേസ്ബുക്ക് വാളുകളിൽ പീതപുഷ്പങ്ങളായി പൂമരച്ചുവടുകളിൽ പൊഴിഞ്ഞുവീഴുമ്പോൾ അത് പെറുക്കിയെടുത്ത് ആഘോഷിക്കുന്ന ശരാശരി മലയാളിക്ക് പൊങ്കാലയിടാൻ വെച്ചുകൊടുക്കേണ്ട ഒന്നല്ല പീതവസ്ത്രധാരികളായ സന്നദ്ധസേവകർ ഗുരുവിന്റെ ആദർശങ്ങളെ പിന്തുടർന്നുകൊണ്ട് കൊണ്ടുനടക്കേണ്ട ഒരു പ്രസ്ഥാനം.

എന്തു തന്നെയായാലും അവിയലിൽ കാരറ്റ് കഷ്ണമായി മുറിച്ചിടുന്നത് തീർത്തും അസ്വാഭാവികമായ ഒരു സംഗതിയാണ് എന്നാണു ചുരുക്കിപ്പറയാനുള്ളത്. കേരളാനിയമസഭയിൽ ശ്രീ. ഒ.രാജഗോപാൽ ഇരിക്കുന്നതുപോലെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാക്കുകയില്ലെങ്കിലും ശ്രീ. തുഷാർഗുരു എന്നൊക്കെ പറയുമ്പോൾ തോന്നാവുന്ന ഒരു ചേർച്ചയില്ലായ്മ അതിലുണ്ട്.

Comments

comments