സിനിമ ഗൗരവമുള്ള ഒരു കലാരൂപമായി വികസിക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള അന്വേഷണങ്ങളിൽ നിന്നും സൗന്ദര്യശാസ്ത്രചിന്തകളിൽ നിന്നുമാണ് ഫിലിം സൊസൈറ്റികൾ എന്ന ആശയം ജന്മമെടുത്തത്. പാരീസിൽ ജീവിച്ചിരുന്ന ഇറ്റാലിക്കാരനായ ചലച്ചിത്ര സൈദ്ധാന്തികൻ റിക്കിയോട്ടോ കനുഡോ (Ricciotto Canudo) ആണ് 1921 ൽ ലോകത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി രൂപീകരിച്ചതെന്ന് ദില്ലിയിലെ മുതിർന്ന പത്രപ്രവർത്തകനും ricciotto_canudoഫിലിംസൊസൈറ്റികളുടെ സഹൃത്തും ആയ വി.കെ. ചെറിയാന്റെ ‘The Rise and Decline of the Film Society Movement of India’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ബ്രിട്ടനിൽ 1925 ൽ ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും നേതൃത്വത്തിൽ ഒരു ഫിലിംക്ലബ്ബ് രൂപീകരിക്കപ്പെട്ടു. രാഷ്ട്രീയ കാരണങ്ങളാൽ പൊതു പ്രദർശനം അസാധ്യമായ ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പൊട്ടംകിൻ എന്ന റഷ്യൻ സിനിമയും മറ്റു ചില യൂറോപ്യൻ സിനിമകളും കാണാനുള്ള കൂട്ടായ്മയായാണ് ഈ ഫിലിം ക്ലബ്ബ് രൂപം കൊണ്ടത്. ബർണാഡ്ഷാ, എച്ച്.ജി. വെൽസ് തുടങ്ങിയവരൊക്കെ അതിന്റെ സ്ഥാപകാഗംങ്ങളായിരുന്നു. ഏഴ് യുവതി യുവാക്കളാണ് ഇത് രൂപീകരിച്ച് ഒരു കൗൺസിലുണ്ടാക്കി പ്രവർത്തിച്ചത്. പിൽക്കാലത്ത് ഹിച്ച്‌കോക്കുമായി ചേർന്ന് ചലച്ചിത്ര നിർമ്മാണ കമ്പനി രൂപീകരിച്ച സിഡ്‌നി ബേൺസ്റ്റീൻ (Sidney Bernisteen), ചലച്ചിത്ര നിരൂപകൻ ഐവർ മൊണ്ടാഗു (Iver Montagu), അഡ്രിയൻ ബ്രൂണെൽ (Adrien Brunel), ചലച്ചിത്ര നിരൂപക ഐറിസ് ബാരി (Iris Barry), അഭിനേതാവായിരുന്ന ഹഗ് മില്ലർ (Hug Miller),  ചലച്ചിത്ര നിരൂപകൻ വാൾട്ടർ മൈക്രോഫ്റ്റ് (Walter Microft), ഫ്രാങ്ക് ഡോബ്‌സൺ (Frank Dobson) എന്നിവരായിരുന്നു ഈ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിലുണ്ടായിരുന്നത്. കാലക്രമേണ യൂറോപ്പിലും ബ്രിട്ടനിലുമൊക്കെ ധാരാളം ഫിലിം സൊസൈറ്റികൾ രൂപം കൊണ്ടു. നല്ല സിനിമയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങളും സൈദ്ധാന്തിക പഠനങ്ങളും സംവാദങ്ങളും കൊണ്ട് ഈ പ്രസ്ഥാനം ചരിത്രത്തിലെ നിർണായക സ്വാധീനമായി മാറി. സിനിമ വെറും കച്ചവടച്ചരക്കല്ലെന്നും മാനവികതയുടെ ചരിത്രത്തെ പ്രകാശമാനമാക്കുന്ന കലാരൂപമാണെന്നും അത് മനുഷ്യരുടെ ചരിത്രത്തിലും സംസ്‌ക്കാരത്തിലും പ്രധാന ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക രൂപമാണെന്നുമുള്ള നിലപാടുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അത് നല്ല സിനിമയ്‌ക്കൊപ്പം യാത്ര ചെയ്തു. ഈ പ്രസ്ഥാനത്തിൽ നിന്ന് ചലച്ചിത്രകാരന്മാരും തിരക്കഥാകൃത്തുക്കളും നിരൂപകരും ഗവേഷകരും ബുദ്ധിജീവികളും ഉയർന്നു വന്നു.

ഇന്ത്യയിൽ 1937 ൽ ബോംബെയിൽ ഒരു ഫിലിംസൊസൈറ്റി ഉണ്ടായി. അതിന്റെ പ്രദർശനങ്ങൾക്ക് പതിനാലോ ഇരുപതോ ആളുകളാണുണ്ടായിരുന്നത്. പക്ഷേ അവർ സിനിമ കാണുകയും ചർച്ചകളും പഠനങ്ങളും നടത്തുകയും ചെയ്തുകൊണ്ട് നല്ല സിനിമയുടെ ആശയത്തെ വളർത്തിക്കൊണ്ടിരുന്നു. 1947 ഒക്‌ടോബർ 5 ന് കൽക്കത്ത കേന്ദ്രമാക്കി കൽക്കത്ത ഫിലിം സൊസൈറ്റി രൂപം കൊണ്ടു. സത്യജിത്‌റായി, ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയവരായിരുന്നു അതിന്റെ നേതൃനിരയിൽ പ്രവർത്തിച്ചത്. വാണിജ്യ സിനിമയുടെ പുറത്തുള്ള പുറമ്പോക്കുകളിലായിപ്പോയ മഹത്തായ ലോക സിനിമയുടെ പ്രദർശനവും ചർച്ചകളും പഠനങ്ങളും ആയിരുന്നു അവർ ലക്ഷ്യമിട്ടിരുന്നത്. സിനിമ ഒരു കലാരൂപമാണെന്നും അതിന് ദൃശ്യഭാഷയുടെ ഒരു പുതുവ്യാകരണം രൂപപ്പെടുന്നുണ്ടെന്നും മനസ്സിലാക്കിക്കൊണ്ട് കച്ചവടതാല്പര്യങ്ങളാൽ മലിനീകരിക്കപ്പെട്ടു പോകാത്ത സിനിമകളെ പ്രേക്ഷകർക്കും ചലച്ചിത്രകാരന്മാർക്കും പരിചയപ്പെടുത്തുന്ന ദൗത്യം എറ്റെടുക്കുകയാണ് ആ ചെറു സംഘം ചെയ്തത്.

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് മോചനം നേടിയ ഇന്ത്യ 1950 കളിൽ അതിന്റെ വികസനത്തിന്റെ പല  വഴികളും അന്വേഷിച്ചുതുടങ്ങുകയും നിരവധി സാസ്‌കാരിക സ്ഥാപനങ്ങൾ രൂപീകരിക്കുകയും ചെയ്തു തുടങ്ങിയിരുന്നു. അതു വരെ സിനിമയെ ഒരു വെറും മൂന്നാംകിട വിനോദോപാധിയായും തേവിടിശ്ശിക്കലയായും മാത്രമാണ് പൊതു സമൂഹം കണ്ടിരുന്നത്. ജവഹർലാൽ നെഹ്രുവിന്റെ പക്വതയാർന്ന മതേതര ജനാധിപത്യ ബോധത്തിന്റെയും സാംസ്‌കാരിക നിലപാടുകളുടെയും സ്വാധീനം കലാസാംസ്‌കാരിക സ്ഥാപനങ്ങളുടെ രൂപീകരണത്തിനും ദിശാബോധത്തിനും കാരണമായിരുന്ന കാലമാണത്. സിനിമാ വ്യവസായത്തിന്റെ നയരൂപീകരണത്തിനും നല്ല സിനിമ സംസ്‌ക്കാരം രൂപപ്പെടുന്നതിനു വേണ്ടിയുള്ള നയരൂപീകരണത്തിനും സഹായമാകുന്ന നിർദ്ദേശങ്ങൾ പഠിച്ച് സമർപ്പിക്കുന്നതിനായി 1951 ൽ നെഹ്രു ഒരു കമ്മിറ്റി രൂപീകരിച്ചു. എസ്.കെ. പാട്ടീൽ ചെയർമാനും, വി. ശാന്താറാം, ബി.എൽ.സിർക്കാർ എന്നിവർ അംഗങ്ങളും ആയുള്ള ഒരു കമ്മിറ്റിയായിരുന്നു അത്. ഈ കമ്മിറ്റിയുടെ സമഗ്രമായ റിപ്പോർട്ടിനും നിർദ്ദേശങ്ങൾക്കും ശേഷമാണ് ഇന്ത്യൻ ഭരണകൂടം സിനിമയെ ഒരു സാസ്‌ക്കാരിക ഉൽപ്പന്നവും കലാരൂപവും ആയി പരിഗണിച്ചത്. ഇതിന്റെ തുടർച്ചയായാണ് ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), പൂനയിൽ ആരംഭിച്ച നാഷണൽ ഫിലിം ആർക്കൈവ്‌സ് ഓഫ് ഇന്ത്യ (NFAI), ഫിലിം ഫൈനാൻസ് കോർപ്പറേഷൻ ((FFC), ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) തുടങ്ങിയവയൊക്കെ ആരംഭിക്കുന്നത്. 1952 ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് പ്രേക്ഷകർ അന്നുവരെ കാണാത്ത international_film_festival_of_india_official_logoലോകസിനിമകൾ കണ്ടു തുടങ്ങിയത്. അത് പുതിയ ഒരു കാഴ്ചാസംസ്‌ക്കാരത്തിലേയ്ക്കും  നല്ല സിനിമയെക്കുറിച്ചുള്ള ആഗ്രഹങ്ങളിലേക്കും പ്രതീക്ഷകളിലേയ്ക്കും ഒരു പുതിയ വാതിൽ തുറന്നു തന്നു. ഇതിൽ ചില സിനിമകളുമായി മദ്രാസ്, കൽക്കത്ത, ന്യൂദൽഹി എന്നിവിടങ്ങളിൽ അന്താഷ്ട്ര ചലച്ചിത്രമേളകൾ ആ വർഷം തന്നെ സംഘടിപ്പിക്കപ്പെട്ടു. അത് സാസംസ്‌കാരിക രംഗത്ത് പുതിയ ഉണർവ്വുണ്ടാക്കി. നെഹൃവിന്റെ സാംസ്‌ക്കാരിക നയത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി എന്നിവയൊക്കെ രൂപീകരിക്കപ്പെട്ടു. ഇതുപോലെ ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ അതൊരിക്കലും ഇന്നുവരെ പ്രാവർത്തികമാക്കിയില്ല. ഇന്ദിരാഗാന്ധിയുടെ കാലത്ത് നിയോഗിക്കപ്പെട്ട ശിവരാമകാരന്ത് കമ്മിറ്റിയും പലനിർദ്ദേശങ്ങളും മുമ്പോട്ട് 10168151_498107330311332_741511502_nവെച്ചതിനൊപ്പം ചലച്ചിത്ര അക്കാദമി എന്ന ആശയം വീണ്ടും ഉന്നയിച്ചിരുന്നു. പക്ഷേ അതും നടത്തിയില്ലെന്ന് നമുക്കറിയാം. ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നത് കേരളത്തിലാണ്. (1998 ൽ നായനാർ സർക്കാരിന്റെ കാലത്ത് സാംസ്‌ക്കാരിക വകുപ്പുമന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനാണ് ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നത്. കേരളത്തിലെ ഫിലിംസൊസൈറ്റി ഫെഡറേഷന്റെയും നല്ല സിനിമയെ സ്‌നേഹിക്കുന്നവരുടെയും നിരന്തര അഭ്യർത്ഥനകളെ മാനിച്ചാണ് ഈ തീരുമാനമെടുത്തത്) ബോംബെയിൽ നടന്ന ആദ്യത്തെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സ്വാധീനത്തിലും ആവേശത്തിലുമാണ് ഇന്ത്യയിൽ നവതരംഗ സിനിമ ആരംഭിക്കുന്നത്. പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ വിട്ടോറിയ ഡിസീക്കയുടെ ‘ബൈസിക്കിൾ തീവ്‌സ്’ എന്ന ക്ലാസിക് സിനിമ, ഈ mv5bodyznjnindytndy3yi00yzexltkznzutzgy3mdm5ntgxzwu3xkeyxkfqcgdeqxvyndi3njcxmda-_v1_uy1200_cr7106301200_al_ഫെസ്റ്റിവലിലുണ്ടായിരുന്നു. ആ സ്വാധീനത്തിൽ നിന്നാണ് ബിമൽറോയിയുടെ ‘ദോ ബിക്കാ സമീ‘ പോലുള്ള യഥാതഥ സിനിമകളുടെ (Realistic Cinema) പിറവി. 1955 ൽ സത്യജിത്‌റായിയുടെ ‘പഥേർപാഞ്ചാലി’ ഇന്ത്യയിലും വിദേശത്തും വൻ സ്വീകാര്യത നേടി. ഫിലിം സൊസൈറ്റികളുടെ വളരെ ചുരുങ്ങിയ പ്രേക്ഷകരും പ്രവർത്തകരും ആവേശഭരിതരായി. ഈ സമയത്താണ് ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ആശയപരമായ അടിത്തറയും ഊർജ്ജവും സമ്മാനിച്ച മേരി സെറ്റൺ (Marie Seton) നെഹൃവിന്റെയും വി.കെ. കൃഷ്ണമേനോന്റെയും അഭ്യർത്ഥന മാനിച്ച് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തുന്നത്. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ പല ഇന്ത്യൻ നഗരങ്ങളിലും ഫിലിം സൊസൈറ്റികൾക്കുവേണ്ടി ചലച്ചിത്രാസ്വാദന-പഠന പ്രഭാഷണങ്ങൾ നടത്താനായി
മേരി സെറ്റണെ നിയോഗിച്ചു. മേരി  സെറ്റൺ ആണ് സത്യജിത്‌റായിയുടെ പഥേർപഞ്ചാലി വിദേശ ചലച്ചിത്രമേളകളിലേക്കും അക്കാദമിക പഠനങ്ങളിലേക്കും പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കയും ചെയ്തുകൊണ്ട് ലോക സിനിമയുടെ മണ്ഡലത്തിലേയ്ക്ക് കൈപിടിച്ചുകൊണ്ടു പോയത്. മേരി സെറ്റണിന്റെ തുടർച്ചയായ പ്രഭാഷണ പരമ്പരകളും ക്ലാസുകളും പഥേർപഞ്ചാലിയുടെ വമ്പിച്ച സ്വീകാര്യതയും അംഗീകാരവും നല്ല പ്രേക്ഷകരിലും ചലച്ചിത്ര പ്രവർത്തകരിലും പുതിയ ആവേശമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് ഫിലിം സൊസൈറ്റികളുടെ ഒരു ഫെഡറേഷൻ എന്ന ആശയം ഉയർന്നു വന്നത്. 1959 ഡിസംബർ മാസത്തിൽ 6 സൊസൈറ്റികളുടെ ഫെഡറേഷനായി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) കൽക്കത്തയിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ഫെഡറേഷന്റെ ആദ്യ mv5bmtq4mda1odizmf5bml5banbnxkftztcwndu0otkxoa-_v1_uy1200_cr46406301200_al_പ്രസിഡണ്ടായി സത്യജിത് റായി തെരഞ്ഞെടുക്കപ്പെട്ടു. അമ്മു സ്വാമിനാഥൻ (മദ്രാസ്), റോബർട്ട് ഹോക്കിൻസ് (ബോംബെ), എസ്. ഗോപാലൻ (ദൽഹി) എന്നിവർ വൈസ് പ്രസിഡണ്ടുമാരും വിജയ്മുലേ (ദൽഹി), ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയവർ ജോയിന്റ് സെക്രട്ടറിമാരായും ചുമതലയേറ്റു. ഇന്ത്യയുടെ എല്ലാഭാഗത്തും ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം വ്യാപിച്ചപ്പോൾ ഫെഡറേഷന്റെ പ്രവർത്തനം നാലുമേഖലകളാക്കി തിരിച്ചു നിശ്ചയിച്ചു. ദൽഹി കേന്ദ്രമാക്കി വടക്കൻ മേഖല (Northern Region), കൽക്കത്ത കേന്ദ്രമാക്കി കിഴക്കൻ മേഖല  (Eastern Region), ബോംബെ കേന്ദ്രമാക്കി പടിഞ്ഞാറൻ മേഖല (Western Region), മദ്രാസ് കേന്ദ്രമാക്കി തെക്കൻ മേഖല (Southern Region), എന്നിങ്ങനെ നാലു മേഖലകളായാണ് ഫിലിം സൊസൈറ്റികൾ പ്രവർത്തിച്ചിരുന്നത്. ഓരോ മേഖലയ്ക്കും സെക്രട്ടറി, വൈസ് പ്രസിഡണ്ട്, റീജിയണൽ സെക്രട്ടറി, ട്രഷറർ, അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറി എന്നിവരടങ്ങുന്ന 15 അംഗ റീജിയണൽ കൗൺസിൽ ഉണ്ടാകും. 60 പേരടങ്ങുന്ന കേന്ദ്ര സമിതി (Central Council) യും 15 പേടങ്ങുന്ന സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. മരിക്കുന്നതുവരെ സത്യജിത് റായി  ഫെഡറേഷന്റെ പ്രസിഡണ്ടായിരുന്നു. പിന്നീട് മൃണാൾസെൻ, അനിൽ ചാറ്റർജി, വിജയ്മുലെ, ശ്യാംബെനഗൾ എന്നിവർ പ്രസിഡണ്ടായി പ്രവർത്തിച്ചു. ഇപ്പോൾ പ്രശസ്ത സംവിധായകൻ ശാന്താറാമിന്റെ പുത്രൻകൂടിയായ കിരൺ ശാന്താറാം ആണ് ദേശീയ പ്രസിഡണ്ട്. നിരവധി പ്രശസ്തർ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്. വടക്കൻ മേഖലയുടെ വൈസ് പ്രസിഡണ്ടായി ഇന്ദിരാഗാന്ധിയും ഐകെ ഗുജ്‌റാളും പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളത് അക്കാലത്ത് സർക്കാരുകൾ ഫിലിംസൊസൈറ്റി പ്രസ്ഥാനത്തെ എത്ര പ്രതീക്ഷയോടെയും ആദരവോടെയും ആണ് കണ്ടിരുന്നത് എന്നുള്ളതിന്റെ സൂചനയാണ്.

ഋത്വിക്ഘട്ടക്, നിമായിഘോഷ്, സുബ്രതോ മിത്ര, അരുണാ ആസിഫ് അലി, അമ്മു സ്വാമിനാഥ് എന്നിങ്ങനെ പലരും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് അരനൂറ്റാണ്ട് പ്രായം കഴിഞ്ഞു. 1965 ജൂലൈ 21-ന് തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് നല്ല സിനിമയുടെയും ലോകസിനിമയുടെയും ഒരു പുതിയ ലോകത്തിലേക്കുള്ള വാതിലുകൾ തുറക്കപ്പട്ടത്. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ കുളത്തൂർ ഭാസ്‌ക്കരൻ നായർ, കെ.പി. കുമാരൻ, ശ്രീവരാഹം ബാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ പങ്കാളിത്തത്തോടെ സൊസൈറ്റിയുടെ പ്രവർത്തനം പുരോഗമിച്ചു. ചിത്രലേഖ ആരംഭിച്ചതിന്റെ അടുത്ത വർഷം 1966 ൽ എറണാകുളത്ത് സാഹിത്യ കാരന്മാരുടെ അഖിലേന്ത്യാ സമ്മേളനം നടന്നു. എം. ഗോവിന്ദനും ഫാക്ട് (FACT) ചെയർമാൻ എം.കെ.കെ. നായരുമൊക്കെ അതിന്റെ മുൻനിരയിലുണ്ടായിരുന്നു. സാഹിത്യ സമ്മേളനങ്ങളുടെ ഭാഗമായി എറണാകുളത്ത് ചലച്ചിത്ര ക്ലാസിക്കുകളുടെ ഒരു മേളയും ആസൂത്രണം ചെയ്തു. എം. ഗോവിന്ദനാണ് ഈ ആശയങ്ങളുടെ പുറകിലുണ്ടായിരുന്നത്. ഈ ചലച്ചിത്ര മേളയുടെ സംഘാടന ചുമതല അടൂർ ഗോപാലകൃഷ്ണനെയാണ് ഏൽപ്പിച്ചത്.  എറണാകുളത്തുമാത്രമല്ല ഒമ്പത് ജില്ലകളിലും ഇതിന്റെ തുടർച്ചയായി ചലച്ചിത്രമേളകൾ സംഘടിപ്പിച്ചു. സത്യജിത് റായി, ഋത്വിക് ഘട്ടക് എന്നിവരുടെ സിനിമകൾ കൂടാതെ റഷ്യൻ, പോളിഷ്, ഫ്രഞ്ച്, ഹങ്കേറിയൻ, ചെക്കോസ്ലാവോക്യൻ സിനിമകളും അടങ്ങുന്ന പതിനഞ്ചോ, പതിനാറോ സിനിമകൾ ഈ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടതോടെ കലാസാഹിത്യ  സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും നല്ല വായനക്കാർക്കും ഒക്കെ സിനിമയുടെ പുതിയ അനുഭവങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള അവസരമുണ്ടായി. ഈ മേളകൾ തീർച്ചയായും കേരളത്തിലെ ഫിലിംസൊസൈറ്റികളുടെ രൂപീകരണത്തിന് ഊർജ്ജമേകി. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാൾ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് നിർദ്ദേശങ്ങളും സഹായങ്ങളുമായി ഒപ്പം നിൽക്കുകയും ചെയ്തു. കേരളത്തിലെ വായനശാലാ പ്രസ്ഥാനം ലൈബ്രറികൾ സ്ഥാപിച്ചുകൊണ്ട് ലോക സാഹിത്യത്തിലേക്കും എഴുത്തിലേക്കുമുള്ള വാതിലുകൾ തുറന്ന് അക്ഷരസാക്ഷരതയും സാഹിത്യസാക്ഷരതയും വിപുലവും പുരോഗമനപരവും ആക്കിത്തീർത്തതുപോലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം കാഴ്ചയുടെ പുതിയ സൗന്ദര്യശാസ്ത്ര നിർമ്മിതികളെയും ഘടനാരീതികളെയും പരിചയപ്പെടുത്തിക്കൊണ്ട് ദൃശ്യസാക്ഷരതയുടെ പുതിയ ബോധത്തെ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചു. ഒരു ചെറു ന്യൂനപക്ഷമായിരുന്നു ഇവരെങ്കിലും അവരുടെ സ്വാധീനം പുതിയ സിനിമകളിലൂടെയും എഴുത്തുകളിലൂടെയും ചലച്ചിത്രാസ്വാദന ക്യാമ്പുകളിലൂടെയും പതുക്കെയാണെങ്കിലും വ്യാപിച്ചുകൊണ്ടിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, കെ.പി. കുമാരൻ, രവീന്ദ്രൻ,  ടി.വി. ചന്ദ്രൻ, പവിത്രൻ, ലെനിൻ രാജേന്ദ്രൻ എന്നിവരൊക്കെ ഈ ധാരയിൽ നിന്ന് ആദ്യമുയർന്നുവന്നവരാണ്.  അന്നുവരെ കണ്ട കാഴ്ചകളുടെ വരണ്ട അനുഭവങ്ങളെ മറികടക്കുന്ന തരത്തിൽ ചലച്ചിത്രകലയുടെ സൗന്ദര്യശാസ്ത്ര വികാസങ്ങളുടെ വ്യത്യസ്തധാരകളെ അടുത്തറിയാനും സിനിമ, യഥാർത്ഥത്തിൽ കാഴ്ചയുടെയും കേൾവിയുടെയും പുതിയ കലാരൂപമായി മാറിത്തീർന്നതെങ്ങിനെയെന്നും മലയാളി പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത് അപ്പോഴാണ്. ലോകമെങ്ങുമുള്ള നല്ല സിനിമകൾ, ഫിലിം ആർക്കൈവ്‌സ് ശേഖരങ്ങളിൽനിന്നും വിദേശരാജ്യ എംബസികളിൽനിന്നും ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങളിലേക്ക് വന്നുതുടങ്ങി. 16 എംഎം പ്രിന്റുകളും 16 എംഎം പ്രൊജക്ടറുകളുമായി ഫിലിം സൊസൈറ്റികൾ, തങ്ങളുടെ സാഹസിക യാത്രകൾ നടത്തിക്കൊണ്ട് പുതിയ സംവേദനത്തിന്‌റെ മണ്ഡലങ്ങളെ തള്ളിത്തുറന്ന് ഒരു സാംസ്‌കാരിക സാന്നിധ്യമായി. ബാറ്റിൽഷിപ്പ് പൊട്ടംകിനും, ബൈസിക്കിൾ തീവ്‌സും തുടങ്ങി നവജർമ്മൻ സിനിമയും ഫ്രഞ്ച് ന്യൂവേവുമൊക്കെ മലയാളിപ്രേക്ഷകരുടെ ദൃശ്യസാക്ഷരതയ്ക്ക് കൂട്ടായി. സാഹിത്യത്തിലേയും pansarkryssaren-potemkin-1925നാടകത്തിലേയും ചിത്രകലയിലേയും പുതിയ മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒപ്പം സിനിമയും അതിന്റെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നതിന്റെ അനുഭവങ്ങൾ കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തിലും സാധ്യമാക്കിയത് ഫിലിം സൊസൈറ്റികളിലൂടെ വന്ന സിനിമകളായിരുന്നു. വഴിമാറിനടന്ന പുതിയ സിനിമകളുടെ പരീക്ഷണങ്ങളും ലോകസിനിമകളെ പരിചയപ്പെടുത്തിക്കൊണ്ട് എഴുതപ്പെട്ട പഠനങ്ങളും ഒക്കെ എഴുപതുകളെയും എൺപതുകളെയും സജീവമാക്കി. നൂറോളം ഫിലിം സൊസൈറ്റികൾ ഈ കാലയളവിൽ പല ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്നു. എൺപതുകളുടെ അവസാനം  ആകുമ്പോഴേക്കും  ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം പലയിടങ്ങളിലും പലകാരണങ്ങൾകൊണ്ടും മന്ദീഭവിച്ചു.

കേരളം മദ്രാസ് ആസ്ഥാനമായുള്ള സതേൺ റീജിയണൽ കൗൺസിലിന്റെ ഭാഗമായിരുന്നു. കേരളത്തിലെ പ്രവർത്തനങ്ങളൊക്കെ നിയന്ത്രിക്കപ്പെട്ടിരുന്നത് മദ്രാസിൽ നിന്നായിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ പ്രതിനിധിയായി സാധാരണ ഒരു റീജിയണൽ കൗൺസിൽ അംഗമാണുണ്ടാവുക. കേരളത്തിന്റെ സവിശേഷമായ സാംസ്‌ക്കാരിക-രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചുള്ള സ്വാതന്ത്ര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാഹചര്യങ്ങൾ കുറഞ്ഞു വന്നപ്പോൾ കേരളത്തിന് സ്വതന്ത്രമായ ഒരു പ്രവർത്തന മേഖല രൂപീകരിക്കേണ്ടതുണ്ടെന്ന് കുളത്തൂർ ഭാസ്‌കരൻ നായെരപ്പോലുള്ള ആളുകൾ എഴുപതുകളിൽതന്നെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മദ്രാസിലെ റീജിയണൽ നേതൃത്വവും കൽക്കത്തയിലെ കേന്ദ്ര നേതൃത്വവും ഈ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ടിരിക്കെ ഭാസ്‌കരൻ നായർ ഫെഡറേഷൻ നേതൃത്വത്തിനെതിരായി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും സംഘടനയുടെ ഭരണഘടനയിലും നിയമാവലിയിലും കുടുങ്ങി എല്ലാ ആവശ്യങ്ങളും നിരാകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഒരു ഫിലിം സൊസൈറ്റി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു തുടങ്ങിയിട്ട് എത്രയോ വർഷങ്ങൾ പുറകേ നടന്നാലായിരുന്നു അതിന് ഫെഡറേഷനിൽ അഫിലിയേഷൻ ലഭിച്ചിരുന്നത്. ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടവർക്കുമാത്രമായിരുന്നു എംബസികളിൽ നിന്ന് ലഭ്യമാവുന്ന ചലച്ചിത്രങ്ങളുടെ പാക്കേജുകൾ സർക്കുലേറ്റ് ചെയ്യപ്പെട്ടിരുന്നത്. സിനിമയുടെ ലഭ്യത വലിയ പ്രശ്‌നമായിരുന്നു. ഫിലിം ആർക്കൈവ്‌സിലെ സിനിമകളെ ആശ്രയിച്ചാണ് പലരും നിലനിന്നിരുന്നത്. ഈ സാഹചര്യങ്ങൾ ഫിലിംസൊസൈറ്റികളുടെ വ്യാപനത്തിന് വളരെ വിഘാതമായിത്തീർന്നു എന്നു വേണം കരുതാൻ. കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിക്കൊണ്ട് 1986 ൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിനുവേണ്ടി ഫെഡറേഷന്റെ ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് രൂപീകരിക്കപ്പെട്ടു. ആ ഘട്ടത്തിലൊന്നും സംഘടനയ്ക്ക് ഒരു ഓഫീസ് പോലും ഇല്ലായിരുന്നു. 1990 ൽ കേരളത്തിലെ മറ്റു സൊസൈറ്റികളുടെ പിന്തുണയോടെ കേരളത്തിലെ കൗൺസിൽ ജനാധിപത്യപരമായി, വിപുലീകരിക്കപ്പെട്ട പ്രാതിനിധ്യ സ്വഭാവത്തോടെ രൂപീകരിക്കപ്പെട്ടു. അതിനുശേഷം നടന്ന വ്യത്യസ്തവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങളിലൂടെ, നിരവധി ക്യാമ്പുകളും സെമിനാറുകളും ചലച്ചിത്രോത്സവങ്ങളും ഒക്കെ നടത്തുകയും പുതിയ സൊസൈറ്റികൾ രൂപീകരിക്കപ്പെടുകയും പഴയതിൽ ചിലത് വീണ്ടും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സൊസൈറ്റികളുടെ എണ്ണം ക്രമാനുഗതമായി കൂടിവന്നു. പഴയകാലത്തിൽനിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സാങ്കേതികതയുടെ വളർച്ചയോടെ, എല്ലാ നല്ല സിനിമകളുടെയും ഡിവിഡികൾ film-festival-350-x-225_031115054449സൊസൈറ്റികൾക്ക് ലഭ്യമാവാനുള്ള സൗകര്യങ്ങളുണ്ടായി. എൽസിഡി പ്രൊജക്ടറുകളും വ്യാപകമായി. ഇതും ഗുണകരമായി. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നിവേദനങ്ങളുടെയും ഇടപെടലുകളുടെയും ഒക്കെ ഫലമായാണ് പിന്നീട് ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെടുന്നതും, അതിന്റെ നേതൃത്വത്തിൽ ഇന്നത്തെ രീതിയിലുള്ള വിപുലമായ IFFK ആരംഭിക്കുന്നതും. ഇക്കാര്യങ്ങളിലൊക്കെ കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ സംഭാവന വളരെ വലുതാണ്. എല്ലാ പ്രതികൂല അവസ്ഥകളെയും നേരിട്ടുകൊണ്ട് തന്നെ നൂറിലധികം ഫിലിം സൊസൈറ്റികൾ കേരളത്തിൽ സജീവമായി. പക്ഷേ മാധ്യമങ്ങളുടെ വാർത്താരീതികളുടെ പ്രത്യേകതകൊണ്ടും താൽപ്പര്യങ്ങൾകൊണ്ടും ഈ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോകുന്നുണ്ട്.

സതേൺ റീജിയണൽ കൗൺസിലിന്റെ കീഴിൽ തന്നെയായിരുന്നു  SIGNS പ്രവർത്തിച്ചിരുന്നത്. പരിമിതമായ സ്വാതന്ത്യമുപയോഗിച്ചുകൊണ്ട് പുതിയ ടീം വ്യത്യസ്തമായ പുതിയ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. ഫെഡറേഷന്റെ 30-ആം വാർഷികം ആഘോഷിച്ചുകൊണ്ട് ചലച്ചിത്രമേളകളും ചലച്ചിത്രാസ്വാദന ക്യാമ്പുകളും സംഘടിപ്പിക്കുകയും പ്രവർത്തനരഹിതമായി കിടന്നിരുന്ന ചില സൊസൈറ്റികളെ പുനർജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി കാര്യമായ ഫലങ്ങളുണ്ടായി തുടങ്ങി. സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന പി. ഗോവിന്ദപിള്ള തുടങ്ങിയവരുമായൊക്കെ ചർച്ച ചെയ്ത് ചില അനുകൂല തീരുമാനങ്ങൾ സ്വീകരിക്കുകയുണ്ടായി. 1990 ൽ സാംസ്‌ക്കാരിക വകുപ്പു മന്ത്രി പ്രത്യേകതാൽപര്യമെടുത്ത് സാംസ്‌ക്കാരിക വകുപ്പിൽ അവശേഷിച്ച പണത്തിൽ നിന്ന് സാമ്പത്തിക വർഷാവസാനം 5000/- രൂപ ഗ്രാന്റായി നൽകി. ഈ ഗ്രാന്റായിരുന്നു ഒരു തുടക്കം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ഒരു സാംസ്‌ക്കാരിക പ്രസ്ഥാനമായി അംഗീകരിപ്പിക്കുന്നതിന്റെ തുടക്കമായിരുന്നുവത്. പിന്നീടു പി. ഗോവിന്ദപിള്ളയുടെ താൽപ്പര്യപ്രകാരം കലാഭവനിൽ ഫെഡറേഷന് ഓഫീസ് പ്രവർത്തനത്തിനായി വളരെ ചെറുതാണെങ്കിലും ഒരു സ്ഥലം അനുവദിക്കപ്പെട്ടു. അങ്ങിനെയാണ് IFFK യ്ക്ക് ഒരു സ്ഥിരം ഓഫീസ് സംവിധാനമുണ്ടായത്. ഓഫീസിന്റെ നടത്തിപ്പിനും മറ്റു പ്രവർത്തനങ്ങൾക്കും മറ്റു വരുമാന മാർഗ്ഗങ്ങൾ തീരെ കുറവായിരുന്നുവെന്ന് പറയാം. പലരും സ്വന്തം പോക്കറ്റിൽ നിന്നും ചില സൊസൈറ്റികൾ സംഭാവന നൽകിയും ചില പരസ്യങ്ങൾ വഴിയും ഒക്കെ സമാഹരിച്ചെടുക്കുന്ന പണംകൊണ്ടാണ് അക്കാലം കടന്നുപോയത്.

ഈ സമയങ്ങളിലൊക്കെ കേരളത്തിൽ നിരന്തരമായ പ്രവർത്തനങ്ങളുടെ കൂട്ടായ്മകൊണ്ട് കൂടുതൽ സൊസൈറ്റികൾ രൂപം കൊണ്ടു. പ്രാദേശിക ചലച്ചിത്രമേളകൾ ഉയർന്നുവന്നു. കേരള ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 2005 ൽ ഡോക്യുമെന്ററികൾക്കും ഹൃസ്വചിത്രങ്ങൾക്കും വേണ്ടിയുള്ള SIGNS മത്സരമേള ആരംഭിച്ചു. ഫിലിം ഡിവിഷൻ രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന ഒരു മേള മാത്രമായിരുന്നു ഇന്ത്യയിലതുവരെ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച ഈ മേളയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ചലച്ചിത്രകാരന്മാർ തങ്ങളുടെ സിനിമകളുമായി സ്വന്തം ചിലവിൽ വന്ന് പങ്കെടുത്തു. ഡോക്യുമെന്ററി bbd83810d07720d0e088a03b3bf64426സംവിധായകർക്കും ഹൃസ്വചിത്ര സംവിധായകർക്കും കൂടിച്ചേരാനും ആശയങ്ങൾ പങ്കുവെക്കാനും ഉള്ള വേദിയായി ഇത് മാറി. ജോൺ എബ്രഹാം അവാർഡിനു വേണ്ടിയുള്ള ഈ മത്സര മേളയിൽ പങ്കെടുത്ത് അവാർഡുകൾ വാങ്ങിയവരിൽ പലരും ഇന്ന് ഇന്ത്യയിലും വിദേശത്തും അംഗീകരിക്കപ്പെടുന്ന പ്രശസ്ത ചലച്ചിത്രകാരന്മാരാണ്. ഈ ഫെസ്റ്റിവലിന്റെ സ്വാധീനത്തിലും മാതൃകയിലും സർക്കാർ തന്നെ നേരിട്ട് ഡോക്യുമെന്ററി-ഹൃസ്വചിത്രമേള എല്ലാ വർഷവും സംഘടിപ്പിക്കണമെന്ന നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് എം.എ. ബേബി സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ  IFFK പോലെ  IDSFFK (International Documentary and Short Film Festival of Kerala) ആരംഭിക്കാൻ നയപരമായി തീരുമാനിച്ചത്. എങ്കിലും SIGNS മേള ഒരു സ്വതന്ത്ര സമാന്തര മേളയായി തുടരുകയും ഇപ്പോൾ അതിന്റെ പത്താമത്തെ എഡിഷനിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു മൂന്നു  വർഷങ്ങളിലായി SIGNS തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നത്. കഴിഞ്ഞ വർഷം മുതൽ കൊച്ചിൻ ബിനാലെ ഗ്രൂപ്പുമായി സഹകരിച്ചാണ് മേള നടക്കുന്നത്. ഈ മേളയിൽ ചിത്രങ്ങളുമായി പങ്കെടുത്തവരിൽ ചിലരാണ് പിൽക്കാലത്ത് നല്ല മലയാള സിനിമയക്കുള്ള കേരള സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയത്.

കേരളത്തിന്റെ പ്രത്യേക റീജിയണൽ പദവിക്കുവേണ്ടിയുള്ള പോരാട്ടം  തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ കേരള സബ്‌റീജിയൺ എന്ന രീതിയിൽ ഒരു തീരുമാനമായി. പക്ഷേ പൂർണ പങ്കാളിത്തത്തോടെ അഞ്ചാമത്തെ റീജിയണായി അംഗീകരിക്കണമെന്ന ആവശ്യം ഇനിയും നേടാനായിട്ടില്ല. അതിനുവേണ്ടിയുള്ള ഭരണഘടന ഭേദഗതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ 118 സൊസൈറ്റികൾ ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ചിലതൊക്കെ ഇടയ്ക്ക് പ്രവർത്തനരഹിതമാകുന്നുണ്ടെങ്കിലും പൊതുവെ നല്ല പ്രവർത്തനങ്ങൾ പലസൊസൈറ്റികളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. പുതിയ ഫിലിം സൊസൈറ്റികൾ പലയിടങ്ങളിലും രൂപം കൊടുക്കാനുള്ള ശ്രമങ്ങൾ ഫെഡറേഷൻ ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്, പ്രസ്ഥാനത്തെ സഹായിക്കുന്നതിനും വളർത്തുന്നതിനുമായി വലിയ പിന്തുണയുമായി രംഗത്തു വന്നു. അദ്ദേഹം 50 ലക്ഷം രൂപ ഫിലിം സൊസൈറ്റി ഫെഡറേഷന് ഗ്രാന്റ് നൽകാൻ ബഡ്ജറ്റിൽ വക കൊള്ളിച്ച് ഉത്തരവിറക്കി. ആ ഗ്രാന്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളെ കാര്യമായി സഹായിച്ചു. ചെറുതും വലുതുമായ നിരവധി ചലച്ചിത്ര മേളകളും ക്യാമ്പുകളും സംഘടിപ്പിക്കപ്പെട്ടു. പുതിയ സൊസൈറ്റികൾ രൂപം കൊണ്ടു. പിന്നീട് വന്ന സർക്കാർ ഗ്രാന്റ് നൽകാതിരിക്കുകയും സമ്മർദ്ദങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി ചെറിയ തുകകൾ മാത്രം ചിലവർഷങ്ങളിൽ നൽകുകയും ചെയ്തു. എങ്കിലും പരിമിതമായി ലഭിച്ച ഗ്രാന്റ് തുക സൊസൈറ്റികൾക്ക് പ്രവർത്തന ഗ്രാന്റായും, മേളകൾക്കും ക്യാമ്പുകൾക്കും പ്രൊജക്ടറുകൾ വാങ്ങുന്നതിനും പ്രത്യേക  ധനസഹായമായും നൽകിക്കൊണ്ട് സൊസൈറ്റികളുടെ പ്രവർത്തനങ്ങളെ സഹായിക്കാനായി.

IFFI (International Film Festival of India) 1988 ൽ തിരുവനന്തപുരത്ത് വന്നപ്പോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചതായിരുന്നു ഓപ്പൺ ഫോറം. അതിനുശേഷം ഫെസ്റ്റിവലിലെ ഏറ്റവും സംവാദാത്മകമായ ജനാധിപത്യ ഇടമായി അത് വികസിച്ചു. ഇന്ത്യയിലെ എല്ലാ ഫെസ്റ്റിവലുകളിലും ഓപ്പൺ ഫോറം പ്രധാനപ്പെട്ട ഒന്നായി മാറി. അത് കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ മൗലിക സംഭാവനയാണ്. പി. ഗോവിന്ദപിള്ളയും അടൂർ ഗോപാലകൃഷ്ണനുമാണ് അതിന് സൗകര്യമൊരുക്കിയത്. മേളയിലെത്തുന്ന ചലച്ചിത്രകാരന്മാരും മറ്റു പ്രമുഖരുമായുള്ള സംവാദ വേദിയായിരുന്നു അത്. ഫെസ്റ്റിവലുകളുടെ നടത്തിപ്പിനെക്കുറിച്ചും സിനിമയുടെ ഗുണ നിലവാരത്തെപ്പറ്റിയുമൊക്കെയുള്ള വിമർശനങ്ങളുടെയും വിലയിരുത്തലുകളുടെയും വേദികൂടി ആയി അത് മാറി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഓപ്പൺ ഫോറം വിമർശനങ്ങളുന്നയിക്കുന്ന വേദിയാകുന്നു എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. മേളയുടെ അധികാരികൾ ഓപ്പൺ ഫോറത്തെ പുറത്താക്കിയെങ്കിലും ഫെഡറേഷൻ സമാന്തരമായി തിയേറ്ററിന് പുറത്ത് ഓപ്പൺ ഫോറം നടത്തിക്കൊണ്ടിരുന്നു. പിന്നീട് പ്രിയദർശനുപകരം രാജീവ്‌നാഥ് ചെയർമാനായപ്പോൽ ഓപ്പൺ ഫോറം പുനരാരംഭിക്കുകയും ചെയ്തു.

കെ. ആർ. മോഹനൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്ത് അധ്യാപകർക്കുവേണ്ടിയും കുട്ടികൾക്കുവേണ്ടിയും പ്രത്യേക വിഷയങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്രാസ്വാദന പഠന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പുകളുടെ സംഘാടനത്തിലും വിഷയ നിർണയത്തിലും ഫാക്കൽറ്റികളെ കണ്ടുപിടിക്കുന്നതിലും ഒക്കെ നിർണായക പങ്കാളിത്തം ഫിലിം സൊസൈറ്റി ഫെഡറേഷനാണ് വഹിച്ചിരുന്നത്. കേരളത്തിലെ നിരൂപകരെല്ലാംതന്നെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. അവരുടെ അക്കാദമിക സംഭാവനകളെയും മികവിനെയും ഉപയോഗിച്ചുകൊണ്ടുകൂടിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടത്. കൂടാതെ നല്ല സിനിമകൾക്കൊപ്പം നിലകൊണ്ട എഡിറ്റർമാർ, സിനിമാട്ടോഗ്രാഫർമാർ, ചലച്ചിത്രകാരന്മാർ എന്നിവരുടെയൊക്കെ സഹകരണവും അധ്യാപന പരിചയവും ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രത്തിന്റെ സാങ്കേതികതയും രാഷ്ട്രീയവും സാംസ്‌ക്കാരവും ചരിത്രവും ഒക്കെ ഈ ക്യാമ്പുകളിൽ സംവാദാത്മകമായ രീതിയിൽ പഠിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായും കൂടിയാണ് സ്‌കൂളുകളിൽ നിന്ന് കുട്ടികളും അധ്യാപകരും ഡോക്യുമെന്ററികളും ഹൃസ്വചിത്രങ്ങളുമായി കഴിഞ്ഞ കാലങ്ങളിൽ വന്നത്.

ഫിലിം സൊസൈറ്റികളുടെ സാന്നിധ്യവും നല്ല സിനിമയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും കൊണ്ട് കേരളത്തിന്റെ കലാസാംസ്‌ക്കാരിക രംഗത്തെ നിരവധി ആളുകൾ പ്രസ്ഥാനത്തോട് സഹകരിക്കുന്നുണ്ട്. കേരളത്തിലെ അക്കാദമിക പഠന വിഷയങ്ങളിൽ ചലച്ചിത്രം ഒരു വിഷയമായി സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത് ഈ പ്രവർത്തനങ്ങളുടെ ആശയപരമായ സാന്നിദ്ധ്യം കൊണ്ടാണ്. സ്‌കൂളുകളിലും കോളേജുകളിലും സിനിമയും തിരക്കഥയുമൊക്കെ പഠന വിഷയമായിക്കൊണ്ടിരിക്കുന്നത് ഈ ചെറുഗ്രൂപ്പുകൾ നടത്തുന്ന അക്കാദമിക ഇടപെടലുകളും സംവാദങ്ങളും കൊണ്ടാണ്. പല കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ക്യാമ്പുകളും ചലച്ചിത്ര സെമിനാറുകളും ഒക്കെ നടക്കുമ്പോൾ അവർക്കുവേണ്ട അക്കാദമിക പിന്തുണയും ഫാൽക്കറ്റികളുടെ സഹകരണവും സാന്നിധ്യവും ഉറപ്പാക്കുന്നത് ഫിലിംസൊസൈറ്റിയിൽ നിന്നുയർന്നു വന്നവരാണ്. മലയാള സർവ്വകലാശാല, ചലച്ചിത്ര പഠനത്തിന്റെ ബിരുദാനന്തര കോഴ്‌സ് ആരംഭിച്ചപ്പോൾ അതിന്റെ സിലബസ് നിർണയത്തിനായുള്ള അക്കാദമിക കൗൺസിലിൽ പ്രവർത്തിച്ചവരിൽ ഏറിയ പങ്കും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരായിരുന്നു.

ഫെഡറേഷൻ തന്നെ മുൻകയ്യെടുത്ത് ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്ര പഠന ക്യാമ്പുകളുടെ ആവശ്യങ്ങൾക്കുതകുന്ന ഒരു വിപുലമായ സിലബസും പഠന മോഡ്യൂളും തയ്യാറാക്കുന്നതിന് വേണ്ടി ഒരു ഫാൽക്കൽറ്റി ശില്പശാല നടത്തിയിരുന്നു. നിരൂപകരും അധ്യാപകരും ചലച്ചത്ര സാങ്കേതിക വിദഗ്ധരും അടങ്ങുന്ന 25 ൽ അധികം ആളുകൾ പങ്കെടുത്ത ശില്പശാലയിൽ വിപുലമായ പഠന വിഷയങ്ങളും അതിനുവേണ്ട സമഗ്രമായ മോഡ്യൂളുകളും രൂപപ്പെടുത്താൻ തീരുമാനിക്കുകയും അതിന്റെ പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തു. ഇപ്പോൾ നിലവിലുള്ള പഠന വിഷയങ്ങളെ വിപുലപ്പെടുത്തുന്നതിനും മോഡ്യൂളുകൾ തയ്യാറാക്കുന്നതിനും ഓരോ ചെറുഗ്രൂപ്പുകളെയും വ്യക്തികളെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 28 വിഷയങ്ങളോളം ഉള്ള ഒരു റിസോഴ്‌സ് ഡാറ്റ ബാങ്കും ഫാക്കൽറ്റികളും രൂപപ്പെടുത്തികൊണ്ട് കേരളത്തിലെ സ്‌കൂൾ കോളേജ് തലത്തിലുള്ള ചലച്ചിത്ര പഠനങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമാണ്. ഇനിയും അതിന്റെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി പ്രവർത്തകരും എംസോൺ ഗ്രൂപ്പും ഒറ്റയ്ക്കും കൂട്ടായും നിരവധി വിദേശ സിനിമകൾ മലയാളത്തിൽ സബ് ടൈറ്റിൽ ചെയ്തുകൊണ്ട് പ്രദർശനം നടത്തുന്നുണ്ട്. ലോക സിനിമയെ കുറേക്കൂടി ജനകീയമാക്കുന്നതിനും കൂടുതൽ ആളുകളിലേക്കെത്തിക്കുന്നതിനും ഇതേറെ സഹായിക്കും. ഫെഡറേഷൻ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മലയാളം സബ് ടൈറ്റിലിങ്ങിന്റെ ഒരു ശില്പശാലയും സംഘടിപ്പിക്കുകയുണ്ടായി. ഫെഡറേഷന്റെ സഹായത്തോടെ ഇടപെടലോടെയും കൂടിയാണ് സ്ത്രീപഠനകേന്ദ്രത്തിന്റെയും ഫീമെയിൽ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഫീമോയിൽ ഫിലിംഫെസ്റ്റിവൽ തിരുവനന്തപുരത്ത് മൂന്ന് വർഷം തുടർച്ചയായി നടക്കുന്നത്. പല ഫിലിം സൊസൈറ്റികളും പല സ്ഥലങ്ങളിലും മികച്ച രീതിയിൽ ചലച്ചിത്രമേളകൾ സംഘടിപ്പിക്കുന്നുണ്ട്. ഏകദേശം ഇരുപതിൽ അധികം സ്ഥലങ്ങളിൽ ഇത്തരം നല്ല മേളകൾ നടന്നു വരുന്നുണ്ട്. ഇങ്ങിനെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ വളരെ നിശബ്ദമായി നടക്കുന്നവയാണ്. അതിന് മാധ്യമ പ്രചാരണങ്ങളോ ഗ്ലാമറോ ഇല്ലാത്തതുകൊണ്ട് പലരും അറിയുന്നില്ല എന്ന് മാത്രം. ഫിലിം സൊസൈറ്റികൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കുന്നവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനാവില്ല. കാരണം അത് നിശബ്ദവും സാവധാനം ഫലങ്ങളുണ്ടാക്കുന്നവയുമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് താരപ്പൊലിമയില്ലാത്ത ഒരു സാംസ്‌ക്കാരിക പ്രവർത്തനമാണ്.

കേരളത്തിലെ ചലച്ചിത്രമേഖലയിൽ, ആസ്വാദകർ, നിരൂപകർ, സംവിധായകർ, സാങ്കേതികവിദഗ്ദ്ധർ എന്നിവരെയൊക്കെ സൃഷ്ടിക്കുന്നതിൽ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ പശ്ചാത്തലവും അന്തരീക്ഷവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നല്ല സിനിമയുടെ അമരക്കാരായ മുതിർന്ന നിരവധി സംവിധായകർ ഫിലിം സൊസൈറ്റികളുമായി ബന്ധമുള്ളവരായിരുന്നു. ഇപ്പോഴും അവരാ ബന്ധം ഏതെങ്കിലും തരത്തിൽ തുടരുന്നുമുണ്ട്. ഏറ്റവും പുതിയ തലമുറയിലെ സംവിധായകരിൽ പലരും ഫിലിംസൊസൈറ്റികളുടെ പ്രദർശനങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഉയർന്നുവന്നവരാണ്. കേരളത്തിലെ ചലച്ചിത്രനിരൂപകരെല്ലാം തന്നെ ഫിലിം സൊസൈറ്റികളുടെ ഉൽപ്പന്നമാണെന്ന് പറയാം. ക്യാമറ, എഡിറ്റിംഗ്, ശബ്ദലേഖനം എന്നീ മേഖലകളിലുള്ള പലരും ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങളിൽനിന്നും ആസ്വാദന പഠനക്യാമ്പുകളിൽനിന്നും പ്രചോദനമുൾക്കൊണ്ട്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ച് പുറത്തിറങ്ങിയവരാണ്. ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സൈൻസ് (SIGNS) ഡോക്യുമെന്ററി-ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിലെയും ഫിലിം സൊസൈറ്റികൾ പല ഭാഗത്ത് നടത്തുന്ന ചെറിയ ചലച്ചിത്രമേളകളിലെയും സാന്നിധ്യംകൊണ്ടും പങ്കാളിത്തംകൊണ്ടും പിന്നീട് മികച്ച ചലച്ചിത്രങ്ങളുമായി പ്രത്യക്ഷപ്പെടാനുള്ള അവസരമുണ്ടാകുകയും ചെയ്ത നിരവധിപേരുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സൊസൈറ്റികൾ സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ ചലച്ചിത്രമേളകൾ ചലച്ചിത്രത്തിന്റെ പുതിയ ഭാവുകത്വത്തെ പതുക്കെയാണെങ്കിലും ഗുണകരമായി സ്വാധീനിക്കുന്നുണ്ട്. പ്രാദേശികമായി നടക്കുന്ന പല പ്രവർത്തനങ്ങളും മാധ്യമങ്ങളിൽ തമസ്‌കരിക്കപ്പെടുകയോ, വെറും പ്രാദേശിക വാർത്തകളായി ചുരുങ്ങുകയോ ചെയ്യുമ്പോൾ, മറ്റ് സ്ഥലങ്ങളിലുള്ളവർക്ക് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യഥാർത്ഥ ചിത്രം ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട്. അപ്പോൾ അവർ  ധരിക്കുന്നത് ഫിലിം സൊസൈറ്റികൾ മരിച്ചുപോയി എന്നും പ്രവർത്തനങ്ങൾ തീരെ നടക്കുന്നില്ല എന്നുമാണ്. യഥാർത്ഥത്തിൽ പല ഭാഗങ്ങളിലും ഡോക്യുമെന്ററി അടക്കം ചെറിയ മേളകളും ചർച്ചകളും സെമിനാറുകളും ഒക്കെ നടക്കുന്നത് ആരുമറിയാതെ പോവുകയാണ്.അതുവഴി കേരളമാകെ പടർന്നു നിൽക്കുന്ന ഒരു വലിയ സാംസ്‌ക്കാരിക പ്രസ്ഥാനമായി ഫിലിംസൊസൈറ്റി പ്രസ്ഥആനത്തെ മാറ്റിത്തീർക്കാൻ നല്ല സിനിമയെ സ്‌നേഹിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്രസാഹിത്യപരിഷത്, വിദ്യാർത്ഥി സംഘടനകൾ, യുവജന സംഘടനകൾ, മറ്റു സാംസ്‌ക്കാരിക സംഘടനകൾ എന്നിവരുടെ ഒക്കെ സഹകരണത്തോടെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഫിലിംസൊസൈറ്റികൾക്ക് രൂപം കൊടുക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുവരികയാണ്. സ്‌കൂളുകളിലും കോളേജുകളിലും ഒക്കെ ഫിലിം ക്ലബ്ബുകൾ രൂപീകരിച്ചുകൊണ്ട് ദൃശ്യസംസ്‌ക്കാരം മാനവികമായി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പിന്തുണ വേണ്ടതുണ്ട്.

Comments

comments