“ഉളിപ്പേച്ച്” രാജേഷ്  ചിത്തിരയുടെ  മൂന്നാമത്തെ കവിതാസമാഹാരമാണ്. വായിച്ചും ചൊല്ലിയും ചൊല്ലി കേട്ടും പാടിയും  പഠിച്ചും വായനക്കാരൻ ശീലിച്ച  കവിതകളില്‍  നിന്ന് മാറി വേറിട്ടൊരു വായനയുടെ വഴിയിലൂടെ നടത്തുന്നു  രാജേഷിന്റെ കവിതകൾ. പരമ്പരാഗത കവിതാ സങ്കല്പങ്ങളെ തെല്ലും  കൂസാതെയുള്ളതാണ്  പലപ്പോഴും ആദ്യം ദുര്‍ഗ്രഹം എന്ന് തോന്നിപ്പിക്കുന്ന, പിന്നീടു തെളിമയായി  ഭവിക്കുന്ന ഈ നടത്തം.

ചിലപ്പോള്‍ സംസാരിച്ചും മറ്റു ചിലപ്പോള്‍ താളത്തില്‍ പാടിയും പറഞ്ഞും കടന്നു പോകുന്നു ഈ  കവിതകള്‍. ഒരു  കളങ്ങളിലും തളച്ചിടാൻ  സാധിക്കാത്ത രചനാരീതി.  ആധുനികതയുടെ,  അത്യന്താധുനികതയുടെ  മുഖമുള്ള ഈ കവിതകളില്‍ വായനക്കാരന്  വല്ലാത്ത ഒരു  സ്വാതന്ത്ര്യം  കിട്ടുന്നുണ്ട്‌. വായിച്ച്  അപഗ്രഥിച്ചാൽ ഓരോ  വായനയിലും വ്യത്യസ്ത രീതികളില്‍ കവിത  വായനക്കാരനോട്  സംവദിക്കുന്നു, അവ സ്വയം സംസാരിക്കാന്‍  പ്രേരിപ്പിക്കുന്നു .

  1. വ്യത്യസ്തമായ മേലെഴുത്തുകള്‍, തലക്കെട്ടുകളിലെ കുത്തു /ത്തും കോമാകള്‍

നീളത്താന്മാരായ തലക്കെട്ടുകളാണ് ആദ്യം വായനക്കാരനോട് സംസാരിക്കുക. വായനക്കാരന്റെ സംശയം ഇങ്ങനെയാവും – കവിക്കു  തന്നോട് തന്നെ  സംസാരിക്കാന്‍ വേണ്ടിയാണോ ഈ കവിതകള്‍  എഴുതപ്പെട്ടത്, അതോ വായനക്കാരനു വേണ്ടിയോ? അസാധാരണമായ തോന്നിയേക്കാവുന്ന ചില തലക്കെട്ടുകള്‍ ഇപ്രകാരമാണ് :

ഒരു  തരിശു  കണ്ണാടി  അതിന്റെ  ഭാവിയെ  പാരായണം  ചെയ്യുന്നത് /  ഒരാള്‍  തന്നെ പലെരെന്ന പര്യായപ്പെടുതല്‍ / നെടുവീര്‍പ്പിനെപ്പറ്റി  തന്നെ ചിലതങ്ങനെ. നെടുങ്കന്‍ ശീര്‍ഷകങ്ങള്‍ തന്നെ ഓരോ ഒറ്റവരികവിതയാണ്.

സമാഹാരത്തിലെ കവിതകളെ 4 ഭാഗങ്ങളായി  തിരിച്ചിട്ടുണ്ട് ധ്യാനം , ഉണ്മ, പെണ്മ  കാമന  എന്നിങ്ങനെയാണ് ആ ഭാഗം വയ്ക്കല്‍.

  1. ധ്യാനത്തിലാവുന്ന മത്സ്യവും മനുഷ്യനും.

ഈ ഖണ്ഡത്തിലെ ആദ്യ കവിത,  ധ്യാനത്തിന്റെതാണ്. കവിയുടെ  പശുവുമായുള്ള  സംവാദം ഒരു  ജ്ഞാനാന്വേഷണം തന്നെയാണ്.മറ്റൊരു കവിതയായ “നര്‍ത്തകനില്‍”  നൃത്തം,   ഒറ്റപ്പെട്ടവന്റെ ഭാഷയെന്നു  പറഞ്ഞു വയ്ക്കുന്നുണ്ട്‌. ഒരുവന്റെ ഉള്ളിലുള്ള ഒന്നിലധികം വരുന്ന  നര്‍ത്തകരെപ്പറ്റി ഇതില്‍ വായിക്കാം. ”ചിതലനക്കങ്ങളില്‍” എന്ന കവിത കാത്തുനില്പ്പിനെ പറ്റിയാണ്. കാവല്‍ക്കാരെ പറ്റി, കാത്തുനില്‍പ്പിന്റെ കടലാഴത്തെ കുറിച്ച്, കാത്തിരുപ്പിന്റെ മടുപ്പിനെക്കുറിച്ച് ഒക്കെയാണ് കവിയുടെ ചിന്ത ഈ കവിതയില്‍. നമ്മള്‍ ആരെയാണ്  കാത്തിരിക്കുന്നത്  എന്ന ചിന്തയോടെയാവും വായനക്കാരന്‍ ആ കവിതയില്‍  നിന്ന്  പുറത്തിറങ്ങുക.

എന്റെ വീട്/ നിന്റെ വീട്/ നമ്മുടെ വീട്/ വീട്/ ഒരിക്കലും  വീടി തീര്‍ക്കാത്ത/  കടത്തിന്റെ ഒരു കൂട്.  നഷ്ടബോധത്തിന്റെ, ഇറങ്ങിപ്പോക്കിന്റെ, മരണത്തിന്റെ ഒരു മായാചിത്രമുണ്ട് “വീട് വ(ര)യ്ക്കുന്നു” എന്ന കവിതയില്‍. മത്സ്യായനത്തില്‍ കവിയുടെ  ധ്യാനപര്‍വം മുറിയുന്നു.  ആരാണ് ആ മത്സ്യം?  ദുരിതക്കടലില്‍ മുങ്ങിയ  ഒരാള്‍,   എത്തിച്ചേരുന്ന  ചെതുമ്പലുകള്‍ ഉപേക്ഷിച്ച  ഒരു  മത്സ്യം  എന്ന തോന്നലില്‍    ധ്യാനം  വിട്ടു  വായനക്കാരന് ഉണരാനാകും.

  1. ഉണ്മയുടെ പയ്യാരം പറച്ചില്‍.

രണ്ടുപേര്‍ക്കിടയിലെ  ദൂരം  അളക്കുന്ന വ്യത്യസ്തമായ  അളവുകോലുകള്‍ എന്താണ്? ഒന്ന് കുതിച്ചാല്‍  നാം കടക്കുമോ  ഒരു  മൂന്നു മീറ്റര്‍ അകലം? അതോ വാഗയോളമോ ഗാസയോളമോ ഉണ്ടാകുമോ  ആ വിടവ്? അകല്‍ച്ചയുടെ  കാരണം  ചികയുന്ന കവിയെ “മൂന്നു  കടലിരംബങ്ങള്‍ പോലെ നമുക്കിടയിലീ  മൂന്ന്  മീറ്റര്‍  അകലം”  എന്ന കവിതയില്‍ കാണാം. പുഴ  കടലില്‍ ചേരുംപോലെ  യാത്രയുടെ  അന്ത്യത്തില്‍ അകലം തന്നെ അകന്നില്ലാതാകും.

ഉണ്മയിലെ  കവിതകളിലൂടെ  വായനക്കാരന്‍ നിരന്തരം പരിതപിക്കുന്ന സാമൂഹ്യ  അവസ്ഥയോടുള്ള യുദ്ധംപോലെ “ഒട്ടും സിമ്പിള്‍ അല്ലാത്ത ഈ ജീവിതം” എന്ന കവിതയെ വായിക്കാം.. കവിത തന്നെ പ്രതീപിനോട് പറഞ്ഞു പോകുന്നത്  ഇപ്രകാരം.

“രാവിലെ പത്രത്തിലാ കൊച്ചു പെണ്ണിന്റെ
പടം കണ്ടോപ്പോ മുതലേ  ഉള്ളിളിച്ചിരി  വല്ലായ്മ”

ഈ വരികള്‍ ഇന്നും  നാളെയും നാം പറയാന്‍  ഉദ്ദേശിച്ചതല്ലേ കവി  പറഞ്ഞതെന്ന്  വായനക്കാരന് സമ്മതിക്കാതെ തരമില്ല. ജീവിക്കുന്ന കാലം അങ്ങനെയാണ്. ജീവിതം  അത്ര  സിമ്പിള്‍  അല്ല തന്നെ.

പതിവ്  വായനയില്‍ നിന്ന്  വ്യക്തമായ ഒരു അകലം പാലിക്കുന്നുണ്ട് ഗദ്യ കവിതകളായ  കോട്ടുവ,  ചില അശുഭ ചിന്തകള്‍, കന്ട്രിയെപറ്റി പറ്റി തന്നെ, കരിക്കുലത്തില്‍  ഇല്ലാതാവ  എന്നിവ. അവയുടെ എഴുത്തുവഴി സാമ്പ്രദായികമല്ല.

ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട  ഒന്നാണ് “നിഷ്കളങ്കതയ്ക്ക് ഒരാമുഖം”  എന്ന കവിത. കുറച്ചൊരു  satiric trifle  പോലെ അനുഭവവേദ്യമായതും ആവര്‍ത്തിച്ചു വായിക്കാന്‍  തോന്നിക്കുന്നതും   ആയ  ഈ ഗദ്യ  കവിതയുടെ  ഇടപെടല്‍ ഒരു  കുട്ടിയുടെ  വളര്‍ച്ചയുടെ  വിവിധ ഘട്ടങ്ങളിലെ  ആണ്‍ പെണ്‍ തിരിച്ചറിവുകളെ കുറിച്ചാണ്.  മേയ്റ്റിനെ (കൂട്ട്,  ഇണ, സുഹൃത്ത്‌  ) അന്വേഷിച്ചു  പെണ്‍ മൂത്രപ്പുരയുടെ വാതുക്കലൂടെ നോക്കുന്ന ആണ്‍കുട്ടി (അതെന്താ പെൺകുട്ടി ആണ്‍ മൂത്രപ്പുരയുടെ വാതുക്കലൂടെ  നോക്കത്തെ,  നോക്കുന്നത്  ആരും  കാണാത്തെ എന്നും  ചിന്ത്യം) നിഷ്കളങ്കതയുടെ നിയമങ്ങള്‍ എന്താണു എന്നത് വായനക്കാരെ  ചിന്തിപ്പിക്കും.  കവിയുടെ  വിശദീകരണവും, വായനക്കാരന്റെ ചിന്തയും  വ്യത്യസ്തമാകുന്ന  സാഹചര്യം ഈ കവിതയില്‍  ഉണ്ട്.

നിഷ്കളങ്കതയുടെ പ്രായ പരിധി, രതി സ്വകാര്യതയില്‍  നിന്ന് പൊതു  സ്വീകര്യതയിലേക്ക് , ഉഭയസമ്മത പ്രകാരമുള്ള വിവാഹഛിദ്രങ്ങള്‍, സ്വകാര്യതയിലേക്ക്കടന്നുകയറുന്ന ക്യാമറയുടെ നീക്കംചെയ്യല്‍  എന്നിവ മലയാളിയുടെ ഗുപ്തമായ അശ്ലീല  മനസ്സിനോടുള്ള ഒരു യുദ്ധംപോലെ. ഇവിടെ   കപടസദാചാരത്തിനുനേരെയുള്ള കവിയുടെ ചിരി വായനക്കാരന്റെ ചിരിയായി പരിണമിക്കുന്നു .

ഉളിപ്പേച്ച് എന്ന പേരിലുമുണ്ട് ഒരു കവിത.  അതിലാവട്ടെ  ഉളിയും  കൂര്‍ത്ത  വാക്കുകളും പിന്നെ ഒരു പയ്യാരം പറച്ചില്‍ പോലെ  നാടന്‍  ശൈലികളും  ചേര്‍ന്നിരിക്കുന്നു.

ചില അധിനിവേശ  ചിന്തകളില്‍ മരവും പുഴയും തമ്മിലാണ് സംഘര്‍ഷം.  മരം ഒരു രാജ്യമെങ്കില്‍  പുഴ ഒരു  വിധ്വംസകനും അധിനിവേശക്കാരനും. യുദ്ധത്തിന്റെ പ്രതീതി  ജനിപ്പിക്കുന്ന  ഈ കവിതയിലെ പുഴയും മരവും  എന്തിനെ പ്രതിനിധാനം  ചെയ്യുന്നു? രാജ്യങ്ങളെയും  രാഷ്ട്രീയത്തെയും  തന്നെയല്ലേ ?

  1. പെണ്മയുടെ വിങ്ങല്‍

ജനകജനനീചിന്തകൾ ഉണർത്തുന്ന കവിതകൾ.  മകളിലയവളിൽ കുടുംബം എന്ന അവശേഷിക്കുന്ന സങ്കല്പം ഒരു ചെറിയകുട്ടിയുടെ കണ്ണിലൂടെ കാണുമ്പോൾ ടെർട്ടിപ്യുസിയുടെ എഴുത്തിന്റെ തീവ്രത ഒരു പക്ഷെ ഒരു ചെറിയ പെൺകുട്ടി ചൊല്ലിക്കേൾക്കുന്ന നഴ്സറിറൈം പോലെ. അവിടെ മരണത്തിന്റെ നീലക്രയോണ്‍ കൊണ്ട് വരച്ച ഒരു പൂച്ച മറിഞ്ഞുംതിരിഞ്ഞും കലമ്പുന്നതു മനസ്സിൽ കേൾക്കാം.  “ആകാശമുങ്ങാങ്കുഴികൾക്ക് ഒരു അടിസ്ഥാനരഹിത അനുബന്ധം“ എന്ന കവിത ഹൃദയത്തെ സ്പര്ശിക്കുന്നു, വളരെആഴത്തിൽ.  വളരാൻ പാടില്ലാത്ത മാലാഖ ..16 കഴിഞ്ഞു ഇനി വളരെണ്ടതില്ല എന്ന്  യാത്ര പറയുന്ന മാലാഖ. അവളുടെ ഏകാന്തത, .അവസാന യാത്ര ഒക്കെ മനസ്സിന്റെ വിങ്ങൽ അധികരിപ്പിക്കും .

  1. കാമനയുടെ ആകാശവയലുകള്‍.

പ്രണയകാല്പനികചിന്തകളും രതിയും പല ബിംബങ്ങളിലൂടെ ഈ ഖണ്ഡത്തിലെ കവിതകളില്‍ വന്നു പോവുന്നുണ്ട്. പലതരം സമാഗമങ്ങളെ പറ്റിയുള്ള കവിതകള്‍ കമനയിലുണ്ട്.

നമ്മൾ രാത്രിയെ ആഗ്രഹിക്കുമ്പോൾ/
രാത്രി പൊടുന്നനെ പകലാകുന്നു

എന്ന് പ്രണയത്തെക്കുറിച്ച് കവി സ്ക്രിബിൾ ചെയ്യുന്നു.

വളരെ വ്യത്യസ്തമായി തത്വചിന്താപരമായ ചിലസമീപനങ്ങളിലൂടെ വായനക്കാരാ നീതന്നെ നിന്റെ എരിയുന്ന ചിന്തകൾക്കും ഉത്തരം കാണൂ എന്ന് പറയുന്ന കവിയെയാണ് മിക്കകവിതകളിലും വായിച്ചറിയാനാവുക. നിന്റെ മുറിവുകളില്‍ നിന്നു പറന്നകലുന്ന ചിത്രശലഭത്തിന്റെ ക്ഷണികജന്മമാവാൻ കാക്കുന്ന കാമുകനും കവി തന്നെയോ അതോ വായനക്കാരനോ എന്ന് ചിന്തിപ്പിക്കുന്നുണ്ട് ഈ കവിതകള്‍. ഓരോ വായനയിലും കവിതകളിലെ പൊരുൾ മാറിമാറിയുവാന്‍ കാരണമെന്തെന്ന ചിന്ത ബാക്കിയാക്കുന്ന ഈ പുസ്തകം കവി വിതച്ച ഭാവനയുടെ ആകാശത്ത് കൊയ്യാൻ ശ്രമിക്കുന്ന കൊയ്ത്തുകാരനായി  മാറുന്ന വായനക്കാരനുള്ളതാണ്.

chithira

 

 

 

 

 

Rajesh Chithira


 

Comments

comments