എഡിറ്റിംഗ് നടക്കുന്ന ആകാശം – നോവൽ: അധ്യായം-3

എഡിറ്റിംഗ് നടക്കുന്ന ആകാശം – നോവൽ: അധ്യായം-3

SHARE
അദ്ധ്യായം : മൂന്ന്  – ഉന്മാദത്തിന്റെ  വേരുകൾ 

ഭ്രാന്തിന് പാരമ്പര്യമില്ലെന്ന് പറഞ്ഞാൽ, അത്ര പെട്ടെന്ന് സമ്മതിച്ചു തരാൻ തലച്ചോറിന് കഴിയില്ല. കുടുംബത്തിലെ പലരും മുഴുത്ത ഭ്രാന്ത് അനുഭവിച്ചവരാണ്. ഭ്രാന്തെടുത്ത് നടന്ന് സ്വൽപം ഭേദമാകുമ്പോൾ ഒറ്റപ്പാലം, പട്ടാമ്പി, ഭാഗങ്ങളിലെ ഹോട്ടലുകളിൽ ജോലിചെയ്ത്… കൃത്യമായി കാശൊന്നും വാങ്ങാതെ സിനിമയായ സിനിമ മുഴുവൻ കണ്ട് നടന്നിരുന്ന ഉസ്മാൻ മാമയാണ് മനസ്സിൽ ഉറച്ചുപോയ ആദ്യത്തെ ഭ്രാന്തൻ. സ്‌നേഹം കൂടുമ്പോൾ പിറുപിറുത്തുകൊണ്ട് എല്ലാവരേയും വേദനയില്ലാതെ തല്ലുന്ന ഉസ്മാൻ മാമാന്റെ ഏട്ടൻ താടിമാമ എന്ന് വിളിക്കുന്ന അബൂബക്കറിനും ഇത്തിരി വട്ടുണ്ടെന്നാണ് ജനസംസാരം. ഉമ്മാന്റെ അനിയൻ കാസിമിനും ഒരു പിരി ലൂസാണ്. ഇനി  ഉമ്മയുടെ അനിയത്തിമാരുടെ കാര്യമെടുത്താൽ റുഖിയ കുഞ്ഞിമ്മാക്കും സൈന കുഞ്ഞിമ്മാക്കും  നല്ല മുഴുത്ത ഭ്രാന്ത് തന്നെയാണ്. അറുപത് കഴിഞ്ഞൊരു രണ്ടാംകെട്ടുകാരനെ കെട്ടുന്നതിന്  തലേന്നു വരെ അടുക്കള ഭരിക്കുന്നതിലായിരുന്നൂ റുഖിയയുടെ പ്രാന്ത് നിലനിന്നിരുത്. സൈനബയെ വിവാഹം ചെയ്തിരുന്നത് എന്റെ കൊച്ചാപ്പയും!.. എന്റെ കൊച്ചാപ്പയും കുഞ്ഞിമ്മയും, അങ്ങനെ പറയുന്നതിനേക്കാൾ ചേല് അഷറഫിന്റെ കൊച്ചാപ്പയും മുൻഭാര്യയും എന്ന് പറയുന്നതായിരിക്കും.

കുഞ്ഞുനാളിൽ അനിയൻ കിണറ്റിൽ വീണ് മരിച്ചതിന് ശേഷം മാനസിക തെറ്റി ആളായിരുന്നു സൈനബയെ വിവാഹം ചെയ്ത കമാൽ. രണ്ട് ഭ്രാന്തരുടെ ജീവിതം അസ്വാരസ്യങ്ങളുടേയും അസ്വസ്ഥതകളുടേതുമായിരുന്നൂ. ഇരുപത്തിനാല് മണിക്കൂറും കുളിച്ചുകൊണ്ടിരിക്കുന്ന ഭാര്യയും മുറിയിൽ നിന്നും പുറത്തിറങ്ങാത്ത ഭർത്താവും പ്രാന്തിന്റെ നല്ല ചേരുംപടികളായിരുന്നു.. അവരുടെ ജീവിതം തികഞ്ഞ അനിശ്ചിതത്വത്തിൽ വീണുടഞ്ഞു. പ്രാന്തായാലും ആണിന് മാത്രം ലഭ്യമായ ചില അധികാരങ്ങളാൽ അവരുടെ വിവാഹബന്ധം എന്നെന്നേക്കുമായി മൊഴിചൊല്ലിപ്പിരിഞ്ഞു. ആദ്യ വിവാഹത്തിലെ പെൺകുട്ടിക്കും രണ്ടാംവിവാഹത്തിലെ ആൺകുട്ടിയ്ക്കുമൊപ്പം ചെറിയ ഭ്രാന്തുമായി കമാലിപ്പോൾ സ്വസ്ഥമായി ജീവിക്കുന്നു… ബന്ധുവീടുകളിൽ മാറിമാറി താമസിച്ച് സൈനബയും ജീവിതം തുടരുന്നു.

എന്റെ ഉപ്പയുടെ തായ്‌വഴിയിലും ഉമ്മയുടെ തായ്‌വഴിയിലും ഇനിയുമേറെ ഭ്രാന്തന്മാരുണ്ട്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാത്ത ഈ ഉന്മാദത്തിന്റെ അലകൾ എന്റെ ശരീരത്തിലും ഓടുന്നുണ്ടെന്ന് തിരിച്ചറിയഞ്ഞത് ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പതാം തിയതി കർണാടകയിൽ വെച്ചാണ്. അവിടെ വെച്ചാണ് നീലിയു ടെ ഫെയ്‌സ് ബുക്ക് സ്റ്റാറ്റസ് വഴി നദി ആത്മഹത്യ ചെയ്ത വിവരമറിയുന്നത്. അതേ സമയത്ത് തന്നെ ഞാനൊരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാവുകയും ചെയതു. ഇതോടെ ഭ്രാന്തിനും ആത്മഹത്യ യ്ക്കും ഇടയിലൂടെയുള്ള ഒരു നൂൽപ്പാലത്തിലൂടെ ഓടാൻ തുടങ്ങി. ഭ്രാന്തിന്റെ ഉച്ഛസ്ഥായിയിൽ കൂട്ടുകാരനെ പോലെ ആത്മഹത്യ തന്നെയാണ് തന്റേയും വിധിയെന്ന് തീരുമാനിക്കുമ്പോൾ ഞാനൊരിക്കലും സന്ദേഹിയായിരുന്നില്ല. ‘പലപ്പോഴും ജീവിതം പിഴച്ചുപോയ സ്വപ്നങ്ങളുടെ കണക്കുപുസ്തകമാണെന്നും താനെന്നെങ്കിലും ആത്മഹത്യ ചെയ്യുകയാണെങ്കിൽ ആരും വേറെ കാരണമൊന്നും അന്വേഷിക്കരുതെന്നും’ ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് എഥലിനെ വിളിച്ചറിയിച്ചിരുന്നു.

ഉന്മാദത്തിന്റെ വേരുകൾ
ഉന്മാദത്തിന്റെ വേരുകൾ

ആത്മഹത്യയെന്നും അപകടമെന്നും പിറുപിറുത്തേക്കാവുന്ന മരണം മുന്നിൽ കാണുകയാണ്! ഐ.സി.യു.വിന്റെ പച്ച കർട്ടൺ ഫിലിംറോളുപോലെ പ്രകാശഭരിതമാണ്. ലഹരിയുടെ ആഴങ്ങളിൽ ജോൺ എബ്രഹാമിനെ പോലെ താഴേക്ക് പതിക്കാൻ തുടങ്ങിയ നിമിഷം മുതൽ തുടങ്ങിയ ആത്മഹത്യാക്കുറിപ്പ് ഇനിയും അവസാനിച്ചിട്ടില്ല. തൂങ്ങിനിൽക്കുന്ന ബൾബിനടിയിൽ ഫിലിം വെച്ചുനോക്കുന്ന കുട്ടിയുടെ ദൃശ്യം മുന്നിൽ തെളിഞ്ഞു  കാണുന്നുണ്ട്. ഐ.സി.യു.വാർഡിൽ  നിന്നും  മരണം  എഴുന്നേൽപ്പിച്ച് ഐസാത്താന്റെ വീട്ടിലേക്ക് നടത്തുന്നു. എടക്കരയിൽ ആദ്യമായി ടി.വി.വന്നത്  ഐസാത്താന്റെ വീട്ടിലാണ്. രാധേച്ചീടെ മകൻ സുനീഷാണ് വെളിച്ചപ്പെട്ടിയെ  പരിചയപ്പെടുത്തി  തന്നത്. അന്ന്,  മനസ്സിൽ കയറിയ കൗതുകത്തിന്റെ വെളിച്ചം ഇതുവരേയും കെട്ടുപോയിട്ടില്ല. ശരിക്കും പറഞ്ഞാൽ സുനീഷിനൊപ്പം ഐസാത്താന്റെ വീട്ടിൽ ടി.വി.കാണാൻ പോയത് മുതൽക്കാണ് ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. പേനയും പേപ്പറും ഇല്ലാതെ മരണത്തെ രുചിച്ച് നോക്കുന്ന നാവുകൊണ്ട് എഴുതുന്ന ആത്മഹത്യാക്കുറിപ്പ് ഹൃദയത്തിന് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. പേനയുടെ ഞരക്കത്തിന് സമാനമായി ചുണ്ടുകൾ പിറുപിറുത്ത് കൊണ്ടിരുന്നു. എപ്പോൾ, വേണമെങ്കിലും മരണം അതിഥിയായി എത്തിയേക്കാവുന്ന ഈ മുറിയിൽ മരണത്തിന് വായിക്കാൻ വേണ്ടി മാത്രം ജീവിതത്തെ പറഞ്ഞുവെക്കേണ്ടതുണ്ട്. പേനയില്ലാതെ പേപ്പറില്ലാതെ ഒരു ആത്മഹത്യാക്കുറിപ്പ് എഴുതി വെക്കേണ്ടതുണ്ട്! ഞാനെന്റെ ആത്മഹത്യാക്കുറിപ്പ് എഴുതിക്കൊണ്ടിരിക്കുകയാണ്….. അഷറഫ്, എന്ന പേരിന്റെ ന്യായീകരണങ്ങളുമായി.

ഉന്മാദത്തിന്റെ  വേരുകൾ
ഉന്മാദത്തിന്റെ വേരുകൾ

നീണ്ട ഫാൻ കറക്കങ്ങൾക്കൊടുവിൽ ഓരോ പകലന്ത്യങ്ങളും കണ്ണിൽ നിന്നും മാഞ്ഞ് നേർത്ത ഇരുട്ടിലേക്ക് കൊഴിഞ്ഞ് വീഴുന്നു. നക്ഷത്രങ്ങളുറങ്ങുന്ന ആകാശം വലിച്ചുനീട്ടിയ ഫിലിംറോളുപോലെ കൗതുകത്തിന്റെ ചെപ്പ് തുറക്കുന്നു… കരയുന്ന, ചിരിക്കുന്ന, കൊല്ലുന്ന, പ്രണയിക്കുന്ന മനുഷ്യന്മാരെ ആരോ ഒരു ചതുരപ്പെട്ടിക്കകത്തിട്ട് പൂട്ടിയിരിക്കുന്നു. കമ്പുകളും ശീമക്കൊന്നയും ചേർത്തുകെട്ടിയുണ്ടാക്കിയ വേലിയുടെ ചതുരക്കള്ളികൾക്കിടയിലൂടെ സായാഹ്നവെളിച്ചംപോലെ എന്തോ ഒന്ന്, ആറ് വയസ്സുകാരന്റെ മുഖത്ത് തട്ടി പ്രതിഫലിച്ചു. പ്രകാശം കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. അന്ന്, ഉച്ചയ്ക്ക് വേലിയുടെ ചതുരക്കള്ളിയിലൂടെ ഊർന്നിറങ്ങി തന്നെ നോക്കിയത് ഐസാത്താന്റെ വെളിച്ചപ്പെട്ടിയായിരുന്നു… സീറോ ബൾബിൽ ഫിലിം വെച്ച് നോക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കാണുമ്പോഴെല്ലാം ഞാനെന്റെ ആദ്യത്തെ സിനിമാനുഭവത്തെ ഓർമ്മിച്ചുകൊണ്ടേയിരുന്നു… ഓർമ്മയ്‌ക്കൊപ്പം ഉമ്മയുടെ അടിയുടെ നീറ്റൽ ശരീരത്തിലേക്കും മനസ്സിലേക്കും പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ലഹരിയെ കുത്തിവെക്കുന്നു. ഒന്നും പറയാതെ ഐസാത്താന്റെ വീട്ടിൽ നിന്നും പിടിച്ചിറക്കി, ചന്തിക്ക് നാലഞ്ച് പെട തന്ന്… ഉമ്മച്ചി വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യത്തിന്റെ ലഹരിയെന്നെ മരണക്കിടക്കയിലും ഉന്മാദിയാക്കുന്നു. ഉമ്മർമാമ കൊണ്ടുവന്ന ഗൾഫിന്റെ ടോർച്ചും തെളിച്ച്, തവളക്കരച്ചിലിന് കാതോർത്ത്… ബണ്ടു കളും ചെറിയ വെള്ളക്കെട്ടുകളും ചാടിക്കടന്ന്, പാമ്പുണ്ടോന്ന്  ഇടംവലം നോക്കി, കുള്ളൻ തെങ്ങുകൾക്കിടയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുമ്പോഴും മനസ്സ്  നിറയെ മംഗലശ്ശേരി നീലകണ്ഠനായിരുന്നു. പുളിവാറലേൽപ്പിച്ച പൊട്ടലുകൾ ട്രൗസറിൽ ഉരഞ്ഞ്  വേദനിപ്പിച്ചെങ്കിലും കരഞ്ഞില്ല. മനസ്സ് നിറയെ വെളിച്ചപ്പെട്ടിയും അതിലെ രൂപങ്ങളുമായിരുന്നു. അന്നത്തെ ആറുവയസ്സുകാരൻ തന്റെ ആദ്യത്തെ സിനിമാനുഭവത്തിന്റെ തുടർച്ചയ്ക്കായി വേലിയൊരുക്കിയ സ്‌ക്രീനിലേക്ക് നോക്കി നിൽപ്പുണ്ട്, മംഗലശ്ശേരി നീലകണ്ഠന് എന്ത് സംഭവിച്ചൂ? എന്നറിയാനായി. വേലിക്ക് ഇപ്പുറത്ത് നിന്ന് അപ്പുറത്തേക്ക് കൊതിയോടെ ആകാംഷയോടെയുള്ള ആ നോട്ടം ഇവിടെ അവസാനിക്കുകയാണോ? മരണത്തെ കാത്തുകിടക്കുന്ന അതേ ഏകാന്തതയാണോ അന്നത്തെ കാത്തുനിൽപ്പിനും അനുഭവപ്പെട്ടത്? മരണത്തിന് തൊട്ടുമുമ്പുള്ള ഈ ഏകാന്തതയിലൂടെ നദിയും ഇദ്രീസും കടന്നുപോയിട്ടുണ്ടാകുമോ?

ആദ്യത്തെ സിനിമ കാണുമ്പോൾ ടെലിവിഷനെ കുറിച്ച് പറഞ്ഞു തന്ന സുനീഷ് ഓണാവധിക്ക് വിരുന്നിന് പോയിരിക്കുകയായിരുന്നു. അവൻ, അവധി കഴിഞ്ഞ് തിരിച്ചുവരുന്നത് വരെയുള്ള ഒരാഴ്ചക്കാലം മനസ്സ് അസ്വസ്ഥമായിരുന്നൂ. മംഗലശ്ശേരി നീലകണ്ഠന്റെ ജയപരാജയങ്ങൾ ഈ ഒരാഴ്ചക്കാലം മനസ്സിന്റെ തിരശ്ശീലയെ ഭരിച്ചുകൊണ്ടിരുന്നു. എന്നിൽ സിനിമാമോഹം പിറവിയെടുത്തത് ഇങ്ങനെയായിരിക്കാം! അവിടുന്ന്, ഒരാഴ്ചയ്ക്ക് ശേഷം സുനീഷ് വന്ന് ബാക്കി കഥ പറഞ്ഞതു മുതൽ, മംഗലശ്ശേരി നീലകണ്ഠൻ മുണ്ടക്കൽ ശേഖരന്റെ കൈ വെട്ടിയെടുത്തന്ന് മുതൽ ഇന്നുവരെ എന്റെ പ്രിയപ്പെട്ട ഹീറോകളിൽ ഒരാൾ മംഗലശ്ശേരി നീലകണ്ഠനാണ്. എന്റെ ആദ്യത്തെ ഹീറോയായ നീലകണ്ഠനായി വേഷമിട്ടത് മോഹൻലാലാണെന്നും ആദ്യം കണ്ട സിനിമ ദേവാസുരമാണെുന്നും തിരിച്ചറിഞ്ഞതും അന്ന് കാണാതെ വിട്ട ക്ലൈമാക്‌സ് പിന്നീട് കണ്ടതും രണ്ടുവർഷങ്ങൾക്ക് ശേഷം ഐസാത്താന്റെ വീട്ടിൽ വെച്ച് തന്നെയായിരുന്നു.. ഓർമ്മകൾ ഫ്‌ളാഷ് ബാക്കിൽ നിന്നും പതിയെ തിരിച്ചു വന്നതോടെ വേദന കൊണ്ട് ഞരങ്ങാൻ തുടങ്ങി. എന്റെ അടുത്ത് നിന്നിരുന്ന ഡ്യൂട്ടി നേഴ്‌സ് കാര്യം പന്തിയല്ലെന്ന് കണ്ട് ഡോക്ടറെ വിളിക്കാനായി ഐ.സി.യു.വിൽ നിന്നും തിരക്കിട്ട് പുറത്തേക്കിറങ്ങി.

(തുടരും)

അധ്യായം – 1: കേൾക്കപ്പെടാത്തവർ – വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15

അധ്യായം – 2: രൂപരഹിതമായ ജീവിതങ്ങൾ

Comments

comments

SHARE
Previous articleശിക്ഷണത്തിന്റെ അസഹ്യമായ ഗുരുത്വവും ധൈഷിണിക കലാപങ്ങളുടെ ആകസ്മികതയും – അനിൽകുമാർ പി. വി
Next articleകഥയുടെ വർണപ്പകിട്ട്
*ഡി.സി.കിഴക്കേമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിന്റെ ഭാഗമായി ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച 'ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍' എന്ന നോവലിന്റെ രചയിതാവ്. * 'പടച്ചോന്റെ ചിത്രപ്രദർശനം' എന്ന കഥയ്ക്ക് മലയാളം സർവ്വകലാശാലയുടെ പ്രഥമ സാഹിതി പുരസ്‌ക്കാരം. * 'ദൈവത്തോട്' എന്ന കവിതയ്ക്ക് എം.ജി.സർവ്വകലാശാലയുടെ അയ്യപ്പപണിക്കര്‍ പുരസ്‌ക്കാരം * രചനയും സംവിധാനവും നിർവ്വഹിച്ച 'എന്നിലേക്ക്' എന്ന ഹ്രസ്വചിത്രത്തിന് കേരളസ്ത്രീപഠന കേന്ദ്രം നടത്തിയ പ്രഥമ ഫീമെയില്‍ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ ജൂറി അവാർഡ് *ജേർണലിസത്തില്‍ ബിരുദവും (മൈനോരിറ്റി ആർട്ട്സ് & സയൻസ് കോളേജ് പടിഞ്ഞാറങ്ങാടി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി) ബിരുദാനന്തരബിരുദവും (കണ്ണൂര്‍ യൂണിവേഴ്‌സിറ്റി) *കേരളീയം മാസിക, www.kvartha.com, www.youngkerala.com, A.C.V (പട്ടാമ്പി), എന്നീ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. *www.southlive.in, www.newsmoments.com, www.doolnews.com തുടങ്ങിയ നവമാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. * ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്ത 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. * 1990 ജനുവരി 31-ന് ജനനം -------------------------- പി.ജിംഷാര്‍, പൂവാലിക്കോട്ടില്‍, പെരുമ്പിലാവ്, തൃശൂർ, 9946240737 (Mob) [email protected]