(കെ.വി. മണികണ്ഠന്റെ ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ എന്ന കഥാസമാഹാരത്തെക്കുറിച്ച്.)

ഷ്മളമായ വർണ്ണസങ്കലനങ്ങളുടെ കഥകളാണ് കെ.വി.മണികണ്ഠന്റെ ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ എന്ന സമാഹാരത്തിലുള്ളത്. ദൈനന്ദിനാനുഭവങ്ങളുടെ ലാളിത്യവും സാധാരണത്വവും അനന്യമായ ചമൽക്കാരഭംഗികളായി രൂപാന്തരപ്പെടും വിധം വഴക്കമുള്ള ഭാഷയും ആഖ്യാനപരമായ അനായാസതയും കഥകളിലെല്ലാം തന്നെ ഉടനീളം നിലനിർത്താൻ കഴിയുന്നു. വൈയക്തികമായ അനുഭവമേഖലകളുടെ, അവസ്ഥകളുടെ, അനുഭൂതികളുടെ ആവിഷ്കാരമായിരുന്നു കൊണ്ടു തന്നെ സാമുഹിക യാഥാർത്ഥ്യങ്ങളുടെ സൂക്ഷ്മതകളിലേക്ക്, അതിന്റെ രാഷ്ട്രീയത്തിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലാൻ കഴിയുന്നതിലെ ധ്വന്യാത്മകഭംഗിയും മാന്ത്രികമായ കൈയ്യടക്കവും സവിശേഷമാണ്. സ്വകാര്യലോകങ്ങളിലൂടെയുള്ള ഉല്ലാസകരമായ ഒരു സായംകാലനടത്തം പോലെ ഹൃദ്യമാവുമ്പോൾത്തന്നെയാണ് ആ കഥകൾ സമകാലരാഷ്ട്രീയത്തിന്റെ ഉച്ചവെയിലിൽ പൊള്ളുന്നതും. ലോകത്തെയും ജീവിതത്തെയും അഭിമുഖീകരിക്കുന്ന കഥകളുടെ പ്രതിരോധ മൂല്യവും പ്രധാനമാവുന്നു.
അവ്യവസ്ഥിതവും ചഞ്ചലിതവുമായ ജീവിതത്തെ നിർണയിക്കുന്ന പച്ചയായ അനുഭവങ്ങളുടെ സവിശേഷമായ ക്രമീകരണമാണ് കഥകളുടെ വ്യതിരിക്തത. ദാമ്പത്യ ജീവിതത്തിലെ നിവൃത്തികേടുകളും പൊരുത്തക്കേടുകളും പ്രമേയമാക്കുന്ന ജലകന്യക എന്ന കഥ ലളിതവൽക്കരണങ്ങൾക്കു വഴങ്ങാത്ത വിധം, കാഴ്ചകളിലെ, നോട്ടങ്ങളിലെ വ്യത്യസ്തകളും വേറിടലുകളും ഭാവനാത്മകമായി പകർത്തുന്നു. നഗരവും തിരക്കുകളും, ജീവിച്ചു തീർത്ത വർഷങ്ങളുടെ വൈരസ്യവും സ്വാഭാവികമായും മുഷിപ്പനാക്കുന്ന ദാമ്പത്യമാണ് ജലകന്യകയുടെ പശ്ചാത്തലം. പരസ്പരം അപരിചിതരും ചിലപ്പോഴൊക്കെ ശത്രുക്കളുമാവുന്ന മീരയും കതിരേശനും . അവർക്കിടയിലേക്കു കടന്നു വരുന്ന മൂന്നാമതൊരാൾ. കതിരേശന്റെ വളർത്തച്ഛന്റെ കൂടി സ്ഥാനമുള്ള അപ്പുമ്മാൻ അനുഭവിച്ച ജീവിതം അതിന്റെ മുഴുവൻ വശ്യതയോടെയും മുമ്പിലെത്തുമ്പോൾ, വീട്ടിൽ പോലും എസ് എം എസുകളിലൂടെ ആശയ വിനിമയം നടത്തുന്ന കതിരേശനും മീരയ്ക്കും തങ്ങളുടെ ജീവിതത്തിലടിഞ്ഞു കൂടിയ പൊടിയും തുരുമ്പും തട്ടിക്കളയാനാവുന്നു. അവരുടെ ദാമ്പത്യം പ്രണയത്തിന്റെ, രതിയുടെ, ചലനാത്മകമായ അടയാളപ്പെടുത്തലുകളായി പരിണമിക്കുന്നു. അപ്പുമ്മാൻ കഴിച്ചുകൂട്ടുന്ന വാർധക്യത്തിലെ ബാല്യം, ലജ്ജയില്ലാതെ ഓർമ്മിപ്പിച്ചിട്ടു പോയ രതിവേഴ്ചകളുടെ വൈവിധ്യം, അതിലെ പ്രകൃതി സാന്നിധ്യം കതിരേശനും മീരയ്ക്കും പുതിയ ആനന്ദസാധ്യതകളാണു തുറന്നുകൊടുക്കുന്നത്. അപ്പുമ്മാൻ വന്നതോടെ ദീർഘകാലമായി മരവിപ്പിലാണ്ട് നിന്ന ഫ്ലാറ്റ് രതിവർണ്ണനകൾ കൊണ്ട് തരളിതമാവുന്നു. തട്ടിൻപുറത്തെ കരിഞ്ഞ വായുവിൽ കൊള്ളിത്തോട്ടത്തിലെ മൃദുമണ്ണിൽ, കൂനകൂട്ടിയ വൈക്കോൽ ഗന്ധത്തിൽ മഴ തീർത്ത സ്ഫടിക ഭിത്തിയ്ക്കുള്ളിൽ അനുഭവിച്ച സുരതങ്ങളുടെ തീരാത്ത കഥകളാണ് അപ്പുമ്മാന്റെ അബോധമനസ് പറഞ്ഞു കൊണ്ടിരുന്നത്. പരസ്പരം കുറ്റപ്പെടുത്തുന്ന, കലമ്പൽകൂട്ടുന്ന രണ്ടു പേരായി മാത്രമറിഞ്ഞിരുന്ന അപ്പുമ്മാനും അമ്മായിക്കും ഇങ്ങനെയൊരു സമൃദ്ധമായ രതി ജീവിതമുണ്ടായിരുന്നുവെന്ന അറിവ് കതിരേശനു പുതിയതായിരുന്നു. അപ്പുമാന്റെ മരണശേഷം നാട്ടിൻ പുറത്തേക്കുള്ള തിരിച്ചു പോക്ക്, ഇതു വരെ കാണാത്ത, അറിയാത്ത അനുഭൂതികൾ തിരിച്ചറിയാനും ആസ്വദിക്കാനുള്ള അവസരമായി മാറുന്നു ഇരുവർക്കും. ഗൃഹാതുരതയുടെ പഴക്കവും കണ്ണീർനനവുമില്ലാതെ വേറിട്ട ജീവിതസാധ്യതകളെക്കുറിച്ചു ചിന്തിപ്പിക്കുന്ന കഥ, സമ്മോഹനമായ ദൃശ്യബിംബങ്ങൾ കൊണ്ടു മെനഞ്ഞെടുത്തതുമാണ്. ശംഖുമുഖത്തെ ജലകന്യകയുടെ ശില്പവടിവിൽ കാലുകൾ വെള്ളത്തിലിട്ട് ഭോഗാലസ്യത്തോടെ കല്പടവിലിരിക്കുന്ന മീര വീണ്ടെടുത്ത ജൈവികതയുടെ, ഉർവ്വരതയുടെ പ്രതിരൂപം കൂടിയാവുന്നു.

അകം കാഴ്ചകളെ മാത്രം സൂക്ഷ്മമായി പിന്തുടർന്നു കൊണ്ടു പുറം ലോകത്തിന്റെ രാഷ്ട്രീയം പകർത്തുന്നതിനുള്ള വൈഭവമാണ് ‘വിമർശനം ഒരു സർഗ്ഗാത്മക പ്രവർത്തനമാണ് ‘ എന്ന കഥയെ ശ്രദ്ധേയമാക്കുന്നത്.പ്രശസ്ത നിരൂപകൻ കെ.പി.അശോകന്റെയും എം.എസ്സി മൈക്രോബയോളജിക്കാരിയെങ്കിലും വീട്ടമ്മയായ, അതും സന്തുഷ്ട കുടുംബജീവിതത്തിനു വേണ്ടി ഉദ്യോഗം ഉപേക്ഷിച്ച അനിതയുടെയും സർവ്വസാധാരണമായ ദാമ്പത്യം അവിചാരിതമായ ചില തിരുത്തലുകൾക്കും തിരുത്തിയെഴുതലുകൾക്കും വിധേയമാവുന്നതാണ് കഥ. കേന്ദ്രസ്ഥാനത്തുള്ള പുരുഷനും അയാൾ അനുവദിച്ചു കൊടുക്കുന്ന ചില്ലറ സ്വാതന്ത്ര്യങ്ങളുമായി ഉത്തമ കുടുംബിനിയായൊതുങ്ങുന്ന സ്ത്രീയും ചേർന്ന സാമ്പ്രദായിക കുടുംബം. അനിതയ്ക്ക് ബോറടി മാറ്റാൻ ബ്ലോഗുണ്ടാക്കിക്കൊടുത്ത വിശാലമനസ്കനായ ഭർത്താവു തന്നെ അവളുടെ എഴുത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾ വീട്ടിൽ സംസാരിക്കുന്ന ഭാഷയിലുള്ള കാളമൂത്രമല്ല സാഹിത്യമെന്ന പരിഹാസത്തിലൂടെ അവളുടെ ബ്ലോഗ് രചന അവസാനിപ്പിച്ചു. അയാളുടെ കൂടെ പ്രേരണ കൊണ്ട് അനിതയും മകളുമൊന്നിച്ചു റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷത്തിൽ നടത്തിയ നൃത്തം ഫെയ്സ്ബുക്കിൽ അപ് ലോഡ് ചെയ്യാനുള്ള തീരുമാനത്തെ അശോകൻ രൂക്ഷമായെതിർക്കുന്നു. ഡാൻസ് എന്നു പറയുന്നത് പെൺശരീരം അതിന്റെ എല്ലാ ആഭാസങ്ങളോടെയും പ്രദർശിപ്പിക്കാനുള്ള ഉപാധിയാണെന്നു പ്രഖ്യാപിക്കുന്ന അയാളെ അനിതയുടെ മെയിൽ ഷോവനിസ്റ്റ് പിഗ്, ഹിപ്പോക്രാറ്റ് തുടങ്ങിയ ചീത്ത വിളികളൊന്നും പിന്തിരിപ്പിക്കുന്നില്ല .”നാളെ ഈ അഭ്യാസമെങ്ങാൻ ഫേസ്ബുക്കിൽ വന്നാൽ .. പുത്രിയോടും പറഞ്ഞേക്ക് ..അശോകൻ ആരാണെന്നു നിങ്ങളറിയും” എന്നാണയാളുടെ അന്ത്യശാസനം. പുരുഷാധികാര ലോകത്തിന്റെ ക്രൗര്യങ്ങളെ, കാപട്യങ്ങളെ നിഷേധിക്കാനുള്ള യുക്തികൾ അവന്റെ ആശയലോകത്തു നിന്നു തന്നെ കണ്ടെടുക്കുകയും സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നിടത്താണ് ഈ കഥയുടെ ആകർഷകത്വം. സ്ത്രൈണതയുടെ ആത്മപ്രകാശനങ്ങളെക്കുറിച്ചും കുടുംബ സങ്കല്പത്തിലെ ഏകപക്ഷീയവും സ്ത്രീവിരുദ്ധവുമായ സമരസപ്പെടലുകളെക്കുറിച്ചും സമൂഹത്തിലെ ആണധികാരത്തെക്കുറിച്ചുമൊക്കെ അയാൾ പലപ്പോഴായി എഴുതിയ ലേഖനങ്ങളിലെ വിപ്ലവകരമായ ആശയങ്ങൾ / വാക്കുകൾ / വാചകങ്ങൾ അയാൾക്കു നേരെ ബുമറാങ്ങു പോലെ പാഞ്ഞു വരുമ്പോൾ അവയിൽ നിന്നൊഴിഞ്ഞു മാറുക എളുപ്പമല്ല. ഒടുവിൽ ആസകലം മുറിവേറ്റ് പരാജയം സമ്മതിക്കുന്ന ആ കുടുംബനാഥൻ മലയാളിയുടെ ശരീരബദ്ധമായ കാപട്യങ്ങളെക്കുറിച്ചു താനെഴുതിയ ലേഖനം ഭാര്യക്കും മക്കൾക്കും വായിച്ചു കൊടുത്ത്, സന്ധിക്കൊരുങ്ങുന്നു. അതിനു മുന്നേ തന്നെ അനിതയുടെ ഡാൻസ് വീഡിയോ സ്വന്തം അക്കൗണ്ടിൽ അപ് ലോഡ് ചെയ്ത് സുഹൃത്തുക്കൾക്ക് ടാഗ് ചെയ്യുന്നുണ്ടയാൾ. ഒപ്പം അനിത എഫ് ബി അക്കൗണ്ട് തുടങ്ങാത്തതെന്തെന്ന് ജീവിതത്തിലാദ്യമായി അന്വേഷിക്കുകയും ചെയ്യുന്നു. മധ്യവർഗ്ഗ മലയാളി പുരുഷന്റെ ബുദ്ധിജീവിനാട്യങ്ങളെയും സദാചാര ബോധത്തെയും അധികാര വ്യഗ്രതയെയും സർഗ്ഗാത്മകമായി വിമർശിക്കുന്ന കഥ സ്പർശത്തിലൂടെ, ആലിംഗനത്തിലൂടെ നൃത്തച്ചുവടുകളിലൂടെ, എല്ലായ്പ്പോഴും പലതരം കാരണങ്ങൾ കൊണ്ട് അമർത്തി വെച്ച, സ്വതന്ത്രപ്രകാശനങ്ങളെ വിലക്കുന്ന ശരീരത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന്, നിയമങ്ങളിൽ നിന്ന് വിമുക്തമാവാനിച്ഛിക്കുന്ന മലയാളി മനസ്സിനെ താൽക്കാലികമായെങ്കിലും സ്വതന്ത്രമാക്കുന്നുമുണ്ട്.

‘ട്രിവാൻഡ്രം മെയിൽ ‘ എന്ന കഥ ക്രൈസിസ് മാനേജ്മെന്റിന്റെ സിദ്ധാന്തവും പ്രായോഗികതയും തമ്മിലുള്ള അകലത്തെ നർമ്മമധുരമായി വിശകലനം ചെയ്യുന്നു. മറ്റുള്ളവർക്കുണ്ടാകുന്ന പ്രതിസന്ധികൾ മാത്രമാണ് സമചിത്തതയോടെ നേരിടാൻ കഴിയുന്നതെന്നും അവനവനതുണ്ടാകുമ്പോൾ ശാന്തമായോ യുക്തിസഹമായോ അതിനെ അഭിമുഖീകരിക്കുക അസാധ്യമാണെന്നുമുള്ള പാഠം ഒരു ട്രെയിൻ യാത്രയുടെയും യാത്രക്കിടയിൽ സംഭവിക്കാവുന്ന പക്ഷേ അത്രയൊന്നും സാധാരണമല്ലാത്ത ചെറിയ ചെറിയ സംഭവങ്ങളിലൂടെയും ഉറപ്പിക്കുന്നു ട്രിവാൻഡ്രം മെയിൽ.

‘ഡോക്ടർ ,ഞാൻ ഒരു ലെസ്ബിയൻ ആണോ ‘ എന്ന കഥ അനായാസമായും സന്ദേഹങ്ങളില്ലാതെയും സ്ത്രീ മനസിന്റെ സങ്കീർണതകളിലേക്കു കടന്നു ചെല്ലുന്നതു കൗതുകകരമാണ്. രതി, ആനന്ദം ഇവയിലെ തെരഞ്ഞെടുപ്പുകൾ, ലൈംഗിക വൈവിധ്യങ്ങൾ, ലൈംഗിക സ്വാതന്ത്ര്യം, എന്നിവയുടെ രാഷ്ട്രീയവും ഈ കഥ നിഗൂഡമായി വെളിപ്പെടുത്തുന്നു. 15 വർഷത്തെ സ്വാഭാവിക ദാമ്പത്യ ജീവിതത്തിനു ശേഷമാണ് രണ്ടുമക്കളുടെ അമ്മയായ ഉമാമഹേശ്വരി എന്ന നാല്പതുകാരി തന്നിലെ ലെസ്ബിയൻ ഐഡന്റിറ്റി തിരിച്ചറിയുന്നതും തന്റെ സംശയം ഭർത്താവുമായി പങ്കുവെയ്ക്കുന്നതും. ഭർത്താവിന്റെ മുൻ കാമുകിയും കുടുംബ സുഹൃത്തുമായ മരിയ ലോനയെന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായി ഒരു രാത്രി നീണ്ട കൺസൾട്ടിങ്ങിനു ശേഷം സങ്കല്പരതി വേളകളിൽ സ്ത്രീ ശരീരങ്ങൾ കടന്നു വരുന്നത് മിക്കവാറും സ്ത്രീകളുമനുഭവിക്കുന്ന ഫോഴ്സഡ് ഫാന്റസിയൈസേഷന്റെ ഫലമാണെന്നും അവൾ തികച്ചും നോർമലാണെന്നുമുള്ള മറുപടിയിൽ ആശ്വസിക്കപ്പെട്ട് തിരിച്ചു വരുന്ന ഉമ പക്ഷേ യഥാർത്ഥത്തിൽ സന്തോഷിക്കുകയല്ല . ” അപ്പോ എനിക്കു പ്രശ്നമൊന്നുമില്ലേ? ഇല്ലേ? ഉണ്ടല്ലോ. ആ പ്രശ്നം എനിക്കു സന്തോഷമായിരുന്നല്ലോ. ആ കുഴപ്പം എനിക്കു വേണം. എന്തിനാണു വെറുതെ മരിയയെ കാണാൻ പോയത്.” ലൈംഗികത്വര, (sexual desire) ലൈംഗികരുചി (Sexual appetite) ഇവകളെ വകതിരിക്കാനും രണ്ടിന്റെയും ഇടയിലുള്ള സന്ദിഗ്ദ്ധതയെ കലാത്മകമായി ചിത്രീകരിക്കാനും കഴിയുന്ന മനശാസ്ത്രപരമായ കഥയാണ് ‘ഡോക്ടർ ഞാൻ ഒരു ലെസ്ബിയൻ ആണോ?’ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്ന മലയാളത്തിലെ അപൂർവ്വം കഥകളിലൊന്നും. പെൺശരീരത്തോടുള്ള വാഞ്ഛ, തന്റെ രത്യാനന്ദം തന്റെ തെരഞ്ഞെടുപ്പാണെന്ന ബോധ്യം ഇവയെല്ലാം ശ്ലീലതയുടെ പരിധികളതിലംഘിക്കാതെ പറഞ്ഞുറപ്പിക്കുന്നതിലെ ഭംഗിയും കൗശലവും ആകർഷകമാണ്. ലിഫ്റ്റിൽ വെച്ച് വിയർത്ത പിൻകഴുത്തിൽ സ്വർണ രോമങ്ങളൊട്ടിക്കിടക്കുന്ന, പതിന്നേഴാം നിലയിലെ താമസക്കാരിയുടെ വിയർപ്പു മണക്കുമ്പോൾ, അവളുമൊത്ത് സ്വന്തം കിടപ്പറയിലേക്കു പോകുമ്പോൾ ശാസ്ത്രം തോൽക്കട്ടെ, മരിയ തുലയട്ടെ എന്നു ഉമാമഹേശ്വരി മനസിൽ പറഞ്ഞു പോവുന്നു. ആത്മനിന്ദയുടെ, പാപബോധത്തിന്റെ ഇരുണ്ട ഇടങ്ങളിൽ നിന്ന് ആഹ്ലാദത്തിന്റെ, അന്തസിന്റെ, അഭിമാനത്തിന്റെ സുതാര്യസ്ഥലികളിലേക്കു പെൺ-പെൺ ലൈംഗികതയെ പരിവർത്തിപ്പിക്കാൻ കഴിയുന്ന ഈ കഥ, ലൈംഗികശീലങ്ങളിലെ അധികാര പ്രയോഗങ്ങളെ ദുർബലമാക്കാനും ആത്മവിശ്വാസത്തോടെ സ്വയം അഭിമുഖീകരിക്കാനും ലെസ്ബിയൻ പ്രണയങ്ങളെ പ്രേരിപ്പിക്കുന്നു.

ഭ്രമാത്മകവും അതീവ കാല്പനികമായ പ്രണയത്തിന്റെ തീക്ഷ്ണതയാണ് അച്ഛൻമരം എന്ന കഥ. തിരസ്കാരത്തെ ഭയന്ന്, അതിനു ശേഷം ജീവിക്കുന്നതെങ്ങനെയെന്നു പേടിച്ച് പരസ്പരം വെളിപ്പെടുത്താതിരുന്ന തീവ്രാനുരാഗം, വേർപിരിഞ്ഞ് ഒരുപാടു കൊടും വളവുകളിലൂടെ ചുറ്റിത്തിരിഞ്ഞ് തൽക്കാലത്തേക്കെങ്കിലും വീണ്ടുമൊന്നിക്കുന്നതിന്റെ വിഷുബ്ദമായ ആഖ്യാനം .

പാഠാന്തര സാധ്യതകളിലൂടെയാണ് ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ എന്ന കഥ മുന്നോട്ടു പോവുന്നത്. ബഹുസ്വരമായ ബിംബാവലികൾ കൊണ്ടു സമൃദ്ധമാണ് കഥയുടെ ആഖ്യാനസ്ഥലി. പ്രകടമായി വിരുദ്ധമെന്നു തോന്നിപ്പിക്കുന്നതും പരോക്ഷ തലത്തിൽ സംലയന സാധ്യതകളുള്ളതുമായ രണ്ടു ലോകങ്ങളിലൂടെ / അവസ്ഥകളിലൂടെയുള്ള യാത്രയാണത്. അധിനിവേശം, ദേശീയത, ജനാധിപത്യം, വ്യക്തിസ്വാത16507245_1062248000547466_808600483_nന്ത്ര്യം തുടങ്ങി സങ്കീർണമാവുന്ന ഇന്ത്യൻ രാഷ്ട്രീയാവസ്ഥകളുടെ പ്രതിഫലനം കൂടി സൂക്ഷ്മാർത്ഥത്തിൽ ഈ കഥയിലുണ്ട്. കെട്ടുകാഴ്ചയായി മാറുന്ന ദേശീയ ബോധത്തിന്റെ പ്രകടനമായി മാത്രം സിനിമ തുടങ്ങുന്നതിനു മുമ്പുള്ള ദേശീയ ഗാനാലാപനത്തെ കാണുന്നതു കൊണ്ടാണ് സിനിമ സ്വപ്നം കാണുന്ന ഷോർട് ഫിലിം സംവിധായകൻ ഭാർഗവ് രാമൻ ദേശീയഗാനത്തിന്റെ സമയത്ത് സീറ്റിൽ മലർന്നു കിടന്നത്. ആ അനാദരവ് സഹിക്കാനാവാതെ സുൽഫിക്കർ അവനെ വലിച്ചു പുറത്തിട്ട് ചവിട്ടുകയും രണ്ടു പേരും പോലീസ് സ്റ്റേഷനിലും പരാതിയില്ലാത്തതിനെത്തുടർന്ന് ഭാർഗവിന്റെ വീട്ടിലുമെത്തുന്നു. ഈ പ്രശ്നങ്ങളെത്തുടർന്ന് അവർ രണ്ടു പേർക്കും കാണാനാവാതെ പോയ സിനിമ ബ്ലൂ ഈസ് ദ വാമസ്റ്റ് കളറായിരുന്നു. വീട്ടിൽ, ലഹരിമരുന്നിന്റെ നീലപ്പുകയിൽ
സുൾഫിക്കർ ഭാർഗ്ഗവിന് അവൻ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയ്ക്കു വേണ്ട കഥ പറഞ്ഞു കൊടുക്കുന്നു. നായകനെ കാണിക്കാത്ത, നായകന്റെ കണ്ണുകൾക്കു പകരം ക്യാമറയെന്ന ക്രാഫ്റ്റുപയോഗിക്കേണ്ട സിനിമ. സുൾഫിക്കറിന്റെ അനുഭവങ്ങൾ കഥയുടെ സ്വഭാവമാർജിക്കുന്നതും അത് സംവിധാനം ചെയ്യപ്പെടേണ്ട സിനിമയിലെ ദൃശ്യഖണ്ഡങ്ങളാവുന്നതും അത്ഭുതകരമായ രാസപരിണാമം പോലെയാണ്. അനുഭവങ്ങളിലെ വൈകാരികതയും വിഭ്രമാത്മകതയും സാങ്കേതികാംശങ്ങളായി മാറ്റപ്പെടുന്നു. മരുഭൂമിയിലെ പ്രവാസിയായിരുന്ന അയാൾ അനുഭവിച്ച വിചിത്രമായ ജീവിതം മറ്റുള്ളവർക്ക് എത്തി നോക്കി വിസ്മയിക്കാനുള്ള ദൃശ്യങ്ങൾ മാത്രമാണ്. ഭൗതികമായ നിലനില്പിനു വേണ്ടി നിയമങ്ങളോടും നയങ്ങളോടും അനുസരണ ശീലിക്കേണ്ടി വരുന്ന നിസഹായരായ അനേകം 16522833_1062248013880798_1443522852_nപ്രവാസികളുടെ പ്രതിനിധിയാണയാൾ. താൻ ജീവിച്ച രാഷ്ട്രത്തിന്റെ മതാത്മകത, ജനാധിപത്യവിരുദ്ധത, നിയമങ്ങളിലെ, നീതിന്യായ വ്യവസ്ഥയിലെ കർക്കശതയും പൊള്ളത്തരവും, വിട്ടുവീഴ്ചയില്ലായ്മ ഇവയെല്ലാമാണയാളുടെ അദമ്യമായ ദേശസ്നേഹത്തിന്റെ നിദാനം. അനുഭവത്തിന് തന്റേതായ എല്ലാം വിലയായി നൽകേണ്ടി വരുമെന്ന വില്യം ബ്ലേക്കിന്റെ കവിതയിലെ വരികളാണ് സുൾഫിക്കറിന്റെ മാനസികാവസ്ഥയ്ക്കനുയോജ്യം. അനുഭവപരമായ യാഥാർത്ഥ്യങ്ങൾ കൊണ്ടാണ് അധികാരസങ്കല്പത്തെയും അധിനിവേശത്തെയും ചോദ്യം ചെയ്യേണ്ടതെന്ന നിഗൂഡമായ വെളിപ്പെടുത്തലാണയാൾ ഭാർഗ്ഗവി നു നൽകുന്നത്. നിർമ്മമമായ കഥപറച്ചിലിലൂടെ വ്യക്തി കേന്ദ്രിതമായ ആന്തരിക സംഘർഷങ്ങളെ മാത്രമല്ല, അധികാരത്തിന്റെ യുക്തിരാഹിത്യങ്ങളെ, ദേശീയ ബോധത്തിന്റെ ബഹുതലസംസ്കാരത്തെ അഭിമുഖീകരിക്കുന്ന ശക്തമായ രാഷ്ട്രീയ പ്രതിനിധാന സ്വഭാവമുള്ള കഥയാണ് ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ .

ജീവിതത്തിന്റെ പച്ചപ്പുകളും തുളുമ്പലുകളും കൊണ്ട് സദാ ചലനാത്മകമായൊരിടം പോലെ ഹൃദ്യമാണ് കെ.വി.മണികണ്ഠന്റെ കഥകളുടെ ആന്തരലോകം. വേറിട്ട കാഴ്ചകളും കാഴ്ചകളിലെ ബഹുലതയും അവയുടെ സവിശേഷതയാണ്. ലോകത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് കൃത്യമായ നിർവ്വചനങ്ങളൊന്നും ചമയ്ക്കുകയല്ല; പക്ഷേ വ്യത്യസ്തമായ ആലോചനകളും തോന്നലുകളും കൊണ്ട് സാമൂഹികവും രാഷ്ട്രീയവുമായ പ്രതിരോധശ്രമങ്ങൾ കൂടി ഈ കഥകൾ സാധ്യമാക്കുന്നത് ശ്രദ്ധേയമാവുന്നു.

Comments

comments