“Revenge is a dish that tastes best when served cold” എന്ന Godfather വാചകം കൂടി എഴുതിയിരുന്നുവെങ്കില്‍ ‘ഞെരിപ്പായേനെ ഗഡി’ എന്നാണ് കൊല്‍ക്കത്ത ഹൈക്കോടതി ന്യായാധിപന്‍ ജസ്റ്റിസ് കര്‍ണനെ കോടതിയലക്ഷ്യത്തിന് 6 മാസത്തെ തടവിന് ശിക്ഷിച്ച സുപ്രീം കോടതി വിധി തോന്നിപ്പിക്കുക. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അതിവേഗ നടപടിക്രമങ്ങളെ ഓടിച്ചത് നീതിയുടെ അശ്വവേഗങ്ങളല്ല, പകയുടെ പകിടകളാണ്. വാസ്തവത്തില്‍ ജസ്റ്റിസ് കര്‍ണനെ ശിക്ഷിച്ചതിലൂടെ സുപ്രീം കോടതി തങ്ങള്‍ എത്ര ദുര്‍ബലമായ ഒരു ആന്തരിക സംവിധാനമാണ് എന്നാണ് തെളിയിച്ചിരിക്കുന്നത്. അതായത് ഒരു ഹൈക്കോടതി (ഇനി വേണമെങ്കില്‍ ഭാവിയില്‍ സുപ്രീം കോടതിയിലെയും ആകാം) ന്യായാധിപന് ബുദ്ധിഭ്രമം സംഭവിച്ചു എന്നു തോന്നിയാല്‍ ആകെ പരവശമാകുന്ന സുപ്രീം കോടതി.

അല്ലെങ്കില്‍ നോക്കൂ, ഒരു ഹൈക്കോടതി ന്യായാധിപന് മനോനില തെറ്റിയോ എന്നു പരിശോധിക്കാന്‍ മനോരോഗ ചികിത്സകരെ അയക്കാന്‍ പരസ്യമായി ഉത്തരവിട്ടു കാത്തിരിക്കേണ്ട ഗതികേട് ലോകത്തെ മറ്റൊരു കോടതിക്കും വരാതിരിക്കട്ടെ. കര്‍ണന്‍വിഷയത്തില്‍ സുപ്രീം കോടതി എന്തുകൊണ്ട് കര്‍ണനെതിരെ നടപടിക്കു തുനിഞ്ഞു എന്നതിന് നിരത്തുന്ന കാരണങ്ങള്‍ ഇനി വിസ്തരിക്കേണ്ട കാര്യമല്ല. ഒരു ഹൈക്കോടതി ന്യായാധിപന് ഇന്ത്യയില്‍ ഇല്ലാത്ത അധികാരങ്ങള്‍ തനിക്കുണ്ടെന്ന് നാനാവിധ കാരണങ്ങളാല്‍ ധരിച്ചുവശായ ഒരാളാണ് ജസ്റ്റിസ് കര്‍ണന്‍. അയാള്‍ എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ കൊണ്ടല്ല, മറിച്ച് തന്റെ അധികാര പരിധിയോ നിയമപരമായ ചുമതലകളോ എന്താണെന്ന് തിട്ടമില്ലാത്ത ഒരാളായിരിക്കുകയും ഒപ്പം നാട്ടുകാരുടെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിനുണ്ടായേക്കാവുന്ന അപരിഹാര്യമായ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ണനെ ആ സ്ഥാനത്ത് നിന്നും നീക്കാവുന്നതാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായുള്ള, ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയിലെ ന്യായാധിപന്‍മാരെ ശിക്ഷിച്ചതടക്കമുള്ള കര്‍ണന്റെ പ്രകടനങ്ങള്‍,‘നാന്‍ താണ്ട പൊലീസ്’ എന്ന സിനിമയ്ക്ക് ചേരും, നീതിന്യായവ്യവസ്ഥയ്ക്ക് ചേരില്ല.

പക്ഷേ സുപ്രീം കോടതി ഇക്കാര്യത്തില്‍ നീ കര്‍ണനെങ്കില്‍ ഞാന്‍ അര്‍ജുനന്‍ എന്ന രീതിയിലാണ് അങ്കം വെട്ടിയത്. യുക്തിയോ, നടപടിക്രമങ്ങളോ, നീതി പോലുമോ ഇല്ലാത്ത ഒരു ഉടന്തടി പ്രക്രിയയിലൂടെയാണ് അവര്‍ കര്‍ണനെ ശിക്ഷിച്ചത്.

ഇന്ത്യയില്‍ ഹൈക്കോടതി, സുപ്രീം കോടതി ന്യായാധിപന്‍മാരെ പുറത്താക്കണമെങ്കില്‍ ഭരണഘടന അനുസരിച്ച് പാര്‍ലമെന്റ്  കുറ്റവിചാരണ (impeachment) നടത്തി വേണം ചെയ്യാന്‍. ആര്‍ടിക്കിള്‍ 124, ഒപ്പം 217-ഉം കൂട്ടിവായിച്ചാല്‍ തീരാവുന്ന സംശയങ്ങളെ ഇക്കാര്യത്തിലുള്ളൂ. അതാകട്ടെ സുപ്രീം കോടതിക്ക് അറിയുകയും ചെയ്യാം. ആ നടപടിക്രമങ്ങള്‍ അല്പം കാലതാമസം എടുക്കും. അതിനു പാര്‍ലമെന്റില്‍ ലോക്സഭാ (100) രാജ്യസഭ (50) അംഗങ്ങള്‍ ആവശ്യപ്പെടണം, സ്പീക്കര്‍ ഒരു സമിതിയെ വെക്കണം, അന്വേഷിക്കണം, കുറ്റം ചുമത്തണം, പിന്നെ ജസ്റ്റിസ് സീസറിനെ പാര്‍ലമെന്റില്‍ വിചാരണ തീര്‍ന്നാല്‍ കുളിപ്പിച്ചുകിടത്താന്‍ പാകത്തില്‍ എള്ളും പൂവും പട്ടും തയ്യാറാക്കി അരികില്‍ വെച്ച്, ബ്രൂട്ടസും മാര്‍ക് ആന്റണിയുംജുഗല്‍ബന്ദി നടത്തണം. ജസ്റ്റിസ് രാമസ്വാമിയുടെ കാര്യത്തിലെന്ന പോലെ തമിള്‍നാട്ടില്‍ തെരഞ്ഞെടുപ്പെങ്ങാനും അക്കാലത്ത് വന്നാല്‍ കര്‍ണന്‍ ഊരിപ്പോരാനും മതി.

ഇനിയിപ്പോള്‍ എല്ലാം ഒത്തുപിടിച്ചു വന്നാല്‍ത്തന്നെ, തെക്കോട്ടിറക്കത്തിന് സമയമാകുമ്പോള്‍ നിര്‍ത്തിക്കോളൂ, ഞാന്‍ പൂവ്വാണ് എന്നും പറഞ്ഞു ജസ്റ്റിസുമാരായ സൌമിത്ര സെന്നിനെയും ദിനകരനെയും ഒക്കെപ്പോലെ രാജിവെച്ചു തടി കയ്ച്ചിലാക്കുന്ന വിദ്യയും ഉണ്ടാകാം. അങ്ങനെയും ഒരു ഒടിവിദ്യക്ക് വകുപ്പുണ്ട് ഈ പ്രക്രിയയില്‍ എന്നത് മറ്റൊരു തമാശ. അതായത് കുറ്റക്കാരനെന്ന് ഉറപ്പായ ന്യായാധിപന്‍ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന്!

ഇതാണ് ഭരണഘടന അനുശാസിക്കുന്ന രീതി. ഇത് ഇങ്ങനെ എഴുതിവെച്ചതിന് കാരണമുണ്ട്. നീതിനിര്‍വ്വഹണത്തില്‍ ടിയാന്‍മാര്‍ക്ക് ജോലി പോകുമോ ഈ വിധി പറഞ്ഞാല്‍ എന്ന തരത്തിലുള്ള ഭയം ഉണ്ടാകാതിരിക്കാനും കൂടിയാണിത്. എന്നാലും ഒരാളെ പുറത്താക്കേണ്ടി വരുമ്പോള്‍ ചെയ്യേണ്ടത് മേല്‍പ്പറഞ്ഞ നടപടിക്രമങ്ങളാണ്. ഈ നടപടിക്രമങ്ങളുടെ കാലത്ത് അതിനു വിധേയനായ ന്യായാധിപനെ കോടതി ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്താം. പക്ഷേ ഈ നടപടിക്രമത്തെ മറികടക്കാനാവില്ല. കാരണം വ്യക്തികള്‍ക്കനുസരിച്ചല്ല നിയമം നടപ്പാക്കേണ്ടത്. ആകാശം ഇടിഞ്ഞുവീണാലും നിയമം നടപ്പാക്കലിന്റെ ഈ നപടിക്രമങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ട ചുമതല സുപ്രീം കോടതിക്കുണ്ട്. അല്ലെങ്കില്‍ അതിന്റെ പ്രധാന ചുമതലകളിലൊന്ന് അതാണ്.

അപ്പോള്‍ കര്‍ണന്റെ കാര്യത്തില്‍ ഈ വക സംഗതികളൊക്കെക്കൂടി വന്നാല്‍ സമയം കുറച്ചധികം എടുക്കും. കര്‍ണനാകട്ടെ വിരമിക്കാന്‍ ഇനി ഒരു മാസം കൂടിയേ ഉള്ളൂ താനും. അപ്പോള്‍ ഇവനെ ഒരു പാഠം പഠിപ്പിക്കണം, തങ്ങള്‍ക്ക് മാത്രം ബോധ്യപ്പെടേണ്ട തരത്തില്‍ ഒരു നിയമം സൌകര്യം പോലെ കിടക്കുന്നു, അത് കോടതി അലക്ഷ്യ നിയമമാണ്.ar-c1 സാങ്കേതികമായി കോടതി ഉത്തരവുകള്‍ നടപ്പാക്കാതിരിക്കുക, അതിനു തടസം നില്‍ക്കുക തുടങ്ങിയ സംഗതികള്‍ നേരിടാന്‍ വേണ്ടി ഉപയോഗിക്കേണ്ട ഈ നിയമത്തില്‍ ‘കോടതിയെ അപമാനിച്ചു, അവഹേളിച്ചു’ എന്ന്‍ തോന്നിയാലും ആരവിടെ, പിടിച്ചുകെട്ടവനെ എന്നുത്തരവിടാം, ശിക്ഷിക്കാം, തടവിലിടാം. 2000-ത്തില്‍ അരുന്ധതി റോയിയെ  കോടതി ശിക്ഷിച്ചത് ആ വഴിക്കാണ്. അതും കോടതിയില്‍ നല്‍കിയ ഒരു  മറുപടിയുടെ ഉള്ളടക്കത്തില്‍ അപമാനകരമായ സൂചനകള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആ വിധി. ശുംഭന്‍ എന്ന് വിളിച്ച അലക്ഷ്യശ്രീയെ പുഴുവെന്ന് വിളിച്ച് പകരം വീട്ടിയ ന്യായാധിപന്‍ ഉള്ള കോടതികളാണ്. സുപ്രീം കോടതി വജ്രായുധം പുറത്തെടുത്തു, എളുപ്പത്തില്‍ വിധിയും വന്നു.

തങ്ങളുടെ പക നടപ്പാക്കാന്‍ സൌകര്യപ്രദമായ ഒരു നിയമം അലമാരയില്‍ നിന്നും വലിച്ചെടുക്കുകയായിരുന്നു സുപ്രീം കോടതി ചെയ്തത്. പാര്‍ലമെന്റ് കുറ്റവിചാരണ ചെയ്യാന്‍ രണ്ടു കാര്യങ്ങളാണ് വേണ്ടത്; ഒന്നു തെളിയിക്കപ്പെട്ട പെരുമാറ്റദോഷം, രണ്ട്, ഇപ്പണിയെടുക്കാനുള്ള ശേഷിയില്ലായ്മ. ഇതിലൊന്നില്‍ സൌകര്യം പോലെ പെടുത്തി ചെയ്യാവുന്ന കുറ്റങ്ങളെ (അതുപോലുമുണ്ടോ എന്നത് വേറെ വിഷയം) കര്‍ണന്‍ ചെയ്തിട്ടുള്ളൂ എന്ന് സാമാന്യ നിയമബോധമുള്ള ആര്‍ക്കും മനസിലാക്കാം. പക്ഷേ സുപ്രീം കോടതി ന്യായാധിപന്മാര്‍ക്കു അയാളുടെ കരച്ചില്‍ കേള്‍ക്കണമെങ്കില്‍ ആ സുദീര്‍ഘ പ്രക്രിയ പോര. അതുകൊണ്ടാണ് കോടതിയലക്ഷ്യം പുറത്തെടുത്തത്.

കര്‍ണന്‍ വിഷയം മറ്റ് ചില സുപ്രധാന ചോദ്യങ്ങളും കോടതിയുടെ നടപടിയെക്കുറിച്ച് ഉയര്‍ത്തുന്നുണ്ട്. അതിലൊന്ന്, ന്യായാധിപന്‍മാരുടെ അഴിമതിയെക്കുറിച്ചുള്ള ഒരു പരാതി എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നാണ്. കര്‍ണന്‍ മറ്റ് ന്യായാധിപന്‍മാര്‍ക്കെതിരെ ഉയര്‍ത്തിയ അഴിമതിയടക്കമുള്ള ആരോപണങ്ങളില്‍ തെളിവില്ലെന്ന് സുപ്രീം കോടതിയും പ്രത്യക്ഷമായും പരോക്ഷമായും പറയുന്നു. തെളിവ് കൊണ്ടുവരാന്‍ കര്‍ണനോടു ആവശ്യപ്പെട്ടു, അയാള്‍ക്കതിന് കഴിഞ്ഞതുമില്ല. കര്‍ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടികളായിരിക്കാം. പക്ഷേ, അത്തരം ഒരാരോപണം ഉയര്‍ന്നുവന്നാൽ തെളിവുഭാരം അതുന്നയിക്കുന്നയാള്‍ക്ക് പൂര്‍ണമായും നല്കി കൈകഴുകുകയാണോ ചെയ്യേണ്ടത്? അതിനു ഒരു അന്വേഷണ സംവിധാനം വേണ്ടേ?ഹൈക്കോടതി, സുപ്രീം കോടതി ന്യായാധിപന്‍മാരില്‍ പലരുടേയും അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ മുന്‍ നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എഴുതി നല്കി. ഒരന്വേഷണവും നടന്നില്ല.

കോടതികളുടെ മാത്രമായ അധികാര പരിധിക്ക് പുറത്തുനില്‍ക്കുന്ന ഒരന്വേഷണ സംവിധാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്. അത് ഇപ്പോഴുള്ള പാര്‍ലമെന്‍റ് നടത്തുന്ന കുറ്റവിചാരണ പ്രക്രിയയില്‍ നിന്നും വിഭിന്നവും ഏത് സാധാരണക്കാരനും സമീപ്പിക്കാവുന്നതുമാകണം.  ഒട്ടും വിശുദ്ധന്‍മാരല്ല സുപ്രീം കോടതി, ഹൈക്കോടതി ന്യായാധിപന്‍മാരില്‍ പലരുമെന്ന് ഉറക്കെ സംശയം പ്രകടിപ്പിച്ചവരില്‍ മുമ്പ് ഒരു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ ഉണ്ടായിരുന്നു എന്നോര്‍ക്കണം.

കര്‍ണന്റെ മാനസികനില പരിശോധിക്കാന്‍ തീരുമാനിച്ച്, അത് പരസ്യമായി പ്രഖ്യാപിച്ച, അതിനുള്ള സംഘത്തെ കൊട്ടുംകുരവയുമായി അയച്ച സുപ്രീം കോടതി കാട്ടിയത് പൌരന്റെ സ്വകാര്യത അവകാശങ്ങള്‍ക്ക് മേലുള്ള നഗ്നവും ഭീഷണവുമായ അധികാര പ്രയോഗമാണ്. കര്‍ണന്റെ മാനസികനിലയ്ക്ക് തകരാറുണ്ടെന്ന് ആരാണ് സുപ്രീം കോടതിയോട് പറഞ്ഞത്? നേരത്തെ കോടതിക്ക് നല്കിയ ഒരു വിശദീകരണത്തില്‍ കര്‍ണന്‍, താന്‍ മാനസികമായി അസ്വസ്ഥനായിരുന്നു എന്നതുകൊണ്ടാണ് ആരോപിക്കപ്പെട്ട പോലെ ചില കാര്യങ്ങള്‍ ചെയ്തത് എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത് എന്നു പറയുന്നു. അതിനര്‍ത്ഥം തനിക്ക് മാനസിക രോഗമുണ്ടെന്ന് കര്‍ണന്‍ സമ്മതിച്ചു എന്നാണോ? അങ്ങനെ ഒരു പരിശോധന നടത്തും മുമ്പ് അയാള്‍ക്ക് അക്കാര്യത്തില്‍ എന്താണ് പറയാനുള്ളത് എന്നു കോടതി കേട്ടുവോ? മാനസികാരോഗ്യം ഇല്ല അയാള്‍ക്ക് എന്ന കാര്യം ആരാണ് ഉന്നയിച്ചത്? ശൂന്യതയില്‍ നിന്നും അത്തരമൊരു സംശയത്തിലെത്താന്‍ സുപ്രീം കോടതിക്ക് എന്താണാധികാരം? ഇനി അതിനു കോടതി തീര്‍പ്പാക്കിയതാകട്ടെ, തനിക്കൊരു മാനസിക പ്രശ്നവുമില്ല എന്ന് പരിശോധന സംഘത്തോട് സഹകരിക്കാതെ ചായയും കടിയും കൊടുത്തുവിടും നേരത്ത് കര്‍ണന്‍ പറഞ്ഞതും വെച്ച്.

അസാധാരണമായ വിധത്തില്‍ അപകടകരമായ ഒരു കീഴ്വഴക്കമാണ് കോടതി ഇക്കാര്യത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇനി ഏതെങ്കിലും ഒരു കേസില്‍, അതും കോടതിയലക്ഷ്യം പോലെ ന്യായാധിപന്മാര്‍ പരാതിക്കാരും വിധികര്‍ത്താക്കളും ആകുന്ന, ഒന്നായ നിന്നെയിഹ രണ്ടായി കാണ്മതഹോ തരം കേസുകളില്‍, പ്രതിയുടെ വീട്ടില്‍ അതിരാവിലെ ഫ്രോയിഡും യുങ്ങും എന്തൊക്കെയുണ്ട് വിശേഷം എന്നു ചോദിച്ചു വരുന്നതിന് ഇനി സാധൂകരണമുണ്ട്. മോദി വംശഹത്യയുടെ ആസൂത്രകനാണെന്നും ആര്‍ എസ് എസ് ഹിന്ദുത്വ ഭീകരവാദ സംഘടനയാണെന്നും പറഞ്ഞാലും ഇതേ പരിശോധന നടത്താം എന്നതാണു നീതിന്യായവ്യവസ്ഥയുടെ ചരിത്രം രാഷ്ട്രീയ-സാമ്പത്തിക-ഭരണകൂട സ്വഭാവവുമായി എത്ര മാത്രം ചേര്‍ന്നുനില്‍ക്കുന്നു എന്നറിയുന്ന ആരെയും ഭയപ്പെടുത്താവുന്ന സാധ്യത. അത്തരം സാധ്യതകള്‍ വെറും മണ്ടത്തങ്ങളാണ് എന്നു കരുതിയവരോടു പറയാനുള്ളത്, പശുവിറച്ചി തിന്നു എന്നാരോപിച്ച് ഒരാളെ വീട്ടില്‍ നിന്നും വലിച്ചിറക്കി തല്ലിക്കൊല്ലുന്നത് ഒരു രാഷ്ട്രീയപ്രവര്‍ത്തനമായി അത്രമേല്‍ സ്വാഭാവികമായി നാം കാണുന്ന ഒരു കാലം അല്‍പ്പകാലം മുമ്പുവരെയെങ്കിലും എത്രമേല്‍ അസ്വാഭാവികമായിരുന്നു എന്നാണ്.

ഇത്തരമൊരു വിധിക്കൊപ്പം മാധ്യമങ്ങളോട് കര്‍ണന്റെ പ്രസ്താവനകള്‍ നല്‍കരുതെന്ന വിലക്ക് പുറപ്പെടുവിച്ച സുപ്രീം കോടതി സ്വയം എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്! അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഏത് മാനദണ്ഡം വെച്ചാണ് ഇക്കാര്യത്തില്‍ കോടതി തടയുന്നത്? എത്ര ലാഘവത്തോടെയാണ് കോടതി മാധ്യമങ്ങള്‍ക്കുള്ള വിലക്ക് പുറപ്പെടുവിച്ചത് എന്നാണ് അത്ഭുതപ്പെടുത്തുന്നത്.

ഒരു സംശയവുമില്ലാതെ നമുക്ക് പറയാനാകുന്ന ഒരു കാര്യം, ഇന്ത്യന്‍ ഭരണകൂടം ഹിന്ദുത്വ ഭീകരതയുടെയും മൂലധന ഭീകരതയുടെയും ഇരട്ട വേഷങ്ങള്‍ ഒന്നിച്ചു കൈകാര്യം ചെയ്യുന്ന ഈ ഘട്ടത്തില്‍ ഇത്തരമൊരു വിധി എന്നത്തേക്കാളും അപകടകരമാണ് എന്നതാണ്. കോടതി എന്തും ചെയ്തുകളയും എന്ന സന്ദേശം ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ ഒട്ടും ആശാസ്യമല്ല. എന്തുചെയ്താലും അത് ജനാധിപത്യപരമായി നിശ്ചയിക്കപ്പെട്ട നിയമങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തണമെന്ന് ഉറപ്പിക്കാന്‍ ജനങ്ങള്‍ ഏര്‍പ്പാടാക്കിവെച്ച ഒരു സംവിധാനമാണ് കോടതി. അവര്‍ തങ്ങളെ വിമര്‍ശിക്കുന്നവരുടെ, ആ വിമര്‍ശനം കാമ്പുള്ളതോ അല്ലാത്തതോ ആകട്ടെ, മാനസിക നില പരിശോധിക്കാന്‍ ആളെ വിടുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്ന ഒന്നല്ല.

കോടതികളെ സ്വബോധമുള്ള ആരും വിമര്‍ശിക്കില്ല എന്നാണ് സുപ്രീം കോടതി ഇതിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തില്‍ നേരെ തിരിച്ചാണ് ഉണ്ടാകേണ്ടത്. നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകേണ്ട ഒന്നാണ് നീതിന്യായ സംവിധാനം. നീതി എന്ന സങ്കല്‍പ്പം കാലത്തിന്റെ ബോധത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിന്റെ നാനാവിധമായ വ്യവഹാര മാര്‍ഗങ്ങളെക്കുറിച്ചാണ് സംവാദങ്ങളും ചര്‍ച്ചകളും അതിരൂക്ഷമായ വിമര്‍ശനങ്ങളും നടക്കേണ്ടത്. ശരാശരി നീതിബോധം പോലുമില്ലാത്ത അല്‍പന്‍മാര്‍ ഹൈക്കോടതി ജസ്റ്റിസുമാരായി വന്നതുകൊണ്ടാണ് വീട്ടുസാമാനങ്ങള്‍ വാങ്ങുന്നതിലൊക്കെ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തതിന് വരെ അവരുടെ കുറ്റവിചാരണയ്ക്ക് പുറപ്പെടേണ്ട ഗതികേട് ഇന്ത്യന്‍ ജനാധിപത്യത്തിന് വന്നത്. അയാളൊക്കെ പുറപ്പെടുവിച്ച വിധികളുടെ ചുട്ടികുത്തിയത്  ഏത് കോപ്പന്‍ നായരാകും എന്നു ന്യായമായും ശങ്കിക്കാം. അത്രയേ നിവൃത്തിയുള്ളൂ, വിശുദ്ധ പശുക്കള്‍ക്ക് എന്തുമാകാം, ന്യായാധിപസൂത്രം പുണ്യാഹം!

സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തമായി പ്രവേശന പരീക്ഷ നടത്താം എന്ന, അവര്‍ക്ക് കോടികള്‍ ലാഭമുണ്ടാക്കാന്‍ ഗുണപ്പെടുന്ന ഒരു വിധി സുപ്രീം കോടതി പുറപ്പെടുവിക്കുന്നതിന്  മുമ്പുതന്നെ കക്ഷിയുടെ അഭിഭാഷകന്‍ അറിഞ്ഞു എന്നത് പിന്നീട് അടുത്ത ചീഫ് ജസ്റ്റിസിന് പരിശോധിക്കേണ്ടിവന്ന ഒരു ആരോപണമാണ്. ചീഫ് ജസ്റ്റിസായിരുന്ന അല്‍ത്തമാസ് കബീറാണ് ആരോപണവിധേയരില്‍ ഒരാള്‍. അപ്പോള്‍ വിധികള്‍ മാത്രമല്ല, വിധി പുറപ്പെടുവിക്കുന്നവരേയും വിമര്‍ശിക്കേണ്ടതുണ്ട്. വിധികളുടെ ഉദ്ദേശശുദ്ധിയും സമൂഹത്തിന് പരിശോധിക്കാവുന്നതാണ്. ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ പൌരാവകാശങ്ങള്‍ക്കും  പൌരവിമര്‍ശനത്തിനും അതീതമായ ഒരു അധികാരകേന്ദ്രവുമില്ല. അങ്ങനെയുണ്ടെന്ന് തോന്നുന്ന സ്ഥാപനങ്ങളെയും വ്യക്തികളേയും ഉടനടി ആ ബോധത്തില്‍ നിന്നും പിടിച്ച് താഴേക്കിടണം. അതിനു ‘ഒരു കുറ്റിച്ചൂലും ഒരു കുടം താറും’ എന്തിന് ‘പെരുവാ നിറയെ തെറി’ പോലും ഉപയോഗിക്കാം. ‘ദുഷ്പ്രഭു പുലയാടികള്‍ പാര്‍ക്കും ഇപ്പുരയ്ക്കിടിവെട്ടുകൊള്ളട്ടെ’ എന്നു വൈലോപ്പിള്ളിയുടെ തൊഴിലാളി പറയുന്നത് തെറിയായല്ല, ഒരു രാഷ്ട്രീയ പ്രയോഗമായാണ്.

കര്‍ണന്‍ വിഷയത്തില്‍ സുപ്രീം കോടതി ഉപേക്ഷിച്ചത് ഇത്തരത്തിലുള്ള ജനാധിപത്യ മൂല്യബോധങ്ങളാണ്. അത് ഭരണകൂടത്തിന്റെ അതേ ഫാഷിസ്റ്റ് നീതിബോധം ഉള്‍ക്കൊണ്ടുതുടങ്ങുന്നു എന്നതാണു ഇതിന്റെ അതിവായനയെന്ന് തോന്നിക്കാവുന്ന എന്നാല്‍ കൃത്യമായ വായന. കര്‍ണന്‍ ഇതില്‍ ഒട്ടും പ്രസക്തനല്ല. എന്നാല്‍ കര്‍ണന് മേല്‍ വീണ നീതിയുടെ ഖഡ്ഗം അപകടകരമായ ഭാവിയുടെ സൂചകങ്ങളാണ്.

ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി നാഗരികതയുടെ വളര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന സംഗതി സാര്‍വത്രിക വോട്ടവകാശമാണ്. സാര്‍വത്രിക വോട്ടവകാശം നടപ്പാക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയ്ക്ക് ഒട്ടും ശങ്കയുണ്ടായില്ല എന്നുകൂടി ഓര്‍ക്കണം. നികുതി കൊടുക്കുന്ന ആഢ്യന്‍മാരുടെ നഗര രാഷ്ട്ര സഭകളില്‍ നിന്നും ഇങ്ങോട്ടെത്താന്‍ മനുഷ്യര്‍ നടത്തിയ പോരാട്ടങ്ങള്‍ നിസാരമല്ല. ബൂര്‍ഷ്വാസി/ഭൂപ്രഭു വിഭാഗം അതിന്റെ വളര്‍ച്ചയില്‍ കനിഞ്ഞുനല്കിയ ‘ദേശീയ ബൂര്‍ഷ്വാ വിപ്ലവമല്ല’ ബഹുജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍. ലോകത്തെല്ലായിടത്തും അതിരൂക്ഷമായ രാഷ്ട്രീയ സമരങ്ങളിലൂടെയാണ് മനുഷ്യര്‍ അത് നേടിയെടുത്തത്. വോട്ടവകാശം എന്നു പറഞ്ഞാല്‍ അതില്‍നിന്നും വേര്‍തിരിക്കാനാകാത്ത  തെരഞ്ഞെടുപ്പില്‍ നിന്നും മത്സരിക്കാനുള്ള അവകാശം കൂടി അതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായ കുറ്റകൃത്യങ്ങളോ അല്ലെങ്കില്‍ മാനസിക ശേഷിക്കുറവുള്ളവരെയോ മാത്രമാണ് പൊതുവേ അതില്‍നിന്നും മാറ്റിനിര്‍ത്തുന്നത്. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ പല തലത്തിലുള്ള വിദ്യാഭ്യാസ യോഗ്യതകളും വായ്പാകുടിശികയുണ്ടോ എന്നതുമൊക്കെ   തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള യോഗ്യതകളുടെ പട്ടികയില്‍പ്പെടുത്തി നിയമഭേദഗതി വരുത്തിയതിനെ സുപ്രീം കോടതി അംഗീകരിച്ചു. ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ  ചോദ്യം ചെയ്യുന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ ഈ വിധി നമ്മള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ലക്ഷക്കണക്കിനു സാധാരണ മനുഷ്യരെ അവരുടെ സൃഷ്ടിയല്ലാത്ത  സാമ്പത്തിക-സാമൂഹ്യ പിന്നാക്കാവസ്ഥകളുടെ പേരില്‍ ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും നിര്‍ണായകമായ ഇടത്തില്‍ നിന്നും പുറത്താക്കുന്ന ഒരു വിധി സ്വാഭാവികമായ നീതിന്യായ പ്രക്രിയയാവുന്നത് നീതിയെക്കുറിച്ചുള്ള നമ്മുടെ പൊതുബോധം ഉപരിവര്‍ഗത്തിന്റെ വര്‍ഗബോധത്തിനനുസരിച്ച് പാകപ്പെടുത്തുന്നതുകൊണ്ടാണ്. ഇത്തരത്തില്‍ സ്വാഭാവികമെന്ന് തോന്നുന്ന സംവിധാനത്തില്‍ ചില അലോസരങ്ങള്‍ ഉണ്ടാക്കുന്നു എന്നതുകൂടി കര്‍ണന്‍ വിഷയത്തില്‍ സുപ്രീം കോടതി ഇത്രയും വേഗം അങ്കം തീര്‍ക്കാന്‍ ഇറങ്ങിയതിന് പിന്നിലുണ്ട്.

താന്‍ ദളിതനായതുകൊണ്ട് പീഡിപ്പിക്കപ്പെടുന്നു എന്നാണ് കര്‍ണന്‍ ഉന്നയിക്കുന്ന ആരോപണം. അത് സത്യമല്ല എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കോടതിക്കുണ്ട്. ന്യായാധിപന്‍മാരെ അവിടെയിരുത്തുന്ന പൊതുസമൂഹത്തോടെ അവര്‍ ഉത്തരം പറയണം. ദളിതര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലാത്ത ന്യായാധിപശ്രേണിയില്‍ ഒരാള്‍ ദളിതനായതുകൊണ്ട് പീഡിപ്പിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ അത് അങ്ങനെയല്ല എന്നു ബോധ്യപ്പെടുത്താനുള്ള ബാധ്യത കോടതിക്കാണ്. എങ്ങനെയാണ് കര്‍ണനേ പോലൊരാള്‍ ഹൈക്കോടതി ജസ്റ്റിസായത് എന്ന ചോദ്യം ഉയരുന്നത് ഈ ദളിത പുച്ഛത്തിന്റെ സോമയാജികളില്‍ നിന്നുമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരു പൌരന്റെ ജനാധിപത്യ മൌലികാവകാശത്തെ അയാളുടെ വീട്ടില്‍ കക്കൂസുണ്ടോ, അയാള്‍ പത്താം തരം ജയിച്ചിട്ടുണ്ടോ, കാര്‍ഷിക വായ്പ കുടിശിക വരുത്തിയോ എന്നൊക്കെ നോക്കി വിലക്കുന്ന വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ചെലമേശ്വറൊക്കെ എങ്ങനെയാണ് ന്യായാധിപനായത് എന്നാരും അത്ഭുതപ്പെടാത്തത് അതുകൊണ്ടാണ്. സിനിമ തുടങ്ങുന്നതിന് മുമ്പു ദേശീയഗാനം കേള്‍പ്പിക്കണമെന്നും അപ്പോള്‍ ജനം എഴുന്നേല്‍ക്കണമെന്നും  സിനിമ കാണുന്നവര്‍ക്ക് പ്രത്യേകമായി രാജ്യസ്നേഹത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കണമെന്നും പറയുന്ന വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസാകുമെന്നാണ് കരുതുന്നത്. സങ്കുചിത ദേശാഭിമാന രാഷ്ട്രീയം ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയുടെ അവിഭാജ്യ ഘടകമായ ഇക്കാലത്ത് ഇത്തരമൊരു വിധിയുടെ രാഷ്ട്രീയ സത്യസന്ധതയെ അധികമാരും ചോദ്യം ചെയ്യാഞ്ഞതും ഇയാളൊക്കെയാണോ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്നു അത്ഭുതം കൂറാത്തതും ഇവരുടെ നീതിയുടെ യജ്ഞകുണ്ഡത്തില്‍ ഒഴിക്കുന്ന ഹവിസ്സൊക്കെ ഈ ദളിത,ജനാധിപത്യ വിരുദ്ധ ഗോമാതാവ് വകയായതുകൊണ്ടാണ്.

ജസ്റ്റിസ് കര്‍ണനെ അയാളുടെ നടപടികളുടെ പേരില്‍ ശിക്ഷിക്കാന്‍ കോടതിയലക്ഷ്യ നിയമം ഉപയോഗപ്പെടുത്തിയതിലൂടെ സുപ്രീം കോടതി ചെയ്തത് സ്വയം അപഹാസ്യരാകുക മാത്രമല്ല, ഇന്ത്യയുടെ നീതിന്യായ നടപടിക്രമങ്ങളില്‍ എന്നത്തേക്കാളും ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ജനാധിപത്യ ബോധത്തെ ചുരുട്ടിക്കൂട്ടി കളയുകകൂടിയാണ്.

പാര്‍ലമെന്റിന് മാത്രമുള്ള ഒരധികാരത്തെ മറികടന്ന് തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ (നീതി നടപ്പാക്കാനല്ല എന്ന് ഉറച്ചുതന്നെ പറയണം) ഒരു കുറുക്കുവഴി കണ്ടെത്തിയപ്പോള്‍ ജനങ്ങളുടെ പരമാധികാരമെന്ന ഒരു സങ്കല്‍പ്പത്തെയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഭരണഘടന മുതലിങ്ങോട്ട് ജനാധിപത്യ സ്ഥാപനങ്ങളെ നിസ്തേജമാക്കാന്‍ ശ്രമിക്കുന്ന ഒരു സമഗ്രാധിപത്യ ഭരണകൂടമാകാന്‍ വെമ്പുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം അധികാരത്തിലിരിക്കുന്ന ഈ രാജ്യത്ത് ഇതൊട്ടും നിഷ്ക്കളങ്കമല്ല. കാശില്ലാത്തവന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നും രാജ്യസ്നേഹം വളര്‍ത്താന്‍ ദേശീയഗാനം കേള്‍പ്പിച്ചുകൊണ്ടിരിക്കണമെന്നും വിധി പറയുന്നവര്‍ സുപ്രീം കോടതി ജസ്റ്റിസും ചീഫ് ജസ്റ്റിസുമാകുമ്പോള്‍ കര്‍ണന്‍ ആറുമാസം തടവില്‍ പോകുന്നത് വക്രനീതിയാണ്. അതുകൊണ്ടു നീതിയുടെ മഹാസംവാദങ്ങള്‍ നടത്തേണ്ടത് പൌരസമൂഹമാണ്, കോടതി അതിലെ ഒരു ഘടകം മാത്രമാണ്; പൌരസമൂഹത്തിന് താഴെ നില്‍ക്കേണ്ട ഒന്ന്. അതുകൊണ്ട് നമുക്ക് നീതിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാം.

Comments

comments