മറ്റേതെങ്കിലും ദിവസമായിരുന്നെങ്കിൽ ഇന്നത്തെപ്പോലെ (25/6/2017) സന്തോഷം നിറഞ്ഞ ദിവസം വേറെയുണ്ടാകില്ല. ഇത്രയധികം സുഹൃത്തുക്കളെ കണ്ടുമുട്ടിയ ദിനം അപൂർവ്വം. പക്ഷെ, എല്ലാവരിലും താങ്ങാൻ പറ്റാത്ത വിധം കനം നിറച്ച് കേന്ദ്രത്തിൽ മോഹനേട്ടൻ (കെ.ആർ .മോഹനൻ) കിടന്നിരുന്നു. ഞങ്ങളുടെ ഇരിപ്പിനും നടപ്പിനും വർത്തമാനത്തിനും സ്വസ്ഥത തരാതെ. ആ സൗമ്യ സാന്നിദ്ധ്യം ദീപ്തമാക്കിയ വർഷങ്ങളുടെ വാചകം ഇന്ന് പൂർണ്ണ വിരാമത്തിൽ വീണു. പത്തിരുപത് വർഷത്തെ മൂപ്പിനെ ഞങ്ങൾക്കിടയിൽ ഒരിക്കലും ഇരിക്കാൻ അനുവദിച്ചിരുന്നില്ല മോഹനേട്ടൻ. ഏട്ടൻ എന്ന വിളി അനുവദിച്ചു തന്നതൊഴിച്ചാൽ.

എൽ.പി.സ്കൂളിൽ പഠിക്കുന്ന കാലത്ത്, ഞങ്ങളെയൊക്കെ ആട്ടിത്തെളിയിച്ച് കൊണ്ടുപോയി കാണിച്ച സിനിമയായിരുന്നു അശ്വത്ഥാമാവ്. അന്നത്തെ ഒരു പതിവായിരുന്നു അത്. സ്കൂളിന്റെ എന്തെങ്കിലും ധനപരമായ ആവശ്യങ്ങൾ നിവർത്തിക്കാൻ സിനിമാ പ്രദർശനം ഏർപ്പെടുത്തുക. അതിലെ നായകനായ മാടമ്പിന്റെ ദീർഘമായ നടത്തത്തിന്റെയും  ഒരു സിഗരറ്റ് മുഴുവനായി എരിയുന്നതിന്റെയും  ദൃശ്യങ്ങൾ  ഞങ്ങളെ അമ്പരപ്പിച്ചു. കുട്ടികൾക്ക് താങ്ങാനാകാത്ത സിനിമയായിരുന്നു അത്. എങ്കിലും പിൽക്കാലത്ത് അശ്വത്ഥാമാവ് മുഴുവൻ കാണാനിടവന്നപ്പോൾ അതുമായി ചെറുപ്പത്തിലേ ഏറ്റുമുട്ടിയല്ലോ എന്നത് സന്തോഷം തന്നു.

ബ്രാഹ്മണ്യവും അസ്തിത്വവാദവും തമ്മിലുള്ള ആഴത്തിലുള്ള ഒരു സംവാദമായിരുന്നു ആ സിനിമ. കുറച്ചുകൂടി വിപുലീകരിച്ചു പറഞ്ഞാൽ സിദ്ധവും സ്വായത്തവും തമ്മിലുള്ള സംഘർഷം ആ സിനിമയുടെ പ്രാണനാഡിയായിരുന്നു. ഒപ്പം തന്നെ ദൈന്യങ്ങളുടേയും അസ്വാതന്ത്ര്യങ്ങളുടെയും ഗണിതങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യജന്മങ്ങളുടെ വല്ലാത്ത ഒരു ചിത്രണം അതിൽ ഉണ്ടായിരുന്നു. അത് വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പിന്നീട് വന്ന പുരുഷാർത്ഥവും അശ്വത്ഥാമാവിന്റെ ഒരു നീട്ടായിരുന്നു. സി.വി.ശ്രീരാമൻ എന്ന കഥാകൃത്തിന്റെ ഏറ്റവും ഇഷ്ടപെട്ട കളിസ്ഥലമായിരുന്ന മനുഷ്യ കാമനകളും ആത്മീയതയും തമ്മിലുള്ള ഇടപാടുകൾ ഇരിക്കപ്പിണ്ഡം എന്ന കഥയിൽ നിറഞ്ഞുനിന്നിരുന്നു. അതിനെ പുരുഷാർത്ഥമായി പരിണമിപ്പിക്കുക എളുപ്പമായിരുന്നോ എന്നറിയില്ല. പക്ഷെ, ആ സിനിമാക്കാഴ്ച  അങ്ങനെയാണ് നമുക്ക് പറഞ്ഞു തന്നത്. അത്രമേൽ മികച്ച ചിത്രീകരണമായിരുന്നു അത്. നായകരോ വില്ലരോ ഇല്ലാത്ത യാഥാർത്ഥ ജീവിതത്തിന്റെ കടംകഥകളെ അത് ഓരോ ഫ്രയിമിലും രേഖപ്പെടുത്തി. എന്നാൽ സ്വരൂപം കുറേക്കൂടി വ്യത്യസ്തമായിരുന്നു. അന്താരാഷ്ട്രവും ദേശീയവുമായ മാനങ്ങളെ വെട്ടിക്കളഞ്ഞ് കുറേക്കൂടി പ്രാദേശികമായ ആഴങ്ങളിലേക്ക് മോഹനേട്ടൻ കടന്നു. ഒരു പിന്നാക്ക സമുദായം കടന്നുപോകാൻ വിധിക്കപ്പെട്ട ഗോത്രപരമായ ആത്മീയതയുടെ അടരുകൾക്കുള്ളിൽ കുടുങ്ങിപ്പോയ ഒരാളായിരുന്നു സ്വരൂപത്തിലെ നായകൻ. നവോത്ഥാനവും ഗോത്രപരതയും തമ്മിൽ മനസ്സുകൾക്കുള്ളിൽ വെച്ച് നടന്ന സംഘർഷങ്ങളെ പ്രത്യക്ഷതയിലേയ്ക്ക് ആനയിക്കുകയായിരുന്നു മോഹനേട്ടൻ. ഗോത്രദൈവങ്ങൾക്കുമേൽ ആധുനിക ദൈവങ്ങൾ മേൽക്കൈ നേടുമ്പോൾ അതിനൊപ്പം സ്വത്വമാറ്റം നടത്താനാകാതെ കുഴഞ്ഞുവീഴുന്ന ജീവിയായിരുന്നു ആ നായകൻ. അതിൽ ആധുനിക യാഥാർത്ഥ്യത്തിലേയ്ക്ക്, ഇച്ഛാശക്തി ഉപയോഗിച്ച്  കരേറുന്നത് നായികാകഥാപാത്രമാണ്. ആണാണ് യാഥാസ്ഥിതികത്വത്തിന്റെ കാവൽക്കാരൻ എന്ന് മോഹനേട്ടൻ ദൃശ്യവൽക്കരിച്ചു. നിരവധി അടരുകളുള്ള സിനിമയായിരുന്നു അത്.

പിന്നെയും മോഹനേട്ടൻ സിനിമകളിൽ മുഴുകി. ഗൗരിയമ്മയുടെയും എസ്‌.കെ.പൊറ്റെക്കാടിന്റെയും ജീവചരിത്ര ഡോക്യുമെന്ററികൾ, വിശുദ്ധവനങ്ങൾ പോലുള്ള പാരിസ്ഥിതിക ഡോക്യുമെന്ററികൾ, ടെലിഫിലിമുകൾ തുടങ്ങി സിനിമയുടെ പല കൈവഴികളിലൂടെയും മോഹനേട്ടൻ നീങ്ങി. പിന്നീട് വൈറ്റ് ബാലൻസ് എന്ന സിനിമയെക്കുറിച്ച് മോഹനേട്ടൻ സംസാരിക്കാൻ തുടങ്ങി. കൈരളി ടി.വി യിൽ പ്രവർത്തിച്ച കാലത്തെ അനുഭവങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത ആ തിരക്കഥ മോഹനേട്ടൻ പൂർത്തിയാക്കിയിരുന്നു. നിർമ്മാതാവ് വേണം. 20  ലക്ഷം രൂപ ചെലവാക്കാൻ പാകത്തിൽ. പിന്നീട് എന്നത്തേയും പോലെ നമ്മുടെ കറൻസി വിലയിടിവിന്റെ ലേഖകളിലൂടെ കടന്നുപോയപ്പോൾ 20 ലക്ഷത്തിന്റെ തോതും ഉയർന്നു. എങ്കിലും നമ്മുടെ മുഖ്യധാരാ സിനിമകൾ കോടികൾ വാരിയെറിയുമ്പോൾ അതൊരു ചെറിയ തുക ആയിരുന്നു. കൈവെച്ച സിനിമകളെല്ലാം അംഗീകാരങ്ങൾ വാരിക്കൂട്ടിയിട്ടും താരതമ്യേന ആ ചെറുതുക സമാഹരിക്കാൻ മോഹനേട്ടനായില്ല. അങ്ങനെ നമ്മോട് വാഗ്ദാനം ചെയ്ത വൈറ്റ് ബാലൻസ് ഇന്നലെ ചിതയിൽ അമർന്നു.

2007-ലോ മറ്റോ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്ത്, ഒരിക്കൽ തൃശ്ശൂരിൽ എത്തിയപ്പോൾ മോഹനേട്ടൻ എന്നെ വിളിച്ചു. ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ  എം.ഡിയായിരുന്ന പി.സി. പിള്ള മോഹനേട്ടനെ കാണാൻ എന്റെ കൂടെ ഇറങ്ങിത്തിരിച്ചു. വല്ല ഹോട്ടൽ മുറിയിൽ വെച്ചായിരിക്കും ആ കൂടിക്കാഴ്ച എന്നായിരുന്നു പുളളിയുടെ കണക്കുകൂട്ടൽ. തേക്കിൻകാട് മൈതാനിയിൽ, പൊളിഞ്ഞ  ആൽത്തറയിൽ, കാൽനടക്കാരൻ വഴിയമ്പലത്തിൽ എന്നപോലെ, ഇരിക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാനെക്കണ്ട് അദ്ദേഹം ഞെട്ടി. ആ വർഷത്തിലോ, പിന്നത്തെ വർഷത്തിലോ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം തിരുവനന്തപുരത്ത് നടക്കുമ്പോൾ കനത്ത തിരക്ക് കാരണം കാണാൻ വിചാരിച്ച സിനിമകളൊന്നും കാണാൻ പറ്റാതെ ഞാൻ അസ്വസ്ഥനായി. അപ്പോഴാണ് മോഹനേട്ടനെ കണ്ടത്. ഇങ്ങനെയാണോ മോഹനേട്ടാ, ഫെസ്റ്റിവൽ നടത്തുക, ഇത്രയധികം പാസ്സ് കൊടുത്താൽ എങ്ങനെ സിനിമകൾ കാണാൻ പറ്റും എന്ന് ഇത്തിരി ദേഷ്യത്തിൽ തന്നെ ഞാൻ ചോദിച്ചു. മോഹനേട്ടൻ തിരിച്ച് സൗമ്യമായി ആ ചോദ്യത്തോടു ചേർന്നു. “ഇങ്ങനെയായാൽ എങ്ങനെ സിനിമകൾ കാണാൻ കഴിയും?”. മൂപ്പരും ക്യൂ നിന്ന് മടുത്തിരുന്നു!

ക്യൂ നിന്ന് സിനിമ കാണുന്ന ചെയർമാൻ എന്നത് മോഹനേട്ടനിൽ ഒരു അസാധാരണത്വവും നിറച്ചില്ല. പകരം അത്രമേൽ സ്വാഭാവികമായി അത് മോഹനേട്ടനിൽ ചേർന്നു നിന്നു.

at IFFK 2015. Photo: Shaji Joseph
at IFFK 2015. Photo: Shaji Joseph

പുതിയ സാങ്കേതിക വിദ്യകളോടുള്ള മോഹനേട്ടന്റെ അമ്പരപ്പ് ഞങ്ങൾ വലിയ വലിയ കഥകളാക്കിയിരുന്നു. കംപ്യൂട്ടർ ടർക്കി ടവൽ കൊണ്ട്  മൂടിയിടുന്നതും, ഇടയ്ക്കിടെ അത് പൊക്കിനോക്കി അതിനടിയിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും ഞങ്ങൾക്കിടയിൽ പഴഞ്ചൊല്ല് പോലെയായി. മൊബൈൽ ഫോൺ എടുക്കാനും വിളിക്കാനും ഒരാളെ നിർത്താൻ മോഹനേട്ടൻ പരസ്യം കൊടുത്തു എന്നായിരുന്നു മറ്റൊരു കഥ. മറ്റാളുകളെ തമാശയ്ക്കുപോലും ദുഷിക്കാത്ത മോഹനേട്ടൻ അങ്ങനെ ഞങ്ങളുടെ നിർദ്ദയമായ തമാശയ്ക്ക് പാത്രമാകാൻ നിന്ന് തന്നു. ഞാറ്റുവേല എന്ന അത്രയ്ക്കും വിവൃതമായ ഒരു വാട്സ് ആപ് കൂട്ടത്തിൽ മോഹനേട്ടനുമുണ്ടായിരുന്നു. വളരെ വല്ലപ്പോഴും മാത്രമായിരുന്നു മോഹനേട്ടൻ അതിൽ മിണ്ടിയിരുന്നത്. എന്നാൽ അതിനിടയിൽ ഒട്ടൊരു ആകസ്മികതയോടെ മോഹനേട്ടൻ എന്നോട് ചോദിച്ചു: “രണ്ട് ദിവസമായി ഒന്നും എഴുതുന്നില്ലല്ലോ?” അത്രയും സൂക്ഷ്മതയോടെ, ഒരാളുടെ താത്കാലിക അഭാവം മനസ്സിലാക്കുന്ന തരത്തിൽ, അതിലെ ചർച്ചകളെ മോഹനേട്ടൻ പിന്തുടർന്നിരുന്നു.

നാല് വർഷം മുൻപ് മോഹനേട്ടന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്ന രാഗിണിയേച്ചി  പോയി. ഒരു ഗോപുരം തകരുന്ന പോലെ മോഹനേട്ടന്റെ ഉള്ളിൽ നടുക്കമുണ്ടായി എന്ന് ഞങ്ങൾ ഓരോരുത്തരും മനസ്സിലാക്കി. ഞങ്ങളുടെ സുഹൃത്തും പ്രശസ്ത ഡോക്യുമെന്ററി സംവിധായകനുമായ മണിലാൽ ആയിരുന്നു മോഹനേട്ടനെ അക്കാലത്ത് മുറുകെപ്പിടിച്ച ഒരാൾ. മണിലാലിന്റെ  തൃശൂർ പെരിങ്ങാവിലെ വീട്ടിലേയ്ക്ക് മോഹനേട്ടന്റെ വരവ് കൂടി. അങ്ങനെ മോഹനേട്ടനുമായുള്ള കൂടിക്കാഴ്ചയുടെ ഇടവേള കുറഞ്ഞു കുറഞ്ഞു വന്നു. മണിലാലിന്റെ വീട്ടിൽ  ഒരു തിരക്കുമില്ലാതെ സന്തോഷവാനായിരിക്കുന്ന മോഹനേട്ടന്റെ ചിത്രം എല്ലാ ചങ്ങാതിമാരും മനസ്സിന്റെ ചുമരിൽ തൂക്കിയിട്ടിരിക്കണം. സങ്കടക്കുഴികളിൽ നിന്നും ചങ്ങാതിമാരുടെ തോൾ പിടിച്ച് കയറി വരുന്ന മോഹനേട്ടന്റെ കാഴ്ച പ്രത്യാശായോടെ ഞങ്ങൾ കണ്ട് നിന്നു. ചാവക്കാട് തിരുവത്രയിൽ വീട് വെയ്ക്കാൻ പണി തുടങ്ങിയതും അക്കാലത്ത് മോഹനേട്ടൻ ചിരിയോടെ പറയുമായിരുന്നു.

ഇന്ന് ഞങ്ങൾ ആ വീട് കണ്ടു. ഞങ്ങൾക്കായി, ഞങ്ങളെപ്പോലുള്ള അനേകരുടെ കൂടിയിരിപ്പിന്നായി മോഹനേട്ടൻ ഒരുക്കിയ ആ കൂട് ഏതാണ്ട് പൂർത്തിയായിരിക്കുന്നു. എങ്കിലും സ്തംഭിക്കപ്പെട്ട ഒരു നഗരം പോലെ അത് അവിടെ കൂടിയവരിൽ നിശ്ശബ്ദമായി ഇരമ്പി. ഇച്ഛയുടെയും യാഥാർഥ്യത്തിന്റെയും പിടികിട്ടാത്ത കൂടിച്ചേരലുകൾക്കും വേരിപിരിയലുകൾക്കുമിടയിൽ ആ വാസസ്ഥാനം ഒറ്റ രാത്രി കൊണ്ട് സ്മാരകമായി. ആരും കാണാതെ ഞാൻ ആ വീടിന്റെ മുൻമുറിയിലേയ്ക്കും അകമുറികളിലേയ്ക്കും കയറി. ആരോ അതിന്റെ ചിത്രം മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു. എന്തായിരിക്കും അയാൾ അതിന് അടിക്കുറിപ്പ് എഴുതുക?krm-3

മധുരം, സൗമ്യം, ദീപ്തം എന്ന പേരിൽ ഒരു കവിതാ സമാഹാരം കോളേജിൽ പഠിക്കാനുണ്ടായിരുന്നു. അതിലെ കവിതകൾ ഒന്നും ഓർമ്മയില്ല – പക്ഷേ, മോഹനേട്ടനെ കാണുമ്പോഴൊക്കെ ആ പേര് ഉള്ളിൽ നിന്നും പൊങ്ങി വരും. ഗോവയിലെ ഫിലിം ഫെസ്റ്റിവൽ കാലത്ത് മിരാമർ ബീച്ചിലെയും മാണ്ഡവിനദിക്കരയിലെയും പ്രഭാത സഞ്ചാരങ്ങളെക്കുറിച്ച് ജി.പി.രാമചന്ദ്രൻ എഴുതിയിരുന്നു. അടുത്ത ഫെസ്റ്റിവൽക്കാലത്ത് എലിയട്ടിന്റെ കവിതയിൽ എന്നപോലെ ഓർക്കാൻ മൂന്നാമതൊരാൾ ആയി മോഹനേട്ടൻ.

ഓർക്കുമ്പോൾ ഒരു കാര്യത്തിൽ ആശ്വാസം തോന്നുന്നു. മോഹനേട്ടന്റെ ചലച്ചിത്ര ജീവിതത്തെപ്പറ്റി ഒരു പുസ്തകമെങ്കിലും ഇറങ്ങിയിട്ടുണ്ട്. ഡോ. സി.എസ് വെങ്കിടേശ്വരൻ എഴുതിയ സമാന്തര യാത്രകൾ: കെ.ആർ.മോഹനന്റെ ചലച്ചിത്ര സഞ്ചാരങ്ങൾ എന്ന ആ പുസ്തകം പുറത്തിറങ്ങിയത് ഞാൻ കൂടി ഭാഗഭാഗാക്കായ തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി 2004-ലാണ്. മോഹനേട്ടന്റെ ഉറ്റ സുഹൃത്തായ വി.കെ.ശ്രീരാമനാണ് അതിന്റെ അവതാരികയെഴുതിയത്.

നമ്മെയൊക്കെ, നമ്മുടെ അത്രയൊന്നും സുന്ദരമല്ലാത്ത സ്വരൂപത്തിൽ ഇട്ട് വെച്ച്, പോയി മോഹനേട്ടൻ – ഒരു ഇതൾ കൊഴിയുന്ന പോലെ. ചാവക്കാട്ടെ ജനക്കൂട്ടത്തിനിടയിൽ ചിതയിലേയ്ക്കെടുക്കും മുമ്പ് ഞാൻ മനസ്സിൽ പറഞ്ഞു: മോഹനേട്ടാ, ഞങ്ങൾ നിങ്ങളെ സ്നേഹിച്ചിരുന്നു. നിങ്ങൾ പലപാട് അത് അർഹിച്ചിരുന്നു.krm-5

Comments

comments