കേരളത്തിന്റ സമകാലിക യാഥാർത്ഥ്യത്തിന് ഒരു പ്രശ്നമുണ്ട്, എല്ലാ ക്രൂരതകളെയും അവർ ഒരേ കണ്ണോടു കൂടി കാണുകയില്ല. ചില സംഭവങ്ങൾ ഒരു തരം നിസംഗതയായി അവശേഷിക്കും ചിലതാവട്ടെ അസഹ്യമായ ദുഃഖം വാരി വിതറുന്നു എന്ന പ്രതീതി ധ്വനിപ്പിക്കും, ചിലത് പാടേ അവഗണിക്കും. അത്തരം അവഗണനകൾക്കുള്ളിലാണ് ഒരോ ദലിത് / ആദിവാസി/ മുസ്ലിം ഉൾപ്പെടെയുള്ള പാർശ്വവൽകൃതർ ജീവിക്കുന്നത്.

തൃശ്ശൂർ വാടാനപ്പള്ളിയിൽ,  പാവറട്ടി പോലിസ് കസ്റ്റഡിയിൽ എടുത്ത് വിട്ട ശേഷം തൂങ്ങി മരിച്ച വിനായക് എന്ന 19 വയസ്സുകാരന്റ മരണകാരണം ആണ് വീണ്ടും ഇവിടുത്തെ പോലിസിനെയും പോലിസ് രാജിനെയും ചർച്ചയിലേക്കെത്തിക്കുന്നത്. “എന്തായിരുന്നു ആ യുവാവ് ചെയ്ത തെറ്റ്. സുഹൃത്തായ ഒരു പെൺകുട്ടിയോട് പൊതുനിരത്തിൽ വെച്ച് സംസാരിച്ചു നിന്ന വിനായകിനെയും അവന്റെ സുഹൃത്ത് ശരത്തിനെയും, അതുവഴി സമൻസ് കൊടുക്കാൻ വന്ന പാവറട്ടി പോലിസ് സ്റ്റേഷനിലെ പോലിസുകാരനായ ശ്രീജിത്ത് സ്റ്റേഷനിലേക്ക് കൂട്ടുന്നു. അവിടെയെത്തിയ ശേഷം ഉണ്ടായ കാര്യങ്ങൾ ഒരോ മനുഷ്യ മനസാക്ഷിയേയും ഞെട്ടിക്കുന്നതായിരുന്നു. മുടി നീട്ടിവളർത്തിയ വിനായകനോട് അവന്റെ ജോലി, അവന്റെ അച്ഛൻറ ജോലി,  ജാതി എന്നിവ ചോദിക്കുന്നു, ശേഷം മാല മോഷണം നടത്തിയെന്ന് സമ്മതിച്ചാൽ വിട്ടയക്കാമെന്ന് പോലിസ് പറയുന്നു. എന്നാൽ തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലായെന്ന് പറഞ്ഞതോടു കൂടി തങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് വിനായകന്റ സുഹൃത്ത് ശരത്ത് പറഞ്ഞു. വിനായകന്റെ നെഞ്ചിലും, പുറത്തും, നാഭിയിലും മർദ്ദിച്ചുവെന്നും കാൽവിരലുകളിൽ ബൂട്ടിട്ട് ചവിട്ടി ഞെരിച്ചു,  ഇതും പോരാതെ അവന്റെ നീട്ടിവളർത്തിയ മുടി പറിച്ചെടുത്തും തങ്ങളുടെ അധികാര മത്ത് അവർ അവനിൽ കാട്ടി. ശേഷം വിനായകിന്റെ അച്ഛൻ കൃഷണൻകുട്ടിയെ വിളിപ്പിച്ചു. മകൻ കഞ്ചാവു വലിക്കുമെന്നും മേലാൽ മുടി വളർത്തി കാണരുതെന്നും, കണ്ടാൽ നിന്നക്കാണു കിട്ടുക എന്നും. പോലിസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കൃഷണൻകുട്ടി മകന്റ മുടിയും വെട്ടിച്ച് വീട്ടിൽ എത്തി. പിന്നീട് വിനായകൻ തന്റെ അടുത്ത കൂട്ടുകാരോടും, cpm പാർട്ടി മെമ്പറോടും തനിക്കും സുഹൃത്തിനും സ്റ്റേഷനിൽ ഉണ്ടായ ക്രൂര പിഡനം വിവരിക്കുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വിനായക് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ചതായി കാണുന്നു.

ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ആ പത്തൊൻപതുകാരൻ സ്വയം ജീവനെടുക്കുവാനുള്ള തീരുമാനത്തിലെത്താൻ കാരണം അവന്റെ ശരീരത്തിലേറ്റ മുറിവിനേക്കാൾ മനസിനേറ്റ അപമാനവും വേദനയും തന്നെയായിരിക്കണം. അതിലുപരിയായി തന്റെ ജാതി,  തന്റെ അച്ഛന്റെ തൊഴിൽ, മുടി നീട്ടിവളർത്തിയാൽ ഇവയിലുടെ തന്നെ ഒരു കഞ്ചാവുകാരനോ, മാല മോഷ്ടാവോ ഒക്കെയാക്കുവാൻ, സ്വയം യോഗ്യത തീരുമാനിച്ചിരിക്കുന്ന ഒരു പോലിസ് രാജിന്റെ ലോകത്താണന്നുള്ള തിരിച്ചറിവ്. മാത്രമല്ലാ തന്റെ വാസസ്ഥലം ഒരു കോളനിയാണെന്നതും തന്നെ കുറ്റവാളിയായി ചിത്രീകരിക്കാൻ ഈ പ്രബുദ്ധ സമൂഹവും, അധികാരവും തിരഞ്ഞെടുക്കുന്ന പ്രധാന കാരണമാണു എന്നതും ഒരു സത്യമാണു. ഇത്തരത്തിലുള്ള ഒരു പോലിസ് നയം ഇവിടെത്തെ ദലിതനും ആദിവാസിക്കും മാത്രമല്ല പാർശ്വവൽക്കരിക്കപ്പെട്ട് ജീവിക്കുന്ന എതൊരുവനെയും / ഒരുവളെയും ശത്രുപക്ഷത്ത് നിർത്തുന്ന ഒന്നാണു. മാത്രമല്ല ഒരു കേസിൽ പോയിട്ട്, ഒരു പ്രശ്നത്തിന്റെ പേരിലെങ്കിലും ദലിതനെയോ ആദിവാസിയേയോ കസ്റ്റഡിയിൽ എടുത്താൽ,  അവിടെ പിന്നെ പോലിസിനെ നയിക്കുന്നത് കൃത്യനിർവഹണബോധമല്ല മറിച്ച് ജാതിബോധം തന്നെയാണ്. ഇത്തരം പോലിസ് അതിക്രമങ്ങളെ നയന്ത്രിക്കുവാൻ ബാധ്യതയുള്ള  ഒരു ഗവൺമെന്റ് സംവിധാനം ഇവിടെ നിലനിൽക്കുന്നുമുണ്ട്. എന്നാൽ തീർത്തും  മർദ്ദകരൂപമാർന്ന ഒരു സ്റ്റേറ്റും അതിമർദ്ദകമായ ഒരു പോലിസ് രാജും വാഴുന്ന സംസ്ഥാനമായി ഇവിടം മാറുന്നതാണു നാം കാണുന്നത്. കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട എതൊരു ജനതയോടും നീതി പുലർത്തുവാൻ  “എല്ലാം ശരിയാക്കാ”മെന്ന് പറഞ്ഞു വന്ന ഒരു ഇടതു ഗവൺമെന്റിന് കഴിയുന്നില്ലായെന്നതിന്റെ നേർതെളിവുകൾ ആണിവയെല്ലാം.  സാധാരണക്കാരന്റെ, തൊഴിലാളിയുടെ, ചിന്തിക്കുന്നവന്റെ രാഷ്ട്രീയം ആണ് ഇവിടെ ആവശ്യമെന്ന് പറഞ്ഞു കൊണ്ട് അധികാരത്തിൽ ഏറിയ ഒരു ഇടതുപക്ഷ രാഷ്ട്രീയം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. അധികാരമേറ്റ്  ഇന്നോളം തുടരുന്ന പോലീസ്  അതിക്രമങ്ങളെ അവരുടെ മനോവീര്യം തകരുമെന്ന് പറഞ്ഞ് തള്ളിപ്പറയാനോ  തിരുത്താനോ  തയ്യാറില്ലാത്ത ആഭ്യന്തരനയത്തെ എന്ത്  ഇടതുപ്രത്യയശാസ്ത്രം പറഞ്ഞാണു  ന്യായീകരിക്കുക. വിനായകിന്റേത്  ഇവിടുത്തെ  ദലിത്- ജാതിദ്വേഷം പൊലീസിനെക്കൊണ്ട് ചെയ്യിച്ച കൊലപാതകമാണു. ദലിതരോടും  മറ്റ്  പാർശ്വവൽകൃതരോടും എന്തുമാകാമെന്ന രീതിയിൽ പോലീസിനെ കയറൂരി വിട്ടിരിക്കുന്ന സർക്കാരിനും ഇതിൽ പങ്കില്ലായെന്ന് കൈകഴുകാനാവില്ല.

ഇവയൊന്നും വിനായകിന്റെ  മരണത്തിൽ അവസാനിക്കുന്നതുമല്ല. ജാതിപരമായ വേർതിരിവുകളുടെ വേരുകൾ ആഴത്തിലുണ്ട്. പിറകോട്ട് പോയാൽ അങ്ങ് ചിത്രലേഖയിൽ തുടങ്ങി, ദലിത് -ആദിവാസി ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരായി ഇരുന്നാൽ അവിടം പുണ്യാഹം തളിക്കുന്ന സർക്കാർ ഓഫിസുകൾ, ഓഫിസർമാർ, അതിലും കടന്നാൽ വിവാഹ പരസ്യത്തിലൂടെ SC/ ST ഒഴികെ എന്ന പരസ്യത്തിലൂടെയും പിന്നെയിങ്ങ്  ‘സംസ്കാരിക’ കേരളത്തിന്റെ തലസ്ഥാനത്ത്,  തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ, പണ്ട് കൊച്ചി രാജ്യത്ത് ദലിതന് വഴി നടക്കാൻ  അനുവാദമില്ലായിരുന്നു എന്നും പറഞ്ഞുകൊണ്ട് ഈ 2 1 -ആം നൂറ്റാണ്ടിലും പെരുവല്ലിപ്പാടം ദലിത് കോളനിയിലേക്കുള്ള വഴിയടച്ചുകെട്ടിയ കൂടൽമാണിക്യം ക്ഷേത്ര കമ്മിറ്റിയും വരെ അത് നീളും. RDO റിപ്പോർട്ട് പ്രകാരം ആ വഴി റവന്യുഭൂമിയിലാണ്,  അതിനാൽ തുറന്നുകൊടുക്കണമെന്ന ഉത്തരവുകൾ തള്ളിയാണ് ഈ വഴിയടക്കൽ എന്നതാണ് ശ്രദ്ധിക്കപ്പെടേണ്ട കാര്യം. ഇത്തരം ജാതി അയിത്തങ്ങൾ അവിടെയും നിൽക്കാതെ “ഏയ് ഇവിടെ ജാതിയോ,  ജാതി പീഡനമോ ഇല്ല, നിങ്ങൾ ഗുജറാത്തിൽ പോകൂ അവിടെ കാണാം ജാതിയെന്താണന്നത്, നിങ്ങൾ ഉത്തർപ്രദേശിൽ പോകൂ. അവിടെ ദലിതനെ ജീവനോടെ കത്തിക്കുന്നത് കാണാം,  കേരളത്തിൽ അതൊന്നും ഇല്ലല്ലോ” എന്നാശ്വസിക്കുകയും, പിന്നെ ഇവിടെ പലചരക്കിനം പോലെ ജാതി സംഘടനകൾ രൂപികരിക്കുകയും ചെയ്യുന്ന മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ ഈറ്റില്ലമായ സ്ഥലങ്ങളിൽ ആണ്  ഇങ്ങനെ ജാതി അയിത്തം നിലനിൽക്കുന്നത് എന്നതാണ് വസ്തുത. അത്തരം ഇടങ്ങൾ ആണ് പാലക്കാട്, ഗോവിന്ദാപുരം  അംബേദ്ക്കർ കോളനിയും, കോഴിക്കോട്, പേരാമ്പ്ര പറയ കോളനിയും ആ കോളനിയിലെ 14 കുട്ടികൾ മാത്രം പഠിക്കുന്ന ഗവൺമെന്റ് വെൽഫയർ സ്കൂളും ഉൾപ്പടെയുള്ളവ.

പാലക്കാട്, ഗോവിന്ദാപുരം,അംബേദ്ക്കർ കോളനിയിൽ ഏകദേശം നാലു പതിറ്റാണ്ടായി ചക്ലിയർ മാത്രമാണ് ഉണ്ടായിരുന്നത്. അവരുടെ ഇടയിലേക്കാണ് ഭൂരഹിതരായ, ഒബിസി വിഭാഗത്തിൽപ്പെട്ട കൗണ്ടർ, ഈഴവ, ചെട്ടിയാർ വിഭാഗത്തെ പുനരധിവസിപ്പിച്ചത്. അതോടെ അവർ ദലിതരായ ചക്ലിയരോട് ജാതി അയിത്തം വാക്കാലും കൈയ്യൂക്കിനാലും ആരംഭിച്ചു.  ഒന്നര പതിറ്റാണ്ട് മുമ്പുവരെ കൗണ്ടർമാരുടെ വീടുകളിലെ കൃഷിപ്പണിക്കാർ ആയിരുന്ന ചക്ലിയർ,  അതു കൊണ്ട് തന്നെ ഇത്തരം തൊട്ടുകൂടായ്‌മയിൽ ജീവിക്കണമെന്നാണ് മേൽജാതിക്കാരുടെ ആവശ്യം. മാത്രമല്ല ജാതി അയിത്തം അതിന്റെ തൊട്ടുകൂടായ്മയും കടന്ന് കുടിവെള്ളത്തിന് പൊതുവായി ഉപയോഗിക്കുന്ന ആ വലിയ വാട്ടർ ടാങ്കിൽ   ഒന്ന് ചക്ലിയർക്ക് വെള്ളം എടുക്കാനും, മറ്റൊന്ന് കൗണ്ടർമാർ ഉൾപ്പെടെയുള്ളവർക്ക് വെള്ളം എടുക്കുന്നതിനുമായി രണ്ടു ടാപ്പുകൾ വയ്ക്കുന്നതുവരെ എത്തിയെന്നതാണ്. ആ ടാപ്പുകൾ തന്നെയാണ് അവിടുത്തെ ജാതി അയിത്തത്തിന്റെ അടയാളമായി എല്ലാ കാലവും എഴുതപ്പെടാത്ത വാമൊഴി ചരിത്രത്തിൽ ഉണ്ടാവുക എന്നതിൽ യാതൊരു സംശയവുമില്ല. കാരണം എഴുതപ്പെടുന്ന ചരിത്രത്തിലെ അപരവൽക്കരിക്കപ്പെട്ട അരികുവൽകൃതരാണല്ലോ ദലിതരും ആദിവാസികളും.

പറഞ്ഞു വരുന്നത് ഇത്തരം ജാതി അയിത്തങ്ങൾ തൊട്ടുകൂടായ്മയും കടന്ന് പൊതു ഇടങ്ങളിൽ ദലിതനെയും ആദിവാസിയേയും, പാർശ്വവൽകൃതരെയും ജാതിയുടെ മാത്രമല്ല, നിറം കറുപ്പാണെങ്കിൽ, നല്ലൊരു വസ്ത്രം ഉപയോഗിച്ചിട്ടുണ്ടെങ്കിലൊക്കെ ചോദ്യം ചെയ്യപ്പെടാനോ അതുമല്ലായെങ്കിൽ അതും കടന്ന് മരണത്തിലേക്ക് എത്തിക്കാൻ വരെ തയ്യറായി തന്നെയാണ് നിൽക്കുന്നത് എന്ന തിരിച്ചറിവ് അവനെ/അവളെ അവരുടെ ജാതി  തന്റെ പൊതുജീവിതത്തിലെ ഇടങ്ങളിലെ പ്രശ്നങ്ങൾടെ തുടക്കവും ഒടുക്കവും ആണന്ന ബോധ്യത്തിൽ എത്തിക്കുന്നുണ്ട്. അതിന്റെ തുടക്കം നമ്മുടെ കരിക്കുലത്തിൽ നിന്നു തന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞു പോയ ദിവസങ്ങളിൽ  പ്ലസ് ടു പാസ്സായ ഒരു വിദ്യാർത്ഥി 79 % മാർക്കുണ്ടായിട്ടും തന്നിക്ക് ഡിഗ്രി അഡ്മിഷൻ കിട്ടിയില്ലായെന്നും അതിനാൽ ഇനി കൃഷി ചെയ്യാൻ പോകുന്നുവെന്നും, സംവരണം കൊണ്ട് പഠിച്ച തന്റെ ‘താഴ്ന്ന ജാതി’ – ശ്രദ്ധിക്കുക, ‘താഴ്ന്ന ജാതി’ – സുഹൃത്തുക്കൾ വളരെ എളുപ്പത്തിൽ കയറിയെന്നും പറഞ്ഞിട്ട പോസ്റ്റിന് നിമിഷങ്ങൾക്കകം പൊതു ഇടത്തിൽ ലഭിച്ച സ്വീകാര്യത വിളിച്ചു പറയുന്നത് ഇവിടെ നിലനിൽക്കുന്ന ജാതി ബ്രാഹമണിസ്റ്റിക്ക് ചിന്താഗതി തന്നെയാണ്. മറ്റൊരു പ്രധാന കാര്യം സംവരണം SC/ST ക്ക് മാത്രം കിട്ടുന്ന എന്തോ വലിയ ഒരു അർഹതയില്ലാത്ത ഔദാര്യമായും കണക്കുകൂട്ടുന്നു എന്നാണ് മനസിലാക്കുന്നത്.  സംവരണം എന്നത് ദലിതന്റെയും ആദിവാസിയുടെയും പട്ടിണി മാറ്റാനുള്ള ഒരു സർക്കാർ വികസന പദ്ധതിയല്ല. മറിച്ച് അതിന്റെ ലക്ഷ്യം സാമൂഹികസമത്വമാണ്. അതായത് ജനസംഖ്യാനുപാതികമായി മറ്റു സമുദായങ്ങൾക്കൊപ്പം എല്ലാ മേഖലകളിലും പ്രതിനിധ്യം ഉറപ്പുവരുത്തന്നതിലൂടെ ആ സമുദായം പാർശ്വവൽകരിക്കപ്പെടാതെ ഇരിക്കുക എന്നതാണ്. പ്രധാനപ്പെട്ട കാര്യം അധികാരസ്ഥാനങ്ങളിൽ പ്രാതിനിധ്യം ഉണ്ടാവുക എന്നതാണ്. എന്നാൽ ഇനി സംവരണത്തിന്റെ കൃത്യമായ അനുപാതത്തിലേക്ക് കടന്നാലോ, PSC നിയമം അനുസരിച്ച് സംവരണം എന്നത് 50% ആണ്. 100 ഒഴിവുകളുള്ള ഒരു പോസ്റ്റിന് 50 ഒഴിവ് സംവരണം ആണ്. അതിൽ 8 % ആണ് SC സംവരണം,  അതായത് 60 ഓളോം ജാതിയിൽപ്പെട്ട പട്ടികജാതിക്കാർക്ക്. അടുത്തതായി 2 % ആദിവാസി വിഭാഗത്തിനു. നാല്പതോളം ആദിവാസി വിഭാഗത്തിനാണ് ഈ 2 % . ബാക്കി സംവരണത്തോത് നോക്കിയാലോ 14% ഈഴവ / തിയ്യ മാത്രമാണ്. മുസ്ലിം 12% , വിശ്വകർമ്മ 3%, LC  4 %,  നാടാർ 2 % , ഒബിസി മറ്റ്  ഈഴവ 3% , ധീവര 1 % ,  മതം മാറിയ ക്രിസ്ത്യാനികൾ 1 % എന്നിങ്ങനെയാണ് സംവരണത്തിന്റ സാമൂഹിക നില. ഫലത്തിൽ ഈ സംവരണത്തിൽ വന്ന് എല്ലാം നേടുന്നവർ SC /ST മാത്രമുള്ള എന്തോ വലിയ ഒരു ദാനമാണന്നതാണ് ഭൂരിഭാഗത്തിന്റെയും ധാരണ. അത്തരത്തിൽ ഒരു ധാരണയുടെ പുറത്തു തന്നെയാണ് ലിജോ ജോയിമാരും അവരെ പിന്തുണക്കുന്നവരും നിൽക്കുന്നത്. അതുകൊണ്ട് പറയട്ടെ  സഹോദരാ കൃഷിപ്പണി/മാലിന്യം എടുക്കൽ, റോഡു വൃത്തിയാക്കാൽ ഇവയൊന്നും സംവരണം കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തിയ ഇടങ്ങളല്ലാത്തതു കൊണ്ടു തന്നെ ആർക്കും എപ്പോഴും ചെയ്യാവുന്ന തൊഴിലിടങ്ങളായി താങ്കളും താങ്കളുടെ പോസ്റ്റിന്റെ പിറകിൽ വരുന്നവരും മനസിലാക്കിയാൽ നന്ന്. മാത്രമല്ല കൃഷിപ്പണിയിൽ കാലവസ്ഥയെ അനുസരിച്ചിരിക്കും ലാഭവും നഷ്ടവും.  അതു കൊണ്ട് ഇത്തരം സംവരണ ഇടങ്ങളല്ലാത്ത തൊഴിലുകൾ കൃത്യമായ വരുമാനം തരും. താങ്കൾക്ക് ജീവിക്കാനാണെങ്കിൽ  അത്  ധാരാളം.

സംവരണവിരുദ്ധ ചിന്തകളിൽ തുടങ്ങിയ ജാതി അയിത്തമാണ്  അധികാരം, വിദ്യാദ്യാസം, ജോലി തുടങ്ങി സമൂഹത്തിലെ നാനതുറകളിലേക്കും വ്യാപിച്ച് ഒരു സാമൂഹ്യ വിപത്തായി, അധികാരത്തിന്റെ ഇടങ്ങളായ നിയമ നീതി സംവിധാനങ്ങളിൽ വരെ  ദലിത് – ആദിവാസി- പാർശ്വവൽകൃതരെ ബലിയാടുകളായി മാറ്റുന്നത്. അങ്ങനെയാണു വിനായകന്മാർ കൊല്ലപ്പെടുന്നത്. ഈ  അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പരിശ്രമിക്കേണ്ട സർക്കാർ എന്നാൽ ദലിതരെ, ട്രാൻസ് ജെൻഡറുകളെ,  ഇതരസംസ്ഥാന തൊഴിലാളികളെ, മറ്റ് പാർശ്വവൽകൃതരെയുമെല്ലാം തല്ലിച്ചതയ്ക്കാനും ലോക്കപ്പിലിട്ട് കൊല്ലാനും കള്ളക്കേസുകളിൽ കുടുക്കാനും പോലീസിനു ലൈസൻസ് നൽകുന്ന ഒരു സർക്കാരായി മാറിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടികളെടുത്തുകൊണ്ട് ശക്തമായ സന്ദേശം നൽകാൻ ഇക്കാര്യങ്ങളിൽ നിരന്തരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തരമന്ത്രി ബാധ്യസ്ഥനാണു. സ്വമേധയാ അതിനു  തയ്യാറില്ലാത്ത ഒരു ഗവണ്മെന്റാണു നിലവിലുള്ളെന്നതിനു  അധികാരത്തിലേറി ഇന്നോളം ആവർത്തിച്ചുകൊണ്ടിരിക്കുന്ന, അത് തള്ളിപ്പറയുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലാത്ത, പോലീസ് അതിക്രമങ്ങൾ തെളിവാണു. അതിനായി സർക്കാരിൽ  സമ്മർദ്ദം ചെലുത്താനും അതിനൊപ്പം തന്നെ അയിത്താചാരങ്ങളും സംവരണവിരുദ്ധതയുമെല്ലാം എതിർത്തു തോൽപ്പിക്കപ്പെടുന്നതിനുമായി, മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരായി ഒത്തുചേരേണ്ടതുണ്ട്.  ശ്രീ സണ്ണി കവിക്കാടിന്റ (1959-2012 ) വരികൾ ഓർമ്മിക്കട്ടെ.

” എഴുന്നേറ്റു പറയുക
എണ്ണിയാൽ തീരാത്ത നഗ്നസത്യങ്ങളെ
എല്ലാം ഉടച്ചുവാർത്തിടുവാൻ
സൂര്യനേ വിണ്ടും തടഞ്ഞു നിർത്തുക”
—–
(ശ്രീ സജീവ് M G  സംവരണവുമായി ബന്ധപ്പെട്ട്  വാട്സപ്പിൽ എഴുതിയ  കുറിപ്പിനു  കടപ്പാടോടെ)

Comments

comments