• അറുപതു വർഷം മുമ്പത്തെ കേരളത്തിന്റെ സ്ഥിതി എന്തായിരുന്നു?
  • ഇന്നത്തെ കേരളത്തിന്റെ സവിശേഷത എന്ത്?
  • എന്തുകൊണ്ട് കേരളം അന്ന് അങ്ങിനെയായിരുന്നു?
  • എന്തുകൊണ്ട് കേരളം ഇങ്ങിനെ മാറി?
  • ഇന്നത്തെ കേരളത്തിന്റെ വെല്ലുവിളികൾ എന്തൊക്കെ അത് നേരിടാനുള്ള തന്ത്രം എന്ത്? മുന്നോട്ടുള്ള പാത എങ്ങിനെ? എന്നീ അഞ്ചു കാര്യങ്ങളാണ് ലഘുവായി ഇവിടെ പരിശോധിക്കുന്നത്.
    ————–
    1.
    അറുപതു വർഷം മുമ്പ് കേരളം സാമ്പത്തികമായി ഏറ്റവും പിന്നോക്ക പ്രദേശമായിരുന്നു. നമ്മുടെ പുതിയ സംസ്ഥാനത്തിന്റെ അഭ്യന്തര പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയേക്കാൾ ഏതാണ്ട് 20% കുറവായിരുന്നു. രണ്ട്; അങ്ങിനെ ഉൽപാദനം കുറവായിരുന്നതുകൊണ്ട് ഉപഭോഗവും കുറവായിരുന്നു. പലപ്പോഴും അഖിലേന്ത്യാസർവ്വേകൾ എടുക്കുമ്പോൾ എങ്ങിനെയീ കേരളം ജീവിക്കുന്നു എന്ന് അത്ഭുതപ്പെടാറുണ്ട്. നമ്മൾ ജീവിച്ചുപോയത് ഈ കണക്കിൽ പെടാത്ത ചക്കയും മാങ്ങയുമൊക്കെ കഴിച്ചിട്ടാണ്. അതൊന്നും സർവ്വേകളിൽ വരാറില്ല. അത് നമുക്ക് മാത്രമറിയാവുന്ന രഹസ്യമാണ്. എങ്കിലും കുറഞ്ഞ ഉല്പാദനം, താഴ്ന്ന ഉപഭോഗം, താഴ്ന്ന സമ്പാദ്യം, താഴ്ന്ന നിക്ഷേപം. ഇതായിരുന്നു അന്നത്തെ കേരളം. സമ്പാദ്യം കുറവാണെങ്കിൽ നിക്ഷേപവും കുറവാകും. സ്വാഭാവികമായും വളർച്ചയുടെ വേഗവും കുറവായിരിക്കും. തികച്ചും പിന്നോക്കമായ പ്രദേശം. പക്ഷേ കേരളത്തെ വ്യത്യസ്തമാക്കിയിരുന്നത് ഇങ്ങിനെയൊക്കെയാണെങ്കിലും അന്നും കേരളം വിദ്യഭ്യാസത്തിൽ മുന്നിലായിരുന്നു. ആരോഗ്യരംഗത്ത് അഖിലേന്ത്യാ ശരാശരിയേക്കാൾ മെച്ചമായിരുന്നു. എങ്കിലും കേരളത്തെ പ്രശ്‌ന സംസ്ഥാനം എന്നാണ് വിളിച്ചിരുന്നത്. ഭക്ഷ്യപ്രശ്‌നം, ഭരണ അസ്ഥിരതയുടെ പ്രശ്‌നം, കമ്മ്യൂണിസ്റ്റു പ്രശ്‌നം, തൊഴിലില്ലായ്മ പ്രശ്‌നം… എല്ലാം കൂടി കൂട്ടിച്ചേർന്ന പ്രശ്‌ന സംസ്ഥാനം. ഇതായിരുന്നു അന്നത്തെ കേരളം.o-k-12.
    ഇന്നത്തെ കേരളം എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു? പെട്ടെന്ന് കാണാവുന്ന ഒരു കാര്യം അഖിലേന്ത്യാ ശരാശരിയേക്കാൾ ഉയർന്നതാണ് ഇവിടത്തെ പ്രതിശീർഷ വരുമാനം. ഇന്നു നമ്മുടെ പ്രതിശീർഷവരുമാനം അഖിലേന്ത്യാ ശരാശരിയെക്കാൾ ഏതാണ്ട് 15% ഉയർന്നതാണ്. പ്രതിശീർഷ ഉപഭോഗത്തിൽ ഒന്നാമതോ രണ്ടാമതോ നാം വരും. സമ്പാദ്യത്തിലും നാം മുന്നിലാണ്. RBI സർവ്വേയിൽ പഞ്ചാബ് കഴിഞ്ഞാൽ ഗ്രാമീണ മേഖലയിൽ ഏറ്റവും കൂടുതൽ സമ്പാദ്യമുള്ളത് നമുക്കാണ്. സ്വാഭാവികമായും നിക്ഷേപവും ഉയരേണ്ടതാണ്. പക്ഷേ വേണ്ടത്ര ഉയരുന്നില്ല. കാരണം സമ്പാദ്യം പുറത്തേക്ക് പോവുകയാണ്. നിക്ഷേപം നടക്കുന്നത് ഉൽപാദനമേഖലയിലല്ല. ഉപഭോഗവുമായി ബന്ധപ്പെട്ട സേവനമേഖലയിലാണ്. ഈ പരിമിതിയുണ്ടെങ്കിലും കേരളത്തിന്റെ സാമ്പത്തിക വളർച്ച വേഗതയിലാണ്. 8 മുതൽ 10% വരെ വളർച്ച കൈവരിക്കുന്നുണ്ട്. ഇന്ത്യയിലെ മുൻനിര 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ മാറ്റം അത്ര ചെറുതല്ല. താഴ്ന്ന ഉൽപാദനം,  ഉപഭോഗം, സമ്പാദ്യം എന്നിവയിൽ നിന്ന് ഉയർന്ന ഉൽപാദനം,  ഉപഭോഗം, സമ്പാദ്യം എന്ന പദവി. നിക്ഷേപം മാത്രം പിന്നോക്കം നിൽക്കുന്നു.
    —-
    3.
    അറുപത് വർഷത്തെ രൂപാന്തരം ഒട്ടും ചെറുതല്ല. സാമൂഹ്യക്ഷേമ മേഖലകൾ പരിശോധിച്ചാൽ കേരളം രൂപീകരിക്കപ്പെടുമ്പോൾ 45-50 ആയിരുന്ന ശരാശരി ആയുസ്സ് ഇന്ന് 75-76 ആണ്. ഇതിനെ മാതൃകയെന്നൊന്നും CDS ന്റെ 1975 ലെ പഠനം വിശേഷിപ്പിച്ചിട്ടില്ല. പക്ഷേ, കേരളത്തിന്റെ വികസനാനുഭവം ഒരു പ്രഹേളികയായിരുന്നു. ഏതായാലും പിന്നീട് എല്ലാവരും ഇതിനെ ‘കേരള മാതൃക” എന്നു വിളിച്ചു തുടങ്ങി. ജീവിത ഗുണ നിലവാര സൂചിക എടുത്താൽ ദേശീയ ശരാശരിയേക്കാൾ ഉയർന്നതാണെന്നു മാത്രമല്ല വികസിത രാജ്യങ്ങൾക്കൊപ്പമാണ് പല കാര്യങ്ങളിലും. കേരളത്തിലെ ശിശു മരണ നിരക്ക് പത്തിലും താഴെയാണെന്ന് പറയുന്നു. അതായത് ഏതാണ്ട് അമേരിക്കയോടൊപ്പം! (ഈ കണക്കിന്റെ നിജസ്ഥിതിയെക്കുറിച്ച് എനിക്കു സംശയമുണ്ട്. അതിരിക്കട്ടെ). കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ജീവിതം സാദ്ധ്യമാക്കി തീർക്കാൻ സാധിച്ചു. 60 വർഷത്തെ കേരളത്തിലെ ജനാധിപത്യപ്രക്രിയയുടെ നേട്ടം ചെറുതല്ല. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളം. അതിൽനിന്നും വേറിട്ടു പോയിട്ടില്ല. അപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വികസനപാത തിരഞ്ഞെടുത്തു. ചരിത്രപരമായി;  സാധാരണയായി ;  വികസനത്തിന്റെ മാതൃക – ആദ്യം സാമ്പത്തിക വളർച്ച, അതിന്റെ നേട്ടങ്ങൾ പതുക്കെ ജനങ്ങളിലേക്ക് എത്തുന്നു. ഇവിടെ അങ്ങിനെയല്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുമ്പോഴും മിഡിൽ ഇൻകം രാജ്യങ്ങളുടെ അപ്പുറത്തുള്ള സാമൂഹികക്ഷേമ വളർച്ച നേടാൻ കേരളത്തിന് കഴിഞ്ഞു. അങ്ങിനെ ഇടർച്ചയും തുടർച്ചയുമുള്ളതാണ് കേരളം.
    ——–
    4.

    നമ്മുടെ കൃഷി വളരെയധികം വാണിജ്യവല്കരിക്കപ്പെട്ടു. പക്ഷേ ആ നേട്ടത്തിന്റെ സിംഹഭാഗവും പുറത്തേക്കാണ് പോയത് നമുക്ക് ലഭിച്ചില്ല. കേരളത്തിലെ വാണിജ്യ കയറ്റുമതി നിയന്ത്രിച്ചിരുന്നത് വിരലിലെണ്ണാവുന്ന കുത്തക വിദേശകമ്പനികളായിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അതിന് വ്യത്യാസം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് പക്ഷേ അത് സംഭവിച്ചില്ല. കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്ല്യവർദ്ധിത ഉൽപാദനം കേരളത്തിൽ ഉണ്ടായില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഗുജറാത്ത്, ബോംബെ മേഖലകളിൽ കാണുന്നതുപോലുള്ള മുതലാളിത്തവർഗ്ഗത്തിന്റെ  വളർച്ച ഇവിടെ ഉണ്ടായില്ല. അത് വളരെ ദുർബലമായിരുന്നു.  കേരളത്തിൽ ആലുവ പ്രദേശത്തു  30-40 കളിൽ വന്ന വ്യവസായങ്ങൾ നാടൻ മൂലധനമായിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പുറം സംസ്ഥാനത്ത് നിന്ന് വന്ന മൂലധന നിക്ഷേപകർ സ്വസംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോയി. എന്തുകൊണ്ട് സ്വാതന്ത്യാനന്തരം കിഴക്കൻ ഇന്ത്യ താഴോട്ടു പോയി എന്നതായിരുന്നു പ്രൊഫ. അമയ് കുമാർ ബാക്‌സിയുടെ പ്രശസ്ത ഗ്രന്ഥത്തിന്റെ (Private Investment in India) മുഖ്യ പ്രമേയം. എന്തുകൊണ്ട്  പടിഞ്ഞാറൻ ഇന്ത്യ മുകളിലേക്ക് പോയി എന്നതാണ്. അദ്ദേഹം അതിനെ ബന്ധപ്പെടുത്തുന്നത്  പ്രാദേശിക ബൂർഷ്വാസിയുടെ സ്വഭാവവുമായിട്ടാണ്. കേരളത്തിലെ ബൂർഷ്വാ വർഗത്തിന് വ്യവസായത്തേക്കാൾ വാണിജ്യത്തോടും വാണിജ്യകൃഷിയോടുമായിരുന്നു ബന്ധം. മാത്രമല്ല ഇവിടത്തെ വ്യവസായിക പ്രതിശീർഷ ഉല്പാദനം  കാർഷിക പ്രതിശീർഷ ഉല്പാദനത്തേക്കാൾ താഴ്ന്നതായിരുന്നു. ചരിത്രപരമായ കാരണങ്ങളാണ് കേരളത്തെ പിന്നോക്കം നിർത്തിയത്.
    ———
    5.
    സാമൂഹികക്ഷേമ പദ്ധതികളിൽ മുന്നോക്കം വരാൻ കാരണം പലരും തെറ്റിദ്ധരിക്കുന്നതുപോലെ പ്രജാക്ഷേമതൽപരരായ പൊന്നു തമ്പുരാക്കൻമാരുടെ ഔദാര്യമല്ല. ഇപ്പോൾ വിദ്യാഭ്യാസവിളംബരത്തിന്റെ വാർഷികം ആഘോഷിക്കുന്നു. സത്യത്തിൽ ഈ വിളംബരത്തിന്റെ സമയത്ത് വിളംബരം പുറപ്പെടുവിച്ച റാണിക്ക്് പ്രായപൂർത്തിയായിരുന്നില്ല. ഇതേ സമയത്ത് ബ്രിട്ടീഷ് ഇന്ത്യയിലും സമാനമായ വിളംബരങ്ങൾ നടന്നിട്ടുണ്ട്. പുറത്ത് അവ കേവലം വിളംബരങ്ങൾ മാത്രമായി ഒതുങ്ങിയപ്പൊൾ ഇവിടെ അവ നടപ്പിലാകാൻ കാരണം വിദ്യാഭ്യാസം തങ്ങളുടെ അവകാശമാണ് എന്നു പറയുന്ന ശക്തമായ സാമൂഹിക പ്രസ്ഥാനങ്ങൾ വളർന്നു വന്നതാണ്. കേരളത്തിലെ സാമുഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ ഏറ്റവും കൂടുതൽ ഇടപെട്ടത് വിദ്യാഭ്യാസ ആരോഗ്യ രംഗത്താണ്. താഴത്തു നിന്നുള്ള ശക്തമായ അവകാശാവശ്യം പ്രതികരണത്തിന് ഭരണാധികാരികളെ നിർബന്ധിതരാക്കി. അങ്ങിനെയാണ് കേരളം മുന്നോട്ട് പോയത്. ഇതിനുള്ള തെളിവ് തിരു- കൊച്ചി മലബാർ താരതമ്യമാണ്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങൾ ദുർബലമായിരുന്ന മലബാർ തിരുക്കൊച്ചിയെ അപേക്ഷിച്ച് വിദ്യാഭ്യാസകാര്യങ്ങളിൽ പിന്നിലായിരുന്നു എന്നു മാത്രമല്ല, ഈ അന്തരം കൊളോണിയൽ കാലഘട്ടത്തിലുടനീളം വർദ്ധിക്കുകയും ചെയ്തു. താഴെ നിന്നുള്ള സമ്മർദ്ദങ്ങൾ സാമൂഹിക ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ നിർബന്ധിതരാക്കി. കേരളം എങ്ങിനെയാണ് ഇങ്ങിനെയായത് എന്നതിന്റെ ഉത്തരം ഇതാണ്. പക്ഷേ, ഒരുകാര്യം എടുത്തു പറഞ്ഞുകൊള്ളട്ടെ. കേരളത്തിലെ ഈ പൊതു പ്രവണതകൾക്ക് വിപരീതമായ സ്ഥിതിഗതികൾ നിലനിൽക്കുന്ന സമൂഹങ്ങളുണ്ട്. അതിനുള്ള ഉദാഹരണമാണ് ആദിവാസികൾ. ആദിവാസി ദുരവസ്ഥ ഇന്നും നമുക്കു നാണക്കേടായി തുടരുന്നു.——-
    6.
    അന്നത്തെ കേരളത്തെ മാറ്റിമറിച്ചതിന്റെ പിന്നിൽ രണ്ടു പ്രധാനപ്പെട്ട ഘടകങ്ങൾ ഉണ്ട്. ഒന്ന് ഭൂപരിഷ്‌കരണം. രണ്ട് ഗൾഫ് കുടിയേറ്റം. ഭൂപരിഷ്‌കരണം സ്വത്തുവിതരണത്തിലുണ്ടാക്കിയ മാറ്റം അവിതർക്കിതമാണ്. കല്ല്യാശ്ശേരി പഞ്ചായത്തിൽ ഞാൻ തന്നെ നടത്തിയ പഠനത്തിൽ പഴയ settlement register പ്രകാരം 20 ലെ ഭൂമി വിതരണത്തിൽ ദേവസ്വം അടക്കം ഏതാണ്ട് 85% സവർണ്ണപ്രമാണിമാരുടേതായിരുന്നു. ജനസംഖ്യയിൽ 70% തീയ്യരും 10% മുസ്ലീങ്ങളുമായിരുന്നു. അവർക്കുള്ള ഭൂമി 4-5% മാത്രം. ഇപ്പൊ ഞാൻ പഠനം നടത്തുമ്പോൾ ജനസംഖ്യാനുപാതമല്ലെങ്കിലും ഏതാണ്ട് 50%  ഭൂമി തീയരുടേതാണ്. ഇത്തരം മാറ്റം കേരളം മുഴുവൻ വന്നു. പഴയ ജാതിമതമാമൂൽ അനുസരിച്ചുള്ള സമ്പ്രദായത്തിന്റെ വേരറുത്തത് ഈ പരിഷ്‌ക്കരണമാണ്. ഇന്നും സാംസ്‌കാരിക തലത്തിൽ ജാതി ബോധം നിലനിൽക്കുന്നു. പക്ഷേ സാമ്പത്തികതലത്തിൽ അതിന്റെ വേരറുത്തത് ഭൂപരിഷ്‌ക്കരണമാണ്. തിരു-കൊച്ചി- മലബാർ എന്ന വ്യത്യാസം ഇല്ലാതായി. രാഷ്ടീയതലത്തിലുള്ള ഇടതുപക്ഷ ഇടപെടൽ തിരു-കൊച്ചിക്ക് സമാനമായ അടിതട്ടിൽ നിന്നുള്ള demand മലബാറിലും സൃഷ്ടിച്ചു. ഗൾഫിലേക്കുള്ള കുടിയേറ്റം ആകസ്മികമായിരുന്നില്ല. നേരത്തെ എട്ടും കൊട്ടും പഠിച്ച് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്കുള്ള കുടിയേറ്റമായിരുന്നു . Bonded Labourers കുടിയേറ്റം ഇവിടെ നിന്ന് ഉണ്ടായിട്ടില്ല.dep1

    7.
    ഗൾഫ് കുടിയേറ്റവും അതു നാട്ടിൽ വരുത്തിയ മാറ്റങ്ങളും ഇന്ന് സാർവത്രികമായി അംഗീകരിക്കപ്പെടുന്നുണ്ട്. ഇവിടെ ഞാൻ എടുത്തു പറയാനാഗ്രഹിക്കുന്ന കാര്യം ഗൾഫിലെ ജോലി സാധ്യതകൾ നമുക്കുപയോഗപ്പെടുത്താൻ കഴിഞ്ഞത് വിദ്യാഭ്യാസവും ആരോഗ്യവുമുള്ള തൊഴിൽ സേന ഉണ്ടായിരുന്നതുകൊണ്ടാണ്. ഗൾഫ് പണവരുമാനം ആകസ്മികമായി വന്നതല്ല. ഗൾഫ് കുടിയേറ്റത്തിന്റെ ഫലമായി ഉപഭോഗം വർദ്ധിച്ചു. ഉപഭോഗ സേവനങ്ങൾ വർദ്ധിച്ചു. ഉപഭോഗം വർദ്ധിച്ചിട്ടും ഗണ്യമായ സമ്പാദ്യം മിച്ചം വന്നു.

    8.
    എന്താണ് പുതിയ വെല്ലുവിളികൾ? അത് കേവലം സാമ്പത്തിക വികസന പ്രശ്‌നം മാത്രമല്ല. ഇവിടത്തെ എറ്റവും അധസ്ഥിതരായ ജനവിഭാഗങ്ങളുടെ പോലും ജീവിത നിലവാരം ഉയർത്താൻ സാധിച്ചു. കേരളത്തിലെ പുതുതലമുറ അഭ്യസ്തവിദ്യർ പുതിയ തൊഴിൽ മേഖലകളിലേക്ക് നീങ്ങുന്നു. വിദ്യാഭ്യാസം തൊഴിൽ പ്രതീക്ഷകൾ ഉയർത്തുന്നു. ഈ ഉയർന്ന തൊഴിൽ പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള പുതിയ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കണം. ഇതിന് കൂടുതൽ അനുയോജ്യമായിട്ടുള്ളത് വിജ്ഞാനാധിഷ്ഠിതമോ സേവനപ്രധാനമോ വൈദഗ്ധ്യാധിഷ്ഠിതമോ ആയ വ്യവസായങ്ങളാണ്. ഇവിടത്തെ വിഭവങ്ങളുടെ മൂല്യ വർദ്ധിത ഉൽപാദനം നടക്കണം. ഐടി, ടൂറിസം, ലൈറ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടണം. ഈ തുറകളിൽ വലിയതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനാകണം. അതാണ് വെല്ലുവിളി.

    9.
    അന്യ സംസ്ഥാനങ്ങളിൽ തൊഴിൽ നിയമങ്ങൾ പാലിക്കേണ്ട; പരിസ്ഥിതി നിയമങ്ങൾ പാലിക്കേണ്ടതില്ല. പക്ഷേ കേരളത്തിൽ അതൊന്നും സാദ്ധ്യമല്ല. എന്തിന് സ്വകാര്യ മൂലധനം ഇങ്ങോട്ടു വരണം? സ്വകാര്യ മൂലധനത്തിന് ഉയർന്ന അടിസ്ഥാന സൗകര്യ വികസനവും എറ്റവും മികച്ച ഐടി ശൃംഖലയുമുള്ള കേരളത്തെ പകരം നമുക്കു നൽകാൻ കഴിയണം. നല്ല റോഡുകൾ, വ്യവസായ പാർക്കുകൾ, വിദഗ്ധ തൊഴിലാളികൾ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തണം. ഇങ്ങനെയുള്ള മാറ്റം വരാൻ സർക്കാരിന്റെ മൂലധനച്ചെലവ് ഗണ്യമായി ഉയരണം. ഇപ്പോൾ മുന്നിൽ നിൽക്കുന്നത് റവന്യൂച്ചെലവാണ്. അതനിവാര്യമാണ്. ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത താഴെക്കിടയിലുള്ളവരോടും പാവപ്പെട്ടവരോടും തൊഴിലാളികളോടും കർഷകരോടുമാണ്. അവരെ ഒരിക്കലും കൈ വിടില്ല. അവർക്ക് സമ്പൂർണ്ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തണം. അവിടെ വിട്ടുവീഴ്ച്ചയില്ല.

    10.
    കഴിഞ്ഞകാല നേട്ടങ്ങളുടെ രണ്ടാം തലമുറ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണം. ഈ സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ജനങ്ങൾ നൽകിയ ഏറ്റവും വലിയ അംഗീകാരമായി കണക്കാക്കാവുന്നത് ഒന്നര ലക്ഷം പേർ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചുവന്നതാണ്. പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കും ഈ സർക്കാർ എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നു പ്രവർത്തിക്കുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ആരോഗ്യ മേഖലയിൽ പൂതിയ രോഗങ്ങളെയും പുതിയ പ്രശ്‌നങ്ങളെയും നേരിടാൻ പൊതു ആരോഗ്യ സംവിധാനങ്ങളെ പ്രാപ്തമാക്കണം. ജില്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളും അതിന് സജ്ജരാക്കണം. 4000 പുതിയ തസ്തികകൾ ആരോഗ്യ മേഖലയിൽ സൃഷ്ടിക്കുന്നു. ജീവിത ശൈലി മാറണം. അതിനാണ് ആർദ്ര മിഷൻ. രോഗങ്ങൾ കുറക്കുക എന്നതാണ് ലക്ഷ്യം. ഈ ഭരണത്തിന്റെ മൂന്നാം നാലാം വർഷമാകുമ്പോഴെക്കും ഈ മിഷനിൽ ചേരുന്നവർക്ക് വലിയ രോഗങ്ങൾക്കും സൗജന്യ ചികിൽസ ഉറപ്പുവരുത്തും. ക്ഷേമ പെൻഷനുകൾ കൂട്ടണം. വികസനത്തിൽ ഒരു ചുവടുമാറ്റം. അത് അത്ര എളുപ്പമല്ല. പുതിയ പാതയിലേക്ക് മാറുന്നതിന് വലിയ നിക്ഷേപം വേണം. എന്നതാണ് വെല്ലുവിളി.1042101

    11.
    റവന്യൂ കമ്മിയുടെ പശ്ചാത്തലത്തിൽ മൂലധനച്ചെലവ് ഉയർത്തണമെങ്കിൽ ബജറ്റിനു പുറത്ത് പണം കണ്ടെത്തിയേ പറ്റൂ. അതിനാണ് കിഫ്ബി. ഇന്നും വിവിധ പദ്ധതികൾക്കായി പൊതുമേഖലാ സ്ഥാപനങ്ങൾ ബജറ്റിനു പുറത്ത് വായ്പ എടുക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ വായ്പ എടുക്കുന്നതിനു തന്നെ ഒരു SPV രൂപീകരിക്കുന്നു. ഈ കമ്പനിയ്ക്ക് തുടർച്ചയായി എല്ലാ വർഷവും മോട്ടോർ വാഹന നികുതിയുടെ പകുതി നൽകുമെന്ന് നിയമവ്യവസ്ഥയുണ്ട്. ഈ ഭാവി വരുമാനം ഈടുവെച്ച് കിഫ്ബിയ്ക്ക് വായ്പയെടുക്കാനാവും. ഇപ്പോൾ 50,000 കോടി രൂപയുടെ റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമാണ് ലക്ഷ്യമാക്കുന്നത്. അഞ്ചാം വർഷത്തിനു മുമ്പ് നിശ്ചയമായും അത് സാദ്ധ്യമാകും.

    12.
    നമുക്ക് എത് മോഡൽ വേണം?. വളർച്ചയും നീതിയുമില്ലാത്ത BIMARU മോഡലോ അതോ വളർച്ചയുണ്ട് നീതിയില്ല എന്ന ഗുജറാത്ത് മോഡലോ? രണ്ടുമല്ല. നമുക്ക് നമ്മുടെ മോഡൽ. വികസനവും നീതിയും ഉറപ്പാക്കണം. ഡോ. കെ എൻ രാജിന്റെ ഭാഷയിൽ പറഞ്ഞാൽ അപ്പം ചൂടാനും വിതരണം ചെയ്യാനും അറിയണം. മുതലാളിത്ത ആഗോളസമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്ന അനീതിക്ക് ബദൽ സൃഷ്ടിക്കാൻ കഴിയണം. നാം ലോകത്തോട് പറയാൻ ശ്രമിക്കുന്നത് നമുക്ക് ഒരു പരിപാടിയുണ്ട്. നമ്മൾ ബദൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അതിനുള്ള പരീക്ഷണങ്ങൾ നടത്തുന്നു. വികസനവും നീതിയും ഉറപ്പുവരുത്താൻ ശ്രമിക്കുന്നു. അതാണ് മുന്നോട്ടുള്ള പാത.
    ———
    (ഏകോപനം: വി എൻ  ഹരിദാസ്)

Comments

comments