[button color=”” size=”” type=”square” target=”” link=””]അദ്ധ്യായം – ഒൻപത് : ഫ്‌ളാഷ്ബാക്കുകൾ വെറുതെ കാരണമുണ്ടാക്കാനുള്ളതാണ്……..[/button]

2016 നല്ല വർഷമായിരിക്കും! എന്റെ ഭ്രാന്ത് മാറും…. എന്റെ തിരക്കഥയിൽ രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കേൾക്കപ്പെടാത്തവർ – വടക്കേക്കാട് കോളേജ് മാഗസിൻ 2014-2015’  എന്ന സിനിമ ജനുവരി ആദ്യം റിലീസ് ചെയ്തിരിക്കും. വർഷങ്ങളായുള്ള സിനിമാക്കനവ് കൊണ്ട് തുന്നിയ കുപ്പായമിട്ട് ശുജായിയാവാൻ,  ഇത്തിരി വമ്പത്തരം കാട്ടാൻ,  കെ.ടി.ഡി.സി.യുടെ ബിയർ ആന്റ് വൈൻ പാർലർ തല കുത്തനെ നിർത്താൻ,  നാടകം കാണാൻ, എല്ലാ കൊല്ലത്തേയും പോലെ എന്നാൽ ഇമ്മിണി ബല്ല്യ അഹങ്കാരത്തോടെ മ്മള് കാലടീന്ന് ബസ്സുകയറി…….. ഇറ്റ്‌ഫോക്കിനെ നുണയാൻ!.

എഥലിന്റെ ഫ്‌ളാറ്റിൽ നിന്നും ഇറങ്ങി നേരെ പോയത് ഗിരീഷേട്ടനെ കാണാനായിരുന്നൂ. അങ്ങേര്,  ഇദ്രീസിന്റെ ഉറ്റ ചങ്ങാതിമാരിലൊരാളേര്ന്നൂ!   നീലിയുടെ മാഗസിനായിരുന്നില്ല, കുട്ടൻപിള്ളയും അയാൾ അന്വേഷിച്ച കൊലപാതകവുമായിരുന്നൂ എന്നെ വടക്കേക്കാട് എത്തിച്ചത്. പഞ്ചവടിപ്പാലമോ ഡോക്ടർ പശുപതിയോ സാധ്യമായേക്കാവുന്നൊരു കഥാമെറ്റീരിയൽ ഉണ്ടെന്ന് തോന്നുന്നു. നീലിയുടെ  പ്രണയം വെച്ചു നീട്ടിയ സമ്മാനം,  എഴുതാനിടയേക്കാവുന്നൊരു തിരക്കഥയായേക്കുമെന്ന ഉൾവിളിയിലാണ് അവരുടെ ക്യാമ്പസിലെത്തുന്നത്.

ഇദ്രീസിന്റെ കൊലപാതകത്തിന് ശേഷം എന്ത് സംഭവിച്ചെന്നതിനെ കുറിച്ചുള്ള ഊഹങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേർന്നിരുന്നൂ… ഇദ്രീസിന് നേരിട്ട ദുരന്തം അവരുടെ ക്യാമ്പസിനെ ഒട്ടും ബാധിച്ചിരുന്നില്ലെന്നെനിക്ക് ബോധ്യമായി. ‘മരിച്ചവരുടെ മണ്ണിന്’ പകരമിറങ്ങിയ ‘മഴത്തുള്ളികൾ’ എന്ന ഊളമാഗസിൻ അതിന്റെ തെളിവായിരുന്നൂ! ക്യാമ്പസിന് ഏറെ പ്രിയപ്പെട്ട സഖാവിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച് പോലും മൗനം ഉത്തരമായി തന്ന ‘മഴത്തുള്ളികളു’ടെ ഒഴുക്കിനെതിരെ നടന്നാണ് ഗിരീഷേട്ടനിൽ എത്തിച്ചേർന്നത്. രാഷ്ട്രീയ ഫാസിസത്തിന്റേയും സംഘപരിവാര ഫാസിസത്തിന്റേയും ഇരകളെ സൃഷ്ടിക്കാനുള്ള ഇടമായി തന്റെ കലാലയം മാറിപ്പോയെന്ന മാഗസിനോർമ്മയിലെ പരാമർശമാണ് എന്നെ ഗിരീഷേട്ടനിലെത്തിച്ചത്. രണ്ടാഴ്ചത്തെ കറക്കത്തിനൊടുവിൽ ഇദ്രീസിനെ കുറിച്ചുള്ള ഒരു മാതിരിപ്പെട്ട ഡീറ്റെയിൽസൊക്കെ ഞാനൊപ്പിച്ചു. കിട്ടിയ വിവരങ്ങളും ഊഹാപോഹങ്ങളും വെച്ച് ഇദ്രീസിന്റെ കഥ മെനഞ്ഞെടുക്കാൻ ചിന്തകളെ രാകിയൊതുക്കാൻ തുടങ്ങി.

ചാറ്റൽ മഴയുടെ ആരംഭം!….

മൈലാഞ്ചി ചെടികളും കൈതത്തലപ്പുകളും നിറഞ്ഞൊരു പഞ്ചായത്ത് റോഡ്, ഗസലെന്ന സിനിമയിലെ  കാളവണ്ടിപ്പാതകളെ ഓർമ്മയിൽ നിന്നും  വീണ്ടെടുക്കാൻ കഴിയുന്ന തരത്തിലുള്ളൊരു നാട്ടുവഴി. നാട്ടുവഴിയുടെ ഓരത്ത്, കുറച്ച് ഉള്ളിലേക്ക് മാറി ഒരു ഇടത്തരം ഓട് വീട് കാണാം…. മുറ്റത്തെ ചെമ്പകം പൂത്തുനിൽക്കുന്നത് ഇറയത്തെ ബൾബിന്റെ വെട്ടത്തിൽ തിരിച്ചറിയാം!j-9-c-2

രാത്രി,  ഇദ്രീസിന്റെ വീടിന്റെ എക്സ്റ്റീരിയർ ഷോട്ട്!  വീടിന് മുന്നിലെ വഴികൂടി വ്യക്തമാകുന്ന തരത്തിൽ വീടിന്റെ ഒരു ആകാശദൃശ്യം!………..’ പെണ്ണേ,  നീ ആകാശത്തേക്ക് നോക്കുക….. പടച്ചോനും മലക്കുകളും ബുറാഖെന്ന പെൺമുഖമുള്ള തൂവെള്ള ചിറകുള്ള കുതിരയും ജിന്നും ഇഫ്രീത്തുമുൾപ്പെടെയുള്ള സകലഗുലാബി ആകാശജീവികളും ഉറങ്ങാതെ കാത്തിരിക്കുകയാണ്…. നിനക്കെന്നോടുള്ള പ്രണയമറിയാൻ!… അവർ ടിക്കറ്റെടുത്തു പോയി, നമ്മുടെ പ്രണയചിത്രം കാണാൻ…. എന്താ നമുക്ക് പ്രണയിച്ച് തുടങ്ങാം!  ഇദ്രീസ് ജാനകിക്കുള്ള പ്രണയലേഖനം എഴുതിക്കൊണ്ടിരിക്കുകയാണ്….. അപ്പോൾ,  സിനിമാ സംഘത്തിന്റെ നീല ബസ്സ് ഇദ്രീസിന്റെ വീടിന് മുന്നിലൂടെ കടന്നു പോകുന്നു…… ഫൈഡ് ഔട്ട്………

ഇറ്റ്‌ഫോക്കിനെത്തുമ്പോൾ ആൽബിനോ ഷെരീഫോ പ്രജിലോ അങ്ങനെ  ആരെങ്കിലുമൊക്കെ  കാണും! വെള്ളമടിക്കാം,  നാടകം കാണാം…. പറ്റിയാൽ നന്നായൊന്ന് കിളിയാം. ബസ്സിൽ നല്ല രസമുള്ളൊരു പാട്ടും കേട്ട് ഞാനങ്ങനെ ഇറ്റ്‌ഫോക്കിന് പോണതും ആൽബിന്റെ ഒപ്പം ബിയറടിക്ക്ണതും ലൂയീസ് പീറ്ററിന്റെ, മ്മടെ ലൂയിപാപ്പന്റെ, പാട്ട് കേക്കണതും,  സ്വപ്നം കണ്ടു…. സ്വപ്നത്തിലെന്റെ പ്രാന്ത് മാറിയിരുന്നൂ….

ഇന്നലെ, കണ്ട സ്വപ്നത്തിൽ ലൂപ്പി ഒട്ടും മദ്യപിച്ചിരുന്നില്ല! മൂപ്പര് തന്റെ സ്വസിദ്ധമായ ശൈലിയിൽ കറുത്തപെണ്ണ് ചൊല്ലുകയാണ്…  ക്ഷണനേരം കൊണ്ട് പാട്ടും കവിതയും മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ആരാണ് പാടുന്നത്?  ഏത് പാട്ടാണ് പാടുന്നത്?  ലൂപ്പി എവിടെ?  ഇന്നെന്താ എല്ലാവരും ഒരേ പാട്ട് തന്നെ പാടുന്നത്! കാക്കത്തൊള്ളായിരം വട്ടം ഞാനെന്റെ ഹൃദയംകൊണ്ട് പാടുന്ന അതേ പാട്ട്,  പ്രണയത്തിന്റെ പാട്ട്…. പാട്ടിന് പാറി വന്ന് തൊടാൻ പാകത്തിന് വർണ്ണക്കടലാസുകൊണ്ട് അങ്ങാടിയാകെ അലങ്കരിച്ചിട്ടുണ്ട്. മിസ്രിയയുടെ തട്ടത്തിന്റെ പട്ടുതുന്നൽ പോലെ അങ്ങിങ്ങ് മാലബൾബുകൾ തൂങ്ങിക്കിടക്കുന്നു…..

രാത്രി മഴയുടെ ഇരുട്ടിൽ നിന്നും പതിയെ വ്യക്തമാകുന്ന ദൃശ്യം!… ചാറ്റൽമഴയിലേക്ക് നോക്കിനിൽക്കുന്ന ജാനകി. അവളുടെ കാഴ്ചയിൽ, അങ്ങ്… ദൂരെ വെളിച്ചത്തിന്റെ അനക്കങ്ങൾ. പശ്ചാത്തലത്തിൽ

നിന്നും നബിദിനാഘോഷത്തിന്റെ ശീലുകൾ അവളുടെ മുഖത്ത് ഓവർലാപ്പാകുന്നു. 1986 എന്ന് സ്‌ക്രീനിൽ തെളിയുന്നു. വടക്കേക്കാട് സെന്റർ,  നബിദിനാഘോഷത്തിന്റെ തോരണങ്ങളാൽ സമൃദ്ധമാണ്. നാലുംകൂടിയ കവലയുടെ ഓരങ്ങളിൽ വീടുകളുടേയും കടകളുടേയും വരാന്തകളിൽ ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നു!… ഒറ്റയ്ക്കും കൂട്ടമായും ഇയ്യലുകൾ വന്ന് വെളിച്ചത്തെ ചുംബിച്ച് പ്രണയത്തോടെ മരിച്ചു വീഴുന്നൂ… ആറേഴ് രാത്രികളിൽ ഉറങ്ങാതെ ആയിരത്തൊന്ന് രാവുകൾ വായിച്ചിരുന്നു. ചിത്രകമ്പളം പോലുള്ളൊരു പരവതാനിയിൽ കയറി,  മണലാരണ്യങ്ങളും ഏഴുകടലും ഏഴാനാകാശവും താണ്ടിയൊരു സുൽത്താൻ തന്നെ തേടിവരുന്നതായി അന്നെല്ലാം സ്വപ്നം കണ്ടിട്ടുണ്ട്! അന്നെല്ലാമെന്ന് പറഞ്ഞാൽ, അധികനാളുകളുടെ പഴക്കമൊന്നുമില്ല. ഇന്നലെയോ മിനിഞ്ഞാന്നോ കണ്ടൊരു സ്വപ്നം തന്നിലേക്ക് ആഴ്ന്നിറങ്ങുകയാണോ?  ഗാനഗന്ധർവ്വന്മാരെക്കുറിച്ച് മുത്തശ്ശി പറഞ്ഞു തന്നിട്ടുണ്ട്. ‘മാപ്പളാര്‌ടെ കൂട്ടത്തിൽ ഗന്ധർവ്വന്മാര്ണ്ടാവോ?’

എല്ലാവരും ഒരു മധുരഗാനത്തിൽ ലയിച്ചിരിക്കുകയാണ്……..

“പൂമകളാണേ ഹുസ്‌നുൽ ജമാൽ,
പുന്നാരത്താലം മികന്ത ബീവി….”  കൗമാരക്കാരനായ ഇദ്രീസിന്റെ പാട്ടിലേക്ക്……….. അവൻ തന്നെ നോക്കിയാണ് പാടുന്നതെന്ന മട്ടിൽ പാട്ടിലലിഞ്ഞ് നിൽക്കുന്ന ജാനകി, കൂടെ മിസ്രിയ…. ചന്ദ്രേട്ടന്റെ തയ്യൽക്കടയുടെ വരാന്തയിൽ പാട്ടുകേട്ട് നിൽക്കുന്ന ജാനകിയിൽ നിന്നും കട്ട് ബാക്ക് ചെയ്ത് വീണ്ടും മഴയിലേക്ക് നോക്കി നിൽക്കുന്ന ജാനകിയിലേക്ക്… കയ്യിലിരിക്കുന്ന സ്പന്ദമാപ്പിനികളേ നന്ദി എന്ന പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. മുടിയിൽ ചൂടിയ നന്ത്യാർവട്ടത്തിന് മുകളിൽ മഴയുടെ ഈറൻതുള്ളികൾ. പ്രണയത്തോടെ മഴയിലേക്ക് നോക്കുന്ന ജാനകിയുടെ ബാക്ക് വ്യൂ.

‘മാനാകാനും മയിലാകാനും നിന്റെ കഴുത്തിലെ മാലക്കുള്ളിലെ മുത്താകാനും ഞൊടിയിട വേണ്ടാത്ത’ എന്നെപ്പോലെയുള്ള…..അല്ല, ഇദ്രീസിനെ പോലുള്ള ഗന്ധർവ്വന്മാരെ എന്തുപേരിട്ട് വിളിക്കുമെന്ന് പാവം ജാനൂട്ടിക്ക് അറിയില്ലായിരുന്നൂ!….. നരവീണു തുടങ്ങിയ ജാനകിയുടെ മുടിയിഴകളിൽ മകരക്കാറ്റ് വികൃതി കാണിച്ചു കൊണ്ടിരുന്നു. ഇളവെയിൽ പോലെയവർ ചിരിച്ചു…. അപ്പോഴവിടെയാകെ ചെമ്പകം പൂത്ത മണം പടർന്നൂ……

‘ കുട്ടിയെ ചെമ്പകം മണക്ക്ണൂ,  കുട്ടിയിലൂടെ സഖാവ്…… എന്നെ,  നോക്ക്ണ പോലെ!’ നാലഞ്ച് ദിവസങ്ങൾക്ക് മുമ്പ് താൻ വായിച്ച ആയിരത്തൊന്ന് രാവുകളിൽ നിന്നുമിറങ്ങിവന്നൊരു അത്ഭുതമായിട്ടാണ് ജാനൂട്ടിയന്ന് ഇദ്രീസിനെ കണ്ടിരുന്നതെന്ന് മനസ്സിലായി. 1987-ലെ റബ്ബിഉല്ലവ്വൽ പന്ത്രണ്ടിൽ നിന്നാണ് ഇദ്രീസിന്റേയും  ജാനകിയുടേയും  കഥയാരംഭിക്കുന്നത്. ആയിരത്തിനാനൂറ് വർഷങ്ങൾക്ക് മുമ്പുള്ളൊരു റബ്ബിഉല്ലവ്വൽ പന്ത്രണ്ടിന് മുഹമ്മദെന്ന വാക്കുകളിൽ ഒതുക്കാനാവാത്ത മനുഷ്യൻ പിറന്നുവീണ നാളിൽ നിന്നാണ് ശരിക്കുമവരുടെ പ്രണയമാരംഭിക്കുന്നത് !………. ആദം നബിയ്ക്കും മുമ്പ് അള്ളാഹു പടച്ച മുത്ത് നബീന്റെ പ്രകാശം ഭൂമിയിലേക്ക് പിറന്നു വീണതിന്റെ ഓർമ്മ പുതുക്കലിലൂടെ, ഓരോ മുസ്ലീമും ശഹാദത്ത് കലിമയിൽ  അറിഞ്ഞോ അറിയാതെയോ അടുക്കുകയാണ്…. ‘അഷ്ഹദു അൻലാ ഇലാഹ ഇല്ലള്ളാ,  അവ അഷ്ഹദു അന്ന മുഹമ്മദ് റസൂലുള്ളാ…  അള്ളാഹു ഏക ഇലാഹാണെന്നും മുഹമ്മദ് അന്ത്യപ്രവാചകനാണെന്നും മനസ്സിലുറപ്പിച്ച് ചൊല്ലി ഞാനും മുത്ത് നബീനെ വരവേൽക്കുന്നു!’…….. മുഹമ്മദ് നബിയും സഹാബികളും മദീനയിലേക്ക് എത്തുമ്പോൾ അൻസാരികൾ പാടി എതിരേറ്റ പാട്ട് ഇദ്രീസ് പാടിത്തുടങ്ങി…………..

“ത്വലഅൽ ബദറു അലയ്‌നാ, മിൻസനീ യാതിൽ വദാഇ… വജബശ്ശുക്‌റു അലയ്‌നാ,  മാദആലില്ലാഹി ദാഇ….”

“ഒറ്റക്കേൾവിയിൽ തന്നെ അർത്ഥമറിയാതെ പഠിച്ചുപോയ ആ അറബിഗാനമിപ്പോഴും ജാനകി പാടാറുണ്ട്. അന്നവരെനിക്കത് പാടിത്തന്നതായിരുന്നൂ…. മറന്നു പോയി. അവരന്നത്  പാടിത്തീർന്നപ്പൊ, ഞാൻ നിന്നെയോർത്തു. എന്റെ ആദ്യത്തെ പ്രണയം പിറന്നുവീണ നമ്മുടെ എട്ടാം ക്ലാസോർത്തു! നിന്നോടെനിക്കപ്പോൾ തീവ്രമായ പ്രണയം തോന്നി. പുന്നയൂർക്കുളം ഹയർസെക്കൻഡറി സ്‌ക്കൂളിലെ എന്റെ ആദ്യ കാമുകിയോടൊന്ന് മിണ്ടാൻ തോന്നി…. അങ്ങനെയാണ് വർഷങ്ങൾക്ക് ശേഷം നിന്റെ നമ്പർ തപ്പിപ്പിടിച്ച് മെസ്സേജയച്ചത്! ഓർമ്മയുണ്ടോ?”
“ഉം”

“നബിദിനത്തിന് റൊമാന്റിക്കായ പാട്ടൊക്കെ പാടാൻ പറ്റോ?”

രേഖയുടെ ചോദ്യത്തിനുള്ള ഉത്തരം ആർത്തലച്ചെത്തിയ ഒരു ചിരിയായിപ്പോയി.

“ചിരിയടക്കി ഭാവമാറ്റം വരുത്തി, കഥ പറച്ചിൽ തുടരുന്നതിന് മുമ്പെന്റെ കാമുകി എണീറ്റു പോയി.”
“മെന്റലോസ്പിറ്റലിൽ കെടക്കുമ്പഴും കോഴിത്തരം കൊറക്കര്ത്ട്ടാ മൈരേ!'”
“ആൽബിച്ചോ, ഇക്കാര്യത്തില് നീയല്ലേ എന്റെ ആശാൻ”
“അണ്ണാന് പ്രാന്തായാലും മരംകേറ്റം മറക്കില്ലല്ലോ?”
“ഇല്ല! നീ പുട്ടുണ്ടാക്ക്, പുട്ടുണ്ടാക്ക്…”

“കാർബോഡും ചട്ട കാർബോഡും ചട്ട എന്ന് പറേമ്പൊ കാദർക്കാന്റെ മുട്ടാ, മുട്ടാ….എന്ന് പറേര്ത്! നായകന്റെ ഇൻഡ്രൊയെക്കുറിച്ച് പറയുമ്പഴല്ല എന്റെ കോഴിത്തരത്തിന്റെ കണക്കെട്ക്ക്ആ?”

“‘എന്നാ നീ, നിന്റെ നായകന്റെ ഇൻഡ്രൊഡക്ഷൻ കൊണക്ക്”
ആൽബിച്ചൻ കേൾക്കാനായി സമ്മതമറിയിച്ചൊന്ന് ഇരുത്തി മൂളി.

“അതിപ്പൊ, വടക്കേക്കാട് മിസ്ബാഹുൽ ഉലൂം മദ്രസ്സയുടെ ആഭിമുഖ്യത്തിൽ പത്തോളം മദ്രസ്സയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കുന്നു. നബിദിനാഘോഷപ്പരിപാടിയിൽ പാട്ടുപാ ടുന്ന ഇദ്രീസ്…”

കുറച്ചകലെ കടവരാന്തയിൽ മിസ്രിക്കും ഗോമതിച്ചിറ്റയ്ക്കുമൊപ്പം പാട്ടിൽ ലയിച്ചു നിൽക്കുന്ന നായികയെ പോലെ കഥകേട്ടിരിക്കുന്ന ആൽബിനെ നോക്കി ഞാൻ ചിരിച്ചു. ചങ്ങായിമാരുടെ കൂട്ടത്തിൽ നിന്നും ആദ്യമായിട്ടാണൊരുത്തൻ മ്മടെ പ്രാന്തുകാണാൻ വരുന്നത്! ശരിക്കും അവനെന്റെ കൂട്ടുകാരനാണോ? അവനെന്റെ തിരക്കഥയിലെ കഥാപാത്രമല്ലേ! ശബ്ദത്തിലൂടെ മാത്രം പ്രേക്ഷകനിലേക്ക് എത്തേണ്ട ഒരുത്തൻ….. ഇവനെ കാണാനല്ലേ, അഷറഫ് 2015 ആഗസ്റ്റ് മുപ്പതിന് കർണ്ണാടകയിലേക്ക് പോകേണ്ടത് !……

ആശുപത്രി വളപ്പിലെ ചെമ്പകത്തിന്റെ ചോട്ടിൽ നിന്ന്,  സഹപ്രാന്തന്മാരുടെ സായാഹ്ന വ്യായാമവും കളികളും നോക്കി നിൽക്കുകയായിരുന്നു….j-9-c-1

“എന്താ, ചുമ്മാ നോക്കിനിൽക്കുന്നേ? കളിക്കുന്നില്ലേ?”
“എല്ലാം മറന്നുപോയി ഡോക്ടറേ”
“അത് വെറുതെ. ഒരോവറിൽ ആറ് ഫോറഡിച്ച്, സ്‌ക്കൂളിൽ സ്റ്റാറായ കക്ഷി കളി മറന്നൂന്ന് പറേണതൊക്കെ വെറുതെയാ! ചുമ്മാ, കളിക്ക് മാഷേ… മുഴുത്ത വട്ടുള്ള വയസ്സന്മാര് വരെ നല്ല കിടിലനായിട്ട്‌ കളിക്കുന്നുണ്ട്. സെവാഗ് വരെ തോറ്റുപോകും”

“ഡോക്ടർക്കിപ്പഴും സെവാഗിനോടാല്ലേ പ്രേമം,  മ്മക്ക്… അന്നും ഇന്നും ദാദയോടാ കമ്പം!”

ഞാൻ പറഞ്ഞതിൽ തമാശയൊന്നുമില്ലെങ്കിലും രേഖയെന്തോ ഉള്ളുതുറന്നൊന്ന് ചിരിച്ചു. ഇളംവെയിലപ്പോൾ നറുനിലാവ് പോലെ പൂക്കുകയും പ്രാന്തന്മാർ പതിവിലും ഉന്മേഷത്തോടെ കളികളിൽ മുഴുകുകയും ചെയ്തു. തട്ടിക്കൂട്ടിയൊടുക്കം, അന്തരീക്ഷത്തെ കാൽപ്പനികതയുടെ നിറമുള്ള ഫ്രെയിമിലേക്ക് എത്തിച്ചിട്ടുണ്ട്!… ഈ സന്ദർഭത്തെ പാട്ടിട്ട് ഹാന്റിൽ ചെയ്യാവുന്നതാണെന്ന ചിന്തയിൽ ഭ്രാന്തനാണെങ്കിലും പതിവ് സിനിമാറ്റിക്ക് വിദൂരതയിലേക്ക് കണ്ണുംനട്ട് ഞാനങ്ങനെ നിന്നു. പടച്ചോനപ്പോൾ ഒരു ഹൈ ആങ്കിൾ ഷോട്ടിൽ എന്റെ ഒടുക്കത്തെ നിസ്സഹായതേയും ഏകാന്തതതേയും പകർത്തുകയായിരിക്കും! എത്ര നേരം കഴിഞ്ഞിട്ടാണാവോ ആ നായിന്റെ മോൻ ഇനി കട്ട് പറയുക?

തുടരും….
———————–

അധ്യായം – 1: കേൾക്കപ്പെടാത്തവർ – വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15

അധ്യായം – 2: രൂപരഹിതമായ ജീവിതങ്ങൾ

അധ്യായം – 3: ഉന്മാദത്തിന്റെ വേരുകൾ

അധ്യായം – 4: ആകാശത്തിലേക്ക് തുറക്കുന്ന വാതിൽ

അധ്യായം – 5: ക്ലൈമാക്സ് ഒളിപ്പിച്ചുവെച്ചൊരു പുസ്തകം

അധ്യായം – 6: പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ?

അധ്യായം – 7: Eternal Sunshine of the Spotless Mind

അധ്യായം – 8: റെസ്ത്തഫാരിയ : എത്ര എഴുതീട്ടും എന്താണീ മൈര് ശരിയാകാത്തത്!

ഇതുവരെയുള്ള  അധ്യായങ്ങൾ ഒരുമിച്ച്   ഇവിടെ വായിക്കാവുന്നതാണു.

Comments

comments