“തോറ്റവരാണ് എന്നും ചരിത്രം ഉണ്ടാക്കിയിട്ടുള്ളത്. ജയിച്ചവർ ചരിത്രത്തിന്റെ ഭാഗമായി മാറി നിന്നിട്ടേ ഉള്ളൂ. ഇന്ത്യൻ ഫുട്ബോളിനൊരു നല്ല കാലം വരും സത്യാ.. അന്ന് നിങ്ങളെ ലോകം അംഗീകരിക്കും”
ക്യാപ്റ്റൻ സിനിമ തീരുമ്പോൾ, ഉള്ളം കലങ്ങിമറിയുന്ന നോവുകൾക്കുമേൽ വെളിച്ചം വിതറുന്നത് ഈ വാക്കുകളാണ്. മമ്മൂട്ടി, അഭിനേതാവായി തന്നെ പ്രത്യക്ഷപ്പെട്ടു കൊണ്ട് സത്യന്റെ കണ്ണിൽ നോക്കി പറയുന്ന കനമുള്ള ഈ വാക്കുകൾ ഇന്ന് സത്യമായി വന്നിരിക്കുന്നു.

ഒരു ‘ബയോപിക്’ ചിത്രത്തിന്റെ ദൗത്യം വ്യക്തിയെ പകർത്തലല്ല. വ്യക്തിത്വത്തെ ആവിഷ്കരിക്കലാണ്. ഒരാളുടെ വിഭിന്ന മുഖങ്ങൾ കണ്ടെത്തലാണ്. അത് ഏറെ ഉത്തരവാദിത്തമുള്ളതും അസ്വാതന്ത്ര്യവുമുള്ള കലാ പ്രവർത്തനമാണ്. അവിടെയാണ് ‘ക്യാപ്റ്റൻ’ വിജയിക്കുന്നതും.

പന്തുകളിയെ പ്രണയിച്ച മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻ വി.പി.സത്യന്റെ ജീവിതം പുതുമുഖ സംവിധായകന്റെ ഒരു അങ്കലാപ്പുകളുമില്ലാതെ, തികഞ്ഞ ആധികാരികത അനുഭവപ്പെടുന്ന രീതിയിൽ, മലയാള സിനിമയുടെ ചെറിയ വ്യവസായ സാധ്യതയിൽ നിന്നു കൊണ്ടു തന്നെ, അടയാളപ്പെടുത്താൻ പ്രജേഷ് സെൻ എന്ന സംവിധായകന് കഴിഞ്ഞിരിക്കുന്നു. ജേർണലിസ്റ്റ് എന്ന നിലയിൽ അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളുടെ  ആധിക്യം സിനിമയിൽ പ്രജേഷിലെ തിരക്കഥാകൃത്തിനെ അല്പം പ്രതിരോധത്തിലാക്കുന്നുണ്ട് രണ്ടാം പകുതിയിൽ. പക്ഷേ ആ വിശദാംശങ്ങളെ ഒഴിവാക്കി കണ്ടാലും  പ്രേക്ഷകന് സിനിമയുടെ ‘ഇമോഷണൽ കണക്റ്റ്’ ചിത്രത്തിൽ ഒരിടത്തും നഷ്ടമാകില്ല.

കളിക്കളത്തിന് പുറത്ത് വി.പി സത്യൻ എന്ന നായകൻ നിസ്സഹായനും നിരാകരിക്കപ്പെട്ടവനുമാകുന്നത് എങ്ങനെയെന്ന് ഹൃദയസ്പർശിയായി ഈ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഒപ്പം കലയോ കളിയോ ആകട്ടെ, സർഗാത്മക ജീവിതം നയിക്കുന്ന വ്യക്തിയുടെ സംഘർഷങ്ങൾ/ ആകുലതകൾ/ ആന്തരിക ഛിദ്രങ്ങൾ  ജീവിത പങ്കാളിയിൽ ഏല്പിക്കുന്ന അനിശ്ചിതത്വത്തിന്റെയും അരക്ഷിതത്വത്തിന്റേയും പോറലുകൾ അനിതയിലൂടെ മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. സത്യൻ എന്ന വിളക്കണയാതിരിക്കാൻ തന്നാലാകും വിധം തണലാവാൻ ശ്രമിക്കുന്ന അനിത എന്ന സ്ത്രീയുടെ ആത്മാർത്ഥത ഓരോ ഫ്രെയിമിലും അതിന്റെ സ്വാഭാവികതയോടെ അനു സിതാര പകർന്നു തരുന്നുണ്ട്.

1992 സന്തോഷ് ട്രോഫി മത്സരം മുതൽ 2006 ജൂലൈ 18 മദ്രാസിലെ പല്ലാവരം റെയിൽവേ ട്രാക്കിൽ സ്വയം അവസാനിപ്പിക്കും വരേയുള്ള സത്യന്റെ ജീവിതമാണ്  ‘ ക്യാപ്റ്റന്റെ ‘ പ്രമേയ പരിസരം. 10 വർഷം ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന ആളാണ് സത്യൻ. ഇന്റർനാഷണൽ മത്സരങ്ങളിലുൾപ്പടെ പ്രതിരോധ നിരയിലെ ‘ഉരുക്കു മനുഷ്യൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ട താരം. മലയാള സിനിമയുടെ പരിമിത സാഹചര്യത്തിൽ ഇത്തരമൊരു ബയോപിക് വിശ്വസനീയമായി അവതരിപ്പിക്കണമെങ്കിൽ ചങ്കൂറ്റത്തിനൊപ്പം മാധ്യമപരമമായ കൈയ്യടക്കം നിർണായകമാണ്. ദശകോടികൾ മുടക്കി വമ്പൻ താരങ്ങളുടെ വിജയ ജീവിതം വലിപ്പത്തോടെ ചിത്രീകരിച്ച് ഇന്ത്യയൊട്ടാകെ പ്രദർശനവിജയം നേടുന്ന കാലത്താണ് ഈ സാഹസം. ആത്മാർത്ഥമായ ഗൃഹപാഠം ഈ സിനിമയ്ക്ക് പിന്നിലുണ്ട് എന്ന് സിനിമ കാണുമ്പോൾ തീർച്ചയായും  അനുഭവപ്പെടും.

പാളിപ്പോകാവുന്ന വൻ ഫുട്ബോൾ മത്സരങ്ങളെ കൃത്യമായ Shot-കളിൽ ഒതുക്കി നിർത്തി, ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തിരിക്കുന്നു. ജയസൂര്യയ്ക്ക് ഫുട്ബോൾ കളിക്കാനറിയില്ല എന്ന് പ്രേക്ഷകന് മനസ്സിലാക്കാനുള്ള അവസരം പ്രജേഷ് നിഷേധിച്ചിരിക്കുന്നു! കഥാപാത്രങ്ങളുടെ സ്വഭാവം, അതിലേക്കുള്ള കാസ്റ്റിംഗ് ഈ ചിത്രത്തിൽ നിർണായകമായിട്ടുണ്ട്. വളരെ പരിമിതമായ, ശക്തമായ കഥാപാത്രങ്ങളും ആരവങ്ങളുതിർക്കുന്ന ആൾക്കൂട്ടവും ഒരേ പോലെ കലർന്നു വന്നിരിക്കുന്നു.

പെനാൾട്ടി കിക്ക് പാഴാക്കുന്ന കളിക്കാരൻ ഒറ്റ ദിവസം കൊണ്ട് പരാജയബിംബമാകുന്നത്  ഫുട്ബോളിലെ ദുരന്ത നിമിഷമാണ്. അത്തരമൊരു നിമിഷമാണ് ക്യാപ്‌റ്റനിലെ പ്രാരംഭ രംഗം. തൊട്ടടുത്ത നിമിഷം സത്യന്റെ മരണവാർത്ത പത്ര/ ടെലിവിഷൻ വാർത്തകളിലൂടെ ലോകം അറിയുന്നത്, ആ നിമിഷത്തിന്റെ ഞെട്ടലിൽ സത്യന്റെ പത്നി അനിതയുടെ പ്രതികരണം എന്നിങ്ങനെ പരാജിതനായ നായകന്റെ കഥയിലേക്ക് പ്രജേഷ് എളുപ്പത്തിൽ പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നു.

ടൈറ്റിലുകൾക്ക് ശേഷം പല്ലാവരം റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്കിരിക്കുന്ന  സത്യനെ കാണാം. പ്രാരംഭത്തിൽ കളിക്കളത്തിൽ കണ്ട കരുത്തനല്ല. അണയാൻ പോകുന്ന തിരിയുടെ നിറം കെട്ട ജ്വാല പോലെ ഒരു മനുഷ്യൻ. ജീവിതത്തിലെ അവസാന കളിയെ അഭിമുഖീകരിക്കുന്ന നിസംഗനായ ഒരു മനുഷ്യൻ. ശബ്ദ പഥത്തിലെ റെയിൽവേ അനൗൺസ്മെന്റ് പതിയെ ഫുട്ബോൾ കമന്റിയിലേക്ക് മാറുമ്പോൾ സിനിമ ഫ്ലാഷ്ബാക്കിലേക്ക്  പ്രവേശിക്കുന്നു.

സത്യന്റെ യൗവനകാലം.

സത്യൻ അനിതയെ പെണ്ണുകാണുന്നതും അവർ തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നതുമായ രംഗങ്ങൾ ലളിതമായി പറഞ്ഞിരിക്കുന്നു. കുറച്ചു മാത്രം സംസാരിക്കുന്ന, പന്തുകളിയെ മാത്രം പ്രണയിക്കുന്ന സത്യനും അനിതയും തമ്മിലുള്ള ചേർച്ചക്കുറവാണ് ഈ രംഗങ്ങളെ രസകരമാക്കുന്നത്.

സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റനായി അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ സത്യനെ നിയമിക്കുന്നതോടെ 19 വർഷത്തിനു ശേഷം ആ കപ്പ് കേരളത്തിലെത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം ചുമലിലാകുന്നു. കളിയുടെ ഒരുക്കങ്ങൾ, മത്സര സമ്മർദ്ദങ്ങൾ, അതിനിടയിൽ അനിതയുമായി അടുക്കുന്നത്.. അങ്ങനെ കളിയും ജീവിതവും കെട്ടുപിണഞ്ഞു പോകുന്ന ആഖ്യാനം നന്നായി തോന്നി.

കാലിലെ പരുക്ക് / വേദന മറച്ചു വച്ച് കളിക്കാനിറങ്ങുന്ന സത്യൻ, ഫൈനലിൽ പുറത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദന, അതിന്റെ ആഴത്തിൽ പ്രേക്ഷകനു കിട്ടുന്നു. താൻ കളിക്കളത്തിലില്ലെങ്കിലും കളി കാണാൻ വരണമെന്ന് പറഞ്ഞ് സത്യൻ അനിതയെ ക്ഷണിക്കുന്ന രംഗമുണ്ട്. ക്യാപ്റ്റനിലെ  ഏറ്റവും മനോഹരമായ നിമിഷമാണത്. ഒരു നല്ല രംഗത്തിന് എല്ലാ സാങ്കേതിക പ്രവർത്തകരും എങ്ങിനെ ഹൃദയൈക്യത്തോടെ പ്രവർത്തിക്കണമെന്നതിന്റെ ഉദാഹരണം കൂടിയാണ് ഇത് – മുറിഞ്ഞുപോകുന്ന വാക്കുകൾ. വാചാലമായ നിശ്ബ്ദത. ഒരു തരം നിശ്ചലത / മരണമനുഭവിക്കുന്ന കളിക്കാരൻ. അയാളുടെ ഹൃദയതാളം കേൾക്കുന്ന സഖി. ആ നിശബ്ദ വിനിമയത്തെ ബഹുമാനിക്കുന്ന പശ്ചാത്തല സംഗീതമില്ലായ്മ. അഭിനേതാക്കളിൽ, അവരുടെ ശരീരഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയിൽ കാഴ്ചയൊരുക്കി ഛായാഗ്രാഹകൻ. സാങ്കേതികപ്രവർത്തകർ ഓരോരുത്തരും  ഔചിത്യത്തോടെ ഒറ്റ മനസ്സായി പ്രവർത്തിച്ച രംഗത്തിന് അഭിനന്ദനങ്ങൾ.

സത്യൻ ഫൈനൽ കളിക്കണമെന്ന് അനിതയുടെ ആഗ്രഹം അയാളെ ഉണർത്തുന്നുണ്ട്. അയാൾ നിലത്തു കിടക്കുന്ന പന്ത് കാൽ കൊണ്ട് കൊരുത്ത് സ്വിച്ചിലേക്കെറിഞ്ഞ് നിശ്ചലമായ ഫാൻ ചലിപ്പിക്കുന്നത് സംവിധായകൻ കാണിച്ചുതരുന്നു. അടിമുടി ഫുട്ബോൾ കളിയെ ആവാഹിച്ച ഒരാൾക്ക് മാത്രം സാധ്യമായ ശരീരഭാഷയാണത് ! അതേ സമയം നിരാശയിൽ അകപ്പെട്ട ദയനീയനായ മനുഷ്യൻ ഫാനിനു നേരെ കണ്ണയക്കുമ്പോൾ, ഞൊടിയിട മനസ്സിലൂടെ കടന്നുപോകുന്ന ആപത് ശങ്കകളെ മറികടക്കുന്ന ഷോട്ടായും ഇതിനെ വായിക്കാം.

സന്തോഷ് ട്രോഫി വിജയം, അതിന്റെ  ആഹ്ലാദങ്ങൾ എല്ലാം ചടുലമായ ദൃശ്യങ്ങളായി കടന്നു വരുന്നു. കോച്ച് ജാഫറും സഹകളിക്കാരൻ ഷറഫലിയും സത്യന്റെ ജീവിതത്തിൽ എന്തുമാത്രം സ്വാധീനം ചെലുത്തി എന്നും തുടർന്നുള്ള രംഗങ്ങളിൽ കാണിച്ചു തരുന്നു. ഫുട്ബോൾ കരിയറിൽ സത്യനുണ്ടായ വളർച്ച, അന്തർദേശീയ മത്സരങ്ങൾ, പരുക്ക്, അതുണ്ടാക്കുന്ന സങ്കീർണതകൾ, മേലുദ്യോഗസ്ഥരുടെ വ്യക്തിവിരോധം, പക തീർക്കൽ തുടങ്ങി കേരളം വിട്ട് മോഹൻ ബഗാനിലേക്ക് ചേക്കേറുന്നത് വരെയുള്ള ഭാഗങ്ങൾ വേഗത്തിൽ തന്നെ പ്രജേഷ് പറഞ്ഞു പോകുന്നുണ്ട്.

പ്രജേഷ് സെൻ, ജയസൂര്യ

ഇടവേളക്ക് തൊട്ടു മുന്നേ പ്രേക്ഷകനെ ഞെട്ടിക്കുന്ന ഒരു ദൃശ്യത്തിലേക്ക്  ജംപ് കട്ട് ചെയ്യുന്നു സംവിധായകൻ. ചെന്നൈയിലെ ബീവറേജ് ഷോപ്പിലെ കൗണ്ടറിൽ നിന്ന് മദ്യം വാങ്ങി കടലാസിൽ പൊതിഞ്ഞു വരുന്ന അനിതയെ കാണിച്ചു ആഖ്യാനം മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നു. തുടർന്നങ്ങോട്ട് കളിക്കളം വിട്ട സത്യന്റെ സങ്കീർണ മാനസികാവസ്ഥയുടെ ഉളളു പൊള്ളുന്ന നേർ ചിത്രീകരണമാവുന്നു സിനിമ. അതു വരെ പിന്തുടർന്ന ക്യാമറ ശൈലിയിൽ നിന്ന് മാറി ‘ഹാൻഡ് ഹെൽഡ്’ ആവുന്നു. അരക്ഷിതത്വവും അനിശ്ചിതത്വവും നിറഞ്ഞ ജീവിതത്തിന് അടുത്തു നിന്ന് ദൃക്സാക്ഷിയാവുന്നു ക്യാമറ.

ഫ്രാൻസിന്റെ world Cup കളി കാണാൻ, ഉറക്കമിളച്ചു കാത്തിരിക്കുന്ന സത്യൻ കളി തുടങ്ങുമ്പോൾ വിളിച്ചുണർത്താമെന്ന ഉറപ്പിൽ, അനിതയുടെ നിർബന്ധത്തിൽ അല്പം മയങ്ങുന്നു. ഉണർന്നപ്പോഴേക്കും കളി കഴിഞ്ഞു. ആ നിമിഷം അതുവരെ കാണാത്ത സത്യന്റെ പ്രക്ഷുബ്ധമായ മുഖം പ്രേക്ഷകനു മുന്നിൽ സംവിധായകൻ വെളിവാക്കുന്നു. സ്വയം ശപിച്ചും, കടുത്ത മാനസിക വിഷാദം ബാധിച്ചതുമായ തകർന്ന മനുഷ്യനായി സത്യൻ ഹൃദയത്തെ തൊടുന്നു. ടി.വി തല്ലിത്തകർത്ത് മരിക്കാൻ പോകുന്നു എന്നു പറഞ്ഞു ഇറങ്ങിപ്പോകുന്ന മനുഷ്യൻ നല്കുന്ന ആഘാതത്തിലാണ് ഇടവേള.

ഇടവേളയ്ക്ക് ശേഷം പുതിയ ടി.വിയുമായി സത്യൻ വരുമ്പോൾ കണ്ണീരിൽ നനഞ്ഞ ഒരു ചിരി പ്രേക്ഷകനുമുണ്ടാവുന്നുണ്ട്. എന്തുകൊണ്ട് സത്യൻ കൊൽക്കത്തയും പിന്നീട് കളിക്കളവും  വിട്ടെന്ന് വിശദമായി കാണിച്ചുതരുന്നു തുടർന്നുള്ള സ്വീക്വൻസിൽ. ഫുട്ബോൾ കോച്ചായി അയാൾ കളിയോട് ചേർന്ന് നില്ക്കാൻ ശ്രമിക്കുന്നുണ്ട്. പഴയ കളിക്കാരന്റെ നിഴലായി മാത്രം താൻ മാറിക്കഴിഞ്ഞെന്ന് വേദനയോടെ തിരിച്ചറിയുന്ന നിമിഷങ്ങളുണ്ട്. സാമ്പത്തികമായി ബാധ്യതകളുണ്ട് എന്ന് അനിതയുടെ വാക്കുകളിൽ നിന്ന് നാം തിരിച്ചറിയുന്നു. ശരീരത്തിലെ പരുക്കുകൾ നല്കിയ തീരാനോവുകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും വിഷാദം കീഴടക്കുന്ന മനസ്സും അയാളെ അടച്ചിട്ട ചുമരുകൾക്കിടയിൽ ചടഞ്ഞിരിക്കാൻ നിർബന്ധിക്കുന്നു. പഴയ ഒരു കോട്ടിട്ട് കാലത്തിന് ചേരാത്ത തന്റെ ദൈന്യതയോർത്ത്, അതിലെ കോമാളിത്തരമോർത്ത് ഒരു നിമിഷം സത്യന്റെ മുഖത്ത് മിന്നി മറയുന്ന ഒരു ചിരിയുണ്ട്. ജയസൂര്യ സത്യനായി നടത്തിയ അന്വേഷണങ്ങളുടെ കൈയ്യൊപ്പാണ്  ആ ഭാവം.

കളിക്കളം വിട്ട സത്യൻ തീർത്തും മറ്റൊരാളായി മാറുന്നത് പ്രേക്ഷകന് ചെറു ചെറു രംഗങ്ങളിലൂടെ മനസ്സിലാവുന്നു. കുഴഞ്ഞുമറിഞ്ഞ ചിന്തകളുള്ള ഒരാളുടെ ജീവിതം നോൺ ലീനിയർ ആയി ചെയ്യാനുള്ള തീരുമാനം നന്നായി തോന്നി.

രണ്ടാം പാതിയിൽ ഫ്ലാഷ് ബാക്കിൽ വീണ്ടുമൊരു ഫ്ലാഷ്ബാക്ക് സങ്കേതം പ്രജേഷ് പരീക്ഷിക്കുന്നുണ്ട്. സാധാരണ സിനിമ പ്രേക്ഷകർക്ക് മുന്നോട്ടും പിന്നോട്ടുമുള്ള കഥാഗതി, ഫുട്ബോൾ മത്സരങ്ങളുടെ സ്ഥല, വർഷ കാലക്രമങ്ങൾ അല്പം അലോസരം സൃഷ്ടിച്ചേക്കാം. എന്നാലും അത് തലയിൽ നിന്ന് ഒഴിവാക്കി സിനിമ കണ്ടാൽ അനിതയുടേയും സത്യന്റേയും ജീവിതം അതിന്റെ മുറുക്കങ്ങൾ തുടക്കം മുതൽ അവസാനം വരെ ആസ്വദിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.

ഫുട്ബോൾ കളി / ജീവിതം എന്നത് ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ ചേർത്തുവെക്കുന്നുണ്ട് ചിത്രത്തിൽ. നാമെല്ലാവരും ജീവിതത്തിന്റെ കളിക്കളത്തിലെ കളിക്കാർ മാത്രമാണ് എന്ന ഓർമിപ്പിക്കുന്നുണ്ട് ക്യാപ്റ്റനിലെ ഓരോ സംഭാഷണവും. അതു കൊണ്ട് പല തലത്തിലുള്ള ധ്വനി ഭംഗിയുള്ള, അതേ സമയം ഗോൾമുഖം ലക്ഷ്യമാക്കി പറക്കുന്ന പന്തിന്റെ കരുത്തുണ്ട് സംഭാഷണങ്ങൾക്ക്. ഉദ്ധരണികളുടെ കൃത്യതയും കാലാതീത പ്രസക്തിയുമുണ്ട്. ഫുട്ബോൾ കളിക്കാരന്റേതു മാത്രമല്ല. സ്വന്തം പ്രതിഭയോട് / സർഗാത്മകതയോട് നീതി പുലർത്തുന്ന ആരും നേരിടുന്ന / പറയുന്ന വർത്തമാനങ്ങൾ. ഒരൊറ്റ രംഗത്ത് വന്നു പോകുന്ന മമ്മൂട്ടി പറയുന്ന വാചകത്തിന് ഐ.എസ്.എല്ലിന്റെ ഈ കാലത്ത് പതിൻമടങ്ങ് പ്രസക്തിയുണ്ട്.

കണ്ണൂർ ഭാഷയുടെ ശൈലി ദേശ സൂചനയായി സത്യനിലും അനിതയിലും ഉണ്ട്. അതിന്റെ സൂക്ഷ്മ നിർവ്വഹണം ഇവിടെ രചയിതാവിന്റെ ഉദ്ദേശ്യത്തിലില്ല. ‘കളിക്കളമാണ് കളിക്കാരന്റെ മേൽവിലാസം ‘ എന്ന കോച്ച് ജാഫറിന്റെ വാക്കുകൾ ഓർക്കുക.

സത്യൻ അവസാനം ട്രെയിനിന് മുന്നിലേക്ക് നടക്കുമ്പോഴും അത് കളി മൈതാനത്തിലേക്കുള്ള പ്രവേശനമായി പ്രജേഷ് കാണിക്കുന്നു. ജീവിതം ഫുട്ബോളിന് സമർപ്പിച്ച ഒരാളുടെ വിടവാങ്ങൽ ഇതിനേക്കാൾ കാവ്യാത്മകമായി എങ്ങനെ ആവിഷ്ക്കരിക്കും!… അറിയില്ല. ഓരോ കാണിയുടെയും നിശബ്ദമായ നിലവിളി കൂടി ആ രംഗത്തിന്റെ ശബ്ദാരവങ്ങളിൽ ഉണ്ട്. തീർച്ച.

എന്തായിരുന്നു സത്യനെ ഏറ്റവും അലട്ടിയ ഭീതി എന്ന് അവസാന രംഗത്തിൽ പ്രജേഷ് കാണിച്ചിട്ടുണ്ട്. പരിക്കുപറ്റിയ, വേദന മാത്രം സമ്മാനിക്കുന്ന കാൽ നീക്കം ചെയ്യേണ്ടി വന്നേക്കാമെന്ന ഭീതിയെ, വികലാംഗയായ ഒരു പെൺകുട്ടിയിലൂടെ സത്യന്റെ അവസാന നിമിഷത്തിൽ മൂർത്തീകരിക്കുന്നു. അവൾ ഒരു യാചകിയുമാണ്. ഈ പെൺകുട്ടി കാണിയുടെ predictability-ക്ക് വഴങ്ങുന്നുണ്ട് എന്നത് ഒരു പരിമിതിയാണ്. പക്ഷേ സത്യന്റെ മനസ്സിലെ കഠിനമായ തീരുമാനത്തെ ഉറപ്പിക്കാൻ ഉള്ള ഒരു വഴി എന്ന നിലയിൽ പ്രസക്തവുമാണ്.

അവസാന യാത്രയ്ക്ക് വീട്ടിൽ നിന്നിറങ്ങുമ്പോൾ ക്രിക്കറ്റുകളിക്കുന്ന ഒരു പറ്റം കുട്ടികൾക്കിടയിലൂടെ സത്യൻ നടന്നു പോകുന്നുണ്ട്. ഒരിക്കൽ പന്ത് ദേഹത്തു വീഴുന്നുമുണ്ട്. ക്രിക്കറ്റല്ലാത്ത മറ്റൊരു കായിക വിനോദത്തിനും ഭാവിയില്ലാതെ പോകുന്ന രാജ്യത്ത് /കാലത്ത്, മുൻ ഇന്ത്യൻ ഫുട്ബോൾ നായകന്റെ ദേഹത്ത് വന്നു വീഴുന്ന പന്തിന് എന്തെന്തു അർത്ഥങ്ങളാണ്!

ഫുട്ബോൾ കൂട്ടുകൂടി കളിക്കേണ്ട കളിയാണ്. കളി മൈതാനത്തിന്റെ വിസ്താരം അതാവശ്യമുള്ള കളി. ഒരു നീണ്ട ഇടവഴി പോലും രണ്ടു പേരുടെ ക്രിക്കറ്റ് കളിക്ക് മതിയാകും. നമ്മുടെ പൊതു കളിസ്ഥലങ്ങളുടെ നഷ്ടം/ വിഭജനം കൂടി ക്രിക്കറ്റിന്റെ പ്രചാരത്തിന് വഴിവെച്ചിട്ടില്ലേ  എന്ന് ഓർത്തു പോയി.

വി.പി സത്യന്റെ ജീവിതം പറയുമ്പോൾ അദ്ദേഹവുമായി ഇടപഴകിയ എല്ലാവരുടേയും പ്രഛന്നവേഷധാരികളെ സിനിമയിൽ കൊണ്ടുവരാതിരിക്കാൻ  സംവിധായകൻ വളരെ ശ്രദ്ധിച്ചിട്ടുണ്ട്. 1992-ൽ സന്തോഷ് ട്രോഫി ടീമിൽ ഉണ്ടായിരുന്ന പലരും ജേഴ്സിയിലൂടെ ഓർമപ്പെടുത്തുന്നു. ഒരു പക്ഷേ ഇന്നത്തെ തലമുറയ്ക്ക് അന്യമായ, അന്നത്തെ തലമുറയുടെ ഹരമായ കേരള / പോലീസ് ടീമിലെ പാപ്പച്ചൻ, കെ.ടി.ചാക്കോ, കുരികേശ് മാത്യു, ഐ.എം വിജയൻ തുടങ്ങിയ താരങ്ങളെ കഥാപാത്രങ്ങളാക്കി ചുരുക്കാതിരുന്നത് നന്നായി. കാണികളുടെ ഭാവനയ്ക്ക് ഇവിടെ ഇടമുണ്ട്. ഷറഫലിയെ ഒഴിച്ച് മറ്റുള്ളവർ അത്ര പ്രസക്തിയോടെ വരുന്നുമില്ല. എന്നാൽ മലയാളി കാത്തിരുന്നു കണ്ട അവരുടെ കളികളെ ഗൃഹാതുരതോടെ ഓർക്കാൻ നിലത്ത് വിരിച്ചിട്ട ജേഴ്സി തന്നെ ധാരാളം. റേഡിയോ കമന്ററിയിലൂടെ കേട്ട് കേട്ടാണ് ഇവരുടെ കാൽപന്തിന്റെ ചാരുത ഭൂരിഭാഗം മലയാളികളും അറിഞ്ഞത് എന്നാണ് വാസ്തവം.

ചിത്രത്തിലെ കമന്ററി പറയുന്ന ഷൈജുവിന്റെ ആവേശ  ശബ്ദവും  ദൃശ്യവും തമ്മിലുള്ള ചേർച്ചയില്ലായ്മ  പ്രകടമായി. അഭിനേതാക്കളുടെ പ്രകടനം ഒന്നിനൊന്ന് മികച്ചു നില്ക്കുന്നുണ്ട് ഈ സിനിമയിൽ. സത്യന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങൾ കാട്ടാനുള്ള ‘ വിനിമയ വാഹനമാണ് ‘ ഇവിടെ ഓരോ അഭിനേതാക്കളും. ജയസൂര്യ സത്യനെ അയാളുടെ അന്തർ സംഘർഷങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കളിക്കളത്തിലെ കൂറ്റൻ മനുഷ്യൻ, അനിതയ്ക്കു മുന്നിലെ പാവം മനുഷ്യൻ, ജീവിതം കൈവിട്ടു പോകുമ്പോൾ പടുതിരിയായി ആളുന്ന നിസാരനായ തോറ്റ മനുഷ്യൻ – എല്ലാം കൈയ്യടക്കത്തോടെ, അമിതാഭിനയമെന്ന ദൂഷ്യമില്ലാതെ ചെയ്തിരിക്കുന്നു.

തത്സമയ ശബ്ദലേഖനം കൂടിയുണ്ടായിരുന്നുവെങ്കിൽ ആ അഭിനയ മുഹൂർത്തങ്ങൾ ഒന്നുകൂടി നന്നാവുമായിരുന്നു എന്ന് തോന്നി. ഡബ്ബിംഗിന്റെ ഒരു  കൃത്രിമത്വം എത്ര തന്നെ ശ്രദ്ധിച്ചാലും ഇടക്ക് ശ്രദ്ധയിൽ പെടും. അത് നമ്മുടെ സിനിമയുടെ ബഡ്ജറ്റ് പരിമിതിയുടെ പ്രശ്നമാകാം. എങ്കിലും  ജയസൂര്യ എന്ന നടനെ ഓർക്കാതെ, കാണാതെ ഈ ചിത്രം കാണുന്നതിനുള്ള ക്രെഡിറ്റ്, ജയസൂര്യ, താങ്കൾക്കാണ് ! കഠിനാദ്ധ്വാനദ്ധ്വാനത്തിനും അർപ്പണബോധത്തിനും അഭിനന്ദനങ്ങൾ.

ഈ സിനിമയിൽ അവതരിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമായി തോന്നിയത് സിദ്ദിഖിന്റെ ‘മൈതാന’മാണ്. കാൽപന്തിന് പിറകേ പായുന്ന ഒരു മലപ്പുറം കാക്കയാണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഹൃദയം കൊണ്ട് ഈ കളിയെ സ്നേഹിക്കുന്ന വലിയൊരു സമൂഹത്തിന്റെ ‘ആൾട്ടർ ഈഗോ’യാണ് ഈ കഥാപാത്രം. തീർത്തും ‘ഫിക്ഷണൽ ‘ ആയ സംവിധായക സൃഷ്ടി. പക്ഷേ യാഥാർത്ഥ്യമായി തോന്നണം.  മൈതാനത്തെ സിദ്ദിഖ് അവതരിപ്പിച്ചിരിക്കുന്നത് അത്ഭുതാവഹമായ കൈയ്യടക്കത്തോടെയാണ്. ഒരല്പം അധികമായാൽ അതിനാടകീയതയിലേക്ക് വീഴും എന്നു മാത്രമല്ല, അവിശ്വസനീയവുമാകും. പന്തുകളിയുടെ ഏറനാടൻ പെരുമയുടെ  രാഷ്ട്രീയം സത്യനോട് പറയുന്ന ഒരു രംഗമുണ്ട് ചിത്രത്തിൽ. ബ്രിട്ടീഷുകാരോട് മത്സരിക്കാൻ മലപ്പുറത്ത്കാർ പന്തുകളി പഠിച്ച പോരാട്ടത്തിന്റെ കഥ. സിനിമയിൽ ഈ ഒരൊറ്റ രംഗത്തിന്റെ ആവശ്യം മലപ്പുറത്തിന്റെ ഫുട്ബോൾ അഭിനിവേശത്തെ അടയാളപ്പെടുത്തലാണ്. ഒട്ടും നാടകമാക്കാതെ ദൈർഘ്യമേറിയ ഈ കഥ സിദ്ദിഖ് അതിന്റെ ഭാവ ഗരിമയോടെ അവതരിപ്പിച്ചപ്പോൾ  നടൻ തിലകനെ ഓർത്തു. ഗംഭീരമായിരിക്കുന്നു സിദ്ദിഖിന്റെ മൈതാനം.. !

ഛായാഗ്രാഹകൻ എന്ന നിലയിൽ പുതിയ നിയമം, ഗ്രേറ്റ് ഫാദർ എന്നിവയിലെ  മിടുക്ക് റോബി വർഗീസ് രാജ്, ക്യാപ്റ്റനിലും തുടരുന്നു. കോംപോസിഷനാണ് റോബിന്റെ മികവ്. ഫ്രെയിമിൽ കൃത്രിമ അലങ്കാരപ്പണികൾ നടത്താതെ, ക്യാമറ പൊസിഷനിങ്ങിലൂടെ കണ്ണിനിമ്പമുള്ള കാഴ്ചയൊരുക്കുന്നു. കളിക്കളത്തിലെ സത്യനെ സർവശക്തനാകുന്ന ഫ്രെയിമുകൾ, ഫുട്ബോൾ കളിയിലെ പ്രതിരോധഭടന്റെ സ്ഥൈര്യം  പ്രേക്ഷകന് അനുഭവപ്പെടുത്തും. അനിതയോടൊപ്പമുള്ള ആദ്യദിനങ്ങൾ, പ്രസന്നം. ഹോസ്റ്റൽ മുറിയിലെ സാധാരണത്വം പോലും റോബിന്റെ ക്യാമറ വിന്യാസത്തിൽ ബാലൻസ്ഡ് ആയി തോന്നി.. ഇതിന്റെ നേർവിപരീതമായി വരുന്നു സത്യന്റെ ജീവിതത്തിന്റെ ഏറ്റവും സംഘർഷഭരിതമായ നാളുകൾ. ക്യാമറ കൈയ്യിലേന്തി, നിറം കെട്ട ജീവിതത്തിന്റെ, ഉരുകിത്തീരുന്ന ഒരു മനുഷ്യന്റെ ഉള്ളം പിടിച്ചെടുക്കുന്നു ഈ സ്വീക്വൻസിൽ. സിനിമയിൽ നിന്ന് ഒട്ടും മാറി നില്ക്കുന്നില്ല ഈ ചിത്രത്തിന്റെ ഛായാഗ്രഹണ ശൈലി. ഒരു അഭിനേതാവിനും താര പരിവേഷത്തിലുള്ള intro ഇല്ല ഈ ചിത്രത്തിൽ. പ്രത്യേകം ശ്രദ്ധ പിടിച്ചെടുക്കുന്ന കടും നിറങ്ങളുടെ, തീവ്ര വെളിച്ചത്തിന്റെ സാന്നിധ്യമില്ലാതെ തന്നെ, വെറുമൊരു ക്യാമറ കിട്ടിയാലും ഭംഗിയുള്ള ഫ്രെയ്മിങ്ങുകൾ കൊണ്ട് സിനിമയുടെ മനസ്സ് കാണിക്കാനറിയുന്ന അപൂർവം പുതു തലമുറ ക്യാമറന്മാരിൽ ഒരാളാണ് എന്ന് റോബി ഈ ചിത്രത്തിലും തെളിയിക്കുന്നു.

സ്പോർട്സ് ബയോപികിൽ എഡിറ്ററുടെ ജോലി ഏറും. സിനിമയ്ക്കായി ചിത്രീകരിക്കുന്ന കളിക്ക് ഉണ്ടാക്കാൻ കഴിയുന്ന ഇംപാക്ടിന് പരിധിയുണ്ട്. വൃത്തിയായി, ആ താളവും വേഗവും നാടകീയതയും ബിജിത് ബാല നിലനിർത്തിയിരിക്കുന്നു. ഫുട്ബോൾ കളിക്കുവേണ്ടി ജീവിച്ച ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാന മൈതാന മുഹൂർത്തങ്ങൾ, ഒട്ടും വിരസമാകാത്ത അളവിലേ സിനിമയിലുള്ളൂ.

പശ്ചാത്തല സംഗീതമാണ് ക്യാപ്റ്റനിലെ എടുത്തു പറയേണ്ട മറ്റൊരു ഘടകം. ഈ സിനിമയിൽ അത്യാവശ്യമായ, വാക്കുകൾക്കതീതമായ നിശബ്ദ വിനിമയങ്ങളെ ഏറ്റവും അധികം ബഹുമാനിച്ചത് ഗോപി സുന്ദറാണ്.ഈ കലാപരമായ ഔചിത്യത്തെ അഭിനന്ദിക്കുന്നു. പശ്ചാത്തല സംഗീതം   Emotional underline ആയി, ഹൃദയ സ്പർശിയായി, ക്യാപ്റ്റന്റ സത്തയോട് ചേർന്നു നില്ക്കുന്നു. ഒരു സ്ഥലത്തും മെലോഡ്രാമാറ്റിക് ആകാതെ, ശ്രദ്ധാപൂർവമൊരുക്കിയ സംഗീതം. സത്യന്റെ ദുരന്തവാർത്ത അറിയുന്ന രംഗത്ത് അനുസിത്താരയുടെ അഭിനയത്തെ, അതിന്റെ നൈസർഗികമായ വൈകാരിക ക്ഷമതയെ ഗോപി പിന്തുണയ്ക്കുന്നത് എടുത്തു പറയണം. സത്യന്റെയും അനിതയുടേയും വേദനയുടെ ആഴം മ്യൂസിക്കിൽ നിർലീനമായിരിക്കുന്നു. ആകെ ഒരു വിയോജിപ്പ് തോന്നിയത് ചിത്രത്തിന്റെ ഭാവവുമായി ചേരാത്ത ഒരു തീം മ്യൂസിക് ഇടയ്ക്ക് വന്നു പോകുന്നതാണ്. റഫീക്ക് അഹമ്മദിന്റേയും  ഹരി നാരായണന്റേയും  നിതീഷ് മടേരിയുടെയുമാണ്  ഗാനങ്ങൾ. നാല് പാട്ടുകൾ ഉള്ളതിൽ രണ്ടെണ്ണം അടുത്തടുത്തു വന്നത് മാറ്റി നിർത്താമായിരുന്നു എന്നു തോന്നി.

ഗ്രാഫിക്സിൽ അങ്ങിങ്ങ് ചില ന്യൂനതകൾ കണ്ണിൽ പെട്ടെങ്കിലും അത് ബോറായി തോന്നിയില്ല. നമ്മുടെ സിനിമയുടെ ബഡ്ജറ്റിൽ ഇതിലെ ഫുട്ബോൾ മത്സരങ്ങളൊക്കെ പരിമിതികളിൽ  തന്നെയേ അനുഭവപ്പെടാനാകൂ.

‘കളി ജയിച്ച ചിരിയോടെ’ ജീവിതത്തിൽ വിട പറഞ്ഞ സത്യന്റെ നിശ്ചേതനമായ ശരീരം സിനിമയിൽ ഒരിടത്തും സംവിധായകൻ പ്രജേഷ് സെൻ കാണിക്കുന്നില്ല. ദുരന്ത നായക ജീവിതം കാണിച്ച് കേവല വൈകാരികതയുണർത്തലല്ല എന്ന് ബോധ്യമുള്ള സംവിധായകന്റെ നിലപാട്.. അത് ശരിയായ ആദരമാണ്.

മികച്ച പ്രമേയങ്ങൾ സങ്കേതികത്തികവിലും മികച്ച ക്രാഫ്റ്റിലും  ഒരുക്കാൻ ത്രാണിയുള്ള നല്ല സംവിധായകന്റെ വരവറിയിക്കുന്നുണ്ട് ക്യാപ്റ്റൻ. പ്രജേഷ് സെൻ ഇനിയും മുന്നേറട്ടെ.

മകൾക്കു വേണ്ടി ഫുട്ബോളിൽ സ്വന്തം പ്രാണവായു ഊതി നല്കുന്ന രംഗം കൺ നിറഞ്ഞു കണ്ടു കൊണ്ടിരിക്കെ തൊട്ടടുത്തിരിക്കുന്ന പത്തു വയസ്സുകാരിയായ മോളെ ഒന്നു നോക്കിപ്പോയി. ഒരു കണ്ണീർ കണം കവിളിൽ തിളങ്ങി നില്പുണ്ട്. സിനിമ കഴിഞ്ഞപ്പോൾ അവൾ ചോദിച്ച ചോദ്യം, ” ഇത്രയും വലിയ കളിക്കാരനായിരുന്നോ വി.പി.സത്യൻ ?”

ആ ഒറ്റ ചോദ്യത്തിൽ  ഈ സിനിമ വിജയിച്ചു, പ്രജേഷ്. മാറി നിന്നവനെ മറന്നു പോവുന്ന കാലത്ത് നിന്ന്, കളത്തിന് പുറത്തു പോയ ഒരു ജീവിതത്തെ സിനിമയുടെ കളത്തിലൂടെ പുനർജീവിപ്പിച്ചതിന്, നന്ദി. സത്യന്റെ ജീവിതത്തോടും കാലത്തോടും പ്രജേഷ്  കാണിച്ച സത്യസന്ധമായ സമീപനത്തിന് വലിയ അംഗീകാരങ്ങൾ തേടിയെത്തട്ടെ.

കഥയല്ല ഈ സിനിമ. ഒരു ജീവിതത്തിന്റെ വാക്കുകൾക്ക് വഴങ്ങാത്ത ഉഷ്ണമുണ്ട് ഇതിൽ. തീയറ്ററിൽ തന്നെ കാണുക. അനുഭവിക്കുക.

Comments

comments