ഞാനും എന്റെ നായയും പണ്ടൊരു കഴുതയെ പ്രേമിച്ചിരുന്നു..

കഴുത വരുമ്പോഴെല്ലാം
നായ തീവണ്ടിയോളംപോന്ന അതിന്റെ വാൽ നീട്ടി
പിയാനോ വായിക്കും..

കഴുത പോകുമ്പോഴെല്ലാം ഞാനെന്റെ തീവണ്ടികളെ പുഴകളിലേക്കു മറിച്ചിടും..

ഞങ്ങളുടെ കഴുത…….

ചുമലിലെ പൊതിയിലത് കാമുകിമാരുടെ മുലക്കണ്ണുകളോ അഞ്ചാറ് അപ്പക്കഷണങ്ങളോ അടുത്ത മഴയ്ക്കുള്ള വിറകോ ആയിരിക്കണം ചുമക്കുന്നത് എന്നു ഞാൻ പറയും..

അങ്ങനൊന്നുമല്ല ചിത്രകാരന്മാരുടെ സ്വപ്നത്തിന്റെ വിത്തോ
നദികളിലെ കല്ലുവിരിപ്പിന്റെ കണക്കോ കവിതപോലെന്തോപോലും ആയിക്കൂടെന്നില്ലെണ് നായ പറയുന്നത്..

ഇതൊന്നുമേയല്ല അതിലൊരപസർപ്പകനോവലിന്റെ കൈയെഴുത്തുപ്രതിയ- ല്ലെങ്കിൽ
കൈപ്പത്തി മുറിച്ചെടുത്തതുതന്നെ.., അല്ലിനി കല്ലോ കുന്തമാണോ എന്ന്ഞങ്ങൾ ഒന്നിച്ചലറിയിട്ടുമുണ്ട്..

ഞങ്ങളങ്ങനെ പറഞ്ഞുപറഞ്ഞു ഞങ്ങളുടെ പുഴകൾ നിറയുകയും വാലിലെ രോമങ്ങൾ കൊഴിയുകയും ചെയ്തു..

ഞങ്ങളിലാർക്കാണ് തീവണ്ടിയുള്ളത്, ആരുടെ വാലാണ് പീയാനോ മീട്ടുക, എന്നുപോലും ചിലപ്പോൾ ഞങ്ങളുടെ തലകളും അതിനടിയിലെ ഹൃദയങ്ങളും കുഴപ്പത്തിലായി.

അപ്പോഴും
ഞങ്ങളുടെ പുഴകൾ നിറയുകയും വാലിലെ രോമങ്ങൾ കൊഴിയുകയും ചെയ്തു.

എന്തായാലും…
ഒരിക്കൽ
കഴുത വേച്ചുവീണു.. അപ്പോൾത്തന്നെ ഞങ്ങളതിന്റെ ചുമടെടുത്തോടുകയും ചെയ്തു. …

എന്റെയോ നിന്റെയോ ഇത്, നിന്റെയോ എന്റെയോ അത്, ഞങ്ങളുടെ പാവം പീയാനോ, ഞങ്ങളുടെ പാവം പുഴ.. പൊതിയഴിക്കുമ്പോൾ ഞങ്ങളങ്കലാപ്പിലായി..

അയ്യോ…
ചുമടിൽ
ഒരു നായവാലും
ചില തീവണ്ടികളും ആയിരുന്നു….!

Comments

comments