കേരളത്തിന്റെ അധിനിവേശാധുനികതയുടെ ഭാഗമായി വളർന്നു എന്ന് വിശ്വസിക്കുന്ന സമത്വ സങ്കല്‍പ ഭാവനയായ നവോത്ഥാനകാല കേരളത്തിന്റെ ആദിവാസിയോട് മലയാളിക്കുള്ള വംശീയബോധത്തിലാണു, വെറിയിലാണു മധുവിന്റ കൊലപാതകത്തിന്റ ഉത്തരം കിടക്കുന്നത്. അധികാരത്തില്‍ നിന്നും മാറ്റി നിർത്തപ്പെടുന്നതോടൊപ്പം, ഭൂമിയുടെ അന്യാധീനപ്പെടലും, അതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്‍ഷികവും, സാമൂഹികവും, സാംസ്കാരികവും, ഭാഷപരവുമായ എല്ലാത്തരം അന്യാധിനപ്പെടലുകളും ഏറ്റവും കുടുതൽ അനുഭവിക്കേണ്ടി വരുന്നത് ആദിവാസികൾ ആണ്. അതിന്റെ ഒടുവിലത്തെ കണ്ണിയാണ് മധുവും. രണ്ടുകിലോ അരിക്കും, നൂറു ഗ്രാം മല്ലിപ്പൊടിക്കും ഇടയിൽ വിശപ്പ്‌ തീർക്കാൻ, ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്ന ഒരുവനെ, അവന്റെ വാസസ്ഥലമായ കാട്ടിനുള്ളിലെ ഗുഹയിൽ കയറിച്ചെന്ന്  അടിച്ചിറക്കി, കെട്ടിയിട്ട്  ഖാപ് പഞ്ചായത്ത് നടത്തുവാൻ അധികാരം കൊടുത്ത  വനകാപാലകർ, അവിടെത്തെ പോലിസ് – എല്ലാവരും ഒരേ നീതികേടിന്റെ തുലാസിലെ കിലോക്കട്ടകൾ ആണ്.

രാജ്യം കണ്ട ഏറ്റവും വലിയൊരു സാമ്പത്തിക കുറ്റകൃത്യം നടത്തിയ, ഏകദേശം 15000 കോടിയോളം രൂപ തട്ടിച്ച, ഒരു നീരവ് മോദി നിമിഷനേരം കൊണ്ട് രാജ്യം കടന്ന്, ആഡംബരലോലുപതയിൽ അന്യരാജ്യത്ത് സുരക്ഷിതനായി ഇരിക്കാന്‍ പോയിട്ട് കേവലം ഒരാഴ്ച്ച ആയിട്ടേയുള്ളു. അതേ രാജ്യത്താണ്, ആ രാജ്യത്തിന്റെ ലോകത്തിനു മാതൃകയായ വികസനത്താൽ പ്രബുദ്ധമെന്ന് സ്വയം വിശ്വസിക്കുന്ന ഒരു സംസ്ഥാനത്താണ്, വിശപ്പടക്കാന്‍ കഴിയാതെ ഭക്ഷണം മോഷ്ടിച്ചു എന്നആരോപണതിന്‍റെ പേരില്‍ നിർദയമായ കൊടുംമർദ്ദനമേറ്റ് കേവലം 26 വയസ്സുള്ള ഒരു യുവാവ് ആള്‍ക്കൂട്ടത്താല്‍ കൊല്ലപ്പെടുന്നത്. തല്ലിക്കൊല്ലുന്നതിനു മുൻപ് മധുവിനെ കെട്ടിയിട്ടുകൊണ്ട് അവരൊക്കെ എടുത്ത സെൽഫികളുണ്ടല്ലോ, ഒരുവന്റെ നെഞ്ചിലെ വിങ്ങലും, വേദനയും, കണ്ണിലെ ദൈന്യതയും,  വംശവെറിയുടെ ആഘോഷമാകുന്ന കാഴ്ചയാണ് ആ സെൽഫികളിലൂടെ തെളിഞ്ഞു കാണുന്നത്.

മധുവിന്റ മരണത്തെ പ്രതി നിരവധി പ്രതികരണങ്ങൾക്കാണ് സാമൂഹിക മാധ്യമങ്ങൾ സാക്ഷ്യം വഹിക്കുന്നത്, അതിൽ പ്രധാനമാണ് മമ്മൂട്ടിയുടെ പ്രതികരണം. അവൻ ആദിവാസിയല്ല, തന്റെ അനുജനാണു പോലും! പ്രിയപ്പെട്ട മമ്മുട്ടീ, താങ്കൾക്ക് മനസിലാവുന്നുണ്ടോ ആദിവാസി എന്ന വാക്കിന്റെ അർത്ഥം? ഒരു കാലത്ത് മണ്ണിന്റ അധിപരായിരുന്ന, ആദിമനിവാസികളായ തങ്ങളുടെ ഭൂമിയും, സംസ്കാരവും, മൂലധനങ്ങളും അടിച്ചമർത്തി പിടിച്ചെടുത്തുകൊണ്ട് ഭൂമിയുടെ കൈയ്യേറ്റക്കാരായി അവരെ മാറ്റി, യാഥാർത്ഥ കൈയേറ്റക്കാർ ഭൂമിയുടെ അധികാരം കൈയ്യാളുന്നവരുമായി മാറി. ആ അപരവൽക്കരിക്കപ്പെട്ട, കൈയ്യേറ്റക്കാരായ ആദിമനിവാസികളില്‍ ഒരുവന്‍ ആണ്  മധുവും. ആ സ്വത്വബോധത്തെ മനപൂർവ്വമായി മറന്നുകൊണ്ടുള്ള താങ്കളുടെ പ്രതികരണത്തെ അപലപിക്കാതെ തരമില്ല. താങ്കൾക്ക് അനിയനും അനിയത്തിയും ഒക്കെയാക്കാൻ ഗീതുവും, രജനി എസ് ആനന്ദും, ജോഗിയും, രോഹിത്തും, വിനായകനും, ശ്രീധരനും ഒക്കെ ഉണ്ടായിട്ടുള്ള നാട്ടിൽ മധുവിനെ മാത്രം അനിയൻ ആക്കിയുള്ള പ്രതികരണത്തിലെ നീതിയാണ് മനസിലാകാത്തത്. താങ്കൾക്കു ഉറപ്പായും പ്രതികരിക്കാം, കാരണം ഇത് ഒരു ജനാധിപത്യ ഇടമാണല്ലോ. മറ്റൊന്ന്,  മധുവിനെ തല്ലിക്കൊന്നതിൽ പ്രതികരിക്കുന്നില്ലേ എന്ന് പലരും ചോദിക്കുന്നു എന്ന് പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് ആക്ടിവിസ്റ്റിന്റെ പോസ്റ്റ് ആണ്. സഹോദരീ, താങ്കൾ തന്നെ താങ്കളുടെ യോഗ്യതയെ പുനഃപരിശോധിക്കുന്നതു കാണുമ്പോൾ സ്വയം ചിന്തിക്കുകയായിരുന്നു, സ്വയം പ്രിവിലേജുകളുടെ കരുതൽ ഇടങ്ങൾ മാത്രം സൃഷ്ടിച്ചു കൊണ്ട് താൻ സ്വയം കുഴപ്പത്തിലാണന്നും അതുവഴിതാൻ സ്വയം പ്രവിലേജ്ഡാണെന്നും സ്ഥാപിക്കാന്‍ ഗംഭീരമായി താങ്കൾക്ക് കഴിയുന്നുണ്ട്. താങ്കൾ എഴുനേൽക്കുന്ന പഞ്ഞിപ്പുതപ്പിൽ നിന്നോ, ഏ.സി റൂമിൽ നിന്നോ അല്ല പ്രതികരിച്ച എല്ലാവരും വരുന്നത്. മൂന്നു നേരത്തേ ആഹാരത്തിനായി, ദൈനംദിനജീവിതത്തിനു ബുദ്ധിമുട്ടുന്ന, മൂന്നര സെന്റിലെയും നാലു സെന്റിലേയും പുറമ്പോക്ക് കോളനി ജീവിതങ്ങളിൽനിന്നു കൂടിയാണ്. ‘ആരും ചോദിക്കാത്ത ചോദ്യവുമായി’, കേരളം ഉണ്ടായി ആറര പതിറ്റാണ്ടിന് ശേഷം താങ്കൾ ചോദിച്ച ചോദ്യം “ആദിവാസി ക്ഷേമത്തിനായി ചിലവഴിക്കപ്പെടുന്നകോടികൾ എങ്ങോട്ട് പോകുന്നു, ആരു തട്ടിയെടുക്കുന്നു?” എന്ന ആ ചോദ്യം ഒട്ടും നിരാശയുണ്ടാക്കുന്നില്ല. കാരണം, ദലിത് – ആദിവാസി പ്രശ്നങ്ങളോട് ജനാധിപത്യത്തിന്റെ നാലാംതൂണായ  മുഖ്യധാര മാധ്യമങ്ങൾ കാണിക്കുന്ന സാമൂഹ്യ ഭ്രഷ്ട്, മധു മരിച്ച് രണ്ട് ദിവസത്തെ പത്രവാർത്തകളിലും കണ്ടതാണ്. അതുതന്നെ ജിഷയുടെ അമ്മയുടെ വേഷഭൂഷാദികളെ കുറിച്ചുള്ള വിചാരണയിലും കണ്ടു. എന്തായാലും പറയട്ടെ, കേരളത്തിൽ നടന്നിട്ടുള്ള ഭൂസമരങ്ങൾഒന്നും വേണ്ട, മുത്തങ്ങ എന്ന വാക്കു മാത്രം മതി, കാര്യങ്ങൾ കൃത്യമാവാൻ.

ചില പ്രതികരണങ്ങള്‍ നവാസ് ജാനെയുടെതുപോലെ  പ്രശ്നത്തെ ലഘൂകരിക്കാന്‍ നോക്കുന്നു. ഇതൊരു വംശീയ കൊലപാതകമോ, ലിഞ്ചിങ്ങോ അല്ലായെന്നും, അത് കണ്ടപ്പോൾ അതിൽപ്പെട്ടവരാരും ഇയാളെ (മധുവിനെ) തല്ലിക്കൊല്ലുമെന്നു തോന്നുന്നില്ല എന്നും നവാസ് ജാനേ പറയുകയാണ്‌. പക്ഷേ അദ്ദേഹം ഇതിനകം പോസ്റ്റുമാർട്ടം റിപ്പോർട്ടിനെ കുറിച്ചുള്ള വാർത്ത കണ്ടുകാണുമെന്ന് കരുതുന്നു. ഇതാണ് ആ മരണ റിപ്പോർട്ടിന്റ സാരം:

മരണകാരണം- ആന്തരിക രക്തസ്രാവം.
തലയിൽ ഗുരുതര പരിക്കുകൾ.
നെഞ്ചിൽ അടികൊണ്ട പാടുകൾ.
മർദ്ദനത്തിൽ തകർന്ന വാരിയെല്ല്.

മർദ്ദിച്ചില്ല ! ലിഞ്ചിങ്ങല്ല! വംശീയതയില്ല! ആ ലീഗുകാരൻ (ഉബൈദ്) സെൽഫി എടുക്കുന്നത് ലിഞ്ചിങ്ങല്ല എന്നും വെറും ഒരു കൗതകത്താൽ ആണന്നും പറഞ്ഞു വെക്കുന്ന നവാസ് ജാനേയുടെ പ്രിവിലേജ് എഴുത്ത് കെങ്കേമം തന്നെ. കാരണം കുറ്റകൃത്യത്തിൽ ഏർപ്പെട്ടവന്റെ ജാതി-രാഷ്ട്രീയ നയത്താൽ അവർക്കായി പ്രിവിലേജ്  ഇടങ്ങൾ സൃഷ്ടിക്കാൻ താങ്കളൊക്കെ പണിയെടുക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു. താങ്കൾ പറഞ്ഞ ചാരായം അല്ല ആദിവാസിയെ നശിപ്പിച്ചത് – നാട്ടിലെ കങ്കാണിമാരായ, നിങ്ങൾ ഉൾപ്പെടുന്ന സമൂഹത്തിന്റെ അധികാരത്തിന്‍റെ സാമുദായിക അസമത്വമുള്ള വികസനനയങ്ങൾ ആണ്. ഒന്നര വയസ്സും, 10വയസ്സുമുള്ള മക്കളെ കൂട്ടികൊടുത്ത് ചാരായം കുടിക്കുന്ന ഒരു ജനതയല്ല അട്ടപ്പാടിയിലെ ആദിവാസികൾ.

ഭുമി, വിഭവം, അധികാരം ഒരു ആദിവാസി പുനർവായന നടത്തിയാൽ

കേരളത്തിലെ ഭൂരഹിതരായ മുഴുവൻ ദലിത് – ആദിവാസി, പിന്നോക്ക വിഭാഗങ്ങൾക്കും ഭൂമി നൽകുമെന്നുമുള്ള പ്രഖ്യാപനത്തിന് ആറു പതിറ്റാണ്ടത്തെ വാഗ്ദാനലംഘനത്തിന്റെ ചരിത്രമാണു പറയാൻ ഉള്ളത്. ആ പ്രഖ്യാപനത്തിലൂടെ  ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ കക്ഷിരാഷ്ട്രിയഭേദമില്ലാതെ ദലിതനും – ആദിവാസിക്കുമായി പ്രത്യേക കോളനികളും, പുറമ്പോക്കുകളും സാമൂഹ്യ അടുക്കളയുമാണ് നിർമ്മിച്ചുനൽകിയത്. ഇതിന്റെപശ്ചാത്തലത്തിൽ ഭൂമിയുടെ അന്യാധീനപ്പെടലുകളും കൃഷിയുടെയും, സാമൂഹ്യവും സംസ്കാരികവും ഭാഷപരവുമായ എല്ലാ അധിനിവേശങ്ങളും ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന ഒരു ജനതയാണ് ആദിവാസികൾ. ഇതിന്റെ അടിസ്ഥാനത്തിൽ ആദിവാസി ഭൂമികളുടെയും, വികസന നയങ്ങളുടെയും ഒരു പുനർവായന നമുക്കാവശ്യമാണ്.

ജാതിയെ ആധുനികവൽക്കരിച്ചുകൊണ്ട്  ആദ്യം ബ്രാഹ്മണിസം കടന്നുവന്നു. പിന്നിട് അത് കോളോണിയൽ മോഡേണിറ്റിയിലുടെ കൈയേറ്റമായി. മലബാർ കുടിയേറ്റം പരിശുദ്ധവൽകരിക്കപ്പെട്ടു. അങ്ങിനെ വന്നവർ ആദിവാസി ഭൂമി അന്യാധീനപ്പെടുത്തിക്കൊണ്ട്, ഭൂമിയുടെ അവകാശികളെ തങ്ങളുടെ മണ്ണിൽ നിന്നും പുറത്താക്കിക്കൊണ്ട്, വനത്തിൽ അവരെ അന്യവല്‍ക്കരിച്ചു. അവിടെ നിന്നും എൺപതുകളോടെ ഗവൺമെന്റും അധികാരികളും വനനിയമപ്രകാരം വളരെ ഇടുങ്ങിയ കോളേനികളിലേക്ക് അവരുടെ ജീവിതം പറിച്ചുനട്ടു. കുടിയേറ്റം ഒരിക്കലും ദാരിദ്യം കൊണ്ടുണ്ടായ ഒന്നായിരുന്നില്ല. സംഘടിതവും ആസൂത്രിതവുമായ ഇടപെടലിലൂടെ കുരിശിന്റെ സ്ഥാപനവും അതിന്റെ ലക്ഷ്യം തന്നെയായിരുന്നു. ഇത്തരം കുടിയേറ്റങ്ങളിലൂടെ അരികുവൽകൃത ജീവിതങ്ങൾ സാമൂഹ്യ മണ്ഡലത്തിൽ പിൻതള്ളപ്പെട്ടുപോയി. പണിയർ, കുറുമർ, അടിയർ, കുറിച്യർ, ഇരുളർ, കാടർ മുതലായ വിഭാഗങ്ങൾക്ക് അവരുടെ ഭൂമിയുടെ അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ ഒന്നും തന്നെയില്ലായിരുന്നു. അതു കൊണ്ട് തന്നെ ആ ഭൂമികൾ അന്യാധിനപ്പെടുകയോ കൈയ്യേറ്റം ചെയ്യപ്പെടുകയോ ആണ് ഉണ്ടായത്. ഇക്കാര്യത്തിൽ വിപ്ലവ പാർട്ടിയും ഗാന്ധിയൻമാരുമെല്ലാം ആദിവാസി കോളനികളിലെ വികസന പ്രവർത്തനങ്ങളുടെ ബിനാമി ഏർപ്പാടുകളിലുടെയും നിർമാണപ്രവർത്തനങ്ങളുടെ പേരിൽ ലക്ഷങ്ങളും കോടികളുമായി ഫണ്ടുകൾ അടിച്ചു മാറ്റി ആറര പതിറ്റാണ്ടായി ദലിതനെയും ആദിവാസിയേയും നിസ്സാരമായി പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ അവർ ആദിവാസി സമൂഹത്തിന്റ സാമൂഹ്യമായും സാമ്പത്തികമായും സാംസ്കാരികവുമായുമുള്ള വിഭവസമാഹരണത്തിനുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കിക്കൊണ്ട്, ഒരു ജനതയേ വംശനാശം ചെയ്തു കൊണ്ട്, സാമൂഹ്യ ബഹിഷ്കരണത്തിൽ എത്തിച്ചു. 1975-ൽ ഉണ്ടായ നടപ്പാവാത്ത ആദിവാസി ഭൂമി സംരക്ഷണ നിയമം തന്നെ അര നൂറ്റാണ്ടോളമായി പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും കൃഷിയോഗ്യമായ ഭൂമി പകരം നൽകാന്‍ മാറി മാറി വന്ന ഗവൺമെന്റുകൾക്ക് കഴിഞ്ഞില്ല. ഇതിൽ നിന്നും വയനാടും, അട്ടപ്പാടിയും, ഇടുക്കിയുമൊന്നും വിഭിന്നമല്ലായിരുന്നു. നിലവിലെ പട്ടികജാതി വിഭാഗങ്ങളുടെ (2008-ലെ പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന വിവരശേഖരണപ്രകാരം) ജനസംഖ്യ എന്നത് 484,967 ആണു. കുടുംബങ്ങളുടെ മൊത്തം കണക്ക് 1,08,650. ഇതിൽ തന്നെ 17156 കുടുംബങ്ങൾ 671 സെറ്റിൽമെന്റുകളിലായി ജീവിക്കുന്നു. പുറത്തു വരാത്ത കണക്കു പ്രകാരം ഇതിന്റെ ഇരട്ടിയാണ് ജനസംഖ്യ. ഗവൺമെന്റ് കണക്കു പ്രകാരം കേരളത്തിൽ 36 പട്ടികവർഗ്ഗ സമുദായങ്ങളും അതിൽ തന്നെ അഞ്ചു പ്രത്യേക ദുർബലവിഭാഗങ്ങളുമുണ്ട്.

കേരളത്തിന്റെ ആധുനികാനന്തര ലോകത്ത് നമ്മൾ സാമൂഹ്യമായും, സാംസ്കാരികമായും നേടുന്ന വിദ്യാഭ്യാസവും അതിലൂടെ നേടുന്ന അറിവുമാണ്  നമ്മൾ ഇന്നു കാണുന്ന വികസനത്തിന്റെ കേന്ദ്രബിന്ദു. എന്നാൽ സാംസ്കാരികമായും, സാമൂഹ്യമായും ഒരു ജനതയേ പുറന്തള്ളുന്ന നയങ്ങളാണ് ഇന്നത്തെ ഗവൺമെന്റ് സ്വീകരിക്കുന്നത്. 1993-ലെ കേരളത്തിലെ പട്ടികവർഗ്ഗ സാക്ഷരതാനിരക്ക് 57.22 ശതമാനമാണ്. 93-ൽ നിന്ന് 2018-ൽ എത്തി നിൽക്കുമ്പോൾ  അട്ടപ്പാടിയിൽ മാത്രം 198-ഓളം ഊരുകൾ ഉണ്ട്. അഗളിയിലെ 180-ഓളം കുടുംബങ്ങൾ ഉള്ള കള്ളക്കര ഊരിൽ ഡിഗ്രി വിദ്യാഭ്യാസം ചെയ്യുന്ന രണ്ടേ രണ്ടു പേർ! തൊട്ടടുത്ത മറ്റു ഊരുകളുടെ അവസ്ഥയും വിഭിന്നമല്ല. ഗവൺമെന്റ് നടപ്പാക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന, വികസനനയങ്ങളായ വിവാഹ ധനസഹായം, സ്റ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവ +1, +2 പഠിക്കുന്ന കുട്ടികൾക്ക് കിട്ടുന്നുണ്ടോ എന്ന കാര്യം പോലും പലർക്കും അറിയില്ല. എന്നാൽ ഒന്ന് അവിടെയുണ്ട് – ദാരിദ്ര്യം. ഒപ്പം പിന്നോക്കവസ്ഥയും അനുഭവിക്കുന്ന ആദിവാസിയേ മുന്നോട്ട് നയിക്കാനുള്ള “സാമൂഹ്യഅടുക്കളയിൽ” ഒരു നേരത്തെ ഭക്ഷണത്തിനായി വരിനിൽക്കുന്ന ആദിവാസി സ്ത്രീകളും. അവരാണ് ഗവൺമെന്റിന്റെ വികസന നയത്തിന്റെ സാമൂഹിക അസമത്വം പേറുന്നവർ. ആയതിനാൽ ഇടതുപക്ഷ ഗവൺമെന്റ് മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു എന്നതുകൊണ്ട് മാത്രം അവർക്കായി പ്രഖ്യാപിച്ച മുന്നോക്ക സംവരണം 10% ഈ ജനങ്ങൾക്കും അവകാശപ്പെടാം. അതുമല്ലായെങ്കിൽ ഇത്തരം സാമൂഹ്യ അടുക്കളകൾ അവർക്കായി  “മുന്നോക്കക്കാരിലെ പിന്നോക്ക” കോളനി സൃഷ്ടിച്ചു കൊണ്ട് നൽകാം. അതിലൂടെ ആട്, കോഴി വളർത്തൽ, കക്കൂസ്, ഒട്ടോറിക്ഷ വികസനം നൽകി കൊണ്ട് ഈ പിന്നോക്കക്കാരെ മുൻപിൽ എത്തിക്കാം. ജനാധിപത്യ മനോഭാവമുള്ള ഒരു രാജ്യത്ത്  തീർച്ചയായും അതാണ് വേണ്ടത്.

എൺപതുകൾ തൊട്ടു 2018 വരെ ഇവിടെ ഉയർന്നുവന്ന പുതിയ ഒരോ ഭൂമുന്നേറ്റങ്ങളും (ദലിത്, ആദിവാസി, മത്സ്യ തൊഴിലാളി, തോട്ടം തൊഴിലാളി, മറ്റ് പിന്നോക്ക വിഭാഗങ്ങൾ) നമ്മോട് പറയുന്നത് ഭൂമി കേവലം ആവാസവ്യവസ്ഥ നിലനിർത്താനുള്ള ഉപാധി മാത്രമല്ലയെന്നുള്ളതാണ്. ഭൂമി രാഷ്ട്രിയമാണ്, അധികാരമാണ്, അതിജീവനമാണ് എല്ലാത്തിലുമുപരി ഇതിലേക്കല്ലാം എത്താനുള്ള വിഭവമാണ്. ആ വിഭവം നേടിയെടുക്കനായി മുന്നേറ്റത്തിന്റ പാതയിലിറങ്ങിയ ആ ദിനത്തിന്റെ, കൃത്യമായി പറഞ്ഞാൽ മുത്തങ്ങ ഭൂസമരത്തെ അടിച്ചമർത്തിക്കൊണ്ട്  അരങ്ങേറിയ നരനായാട്ടിന്റെ പതിനഞ്ചാം വർഷം പൂര്‍ത്തിയാവുക ആയിരുന്നു ഈ ഫെബ്രുവരി 19-ന്. ഈ 15 വർഷങ്ങൾക്കിപ്പുറം ദലിത് ആദിവാസി ചിന്തകൾ, സംവാദങ്ങൾ എന്നിവ വിണ്ടും കേരളത്തിൽ ശക്തമാകുമ്പോൾ, വീണ്ടും അവർക്കു നേരിടേണ്ടി വരുന്നത് ആധുനിക ഫ്യൂഡൽ, സവർണ്ണഹൈന്ദവ ജാതി ചിന്താഗതി കൈവിടാത്ത മാർക്സിസ്റ്റുകളെയും, ഹൈന്ദവവാദികളെയും തന്നെയാണ്. ജാതിയില്ലാത്തത് എന്ന വിളംബരം പുരോഗമന കേരളം നൂറു വർഷം ആഘോഷിച്ചാലും ജാതികേരളത്തിന്റ, ജാതി കോളനികളുടെയും ആദിവാസി – ദലിതർക്കു നേരേയുള്ള ജാതി – വർണ്ണ – വംശ വെറികൾ ഒടുങ്ങുന്നില്ല. ജാതിയോ? ഇവിടെയോ? നിങ്ങൾ ഉത്തരേന്ത്യയിലേക്കു നോക്കൂ എന്ന പുരോഗമന രാഷ്ട്രീയ കേരളത്തിന്റെ മനോഭാവത്തോട് ഉത്തരേന്ത്യ ഇപ്പോൾ അട്ടപ്പാടിയിലായതിനാൽ തങ്ങളുടെ കർതൃത്വത്തെ നിലനിർത്തിക്കൊണ്ട്  മധുവിന്റെ മരണത്തിന് കാരണക്കാരായ മുഴുവൻ പേരെയും പിടികൂടുവാൻ ആവശ്യപ്പെടാം. സ്വയം  ചോദ്യം ചെയ്യലുകൾ തിരഞ്ഞെടുത്തു കൊണ്ട്, പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു കൊണ്ട്,  ഒന്നായി നിന്നുകൊണ്ട് രാഷ്ട്രിയമായ ശാക്തീകരണത്തിലൂടെ നമുക്ക് നീതി നേടിയെടുക്കാന്‍ പോരാടാം. ഇനിയൊരു മധുവിനെ സൃഷ്ടിക്കാതിരിക്കട്ടെ മലയാളിയുടെ വംശവെറി.

Comments

comments