നദികൾ, ഡാമുകൾ പോലെയുള്ള വലിയ ജലപദ്ധതികൾ, അവയുടെ സാമൂഹിക-പാരിസ്ഥിതിക സ്വാധീനങ്ങൾ, അവയുടെ പ്രവർത്തനം, നദികളുടെയും ഡാമുകളുടെയും പരിപാലനം എന്നിവ സംബന്ധിച്ചുള്ള വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും ഒരു അനൗദ്യോഗിക കൂട്ടായ്മയാണ്  S.A.N.D.R.P (South Asia Network on Dams, Rivers and People). കേരളത്തിൽ ഇക്കുറിയുണ്ടായിട്ടുള്ള തീവ്രമായ വെള്ളപ്പൊക്കത്തിനെക്കുറിച്ചും അതിന്റെ ഭയാനകത വർദ്ധിപ്പിക്കുന്നതിൽ ഡാമുകളുടെ പരിപാലനത്തിൽ വന്ന പിഴവുകളെക്കുറിച്ചും കഴിഞ്ഞ ദിവസം അവർ പ്രസിദ്ധീകരിച്ച കുറിപ്പ്  ഇത് സംബന്ധിച്ച് ഭാവിയിലുണ്ടാകേണ്ടുന്ന ജാഗ്രതയ്ക്കു വേണ്ടിയും ചർച്ചകൾക്കു വേണ്ടിയും നവമലയാളി വിവർത്തനം  ചെയ്ത് പുനഃപ്രസിദ്ധീകരിക്കുകയാണ്.

കേരളം വെള്ളപ്പൊക്കത്തിലായിരിക്കെ ഇടുക്കി ഡാം വെള്ളം തുറന്നു വിടുന്നു: ഇത് ഒഴിവാക്കാനാകുമായിരുന്നോ?

കേരളം ഗുരുതരമായ വെള്ളപ്പൊക്കം നേരിടുന്നു. ആർമി, നേവി, NDRF, അയൽസംസ്ഥാനങ്ങൾ എല്ലാവരും സഹായത്തിനെത്തുന്നു. ഡസൺ കണക്കിനു മനുഷ്യർ മരിച്ചിരിക്കുന്നു, ഉരുൾപൊട്ടലുകളുണ്ടാകുന്നു, വീടുകൾ ഒഴുകിപ്പോയിരിക്കുന്നു. മുഴുവൻ ഭരണസംവിധാനവും ഈ ഗുരുതരാവസ്ഥയെ നേരിടാൻ രംഗത്തിറങ്ങിയിരിക്കുന്നു.

ഈ വെള്ളപ്പൊക്കക്കെടുതിയിൽ, ഇടുക്കിയും ഇടമലയാറും – കേരളത്തിലെ ഏറ്റവും വലിയ ഡാമുകളിൽ രണ്ടെണ്ണമാണ് ഇവ- രണ്ട് ഡസണോളം മറ്റു ഡാമുകളും വെള്ളം തുറന്നുവിടുകയും അങ്ങനെ വെള്ളപ്പൊക്കക്കെടുതി വർദ്ധിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കനത്തമഴയിൽ കേരളം ഗുരുതരമായ വെള്ളപ്പൊക്കം നേരിടുമ്പോൾ, എന്തുകൊണ്ടാണ് ഒരു ബില്യൺ ക്യുബിക് മീറ്ററിലധികം സംഭരണശേഷി വീതമുള്ള ഇടുക്കിയും ഇടമലയാറും, ഇപ്പോൾ വെള്ളം തുറന്നുവിടുന്നത്? സ്ഥിരം ഒഴിവുകഴിവ്: ഡാമുകൾ നിറഞ്ഞിരിക്കുന്നു, ഇതിൽ കൂടുതൽ ജലം ശേഖരിച്ചുനിർത്താൻ കഴിയാത്തതിനാൽ വെള്ളം തുറന്നുവിടാതെ മറ്റു മാർഗ്ഗമില്ല. പക്ഷേ എന്തുകൊണ്ടാണ് വെള്ളം തുറന്നുവിടാൻ ഡാമുകൾ പൂർണ്ണമായി നിറയുന്നതുവരെ, ഗത്യന്തരമില്ലാത്ത ഒരു അവസ്ഥയെത്തുന്നതുവരെ (TINA: There is No Alternative), കാത്തുനിന്നത്? അവസാനനിമിഷം വരെ കാത്തുനിൽക്കാനുള്ള ഈ താല്പര്യം എല്ലാ ഡാം ഓപ്പറേറ്റർമാരും പങ്കുവയ്ക്കുന്ന ഒരു ബാധ പോലെയാണ്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ രണ്ട് മാസം കേരളത്തിനിനിയും ബാക്കിയാണ്. കേരളത്തിന്റെ നിരവധി പ്രദേശങ്ങൾക്ക് അതിനു ശേഷം  ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ വരാനിരിക്കുന്ന വടക്കുകിഴക്കൻ കാലവർഷത്തിന്റെ മഴയും ലഭിക്കും. 1975-ൽ കമ്മീഷൻ ചെയ്തതിനു ശേഷം ഇടുക്കി ഡാം തുറന്ന രണ്ട് തവണയും (1981-ലും 1992-ലും) അത് വടക്കുകിഴക്കൻ കാലവർഷസമയത്താണ് – ഒരിക്കലും അത് തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്തല്ല. അതായത് കേരളം വെള്ളപ്പൊക്കം അനുഭവിക്കാത്ത സമയത്ത് അവർക്ക് മുൻകൂട്ടി വളരെ എളുപ്പത്തിൽ ആ നടപടി സ്വീകരിക്കാമായിരുന്നു. നാം കാണുന്നതുപോലെ അത് ആ സമയത്ത് ചെയ്തില്ലായെന്നു മാത്രമല്ല, കേരളം വെള്ളപ്പൊക്കം നേരിടുന്ന ഈ സമയത്ത്  ഇടുക്കി ദുരിതത്തിന്റെ തോത് കൂട്ടിക്കൊണ്ടിരിക്കുകയാണ്.

സത്യത്തിൽ ഏകദേശം പത്ത് ദിവസങ്ങൾക്ക് മുൻപ്, ജൂലൈ 31-ന്, ഫുൾ റിസർവ്വോയർ ലിമിറ്റ് (FRL) 2403 അടിയായുള്ള ഇടുക്കി 2395 അടി പിന്നിട്ടതോടെ, ഡാം തുറക്കാനുള്ള സാധ്യതയെപ്പറ്റിയുള്ള വാർത്തകളാൽ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു. താരതമ്യേന മഴക്കുറവുണ്ടായിരുന്ന ആ സമയത്ത് ഡാം തുറന്നിരുന്നെങ്കിൽ ഇന്നു കാണുന്നതുപോലെ അത് ഈ വെള്ളപ്പൊക്കെക്കെടുതിയുടെ ആക്കം കൂട്ടുകയില്ലായിരുന്നു. പക്ഷേ അവർ അത് ചെയ്തില്ല. എന്തുകൊണ്ട്? ഗത്യന്തരമില്ലാത്ത ഒരു അവസ്ഥയെത്തുന്നതുവരെ എന്തുകൊണ്ടാണ് അവർ പിന്നെയും കാത്തുനിന്നത്?

ഇടുക്കി ഡാമിന്റെ അടിസ്ഥാനലക്ഷ്യം ഊർജ്ജോല്പാദനമാണ്. ഡാമിന് 130 മെഗാവാട്ട് വീതം ശേഷിയുള്ള 6 ടർബൈനുകളുണ്ട്. ഇക്കുറി കണ്ട ഡാമിലെ വെള്ളത്തിന്റെ നിലയും ഡാമിലേക്കുള്ള നീരൊഴുക്കും കണക്കിലെടുത്താൽ ഊർജ്ജോല്പാദനത്തിന്റെ ഇതുവരെയുള്ള റെക്കോർഡുകളെല്ലാം ഇത്തവണ തകർക്കപ്പെടും എന്നാണ് സാധാരണഗതിയിൽ ആരും പ്രതീക്ഷിക്കുക. എന്നാൽ Central Electricity Authority (CEA)-യുടെ National Power Portal-ലെ ഊർജ്ജോല്പാദനത്തിന്റെ ദിവസവും മാസവും തിരിച്ചുള്ള കണക്കുകളും പഴയകാല സ്ഥിതിവിവരവും പരിശോധിക്കുന്ന ആരെയും ഞെട്ടിക്കുന്നതാണ്. 2018 ജൂൺ-ജൂലൈയിൽ ഇടുക്കി  ഉല്പാദിപ്പിച്ചത് 325 മില്യൺ യൂണിറ്റ് (MU) വൈദ്യുതിയാണ്. ഇത് കഴിഞ്ഞ ദശകത്തിലെ നാലുവർഷങ്ങളിലെയെങ്കിലും ഊർജോല്പാദനത്തെക്കാൾ കുറവാണ്: 2008, 2012, 2014, 2015 എന്നീ വർഷങ്ങളിലെക്കാൾ കുറവ്. ജൂൺ-ജൂലൈ മാസങ്ങളിൽ ഏറ്റവും കൂടുതൽ ഊർജോല്പാദനം നടന്ന വർഷമായ 2014-ൽ 2018 ജൂൺ-ജൂലൈയിലേതിനെക്കാൾ 50 ശതമാനം അധികം വൈദ്യുതോല്പാദനം നടന്നിരുന്നു. ഇടുക്കി കൂടുതൽ വൈദ്യുതി ഉല്പാദിപ്പിച്ചിരുന്നെങ്കിൽ അതും ജലത്തിന്റെ നില കുറയ്ക്കാൻ സഹായിക്കുമായിരുന്നു.

Kerala Rivers Map by India River Forum

അപ്പോൾ എന്തുകൊണ്ടാണ് കൂടുതൽ വെള്ളം ലഭ്യമായിരുന്ന സമയത്ത് എന്തുകൊണ്ടാണ് ഇടുക്കി കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാതിരുന്നത്? National Power Portal അതിനുള്ള ഉത്തരം തരും: 130 മെഗാവാട്ട് ശേഷി വീതമുള്ള 6 ടർബൈനുകളിൽ ഒരെണ്ണം 2017 ആഗസ്റ്റ് 1 മുതൽ പുതുക്കലിനും ആധുനികവൽക്കരണത്തിനുമായും മറ്റൊരെണ്ണം 2018 ജൂൺ 26 മുതൽ വാർഷിക അറ്റകുറ്റപ്പണികൾക്കായും നിർത്തിവച്ചിരിക്കുകയാണ്. ഇപ്പറഞ്ഞ രണ്ടാം യൂണിറ്റിന്റെ അറ്റകുറ്റപ്പണിക്ക് മഴക്കുറവുള്ള ഒരു സമയം തെരഞ്ഞെടുക്കാമായിരുന്നു എന്നുള്ളപ്പോൾ അതിനു മൺസൂൺ കാലം തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം നീഗൂഢം തന്നെ. ഇതിന്റെ ഫലമോ ഇടുക്കി കുറവ് വൈദ്യുതി ഉല്പാദിപ്പിക്കുകയും അക്കാരണം വെള്ളപ്പൊക്കക്കെടുതിയുടെ ആക്കം കൂട്ടുകയും ചെയ്തു.

യഥാർത്ഥത്തിൽ ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നതിനു മുൻപ് തന്നെ, 2018 മേയ് 31-ന്, ഇടുക്കി അതിന്റെ സംഭരണശേഷിയുടെ 25 ശതമാനത്തിലെത്തിയിരുന്നു. ഇത് സാധാരണയിലും കൂടുതലായിരുന്നു, കഴിഞ്ഞ വർഷത്തിലും കൂടുതലായിരുന്നു, കഴിഞ്ഞ പത്ത് വർഷങ്ങളിലെ ശരാശരിയിലും കൂടുതലായിരുന്നു. ഈ മഴക്കാലത്ത് ഡാം വേഗത്തിൽ നിറയാൻ അതും ഒരു കാരണമാണ്. മൺസൂൺ എത്തുന്നതിനു മുൻപ് എന്തുകൊണ്ടാണ് അത്രയും കൂടുതൽ ജലസംഭരണം എന്ന ചോദ്യത്തിന് ഇടുക്കി ഡാം മാനേജർമാർ ഉത്തരം പറയേണ്ടിവരും.

India Meteorology Department-ന്റെ കണക്കുകളനുസരിച്ച് ആഗസ്റ്റ് 9 വരെ കേരളത്തിൽ സാധാരണയിലും 20 ശതമാനം അധികം മഴ പെയ്തു. അതിലേറ്റവും വർധന- സാധാരണയിലും 50 ശതമാനം അധികം മഴ 2433.5 മില്ലിമീറ്റർ മഴ പെയ്ത്  ഇടുക്കിയിലാണ്. പാലക്കാട് (44%), കോട്ടയം (36%) എറണാകുളം (33%) എന്നിവയാണ് അധികമഴ ലഭിച്ച മറ്റുചില ജില്ലകൾ. വെള്ളപ്പൊക്കത്തിന്റെ ഈ അവസ്ഥയിലെത്തിച്ചിരിക്കാനുള്ള സാധ്യതകളിൽ പേമാരിയുടെ താണ്ഡവം പ്രമുഖം തന്നെയാണ്.

Image showing overall rainfall in Kerala state so far in South West Monsoon season (Image source: IMD, Kerala station

Central Water Commission (CWC)-ക്ക് കേരളത്തിൽ വെള്ളപ്പൊക്ക പ്രവചനത്തിനായുള്ള നിർദ്ദിഷ്ട സ്ഥാനങ്ങൾ ഒന്നും തന്നെയില്ല. അഭൂതപൂർവ്വമായ വെള്ളപ്പൊക്കവും ഡാം തുറന്നുവിടലുകളും ഇന്ത്യയിലെ ഒരേയൊരു വെള്ളപ്പൊക്ക പ്രവചന ഏജൻസിയായ CWC-യുടെ കാര്യക്ഷമതയെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. CWC-യുടെ വെള്ളപ്പൊക്ക പ്രവചന വെബ്സൈറ്റ് സന്ദർശിച്ചാൽ നാം ഞെട്ടും. CWC-ക്ക് കേരളത്തിൽ വെള്ളപ്പൊക്ക പ്രവചനസ്ഥാനങ്ങൾ ഇല്ല, ജലനിരപ്പ് പ്രവചനസ്ഥാനങ്ങളില്ല, നീരൊഴുക്ക് പ്രവചനസ്ഥാനങ്ങളില്ല. ഉള്ളത് വെള്ളപ്പൊക്ക നിരീക്ഷണസ്ഥാനങ്ങളാണ്, അതിൽ തന്നെ പലതും താഴെക്കൊടുത്തിരിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്ന പ്രകാരം പ്രവർത്തനരഹിതവുമാണ്. ഇടുക്കി, ഇടമലയാർ എന്നിങ്ങനെയുള്ള ചില പ്രധാന ഡാമുകളെയും ചില പ്രധാന ലൊക്കേഷനുകളെയും അതിന്റെ വെള്ളപ്പൊക്ക പ്രവചനസ്ഥാനങ്ങളുടെ പട്ടികയിൽ CWC ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

List of CWC Level Monitoring Sites, in Kerala
SN
Site
River
Basin
District
HFL, M
Date
1
KALAMPUR
Kaliyar
WFR south of Tapi
Ernakulam
14.96
NA
2
RAMAMANGALAM
Muvattupuzha
WFR south of Tapi
Ernakulam
8.42
NA
3
VANDIPERIYAR
Periyar
WFR south of Tapi
Idukki
793.8
NA
4
NEELEESWARAM
Periyar
WFR south of Tapi
Ernakulam
11.105
27/07/1974
5
PERUMANNU
Valapatnam
WFR south of Tapi
Kannur
14.75
07/08/2012
6
ADKASTHALA
Shiriya
WFR south of Tapi
Kasaragod
NA
NA
7
ERINJIPUZHA
Payaswani
WFR south of Tapi
Kasaragod
19.08
12/07/1995
8
KIDANGOOR
Meenachil
WFR south of Tapi
Kottayam
8.015
NA
9
KUTTYADI
Kuttyadi
WFR south of Tapi
Kozhikode
8.32
 18-07-2009
10
KARATHODU
Kalalundi
WFR south of Tapi
Malappuram
13.5
18/07/2007
11
KUNIYIL
Chaliyar
WFR south of Tapi
Malappuram
10.63
14/07/1984
12
MANKARA
Bharathapuzha
WFR south of Tapi
Palakkad
51.55
NA
13
KUMBIDI
Bharathapuzha
WFR south of Tapi
Palakkad
9.76
18/07/2007
14
PUDUR
Kannadipuzha
WFR south of Tapi
Palakkad
65.55
NA
15
PULAMANTHOLE
Pulanthodu
WFR south of Tapi
Palakkad
19.07
14/07/1994
16
THUMPAMON
Pamba
WFR south of Tapi
Pathanamthitta
13.735
NA
17
KALLOOPPARA
Pamba
WFR south of Tapi
Pathanamthitta
9.31
NA
18
MALAKKARA
Pamba
WFR south of Tapi
Pathanamthitta
8.2
NA
19
PATTAZHY
Kalladda
WFR south of Tapi
Quilon
13.805
NA
20
AYILAM
Vamanapuram
WFR south of Tapi
Thiruvananthapuram
10.685
NA
21
ARANGALI
Chalakudy
WFR south of Tapi
Trichur
7.61
NA
22
MUTHANKERA
Kabini
Cauvery
Wyand
712.74
22/06/1992

ചുരുക്കത്തിൽ, കേരളത്തിന്റെ പ്രധാന ഡാമുകളായ ഇടുക്കിയും ഇടമലയാറും കനത്തമഴയെ തുടർന്നുണ്ടായിരിക്കുന്ന വെള്ളപ്പൊക്കക്കാലത്ത് തുറന്നുവിട്ടതിലൂടെ സംസ്ഥാനത്തിന്റെ ദുരിതത്തിന്റെ അളവ് വർദ്ധിപ്പിച്ചിരിക്കുന്നു. ഡാമുകൾ നിറഞ്ഞുകവിയുന്നതുവരെ, മറ്റുവഴികളില്ലാത്ത ഒരവസ്ഥ വരെ കാത്തുനിൽക്കാതെ, മുൻകൂട്ടി ഡാമുകളിലെ വെള്ളത്തിന്റെ അളവ് കുറച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു. വെള്ളപ്പൊക്ക കാലം വരെ കാത്തുനിൽക്കാതെ തന്നെ ഡാമുകളിലെ വെള്ളം തുറന്നുവിട്ടുകൊണ്ട് ജലനിരപ്പ് കുറയ്ക്കാൻ താരതമ്യേന മഴക്കുറവുള്ള കാലവും ആവശ്യത്തിനു സമയവും ഉണ്ടായിരുന്നുവെന്നതും വ്യക്തമാണ്. ഒരു യൂണിറ്റ് പുതുക്കുന്നതിനായി നിർത്തിവെച്ചിരിക്കെ, അറ്റകുറ്റപ്പണിക്ക് വേനൽക്കാലം തെരഞ്ഞെടുക്കാതെ ജൂൺ 26 മുതൽ ഒരു യൂണിറ്റ് നിർത്തിവെച്ചതും വിനയായി. മൺസൂണിന്റെ വരവിനു മുൻപ് ഇടുക്കിയിലെ ജലനിരപ്പ് കുറവായിരുന്നെങ്കിൽ അതും സഹായകമായിരുന്നേനെ. വെള്ളപ്പൊക്കപ്രവചനത്തിനുള്ള പ്രവർത്തനങ്ങൾ CWC-യുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതും ദുരിതത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

ഇവയിലെല്ലാം നടപടികൾ വേണ്ടതാണ്. സാധാരണനിലയിൽ ഡാമുകൾ വെള്ളപ്പൊക്കങ്ങൾ നിയന്ത്രിക്കുന്നതിനാണ് ഉപകാരപ്പെടാറുള്ളത്. എന്നാലിവിടെ ദുരിതം വർദ്ധിപ്പിക്കുന്ന അവസ്ഥയാണുണ്ടായത്. രക്ഷാപ്രവർത്തനങ്ങളും ബന്ധപ്പെട്ട അടിയന്തിരപ്രവർത്തനങ്ങളും അവസാനിച്ചുകഴിയുന്ന ഘട്ടത്തിൽ കേരള ഗവണ്മെന്റ് ഒരുപക്ഷേ ആദ്യം ചെയ്യേണ്ടുന്നത് ഈ പറഞ്ഞ പ്രശ്നങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തുക എന്നുള്ളതാണ്. ഇത് ആവർത്തിക്കപ്പെടാൻ പാടുള്ളതല്ല.
———————–
Link to the English original of the article: https://sandrp.in/2018/08/10/idukki-releases-water-when-kerala-is-in-floods-could-this-be-avoided/
വിവർത്തനം: സ്വാതി ജോർജ്ജ്

Comments

comments