സമീര്‍ അമീന്റെ നിര്യാണത്തോടെ മാര്‍ക്സിസത്തെ അടിമുടി സ്വീകരിച്ചു നിലകൊണ്ട ഒരു അക്കാദമിക് ബുദ്ധിജീവിയേയും രാഷ്ട്രീയവിചാരകനെയുമാണ് ലോകത്തിനു നഷ്ടപ്പെട്ടിരിക്കുന്നത്. സമീര്‍ അമീന്‍ എന്റെ ബൌദ്ധിക ജീവിതത്തിലേക്ക് കടന്നുവരുന്നത് എം എ പഠനകാലത്താണ്. വികസന സമ്പദ്ശാസ്ത്രത്തിന്റെ ഓരത്ത് പോലും അന്ന് യൂനിവേര്‍സിറ്റി സിലബസ്സില്‍ സമീര്‍ അമീനോ ഗുന്തര്‍ ഫ്രാങ്കിനോ ഇടമുണ്ടായിരുന്നില്ല. എങ്കിലും രാഷ്ട്രീയമായ വായനയുടെ വഴികളില്‍ വളരെ പെട്ടെന്ന് സമീര്‍ അമീനെ

ഗുന്തര്‍ ഫ്രാങ്ക്

കണ്ടുമുട്ടുകയായിരുന്നു. എൺപതുകളുടെ മധ്യത്തിലായിരുന്നു അത്. പിന്നീട് എന്റെ എംഫില്‍ തീസ്സിസ്സില്‍, വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ പി എച്ച് ഡി തീസ്സിസില്‍, ഇത് രണ്ടും  അടിസ്ഥാനപ്പെടുത്തി ഞാന്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍, (സി ഡി എസ്, തിരുവനന്തപുരം, ആന്തം ബുക്സ്, ലണ്ടന്‍) അക്കാദമിക് രീതി അനുസരിച്ച് എഴുതുന്ന പുസ്തകസൂചിയില്‍ ആദ്യത്തെ പേരുകാരില്‍ ഒരാള്‍ “അമീന്‍, എസ്” ആയിരുന്നു. അദേഹത്തിന്റെ ധൈഷണിക സംഭാവനകളുടെ വെളിച്ചത്തില്‍ അല്ലാതെ ആ പുസ്തകങ്ങള്‍ എനിക്ക് എഴുതുവാന്‍ കഴിയുമായിരുന്നില്ല. ആ ഉള്‍ക്കാഴ്ച്ചയുടെ പങ്കുപറ്റാതെ എന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ അല്ലാതെ എനിക്ക് “ചരിത്രവും ആധുനികതയും’ എന്ന എന്റെ ആദ്യ മലയാളം  പുസ്തകങ്ങളില്‍ ഒന്നിലെ ചില പഠനങ്ങള്‍ എഴുതുവാന്‍ കഴിയുമായിരുന്നില്ല. രാഷ്ട്രീയത്തെ ഞാന്‍ അക്കാദമിക് ജീവിതവുമായി ബന്ധിപ്പിക്കുന്ന മുഖ്യകണ്ണികളില്‍ ഒന്ന് സമീര്‍ അമീന്‍ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ അനന്യസാധാരണമായ ഉള്‍ക്കാഴ്ചകള്‍ ആയിരുന്നു.

ഞാന്‍ അമീന്റെ കൃതികള്‍ പരിചയപ്പെടുന്ന കാലമായപ്പോഴേക്കു രാഷ്ട്രീയ സമ്പദ്ശാസ്ത്ര മേഖലയില്‍ സമീര്‍ അമീന്‍, ആന്ദ്രെ ഗുന്തര്‍ ഫ്രാങ്ക് തുടങ്ങിയവരുടെ ആശ്രിതത്വ സിദ്ധാന്തം (Dependency Theory) വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. മാര്‍ക്സിസ്റ്റ്‌ കാഴ്ചപ്പാടിലുള്ള മൂന്നാം ലോക വികസന സങ്കല്പവും സാമ്രാജ്യത്വ വിരുദ്ധ സമ്പദ് ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമേയങ്ങളും മുന്നോട്ടു വയ്ക്കുന്ന ഇരുവരുടെയും സിദ്ധാന്തങ്ങള്‍ മാര്‍ക്സിസ്റ്റ്‌ രാഷ്ട്രീയത്തിന് ആഗോളതലത്തില്‍ പുതിയ രൂപഭാവങ്ങള്‍ നല്‍കുകയും അടിമുടി അതിനെ വിപ്ലവാത്മകമായി നവീകരിക്കുകയും ചെയ്തിരുന്നു. ഇമ്മാനുവേല്‍ വാലര്സ്ടീന്‍ മുന്നോട്ടുവച്ച  ലോക വ്യവസ്ഥാ സിദ്ധാന്തം (world system theory)  മാര്‍ക്സിസ്റ്റ്‌ ചട്ടക്കൂടിനെ തള്ളികളയുന്നത് ആയിരുന്നില്ലെങ്കിലും ഗുന്തര്‍ ഫ്രാങ്കിന്റെയും സമീര്‍ അമീന്റെയും ആശ്രിതത്വ സിദ്ധാന്തത്തിന്റെ മര്‍മ്മഭേദിയായ ചടുലത അതിനുണ്ടായിരുന്നില്ല. അതിന്റെ സങ്കീര്‍ണ്ണമായ പരികൽപ്പനാവ്യൂഹം ആകർഷകകമായിരുന്നെങ്കിലും ആശ്രിതത്വ സിദ്ധാന്തം മൂന്നാം ലോകത്തിന്റെ ജീവിതാവസ്ഥകളോട് ചേര്‍ന്ന് നില്‍ക്കുന്നതുപോലെ ഒരു ഐക്യദാര്‍ഢ്യം അത് പ്രകടിപ്പിച്ചിരുന്നില്ല.

ആശ്രിതത്വ സിദ്ധാന്തം എന്താണ്, അതിന്‍റെ രാഷ്ട്രീയമായ പ്രസക്തി എന്താണ് എന്ന് അറിയണമെങ്കില്‍ ആദ്യം നാം  അത് നിശിതമായ വിമര്‍ശനത്തിനു വിധേയമാക്കിയ ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ ആധുനികതാ വാദം എന്തായിരുന്നു എന്ന് അറിയണം. ആ വാദത്തിന്റെ ആഗോള സാഹചര്യവും സന്ദര്‍ഭവും എന്തായിരുന്നു എന്ന് അറിയണം. രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ് ‘അവികിസതിത്വം’ എന്നൊരു രാഷ്ട്രീയ നിര്‍മ്മിതി, ശക്തമായ സാമൂഹിക-സാമ്പത്തിക ധ്വനികളോടെ ആഗോളതലത്തില്‍ പ്രചാരത്തില്‍ എത്തുന്നത്‌. വികസിതമായ യൂറോപ്യന്‍ രാജ്യങ്ങളും, സോഷ്യലിസ്റ്റ് വികസനം നടക്കുന്നു എന്ന് അക്കാലത്ത് എല്ലാവരും ധരിച്ചിരുന്ന സോവിയറ്റ് ചേരിയിലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും  ഒഴികെയുള്ള പ്രദേശങ്ങള്‍ യൂറോപ്യന്‍ ശക്തികളുടെ കോളനികള്‍ ആയിരുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കൊളോണിയല്‍ ഭരണവും സാമ്പത്തിക ചൂഷണവും നഗ്നമായ വിഭവക്കൊള്ളയും ഈ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. എവിടെയും പട്ടിണിയും നിരക്ഷരതയും തൊഴിലില്ലായ്മയും അനാഥത്വവും കൊടികുത്തി വാഴുന്ന സ്ഥിതിവിശേഷം ആണ്  കാണുവാനുണ്ടായിരുന്നത്. ഈ മൂന്നാം ലോക രാജ്യങ്ങളില്‍ അധികാരത്തില്‍ വന്ന ദേശീയ ബൂര്‍ഷ്വാ സര്‍ക്കാരുകള്‍ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു.

ആ സന്ദര്‍ഭത്തില്‍ ചൂഷണത്തിന്റെ പുതിയ സന്ദേശവുമായി എത്തിച്ചേര്‍ന്ന സിദ്ധാന്തം ആണ് ബൂര്‍ഷ്വാ സമ്പദ് ശാസ്ത്രത്തിലെ ആധുനികതാ വാദം (Modernization Theory). ഇതിന്റെ ലളിതമായ യുക്തി ഇതായിരുന്നു- മൂന്നാം ലോക രാജ്യങ്ങള്‍ പട്ടിണിയുടെ വിഷമ വൃത്തത്തില്‍ അമര്‍ന്നിരിക്കുന്നു. ഇതില്‍ നിന്ന് കരകയറാന്‍ അവര്‍ക്ക് മുന്നിലുള്ള ഏക വഴി സമ്പദ്വ്യവസ്ഥയെ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്തു ആധുനികവല്‍ക്കരിക്കുക മാത്രമാണ്. പുതിയ സാങ്കേതിക വിദ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുകയല്ലാതെ അവ സ്വയം നിര്‍മ്മിക്കാന്‍ ഈ രാജ്യങ്ങള്‍ ശ്രമിക്കേണ്ടതില്ല. കാരണം അങ്ങനെ നിര്‍മ്മിക്കുന്നത് ക്ലാസിക്കല്‍ ധനശാസ്ത്രം പറയുന്ന താരതമ്യ അനുകൂലതയ്ക്ക് വിരുദ്ധവും (comparative advantage). നിഷ്പ്രയോജനവും ആണ്. ഇന്നത്തെ മൂന്നാം ലോക രാജ്യം പതിനേഴാം നൂറ്റാണ്ടിലെ, കാര്‍ഷിക-വ്യാവസായിക  വിപ്ലവങ്ങള്‍ക്ക് മുന്‍പുള്ള യൂറോപ്പ് പോലെയാണ്. അവ ഈ വിപ്ലവങ്ങളിലൂടെ സ്വയം കടന്നു പോവുക എന്നത് ഇനി സാധ്യമല്ല. അതിനാല്‍ യൂറോപ്പില്‍ നിന്ന് നിരന്തരം  സാങ്കേതിക വിദ്യ വാങ്ങിക്കൊണ്ടിരുന്നാല്‍ മാത്രമേ ഈ രാജ്യങ്ങള്‍ക്ക് സാമ്പത്തികാഭിവൃദ്ധി  സാധ്യമാവുകയുള്ളു. നെഹ്രുവും മറ്റും ഇതിനെ പ്രതിരോധിക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യയുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെയും ആഭ്യന്തര വിപണിയുടെയും ഘടനകള്‍ ശക്തിപ്പെടുത്തുക  എന്ന വികസന സമീപനത്തില്‍ ഊന്നുന്ന ഒരു സാമ്പത്തികനയം ആവിഷ്കരിച്ചു എങ്കിലും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ഈ ആഗോള മൂലധന ബ്രഹദ് ആഖ്യാനത്തെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ആവാതെ കുഴങ്ങിയിരുന്നു. കാരണം അപ്പോഴേക്ക് ആഗോള മൂലധനം പഴയ കൊളോണിയലിസത്തിന്റെ സ്ഥാനത്ത്, രാഷ്ട്രീയാധികാരം കയ്യാളാതെ മൂന്നാം ലോക രാജ്യങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യാന്‍ കഴിയുന്ന ഒരു ലോക സമ്പദ് വ്യവസ്ഥയ്ക്ക്, ഒരു ആഗോള സാമ്പത്തിക ക്രമത്തിന്, രൂപം നല്കിക്കഴിഞ്ഞിരുന്നു. അതിലേക്ക് “അവികിസിത” രാജ്യങ്ങളെ തളച്ചിടുന്നതിനു ലോക ബാങ്കും ലോക വ്യാപാര സംഘടനയും ഐ എം എഫും ഒക്കെ അടങ്ങുന്ന ഫൈനാന്‍സ് മൂലധനത്തിന്റെ വിപുലമായ നിയോ കൊളോണിയല്‍ സാമ്പത്തിക സംവിധാനങ്ങള്‍ രൂപപ്പെടുത്തിക്കഴിഞ്ഞിരുന്നു.

ഈ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങി, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സാങ്കേതിക വിദ്യ വാങ്ങുക, അങ്ങനെ പുരോഗതിയിലേക്ക് കുതിക്കുക എന്ന സന്ദേശമായിരുന്നു ആധുനികത വാദത്തിന്റെ അടിസ്ഥാനപരമായ ഉള്ളടക്കം. എന്റെ എംഫില്‍ തീസ്സിസ്സില്‍ (1989) ഈ വാദത്തെ ഞാന്‍ ഇങ്ങനെ സംഗ്രഹിച്ചിരുന്നു: “The logical pillar of modernization theory is a traditional-modern duality thesis where underdevelopment is conceptualized as the original state manifested by traditionalism and backwardness, while development is visualized in terms of withering away of these features….. Implicit in this sweeping assumption are (i) the making of a theoretical model based on the urban experience of the West would suit the analytical requirements for examining the urban question in the third world and (ii) a change from the traditional to the modern could occur in the third world through diffusion of capital, technology, values, institutional arrangements and political beliefs from the West”.  ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ ഈ ആധുനികതാ വാദം ശ്രമിച്ചത് നിയോ കൊളോണിയല്‍ ചൂഷണത്തിന്റെ ദ്വിമുഖമായ ആക്രമണത്തെ- ഫൈനാൻസ് മൂലധനം നേതൃത്വം നല്‍കുന്ന ഋണ വ്യവസ്ഥയിലൂടെയും, അത് തുറന്നു നല്‍കുന്ന മാനുഫാക്ച്ചറിംഗ് മൂലധനത്തിന്റെ ചരക്കു വിപണിയിലൂടെയും- സഹായിക്കുക എന്നതായിരുന്നു. ഇത് മൂന്നാം ലോക വികസനത്തിന്റെ അലംഘ്യമായ നിയമമായി വ്യാഖ്യാനിക്കപ്പെട്ട സന്ദര്‍ഭത്തിലാണ്, ആണ്ടെ ഗുന്തര്‍ ഫ്രാങ്കും സമീര്‍ അമീനും തങ്ങളുടെ എതിര്‍ വാദങ്ങളുമായി കടന്നുവന്നത്. അന്ന് ഇതിനെക്കുറിച്ച്‌ മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ എന്റെ പഠനത്തില്‍ ഞാന്‍ ഇങ്ങനെ കുറിച്ചിരുന്നു: “In the dependency theory we see an exact inversion of the fundamental assumptions of the modernization theory regarding the nature of the relations between industrialized countries and the third world. Dependency theory emphasis to the fact that underdevelopment of the third world is in fact the negative effect of the external dominance. Thus the principal insight this theory provides is that the specific historically determined character of the social formations in the third world cannot be properly analyzed without placing the question of imperialist domination at the center of the problematic. The classic reference to this approach is Frank (1967) and also cf. Amin, 1974)”.

മൂന്നാം ലോക രാജ്യങ്ങളുടെ- അതായതു ലോക സമ്പദ് വ്യവസ്ഥയുടെ പെരിഫെറി- അവികസിതമായി തുടരുന്നത് ആധുനികതാവാദം ആവശ്യപ്പെടുന്ന തരത്തില്‍, ലോക സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമായ യൂറോപ്യന്‍ രാജ്യങ്ങളോടു അവയ്ക്കുള്ള  സാമ്പത്തിക സാങ്കേതിക ആശ്രിതത്വത്തിന്റെ ഫലമായാണ്‌ എന്നത് ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെയും ആഗോള മൂലധനത്തിന്റെയും കാപട്യം തുറന്നു കാട്ടിയ നിലപാടായിരുന്നു. ഫ്രാങ്കിനും അമീനും മുന്‍പ് തന്നെ ഈ വാദം ഉയര്‍ന്നുവന്നിരുന്നു. 1940-കളില്‍ പ്രെബിഷ്, സിങ്ങര്‍ (Raúl Prebisch, Hans Singer) എന്നീ ധനശാസ്ത്ര വിദഗ്ധര്‍ പ്രാഥമിക ചരക്കുകളുടെ (ഉദാഹരണം: കാര്‍ഷികോല്‍പ്പന്നങ്ങള്‍) വില വ്യാവസായികോല്‍പ്പന്നങ്ങളുടെ വിലയ്ക്ക് ആപേക്ഷികമായി കുറയുന്നുണ്ടെന്നും ഇതാണ് മൂന്നാം ലോക രാജ്യങ്ങളും വ്യാവസായിക രാജ്യങ്ങളും തമ്മില്‍ ഉള്ള വികസന വൈരുദ്ധ്യo നിലനിർത്തുന്നതെന്നും കണ്ടെത്തിയിരുന്നു.  പ്രേബിഷ് അര്‍ജന്റീനക്കാരന്‍ ആയിരുന്നു. അദ്ദേഹമാണ് ആദ്യമായി അവികിസിത രാജ്യങ്ങള്‍ import-substitution സ്വീകരിക്കണമെന്നും അങ്ങനെ ഇറക്കുമതി കുറയ്ക്കണം എന്നും നിര്‍ദ്ദേശിച്ചത്. ഇത് ആഗോള മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു സമീപനം ആണ് എന്ന് മനസ്സിലാക്കി ഈ നിര്‍ദ്ദേശത്തെ  കൂടുതല്‍ വികസിപ്പിക്കാന്‍ മാര്‍ക്സിസ്റ്റ്‌ ചിന്തകനായിരുന്ന പോള്‍ ബറാന്‍ തയ്യാറാവുകയും അദ്ദേഹം The Political Economy of Growth എന്ന പുസ്തകം എഴുതുകയും ചെയ്തു. മാര്‍ക്സിസത്തിന്റെ സൈദ്ധാന്തികമായ വികസനത്തിന്‌ സഹായകമായ ഒരു വാദമായാണ് ബാറന്‍ ഇതിനെ കണ്ടത്. കാരണം ചില സവിശേഷ രീതികളില്‍ ഇത് റോസാ ലക്ഷം ബര്‍ഗിന്റെ വാദങ്ങളുടെ തുടര്‍ച്ച ആയിരുന്നു. മാര്‍ക്സിന്റെ മൂലധനത്തിന് സൈദ്ധാന്തികമായ ഒരു തുടര്‍ച്ച ഉണ്ടാവുന്ന റോസാ ലക്സംബെര്‍ഗിന്റെ പുസ്തകത്തില്‍ ആണ് എന്ന് പിക്കറ്റിയെ കുറിച്ചുള്ള എന്റെ മാതൃഭുമി ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നു. ഈ മാര്‍കിസ്റ്റ് ധാരണയാണ് അന്‍പതുകളില്‍ നെഹ്‌റു ഇന്ത്യന്‍ വികസനത്തിന്റെ അടിസ്ഥാന ധാരയായി സ്വീകരിക്കുന്നത്. അദ്ദേഹം അതില്‍ എത്രമാത്രം വിജയിച്ചു എന്നത് മറ്റൊരു ചോദ്യമാണ്. Import-substitution ഇന്ത്യന്‍ വികസനത്തിന്റെ കേന്ദ്രനയമായി നെഹ്‌റു പ്രഖ്യാപിക്കുന്നത് ആശ്രിതത്വ സിദ്ധാന്തത്തിന്റെ അതിന്റെ, മാര്‍ക്സിസ്റ്റ്‌ ധാരയുടെ ഉള്‍ക്കാഴ്ചകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് എന്നത് പ്രധാനമാണ്.

ഘടനാവാദ സമീപനം എന്ന് അറിയപ്പെടുന്ന ഈ സാമ്പത്തിക ധാരണയുടെ അടിസ്ഥാനത്തിലാണ് ഗുന്തര്‍ ഫ്രാങ്കിന്റെയും സമീര്‍ അമീന്റെയും ഒക്കെ നേതൃത്വത്തില്‍ ആശ്രിതത്വ സിദ്ധാന്തം കൂടുതല്‍ കൂടുതല്‍ വിപ്ലവാത്മകമാവുന്നത്. പിന്നീട് എന്റെ പി എച്ച് ഡി കാലത്ത് ആദ്യത്തെ വിവര സാങ്കേതിക രംഗത്തെ സാങ്കേതിക കുതിച്ചു ചാട്ടങ്ങള്‍ മറ്റു സാങ്കേതിക വിദ്യകളെ പോലെ അല്ലെന്നും അവ മൂന്നാം ലോക രാജ്യങ്ങളെ സാമ്പത്തികമായി വ്യാവസായിക രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കും എന്നൊക്കെയുള്ള അവകാശ വാദങ്ങള്‍ അരങ്ങു തര്‍ക്കുമ്പോള്‍ അതില്‍ നിന്ന് മാറി ചിന്തിക്കാനും വ്യത്യസ്തമായി എഴുതാനും എനിക്ക് കഴിഞ്ഞത് വികസന സാമൂഹിക ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും ഈ dependency theory മുന്നോട്ടുവച്ചത് എന്‍റെ രീതിശാസ്ത്രത്തില്‍ ഉൾച്ചേർന്നിരുന്നതുകൊണ്ടാണ്.  എന്റെ പുസ്തകത്തിലെ ‘Civil society and the cyber-libertarian developmentalism’ എന്ന അദ്ധ്യായത്തില്‍ “Dependency theory claimed that underdevelopment was the result of internationalization and integration of these [third world] economies into the world capitalist system and that a delinking effected through socialist revolution can reorient them into the path of development” എന്ന് കുറേക്കൂടി വ്യക്തമായി ഈ സമീപനത്തിന്റെ മാര്‍ക്സിസ്റ്റ്‌ മുഖം വ്യക്തമാക്കിക്കൊണ്ട് ചര്‍ച്ച ചെയ്യുന്നുണ്ട്.

എന്നാല്‍ സമീര്‍ അമീന്‍ ഈ ആദ്യകാല വിചിന്തനങ്ങളില്‍ ഒതുങ്ങി നിന്ന ആളല്ല. പില്‍ക്കാലത്ത് അദ്ദേഹം മാര്‍ക്സിസ്റ്റ്‌ സമീപനത്തില്‍ ഉറച്ചു നിന്നുകൊണ്ട് നിരവധി പഠനങ്ങള്‍ ലോക സാമ്പത്തിക ക്രമത്തെ കുറിച്ചും ‘Obsolescent Capitalism’, US Hegemony: Assessing the Prospects for a Multipolar World, ‘Eurocentrism – Modernity, Religion and Democracy: A Critique of Eurocentrism and Culturalism’ ‘Ending the Crisis of Capitalism or Ending Capitalism?’ , ‘Global History – a View from the South’ , ‘Maldevelopment – Anatomy of a Global Failure’ ‘Imperialism and Globalization’ , ‘The Implosion of Contemporary Capitalism’ ‘Russia and the Long Transition from Capitalism to Socialism’ തുടങ്ങി നിരവധി പുതിയ പുസ്തകങ്ങള്‍ ഈ അടുത്ത കാലത്തായി എഴുതിയിരുന്നു. മാര്‍ക്സിസത്തിലെ വാല്യൂ തിയറി അദ്ദേഹത്തിന് സവിശേഷ താല്‍പ്പര്യം ഉള്ള ഒരു മേഖല ആയിരുന്നു. ഏറ്റവും ഒടുവില്‍ ഞാന്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളുമായി ബന്ധപ്പെടുന്നത് മൂല്യത്തിന്റെ നിയമത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു പഠനം ഈ വര്ഷം ഞാന്‍ എഴുതിയ The Politics of the Cyborg:  Some Thoughts on the Posthuman Debates എന്ന ലേഖനത്തില്‍ ഉദ്ധരിച്ചു കൊണ്ടാണ് “The theoretical and political challenge it poses to radical systems of thought was noted by Samir Amin, a prominent Marxist scholar in his significant essay on the Law of Value (Amin 1998). He carefully notes, although he does not directly invoke the notion of the cyborg, that cybernetic automation implied “a challenge to the concept of value and to the law of value, for social supervisory labor does not represent, according to its main characteristics, a direct or indirect contribution to the productive labor process” (Amin 1998, p. 82). He adds that the technological revolution manifested in cybernetic automation has triggered “a metamorphic process for exchange value, opening the possibility of the withering away of its dictatorial sway” (Ibid, p. 89). (Amin, S. Spectres of Capitalism: A Critique of Current Intellectual Fashions).

അദ്ദേഹത്തോട് ആദ്യകാലത്ത് യോജിച്ചിരുന്നത് പോലെ എല്ലാ കാര്യത്തിലും ഞാന്‍ യോജിക്കുന്നില്ല. വിശേഷിച്ചു വിവര സാങ്കേതിക വിദ്യയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാര്‍ക്സിസ്റ്റ്‌ വൃത്തങ്ങളില്‍ നടന്ന ചർച്ചകൾ  അദ്ദേഹത്തിന്റെ നിഗമനങ്ങളോട് വിയോജിക്കുന്ന മാര്‍ക്സിസ്റ്റ്‌ ചിന്തകരുടെ സമീപനങ്ങളാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. പക്ഷെ ബൂര്‍ഷ്വാ ധനശാസ്ത്രത്തിന്റെ നിലപാടുകള്‍ക്കെതിരെ അചഞ്ചലമായ പ്രതിപക്ഷബോധം വച്ച് പുലർത്തിക്കൊണ്ടും അങ്ങേയറ്റത്തെ രാഷ്ട്രീയ ജാഗ്രത കാട്ടിക്കൊണ്ടും അദ്ദേഹം നടത്തിയിട്ടുള്ള സൈദ്ധാന്തിക- അക്കാദമിക് സമരങ്ങളുടെ ഒരു ഗുണഭോക്താവ് എന്നനിലയില്‍ അദ്ദേഹത്തോടുള്ള എന്റെ ധൈഷണികമായ കടപ്പാട് നിസ്സാരമല്ല. എല്ലാറ്റിനും അപ്പുറം, ഈ ലോകത്തെ അതിന്റെ പോസ്റ്റ്‌ കൊളോണിയല്‍ അവസ്ഥയില്‍ ഏറ്റവും വസ്തുനിഷ്ഠമായി വ്യഖ്യാനിച്ചുകൊണ്ട്, മൂലധനത്തിന്റെ ഏറ്റവും പുതിയ കുതന്ത്രങ്ങളെ പോലും തുറന്നുകാട്ടിക്കൊണ്ട് പാർശ്വവല്കൃതര്‍ക്കൊപ്പം, തൊഴിലാളികള്‍ക്കൊപ്പം, മൂന്നാം ലോക രാജ്യങ്ങള്‍ക്കൊപ്പം അദ്ദേഹം നിലകൊണ്ടിരുന്നു എന്ന വസ്തുത നാം അടിവരയിട്ടു ഓര്‍മ്മിക്കേണ്ടതുണ്ട്‌.

Comments

comments