എ എസ് മുഹമ്മദ് കുഞ്ഞി

സ്മിതാ പാട്ടീൽ, ഭൂമിക

ഹിന്ദി സിനിമയിൽ സ്ത്രീപക്ഷത്ത് ശക്തമായി നില കൊണ്ട് ഏതാനും കാമ്പുള്ള പടങ്ങൾ ബാക്കിവെച്ച് കൽപനാ ലാജ്മി, ഇക്കഴിഞ്ഞ സെപ്തംബർ 23-ന്, വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ ഈ ലോകത്തോട വിട പറഞ്ഞു. ഒന്ന് രണ്ട് വർഷത്തോളമായി അവർ കിഡ്ണി സംബന്ധമായ അസുഖത്തിന് ട്രീറ്റ്‌മെന്റിലായിരുന്നു. വടക്കൻ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിൽ വെച്ചാണ് അന്ത്യം.  കൈവിരലിലെണ്ണാവുന്നത്രയാണെങ്കിലും നല്ല സിനിമയെ നെഞ്ചോട് ചേർക്കുന്നവർ എക്കാലവും മനസിൽ സൂക്ഷിച്ചു വെക്കുന്ന റുദാലി (കരയുന്നവൾ) പോലുള്ള സിനിമകളെടുത്ത ലാജ്മി ഏതാനും വർഷങ്ങളായി നിശ്ശബ്ദയായിരുന്നു. 95-ലെ ഫിലിമോത്സവ് വേളയിലാണ് ഏറ്റവും അവസാനമായി അവരെ ഒരിക്കൽ കൂടി കാണാൻ അവസരമുണ്ടായത്. 84-ന് ശേഷം നീണ്ട ഒരു പതിറ്റാണ്ടും പിന്നിട്ട് മുംബൈയിൽ വീണ്ടുമെത്തിയ ഫിലിമോത്സവിന് അഭൂതപൂർവ്വമായ തിരക്കാണനുഭവപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലൊന്നിൽ പ്രദർശിപ്പിക്കുന്ന, കാണാൻ കൊതിച്ചിരുന്ന ഒരു പടത്തിന്റെ പ്രവേശന പാസിന് ക്യൂവിൽ നിൽക്കുമ്പോഴാണ് അവരവിടെ കാറിൽ വന്നിറങ്ങി മറ്റു ചിലരോടൊപ്പം തിയേറ്ററിനകത്തേക്ക് കയറിപ്പോയത്. പടം കണ്ടിറങ്ങി ഒരൽപ നേരം നോക്കി നിന്നു. മുംബൈയിൽ ഒരു ഹ്രസ്വ സന്ദർശനത്തിലായതിനാൽ ഏറെ നേരം കാത്തു നിൽക്കാൻ ഇയാളെ സമയത്തിന്റെ പരിമിതി അനുവദിതുമില്ല.

കൽപനാ ലാജ്മിയെ അടുത്ത് കാണുന്നത് അവർ സിനിമ ലോകത്തേക്ക് ആദ്യ ചുവടു വെച്ച വേളയിലാണ്. ശ്യാം ബെനഗലിന്റെ ഭൂമിക എന്ന ന്യൂ വേവ് സിനിമയുടെ കോളിളക്കം മുംബൈയിൽ കെട്ടടങ്ങിയിരുന്നില്ല. അന്ന് ഭൂമികയുടെ പ്രൊഡ്യൂസർമാരിലൊരാളായ

ഗുരു ദത്ത്

ലളിത് എം. ബിജ്‌ലാനിയുടെ ബിജീസ് ഇൻ-ന്റെ മുംബൈ ഓഫീസിലായിരുന്നു ഇയാൾ. ഇളയ സഹോദരനായ അബു ബിജ്‌ലാനി സാബിന്റെ പേഴ്‌സണൽ ഡ്രൈവറും. അബു വഴിയാണ് ഇയാൾ അവിടെയെത്തുന്നത്. ലളിത് സാബ്  മുംബൈയിലാണെങ്കിൽ ചർച്ച് ഗെയിറ്റിലെ പ്രധാന ഓഫീസിൽ പ്രവൃത്തി സമയങ്ങളിൽ തന്നെ എത്തും. അങ്കുർ, മന്തൻ, ഭൂമിക, ത്രികാൽ തുടങ്ങിയ നവതരംഗ സിനിമകളുടെ നിർമ്മാതാവ് എന്ന നിലയിൽ അന്ന് ബിജ്‌ലാനി സിനിമാരംഗത്ത് പ്രശസ്തനായിരുന്നു. ബിജ്‌ലാനി സാബിനെ ഇടയ്ക്ക് കാണാൻ വരുന്ന ലാജ്മിയെ അബുവിന്റെ സുഹൃത്താണ് പരിചയപ്പെടുത്തുന്നത്. ചിത്രകാരിയായ ലളിതാ ലാജ്മിയുടെ  ഈ മകൾ,  ഇതിഹാസ സിനിമാ രചയിതാവ്  (പ്യാസ, കാഗസ് കി ഫൂൽ, സാഹിബ് ബീബി ഔർ ഗുലാം തുടങ്ങിയവ) ഗുരുദത്തിന്റെ മരുമകളാണെന്നറിയുന്നത് പിന്നീടാണ്.

ചെറുപ്പത്തിലെ സിനിമയിൽ കമ്പം ജനിച്ച കൽപന, കോസ്റ്റ്യൂം ഡിസൈൻ പഠിച്ച ശേഷം, അച്ഛൻ വഴി ബന്ധുവായ ശ്യാം ബെനഗലിന്റെ ‘ഭൂമിക’യുടെ സഹസംവിധായികയായി. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവ്വഹിച്ചതും ലാജ്മി തന്നെ. ഭൂമിക ഒരുപാട് സവിശേഷതയുള്ള പടമാണ്. ശ്യാം ബെനഗൽ, ആചാര്യരായ ഗിരീഷ് കർണാടും സത്യദേഭ് ദൂബെയും  ഒന്നിച്ച പടം, ഹിന്ദി സിനിമയിൽ മുഖം കാണിച്ച് ഏറെയൊന്നുമായിട്ടില്ലാത്ത സ്മിതാ പാട്ടീൽ എന്ന അഭിനേത്രി തന്റെ ഭാവാഭിനയം കൊണ്ട് ഹിന്ദി സിനിമാ ലോകത്തെ ഞെട്ടിച്ച പടം. ഉഷയെന്ന നായികയെ അനശ്വരമാക്കി അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്മിത നേടിയതും ഈ പടത്തിലൂടെ. അമോൽ പാലേക്കറും അനന്ത് നാഗും, നസീറുദ്ദീൻ ഷായും അവരവരുടെ റോളുകളിൽ തിളങ്ങിയ പടം. തിരക്കഥക്ക് കൂടി ദേശീയ പുരസ്‌കാരത്തിനു പുറമെ മികച്ച പടത്തിന് അക്കൊല്ലത്തെ ഫിലിം ഫെയർ അവാർഡും ‘ഭൂമിക’ക്കായിരുന്നു.

കൽപനാ ലാജ്മിയുടെ ആദ്യ സ്വതന്ത്ര പടം എക് പൽ -ന്റെ (1986)  നിർമ്മാതാവ് ഹേമേന്ദ്ര പ്രസാദ് ബറുവയാണ്. ആസം സിനിമയുടെ വക്താക്കളിലൊരാൾ. അദ്ദേഹം വഴിയാണ് കവിയും ആസം സിനിമയുടെ സർവ്വസ്വവുമായ ഭൂപെൻ ഹസാരികയുമായി കൽപന ബന്ധം സ്ഥാപിക്കുന്നത്. ശബാനാ ആസ്മി, ഫറൂഖ് ശെയ്ഖ്, നസീറുദ്ദീൻ ഷാ

ഭുപെൻ ഹസാരിക

തുടങ്ങിയവർ വേഷമിട്ട എക് പൽ -ന്റെ നിർമ്മാണത്തിൽ ഭാഗഭാക്കായതിനൊപ്പം കൽപന ഗുൽസാറിനൊപ്പം തിരക്കഥയിലും കൈ വെച്ചിട്ടുണ്ട്. തുടക്കത്തിൽ തന്നെ തന്റേതായ ഒരു മെസേജ് പ്രേക്ഷകരിലെത്തിക്കണമെന്ന അത്യുൽക്കടമായ വികാരമാവാം അതിനു കാരണം. തുടർന്നവർ ഒരു ടിവി സീരിയലിൽ വ്യാപൃതയായി. അതിന്റെ പ്രാധാന റോളിൽ തൻവി ആസ്മിയും. ‘ലോഹിത് കിനാരെ’ (88) എന്നു പേരിട്ട സീരിയലും ലാജ്മി ടച്ച് കൊണ്ട് വ്യത്യസ്തമായി. കൽപന, ഭുപെൻ ഹസാരികയുടെ മാനേജറായി തുടങ്ങിയ ബന്ധം ഹസാരികയുടെ മരണം വരെ സജീവമായി നിലനിന്നിരുന്നു. ആസാമീസ് ഭാഷയിൽ ഗായകൻ, കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, സിനിമാ രചയിതാവ് എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഭൂപെൻ ഹസാരിക. 1961-ലെ മികച്ച പടത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന്റെ ആസാമീസ് ചിത്രമായ ‘ശകുന്തള’യ്ക്കായിരുന്നു. 15 വർഷങ്ങൾക്ക് ശേഷം ‘ചമേലി മേം സാബി’ (ആസാമീസ്) എന്ന മറ്റൊരു പടത്തിലൂടെ മികച്ച സംഗീത സംവിധായകനായും പുരസ്‌കൃതനായി. ലാജ്മിയുടെ മിക്ക സിനിമകളിലും, ഗാനരചന, ആലാപനം, സംഗീതം എന്നീ മേഖലകളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.

നീണ്ട  ഏഴ് വർഷങ്ങൾക്ക് ശേഷമാണ്  1993-ൽ കൽപനാ ലാജ്മി മറ്റൊരു ഫീച്ചർ പടവുമായി വരുന്നത് – റുദാലി. സിനിമ കണ്ടതോടെ എന്റെ ഇഷ്ട സംവിധായകരുടെ കൂട്ടത്തിലായി  ലാജ്മിയും. ലാജ്മിയുടെ മറ്റു പടങ്ങൾ തേടിപ്പിടിക്കാൻ ചെന്നപ്പോഴാണ് അവരുടെ സിനിമകൾക്കിടയിലെ ഗ്യാപ് വ്യക്തമാവുന്നത്, അവർ വളരെ പിശുക്കിയേ പടങ്ങൾ ചെയ്തുള്ളൂ എന്ന് ഞാൻ തിരിച്ചറിയുന്നത്. മഹാശ്വേതാ ദേവിയുടെ കഥ ഗുൽസാറിനൊപ്പം ചേർന്ന് തയ്യാറാക്കിയ തിരക്കഥയിലാണ് റുദാലി ഒരുങ്ങുന്നത്. അതൊരു മഹത്തായ സിനിമാ ശിൽപം തന്നെയായി. റുദാലി എന്ന പടത്തിലൂടെയാണ് കൽപനാ ലാജ്മി പരക്കെ അറിയപ്പെട്ടത്. പടം ബോക്‌സോഫീസിലും വിജയമായി.  മാത്രമല്ല, ആ ദശകത്തിൽ തന്നെ ഇറങ്ങിയ ഹിന്ദി സിനിമകളിൽ കലാമൂല്യമുള്ള സിനിമകളുടെ മുൻ നിരയിലുമെത്തി. ഗുൽസാറിന്റെ വരികൾ, ഭുപെൻ ഹസാരികയുടെ സംഗീതത്തിൽ പിറന്ന റുദാലിയിലെ പാട്ടുകൾ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാവില്ല. ഒക്കെക്കൂടി എന്തൊരു അഭൗമീക അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്.? ആ ദശകത്തിലുടനീളം ആസ്വാദകർ അതേറ്റു പിടിക്കുക തന്നെ ചെയ്തു. ലതാ മങ്കേശ്ക്കറുടെ ‘ദില് ഹൂം ഹൂം കരെ.. ഗബ്‌രായേ..’ അനശ്വര ഗാനം. ഇതേ രചനയുടെ ഭുപെൻ ഹസാരികയുടെ ആലാപനവും, ഇടക്കിടക്ക് വാദ്യോപകരണങ്ങൾ കൊണ്ടുള്ള ഇതിന്റെ ട്യൂണിൽ തന്നെയുള്ള പശ്ചാത്തല സംഗീതവും.. ഒരിക്കൽ റുദാലി കണ്ട ആസ്വാദകരെ പിന്തുടർന്നു കൊണ്ടേയിരിക്കും.

രാജസ്ഥാനിലെ ഒരുൾനാടൻ ഗ്രാമത്തിൽ ദരിദ്രയായി ജനിച്ച ശനിചരിയുടെ (ഡിംപിൾ കാപാഡിയ) ജീവിതം പറയുകയാണ് റുദാലിയിൽ. അച്ഛൻ അവൾ കുഞ്ഞ് ആയിരിക്കുമ്പോൾ തന്നെ മരണപ്പെടുകയും അമ്മ മകളെ വിട്ട് ധനികനായ കാമുകന്റെ കൂടെ ഒളിച്ചോടുകയും ചെയ്തു. അവൾ തീർത്തും അനാഥയായി. കരഞ്ഞ് കണ്ണീർ വറ്റിപ്പോയ ശനിചരിക്ക് വർഷങ്ങൾക്ക് ശേഷം ഭർത്താവ് മരിച്ചിട്ട് പോലും ഒരിറ്റു കണ്ണീരൊഴുക്കാനാവുന്നില്ല. പക്ഷെ ജീവിതം അവളെ കരയാൻ പഠി-(പ്രേരി)-പ്പിക്കുന്നു. കണ്ണീർ പെയ്ത്തു കൊണ്ടുള്ള കരച്ചിൽ. മരണ വീടുകളിൽ പോയിരുന്ന് കരയുന്ന ഭീക്‌നിയെന്ന (രാഖി ഗുൽസാർ) റുദാലിയെ (പ്രഫഷണൽ കരച്ചിലുകാരി)  ശനിചരി  പരിചയപ്പെട്ടതോടെയാണത് സംഭവിക്കുന്നത്. ഭിക്‌നിയുടെ കൂടെ ഗ്രാമത്തിലെ മരണം നടന്ന വീടുകളിൽ എത്തി രണ്ടു പേരും  വാവിട്ടു നിലവിളിച്ചു (ഖൂബ് രോയെ). തോളിനടിയിൽ ചുരുട്ടിയ പായയുമായി കത്തുന്ന സൂര്യനു കീഴെ രാജസ്ഥാൻ മരുഭൂമിയിലൂടെ മരണ വീട് ലക്ഷ്യമാക്കി നടന്നു നീങ്ങുന്നതും, അതിനിടയിലെ സംഭാഷണ ശകലങ്ങളും റുദാലിക്ക് തികച്ചും ഒരു ക്ലാസിക് ടച്ച് നൽകുന്നു.

‘ബോബി’യിൽ തുടങ്ങി ഒരുപിടി കൊമേഴ്‌സിയൽ പടങ്ങളിൽ താരമായിരുന്ന ഡിംപിൾ കാപാഡിയയെ ശലിചരിയുടെ വേഷമണിയിച്ച് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കൈപ്പിടിയിലാക്കിക്കൊടുത്തത് കൽപനാ ലാജ്മിയാണ്. 97-ൽ കിരൺ ഖേർ, താബു മുതൽ പേർ വേഷമിട്ട് ദർമിയാൻ എവിടെയോ പാളിപ്പോയത് നിമിത്തം താബുവിനത് നഷ്ടമായെങ്കിലും 2001-ൽ വീണ്ടും ദാമൻ എന്ന പടത്തിൽ, ഡിംപിളിനെ പോലെ തന്നെ നല്ല വേഷങ്ങൾ മനസിലിട്ട് സൂക്ഷിച്ച് കേവലം ഷോകേസ് റോളുകളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന, അടുത്ത തലമുറയുടെ താരം രവീന ടാൻഡനെയും മികച്ച നടിക്കുള്ള ദേശീയ അവാർഡിലേക്കെത്തിച്ചുകൊണ്ട് ലാജ്മി തന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടി ചാർത്തുന്നു. ശ്യാം ബെനഗലിനൊപ്പം ലാജ്മി ശരിക്കും ഈ നൂറ്റാണ്ടിന്റെ നവമാധ്യമത്തിന്റെ ശക്തി സ്വായത്തമാക്കുകയായിരുന്നു. തുടർന്ന് ‘എ വർക്ക് സ്റ്റഡി’, ‘എലോങ് ദ ബ്രഹ്മപുത്ര’ തുടങ്ങിയ ഡോക്യുമെന്ററികളിലും ഒരു നവ തരംഗം പരീക്ഷിച്ചു. പുതിയ  നൂറ്റാണ്ട് പിറന്നതോടെ  ക്യോം (2003) എന്ന ചിത്രത്തിലൂടെ സുസ്മിതാ സെന്നിനെ ഗ്രാമീണ വേശ്യയുടെ റോളിൽ അവതരിപ്പിച്ച് മറ്റൊരു ദേശീയ പുരസ്‌കാരത്തിന് കൈയുയർത്തിയെങ്കിലും, ചിങ്കാരി (2006)യും ശ്രദ്ധിക്കപ്പെടാതെ പോയി; കലാമേന്മ കൊണ്ടവ മികച്ചു നിന്നെങ്കിലും. ഒടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ വിടവാങ്ങുമ്പോൾ ചലച്ചിത്രലോകത്ത് സ്വന്തമായൊരു മുദ്ര പതിപ്പിച്ചു തന്നെയാണ് ലാജ്മി കടന്നുപോകുന്നത്.

A S MUHAMMEDKUNHI, ASTRAWINGS, ARAFA BLDG., MG ROAD, KASARKODE 671121. PHONE. 9447 227 537

Comments

comments