മൂന്നാംലോക മഹായുദ്ധം എന്ന പോലൊരു യുദ്ധം മത (ദ) ജാത്യാചാര വഴി മഹാഭാരത യുദ്ധമായി സംഭവിക്കുമോ എന്നു തോന്നിക്കുമാറ് കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷങ്ങൾ മോശമായി വരികയാണ് ഇപ്പോൾ. ശബരിമലപ്രശനം കാരണം ഇത്രയും കടന്നു ചിന്തിക്കാതെ വയ്യ എന്ന അവസ്ഥയാണ്  ഉള്ളത്  എന്നതിനാൽ ഇതേക്കുറിച്ചു വേവലാതിപ്പെടുന്ന ഓരോ മനുഷ്യനും ഓരോ തരത്തിൽ പ്രതികരിക്കുക തന്നെ ചെയ്യണം. ഇന്ത്യയിലെ നാനാത്വത്തിൽ ഏകത്വവും സെക്കുലറിസം എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സർവ്വമത മമതയും ഒക്കെ പ്രസിദ്ധമാണല്ലോ.എന്നാൽ ഇനി ജാതിയെയും ലിംഗത്തെയും മുൻനിർത്തി കടുത്ത ചിന്തകൾ ഉണ്ടായേ തീരു. ലിംഗപ്രശ്നമാണോ ലിംഗപദവിപ്രശ്നമാണോ ജാതിമതപ്രശ്നമാണോ രാഷ്ട്രീയപ്രശ്നമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ചർച്ചകളും നിലപാടുകളുമൊക്കെയാണ് സമൂഹത്തിലിപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്നന്നത്. പ്രളയത്തിലൂടെ ഒഴുകി വന്ന മാലിന്യങ്ങൾ മറ്റൊരു തരം പ്രളയമായി എന്ന പോലെ. തേർഡ് വേൾഡ് രാജ്യങ്ങളിൽ പ്രമുഖസ്ഥാനമുള്ള ഇന്ത്യയിൽ സംഭവിക്കാവുന്ന ഏറ്റവും പ്രസക്തമായ സാമൂഹ്യമാറ്റമാവും ജാതിയുടെയും മതത്തിന്റെയും ലിംഗപദവിയുടെയും അസമത്വം ഇല്ലാതാവുക എന്നത്; അതൊരു യുദ്ധസമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടാണെങ്കിലും ഉണ്ടാവേണ്ടുന്ന ഒരു മാറ്റം തന്നെയാണ്.  ‘ആർത്തവലഹള’ എന്ന പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചേക്കാവുന്ന ശബരിമലപ്രശനം സ്ത്രീപക്ഷത്തു നിന്ന് ചിന്തിച്ചാലും സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമായി ചിന്തിച്ചാലും ഗുണകരമായ ഒന്നാണെന്നും പറയേണ്ടിവരും. ഇന്നേ വരെ യാഥാസ്ഥിതിക ഇന്ത്യൻ സമൂഹത്തിൽ ഇത്ര കാര്യമായി സ്ത്രീയുടെ അശുദ്ധിയെ ഇല്ലായ്മ ചെയ്യാൻ ആർത്തവത്തെക്കുറിച്ചും മറ്റും ചർച്ചകൾ ഉണ്ടായിട്ടില്ല. ശബരിമല അതിനൊരു നിമിത്തമായി എന്നത്  അഭികാമ്യമായ കാര്യമാണ്.

സ്ത്രീപക്ഷത്തു നിന്നു നോക്കുമ്പോൾ, സ്ത്രീകൾക്ക് സമാസമം നിൽക്കാനുള്ള ഏത്  അവസരവും വലിയ പ്രശ്നമാണ് നമ്മുടെ സമൂഹത്തിൽ എന്നതാണ്  ഈ ആർത്തവലഹളയ്ക്ക് കാര്യമെന്നു പറയേണ്ടതുണ്ട്. ഭക്തിയോ അയ്യപ്പന്റെ ബ്രഹ്മചര്യമോ ആചാരമോ ഒക്കെ അതിന്റെ പുകമറകളാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ കഠിനമായതും വ്യംഗ്യമായിരിക്കുന്നതുമായ മുഖമാണ് തുറന്നു കാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിൽ എത്രമാത്രം സ്ത്രീകളും ഉപകരണമാക്കപ്പടുന്നു എന്ന് കാണാം. തിരിച്ചറിവില്ലാത്ത പെൺപരിഷകൾ നാടൊട്ടുക്കുള്ള വലിയ വിഭാഗമാണെന്നു കാണുമ്പോളുള്ള ആഘാതം തന്നെയാണ് സ്ത്രീപക്ഷ രാഷ്ട്രീയാശയങ്ങളുടെ ആവശ്യകത തെളിയിക്കുന്നത്. ഭക്തിപ്രസ്ഥാനത്തിൽ ചേർക്കുന്നതിൽ സ്ത്രീകൾ വലുതായി അഭിമാനിക്കേണ്ടതുണ്ടെന്നു കരുതുന്നില്ല എങ്കിലും ഏതു മേഖലയിലും സ്ത്രീകളെ മാറ്റി നിർത്തുന്നതും പുരുഷന്മാരുടേതു മാത്രം എന്ന് സ്ഥാപിക്കുന്നതിലുമുള്ള പ്രതികരണം എന്ന നിലയ്ക്ക് സ്ത്രീകൾക്ക് മല കയറുവാനുള്ള അവകാശം ഉണ്ടാകേണ്ടത് തന്നെ. ഭക്തിപ്രസ്ഥാനമെന്നത് നമ്മുടെ സമൂഹത്തിൽ ചില്ലറപ്രസ്ഥാനമല്ല എന്നതിനാലും ഭക്തി എന്നത്  ഒട്ടുമിക്ക സാധാരണജനങ്ങൾക്കും കടുത്ത ജീവിതയാഥാർഥ്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള ഒരു പിടിവള്ളിയാകുന്നു എന്നതിനാലും ആ മേഖലയെ തള്ളിക്കൊണ്ട് സാമൂഹ്യാവലോകനം സാധ്യമല്ല. അത് പാശ്ചാത്യ ഫെമിനിസ്റ്റുകളും മനസ്സിലാക്കിയിട്ടും സ്ഥാപിച്ചിട്ടുമുണ്ട്. സ്പിരിച്വൽ ഫെമിനിസം അഥവാ ഫെമിനിസ്റ്റ് സ്പിരിച്വലിസം എന്നൊരു ശാഖ തന്നെ അങ്ങിനെ ഉത്ഭവിച്ചിട്ടുണ്ട്. ക്രിസ്ത്യാനിറ്റിയിലെ പുരുഷാധിപത്യം അടിസ്ഥാനമാക്കിയുള്ള ആ മൂവമെന്റ്  ഇപ്പോൾ അക്കാദമിക-പ്രാവർത്തിക തലങ്ങളിൽ ശക്തമാണ്.

പുരുഷദൈവങ്ങളുടെ പ്രതിനിദ്ധ്യവും പുരുഷ പൂജാരിയുടെ പ്രതിനിദ്ധ്യവും ചർച്ച ചെയ്യപ്പെടുന്നതു പോലെത്തന്നെ ആരാധനയുടെ അവകാശങ്ങളെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട് . വേദാധിഷ്ഠിതമായുള്ള വിശ്വാസങ്ങളിൽ  ഊന്നിയാണെന്നു പറഞ്ഞ് മനുസ്മൃതിയിലും മറ്റു വിശകലനപാഠങ്ങളിലും സ്ത്രീകൾ മന്ത്രങ്ങൾ ഉച്ചരിക്കാനും മത/ ദൈവീകചടങ്ങുകൾ ചെയ്യാൻ പാടില്ലാത്തവരുമാണെന്നു നിഷ്കർഷിക്കുന്നു. സ്ത്രീകൾ അജൈവ വസ്തുക്കളാണ്  എന്നാണു കാരണം പറയുന്നത്. അപ്പോഴും സ്ത്രീകൾക്ക്  ആരാധനാനുവാദം അവിടെ നിഷേധിക്കുന്നില്ല. ‘നാസ്തി സ്ത്രീണാം ക്രിയ മന്ത്രൈ രിതി ധർമ്മ വ്യവസ്ഥിത്, നീരിന്ദ്രിയാഹ്യ മന്ത്രശ്ച സ്ത്രീയോനൃത്തമിതി സ്ഥിതി ‘ (മനുസ്മൃതി IX;18). മന്ത്രം ചൊല്ലരുത്  എന്നേ ഇവിടെ പറയുന്നുള്ളു എങ്കിലും അതിനെ എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാൻ മതപുരോഹിതന്മാർക്കാകും. കാരണം സ്ത്രീകളും അന്യജാതിക്കാരും ഇത് വായിക്കാൻ, പഠിക്കാൻ പാടില്ല എന്നായിരുന്നല്ലോ ബ്രാഹ്മണനിയമം. ചെവിയിൽ ഈയമുരുക്കിയൊഴിക്കുന്ന ആചാരം മാറിക്കഴിഞ്ഞു. ഇന്ന് മുറവിളി കൂട്ടി ബ്രാഹ്മണ്യത്തിന്റെ ചുവടെടുക്കുന്ന എൻ.എസ്.എസു-കാരും എസ്.എൻ.ഡി.പി-ക്കാരും ഒന്നോർമ്മിക്കേണ്ടതാണ്  അതൊക്കെ. മത/ വേദപുസ്തകങ്ങളുടെയോ ആചാരങ്ങളുടെയോ പേര് പറഞ്ഞ് സ്ത്രീകളെ അകറ്റിനിർത്താൻ തുനിയുന്നവർ ഒന്നുകിൽ ഇതൊക്കെ വിശദമായി പഠിച്ചിരിക്കണം. അതല്ലെങ്കിൽ സ്ത്രീകൾ കയറുന്നതു പാടില്ല എന്ന് പുരുഷന്മാർ പറഞ്ഞാൽ അത് പിന്നെ അങ്ങനെ തന്നെ അനുസരിക്കണം എന്ന ആണഹങ്കാരമാണെന്നങ്ങ് സമ്മതിക്കണം.

ഇവർ അഹങ്കരിച്ചാരാധിക്കുന്ന നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പൻ ആരാണ്  എന്നും ഇവർ തോന്നിയ പോലെ പറഞ്ഞു സ്ഥാപിക്കുന്നു. പന്തളം രാജാവിന്റെ മകൻ ആണെന്നും അതിനാൽ അവർക്കാണ്  അധികാരം എന്നും പറയാൻ ശ്രമിച്ചു ഇവർ. എന്നാൽ പന്തളം രാജാവിന്റെ വളർത്തുമകനാണ്  എന്ന കാര്യം ആരുടെയും ആചാരത്തിനു വിലക്കാകുന്നില്ല !ഐതിഹ്യമനുസരിച്ച് അയ്യപ്പൻ ശിവന്റെയും മഹാവിഷ്ണുവിന്റേയും പുത്രനാണ്. മഹാവിഷ്ണു മോഹിനിയായി വേഷം മാറി വന്നപ്പോൾ സംഭവിച്ച അബദ്ധം. ദേവന്മാരും അസുരന്മാരും അമൃതിനു വേണ്ടി പാലാഴി കടഞ്ഞ് അമൃത് കിട്ടിയപ്പോൾ അസുരന്മാർ അത് തട്ടിയെടുത്തു പോയി എന്നറിഞ്ഞ് വിഷ്ണു വേഷം മാറി മോഹിനിയായി ചെല്ലുന്നു. സുന്ദരിയായ മോഹിനിയെ കണ്ട് അസുരന്മാർ അന്ധാളിച്ചു നോക്കിനിൽക്കെ മോഹിനി അസുരന്മാരോട് പറയുന്നു, കണ്ണടച്ചിരുന്നാൽ എല്ലാവർക്കും അമൃത് താൻ വിളമ്പിത്തരാം എന്ന്. അസുരന്മാരെല്ലാരും കണ്ണടച്ചിരുന്നപ്പോൾ മോഹിനി അമൃത് കൊണ്ടുപോയി ദേവന്മാർക്ക് കൊടുത്തുവത്രെ. വിവരമറിഞ്ഞു വന്ന ശിവൻ മോഹിനിയെ കണ്ട് ആകൃഷ്ടനാവുകയും അനന്തരം അയ്യപ്പൻ ജനിക്കുകയും ചെയ്തു എന്നാണു കഥ (കമ്പരാമായണം കാണുക). പാർവതി ദേഷ്യപ്പെടും എന്നതിനാൽ ശിവൻ അയ്യപ്പനെ കാട്ടിൽ ഉപേക്ഷിച്ചു പോയപ്പോൾ പന്തളം രാജാവിന് കിട്ടിയതാണത്രേ. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന രാജാവ്  അയ്യപ്പനെ മകനായി വളർത്തി. പിന്നീട്  ഒരു മകൻ ജനിച്ചപ്പോൾ രാജ്ഞിക്ക്  സ്വന്തം മകന് രാജാധികാരം ലഭിക്കാൻ മൂത്ത മകന്റെ സ്ഥാനത്ത് അയ്യപ്പൻ ഉണ്ടായാൽ പറ്റില്ല എന്ന് തോന്നി. അതിനാൽ അവർ വയറുവേദന അഭിനയിച്ചു . പുലിപ്പാൽ കുടിച്ചാൽ മാറും എന്ന് വൈദ്യരെക്കൊണ്ട്  പറയിപ്പിക്കാൻ ശട്ടം കെട്ടി. ഇത് കേൾക്കേണ്ട താമസം അയ്യപ്പൻ കാട്ടിൽപ്പോയി പുലിയെയും കൊണ്ട് വന്നു. പുലി പിടിച്ചാൽ അയ്യപ്പൻ തിരിച്ചു വരില്ല എന്ന് കരുതിയാണ്  ഇത്  ആവശ്യപ്പെട്ടത് എന്ന് മനസ്സിലായ അയ്യപ്പൻ പുലിപ്പാൽ കൊടുത്തിട്ട്  പുലിയുടെ മുകളിൽ കയറി തിരികെപ്പോയി. ശബരിമലയ്ക്കു മുകളിലാണ്  ഇനി തന്റെ വാസമെന്നും തന്നെ കാണേണ്ടവർ അവിടെ വരികയെന്നും രാജ്യവും അധികാരവും വേണ്ടെന്നും പറഞ്ഞാണ്  അയ്യപ്പൻ പോയത്. ഐതിഹ്യത്തിലെവിടെയും സ്ത്രീകൾ വരരുത്  എന്നില്ല എന്നത് വ്യക്തം. ആർത്തവമില്ലെങ്കിൽ മനുഷ്യജന്മമില്ല എന്ന്  അയ്യപ്പൻറെ ജനനം നോക്കിയാൽ പറയാൻ കഴിയില്ല. ആർത്തവം ഒരു പ്രശ്നമേ ആകേണ്ടതില്ലാത്ത അത്ര വിചിത്രമായി ജന്മവും സാധ്യമാണ്  എന്ന് കാണിക്കുന്ന, പുരുഷനു സ്ത്രീയായി മാറാം എന്ന് ലിംഗവ്യത്യാസത്തെ മറികടന്നുള്ള ജന്മവും ജീവിതവും സാധൂകരിക്കുന്ന അയ്യപ്പൻ, സ്ത്രീയായതിന്റെ പേരിൽ തന്നെ ക്കാണാൻ വരരുത്  എന്ന് ശട്ടം കെട്ടുന്നതിനോട്  ഒരിക്കലും യോജിക്കില്ല എന്ന് ചിന്തിക്കാൻ ലളിതയുക്തി മതി. പുരുഷനായ വിഷ്ണുവിന്റെ സ്ത്രീയവതാരം സ്ത്രീപുരുഷ വിവേചനത്തെ വിശകലനം ചെയ്യുന്നതും സ്ത്രീയെ ഉന്നതത്തിൽ പ്രതിഷ്ഠിക്കുന്നതുമാണ് എന്ന് ചിന്തിപ്പിക്കുന്നതാണ്. ഈ ആർത്തവഅശുദ്ധിയുടെ ആശയം ഉണ്ടായത് പുരുഷാധിപത്യത്തിന്റെ നിർമിതിയുടെ ഫലമാണ്. ഇത് നിയമം മൂലം നിരോധിക്കേണ്ടത് തന്നെ.

നിയമത്തിനും നീതിക്കും കോടതിവിധിക്കും വില കൊടുക്കാതെ അടിസ്ഥാനമില്ലാത്ത എന്തെങ്കിലും വ്യാഖ്യാനങ്ങളുമായി നടക്കുന്ന ഒരു കൂട്ടം മതാന്ധപ്പരിഷകൾ, സമൂഹത്തെ കൂടുതൽ സ്ത്രീവിരുദ്ധം  ആക്കിക്കൊണ്ടേയിരിക്കുകയാണ്. സ്ത്രീകൾക്ക്  അമ്പലങ്ങളിൽ ആർത്തവസമയത്ത് കടക്കരുത്  എന്ന് മാത്രമല്ല, വീടുകളിൽ കൂട്ടി തൊടാതെ ഒരു മുറിയിൽ ഒതുങ്ങിക്കഴിഞ്ഞോളണം എന്ന് വരെയുള്ള ആചാരജീവിതം ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. കൂടാതെ ഇതൊക്കെ ന്യായീകരിക്കുന്ന  ‘റെഡി ടു വെയിറ്റ്‘ എന്നൊരു വിഭാഗം സ്ത്രീകളും ഇറങ്ങിയിരിക്കുന്നു. ആരാണവർ എന്നത് വ്യക്തമാണ്. പുരുഷാധിപത്യ മതാധിപത്യ ശൃംഖലയുടെ ചട്ടുകങ്ങൾ. ഒരുപക്ഷെ വിശ്വാസവും അന്ധവിശ്വാസവുമൊന്നും തന്നെയല്ല പല ശബരിമല യാത്രക്കാരെയും അവരെ ഒരുക്കി വിടുന്ന പെണ്ണുങ്ങളെയും നയിക്കുന്നത്. ആളുകൾ എടുക്കുന്ന നാല്പത്തൊന്നു ദിവസത്തെ നോമ്പ് സ്ത്രീകൾക്ക് മനസമാധാനത്തിന്റെ നാളുകളാവുന്നുണ്ടത്രേ. മദ്യം, മദിരാക്ഷി തുടങ്ങിയവയൊക്കെ തങ്ങളുടെ ആണുങ്ങൾ തൊടുന്നില്ല എന്ന ആശ്വാസം. തല്ല്, കുത്ത്, തെറി, ലൈംഗികാതിക്രമം എന്നിവയൊക്കെ ഒഴിഞ്ഞു ചില സ്ത്രീകൾക്ക് സമാധാനിക്കാമെന്നതും. എന്നാൽ ചില ബ്രാഹ്മണസ്ത്രീകൾക്ക്  അത്രയും രക്ഷയുമില്ലായിരിക്കാം. കാരണം, തന്ത്രി / പൂജാരി വിഭാഗത്തിലൊക്കെയുള്ള നമ്പൂതിരിമാർ വരെ ഇപ്പോൾ ചിലർ മാംസഭക്ഷണം/ മദ്യമൊക്കെ സേവിക്കുന്നവർ തന്നെയാണെന്നും കേൾക്കുന്നു. നമ്പൂതിരിമാർക്ക്  തലേദിവസം മാലയിട്ടും ശബരിമലയ്ക്ക് പോകാവുന്നതാണ്. ബ്രഹ്മചര്യം, നോൽമ്പ്  ഒക്കെ അവർക്കു ബാധകമല്ലെന്ന് സാരം. വാസ്തവത്തിൽ നോൽമ്പ്  എന്നും പറഞ്ഞ്  മാലയിട്ട് നടക്കുന്നവരും പലപ്പോഴും അതൊന്നും പാലിക്കുന്നില്ല എന്നും പകൽ പോലെ വ്യക്തമാകുന്ന അവസരങ്ങളും അരങ്ങേറുന്നുണ്ട് സമൂഹത്തിൽ. ശബരിമലയിൽ എന്നു വേണ്ട അമ്പലങ്ങളിൽ തിക്കിത്തിരക്കി നടക്കുന്നവർ അത്ര നല്ലനടപ്പുകാരല്ലെന്നു അനുഭവമില്ലാത്ത ഭക്തകൾ കേരളത്തിൽ കുറവായിരിക്കും എന്നത്  അംഗീകരിച്ചില്ലെങ്കിലും യാഥാർഥ്യമാണ്. ഈ യാഥാർഥ്യം തന്നെയാണ് ബഹുഭൂരിപക്ഷം ഭക്തകളെയും സ്ത്രീകൾ ശബരിമലയിലെങ്കിലും പോകാതിരിക്കാൻ വേണ്ടി മുറവിളി കൂട്ടാൻ സന്നദ്ധകളാക്കുന്നത്. അവരുടെ പുരുഷന്മാരെ കുറച്ചുനാളെങ്കിലും നിലയ്ക്ക് നിർത്താൻ ഈ ഭക്തകൾക്കു കിട്ടുന്ന അവസരമാണ് ശബരിമല സീസൺ എന്നുള്ളത് സാമൂഹ്യവിശകലനത്തിന്റെ സ്ത്രീപക്ഷം തന്നെയാണ്.

ഈ തരത്തിൽ വിരോധാഭാസം നിറഞ്ഞതും എന്നാൽ അനിവാര്യമായതുമായ സ്ത്രീപക്ഷ അവലോകനം ശബരിമല ചർച്ചയിൽ കൂടുതൽ ഉണ്ടാവേണ്ടതുണ്ട്. വാസ്തവത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് സ്ത്രീ സ്വാതന്ത്ര്യമാണോ മത/ജാതി-സ്വാതന്ത്ര്യമാണോ ദൈവാരാധനയുടെ സ്വാതന്ത്ര്യമാണോ രാഷ്ട്രീയപ്രശ്നമാണോ എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത വിധം ചിലർ ചിലതു പറയുന്നു. എന്നാൽ ഇതെല്ലാം ഒരുമിച്ചു കുഴഞ്ഞു കിടക്കുന്ന പ്രശ്നമാണ് ഇതെന്ന് കാണാം. അതിൽ എന്തിനെക്കുറിച്ചാണ് നമ്മൾ നിലപാടെടുക്കേണ്ടത്  എന്നത് ഓരോരുത്തർക്കും അവരുടെ രാഷ്ട്രീയ/ ആശയ പ്രാമുഖ്യം അനുസരിച്ചു വ്യത്യസ്തമാകും എന്ന് മാത്രം. ഹിന്ദുമതത്തിന്റെ ദൈവ -ആരാധനയുടെ കാര്യമെടുത്താൽ ജാതിയുടെ പേരിലുള്ള അസമത്വം /മാറ്റി നിർത്തൽ കഴിഞ്ഞു, ഇപ്പോൾ ലിംഗാധ്ഷ്ഠിത മാറ്റി നിർത്തലിനു നേരെ പ്രതികരിക്കുന്ന സമയമായി ഇത് എന്ന തരത്തിൽ വേണം ഇപ്പോഴത്തെ ശബരിമല പ്രശ്നത്തെ നോക്കിക്കാണാൻ. മനുഷ്യർ ഇങ്ങനെ വിശ്വാസത്തിന്റെ പേരിൽ അന്ധരാവുകയും,  തുറന്ന സമീപനത്തോടെ കാണേണ്ടുന്നതും നിരുപദ്രവകരമായി ചെയ്യേണ്ടതുമായ ആരാധനയുടെ ആസ്വാദനശീലങ്ങൾ രഹസ്യപ്പെടുത്തുകയും കുറ്റകരമാക്കുകയും ചെയ്യുക വഴി, മതവും ദൈവവും ഭക്തിയും ആരാധനയുമൊക്കെ മേൽക്കൈ നേടുകയും സമൂഹത്തെ ജീർണിച്ചതാക്കുകയും ചെയ്യുന്നു. അതിനെയൊക്കെ മാറ്റിയെടുക്കുകയാണ് കാര്യപ്പെട്ട സാമൂഹ്യമാറ്റം എന്ന് കാണുന്നതിനുള്ള ഒരു നിമിത്തമാണ് ശബരിമല.

സാമൂഹ്യപ്രവർത്തനം എന്നത് സ്വന്തം പേര്/ ചിത്രം മാധ്യമങ്ങളിൽ വരുന്നതിനു വേണ്ടി ചെയ്യുന്ന വ്യായാമമായി/വ്യവസായമായി മാറുന്ന കേരളത്തിൽ, ഒരു തരത്തിലുമുള്ള സാമൂഹ്യമാറ്റവും എളുപ്പമല്ല. ഈയവസ്ഥയിൽ ചർച്ചകൾ പോകുന്നത് സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ഏതു വിശ്വാസത്തെയും കാത്തു സൂക്ഷിക്കണം എന്ന മട്ടിലാണ്. എന്നാൽ ഈ ബഹുഭൂരിപക്ഷം ചിന്തിച്ചുറച്ചല്ല ഈ ഭക്തിയോ ആചാരങ്ങളോ കൊണ്ടുനടക്കുന്നത്  എന്നത് വ്യക്തമാണല്ലോ. മുൻപേ ഗമിച്ചീടിന ഗോവുതന്റെ പിൻപേ ഗമിക്കുന്ന ബഹുഗോക്കൾ…!അത്രയേ ഇതിനെ കാണേണ്ടതുള്ളൂ. ആയിരക്കണക്കിനാളുകൾ ഇറങ്ങി ശരണം വിളിച്ചു കാണിച്ചാൽ, അവർ കുറേപ്പേരുണ്ട്  അവരുടെ വികാരം മാനിക്കണം എന്ന് കരുതുന്നത്, തികഞ്ഞ ചിന്താശൂന്യതയാണ്. ഇത്തരം നാമജപസമരങ്ങൾ കാണിക്കുന്നത് ഭക്തിയല്ല, യുക്തിയുമല്ല. മറിച്ചു ജനതയുടെയും സമൂഹത്തിന്റെയും രാജ്യത്തിന്റെ തന്നെയും പിന്നോട്ടുള്ള ചരിത്രയാത്രയാണ്. ഒന്നാംലോക രാജ്യങ്ങളുമായി ഒരു നൂറ്റാണ്ടന്റെയെങ്കിലും അകലം പിന്നാക്കം നിൽക്കുന്ന ഇന്ത്യ വീണ്ടും പിന്നോട്ടു നടക്കുന്ന രാഷ്ട്രീയ സാമൂഹ്യ ചിന്താശൂന്യതയാണ് ശബരിമല-ആർത്തവലഹള കാണിച്ചു തരുന്നത്. മാറ്റങ്ങൾ പലപ്പോഴും ശക്തമായ നിയമത്തിൽ നിന്നും, ബൗദ്ധിക ആഹ്വാനങ്ങളിൽ നിന്നുമൊക്കെയാണുണ്ടാകുക എന്നുമുള്ള സാമൂഹ്യയാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. അതിനെ ഡോമിനേഷൻ അഥവാ അധികാര പ്രകോപനം ഒക്കെയായി കണ്ടുവെന്നാൽ ഒരു മാറ്റങ്ങളും സമൂഹത്തിലുണ്ടാകുമായിരുന്നില്ല. ബഹുഭൂരിപക്ഷത്തിനും വേണ്ടിയും കൂട്ടത്തിൽ ശക്തർക്കു വേണ്ടിയും നിൽക്കാൻ എളുപ്പമാണ്. അതല്ല സാമൂഹ്യപ്രതിബദ്ധത. അവഗണിക്കപ്പെട്ടവർക്കും അകറ്റി നിർത്തപ്പെടുന്നവർക്കും വേണ്ടി നിൽക്കലാണ് സാമൂഹ്യധർമം. ആ നിലയ്ക്ക് ശബരിമല വിഷയത്തിൽ സ്ത്രീകളെ തടയരുത്  എന്ന ആവശ്യത്തിനൊപ്പം നിൽക്കണം സാമൂഹ്യ പ്രതിബദ്ധതയുള്ളവരൊക്കെയും. അങ്ങിനെയുള്ള ആഹ്വാനങ്ങൾ നടത്തുന്നവർ കൈയ്യടി നേടാൻ നിൽക്കുകയുമില്ല. കൈയ്യടികളല്ല അവരെ നയിക്കുന്നത്. കൈയ്യടികളില്ലെങ്കിലും കൂടെ നിൽക്കാൻ ആയിരങ്ങളില്ലെങ്കിലും അങ്ങിനെയുള്ളവരുടെ ആഹ്വാനങ്ങളാണ് ലോകത്ത് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത് എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം. അങ്ങിനെയുള്ളവരാണ്  ഇപ്പോൾ ശബരിമല വിഷയത്തിലും മാറ്റത്തെ ഭയക്കുന്നവരാൽ വിമർശിക്കപ്പെടുന്നത്.

ഡോ.മായാ എസ്,
അസിസ്റ്റന്റ് പ്രൊഫസർ/അദ്ധ്യക്ഷ,
തത്വചിന്തവിഭാഗം,
കേരളവർമ്മകോളേജ്,
തൃശൂർ, phone-9497481653 , email-   [email protected]

Comments

comments