[button color=”yellow” size=”large” type=”square_outlined” target=”” link=””]നീറേങ്കൽ ചെപ്പേട്‌: ഓല ഒൻപത് –
ആത്മരതി അവസാനിപ്പിക്കാൻ സരോജിനിയുടെ ആസവം[/button]

ഇട്ടിനാനെക്കുറിച്ചു ഈയിടെയായി ആർക്കും യാതൊരു വിവരവുമില്ല. വയറ്റിപ്പിഴപ്പിനുള്ള നെട്ടോട്ടങ്ങൾ, സ്വയം വരുത്തിവെച്ച നട്ടംതിരിച്ചിലുകൾ ഇത്യാദി സംഗതികളാൽ ആർക്കും ആരുടെയും വിവരമറിയാനുള്ള സാവകാശം  നീറേങ്കലുകാർക്ക് ഇല്ലതാനും.

ഇട്ടി അവന്റെ ഏകാന്തജീവിതത്തിന്റെ മൺപുരയിൽ ആരുമറിയാതെ  ചത്തഴുകി കിടന്നെന്നിരിക്കട്ടെ. ആളുകൾ ആദ്യം മൂക്കു പൊത്തും. പോലീസ്, പോസ്റ്റുമാർട്ടം, വൈദ്യുത ശ്മശാനം  മുതലായ ആചാരങ്ങൾക്കുശേഷം മൂക്കത്തു വിരൽ വെക്കും: “നല്ല തണ്ടും തടിയുമുണ്ടായിരുന്ന പഹയനായിരുന്നു. അല്പസ്വല്പം സാംസ്കാരിക ഗുണ്ടായിസം ഒഴികെ വേറൊരു തകരാറും ഉണ്ടായിരുന്നില്ല… ഇവനിതെന്തു പറ്റി! ഒക്കെ പര്യാനംപറ്റ മുത്തിയുടെ ഓരോ ലീലാവിലാസം…ദേവീ, മഹാമായേ… ”

നിത്യകാമുകിയായ കുറുമ്പ കരഞ്ഞു നെഞ്ചത്തടിക്കുന്നതിനു പകരം കലിതുള്ളി തെറി പറയാനാണു കൂടുതലും സാധ്യത. “എന്നെപ്പോലും അറിയിക്കാതെ ഇങ്ങനെ കിടന്നു ചാകാൻ ഇവനെന്തധികാരം? അപ്പൊ ‘നിശ്വാസം’ വാട്ടർ തീം പാർക്കിലെ ബാസ്കിൻ റോബിൻസ് പുന്നാരവും നട്ടപ്പാതിരക്കു വേലിചാടി വളക്കുഴിയിൽ വീണതും വാട്ട്സ് ആപ്പിൽ അറുബോറൻ പ്രേമഹൈക്കു  അയച്ചതും വെറും പിരട്ടായിരുന്നോ? ആഹ്ഹ! കയ്യിൽകിട്ടിയാൽ ഞാൻ തല്ലിക്കൊന്നേനെ …കൊടുംചതിയൻ!”

ആരും കാണാത്ത നേരങ്ങളിൽ കുറുമ്പ വാർക്കുന്ന ഏതാനും കണ്ണീർതുള്ളികൾ മാത്രമാകാം ഇട്ടിയുടെ തുച്ഛജീവിതത്തിനുള്ള ഒരേയൊരു തർപ്പണം. കൂടിവന്നാൽ പെരാങ്ങോട് വായനശാലയിൽ ചിന്തകൻ ലൂയി ഒരു അനുസ്മരണവും തട്ടിക്കൂട്ടും. അടുത്ത ഏതെങ്കിലും അത്യാഹിതത്തോടെ ആളുകൾ ചെപ്പേട് നിർമ്മാതാവിന്റെ ഇഹലോകവാസം മറന്നു തുടങ്ങും. ബീഡിപ്പുക വായുവിൽ ലയിക്കുന്ന  സാവകാശത്തിൽ.

ഇക്കാര്യങ്ങൾ കൈവെള്ളയിൽ മുറിഞ്ഞുകിടക്കുന്ന ആയുഷ് രേഖപോലെ സ്വയംബോധ്യമുള്ളതിനാൽ ഇട്ടിക്കു മരണഭയമോ ആത്മഹത്യാപ്രവണതയോ ഉണ്ടായിരുന്നില്ല. ഏതായാലും ക്ണാശ്ശീരിക്കവലയിലോ പെറ്റിബൂർഷ്വാ രാജേട്ടന്റെ പെട്ടിക്കടയിലോ ഭൂതത്താൻകോട്ട കള്ളുഷാപ്പിലോ മണ്ണാർക്കാട്ടെ പഴയ ചെമ്പുസാമാനക്കടകളിലോ  കുറുമ്പയുടെ വീട്ടിലേക്കുള്ള ഇടവഴിയിലോ ഇട്ടിയെ കാണാറില്ല.

ഇട്ടിക്കു എന്തു പറ്റിയെന്നാണെങ്കിൽ…….

പ്രത്യേകിച്ചൊന്നും സംഭവിച്ചതല്ല. ഹോമോ സാപിയൻസിൽ കണ്ടുവരുന്ന ബോറടി, കുഴിമടി  എന്നീ  വിചിത്രവികാരങ്ങൾക്ക്  അവൻ തലവെച്ചു കൊടുത്തതായിരുന്നു. അടിമുടി മടുപ്പ് ബാധിച്ച ഇട്ടി വീട്ടിൽ നിന്നിറിങ്ങാതായി. പത്രം, വാരിക, ടി.വി, ഫേസ് ബുക്ക്, മെസ്സഞ്ചർ  സകലതും നിർത്തലാക്കി.  വിശപ്പു മൂക്കുമ്പോൾ ബോറടിച്ചിട്ടു കാര്യമില്ലാത്തതിനാൽ മാത്രം കഞ്ഞിയും പച്ചക്കായ നുറുക്കി ഉപ്പേരിയും വെച്ചു. മടി കാരണം ബീഡിവലിയും കള്ളുകുടിയും കുറുമ്പ നായികാവേഷത്തിൽ വരുന്ന സ്വയംഭോഗങ്ങളും തൽക്കാലം വേണ്ടെന്നുവച്ചു. കുറുമ്പ വിളിക്കുമ്പോൾ  “ചക്കരേ, സ്വല്പം തിരക്കിലാണ്…” എന്നു നുണ പറഞ്ഞു. ഇട്ടിയുടെ വട്ടുകൾ ഫ്രോയ്ഡിനെക്കാൾ നന്നായി മനോവിശകലനം ചെയ്തിട്ടുള്ളതിനാൽ  കുറുമ്പ അതു വിശ്വസിച്ചതായി ഭാവിച്ചു; ഫ്രോയ്ഡിന്റെ ഫ്രാഡുകളിൽ അവൾക്കു വിശ്വാസമില്ലെങ്കിലും. കൂടാതെ കുറച്ചുകാലത്തേക്കു കാമുകനു കടം കൊടുക്കാതെ കഴിഞ്ഞല്ലോ എന്ന ആശ്വാസവുമായി…. ആ കാശിനു അഞ്ചാറു ബട്ടർ ഫ്ലൈ ഡിസൈൻ ചുരിദാറ് വാങ്ങാം.

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഉമ്മറത്തിണ്ണയിൽ  ഇട്ടിനാൻ വെറുതെ മലർന്നു കിടക്കുന്ന പകൽ പത്തുമണി നേരം. അതാ, ഗേറ്റ് തുറന്നു പടവുകൾ ഇറങ്ങി ആരോ വരുന്നു. ങ്ങേ! തന്നെക്കുറിച്ചോർക്കാനും നീറേങ്കലിൽ ആളുണ്ടോ എന്നു ഇട്ടി അന്തംവിട്ടു. മുണ്ടു കുടഞ്ഞെടുത്തു അരയിൽ ഉറപ്പിക്കുമ്പോഴേക്കും  ലൂയി മുറ്റത്തെത്തി.

“എന്താടാ…ഈയിടെയായി നെനക്ക് ന്നെ കാണണ്ടാന്ന് തോന്നാൻ തൊടങ്ങിയോ? അതോ നീ സ്വന്തമായി വാറ്റ് തുടങ്ങിയോ?’

“ഏയ്…അതൊന്നും ണ്ടായിട്ടല്ല ലൂയിച്ചേട്ടാ…” ഇട്ടി ലൂയിക്കു ചാരുകസേര നീക്കിയിട്ടു കൊടുത്തു തിണ്ണയിൽ കുന്തിച്ചിരുന്നു.

“പിന്നെ ന്താണ്ടാ  ണ്ടായേ?”

“ഒന്നിലും ഒരു ഇദ് ല്ല്യാണ്ടായി…”

“ആഹാ… അതെങ്കിലും ണ്ടായില്ലോ… നന്നായി…  ഇനി അത് മൂക്കും. പ്പോ തീറ്റതൂറലാദികൾ  നടക്കുന്നില്ലേ?”

“അത് മാത്രം മുടക്കല്ല്യ.”

“കൊറച്ചു കഴിഞ്ഞാ അതും ല്ല്യാണ്ടാവും.. എല്ലാം മടുക്കും.. തളർച്ച മാത്രം ബാക്കിണ്ടാവും.”

ലൂയി അരയിൽനിന്നും ഒരു പൈന്റ് ആസവമെടുത്തു തിണ്ണയിൽ വെച്ചു. “നീ രണ്ടു ഗ്ളാസ്സും ഒരു മൊന്ത വെള്ളോം ഇട്ക്ക്…”

“ഗ്ളാസ് ഒന്നു മതി…” വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോകുമ്പോൾ ഇട്ടി ക്ഷീണസ്വരത്തിൽ പറഞ്ഞു.

“അത്രയും നല്ലത്.. ദ് എനിക്കു തെകയില്ല… പിന്നെ അതിഥിക്കും ഒരു മര്യാദ വേണല്ലോന്ന് കരുതി വെറുതെ പറഞ്ഞതാ… തൊട്ടുകൂട്ടാൻ ന്തെങ്കിലും കാണോ?”

“പൊണ്ണൻകായ മെഴുക്കുപുരട്ടി മതിയോ?”

ആസവം കുപ്പിഗ്ലാസ്സിലൊഴിച്ചു വെള്ളം കലർത്തി  ഒറ്റവലിക്കു  സേവിക്കുമ്പോൾ ചിന്തകൻ ലൂയി ഇട്ടിയെ രൂക്ഷമായി നോക്കി.

ഇട്ടി പരുങ്ങി: “അല്ല…ഞാൻ ചിന്തിക്ക്യായിരുന്നു…. ”

ലൂയി കണ്ണുരുട്ടി: “എന്ത്! ഞാൻ ഇവിടെള്ളപ്പോ നീ ചിന്തിക്ക്യേ?”

ഇട്ടി തലകുടഞ്ഞു: “അതല്ല, ലൂയിച്ചേട്ടാ… ഒന്നിലും ഒരു കാര്യല്ലാത്ത പോലെ… നോത്രെദാമിലെ കൂനന്റെ തുടക്കത്തിൽ  തെരുവിലെ മനുഷ്യരും പിച്ചക്കാരും കുറ്റവാളികളും വേശ്യകളും യുവനാടകകൃത്തിനെ വിചാരണക്കുവെച്ച പോലെ… ഞാനീ ചെപ്പേട് കൊത്താൻ നടന്നിട്ടു എനിക്കെന്ത്? നീറേങ്കലിനെന്ത്?”

ലൂയിക്ക് ആസവത്തിന്റെ രോഗശമനശക്തി ഏശാൻ തുടങ്ങിയിരുന്നു: ” ഒന്നാമതായി നീ ചിന്തിക്കാൻ പുറപ്പെട്ടതേ മണ്ടത്തരം. ചിന്ത അകത്തുനിന്നുള്ള എന്തോ കുന്തം   കുത്തിപ്പൊക്കാനുള്ളതല്ല. കാരണം?”

ഇട്ടിക്ക് ക്വിസ് മത്സരത്തിൽ പണ്ടേ തോൽവിയായിരുന്നു.

“കാരണം…” കായ ഉപ്പേരി ചവച്ചു ലൂയി തുടർന്നു: “മ്മളൊക്കെ സദാ അകവും പുറവും ഇല്ലാത്ത ഒരു ചിന്തക്ക് അകത്താണ്. ചിന്ത ഒരു ബാഹ്യലോകമാണ്.

രണ്ടാമത്, നിന്റെ നിരാശാവാദത്തിനു പുതുമ തീരെയില്ല. നോത്രദാമിന്റെ തെരുവുകളിൽ ഹ്യുഗോ സ്വയം വിചാരണ ചെയ്തതാണ്. അല്ലാതെ കൂനന്റെയും പള്ളീലച്ചന്റെയും ഇടയ്‌ക്ക്‌പെട്ട ആ പെണ്ണിന്റെ  ഭീകരദുരന്തം എഴുതി തീർക്കാനാവില്ല.”

ഇട്ടിക്കു തലക്കു കാര്യങ്ങൾ പിടിച്ചുതുടങ്ങി.

രണ്ടാമത്തെ ഒഴിക്കലിൽ ഗ്ളാസ് നിറച്ചു മീതെ ഏതാനും വെള്ളത്തുള്ളികൾ കുടഞ്ഞു കുപ്പി കാലിയാക്കവേ ലൂയി സ്വയം ഒഴുകി:
“മൂന്നാമത് ഒരു കാര്യവുമില്ലാതെ കാര്യങ്ങൾ ചെയ്യാൻ പഠിച്ചാൽ നീ രക്ഷപ്പെട്ടു.
നാലാമത്…”

ഇട്ടി ചെ ഗുവേരയെ ഒളിവിലാക്കി ആണിക്കൊളുത്തിൽ തൂക്കിയ പുള്ളിഷർട്ട് എടുത്തിട്ടു.

“മതി.. ലൂയിച്ചേട്ടാ ..എല്ലാം പിടി കിട്ടി…വാ മ്മക്ക് പോയി സരോജിനിന്റെ അവ്ട്ന്ന് കൊറച്ചു ആസവം വാങ്ങാം…”

****************************************************ലൂയിയുടെ തോളിൽ കയ്യിട്ടു കനാൽവരമ്പിലൂടെ സരോജിനിയുടെ പുരയിലേക്കു നടക്കുമ്പോൾ ഒരു മാസത്തിലേറെയായി അപരിചിതമായിരുന്ന നീറേങ്കൽ എന്ന കാന്തികപ്രവാഹം  ഇട്ടിനാൻറെ ഉടലിലൂടെ ആചാരലംഘനമായി, ആർത്തവമെന്ന കൊടുംകുറ്റമായി, തെറിനാമജപമായി, ക്ണാശ്ശീരി കോടതികളിൽ ചരടുവലിക്കുന്ന കലാപങ്ങളായി, മുന്നോട്ടോ പിന്നോട്ടോ എന്നറിയാതെ വഴുക്കലിൽ വടി കുത്തുന്ന നവോത്ഥാനങ്ങളായി ഉന്മാദവും ദുരിതവും ആർത്തിയും ശക്തിയും എതിർപ്പും തിളയ്ക്കുന്ന ലാവാപ്രവാഹമായി പ്രളയവേഗത്തിൽ കുതിച്ചെത്തി.

അതോടെ അവന്റെ ഉള്ള സ്വസ്ഥതയും നഷ്ടമായി.

നഷ്ടമാകൽ എന്ന കലയാണ് ജീവിതം എന്ന ആനന്ദവും അവനുണ്ടായി.

ആയതിനാൽ ലൂയിയുടെ കയ്യിൽനിന്നും ഏതാനും വീരരായാൻ    ഇട്ടിനാൻ കൈപ്പറ്റുന്നതായിരിക്കും. നാളെ രാവിലെ മണ്ണാർക്കാട്ടു പോയി ഒരു ചെമ്പുമൊന്ത വാങ്ങി അടിച്ചുപരത്തി ചെപ്പേട് നിർമ്മിക്കുന്നതായിരിക്കും.

ആയതു നിർമ്മിച്ച്  നവമലയാളി ഗവേഷണകേന്ദ്രത്തിൽ കുഴി മാന്തുന്ന ലോകപ്രശസ്ത ആർക്കിയോളജിസ്റ്റുകൾ  വേല്വാര്, വല്ലൂക്കർ, മരവീണ ജോർജ്ജുട്ടി മുതലായവർക്ക്  സൂക്ഷ്മപരിശോധനക്കായി  ഒരു കുട്ടിച്ചാക്കിൽ കെട്ടിപ്പൂട്ടി ഇ മെയിലിൽ കൊളുത്തി മേഘസന്ദേശം അയക്കുന്നതായിരിക്കും.
——————————————-

നീറേങ്കൽ മുൻ ചെപ്പേടുകൾ:

നീറേങ്കൽ ചെപ്പേട്- ഓല ഒന്ന്

നീറേങ്കൽ ചെപ്പേട്- ഓല രണ്ട്

നീറേങ്കൽ ചെപ്പേട്- ഓല മൂന്ന്

നീറേങ്കൽ ചെപ്പേട്- ഓല നാല്

നീറേങ്കൽ ചെപ്പേട്- ഓല അഞ്ച്

നീറേങ്കൽ ചെപ്പേട്: ഓല ആറ്

നീറേങ്കൽ ചെപ്പേട്: ഓല ഏഴ്

നീറേങ്കൽ ചെപ്പേട്: ഓല എട്ട്

ഇതുവരെ വന്ന മുഴുവൻ ചെപ്പേടുകളും ഇവിടെ വായിക്കുക.

Comments

comments