ചാകുന്നേനിപ്പുറം
എങ്ങനേലുമീരാജ്യത്തെ
ഒരു മന്ത്രിയാവണം

എന്നിട്ടു വേണം,
കൂരഞ്ചിറ ചീരഞ്ചിറ
തേവങ്കേരി മൈലങ്കേരി
പാണ്ടനാട് ചാത്തനാട് പോലുള്ള
കീഴാളപേരിന്റെ നാടുകളിൽ
ഉത്ഖനനത്തിന് ഉത്തരവിടാൻ

മടയുറയ്ക്കാൻ
ചിറയുറയ്ക്കാൻ
എന്നൊക്കെപ്പറഞ്ഞ്
ജീവനോടവിടങ്ങളിൽ
നിർത്തിമൂടി കൊന്നുകളഞ്ഞ
കൂരന്റേം ചീരന്റേം
തേവന്റേം മൈലന്റേമെല്ലാം
അസ്ഥിപഞ്ജരം വീണ്ടെടുത്ത്
ആചാരവെടികളോടെ
സംസ്കരിക്കാൻ

അന്നീ രാജ്യത്ത്
പൊതു അവധിയായിരിക്കും
സകല കൊടികളും
പകുതി താഴ്ത്തിക്കെട്ടിക്കും


 

Comments

comments