ട്ടച്ചേറ് മണക്കുന്ന

മോട്ടോര്‍ തറയുടെ മുറി
വെള്ളയടിച്ചെടുത്ത്
ആദ്യകാലരാത്രികള്‍ അതിലാക്കണം

കാറ്റില്‍ ചാച്ചന്‍മാരുടെ മുറുക്കാന്‍പൊതിയുടെ
ചൂരിനൊപ്പം പാതിവിരിഞ്ഞ നെല്ലിന്‍റെ പാല്‍ മണം
ഒഴുകിവരണം

രാത്രിയില്‍ വരാല്‍ ഞൊട്ടിയുടെ വെള്ളമെടുക്കും
ഗുളും ഒച്ച കേട്ട്
നിന്നില്‍ അമര്‍ന്ന് കിടക്കണം

തൊണ്ട പൊട്ടിപ്പാടി ചക്രം ചവിട്ടിയ ചാച്ചന്‍മാരുടെ
തേക്കുപാട്ടിന് കാതോര്‍ക്കണം
രാത്രിയില്‍ പോക്ക് വരവ് നടത്തുന്ന
ഭദ്രകാളിത്തള്ളയെ കൈ കാണിക്കണം

മടയുറയ്ക്കാന്‍ വലിച്ചെറിയപ്പെട്ട എന്‍റെ
അപ്പന്‍മാരേ
മുല പിഴിഞ്ഞ് ഞാറിന് കൊടുത്ത
എന്റമ്മമാരേ
കട്ടുറുമ്പ് തിന്ന കുഞ്ഞുങ്ങളേ
പകരം ചോദിക്കാന്‍ നല്ല ഒരു കുഞ്ഞിനെ തരണേ
എന്ന് പാടി തുടങ്ങാം


Comments

comments