ലോക സാഹിത്യ ചരിത്രത്തില്‍ ഭാഷ കൊണ്ടും ഭാവന കൊണ്ടും അരങ്ങേറിയ മഹത്തായ വിപ്ലവവും സമ്പന്നമായ വസന്തവുമായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ ബൂം. നിലനിന്നു പോരുന്ന ഒരു യാഥാസ്ഥിഥിതിക സമ്പ്രദായത്തെ അട്ടിമറിച്ച് നവീനമായ ഒരു ക്രമം നിർമ്മിക്കുക എന്നതാണല്ലോ വിപ്ലവം എന്ന സംജ്ഞ കൊണ്ട് ഉദ്ദേശിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ഫിക്ഷനെഴുത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അതുവരെയുള്ള ആഖ്യാന പാരമ്പര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തവും അടിമുടി നവീനവുമായ ഒരു സംവേദനതലം ബൂം കാലഘട്ടം സൃഷ്ടിച്ചു എന്ന് പറയാനാവില്ല. ബൂം കാലഘട്ടത്തിനും മുന്നേ ഒരു നൂറ്റാണ്ട് കാലത്തോളം സമാന്തരമായും ഇടകലര്‍ന്നും തുടര്‍ന്ന് പോന്നിരുന്ന വിവിധ തരം ആഖ്യാന സമ്പ്രദായങ്ങളും സംവേദന ശീലങ്ങളും ബൂം കാലത്തില്‍ ഇഴചേര്‍ന്ന്‍ അവയുടെയെല്ലാം പുഷ്കലരൂപം ആര്‍ജ്ജിക്കുകയാണുണ്ടായത്. മറ്റെല്ലാ സാഹിത്യ ചരിത്രങ്ങളിലെയും എന്ന പോലെ കാലഗണനയില്‍ വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പൊതുവില്‍ 1960 – 80 കാലഘട്ടമാണ് ലാറ്റിന്‍ അമേരിക്കന്‍ ഫിക്ഷന്‍ സാഹിത്യത്തില്‍ ബൂം കാലഘട്ടമായി കണക്കാക്കപ്പെടുന്നത് . അതിന് പിന്നോട്ടുള്ള ഒരു നൂറ്റാണ്ട് കാലത്തെ ഫിക്ഷന്റെ ചരിത്രം പരിശോധിച്ചാല്‍ പലതരം എഴുത്ത് രീതികളുടെ ഉദ്ഭവങ്ങളും പരിണാമങ്ങളും കാണാം. ലോകസാഹിത്യത്തില്‍ പൊതുവായി കാണപ്പെടുന്ന പ്രവണത പോലെ തന്നെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളോടെ, നിലവിലിരുന്ന റിയലിസ്റ്റ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ആധുനികതാ പ്രസ്ഥാനത്തിന്റെ ചില സവിശേഷ സൂചനകള്‍ ലാറ്റിന്‍ അമേരിക്കന്‍ കഥാ സാഹിത്യത്തിലും നാമ്പിട്ടു തുടങ്ങി. സ്പാനിഷ്‌ ഭാഷയില്‍ Vanguardia എന്ന പേരില്‍ അറിയപ്പെടുന്ന ആധുനികതാ പ്രസ്ഥാനം ലാറ്റിന്‍ അമേരിക്കന്‍ കഥാസാഹിത്യത്തില്‍ വ്യത്യസ്ത വഴികളിലൂടെയാണ്‌ വന്നുചേര്‍ന്നത്. റിയലിസ്റ്റ് സമ്പ്രദായങ്ങളില്‍ നിന്ന് മാറി ആധുനികതയിലേക്ക് ചുവടു വയ്ക്കുന്നതില്‍ പ്രധാന ത്വരകമായി മാറിയ ഒരു സംഭവം മെക്സിക്കന്‍ വിപ്ലവം (1910-20) ആയിരുന്നു. വിപ്ലവത്തിന്റെ സംഘര്‍ഷാത്മകസാഹചര്യങ്ങളുമായി എതിരിട്ട സര്‍ഗ്ഗാത്മക മനസ്സുകള്‍ കൂടുതല്‍ തീവ്രവും തീക്ഷ്ണവുമാകുകയും അതിന്റെ പ്രതിഫലനങ്ങള്‍ അവരുടെ വാക്കുകളിലും ശൈലിയിലും പ്രകടമാകാകുകയും ചെയ്തു. അതോടെ റിയലിസ്റ്റ് രീതികളുടെ പരന്ന ശൈലി കൂടുതല്‍ മൂര്‍ച്ചയുള്ളതായി മാറാന്‍ തുടങ്ങി. മരിയാനോ അസ്വേല (Mariana Azuela) യുടെ അണ്ടര്‍ഡോഗ്സ് (Underdogs) ഈ വിപ്ലവച്ചൂളയില്‍ നിന്നും ചൂട് പകര്‍ന്ന് പിറവി കൊണ്ട ആദ്യ കാല ലാറ്റിന്‍ അമേരിക്കന്‍ ആധുനിക നോവലാണ്‌. അവിടം കൊണ്ട് അവസാനിക്കാതെ പിന്നീടുള്ള ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യ ചരിത്രത്തിലുടനീളം മെക്സിക്കന്‍ വിപ്ലവവും ക്യൂബന്‍ വിപ്ലവവുമൊക്കെ ചേര്‍ന്ന് സൃഷ്ടിച്ച വിധ്വംസക സ്വഭാവമാര്‍ന്ന ഭാവനാ വിഭവങ്ങള്‍ വലിയൊരു അടിയൊഴുക്കായി ഒഴുകുന്നത്‌

കാണാം. ഇതിനോടൊപ്പം പരമ്പരാഗത ശൈലീ വ്യതിയാനത്തില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊരു കൂട്ടം നോവലുകളാണ് പ്രാദേശിക നോവലുകള്‍ അഥവാ നാട്ടുചുവയുള്ള നോവലുകള്‍ (Novels of Local Colour). മനുഷ്യര്‍ അതിജീവനത്തിനും നിലനില്‍പ്പിനുമായി, തങ്ങളായിരിക്കുന്ന ചുറ്റുവട്ടത്തെ പരുക്കന്‍ പ്രകൃതിയുമായുള്ള ഇടപെടലുകളുടെയും പടപൊരുതലുകളുടെയും അനുഭവങ്ങളെ നാട്ടുചുവയുള്ള വാങ്ങ്മയങ്ങളില്‍ രേഖപ്പെടുത്തിയ ഗാഥകളായിരുന്നു അത്തരം നോവലുകള്‍. പക്ഷെ യഥാതഥമായ ശൈലിയിലുള്ള ഒരു ആഖ്യാന സംവിധാനമായി അത് ചുരുങ്ങി പോയിരുന്നില്ല. ചുറ്റുവട്ടത്തെ പ്രകൃതി ദൃശ്യങ്ങളിലും ജീവിത പരിസര ചിത്രണങ്ങളിലും ഒതുങ്ങി നില്‍ക്കാതെ സൂക്ഷ്മമായ നിരീക്ഷണങ്ങളാലും, അലിഗറിയുടെയും മിത്തുകളുടെയും ചതുരമായ ഉപയോഗത്തിലൂടെയും, കേവലം ഭൌതികാനുഭവ സീമകൾക്ക് അതീതമായൊരു അനുഭൂതി തലം കൊടുക്കാന്‍ അത്തരം നോവലുകള്‍ക്ക് സാധിച്ചു. പാശ്ചാത്യ ആധുനികതയുടെ പ്രഭാവം ലാറ്റിന്‍ അമേരിക്കന്‍ ഫിക്ഷന്‍ സാഹിത്യത്തിലേക്ക് പൂര്‍ണ്ണ തോതില്‍ കടന്നു വരുന്നത് അര്ജന്റീനിയന്‍ എഴുത്തുകാരനായ ലൂയി ഹോര്‍ഹെ ബോര്‍ഹസിലൂടെയാണ്. പാണ്ഡിത്യവും ധിഷണയും ഭാവനയുമെല്ലാം വലിയ അളവില്‍ കൂടിക്കലര്‍ന്ന അദ്ദേഹത്തിന്റെ സംവേദന ക്ഷമത പ്രാദേശികമായ സീമകള്‍ എല്ലാം അതിലംഘിച്ച് സാര്‍വ്വലൌകികമായൊരു തലത്തിലേക്ക് ലാറ്റിന്‍ അമേരിക്കന്‍ കഥാസാഹിത്യത്തെ എടുത്തുയര്‍ത്തി. തനത് സാംസ്കാരിക സ്വത്വങ്ങളെയോ രാഷ്ട്രീയ പരിസരങ്ങളെയോ തന്റെ രചനകളുടെ അടിസ്ഥാന പ്രമാണങ്ങളിലേക്ക് കൊണ്ട് വന്നില്ലെങ്കിലും ലോക സാഹിത്യത്തിന്റെ ശ്രദ്ധ അന്നാട്ടിലെ എഴുത്തുകാരിലേക്ക് കൂടുതല്‍ എത്തിക്കാന്‍ അദേഹത്തിന് കഴിഞ്ഞു. ഇതേ സമയം തന്നെ പ്രാദേശികമായ പദാര്‍ഥങ്ങളെ എഴുത്തിലേക്ക്‌ പകരുവാനുള്ള ആവേശം പല എഴുത്തുകാരിലും തുടരുകയും വളരുകയും ചെയ്യുന്നുണ്ടായിരുന്നു. തദ്ദേശീയവും ആഫ്രിക്കനുമായ പഴങ്കഥകളിലും പുരാവൃത്തങ്ങളിലും നിന്നായി, ഫാന്റസിയുടെയും മാന്ത്രികാനുഭാവങ്ങളുടെയും സ്വഭാവമുള്ള ആദിമ സ്മരണകളെ തങ്ങളുടെ നിര്‍ദ്ദിഷ്ട രചനാ വിഷയങ്ങളുമായി ഇടകലര്‍ത്തി, ഒരു പുതിയ ഭാവുകത്വ നിമ്മാണം 1940 കളോടെ ആരംഭിക്കുന്നിടത്താണ് ലാറ്റിന്‍ അമേരിക്കന്‍ കഥാ സാഹിത്യം അതിന്റെ അനന്യസാധാരണമായ തനിമയോടെ ലോകസാഹിത്യ ഭൂപടത്തില്‍ ഇടം പിടിച്ചു തുടങ്ങുന്നത്. മിഗ്വല്‍ എയ്ഞ്ചല്‍ അസ്തൂരിയാസ് ന്‍റെ (Miguel Angel Asturias) പ്രസിഡന്റ്‌ ഉം (The President) അലെഹോ കാര്‍പ്പെന്റിയര്‍ ന്‍റെ (Alejo Carpentier) കിങ്ങ്‌ഡം ഓഫ് ദിസ്‌ വേള്‍ഡ് ഉം (The Kingdom of This World) പുരാവൃത്ത ധ്വനികളും മാന്ത്രിക സ്വരങ്ങളും കൊണ്ട് നെയ്തെടുത്ത നവീനമായൊരു ആഖ്യാനശില്പം മുന്നോട്ടുവച്ചു. മാന്ത്രിക ഭാവനകള്‍ കൊണ്ട് യാഥാര്‍ഥ്യത്തിന്റെ കൂടുതല്‍ തീക്ഷ്ണവും ദീപ്തവുമായ പുതുസംവേദനങ്ങള്‍ സാധ്യമാക്കിയ ഈ മാന്ത്രികാഖ്യാനം, മാജിക്കല്‍ റിയലിസം എന്ന പേരില്‍ ഒരു ധാരയ്ക്ക് തുടക്കം കുറിക്കുകയും ലോകസാഹിത്യചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം തന്നെ എഴുതി ചേര്‍ക്കുകയും ചെയ്തു. ഇങ്ങനെ നാടിന്റെ വിപ്ലവച്ചൂളയില്‍ ജ്വലിച്ചുയര്‍ന്നും നാട്ടുച്ചുവകളുടെ ചേരുവകള്‍ ചേര്‍ന്നും പാശ്ചാത്യ ശൈലികള്‍ സ്വീകരിച്ചും മിത്തുകളുടെയും പഴങ്കഥകളുടെയും മന്ത്രങ്ങള്‍ ജപിച്ചുണര്‍ത്തിയും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളോടെ പല ഘട്ടങ്ങളിലായി പല രൂപത്തില്‍

ലാറ്റിന്‍ അമേരിക്കന്‍ കഥാസാഹിത്യത്തില്‍ ഉരുവം കൊണ്ട പലതരം ശൈലികള്‍, കൂടുതല്‍ വളര്‍ന്നും പരസ്പരം ഇടകലര്‍ന്നും കൊണ്ട് 1960 കളോടെ ഒരു കൂട്ടം നോവലുകളായി ലോകസാഹിത്യ ഭൂമികയില്‍ ഒരുമിച്ച് പിറന്നു വീണ ചരിത്ര മുഹൂര്‍ത്തമായിരുന്നു ലാറ്റിന്‍ അമേരിക്കന്‍ ബൂം. ഒരു കൂട്ടം എഴുത്തുകാര്‍ ഒരേ സമയം ഈടുറ്റ രചനകളുമായി ഈ കാലയളവില്‍ പ്രവേശിക്കുകയും അവയില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് ലേക്കും ഇതര ലോക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടതോടെയുമാണ്‌ ബൂം സാഹിത്യത്തിന് മറ്റു ലോക രാജ്യങ്ങളിലേക്ക് ഇത്രത്തോളം വ്യാപനവും സ്വീകാര്യതയും ഉണ്ടാകുന്നത്. ഗ്രിഗറി റബാസ്സ, ഈഡിത്ത് ഗ്രോസ്സ്മാന്‍ തുടങ്ങിയ എഴുത്തിന്റെ ഉള്ളറിഞ്ഞ പരിഭാഷകരും ഈ വ്യാപനത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്‌. ബൂം എഴുത്തുകാരുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധവും വിദേശവാസവും ഇവരുടെ എഴുത്തിനെ പ്രാദേശിക വികേന്ദ്രീകരണത്തില്‍ നിന്നും ലോകകേന്ദ്രീകൃതത്തിലേക്ക് കൊണ്ട് വരാന്‍ സഹായിച്ചു. യൂറോപ്പിലും വടക്കേ അമേരിക്കയിലുമായി വളര്‍ന്നു പന്തലിച്ചു നിന്നിരുന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ ശോഷണം വായനക്കാരെ പുതു വിതാനങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ചു നില്‍ക്കുന്ന സമയത്താണ്, ചരിത്രവും ജൈവികതയും മാന്ത്രികതയും കൊണ്ട് സമ്പന്നമായ കഥാസാഹിത്യത്തിന്‍റെ ഒരു നവലോകം അവര്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. ലോകവായനക്കാര്‍ അതിനെ ആവേശ പൂര്‍വ്വം വരവേല്‍ക്കുകയും ചെയ്തു.

ബൂം സാഹിത്യത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ ഒരു കൂട്ടം എഴുത്തുകാരുടെ ശ്രമങ്ങളും സംഭാവനകളും മുന്നില്‍ വരുന്നുണ്ടെങ്കിലും പ്രധാനമായും നാല് സ്തംഭങ്ങളെ മുന്‍നിര്‍ത്തിയാണ് അതുണ്ടാകുന്നത് . അര്‍ജന്റീനിയയന്‍ എഴുത്തുകാരനായ ഹൂലിയോ കോര്‍ത്തസാര്‍, കൊളംബിയന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ് പെറുവിലെ മരിയോ വര്‍ഗ്ഗാസ് യോസ , മെക്സിക്കന്‍ എഴുത്തുകാരനായ കാര്‍ലോസ് ഫുയന്തിസ് എന്നിവരാണ് ബൂം സാഹിത്യത്തിലെ നാല് നെടും തൂണുകളായി നിലകൊള്ളുന്നത്. മാജിക്കല്‍ റിയലിസം എന്ന സങ്കേതത്തിലൂടെ ലാറ്റിന്‍ അമേരിക്കന്‍ കഥാസാഹിത്യത്തിന്‍റെ മുഖമായി മാര്‍ക്കേസ് മാറിയപ്പോള്‍ യോസയും ഫുയന്തിസും മണ്ണിന്റെയും ജനതയുടെയും ചരിത്രത്തിലും രാഷ്ട്രീയത്തിലും എത്നിക് ആയൊരു ജൈവിക സംവേദനത്തിലൂടെ സൂക്ഷ്മമായി ഇടപെട്ടു. ഈ പറഞ്ഞ മൂന്ന് പേരും നാടിന്റെ ആത്മാംശങ്ങളെയും സംസ്കാരത്തെയും ഭൂതകാല മാന്ത്രിക സ്മരണകളെയുമൊക്കെ ഏകോപിപ്പിച്ചു കൊണ്ട് ബൂം കാലത്തിന്റെ ഒരു പൊതു സ്വഭാവം പ്രകടിപ്പിച്ചു. എന്നാല്‍ ഇവരില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു സര്‍ഗ്ഗാവിഷ്കാര ഇടത്തിലാണ് കോര്‍ത്തസാര്‍ പ്രവര്‍ത്തിച്ചത്. ഫ്രഞ്ച് സിംബലിസവും സര്‍റിയലിസവുമായിരുന്നു കോര്‍ത്തസാര്‍ ന്‍റെ ആവിഷ്കാര വാഹകരായി മാറിയത്. കോര്‍ത്തസാര്‍ ലാറ്റിന്‍ അമേരിക്കന്‍ ഭൂമികയുടെ സീമകള്‍ക്കുള്ളിലോ ഭൌതിക ലോകത്തിന്റെ തന്നെ വ്യവസ്ഥാപിതമായ അതിരുകള്‍ക്കുള്ളിലോ ഒതുങ്ങി നിന്നിരുന്ന ഒരെഴുത്തുകാരന്‍ ആയിരുന്നില്ല. പ്രത്യക്ഷവും വ്യവസ്ഥാപിതവുമായ ഭൌതിക ലോകത്തിന് പുറത്ത് വ്യവസ്ഥകളുടെയും മൂല്യങ്ങളുടെയുമെല്ലാം സീമകള്‍ ഭേദിച്ച ബദല്‍ ലോകങ്ങളെ തേടുക , അവിടെ സ്വയം പ്രതിഷ്ഠിച്ചു കൊണ്ട്

സര്‍റിയലിസ്റ്റിക് ആയി ഭൌതിക ലോകത്തെ മറ്റൊരുതരം യാഥാര്‍ഥ്യ അനുഭവത്താല്‍ അടയാളപ്പെടുത്തുക എന്നൊരു രചനാരീതിയാണ്‌ കോര്‍ത്തസാര്‍ ന്റെതായി നിരീക്ഷിക്കാവുന്നത്. ഇത്തരം ഒരു സര്‍ഗാത്മക ബോധ്യത്തിലേക്ക് കോര്‍ത്തസാര്‍ എത്തിച്ചേര്‍ന്നതിനെ അദ്ദേഹത്തിന്‍റെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി നോക്കുന്നത് കൌതുകമുള്ളൊരു അന്വേഷണമാണ്. ഹൂള്‍ ഫ്ലോറന്‍ഷിയോ കോര്‍ത്തസാര്‍ 1914 ല്‍ ബെല്‍ജിയത്തിലെ ബ്രസ്സല്‍സിലാണ് ജനിക്കുന്നത്. മാതാപിതാക്കള്‍ അര്‍ജന്റീനിയക്കാര്‍ ആയിരുന്നു. എന്നാല്‍ അമ്മയുടെ പിതാവ് ഫ്രഞ്ച് കാരനും മാതാവ് ജര്‍മ്മന്‍ കാരിയും ആയിരുന്നു. കൈസര്‍ വീലം ന്‍റെ സൈന്യം ബെല്‍ജിയം കീഴടക്കുമ്പോള്‍ മാതാപിതാക്കള്‍ കോര്‍ത്തസാര്‍ നെയും കൊണ്ട് സൂറിച്ച് ലേക്ക് രക്ഷപ്പെട്ടു. അവിടെ നിന്ന് ജനീവ യിലേക്കും തുടര്‍ന്ന് ബാര്‍സലോണ യിലേക്കും മാറി മാറി താമസിച്ചതിനു ശേഷം അര്‍ജന്റീനയില്‍ തന്നെ മടങ്ങിയെത്തി. ഇത്തരത്തില്‍ പൈതൃകമായി തന്നെ കൈ വന്ന ദേശാന്തരമായ ജനിതകാടിസ്ഥാനവും, ശൈശവ അവബോധം രൂപപ്പെടുന്ന സമയത്ത് തന്നെയുള്ള ദേശാന്തര യാത്രകളും കുടിയേറ്റങ്ങളുമൊക്കെ കോര്‍ത്തസാറില്‍ നിന്നും അതിര്‍ത്തി ബോധരേഖകള്‍ മാഞ്ഞുപോകുന്നതിന് ഇടയാക്കിയിട്ടുണ്ടാകാം. വൈകാതെ തന്നെ അച്ഛന്‍ അവരെ ഉപേക്ഷിച്ചു പോകുന്നതിനെ തുടര്‍ന്ന് കോര്‍ത്തസര്‍ നെയും സഹോദരിയെയും അമ്മ ഒറ്റയ്ക്കാണ് വളര്‍ത്തുന്നത്. ബ്യൂണസ് അയേര്‍സ് ന്‍റെ തെക്ക് മാറിയുള്ള ബാന്‍ഫീല്‍ഡ് എന്ന സ്ഥലത്തുള്ള അമ്മയോടും സഹോദരിയോടുമൊത്തുള്ള ഏതാണ്ട് ഒറ്റപ്പെട്ട ജീവിതവും അതിലെ ഉത്കണ്കഠളും ഭീതികളുമൊക്കെയാകാം അദ്ദേഹത്തിന്റെ പല കഥകളിലെയും ഭീതിദമായ അന്തരീക്ഷ സൃഷ്ടിക്ക് പിന്നിലെ ഉള്‍പ്രേരകം. കോര്‍ത്തസാര്‍ ന്‍റെ ബിരുദ പഠനം ഭാഷയിലും ഫിലോസഫിയിലുമായിരുന്നു. പിന്നീട് കുറച്ചുകാലം ഫ്രഞ്ച് സാഹിത്യത്തില്‍ അധ്യാപകനുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ കാരണങ്ങളാല്‍ അതും തുടരാന്‍ സാധിച്ചില്ല. കൌമാര – യൌവ്വന കാലത്ത് തുടര്‍ന്ന് പോന്ന ഫിലോസഫിയും സാഹിത്യവും ഭാഷയുമായുള്ള ജീവിത ഇണക്കം എഴുത്തിലെ ഭാവനാ ദിശകളെ നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീന ശക്തിയായി മാറി. 1951 ല്‍ അദ്ദേഹം ഫ്രാന്‍സ് ലേക്ക് കുടിയേറുകയും ഫ്രഞ്ച് പൌരത്വം സ്വീകരിച്ച് മരണം വരെ അവിടെ തന്നെ ജീവിക്കുകയും ചെയ്തു. കുട്ടിക്കാലം മുതല്‍ തന്നെ സര്‍ഗ്ഗാത്മക രൂപീകരണത്തിന് പ്രേരണകളായ വിവിധ സാമൂഹിക വൈയക്തിക ഘടകങ്ങള്‍, ഫ്രെഞ്ച് ജീവിതവും സമകാല സാഹിത്യ സംസ്കാരവുമായി ഇടകലരുന്നിടത്ത് കോര്‍ത്തസാര്‍ എന്ന എഴുത്തുകാരന്‍റെ സര്‍ഗ്ഗാത്മക വ്യക്തിത്വം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ സംഭൂതമാകുന്നു. ഫ്രഞ്ച് ഭാഷയും സാഹിത്യവുമായുള്ള കോര്‍ത്തസാര്‍ന്‍റെ ആദ്യകാല പരിചയങ്ങളുടെ കാലത്ത് അവിടെ സര്‍റിയലിസ്റ്റ് പ്രസ്ഥാനം ജ്വലിച്ചു നില്‍ക്കുന്ന സമയമാണ്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കാലം ഫ്രഞ്ച് കലാകാര സമൂഹം ദാദായിസ്റ്റ് സമ്പ്രദായങ്ങളില്‍ ആകൃഷ്ടരാകുകയും തുടര്‍ന്ന് സിഗ്മണ്ട് ഫ്രോയിഡ്ന്‍റെ മനോവിശ്ലേഷണ വ്യാഖ്യാനങ്ങളില്‍ പ്രചോദിതരാകുകയും ചെയ്യുന്നുണ്ട്. അത് വഴി മനസ്സിന്റെ അബോധതലങ്ങളെ കുറിച്ചുള്ള അന്വേഷണവും ആവിഷ്കരണവും അവരെ സര്‍റിയലിസത്തില്‍

കൊണ്ടെത്തിക്കുകയും ചെയ്തു. അത് രണ്ടാം ലോക മഹായുധാനന്തരം വരെ പ്രബലമായി നില്ക്കുന്നുണ്ട്. ഫ്രഞ്ച് സാഹിത്യസഞ്ചാരത്തിന്റെ ഈ വഴികള്‍ക്കൊപ്പം സഞ്ചരിച്ച കോര്‍ത്തസര്‍ ന്‍റെ രചനകളില്‍ ഇതിന്റെയെല്ലാം അടിയൊഴുക്കുകള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധാനന്തരം1950 കളോടെ ഫ്രഞ്ച് നാടക വേദികള്‍ വിധ്വംസകമായൊരു മാറ്റത്തിന് വിധേയമാകുന്നു. സാമുവല്‍ ബക്കറ്റ് ന്‍റെ നേതൃത്വത്തില്‍ കടന്നുവന്ന അസംബന്ധ നാടക പ്രസ്ഥാനം (Theatre of absurd) ഫ്രഞ്ച് സാഹിത്യത്തിലാകെ തന്നെ പരീക്ഷണോന്മുഖമായൊരു മാറ്റത്തിന് വഴിവച്ചു. പരമ്പരാഗതമായ ആഖ്യാന സമ്പ്രദായങ്ങളെയും കഥാപാത്ര സൃഷ്ടികളേയും കഥാതന്തുക്കളെയും കൃത്യവും നിശ്ചിതവുമായ ആശയ സംവേദന ലക്ഷ്യങ്ങളെയുമൊക്കെ പാടെ നിരാകരിച്ച പുതിയ പരീക്ഷണം നോവലിലേക്കും വ്യാപിച്ചു നില്‍ക്കുന്ന സമയത്താണ് കോര്‍ത്തസാര്‍ ഫ്രാന്‍സില്‍ എത്തുന്നത്. കുട്ടിക്കാലം മുതലുള്ള പലതരം ജീവിതസാഹചര്യങ്ങളും കൌമാര കാലത്തെ ഫിലോസഫി പഠനവും ഫ്രഞ്ച് സാഹിത്യവുമായുള്ള ഇടപെടലുകളും ഫ്രാന്‍സ് ലേക്കുള്ള കുടിയേറ്റവും തല്‍സമയത്തെ പരീക്ഷണോന്മുഖമായ സാഹിത്യ സംസ്കാരവുമൊക്കെ ചേര്‍ന്നാണ് കോര്‍ത്തസാര്‍ ന്‍റെ സര്‍ഗ്ഗാത്മകാഭിരുചിയുടെ കൂട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഇരുപത്തിനാലാം വയസ്സില്‍ ആദ്യ കവിതാസമാഹാരം സ്വന്തം നിലയില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് കോര്‍ത്തസാര്‍ തന്‍റെ സാഹിത്യ ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ചെറുകഥ, നോവല്‍, നാടകം, പ്രബന്ധങ്ങള്‍, ഗ്രാഫിക് നോവല്‍ അങ്ങിനെ നിരവധി സര്‍ഗ്ഗാത്മക മേഖലകളിലൂടെ ആ പരീക്ഷണോന്മുഖ മനസ്സ് സഞ്ചരിച്ചു. ചെറുകഥാകൃത്ത് എന്ന നിലയില്‍ തന്‍റെതായൊരു മൌലിക എഴുത്തിടം രൂപപ്പെടുത്തുകയും ചെറുകഥാസാഹിത്യത്തിന് അപരിചിതമായൊരു മേഖല സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഫ്രഞ്ച് സര്‍റിയലിസത്തിന്റെ ശക്തമായ സ്വാധീനമുള്ള The House Taken over എന്ന അദ്ദേഹത്തിന്റെ ആദ്യ ചെറുകഥയില്‍ തന്നെ ഇതിന്റെ അനുരണനങ്ങള്‍ കാണാം. പിന്നീട് തന്‍റെ പ്രശസ്തമായ പല രചനകള്‍ക്കും അടിയൊഴുക്കായി പ്രവര്‍ത്തിച്ച അജ്ഞേവും ദുരന്തസൂചകവുമായ ഭീതിബോധം ഈ കഥയുടെ വിധി നിര്‍ണ്ണായകമായ പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്നുണ്ട്. കഥകളുടെ മറ്റൊരു സ്വഭാവമാണ് അപ്രതീക്ഷിത വൈദ്യുതാഘാത സമാനമായ പരിസമാപ്തി. അത് പക്ഷെ ഓ ഹെന്‍റിയുടെ കഥകളിലെന്ന പോലെ റിയലിസത്തിന്‍റെ പരിചിത വഴികളിലൂടെ സഞ്ചരിച്ച് എത്തിച്ചേരുന്ന അപ്രതീക്ഷിതവും, കൌതുകത്താല്‍ വിസ്മയിപ്പിക്കുന്നതുമായ ഒരു ക്ലൈമാക്സ്‌ അല്ല. മറിച്ച് വായനയുടെ അപരിചിതവും ഭീതിദവുമായമായ വഴികളിലൂടെ സഞ്ചരിച്ചെത്തുന്ന വായനക്കാരന്‍ പെട്ടെന്ന് അപ്രതീക്ഷിതമായ ഒരു ദുര്‍ഗ്ഗത്തില്‍ വീണുപോകുന്ന അനുഭവമാണത്. മറ്റൊരു ആഖ്യാന കുശലതയാണ് വായനയുടെ വിപരീത ദിശാ സ്വഭാവം. വളരെ പ്രശസ്തമായ കഥ The Night Face up ഇതിന് നിദര്‍ശനമാണ്. ആരംഭം മുതല്‍ മുന്നിലേക്ക്‌ കഥ വായിച്ച് പോകുമ്പോള്‍ തന്നെ ഒടുക്കത്തില്‍ നിന്ന്‍ ആരംഭത്തിലേക്കുള്ള മറ്റൊരു വായനാ പ്രക്രിയയില്‍ വായനക്കാരന്‍ അറിയാതെ ഇടപെടുന്നു. കഥ വായിച്ച് തീര്‍ന്ന്‍ അതിന്റെ അപ്രതീക്ഷിത സമാപ്തി ദുര്‍ഗ്ഗത്തില്‍ പെട്ട് പോകുന്ന വായനക്കാരന് മുന്നില്‍, കഥയുടെ

ഒടുക്കത്തില്‍ നിന്ന് തുടക്കത്തിലേക്കുള്ള മറ്റൊരു വായന ക്രമം തെളിഞ്ഞു വരും. ഇങ്ങനെ തന്‍റെ ഫിക്ഷന്‍ രചനാജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ പരമ്പരാഗതമായ ആഖ്യാന – ഭാവുകത്വ പരിചിത വഴികളെയെല്ലാം നിരാകരിച്ച് തന്റേതായൊരു ഇടം നിര്‍മ്മിച്ചെടുക്കാനുള്ള ഉദ്യമങ്ങള്‍ കോര്‍ത്തസാറില്‍ പ്രബലമായിരുന്നു. അപരിചിതമായ ഭാവനാ ഇടങ്ങളെ തേടിയുള്ള പരീക്ഷണാത്മക സഞ്ചാരങ്ങള്‍ ആയിരുന്നു തുടര്‍ന്നുള്ള തന്‍റെ രചനാ ജീവിതത്തിലുടനീളം അദ്ദേഹത്തിലുണ്ടായിരുന്നത്. ആ അന്വേഷണങ്ങളുടെ ഏറ്റവും വളര്‍ച്ച മുറ്റിയതും ഫല ഭൂയിഷ്ഠമായതുമായ ഉത്പന്നമായിരുന്നു ഹോപ്സ്കോച് എന്ന നോവല്‍. കോര്‍ത്തസാര്‍ന്റെതായി ആകെ ആറ് നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് . മുന്‍പ് പറഞ്ഞത് പോലെ ഈ നോവലുകളെല്ലാം തന്നെ അദ്ദേഹത്തിന്റെ വേറിട്ടതും പരീക്ഷണോന്മുഖവുമായ ആഖ്യാനാന്വേഷണങ്ങളായിരുന്നു. അവസാന നോവലായ Manuel for Manuel ല്‍ കടന്ന് വരുന്ന സമകാലിക അര്‍ജന്റീനിയയിലെ രാഷ്ട്രീയഹിംസാത്മക പരിസരമൊഴികെ ലാറ്റിന്‍ അമേരിക്കന്‍ ഭൂമിശാസ്ത്രവും ചരിത്രവുമായൊന്നും മറ്റു നോവലുകള്‍ക്ക് കാര്യമായ ബന്ധങ്ങളൊന്നുമില്ല. കോര്‍ത്തസാര്‍ ന്‍റെ നോവലുകളില്‍ മാത്രമെന്നല്ല, ആകമാനമുള്ള അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളില്‍ ഏറ്റവും പ്രൌഢമായി നില കൊള്ളുന്നത്‌ ഹോപ്സ്കോച്ച് ആണെന്ന് നിസ്സംശയം പറയാം. ലാറ്റിന്‍ അമേരിക്കന്‍ ബൂം സാഹിത്യത്തിന്റെ കാഹള ധ്വനിയും, ലോക നോവല്‍ സാഹിത്യത്തില്‍ പരീക്ഷണാത്മക നോവലുകളിലെ ആധികാരിക പ്രമാണ പുസ്തകവുമായി അത് മാറി.

1963 ല്‍ Rayuela എന്ന പേരില്‍ സ്പാനിഷ്‌ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന നോവല്‍, 1966 ലാണ് ഗ്രിഗറി റബാസ്സ യുടെ പരിഭാഷയില്‍ ഹോപ്സ്കോച് എന്ന പേരില്‍ ഇംഗ്ലീഷ് ല്‍ പ്രസിദ്ധം ചെയ്യുന്നത്. ഭാഷയിലും ഭാവനയിലും വിഭിന്ന തരം പരീക്ഷണങ്ങള്‍ നിറഞ്ഞ, പരിഭാഷകനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഈ നോവല്‍നെ അതിന്റെ സര്‍വ്വതല സ്പര്‍ശിയായ ഭാഷാ – ഭാവ ബദ്ധതയോടെ ഇംഗ്ലീഷ്ലേക്ക് പരിഭാഷപ്പെടുത്തുന്നതില്‍ റബാസ്സ കാണിച്ച മിടുക്ക് കൂടിയാണ് ഇതിന് ഒരു ആഗോള നിരൂപക സമ്മതി നേടിക്കൊടുത്തത്. ഇതിന്റെ വിവര്‍ത്തനത്തിന് അമേരിക്കയുടെ National Book Foundation ന്‍റെ ഭാഗമായുള്ള The National Book Awards ന്‍റെ മികച്ച പരിഭാഷയ്ക്കുള്ള അവാര്‍ഡ് ഗ്രിഗറി റബാസ്സയ്ക്ക് ലഭിക്കുകയുണ്ടായി. ഹോപ്സ്കോച്ച് ആദ്യമായി സ്പാനിഷില്‍ പ്രസിദ്ധം ചെയ്തപ്പോള്‍ ഗംഭീരമായ സ്വീകരണമാണ് സമകാലിക എഴുത്തുകാരില്‍ നിന്നും ഉണ്ടായത്. പെറൂവിയന്‍ നോവലിസ്റ്റ്‌ ഉം ലാറ്റിന്‍ അമേരിക്കന്‍ ബൂം ലെ പ്രധാനിയുമായ മരിയോ വര്‍ഗ്ഗാസ് യോസ ഭൂകമ്പസമാനം (seismic) എന്നാണ് ഇതിന്റെ വരവിനെ വിശേഷിപ്പിച്ചത്‌. യുദ്ധാനന്തര തലമുറയില്‍പ്പെട്ട അന്തര്‍ദേശീയ എഴുത്തുകാരില്‍ നിന്നും ആവിര്‍ഭവിക്കേണ്ടിയിരുന്നതില്‍ വച്ചേറ്റവും ശക്തമായ വികാരങ്ങളുടെയും ദര്‍ശനങ്ങളുടെയും സര്‍വ്വവിജ്ഞാനകോശം എന്നാണ് മെക്സിക്കന്‍ എഴുത്തുകാരനായ കാര്‍ലോസ് ഫുയന്തിസ് പറഞ്ഞത് . എങ്ങിനെ ഒരു സ്ഥലത്തെ തകര്‍ത്ത് കൊണ്ട് മറ്റൊരു സ്ഥലം നിര്‍മ്മിക്കാം

എന്നും, കാലത്തെ ശിരചേദം ചെയ്ത് അതിന് പുതിയൊരു ശിരസ്സ്‌ എങ്ങിനെ വച്ചുപിടിപ്പിക്കാം എന്നും ഹോപ്സ്കോച്ച് കാണിച്ചു തന്നു എന്നാണ് കോര്‍ത്തസാര്‍ന്‍റെ ദീര്‍ഘകാല സുഹൃത്തും ക്യൂബന്‍ എഴുത്തുകാരനുമായ ഹോസെ ലിസെമ ലിമ അഭിപ്രായപ്പെട്ടത് . സാഹിത്യ ലോകത്ത് ഒരു ഭൂകമ്പം സൃഷ്ടിച്ചും, രൂപവും ഭാവവും കൊണ്ട് ഒരു പരീക്ഷണ നോവല്‍ ആയിരിക്കെ തന്നെ അപരിചിതവും ഭ്രമാത്മകവും ഇരുണ്ടതുമായ വൈകാരിക സ്ഥലികളിലേക്കും ദര്‍ശനങ്ങളിലേക്കും വായനക്കാരെ കൈ പിടിച്ചു നടത്തിയും പരമ്പരാഗതമായ സ്ഥല-കാല സങ്കല്‍പ്പങ്ങളെയാകെ അപനിര്‍മ്മിച്ചും കൊണ്ട് ഈ നിരീക്ഷണങ്ങളെയെല്ലാം നോവല്‍ സാധൂകരിക്കുന്നുണ്ട്. . ഒരാള്‍ തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച്‌ നടത്തുന്ന ഒരു കളിയാണ് സാഹിത്യം എന്ന് ഒരു ഇന്‍റര്‍വ്യൂവില്‍ സാഹിത്യത്തെ കുറിച്ച് കോര്‍ത്തസാര്‍ ഒരു നിരീക്ഷണം നടത്തുന്നുണ്ട് . ഇത് ഹോപ്സ്കൊച്ച് ന്‍റെ രൂപസംവിധാനത്തില്‍ കൃത്യമായി അദ്ദേഹം സംഘാടനം ചെയ്തിട്ടുണ്ട്. വെറുതെ ഒരു നേരം പോക്കല്ലാത്ത വിധം ഒരു ജീവിതത്തോളം ആഴവും ആന്തരികദൃഡതയുമുള്ള ഒരു ആഖ്യാനലീലയാണ് ഹോപ്സ്കോച്ച് എന്ന ഈ നോവല്‍. സാധാരണ കുട്ടികള്‍ കളിക്കുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന, പ്രാദേശിക വകഭേദങ്ങളുള്ള ഒരു കളിയാണ് ഹോപ്സ്കോച്ച്. കേരളത്തില്‍ ഇത് പാണ്ടികളി, വട്ടുകളി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. ഒരു ഓടിന്‍ കഷ്ണം നിലത്തുവരച്ച വിവിധ കള്ളികളിലൂടെ തട്ടി നീക്കി ലക്ഷ്യത്തില്‍ എത്തിക്കുകയും വീണ്ടും തുടരുകയും ചെയ്യുന്നൊരു കളിയാണിത്. പാണ്ടികളി എന്ന ഈ രൂപകം നേരെ ചെന്ന് തൊടുന്നത് എഴുത്തിലെയും വായനയിലെയും ചില കളി വിന്യാസങ്ങളിലേക്കാണ്. എഴുത്തുകാരന്‍ വരച്ചിട്ട കള്ളികളിലൂടെ എഴുത്തുകാരന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും അല്ലാതെയും വായനക്കാരന്‍ മെല്ലെ സഞ്ചരിക്കുന്നു. എഴുത്തും വായനയും ഇവിടെ ഒരേ സമയം ചില കളിനിയമങ്ങള്‍ക്കനുസൃതമായും അല്ലാതെയും പാഠത്തിലൂടെ തെന്നി നീങ്ങുന്നു.

നോവലിന്‍റെ ആദ്യ പേജില്‍ തന്നെ നോവലിസ്റ്റ്‌ വായനാക്രമത്തെ പറ്റിയുള്ള ചില നിര്‍ദേശങ്ങള്‍ ടേബിള്‍ ഓഫ് ഇന്‍സ്ട്രക്ഷന്‍സ് എന്ന പേരില്‍ നല്‍കുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിച്ചോ അല്ലാതെ വായനക്കാരന്‍റെ ഇച്ഛയ്ക്കനുസരിച്ചോ പാരായണക്രമം തിരഞ്ഞെടുക്കാമെന്നും നോവലിസ്റ്റ്‌ നിര്‍ദേശിക്കുന്നു. ഈ നോവല്‍ അതിന്‍റേതായ നിലയില്‍ പല പുസ്തകങ്ങളെ ഉള്‍ക്കൊള്ളുന്നു എങ്കിലും എല്ലാത്തിനും ഉപരിയായി പ്രധാനമായും അത് രണ്ട് പുസ്തകങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണെന്ന് പറഞ്ഞ് തുടങ്ങുന്ന നോവലിസ്റ്റ്‌, തുടര്‍ന്ന് ഇത് വായിക്കേണ്ട സാങ്കേതിക ക്രമത്തെ പറ്റി നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഒന്നാമത്തേത് സാധാരണവും ക്രമാനുസാരവുമായൊരു വായനയാണ്. അത് ആദ്യ അധ്യായത്തില്‍ തുടങ്ങി അമ്പത്തിയാറാം അദ്ധ്യായത്തില്‍ ക്രമാനുഗതമായി അവസാനിക്കുന്നു. അദ്ധ്യായത്തിനൊടുവിലെ മൂന്ന് നക്ഷത്ര ചിഹ്നങ്ങള്‍ The end എന്നതിനെ സൂചിപ്പിക്കുന്നു. തുടര്‍ന്ന് വരുന്ന അദ്ധ്യായങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വായനക്കാരന് ഉപേക്ഷിക്കാവുന്നതാണെന്നും നോവലിസ്റ്റ്‌ നിര്‍ദേശിക്കുന്നു. രണ്ടാമത്തെ വായനാക്രമം 73 – മത്തെ അദ്ധ്യായത്തില്‍ ആരംഭിച്ച് 73-1-2-116-3-84-4-71-5 എന്നിങ്ങനെ അധ്യായങ്ങളുടെ

രേഖീയക്രം തെറ്റിച്ച് നീങ്ങുകയും 131 – മത്തെ അദ്ധ്യായത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. അവസാനിക്കുന്നു എന്ന് പറയാന്‍ കഴിയില്ല 131 ലും 58 ലുമായി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടി നില്‍ക്കുന്നു. ഓരോ അദ്ധ്യായത്തിനും ഒടുവില്‍ അടുത്ത അധ്യായത്തിന്റെ നമ്പര്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ധ്യായങ്ങളുടെ തുടര്‍ച്ചയുടെ കാര്യത്തില്‍ എന്തെങ്കിലും ആശയക്കുഴപ്പമോ പിശകോ സംഭവിച്ചാല്‍ സഹായത്തിനായി മുഴുവന്‍ ക്രമങ്ങളുടെ ഒരു അധ്യായപ്പട്ടിക നോവല്‍ ന്‍റെ ആരംഭത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോ പേജിന് മുകളിലും വലത്തെ അറ്റത്തായി അതാത് അദ്ധ്യായങ്ങളുടെ നമ്പറും ചേര്‍ത്തിട്ടുണ്ട്. ഇതാണ് നോവലിസ്റ്റ്‌ നിര്‍ദേശിക്കുന്ന രണ്ട് തരം വായനാക്രമം. ഒരു പുസ്തകം രണ്ട് തരം വായനകളില്‍ രണ്ട് പുസ്തകത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു. എന്നാല്‍ രണ്ട് വായനാക്രമത്തിലും പേജുകള്‍ സാങ്കേതികമായി അവസാനിക്കുന്നുണ്ടെങ്കിലും പുസ്തകം അവസാനിക്കുന്നില്ല. അത് മറ്റനേകം പുസ്തകങ്ങളിലേക്ക് ഒരേ സമയം തുറക്കുന്നു.

നോവലിനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. നോവലിലെ പ്രധാന കഥാപാത്രമായ ഹൊറേസിയോ ഒളിവേരയുടെയും അയാളുടെ കാമുകിയും ഒരുകൂട്ടം ബൊഹീമിയന്‍ ബുദ്ധിജീവികളായ സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള പാരീസിലെ ജീവിതവും സംഭവങ്ങളുമടങ്ങുന്ന ആ വശത്ത് നിന്ന് (From the Other Side) എന്ന ഒന്നാം ഭാഗം. ഹൊറേസിയോ ഒളിവേര ജന്മനാടായ അര്‍ജന്റീനയിലെ ബ്യൂണസ് അയേര്‍സ് ല്‍ മടങ്ങിയെത്തിയതിന് ശേഷമുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗമായ ഈ വശത്ത് നിന്ന് (From this Side) ല്‍ ഉള്ളത്. വായനക്കാരന് വിട്ടുകളയാമെന്ന്‍ കോര്‍ത്തസാര്‍ നിര്‍ദ്ദേശിക്കുന്ന മൂന്നാം ഭാഗം വ്യത്യസ്ത വശങ്ങളില്‍ നിന്ന്‍ : ഒഴിവാക്കാവുന്ന അദ്ധ്യായങ്ങള്‍ (From Diverse Sides: Expendable Chapters) ആദ്യ രണ്ട് ഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടും അതിന്റെ ചില തുടര്‍ച്ചകളും വിശദീകരണങ്ങളും അടങ്ങിയതാണ്. കൂടാതെ നോവലിലെ സംഭവഗതികളുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ന്യൂസ്പേപ്പര്‍ കട്ടിംഗുകള്‍, കല, സാഹിത്യം, സംഗീതം, ഫിലോസഫി, നരവംശശാസ്ത്രം, മതദര്‍ശനങ്ങള്‍, giglico എന്നൊരു കൃത്രിമ ഭാഷയിലെഴുതിയ ശകലങ്ങള്‍, മോറെല്ലി എന്നൊരു എഴിത്തുകാരന്റെ സാഹിത്യസംബന്ധമായ സൈദ്ധാന്തിക ആലോചനകള്‍ തുടങ്ങിയവ ചേര്‍ന്നുള്ള ഒരു കോക്ക്ടെയില്‍ മിശ്രിതമാണ്.

ആധുനിക കാലത്തെ ഏറ്റവും പ്രബലമായ സാഹിത്യ ഇനമാണ് നോവല്‍. വലിയ ക്യാന്‍വാസില്‍ ആദിമധ്യാന്തം കഥാഖ്യാനം നടത്തുക എന്നതാണ് നോവലിന്‍റെ പരമ്പാരാഗത വഴി. എന്നാല്‍ ശില്‍പ്പഘടനയില്‍ മാറ്റങ്ങള്‍ വരുത്തി രേഖീയാഖ്യാനങ്ങളെ തുണ്ടുകളാക്കി തുടര്‍ വിന്യാസക്രമം തെറ്റിച്ചു കൊണ്ടുള്ള കഥനരീതികള്‍ ആധുനികതയില്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അവയും ഒരു തരത്തില്‍ പരീക്ഷണ നോവലുകള്‍ എന്ന നിലയിലാണ് വരവ് വയ്ക്കപ്പെടുന്നത്. എന്നാല്‍ പ്രതിനോവല്‍ (Anti-novel) എന്നൊരു ലേബലില്‍ നോവലിന്റെ എല്ലാതരം പാരമ്പര്യ സമ്പ്രദായങ്ങളെയും മറിച്ചിടുക എന്നൊരു ആന്തരികേച്ഛയോടെ എഴുതപ്പെട്ട ഈ നോവലിലെ കഥാതന്തു എന്താണ് എന്നും എങ്ങിനെയാണ് അത് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നും

അന്വേഷിക്കുന്നത് കൌതുകകരമാണ്. നോവലിസ്റ്റ്‌ നേരിട്ട് കഥാഖ്യാനം നടത്തുന്ന സന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍, അവരുടെ സ്വഗതാഖ്യാനങ്ങള്‍, ഒഴിവാക്കാവുന്ന അദ്ധ്യായങ്ങളിലെ മിശ്രിത ശകലങ്ങളും കഥാസന്ദര്‍ഭങ്ങളുമായുള്ള ഇണക്കങ്ങളിലൂടെ രൂപപ്പെടുന്ന പലതരം വീണ്ടുവിചാരങ്ങള്‍ എന്നിവ ചേര്‍ത്ത്‌ കഥ രൂപപ്പെടുത്തേണ്ട ചുമതല വായനക്കാരനിലാണ് നോവലിസ്റ്റ്‌ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ഒരു ക്ലിപ്തതയ്ക്ക് പകരം പലതരം തുറവികളിലേക്ക് തുറന്നവസാനിക്കുന്നതും സാങ്കേതികമായി മാത്രം അവസാന പേജ്ല്‍ എത്തിനില്‍ക്കുന്നതുമായ നോവലില്‍നിന്നും വായനക്കാരന് ഒരു കൊളാഷ് രൂപപ്പെടുത്തലിലൂടെ കഥ നിര്‍മ്മിച്ചെടുക്കേണ്ട ചുമതല കൂടിയാണ് നോവലിസ്റ്റ്‌ നല്‍കിയിരിക്കുന്നത്. ഹൊറേസിയോ ഒളിവേര എന്നൊരു മധ്യവയസ്കനായ അര്‍ജന്റീനിയന്‍ ബുദ്ധിജീവിയുടെ, പാരീസിലും പിന്നീട് ബ്യൂണസ് അയേഴ്സ് ലുമുള്ള ജീവിത സന്ദര്‍ഭങ്ങളെ ചുറ്റിപ്പറ്റിയാണ് നോവലിലെ കഥ വികസിക്കുന്നത്. പാരീസിലെ തെരുവുകളിലൂടെയും പാലങ്ങളിലൂടെയും കാണാതായ തന്‍റെ കാമുകി ലാ മാഗയെ അന്വേഷിച്ച്നടക്കുന്ന ഒളിവേരയെയാണ് ആരംഭത്തില്‍ നമ്മള്‍ കാണുന്നത്. ഒളിവേരയും ലാ മാഗയും അവളുടെ കുട്ടിയായ റൂക്കാമദൂര്‍ ഉം ഒരു ഫ്ലാറ്റില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഒരുകൂട്ടം ബുദ്ധിജീവികള്‍ അടങ്ങുന്ന സെര്‍പ്പന്‍റ് ക്ലബ്‌ എന്നൊരു സംഘത്തോടൊപ്പം അവിടെ വച്ച് വൈകുന്നേരങ്ങളില്‍ കലയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ധൈഷണിക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് പോരുന്നുണ്ടവര്‍. തന്‍റേതല്ലാത്ത ലാ മാഗയുടെ കുട്ടി അവര്‍ക്കൊപ്പം ചേരുമ്പോള്‍ ഒളിവേരയും ലാ മാഗയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നു.

തുടര്‍ന്ന് അയാള്‍ പോള എന്നൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നു. സെര്‍പ്പന്‍റ് ക്ലബ്‌ ലെ അംഗമായ ഒസ്സിപ് ഗ്രിഗറോവിയസ് എന്നയാളുമായി ലാ മാഗ കിടക്ക പങ്കിടുന്നു എന്ന തരത്തില്‍ സ്വയം നിഗമനങ്ങള്‍ നടത്തുന്നു. ആന്തരിക വികര്‍ഷണത്താലും ഈഗോകളാലും സംഘര്‍ഷഭരിതമായ അവരുടെ തുടര്‍ന്നുള്ള ദിനങ്ങളിലൊരു നാള്‍ അയാള്‍ വീട് വിട്ടിറങ്ങി പാരീസ് തെരുവുകളിലൂടെ അലയുന്നു. രാത്രിയോളം മഴയും നനഞ്ഞ് അലയുന്നതിനിടയില്‍ പ്രായമുള്ള ഒരു മനുഷ്യന്‍ കാറപകടത്തില്‍ പെടുന്നത് കാണുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ക്ലബ്‌ അംഗങ്ങള്‍ മുഴുവന്‍ അവിടെയുണ്ട്. അന്നും പതിവ് പോലെ അവര്‍ ദീര്‍ഘ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. രാത്രി വൈകിയും ചര്‍ച്ചകള്‍ തുടരവേ റൂക്കാമദൂര്‍ അസുഖം മൂര്‍ച്ഛിച്ച് മരണപ്പെടുന്നു. റൂക്കാമദൂര്‍ മരിച്ചു എന്നറിഞ്ഞിട്ടും ഏതൊരു ഭാവഭേദവുമില്ലാതെ ഒളിവേര സംഭാഷണം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. കുട്ടി മരിച്ചു എന്ന് മനസ്സിലാക്കുന്ന ലാ മാഗ ആകെ തളരുന്നു. ഒളിവേരയുടെ നിസ്സംഗത കാണുന്ന ലാ മാഗയ്ക്ക് ജീവിതത്തോടുള്ള എല്ലാ പ്രതിപത്തികളും ആ നിമിഷം ഇല്ലാതാകുന്നു.

ഇതേ തുടര്‍ന്ന് ലാ മാഗ അവിടം വിട്ട് പോകുന്നു. ഒളിവേരയും സുഹൃത്ത് എറ്റീനെ യും കാറപകടത്തില്‍ പെട്ട വൃദ്ധനെ ആശുപത്രിയില്‍ എത്തി

സന്ദര്‍ശിക്കുന്നു. സെര്‍പ്പന്റ് ക്ലബ്‌ ലെ അംഗങ്ങള്‍ ആദരിച്ചിരുന്നതും ചര്‍ച്ച ചെയ്തിരുന്നതുമായ സാഹിത്യ നിരൂപകനും എഴുത്തുകാരനായ മോറല്ലിയാണ് അയാളെന്ന് മനസ്സിലാകുന്നു. അന്നേ ദിവസം രാത്രി സെര്‍പ്പന്റ്റ് ക്ലബ്‌ ലെ അംഗങ്ങള്‍ മോറലിയുടെ ഫ്ലാറ്റില്‍ ഒത്തു കൂടുന്നു. അവിടെ ഏതു ക്രമത്തിലും വായിക്കാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ പുതിയ നോവല്‍ അവര്‍ കണ്ടെത്തുന്നു. അവിടെ വച്ച് ക്ലബ്‌ലെ അംഗമായ ബാബ്സ്, ലാ മാഗയോട് കാണിച്ച ചെയ്തികളെ പറ്റി പറഞ്ഞ് ഒളിവേരയോട് വഴക്കിടുന്നു. വഴക്ക് മൂര്‍ച്ഛിച്ച് എല്ലാവരിലേക്കും വ്യാപിക്കുകയും ക്ലബ്‌ പിരിഞ്ഞ് ഓരോരുത്തരും അവരവരുടെ വഴിക്ക് പോകുകയും ചെയ്യുന്നു. ഒളിവേര അവിടെ നിന്നുമിറങ്ങി നടന്ന് ഒരു പാലത്തില്‍ എത്തുന്നു. അവിടെ വച്ച് ഇമ്മാനുവേലെ എന്നൊരു ഊരുതെണ്ടിയായ സ്ത്രീയെ കാണുന്നു. അവര്‍ ഒരുമിച്ച് ഒരു ബാറിലേക്ക് പോകുകയും അവിടെ വച്ച് അവര്‍ ചില രതിക്രിയകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അത് തുടരുന്നതിനിടയില്‍ പോലിസ് എത്തി തടയുകയും ഇരുവരെയും അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയും ചെയ്യുന്നു.

അറസ്റ്റ് നെ തുടര്‍ന്ന് ഫ്രഞ്ച്ര് അധികൃതര്‍ ഒളിവേരയെ ഫ്രാന്‍സില്‍ നിന്ന് അര്‍ജന്റീനയിലേക്ക് മടക്കി അയക്കുന്നു. യാത്രക്കിടയില്‍ ലാ മാഗ യുടെ മോണ്ടിവിദോയിലുള്ള വീട്ടില്‍ ഇറങ്ങി അവളെ അന്വേഷിക്കുന്നുണ്ടെങ്കിലും കണ്ടെത്തുന്നില്ല. ബ്യൂണസ് അയേഴ്സില്‍ അയാള്‍ തന്‍റെ പഴയകാല സുഹൃത്തായ ട്രാവലറെ കണ്ട് മുട്ടുന്നു. ഒരു ഫാര്‍മസിസ്റ്റ് ആയ തലിതയാണ് ട്രാവലറുടെ ഭാര്യ. ട്രാവലര്‍ താമസിക്കുന്ന അതേ ഹോട്ടലില്‍ ഒളിവേര തന്‍റെ പഴയ കൂട്ടുകാരിയായ ഗിക്രെപ്റ്റനൊപ്പം താമസമാരംഭിക്കുകയും തുണികള്‍ കൊണ്ട് നടന്ന് വില്‍ക്കുന്ന ഒരു ചെറിയ ജോലി തുടങ്ങുകയും ചെയ്യുന്നു. പിന്നീട് ട്രാവലര്‍ ഒളിവേരയ്ക്ക് സര്‍ക്കസ് കമ്പനിയില്‍ ഒരു ജോലി ശെരിയാക്കി കൊടുക്കുന്നു. അങ്ങിനെ താമസസ്ഥലത്തും ജോലിസ്ഥലത്തും അവര്‍ മൂവര്‍ക്കും ഒരുപാട് സമയം ഒരുമിച്ചിടപഴകേണ്ട സാഹചര്യമുണ്ടാകുന്നു.

സര്‍ക്കസ് കമ്പനി ഉടമസ്ഥന്‍ കമ്പനിയെ ഒരു മാനസികാരോഗ്യ ആശുപത്രിക്ക് വില്‍ക്കുന്നതിനെ തുടര്‍ന്ന് മൂവര്‍ക്കും അതേ ആശുപത്രിയില്‍ തന്നെ ജോലി ലഭിക്കുന്നു. തുടര്‍ന്നുള്ള നാളുകളില്‍ ഒരു ദിവസം ഒളിവേര തലിതയില്‍ ലാ മാഗയെ ദര്‍ശിക്കുകയും പലയാവര്‍ത്തി ആ മിഥ്യാഭ്രമം അയാള്‍ക്ക്‌ ഉണ്ടാകുകയും ചെയ്യുന്നു. ഒരു രാത്രിയില്‍ തലിത മുറ്റത്ത് ഹോപ്സ്കോച് കളിക്കുന്നത് കാണുന്ന സന്ദര്‍ഭത്തില്‍ അയാള്‍ ആദ്യമായി അവളോട്‌ ലാ മാഗയെക്കുറിച്ച് പറയുന്നു. അത് കേട്ട് അവള്‍ക്ക് അയാളോട് തോന്നുന്ന കാരുണ്യ ഭാവത്താല്‍ അയാള്‍ അവളെ ചുംബിക്കാനായുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല തരം മിഥ്യാ ഭ്രമങ്ങളില്‍ പെട്ട് പോകുന്ന ഒളിവേര കൂടുതല്‍ മാനസിക ശൈഥില്യങ്ങളില്‍ അകപ്പെടുന്നു. ട്രാവലര്‍ തന്നെ കൊല്ലാനായുള്ള ഉദ്യമങ്ങളിലാണെന്ന് അയാള്‍ സങ്കല്‍പ്പിക്കുന്നു. എപ്പോഴും ഒളിവേരയോടു സ്നേഹവും അനുതാപവും മാത്രം കാട്ടിയിട്ടുള്ള ട്രാവലര്‍ അടുത്ത ദിവസം ഒളിവേരയോട് സംസാരിക്കാനായി അയാളുടെ മുറിയിലേക്ക് വരുന്നു. ട്രാവലര്‍ തന്നെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന മിഥ്യാധാരണയില്‍ പെടുന്ന ഒളിവേര തനിക്ക് ചുറ്റും ഉപജാപങ്ങളുടെ ഒരു വലിയ ചിലന്തിവല നെയ്യപ്പെട്ടിരിക്കുകയാണെന്ന് ധരിക്കുന്നു. ട്രാവലര്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍

ശ്രമിക്കുമ്പോള്‍ ഒളിവേര മുറിയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. അയാള്‍ ആശുപത്രിയിലാകെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ചും ഒളിവേരയുടെ മാനസിക നിലയെപ്പറ്റിയും ട്രാവലര്‍ കൂടുതല്‍ സംസാരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ട്രാവലറുടെ വാക്കുകള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഒളിവേര കെട്ടിടത്തില്‍ നിന്ന് താഴേക്ക്‌ എടുത്ത് ചാടുന്നു. ഇതേ തുടര്‍ന്ന് മൂവരും ആശുപത്രിയില്‍ നിന്ന് പുറത്താക്കപ്പെടുന്നു. പിന്നീട് നോവല്‍ ന്‍റെ മൂന്നാം ഭാഗത്ത് ഒരിടത്ത് ചികിത്സയില്‍ കഴിയുന്ന ഒളിവേരയെ കാണുന്നു.

എഴുത്തുകാരന്‍റെ വൈയക്തികാഭിരുചികളും ലോകവീക്ഷണങ്ങളുമെല്ലാം അയാളുടെ എഴുത്തില്‍ പ്രതിഫലിക്കുക സ്വാഭാവികം. കൃതിയില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന എഴുത്തുകാരന്റെ വ്യക്തിതല മുദ്രകളെ കൂട്ടിയോജിപ്പിച്ച് ഒരു പാറ്റേണ്‍ നിര്‍മ്മിച്ച് അതിനെ പാഠത്തിന് പുറത്തെ അയാളുടെ ജീവിതവുമായും ലോകാവബോധവുമായും ഒക്കെ ചേര്‍ത്ത്‌ വച്ച് നോക്കുക എന്നൊരു തരം വായനയുണ്ട്. പരമ്പരാഗത സ്വഭാവമുള്ള ആ യാഥാസ്ഥിതിക വായന പക്ഷെ പാഠവിശകലനത്തിന്‍റെ ഒരു ഭാഗം മാത്രമോ അല്ലെങ്കില്‍ നിസാരമായി തള്ളിക്കളയാവുന്നതോ ആയ ഒന്നാണ്. ഇത്തരമൊരു വായന ഈ നോവലിലും സാധ്യമാണ്. ഹൂലിയോ കോര്‍ത്തസാറിന്‍റെ തന്നെ അപര ഇരട്ടകള്‍ എന്ന്‍ പറയാവുന്ന രണ്ട് കഥാപാത്രങ്ങള്‍ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. നോവലിന്റെ പ്ലോട്ടില്‍ ആകമാനം നിറഞ്ഞു നില്‍ക്കുകയും നോവലിന്‍റെ വൈകാരികവും ധൈഷണികവും ദാര്‍ശനികവുമായ എല്ലാ ഇഴകളെയും പരസ്പരം ചേര്‍ത്ത്‌ ബന്ധിപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്ന ഹോറേസിയോ ഒളിവേര, നോവലില്‍ ഒരു ചെറിയ സന്ദര്‍ഭത്തില്‍ മാത്രം നിശബ്ദനായി നേരിട്ട് പ്രത്യക്ഷപ്പെടുകയും ബാക്കി സന്ദര്‍ഭങ്ങളില്‍ സര്‍ഗ്ഗാവിഷ്കാരങ്ങളെയും എഴുത്ത് രൂപങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകളില്‍ അദൃശ്യമായൊരു ചിന്താമണ്ഡലമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോരെല്ലി എന്ന നോവലിസ്റ്റ് എന്നിവരാണ് ആ കഥാപാത്രങ്ങള്‍. ഈ രണ്ട് കഥാപാത്രങ്ങളുടെ വിശ്വാസപ്രമാണങ്ങളെയും ജീവിത വീക്ഷണങ്ങളെയും അപഗ്രഥിച്ച് എഴുത്തുകാരനിലേക്കും എഴുത്തുകാരന്‍റെ ഉദ്ദിഷ്ട വിവക്ഷകളിലേക്കും മാത്രം നടന്നടുക്കുന്നത് പാഠവിശകലനങ്ങളിലെ സാമൂഹികവും സാംസ്കാരികവും ദാര്‍ശനികവും ധൈഷണികകവുമായ വിഭിന്നതല ആഖ്യാനധ്വനികളുടെ തുറവികളെ അടച്ചുകളയുകയേയുള്ളൂ. മറിച്ച് ഈ രണ്ട് കഥാപാത്രങ്ങളെയും ലോകത്തിലേക്ക് തുറന്ന് വച്ച് വായിക്കുമ്പോള്‍ ബഹുവിധങ്ങളായ അനേകം ആഖ്യാന രൂപങ്ങളും ധൈഷണിക വിചാരങ്ങളും കൊണ്ട് നെയ്തെടുത്ത നോവലിന്‍റെ ഇഴകള്‍ അതിന്‍റെ സമഗ്രതയില്‍ നമുക്ക് മുന്നില്‍ പാറുന്നത് കാണാം. രണ്ട് ലോക യുദ്ധങ്ങള്‍ യൂറോപ്പിന്റെ ഭൌതികവും ആത്മീയവുമായ ജീവിതത്തില്‍ ഏല്‍പ്പിച്ച ശൈഥില്യങ്ങളില്‍ നിന്നുമാണ് ആധുനികതാ പ്രസ്ഥാനത്തിലെ ആത്മനിന്ദയും അസ്തിത്വ വ്യഥയും പേറിയ കഥാപാത്രങ്ങള്‍ ജനിക്കുന്നത് . തടവറയുടെ സ്വഭാവം പേറുന്ന ലോകത്തില്‍ മനം പിരട്ടുന്ന ആത്മഭാവവുമായി അവര്‍ ഉണ്മയെ തേടി. മറ്റു ചിലര്‍ ജീവിത നിരാസത്തിന്‍റെ ചുഴികളില്‍ വീണു. ഇവരുടെ കഥകള്‍ പറഞ്ഞ നോവലുകള്‍ക്ക്

ധൈഷണികാന്വേഷണങ്ങളുടെ ആശയപരതയാലും വിഷാദാത്മകതയുടെയും അശുഭപ്രതീക്ഷകളുടെയും വാങ്മയങ്ങളാലും നെയ്തെടുത്ത പാഠ സ്വഭാവവുമാണുണ്ടായിരുന്നത്. ആധുനികതാ പ്രസ്ഥാനം മുന്നോട്ട് വച്ച ഇത്തരം കഥാപാത്രങ്ങളിലേക്കും ഭാവനാ പരിസരത്തിലെക്കുമാണ് ഹോപ്സ്കോച്ച് ഉം ഹോറേസിയോ ഒളിവേരയും കടന്ന് നില്‍ക്കുന്നത്. അകവും പുറവും ഉടഞ്ഞു പോയ ഒരു ലോകദര്‍ശനത്താല്‍ അലയുന്ന ഒരാളെയാണ് നോവലില്‍ ഉടനീളം ഒളിവേരയില്‍ കാണാന്‍ കഴിയുക. നോവലിന്‍റെ ആദ്യ വാചകം തന്നെ Would I Find La Maga എന്ന ഒളിവേര യുടെ അന്വേഷണാത്മകമായ ഒരു ചോദ്യമാണ്. മനുഷ്യ വംശത്തിന്‍റെ ചരിത്രത്തിലുടനീളം മനുഷ്യന്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ഒക്കെ നടത്തിയിരുന്ന സത്യാന്വേഷണങ്ങളുടെ ആധുനികമായ ഒരു ധൈഷണിക പാതയാണ് ഒളിവേരയില്‍ ഉള്ളത്. ചിട്ടപ്പെടുത്തിയതും ലക്ഷ്യങ്ങളില്‍ ഊന്നിയതുമായ ഒരു സാധാരണ ജീവിതമല്ല ഒളിവേരയില്‍ ഉള്ളത് മറിച്ച് അയാളൊരു ബൊഹീമിയന്‍ ജീവിതവക്താവാണ്. മദ്ധ്യവയസ്കനായ ഒളിവേര അര്‍ജന്റീനയില്‍ നിന്ന്‌ ഫ്രാന്‍സ് ലേക്ക് കുടിയേറി പാര്‍ത്തതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ഏഴു പേരെ ചേര്‍ത്ത് സെര്‍പ്പന്റ് ക്ലബ്‌ എന്നൊരു കൂട്ടായ്മ സ്ഥാപിക്കുന്നു. സെര്‍പ്പന്റ്റ് ക്ലബ്ബില്‍ ഒത്തുകൂടിയുള്ള അവരുടെ അതിഭൌതികവും ഫിലോസോഫിക്കലും കലാ സാഹിത്യ സംബന്ധവുമായ വിഷയങ്ങളെ ക്കുറിച്ചുള്ള ആലോചനകളിലും സംവാദങ്ങളിലും പ്രധാനിയാണയാള്‍. നോവലില്‍ പിന്നീട് അയാളെ കൂടുതല്‍ കാണുന്നത് പാരീസിലെ തെരുവുകളിലൂടെയും പാലങ്ങളിലൂടെയും ചത്വരങ്ങളിലൂടെയുമുള്ള അലഞ്ഞുതിരിയലുകളിലാണ്. ലൌകിക ജീവിതത്തിന്റെ ആധാര തത്വങ്ങളായ ആത്മ പ്രചോദനത്താലുള്ള ജീവിത പ്രേരണകളോ, ലക്ഷ്യ ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളോ അയാളിലില്ല. ക്ലബ്ബിലെ നീണ്ട സംവാദങ്ങളിലും തെരുവുകളിലൂടെയുള്ള അലച്ചിലുകളിലും അയാളില്‍ പൊതുവായി നുരയുന്ന ചോദന ഒരുതരം അന്വേഷണത്തിന്‍റെയാണ്. ക്ലാസ്സിക്കല്‍ നായകരെ പോലുള്ള സത്യാന്വേഷണമോ ആധുനികതാ നായകരെ പോലെ വ്യര്‍ത്ഥതാബോധത്താലുള്ള അലക്ഷ്യ ഗമനങ്ങളോ അല്ല അത്. ഉടഞ്ഞു ചിതറിപ്പോയ തന്‍റെ ആന്തരിക ലോകത്തെ അഥവാ ബാഹ്യ ലോകത്ത് നിന്നുമുള്ള സംവേദനങ്ങളെ താനെന്ന ഒരു വ്യക്തിസത്തയില്‍ ബന്ധിപ്പിച്ചു സമഗ്രമായി മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതിന്‍റെ ഒരു ശൈഥില്യത്തെ പേറിയുള്ള അന്വേഷണങ്ങളാണ് അയാളുടേത് എന്ന് കാണാം. ഛിന്നഭിന്നമായിപ്പോയ ജീവിത വ്യവസ്ഥയെ, ബാഹ്യ – ആന്തരിക ലോകങ്ങളിലെ വിവിധ സമസ്യാഖണ്ഡങ്ങളെ ഒരൊറ്റ കേന്ദ്രീകൃത സത്തയിലേക്ക് ഏകോപിപ്പിക്കുക എന്നൊരു അന്വേഷണാത്മക യത്നമാണ് ധൈഷണികവും ഭൌതികവുമായ അയാളുടെ അലച്ചിലുകള്‍ക്ക് പിന്നില്‍. ജീവിതത്തിന്‍റെ ആ ഏകോപന ആധാരത്തെ അയാള്‍ വിളിക്കുന്നത്‌ “kibbutz of desire” എന്നാണ്. അത് എന്താണെന്ന് നോവലില്‍ വിശദീകരിച്ചിട്ടില്ല . സമാഹരിക്കുക, കൂട്ടിച്ചേര്‍ക്കുക എന്നൊക്കെയാണ് kibbutz എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം. മാത്രമല്ല ഇത് ജൂത ജനതയുമായും സംസ്കാരവുമായും മറ്റൊരു തരത്തിലും ബന്ധപ്പെട്ട് കിടക്കുന്ന ഒരു വാക്കാണ്‌. ആധുനിക കാലത്തെ ഇസ്രയേല്‍ ന്‍റെ പുനസ്ഥാപനത്തിന് ശേഷം അവരുടെ സാമൂഹിക ജീവിതത്തിലെ ഉന്നമനത്തിന്

ഏറെ സഹായിച്ച കാര്‍ഷിക കൂട്ടായ്മകളെ വിളിച്ച പേര് കൂടിയാണ് kibbutz. ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ചിതറിപ്പോയ ജൂതജനതയുടെയും അവരുടെ പുനരേകീകരണത്തിന്റെയും ഒരു വലിയ ചരിത്ര പ്രക്രിയയെ ധ്വനിപ്പിക്കുക വഴി ഉടഞ്ഞു ചിതറിപ്പോയ ലോക ദര്‍ശനത്തെയും ജീവിത വ്യവസ്ഥകളെയും കൂട്ടിയോജിപ്പിക്കാനായുള്ള ആധാരസൂത്രം തേടി അലയുന്ന ഒളിവേരയുടെ ജീവിത ദര്‍ശനത്തിലേക്കാണ് ആ സൂചന തൊട്ടു നില്‍ക്കുന്നത് . ജാസ്സ് സംഗീതം അലയടിക്കുന്ന, മേറ്റ്‌ എന്ന പാനീയം നുരയുന്ന സിഗരറ്റിന്റെ പുകച്ചുരുളുകള്‍ നിറഞ്ഞു നില്‍ക്കുന്ന മുറിയില്‍ ക്ലബ്‌ ലെ അംഗങ്ങളുമായി വിവിധ വിഷയങ്ങളില്‍ നടത്തുന്ന ധൈഷണിക ചര്‍ച്ചകളില്‍ അയാള്‍ അന്വേഷിക്കുന്നത് അതാണ്. തന്റെ ജീവിതത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകളുമായുള്ള വിചിത്ര ബന്ധങ്ങളിലും ഏകാന്തമായ അലച്ചിലുകളിലുമെല്ലാം അയാള്‍ തേടുന്നതും അത് തന്നെയാണ്. നോവലില്‍ ആകമാനം സംശയങ്ങളുടെയും ചോദ്യങ്ങളുടെയും അന്വേഷണങ്ങളുടെയുമെല്ലാം ഒരു അടിയൊഴുക്ക് ഒളിവേരയുടെ ജീവിത പരിസരവുമായി ചേര്‍ന്ന് ഒഴുകുന്നുണ്ട്. മറ്റേ വശത്ത് നിന്നും എന്ന ആദ്യ ഭാഗത്തിലെ ആദ്യ അദ്ധ്യായത്തില്‍ നഷ്ടപ്പെട്ടുപോയ തന്റെ കാമുകിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടയില്‍, തങ്ങളുടെ ബന്ധത്തിന്‍റെ ആരംഭത്തെയും തുടര്‍ച്ചകളെയും കുറിച്ചു ആലോചിക്കുന്നതിനിടയിലെ ഒരു മുഹൂര്‍ത്തത്തില്‍ അയാള്‍ ഇങ്ങിനെ പറയുന്നു – “I realized that searching was my symbol, the emblem of those who go out at night with nothing in mind, the motives of a destroyer of compasses.” ലാ മാഗയോടൊപ്പം ക്ലബ്‌ ലെ അംഗങ്ങളെ തിരയുന്ന ഒരു സന്ദര്‍ഭത്തിലാണ് അയാള്‍ ഇത് ചിന്തിക്കുന്നത്. പിന്നീട് ഈ അന്വേഷണം അതിന്റെ കേവലവും സന്ദര്‍ഭാധിഷ്ഠിതവുമായ അര്‍ത്ഥ തലത്തില്‍ നിന്നുയര്‍ന്ന്‍ അയാളുടെ ആന്തരികഭാവത്തിലേക്ക് വളര്‍ന്ന് അയാളുടെ വ്യക്തിത്വത്തിന്‍റെ തന്നെ നിര്‍ണ്ണായക ചാലകമായി മാറുന്നു. എഴുത്തുകാരന്‍ നിര്‍ദേശിക്കുന്ന രണ്ടാമത്തെ തരത്തിലുള്ള വായനാക്രമം അനുസരിച്ച് 73 – മത്തെ അധ്യായമാണ് ആദ്യ അധ്യായമായി വരുന്നത്. ആദ്യ അദ്ധ്യായം രണ്ടാം അധ്യായമായും. അങ്ങിനെ നോക്കുമ്പോള്‍ ആദ്യ അദ്ധ്യായമായി വരുന്ന 73 ആം അദ്ധ്യായവും ഇതേ തരത്തിലുള്ള അന്വേഷണങ്ങളെ കുറിച്ചുള്ള ആത്മഭാഷണങ്ങള്‍ കൊണ്ടാണ് ആരംഭിക്കുന്നത്. തന്റെ ചുറ്റിലുമുള്ള ഭൌതിക വസ്തുക്കളെയും അവ പ്രസരിപ്പിക്കുന്ന അവയുടേതായ സത്താവിശേഷങ്ങളെയും, ദൃശ്യമായ ലോകത്തെയും അതിന്റെ കാണാത്ത അപര ഭാവങ്ങളെയും, മനുഷ്യ ചരിത്രത്തില്‍ വാക്കുകള്‍ കൊണ്ട് നെയ്തെടുത്ത ആശയങ്ങളുടെ അനന്തമായ ശൃംഖലകളെയും ഒക്കെ തന്‍റെ അസ്ഥിത്വവുമായി ഏകോപിപ്പിച്ചു മനസ്സിലാക്കിയെടുക്കുന്നതിനായി ഒരു ശ്ലഥമനസ്സ് നടത്തുന്ന ധൈഷണിക വിചാരങ്ങളിലാണ് ആ അദ്ധ്യായം തുടങ്ങുന്നത്. ബാഹ്യവും ആന്തരികവുമായി ഒളിവേരയുടെ അന്വേഷണ അലച്ചിലുകള്‍ പ്രധാനമായും മൂന്ന് വഴികളിലൂടെയാണ് ചലിക്കുന്നത്. ഒന്ന് പാരീസിലെ തെരുവുകളിലൂടെയും പാലങ്ങളിലൂടെയുമുള്ള ഭൌതികമായ അലച്ചിലാണ്. രണ്ടാമത്തേത് സെര്‍പ്പന്റ് ക്ലബ്‌ ലെ അംഗങ്ങളുമായി നടത്തുന്ന ദീര്‍ഘ സംവാദങ്ങളിലെ സര്‍ഗ്ഗാത്മകവും ധൈഷണികവുമായ അലച്ചില്‍. മൂന്നാമതായി സ്ത്രീകളുമായുള്ള പലതരം ബന്ധങ്ങളിലൂടെ നടത്തുന്ന ചോദനാത്മകവും

ജൈവികവും വൈകാരികവുമായ അലയല്‍. സെര്‍പ്പന്റ്റ് ക്ലബ്‌ ലെ അംഗങ്ങളെല്ലാം സാമൂഹിക ജീവിതത്തിലെ യാഥാസ്ഥിതിക ക്രമങ്ങളെ മറികടന്ന് തങ്ങളുടേതായ ചോദനകള്‍ക്കനുസൃതമായി ബൊഹീമിയന്‍ ജീവിതം തിരഞ്ഞെടുത്തവരാണ്. ഭൌതികാസക്തികളിലേക്ക് തുറന്നു വിട്ട ജീവിതത്തിന്‍റെ ആഘോഷപരതയായാണ്‌ ബൊഹീമിയന്‍ ജീവിത സങ്കല്പം. എന്നാല്‍ തന്‍റെത് ഒരു സാധാരണ ബൊഹീമിയന്‍ ജീവിതമല്ലെന്നും തന്‍റെ അവ്യവസ്ഥകളുടെ വിനിമയങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ഒരു ആത്മീയ തലം കൂടി ഉണ്ടെന്നും അയാള്‍ സ്വയം വിശകലനം ചെയ്യുന്നു. ആന്തരിക ശിഥിലതയാല്‍ ചിതറിപ്പോയ തന്‍റെ സ്വത്വത്തെ ലോകവുമായി ഏകോപിപ്പിച്ചു നിര്‍ത്തുന്നതിനായി ഒരു ആധാരം തേടിയുള്ള അയാളുടെ അന്വേഷണങ്ങളെ പറ്റി അയാളും മറ്റ് കഥാപാത്രങ്ങളും എഴുത്തുകാരനും ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

ഒളിവേരയ്ക്ക് തന്റെ ചുറ്റുപാടുകളെയും അതില്‍ നിന്നും തന്നിലേക്ക് വരുന്ന പലതരം സമ്മര്‍ദ്ദങ്ങളെയും താങ്ങാനുള്ള ശേഷിയില്ല എന്നും അയാള്‍ എപ്പോഴും ഒരു ലോകവേദന അനുഭവിക്കുന്നു (He has a world – ache) എന്നും ഗ്രിഗറോവിയസ് ഒരു സന്ദര്‍ഭത്തില്‍ അഭിപ്രായപ്പെടുന്നു . നിങ്ങള്‍ക്ക് തന്നെ ധാരണയില്ലാത്ത ഒന്നിനെ തേടിയുള്ള തിരച്ചിലിലാണ് നിങ്ങള്‍ എന്നാണ് ലാ മാഗയുടെ അയാളെ കുറിച്ചുള്ള ഒരു നിരീക്ഷണം. ലാ മാഗ യുമായുള്ള ഒരു സംഭാഷണത്തിനിടയില്‍, അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയത് ഒരു നദിക്കരയില്‍ വച്ചാണെന്നും ഒളിവേര ആത്മഹത്യക്ക് തയ്യാറെടുക്കുന്ന അപകടം പിടിച്ച ഒരു നിമിഷമായിരുന്നു അതെന്നും അവള്‍ പറയുമ്പോള്‍ എന്‍റെ അപകടങ്ങളെല്ലാം അതിഭൌതികമാണ് എന്ന്‍ അയാള്‍ പറയുന്നു . എന്നിരുന്നാലും അതിഭൌതികമായ പലതരം കൈവഴികളില്‍ (Metaphysical rivers എന്നാണ് ഒളിവേര ചിലയിടങ്ങളില്‍ പറയുന്നത്) അഭയം തേടുക എന്നൊരു മാനസികോദ്ഗമനമാണ് ഒളിവേരയില്‍ സ്ഥായിയായി നില്‍ക്കുന്നത്. ഈയൊരു അഭയം തേടലിന് പിന്നില്‍ യാഥാസ്ഥിതിക സ്വഭാവമാര്‍ന്ന ലൌകിക ജീവിതത്തിലെ, വൈകാരികബദ്ധമായ പാരസ്പര്യങ്ങളോടും ഇടപഴകലുകളോടുമുള്ള ഒളിവേരയുടെ വിമുഖതയാണെന്ന് കാണാം. ഒളിവേര ഒരു സന്ദര്‍ഭത്തില്‍ പോലും നിത്യജീവിതത്തിലെ തരളിത സന്ദര്‍ഭങ്ങളുമായി വൈകാരികമായി ഇടപെടാന്‍ ആഗ്രഹിച്ചിരുന്നില്ല. സ്വാഭാവികമെന്ന് ലോകം കരുതുന്ന, കരുണയിലും സ്നേഹത്തിലും സഹതാപത്തിലും ഒക്കെ അധിഷ്ഠിതമായ വ്യക്തിബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും അയാള്‍ ഒരിക്കലും താത്പര്യം കാണിച്ചില്ല. അതിഭൌതികതയുടെ നീര്‍ച്ചാലുകള്‍ ഒഴുകുന്ന മറ്റൊരു ലോകത്തായിരുന്നു അയാളുടെ ആന്തരിക അപര ജീവിതം. വ്യക്തിബന്ധങ്ങളിലും നിത്യജീവിതത്തിലെ മുഹൂര്‍ത്തങ്ങളിലും അയാള്‍ ഇടപെടുന്നത് ലൌകികമായ രസികത്വത്തിന്‍റെ വിനിമയ വഴികളിളല്ല. അയാളുടെ ഇണ ബന്ധങ്ങളില്‍ പോലും അത് കാര്യമായി ഇല്ല. അയാളുടെ ജീവിത തത്വം രതിയിലല്ല നിരാസത്തിലാണ്. ഇത്തരം വൈകാരിക സാധാരണത്വങ്ങളില്‍ നിന്നുമുള്ള അബോധ കുതറല്‍ ആണ് അയാളുടെ അതിഭൌതിക അപര ജീവിതം. അതിന്‍റെ സ്വാഭാവിക പ്രത്യക്ഷങ്ങളാണ് സെര്‍പ്പന്‍റ് ക്ലബ്‌ലെ ധൈഷണിക സംവാദങ്ങളും പാരീസ് തെരുവുകളിലൂടെയുള്ള ഏകാന്ത അലച്ചിലുകളും. ഒളിവേരയുടെ വ്യക്തിത്വത്തിലെ വൈകാരിക വിച്ഛേദങ്ങള്‍ അയാളുടെ ജീവിതത്തിലെ പല മുഹൂര്‍ത്തങ്ങളിലും കാണാം.

ഒളിവേര എന്ന വ്യക്തിയുമായി ഏറ്റവും ആഴമുള്ള ബന്ധം പുലര്‍ത്തിയിരുന്ന ലാ മാഗയുമായും അയാള്‍ പൊരുത്തപ്പെടുന്നില്ല. ലാ മാഗ യുമായുള്ള സംഭാഷണങ്ങളിലെ പൊരുത്തം തെറ്റലിന്റെയും വൈകാരിക വിച്ഛേദങ്ങളുടെയും ഒരു സന്ദര്‍ഭത്തില്‍ അയാള്‍ യാത്ര പറഞ്ഞ് പിരിഞ്ഞു പോകാനായി എണീക്കുമ്പോള്‍ തന്നെ ഉപേക്ഷിച്ചു പോകുന്നതെന്തിനാണ് എന്ന് അവള്‍ അയാളോട് ചോദിക്കുന്നു. നമ്മള്‍ ഇപ്പോഴും കൊച്ചു കുട്ടികള്‍ ആണെന്നും, കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ അതവസാനിപ്പിക്കുമ്പോള്‍ പരസ്പരം മുടികളെ പിടിച്ചു വലിക്കാന്‍ തുടങ്ങും എന്നാണ് ഒളിവേര അതിന് പറയുന്ന മറുപടി. അത്യന്തം ജീവിത നിര്‍ണ്ണായകമായ വൈകാരിക ഭാവങ്ങളെയും വ്യക്തിബന്ധങ്ങളുടെ വൈകാരിക തുടര്‍ച്ചകളെയും ഒളിവേര ഒരു കളി സ്വഭാവത്തിലാണ് നോക്കിക്കാണുന്നത്. ക്ഷണികമായി ആരംഭിക്കുന്ന ഓരോ കളിയും അധികം വൈകാതെ അവസാനിക്കേണ്ടത്തിന്റെയും അടുത്ത പുതിയ കളികളിലേക്ക് യാദൃച്ഛികമായി വഴുതി നീങ്ങേണ്ടതിന്റെയും സ്വാഭാവികതെയെപ്പറ്റിയാണ് ഒളിവേര പറയുന്നത്. അഥവാ അയാളുടെ ജീവിത സഞ്ചാരങ്ങളുടെ വഴിയെപ്പറ്റി അയാള്‍ ഇങ്ങിനെയാണ്‌ ബോധവാനാകുന്നത്. തനിക്ക് തന്നെ തീര്‍ച്ചയില്ലാത്ത യുക്തിഭദ്രമല്ലാത്ത പല കാരണങ്ങള്‍ ലാ മാഗ യുമായുള്ള ബന്ധം പിരിയലിന് വേണ്ടി അയാള്‍ കണ്ടെത്തുന്നുണ്ട്. തന്‍റെ സ്വതന്ത്രേച്ഛകളുടെ തുറസ്സായ ബഹിര്‍ഗമനങ്ങള്‍ക്ക് തടസ്സമായി വരുന്ന ഒന്നും അയാള്‍ക്ക്‌ സഹനീയമല്ല. അവര്‍ക്കൊപ്പം ലാ മാഗയുടെ കുഞ്ഞ്‌ റൂക്കാമദൂര്‍ എത്തുന്നതോടെ അവര്‍ തമ്മിലുള്ള മാനസിക അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നു. നമ്മള്‍ മൂവരുടെയും കാലുകള്‍ തമ്മില്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുകയാണെന്നും അത് ഒട്ടും സുഖപ്രദവും കലാത്മകവുമല്ലെന്നും ഒരു സന്ദര്‍ഭത്തില്‍ അയാള്‍ ലാ മാഗയോട് പറയുന്നുണ്ട്. പോളയുമായുള്ള ബന്ധത്തില്‍ ലാ മാഗയില്‍ നിന്നും തനിക്ക് ലഭ്യമായില്ല എന്ന് തോന്നിയ തനിക്ക് തന്നെ തീര്‍ച്ചയില്ലാത്ത ഒന്നിന് വേണ്ടിയുള്ള ആവേശമാണുണ്ടായിരുന്നത്. അതയാള്‍ തേടുന്നത് തീവ്രമായ ലൈംഗിക ക്രിയകളിലാണ് . എന്നാല്‍ ആ ബന്ധവും അധികം നീളുന്നില്ല . ഒരു സന്ദര്‍ഭത്തില്‍ പോളയുമായുള്ള ബന്ധത്തെപ്പറ്റി ലാ മാഗ ചോദിക്കുമ്പോള്‍ അതൊരു പോര്‍ണോഗ്രഫി ആയിരുന്നു എന്നാണ് അയാളുടെ മറുപടി. പിന്നീട് രോഗബാധിതയായി ആശുപത്രിയില്‍ ആകുന്ന പോളയെ ഓര്‍ത്ത്‌ അയാളില്‍ ഒരു കനിവും ഉണ്ടാകുന്നില്ല . ലാ മാഗയാണ് ആശുപത്രിയില്‍ പോളയ്ക്ക് കൂട്ട് എന്നറിയുന്ന ഒളിവേര വികാരനിശ്ചേഷ്ടനായി പൊട്ടിച്ചിരിക്കുന്നു. തുടര്‍ന്ന് എമ്മാനുവേലെ എന്നൊരു നാടോടി സ്ത്രീയുമായി ഒരു സാന്ദര്‍ഭിക ബന്ധത്തില്‍ വരുന്നുണ്ട്. ആദ്യത്തെ രണ്ട് സ്ത്രീകളുമായുള്ള ഇടപെടലുകളില്‍ അയാളുടെതായ ഒരു നിശ്ചിതത്വം ഉണ്ടായിരുന്നു . എന്നാല്‍ എമ്മാനുവേലെ യില്‍ എത്തപ്പെടുമ്പോഴേക്കും അയാള്‍ ആന്തരികമായി കൂടുതല്‍ ശിഥിലമായ അവസ്ഥയില്‍ ആയിരുന്നു . അയാള്‍ക്ക്‌ പോലും നിശ്ചയമില്ലാത്ത ചില ആവേഗങ്ങളാല്‍ അയാള്‍ അവളിലേക്ക്‌ വലിക്കപ്പെടുന്നു. ലോകവുമായുള്ള എല്ലാ ഉടമ്പടികളും അറ്റ് പോയ അയാളുടെ ആന്തരിക സ്ഥിതിയില്‍ നിന്നും ഉണര്‍ന്നൊഴുകിയ ചോനദകളാലാണ് അയാള്‍ ആ സമയം നയിക്കപ്പെട്ടത്. രണ്ടാം ഭാഗമായ ഈ വശത്ത്‌ നിന്ന് എന്ന ഭാഗത്ത് ഗിഗ്രെപ്റ്റന്‍ എന്നൊരു സ്ത്രീക്കൊപ്പമാണ് അയാള്‍ കഴിയുന്നത്‌. അത് അയാളുടെ അര്‍ജന്റീനയില്‍ നേരത്തെയുള്ള ഭാര്യയാണെന്ന സൂചനയുണ്ട് . അയാളുടെ ദൈനംദിന കാര്യങ്ങള്‍

നോക്കുന്ന സഹായി എന്നൊരു പരിഗണന മാത്രമേ അവള്‍ക്ക് അയാള്‍ നല്‍കുന്നുള്ളൂ. താനിടപെട്ട വിവിധ സ്ത്രീകളുമായി നിര്‍വ്വികാരമായ ഒരു ബന്ധമാണയാള്‍ക്ക് ഉണ്ടായിരുന്നത്. ആ നിര്‍വ്വികാരതയും നിരാസക്തിയും അയാളുടെ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. ജീവിതത്തിലെ ലക്ഷ്യങ്ങളോടും കര്‍ത്തവ്യങ്ങളോടും വിമുഖമായ ആ മനസ്സ് ജീവിതത്തിലെ ഏറ്റവും ആസക്തമായ പ്രണയ രതി ഭാവങ്ങളോടും യാതൊരു അനുകമ്പയും പുലര്‍ത്തിയില്ല. തന്‍റെ ചിതറിയതും ഒഴുകി നീങ്ങുന്നതുമായ ജീവിതത്തിനിടയിലെ യാദൃച്ഛികതകളായി മാത്രം അവയെയും പരിഗണിച്ചു. പിന്നീട് ഉടഞ്ഞു പോയ തന്റെ ലോദകര്‍ശനത്തെ കൂട്ടിയോജിപ്പിക്കാന്‍ വേണ്ട ഒരു രൂപകത്തെ തേടിയുള്ള അന്വേഷണമാണ് അയാളെ വീണ്ടും സ്നേഹത്തിലേക്കും ലാ മാഗ യിലേക്കും ഉള്ള അന്വേഷണത്തില്‍ എത്തിക്കുന്നത്. ഐകരൂപ്യത്തെക്കുറിച്ചുള്ള ഒളിവേര യുടെ സങ്കല്‍പ്പത്തെപ്പറ്റി ലാ മാഗ ചോദിക്കുമ്പോള്‍ അത് അമൂര്‍ത്തതലത്തില്‍ നില്‍ക്കുന്ന ഒന്നാണെന്നും ഉദാഹരണങ്ങളിലൂടെ അത് വ്യക്തമാക്കാന്‍ കഴിയില്ല എന്നും അയാള്‍ പറയുന്നു. ഈ ഒരു ഐകരൂപ്യത്തിന് വേണ്ടിയുള്ള അന്വേഷണങ്ങളും പരിചിന്തനങ്ങളും നോവലില്‍ പലയിടത്തും പല വിധത്തില്‍ കടന്ന് വരുന്നുണ്ട്. എല്ലാത്തിലും പരന്നൊഴുകുകയും എല്ലാത്തെയും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒരു തത്വമാകുകയും ചെയ്യുന്ന സംഗീതം അതിന്‍റെ സ്വരച്ചേര്‍ച്ച എന്നിവയെപ്പറ്റിയുള്ള നീണ്ട ചര്‍ച്ചകളില്‍ ഒളിവേരയുടെ എകതത്വത്തെ കുറിച്ചുള്ള സാധ്യത തേടലുകള്‍ കാണാം. മറ്റൊരിടത്ത് മേറ്റ്‌ പാനീയം തയ്യാറാക്കുന്ന യെര്‍ബാ മേറ്റ്‌ എടുത്ത് വച്ച് അതിലേക്ക് അതിന്റെ സവിശേഷ ഗന്ധം കടന്ന് വന്നതിന്റെയും അത് മേറ്റ്‌ പാനീയത്തിലേക്ക് പടര്‍ന്നതിന്റെയും അവിടെ നിന്ന് തന്റെ ശ്വാസകോശങ്ങളെ ഉത്തെജിപ്പിക്കുന്നതിന്റെയും വഴികളെ കുറിച്ച് ചിന്തിക്കുന്നു. ഒപ്പം അയാള്‍ മറ്റൊരു കാര്യം കൂടി ചിന്തിക്കുന്നുണ്ട് കുറച്ചു കാലമായി താന്‍ അപ്രധാന കാര്യങ്ങളില്‍ കൂടുതല്‍ മനസ്സ് വയ്ക്കുന്നു എന്ന്. ലൌകിക വ്യവഹാരത്തില്‍ പ്രധാനമെന്നും അപ്രധാനമെന്നും കരുതുന്ന എല്ലാത്തിലും ആ ഐകരൂപ്യ രൂപകത്തിനു വേണ്ടിയുള്ള അന്വേഷണം അയാള്‍ നടത്തുന്നു.

ഒരിടത്ത് അയാള്‍ സ്വയം വിലയിരുത്തുന്ന പോലെ ഓരോ വ്യക്തികളും സാഹചര്യങ്ങളും തനിക്ക് അപ്പപ്പോള്‍ തോന്നിയ വിധം സഞ്ചരിക്കാനുള്ള ഓരോ വഴികളാണ്. ചിലപ്പോള്‍ ലാ മാഗ, ചിലപ്പോള്‍ സാഹിത്യം മറ്റു ചിലപ്പോള്‍ മടി ഇവയിലൂടെ സാഹചര്യങ്ങളുടെ യാദൃച്ഛികതയാല്‍ നടന്ന് നീങ്ങുക എന്നതാണ് തന്റെ വഴി എന്ന് ഒരിടത്ത് അയാള്‍ ചിന്തിക്കുന്നു. അയാളുടെ വൈകാരിക നിരാസത്തിന്റെയും കര്‍മ്മവിമുഖതയുടെയും തീക്ഷ്ണത മുറ്റിയ ഒരു രംഗം ലാ മാഗ യുടെ കുട്ടി റൂക്കമദൂര്‍ മരണപ്പെടുന്ന സമയം കാണാം. റൂക്കമദൂര്‍ന്‍റെ മരണ സമയത്തുള്ള ഒളിവേര യുടെ പെരുമാറ്റങ്ങള്‍ അയാളുടെ ഭൌതിക ജീവിത ചര്യകളിലെ കര്‍മ്മവൈമുഖ്യ സ്വഭാവം വെളിവാക്കുന്ന ഒന്നാണ്. നിത്യ ജീവിത സാഹചര്യങ്ങളോട് ബന്ധപ്പെടാന്‍ മടിച്ച് ഒതുങ്ങിക്കൂടുകയും സ്വാര്‍ഥപരമായ അപരലോകങ്ങളില്‍ വ്യാപരിക്കാന്‍ ശ്രമിക്കുന്നതുമായ ഒരാളായി പൂര്‍ണ്ണമായും ഒളിവേര ആ സമയം വെളിപ്പെടുന്നു. പതിവ് പോലെ സെര്‍പ്പന്റ്റ് ക്ലബ്‌ ലെ അംഗങ്ങളെല്ലാം

ഒത്തു കൂടി യാഥാര്‍ത്ഥ്യത്തെയും അസംബന്ധത്തെയും കുറിച്ചുള്ള ദീര്‍ഘ ചര്‍ച്ചയിലാണ്. ഈ സമയം റൂക്കമദൂര്‍ മരണപ്പെടുന്നത് ഒളിവേര അറിയുന്നുണ്ട്. ഒരു മനുഷ്യനെ സംബന്ധിച്ച് അവന്‍റെ ആര്‍ദ്ര വികാരങ്ങള്‍ എല്ലാറ്റിനും ഉപരിയായി വരികയും കരുണയുടെ കരങ്ങള്‍ നീട്ടേണ്ടതുമായ ആ സന്ദര്‍ഭത്തില്‍ ഒളിവേര അതിനെയെല്ലാം നിഷ്കരുണം തള്ളി ചര്‍ച്ച തുടരുകയാണ് ചെയ്യുന്നത്. ഒളിവേരയുടെ മാനുഷികമായ ആര്‍ദ്ര വികാരങ്ങളോടുള്ള ഈ നിഷേധത്തെ നിരീക്ഷിച്ചാല്‍ ചില കാര്യങ്ങള്‍ സൂക്ഷ്മതലത്തില്‍ ഒളി മറഞ്ഞു കിടക്കുന്നത് കാണാം. പ്രത്യേകിച്ച് രണ്ടാം ഭാഗത്തെയും മൂന്നാം ഭാഗത്തെ ചില ശകലങ്ങളെയും ഒന്നാം ഭാഗവുമായി ചേര്‍ത്ത്‌ വച്ച് ഒരു പുനര്‍ വിചാരം നടത്തുമ്പോളാണ് അത് തെളിയുക. തന്റെ ചുറ്റുമുള്ള മനുഷ്യരോട് ദയാരഹിതമായ ഇടപെടലുകള്‍ നടത്തുമ്പോഴും ചില സന്ദര്‍ഭങ്ങളില്‍ അയാളുടെ ഉള്ളിലെ ആര്‍ദ്ര ഭാവങ്ങള്‍ മനുഷ്യരെയും ലോകത്തെയും ഓര്‍ത്ത്‌ മുളപൊട്ടുന്നുണ്ട് . പക്ഷെ ഇത്തരം മുള പൊട്ടലുകളെ അയാള്‍ വളരാന്‍ അനുവദിക്കുന്നില്ല . ഒരു തരം ആന്തരിക പ്രതിരോധം കൊണ്ട് അയാള്‍ അതിനെ തടയുകയാണ് . ഈ പ്രതിരോധത്തിന്റെ കാരണം അന്വേഷിച്ചാല്‍ അതിനുള്ള മറുപടി കൂടുതലും കിട്ടുന്നത് രണ്ടാം ഭാഗത്തിലാണ് . ഒന്നാം ഭാഗത്തിലെ ഒളിവേരയെയും രണ്ടാം ഭാഗത്തിലെ ഒളിവേരയെയും പരിശോധിച്ചാല്‍ പാത്ര അവതരണത്തിലും പരിചരണത്തിലും സൂക്ഷ്മമായ ഒരു വ്യത്യാസം ഉണ്ട് . അത് ആഖ്യാന കുശലതയാല്‍ കോര്‍ത്തസാര്‍ ഗംഭീരമായി നിര്‍വഹിച്ചിട്ടുമുണ്ട് . വ്യത്യാസം എന്താണെന്ന് വച്ചാല്‍ ആദ്യ ഭാഗം ഫിലോസൊഫിക്കലും രണ്ടാം ഭാഗം സൈക്കോളജിക്കലുമാണ് . രണ്ടാം ഭാഗത്തില്‍ ഒളിവേരയുടെ മാനസിക നിലയെ ധൈഷണികമായ ഒരു സൌന്ദര്യ ദര്‍ശനത്താല്‍ അല്ല അനാവരണം ചെയ്തിരിക്കുന്നത്. അതില്‍ ക്ലിനിക്കല്‍ സൈക്കോളജിയുടെ ഒരു വിശകലന സ്വഭാവമുണ്ട്. യുക്തിയില്‍ അധിഷ്ഠിതമായ വസ്തുനിഷ്ഠ കാഴ്ചപ്പാടിലൂടെയുള്ള ഒരു നോട്ടത്തില്‍ ഒളിവേര മാനസിക അപഭ്രംശം വന്ന ഒരാളായി രണ്ടാം ഭാഗത്തില്‍ കാണപ്പെടുന്നു. ക്ലിനിക്കല്‍ സൈക്കോളജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ Aboulia എന്ന സ്കിസോഫ്രീനിയയുടെ വകഭേദത്തില്‍ പെട്ട ഒരു മാനസിക തകരാറാണത്. സ്വന്തം നിലയില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കാനോ, ഇച്ഛാക്തിയോടുകൂടി സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്തൊരു മാനസികനിലയാണിത്. ചില തകരാറുകള്‍ ഉണ്ട് എന്ന് ബോധ്യമുള്ള ഒളിവേരയുടെ അബോധം തീര്‍ക്കുന്ന പ്രതിരോധങ്ങളാണ് ഒന്നാം ഭാഗത്തില്‍ നാം കാണുന്നത്. തന്റെ കര്‍മ്മ വിമുഖമായ മാനസിക നില കാരണം മാനുഷികമായ ആര്‍ദ്ര ഭാവങ്ങളുമായുള്ള ഒരിടപെടല്‍ സാധ്യമാകാതെ വരുന്ന ധര്‍മ്മസങ്കടം ആദ്യഭാഗത്തില്‍ സൂക്ഷ്മ ഭാവത്തില്‍ കാണാം. അത്തരം ഇടപെടലുകള്‍ തന്‍റെ നിലവിലെ സ്ഥിതി കൂടുതല്‍ കുഴപ്പത്തിലാക്കും എന്നൊരു ഉപബോധ ധാരണയും അയാള്‍ക്കുണ്ട്. വ്യക്തിഗത വൈകാരികതകളില്‍ നിന്നൊക്കെ വഴുതി മാറി ഏതെങ്കിലുമൊരു അതിഭൌതികമായ നദിയില്‍ (metaphysical river) അഭയം തേടാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു എന്ന് നോവലിസ്റ്റ്‌ ഒരിടത്ത് എഴുതുന്നു. ആദ്യ ഭാഗത്തുള്ള പാരീസ് ജീവിതത്തില്‍ ഇത്തരം ഒരു ധൈഷണിക

പ്രതിരോധം തീര്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. സാഹിത്യവും സെര്‍പ്പന്റ്റ് ക്ലബ്‌ ഉം പാരീസ്ന്‍റെ തന്നെ ആ സമയത്തെ ബൌദ്ധിക ചുറ്റുപാടുകളും അയാളുടെ രോഗാതുരമായ ആന്തരിക നിലയെ അതിഭൌതികമായ ഒരു സൌന്ദര്യ ദര്‍ശനത്താല്‍ മൂടി നിര്‍ത്തി. പക്ഷേ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയതിന് ശേഷം കാര്യങ്ങള്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്‌. യാഥാസ്ഥിതികമായ സാദാ ജീവിത ചുറ്റുപാടുകളിലേക്കാണ് അയാള്‍ വന്നിറങ്ങുന്നത്. ബൌദ്ധികമായ ഒരു സംവാദത്തിനായി ഒരു മനുഷ്യന്‍ പോലും അവിടെയില്ല . തുണി വില്‍പ്പന പോലെ ഒരു സാധാരണ ജോലി അയാള്‍ക്ക്‌ തിരഞ്ഞെടുക്കേണ്ടി വരുന്നു. ഒപ്പം താമസിക്കുന്നത് വീട്ടുകാര്യങ്ങളില്‍ മാത്രം മുഴുകി കഴിയുന്ന ഗിഗ്രെപ്ടന്‍. പാരീസ് ജീവിതത്തില്‍ അയാള്‍ നടത്തിയിരുന്ന അപരലോക ജീവിതവും അതിഭൌതിക പ്രതിരോധവും ഇവിടെ പൂര്‍ണ്ണമായി നഷ്ടപ്പെടുന്നു. തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ജോലി നോക്കി തുടങ്ങുമ്പോള്‍ കടുത്ത ഉത്കണ്ഠകളിലും ഭീതികളിലും പെട്ട് സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ 65 അന്തേവാസികളും ഒരുപോലെയാണെന്നും വ്യതിരിക്ത സ്വഭാവമുള്ള ആരും തന്നെ ആ കൂട്ടത്തില്‍ ഇല്ല എന്നും ഒളിവേര ഒരിടത്ത് പറയുന്നു. മടുപ്പിക്കുന്ന സാധാരണത്വവും ഏകതാനതയും അയാളുടെ മനസ്സില്‍ കൂടുതല്‍ ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നു. പിടിയില്‍ നില്‍ക്കാതെ തകര്‍ന്നു കൊണ്ടിരിക്കുന്ന തന്‍റെ ആന്തരിക ലോകത്തെ പിടിച്ചു നിര്‍ത്താന്‍ അയാള്‍ അന്നേരം തേടുന്നത് ലാ മാഗയെയും അവളുടെ സ്നേഹത്തെയുമാണ്‌. അയാള്‍ ഒരിടത്ത് പറയുന്നുണ്ട് സ്നേഹത്തിന്‍റെ വീണ്ടെടുപ്പാണ് തന്‍റെ കിബ്ബുറ്റ്സ് ലേക്ക് കടക്കാനുള്ള ഒരേ ഒരു വഴിയെന്ന് അയാള്‍ ഒരു സന്ദര്‍ഭത്തില്‍ ചിന്തിക്കുന്നു. ആ അന്വേഷണം അയാളെ കൊണ്ടെത്തിക്കുന്നത് ലാ മാഗയുടെ ചില മായാ ദര്‍ശനങ്ങളിലാണ് . തലിത യില്‍ അയാള്‍ ലാ മാഗയെ കാണുന്നു . തലിതയിലൂടെ ലാ മാഗയെ അയാള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഒളിവേരയുടെ പലതരം അന്വേഷണങ്ങളിലൂടെ വെളിവാക്കപ്പെടുന്ന , നോവലില്‍ ആകമാനം നിറഞ്ഞു നില്‍ക്കുന്ന പലതരം അതിഭൌതിക ദര്‍ശനങ്ങള്‍, ആശയാവലികള്‍, ധൈഷണികവിചാരങ്ങള്‍ തുടങ്ങി നോവലിന്‍റെ സൌന്ദര്യ ശാസ്ത്രത്തെ നിര്‍ണ്ണയിക്കുന്ന അതിവിശാലമായ ചക്രവാളങ്ങളെ സ്കിസോഫ്രീനിയ എന്നൊരു മാനസിക വിഭ്രാന്തിയിലേക്ക് ചുരുക്കി കെട്ടുന്നത് ഒട്ടും ഉചിതമല്ല . യുക്തിയില്‍ അധിഷ്ഠിതമായ സാമൂഹിക കാഴ്ചപ്പാടില്‍ മാത്രമാണ് ഭ്രാന്ത് എന്നോ മനോവൈകല്യം എന്നോ ഒക്കെ പറയാവുന്ന അവസ്ഥയ്ക്ക് സാധുത ഉള്ളത്. മനുഷ്യ നിര്‍മ്മിത യുക്തിയുടെ ചതുരക്കള്ളിയില്‍ നിന്ന് പുറത്ത് കടന്നാല്‍ പിന്നെ ഭ്രാന്ത് എന്നൊരു അവസ്ഥയ്ക്ക് നിലനില്‍പ്പില്ല . പ്രകൃതിയില്‍ എല്ലാം സ്വാഭാവികമാണ് . ആ സ്വാഭാവികതയുടെ പൊരുളുകളാണ് കല അന്വേഷിക്കുന്നത് . അങ്ങിനെ കലയുടെ കാഴ്ചയില്‍ നോക്കുമ്പോള്‍ ഒളിവേരയുടെ ആന്തരിക ലോകത്തിന്റെ പ്രതിഫലനം നോവലിന്‍റെ ഏറ്റവും മികച്ച സൌന്ദര്യ നിര്‍മ്മിതിയാണ്‌.

==============================================================

Comments

comments