അവസാന തരി കള്ളപ്പണവും കള്ളനോട്ടും സമ്പദ് വ്യവസ്ഥയിൽ നിന്നും തുടച്ചു നീക്കി, രാജ്യത്ത് വർദ്ധിച്ചു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കാനുള്ള ഒരു സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആയിട്ടാണ് മോദി സർക്കാർ നോട്ടു നിരോധനത്തെ അവതരിപ്പിച്ചത്. ഇതു നടപ്പിൽ വന്നിട്ട് നവംബർ 8-ന് മൂന്ന് വർഷം തികയുകയാണ്. അതിന്റെ വാർഷിക ആഘോഷങ്ങൾ ഒന്നും നടക്കുന്നില്ല. എന്തിന്, സത്യസന്ധമായ ഒരു വിശകലനം പോലും അതേക്കുറിച്ച് വേണ്ട എന്ന മട്ടിലുള്ള ഗവൺമെന്റ് നിലപാട് വളരെ കൃത്യമായിത്തന്നെ സൂചിപ്പിക്കുന്നത് നോട്ടുനിരോധനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ തീർത്തും പാളിപ്പോയി എന്നതാണ്. ഒപ്പം അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ തന്നെ ഇളക്കി എന്ന സത്യവും വ്യക്തമാകുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ രോഗം മാറിയില്ലെന്ന് മാത്രമല്ല, രോഗിയിപ്പോൾ മരണാസന്നയുമായിരിക്കുകയാണ്.

നോട്ടുനിരോധനത്തിന്റെ ഒരാഴ്ചക്കുള്ളിൽ തന്നെ രോഗം മൂർഛിക്കുന്നതിന്റെ ലക്ഷണങ്ങൾ വ്യക്തമായിരുന്നു. ആദ്യം തങ്ങളുടെ കൈയിലുള്ള പഴയ നോട്ടുകൾ ബാങ്കുകൾ വഴി ദിനംപ്രതി മാറാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചു, ഒപ്പം അതിന് സമയ പരിധിയും വച്ചു. ജനങ്ങൾക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുകയ്ക്കും പരിധി വച്ചു. നോട്ടു നിരോധനത്തിന്റെ നയനിർദ്ദേശങ്ങളും ലക്ഷ്യങ്ങളും മാറി മറിഞ്ഞു – കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദം എന്നിവയെ നേരിടുക എന്ന കാരണത്തിൽ നിന്നും മാറി അതിന്റെ ലക്ഷ്യം ഡിജിറ്റലൈസേഷനും, ക്യാഷ് ലെസ്സ് ക്രയവിക്രയയും ഒക്കെയായി. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ പൊതുജനം കള്ളപ്പണക്കാരുടെ കണ്ണുനീരിൽ ആനന്ദനൃത്തം ചവിട്ടുമ്പോൾ ആ സമയം തങ്ങളുടെ തൊഴിൽ ശാലകൾ അടഞ്ഞു കിടക്കുകയായിരുന്നു എന്നത് ഓർത്തില്ല. വയലിൽ നിന്നും ചന്തയിൽ വിൽക്കാൻ കൊണ്ടുവന്ന വിളകൾ വാങ്ങുവാനോ അടുത്ത കൃഷിയിറക്കാൻ വേണ്ട വിത്തും വളവും വാങ്ങുന്നതിനോ ഉള്ള പണവും അവരുടെ കൈയിൽ ഇല്ലായിരുന്നു. കടകളിലും ഹോട്ടലുകളിലും കച്ചവടം കുറഞ്ഞു. എന്തിന്, ആശുപത്രികളിൽ വരെ ആളൊഴിഞ്ഞു. 400-ഓളം സാധാരണ മനുഷ്യർ ബാങ്കുകളുടെ മുൻപിലെ നീണ്ട ക്യൂവിൽ നിന്നും നോട്ടു നിരോധനം തങ്ങളുടെ ജീവിതങ്ങളിലും ആരോഗ്യത്തിലും ഏൽപ്പിച്ച ആഘാതത്തിൽ പെട്ടും മരിച്ചു വീണു. പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങി മരിച്ചവരുടെ കണക്ക് ഇതിൽ പെടുന്നില്ല.

എന്നിട്ടും തങ്ങളുടെ നന്മക്കായി ഉറങ്ങുക പോലും ചെയ്യാതെ പണിയെടുക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ച് ജനം തങ്ങളുടെ ബുദ്ധിമുട്ടുകൾ സഹിച്ചു. ലോകത്തൊരു ജനതയും ഇത്തരത്തിൽ ഭരണകൂട നിർമ്മിതമായ ഒരു ദുരന്തത്തെ പ്രതിഷേധങ്ങളും പരാതികളും ഇല്ലാതെ, തങ്ങളുടെ നന്മക്കായിട്ടാണ് ഈ നടപടികളെല്ലാം എന്ന ധാരണയോടെ സഹിച്ച ചരിത്രം ഇല്ല. നോട്ടുനിരോധനത്തിന്റെ വൻവിജയം അതാണ് – പണത്തിന്റെ ശ്രോതസുകൾ അടച്ചു കഴിഞ്ഞാൽപ്പിന്നെ ജനത്തെ അനുസരിപ്പിക്കാൻ എളുപ്പമാണെന്ന് ഭരണകർത്താക്കൾ പരീക്ഷിച്ചു വിജയിച്ചു. സർജിക്കൽ സ്ട്രൈക്ക് വഴി ശരീരത്തിലെ രക്തം മുഴുവൻ ഒറ്റയടിക്ക് ഊറ്റിയെടുത്താൽ പിന്നെ അനക്കം ഉണ്ടാവില്ലല്ലോ, ഡോക്ടർ തീരുമാനിക്കുന്ന രീതിയിലല്ലേ കാര്യങ്ങൾ നീങ്ങൂ! ഉണർത്തണോ, എഴുന്നേൽപ്പിക്കണമോ, തിരിച്ചു ജീവിതത്തിലേക്ക് പതിവിൻപടി കൊണ്ട് വരണമോ, അതോ മസ്തിഷ്ക മരണം നടന്നെന്ന് പറയാണോ, രോഗി മരിച്ചെന്നു പ്രഖ്യാപിക്കണോ – എല്ലാം ഡോക്ടർക്ക് തീരുമാനിക്കാം. ഡോക്ടറെ അനുസരിക്കുക എന്നതിലപ്പുറം രോഗിയ്ക്ക് മറ്റ് വഴികളില്ല. കാരണം, രോഗം കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നത് രോഗിയാണെങ്കിലും രോഗാവസ്ഥയെ കുറിച്ചുള്ള വിദഗ്ദ്ധമായ അറിവ് ഡോക്ടർക്ക് മാത്രമാണുള്ളത്. ഇതിനെ അറിവിന്റെ അസമത്വം (information asymmetry) എന്ന് പറയും. രോഗിയുടെ മനോധൈര്യം കെടുത്താതെ ചികിത്സ നടത്താൻ ചിലപ്പോൾ കുറച്ചു കാര്യങ്ങൾ രോഗിയിൽ നിന്നും മറച്ചു പിടിക്കേണ്ടി വരും. എന്നാൽ കച്ചവട മനഃസ്ഥിതിയില്ലാത്ത, ജീവൻ മശായിമാരായ ഡോക്ടർമാർ ഈ അസമത്വത്തെ ഒരിക്കലും ദുരുപയോഗം ചെയ്യില്ല.

നോട്ടുനിരോധനത്തിന്റെ സമയത്ത് ഇന്ത്യക്കാർ നന്മയുള്ള ഒരു ജീവൻ മശായിയെ ആണ് തങ്ങളുടെ പ്രധാനമന്ത്രിയിൽ കാണാൻ ശ്രമിച്ചത്. അല്ലാതെ തങ്ങളുടെ പണവും, തൊഴിലും, സമാധാന ജീവിതവും അസ്ഥിരമാക്കിക്കൊണ്ട്, തന്റെ രാഷ്ട്രീയ വിജയങ്ങൾക്കായി വിലപേശാനും, അധികാരം കൊണ്ട് വരുതിയിൽ നിറുത്തി, ആരുടെയൊക്കെയോ സമ്പത്ത് കുമിഞ്ഞുകൂടുന്നതിനായി ആർക്കൊക്കെയോ കൂട്ടുനിൽക്കുന്ന ഒരു കഴുത്തറപ്പൻ കച്ചവടക്കാരൻ ഡോക്ടറെ ഒരിക്കലും അവർ പ്രതീക്ഷിച്ചില്ല. അറിവിന്റെ ആ അസമത്വം നിലനിൽക്കുന്നതിനാലാണ് തങ്ങളുടെ തൊഴിലും വരുമാനവും അസ്ഥിരമാക്കിയ രാഷ്ട്രീയത്തെ വൻഭൂരിപക്ഷത്തോടെ വീണ്ടും ഭരണത്തിലെത്തിക്കാൻ ജനങ്ങൾ തയ്യാറായത്.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു എന്താണെന്ന് കൂടി നോട്ടുനിരോധനം വ്യക്തമാക്കുന്നു – ജനാധിപത്യ വ്യവസ്ഥയിൽ അറിവിന്റെ അസമത്വം വളർത്തിയെടുത്താൽ, അല്ലെങ്കിൽ ആ അസമത്വത്തെ കുറയ്ക്കേണ്ട സ്ഥാപനങ്ങളായ പത്ര-ടെലിവിഷൻ-നവ ഓൺലൈൻ സാമൂഹിക മാധ്യമങ്ങളെ തങ്ങളുടെ വരുതിയിൽ ആക്കിയാൽ ഹാമെലിനിലെ പൈഡ് പൈപ്പറിനെ പോലെ ജനങ്ങളെ ഏത് ഗർത്തത്തിലേക്കും യാതൊരു പ്രതിഷേധവും ഇല്ലാതെ കൊണ്ടുപോകാൻ ആവും എന്ന് നോട്ടുനിരോധനം നമ്മെ പഠിപ്പിച്ചു. കാരണം, സ്റ്റേറ്റ് പരമാധികാരിയാവുന്ന സാഹചര്യത്തിൽ സ്റ്റേറ്റിനെ വിശ്വസിക്കാനാണ് ഉന്നത വിദ്യാഭ്യാസമുള്ളവരും തയ്യാറാവുക. വിദ്യാഭ്യാസം എന്നത് ചോദ്യം ചെയ്യാൻ പ്രാപ്തരാക്കുന്ന ഒരു പ്രക്രിയ എന്നതിൽ നിന്ന് മാറി ചോദ്യങ്ങളുടെ പാറ്റേണിനനുസരിച്ച് ഉത്തരം മാത്രം പറയാൻ തയ്യാറാക്കുന്ന പ്രക്രിയ ആകുമ്പോൾ, അറിവിന്റെ അസമത്വം എന്നത് സംശുദ്ധി തൊട്ടുതീണ്ടാത്ത ഒരു സിസ്റ്റത്തിന് പ്രധാനം ചെയ്യുന്ന സാദ്ധ്യതകൾ അപാരമാണ്.

WHEN THE TRICK BACKFIRES

മറുവശത്ത്, കള്ളപ്പണക്കാർ പാഠം പഠിച്ചു എന്ന് സന്തോഷിച്ച ജനങ്ങളുടെ മുൻപിൽ വച്ച് തന്നെ അവർ കള്ളപ്പണത്തെ പല നൂതന വഴികളിലൂടെയും വെളുപ്പിച്ചെടുത്തു. പല സ്വകാര്യ ബാങ്കുകളും തങ്ങളുടെ നിക്ഷേപത്തെക്കാളും വലിയതോതിൽ ആണ് നോട്ടുനിരോധന കാലത്ത് പണമിടപാട് നടത്തിയത്. ഈ അസമത്വവും ആരും ഇന്ന് വരെ ചോദ്യമാക്കിയിട്ടില്ല. രാഷ്ട്രീയക്കാരും, സർക്കാർ ഉദ്യോഗസ്ഥരും മാത്രമാണ് അഴിമതിക്കാർ എന്ന സങ്കൽപ്പം കൊണ്ടാണ്, അല്ലെങ്കിൽ അബദ്ധധാരണകൊണ്ടാണ്, തങ്ങളുടെ കൺമുന്നിൽ ബാങ്കുകൾ ഉൾപ്പടെയുള്ള വൻകിട പണമിടപാട് സ്ഥാപനങ്ങൾ നടത്തിയ വലിയ തോതിലെ കള്ളപ്പണം വെളുപ്പിക്കൽ പ്രക്രിയ ജനം കാണാതെ പോയതും. ഇതും സാധ്യമായത് അറിവിന്റെ അസമത്വം നിലനിൽക്കുന്നത് കൊണ്ടാണ്.

നോട്ടുനിരോധനം അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്ന് പോലും നിറവേറ്റിയില്ല.

  1. പിൻവലിച്ച നോട്ടുകളുടെ 99.3 ശതമാനം തിരിച്ച് ബാങ്കിൽ എത്തിയപ്പോൾ കള്ളപ്പണം കൊണ്ട് പൊറുതിമുട്ടുകയായിരുന്നു എന്ന വാദം പൊളിഞ്ഞു. ഇന്ത്യയിലെ കള്ളപ്പണത്തെക്കുറിച്ചു പഠിച്ചവരെല്ലാം കണക്കുകൂട്ടിയിരുന്നത് മൊത്തം കള്ളപ്പണത്തിന്റെ 6 ശതമാനം നോട്ടുകളിൽ ആണെന്നതാണ്. അതുപോലും മാറ്റിമറിക്കത്തക്ക വിധത്തിൽ അന്യായമായ കള്ളപ്പണം വെളുപ്പിക്കൽ സംരംഭം ആണ് നോട്ടുനിരോധനത്തിന് ശേഷം നടന്നത്.
  2. ആർബിഐ കണക്കു പ്രകാരം 2018-19 കാലത്ത് കള്ളനോട്ടിന്റെ സാന്നിധ്യം 2017-18 നേക്കാളും 43 മടങ്ങ് വർദ്ധിച്ചു. പുത്തൻ 500 രുപ നോട്ടിലെ കള്ളനോട്ട് ഇതേ കാലയളവിൽ 121 ശതമാനവും, 2000 രൂപാനോട്ടിൽ കള്ളനോട്ടിന്റെ തോത് 22 ശതമാനവും വർദ്ധിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ കള്ളനോട്ടടി ഇല്ലാതാക്കിയില്ല എന്നുമാത്രമല്ല, പൂർവാധികം ഭംഗിയായി കള്ളനോട്ടടി മുന്നേറുകയുമാണ് ഉണ്ടായത്.
  3. മുംബൈ തീവ്രവാദ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആക്രമണം ആയിരുന്നു 2019 ഫെബ്രുവരിയിലെ ഫുൽവാമ ആക്രമണം – 40 അർദ്ധ സൈനികരുടെ ജീവനാണ് നഷ്ടപെട്ടത്. തീവ്രവാദികളുടെ സാമ്പത്തിക ശ്രോതസിന് ഒരു കുഴപ്പവും സംഭവിച്ചില്ല.
  4. നോട്ടുനിരോധനത്തിന്റെ മൂന്നാം വാർഷികം ആകുമ്പോൾ പണം തന്നെയാണ് ഇന്ത്യൻ സാമ്പത്തിക ക്രയവിക്രയത്തിൽ മുന്നിൽ. പണത്തിന്റെ അളവ് 2016-നേക്കാളും 34 ശതമാനം വർദ്ധിച്ച് 2019 ജൂണിൽ 21.6 ലക്ഷം കോടി രൂപയിൽ എത്തി. ക്യാഷ്‌ലെസ്സ് സാമ്പത്തിക വ്യവസ്ഥ എന്ന നോട്ടുനിരോധനത്തിന്റെ ലക്ഷ്യം ഒടുക്കം എത്തിച്ചേർന്നത് ഈ അവസ്ഥയിലാണ്.
  5. ഡിജിറ്റൽ ക്രയവിക്രയം കൂടിയെങ്കിലും കാർഡ് ഉപയോഗിച്ചുള്ള ക്രയവിക്രയം കുറയുകയാണ് ചെയ്തത്. POS മെഷീനുകളുടെ ഉപയോഗം നോട്ടുനിരോധന കാലത്തു ഉയർന്നു എങ്കിലും, ഇപ്പോൾ പഴയതിലും താഴെ ആയി.

ചുരുക്കത്തിൽ പറഞ്ഞാൽ ഒന്നൊന്നായി ലക്ഷ്യങ്ങൾ പാളിപ്പോവുകയും, വൻ സാമ്പത്തിക ദുരന്തത്തിലേക്ക് ഒരു ജനതയെ തള്ളിവിടുകയും ചെയ്ത നയമായി മാറി നോട്ടുനിരോധനം. ഈ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് നടത്താൻ പ്രധാനമന്ത്രിയെ സ്വാധീനിച്ച ശക്തികളും / വ്യക്തികളും യാതൊരു തയ്യാറെടുപ്പും നടത്താതെ രാജ്യത്തിന്റെ അടിത്തറ തന്നെ ഇളക്കിയ നടപടിയിലേക്ക് നയിക്കുകയായിരുന്നു എന്ന് മനസിലാക്കാനുള്ള അടിസ്ഥാന ബോധമോ ഉത്തരവാദിത്തമോ ഭരണത്തിലിരിക്കുന്നവർക്കും അവരുടെ ഉപദേഷ്ടാക്കൾക്കും ഇല്ലാതെ പോയി, അല്ലെങ്കിൽ രാജാവിനെ വരും വരായ്കകൾ പറഞ്ഞു മനസിലാക്കാനുള്ള ധൈര്യം ആർക്കും ഇല്ലാതെ പോയി. ഉത്തരവാദിത്തപ്പെട്ടവർ തീർത്തും നിരുത്തരവാദിത്തപരമായാണ് പ്രവർത്തിച്ചത്. ഒരു ജനാധിത്യ വ്യവസ്ഥയിലെ ഏറ്റവും വലിയ പ്രതിസന്ധി ഇത്തരത്തിലുള്ള നിരുത്തരവാദികളെ നിലയ്ക്ക് നിറുത്താൻ കഴിയാത്തതാണ്.

കുറച്ചുകൂടി വ്യക്തമാക്കിയാൽ ഒരു ഡോക്ടർ തന്റെ ചികിത്സയിൽ ഉള്ള ഒരു രോഗിക്ക് ഡയാലിസിസ് വേണമെന്ന് നിർദ്ദേശിക്കുന്നത് എപ്പോഴാണ്? വൃക്കയുടെ പ്രവർത്തനം കുറഞ്ഞ്, മരുന്നുകൾ ഫലിക്കാതെയും, രക്തത്തിൽ മാലിന്യത്തിന്റെ അളവ് നിയന്ത്രണാതീതമായി രോഗിയുടെ ജീവൻ അപകടത്തിലാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഡയാലിസിസ് വേണമെന്ന് ഡോക്ടർ നിർദ്ദേശിക്കുക. രോഗിക്ക് ഡയാലിസിസ് താങ്ങാനുള്ള ആരോഗ്യസ്ഥിതിയുണ്ടോ എന്നും ഉറപ്പാക്കും. ഇതെല്ലാം കഴിഞ്ഞാലും ഡയാലിസിസിനുള്ള സൗകര്യങ്ങൾ – ചേർച്ചയുള്ള രക്തം, പ്രവർത്തനസജ്ജമായ ഡയാലിസിസ് മെഷീൻ, എന്തിനു ഇലക്ട്രിസിറ്റി വരെ – തുടർച്ചയായി ഉണ്ടാവുമെന്ന് ഉറപ്പാക്കണം. ഒപ്പം കാര്യങ്ങൾ നിരീക്ഷിക്കാനുള്ള നൈപുണ്യമുള്ള ആളും ഉണ്ടായിരിക്കണം. ഡയാലിസിസിനു ശേഷം രോഗിക്ക് വേണ്ട മരുന്നുകളും മറ്റു സഹായങ്ങളും ലഭ്യമാകും എന്ന് തീർച്ചപ്പെടുത്തണം. ഇതൊക്കെ ചെയ്താലേ ഒരു ഡോക്ടർക്ക് ഡയാലിസിസിന്റെ വിജയം ഉറപ്പാക്കാനാകുകയുള്ളു. നോട്ടുനിരോധനം ഒരു ഡയാലിസിസ് ആയിരുന്നു – കള്ളപ്പണവും, കള്ളനോട്ടും തീവ്രവാദവും ഇല്ലായ്മ ചെയ്യാൻ വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൂഴിക്കടകൻ. ഒറ്റയടിക്ക് രോഗിയുടെ ശരീരത്തിലെ 86 ശതമാനം രക്തം ഊറ്റിക്കളഞ്ഞു. പക്ഷേ തിരികെ രക്തം കയറിയത് തുള്ളി തുള്ളിയായാണ്. ആറു മാസത്തിൽ ഏറെ എടുത്തു, ശരീരം പഴയരീതിയിൽ ആകാൻ. അപ്പോഴേക്കും രക്തമില്ലാതെ പല നാഡികളും ചുരുങ്ങി, ഓക്സിജൻ കിട്ടാതെ പല അവയവങ്ങളും മൃതാവസ്ഥയിലായി.

ഇതിന്റെ കൂടെ, ജി എസ് ടിയും കൂടെ നടപ്പിലാക്കിയപ്പോൾ സമ്പദ്‌വ്യവസ്ഥ കൂടുതൽ താറുമാറായി. നോട്ടുനിരോധന കാലത്ത് പലവിധ കൈത്തൊഴിൽ, കൃഷി, ഗ്രാമീണ മേഖല എന്നീ രംഗങ്ങളിലെ ചെറുകിട സംരംഭകർ പണമില്ലാതെ ഉത്പ്പാദനം നിറുത്തി വെയ്ക്കാൻ നിർബന്ധിതരായി. മറുവശത്തു കെട്ടിട നിർമാണ മേഖല ഒന്നായിത്തന്നെ അടച്ചുപൂട്ടലിന്റെ വക്കിലെത്തി. പണി തീർന്ന ഫ്ലാറ്റുകളും കെട്ടിടങ്ങളും വാങ്ങാൻ ആളില്ലാതായി. പലരുടെയും തൊഴിൽ പോയി. കുടുബങ്ങളുടെ വരുമാനം കുറഞ്ഞു, അതനുസരിച്ചു ഉപഭോഗവും. സമ്പദ് വ്യവസ്ഥ പതുക്കെ മാന്ദ്യത്തിലേക്ക് വീണു. ഇത് മനസിലാക്കി ഉപഭോഗവും തൊഴിലും വർദ്ധിപ്പിക്കാനുള്ള സാമ്പത്തിക ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കാനുള്ള ആർജവം സർക്കാർ കാണിച്ചില്ല. അനന്തര ഫലമായി ജിഡിപി വളർച്ച 5 ശതമാനത്തിൽ എത്തി, തൊഴിലില്ലായ്മ 45 വർഷത്തിൽ ഏറ്റവും വലുതായി, ഉപഭോഗം പകുതിയായി, എന്തിന് ബാങ്ക് വായ്പയുടെ വളർച്ച മുരടിക്കുക മാത്രമല്ല, താഴേക്ക് പതിക്കുകയും ചെയ്തു. ഗാർഹിക സമ്പാദ്യം 1991 ശേഷം ഏറ്റവും കുറഞ്ഞ നിലയിൽ എത്തി.

ഇത്രയൊക്കെ സംഭവിച്ചിട്ടും നോട്ടുനിരോധനത്തെ കുറിച്ച് ഇന്നും വെളിപ്പെടുത്താത്ത ചില കാര്യങ്ങൾ ഉണ്ട്, അവ ആരും വേണ്ട രീതിയിൽ ഉന്നയിച്ചിട്ടില്ല.

1 എന്തിനാണ് വളരെ തിടുക്കത്തിൽ, നാടകീയമായി, യാതൊരു തയ്യാറെടുപ്പുമില്ലാതെ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ മുച്ചൂടും അസ്ഥിരപ്പെടുത്തുന്ന ഒരു നടപടിയ്ക്ക് ഉത്തരവാദിത്തപെട്ടവർ തയ്യാറായത്?
2. ആ തീരുമാനം എടുക്കാനുള്ള ഗവേഷണം നടത്തുകയും അത് നടപ്പിലാക്കാനുള്ള പദ്ധതി രേഖകൾ തയ്യാറാക്കുകയും ചെയ്തു എന്ന് പറയുന്ന ആറ് അംഗ ടീമിലെ രണ്ട് പേരെ മാത്രമേ നമുക്കറിയൂ – ഹാസമുഖ് ആഹിയയും ഇപ്പോഴത്തെ ആർബിഐ ഗവർണറായ ശക്തികാന്ത ദാസും (മോദി സർക്കാരിലെ ഏറ്റവും കരുതരായ ഇവർ ഗുജറാത്ത് കേഡറിലെ ഐഎഎസ്‌ ഉദ്യോഗസ്ഥർ ആണ്). അന്നത്തെ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ തനിക്ക് നോട്ടുനിരോധനത്തിൽ കാര്യമായ പങ്കൊന്നും ഇല്ലെന്നും, നിരോധനം ആർബിഐയുടെ മേൽ അടിച്ചേല്പിക്കുകയായിരുന്നുവെനും പറഞ്ഞു പിന്നീട് രാജിവച്ചു സ്ഥലം കാലിയാക്കി. പിന്നെയുണ്ടായിരുന്നത് അന്നത്തെ ധനമന്ത്രി, അരുൺ ജെയ്‌റ്റിലി. ഇനിയും ആരൊക്കെയാണ് ആ ഉപദേഷ്ടാക്കളുടെ ടീമിലെ വിദഗ്ദ്ധർ? രാജ്യത്തിന്റെ ഭാവി വെച്ച് പന്താടിയ ഈ തീരുമാനത്തിലേക്കെത്തിച്ച ആ ടീമിലെ ബാക്കിയുള്ള ‘വിദഗ്ദ്ധർ’ ആരൊക്കെയാണെന്ന് അറിയാനുള്ള അവകാശം ഈ രാജ്യത്തെ ജനങ്ങൾക്കുണ്ട്. .

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഇളക്കി, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ തന്നെ പ്രശ്നത്തിൽ ആക്കിയവർ അവരുടെ ലക്ഷ്യം കണ്ടെന്ന് പറയാതെ വയ്യ. 2016-ലെ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷനിൽ റഷ്യ കളിച്ച കളിയാണ് ഡൊണാൾഡ് ട്രംപിനെ പ്രസിഡണ്ട് ആക്കിയതെന്നും, ഇംഗ്ലണ്ടിനെ രാഷ്ട്രീയപരവും സാമ്പത്തികവും ആയി കശക്കിയ ബ്രെക്സിന്റെ പിറകിലും പുട്ടിന്റെ റഷ്യ ആണെന്നുമെല്ലാം വാർത്തകൾ പറയുമ്പോൾ, നോട്ടുനിരോധനവും ഇതു പോലെ ആരെങ്കിലും നമുക്കിട്ടു തന്ന പണിയാണോ എന്ന് തോന്നി പോകുന്നു.

ഭരണാധികാരി അതിശക്തനും, കഠിനാധ്വാനിയും, തെറ്റുകൾക്ക് അതീതനും ആവുമ്പോൾ, ഇത്തരം ഒരു ഉപദേശത്തിലൂടെ ജനത്തെ ദുരിതത്തിലാക്കാൻ വളരെ എളുപ്പമാണ്. ദുരിതത്തിലായാൽ, ഇന്ത്യക്കാർ തങ്ങളുടെ തീരുമാനങ്ങളിലെ പാകപ്പിഴകളെ കുറിച്ച് ചിന്തിക്കാതെ വിധിയെ പഴിച്ച് കഴിഞ്ഞോളുമെന്ന് സാമാന്യ ബോധമുള്ള ആർക്കും അറിയാം. സഹനവും ക്ഷമയും വിധേയത്വവും വേണ്ടതിലധികമുള്ള, ആധികാരികതയുടെ കള്ളവേഷമിട്ട് അതിവൈകാരികതയും നിറച്ച് മുൻപിൽ വരുന്ന ആരെയും കണ്ണടച്ച്  ആരാധിക്കാനും വിശ്വസിക്കാനും തയ്യാറുള്ള ജനം ഉണർന്നെഴുന്നേറ്റ് ചോദ്യങ്ങൾ ചോദിക്കാതിരിക്കുവോളം ഇതെല്ലാം തുടരും.

Comments

comments