പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും തന്റെ അദ്ധ്യാപകനുമായിരുന്ന എൻ കൃഷ്ണാജിയെ ഡോ. തോമസ് ഐസക് അനുസ്മരിക്കുന്നു.

വൈകുണ്ഠ മഹാപ്രസ്ഥാനത്തിൽ കൃഷ്ണാജിയുടെ മൃതശരീരത്തിനു സമീപം നിന്നപ്പോൾ അദ്ദേഹത്തെ ആദ്യമായി കണ്ടത് ഓർത്തു. ആലപ്പുഴ വലിയചുടുകാട്ടിൽ  നീലകണ്ഠന്റെ സംസ്കാരച്ചടങ്ങിലായിരുന്നു ആ കൂടിക്കാഴ്ച. ജെഎൻയുവിലെ ആദ്യത്തെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും സി.ഡി.എസ് വിദ്യാർത്ഥിയുമായിരുന്ന നീലു ഒരു വാഹനാപകടത്തിലാണ് മരണപ്പെട്ടത്. സംസ്കാരത്തിൽ പങ്കെടുക്കാൻ കൃഷ്ണാജിയും ഡോ. രാജുവുമെല്ലാം ആലപ്പുഴയിലെത്തിച്ചേർന്നിരുന്നു. ജെ.എൻ.യു.വിൽ എം.എയും എം.ഫില്ലും കഴിഞ്ഞ് സി.ഡി.എസിൽ പിഎച്ച്ഡി ചെയ്യാനെത്തിയതാണ് എ.ഡി. നീലകണ്ഠൻ. കൃഷ്ണാജിയായിരുന്നു ഗൈഡ്. നീലുവുമൊത്ത് കെ.എൻ. ഗണേഷും ഞാനും ആദ്യമായി സി.ഡി.എസിലേയ്ക്ക് പോവുകയായിരുന്നു. ഉന്നത പഠനത്തിന് നീലു കണ്ടെത്തിയ രണ്ട് റിക്രൂട്ടുകളായിരുന്നു ഞങ്ങൾ ഇരുവരും. ഹരിപ്പാട് വെച്ച് ഞങ്ങൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് നീലു മരണമടഞ്ഞു. ചിതയെരിഞ്ഞപ്പോഴേയ്ക്കും രാത്രിയായി. സി.ഡി.എസ് സംഘം മടങ്ങുന്നതിനു മുമ്പ് കൃഷ്ണാജി എന്റെ തോളത്തു ചേർത്തു പിടിച്ചു പറഞ്ഞു – “അടുത്തയാഴ്ച തിരുവനന്തപുരത്തു വരണം”. അങ്ങനെയാണ് ഞാൻ സി.ഡി.എസിൽ എം.ഫിൽ വിദ്യാർത്ഥിയായത്.

സിഡിഎസ് ഞങ്ങൾ വിദ്യാർത്ഥികൾക്ക് കുടുംബം പോലെയായിരുന്നു. അക്കാദമിക്കും രാഷ്ട്രീയവുമായ എത്രയോ ചർച്ചകൾ, തമാശകൾ! അവസാനമായി കൃഷ്ണാജിയെ കണ്ടത് ഒരു മാസം മുമ്പ് ഡൽഹിയിൽ ദിപിതയുടെ ഫ്ലാറ്റിൽ. ഒരു മണിക്കൂറിലേറെ വർത്തമാനം പറഞ്ഞിരുന്നു. ഇനിയും പ്രസിദ്ധീകരിക്കാത്ത എന്റെ തിസീസ്, കേരളത്തിലെ സാമ്പത്തിക സ്ഥിതി, അതിഥി തൊഴിലാളികൾ…. ഇത്തവണ മന്ത്രിയായപ്പോൾ അതിഥി തൊഴിലാളികളുടെ ക്ഷേമ അവകാശങ്ങളെക്കുറിച്ച് ഒരു കുറിപ്പ് അയക്കുകയും ഫോൺ വിളിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ഞാൻ വിശദീകരിച്ചു. പക്ഷെ അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല. കെട്ടിട നിർമ്മാണ സെസിലൊരു ഭാഗം ഇവരുടെ ക്ഷേമനിധിയിലേയ്ക്ക് നൽകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഡിമാന്റ്. ശ്വാസകോശത്തിലെ ക്യാൻസർമൂലം തുടർച്ചയായ സംഭാഷണം വളരെ പ്രയാസമായിരുന്നു. അതുകൊണ്ട് പിന്നീട് കാണാമെന്നു പറഞ്ഞു പിരിഞ്ഞു. കൃഷ്ണാജി എന്നും കുടിയേറ്റ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കൂലിവേലക്കാർ, പാവപ്പെട്ട കൃഷിക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പക്ഷത്തായിരുന്നു.

കൃഷ്ണാജിയുമൊത്ത് ലേഖകൻ

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്നു എന്നാണ് മകൾ വിജി പറഞ്ഞറിവ്. അറുപതുകളുടെ അവസാനം കൽക്കത്തയിലെ മറ്റെല്ലാ പ്രമുഖ ബുദ്ധിജീവികൾക്കൊപ്പം നക്സൽ അനുഭാവത്തിലേയ്ക്കു നീങ്ങി. ഫ്രോണ്ടിയർ വാരികയിൽ പേരുവച്ചും അല്ലാതെയും എഴുതുമായിരുന്നു. കൃഷ്ണാജിയുടെ ഈ രാഷ്ട്രീയ കാലത്ത് അദ്ദേഹം സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന്റെ അക്കാദമിക പ്രവർത്തനം ശുദ്ധഗണിതത്തിലും സ്റ്റാറ്റിസ്റ്റിക്സിലുമായിരുന്നു. അനൽസ് ഓഫ് മാത്തമാറ്റിക്സ്, ഇക്കണോമെട്രിക്ക തുടങ്ങിയ മാസികകളിലാണ് അദ്ദേഹം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത്. അശോക് മിത്രയുടെ നേതൃത്വത്തിൽ നിർമ്മൽ ചന്ദ്ര, രഞ്ജിത്ത് സാവു, അശോക് രുദ്ര, അമിയ സാംങ്ചി, ബരുൺ ഡേ തുടങ്ങി അസാമാന്യ പ്രതിഭകളുടെ വലിയൊരു സംഘം അന്ന് കൽക്കത്തയിലുണ്ടായിരുന്നു. അതിലൊരു സജീവ അംഗമായിരുന്നു കൃഷ്ണാജിയും.  എന്നാൽ ആദ്യത്തെ മകളുടെ മരണത്തോടെ കൽക്കത്തയിൽ നിന്നു മാറാൻ കൃഷ്ണാജി തീരുമാനിക്കുകയായിരുന്നു.

തിരുവനന്തപുരത്തു ഡോ. രാജാകട്ടെ, അച്യുതമേനോന്റെ പിന്തുണയോടെ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലേയ്ക്കു സാമ്പത്തിക പണ്ഡിതരെ തേടുകയായിരുന്നു. വളരെ പ്രഗത്ഭരായ വൈദ്യനാഥൻ, ഗുലാത്തി, ടി.എൻ. കൃഷ്ണൻ തുടങ്ങിയവർ പ്രൊഫസർമാരായി ചേർന്നു. പക്ഷെ ഒരു കുറവുണ്ടായിരുന്നു. അപ്ലയിഡ് ഇക്കണോമിക്സിലെ പഠന കേന്ദ്രമായിരുന്നെങ്കിലും ഒരു സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധനില്ലായിരുന്നു. ഈ കുറവു പരിഹരിക്കാൻ രാജ് കണ്ടെത്തിയത് കൃഷ്ണാജിയെയാണ്. അന്നോ പിന്നീടോ കൃഷ്ണാജി പി.എച്ച്.ഡി എടുത്തിട്ടില്ല. പക്ഷെ, പ്രതിഭയെ തിരിച്ചറിയുന്നതിനും പ്രൊഫസറായി അംഗീകാരം നൽകുന്നതിനും ഡോ. രാജിന് ഇതൊരു തടസ്സമായിരുന്നില്ല.

അക്കാലത്ത് ഇന്ത്യൻ ഇക്കണോമിക്സിലെ സംവാദങ്ങളുടെ കേന്ദ്രബിന്ദു ഇന്ത്യൻ സമ്പദ്ഘടനയുടെ / കാർഷിക മേഖലയുടെ ഉൽപ്പാദന വ്യവസ്ഥ (മോഡ് ഓഫ് പ്രൊഡക്ഷൻ) എന്താണെന്നതായിരുന്നു. ഈ തർക്കത്തിലെ ഒരു പ്രമാണ ഗ്രന്ഥം ലെനിന്റെ “റഷ്യയിലെ മുതലാളിത്ത വളർച്ച” എന്നതായിരുന്നു. റഷ്യൻ കാർഷിക മേഖല വർഗ്ഗപരമായ ധ്രുവീകരണത്തിലൂടെ മുതലാളിത്തത്തിലേയ്ക്കു നീങ്ങുന്നതിന്റെ രൂപങ്ങളെയാണ് ഈ ഗ്രന്ഥത്തിൽ പരിശോധിക്കുന്നത്. ലെനിന്റെ വിശകലന രീതിയാണ് വലിയൊരു വിഭാഗം രാഷ്ട്രീയ പ്രവർത്തകരും പണ്ഡിതരും സ്വീകരിച്ചത്. കേരളത്തെയും ലെനിനിസ്റ്റ് വാർപ്പ് മാതൃകയിൽ വിശദീകരിക്കുവാൻ ബദ്ധപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് കൃഷ്ണാജി “ചയനോവു”മായി രംഗപ്രവേശനം ചെയ്യുന്നത്. ധ്രുവീകരണമല്ല, പാപ്പരീകരണമാണ് കൂലിവേല വർഗ്ഗത്തിനു രൂപം നൽകുന്നതെന്നാണ് ചയനോവിന്റെ സിദ്ധാന്തം. കേരളത്തിൽ ജനസംഖ്യ പെരുകുന്നതിന്റെ ഫലമായി സ്വത്ത് നിരന്തരം പുനർവിഭജിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഭൂമി ഉപജീവനത്തിനു തികയാതെ വരുന്നതുമൂലം കൂലി വേലയ്ക്ക് പോകുവാൻ ചെറുകിട സ്വത്തുടമസ്ഥർ നിർബന്ധിതരാകുന്നു. ഇതാണ് കൃഷ്ണാജിയുടെ വാദത്തിന്റെ രത്നച്ചുരുക്കം.

ഭൂവിതരണത്തിലെ അസമത്വവും, അതിന്റെ വർദ്ധനയും, കുടുംബരൂപീകരണം, സ്വത്തു ഭാഗം വയ്ക്കൽ, ഭൂമിയുടെ വലിപ്പവും പ്രജനന നിരക്കും എന്നു തുടങ്ങി ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. സി.ഡി.എസിലെ “ദാരിദ്ര്യം, തൊഴിലില്ലായ്മ, വികസനനയം” എന്ന വിശ്രുത പഠനത്തിൽ കൃഷ്ണാജി ഭൂവിതരണം സംബന്ധിച്ചു തയ്യാറാക്കിയ അധ്യായം മുതൽ തന്റെ ഏറ്റവും അവസാന പ്രബന്ധം വരെ പരന്നു കിടക്കുന്ന ഈ സാഹിത്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന അക്കാദമിക് സംഭാവന. 2018ൽ പ്രസിദ്ധീകരിച്ച “ഭൂ അസമത്വത്തിന്റെ ഡൈനാമികസ്: ധ്രുവീകരണമോ പാപ്പരീകരണമോ” എന്ന പ്രബന്ധം ഇതു സംബന്ധിച്ച ഇതുവരെയുള്ള പഠനങ്ങളെയും സംവാദങ്ങളെയും അഖിലേന്ത്യാ കണക്കുകൾ വെച്ചു ക്രോഡീകരിക്കുന്ന അസാമാന്യമായൊരു രേഖയാണ്.

ഇതുപോലെ അദ്ദേഹം കൈവച്ച ഓരോ മേഖലയെക്കുറിച്ചും പ്രതിപാദിക്കാൻ ശ്രമിക്കുന്നില്ല. എങ്കിലും വിഷയ സൂചിക മാത്രം നൽകട്ടെ: ദാരിദ്ര്യവും പോഷകാഹാരക്കുറവും അതിന്റെ അളവുകളും, ഭക്ഷ്യധാന്യ ഉൽപ്പാദനവും പ്രാദേശിക അസമത്വങ്ങളും പൊതുവിതരണവും, കർഷകത്തൊഴിലാളികളും അവരുടെ കൂലിയും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും സ്ത്രീ-പുരുഷ അനുപാതത്തിലെ പ്രാദേശിക അന്തരങ്ങളും, ഇന്ത്യയിലെയും കാർഷിക വിലനയവും ധാന്യവില വിശകലനവും, കേരളത്തിലെ തൊഴിലില്ലായ്മ തുടങ്ങിയവ അദ്ദേഹം കൈവെച്ച പ്രധാന വിഷയങ്ങളാണ്. ഗൂഗിൾ സ്കോളറിൽ അദ്ദേഹത്തിന്റെ 94 പ്രബന്ധങ്ങളുടെ ലിസ്റ്റ് നിങ്ങൾക്കു വായിക്കാം.

ഗവേഷകൻ എന്നതുപോലെ കൃഷ്ണാജി നല്ലൊരു അധ്യാപകനും കൂടിയായിരുന്നു. സി.ഡി.എസിൽ എം.ഫില്ലിന് അക്കാലത്ത് വക്കീലൻമാരെ വരെ ഉൾപ്പെടുത്തുമായിരുന്നു. ഇവരെയടക്കം മിനിമം സ്റ്റാറ്റിസ്റ്റിക്സ് നിലവാരത്തിലേയ്ക്ക് ഏതാനും മാസങ്ങൾകൊണ്ട് കൈപിടിച്ച് ഉയർത്തിയിരുന്ന മജീഷ്യനായിരുന്നു കൃഷ്ണാജി. ചന്ദൻ മുഖർജിയായിരുന്നു സഹായി. ഇരുവരുംകൂടി ഇതിനായി ഒരു പ്രത്യേക ഹാൻഡ് ബുക്കും തയ്യാറാക്കിയിരുന്നു. ഇതിൽ സ്റ്റാറ്റിസ്റ്റിക് വിശകലനത്തിനായി ഉപയോഗപ്പെടുത്തിയിരുന്ന കണക്കുകൾ ഭൂമി, സ്വത്ത്, കാർഷിക വിലകൾ തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങളോട് ബന്ധപ്പെട്ടുള്ള യഥാർത്ഥ സ്ഥിതി വിവരക്കണക്കുകളായിരുന്നു. കണക്കിന്റെ സാമർത്ഥ്യത്തേക്കാൾ  വിശകലനത്തിന്റെ യുക്തിയിലാണ് അദ്ദേഹം ഊന്നിയിരുന്നത്. ആദ്യം വാദം, പിന്നെ അതു സമർത്ഥിക്കാനുള്ള കണക്കഭ്യാസം – ഇതായിരുന്നു അദ്ദേഹത്തിന്റെ ചിട്ട. എന്തോ ഇക്കണോമെട്രിക്സിനോട് ഒരു വിരക്തിയായിരുന്നു.

അധ്യാപകൻ എന്ന നിലയിൽ പ്രത്യേകത വിദ്യാർത്ഥികൾക്കുവേണ്ടി സമയം ചെലവഴിക്കുന്നതിനുള്ള സദാസന്നദ്ധതയാണ്. തന്റെ ഗവേഷണം കഴിഞ്ഞ് ബാക്കിസമയം വിദ്യാർത്ഥികൾക്ക് എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ആദർശം. വിദ്യാർത്ഥിക്കുള്ള സമയം കഴിഞ്ഞ് തന്റെ സ്വന്തം ഗവേഷണം എന്നതായിരുന്നു. ഞങ്ങൾ – എ.വി. ജോസ്, ചന്ദർ മുഖർജി, നടാ ദുവ്വൂരി, റാം മോഹൻ റെഡ്ഡി, മിഹിർഷാ, ദീപിത ചക്രവർത്തി (പി.എച്ച്.ഡി വിദ്യാർത്ഥികളുടെ പേരുകൾ മാത്രം) ഈ വാത്സല്യത്തിന്റെ ഗുണഭോക്താക്കളായിരുന്നു. ഒന്നുകൂടി പറയട്ടെ സ്വന്തം വിദ്യാർത്ഥിയാകണമെന്നില്ല, ഏതൊരു ഗവേഷകനും സ്വാതന്ത്ര്യത്തോടെ അദ്ദേഹത്തെ സമീപിക്കാമായിരുന്നു.

വായനയുടെ പ്രാധാന്യം കുട്ടികൾക്കു പകർന്നു നൽകാൻ അദ്ദേഹം ശ്രമിച്ചു. എംപരിക്കൽ ഗവേഷണം സിദ്ധാന്ത വിശകലനത്തോടു പലപ്പോഴും അവഗണന മനോഭാവം പുലർത്തുക പതിവാണ്. ഇതിനുള്ള പ്രതിവിധിയായിട്ടാണ് പുസ്തക വായനയ്ക്ക് അദ്ദേഹം നൽകിയ പ്രാധാന്യം. ഏറ്റവും പുതിയ പുസ്തകങ്ങൾ വായിക്കുക വിദ്യാർത്ഥികൾക്ക് അവയെ പരിചയപ്പെടുത്തുക എന്നതു പതിവായിരുന്നു. ഇമ്മാനുവൽ വാലർസ്റ്റൈൻ, സമീർ അമീൻ, ഫെർനാൻഡ് ബ്രൗഡൽ തുടങ്ങിയ ഒട്ടേറെ പേരുടെ ഗ്രന്ഥങ്ങൾ ആദ്യമായി കണ്ടിട്ടുള്ളത് കൃഷ്ണാജിയുടെ കൈയ്യിലാണ്. ലൈബ്രറിയിലെ ജേർണലുകൾ എല്ലാം പരതുക ഏതാണ്ടൊരു ദിനചര്യയായിരുന്നു. ഏറ്റവും പുതിയ പുസ്തകങ്ങളുമായി മേശമേൽ കാൽ ഉയർത്തിവച്ച് വായനയിൽ മുഴുകി ഇരിക്കുന്ന കൃഷ്ണാജിയുടെ മനസ്സിൽ തങ്ങുന്ന ഒരു പ്രധാന ചിത്രം.

പ്രബന്ധങ്ങൾ കുട്ടികളെക്കൊണ്ട് തന്നെ തിരുത്തി എഴുതിക്കും. തടിയൻ അധ്യായങ്ങളുമായിച്ചെന്ന എന്നോട് അദ്ദേഹം ചോദിച്ചത് ഇതാണ്. ഈ അധ്യായത്തിലെ വാദം എന്താണ്? അതുമായി ബന്ധമില്ലാത്തതെല്ലാം വെട്ടൂ. അതിനുശേഷം ഈ തത്വം തന്നെ ഓരോ ഖണ്ഡികയ്ക്കും ബാധകമാക്കി. എങ്ങനെയാണ് ഒരു പ്രബന്ധം എഡിറ്റ് ചെയ്യേണ്ടതെന്ന് ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്.

പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളിൽ നിന്നും പൂർണ്ണമായി പിൻവാങ്ങിയെങ്കിലും ചില കാര്യങ്ങളിൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലായിരുന്നു. അദ്ദേഹം ഒരു വിദേശ പ്രോജക്ടിലോ കൺസൾട്ടൻസിയിലോ ഭാഗഭാക്കായിട്ടില്ല. അതുകൊണ്ടായിരിക്കും റിട്ടയർ ചെയ്യുമ്പോൾ ഹൈദ്രാബാദിലെ ഒരു ചെറിയ ഫ്ലാറ്റ് മാത്രം സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. പല അവസരങ്ങളും സ്വയം വേണ്ടെന്നുവച്ചു. അവസാനം വരെ അദ്ദേഹം മുഖ്യധാരകളിൽ നിന്നു മാറിനടന്നു.

പ്രത്യക്ഷത്തിൽ വളരെ കർക്കശക്കാരന്റെ പ്രകൃതമാണ്. ചിരി അപൂർവ്വം. പക്ഷെ ഇതുപോലെ നർമ്മബോധമുള്ള പണ്ഡിതർ ചുരുക്കം. സംശയമുള്ളവർക്ക് കൃഷ്ണാജിയുടെ പൂർത്തിയാക്കാത്ത ആത്മകഥാപരമായ കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ അതു മനസിലാകും. സംഗീത പ്രേമിയായിരുന്നു. കുറച്ചുനാൾ കർണ്ണാടിക് – ഹിന്ദുസ്ഥാനി രാഗങ്ങളുടെ മാത്തമാറ്റിക്കൽ മോഡലിംങിലാണ് പൂർണ്ണമായി മുഴുകിയിരുന്നത്. രണ്ടും എനിക്ക് വലിയ വിവരമില്ലാത്തതുകൊണ്ട് അദ്ദേഹം പരിശ്രമിച്ചിരുന്നതെന്തെന്ന് വിശദീകരിക്കാൻ എനിക്കു കഴിയില്ല. ഏതായാലും ആ പ്രയത്നം വെളിച്ചം കണ്ടില്ല.

സ്വത്തെന്നു പറയാൻ ഹൈദ്രാബാദിലെ ഫ്ലാറ്റും പുസ്തകശേഖരവും സംഗീതശേഖരവും മാത്രം. പുസ്തകശേഖരത്തിൽ ജേർണലുകളുടെ മുൻ വാല്യങ്ങൾ സുന്ദരയ്യ വിജ്ഞാന കേന്ദ്രത്തിന് അദ്ദേഹം സംഭാവന ചെയ്തു. ബാക്കിയുള്ള പുസ്തകങ്ങൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനു നൽകാനാണ് തീരുമാനം. എങ്കിലും ഇന്ന് കൃഷ്ണാജിയില്ലാത്ത ഫ്ലാറ്റിൽ ആദ്യമായിച്ചെന്നപ്പോൾ മകൾ വിജി പറഞ്ഞു. അച്ഛന്റെ വിദ്യാർത്ഥികൾക്ക് ഓർമ്മ പുസ്തകമായി ഇഷ്ടമുള്ള ഒന്നോ രണ്ടോ പുസ്തകങ്ങൾ എടുക്കാം. ഡോ. എ.വി. ജോസ്, ഡോ. രാം മനോഹർ റെഡ്ഡി, ഞാൻ എന്നിവർ ഓരോ ഓർമ്മ പുസ്തകം എടുത്തു. ഞാൻ എടുത്തത് ബുക്കാറിന്റെ “ഇക്കണോമിക്സ് ഓഫ് ദി ട്രാൻസ്ഫർമേഷൻ പിരിയഡ്” എന്ന ഗ്രന്ഥം. പിന്നെ എന്റെ തന്നെ സേജ് പ്രസിദ്ധീകരിച്ച “ആധുനികവൽക്കരണവും തൊഴിലില്ലായ്മയും”. രണ്ടാമത്തെ പുസ്തകം എന്റെ കൈയ്യിൽ ഇല്ലാത്തതുകൊണ്ടല്ല. കൃഷ്ണാജിയുടെ കൈയ്യൊപ്പുള്ള ഈ കോപ്പി എനിക്കു തന്നെയാവട്ടെ എന്നു വിചാരിച്ചു.

ഗുരോ, പ്രണാമം.

Comments

comments