1.
അതിന്റെ ആകൃതിയിലേക്ക്
മാറാൻ വെള്ളമെന്നെ ക്ഷണിച്ചു.
മറ്റൊന്നുമാലോചിക്കാതെ
ഞാൻ പരിവർത്തനപ്പെട്ടു

2 .
കുളിക്കുമ്പോൾ
നനച്ച
വെള്ളത്തിന്
എന്റെ രൂപമായിരുന്നു.
അവയവങ്ങളോടുകൂടിയത്.
ഒലിച്ചിറങ്ങിയപ്പോൾ ഞാൻ
ഒഴുകിപ്പോകുമെന്ന് കരുതിയില്ല.

3.
തുടയിലൂടൊലിച്ചിറങ്ങിയ വെള്ളം
സൂര്യനെപ്പോലെ ചോന്ന് തുടുത്തു ആദ്യം
പിന്നെപ്പിന്നെ വെയിലിനെപ്പോലെ ഇളം മഞ്ഞയായി.
നിറം മാറിക്കൊണ്ട് വെള്ളം അതിന്റെയുള്ള് കാട്ടി.

4.
വേനലിൽ ദാഹിച്ചെത്തും
പക്ഷി പ്രാണികൾക്കായി
മുറ്റത്തൊരു പാത്രം വെള്ളം വെച്ചു.
ഞാൻ നോക്കിയിരിക്കെ
ആരും വന്നില്ല.
മരത്തിന്മേലിരുന്നും
മതിലിന്മേലിരുന്നും
ഏന്തി നോക്കുന്നവയെ കണ്ട്
ഞാനകത്തേക്ക്
പോയി.
അവയും വെള്ളവും തമ്മിലുള്ളതിനിടക്ക്
ഞാനെന്തിന്?

5.
വേരുകളാഴ്ന്നിറങ്ങുന്നതിന്നപ്പുറവും
വെള്ളത്തിന്നൊച്ച കേൾക്കാം.
ജീവനുണ്ടായതിന്റെ രഹസ്യം ഭൂമിക്കടിയിലാരാണെപ്പഴുമിങ്ങനെ മന്ത്രിക്കുന്നതെന്ന് തോന്നും.

6.
പുഴയിലെ
കുളിക്കിടയിൽ
ചെവിയിലേക്കറിയാതെ വെള്ളം കേറി.
കുറച്ചു കൂടി കൈക്കുമ്പിളിലെടുത്ത് ഒഴിച്ചു.
ആദ്യത്തെ വെള്ളം രണ്ടാമത്തേതിനൊപ്പം
കേൾവിയെ തൊട്ട ആനന്ദത്തിൽ തിരിച്ച് പോന്നു.
7.
കഴുകിക്കമിഴ്ത്തിയ
പാത്രങ്ങളുടെ വക്കുകളിൽ നിന്ന്
താഴേക്കിറ്റിയ വെള്ളത്തിൽ
പിറ്റേന്ന് രാവിലെയുണ്ടാക്കേണ്ട
പലഹാരത്തിന്ന് അരി കഴുകിയെടുക്കുന്നു
അടുക്കളയിലൊട്ടിയ ഒരുത്തിയുടെ നിഴൽ.
8.
വെള്ളത്തിലേക്ക് ഉശിര്
നീട്ടിയിടും പുഴവക്കിലെ മരങ്ങൾ.
വിശന്നെത്തുന്ന കാട്ടുജീവികൾ
വെള്ളത്തിൽ മൂക്കുരുമ്മി ഇലകളോരോന്നായി
നുള്ളിയെടുത്തിട്ടും മരങ്ങൾ പച്ചച്ച് നിന്നു.
ഇലയാട്ടി.
മരത്തിന്നുച്ചിയിലൊരു യക്ഷിയുണ്ടെന്ന കഥ
ബോധ്യപ്പെട്ടു.

9.
മുറിയിലെച്ചൂടിൽ
മടുപ്പ് തോന്നുമ്പോൾ
നമ്മളറുത്തുമാറ്റുന്നു ,
പരസ്പരമുള്ളൊട്ടലിനെ .
കിടക്കവിരിയിൽ തിളക്കുന്നു
രതീജലം.
10.
വീടിന്റെ വാതിൽക്കൽ
അലങ്കാരത്തിന് തൂക്കിയിട്ടതാണ്
ശംഖുമാല.
കാറ്റ് വന്ന് മുട്ടുമ്പോഴൊക്കെ
വീടിന്നകത്ത് കടൽവെള്ളത്തിന്നിരമ്പം കേൾക്കാം.
11 .
വെള്ളത്തിന്റെ
അടിയുടുപ്പിൽ
തുള്ളുന്ന മീനിനെ
കൊക്കിൽ കോർക്കാൻ
കാത്തിരിക്കുന്നൊരു പൊന്മ, കരയിൽ ….
12.
ഉറക്കത്തിനിടെ
കാലിൽ തണുപ്പ് തോന്നിയെണീറ്റു.
കട്ടിലിന്റെ ചോട്ടിൽ
ജഗ്ഗിൽ വച്ച കുടിവെള്ളം
സ്വപ്നാടത്തിനിറങ്ങിയതാണ്.
അവനും മക്കളും വെള്ളത്തിനു മീതേ കിടക്കുന്നത് നോക്കി നേരം വെളുപ്പിച്ചു
13.
തീണ്ടാരിത്തുണികൾ
ആരും കാണാതെ വീടിന്റെ
പിന്നാമ്പുറത്തൊളിക്കും.
വെള്ളത്തിന്റെ പല മാതിരി ചിത്രങ്ങളിൽ നിന്ന്
ഞാൻ മാത്രം ഓരോ തവണയും പുറത്ത് വരും.

14.
ഇറയത്ത് കെട്ടിക്കിടക്കും
വെള്ളത്തിൽ
കുറേയെറെയുണ്ടനക്കങ്ങൾ.

വെള്ളത്തിന്റെ നിശ്ചലത ഒരു തോന്നൽ മാത്രമാണ്.
15.
തൂക്കുപാലത്തിലൂടെ നടക്കുമ്പോൾ
വെള്ളത്തിലേക്ക്
വീഴുമെന്ന ഭീതി ഒപ്പം നടന്നു.
കരക്കെത്തിയപ്പോൾ
കാൽച്ചുവട്ടിൽ നിന്നും
പേടിയുടെ പേശികൾ കുടഞ്ഞിട്ടു സാരിയിലിഴഞ്ഞ കാറ്റ് .
16.
വെള്ളത്തിന്റെ മേട പറ്റി
മൂന്ന് നാൾ കിടന്നു.
അട വിരിഞ്ഞെത്തുന്ന
കുഞ്ഞായി
വെള്ളമെന്നെ കരയിലേക്ക് പെറ്റിട്ടു.
മരിച്ചെന്ന് നിങ്ങൾ കരുതുന്നത്
എന്റെയോ വെള്ളത്തിന്റെയോ തെറ്റല്ല
17
വരൾച്ചക്കാലത്ത്
കിണറുകൾ തിരിച്ച് ചോദിക്കും
ഒരിക്കൽ ബാഷ്പീകരിച്ചെടുത്ത വെള്ളം.
മേഘങ്ങൾ ഒന്നുമൊന്നുമറിയാത്ത മാതിരി
ദേശാടനം നടത്തും
18.
രാത്രി വെള്ളത്തിലേക്കിറങ്ങിപ്പോകുന്നു
നക്ഷത്രങ്ങളുമൊരു കഷ്ണം ചന്ദ്രനും
നിലാവ് കെടുമ്പോൾ ആകാശമാകെ പരന്ന് ഒഴുകുന്നു.
പ്രളയം വരുമെന്ന ദൈവ വചനം നിറവേറ്റപ്പെടുന്നു.
19.
പ്രണയിക്കുമ്പോൾ നീ വെള്ളവും
ഞാനതുൾക്കൊള്ളുന്ന പാത്രവുമായി.
മാറ്റിയൊഴിച്ചാലും തെളിഞ്ഞ് കാണാം എനിക്ക് വശപ്പെട്ട നിന്റെ അരികുകൾ

20.
വെള്ളം ഉടലുകൂട്ടി
വളഞ്ഞും ചെരിഞ്ഞുമൊഴുകിപ്പോകുന്നു
പൈപ്പിന്നകത്തൂടെ,
ഉടുപ്പുകളെല്ലാമഴിച്ചിട്ട്.

Comments

comments