നുഷ്യര്‍ യാത്ര ചെയ്യുന്നതിന്റെ വേഗത ദിനം പ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ടുകളില്‍ക്കൂടിയാണ് ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ലണ്ടനില്‍ നിന്ന് കൊച്ചിയിലെത്താന്‍ വേണ്ട സമയം പതിനെട്ടാം നൂറ്റാണ്ടിലെ മൂന്ന് മാസത്തില്‍ നിന്നും കുറഞ്ഞ് ഇപ്പോള്‍ എട്ട് മണിക്കൂറില്‍ എത്തി നില്‍ക്കുന്നു. ലോകത്തിന്റെ തന്നെ രൂപം മാറ്റിയ നിരവധി വന്‍കിട അടിസ്ഥാനസൌകര്യ നിര്‍മാണ പദ്ധതികളിലൂടെയാണ് ഈ വേഗത സാധ്യമാക്കിയത്. റോഡുകളും കനാലുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉള്‍പ്പെടുന്ന വേഗതയുടെ infrastructure ആധുനിക ലോകത്തെയും മുതലാളിത്ത വ്യവസ്ഥിതിയെയും മനസ്സിലാക്കുന്നതിനുപകരിക്കുന്ന പഠന വസ്തുക്കള്‍ കൂടിയാണ്. എന്നാല്‍ പായ്ക്കപ്പലില്‍ നിന്നും വിമാനത്തിലേക്കും കണ്ടെയ്നര്‍ കപ്പലുകളിലേക്കുമുള്ള മാറ്റം സാധ്യമാക്കുന്ന അടിസ്ഥാന സൌകര്യങ്ങളുടെ നിര്‍മ്മാണത്തെയും നിലനില്‍പ്പിനെയും വിശകലനം ചെയ്യുന്ന സാമൂഹികശാസ്ത്ര പഠനങ്ങള്‍ വിരളമാണ്. നിലവിലുള്ള പഠനങ്ങളില്‍ തന്നെ ഭൂരിഭാഗവും പുതിയ പാതകളും, വിമാനതാവളങ്ങളും, മെട്രോ റെയിലുമെല്ലാം മനുഷ്യരാശിയുടെ ഭാവി നിര്‍ണയിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്ന പൊതുവിലുള്ള ധാരണയെ പൊതുവില്‍ അംഗീകരിക്കുന്നുമുണ്ട്. അപൂര്‍വം ചില ഗവേഷണങ്ങള്‍ മാറ്റി നിറുത്തിയാല്‍ ഭരണകൂടങ്ങളും മുഖ്യധാരാ മാധ്യമങ്ങളും ആഘോഷിക്കുന്ന വന്‍കിട നിര്‍മ്മാണ പദ്ധതികളുടെ നേട്ടങ്ങള്‍ എണ്ണി പറയുക എന്നതിനപ്പുറം പോകുന്നില്ല മിക്ക പഠനങ്ങളും.

ഓരോ വന്‍കിട റോഡുകളും, ജലപാതകളും വിമാനത്താവളങ്ങളും ഉദ്ഘാടനം ചെയ്യപ്പെടുന്നത് എതിര്‍പ്പിന്റെ മുദ്രാവാക്യങ്ങള്‍ക്ക് മുകളില്‍ വലിയ ആഘോഷങ്ങള്‍ മേല്‍ക്കൈ നേടിക്കൊണ്ടാണ്. വികസനത്തിന്റെ പ്രതിബിംബമായിട്ടാണ് വന്‍കിട ഗതാഗത സൌകര്യങ്ങളുടെ വളര്‍ച്ചയെ പൊതുവില്‍ വിലയിരുത്തുന്നത്. അതേ സമയം വലിയ ദേശീയപാതകളും വിമാനത്താവളങ്ങളും കപ്പല്‍ ചാലുകളും ഉള്‍പ്പെടുന്ന വന്‍കിട അടിസ്ഥാന സൌകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അത് നിലനില്‍ക്കുന്ന ദേശത്തിന്റെ ഉപജീവന മാര്‍ഗങ്ങളെ ഇല്ലാതാക്കിയും പാര്‍ശ്വവല്‍ക്കരിച്ചുമാണ്. വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ തദ്ദേശീയരായ ആളുകള്‍ക്ക് ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന ന്യായീകരണമാണ് ഭരണകൂടങ്ങള്‍ സ്ഥിരമായി നല്‍കാറുള്ളത്. തൊഴിലവസരങ്ങള്‍, വികസനം തുടങ്ങിയ സ്ഥിരം പല്ലവികള്‍ക്കപ്പുറം വന്‍കിട അടിസ്ഥാന സൌകര്യ പദ്ധതികള്‍ ഒരു പ്രദേശത്തിന്റെ സാമൂഹിക ബന്ധങ്ങളെ മുതലാളിത്ത വ്യവസ്ഥിതിക്കനുകൂലമായി മാറ്റിത്തീര്‍ക്കുന്നതെങ്ങനെ എന്ന അന്വേഷണമാണ് Political ecology of infrastructure എന്ന പഠന ശാഖ.

ഗതാഗത-ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ മനുഷ്യരാശിയുടെ പരമമായ വികസനം സാധ്യമാക്കും എന്ന പൊതുധാരണ വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്നാണ് വന്‍കിട നിര്‍മ്മാണ പദ്ധതികള്‍ക്കെതിരെ ആഗോള തലത്തില്‍ നടക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ വെളിപ്പെടുത്തുന്നത്. വന്‍കിട അടിസ്ഥാനസൌകര്യ പദ്ധതികളുടെ നിര്‍മ്മാണത്തിലുള്ള സാങ്കേതികവും സാമ്പത്തികവുമായ വെല്ലുവിളികള്‍ മാത്രമല്ല അവയെപറ്റി തദ്ദേശവാസികളുടെ പ്രതീക്ഷകളും ആശങ്കകളും കൂടി ഉള്‍പ്പെടേണ്ടതാണ് ഗവേഷണങ്ങള്‍ എന്ന രാഷ്ട്രീയ നിലപാടില്‍ നിന്നാണ് ചരിത്ര, നരവംശശാസ്ത്ര ഗവേഷകര്‍ infrastructure studies എന്ന പഠന മേഖല വിപുലീകരിക്കുന്നതും പുതിയ തെളിവുകള്‍ കണ്ടെത്തുന്നതും രീതിശാസ്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും (അഹൂജ: 2009, ലാര്‍കിന്‍: 2014, ആനന്ദ്: 2018). ഹൈവേകള്‍, ഡാമുകള്‍, കനാലുകള്‍ തുടങ്ങിയ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശങ്ങളിലുള്ള ആളുകള്‍ക്കൊപ്പം വര്‍ഷങ്ങളോളം ജീവിച്ച് അവരുമായി ദീര്‍ഘ സംഭാഷണങ്ങള്‍ നടത്തിയാണ് ഗവേഷകര്‍ പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നത്. ‘Infrastructural turn’ എന്നാണ് വന്‍കിട നിര്‍മ്മാണ പദ്ധതികളുടെ സാമൂഹിക വശങ്ങളെ പഠിക്കുന്ന ഇത്തരത്തിലുള്ള പുതിയ പാരിസ്ഥിതിക രാഷ്ട്രീയ, നരവംശ ശാസ്ത്ര പഠനങ്ങളെ വിലയിരുത്തുന്നത്. ആഷ് ലി കാര്‍സിന്റെ Beyond the Big Ditch: Politics, Ecology, and Infrastructure at the Panama Canal (MA: MIT Press, 2014) പാരിസ്ഥിതിക സമ്പദ്ശാസ്ത്ര ഗവേഷണ മേഖലയിലെ Infrastructural turn മനസ്സിലാക്കാനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത കപ്പല്‍ ചാലുകളിലൊന്നായ പനാമ കനാലിന്റെ സാമൂഹ്യ ചരിത്രമാണ് കാര്‍സ് തദ്ദേശവാസികള്‍ക്കൊപ്പം രണ്ടുവര്‍ഷത്തിലധികം ജീവിച്ച് അന്വേഷിച്ചത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഈ വന്‍കിട ജലപാതയുടെ നിര്‍മ്മാണവും നിലനില്‍പ്പും മാറ്റിമറിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുകയാണ് പതിമൂന്ന് അദ്ധ്യായങ്ങളുള്ള കാര്‍സിന്റെ പഠനം.

ഒരു കനാല്‍ നദികളെ വിഴുങ്ങിയ കഥ

ആന്തരഘടന എന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന ആംഗലേയ പദത്തിന് ടി. രാമലിംഗംപിള്ളയുടെ മലയാളം നിഘണ്ടു കൊടുക്കുന്ന നിര്‍വചനം. സൂക്ഷമതയോടെ വിശകലനം നടത്തിയാല്‍ മാത്രം മനസിലാക്കാന്‍ സാധിക്കുന്ന അടിസ്ഥാനം എന്ന രീതിയില്‍ ഈ നിര്‍വചനം ആശയത്തോട് നീതി പുലര്‍ത്തുന്നു. ദൈനംദിന വ്യവഹാരത്തില്‍ ആവശ്യമായ റോഡുകള്‍, വൈദ്യുതി വിതരണ ശ്രംഖലകള്‍, ഓടകള്‍ തുടങ്ങിയ വിവിധ ഭൌതിക അടിസ്ഥാന സൌകര്യങ്ങളെയാണ് infrastructure എന്ന പദം കൊണ്ട് പൊതു വ്യവഹാരത്തില്‍ സൂചിപ്പിക്കുന്നത്. കൊളോണിയല്‍ കാലത്ത് പൊതുമാരാമത്ത് എന്ന പദമാണ് മലയാളത്തില്‍ അടിസ്ഥാനസൌകര്യ നിര്‍മ്മാണ പദ്ധതികളെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ചിരുന്നത്. 1860കളുടെ തുടക്കത്തിലാണ് കൊച്ചി, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് (Department of Public Works) നിലവില്‍ വരുന്നത്. ഭരണകൂടങ്ങള്‍ പൊതുജന നന്മയെ ഉദ്ദേശിച്ച് പ്രതിഫലം ആഗ്രഹിക്കാതെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലാണ് ‘പൊതു’ എന്ന വാക്ക് കൊളോണിയല്‍ കാലത്ത് പ്രചരിക്കുന്നത്.

പൊതു സമൂഹം വ്യത്യസ്തതകളില്ലാത്ത ഒറ്റ ഘടകമാണ് എന്ന ധാരണ ഊട്ടിയുറപ്പിക്കുന്നതാണ് പൊതുവായ അടിസ്ഥാന സൌകര്യങ്ങള്‍ എന്ന പ്രയോഗം. നാട്ടുരാജ്യങ്ങള്‍ നടപ്പാക്കിയ വന്‍കിട പദ്ധതികള്‍ക്കെതിരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പിന്റെ സ്വരങ്ങള്‍ ആര്‍പ്പുവിളികളില്‍ മുങ്ങിപ്പോയിരുന്നു. കനാല്‍-കായാലോരങ്ങളിലെ കൂരകള്‍ പൊളിച്ച് നീക്കി അടിസ്ഥാനസൌകര്യം വിപുലീകരിക്കുമ്പോള്‍ കുടിയിറക്കപ്പെട്ടവരുടെ എതിര്‍പ്പുകള്‍ എവിടേയും രേഖപ്പെടുത്താതെ അവശേഷിച്ചു. വഴികള്‍ വരുമ്പോഴും വഴി നടക്കാന്‍ പാടില്ല എന്ന ജാതി വിലക്ക് ഇരുപതാം നൂറ്റാണ്ടിലും തുടരുന്നത് കേരളം കണ്ടതാണ്. രാജഭരണം അവസാനിക്കുകയും ജനാധിപത്യ ഭരണകൂടത്തിലേക്ക് അധികാരം കൈമാറുകയും ചെയ്തപ്പോഴും അടിസ്ഥാനസൌകര്യ വികസനത്തെപ്പറ്റിയുള്ള ധാരണകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എതിര്‍പ്പുകള്‍ വികസന വിരോധം എന്ന് മുദ്ര കുത്തപ്പെട്ടു. എന്നാല്‍ വിഴിഞ്ഞം വല്ലാര്‍പാടം തുടങ്ങിയ തുറമുഖ പദ്ധതികളും, മാവൂര്‍-ചാലിയാര്‍, കൊച്ചിയിലെ കരിമുകള്‍ വ്യവസായ മലിനീകരണം, പ്ലാച്ചിമട, കരിമണല്‍ ഖനനം തുടങ്ങിയ തദ്ദേശവാസികളുടെ ജീവിതമാര്‍ഗങ്ങള്‍ ഇല്ലാതാക്കുന്ന പദ്ധതികള്‍ക്കെതിരെ നടന്ന സമരങ്ങള്‍ തുടങ്ങിയ ചുരുക്കം ചില മുന്നേറ്റങ്ങള്‍ ലോകശ്രദ്ധ നേടി. എന്നിരിക്കലും പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ എന്ന മേല്‍വിലാസത്തിനപ്പുറം ഈ മുന്നേറ്റങ്ങളും സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്നുണ്ട്. പ്രകൃതിയെ അടിസ്ഥാന സൌകര്യമാക്കി (nature as infrastructure) മാറ്റുന്ന പലതരം ഉപജീവിനമാര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തങ്ങളുടെ നരവംശ ശാസ്ത്രവും പാരിസ്ഥിതിക ചരിത്രവും എഴുതപ്പെടേണ്ടെതെന്നു ചൂണ്ടിക്കാണിക്കുന്ന കാര്‍സിന്റെ പനാമ കനാലിനെപ്പറ്റിയുള്ള പഠനം ഇവിടെ പ്രസക്തമാണ്. മനുഷ്യ പുരോഗതിയുടെ സ്മാരകം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ഈ വന്‍ പദ്ധതിയുടെ നിര്‍മ്മാണവും നടത്തിപ്പും തദ്ദേശവാസികള്‍ കാണുകയും അനുഭവിക്കുകയും പങ്കാളികളാവുകയും ചെയ്യുന്നതെങ്ങനെയെന്ന അറിവ് വന്‍കിട നിര്‍മ്മാണ പദ്ധതികളുടെ എണ്ണവും വ്യാപ്തിയും കൂടിവരുന്ന സമകാലീന ലോകത്തിന് ഏറ്റവും അവശ്യമാണ്. തദ്ദേശീയ സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകം ആഗോള മുതലാളിത്തത്തിന്റെ അടിസ്ഥാന സൌകര്യമാവുന്ന ചരിത്രമാണ് കാര്‍സ് പനാമ കനാല്‍ ഉദാഹരണമാക്കി പറയുന്നത്.

പസഫിക്, അറ്റ്ലാന്റിക് മഹാസമുദ്രങ്ങളെ ഒന്നാക്കി ലോകവ്യാപാരം സാധ്യമാക്കുന്ന പനാമ എന്ന വന്‍ കനാല്‍ കര്‍ഷകരുടെയും വന വിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിഭാഗങ്ങളുടെയും നിത്യ ജീവിതവുമായി കൂടിപ്പിണഞ്ഞു കിടക്കുന്നതിന്റെ ചരിത്രവും വര്‍ത്തമാനവുമാണ് കാര്‍സിന്റെ Beyond the Big Ditch എന്ന പഠനം. അന്‍പത് മൈല്‍ നീളത്തില്‍ ആറ് ജല സ്തംഭനികളില്‍ വെള്ളം തടഞ്ഞുവെച്ച് കപ്പല്‍ ഗതാഗതം സാധ്യമാക്കുന്ന പനാമ കനാല്‍ മനുഷ്യനിര്‍മ്മിതമായ ഒരു അത്ഭുതമായാണ് വിലയിരുത്തപ്പെടുന്നത്. 1904ല്‍ തുടങ്ങി 1914ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ പനാമ കനാല്‍ അമേരിക്കയുടെ സാമ്രാജ്യത്വ ശക്തിയായുള്ള ഉയര്‍ന്നുവരവിന്റെ സൂചന കൂടിയായിരുന്നു. അന്നുവരെ വന്‍കിട അടിസ്ഥാനസൌകര്യ നിര്‍മ്മാണ മേഖലയില്‍ മേല്‍ക്കൈ നിലനിറുത്തിയിരുന്നത് ഇംഗ്ലീഷ്, ഫ്രഞ്ച് സാങ്കേതിക വിദ്യകളായിരുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്തും തദ്ദേശവാസികളുടെ എതിര്‍പ്പുകളെ അടിച്ചമര്‍ത്തിയുമാണ് പനാമ കനാല്‍ നിര്‍മ്മിച്ചതെന്ന വാദം അമേരിക്കന്‍ മേധാവിത്വത്തിനെതിരെ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനങ്ങളും ചരിത്രകാരന്‍മാരും ഉയര്‍ത്തിക്കാണിക്കുന്ന നിലപാടാണ്.

കനാല്‍ നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും ചെയ്ത സാങ്കേതിക വിദ്യകളെയും തൊഴില്‍ സാഹചര്യത്തെയും മനസ്സിലാക്കുക എന്നതല്ല കാര്‍സിന്റെ ഗവേഷണ താല്‍പര്യം. ഒരു ദേശത്തിലെ പ്രകൃതി വിഭവങ്ങളും പാരിസ്ഥിതിക മൂല്യങ്ങളും ഒരു കനാല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യമാകുന്ന പ്രക്രിയയാണ് കാര്‍സ് വിശദീകരിക്കുന്നത്. പാരിസ്ഥിതിക നയരൂപീകരണത്തിലെ രണ്ട് പ്രധാന ധാരണകളെയാണ് കാര്‍സിന്റെ പഠനം പ്രശ്നവല്‍ക്കരിക്കുന്നത്. ഒന്നാമതായി വന്‍കിട നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക നയരൂപീകരണങ്ങള്‍ ദേശരാഷ്ട്രത്തിനുള്ളില്‍ ഒതുങ്ങുന്ന പ്രശ്നമെന്ന ധാരണയെ മാറ്റി പുതിയൊരു ഭൂപടം വരക്കുകയാണ് കാര്‍സ്. പനാമ കാനാല്‍ പനാമ റിപ്പബ്ലിക് എന്ന ദേശരാഷ്ട്രത്തിന്റെ മാത്രം നിയന്ത്രണത്തില്‍ വരുന്നതല്ല. ലോകത്തിലെ സാമ്പത്തിക ശക്തികള്‍ക്ക് കനാലിനെ സംബന്ധിക്കുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. രണ്ടാമത്, മുതലാളിത്ത ആഗോളവല്‍ക്കരണം രൂപപ്പെടുത്തിയ ഒരൊറ്റ യൂണിറ്റ് ആണ് ഈ ലോകമെന്ന വാദങ്ങളെ ഈ പഠനം ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷത്തിന്റെ സുഖ സൌകര്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന വന്‍കിട കനാലും അതിനെ നിലനിര്‍ത്തുന്ന ഡാമുകളും നിരവധി ദേശങ്ങളെ വന്‍കിട പദ്ധതി പ്രദേശങ്ങളാക്കി മാറ്റിയും

തദ്ദേശ വാസികളെ അടിമപ്പെടുത്തിയും പാര്‍ശ്വവല്‍ക്കരിച്ചുമാണ് ആഗോളവല്‍ക്കരണം സാധ്യമാക്കുന്നത്. നിലനില്‍ക്കുന്ന സാമൂഹ്യബന്ധങ്ങളിലും ജീവനോപാധികളിലും വിള്ളല്‍ വീഴ്ത്തുകയോ, പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യാതെ ആഗോളവല്‍ക്കരണം എന്ന പ്രക്രിയ സാധ്യമാകില്ല എന്ന നിരീക്ഷണം പ്രമുഖ ഇടതു ചിന്തകനും ചരിത്രകാരനുമായ ഫ്രെഡെറിക് കൂപ്പര്‍ നടത്തുന്നുണ്ട് (Cooper: 2001). കൂപ്പര്‍ ഉള്‍പ്പെടുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികരുടെ നിലപാടിന് തെളിവുകള്‍ നിരത്തുകയാണ് കാര്‍സ്. ലോകവ്യാപാരം വിപുലപ്പെടുത്താന്‍ നടപ്പാക്കിയ പനാമ കനാല്‍ എന്ന വന്‍കിട പദ്ധതിയും തദ്ദേശവാസികളുടെ ജീവിതത്തെ ആഗോളവല്‍ക്കരിക്കുകയല്ല, മറിച്ച് പാര്‍ശ്വവല്‍ക്കരിക്കുകയാണ് ചെയ്തത്. പനാമയിലെ ഗ്രാമവാസികളുടെ പ്രധാന ഉപജീവനമാര്‍ഗമായ കാടുകള്‍ തെളിച്ചുള്ള കൃഷിയെ കനാല്‍ നിര്‍മ്മാണം ഇല്ലാതാക്കുന്നതെങ്ങനെയെന്ന് ഇതിനുദാഹരണമായി വിശദീകരിക്കുന്നു

.

കര്‍ഷകര്‍ വിളനിലമായി കാണുന്ന മണ്ണ് തന്നെയാണ് കനാലില്‍ വെള്ളമെത്തിക്കുന്ന നീര്‍ത്തടങ്ങളായി പനാമയില്‍ രൂപാന്തരപ്പെടുന്നത്. അണകള്‍ തുറന്ന് ഓരോ കപ്പലും കടത്തി വിടാന്‍ വേണ്ടിവരുന്നത് അന്‍പത്തിരണ്ട് മില്ല്യണ്‍ ഗാലന്‍ ശുദ്ധജലമാണ്. അഞ്ചുലക്ഷം പനാമ നിവാസികള്‍ നിത്യോപയോഗത്തിനുപയോഗിക്കേണ്ട ജലമാണിത്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ പത്തുലക്ഷത്തിലധികം കപ്പലുകള്‍ പനാമ കനാല്‍ വഴി കടന്നുപോയിരിക്കുന്നു. ആറ് ജല സ്തംഭനികളില്‍ വെള്ളം നിറച്ച് കപ്പലുകള്‍ കടല്‍ നിരപ്പില്‍ നിന്നുയര്‍ത്തി വെള്ളം തുറന്നു വിട്ട് കപ്പലുകള്‍ ഒഴുക്കി നീക്കുകയും ചെയ്യുന്നതിന് ആവശ്യമായ ജലം ശേഖരിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. പനാമയിലും ചുറ്റുവട്ടത്തുമുള്ള മഴവെള്ളം തടഞ്ഞുവെച്ച് കനാലിലേക്ക് വഴി തിരിച്ചു വിടുക എന്നതാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി ചെയ്യുന്നത്. നിരവധി അണകളും, വലിയ ഡാമുകളും നിര്‍മ്മിച്ചാണ് ജലശേഖരണം നടത്തുന്നത്.

മഴക്കാടുകള്‍ ഇല്ലായെങ്കില്‍ കനാലുകളുമില്ല:

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി പനാമ കനാല്‍ പ്രദേശത്ത് കനാലിനാവശ്യമായ ജലം ദുര്‍ലഭമാകുന്നത് പരിഹാരം കാണേണ്ട പ്രശ്നമായി മാറിത്തുടങ്ങി. പനാമ കനാലിന്റെ നിലനില്‍പ്പിന് തന്നെ ജല ദൌര്‍ലഭ്യം തടസ്സമാകുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചു. മനുഷ്യന്‍ പ്രകൃതിക്ക് മുകളില്‍ അന്തിമ വിജയം നേടി എന്നതിനടയാളമായി ചൂണ്ടിക്കാണിച്ചിരുന്ന കനാല്‍ പരിസ്ഥിതി നാശം മൂലം ഇല്ലാതാകുമെന്ന ആശങ്ക അമേരിക്കന്‍ ഭരണകൂടത്തെ വരെ അലട്ടിത്തുടങ്ങി. മഴക്കാടുകള്‍ ഇല്ലാതാവുന്നതാണ് ജല ദൌര്‍ലഭ്യത്തിന്റെ കാരണമെന്ന് ഈ പ്രശനത്തെ പഠിച്ച ഭൌമ, പരിസ്ഥിതി ഗവേഷകര്‍ വാദിച്ചു (ഉദാഹരണത്തിന് കാണുക: Wadsworth F (1978). Deforestation: Death of the Panama Canal U. S. Strategy Conference on Tropical Deforestation). വന നശീകരണം പനാമ കനാലിന്റെ അന്ത്യമാണ് എന്ന ആശയം പരിസ്ഥിതി പഠന സെമിനാറുകളില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു. പരിസ്ഥിതി വാദികളായ ഗവേഷകരും ഉദ്യോഗസ്ഥരും പഴിചാരിയത് കാടുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കൃഷി ചെയ്തിരുന്ന കര്‍ഷകരെയാണ്. ദുര്‍ബലമായപരിസ്ഥിതിയും കണ്ണില്‍ ചോരയില്ലാത്ത കര്‍ഷകരും എന്ന വാദത്തിന് നഗരവാസികളുടെ ഇടയില്‍ വലിയ അംഗീകാരമാണ് ലഭിച്ചത്. അതേ സമയം മനുഷ്യ നിര്‍മ്മിതമായ വന്‍ അണക്കെട്ടുകള്‍ പ്രകൃതിദത്തമായ അവസ്ഥയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. 1970കള്‍ മുതല്‍ പനാമ ഭരണകൂടം പരിസ്ഥിതി സംരക്ഷണം ഒരു പ്രധാന ചുമതലയായി ഏറ്റെടുക്കുന്നത്തിലേക്കാണ് ഈ ചര്‍ച്ചകള്‍ വഴി തുറന്നത്. അതോടുകൂടി നിയമസംവിധാനങ്ങളും വനത്തില്‍ അടിക്കാടുകള്‍ വെട്ടി തീയിട്ട് കൃഷി നടത്തിയിരുന്ന ഗ്രാമീണര്‍ക്കെതിരായി മാറിത്തുടങ്ങി.

പുതിയ പരിസ്ഥിതി നിയമങ്ങളും ഭൂമി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഭരണകൂടം നടപ്പിലാക്കിത്തുടങ്ങിയത് കാനലിന്റെ നിലനില്‍പ്പ് എന്ന ഒരേയൊരു ലക്ഷ്യം മാത്രം മുന്‍പില്‍ കണ്ടാണ്. പരിസ്ഥിതി സംരക്ഷണം ഭരണവര്‍ഗത്തിന് ഏറ്റവും പ്രിയപ്പെട്ട നിലപാടായി മാറുന്നതാണ് പനാമയുടെ പിന്നീടങ്ങോട്ടുള്ള ചരിത്രം. കാരണം കപ്പല്‍ ചാല്‍ നിലനിറുത്താനാവശ്യമായ ജല ലഭ്യത ഉറപ്പു വരുത്താന്‍ കാടുകളും മരങ്ങളും നദികളും സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഒരു വന്‍ കനാലിന്റെ നിഴല്‍ പരക്കുമ്പോള്‍ പനാമയിലെ കര്‍ഷകര്‍ അവരുടെ സാംസ്കാരിക ചരിത്രം നഷ്ടപ്പെട്ടവരാകുന്നു. ഭരണകൂടം പറയുന്ന പരിസ്ഥിതി സംരക്ഷണം അവരെ നീര്‍ത്തടങ്ങള്‍ കയ്യേറിയവരാക്കി കുറ്റപ്പെടുത്തി. കര്‍ഷകര്‍ മഴക്കാടുകള്‍ വെട്ടുന്നത് കപ്പല്‍ ചാലിലെ വെള്ളത്തിന്റെ അളവ് കുറക്കുമെന്ന ആശങ്കയാണ് ഭരണകൂടത്തിന് പ്രധാനമാകുന്നത്. പനാമ കനാലിലേക്ക് വഴി തിരിച്ചു വിടുന്ന നാല്‍പ്പതു ശതമാനം ജലവും ഉയര്‍ന്ന പ്രദേശങ്ങളിലെ കാടുകളില്‍ നിന്നാണ്. ഇതേ ഭൂമിയാണ് കൃഷിക്ക് വേണ്ടി പനാമയിലെ ഗ്രാമീണര്‍ ആശ്രയിക്കുന്നതും. കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് പനാമ ഭരണകൂടം കപ്പല്‍ ചാല്‍ നിലനിര്‍ത്തുന്നത്. തേക്ക്, പൈന്‍ തുടങ്ങിയ വന്‍മരങ്ങള്‍ നട്ടു വളര്‍ത്തുന്നതിലാണ് വനം വകുപ്പ് ശ്രദ്ധിക്കുന്നത്. അതിന്റെ ഭാഗമായി കാട് വെട്ടിത്തെളിക്കുന്ന കര്‍ഷകര്‍ക്ക് പിഴ ചുമത്തുന്നതിനുള്ള വന നിയമം 1987ല്‍ നടപ്പില്‍ വരുത്തി.

കര്‍ഷകരുടെ അനുഭവത്തില്‍ പനാമ കനാല്‍ എന്നാല്‍ മലകളും, സമതലങ്ങളും മണല്‍ തിട്ടകളും ജലശേഖരണത്തിനുള്ള അടിസ്ഥാനസൌകര്യമായി മാറുന്ന പ്രക്രിയയാണ്. പനാമയിലെ കര്‍ഷകര്‍ വനം അവരുടെ ഉപജീവന മാര്‍ഗമായി കണ്ടപ്പോള്‍ ആഗോള മുതലാളിത്തം അതിനെ ഒരു ജലസ്രോതസായി മാത്രമാണ് പരിഗണിച്ചത്. പനാമ ഭരണകൂടം തുടര്‍ന്നു ചെയ്തത് കര്‍ഷകരെ പുറത്താക്കി വനങ്ങള്‍ വേലികെട്ടി തിരിക്കുക എന്നതാണ്. വനം വെട്ടിത്തെളിച്ചുള്ള കൃഷിയെ കാല്‍പ്പനികവല്‍ക്കരിക്കുകയല്ല കാര്‍സിന്റെ വിശകലനം ചെയ്യുന്നത്. മറിച്ച് രണ്ട് തരത്തിലുള്ള അടിസ്ഥാനസൌകര്യ ആവശ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും തന്‍മൂലമുണ്ടാകുന്ന സാമൂഹ്യ മാറ്റവുമാണ് കാര്‍സ് വിവരിക്കുന്നത്. ഭരണകൂടം വന വിസ്തൃതി വര്‍ദ്ധിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ജീവിത മാര്‍ഗം തേടി കുടിയേറാന്‍ നിര്‍ബന്ധിതരായി. ഗ്രാമവാസികള്‍ക്ക് അവരുടെ ആവാസവ്യവസ്ഥക്ക് മുകളിലുള്ള നിയന്ത്രണവും അവകാശവും നഷ്ടപ്പെടുന്നതാണ് നഗരത്തിലേക്കുള്ള അവരുടെ പാലായനം സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ വൈദ്യുതിയും ഗതാഗത യോഗ്യമായ റോഡുകളുമില്ലാതെ പിന്നോക്കാവസ്ഥയില്‍ അതിജീവിക്കുന്നു.

വനങ്ങളും നദികളും തടാകങ്ങളും ജലശേഖരങ്ങളാക്കി നിലനിറുത്തി പ്രവര്‍ത്തിക്കുന്ന പനാമ കനാല്‍ വഴിയാണ് ലോകവ്യാപാരത്തിന്റെ അഞ്ചു ശതമാനം കടന്നു പോകുന്നത്. പ്രതിദിനം നാല്‍പ്പത്തിയഞ്ചു കപ്പലുകള്‍ വരെ കനാല്‍ വഴി കടന്നുപോകുന്നുണ്ട്. 1077 ചതുരശ്ര മൈല്‍ ചുറ്റളവിലുള്ള ജലസ്രോതസ്സുകള്‍ കനാലിലേക്ക് തിരിച്ചുവിട്ടാണ് ഇത്രയും കപ്പലുകള്‍ ദിനംപ്രതി കടത്തിവിടുന്നത്. ഇതില്‍ ആറ് പ്രധാന നദികളും ഉള്‍പ്പെടും. ഈ നദികളെ ആശ്രയിച്ച് നടക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നിയന്ത്രണമാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമവാസികളായ കര്‍ഷകര്‍ക്ക് ജല ദൌര്‍ലഭ്യം നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അതേ സമയം ജലശേഖരണത്തിന് വേണ്ടി നിലനിര്‍ത്തുന്ന വെള്ളക്കെട്ടുകള്‍ ജലജന്യ രോഗങ്ങള്‍ വ്യാപകമാകുന്നതിന് കാരണമായി. പനാമ കനാല്‍ അതോറിറ്റിയുടെ രണ്ടായിരത്തി പന്ത്രണ്ടിലെ വരുമാനം 2.4 കോടി യു.എസ് ഡോളറാണ്. അതുകൊണ്ടു തന്നെ പ്രാദേശികമായ ജലദൌര്‍ലഭ്യം, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ദേശീയനേട്ടം ചൂണ്ടിക്കാണിച്ച് പനാമ ഭരണകൂടം ഒഴിവാക്കുകയാണ് പതിവ്.

പനാമ നഗരത്തിന് സമീപമുള്ള മിരാഫ്ലോറസ് ജലസ്തംഭനികള്‍ (Miraflores Locks) സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. കടല്‍ നിരപ്പില്‍ നിന്ന് കപ്പലുകള്‍ എണ്‍പത്തിയഞ്ച് അടി ഉയര്‍ത്തി കനാലിന്റെ മറുവശത്ത് എത്തിച്ച് വെള്ളം തുറന്നുവിട്ട് കപ്പലുകള്‍ കടലിലേക്ക് വീണ്ടും ഇറക്കിവിടുകയാണ് മിരാഫ്ലോറസ് ജലസ്തംഭനികളില്‍ നടക്കുന്നത്. എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ വേണ്ടിവരുന്ന പ്രക്രിയയാണിത്. വലിയ കണ്ടയ്നര്‍ കപ്പലുകളും ഓയില്‍ ടാങ്കറുകളും സ്തംഭനികളില്‍ വെള്ളം നിറച്ച് ഉയര്‍ത്തിയെടുക്കുന്നത് കാണാന്‍ അനേകം സഞ്ചാരികള്‍ പനാമ നഗരത്തിലെത്താറുണ്ട്. സഞ്ചാരികള്‍ കാണുന്നത് കനാലില്‍നിന്നും വെള്ളം സ്തംഭനികളിലേക്ക് പ്രവഹിക്കുന്നതും നിരയായി കിടക്കുന്ന കപ്പലുകള്‍ ഒഴുക്കിന്റെ ശക്തിയില്‍ മുന്നോട്ട് നീങ്ങുന്നതുമാണ്. ആഴക്കടലില്‍ പ്രവര്‍ത്തിക്കുന്നത് പോലെ കപ്പലുകളുടെ വലിയ പ്രൊപ്പല്ലറുകള്‍ കപ്പല്‍ ചാലില്‍ ഉപയോഗിക്കാനാവില്ല. പകരം ഒഴുക്കിന്റെ ശക്തിയില്‍ വേണം കപ്പലുകള്‍ മുന്‍പോട്ട് നീങ്ങാന്‍. ഒരു ഭാഗത്ത് വെള്ളം ഉയര്‍ത്തുകയും മറുവശത്ത് തുറന്നു വിടുകയും ചെയ്താണ് ഒഴുക്ക് സാധ്യമാക്കുന്നത്. ഈ അത്ഭുതപ്രവര്‍ത്തി നടക്കുന്ന സമയത്ത് പനാമയിലെ കാടുകളില്‍ പനാമ ഭരണകൂടത്തിന്റെ National Environmental Agency നിരന്തരമായ നിരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയാണ്. ഓരോ തുള്ളി ജലവും സംരക്ഷിച്ച് കനാലില്‍ എത്തിക്കുക എന്നതാണ് അവരുടെ പ്രധാന ഉത്തരവാദിത്തം. കനാല്‍ അതോറിറ്റിയും, പരിസ്ഥിതി ഗവേഷകരും, പനാമ ഭരണകൂടത്തിന്റെ പ്രതിനിധികളും ഉള്‍പ്പെട്ടതാണ് ഈ ഏജന്‍സി.

നിത്യജീവിതം സുഗമമാക്കുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് റോഡുകളും, ഡാമുകളും ഓടകളും ഉള്‍പ്പെടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഒരു ചരിത്ര വിദ്യാര്‍ഥിക്ക് ഓരോ സമൂഹവും വര്‍ഗ, ജാതി, ദേശ ബന്ധങ്ങളെ മൂര്‍ത്തമാക്കിയതിനുള്ള പുരാരേഖകളാണ് ഇവയെല്ലാം. പനാമയിലും ഒരു വന്‍ കനാല്‍ വാഗ്ദാനം ചെയ്ത വികസനമല്ല മറിച്ച് ഗ്രാമീണരെ അവരുടെ ഉപജീവന മാര്‍ഗം ഇല്ലാതാക്കി പുറത്താക്കുകയാണ് നടന്നത്. മാര്‍സിസ്റ്റ് സൈദ്ധാന്തികന്‍ ഡേവിഡ് ഹാര്‍വേ Accumulation by Dispossession എന്നാണ് പൈതൃക സ്വത്തുകള്‍ മുതലാളിത്ത ശക്തികള്‍ കൈയടക്കുന്ന പ്രക്രിയയെ വിശേഷിപ്പിക്കുന്നത് (Harvey: 2003). പനാമയിലും വന്‍കിട കനാല്‍ ആഗോള മുതലാളിത്തത്തിന് ജലപാതയൊരുക്കുമ്പോള്‍ തദ്ദേശവാസികളോട് ചെയ്യുന്നത് മറ്റൊന്നുമല്ല. അവിടെ കര്‍ഷകരാണ് ജലസംഭരണത്തിനുള്ള ഏറ്റവും വലിയ ഭീഷണിയായി ഭരണകൂടം കാണുകയും നിയമനിര്‍മ്മാണങ്ങളും പരിസ്ഥിതി നിയന്ത്രണങ്ങളും വഴി പുറത്താക്കുകയും ചെയ്യുന്നത്. പനാമ മേഖല (Panama zone) എന്നറിയപ്പെടുന്ന വലിയൊരു ഭൂപ്രദേശം അമേരിക്ക ഉള്‍പ്പെടുന്ന സാമ്രാജ്യത്വ ശക്തികളുടെ നിരന്തരമായ നിയന്ത്രണത്തിന് കീഴിലാണ് നിലനില്‍ക്കുന്നത്. രാഷ്ട്രീയാധികാരം പ്രകൃതിയെ നിര്‍മ്മിക്കുന്നതെങ്ങനെ എന്നുള്ള അന്വേഷണങ്ങള്‍ക്ക് ഏറ്റവും നല്ല ഉത്തരമാണ് പനാമ കനാല്‍.

കാര്‍സ് ഉള്‍പ്പെടുന്ന പാരിസ്ഥിതിക സമ്പദ്ശാസ്ത്ര ഗവേഷകര്‍ infrastructure എന്ന ആശയത്തെ പരിസ്ഥിതിയും രാഷ്ട്രീയ താല്‍പര്യങ്ങളും വര്‍ഗ വിഭജനവും ഉള്‍പ്പെടുത്തി വിപുലീകരിക്കുകയാണ്. പ്രകൃതിയെ റോഡുകളും കനാലുകളും നിര്‍മ്മിക്കുന്നതിനുള്ള പശ്ചാത്തലമെന്നതിലുപരി പ്രകൃതിയെത്തന്നെ അടിസ്ഥാന സൌകര്യമാക്കി മാറ്റുന്ന പ്രക്രിയയുടെ ഏറ്റവും നല്ല ഉദാഹരണമാണ് പനാമ കനാല്‍. സാമൂഹ്യ ബന്ധങ്ങളുടെ രൂപപ്പെടല്‍ കൂടിയാണ് അടിസ്ഥാന സൌകര്യങ്ങള്‍ രൂപകല്‍പ്പന നടത്തുകയും നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍ നടക്കുന്നത്. ഭരണകൂടത്തെ ഉപയോഗിച്ച് മുതലാളിത്തം മനുഷ്യനെയും പ്രകൃതിയെയും വേര്‍തിരിക്കുകയും വിപണിമൂല്യത്തിന്റെ യുക്തിയില്‍ സംരക്ഷിച്ച് നിറുത്തേണ്ടതാണ് പ്രകൃതി എന്ന പൊതുധാരണ രൂപപ്പെടുത്തുകയും ചെയ്യുന്നു. ‘എന്താണ് പ്രകൃതി’ എന്ന് തത്വചിന്തകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ചോദ്യത്തിന് പകരം ‘ആരുടേതാണ് പ്രകൃതി’ എന്ന ചോദ്യമാണ് political ecology of infrastructure എന്ന പഠന മേഖല അന്വേഷിക്കുന്നത്.

പുസ്തക സൂചിക

ഹരിദാസ്, വി. എന്‍. 2017. കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങള്‍: ഇനി വരുന്നൊരു തലമുറക്ക് (കോട്ടയം: ഡി സി ബുക്സ്)

Ahuja, Ravi. 2009. Pathways of Empire: Circulation, ‘Public Works’ and Social Space in Colonial Orissa, c. 1780-1914 (Hyderabad: Orient Blackswan).

Cooper, Frederick. 2001. “What is the Concept of Globalization Good For? An African Historian’s Perspective,” African Affairs 100, pp. 189-213.

Harvey, David. 2003. The New Imperialism (Oxford: OUP).

Larkin, B. 2013. “The Politics and Poetics of Infrastructure,” Annual Review of Anthropology 42, pp. 327-43.

Nikhil Anand, Akhil Gupta and Hannah Appel (eds.). 2018. The Promise of Infrastructure (Durham: Duke University Press).

Smith, Neil. 2006. “Nature as accumulation strategy”, in Leo Panitch and Colin Leys (eds.), Socialist Register Coming to Terms with Nature (New Delhi: Leftword Books)

Comments

comments