അട്ടിമറിക്കപ്പെടുന്ന ഭരണഘടനയും പൗരത്വ ഭേദഗതിയിലെ വിഭജന യുക്തികളും – വി എൻ ഹരിദാ‍സ്

അട്ടിമറിക്കപ്പെടുന്ന ഭരണഘടനയും പൗരത്വ ഭേദഗതിയിലെ വിഭജന യുക്തികളും – വി എൻ ഹരിദാ‍സ്

SHARE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇന്ത്യ എന്ന രാഷ്ട്രത്തിലെ പൗരത്വത്തിന്റെ അടിസ്ഥാനം എന്താണ്? എങ്ങിനെയാണ് ഇവിടുത്തെ പൗരത്വ നിയമങ്ങൾ കാലങ്ങളിലൂടെ വികസിച്ചുവന്നത്, വിവിധ ചരിത്ര സന്ദർഭങ്ങൾ അതിനെ എങ്ങിനെയൊക്കെ സ്വാധീനിച്ചു? പൗരത്വ ഭേദഗതി നിയമം എങ്ങിനെ പൗരത്വത്തിന്റെ അടിസ്ഥാന സങ്കല്പനങ്ങളേയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളേയും അട്ടിമറിക്കുന്നു എന്നീ കാര്യങ്ങളാണ് ഈ സാഹചര്യത്തിൽ ഇവിടെ പരിശോധിക്കുന്നത്. പൗരത്വം എന്നത് പുറമേ ലളിതമായി തോന്നുമെങ്കിലും നിരവധി സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളും സംവഹിക്കുന്ന ഒന്നാണ്. അത് ദേശീയതയുമായി പലപ്പോഴും ഇഴചേർന്നും ഇടകലർന്നും പോവുകയും പലപ്പോഴും മാറി മാറി പൊതു വ്യവഹാരങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യാറുണ്ടെങ്കിലും രണ്ടും ഒന്നല്ല ; മൗലികമായി ഏറെ വ്യത്യാസങ്ങളുള്ള ഭിന്ന സങ്കല്പങ്ങളാണ്. പൗരത്വം എന്നത് ഒരു നിയമ സ്വത്വം എന്നതുപോലെത്തന്നെ ഒരു രാഷ്ട്രീയ സ്വത്വം കൂടിയാണ്. പൗരത്വത്തിന്റെ ഒരു അടിസ്ഥാന അനിവാര്യ ഘടകമല്ല ദേശീയത. രാഷ്ട്രത്തിന്റെ  അതിർത്തികളെ അതിലംഘിച്ചും ഭൗതികമായ ബന്ധങ്ങൾ ഒന്നും ഇല്ലാതെയും ദേശീയതയുടെ വൈകാരിക അനുഭവങ്ങൾ പങ്കുവെക്കപ്പെടുന്നുണ്ടാകും.എന്നാൽ പൗരത്വത്തിന് രാഷ്ട്രത്തിന്റെ അതിരുകളും അതിനുള്ളിലെ സ്ഥിരവാസവും എല്ലാം പ്രധാനമാകും.

ഭരണഘടനകളിൽ സാധാരണ പൗരത്വത്തെ നിർവ്വചിക്കാറില്ല. പൗരത്വ നിയമങ്ങളാണ് പൗരത്വത്തെ നിർണ്ണയിക്കാറ്. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ഭാഗം പൗരത്വത്തെ സംബന്ധിച്ചുള്ളതാണ്. ഭരണഘടനാ നിർമ്മാണ സഭ സമ്മേളിച്ച 1946-49 കാലഘട്ടത്തിൽ ഏതാണ്ട് രണ്ടു വർഷത്തോളം പൗരത്വത്തെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു എന്നതും ഏതാണ്ട് 120  ഭേദഗതികൾ അവതരിപ്പിക്കപ്പെട്ടു എന്നതും പൗരത്വത്തെ സംബന്ധിച്ചുള്ള അനുച്ഛേദങ്ങൾ രൂപപ്പെടുത്തുന്നതിൽ ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ അഭിമുഖീകരിച്ച വെല്ലുവിളികളേയും പ്രതിസന്ധികളേയും വെളിപ്പെടുത്തുന്നുണ്ട്. അവ ഏറെയും വിഭജനം ഉൾപ്പടെയുള്ള ചരിത്ര സാഹചര്യങ്ങളുടെ നിർമ്മിതിയായിരുന്നു എന്ന് കൂടി അറിയേണ്ടതുണ്ട്.  ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് കൊളോണിയൽ നിയമത്തിൽ പൗരത്വത്തിന്റെ അടിസ്ഥാനം വംശമായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനികൊണ്ടു വന്ന രണ്ടു പ്രധാനപ്പെട്ട പൗരത്വ നിയമങ്ങൾ Regulating Act,1773, charter 1774 എന്നിവയായിരുന്നു. ആ നിയമം ബാധകമായിരുന്നത് ബ്രിട്ടീഷ് പ്രജകൾക്കായിരുന്നു.( Subjects). 1858-ൽ കമ്പനിയിൽ നിന്നും ഇന്ത്യൻ കോളനിയുടെ ഭരണം ബ്രിട്ടീഷ് ഭരണകൂടം ഏറ്റെടുത്തപ്പോൾ ഇന്ത്യ എന്ന കോളനി ഭൂവിഭാഗം രണ്ട് രാഷ്ട്രീയ യൂണിറ്റുകൾ ആയിത്തീർന്നു; ബ്രിട്ടീഷ് ഇന്ത്യയും ഇന്ത്യൻ ഇന്ത്യയും. ഇതിൽ ബ്രിട്ടീഷ് ഇന്ത്യ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങൾ ആയിരുന്നു എങ്കിൽ ഇന്ത്യൻ ഇന്ത്യ പ്രാദേശിക രാജഭരണകൂടങ്ങൾക്ക് കീഴിലായിരുന്നു. ബ്രിട്ടീഷ് പരമാധികാരത്തിന് വിധേയമായിരുന്നു ഈ ഭരണാധികാരികളും പ്രദേശങ്ങളുമെങ്കിലും അവിടുത്തെ ജനങ്ങൾ ബ്രിട്ടീഷ് പ്രജകൾ (Subject) എന്ന പരിഗണനക്ക് അർഹരായിരുന്നില്ല. 1914-ലെ British Nationality and Status of Aliens Act ബ്രിട്ടീഷ് പ്രജകളെ തന്നെ രണ്ടായി തരം തിരിച്ചു. സ്വാഭാവിക ജൻമംകൊണ്ട് ബ്രിട്ടീഷ് പ്രജകളായവരും കൊളോണിയൽ ഭരണകൂടം നല്കുന്ന സാക്ഷ്യപത്രങ്ങൾ വഴി പൗരത്വം സ്വാംശീകരിച്ചവരും. ഇതിൽ യൂറോപ്യൻ ബ്രിട്ടീഷ് വംശജരായ പൗരൻമാർക്ക് വലിയ മുൻഗണനകളും സവിശേഷ അവകാശങ്ങളും ഉണ്ടായിരുന്നപ്പോൾ തദ്ദേശീയരായ ഇന്ത്യക്കാർ ഇതിനൊന്നും അർഹതയില്ലാത്ത രണ്ടാം തരം പൗരൻമാരായിരുന്നു. ഭരണഘടന കൊളോണിയൽ കാലം മുതൽ തുടർന്നു വന്നിരുന്ന പൗരത്വത്തിലെ ഈ അസമത്വത്തെയാണ് ഇല്ലാതാക്കിയത്.

ന്യൂനപക്ഷാവകാശങ്ങൾ ഉൾപ്പടെ ഭരണഘടനയിലെ വിവിധ അനുച്ഛേദങ്ങളെ വിഭജനം സ്വാധീനിച്ചതു പോലെ പൗരത്വത്തെ സംബന്ധിച്ചുള്ള അനുച്ഛേദങ്ങളെ രൂപപ്പെടുത്തുന്നതിലും അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുന്ന വേളയിൽ ആദ്യം മൗലികാവകാശങ്ങളുടെ ഭാഗമായാണ് പൗരത്വം വിഭാവനം ചെയ്തത്. എന്നാൽ മതത്തിന്റെ അടിസ്ഥാനത്തിലുളള വിഭജനവും പലായനങ്ങളും അഭയാർത്ഥി പ്രവാഹങ്ങളും ബർമ്മ, സിലോൺ, മലേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ കുടിയേറിയ ഇന്ത്യൻ വംശജരുടെ ഇന്ത്യയിലേക്ക് തിരിച്ചു വരുമ്പോഴുള്ള പൗരത്വവും ഇതിനെല്ലാം നിശ്ചയിക്കേണ്ട സമയപരിധി തുടങ്ങി ഭരണഘടനാ നിർമ്മാതാക്കളുടെ മുമ്പിലുള്ള പരിഗണനാ വിഷയങ്ങൾ നിരവധിയായിരുന്നു, അത്യന്തം സങ്കീർണ്ണവുമായിരുന്നു.  നിലവിലുള്ള ശൂന്യതയെ നികത്തുന്നതിനുള്ള താല്ക്കാലിക സംവിധാനമായാണ് ഒടുവിൽ ഭരണഘടനയുടെ രണ്ടാം ഭാഗത്ത് പൗരത്വത്തെ സംബന്ധിച്ചുള്ള  അഞ്ചു മുതൽ 11 വരെയുള്ള അനുച്ഛേദങ്ങൾ പ്രത്യക്ഷപ്പെടുന്നത്. അനുച്ഛേദം അഞ്ചിൽ ഭരണഘടന നിലവിൽ വരുമ്പോൾ എന്താണ് പൗരത്വത്തിന്റെ മാനദണ്ഡങ്ങൾ എന്നു പറയുന്നു. ഇന്ത്യയിൽ ജനിച്ചവരോ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചവരോ ഭരണഘടന നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് അഞ്ചിൽ കുറയാത്തവർഷങ്ങൾ ഇന്ത്യൻ ഭൗമ അതിർത്തിക്കകത്ത് സ്ഥിരതാമസക്കാരായിരുന്നവരോ ആണെങ്കിൽ ഇന്ത്യൻ പൗരൻമാരായിരിക്കും എന്ന് പറയുന്നു. അനുച്ഛേദം അഞ്ചിന്റെ അടിസ്ഥാനം ഇന്ത്യ എന്ന ഭൂവിഭാഗവുമായുള്ള ബന്ധമാണ് (Jus Soli). ഏതെങ്കിലും തരത്തിലുള്ള സ്വത്വവുമായി പൗരത്വത്തെ ബന്ധപ്പെടുത്തുന്ന ( Jus Sanguinis) വിഭാഗീയമായ സങ്കല്പനത്തിനു പകരം ആധുനികമായ ഒരു സങ്കല്പനത്തെ അത് മുന്നോട്ട് വെക്കുന്നു. ആറും ഏഴും അനുച്ഛേദങ്ങൾ വിഭജനം സൃഷ്ടിച്ച സാഹചര്യങ്ങളെ നേരിടുന്നതിനുള്ളതായിരുന്നു. അനുച്ഛേദം ആറ് അനുസരിച്ച് ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ ഭൂഭാഗത്ത് ജനിച്ച് ഇന്ത്യയിലേക്ക് കുടിയേറിയ ഒരാളുടെ മാതാപിതാക്കളോ പൂർവ്വ മാതാപിതാക്കളോ ഇന്ത്യക്കാരാണെങ്കിൽ അത്തരം ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാകും. 1948 ജൂലൈ 19-ന് മുമ്പാണ് ഈ കുടിയേറ്റം എങ്കിൽ ആ വ്യക്തിയെ ഇന്ത്യയിലെ സ്ഥിരതാമസക്കാരനായി കണക്കാക്കും ( Resident in India) . ഇനി ഈ തിയ്യതിക്ക് ശേഷമാണെങ്കിൽ ആ വ്യക്തി നിശ്ചയിക്കപ്പെട്ട ഉദ്യാഗസ്ഥൻ മുമ്പാകെ പൗരൻ ആയി രജിസ്റ്റർ ചെയ്യണം. ഇതിന്റെ മറു ഭാഗമായിരുന്നു അനുച്ഛേദം ഏഴ്. അത് ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് പോയി തിരിച്ചു വന്നവരുടെ പൗരത്വത്തെ സംബന്ധിച്ചായിരുന്നു. വളരെ ശക്തമായ വാദപ്രതിവാദങ്ങൾ ഭരണഘടനാ നിർമ്മാണ സഭയിൽ നടന്ന ഒന്നായിരുന്നു ഈ അനുച്ഛേദം. ഈ രണ്ടു അനുച്ഛേദങ്ങളിലും “മതം ” എവിടേയും പ്രത്യക്ഷത്തിൽ പരാമർശിക്കപ്പെടുന്നില്ലെങ്കിലും അനുച്ഛേദം ആറിന്റെ ഗുണഭോക്താക്കൾ ഹിന്ദുക്കളും ഏഴ് മുസ്ലീങ്ങളുമായിരുന്നു. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ മതപരമായ വിഭാഗീയ സമീപനം അംഗങ്ങളുടെ ഭാഷകളിൽത്തന്നെ പ്രകടമായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച നീരജ ഗോപാൽ ജയാൽ പറയുന്നുണ്ട്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾ “അഭയാർത്ഥികളാ”യി വ്യവഹരിക്കപ്പെട്ടപ്പോൾ വിഭജനത്തിന്റെ തന്നെ ഇരകളായി ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് പോയി പിന്നീട് തങ്ങളുടെ ജീവനോ സ്വത്തോ കുടുംബമോ ബന്ധുമിത്രാദികളേയോ തേടി ഇന്ത്യയിലേക്ക് തന്നെ തിരിച്ചു വന്ന മുസ്ലീങ്ങൾ ”കുടിയേറ്റക്കാരാ”യി ആണ് വിശേഷിപ്പിക്കപ്പെട്ടത്.  അവർ ഇന്ത്യ എന്ന ദേശത്തോടുള്ള കൂറ് നിസ്സാരമായി വലിച്ചെറിഞ്ഞവരും അഞ്ചാം പത്തികളും ഒക്കെയായി ചിത്രീകരിക്കപ്പെട്ടു. അതേ സമയം തന്നെ അവരും വിഭജനം എന്ന ചരിത്ര സാഹചര്യത്തിന്റെ ഇരകളാണ് എന്ന് തിരിച്ചറിഞ്ഞവരും ഭരണഘടനാ നിർമ്മാണ സഭയിൽ ഉണ്ടായിരുന്നു. അനുച്ഛേദം ഒമ്പത് അനുസരിച്ച് വിദേശ പൗരത്വം നേടുന്നയാളുടെ ഇന്ത്യൻ പൗരത്വം സ്വാഭാവികമായി ഇല്ലാതാകും. അനുച്ഛേദം പത്തും പതിനൊന്നുമാണ് പാർലമെൻറിന് പൗരത്വത്തെ സംബന്ധിച്ചുള്ള നിയമനിർമ്മാണണത്തിന് അധികാരം നല്കുന്നത്. അങ്ങിനെയാണ് 1955-ൽ പാർലമെന്റ് ഇന്ത്യൻ പൗരത്വ നിയമം നിർമ്മിക്കുന്നത്. മൂന്നു മുതൽ ഏഴുവരെയുള്ള വകുപ്പുകൾ പൗരത്വം നേടുന്നതിനെ കുറിച്ചും എട്ടു മുതൽ പത്തുവരെയുള്ളവ പൗരത്വം നഷ്ടമാകുന്നതിനെക്കുറിച്ചും പറയുന്നു. പൗരത്വ നിയമം അനുസരിച്ച് അഞ്ച് രീതിയിൽ പൗരത്വം നേടാം എന്ന് പറയുന്നു: ജനനം, പിന്തുടർച്ച, രജിസ്ട്രേഷൻ, സ്വാംശീകരണം ( Naturalisation), ഭൂ ഭാഗങ്ങളുടെ കൂട്ടിച്ചേർക്കൽ വഴി . ഇതിൽ ജനനം വഴിയുള്ള പൗരത്വത്തിന് രണ്ട് ഭേദഗതികൾ വന്നു, 1986-ലും 2003-ലും. 86-ലെ ഭേദഗതിയുടെ ഉദ്ദേശലക്ഷ്യത്തിൽ തന്നെ പറയുന്നത് ജനനം വഴി സ്വാഭാവികമായി പൗരത്വം ആർജിക്കുന്നത്  തടയുന്നതിന് വേണ്ടിയാണ് ഈ ഭേദഗതി എന്നാണ്. 86 ലെ ഭേദഗതി അനുസരിച്ച് ഉപവകുപ്പ് രണ്ടിലെ ഒഴികെ 1950 ജനവരി 26 നോ അതിനു ശേഷമോ പക്ഷേ 1986-ലെ ഭേദഗതി നടപ്പിൽ വരുന്നതിന് മുമ്പ് ജനിച്ച വ്യക്തികളും അന്ന് അവരുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരൻമാരുമാണെങ്കിൽ അവർ ഇന്ത്യൻ പൗരൻമാരായിരിക്കും എന്നാണ്. 86-ലെ ഭേദഗതി വഴി ജനനം മുഖേന പൗരത്വം ആർജ്ജിക്കുന്നതിന് രണ്ട് നിയന്ത്രണങ്ങൾ ആണ് കൊണ്ടുവന്നത്. ഒന്ന് 1950 ജനുവരി 26-1986 എന്ന ഒരു കാലപരിധി കൊണ്ടുവന്നു. രണ്ട്; ഇവിടെ ജനിക്കുന്ന വ്യക്തിക്ക് ഈ ഭൂഭാഗവുമായി പാരമ്പര്യമായി ഒരു ബന്ധവും ഉണ്ടാകണം എന്ന് വന്നു. അതായത് ജനിക്കുന്ന വ്യക്തിയുടെ മാതാപിതാക്കളിൽ ഒരാളെങ്കിലും 86-ന് മുമ്പ് ഇന്ത്യൻ പൗരൻ / പൗരി ആയിരിക്കണം. ഈ ഭേദഗതിക്കും 85-ൽ ആറ് ഭേദഗതി ചെയ്ത് 6 A എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തുന്നതിനും പ്രധാന കാരണമായത് അന്നത്തെ ചരിത്ര സന്ദർഭങ്ങളും സമ്മർദ്ദങ്ങളുമാണ്.

പൂർവ്വ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥി പ്രവാഹങ്ങൾ ബംഗ്ലാദേശ് രൂപീകരണ സമയമായപ്പോഴേക്കും അതിന്റെ മൂർദ്ധന്യത്തിലെത്തി. ആസ്സാം വിദ്യാർത്ഥി യൂണിയൻ എന്ന സംഘടന (പിന്നീടിത് ആസ്സാം ഗണ പരിഷദ് എന്ന രാഷ്ട്രീയ പാർട്ടിയായി മാറുകയും അസ്സമിലെ ഭരണകക്ഷിയായി മാറുകയും ചെയ്തു.) അസ്സമിൽ “വിദേശികളുടെ ” കടന്നുകയറ്റം വഴി തദ്ദേശ സംസ്ക്കാരം ഇല്ലാതാകുന്നു എന്ന പേരിൽ വലിയ പ്രക്ഷോഭങ്ങൾ ആരംഭിക്കുകയും 1983 ഫെബ്രുവരിയിൽ നെല്ലി എന്ന സ്ഥലത്ത് വലിയ കൂട്ടക്കൊല നടക്കുകയും ചെയ്തു. ഇത് അസ്സം ധാരണ എന്ന പേരിൽ പ്രക്ഷോഭകരും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും തമ്മിൽ ഒരു രാഷ്ട്രീയ ധാരണയുണ്ടാക്കുന്നതിന് നിർബന്ധിതരാക്കി. ഈ ധാരണയനുസരിച്ച് 1966 ന് മുമ്പ് വന്നവരെയെല്ലാം ഇന്ത്യൻ പൗരൻമാരായി കണക്കാക്കും 1966- 71 വരെയുള്ളവരെ വിദേശികളായി കണക്കാക്കി രജിസ്ട്രേഷൻ വഴി ഇവിടെ തുടരാം; 71 ന് ശേഷമുള്ളവരെയെല്ലാം അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും. അങ്ങിനെ അനധികൃത കുടിയേറ്റക്കാരായി പത്ത് ലക്ഷത്തിലധികം ആളുകളുണ്ട് എന്നായിരുന്നു കണക്ക്. അവരിൽ പലരും റേഷൻ കാർഡുൾപ്പടെയുള്ള നിയമപരമായ രേഖകൾ കൈവശമുള്ളവരുമായിരുന്നു. 1985-ലെ ഭേദഗതി കൊണ്ടുവന്നത് ഈ അനധികൃത കുടിയേറ്റക്കാരെയും 66-ന് ശേഷം വന്ന “വിദേശികളേയും”   തെരഞ്ഞെടുപ്പ് പട്ടികയിൽ നിന്ന് പുറത്താക്കാനായിരുന്നു. 1983-ൽ കോൺഗ്രസ്സ് ഭരണകൂടം ഈ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുന്നതിനായി IIIegal Migrants (Determination by tribunals ) Act എന്ന നിയമം കൊണ്ടുവന്നു. ഈ നിയമം അസ്സം എന്ന സംസ്ഥാനത്തിന് മാത്രം ബാധകമായിരുന്നു. മാത്രവുമല്ല ഇന്ത്യയിലെ വിദേശികളെ സംബന്ധിച്ചുള്ള നിയമം അനുസരിച്ച് പൗരത്വം തെളിയിക്കാനുള്ള ബാദ്ധ്യത അതത് വ്യക്തികൾക്കാണ്. ഈ നിയമം അതിൽ നിന്ന് ഭിന്നമായി ട്രൈബ്യൂണൽ ആണ് ഒരാളുടെ കുടിയേറ്റം അനധികൃതമാണോ എന്ന് നിശ്ചയിക്കേണ്ടതും തിരിച്ചയക്കേണ്ടതും. ഈ നിയമം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഭാരതീയ ജനതാ പാർട്ടി
ഈ നിയമത്തിന് എതിരായിരുന്നു. അതുപോലെ അസം ഗണ പരിഷത്തും ഇത് വിദേശികളെ പുറത്താക്കാനല്ല സംരക്ഷിക്കാനാണ് സഹായിക്കുന്നത് എന്ന് ആരോപിച്ചു. 2005 ൽ സുപ്രീം കോടതി ഈ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും എല്ലാ കേസുകളും  1964ലെ ഫോറിനേഴ്സ് ട്രൈബൂണൽ ഓർഡർ അനുസരിച്ചുള്ള ട്രൈബ്യൂണൽ ഫോറിനേഴ്സ് ആക്ട് അനുസരിച്ച് നിശ്ചയിക്കാനും  വിധിച്ചു.

2003 ഭേദഗതിയിൽ ജനനം വഴിയുള്ള പൗരത്വം കൂടുതൽ നിയന്ത്രണമുള്ളതാക്കി. 2003 ന് മുമ്പ് ജനിച്ചവരുടെ ഏതെങ്കിലും മാതാപിതാക്കൾ ഇന്ത്യക്കാർ ആണെങ്കിൽ ജനനം വഴി പൗരത്വം ലഭിക്കും. എന്നാൽ 2003 ന് ശേഷമാണെങ്കിൽ മാതാപിതാക്കൾ ഇരുവരും ഇന്ത്യക്കാർ ആകണം മാത്രവുമല്ല ഇയാളുടെ ജനനസമയത്ത് അവരിൽ ഒരാളെങ്കിലും അനധികൃത കുടിയേറ്റക്കാരനാകാനും പാടില്ല. 2003 ലെ ഭേദഗതിയിൽ ആറാം വകുപ്പിൽ ഒന്നാമത്തെ ഷെഡ്യൂൾ എന്നത് അനധികൃത കുടിയേറ്റക്കാർ എന്നാക്കി മാറ്റി. ഇതിനോടൊപ്പം തന്നെ
പരിശോധിക്കേണ്ടതാണ് പൗരത്വ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ . 1965-71 കാലഘട്ടത്തിലും 1992ലെ ബാബ്റി മസ്ജിദ് ധ്വംസനത്തിനും ശേഷം പടിഞ്ഞാറൻ അതിർത്തികൾ വഴി രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് പാക്കിസ്ഥാനിൽ നിന്ന് ഹിന്ദുക്കളുടെ വ്യാപകമായ കുടിയേറ്റം സംഭവിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ പാസ്സ്പോർട്ട് ഉള്ള ഇവരിൽ പലരും ഇന്ത്യയിലേക്ക് സന്ദർശനാനുമതിയുടെ ബലത്തിൽ വരികയും
ഇവിടെ തങ്ങി തിരിച്ചു പോകാത്തവരുമാണ്. അവർ പിന്നീട് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയായിരുന്നു. അസ്സം പ്രക്ഷോഭങ്ങളുടെ തുടർച്ചയിൽ പൗരത്വം നല്കുന്നതിനുള്ള അതത് ജില്ലാ കളക്ടർമാരുടെ അധികാരം കേന്ദ്ര ഗവൺമെന്റ് പിൻവലിച്ച് അത് കേന്ദ്ര ഗവൺമെന്റിൽത്തന്നെ നിക്ഷിപ്തമാക്കിയിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾക്ക് പൗരത്വം നല്കുന്നതിന് അന്നത്തെ വാജ്പേയ് ഭരണകൂടം കണ്ടെത്തിയ വഴി പൗരത്വ ചട്ടങ്ങളിൽ ഭേദഗതി വരുത്തുക എന്നതായിരുന്നു. 1956-ലെ പൗരത്വ ചട്ടങ്ങളിലെ ഭേദഗതി വഴി കൊണ്ടുവന്ന 8A അനുസരിച്ച് പാക്കിസ്ഥാൻ പൗരത്വമുള്ള ന്യൂനപക്ഷ ഹിന്ദു ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ സ്ഥിരമായി താമസിക്കണം എന്ന ഉദ്ദേശത്തോടെ തങ്ങുന്നുണ്ടെങ്കിൽ അതത് ജില്ലാ കളക്ടർമാർക്ക് ഇന്ത്യൻ പൗരൻമാരായി അവരുടെ അപേക്ഷകളിൽ രജിസ്റ്റർ ചെയ്യാം. അങ്ങിനെ രാജസ്ഥാൻ ഗുജറാത്ത് സംസ്ഥാനങ്ങളിലെ മാത്രം ജില്ലാ കളക്ടർമാർക്ക് പ്രത്യേക ക്യാമ്പുകൾ നടത്തി ഹിന്ദു കുടിയേറ്റക്കാർക്ക് പൗരത്വം നല്കാം. ഈ ചട്ടഭേദഗതിയുടെ തുടർച്ചയും അതിന്റെ നിയമത്തിലേക്കുള്ള വ്യാപനവുമാണ് ഇപ്പോഴത്തെ ഭേദഗതികൾ .  നേരത്തേ വാജ്പേയ് ഭരണകൂടം രണ്ട് സംസ്ഥാനങ്ങൾക്ക് മാത്രമായി, ഒരു പക്ഷേ പരീക്ഷണാടിസ്ഥാനത്തിൽ കൊണ്ടുവന്ന ഭേദഗതിയാണ് ഇപ്പോൾ നിയമത്തിലും നടപ്പിലാക്കുന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്ക് മാത്രമല്ല ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ബുദ്ധിസ്റ്റ്, ജൈന, പാഴ്സി, കൃസ്ത്യൻ എന്നിവർക്ക് കൂടി ഫോറിനേഴ്സ് നിയമത്തിൽ നിന്ന് ഇളവ് അനുവദിക്കുന്നു എന്ന് മാത്രം.

ഇന്ത്യൻ ഭരണഘടനയിലെ പൗരത്വത്തെ സംബന്ധിക്കുന്ന അനുച്ഛദങ്ങൾ മുതൽ 55 ലെ പൗരത്വ നിയമവും അതിന് 85,86, 2004 എന്നീ വർഷങ്ങളിലെ ഭേദഗതികളും ഒടുവിൽ ഇപ്പോഴത്തെ ഭേദഗതികൾ വരെ പരിശോധിക്കുമ്പോൾ കാണാവുന്ന പ്രധാന മാറ്റം അത് പൗരത്വത്തിന്റെ അടിസ്ഥാനമായി ഈ ഭൂഭാഗവുമായുള്ള ബന്ധം എന്ന അടിസ്ഥാന സങ്കല്പത്തിൽ നിന്നും സ്വത്വത്തിലേക്ക് പടിപടിയായി മാറി എന്നതാണ്. അസ്സം പ്രക്ഷോഭത്തിന്റെ കാതൽ  ” പുറത്തു നിന്നു വന്നവർ” ഭൂരിപക്ഷമാകുന്നതോടെ അസ്സമീസ് സ്വത്വം ഇല്ലാതാകുന്നു എന്നതായിരുന്നു. അതിന് വഴങ്ങുകയായിരുന്നു ഭരണകൂടം. ഇപ്പോഴത്തെ ഭേദഗതി വഴി ഫലത്തിൽ അസ്സം കരാറിനെയും ഇല്ലാതാക്കി എന്നതുകൊണ്ടാണ് അസ്സമിൽ വലിയ കലാപങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറുന്നത്.  കുടിയേറ്റ ഹിന്ദുക്കൾക്ക് വോട്ടവകാശം നല്കി ബംഗാൾ പിടിക്കുക എന്ന തന്ത്രം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കലാപഭൂമിയാക്കി മാറ്റിയിരിക്കുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദു ന്യൂനപക്ഷത്തിന് പൗരത്വ ചട്ടങ്ങളിലെ ഭേദഗതി വഴി രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പൗരത്വം അനുവദിച്ചപ്പോൾ പൗരത്വത്തിന് അടിസ്ഥാനമായി മത സ്വത്വം കൂടി ഉൾച്ചേർത്തു. ഇപ്പോഴത്തെ ഭേദഗതികൾ വഴി ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനം സ്വത്വമാണ് എന്ന് ഉറപ്പിക്കുകയാണ് ചെയ്യുന്നത്. പാക്കിസ്ഥാൻ പൗരനാണെങ്കിലും ഹിന്ദുവാണെങ്കിൽ ഇന്ത്യൻ പൗരത്വം സ്വാഭാവികമായി മാറുകയും അതേ സമയം ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു മുസ്ലീം നാമധാരി അയാളുടെ മാതാപിതാക്കൾ ആരെങ്കിലും ഒരാൾ അനധികൃത താമസക്കാരനായതു കൊണ്ടു മാത്രം പൗരനല്ലാതാവുകയും ചെയ്യുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിനകത്തു തന്നെ അപരത്വത്തെ സൃഷ്ടിക്കുകയും അതിൽ നിന്ന് ഭീതി ഉല്പാദിപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത്. നിർഭാഗ്യവശാൽ ഉന്നത നീതിപീഠം പോലും അതിന് വഴിപ്പെടുകയും ചെയ്യുന്നു. അസ്സം ട്രൈബ്യൂണൽ റദ്ദാക്കിയ സുപ്രീം കോടതി വിധിന്യായത്തിൽ 1998 ലെ അസ്സം ഗവർണ്ണറുടെ റിപ്പോർട്ട് വ്യാപകമായി ഉദ്ധരിക്കുന്നുണ്ട്. അതിൽ ഒരു ഭാഗത്ത് പറയുന്നത് “അനധികൃത കുടിയേറ്റക്കാർ ഈ ജില്ലകളെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാക്കി മാറ്റുന്നു. വലിയ കാലതാമസമില്ലാതെ തന്നെ ഈ പ്രദേശങ്ങളെ ബംഗ്ലാദേശിൽ ലയിപ്പിക്കാനുള്ള ആവശ്യം ഉയരും. വളർന്നു വരുന്ന ആഗോള ഇസ്ലാമിക ഭീകരവാദം അതിനുള്ള പ്രേരക ശക്തിയായി മാറുകയും ചെയ്യും” എന്നാണ്. അതേ സമയം ഓവർസീസ് ഇന്ത്യൻ സിറ്റിസൻഷിപ്പ് പ്രകാരം നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച് ഇന്ത്യ എന്ന ഭൂഭാഗത്തിൽ ഒരിക്കൽ പോലും വന്നിട്ടില്ലാത്തവർക്കും ഇന്ത്യയിൽ ജനിച്ചിട്ടില്ലാത്തവർക്കും അവരുടെ മാതാപിതാക്കളോ പൂർവ്വ മാതാപിതാക്കളോ വഴിയുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് സമാനമായ സ്ഥാനം നല്കുന്നു. രാഷ്ട്രീയ പദവികളും വോട്ട് ചെയ്യാനുള്ള അവകാശവും ഒഴികെ മറ്റ് എല്ലാ അവകാശങ്ങളും അവർക്ക് ലഭ്യമാകുന്നു. എന്നാൽ ഇതും പാക്കിസ്ഥാനി, ബംഗ്ലാദേശികൾക്ക് ലഭ്യമല്ല. തലത് ജമാൽ സിദ്ദിഖിയുടെ കേസിൽ അവരുടെ മാതാപിതാക്കൾ രണ്ടു പേരും സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിൽ ജനിച്ചവരായിട്ടും അവരുടെ PIO അപേക്ഷ നിരസിച്ചത് അവർക്ക് പാക്കിസ്ഥാൻ പാസ്സ്പോർട്ട് ഉണ്ടായിരുന്നു എന്ന കാരണത്താലാണ്. അവർ ഹിന്ദുവായിരുന്നു എങ്കിൽ PIO അല്ല സമ്പൂർണ്ണ പൗരത്വം തന്നെ ലഭിക്കുമായിരുന്നു. എനി മോടി മായ റഹീം മിയ , റസിയ ബീഗം എന്നീ കേസുകളിൽ എത്തുമ്പോൾ ഇന്ത്യൻ പാസ്സ്പോർട്ട് ഉണ്ടായിട്ടും കോടതി അവ അവിശ്വസിക്കുകയാണ് ചെയ്തത്. ചതിയോ വഞ്ചനയോ വഴി അനധികൃതമായി സമ്പാദിച്ചതാകും ഇന്ത്യൻ പാസ്സ്പോർട്ട് എന്ന നിഗമനത്തിലാണ് കോടതി എത്തിയത്.

പൗരത്വ നിയമ ഭേദഗതിയുടെ മറ്റൊരു വൈചിത്ര്യം അത് ഹിന്ദു ന്യൂനപക്ഷത്തിന് സംരക്ഷണം നല്കുമ്പോഴും ശ്രീലങ്കയിൽ നിന്നുള്ള തമിഴ് ഹിന്ദുക്കൾക്ക് ലഭ്യമല്ല എന്നതാണ്. എൺപതുകളുടെ ആദ്യം മുതൽ 2012 വരെ ശ്രീലങ്കയിൽ നിന്ന് ഹിന്ദു തമിഴ് അഭയാർത്ഥി പ്രവാഹം ഉണ്ടായിട്ടുണ്ട്. 2016 നവംബർ 1 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള ശ്രീലങ്കൻ തമിഴരുടെ എണ്ണം 1, 01, 219 ആണ്. അവരെ പീഡിപ്പിച്ചു ഓടിച്ചു വിട്ടത് ശ്രീലങ്കൻ സിംഹള രാണ്, അവർ ബുദ്ധമതത്തിൽപ്പെട്ടവരാണ്. വിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൗരത്വ ചട്ടങ്ങൾ അനുസരിച്ച് ബംഗ്ലാദേശി പാക്കിസ്ഥാനി ഹിന്ദുക്കൾക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള ഫീസ് നൂറ് രൂപയാകുമ്പോൾ ശ്രീലങ്കൻ ഹിന്ദുക്കൾക്ക് അത് പതിനായിരമാണ്!! ഇന്ത്യയിൽ അഭയാർത്ഥികളുടെ വലിയ വിഭാഗം ഈ ശ്രീലങ്കൻ തമിഴരാണെങ്കിൽ മറ്റൊരു കൂട്ടർ ടിബറ്റൻ അഭയാർത്ഥികളാണ്. അവരെ പുറത്താക്കുന്നത് ചൈനീസ് വംശജരാണ്.   റോഹിങ്ക്യൻ മുസ്ലീങ്ങളെ പുറത്താക്കുന്നത് മ്യാൻമാറിലെ ബുദ്ധിസ്റ്റുകളാണ്. മുസ്ലീങ്ങളിൽത്തന്നെ പീഡനം നേരിടുന്ന അഹമ്മദീയ, ബലൂച്ച്, ഹസാരാ വിഭാഗങ്ങൾക്കൊന്നും ഇന്ത്യയിൽ അഭയത്തിന് അർഹതയില്ല. ഭൂട്ടാനിൽ വിവേചനം നേരിടുന്ന കൃസ്ത്യാനികൾക്കും ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നില്ല.

പ്രത്യക്ഷത്തിൽ തന്നെ ഈ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 14 നല്കുന്ന നിയമത്തിനു മുമ്പിലുള്ളതുല്യത എല്ലാ വ്യക്തികൾക്കും അവകാശപ്പെട്ടതാണ്. വസ്തുനിഷ്ഠ കാരണങ്ങളുടെ അടിസ്ഥാനത്തിലേ വ്യത്യസ്ത സമീപനം സാദ്ധ്യമാകൂ. ചില രാജ്യങ്ങളിൽ നിന്നുള്ള ചില മത വിഭാഗങ്ങൾക്കു മാത്രമായി നിയമം നിർമ്മിക്കുന്നതിന് ഒരു സാധൂകരണവുമില്ല. രാംമാധവും അമിത് ഷായും ഉൾപ്പടെയുള്ള ബി ജെ പി വക്താക്കൾ നല്കുന്ന വിശദീകരണം ഇത് വിഭജനത്തിന്റെ ഇരകൾക്ക് നല്കുന്ന സംരക്ഷണമാണെന്നാണ്. പക്ഷേ നിയമത്തിൽ അത് പറയുന്നില്ല എന്ന് മാത്രമല്ല അതിൽ എങ്ങിനെ അഫ്ഘാനിസ്ഥാൻ ഉൾപ്പെടുന്നു എന്നോ എങ്കിൽ എന്തുകൊണ്ട് വിഭജനത്തിന്റെ ഇരകളായ മുസ്ലീങ്ങൾക്ക് ഈ സംരക്ഷണത്തിനും ആനുകൂല്യത്തിനും അർഹരാകുന്നില്ല എന്നോ വിശദീകരിക്കുന്നില്ല. ഭരണഘടന വിഭാവനം ചെയ്ത പൗരത്വത്തിന്റെ അടിസ്ഥാനത്തെ ഈ ഭേദഗതികൾ മാറ്റിമറിക്കുകയും ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായ മതനിരപേക്ഷതയുടെ ലംഘനവുമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിക്കേണ്ടതില്ല എന്ന അമിത് ഷായുടെ പ്രസ്താവന തന്നെ ഇത് രാജ്യത്തിനകത്ത് മുസ്ലീം അപരത്വത്തെ സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് എന്നതിന്റെ ഉത്തമ നിദർശനമാണ്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യം മുഴുവനും വ്യാപിപ്പിക്കും എന്ന് ഇതിനോടൊകം തന്നെ ബി ജെ പി ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു.  ഇത് രാജ്യത്ത് വിഭാഗീയതയും മത ധ്രുവീകരണത്തിനും ആക്കം കൂട്ടും. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ എഴുപത് വർഷങ്ങൾ എത്തുമ്പോൾ ഒരു വൃത്തം പൂർത്തിയാക്കി നാം വീണ്ടും പഴയ ബ്രിട്ടീഷ് കൊളോണിയൽ യുക്തിയിലേക്ക് തിരിച്ചെത്തുകയും പൗരത്വത്തിൽ ചിലർ സവിശേഷ ആനുകൂല്യങ്ങൾ ഉള്ളവരും ദേശത്തനിമയുള്ള പൗരൻമാരുമാകുമ്പോൾ കുറച്ചു പേർ രണ്ടാം തരം പൗരരും വിദേശ വേരുകളുള്ളവരും അപരരുമാകുന്നു.

ഇതിനോടകം തന്നെ നിരവധി പേർ ഈ ഭേദഗതികൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. പൗരത്വ നിയമകാര്യത്തിലും നിയമനിർമ്മാണത്തിനും പാർലമെന്റിന് വളരെ വിപുലമായ അധികാരങ്ങളുണ്ട്. മറ്റു പല കാര്യങ്ങളിൽ എന്നപോലെ ഇതിലും വലിയ ഭൂരിപക്ഷമുള്ള ഒറ്റ പാർട്ടി ഭരണകൂടം നിയമനിർമ്മാണത്തിനുള്ള പാർലമെന്റ് അധികാരങ്ങൾ വിഭാഗീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യും എന്ന് ഭരണഘടനാ നിർമ്മാതാക്കൾ സങ്കല്പിച്ചിരുന്നില്ല. പൗരത്വത്തെ സംബന്ധിക്കുന്ന കേസുകളിൽ ദേശത്തിന്റെ സുരക്ഷ അഖണ്ഡത എന്നിവയുമായി പലപ്പോഴും ബന്ധപ്പെടുത്തുന്നതിനാൽ കോടതികൾ ഭരണകൂട നടപടികൾ ശരിവെക്കുകയാണ് കൂടുതലും ചെയ്യാറ്. വ്യക്തികളുടെ മൗലികാവകാശങ്ങൾ , സ്വാഭാവിക നീതി തുടങ്ങിയ സങ്കല്പങ്ങളും തത്ത്വങ്ങളും ദേശസുരക്ഷ, അഖണ്ഡത എന്നിവയുടെ പേരിൽ വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് ചെയ്യാറ്. അത്തരം ഒരു യാന്ത്രിക യാഥാസ്ഥിതിക സമീപനമാണ് ഉന്നത നീതിപീഠം ഈ കേസുകളിലും പിന്തുടരുന്നത് എങ്കിൽ അത് നീതിന്യായ വ്യവസ്ഥയെ ഉൾപ്പടെ സാധ്യമാക്കുന്ന/ നിലനിർത്തുന്ന  ഭരണഘടനാവാഴ്ചയുടെ കൂടി അവസാനമായിരിക്കും.

Reference:
——————
1. Jayal Gopal Niraja: Citizenship and its discontents an Indian History,  Harward University Press London, 2013
2. Choudhari Sujit, Khosla Madhav and Mehta B Pratap ed, : Oxford Hand Book of Indian Constitution, ch.10
3. Seervai.H.M: Constitution of India, Vol1, 319-25, 4th ed, Universal Book Traders, 2002
4. Shiva Rao B: The Framing of Indian Constitution A study, Indian institute of public administration 1968, 152
5. Constituent assembly debates, Vol9, 347. Loksabha Secretariat 1986
Cases referred
1. State trading corporation of India v The commercial tax officer AIR 1963 SC 1811
2. Moti miya Rahim Miya v State of  Maharashtra AIR 2004 Bom 260
3. Razia Begum v State (2008)158 DLT 630

Comments

comments