1

കാശം പാതി ഇരുണ്ടുകിടന്നു. പതിഞ്ഞു പൊഴിയുന്ന മഴ. അങ്ങനെ പെയ്യുമ്പോൾ അറിയാതൊരു സന്തോഷം ഉള്ളിൽ നിറയും. സുഖകരമായ തണുപ്പും നനവും ചേർന്ന് മനസ്സിലൊരിളം ചൂടായി പരക്കും. കൂടുതൽ കാണാനും അറിയാനും ചിന്തിക്കാനുമൊക്കെ ഉദ്ദീപ്തമാക്കുന്ന അന്തരീക്ഷം. കുടയുണ്ടായിട്ടും, നനയണമെന്നു തോന്നിയത് വെറുതെയല്ല. ഞാൻ മടക്കിപ്പിടിച്ച കുടയുമായി തെരുവോരത്തുകൂടി നടന്നു. വഴിവക്കത്തെ പച്ചപ്പുകൾ കാറ്റത്താടിക്കൊണ്ടേയിരുന്നു. ഇലകൾക്കിടയിൽ നിന്നും എത്തിനോക്കുന്ന മഞ്ഞപ്പൊട്ടുകൾ പോലെ കൊച്ചുപൂക്കൾ. അവയിലൂടെ കൈയ്യോടിച്ചുകൊണ്ട് നടന്നപ്പോൾ ചിതറിത്തെറിച്ചത് തണുപ്പും മഴത്തുള്ളികളും മാത്രമായിരുന്നില്ല, ഒരായിരം ഉന്മേഷകണങ്ങൾ കൂടിയായിരുന്നു.

അങ്ങു പടിഞ്ഞാറു നിന്നെങ്ങോ നഗരത്തിലേക്കൊഴുകുന്ന വീഥിയിൽ തിരക്കൊട്ടും കുറവില്ല. ദെമിർഹാനെ ചദെസി എന്നാണിതിന്റെ പേര്. ചരിത്രത്തിന്റെ അങ്ങേയറ്റത്തോളം നീണ്ടുകിടക്കുന്ന പാത. ക്രിസ്തുവിന് ഇരുനൂറു വർഷം മുമ്പ് റോമാക്കാർ പണികഴിപ്പിച്ച വയ എഗ്‌നാഷ്യ എന്ന പ്രാചീനപാതയാണ് ഇപ്പോൾ രൂപം മാറി, ആധുനികവൽക്കരിക്കപ്പെട്ട് ദെമിർഹാനെ ചദെസിയായി കിടക്കുന്നത്. അതിന്റെ ഓരത്തുകൂടിയായിരുന്നു എന്റെ നടപ്പും.

റോമാക്കാർ പണിത കാലത്ത്,  വയ എഗ്‌നാഷ്യ മിനുസമുള്ള കല്ലു പാകിയ പാതയായിരുന്നു. നടക്കാനും സൈനികനീക്കങ്ങൾക്കും രഥങ്ങളോടിക്കാനുമുള്ള ദേശീയവീഥി. അങ്ങ് അഡ്രിയാറ്റിക് കടൽത്തീരത്തെ ഡിരാക്കിയം പട്ടണം മുതൽ ഇലീറിയ, ഗ്രീസ്, മസിഡോണിയ, ത്രേസ്, എന്നീ പ്രവിശ്യകളിലൂടെ, ബോസ്ഫറസ് കടലിടുക്കിലെ ബിസാന്റിയം വരെ നീളുന്ന എഴുന്നൂറ് മൈൽപ്പാത. ഇരുപതടി വരെ വീതി ഉണ്ടായിരുന്നുവത്രെ വയ എഗ്നാഷ്യയ്ക്ക്. ഇത് നിർമ്മിച്ച മസിഡോണിയയിലെ റോമൻ പ്രവിശ്യാധികാരിയായിരുന്ന ഗ്‌നീയസ് എഗ്‌നേഷ്യസിന്റെ പേരിൽ റോമൻ കാലഘട്ടം മുഴുവൻ അതറിയപ്പെടുകയും ചെയ്തു.

via egnantia

അങ്ങനെ ചരിത്രമുറങ്ങുന്ന വഴിയിലൂടെയാണ് മഴയെ ഒട്ടും കൂസാതെ ഞാനടക്കമുള്ള ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നത്. മഴച്ചാറൽ അധികമൊന്നും നീണ്ടുനിൽക്കുകയില്ലെന്ന് എല്ലാവരും നിശ്ചയിച്ചുറച്ച പോലെ തോന്നി. എന്തായാലും വിചാരിച്ച പോലെത്തന്നെ മഴയുടെ കനം കുറഞ്ഞുകൊണ്ടേയിരുന്നു. പതിയെ അത് തീർത്തും ശമിക്കുകയും ചെയ്തു. മഹാനഗരത്തിൽ ഇത്തരം ചെറുമഴകൾ മെയ്മാസവേനലിനെ ചിലപ്പോളൊന്ന് തണുപ്പിച്ചെടുക്കാറുണ്ട്. അപൂർവ്വമായേ ദിവസം മുഴുവൻ മഴയിൽ കുതിർന്നു നിൽക്കാറുള്ളൂ. തുടർച്ചയായ ഒരു വർഷക്കാലം കാണാറേയില്ല. വൃഷ്ടി ഏറ്റവും കുറയുക മെയ്മാസത്തിൽ തന്നെ. മൂന്നോ നാലോ മഴദിവസങ്ങൾ ഉണ്ടായാലായി. നാലു സെന്റിമീറ്റർ മഴയാണ് പരമാവധി ഗ്രീഷ്മത്തിൽ പെയ്യുക. ഗ്രീഷ്മമെന്നു പറഞ്ഞാലും ഏറ്റവും കൂടി വന്നാൽ ഇരുപത്തഞ്ചു ഡിഗ്രി സെൽഷ്യസ് മാത്രം. രാത്രിയിലാകട്ടെ, അത് പതിനഞ്ചിനപ്പുറം കടക്കാറുമില്ല. നാല്പതിനു മുകളിൽ ഊഷ്മമാപിനി തിളയ്ക്കുന്ന നാട്ടിലെ വേനലുകളെ ഓർക്കുമ്പോൾ ഇതൊക്കെ എത്ര സുഖപ്രദം.

എന്തായാലും ആകാശത്ത് ഇരുട്ടല്പം ബാക്കി വെച്ചാണ് മഴയൊഴിഞ്ഞത്. ചിലപ്പോൾ ഇനിയും പെയ്തേക്കാനും മതി. സമയം മൂന്നിനോടടുക്കുന്നു. ഞാൻ  ദെമിർഹാനെ ചദെസിയിലൂടെ നടപ്പ് തുടർന്നു. തുർക്കി ഭാഷയിൽ ചദെസി എന്നാൽ തെരുവ് എന്നാണർത്ഥം. യൂറോപ്പ്യൻ ഭൂഖണ്ഡത്തിലെ തുർക്കിയുടെ ഭാഗത്തിന്റെ തെക്കേയറ്റത്ത് മർമാറ കടലിനടുത്താണ് ഈ പാത. ഇതിനും തെക്കായി കെന്നഡി ചദെസിയെന്നൊരു തീരദേശ പാത കൂടിയുണ്ട്. മർമാറയിൽ നിന്നു വീശിയടിച്ച ഉപ്പുകാറ്റിനുമുണ്ടായിരുന്നു ഒരു തണുപ്പും നനവുമൊക്കെ. നേരിയ ഉപ്പുരസമുള്ള ഈർപ്പം മേലാകെ പടർന്നുനിന്നു. മനസ്സും ഉത്സാഹത്തിലായിരുന്നു. ഇങ്ങനെ ഒറ്റയ്ക്കുള്ള യാത്രകൾ എനിക്കിഷ്ടമാണ്. ചില ചരിത്രമുഹൂർത്തങ്ങളിലേക്കും സന്ദർഭങ്ങളുടെ ഓർമ്മകളിലേക്കുമൊക്കെ ആഴത്തിലിറങ്ങാൻ ഏകാന്തയാത്രകൾക്ക് കൂടുതലായി കഴിയുമെന്ന് തോന്നിയിട്ടുണ്ട്. ഏതാണ്ട് ഒരു കിലൊമീറ്ററോളം നടന്നു കാണണം. പരിസരമാകെ തിരക്കുപിടിച്ചു പായുന്നവർ. ആൾക്കാരുടെ എണ്ണത്തേക്കാൾ അച്ചടക്കമില്ലായ്മയാണ് തിരക്ക് സൃഷ്ടിക്കുന്നത് എന്ന സത്യം ആ കാഴ്ചയിൽ തെളിഞ്ഞു കാണാമായിരുന്നു.

മർമാറ കടലിന് തൊട്ടുള്ള ഈ പ്രദേശത്തിന് സെയ്തിൻബുർനു എന്നാണ് പേര്. പണ്ടുകാലത്തിവിടെ നിറയെ ഒലീവ് മരങ്ങളായിരുന്നുവത്രെ. ജസ്റ്റീനിയൻ ചക്രവർത്തിയുടെ കാലത്ത് വയ എഗ്നാഷ്യയെ സംരക്ഷിക്കാനായി ഇവിടെ ഒരു കൊച്ചുകോട്ട പണിതു. മഹാനഗരത്തെ ആക്രമിക്കാനെത്തിയ ശത്രുക്കൾ നങ്കൂരമിട്ടതും ഇവിടെത്തന്നെ. കിക്ലോബിയോൺ അല്ലെങ്കിൽ സ്ട്രോങ്കിലോൺ എന്നൊക്കെയായിരുന്നു റോമാക്കാരും ഗ്രീക്കുകാരുമൊക്കെ കൊടുത്ത പേര്. നഗരം വളർന്നപ്പോൾ യാതൊരു ആസൂത്രണങ്ങളുമില്ലാതെ ജനം ഇവിടെ വീടുവെച്ചു താമസമാക്കി. മിക്കവാറും അനധികൃത നിർമ്മിതികൾ. ഇപ്പോൾ ആർക്കും ഒന്നും ചെയ്യാനാവാത്ത വിധം, തോന്നിയ പോലെ കൂടുകൂട്ടിയ മനുഷ്യക്കൂട്ടം തിങ്ങിനിറഞ്ഞു നിൽക്കുന്നു. കോട്ടയാണെങ്കിൽ ഇപ്പോൾ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇപ്പോൾ പെയ്ത ഈ കൊച്ചുമഴ പോലും ഈ ഭാഗത്തെ ചെളിയിൽ മുക്കിക്കളഞ്ഞിരിക്കുന്നു. വെള്ളം ഒലിച്ചുപോകാൻ കാനകൾ പോലുമില്ലാതെയാണ് ഇടവഴികളും വീടുകളും നിർമ്മിച്ചു കൂട്ടിയിരിക്കുന്നത്. എങ്കിലും, നഗരനിർമ്മാണത്തിന് ഇതാരു വിലപ്പെട്ട പാഠമാണ്. സെയ്തിൻബുർനുവിലെപ്പോലെ ഒന്നും ഒരു പട്ടണത്തിലും ചെയ്തേക്കരുത് എന്ന പാഠം.

Sea Of Marmara

അല്പം കൂടി മുന്നോട്ടു പോയപ്പോൾ നേരെ മുന്നിൽ വലിയൊരു കോട്ടമതിൽ പ്രത്യക്ഷപ്പെട്ടു. ഇരുവശത്തേക്കുമായി അതങ്ങനെ നീണ്ടുകിടക്കുകയാണ്. മങ്ങിയ ചാരനിറത്തിലുള്ള  കല്ലുകൊണ്ടാണ് നിർമ്മിതി. ദൂരെ നിന്നു നോക്കുമ്പോൾ തന്നെ ഒന്നിലധികം നിരകൾ ഉണ്ടെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. ഇഷ്ടിക നിറത്തിലുള്ള നീണ്ട വര മുകളറ്റത്തോട് ചേർന്നുകാണാം. ലോകപ്രസിദ്ധമായ തിയഡോഷ്യൻ മതിൽ ആണെന്നതിൽ സംശയമുണ്ടായിരുന്നില്ല. അതു വിശദമായി കാണാൻവേണ്ടി മാത്രമായിരുന്നല്ലോ ഞാൻ വണ്ടിയിറങ്ങി ഈ നടപ്പു മുഴുവൻ നടന്നത്.

കുറച്ചു കൂടി കഴിഞ്ഞാൽ ദെമിർഹാനെ ചദെസി ഇടത്തോട്ടു തിരിയുകയാണ്. ആ വടക്കോട്ടുള്ള വളവിൽ ഞാൻ പാതവിട്ട് നേരെ മതിലിനടുത്തേക്കു നടന്നു. ഒരു കാലത്ത് ലോകത്തിന്റെ തന്നെ തലസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിനെ സംരക്ഷിച്ചു നിർത്തിയിരുന്ന അതിപ്രശസ്തമായ തിയഡോഷ്യൻ കോട്ടമതിലിനെ സാകൂതം ഒന്ന് വീക്ഷിച്ചു. എന്തൊരു കാഴ്ചയായിരുന്നു അത്. ആ കോട്ടമതിലിലെ, ഒരു പക്ഷെ, ഏറ്റവും പ്രധാനമായ കവാടമായിരുന്നു നേരെ മുന്നിൽ.

നേരെ മുന്നിലുള്ള പുറംമതിലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അധികം പൊക്കവും ബാക്കിയില്ല ഇപ്പോൾ. ഈ പുറംമതിലിനു പുറത്തായിരുന്നുവത്രെ കിടങ്ങ്. ഇരുപത് അടി വീതിയും ഏഴടി ആഴവുമുള്ള ഒന്ന്. അതിൽ മുതലകൾ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ചിലപ്പോൾ കെട്ടുകഥയുമാവാം. എന്തായാലും കിടങ്ങെല്ലാം  പാടെ തൂർന്നുപോയിരിക്കുന്നു. കാടുപിടിച്ചുകിടക്കുന്ന മുൻനിരമതിലിനപ്പുറം തവിട്ടും വെളുപ്പും ഇടകലർന്ന രണ്ടാം മതിൽ. അതിൽ ഇഷ്ടികയാണ് കൂടുതലും എന്നു തോന്നുന്നു. അതിലെ കവാടത്തിൽ ഒരു റോമൻ ആർച്ചും ഇരുവശത്തും ഓരോ സ്തംഭങ്ങളുമുണ്ട്. വശങ്ങളിലേക്കു പോകുന്തോറും രണ്ടാം മതിൽ പലയിടത്തും തകർന്ന നിലയിലാണ്. ഏറ്റവും നന്നായി നിൽക്കുന്നത് ഏറ്റവും പുറകിലെ മൂന്നാം മതിലാണ്. അതിന്റെ ഒരു ഗാംഭീര്യം ഒന്നു വേറെത്തന്നെ. അതിശക്തമാണ് ആ നില്പ് എന്ന് കണ്ടാലറിയാം. അതിലുമുണ്ടൊരു വലിയ കവാടം.

Golden Gate

റോമാക്കാരുടെ കാലത്ത്, ലാറ്റിനിൽ പോർട്ട ഓറിയ എന്നു വിളിച്ചിരുന്ന ഈ സ്വർണ്ണകവാടം കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിന്റെ വിജയകവാടമായിരുന്നു. ശത്രുക്കളെ ഒരേ സമയം അമ്പരപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്ത നഗരദുർഗ്ഗത്തിന്റെ ഏറ്റവും പ്രധാന പടിവാതിൽ.

ഇന്ന് 2019 മെയ് മാസം. ഇന്നേക്ക് കൃത്യം 566 വർഷങ്ങൾക്കുമുമ്പ്, അതായത് 1453-ലെ മെയ് മാസത്തിൽ,  ആയിരത്തിലധികം വർഷം, ആരാലും കീഴ്പ്പെടുത്താനാവാതെ അജയ്യമായി നിന്ന ഈ കോട്ടമതിലിനു മുമ്പിൽ ഒരു ഇരുപത്തൊന്നു വയസ്സുകാരൻ നിർന്നിമേഷനായി നിന്നിരുന്നു. അടങ്ങാത്ത വിജയതൃഷ്ണയും പോരാട്ടവീര്യവുമായി. ഒരു ജീവിതം തന്നെ ഈ കോട്ടയെ മറികടക്കണമെന്ന ലക്ഷ്യത്തിനു വേണ്ടി ഉഴിഞ്ഞിട്ടവൻ. മെഹ്മദ് ഫത്തീഹ് എന്ന അസാമാന്യനായ പോരാളി. ആ ചെറുപ്പക്കാരൻ 1453 മെയ് 29നായിരുന്നു തന്റെ തീക്ഷ്ണമായ ആഗ്രഹത്തിന്റെ ഫലപൂർത്തീകരണമായി ഈ കോട്ടമതിൽ പൊളിച്ച് കോൺസ്റ്റാന്റിനോപ്പിളിന്റെ അന്ത്യംകുറിച്ചത്. ആ വീരന്റെ കഥ ഞാൻ വഴിയെ പറയാം. എന്തായാലും മെഹ്മദ് കലശലായ യുദ്ധവീര്യവുമായി ഇവിടെ നിന്നതിനു 566 വർഷങ്ങൾക്കു ശേഷം-സാത്താന്റെ സംഖ്യയ്ക്കു കൃത്യം നൂറു കുറവ്-ഞാനെന്ന സഞ്ചാരി ഇതും നോക്കി അന്തംവിട്ടു നിൽക്കുന്നതിന്റെ ഒരു വിരോധാഭാസം എന്നിൽ ചിരിപടർത്തി.

തിയഡോഷ്യൻ കോട്ടമതിലിന്റെ തെക്കേയറ്റത്താണ് സ്വർണ്ണകവാടം. കോട്ടമതിൽ ഇവിടെ നിന്ന് മർമാറ കടൽത്തീരത്തേക്ക് അല്പദൂരം കൂടി നീളുന്നുണ്ട്. ഈ സുപ്രധാന പ്രവേശനദ്വാരത്തിൽ നിന്നായിരുന്നു പണ്ട് കോൺസ്റ്റാന്റിനോപ്പിളിലെ ഏറ്റവും പ്രധാന തെരുവായ മേസെ ആരംഭിക്കുന്നത്. വയ എഗ്നാഷ്യ അവസാനിക്കുന്നതും ഇവിടെത്തന്നെ. ഒന്നര സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇവിടെ തിയഡോഷ്യസ് ചക്രവർത്തിയുടെ വലിയൊരു ശില്പം ഉണ്ടായിരുന്നു. ആനകളെ പൂട്ടിയ രഥചിത്രം കൊത്തിവെച്ച റിലീഫ് ഈ കോട്ടവാതിലിനെ അലങ്കരിച്ചു. മാത്രമോ, വലിയ ലോഹക്കൂട്ടിൽ തീർത്ത വാതിൽപ്പാളികളും. കണ്ടാൽ സ്വർണ്ണമെന്നേ തോന്നൂ. സൂര്യപ്രകാശത്തിൽ അവ അവ മിന്നിത്തിളങ്ങും. മൈലുകൾ ദൂരെനിന്നുതന്നെ ആ കനകവെളിച്ചം കണ്ണിൽ പതിയും. മറ്റൊരു  സൂര്യനുദിച്ചതുപോലെ. വെറുതെയല്ല, അക്കാലത്ത് ഇതിനെ സ്വർണ്ണകവാടമെന്ന് നാട്ടുകാർ വിളിച്ചത്.

റോമൻ സാമ്രാജ്യത്തിന്റെ അവസാന തുരുത്തായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ മെഹമദ് രണ്ടാമൻ എന്ന ഒട്ടോമൻ ചക്രവർത്തിയ്ക്കു മുന്നിൽ കീഴടങ്ങിയതോടെ  ഈ സ്വർണ്ണകവാടത്തിന്റേയും മുഖച്ഛായ മാറി. ഇവിടെ  പുതിയൊരു കൊച്ചുകോട്ട തന്നെ പണികഴിക്കപ്പെട്ടു. ഏഴു ഗോപുരങ്ങളായിരുന്നു  അതിന്. യെദികുലെ എന്നത് ഇതിന്റെ പുതിയ പേരും. എന്നു വെച്ചാൽ തുർക്കിഭാഷയിൽ ഏഴു ഗോപുരങ്ങൾ എന്നർത്ഥം.

പണിതീർന്ന കാലത്ത് ഈ പടിവാതിൽ നിർമ്മാണ പാടവത്തിന്റേയും യുദ്ധസന്നദ്ധതയുടേയും പ്രതീകമായിരുന്നു. മൂന്നു തലങ്ങളിലായി നിർമ്മിച്ചിരുന്ന വിജയകവാടത്തിനിരുവശത്തുമായുള്ള ഭീമൻ ചതുരഗോപുരങ്ങൾ ഇതിന്റെ ശക്തി സൂചകമായി. ചുണ്ണാമ്പുകല്ലിലും മാർബിളിലുമായി അടുക്കി വെച്ച നിർമ്മിതി. ഇതിനു പുറത്തുള്ള കോട്ടമതിലിലെല്ലാം പൊതുവെ ഇഷ്ടികയായിരുന്നു കല്ലിനു പുറമെ ഉപയോഗിച്ചിരുന്നത്. രണ്ടു ഗോപുരങ്ങളും കവാടവും ചേർത്തു വെച്ചാൽ 66 മീറ്ററുണ്ട് വീതി എന്നു മനസ്സിലാക്കിയാൽ നിങ്ങൾക്കതിന്റെ വലിപ്പം ഊഹിക്കാൻ കഴിയും. ഒരു പക്ഷെ, ഈ ഗോപുരങ്ങൾ റോമാക്കാരുടെ കാലത്ത് രമണീയമാം വിധം അലങ്കരിക്കപ്പെട്ടവയായിരുന്നിരിക്കണം. നാലുമൂലകളിലും ഉണ്ടായിരുന്ന റോമൻ ചിഹ്നമായ പരുന്തിനെ ഇപ്പോൾ വടക്കുവശത്തെ ഗോപുരത്തിന്റെ ഒരു മൂലയിൽ മാത്രമേ കാണാനുള്ളൂ. വാതിൽ ഉറപ്പിച്ചിരിക്കുന്നത് മാർബിൾ ശിലയിലാണ്. ഇരുവശത്തേയും സ്തംഭങ്ങളാകട്ടെ, ഭംഗിയുടെ പ്രതീകമായ കൊറിന്ത്യൻ ശൈലിയിലുള്ളതും. വാതിലിനും മുകളിലെ ആർച്ചിനുമിടയിലായി ലാറ്റിനിൽ എന്തോ എഴുതിയിട്ടുണ്ട്. വായിക്കുന്നത് പോയിട്ട്, ഞാൻ നിൽക്കുന്നയിടത്തു നിന്ന് ഒന്നത് തെളിഞ്ഞുകാണാൻ പോലും  പ്രയാസമായിരുന്നു.

രണ്ടാം മതിലിൽ മൂന്നു വാതിലുകളും അതിനൊപ്പമുള്ള മൂന്ന് ആർച്ചുകളുമായിരുന്നത്രെ. ഒരു ആർച്ച് മാത്രമേ എനിക്ക് വ്യക്തമായി കാണാൻ സാധിക്കുമായിരുന്നുള്ളൂ. പലയിടത്തും വള്ളികളും പുല്ലും പടർന്ന് ഉപേക്ഷിക്കപ്പെട്ട ഒരു സ്ഥലത്തിന്റെ പ്രതീതി ജനിപ്പിക്കും ആ പ്രദേശം. മഹാനായ തിയഡോഷ്യസ് ഇതു പണിയുമ്പോൾ ആ കോട്ടമതിലിലെ ഒമ്പത് പ്രധാന കവാടങ്ങളിൽ ഏറ്റവും ഗംഭീരം ഈ സ്വർണ്ണകവാടമായിരുന്നു എന്നോർക്കണം. സാമ്രാജ്യാതിർത്തിസംരക്ഷണമോ, യുദ്ധങ്ങളോ കഴിഞ്ഞ് വിജയശ്രീലാളിതരായി തിരിച്ചെത്തിയിരുന്ന ചക്രവർത്തിമാരേയും സംഘത്തേയും സ്വീകരിച്ചിരുന്നത് ഈ പ്രവേശനദ്വാരത്തിലൂടെയായിരുന്നു എന്നതും മറക്കാൻ വയ്യ. മഹാചക്രവർത്തിമാരായിരുന്ന തിയഡോഷ്യസും ജസ്റ്റീനിയനുമെല്ലാം അശ്വാരൂഢരായി സൈനികമേളത്തിന്റെ അകമ്പടിയോടെ അടിവെച്ചടിവെച്ച് കോട്ടയ്ക്കകത്തേക്കു കടക്കുന്നത് ഞാൻ മനസാ സങ്കല്പിച്ചുനോക്കി. ആയിരത്തിലധികം വർഷങ്ങൾക്കു മുമ്പ്, ലോകത്തിലേത്തന്നെ ഏറ്റവും വർണ്ണശബളവും പ്രൗഢഗംഭീരവുമായ കാഴ്ചയായിരിക്കണമത്. അതേ ഇടത്തിൽ നിന്നു കൊണ്ടാണല്ലോ ഞാനിതെഴുതുന്നതെന്നോർത്തപ്പോൾ അറിയാതൊരു മന്ദഹാസം എന്റെ മുഖത്തു തെളിഞ്ഞു. മർമാറയിൽ നിന്ന് പാറിവന്ന കാറ്റിൽ അതൊരാനന്ദമായി വിടർന്നു. ഏറെ ഭാഗവും ജീർണ്ണമാണെങ്കിലും എനിക്ക് സ്വർണ്ണകവാടത്തിൽ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാൻ സാധിക്കുമായിരുന്നില്ല. ഞാൻ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് പാറിയകലുകയായിരുന്നു.

ആ ചിന്ത നിങ്ങൾക്കു പകർന്നു തരുന്നതിനു മുമ്പ് റോമാസാമ്രാജ്യത്തിന്റെ ചില കാലക്കണക്കുകൾ ഞാൻ എന്റെ പ്രിയവായനക്കാർക്ക് വ്യക്തമാക്കി തരേണ്ടതുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ഉജ്ജ്വല പ്രതാപകാലത്തിനു ശേഷം വിസ്തൃതമായ രാജ്യം ഒറ്റയ്ക്കു ഭരിക്കാൻ ബുദ്ധിമുട്ടാണെന്ന് ആദ്യം തീരുമാനിച്ചത് ഡയക്ലീഷ്യൻ ചക്രവർത്തിയായിരുന്നു. 286-ാം ആണ്ടിൽ. അങ്ങനെ സാമ്രാജ്യത്തെ രണ്ടായി പകുത്ത് കിഴക്കും പടിഞ്ഞാറും അംശങ്ങളാക്കി. പശ്ചിമസാമ്രാജ്യത്തിന്റെ തലസ്ഥാനം റോമും കിഴക്കിന്റേത് ബിസാന്റിയോൺ എന്ന ഞാനിപ്പോൾ നിൽക്കുന്ന നഗരത്തിന്റെ ആദിമരൂപവും. പക്ഷെ, 38 കൊല്ലം കഴിഞ്ഞപ്പോഴേക്കും  മഹാനായ കൊൻസ്റ്റന്റീൻ ചക്രവർത്തിയുടെ കീഴിൽ കിഴക്കും പടിഞ്ഞാറും ഒന്നിച്ച് വീണ്ടും വിശാല സാമ്രാജ്യം നിലവിൽ വന്നു. സാമ്രാജ്യകേന്ദ്രം റോമിൽ നിന്ന് ഇവിടേക്കു മാറി. മാത്രവുമല്ല, തന്റെ ഓർമ്മയ്ക്ക് നഗരത്തിന് കൊൻസ്റ്റാന്റിനോപ്പിൾ എന്ന പേരുമിട്ടു. കൊൻസ്റ്റാന്റീൻ ചക്രവർത്തിയുടെ കാലത്തിനു ശേഷം ഒരു നാല്പതു കൊല്ലം കഴിഞ്ഞതോടെ വീണ്ടും സാമ്രാജ്യം രണ്ടായി.

Golden gate area

അക്കാലത്ത് റോമാസാമ്രാജ്യത്തെ ഏറ്റവും ഭയപ്പെടുത്തിയത് യൂറോപ്പിന്റെ വടക്കു നിന്നെത്തിയ വിസിഗോത്തുകളും, കിഴക്കുനിന്നെത്തിയ ഹൂണന്മാരുമായിരുന്നു. ഗോത്തുകൾ കിഴക്കൻ സാമ്രാജ്യവുമായി അഡ്രിയനോപ്പിൾ എന്ന സ്ഥലത്തു വെച്ചു ഏറ്റുമുട്ടി. മഹാനായ റോമൻ ചക്രവർത്തി ഹേഡ്രിയൻ സ്ഥാപിച്ച നഗരം. ഹകാരം ഈ പ്രദേശത്തെ നാട്ടുകാർ ഉച്ചരിക്കാത്തതിനാൽ ഹേഡ്രിയനോപ്പിൾ പതിയെ അഡ്രിയനോപ്പിൾ ആയിമാറി എന്നു മാത്രം. ഇവിടെ നിന്ന് ഇരുനൂറിലധികം കിലോമീറ്ററേയുള്ളൂ അഡ്രിയനോപ്പിളിലേക്ക്. മുസ്ലീം അധിനിവേശത്തിനു ശേഷം ഇപ്പോളതിനെ എഡീർനെ എന്നു വിളിക്കുന്നു. തുർക്കിയുടെ പടിഞ്ഞാറൻ അതിർത്തിയിലാണത്. എന്തായാലും അവിടെ വെച്ച് ഗോത്തുകളുമായുള്ള യുദ്ധത്തിൽ കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ അധിപൻ വാലൻസ് വധിക്കപ്പെട്ടു. അതോടെയായിരുന്നു തിയഡോഷ്യസ് എന്ന ഹിസ്പാനിയൻ അഥവാ സ്പെയിൻകാരനായ യോദ്ധാവിന്റെ രംഗപ്രവേശം. അക്കാലത്തെ പടിഞ്ഞാറൻ റോമാചക്രവർത്തിയായിരുന്ന ഗ്രേഷ്യൻസ്, തിയോഡോഷ്യസിനെ വിളിച്ചുവരുത്തി, കിഴക്കൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിയാക്കി. തിയൊഡേഷ്യസ് അങ്ങനെയാണ് ആദ്യമായി ഈ മഹാനഗരത്തിലേക്കു വരുന്നത്. അന്ന്, ഈ സുവർണ്ണകവാടമില്ല. എന്തിന് ഈ കോട്ടമതിൽ പോലുമില്ല. പകരം കുറച്ചു കൂടി കിഴക്കുമാറി മഹാനായ കൊൻസ്റ്റന്റീൻ കെട്ടിപ്പൊക്കിയ ഒരു മതിൽ മാത്രം. നഗരത്തിനാണെങ്കിൽ ഇത്രയും വലിപ്പവും ഉണ്ടായിരുന്നില്ല അക്കാലത്ത്.

സംഘർഷം നിറഞ്ഞതായിരുന്നു തിയഡോഷ്യസിന്റെ ഭരണകാലം. റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗികമതം ക്രിസ്തുവിശ്വാസമാക്കി മാറ്റിയത് കൊൻസ്റ്റന്റീൻ ആയിരുന്നുവെങ്കിലും, പഴയ ഗ്രീക്കോ-റോമൻ ദൈവവിശ്വാസങ്ങൾ തുടരാൻ വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. അത്തരം ആരാധനകളും വിശ്വാസങ്ങളും-അതായത് ക്രിസ്തുമതമൊഴിച്ചുള്ള ഒന്നുപോലും-പാടില്ലെന്നു നിഷ്കർഷിച്ചതാകട്ടെ, തിയഡോഷ്യസും. പ്രാചീനമതക്കാരെ ഉന്മൂലനം ചെയ്യുന്നതിലേക്ക് അത് വളരെ പെട്ടെന്ന് എത്തുകയും ചെയ്തു.

ആയിടക്കാണ് റോമിലെ ചക്രവർത്തി ഗ്രേഷ്യൻസ് മരിക്കുന്നതും ഒരു സൈന്യാധിപനായിരുന്ന മാഗ്നസ് മാക്സിമസ് അധികാരത്തിലെത്തുന്നതും. തിയോഡോഷ്യസിന് ഇത് തീരെ പിടിച്ചില്ല. ഈ കൊൻസ്റ്റാന്റിനോപ്പിൾ മഹാനഗരത്തിൽ നിന്നും വലിയ സൈന്യവുമായി ചക്രവർത്തി പുറപ്പെട്ടു. 388-ാം വർഷമായിരുന്നു അത്. പടിഞ്ഞാറും കിഴക്കുമുള്ള റോമാസാമ്രാജ്യങ്ങൾ തമ്മിൽ ഇന്നത്തെ ക്രൊയേഷ്യയിലെ സാവനദിക്കരയിൽ വെച്ചേറ്റുമുട്ടി. അപ്പോഴേക്കും ഗോത്തുകളെ തന്മയത്വത്തിൽ തങ്ങളുടെ കൂട്ടത്തിലാക്കിയിരുന്നു തിയഡോഷ്യസ്. ഗോത്തുകൾ കിഴക്കൻ റോമൻ സൈന്യത്തിന്റെ ഭാഗവുമായിരുന്നു. എന്തായാലും യുദ്ധത്തിൽ തിയഡോഷ്യസ് ജയിച്ചു. മാഗ്നസിന്റെ തല വെട്ടുകയും ചെയ്തു.

അധികം താമസിയാതെ, അതായത് നാലു വർഷം കഴിഞ്ഞപ്പോഴേക്കും പ്രശ്നം കൂടുതൽ ഗുരുതരമായി. റോമിൽ വീണ്ടുമൊരു അധികാരക്കൈമാറ്റം നടന്നു. 392-ൽ പടിഞ്ഞാറൻ റോമാസൈന്യം ഫ്ലേവിയസ് യുജീനിയസ് എന്നയാളെ ചക്രവർത്തിയാക്കി. അദ്ധ്യാപകനും പണ്ഡിതനുമായിരുന്നു യുജീനിയസ്.  പക്ഷെ, അദ്ദേഹം ക്രൈസ്തവനായിരുന്നില്ല. മറിച്ച്, പുരാതന ഗ്രീക്കോ-റോമൻ മതവിശ്വാസിയായിരുന്നു. റോമൻ ചരിത്രത്തിലെ ബഹുദൈവവിശ്വാസത്തിലേക്കു തിരിച്ചു പോകാനുള്ള അവസാന ശ്രമമായിരുന്നു അത്. തിയഡോഷ്യസിനുണ്ടോ ഇത് സഹിക്കാനാവുന്നു? ഒരിക്കൽക്കൂടി, കൊൻസ്റ്റാന്റിനോപ്പിളിൽ നിന്ന് വമ്പൻ സൈന്യം പുറപ്പെട്ടു. ഇപ്രാവശ്യം ക്രിസ്തുമതസംരക്ഷണം എന്ന വൈകാരിക ഉത്തരവാദിത്വം കൂടി തിയഡോഷ്യസിന്റെ സൈന്യത്തിനുണ്ടായിരുന്നു. ഇന്നത്തെ സ്ലൊവീനിയയിലെ വിപാവ നദിക്കരയിൽ വെച്ച് ഇരുസാമ്രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടി. 394-ൽ. തണുത്തറഞ്ഞ നദിയായിരുന്നു വിപാവ. അതുകൊണ്ടു തന്നെ ഫ്രിജിഡസ് എന്ന പേരിലാണ് റോമാക്കാർ ആ നദിയെ വിളിച്ചത്. കടുത്ത പോരാട്ടമായിരുന്നു അത്. മതപരിവേഷം യുദ്ധത്തിന്റെ വീറു കൂട്ടി എന്നു പറയേണ്ടതില്ലല്ലോ. ജൂപ്പിറ്ററിന്റേയും ഹെർക്കുലീസിന്റേയും പതാകകളേന്തിയാണ് യുജീനിയസും, സൈന്യാധിപൻ ആർബോഗാസ്റ്റും സൈന്യസമേതം പടക്കളത്തിലിറങ്ങിയത്.  ആദ്യദിവസം ആ ദൈവങ്ങൾ അവരെ രക്ഷിക്കുകയും ചെയ്തു. ഗോത്തുകളെ ഉപയോഗിച്ച് പ്രത്യേക തന്ത്രങ്ങളൊന്നുമില്ലാതെ നേർക്കുനേർ യുദ്ധമായിരുന്നു ആരംഭത്തിൽ. പതിനായിരത്തോളം ഗോത്തുകളാണത്രെ അന്ന് രണഭൂമിയിൽ മരിച്ചു വീണത്. തിയഡോഷ്യസ് പരാജയം മുന്നിൽക്കണ്ടു. പക്ഷെ, പിറ്റേ ദിവസം സംഗതികളാകെ മാറി. അഡ്രിയാറ്റിക് കടലിൽ നിന്നുമുയർന്ന് പടിഞ്ഞാട്ടേക്കു ആഞ്ഞുവീശിയ ബോറ എന്ന പൊടി നിറഞ്ഞ കൊടുങ്കാറ്റിൽ യുജീനിയസിന്റെ സൈന്യം  ചിതറിത്തെറിച്ചു.  ബോറയെ പിന്തുടർന്നുവന്ന തിയഡോഷ്യസിന് അത്ഭുതകരമാം വിധം വിജയം എളുപ്പമാവുകയും ചെയ്തു. ക്രിസ്തുവാണ് തങ്ങളെ രക്ഷിച്ചതെന്ന് തിയഡോഷ്യസും കൂട്ടരും ഉറച്ചു  വിശ്വസിച്ചു. യുജീനിയസിന്റെ തലവെട്ടാൻ താമസമുണ്ടായില്ല. അർബോഗാസ്റ്റ് ആത്മഹത്യയും ചെയ്തു.

യുജീനിയസിന്റെ മരണത്തോടെ പ്രാചീനമതങ്ങൾ പാടെ തുടച്ചുനീക്കപ്പെട്ടു. തിയഡോഷ്യസിന്റെ ക്രൈസ്തവേതര മതങ്ങളോടുള്ള സമീപനം കടുത്തതായിരുന്നു. ക്ഷേത്രങ്ങളിൽ പോകുന്നത് ആദ്യം തടഞ്ഞു. എല്ലാ ഗ്രീക്കോ-റോമൻ ആഘോഷങ്ങളും നിർത്തലാക്കി. അവരുടെ മതസംഘടനകളേയും നിരോധിച്ചു. അക്കാലത്തെ പ്രമുഖ ഗ്രീക്ക് ദേവാലയമായിരുന്ന ഡെൽഫിയിലെ അപ്പോളോദേവന്റെ ക്ഷേത്രം തകർക്കാനും തിയഡോഷ്യസ് മടി കാണിച്ചില്ല. ലോകത്തിന്റെ കേന്ദ്രം എന്നു ഗ്രീക്കുകാർ വിശ്വസിച്ചിരുന്ന ഡെൽഫിയിലെ ദേവാലയത്തിലെ പിത്തിയ എന്ന പുരോഹിതയുടെ വചനങ്ങൾ കേൾക്കാതെ ഒരു കാലത്ത് ഗ്രീസിൽ പടപ്പുറപ്പാടുകളോ ഉടമ്പടികളോ ഉണ്ടായിട്ടില്ല. എന്തിന് ഈഡിപ്പസിന്റെ ദുരന്തവും പ്രവചിച്ചത്  ഇതേ പിത്തിയ തന്നെയായിരുന്നു. ക്ഷേത്രത്തിനടിയിൽ നിന്നും വമിച്ചിരുന്ന വാതകങ്ങൾ ശ്വസിച്ചായിരുന്നുവത്രെ ആ പ്രവചനങ്ങൾ. എന്തായാലും ക്ഷേത്രം തകർത്തതിനോടൊപ്പം തിയഡോഷ്യസ് ആ പുരോഹിതയേയും വധിച്ചു. നൂറ്റാണ്ടുകളോളം തുടർച്ചയായി നടന്നിരുന്ന പുരാതന ഒളിമ്പിക് മത്സരങ്ങൾ നിർത്തലാക്കിയതും ഇതേ തിയഡോഷ്യസ് തന്നെ.

തുടർന്ന് തിയഡോഷ്യസ് പടിഞ്ഞാറിനേയും കിഴക്കിനേയും ഒരുമിച്ചുചേർത്ത് പരിപൂർണ്ണമായും ക്രിസ്തീയവൽക്കരിച്ച ഒരൊറ്റ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി. അങ്ങനെ തിയഡോഷ്യസിന്റെ കണ്ണിൽ പ്രജാപീഡകരും മുഷ്കരരായ ഏകാധിപതികളുമായിരുന്ന രണ്ട് പടിഞ്ഞാറൻ സാമ്രാജ്യാധികാരികളെ കൊന്നെറിഞ്ഞ്, ഈ മഹാനഗരത്തിലേക്ക് വിജയശ്രീലാളിതനായി പ്രവേശിക്കുന്നതിനായിരിക്കണം ഈ സുവർണ്ണകവാടം ആദ്യമായി പണികഴിപ്പിച്ചത്.

സത്യത്തിൽ ഇതൊരു ഇരട്ടവാതിലാണ്. പുറംമതിലിലെ വാതിലുമായി ചേരുമ്പോൾ. അതിനു പുറത്താണ് ആഴത്തിലെ കിടങ്ങുണ്ടായിരുന്നത്. മിക്കവാറും തകർന്നു കിടക്കുകയാണെങ്കിലും അകംമതിലിലേതുപോലെത്തന്നെ  കൊറിന്ത്യൻ ആർച്ചുകൾ സൂക്ഷിച്ചു നോക്കിയാൽ കാണാം. നല്ലപോലെ കുറ്റിച്ചെടികളും പടർപ്പുകളും ആ മതിലിനെ മൂടി നിൽക്കുന്നുമുണ്ട്. പണ്ട് നിറയെ മാർബിൾ ഫലകങ്ങളായിരുന്നുവത്രെ അതിൽ.

ഏറ്റവും രസമെന്തെന്നു വെച്ചാൽ ഈ കവാടത്തിന്റെ പുറംവാതിലിനെ അലങ്കരിച്ചിരുന്നത്, തിയഡോഷ്യസ് നിരോധിച്ച അതേ പ്രാചീനമതത്തിലെ നായകന്മാരായിരുന്നു എന്നതാണ്. അക്കൂട്ടത്തിൽ ഹെർക്കുലീസും എൻഡീമിയോണും* പെഗാസസ് എന്ന ദേവാശ്വവും ഉണ്ട്. പുറംമതിലിലെ ആ പൗരാണിക റിലീഫുകളെല്ലാം ഇവിടെ നിന്ന് അടർത്തിയെടുത്ത് ഇസ്താംബുൾ ആർക്കയോളജിക്കൽ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുന്നൂറു കൊല്ലം മുമ്പ് ഇവിടെയെത്തിയ ചില ഇംഗ്ലീഷ് പ്രഭുക്കൾ ഈ റിലീഫുകളിൽ താല്പര്യം കാണിക്കുകയും ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകാൻ ശ്രമങ്ങളൊക്കെ നടത്തുകയും ചെയ്തുവത്രെ. 1620-ലെ അന്നത്തെ ഇളംപ്രായക്കാരനായ സുൽത്താൻ ഒസ്മാൻ രണ്ടാമൻ അതനുവദിച്ചില്ല. വെറും പതിനേഴു വയസ്സുമാത്രം അപ്പോൾ പ്രായമുണ്ടായിരുന്ന ആ സുൽത്താനെ അല്പം വേദനയോടെയല്ലാതെ സ്മരിക്കാനാവില്ല. പ്രത്യേകിച്ച്, ഈ സുവർണ്ണ കവാടത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ. അതിനു കാരണം ഞാൻ വൈകാതെ പറഞ്ഞുതരാം.

(തുടരും)

 

Comments

comments