20 . ഹിന്ദുത്വ
………………………
എ . മറാത്ത എന്ന വ്യാജനാമത്തിലാണ് “ഹിന്ദുത്വ” എഴുതപ്പെട്ടത്. ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ബൈബിൾ എന്നും സവർക്കറുടെ മാഗ്നം ഓപ്പസ് എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ ചെറിയ പുസ്തകത്തിൻ്റെ ,ഇന്നത്തെ കണക്കനുസരിച്ച് അമ്പതു പേജിൽ  അല്പം കൂടുതലുള്ള ഒന്നിൻ്റെ ഉള്ളടക്കത്തിലേയ്ക്ക് പോകും മുമ്പ് സവർക്കറുടെ രാഷ്ട്രീയമായ നില ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. മാപ്പപേക്ഷകളിൽ പറയും പടി ബ്രിട്ടീഷ് ഭരണഘടനാനുസൃതമായ ഒരു കീഴടങ്ങൽ എത്രമാത്രം നടത്തി എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ പുസ്തകം / ലഘുലേഖ. അതേ സമയം നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിന് ഒരു പുതുജീവൻ നൽകാനുള്ള ശ്രമം കൂടിയാണ്. ആ ബ്രാഹ്മണിസത്തിന് ഇന്ത്യൻ ദേശീയതയുടെ നേതൃത്വം അന്യമായി എന്ന തിരിച്ചറിവാണ് ഇതിൻ്റെ പിറവിയ്ക്ക് നിദാനം. അതോടൊപ്പം തങ്ങൾക്ക് അപ്രാപ്യമാം വിധം ഇന്ത്യൻ ജനതയുടെ ഭാഗധേയം ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനം ജനകീയ സമരപാതയിലൂടെ നിർവ്വഹിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള ശ്രമം കൂടിയാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ഹിന്ദുവും മുസ്ലീമും മറ്റനേകം മതവിഭാഗങ്ങളും തോളോട് തോൾ ചേർന്ന് നിന്ന് പൊരുതുന്ന സാധ്യത, യാഥാർത്ഥ്യമായപ്പോൾ മുസ്ലീങ്ങളെ ഇന്ത്യൻ പൗരത്വത്തിൽ നിന്ന് തള്ളിപ്പുറത്താക്കാനുള്ള ശ്രമം നടത്തിക്കൊണ്ട്, ആ മൈത്രി ഇല്ലാതാക്കാനുള്ള എഴുത്തായിരുന്നു അത്. ചിത്പാവൻ ബ്രാഹ്മണിസത്തിൻ്റെ എതിർപ്പ്, അവരുടെ രാജ്യം തട്ടിയെടുത്ത ബ്രിട്ടീഷുകാരിൽ നിന്നും, മുസ്ലീങ്ങളിലേയ്ക്കും സ്വരാജ്യം ആവശ്യപ്പെടുന്ന ഗാന്ധിയിലേയ്ക്കും അത് തിരിച്ചു വെച്ചു. നേതൃനഷ്ടത്തിൻ്റെ നിരാശയും, അതിൽ നിന്നുയർന്ന പ്രതികാര വാഞ്ഛയും ഓരോ പേജിലും നിറഞ്ഞു നിൽക്കുന്നു. ചരിത്രത്തിൻ്റെ മുഖം മൂടി ധരിച്ചു വരുന്ന ബ്രാഹ്മണിസത്തിൻ്റെ അവസാനക്കൈയ്യായിരുന്നു അത്. അന്നത്തെ ചരിത്രസാഹചര്യത്തിൽ അത് ബ്രിട്ടീഷുകാർക്കുള്ള പാദസേവ ആയിരുന്നു. കാരണം, ഒരു ജനതയിൽ രൂപം കൊള്ളുന്ന ദേശീയ സ്വത്വത്തെ വെറുപ്പിൻ്റെ തത്വം ഉപയോഗിച്ച് പലതായി പിളർത്താനാണ് അത് ശ്രമിച്ചത്.

അതിന് മുമ്പ് ഖിലാഫത്തിനെ ” ആഫത്ത് ” എന്ന് വിനായക് ദാമോദർ സവർക്കർ വിശേഷിപ്പിച്ചത് നാം കണ്ടിരുന്നു. അതേ സമയം തുർക്കിയോട് സന്ധിചെയ്ത അതേ ജർമ്മനി ഇന്ത്യൻ മഹാസമുദ്രം വഴി വന്ന് ആൻഡമാൻ ജയിലു തകർത്ത് തന്നെ രക്ഷിക്കുന്ന സ്വപ്നവും സവർക്കർ കണ്ടിരുന്നു. ഹിന്ദുത്വത്തിനെ പിന്തുണയ്ക്കുന്ന ഗ്രന്ഥകാരർ, ഹിന്ദുത്വം എഴുതാനുള്ള ആസന്ന പ്രേരണകളിൽ ഒന്നായി ചൂണ്ടിക്കാട്ടുന്നത് ബ്രിട്ടീഷുകാർ കൗൺസിലുകളിൽ മുസ്ലീങ്ങൾക്ക് പ്രത്യേക പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകിയതാണ്. അവർ കാണാതെ പോകുന്നത്, അല്ലെങ്കിൽ കണ്ണടയ്ക്കുന്നത്, അതേ മൊണ്ടേഗു പരിഷ്ക്കരണത്തെയാണ് സവർക്കർ മാറോടണച്ചുകൊണ്ട് ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷകൾ എഴുതിയത് എന്നാണ്. അതിനാൽ ഇത്തരം കൊടും വൈരുദ്ധ്യങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് എഴുതപ്പെട്ട ഈ പുസ്തകം രണ്ട് സൂചനകളാണ് നൽകുന്നത്. നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസം അതിൻ്റെ ബ്രിട്ടീഷ് വിരുദ്ധത എന്നന്നേക്കുമായി അവസാനിപ്പിച്ചു എന്ന് മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെതിരെയുള്ള സാമ്രാജ്യത്തത്തിൻ്റെ നില്പിന് ദാസ്യവേല ചെയ്യാൻ കൂടി തീരുമാനിച്ചു. ഹിന്ദുത്വ പുസ്തകത്തിൽ ഹിന്ദുക്കളല്ലാത്ത മിക്കവാറും എല്ലാ പ്രാഗ്ഭരണാധികാരികളേയും അക്രമകാരികളും “വിദേശി “കളും ദേശീയ വിരുദ്ധരുമായി ചിത്രീകരിക്കുമ്പോൾ അപ്പോൾ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാർക്കെതിരേ സമ്പൂർണ്ണ നിശ്ശബ്ദത പാലിക്കുന്നു.

ഇങ്ങനെ തൻ്റെ രാഷ്ട്രീയത്തെ ബ്രിട്ടീഷുകാർ ആഗ്രഹിക്കുന്ന മട്ടിൽ ആഭ്യന്തരമായ വിള്ളൽ സൃഷ്ടിക്കാൻ എഴുതപ്പെട്ട ഒന്നാണ് ” ഹിന്ദുത്വ “. അഭിപ്രായങ്ങൾ എന്നതിനേക്കാൾ മറ്റുള്ളവരുടെ ജീവിതത്തിന് മുകളിൽ ബ്രാഹ്മണ്യത്തിന് ഉണ്ടെന്ന് നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണ്യം വിശ്വസിക്കുന്ന ആധികാരികതയിൽ നിന്നാണ് സവർക്കർ സംസാരിക്കുന്നത്. അടിച്ചേല്പിക്കുന്ന പൗരത്വസങ്കല്പമാണ് അതിൻ്റെ കാതൽ.

ഏതാണ്ട് അതേ കാലത്തുതന്നെയാണ് 1921 ലെ മലബാർ കലാപത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകൾ നിറഞ്ഞ മലാ കായ് ത്യാച്ചേ ? (എന്തിന് ഞാൻ ശ്രദ്ധിക്കണം ? ) എന്ന സവർക്കറുടെ നോവൽ പ്രസിദ്ധീകരിക്കുന്നത്. ബാബാറാവുവിൻ്റെ പേരിലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. പിൽക്കാല എഡീഷനുകളിൽ ആണ്  ” ഹിന്ദുത്വ ” എന്ന പോലെ ഇതും സവർക്കറുടെ സ്വന്തം പേരിൽ ഇറങ്ങുന്നത്. താൻ ഒരു കാലത്ത് എങ്ങനെ ബ്രിട്ടീഷ് വിരുദ്ധനായിരുന്നോ അതിലും ബ്രിട്ടീഷ് വിരുദ്ധരായിരുന്നു മലബാറിലെ മാപ്പിളമാർ എന്നത് മറച്ചുവെച്ച് ഹിന്ദുമതത്തെ നശിപ്പിച്ച് മതരാഷ്ട്രം സ്ഥാപിക്കലായിരുന്നു മാപ്പിളകലാപം എന്ന മട്ടിൽ ആയിരുന്നു സവർക്കറുടെ ആഖ്യാനം. കൊലയും കൊള്ളയും ബലാത്സംഗവുമായിരുന്നു ഹിന്ദുക്കൾക്ക് ലഭിച്ചത് എന്ന തരത്തിൽ ആഖ്യാനിക്കപ്പെട്ട ആ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് പിൽക്കാല ഹിന്ദുത്വവാദികൾ മലബാർ കലാപത്തെ വ്യാഖ്യാനിച്ചത്.

“ഹിന്ദുത്വ ” എന്ന ലഘുലേഖയോട് സമാനമായ ഈ പുസ്തകത്തിന്, ഇപ്പോൾ പ്രചാരത്തിലുള്ള പതിപ്പിന് 55 പേജുകൾ ആണ് ഉള്ളത്. ചന്ദ്രനാഥ് ബസുവാണ് ഹിന്ദുത്വ എന്ന പദം ആദ്യമായി പ്രയോഗിച്ചത് എന്ന് പറയപ്പെടുന്നു. ഹിന്ദുത്വ – ഹിന്ദുർ പ്രാകൃത ഇതിഹാസ് (ഹിന്ദുത്വ – ഹിന്ദുക്കളുടെ പ്രാകൃത ചരിത്രം ) എന്ന അദ്ദേഹത്തിൻ്റെ  ബംഗാളി കൃതിയുടെ ശീർഷകമായി പ്രസ്തുത വാക്ക് വരുന്നുണ്ടെങ്കിലും ഹിന്ദുത്വയെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ സകല്പനം ചെയ്തെടുക്കുന്നത് സവർക്കർ ആണ്. 31 ഉപശീർഷകങ്ങൾ സവർക്കറുടെ ഈ പുസ്തകത്തിനുണ്ട്. സാധാരണയിൽ നിന്നും വിഭിന്നമായി ഇംഗ്ലീഷിൽ തന്നെയാണ് സവർക്കർ ഇതെഴുതിയത്. ആദ്യ ഉപശീർഷകം ഷേക്സ്പിയറെ ഉപജീവിച്ച് ” പേരിലെന്തിരിക്കുന്നു ? ” എന്നതാണ്. അതിൻ്റെ കാതൽ വാചകമെന്നത് ” വാക്കിൻ്റെ വസ്തുവുമായുള്ള ഈ ബന്ധം കാലാന്തരത്തിൽ ശക്തമായി വളരുകയും ദീർഘകാലം നിലനിൽക്കുന്ന ഒന്നായിത്തീരുകയും ചെയ്തു. അതിനാൽ ബോധത്തിൻ്റെ രണ്ടു തലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആ നാളി ഒരു തലത്തിൽ നിന്ന് മറ്റൊരു തലത്തിലേയ്ക്ക് ചിന്തകളെ തടസ്സംകൂടാതെ ഒഴുകാൻ അനുവദിക്കുകയും , അതിനാൽ അവയെ തമ്മിൽ (വാക്കിനേയും വസ്തുവിനേയും ) വേർതിരിക്കാൻ പറ്റുക ഏതാണ്ട് അസാധ്യമായിത്തീരുകയും ചെയ്തു. ” എന്ന് പറഞ്ഞാൽ പേര് അത് സൂചിപ്പിക്കുന്ന വസ്തുവിൽ നിന്നും അത്രമേൽ അഭിന്നമായ ഒന്നായിട്ടാണ് സവർക്കർ കാണുന്നത്. വാക്കും വസ്തുവും തമ്മിലുള്ള ബന്ധം അതിസങ്കീർണ്ണമായ മാതൃകകൾ സൃഷ്ടിക്കുന്നത് ഭാഷാശാസ്ത്രത്തിലേയും സംസ്കാര പഠനത്തിലേയും ഒരു പ്രധാനപ്പെട്ട മേഖലയാണ് എന്ന് ഇന്ന് ഈ വിഷയമായി ബന്ധപ്പെട്ട ബാലപാഠങ്ങൾ നോക്കുന്നവർക്കറിയാം. പക്ഷെ, ഹിന്ദുത്വ എന്ന താൻ ഉദ്ദേശിക്കുന്ന ഖരരൂപത്തിലുള്ളതും ആന്തരികമായ വിള്ളലുകൾ മൂടിവെയ്ക്കണമെങ്കിൽ ഇത്തരമൊരു ഭാഷാ സമീപനം സ്വീകരിച്ചേ തീരൂ എന്ന് സവർക്കർക്ക് അറിയാമായിരുന്നു എന്ന് വേണം കരുതാൻ.

ചരിത്രപരമായി നോക്കിയാൽ തുക്കാറാം മുതൽ അംബേദ്ക്കർ വരെയുള്ളവർ ഇക്കാലയളവിൽ തന്നെ ഹിന്ദു എന്ന സംജ്ഞയെ മറാത്താപ്രവിശ്യയിൽ തന്നെ അപനിർമ്മിച്ച് കഴിഞ്ഞിരുന്നു. മനുസ്മൃതിയേയും മറ്റ് സ്മൃതികളേയും ആശ്രയിച്ചുള്ള ബ്രാഹ്മണകേന്ദ്രിത ഹിന്ദുസമൂഹ സങ്കല്പത്തിന് വിള്ളൽ വീണിരുന്നു.  എന്ന് പറഞ്ഞാൽ ” ഹിന്ദു ” എന്ന സംജ്ഞയും അതിൻ്റെ സൂചിതമായ ജനവിഭാഗവും തമ്മിലുള്ള ബന്ധം മറ്റൊന്നായിരുന്നു. ബ്രാഹ്മണകുലത്തിനുള്ളിൽ നിന്ന് തന്നെ റാനഡേയും കൂട്ടരും സമുദായകാര്യങ്ങളിൽ പൊതുസമൂഹത്തിൻ്റെ ക്ഷേമത്തിൻ്റെ പ്രതിനിധി എന്ന നിലയിൽ ഭരണകൂടങ്ങൾക്ക് ഇടപെടാം എന്ന് വാദിക്കുമ്പോൾ, ലംഘിക്കാൻ കഴിയാത്ത സ്മൃതി മര്യാദകൾ എന്ന സങ്കല്പനത്തെ തച്ചുടക്കുകയാണ് ചെയ്യുന്നത്. ഗാന്ധിയുടെ നേതൃത്വത്തിൽ മുസ്ലീങ്ങളെ സഹോദരാ / സഹോദരി എന്ന് അഭിസംബോധന ചെയ്യാൻ കെല്പുള്ള ഹിന്ദുവും അരങ്ങിൻ്റെ കേന്ദ്രസ്ഥാനത്ത് എത്തിയിരുന്നു. അതു കൊണ്ട് സവർക്കർ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിച്ച രാഷ്ട്രീയധാരയ്ക്ക് ഹിന്ദു എന്ന വാക്കിനെ ഏകശിലാത്മകമായി മുമ്പെന്നത്തേക്കാളുമായി വർക്കണമായിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണിസത്തിന് ആ ശക്തി നശിച്ചിരുന്നു. നഷ്ടപ്രതാപങ്ങളുടെ ചരിത്രം ദൈവഗത്യാ തിരിച്ചു വരുമെന്നുള്ള പ്രതീക്ഷയല്ലാതെ അവർക്ക് വലുതായി ആശിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. സ്വന്തം കുലത്തിനുള്ളിൽ മാത്രം തങ്ങളുടെ ഇംഗിതങ്ങൾ നിലനിർത്താൻ, ആചാരാനുഷ്ഠാനങ്ങൾ ആയാലും, കർമ്മപരിവേഷം പുതച്ചെത്തുന്ന സാമൂഹ്യമേൽക്കോയ്മകൾ ആയാലും, അവർ നിഷ്ക്കർഷിച്ചിരുന്നു. എന്നാൽ അതിനപ്പുറം വരാൻ പോകുന്ന രാഷ്ട്രീയഭൂമികയിൽ കൊടിനാട്ടാൻ ബ്രാഹ്മണിസത്തെ അണിയിച്ചൊരുക്കിയ നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തെ മനസ്സിലാക്കാൻ അവർക്ക് കഴിയാത്തത് കൊണ്ട് അവരുമായുള്ള സംഘർഷവും ബ്രാഹ്മണകുലത്തിനുള്ളിൽ നടക്കുന്നുണ്ട്.

അങ്ങനെ “ഹിന്ദു” എന്ന ” വാക്കും ” ഹിന്ദു എന്ന ” വസ്തുവും ” തമ്മിലുള്ള തെറ്റിക്കിടക്കലുകളെ ഒരു പുതിയ സിമൻറ് വെച്ച് കെട്ടിയുയർത്താനുള്ള ശ്രമം ആയിരുന്നു സവർക്കറുടേത്. മഡോണയുടെ സുന്ദരമായ പെയിൻ്റിംഗിന്  താഴെ ഫാത്തിമ എന്നെഴുതി വെച്ചാൽ സ്പെയിൻകാരൻ ഒരു കലാവസ്തു എന്ന നിലയിൽ അതിനെ നോക്കിയേക്കും. സവർക്കർ എഴുതുന്നു. പക്ഷെ മഡോണ എന്ന പേര് തന്നെ അതിന് നൽകുകയാണെങ്കിൽ ദിവ്യമാതാത്വത്തിൻ്റെയും സ്നേഹത്തിൻ്റേയും സാന്നിദ്ധ്യം അയാൾക്ക് അനുഭവവേദ്യമാകുമെന്നും അതയാളെ ആ ചിത്രത്തിന് മുമ്പിൽ മുട്ടുകുത്തിക്കുമെന്നും.

ഹിന്ദു എന്ന വാക്കിന് മുന്നിൽ അതുമായി ബന്ധപ്പെട്ട എല്ലാവരും മുട്ടുകുത്തണമെങ്കിൽ, അൾത്താരയിൽ അവരുടെ രക്ഷകനായി ബ്രാഹ്മണ്യത്തിന് നിൽക്കണമെങ്കിൽ, ഇപ്പോഴുള്ള ഹിന്ദുമതവും അതിൻ്റെ ജ്ഞാന, കർമ്മ പാരമ്പര്യവും പോരായിരുന്നു. ദേശരാഷ്ട്ര സങ്കല്പനങ്ങളുടെ കാലത്ത് ഹിന്ദുമതം എന്നപേരിൽ അറിയപ്പെട്ടിരുന്ന  ബ്രാഹ്മണമതത്തെ പുനരാനയിക്കണമെങ്കിൽ ഹിന്ദുമതത്തെ വംശീയമായി നിർവ്വചിക്കനമായിരുന്നു. നിരവധി ജാതികളെ, പരസ്പരം പോരടിക്കുകയും പുറം തിരിയുകയും ഘടനാപരമായിത്തന്നെ ഒരു പൊതുമണ്ഡലം സാധ്യമാകാത്ത ശ്രേണീബദ്ധമായ ബഹുസ്വരതയ്ക്ക് പകരം ഒരു വിസിൽ വിളിയിൽ ഒരുമിച്ചു കൂടുന്ന സൈന്യം പോലെയുള്ള ഒന്നായി ഹിന്ദുസമുദായത്തെ മാറ്റിത്തീർക്കുക എന്നതായിരുന്നു അത്. ജാതീയതയെ വംശീയത കൊണ്ട് പകരം വെയ്ക്കാനുള്ള ശ്രമം. ജാതി നിയങ്ങൾക്കപ്പുറം ശക്തിയുള്ളവനെ ചോദ്യം ചെയ്യാതെ സേവിക്കുന്നവരെ സൃഷ്ടിക്കുന്ന വംശീയത.

അതുകൊണ്ടാണ് രണ്ടാമത്തെ ഉപശീർഷകത്തിന് ” ഹിന്ദുത്വ എന്നത് ഹിന്ദുമതത്തിൽ നിന്നും വ്യത്യസ്തമാണ് ” എന്ന് സവർക്കർ പേരിട്ടത്. കുറേക്കൂടി വംശീയമാനം ഉള്ളതായിരുന്നു ഹിന്ദുത്വ. ഹിന്ദുമതത്തിൻ്റ ചുറ്റും കൂടിയ എല്ലാം ഉൾക്കൊണ്ട ഒരു ചരിത്രമായാണ് സവർക്കർ ഹിന്ദുത്വയെ നിർവ്വചിച്ചത്. ഹിന്ദുത്വ എന്നാൽ ഹിന്ദുമതമല്ല. ഹിന്ദുമതത്തിൻ്റെ അടിസ്ഥാനത്തിലുള്ള  ജീവിത രീതി എന്ന അർത്ഥത്തിൽപ്പറയുന്ന ഹിന്ദുയിസവും അല്ല. സവർക്കർ പറയുന്നു. അതൊരു മുഴുവൻ ചരിത്രമാണ്. ഹിന്ദുമതവും ഹിന്ദുയിസവും  ഹിന്ദുത്വത്തിൽ നിന്നുരുത്തിരിഞ്ഞ ഉപശാഖമാത്രമാണ്. ” നമ്മുടെ ഹിന്ദുവംശത്തിൻ്റെ മുഴുവൻ സത്തയുടേയും ചിന്തയുടേയും പ്രവൃത്തിയുടേയും മുഴുവൻ വകുപ്പുകളേയും ഹിന്ദുത്വ ആശ്ലേഷിക്കുന്നു. ” അതിനാൽ, സവർക്കർ തുടരുന്നു, ഹിന്ദുത്വം എന്തെന്നറിയാൻ ഹിന്ദു ആരെന്നറിയുക പ്രധാനപ്പെട്ടതാണ്.

അതായത് ഇന്ത്യൻ പ്രാഗ്ചരിത്രം എന്ന അതിസങ്കീർണ്ണമായ ഒന്നിനെ ഹിന്ദുക്കളുടെ ചരിത്രമാണെന്ന് എളുപ്പത്തിൽ സ്ഥാപിക്കാനുള്ള വഴി ആരായുകയായിരുന്നു സവർക്കർ. എന്ന് പറഞ്ഞാൽ സ്മൃതികളുടെ രീതിയായ ആധികാരിക സ്വരത്തിൽ ആധുനിക ചരിത്രത്തെ നിശ്ചയിക്കുക. സ്മൃതികൾ എന്നാൽ ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത ആധികാരികതയാണ്. കാരണം സ്മൃതികാരൻ ആധികാരികതയുടെ അങ്ങേത്തലയാണ്. അതേ മട്ടിൽ തന്നെത്തന്നെ ആദർശവല്ക്കരിച്ചും ആധികാരിക വല്ക്കരിച്ചും ഒരു ആഖ്യാനം നിർമ്മിച്ച് ചരിത്രം എന്ന് പേര് വിളിക്കുന്നു. മറ്റ് ചരിത്രധാരകൾക്ക് മേൽ നടത്തുന്ന അധിനിവേശം എഴുത്തൂക്ക് കൊണ്ട് നേടിയെടുക്കുന്നു.

മൂന്നാമത്തെ ഉപാഖ്യാനം ” എന്താണ് ഹിന്ദു ? ” എന്ന തലക്കെട്ടിനടിയിലാണ് സവർക്കർ നിർവ്വഹിക്കുന്നത്. യാഥാസ്ഥിതിക ബ്രാഹ്മണ ചരിത്രങ്ങളിൽ എന്ന പോലെ ബ്രഹ്മാവിൻ്റെ മുഖത്ത് നിന്ന് ജനിച്ച ബ്രാഹ്മണൻ്റെ കഥയല്ല സവർക്കർ പറയുന്നത്. മറിച്ച് ആര്യാധിനിവേശത്തെ സവർക്കർ അംഗീകരിക്കുന്നു. ആര്യന്മാർ ഏഴു നദികൾക്കിടയിൽ, സപ്ത സിന്ധുക്കൾക്കിടയിൽ താമസിക്കാൻ തുടങ്ങുകയും അവരുടെ പേഴ്സ്യൻ പാരമ്പര്യവുമായി വിച്ഛേദം സ്ഥാപിക്കുകയും ചെയ്യുന്നതോടെ സവർക്കറുടെ ചരിത്രം തുടങ്ങുന്നു. കൃഷിയായിരുന്നു അവരുടെ തൊഴിൽ. ലോകത്തിൻ്റെ ഏറ്റവും പഴയ രേഖയായ ഋഗ്വേദം അവരാണ് ഉണ്ടാക്കിയത്. സിന്ധുനദി അദ്ധ്യക്ഷം വഹിക്കുന്ന ഏഴു നദികളുടെ തടം അവർക്ക് ഒരു പൊതുദേശീയതയും സംസ്ക്കാരവും നൽകി. അവർ അവരെ “സിന്ധുക്കൾ ” എന്ന് വിളിച്ചില്ല. പക്ഷെ, അവർക്ക് ചുറ്റുമുള്ള രാഷ്ട്രങ്ങൾ അവരെ വിളിച്ചത് ” സപ്ത സിന്ധുക്കൾ ” എന്നാണ്. എന്ന അക്ഷരം ഇന്ത്യനും അനിന്ത്യനുമായ ചില പ്രാകൃത ഭാഷകളിൽ ഇല്ലാത്തത് കൊണ്ട് അവർ കൊണ്ട് അതിനെ പകരം വെച്ചു. സപ്ത എന്നത് ഇന്ത്യൻ ഭാഷകളിൽ ഹപ്തയാണ്. ആഴ്ച എന്ന അർത്ഥത്തിൽ. യൂറോപ്പിൽ അത് ഹെപ്ടാർക്കി ആണ്. സിംഹത്തിന് സംസ്കൃതത്തിൽ കേസരി എന്ന് പറയും. പഴയ ഹിന്ദിയിൽ അത് കേഹ് രി ആകുന്നു. സരസ്വതി പേഴ്സ്യനിൽ ഹരഹ്വതിയും അസുർ അഹുറും ആകുന്നു. സപ്തസിന്ധു സെൻ്റ് അവെസ്തയിൽ ഹപ്തഹിന്ദു ആണ് . അതു കൊണ്ട് പേർഷ്യക്കാർ സിന്ധുക്കളെ ഹിന്ദു എന്ന് വിളിച്ചു. അങ്ങനെയാണ് വേദകാലത്തെ ആര്യന്മാർ ഹിന്ദുക്കളായത്.

സവർക്കർ പറയുന്ന ഈ ചരിത്രം പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അതായത് ഹിന്ദുക്കൾ എന്ന പേര് മതാടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞു വന്ന ഒന്നല്ല. മറിച്ച് ഭൂമിശാസ്ത്രവുമായാണ് അതിന് ചേർച്ച.

എന്നിട്ടും  പഴക്കമുള്ള പേര് എന്ന ഉപശീർഷകത്തിന് കീഴെ സവർക്കർ ചർച്ച ചെയ്യുന്നത് ഹിന്ദു എന്ന പേരിന് ആര്യന്മാരേക്കാൾ പഴക്കം ഉണ്ടെന്നാണ്. തദ്ദേശീയർ സിന്ധു നദിയെ ഹിന്ദു എന്നാണ് വിളിച്ചിരുന്നത് .ആര്യന്മാരുടെ വരവോടെയാണ് അത് സിന്ധു ആകുന്നത്. ആര്യഭാഷയായ സംസ്കൃതത്തിൽ. ഇവിടെ സവർക്കർ ആര്യന്മാരുടെ വരവിന് മുമ്പുതന്നെ സിന്ധുനദീതടത്തിൽ ജനവാസമുള്ളതായി സമ്മതിക്കുന്നുണ്ട്. എന്നാൽ പുതിയൊരു കൂട്ടർ കടന്നുവരുന്നതിനെ തദ്ദേശീയർ സ്വാഗതം ചെയ്തതായാണ് പറയുന്നത്. എന്നാൽ ആര്യന്മാരൊഴികെ ബാക്കിയുള്ള എല്ലാവരേയും മ്ലേച്ഛരായി കരുതുകയും ചെയ്യുന്നു. ആര്യന്മാർ കടന്നു വരും മുമ്പ് ഇവിടെയുണ്ടായിരുന്ന, ചിതറിയ തദ്ദേശീയർ, വിദ്യാധര, യക്ഷ, കിന്നര, ഗന്ധർവദികളിൽ പലരും കടന്നു വന്നവരോട് സൗഹൃദം പുലർത്തി എന്നും മറ്റ് ചിലർ ആര്യന്മാർക്ക് വഴികാട്ടികൾ ആയി മാറി എന്നും പറയുന്നു. അവരെ ഉദാരരും നല്ല സ്വഭാവമുള്ളവരുമായി സവർക്കർ രേഖപ്പെടുത്തുന്നു. അതായത്  ഒരു ആര്യൻ – തദ്ദേശീയ സംഘർഷത്തിൻ്റെ ഒരു സൂചന പോലും സവർക്കർ തരുന്നില്ല. അതായത് തദ്ദേശീയർ വിരിച്ചിട്ട ചുവന്ന പരവതാനിയിലൂടെയാണ് ആര്യർ വന്നതെന്ന മട്ടിൽ. മുസ്ലീം കടന്നു വരുമ്പോൾ സംഘർഷം. ആര്യൻ കടന്നു വരുമ്പോൾ സ്വീകരണം. സവർക്കർ ഉൾപ്പെട്ട ചിത്പാ വൻ ബ്രാഹ്മണരുടെ സാമ്രാജ്യം പിടിച്ചെടുത്ത ബ്രിട്ടീഷുകാർക്കെതിരെ, അവരുടെ ഭരണത്തിൻ കീഴിൽ ഇരുന്നെഴുതിയ ഹിന്ദുത്വയിൽ പരാമർശങ്ങളേ ഇല്ല. തനിക്കാവശ്യമുള്ള ഒരു ചരിത്രനിർമ്മിതിയാണ് സവർക്കർ നടത്തുന്നത്. അതിനാൽ ചരിത്രം എന്നത് തൻ്റെ ആത്മനിഷ്ഠതയ്ക്കും നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ ചലനാത്മകതയ്ക്കും വേണ്ടിയുള്ള ഒരു മാധ്യമം മാത്രമാണ്. ഭവിഷ്യപുരാണം പോലുള്ളവയേയും രാമായണം പോലുള്ളവയേയും അക്ഷരാർത്ഥത്തിലുള്ള ചരിത്രത്തെളിവുകൾ ആയി സവർക്കർ ഉപയോഗിക്കുന്നത് അതുകൊണ്ടാണ്.

അടുത്ത ഉപശീർഷകം ” ഹിന്ദുക്കൾ, ഒരു രാഷ്ട്രം ” എന്നതാണ്. സപ്തസിന്ധു തടത്തിലെ കാടുകൾ വെട്ടി മാറ്റി കൃഷി ചെയ്തും നഗരങ്ങൾ സ്ഥാപിച്ചും രാജ്യങ്ങളും രാജഭരണങ്ങളും തഴപ്പിച്ചും ആര്യന്മാർ മുന്നേറിയതിൻ്റെ കഥയാണ് സവർക്കർ പറയുന്നത്. അവർ കുരുക്കൾ എന്നും കാശികൾ എന്നും വൈദേഹുകൾ എന്നും മഗധരെന്നും അറിയപ്പെട്ടപ്പോൾ  അവരുടെ അടിത്തട്ടിലുണ്ടായ  ഏറ്റവും പഴയ പൊതുപ്പേരായ ഹിന്ദുക്കൾ അഥവാ സിന്ധുക്കൾ നിഴലിലായി. എന്നാൽ അത് പിന്നീട് വീണ്ടെടുക്കപ്പെട്ടു. സവർക്കർ ഹിന്ദുരാഷ്ട്രത്തിൻ്റെ ദേശാതിർത്തികൾ രൂപം കൊള്ളുന്നതിനെ കുറിച്ച് പറയുന്നത് രസകരമാണ്.

” അയോദ്ധ്യയിലെ ധീരനായ രാജകുമാരൻ സിലോണിലേയ്ക്ക് വിജയകരമായി കടന്നുവരികയും ഹിമാലയം മുതൽ കടൽ വരെയുള്ള പ്രദേശം ഒരൊറ്റ പരമാധികാരത്തിന് കീഴിൽ കൊണ്ടുവരികയും ചെയ്തതോടെയാണ് ഒരു രാഷ്ട്രവും രാജ്യവും കണ്ടെടുക്കുന്ന, അതിൻ്റെ അതിർത്തികൾ നിശ്ചയിക്കുന്ന ആ മഹത്തായ ദൗത്യം അവസാനം നിറവേറ്റുന്നത്. പരാജയപ്പെടാതെ, പരാജയപ്പെടുത്താനാകാതെ വിജയത്തിന്റെ കുതിര അയോദ്ധ്യയിൽ തിരിച്ചെത്തിയ ആ ദിവസം , പരമാധികാരത്തിൻ്റെ വെൺകൊറ്റക്കുട രാമചന്ദ്രൻ എന്ന ധീരൻ്റെ, രാമചന്ദ്രൻ എന്ന ഗുണവാൻ്റെ, സാമ്രാജ്യത്തസിംഹാസനത്തിന് മേൽ വിടർന്ന ആ ദിവസം, സ്നേഹത്തിൻ്റേതായ ഒരു സഖ്യം – ആര്യൻ രക്തമൊഴുകുന്ന രാജകുമാരരുടേത് മാത്രമല്ല, മറിച്ച് ഹനുമാൻ – സുഗ്രീവൻ – വിഭീഷണൻ തുടങ്ങിയ ദക്ഷിണാത്യരുടേയും – ഉയിർകൊണ്ട ദിവസമാണ് നാം ഹിന്ദുജനതയുടെ യഥാർത്ഥ പിറന്നാൾ ”

ഇന്ത്യയുടെ ചരിത്രം പറയുകയല്ല, ബ്രിട്ടീഷനുകൂലവും, അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ തകർക്കുകയും, ഹിന്ദു – മുസ്ലീം മൈത്രിയെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം നിർമ്മിക്കുകയുമായിരുന്നു 1923 ൽ ഹിന്ദുത്വ എഴുതുമ്പോൾ സവർക്കറുടെ ദൗത്യം എന്നത് ഇത്രയും വ്യക്തമാക്കുന്ന ഒരു ഉദ്ധരണിയാണ് ഇത്. ആര്യൻ അധിനിവേശത്തേയും അതിൻ്റെ പരിണതികളേയും പറ്റി ചരിത്രത്തെ പിൻപറ്റി പറഞ്ഞു വരുന്ന സവർക്കർ പെട്ടെന്ന് പുരാവൃത്തങ്ങളിലേയ്ക്ക് കൂറുമാറുന്നു. രാമായണം എന്ന തെക്കനേഷ്യയിലും തെക്ക് കിഴക്കനേഷ്യയിലും വ്യാപകമായി വായിക്കപ്പെട്ട ഒരു കഥയുടെ ഉള്ളടക്കം ചരിത്രമായി നമ്മുടെ മുന്നിൽ വെയ്ക്കുന്നു. മഹാഭാരതം അങ്ങനെ വയ്ക്കാൻ പറ്റില്ല. കാരണം അതിൽ യുദ്ധം ചെയ്യുന്നത് ആര്യൻ ആര്യനോടാണ്. അപ്പോൾ ബ്രിട്ടീഷിന്ത്യയുടെയും ഇന്ത്യൻ നാട്ടുരാജ്യങ്ങളുടേയും പ്രവിശ്യകൾക്കുള്ളിൽ നിന്ന് അതിൻ്റെ ഭൂതകാലത്ത് നിന്നും മുസ്ലിം രാജാക്കളേയും അവരുടെ  രാജ്യ ചരിത്രത്തേയും ചവിട്ടിപ്പുറത്താക്കാൻ ആകെ എടുക്കാവുന്ന ഒന്ന് രാമായണം മാത്രമാണ്. കാരണം, ആര്യാവർത്തത്തിന് പുറത്തേയ്ക്ക് കടന്ന് വിജയം കൈവരിച്ച ഒരു ആര്യൻ എന്ന നിലയിൽ അത് മാത്രമേ എടുക്കാൻ കഴിയൂ. പക്ഷെ, അത് കഥയാണ്. കഥയെ ചരിത്രമാക്കുക എന്നതേ അപ്പോൾ വഴിയുള്ളു. ഇനി കഥയിൽ തന്നെ അതിനെ നിഷേധിക്കുന്ന ഘടകങ്ങൾ ഉണ്ടെങ്കിലോ? അത് കാണാതിരിക്കുക. അങ്ങനെ കാണാതിരിക്കുന്ന ഒന്നാണ് ലങ്കയിലെ രാവണനുമായി യുദ്ധം നടത്തുമ്പോൾ രാമൻ രാജകുമാരനേ അല്ല എന്നത്. സ്വന്തം രാജ്യത്തിൽ നിന്നും ഭ്രഷ്ടനായി കാട്ടിൽക്കഴിയുന്ന ഒരാൾ മാത്രമായിരുന്നു അപ്പോൾ രാമൻ. രണ്ട് രാജ്യങ്ങൾ, അയോധ്യയും ലങ്കയും തമ്മിലുള്ള യുദ്ധവുമായിരുന്നില്ല അത്. രാമൻ്റെ സ്വകാര്യസൈന്യം ആണ് ലങ്കയോട് ഏറ്റുമുട്ടിയത്. അപഹരിച്ച സീതയെ വിമോചിപ്പിക്കാനായിരുന്നു യുദ്ധം. രാജ്യം പിടിച്ചെടുക്കാനായിരുന്നില്ല. ലങ്കൻ യുദ്ധം വഴി ഒരു തുണ്ടു മണ്ണുപോലും അയോദ്ധ്യയുമായി കൂട്ടിച്ചേർക്കാൻ ആയില്ല. പക്ഷെ, സവർക്കർ തള്ളിവിടുന്നത് പരമാധികാരത്തിന്റെ വെൺകൊറ്റക്കുട വിടർന്നുവെന്നാണ്.

സുഗ്രീവനും ഹനുമാനും വിഭീഷണനുമായി ഉണ്ടായത് മൈത്രിയെങ്കിൽ, ബാലിയും രാവണനും അനേകം രാക്ഷസരുമായി രാമന് നയിക്കേണ്ടി വന്നത് ഏറ്റുമുട്ടലാണ്. അതായത് ദക്ഷിണാത്യരുടെ മൈത്രിക്കൊപ്പം എതിർപ്പും നേരിടേണ്ടി വന്നത് സവർക്കർ പരാമർശിക്കുന്നില്ല. അങ്ങനെയെങ്കിൽ, സവർക്കർ ചൂണ്ടിക്കാണിക്കുന്ന ഗസ്നിയ്ക്ക് സമാനമായ അധിനിവേശം നടത്തുന്ന ഒരാളായി രാമൻ മാറിയേനെ.

ഇങ്ങനെ സങ്കല്പത്തിലെ ഹിന്ദുരാഷ്ട്രത്തെ ചരിത്രത്തിൻ്റെ അരങ്ങിൽ സ്ഥാപിച്ചതിന് ശേഷം ആ ഹിന്ദുരാഷ്ട്രത്തിന് എന്ത് പേരിടണമെന്നാണ് ” മറ്റു പേരുകൾ “, ”എങ്ങനെയാണ് പേരുകൾ നൽകുന്നത് ” എന്നീ ഖണ്ഡങ്ങളിൽ സവർക്കർ ചികയുന്നത്. ആര്യാവർത്ത, ബ്രഹ്മവർത്ത എന്നീ പേരുകൾ അപര്യാപ്തമായെന്ന് അദ്ദേഹം പറയുന്നു. ആര്യാവർത്ത എന്നാൽ ഹിമാലയത്തിനും വിന്ധ്യപർവ്വതത്തിനും ഇടയ്ക്കുള്ള പ്രദേശമായിട്ടാണ് പുരാതന എഴുത്തുകാർ നിർവചിച്ചിട്ടുള്ളത്. സവർക്കറുടെ നോട്ടപ്രകാരം, രാമൻ്റെ ലങ്കാപ്രവേശത്തിനും വിജയത്തിനും ശേഷം ദക്ഷിണാപഥം കൂടി ചേർക്കപ്പെട്ടതോടെ ഭൂവിസ്തൃതി ആര്യാവർത്തത്തിനപ്പുറം വളർന്നു. അതോടൊപ്പം ദക്ഷിണാത്യർ അനാര്യർ കൂടിയായതിനാൽ ആര്യാവർത്തം, ആര്യഭൂമി അവരെക്കൂടി ഉൾക്കൊള്ളുന്ന പദം അല്ലാത്തതിനാൽ മറ്റൊരു പേര് ആവശ്യമായി വന്നു. അങ്ങനെയാണ് ഭരതന്റെ നാമം കടന്നുവരുന്നത്. ഈ ഭരതൻ വൈദിക ഭരതനാണോ ജൈന ഭരതനാണോ ഏത് കാലത്താണ് അദ്ദേഹം ഭരിച്ചിരുന്നത് എന്നെല്ലാം ഊഹിച്ചെടുക്കുന്നതിൻ്റെ അനാവശ്യത്തെയും സവർക്കർ ചൂണ്ടിക്കാട്ടുന്നു. കാരണം ആര്യന്മാരും ദക്ഷിണാപഥത്തിലെ അനാര്യരും ഒരേപോലെ ഭരതനെ അംഗീകരിച്ചിരുന്നു. രാജ്യം വിസ്തൃതമായതോടെ സ്വാഭാവികമായും അതിൻ്റെ കേന്ദ്രം സിന്ധുനദീതടത്തിൽ നിന്നും ഗംഗാസമതലത്തിലേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ഉണ്ടായി. ഇതെല്ലാം കണക്കിലെടുത്ത് ഭാരതഖണ്ഡം എന്ന പേരാണ് ആര്യാവർത്തത്തേക്കാളും ബ്രഹ്മവർത്തത്തേക്കാളും അനുയോജ്യമായിട്ടുള്ളത്. അതുകൊണ്ടാണ് വിഷ്ണുപുരാണത്തിൽ ” സമുദ്രത്തിന് വടക്കുള്ളതും ഹിമാലയത്തിന് തെക്കുള്ളതുമായ ദേശത്തെ ഭാരതം എന്നും അതിൽ നിവസിക്കുന്നത് ഭരതൻ്റെ പിന്മുറക്കാർ ആണെന്നും ” പറയുന്നത്.

എങ്കിലും ഭാരതം എന്നും ഭാരതഖണ്ഡം എന്നും ഭാരതവർഷം എന്നുമുള്ള പേരുകൾ തൊട്ടിൽപ്പേരായ സിന്ധു / ഹിന്ദു എന്നതിനെ കുറിക്കാത്തതിനാൽ ഒരർത്ഥത്തിൽ അപര്യാപ്തമാണെന്ന് സവർക്കർ ചൂണ്ടിക്കാട്ടുന്നു. കാരണം സിന്ധു എന്ന പദം സജീവമായി അപ്പോഴും അതിർത്തികളിൽ നിലനിന്നിരുന്നു. മഹാഭാരതത്തിലെ സിന്ധുസൗവീരരെക്കുറിച്ചുള്ള പരാമർശവും സിന്ധി എന്ന പേരും ഉദാഹരണമായി അദ്ദേഹം എടുത്തുവെയ്ക്കുന്നു. അതോടൊപ്പം പേഴ്സ്യക്കാരും ജൂതന്മാരും ഗ്രീക്കുകാരും ഉപയോഗിച്ചിരുന്നത് സിന്ധു / ഹിന്ദു എന്ന സംജ്ഞയാണ്. ഇവിടെ കുറേവർഷം ചെലവഴിച്ച ഹ്യുയാൻസാങ്ങും ഷിന്ധു / ഹിന്ദു എന്ന പേരാണ് ഉപയോഗിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ എന്ന പേരാണ് ഏറ്റവും ഉചിതം എന്ന് സവർക്കർ നിർദ്ദേശിക്കുന്നു.

21 .”ഹിന്ദുത്വ ” യുടെ ഉള്ളടക്ക വൈചിത്ര്യങ്ങൾ
……………………………………………………………………………………

നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തെ ഹിന്ദുവംശീയതയായി വളർത്താനുള്ള ശ്രമത്തിൽ ചരിത്രത്തെ ബ്രാഹ്മണികമായി കുഴച്ചെടുക്കുന്നതിൻ്റെ തുടർച്ചയാണ് പേരുകളെ കുറിച്ചുള്ള ചർച്ചയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സവർക്കറുടെ സ്വരം ഇവിടെ ഒരു ജ്ഞാനാദ്ധ്യക്ഷൻ്റേതാണ്. ലോകത്തിന്, അത് കേട്ടിരിക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. ആധികാരികത ഇവിടെ ഉല്പാദിപ്പിക്കുന്നത് അതിൻ്റെ സ്വരത്തീർപ്പുകളിലൂടെയാണ്. ഹിന്ദുക്കൾ എന്ന് വിളിക്കപ്പെടുന്നവരൊഴിച്ച്, ആ സംജ്ഞ തന്നെ സംശയാസ്പദമായ ഒരു ഭാഷാവ്യവഹാരം മാത്രമായിരിക്കേ, മറ്റെല്ലാവരേയും പാർശ്വവല്ക്കരിക്കുകയോ ബഹിഷ്ക്കരിക്കുകയോ  ചെയ്യുന്ന മാതൃകയാണ് സവർക്കർ ഇവിടെ അവലംബിക്കുന്നത്. മറ്റ് ചിലരെ ചരിത്രത്തിലെ പരാജയപ്പെട്ട മാതൃകകൾ ആയി ചിത്രീകരിക്കും. വേറെ ചിലരെ ശത്രുക്കളാക്കും .ഇങ്ങനെ ചരിത്രത്തിലും പുരാണങ്ങളിലും ആര് ജയിക്കുന്നുവോ, അവർ ഹിന്ദുക്കൾ എന്ന മട്ടിൽ  ബ്രാഹ്മണമേധാവിത്വത്തിന്റെ, ചോദ്യം ചെയ്യപ്പെടാനാകാത്ത സ്മൃതികൾ ഉപയോഗിച്ച്, ഇല്ലാത്ത അധികാരം നേടിയെടുത്ത അതേ തന്ത്രം ഉപയോഗിച്ച് ചരിത്രത്തിന് മേൽ അധികാരം നേടിയെടുക്കുകയാണ് സവർക്കർ ചെയ്യുന്നത്. ഉപയോഗിച്ച് പരിചയമുള്ള ആര്യാവർത്തത്തിൽ നിന്ന് താൻ ഉദ്ദേശിക്കുന്ന ഹിന്ദുസ്ഥാനിലേയ്ക്ക് ഒരു ബഹുസ്വരജനതയെ ഹിപ്നോട്ടൈസ് ചെയ്ത് നടത്തിക്കാനാണ് സവർക്കർ ശ്രമിക്കുന്നത്. ചരിത്രത്തെ മാത്രമല്ല, പുരാവൃത്തങ്ങളേയും മാറ്റിമറിച്ചു കൊണ്ട്. സ മറ്റ് ഭാഷക്കാർക്ക് ഹ ആണെങ്കിൽ നമ്മൾ അതെന്തിന് ഉപയോഗിക്കണം? സവർക്കർ എന്നത് ഹവർക്കർ എന്നാണ് പേഴ്സ്യൻ ഉച്ചാരണമെങ്കിൽ അത് ഉപയോഗിക്കാൻ നാം ശഠിക്കുമോ?

അന്താരാഷ്ട്രജീവിതം എന്ന  അടുത്ത ഉപശീർഷകത്തിന് കീഴിലും ഇതേ ട്രപ്പീസ് കളി തന്നെയാണ് സവർക്കർ തുടരുന്നത്. ബുദ്ധിസത്തിന് മുമ്പുതന്നെ ഈ രാജ്യത്തിലെ ജീവിതം മറ്റ് രാജ്യങ്ങളെ ആകർഷിച്ചിരുന്നു എന്നതിന് ഉദാഹരണമായി സവർക്കർ മനുവിനെ, സവർക്കറുടെ ഭാഷയിൽ ദേശസ്നേഹികളായ കവി നിയമജ്ഞരിൽ പ്രധാനിയെ ഉദ്ധരിക്കുന്നു. ” ലോകത്തിലെ മനുഷ്യരെല്ലാം ഇന്നാട്ടിലെ മുതിർന്നവരിൽ നിന്നും പഠിക്കട്ടെ ” എന്നർത്ഥം വരുന്ന വരികളാണ് സവർക്കർ മനുസ്മൃതിയിൽ നിന്നും ഉദ്ധരിക്കുന്നത്- എങ്കിലും ബുദ്ധിസത്തിന് ശേഷമുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര ജീവിതം ചർച്ച ചെയ്യാനാണ് സവർക്കർ ശ്രമിക്കുന്നത്. ബുദ്ധമതം മുഴുവൻ ലോകത്തേയും ഇന്ത്യയിലേയ്ക്ക് ആകർഷിക്കുമ്പോൾ പോലും സിന്ധു / ഹിന്ദു സംജ്ഞകൾക്ക് ഒരു കോട്ടവും തട്ടിയിരുന്നില്ല. ബുദ്ധിസത്തിൻ്റെ വളർച്ച സിന്ധു / ഹിന്ദു സംജ്ഞയെ രാജ്യത്തിന് പുറത്തേയ്ക്ക് വളർത്തിയെങ്കിൽ അതിൻ്റെ തളർച്ചയും അതേ ധർമ്മം തന്നെയാണ് അനുഷ്ഠിച്ചതെന്ന് സവർക്കർ വാദിക്കുന്നു. ആ വാദം അപരിചിതമായ ഒന്നാണെന്ന് തോന്നുമെങ്കിലും അതാണ് സംഭവിച്ചതെന്ന് സവർക്കർ ഊന്നിപ്പറയുന്നു. ഇതിനെ സാധൂകരിക്കുകയാണ്  “ബുദ്ധിസത്തിൻ്റെ പതനം” എന്ന അടുത്ത ഉപഖണ്ഡം.

രാജ്യം ബുദ്ധിസത്തിനെതിരെ തിരിഞ്ഞത് അതിൻ്റെ ദാർശനികമായ വ്യത്യസ്തകൊണ്ടല്ലെന്നും ബുദ്ധിസത്തിൻ്റെ തന്നെ പോഷകക്കുറവോ അതിനുള്ളിൽ നടന്ന ധാർമ്മികമായ അധ:പതനം കൊണ്ടോ അല്ലെന്നും സവർക്കർ പറയുന്നു. ചില ബുദ്ധവിഹാരങ്ങളിൽ അണും പെണ്ണും നിറഞ്ഞ ആൾക്കൂട്ടം ജീവിതത്തിൻ്റെ സ്വീകരിക്കപ്പെട്ട നിയമങ്ങളെ അതിലംഘിച്ചു എന്നത് ശരി തന്നെ. എന്നാൽ അതിൻ്റെ പേരിൽ ആത്മീയഭീമന്മാരായ ഭിക്ഷുക്കൾ നിറഞ്ഞ ഒരു മതം നശിക്കേണ്ട കാര്യമില്ല. മറിച്ച് അത് മുന്നോട്ടുവെച്ച അഹിംസാ സിദ്ധാന്തമാണ് അതിനെ നശിപ്പിച്ചത്. ബുദ്ധൻ്റെ കാലത്ത് തന്നെ ശാക്യരുടെ ആദിവാസി രാജ്യം തകർച്ചയുടെ വക്കത്തെത്തി. ലിച്ചികളും ഹൂണരും അത് കൈയ്യടക്കി. സവർക്കർ എഴുതുന്നു. ” പക്ഷെ, ബാക്കിയുള്ള ഹിന്ദുക്കൾ ഈ കയ്പൻ കോപ്പ ശാന്തതയോടെ കുടിക്കാൻ ഒരുക്കമായിരുന്നില്ല. പ്രാകൃതമായ ഹിംസ നടത്തുന്നവർക്ക് രാഷ്ട്രീയസേവ ചെയ്യാനും അവരുടെ ഹിംസാത്മകതയെ  അഹിംസയുടെയും ആത്മീയ സാഹോദര്യത്തിൻ്റേയും ഇത്തിരി സമവാക്യങ്ങൾ കൊണ്ട് നേരിടാനും അവർ തയ്യാറായിരുന്നില്ല. അവരുടെ  വാളിനെ മൃദുലമായ പനയോലയും ഈണത്തിലുള്ള മന്ത്രോച്ചാരണങ്ങളും കൊണ്ട് തടുക്കുക എന്ന വിഡ്ഢിത്വത്തിന് വശംവദരായില്ല. മഹത്തായ സാഹോദര്യത്തിൻ്റെ സേവനത്തേയും ദിവ്യമായ ദൗത്യത്തേയും കുറച്ചു കാണുകയും കുറ്റപ്പെടുത്തുകയും അല്ല. ” സവർക്കർ തുടരുന്നു .” ബുദ്ധിസത്തിന് അവകാശപ്പെടാൻ വിജയങ്ങൾ ഉണ്ട്. എന്നാൽ അവർ കഴിഞ്ഞിരുന്നത് നമ്മുടെ വസ്തുതാ സംബന്ധിയായ ലോകത്തിൽ നിന്നും വളരെ അകന്ന് മറ്റൊരു ലോകത്തിലാണ്. വസ്തുതാ സംബന്ധിയായ ലോകത്തിൽ കളിമൺ കാലുകൾ’ അധികകാലം നിലനിൽക്കില്ല. അവിടെ വാളുകൾ എളുപ്പം മൂർച്ച വെപ്പിക്കാവുന്നതും തൃഷ്ണയുടെ ദാഹം അത്രയും ശക്തവും യഥാർത്ഥവുമാണ്. സ്വർഗ്ഗത്തിൽ നിത്യമായൊഴുകുന്ന നിറം പിടിപ്പിച്ച അരുവികളാൽ ആഗിരണം ചെയ്യപ്പെടുന്നതും. ഹൂണരും ശകരും അഗ്നിപർവ്വതങ്ങളെപ്പോലെ തീ പെയ്യുകയും എല്ലാ മുളകളേയും അഗ്നിക്കിരയാക്കുകയും ചെയ്യുമ്പോൾ നമ്മുടെ ദേശസ്നേഹികളുടേയും ചിന്തകരുടേയും ഹൃദയത്തിൽ ഉദിച്ചതും അവരുടെ സ്വന്തം വീട്ടിലേയ്ക്ക് ഓടിച്ചതും ഈ പരിഗണനകൾ ആയിരിക്കും. ” വീണ്ടും അദ്ദേഹം എഴുതുന്നു .” നിഗമനം വ്യക്തമായിരുന്നു. ബുദ്ധിസ്റ്റ് യുക്തിക്ക് ഈ പുതിയ ,അക്രമാസക്തമായ ദ്വന്ദ്വവാദത്തെ, ദ്വൈതത്തെ, അഗ്നിയുടേയും വാളിൻ്റേയും അപരിചിതമായ വേദപുസ്തകത്തെ നേരിടാനുള്ള ഒരു വാദവും ബുദ്ധിസ്റ്റ് യുക്തിയിലുണ്ടായിരുന്നില്ല .അതിനാൽ നമ്മുടെ വംശത്തിൻ്റെ ചിന്തയുടേയും പ്രവൃത്തിയുടേയും നേതാക്കൾ അവരുടെ യാഗാഗ്നി, ഈ മതദ്രോഹവിചാരകരെ എതിർക്കാനായി പുനരുജ്ജ്വലിപ്പിക്കുകയും വാളുകൾ വീണ്ടെടുക്കാനായി വേദ വിചാരങ്ങളുടെ ഖനി വീണ്ടും തുറക്കുകയും കാളിയുടെ അൾത്താരയിൽ അവ മൂർച്ച കൂട്ടുകയും ചെയ്തു. ഭീകരമായതെന്തെന്ന് വച്ചാൽ മഹാകാലൻ, കാലത്തിൻ്റെ ആത്മാവ് പ്രീതിയടഞ്ഞു.” “സമവാക്യങ്ങൾ പരാജയപ്പെട്ടിടത്ത് ധൈര്യം വിജയിച്ചു. ഒരിക്കൽക്കൂടി ജീവിതത്തിൻ്റെ എല്ലാ അടരുകളേയും പ്രകാശിപ്പിക്കുന്ന മഹത്വത്തിൻ്റെ ഉയരങ്ങളിലേയ്ക്ക് ജനങ്ങൾ എത്തപ്പെട്ടു. കവിതയും തത്വശാസ്ത്രവും, കലയും വാസ്തുവിദ്യയും, കൃഷിയും വ്യവസായവും, ചിന്തയും കർമ്മവും എല്ലാം വിജയത്തിനും മാത്രം തരാൻ കഴിയുന്ന സ്വാതന്ത്ര്യത്തിൻ്റേയും ശക്തിയുടേയും പ്രബുദ്ധതയുടെ ആവേഗത്തിനായി തിടുക്കപ്പെട്ടു.” വേദങ്ങളിലേയ്ക്ക് മടങ്ങാനുള്ള ആഹ്വാനം കൂടുതൽ കൂടുതൽ ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി എന്നാണ് സവർക്കർ അവകാശപ്പെടുന്നത്.

ഇന്ത്യയിലേയും വിദേശങ്ങളിലേയും ചരിത്രപണ്ഡിതർ ബുദ്ധമതത്തെക്കുറിച്ച് പഠിച്ച് അവതരിപ്പിച്ച വസ്തുതകളുമായി പുലബന്ധം സവർക്കർ പുലർത്തുന്നില്ല എന്നത് മാത്രമല്ല പ്രശ്നം. ബുദ്ധമതത്തിൻ്റെ ലഭ്യരേഖകൾ എല്ലാം ബ്രാഹ്മണവിരുദ്ധതയുടെ പ്രഖ്യാപനങ്ങളാണ് എന്ന വസ്തുതയിലേയ്ക്ക് സവർക്കർ കടക്കുന്നില്ല. അത് മൂടി വെച്ച്, ബ്രാഹ്മണ്യത്തിന് വിരുദ്ധമായ ശ്രമണ സംസ്ക്കാരത്തെ സ്പർശിക്കാതെ വാചികമായാണ് സവർക്കർ മറികടക്കുന്നത്. ബുദ്ധമതം ബ്രാഹ്മണമതത്തെ നേരിട്ടത് എങ്ങനെ? ബ്രാഹ്മണമതത്തിൻ്റെ അടിസ്ഥാന ഘടകമായ ജാതിയെ അത് എങ്ങനെയാണ് എതിർത്തത് ? ലോകത്തിൽ തന്നെ സ്ത്രീകളുടെ ആദ്യ കവിതാ സംരംഭം “ഥെരിഗാഥാ ” ബുദ്ധിസത്തിൻ്റെ കാലത്ത് പുറത്തു വരത്തക്കവിധം എങ്ങനെ അത് ബ്രാഹ്മണമതത്താൽ ഞെരിഞ്ഞമർന്നിരുന്ന സ്ത്രീകൾക്ക് സാമൂഹ്യ ചലനാത്മകത നൽകി? അഹിംസ ശൂന്യതയിൽ നിന്ന് ഉയിർത്ത മൂല്യമാണോ? അതോ ബ്രാഹ്മണമതത്തിൻ്റെ ഹിംസാത്മകതയുടെ, ഘടനാപരവും അല്ലാത്തതുമായ ഹിംസാത്മകതയുടെ, ബദൽ ദർശനമാണോ? ഒരു സാധാരണ പഠിതാവ് അഭിമുഖീകരിക്കേണ്ട ഒരു സന്ദർഭത്തിലൂടെയും സവർക്കർ കടന്നുപോകുന്നില്ല. ബുദ്ധിയേക്കാളും പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ  സമൂഹബന്ധത്തേക്കാളും വലുതാണ് ബലവും വാളുമെന്ന പ്രാകൃതമായ രാജഭരണകാല സങ്കല്പത്തെയാണ് സവർക്കർ ഉയർത്തിപ്പിടിക്കുന്നത്. അത് ഏത് സന്ദർഭത്തിലാണ് എന്ന് കൂടി ഓർക്കണം. ഇന്ത്യ അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ അടിമത്തത്തിൽ കഴിയുമ്പോൾ, അതിനെതിരെ പ്രവർത്തിച്ചതിന് രണ്ടു കൈയ്യും കൂപ്പി മാപ്പപേക്ഷിച്ച് കിട്ടിയ തടവറയിലിരുന്ന്.

സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലെ ചരിത്ര വിശകലനം എന്നതിനേക്കാൾ ഗാന്ധിയുടെ അഹിംസാ രാഷ്ടീയം നേടിയ ജനപിന്തുണയെ തകർക്കാനുള്ള ബ്രിട്ടീഷ് അനുകൂല ശ്രമമായി “ഹിന്ദുത്വ ” ത്തെ കാണേണ്ടി വരുന്നത് അതുകൊണ്ട് കൂടിയാണ്. ബഹുജന സമരത്തിൽ വിശ്വസിക്കുന്ന, അഹിംസയിലൂന്നുന്ന ഗാന്ധിയെ നേരിടാനും തങ്ങളുടെ അഭിനവ് ഭാരത് മുന്നോട്ട് വെച്ച ഹിംസാധിഷ്ഠിത നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ “ഐതിഹാസികത” യെ ഉറപ്പിക്കാനും ബുദ്ധിസത്തെ മുൻനിർത്തിയുള്ള തന്ത്രപരമായ രീതിയാണ് സവർക്കർ സ്വീകരിക്കുന്നത്. അടുത്ത ഉപഖണ്ഡമായ “ബുദ്ധിസം – ഒരു സാർവ്വദേശീയ മതം” എന്നതിലും ഈ അടവുകൾ തന്നെയാണ് സവർക്കർ പയറ്റുന്നത് .

സകല മാനവരേയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈത്രി, കരുണ എന്ന സങ്കല്പങ്ങളേയും ബുദ്ധമതത്തിൻ്റെ സാർവ്വലൗകികമാനത്തേയും ചെറുതാക്കിക്കാണുന്ന രീതിയാണ് സവർക്കർ അവലംബിക്കുന്നതെന്ന് കണ്ടു. ദേശീയതയെ സാർവ്വദേശീയതയേക്കാൾ വലിയ ഒന്നായി പ്രതിഷ്ഠിക്കുകയാണ് ഇതിന് വേണ്ടി സവർക്കർ ചെയ്യുന്നത്. അതായത് പേഷ്വാസാമ്രാജ്യത്തിൻ്റെ തുടർച്ചയായി ഉള്ള ഒരു ദേശരാഷ്ട്രസങ്കല്പമാണ് നവ-യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണിസം അതിൻ്റെ ആധുനികതയായി പ്രതിഷ്ഠിച്ചത്. ആ ദേശരാഷ്ട്ര സങ്കല്പം ജനാധിപത്യത്തിൽ അല്ല ഊന്നിയിരുന്നത്. വംശീയതയിലാണ്. അങ്ങനെ അത്തരമൊരു ദേശീയത, വംശീയ- ദേശീയത വളർത്തുന്നതിനാവശ്യമായ വാദങ്ങൾ ആണ് സവർക്കർ ഉയർത്തുന്നത്. അതുകൊണ്ട് ബുദ്ധൻ്റെ സാർവ്വദേശീയതയെ രണ്ടുതരത്തിൽ സവർക്കർക്ക് എതിർക്കേണ്ടി വരുന്നു. ഒന്ന്, ജാതിവിരുദ്ധവും തദ്വാരാ ബ്രാഹ്മണമേൽക്കോയ്മാ വിരുദ്ധവും ആയത് കൊണ്ട്. രണ്ട്, അത് വംശീയതയ്ക്ക് പകരം തുല്യാവകാശത്തെ പ്രതിഷ്ഠിക്കുന്നതിനാൽ. സവർക്കർ പറയുന്നു.” അതിനാൽ ചിന്തയുടേയും കർമ്മത്തിൻ്റേയും നായകർ സാർവ്വദേശീയ സാഹോദര്യത്തിന്റെ ആവർത്തിച്ചുള്ള വാചകമടികളിൽ മടുത്ത് കടുത്ത പരാതികൾ ഉയർത്തി:
1 . ദൈവമേ, താങ്കളാൽ ഒരിക്കൽ വധിക്കപ്പെട്ടവരും വിഷ്ണുവാൽ കൊല്ലപ്പെട്ട അസുരരും മ്ലേച്ഛരുടെ രൂപത്തിൽ ഈ ഭൂമിയിൽ വീണ്ടും ജനിച്ചിരിക്കുന്നു.
2. അവർ ബ്രാഹ്മണരെ കൊല്ലുന്നു, യാഗം പോലുള്ള മതപരമായ അനുഷ്ഠാനങ്ങളെ നശിപ്പിക്കുന്നു , മുനിമാരുടെ പെൺമക്കളെ അപമാനിക്കുന്നു, എന്ത് പാപങ്ങളാണ് അവർ ചെയ്തുകൂട്ടാത്തത് !
3. ഭൂമി മ്ലേച്ഛരാൽ കീഴടക്കപ്പെട്ടാൽ ദൈവങ്ങളുടെ ഈ പ്രദേശം ഇല്ലാതാകും. കാരണം യാഗവും മറ്റ് മതാനുഷ്ഠാനങ്ങളും നിരോധിക്കപ്പെടുന്നു. (ഗുണാഢ്യ) ”

സവർക്കർ ഉദാഹരിക്കുന്ന ഗുണാഢ്യൻ്റേത് എന്ന് പറയപ്പെടുന്ന ഈ വിലാപം, ഒറ്റയടിക്ക് ബ്രാഹ്മണൻ്റെ നിലവിളിയാണെന്ന് കാണാൻ കഴിയും. യാഗത്തിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന ജാതി ബ്രാഹ്മണൻ്റെ. ദേശസങ്കല്പമോ ദേശീയതാ സങ്കല്പമോ ജനതാ സങ്കല്പ മോ അതിലില്ല. മാത്രമല്ല, യഥാർത്ഥത്തിൽ ഹൂണർക്കോ സവർക്കർ വിദേശീയർ എന്ന് വിളിക്കുന്ന അക്രമികൾക്കോ എതിർ നിൽക്കുന്നത് എന്നതിനേക്കാൾ ഈ വിലാപം, ഹിംസാത്മക  യാഗത്തിൻ്റെ നിഷ്ഫലത ചൂണ്ടിക്കാട്ടിയ, ബ്രാഹ്മണമതത്തിനെതിരെ നിന്ന ബുദ്ധന് എതിരാണ്. മാത്രമല്ല, ശത്രുക്കൾക്ക് കൂട്ടുനിൽക്കുന്നവർ കൂടിയാണ് ബൗദ്ധർ എന്നും സവർക്കർ കൂട്ടിച്ചേർക്കുന്നു. നാട്ടുരാജ്യങ്ങളുടേയും പലതരത്തിലുള്ള ഭരണസമ്പ്രദായങ്ങളുടേയും ഒരു കൂടിക്കുഴച്ചിൽ ആയിരുന്നു ആ ലോകം എന്നത് മറച്ചു പിടിച്ച് ഒരു ദേശരാഷ്ട്രത്തിലായിരുന്നു ബുദ്ധമതം പ്രവർത്തിച്ചിരുന്നത് എന്ന മട്ടിൽ വിവരിക്കുന്നു. ശക്തമായ അതിർത്തികളും പൗരനിയമവും ഉള്ള ദേശ രാഷ്ട്രമായി സവർക്കർ എഴുതുന്ന കാലത്തു പോലും ഇന്ത്യ മാറിയിട്ടില്ല എന്നോർക്കണം.” അപ്പോൾ തിരിച്ചടി വന്നു ” എന്ന ഉപശീർഷകത്തിൻ്റെ കീഴിലെ ചാതുർവർണ്യം യുക്തിയും രസാവഹമാണ്. സവർക്കർ പ്രതിനിധീകരിക്കുന്ന നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണ്യം എങ്ങനെയാണ് യാഥാസ്ഥിതിക ബ്രാഹ്മണ്യവുമായി ചിലയിടങ്ങളിൽ വ്യത്യാസപ്പെടുന്നതെന്ന് നാം പരിശോധിച്ചു കഴിഞ്ഞു. രാഷ്ട്രീയ ബ്രാഹ്മണ്യം ശ്രമിച്ചുകൊണ്ടിരുന്നത് ബ്രാഹ്മണ മേൽക്കോയ്മ കേന്ദ്രമാക്കിക്കൊണ്ട് ഹൈന്ദവജാതികളുടെ ഒരു സംഘടനാരൂപം സൃഷ്ടിക്കാനാണ്. അതുകൊണ്ടു തന്നെ വംശീയതയുടേതായ ഒരു പൊതുമണ്ഡലം ഹിന്ദുക്കൾക്കിടയിൽ രൂപീകരിക്കാൻ അവർ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. യാഥാസ്ഥിതിക ബ്രാഹ്മണ്യത്തെ എതിർത്ത് തോൽപ്പിക്കുകയായിരുന്നില്ല നവ- യാഥാസ്ഥിതിക രാഷ്ട്രീയ ബ്രാഹ്മണരുടെ ലക്ഷ്യം. മറിച്ച് യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ ആഗിരണം ചെയ്യുക എന്നതായിരുന്നു. കാരണം രണ്ട് പ്രസ്ഥാനങ്ങളും ബ്രാഹ്മണമേൽക്കോയ്മ എന്ന ആശയത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. ആൻഡമാനിൽ  ശുദ്ധി പ്രസ്ഥാനത്തിൻ്റെ കാലത്ത് ഹിന്ദുമതത്തിലേയ്ക്കുള്ള മതംമാറ്റത്തിന് ജാതി എങ്ങനെ തടസ്സം നിൽക്കുന്നു എന്ന് സവർക്കർ കണ്ടെത്തിയത് നാം കണ്ടു. ബുദ്ധൻ എതിർ നിന്നിട്ടുപോലും ചാതുർവർണ്യം പോയില്ലെന്ന് സവർക്കർ പറയുന്നു. മറിച്ച് അത് ജനകീയ വല്ക്കരിക്കുകയാണുണ്ടായത്. ഭരണകർത്താക്കൾ ചാത്യർവർണ്യം നടപ്പിലാക്കിയ വ്യക്തി എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ചു. നമ്മുടെ ദേശീയത ഏതാണ്ട് ഈ വ്യവസ്ഥയുമായി ഇഴുകിച്ചേർന്നു. അതുകൊണ്ടാണ് പുറമേ നിന്ന് വരുന്നവരെ മ്ലേച്ഛരായി കാണുന്ന സംസ്കാരം ഉടലെടുത്തത്. ഇതിൻ്റെ ഭാഗമായാണ് കടൽ കടക്കുന്നവരെ ഭ്രഷ്ടരായി കാണാൻ തുടങ്ങിയത്. ഇന്ന് അതിന് പ്രസക്തിയില്ലെന്നും സവർക്കർ പറയുന്നു. നാം നേരത്തെ നിരീക്ഷിച്ചത് പോലെ ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾ എന്ന നിലയിൽ സവർക്കർ ഇവിടെയും ചർച്ച ചെയ്യുന്നത് ബ്രാഹ്മണൻ്റെ ആന്തരിക പ്രശ്നങ്ങൾ ആണ്. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയുമായി യാതൊരു ബന്ധവും ഇല്ലാത്തത്. പക്ഷെ, അതിനെ ദേശീയതയുമായി ബന്ധിപ്പിക്കാൻ യാതൊരു മടിയും അദ്ദേഹം കാണിക്കുന്നില്ല. കാരണം ദേശീയത എന്നാൽ ജനാധിപത്യത്തിൻ്റെ മാധ്യസ്ഥത്തിലൂടെ നിർണ്ണയിക്കേണ്ട ഒന്നല്ല സവർക്കർക്ക്. അത് വംശീയതയുടെ ഒരു നീട്ടാണ്.

വംശങ്ങളുടെ കൂടിക്കലരൽ” എന്ന അടുത്ത ഉപശീർഷകത്തിന് കീഴിലും ഇതേ വാദങ്ങൾ തന്നെയാണ് സവർക്കർ ആവർത്തിക്കുന്നത്. ബുദ്ധിസത്തിന്  ഭൂമിശാസ്ത്രപരമായ ഒരു ഗുരുത്വകേന്ദ്രം ഇല്ലായിരുന്നു. അതിനാൽ ഒരു ദേശീയ ഗുരുത്വകേന്ദ്രം കാംക്ഷിക്കുന്ന ഇന്ത്യയ്ക്ക് അതുമായി താദാത്മ്യം പ്രാപിക്കാനായില്ല. രാജ്യം ഒരു ജൈവ ശരീരം പോലെ സ്വബോധത്തോടെ വളരുമ്പോൾ അതിന് പുറത്തുള്ളതായി, അപരവുമായി, സംഘർഷങ്ങൾ ഉണ്ടാകും. അതു കൊണ്ട് തങ്ങളും അപരരും തമ്മിൽ അതിർത്തി നിർണ്ണയിക്കേണ്ടി വരും. അതായത് തങ്ങളെ ഒരു പ്രത്യേക ജനതയായി അടയാളപ്പെടുത്തേണ്ടി വരും. വംശീയമായും ദേശീയമായും മാത്രമല്ല, ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും. ഇവിടെയാണ് ദേശരാഷ്ട്രങ്ങളെക്കുറിച്ചുള്ള തെറ്റായ നിർവ്വചനങ്ങളിലൂടെ ഒരു ഫാസിസ്റ്റ് ദേശരാഷ്ട്ര സങ്കല്പം സവർക്കർ അവതരിപ്പിക്കുന്നത്. ഇന്ത്യക്കാർ  ഒരു കാലത്തും ഒരു വംശമായിരുന്നില്ല. നമ്മുടെ കൂട്ടായ ഓർമ്മകളുടെ ഏത് അടിത്തട്ട് വരെ പോയാലും വ്യത്യസ്ത ജനതകളുടെ ഒരു സഞ്ചയത്തെയാണ് നമ്മൾ എന്ന് വിളിച്ചു വന്നിരുന്നത്. ഞങ്ങൾ എന്നതിനെ നമ്മൾ എന്ന് വിശേഷിപ്പിക്കുകയാണ് സവർക്കർ ചെയ്യുന്നത്. ഹിന്ദുത്വ എന്ന ഈ പുസ്തകത്തിൻ്റെ ഒരു പ്രധാന പൊരുൾ തന്നെ ബ്രാഹ്മണരായ “ഞങ്ങളെ ” ഇന്ത്യാക്കാരായ “നമ്മൾ ” ആക്കാൻ ബഹുഭൂരിപക്ഷം വരുന്ന മറ്റുള്ളവരോട് ആവശ്യപ്പെടുന്നതാണ്. ഈ ഞങ്ങൾക്ക്, മേൽക്കോയ്മാ ബ്രാഹ്മണർക്ക് അത് നിലനിർത്താൻ വേണ്ടിയുള്ള രാജ്യത്തിൻ്റെ ഭൂപടവല്ക്കരണമാണ് അടുത്ത ഖണ്ഡമായ “വേദങ്ങളിലേയ്ക്കുള്ള മടക്ക “ത്തിൽ സവർക്കർ നടത്തുന്നത്. മഹാനായ വിക്രമാദിത്യൻ്റെ പൗത്രനായ ശാലിവാഹനൻ ഇങ്ങോട്ട് കടന്നുകയറാനുള്ള വിദേശികളുടെ രണ്ടാം ശ്രമത്തെ തടഞ്ഞത് അവരെ സിന്ധുവിനപ്പുറത്തേക്ക് നാടുകടത്തിയാണ്. ഇന്ത്യയും ഇന്ത്യേതര പ്രദേശങ്ങളും തമ്മിലുള്ള അതിർത്തിയായി സിന്ധുവിനെ നിശ്ചയിച്ചു കൊണ്ടുള്ള രാജകീയ വിളംബരവും അദ്ദേഹം പുറപ്പെടുവിച്ചു എന്ന് സവർക്കർ പറയുന്നു. ഭവിഷ്യ പുരാണം എന്ന ചരിത്രവുമായി വസ്തുനിഷ്ഠബന്ധമില്ലാത്ത ബ്രാഹ്മണപാഠമാണ് ഇതിൻ്റെ അടിസ്ഥാനം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ബ്രാഹ്മണരുടെ ഉപശാലയിൽ പിറന്ന കഥകളെ ഉപജീവിച്ച് ചരിത്രമെന്ന് തെറ്റിദ്ധരിപ്പിക്കുക മാത്രമല്ല, ഇന്ത്യയ്ക്ക് ഒരു ഭൂപടവും പൗരനിയമവും സൃഷ്ടിക്കുന്നു സവർക്കർ. തൻ്റെ തന്നെ വാദങ്ങൾക്ക് വലിയ ആധികാരികത ഇല്ലെന്ന തോന്നൽ കൊണ്ടാകാം, ആവർത്തനങ്ങളിലൂടെ ഇല്ലാത്ത ആധികാരികതയുടെ പരിവേഷം ഉണ്ടാക്കിയെടുക്കാനാകണം, നേരത്തെപ്പറഞ്ഞ വാദങ്ങൾ വീണ്ടും വീണ്ടും പറയുകയാണ് ഈ ഭാഗങ്ങളിൽ സവർക്കർ. “സിന്ധുസ്ഥാൻ ” എന്ന ഉപശീർഷകത്തിന് താഴെ ആ ആവർത്തനത്തിൻ്റെ നല്ല ഉദാഹരണം കാണാം. നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും പ്രാചീനമായ നാമം സപ്ത സിന്ധു അഥവാ സിന്ധു എന്നായിരുന്നു. പിന്നീട് ഭാരതവർഷം എന്നൊക്കെ പേര് ലഭിച്ചെങ്കിലും അത് പൂർണ്ണമായും അർത്ഥവത്തല്ല. കാരണം അത് ഭരതൻ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട ഒന്നാണ്. ഭരതചക്രവർത്തി പോയ് മറഞ്ഞു. അതിന് ശേഷം നിരവധി മഹാന്മാരായ ചക്രവർത്തിമാർ വരികയും പോവുകയും ചെയ്തു. പക്ഷെ, സിന്ധു അപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു. അത് ഏറ്റവും വിദൂരമായ ഭൂതകാലത്തെ ഏറ്റവും വിദൂരമായ ഭാവിയുമായി ഘടിപ്പിക്കുന്ന ജൈവ സുഷുമ്നയാണ്. സവർക്കർ തുടരുന്നു. അതിനാൽ നമ്മുടെ ചിന്തയുടേയും കർമ്മത്തിൻ്റേയും നേതൃത്വത്തിന് ആ പുരാതനനാമധേയം, “സിന്ധുസ്ഥാൻ ” എന്ന നാമധേയം വീണ്ടെടുക്കാനുള്ള ത്വരയുണ്ടായി. മാത്രമല്ല സിന്ധു എന്ന പേരിന് ഭാഷാപരമായ ഒരു സൗഭാഗ്യം ഉണ്ട്. തെക്കൻ ഉപഭൂഖണ്ഡത്തിൽ അത് സമുദ്രത്തെ കുറിക്കുന്നതാണ്. തെക്കൻ പ്രദേശത്തിന്റെ അതിർത്തി സമുദ്രം എന്ന സിന്ധുവാണ്. അതിനാൽ സിന്ധു എന്ന ഒറ്റപ്പദം കൊണ്ടുതന്നെ മുഴുവൻ രാജ്യത്തേയും പ്രതിപാദിക്കാൻ കഴിയുന്നു.കിഴക്കൻ അതിർത്തിയായ ബ്രഹ്മപുത്രയാകട്ടെ, സിന്ധുവിൻ്റെ കൈവഴിയാണെന്ന പരമ്പരാഗതവിശ്വാസം സ്വീകരിച്ചില്ലെങ്കിൽ പോലും സിന്ധുനദി നമ്മുടെ  വടക്കും പടിഞ്ഞാറും അതിർത്തികളെ ചുറ്റിയൊഴുകുന്നുണ്ട്. അതിനാൽ സിന്ധുസ്ഥാൻ എന്ന പേര് സിന്ധു ( നദി) മുതൽ സിന്ധു ( സമുദ്രം) വരെയുള്ള നമ്മുടെ മാതൃരാജ്യത്തിൻ്റെ പ്രതിരൂപത്തെ വിളിച്ചു വരുത്തുന്ന ഒന്നാണ്.


 

Comments

comments