45. വിഷ്ണു രാമകൃഷ്ണ കർക്കരേയും മദൻലാൽ പഹ് വയും
………………………………
ഇതേ സമയം ആധുനിക മൂല്യങ്ങളിൽ നിന്നും അകറ്റപ്പെട്ട ഒരു കൂട്ടം മറാത്താ ബ്രാഹ്മണർ സവർക്കറുടെ “കോഴിക്കൂട്ടി”ൽ വളർന്നുകൊണ്ടിരിക്കുകയായിരുന്നു. പൂനെയിൽ ഗോഡ്സേയും ആപ്തേയും പോലെ തൊട്ടടുത്ത പട്ടണമായ അഹ്മദ് നഗറിൽ അങ്ങനെ വളരുന്ന ഒരാളായിരുന്നു വിഷ്ണു രാമകൃഷ്ണ കർക്കരേ. കർക്കരേ ചിത്പാവൻ ബ്രാഹ്മണൻ ആയിരുന്നില്ല. ഗോൾവാൾക്കറെ പോലെ കറാട് ബ്രാഹ്മണൻ ആയിരുന്നു. അഹ്മദ് നഗറിലെ ഹിന്ദുമഹാസഭാ നേതാവായിരുന്ന അദ്ദേഹം ഡെക്കാൻ ഗസ്റ്റ് ഹൗസ് എന്ന പേരിൽ ഹോട്ടലും ലോഡ്ജും നടത്തിയിരുന്നു. ഹിന്ദു രാഷ്ട്ര ദൾ ഒരു ചിത്പാവൻ സംഘടനയായത് കൊണ്ട് കർക്കരേ അതിൽ അംഗമായിരുന്നില്ല. എങ്കിലും അഹ്മദ് നഗറിൽ അതിൻ്റെ ക്യാമ്പ് നടക്കുമ്പോൾ ആഹാരച്ചുമതല കർക്കരേയ്ക്കായിരുന്നു. അതു വഴി ഗോഡ്സേയുമായി കർക്കരേ അടുപ്പം സ്ഥാപിച്ചു. അഹ്മദ് നഗറിലെ അമേരിക്കൻ സ്കൂളിൽ ആപ്തേ അദ്ധ്യാപകനായിരുന്ന കാലം മുതൽ കർക്കരേയ്ക്ക് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു.കർക്കരേ അനാഥനായിരുന്നു. ചെറിയ മട്ടിലുള്ള ചായക്കച്ചവടത്തിൽ നിന്നാണ് ഡെക്കാൻ ഗസ്റ്റ് ഹൗസ് അദ്ദേഹം കെട്ടിപ്പൊക്കിയത്. ഒരു നാടകക്കമ്പനിയും കർക്കരേ നടത്തിയിരുന്നു. തൻ്റെ ആദ്യകാല മഹാരാഷ്ട്രാ പര്യടനത്തിനിടയിൽ അഹ്മദ് നഗറിലെത്തിയ സവർക്കറെ തൻ്റെ നാടകക്കമ്പനിയുടെ നാടകം കാണാനായി കർക്കരേ ക്ഷണിക്കുകയുണ്ടായി. പത്തു മിനിറ്റിൽ കൂടുതൽ നാടകം കാണില്ല എന്ന് പറഞ്ഞാണ് സവർക്കർ അതിന് സമ്മതിച്ചത് – എന്നാൽ നാടകത്തിൽ ആകൃഷ്ടനായ സവർക്കർ നാടകം മുഴുവനായി കാണുകയുണ്ടായി. അന്നു മുതൽ സവർക്കറുമായി വ്യക്തിപരമായ അടുപ്പം കർക്കരേ സൂക്ഷിച്ചിരുന്നു. ഗോഡ്സേയേയും ആപ്തേയേയും പോലെ സവർക്കർ സദനിലേയ്ക്ക് എപ്പോഴും കയറിച്ചെല്ലാൻ സ്വാതന്ത്ര്യമുള്ള ആളായിരുന്നു കർക്കരേയും.കർക്കരേയുടെ കഥ മദൻലാൽ പഹ് വയുടെ കഥയുമായി ചേർന്നു കിടക്കുന്ന ഒന്നാണ്. 1927 ൽ ഇപ്പോൾ പാക്കിസ്ഥാനിലുള്ള പാക് പത്താൻ പ്രവിശ്യയിലായിരുന്നു പഹ് വ ജനിച്ചത്. 1944 ൽ തൻ്റെ പതിനേഴാം വയസ്സിൽ മെട്രിക്കുലേഷൻ പാസ്സാകാത്ത പഹ് വ ബ്രിട്ടീഷുകാരുടെ റോയൽ ഇന്ത്യൻ നേവിയിൽ പ്രവേശിച്ചു. പക്ഷെ, അതിൽ സ്ഥിരം ജോലി കിട്ടണമെങ്കിൽ അവശ്യമായ പരീക്ഷ പാസ്സാകാൻ പഹ് വയ്ക്ക് കഴിഞ്ഞില്ല. അതേ തുടർന്ന് പൂനെയിൽ ചെന്ന് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ സിവിൽ വിഭാഗത്തിൽ പഹ് വ ചേരുകയുണ്ടായി. യുദ്ധകാലത്തേയ്ക്ക് മാത്രമുള്ള താത്കാലിക റിക്രൂട്ട്മെൻ്റ് വഴിയാണ് അദ്ദേഹത്തെ കരസേന തെരഞ്ഞെടുത്തത്. കുറച്ചു കാലത്തെ പരിശീലനത്തിനായി ലാഹോറിലും അദ്ദേഹം കഴിയുകയുണ്ടായി. 1946 അവസാനം കരസേന പറഞ്ഞുവിട്ടപ്പോൾ പഹ് വ ജന്മനാടായ പാക് പത്താനിലെത്തി.


ഇന്ത്യാവിഭജനം സംഭവിച്ചപ്പോൾ പഹ് വയ്ക്ക് വളരെയേറെ ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുന്നത് കണ്ടു നിൽക്കേണ്ടി വന്നു. ആ കുടുംബം പലയിടത്തായി ചിതറിപ്പോയി. പഞ്ചാബിലും ഗ്വാളിയറിലും അലഞ്ഞലഞ്ഞ് അവസാനം പഹ് വ 1947 ഒക്ടോബറിൽ ബോംബെയിലെത്തി. അവിടെ വെച്ചാണ് രം നാരായണൻ റുയ കോളേജിലെ പ്രൊഫസറായ ജഗ്ദീഷ് ചന്ദ്ര ജെയിനെ പഹ് വ പരിചയപ്പെടുന്നത്. ജെ സി ജെയ്ൻ പണ്ഡിതനും ഗ്രന്ഥകർത്താവുമായിരുന്നു. അദ്ദേഹം എഴുതിയ പുസ്തകങ്ങൾ വീടുതോറും കമ്മീഷൻ വ്യവസ്ഥയിൽ കൊണ്ടു വില്ക്കുന്ന ജോലിയിൽ പഹ് വ ഏർപ്പെട്ടു. അതിനിടയിൽ ബോംബെയിൽ പലരുമായും പഹ് വ പരിചയത്തിലായി.  ബിസിനസ്സ്കാരിയായ മിസ്സിസ്സ് മോഡക് അതിൽ ഒരാളായിരുന്നു. പുസ്തക വില്പനയിലെ ചെറിയ വരുമാനം തികയാതെ വന്നപ്പോൾ പഹ് വ പഴക്കച്ചവടത്തിലേയ്ക്ക് തിരിഞ്ഞു. അത് അയാളെ അഹ്മദ് നഗറിൽ എത്തിച്ചു.അഹ്മദ് നഗറിൽ അയാളുടെ ഭാവിയെ മുഴുവൻ നിർണ്ണയിക്കാൻ തക്ക വ്യക്തിത്വമുള്ള ഒരാൾ കാത്തിരിപ്പുണ്ടായിരുന്നു. വിഷ്ണു രാമചന്ദ്ര കർക്കരേ. പാകിസ്ഥാനിൽ നിന്നും വന്ന ഹിന്ദു അഭയാർത്ഥി എന്ന നിലയിൽ കർക്കരേയുടെ ശ്രദ്ധ പഹ് വയിൽ പതിച്ചു. ഹിന്ദു ഇര എന്നതായിരുന്നു നവഖാലിക്കും വിഭജനത്തിനും ശേഷം ഹിന്ദുമഹാസഭയുടെ രാഷ്ട്രീയത്വരകം. നവഖാലി സംഭവങ്ങൾ നടക്കുമ്പോൾ ഹിന്ദുക്കളുടെ തിരിച്ചടി എന്ന രാഷ്ട്രീയ പദ്ധതി ആസൂത്രണം ചെയ്യാൻ അവിടം സന്ദർശിച്ചയാൾ കൂടിയായിരുന്നു കർക്കരേ. ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നിന്ന് രാഷ്ട്രീയ ആവേഗം നേടാനുള്ള ഹിന്ദുമഹാസഭയുടെ പ്രയത്നം വിജയം കണ്ടു തുടങ്ങിയ സന്ദർഭവുമായിരുന്നു അത്. കർക്കരേ പഹ് വയ്ക്ക് ഹിന്ദുമഹാസഭയുടെ ഓഫീസിൽ  താമസ സൗകര്യം നൽകി. ഡെക്കാൻ ഗസ്റ്റ് ഹൗസിൽ നിന്ന് ഭക്ഷണത്തിനുള്ള ഏർപ്പാടും.അഹ്മദ് നഗറിൽ കരിക്ക് വിൽക്കുന്ന ഒരു കടയും കർക്കരേ പഹ് വയ്ക്ക് ഏർപ്പാടാക്കി കൊടുത്തു.അങ്ങനെ, പഹ് വയുടെ പഞ്ചാബി നാക്ക് ഉച്ചരിക്കുന്ന പ്രകാരം ” കിർക്കി സേഠ് ” എന്ന കർക്കരേ,പഹ് വയുടെ കാണപ്പെട്ട ദൈവമായി. സവർക്കറുടെ കൈയ്യിൽ ദിംഗ്രയെന്ന പോലെയായിരുന്നു കർക്കരേയുടെ കൈയ്യിൽ പഹ് വ. ജെ സി ജയിനും മിസ്സിസ്സ് മോഡക്കും നിർബന്ധിച്ചിട്ടും, അതിനാൽ പഹ് വ അഹ്മദ് നഗറിലേയ്ക്ക് കൂടുമാറി.

അഹ്മദ് നഗറിനടുത്തുള്ള വിസാപ്പൂരിൽ വന്നു ചേർന്ന വിഭജന അഭയാർത്ഥികളെ ഹിന്ദുമഹാസഭയ്ക്ക് കീഴിൽ അണി നിരത്താനായി കർക്കരേ മദൻലാൽ പഹ് വയെ ഉപയോഗിക്കുകയുണ്ടായി. സൈനികവത്ക്കരിക്കപ്പെട്ട ഹിന്ദു എന്ന സവർക്കറുടെ ആശയം കർക്കരേ നടപ്പാക്കിയത് പഹ് വയിലൂടെയാണ്. അഹ്മദ് നഗറിലെ മുസ്ലീങ്ങളെ, പ്രത്യേകിച്ചും മുസ്ലീം കച്ചവടക്കാരെ  ഉപദ്രവിക്കാനും ശാരീരികമായി ആക്രമിക്കാനും പഹ് വയെ കർക്കരേ യഥേഷ്ടം  വിനിയോഗിച്ചു. ഒരു മുസ്ലീം കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി ഓടിച്ചു വിട്ട് പഹ് വ ആ കട കൈവശപ്പെടുത്തി അവിടെ കച്ചവടം ചെയ്യാൻ തുടങ്ങി.

ആയിടക്ക്, ആപ്തേയെപ്പോലെ പഹ് വയും ഒരു പ്രേമത്തിൽ വീണു. ശെവന്തി എന്ന പത്തൊമ്പതുകാരിയായിരുന്നു നായിക. ഒരു ലൈംഗികത്തൊഴിലാളിയുടെ മകൾ ആയിരുന്നു ശെവന്തി. അവളെ ആദ്യമായി കണ്ട ദിവസം പഹ് വ ഓർത്തെടുക്കുന്നതിങ്ങനെ . ” ഡിസംബർ 25  ( 1947 ) വൈകീട്ട് 6.30 ന്  ചിത്ര ടാക്കീസിൽ ഒരു സിനിമ കണ്ട ശേഷം തിരിച്ചു വരുമ്പോൾ അഹ്മദ് നഗറിലെ ഛബ്ബു എന്ന സുഹൃത്തിനെ ഞാൻ കണ്ടു. അയാൾ എൻ്റെ കൂടെ പൂനെയിൽ പരിശീലനത്തിനുണ്ടായിരുന്നു. ഞങ്ങളുടെ പഴയ സുഹൃദ് ബന്ധത്തെക്കുറിച്ച് സംസാരിക്കേ, പെൺകുട്ടികളെ പറ്റിയുള്ള വിഷയം കയറി വന്നു. അവൻ എന്നെ ഒരു പാട്ടുകാരി പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഛബ്ബുവിന് ശെവന്തി എന്ന പെൺകുട്ടിയെ അറിയാമായിരുന്നു. പക്ഷെ, അവൾ അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ” രണ്ടു ദിവസം കഴിഞ്ഞ് പഹ് വ വീണ്ടും ശെവന്തിയെ കാണാനെത്തി.

” (1947)ഡിസംബർ 27 ന് രാത്രിയിൽ ഞാൻ ശെവന്തിയുടെ വീട്ടിലെത്തുകയും അവളെ കാണുകയും അവളുമായി സൗഹൃദത്തിലാകുകയും ചെയ്തു.” ലൈംഗികത്തൊഴിലിൻ്റെ തനിക്കിഷ്ടപ്പെടാത്ത ലോകത്തിൽ നിന്നും പുറത്ത് കടക്കാൻ കൊതിച്ചിരിക്കുന്ന ശെവന്തിക്ക് പഹ് വ ദൈവദൂതനായിരുന്നു. ശെവന്തിയുടെ പരിചയക്കാരിയായിരുന്ന സുമൻ ബായ്, പഹ് വ, ശെവന്തിക്ക് നൽകുമായിരുന്ന സമ്മാനങ്ങളെ കുറിച്ച് ഓർമ്മിക്കുന്നുണ്ട്. അവയെല്ലാം വർദ്ധിതമായ സന്തോഷത്തോടെ അവൾ സുമൻ ബായ്ക്ക് കാണിച്ചു കൊടുക്കുമായിരുന്നു. കർക്കരെയുമായുള്ള പഹ് വയുടെ ദാർഢ്യമാർന്ന ബന്ധത്തെ ശെവന്തി ഇഷ്ടപ്പെട്ടിരുന്നില്ല. മുസ്ലീങ്ങൾക്ക് നേരെ അഹ്മദ് നഗറിൽ നടക്കുന്ന ആക്രമണങ്ങൾക്ക് ദുഷ്പ്രേരണ ചെലുത്തുന്ന ആളായാണ് കർക്കരേയെ അവൾ കണ്ടിരുന്നത്. ഒരു നാൾ കർക്കരേ, പഹ് വയെ കുഴിയിൽ ചാടിക്കുമെന്ന് അവൾ എപ്പോഴും ഭയന്നിരുന്നു. ശെവന്തി തന്നോട് പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ സുമനാബായി ഓർമ്മിച്ചെടുക്കുകയുണ്ടായി. ഒരിക്കൽ അവൾ പഹ് വയോട് പറഞ്ഞു. ” ജനങ്ങൾ നിന്നെ ബഹുമാനിക്കുന്നത് നിന്നെ പേടിച്ചു മാത്രമാണ് ” . ” അവൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു “, ശെവന്തി സുമൻ ബായോട് പറഞ്ഞു. ” അവൻ ഒരു പ്രധാനപ്പെട്ട ആളെന്ന് വിചാരിച്ച് സന്തോഷപ്പെട്ട പോലെ ”

1948 ജനുവരി 1 രാത്രിയിൽ പോലീസ് ഡെക്കാൺ ഗസ്റ്റ് ഹൗസ് റെയ്ഡ് ചെയ്തു. അന്ന് രാവിലെ അഹ്മദ് നഗറിലെ ഒരു മുസ്ലീം കരിക്ക് കച്ചവടക്കാരനെ അയാളുടെ കടയിൽ നിന്നും ഭീഷണിപ്പെടുത്തി ആട്ടിപ്പായിച്ച് ആ കട ഒരു ഹിന്ദു അഭയാർത്ഥിക്ക് പഹ് വ ഏല്പിച്ച് കൊടുത്തിരുന്നു. അതായിരുന്നു റെയ്ഡിന് പിന്നിലെ പ്രചോദനം. കർക്കരേ അവിടെ ഇല്ലായിരുന്നു. ഡെക്കാൺ ഗസ്റ്റ് ഹൗസിൽ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പഹ് വ പോലീസ് ഇൻസ്പെക്ടറെ തടയാൻ ശ്രമിച്ചു. ” കർക്കരെ അറസ്റ്റിലാവുമെങ്കിൽ, അതിന് മുമ്പ് എന്നെ കസ്റ്റഡിയിൽ എടുക്കണം ” എന്ന് ഇൻസ്പെക്ടറോട് പറഞ്ഞതായി പിൽക്കാലത്ത് ഡെൽഹി പോലീസിന് പഹ് വ മൊഴി കൊടുക്കുകയുണ്ടായി. ഈ തർക്കം മുറുകുന്നതിനിടയിൽ നിരവധി അഭയാർത്ഥികൾ അവിടെയെത്തുകയും പഹ് വയുടെ പക്ഷം ചേർന്ന് പോലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഡെക്കാൺ ഗസ്റ്റ് ഹൗസ് റെയ്ഡ് ചെയ്യാതെ മടങ്ങുകയും ചെയ്തു.

ഇങ്ങനെ മദൻലാൽ പഹ് വ തൻ്റെ ഉയിരും ഉടലും വിഷ്ണു കർക്കരേ എന്ന ഹിന്ദുമഹാസഭാ പ്രവർത്തകന് സമർപ്പിച്ചു കൊണ്ട് പെരുമാറുമ്പോൾ, ഗോഡ്സേയും ആപ്തേയുമൊത്ത് മറ്റൊരു പദ്ധതി മെനയുകയായിരുന്നു കർക്കരേ. 1947 ഡിസംബറിൽ ആപ്തേയും ഗോഡ്സേയും തമ്മിലുള്ള നീണ്ട സംഭാഷണങ്ങളിൽ നിന്നാണ് ആ പദ്ധതി ഉരുത്തിരിയുന്നത്. ഹിന്ദുമഹാസഭയുടെയും ഹിന്ദുരാഷ്ട്ര ദളിൻ്റേയും ആർ എസ് എസിൻ്റേയും വിവിധ തലങ്ങളിലൂടെ ആ പദ്ധതി സഞ്ചരിക്കുന്നുണ്ടായിരുന്നു എന്നത് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഉദാഹരണമായി പൂനെ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഗാന്ധിയനായ ഗജാനൻ നാരായൺ കനിത്കർ അനുസ്മരിക്കുന്ന ഒരു സംഭവമുണ്ട്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പുതന്നെ പൂനെയിലെ ശിവാജി മന്ദിറിൽ ഒരു യോഗം നടക്കുകയുണ്ടായി. അതിൽ അദ്ധ്യക്ഷം വഹിച്ചത് നാരായൺ ആപ് തേയും സംസാരിച്ചത് ഗോഡ്സേയും ആണ്. അന്ന് അവിടെ പങ്കെടുത്ത ആർ എസ് എസിൻ്റെ സന്നദ്ധ പ്രവർത്തകരോട് ഹിന്ദു രാജ്യസ്ഥാപനത്തിന് തടസ്സമായി നിൽക്കുന്നത് ഗാന്ധിയും നെഹ്റുവുമാണെന്നും അവരെ നീക്കം ചെയ്യണമെന്നും ഗോഡ്സേ സംസാരിക്കുകയുണ്ടായി. 1947 ജൂലൈ 23 ന് ഒരു കത്തു വഴി ഇക്കാര്യം കനിത്കർ അന്നത്തെ ബോംബെ മുഖ്യമന്ത്രിയായിരുന്ന ബി.ജി.ഖേറിനെ അറിയിക്കുന്നുണ്ട്.

മറാത്താ ബ്രാഹ്മണരുടെ പേഷ്വാരാജ്യ സംസ്ഥാപനം എന്ന ബ്രാഹ്മണിക രാഷ്ട്ര സ്വപ്നത്തെ തകർത്തത് ഗാന്ധിയുടെ രംഗപ്രവേശനമാണ് എന്ന പൊതുബോധം എല്ലാ ഹിന്ദുത്വ സംഘടനകളും പങ്കിട്ടിരുന്നു. സ്വാതന്ത്ര്യസമരത്തിൽ ഭൂരിപക്ഷ – ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാവരും അണിനിരത്തി ബഹുജനസമരമായി അത് മാറ്റിയപ്പോൾ ബ്രിട്ടീഷുകാരുടെ കാലിന്നടിയിൽ നിന്നു മാത്രമല്ല മണ്ണ് ഒലിച്ചുപോയത്. മറാത്താ ബ്രാഹ്മണ രാഷ്ട്രീയത്തിൻ്റെ കാലിന്നടിയിൽ നിന്നു കൂടിയാണ്. ബ്രിട്ടീഷുകാരോട് ഒട്ടിനിന്നു കൊണ്ട് ഗാന്ധിക്കെതിരേ നിരന്തരം ഹിന്ദുത്വ രാഷ്ട്രീയം  പ്രവർത്തിച്ചു കൊണ്ടിരുന്നത് നാം കണ്ടു. ഒരിക്കലും ഗാന്ധിയുടെ അഹിംസാ സമരം വിജയിക്കുമെന്ന് അവർ കരുതിയില്ല.

സ്വാതന്ത്ര്യം ഹിന്ദുത്വശക്തികളെ സംബന്ധിച്ചിടത്തോളം നിരാശയുടെ മുഹൂർത്തമായിരുന്നു. ആർ എസ് എസുമായി അടുപ്പമുണ്ടായിരുന്ന ഡി.വി.കേൽക്കർ 1950 ഫെബ്രുവരി 4 ന് പുറത്തിറങ്ങിയ ഇക്കണോമിക് വീക്ക്ലിയിൽ എഴുതിയ ലേഖനത്തിൽ ആ അവസ്ഥയെ വിവരിക്കുന്നുണ്ട്. ” എല്ലാ ആർ എസ് എസ് അംഗങ്ങളും, ഏറ്റവും ചുരുങ്ങിയത് ഈ ലേഖകൻ അറിയുന്നതും കണ്ടുമുട്ടിയതുമായ ആർ എസ് എസ് അംഗങ്ങളെങ്കിലും, 1947 ആഗസ്റ്റ് 15 ന് കരയുന്നത് പോലെയാണ് കാണപ്പെട്ടത്. സ്വരാജ്, എന്തിന് പരമാധികാര രാഷ്ട്രം കൂടി, ബ്രിട്ടന് നേരെ അക്രമാസക്ത യുദ്ധം നടത്താതെ, കോൺഗ്രസ്സ് മുൻകൈയ്യെടുത്ത് നടത്തിയ ഒരു  നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും ആർ എസ് എസിൻ്റേതായ ഒരു സംഭാവനയും അർപ്പിക്കാതെ, നേടിയതിൽ അവരെ ഒരു പക്ഷെ അസ്വസ്ഥത പിടികൂടിയിരുന്നിരിക്കാം. കോൺഗ്രസ്സിന് മേൽ അവർ ചൊരിഞ്ഞ അധിക്ഷേപങ്ങൾ അവർക്ക് നേരെ തിരിച്ചടിച്ചു. ”

ഡി .വി.കേൽക്കർ ഒന്നുകൂടി ചൂണ്ടിക്കാട്ടുന്നു. ” ഇപ്പോഴത്തെ സർ സംഘ് ചാലക് ആയ എം.എസ് .ഗോൾവാൾക്കർ 1947 നവംബർ മാസത്തിൽ ദാദറിലെ ശിവജി പാർക്കിൽ നടത്തിയ പ്രഭാഷണത്തിൽ രക്തം ചൊരിയാതെ, ഒരു ദുഷ്ടേച്ഛയും കൂടാതെ , ജീവിതകാലം മുഴുവൻ നടത്തിയ ത്യാഗപ്രവൃത്തികൾ കൊണ്ടും പ്രയത്നം കൊണ്ടും സ്വരാജ്യം നേടാൻ കഴിഞ്ഞ ശില്പികളെക്കുറിച്ച് ഒരു നല്ലവാക്കു പോലും പറയുകയുണ്ടായില്ല. മറിച്ച് അദ്ദേഹം ഗാന്ധിയ്ക്ക് മേൽ വെറുപ്പുചൊരിഞ്ഞു. ഗാന്ധി, അദ്ദേഹത്തിൻ്റെ നോട്ടത്തിൽ വിഡ്ഡിത്തങ്ങളുടെ ഒരു ശ്രേണി അനുഷ്ഠിച്ച ഒരാൾ മാത്രമാണ് ..

അതിനാൽ ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന ഹിന്ദുത്വത്തിൻ്റെ രാഷ്ട്രീയ മൂശയ്ക്കുള്ളിൽ എപ്പോൾ എങ്ങനെ ആരംഭിച്ചു എന്ന് പറയുക വയ്യ. കപൂർ കമ്മീഷൻ റിപ്പോർട്ടിൽ ഗാന്ധിയുടെ നേരെയുണ്ടായ നിരവധി വധശ്രമങ്ങളെ പരാമർശിക്കുന്നുണ്ട്. അവയെല്ലാം തന്നെ മറാത്താ ബ്രാഹ്മണവാദികളുടെ മുൻകൈയ്യിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. മിക്കവാറും അതിൽ എല്ലാറ്റിലും ഗോഡ്സേയും ആപ്തേയും പങ്കെടുത്തിരുന്നു എന്നും. അതായത് ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തേയും അവസാനത്തേയും രാഷ്ട്രീയ പദ്ധതി എന്നത് ഗാന്ധി വധമാണ് എന്ന് നിസ്സംശയം പറയാം.

ആ ഗൂഢാലോചനയ്ക്ക് ഒരു മൂർത്തരൂപം കൈ വരുന്നത് 1948 ജനുവരി 2 ന് കർക്കരേയുടെ ഡെക്കാൺ ഗസ്റ്റ് ഹൗസിലെ ഒരു മുറിയിൽ ഗോഡ്സേയും ആപ്തേയും കർക്കരേയും ചേർന്നുള്ള ഗൂഢാലോചനയിലാണ്. ഇന്ത്യ സ്വതന്ത്രമായി. പാകിസ്ഥാൻ യാഥാർത്ഥ്യമായി.  താത്ക്കാലികമായി ഒരു സർവ്വകക്ഷി ഗവണ്മെൻ്റാണ് ഇന്ത്യയെ ഭരിക്കുന്നത്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയും സർദാർ വല്ലഭ ഭായ് പട്ടേൽ ഉപപ്രധാനമന്ത്രിയുമായ മന്ത്രിസഭയിൽ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷനെ പ്രതിനിധീകരിച്ച് ബി ആർ അംബേദ്ക്കറും പാന്തിക് പാർട്ടിയിലെ ബൽദേവ് സിംഗും ഹിന്ദുമഹാസഭയുടെ ശ്യാമപ്രസാദ് മുഖർജിയും മന്ത്രിമാരായിരുന്നു.പുതിയ  ഭരണഘടനയുടെ ആവിഷ്ക്കരണത്തെക്കുറിച്ചും റിപ്പബ്ലിക്ക് രൂപീകരണത്തെക്കുറിച്ചുമുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളുടെ ഉൾക്കൊള്ളൽ ആയിരുന്നു വലിയ രാഷ്ട്രീയ പ്രശ്നം. അവരുടെ അസംതൃപ്തിയേയും വേദനകളെയും മുൻനിർത്തി ഒരു വലിയ രാഷ്ട്രീയ പദ്ധതിക്കാണ് ഹിന്ദുത്വ രാഷ്ട്രീയം കോപ്പു കൂട്ടിയിരുന്നത്. ഇന്ത്യ = ഹിന്ദു + മുസ്ലീം എന്ന സരളമായ ഫോർമുലയിൽ മുസ്ലീം പാകിസ്ഥാനിലേയ്ക്ക് പോയാൽ ബാക്കി അവശേഷിക്കുന്നത് ഹിന്ദുക്കളാണ് എന്ന പൊതുബോധ നിർമ്മിതിക്കാണ് അവർ ശ്രമിച്ചത്. പാകിസ്ഥാൻ മുറിഞ്ഞു പോയാൽ ബാക്കി ഹിന്ദുസ്ഥാൻ.

എന്നാൽ നവഖാലിയിലും ബീഹാറിലും ഗാന്ധി നടത്തിയ ഐതിഹാസികമായ ഇടപെടലുകൾ കാര്യങ്ങൾ ആകെ മാറ്റിത്തീർത്തു. സ്വാതന്ത്ര്യത്തെ തുടർന്ന് കൽക്കട്ടയിൽ വീണ്ടും വർഗ്ഗീയ കലാപങ്ങൾ ഉണ്ടായി. ഡെൽഹിയിൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സമയത്ത് ഗാന്ധി കൽക്കട്ടയിൽ ഇന്ത്യയെ തുന്നിച്ചേർക്കുന്ന പണിയിലായിരുന്നു. ഒരിക്കൽ അറിഞ്ഞോ അറിയാതിരുന്നോ കലാപങ്ങളിൽ പങ്കുവഹിച്ചിരുന്ന സുഹ്രവർദ്ദി ഗാന്ധിക്കൊപ്പം സർവ്വാത്മനാ പങ്കു ചേർന്നു. ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റു പറഞ്ഞ സുഹ്രവർദ്ദി ഗാന്ധിക്കൊപ്പം താമസിച്ച് ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവെച്ചു. കൽക്കട്ടയേയും ബംഗാളിനേയും  ലഹളകളിൽ നിന്ന് കരേറ്റാൻ അവർക്ക് കഴിഞ്ഞു.

ഹിന്ദുസ്ഥാൻ എന്നത് സാധ്യമാകണമെങ്കിൽ ഗാന്ധി എന്ന വന്മലയെ നീക്കം ചെയ്യണമെന്നാണ്  ഹിന്ദുത്വത്തിൻ്റെ ഉപശാലകളിൽ തീരുമാനിച്ചത്. നെഹ്റു, സുഹ്രവർദ്ദി എന്നിവരിലേയ്ക്കും ആ തീരുമാനത്തിൻ്റെ പട്ടിക നീണ്ടു .1948 ജനുവരി 2 ൻ്റെ ഗൂഢാലോചന അതിൻ്റെ ഫലശ്രുതിയായിരുന്നു. “മഹാത്മാഗാന്ധി  മുസ്ലീങ്ങളോടുള്ള തൻ്റെ സമീപനം ഒരിക്കലും മാറ്റുകില്ലെന്നും അതിനാൽ ഗാന്ധി വധിക്കപ്പെടണമെന്നും ഗോഡ്സേ പറഞ്ഞു. ആപ്തേയും ഞാനും അതിനോട് യോജിക്കുകയും ആ ദിശയിലുള്ള സഹായം  വാഗ്ദാനം ചെയ്യുകയും ഉണ്ടായി.

” കർക്കരേ പിന്നീട് പോലീസിന് മൊഴികൊടുത്തു. അത് നടപ്പാക്കാൻ സന്നദ്ധനായ ഒരാളെ താൻ തരാമെന്ന് കർക്കരേ അവരോട് പറഞ്ഞു. ” ഞാൻ മുറിക്ക് പുറത്തുകടന്ന് ഹോട്ടലിൽ എവിടെയോ ഉണ്ടായിരുന്ന മദൻലാൽ പഹ് വയെ വിളിച്ചു. ” കർക്കരേ ഓർമ്മിക്കുന്നു. ” ഞാൻ അയാളെ ആപ്തേയും ഗോഡ്‌സേയും ഇരിക്കുന്ന മുറിയിലേയ്ക്ക് കൊണ്ടുപോയി. ഞാൻ അവരോട് പറഞ്ഞു. ഇതാണ് മദൻലാൽ എന്ന് പറയുന്ന അഭയാർത്ഥി ”

പഹ് വയും പോലീസിന് കൊടുത്ത മൊഴിയിൽ ആ ദിവസം ഓർമ്മിക്കുന്നുണ്ട്. വിസാപ്പൂരിൽ തമ്പടിച്ചിട്ടുള്ള ഒരു കൂട്ടം അഭയാർത്ഥികളോട് സംസാരിക്കുമ്പോഴാണ് കർക്കരേയുടെ സഹായിയായ ബാബൻ, പെട്ടെന്ന് ഡെക്കാൺ ഗസ്റ്റ് ഹൗസിൽ എത്താൻ പഹ് വയോട് ആവശ്യപ്പെടുന്നത്. ” ഞാൻ മുറിയിലേയ്ക്ക് ചെന്നപ്പോൾ അവിടെ കർക്കരേയും മറ്റ് രണ്ടുപേരും ഇരിക്കുന്നുണ്ടായിരുന്നു. കർക്കരേ എന്നെ മുറിക്കുള്ളിലേയ്ക്ക് വിളിക്കുകയും മറ്റ് രണ്ട് പേർക്കും എന്നെ, കഠിനാദ്ധ്വാനിയായ അഭയാർത്ഥി മദൻലാൽ എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ഞാൻ  അവരോട് നമസ്തേ എന്ന് മാത്രം പറയുകയും മറ്റൊന്നും മിണ്ടാതെ ഹിന്ദുമഹാസഭാ ഓഫീസിലേയ്ക്ക് തിരിച്ചു പോകുകയും ചെയ്തു.”

രണ്ടുദിവസത്തിനപ്പുറം, 1948 ജനുവരി 4 ന് തൻ്റെ പ്രണയം പഹ് വ കർക്കരേയോട് വെളിപ്പെടുത്തി. ശെവന്തിയ്ക്ക് പട്ടുകൊണ്ടുണ്ടാക്കിയ ഒരു ഓധ്നി (ഷാൾ) വാങ്ങാൻ വേണ്ടി കർക്കരേയോട് കുറച്ച് പണം കടം വാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് മദൻലാൽ പഹ് വ അത് വെളിപ്പെടുത്തിയത്. കർക്കരേ ഒന്നും പറയാതെ പണം നൽകി.  ” ഞാൻ ശെവന്തിയേയും കൂട്ടി ചിത്രാടാക്കീസിൽ ഛബുസ്ക്കർ എന്ന സിനിമയ്ക്ക് പോയി. രാത്രി പത്തുമണിയോടെ തിരിച്ചെത്തി കർക്കരേയുടെ ഹോട്ടലിൽ പോകുകയും അത്താഴം കഴിച്ച് (ഹിന്ദു ) മഹാസഭാ ഓഫീസിൽ ഉറങ്ങുകയും ചെയ്തു. ” പഹ് വ ഓർമ്മിക്കുന്നു.

പിറ്റേ ദിവസം 1948 ജനുവരി 5 ന് കർക്കരേയുടെ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് പഹ് വ ആ വിളംബരം കേട്ടത്. അഹ്മദ് നഗറിൽ രാത്രി ഒമ്പതുമണിക്ക് പ്രാദേശിക കോൺഗ്രസ്സ് നേതാവായ റാവു സാഹേബ് പട് വർദ്ധൻ ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നു. കാശ്മീരിൽ നിന്ന് മടങ്ങിവന്നിരിക്കുകയാണ് പട് വർദ്ധനെന്നും അയാൾ എന്താണ് പറയുന്നതെന്നറിയാൻ പൊതുയോഗത്തിൽ പങ്കെടുക്കണമെന്നും അടുത്തുണ്ടായിരുന്ന കർക്കരേ, പഹ് വയോട് ആവശ്യപ്പെട്ടു. ആ അപരാഹ്നം പഹ് വ ശെവന്തിക്കൊപ്പം സിനിമാശാലയിൽ ചെലവഴിച്ചു.

രാത്രി 9 മണിക്ക് തൻ്റെ അഭയാർത്ഥി സുഹൃത്തുക്കൾക്കൊപ്പം പഹ് വ യോഗസ്ഥലത്തെത്തി. ഇരുനൂറോളം വരുന്ന അഭയാർത്ഥികൾ അവിടെ കൂടിയിരുന്നു. പട് വർദ്ധൻ പ്രസംഗമാരംഭിച്ചപ്പോൾ തന്നെ ഹിന്ദുമഹാസഭയാൽ പ്രേരിപ്പിക്കപ്പെട്ട  അഭയാർത്ഥികൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. പഹ് വ പിൽക്കാലത്ത് പ്രൊഫസർ ജെയിനോട് അവകാശപ്പെട്ടത് താൻ വേദിയിലേയ്ക്ക് കയറിച്ചെന്ന് പട് വർദ്ധനെ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ്. എന്തായാലും യോഗം അലങ്കോലപ്പെടുകയും പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും ചെയ്തു. പഹ് വ അറസ്റ്റിലാകുകയും അന്നുരാത്രി സ്റ്റേഷനിൽ കഴിയുകയും ചെയ്തു. പിറ്റേന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അഹ്മദ് നഗർ വിടണമെന്ന ശാസന നൽകി പോലീസ് പഹ് വയെ വിട്ടയച്ചു. കർക്കരേയെ വിളിച്ചു വരുത്തി അദ്ദേഹത്തോടും  അഹ്മദ് നഗർ വിടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

പോലീസ് നിബന്ധന പാലിക്കാനായി, പൂനെയ്ക്ക് സായാഹ്ന തീവണ്ടിയിൽ കയറാൻ അവർ തീരുമാനിച്ചു. അതിനായി ഒരുങ്ങുന്ന വേളയിലാണ് പഹ് വയ്ക്ക് വേണ്ടി അവർ ഒരുക്കിവെച്ചിട്ടുള്ള ദൗത്യത്തെപ്പറ്റി ആദ്യമായി കർക്കരേ വെളിപ്പെടുത്തുന്നത്. ” മഹാത്മാഗാന്ധിയുടെ ജീവനെടുക്കാനുള്ള രഹസ്യ പദ്ധതിയെപ്പറ്റി കർക്കരേ, ചോപ്രയുടേയും ഭാട്ടിയയുടേയും ( പഹ് വയുടെ അഭയാർത്ഥി സുഹൃത്തുക്കൾ ) സാന്നിദ്ധ്യത്തിൽ വെച്ച് എന്നോട് പറഞ്ഞു. ഹിന്ദുരാജ്യം സ്ഥാപിക്കുന്നതിന് മുന്നിലുള്ള ഒരേ ഒരു തടസ്സം ഗാന്ധിജിയാണെന്നും ” പഹ് വ മൊഴിയിൽ പറയുന്നു. കൊല ചെയ്യാൻ വേണ്ടി അവർ നോക്കി വെച്ചിട്ടുള്ളത് പഹ് വയെ ആണെന്ന കാര്യം അപ്പോഴും കർക്കരേ വെളുപ്പെടുത്തിയില്ല.

പാകിസ്ഥാൻ രൂപവത്കൃതമായതോടെ ഹിന്ദുരാഷ്ട്ര വെറി ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ എല്ലാ ഘടകങ്ങളിലും തിളയ്ക്കുകയായിരുന്നു. 1947 ഡിസംബർ 8 ന് ഡെൽഹിയിലെ റോഹ്തക് റോഡിൽ ഗോൾവാൾക്കർ ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ” പാകിസ്ഥാനെ തീർക്കും വരെ സംഘ് സ്വസ്ഥതയോടെ ഇരിക്കില്ല. ഞങ്ങളുടെ വഴിയിൽ ആര് കയറി നിന്നാലും ഞങ്ങൾ അവരെ തീർത്തിരിക്കും. അത് നെഹ്റു ഗവണ്മെൻ്റായാലും മറ്റേത് ഗവേണ്മെൻറായാലും. ” മറ്റൊരു രഹസ്യമീറ്റിങ്ങിൽ അദ്ദേഹം പറഞ്ഞു. “മഹാത്മാഗാന്ധി മുസ്ലീങ്ങളെ ഇന്ത്യയിൽ നിർത്താൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് നേട്ടമുണ്ടാക്കാനായി. പക്ഷെ, ആ സമയത്ത് ഒരു മുസ്ലീം പോലും ഇന്ത്യയിലുണ്ടാകില്ല. അവർ ഇവിടെ താമസിക്കാൻ നിശ്ചയിച്ചാൽ, അതിൻ്റെ ഉത്തരവാദിത്വം ഗവണ്മെൻ്റിൻ്റേതാണ്, ഹിന്ദു സമുദായത്തിൻ്റേതല്ല. അവരെ കൂടുതൽ തെറ്റായി നയിക്കാൻ മഹാത്മാഗാന്ധിക്കാറില്ല. അത്തരം മനുഷ്യരെ ഉടനടി നിശ്ശബ്ദരാക്കാനുള്ള വഴികൾ ഞങ്ങളുടെ പക്കലുണ്ട്. പക്ഷേ, ഹിന്ദുക്കളോട് ശത്രു ഭാവത്തിൽ വർത്തിക്കില്ല എന്നത് ഞങ്ങളുടെ പാരമ്പര്യമാണ്. നിർബന്ധിതരാവുകയാണെങ്കിൽ ആ പാരമ്പര്യം മാറ്റിവെയ്ക്കാനും ഞങ്ങൾ തുനിഞ്ഞേക്കും.”

1948 ജനവരി 6 ന് പോലീസ് നിർദ്ദേശമനുസരിച്ച് പഹ് വയും കർക്കരേയും പൂനെയിലേയ്ക്ക് പോകാൻ ഒരുമ്പെട്ടു. പക്ഷെ, റെയിൽവേ സ്‌റ്റേഷനിൽ വെച്ചുണ്ടായ ഒരു കശപിശയിൽ പഹ് വയുടെ ശിരസ്സിന് ചെറിയ പരിക്കുപറ്റി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർക്കരേ പൂനെയ്ക്ക് അന്നു തന്നെ വണ്ടി കയറി. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് പഹ് വയോട് പൂനെയ്ക്ക് വരാൻ നിർദ്ദേശിച്ച ശേഷം . ജനുവരി 8 ന് പഹ് വയും പൂനെയ്ക്ക് വണ്ടി പിടിച്ചു. അതിന് മുമ്പ് അയാൾ ശെവന്തിക്ക് തൻ്റെ ബോംബെ വിലാസം കൈമാറി. പ്രൊഫ. ജയിനിൻ്റെ വിലാസം ആയിരുന്നു അത്.

46. ദിഗംബർ ബഡ്ഗെയും ശങ്കർ കിസ്തയ്യയും
………………………………………..ദിഗംബർ ബഡ്ഗെ ബ്രാഹ്മണൻ ആയിരുന്നില്ല. കപൂർ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് പ്രകാരം ഗ്രാമഗ്രാമാന്തരങ്ങളിൽ ഭക്തിഗാനങ്ങൾ പാടി നടക്കുന്ന ഗായകകുലത്തിൽ പെട്ട ഗോണ്ടാലി ജാതിക്കാരനായിരുന്നു. 1948 ൽ 38 വയസ്സ് പ്രായമുണ്ടായിരുന്നു ബഡ്ഗെയ്ക്ക്. നീണ്ട താടിയും മുടിയും തൻ്റെ ഗായകകുലത്തിൻ്റെ അവശിഷ്ടമായി അയാളിൽ പറ്റിച്ചേർന്നിരുന്നു. പക്ഷെ, അയാൾ പെരുമാറിയത് സംഗീതോപകരണങ്ങളിൽ അല്ല. ആയുധങ്ങളിൽ ആണ്. നിയമം അനുശാസിക്കുന്ന രീതിയിലും അല്ലാതെയും അയാൾ ആയുധവ്യാപാരം നടത്തിയിരുന്നു. പൂനെയിൽ സദാശിവ് പേട്ടിൽ ശസ്ത്രഭണ്ഡാർ എന്ന പേരിൽ ഒരു ആയുധക്കട ഹിന്ദുമഹാസഭാ പ്രവർത്തകനായ അദ്ദേഹം നടത്തിപ്പോന്നു. കർക്കരേയുമായി നേരത്തെ തന്നെ ബന്ധം പുലർത്തിയിരുന്നു, ബഡ്ഗേ. അഹ്മദ് നഗർ ഹൈദരാബാദുമായി അതിർത്തി പങ്കിടുന്ന സ്ഥലമായത് കൊണ്ടും നൈസാമിനെതിരെ ഹിന്ദുമഹാസഭ നിലപാട് എടുത്തിരുന്നത് കൊണ്ടും ഹൈദരാബാദിലെ ഹിന്ദുമഹാസഭാ പ്രവർത്തകർക്ക് കർക്കരേ ആയുധമെത്തിച്ച് കൊടുത്തിരുന്നു. ആയുധങ്ങൾ കർക്കരേ സംഘടിപ്പിച്ചത് ബഡ്ഗേ വഴിയായിരുന്നു.
രണ്ടാംലോകയുദ്ധക്കാലത്ത് ഹിന്ദുമണ്ഡലത്തിൻ്റെ സൈനികവല്ക്കരണം എന്നത് ഹിന്ദുമഹാസഭയുടെ രാഷ്ട്രീയ ലക്ഷ്യം ആയിരുന്നു. ധാരാളം ആയുധങ്ങൾ ഹിന്ദുമഹാസഭ അക്കാലത്ത് ശേഖരിച്ചു. പിന്നീട് നവഖലിയിലെ സംഭവങ്ങൾക്ക് തിരിച്ചടിയെന്നോണം ബീഹാറിൽ വർഗ്ഗീയ കലാപമുണ്ടാക്കിയപ്പോൾ ഈ ആയുധശേഖരം അങ്ങോട്ടൊഴുകുകയുണ്ടായി. തൻ്റെ ആയുധക്കച്ചവടത്തിന് ഒരു ഹിന്ദുക്കമ്പോളം തുറന്ന് കിട്ടുന്ന സാധ്യതയാണ് ബഡ്ഗേയെ ഹിന്ദുമഹാസഭയിൽ ചേരാൻ പ്രേരിപ്പിച്ചത് എന്ന് വേണം വിചാരിക്കാൻ. ഗോഡ്സേ, ആപ്തേ, കർക്കരേ എന്നിവരെപ്പോലെ ബ്രാഹ്മണ രാഷ്ട്രീയത്താൽ പ്രചോദിതനായിട്ടല്ല ബഡ്ഗേ അവിടെ എത്തിപ്പെട്ടത്. എന്നാൽ സവർക്കർ ഉൾപ്പെടെയുള്ള ബ്രാഹ്മണരാഷ്ട്രീയത്തിലെ പ്രധാനികളായ മറാത്താ ബ്രാഹ്മണരുമായി ബഡ്ഗേ അടുത്ത ബന്ധം പുലർത്തിയിരുന്നു.

1947 മെയിൽ ബഡ്ഗേയുടെ വസതിയിൽ താനും ആപ്തേയും ഗോഡ്സേയും ഒന്നിച്ചു കൂടിയതിനെപ്പറ്റി കർക്കരേ പിൽക്കാലത്ത് പോലീസിന് മൊഴികൊടുക്കുകയുണ്ടായി. വിഭജനവാദം കത്തിനിൽക്കുന്ന വേളയിൽ ജിന്നയെ വധിക്കാനുള്ള പദ്ധതി ആ വേളയിൽ മുന്നോട്ട് വന്നു. എന്നത്തേയും പോലെ ആപ്തേയാണ് അത് അവതരിപ്പിച്ചത്. ഗോഡ്സേ കൈയ്യടിച്ചു കൊണ്ട് അതിനെ അനുകൂലിച്ചു.

അധികം താമസിയാതെ പദ്ധതി നടപ്പിലാക്കാനുള്ള നടപടികൾ അവർ ആരംഭിക്കുകയുണ്ടായി. ആയുധങ്ങൾ ശേഖരിക്കാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയത്. ആപ്തേ തൻ്റെ മനസ്സിലെ പദ്ധതി മുഴുവനായും വെളിവാക്കിയില്ല എന്ന് കർക്കരേ പിൽക്കാലത്ത് ഓർക്കുന്നുണ്ട്. പേര് വെളിവാക്കാനാകാത്ത ആരുടേയോ ഉപദേശം ആപ്തേ സ്വീകരിക്കുന്നുണ്ടെന്ന് കർക്കരേ കരുതി.

” ഒരിക്കൽ ബഡ്ഗേയുടെ അടുത്തുപോയി ബോംബുകൾ നിറച്ച ഒരു പെട്ടി ശേഖരിക്കാൻ ആപ്തേ എന്നോട് പറയുകയുണ്ടായി ” കർക്കരെ മൊഴിയിൽ പറയുന്നു. ” അതനുസരിച്ച് ഞാൻ ബഡ്ഗെ യുടെ അടുത്ത് പോകുകയും ആറ് ബോംബുകൾ ഉള്ള പെട്ടി ശേഖരിച്ച് അഗ്രണി ഓഫീസിൽ എത്തിക്കുകയും ചെയ്തു. (1947) ജൂണിലോ ജൂലൈയിലോ ആണ് അത് എന്നാണോർമ്മ.” കർക്കരെ പോലീസിന് കൊടുത്ത മൊഴിയിൽ പറയുന്നു. ആപ്തേയുടെ അടുത്ത നിർദ്ദേശം കാത്ത് താൻ അക്കാലത്ത് അഗ്രണി ഓഫീസിൽ തന്നെയാണ് അധിക സമയവും കഴിഞ്ഞിരുന്നത് എന്നും കർക്കരേ ഓർക്കുന്നു.

ഏതാനും ദിവസങ്ങൾക്ക് ശേഷം ആപ്തേ കുറച്ച് രൂപ കർക്കരെയെ ഏല്പിച്ച് ബഡ്ഗേയ്ക്ക് നൽകാൻ ആവശ്യപ്പെട്ടു. ഒരു സ്‌റ്റെൻ ഗണ്ണിൻ്റെ വിലയായിരുന്നു അത്. പൈസ കൈപ്പറ്റിയതിന് ശേഷം ബഡ്ഗെ കർക്കരെയേയും കൂട്ടി യെർവാദാ ജയിലിന് സമീപമുള്ള ആളൊഴിഞ്ഞ ഒരിടത്തേയ്ക്ക് പോയി. അവിടെ ഒരാളിൽ നിന്ന് രണ്ട് തോക്കുകൾ അവർ കൈപ്പറ്റുകയുണ്ടായി. പാതിരാത്രിയോടെ അഗ്രണി ഓഫീസിൽ അവർ തിരിച്ചെത്തി. ഒരു തോക്ക് ബഡ്ഗെ കൊണ്ടുപോയി. മറ്റേ സ്റ്റെൻഗൺ തൻ്റെ ബെഡ്ഡിംഗിൽ പൊതിഞ്ഞ് കർക്കരേ അഗ്രണി ഓഫീസ് വളപ്പിലെ ഒരു മരത്തിനരികെ ഒളിപ്പിച്ചു വെച്ചു. നേരെ ആപ്തേയുടെ വീട്ടിൽപ്പോയി അക്കാര്യം അറിയിച്ച ശേഷം കർക്കരേ അഗ്രണി ഓഫീസിൽ തിരിച്ചെത്തി കിടന്നുറങ്ങി.

ജിന്നയെ കൊല്ലാൻ കരുതിയ ബോംബുകളിൽ ഒന്ന് പൂനെയിൽ ഒരിടത്ത് സ്ഫോടനം വിതച്ചു. അതിന് പിന്നിൽ ഹിന്ദുമഹാസഭയാണെന്ന് മനസ്സിലാക്കിയ പോലീസ് ഒരു കൂട്ടം നേതാക്കളേയും അണികളേയും അറസ്റ്റ് ചെയ്തു. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ അത്താവാലേ എന്ന ഹിന്ദുമഹാസഭാ പ്രവർത്തകൻ ആപ്തേയുടെ പേര് വെളിപ്പെടുത്തി. ആപ്തേ അഴിക്കുള്ളിൽ ആയതോടെ കർക്കരേ ബാക്കി സ്ഫോടക വസ്തുക്കളുമായി അഹ്മദ് നഗറിലേയ്ക്ക് പോന്നു. നാലുമാസം ബോംബുകളും സ്റ്റെൻഗണ്ണും കർക്കരേ സൂക്ഷിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ ആപ്തേയും കേസിൽ നിന്നൂരി. എന്നാൽ ആ അറസ്റ്റോടെ ജിന്നയെ കൊല്ലാനുള്ള പദ്ധതി ആവിയായി.

പക്ഷെ, ആപ്തേ ഒതുങ്ങിയിരുന്നില്ല. പദ്ധതികൾക്ക് പിന്നാലെ പദ്ധതികൾ അദ്ദേഹം മെനഞ്ഞുകൊണ്ടിരുന്നു. 1947 സെപ്തംബറിൽ വൈഷ്ണവരുടെ ആത്മീയ ഗുരുവായ ദാദാ മഹാരാജ് എന്ന് വിളിക്കുന്ന ഗോസ്വാമി ശ്രീ കൃഷ്ണാജി മഹാരാജാവുമായി അദ്ദേഹം സമ്പർക്കത്തിലേർപ്പെട്ടു.മധ്യകാലഘട്ടത്തിൽ ജീവിച്ചിരുന്ന വല്ലഭാചാര്യരുടെ പിൻഗാമിയായിട്ടാണ് വൈഷ്ണവവിഭാഗം ദാദാ മഹാരാജാവിനെ കണ്ടിരുന്നത്. ഭൂലേശ്വർ ക്ഷേത്രവും മറ്റും അദ്ദേഹത്തിൻ്റെ ആസ്തി പരിധിയിൽ അടങ്ങിയിരുന്നു. ബോംബെയ്ക്ക് പുറമേ പൂനെയിലും പന്താർപൂരിലും മറ്റനേകം സ്ഥലങ്ങളിലും ആശ്രമങ്ങളും സ്വത്തുവകകളും അദ്ദേഹത്തിനുണ്ടായിരുന്നു. 1947 ൽ രണ്ടു ലക്ഷം രൂപ പ്രതിമാസം അദ്ദേഹം ആദായമുണ്ടാക്കിയിരുന്നു. ദക്ഷിണയായി ലഭിക്കുന്ന വലിയ തുക വേറെയും.

ഇത്തരത്തിലുള്ള ആൾദൈവങ്ങളും നാട്ടുരാജാക്കന്മാരും ജി ഡി ബിർളയെപ്പോലുള്ള വ്യവസായികളും ആയിരുന്നു ഹിന്ദുമഹാസഭയുടേയും ഹിന്ദുത്വ സംഘടനകളുടേയും വിഭവ സ്രോതസ്സ്. നവഖലി സംഭവങ്ങൾക്ക് ശേഷം മുസ്ലീങ്ങളോടും മുസ്ലീംലീഗിനോടും പകവീട്ടണമെന്ന മനോഭാവത്തിൽ കഴിയുന്ന ഒരാൾ ആയിരുന്നു ദാദാ മഹാരാജ്. ഡെൽഹിയിൽ ആയിടെ നടന്ന അഖിലേന്ത്യാ ഹിന്ദു സമ്മേളനത്തിൽ ആദ്ധ്യക്ഷം വഹിച്ചത് ദാദാ മഹാരാജ് ആയിരുന്നു. അന്ന് അവിടെ വെച്ച് മദൻ മോഹൻ മാളവ്യയുടെ മകനായ മുകുന്ദ് മാളവ്യ അദ്ദേഹത്തോട് ആപ്തേ എന്നൊരു ചിത്പാവൻ ബ്രാഹ്മണൻ പാക്കിസ്ഥാൻ പാർലിമെൻ്റ് ബോംബ് ചെയ്യാൻ പദ്ധതിയിടുന്നുണ്ട് എന്ന് സൂചിപ്പിക്കുകയുണ്ടായി.

തൻ്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ ആപ്തേ പലപ്പോഴും പ്രകാശിപ്പിച്ചിരുന്നത് ഇത്തരം വീമ്പടികളിലൂടെയാണ്. ഹോളിവുഡ് തട്ടു പൊളിപ്പൻ സിനിമകളുടെ മാതൃകയിൽ. പാകിസ്ഥാനിൽ ചെന്ന് ജിന്നയേയും മുസ്ലീം ലീഗ് നേതാക്കളെയും ഉന്മൂലനം ചെയ്യുക, പാർലിമെൻ്റ് ബോംബ് ചെയ്യുക തുടങ്ങിയ മായാപദ്ധതികൾ ആപ്തേ ചുറ്റിലും വാരിവിതറിക്കൊണ്ടിരുന്നു. അഗ്രണി നടത്താനാവശ്യമായ പണം പലപ്പോഴും കണ്ടെത്തിയിരുന്നത് ഈ മായാ പദ്ധതികളുടെ പേരിൽ ഉള്ള പിരിവുകൊണ്ടാണ്. സമൂഹത്തിൽ അസ്വസ്ഥതയുളവാക്കുന്ന തരത്തിൽ വാർത്താക്കഥകൾ മെനഞ്ഞത് കൊണ്ട് അന്ന് ബോംബെ ഭരിച്ചിരുന്ന ബി.ജി.ഖേർ ഗവണ്മെൻ്റ് നിരവധി തവണ അഗ്രണിക്ക് പിഴ ചുമത്തിയിരുന്നു. എന്നാൽ ഹിന്ദുരാഷ്ട്ര എന്ന പേരിൽ നേരത്തെ എടുത്തുവെച്ചിരുന്ന രജിസ്ട്രേഷൻ ഉപയോഗിച്ച് പുതിയൊരു പത്രിക തുടങ്ങുകയായിരുന്നു ഗോഡ്സേയും ആപ്തേയും ചെയ്തത് .ഒറ്റനോട്ടത്തിൽ അഗ്രണി ആണെന്ന് തോന്നിക്കുന്ന മട്ടിൽ സവർക്കറുടെ ചിത്രം വെച്ചു തന്നെയാണ് ഹിന്ദു രാഷ്ട്രയും പുറത്തിറക്കിയിരുന്നത്.

1947 സെപ്തംബറിൽ പന്താർപൂരിലേയ്ക്കുള്ള യാത്രക്കിടയിലാണ് ദാദാ മഹാരാജ് ആപ്തേയെ കണ്ടുമുട്ടിയതെന്ന് പിൽക്കാലത്ത് അദ്ദേഹം പോലീസിൽ കൊടുത്ത മൊഴിയിൽ പറയുന്നു. മുകുന്ദ് മാളവ്യ പറഞ്ഞ പോലെ പാകിസ്ഥാൻ അസംബ്ലി ചുട്ടെരിക്കാനുള്ള പദ്ധതി ദാദാ മഹാരാജിന് മുന്നിൽ ആപ്തേ കെട്ടഴിച്ചു. ആ പദ്ധതിയിൽ ആകൃഷ്ടനായ അദ്ദേഹത്തോട്, തൻ്റെ പക്കൽ അതിനാവശ്യമായ മനുഷ്യവിഭവം ഉണ്ടെന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളുമാണ് ഇല്ലാത്തത് എന്നും ആപ്തേ പറഞ്ഞു. ദാദാ മഹാരാജ് മൊഴികൊടുക്കുന്നു : ” ആശ്രയിക്കാവുന്ന ആയുധങ്ങൾ ഉണ്ടെങ്കിൽ ഏറ്റവും ചുരുങ്ങിയത് ജിന്നയെയും ലിയാക്കത്ത് അലി ഖാനേയും ( പാകിസ്ഥാൻ്റെ ആദ്യ പ്രധാനമന്ത്രി ) അദ്ദേഹത്തിന് (ആപ് തേയ്ക്ക്) കൊല്ലാൻ കഴിയുമെന്ന് പറയുകയുണ്ടായി. ” ആപ്തേയുടെ കൈവശം രണ്ട് തോക്കുകൾ ഉണ്ടെങ്കിലും അവയെ ആശ്രയിക്കാൻ കഴിയില്ലെന്നും . അതിനാൽ രണ്ട് തോക്കുകൾക്ക് വേണ്ടി അദ്ദേഹം തന്നോടഭ്യർത്ഥിച്ചു എന്നും തിരിച്ചെത്തുന്ന മുറയ്ക്ക് അക്കാര്യം ആലോചിക്കാമെന്ന് ഉറപ്പു നൽകിയതായും ദാദാ മഹാരാജ് മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പന്താർപൂരിൽ നിന്നും മടങ്ങി വരുന്ന വഴിക്ക് ആപ്തേ ദാദാ മഹാരാജുമായി ബന്ധപ്പെട്ടു. അങ്ങനെ 1947 ഒക്ടോബറിൽ ആപ്തേ തന്നെ വന്നു കണ്ടതിനെപ്പറ്റി ദാദാ മഹാരാജ് ഓർക്കുന്നതിങ്ങനെ

അദ്ദേഹം രണ്ട് റിവോൾവറുകൾ എനിക്ക് തരികയും പകരം രണ്ട് റിവോൾവറുകൾ ആവശ്യപ്പെടുകയും ചെയ്തു. എങ്കിലും അന്നേ ദിവസം ഒരു റിവോൾവറും ഞാൻ നൽകിയില്ല. കാരണം എൻ്റെ കൈയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ട്രെയിൻ അടുത്തു തന്നെ പാകിസ്ഥാനിലേയ്ക്ക് പോകുമെന്നും തീ കത്തിക്കുന്ന ഏതോ സംവിധാനം ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നും ആപ്തേ വെളിപ്പെടുത്തുന്നത്. അതിനായി 10000 രൂപ ചെലവുവരുമെന്ന് ആപ് തേ പറയുകയുണ്ടായി. അതിൻ്റെ പകുതി മാത്രമേ തൻ്റെ കൈവശമുള്ളു എന്നും.

ഈ പദ്ധതിയിൽ സംശയം തോന്നിയതിനാലായിരിക്കണം, ദാദാ മഹാരാജ് പണം കൊടുക്കാൻ വിസമ്മതിച്ചു. അപ്പോൾ ആപ്തേ പണം സംഭരിക്കാനുള്ള മറ്റൊരു വഴി എന്ന നിലയിൽ മറ്റൊരു പദ്ധതി അവതരിപ്പിച്ചു. തൊട്ടടുത്തെ ഹൈദരാബാദ് നാട്ടുരാജ്യത്തിൻ്റെ ചുങ്കപ്പുര ആക്രമിച്ച് പണം സംഭരിക്കുക. ആ പദ്ധതിക്കായി ദാദാ മഹാരാജിൻ്റെ കാർ തത്ക്കാലം വിട്ടുതരണമെന്ന് ആപ്തേ അഭ്യർത്ഥിക്കുകയുണ്ടായി. ആ ആശയം ദാദാ മഹാരാജിന് സ്വീകാര്യമാവുകയും കാർ വിട്ടുകൊടുക്കുകയും ചെയ്തു.

എന്നാൽ ആപ്തേ, തൻ്റെ കാമുകിയായ മനോരമാ സാൽവിക്കൊപ്പം ചുറ്റിക്കറങ്ങാനാണ് കാർ ഉപയോഗിച്ചത്. കുറേ ദിവസങ്ങൾക്ക് ശേഷവും ഒരു വിവരവും ലഭ്യമാകാത്തതിനാൽ, ദാദാ മഹാരാജ് കാർ അന്വേഷിച്ച് ആപ്തേയുടെ വീട്ടിൽ ചെല്ലുകയുണ്ടായി. ആപ്തേ പദ്ധതിക്കായി ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്ന് മനസ്സിലാക്കിയ ദാദാ മഹാരാജ് രോഷാകുലനായി കാറുമായി മടങ്ങി.

ഇത്തരം അപസ്വരങ്ങൾ ഉണ്ടായെങ്കിലും ദാദാ മഹാരാജുമായുള്ള ബന്ധം ആപ്തേ തുടർന്നിരുന്നു. പലപ്പോഴും ആപ്തേയുമൊത്ത് കണ്ടിരുന്ന ഏതാണ്ട് 35 വയസ്സുള്ള, നരച്ചു തുടങ്ങിയ മുടിയും ഉള്ള, ആർ എസ് എസ് യൂണിഫോമിനെ ഓർമ്മിപ്പിക്കുന്ന കാക്കി നിക്കറും ഷർട്ടുമിടുന്ന വ്യക്തിയെ ദാദാ മഹാരാജ് ഓർക്കുന്നുണ്ട്. ” പിൽക്കാലത്ത് അയാളുടെ പേര് ഗോഡ്സേ ആണെന്ന് ഞാൻ മനസ്സിലാക്കി ”

1947 നവംബറിൽ ഹിന്ദു രാഷ്ട്ര അച്ചടിക്കാനുള്ള സ്വന്തം പ്രസ്സ് ഗോഡ്സേയും ആപ്തേയും ചേർന്ന് സ്ഥാപിക്കുകയുണ്ടായി. 1947 നവംബർ 11 ന് ആ പ്രസ്സ് ഉദ്ഘാടനം ചെയ്തത് ദാദാ മഹാരാജ് ആയിരുന്നു. വീണ്ടും അവർ പാകിസ്ഥാനിലേയ്ക്കുള്ള വെടിമരുന്ന് വണ്ടിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പണം തരണമെങ്കിൽ സ്ഫോടകവസ്തുക്കൾ ലഭ്യമാണെന്നതിന് തെളിവു വേണമെന്ന്  ദാദാ മഹാരാജ് ശഠിച്ചപ്പോൾ ബഡ്ഗേ മത്തയിൽ പച്ച കലർന്ന പൊടി നിറച്ച നാല്പത് പാക്കറ്റുകൾ അദ്ദേഹത്തിൻ്റെ മുന്നിൽ എത്തിക്കുകയുണ്ടായി. 808 എന്ന നമ്പർ ആ പാക്കറ്റുകൾ പേറിയിരുന്നു. ഒരു പാക്കറ്റിന് 32/- രൂപ നിരക്കിൽ മുഴുവൻ തുകയും ദാദാ മഹാരാജ് ബഡ്ഗേയ്ക്ക് നൽകി അവ വാങ്ങി ആപ്തേയെ ഏല്പിച്ചു. എന്നാൽ സ്ഫോടനമൊന്നും നടന്നില്ല. ആപ്തേ ആ സ്ഫോടകവസ്തുക്കൾ എന്ത് ചെയ്തു എന്നറിയില്ല എന്നാണ് ഭാദാ മഹാരാജ് മൊഴി നൽകിയത്.

ദിഗംബർ ബഡ്ഗേയുടെ വേലക്കാരനായിരുന്നു ശങ്കർ കിസ്തയ്യ. അദ്ദേഹം പിന്നാക്ക സമുദായക്കാരനോ ദളിതനോ ആയിരുന്നു എന്നാണ് ഊഹിച്ചെടുക്കേണ്ടത്.  കോടതി രേഖകൾ അദ്ദേഹത്തിൻ്റെ ജാതിയെപ്പറ്റി ഒന്നും തന്നെ പറയുന്നില്ല. എന്നാൽ ഏതാണ്ട് 20 വയസ്സ് പ്രായമായിരുന്നു കിസ്തയ്യയ്ക്ക് എന്ന് പറയുന്നുണ്ട്. നിരക്ഷരനായിരുന്നു. മഹാരാഷ്ട്രയുടേയും ആന്ധ്രാപ്രദേശിൻ്റേയും അതിർത്തി പങ്കിടുന്ന ഷോളാപ്പൂരാണ് ജന്മദേശം. അവിടെ യെല്ലമ്മ നഗർ പരിസരത്തെ കോളനിയിൽ വിധവയായ അമ്മയ്ക്കൊപ്പം പട്ടിണി തിന്നാണ് കിസ്തയ്യ വളർന്നത്. അവിടെ ഒരു ആശാരിയുടെ കൈയ്യാളായി ജോലി ചെയ്തുവരികയായിരുന്നു കിസ്തയ്യ.

1945 ൽ എപ്പോഴോ ബഡ്ഗെ ഷോളാപ്പൂർ സന്ദർശിച്ചു. തൻ്റെ ആയുധക്കച്ചവടത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ലോഹ അലകുകൾ തടിയിൽ വെച്ചു പിടിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പണിക്കാരനെ വേണ്ടിയിരുന്നു. ആ അന്വേഷണമാണ് ഷോളാപ്പൂരിലും കിസ്തയ്യയിലും ബഡ്ഗെയെ കൊണ്ടെത്തിക്കുന്നത്. എഴുത്തറിയാത്ത, തെലുങ്ക് മാത്രമറിയുന്ന കിസ്തയ്യ അങ്ങനെ ബാഡ്ഗെയ്ക്കൊപ്പം പൂനെയിലെത്തി. 20 രൂപയായിരുന്നു ശമ്പളം. ഭക്ഷണവും താമസവും സൗജന്യം. ലോഹ അലകുകൾ തടിയിൽ വെച്ചു പിടിപ്പിക്കുന്നതിന് പുറമേ ബാഡ്ഗേയുടെ ചെറുയാത്രകളിൽ സൈക്കിൾ റിക്ഷ ചവിട്ടണം. ഇതായിരുന്നു നിബന്ധനയെങ്കിലും പൂനെയിലെത്തിയപ്പോൾ കാര്യങ്ങൾ മാറി. പാചകമുൾപ്പെടെയുള്ള വീട്ടുപണികൾ തൊട്ട് ബഡ്ഗെയുടെ കാൽ തിരുമ്മൽ വരെ കിസ്തയ്യയ്ക്ക് ചെയ്യേണ്ടി വന്നു. മാത്രമല്ല, കുറച്ചകലെ താമസിക്കുന്ന ബഡ്ഗെയുടെ സഹോദരിയുടെ വീട്ടിലെ പണികളും. ശമ്പളമാണെങ്കിൽ ഒരു കാലത്തും മുഴുവനായി ബഡ്ഗെ കൊടുക്കാറുമില്ല.
ശമ്പള കുടിശ്ശിക ഒരിക്കൽ ആറുമാസത്തോളമായപ്പോൾ, ഷോളാപ്പൂരിൽ നിന്നും കിസ്തയ്യയുടെ അമ്മ ബഡ്ഗയെ കണ്ട് യാചിക്കാനെത്തി. എന്നിട്ടും ഫലമുണ്ടായില്ല. അവസാനം സഹികെട്ട് കിസ്തയ്യ ഷോളാപ്പൂരിലേയ്ക്ക് ബഡ്ഗയെ അറിയിക്കാതെ തിരിച്ചു പോയി. പ്രകോപിതനായ ബഡ്ഗെ തൻ്റെ 200 രൂപ മോഷ്ടിച്ച് ശങ്കർ കിസ്തയ്യ നാടുവിട്ടെന്ന് കള്ളക്കേസ് കൊടുത്തു. പോലീസ് കിസ്തയ്യയെ പൊക്കി ലോക്കപ്പിലിട്ട് പീഡിപ്പിച്ചു. മർദ്ദനം സഹിക്ക വയ്യാതായപ്പോൾ കിസ്തയ്യ ബഡ്ഗെയുടെ കാലിൽ വീണു. ബഡ്ഗെ ‘വിശാലഹൃദയനാ’യി കിസ്തയ്യയെ വീണ്ടും സ്വീകരിച്ചു. കേസിൽ നിന്ന് മുക്തനാക്കി. മാസ ശമ്പളം 30 രൂപയാക്കി ഉയർത്തി. ആയുധക്കടത്തിന് വേണ്ടി ഉപയോഗിക്കാൻ തുടങ്ങി .

1948 ജനുവരി 9 ന് കർക്കരെയേയും ആപ്തേയേയും ഗോഡ്സേ യേയും പഹ് വ വീണ്ടും കണ്ടു. പൂനെയിൽ ശനിവാർ പേട്ടിലെ ഹിന്ദു രാഷ്ട്ര ഓഫീസിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. അവിടെ വെച്ചാണ് ഗാന്ധിയെ കൊല്ലാനുള്ള പദ്ധതി ആപ് തേ പഹ് വയോട് വെളിപ്പെടുത്തുന്നത്. ” നമുക്കൊപ്പം വരാൻ പഹ് വ തയ്യാറാണോ എന്ന് ആപ്തേ എന്നോട് ആരാഞ്ഞു. മദൻലാൽ എന്തു ചെയ്യാനും തയ്യാറാണെന്നും എന്നോടൊപ്പം അവൻ ഉണ്ടാകുമെന്നും ഞാൻ മറുപടി പറഞ്ഞു “.  കർക്കരേ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

അത് ശരിയായിരുന്നു. ഹൈദരാബാദിൽ നിസാമിനെതിരെ കലാപമുണ്ടാക്കാൻ ഗ്രനേഡുകൾ തേടിയുള്ള യാത്രയിലാണ് ചെമ്പൂരിലെ അഭയാർത്ഥി ക്യാമ്പിൽ വെച്ച് കർക്കരേ പഹ് വയെ കണ്ടുമുട്ടുന്നത്. യഥാർത്ഥത്തിൽ ദാദാ മഹാരാജിനെയാണ് കർക്കരെ ആദ്യം ബന്ധപ്പെടുന്നത്. ദാദാ മഹാരാജ് ഹിന്ദുമഹാസഭയ്ക്കും ഹിന്ദുത്വ ശക്തികൾക്കും, വൈഷ്ണവ പുഷ്ടി മാർഗ്ഗ് വിഭാഗത്തിൻ്റെ തലവനെന്ന നിലയ്ക്ക്, ദക്ഷിണയായി കിട്ടുന്ന ഭീമമായ സംഖ്യയിൽ ഒരു ഭാഗം സംഭാവനയായി നൽകിയിരുന്നത് നാം ചർച്ച ചെയ്തു. പക്ഷെ, ഹിന്ദുത്വ ശക്തികളുടെ ഭീകരവാദപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തിരുന്നില്ല. ആ ഭാഗം നിർവ്വഹിച്ചത് അദ്ദേഹത്തിൻ്റെ സഹോദരൻ ദീക്ഷിത് മഹാരാജ് ആണ്. ഭൂലേശ്വർ ക്ഷേത്രത്തിനരികെ ദാദാ മഹാരാജിൻ്റെ തൊട്ടടുത്ത വസതിയിലാണ് ദീക്ഷിത് മഹാരാജ് താമസിച്ചിരുന്നത് – ഗ്രനേഡുകൾക്കായി ബഡ്ഗെയെ സമീപിച്ചപ്പോൾ ഒരെണ്ണത്തിന് 200 രൂപ വീതം ബഡ്ഗെ ആവശ്യപ്പെട്ടു. അപ്പോഴാണ് മഹാരാജുമാർ ഗ്രനേഡുകൾ വിലക്കുറച്ച് ചെമ്പൂരിൽ അഭയാർത്ഥി ക്യാമ്പിൽ ലഭ്യമാണ് എന്ന വിവരം കർക്കരേയ്ക്ക് നൽകുന്നത്. പഹ് വയെ മദൻലാലിന് പരിചയപ്പെടുത്തിക്കൊടുത്തതും അവർ തന്നെ.

മദൻലാൽ പഹ് വ ഗ്വാളിയർ നാട്ടുരാജ്യത്തിൽ നിന്നാണ് ചെമ്പൂരിൽ എത്തുന്നത് എന്ന് നാം കണ്ടു. ഗ്വാളിയർ മഹാരാജാവായ ജിയാജി റാവു സിന്ധ്യ ഹിന്ദുത്വ ശക്തികളോട് ആഭിമുഖ്യം പുലർത്തിയിരുന്ന നാട്ടുരാജാക്കളിൽ പ്രമുഖനായിരുന്നു. വിഭജനകാലത്ത് പാകിസ്ഥാനിലേയ്ക്ക് പോകാൻ നിശ്ചയിച്ച മുസ്ലീങ്ങളെ ഗ്വാളിയറിൽ ട്രെയിനിൽ നിന്നിറക്കി മർദ്ദിക്കുന്നത് ഒരു കൂട്ടം ഹിന്ദുത്വഭീകരരുമായി ചേർന്ന് പഹ് വ പതിവാക്കിയിരുന്നു. കൊലകളടക്കം ഈ കൂട്ടം ചെയ്തിരുന്നു. മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാനും അവരെ ചുവന്ന തെരുവിൽ വില്ക്കാനും അവർ മടികാണിച്ചിരുന്നില്ല. അവിടെ നിന്നാണ് ചെമ്പൂരിലെത്തി പ്രൊഫസർ ജയിനിൻ്റെ പുസ്തക വില്‌പനക്കാരനായി പഹ് വ മാറുന്നത്. അതോടൊപ്പം തന്നെ വാസൻ പുഷ്പസെൻ എന്ന പടക്കക്കമ്പനിയിലും പഹ് വ ജോലി ചെയ്തിരുന്നു. പടക്കക്കമ്പനി ലൈസൻസിനെ മുൻനിർത്തി അനധികൃതമായ ഗ്രനേഡ് നിർമ്മാണമാണ് യഥാർത്ഥത്തിൽ അവിടെ നടന്നിരുന്നത്. ഗ്രനേഡ് നിർമ്മിക്കുന്ന തൊഴിലാളിയായിട്ടാണ് അവിടെ പഹ് വ ജോലി ചെയ്തിരുന്നത്. അങ്ങനെ നിർമ്മിക്കുന്ന ഗ്രനേഡുകളിൽ ചിലത് ഒളിച്ചു കടത്തി അഭയാർത്ഥി ക്യാമ്പിൽ മറിച്ചുവിറ്റ് പഹ് വ പണം സമ്പാദിച്ചിരുന്നു. അത്തരം അനധികൃത കച്ചവടം വഴിയാണ് പഹ് വ ദീക്ഷിത് മഹാരാജ്യമായി സമ്പർക്കപ്പെടുന്നത്.

ഇത്തരം അനധികൃത കമ്പനികളായിരുന്നു ബോംബെയിലേയും പൂനെയിലേയും ഹിന്ദു തീവ്രവാദികൾക്ക് സുലഭമായി ആയുധം കൊടുത്തിരുന്നത്. രണ്ടാം ലോകയുദ്ധത്തിൻ്റെ അവസരത്തിൽ  താത്ക്കാലികമായി സൈനിക സേവനത്തിന് വന്ന ബ്രിട്ടീഷുകാരിൽ പലരുടെ കൈയ്യിലും ആയുധങ്ങളും സ്ഫോടകവസ്തുക്കളും ധാരാളമായുണ്ടായിരുന്നു. യുദ്ധം അവസാനിച്ചതിനെ തുടർന്ന് അവരുടെ സേവനം ബ്രിട്ടീഷ് പട്ടാളം അവസാനിപ്പിച്ചപ്പോൾ അവയൊന്നും ഈ പട്ടാളക്കാർ തിരിച്ചേല്പിച്ചില്ല. മറിച്ച് കരിഞ്ചന്തയിൽ മറിച്ചു വില്ക്കുകയാണുണ്ടായത്. ബാഡ്ഗേയെപ്പോലുള്ളവർ ഇങ്ങനെ ലഭ്യമായ ആയുധങ്ങൾ ആണ് കൈമാറ്റം ചെയ്തിരുന്നത്.

ഒരു ഡസനിൽപ്പരം ഗ്രനേഡുമായാണ് ”കിർക്കി സേട്ടിനൊ” പ്പം പഹ് വ അഹ്മദ് നഗറിൽ എത്തുന്നത്. കർക്കരേയും പഹ് വയും അഹ്മദ് നഗറിലേയ്ക്ക് തിരിച്ച് മണിക്കൂറുകൾക്കകം വാസെൻ പുഷ്പസെൻ കമ്പനി അധികൃതർ റെയ്ഡ് ചെയ്തു. തൊഴിലാളികളെ മുഴുവൻ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി. ദൈവദൂതനെപ്പോലെ വന്ന് തന്നെ രക്ഷിച്ച കർക്കരെയോട് പിൽക്കാലത്ത് പഹ് വ കടപ്പെട്ടവനാകുന്നത് നാം കണ്ടു. ആ വിധേയത്വം കർക്കരേയ്ക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് പഹ് വ തങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന ഉറപ്പ് കൊടുക്കാൻ കർക്കരേയ്ക്ക് സാധിച്ചത്.

അരമണിക്കൂറിനുള്ളിൽ ബഡ്ഗേ അവിടെ എത്തിച്ചേർന്നു. തൻ്റെ കൈയ്യിലുള്ള ആയുധങ്ങളെ വിവരിച്ചു. അന്ന് വൈകുന്നേരം കർക്കരേയും പഹ് വയും ഓംപ്രകാശ് എന്ന് പേരുള്ള പഹ് വയുടെ അഭയാർത്ഥി സുഹൃത്തും ബഡ്ഗേയുടെ വസതിയിൽ പോയി. ശങ്കർ കിസ്തയ്യ ഉള്ളിൽ നിന്നും ആയുധച്ചാക്ക് ഏറ്റിക്കൊണ്ടുവന്നു. ആ ചാക്ക് തുറന്ന് ബഡ്ഗേ ആയുധശേഖരം അവർക്ക് കാണിച്ചു കൊടുത്തു. കർക്കരേയുടെ മൊഴി പ്രകാരം ഒരു ഹാൻഡ് ഗ്രനേഡും രണ്ട് റിവോൾവറുകളും ഒരു ഗൺ കോട്ടൺ സ്ലാബും ആണ് അതിൽ ഉണ്ടായിരുന്നത്.

എഴുപത്തെട്ട് വയസ്സു കഴിഞ്ഞ, അഹിംസയിൽ ഊന്നിയുള്ള ഒരു ലോക ജീവിതം സാധ്യമാണ് എന്ന് വിശ്വസിക്കുകയും പ്രവർത്തിച്ച് കാണിക്കുകയും ചെയ്ത, ഒരു ജീവിതത്തിന് വിരാമമിടാനുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ സ്വതന്ത്രേന്ത്യയിലെ ആദ്യത്തെ മാസ്റ്റർപ്ലാനിൻ്റെ ഒരു ഘട്ടം അവിടെ പൂർത്തിയാകുകയായിരുന്നു. അതിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ഒന്ന് അവരെല്ലാം അങ്ങേയറ്റം പോന്ന സവർക്കറൈറ്റുകൾ ആയിരുന്നു എന്നതാണ്. സവർക്കറുടെ ആജ്ഞ നിബന്ധനാരഹിതമായി അനുസരിക്കാൻ നിശ്ചയിച്ച, ചാവേറുകൾ. ബ്രാഹ്മണ രാഷ്ട്രീയം ഒരിക്കൽ മദൻലാൽ ദിംഗ്രയെക്കൊണ്ട്, അനന്ത് കൻഹാരേയെക്കൊണ്ട് ബ്രിട്ടീഷുകാർക്ക് നേരെ കാഞ്ചി വലിപ്പിച്ചെങ്കിൽ, സ്വതന്ത്രേന്ത്യയിൽ ആ കാഞ്ചി ബ്രിട്ടീഷുകാരെ മുച്ചൂടും എതിർത്ത ഗാന്ധിക്ക് നേരെയാണ് തിരിച്ചു വെച്ചത്. സൂക്ഷിച്ചു നോക്കിയാൽ ഇതിൽ യാതൊരു വൈരുദ്ധ്യവും ഇല്ലെന്ന് കാണാം. രണ്ടും ഹിന്ദുസ്ഥാൻ എന്ന് പേരിട്ട ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ പിറവിക്ക് വേണ്ടിയായിരുന്നു.

====****=====

Comments

comments