47 .അവസാനത്തിന് തൊട്ടു മുമ്പുള്ള സത്യഗ്രഹം
…………………………………..
നവഖാലിയും ബീഹാറും സന്ദർശിച്ച് തിരികെ ഡെൽഹിയിലെത്തിയ ഗാന്ധി, സ്വാതന്ത്ര്യത്തോടടുക്കും തോറും ഇന്ത്യൻ ജനതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിള്ളലും അതിൽ നിന്നുണ്ടായേക്കാവുന്ന രാഷ്ട്രീയത്തേയും കുറിച്ച് ആഴത്തിൽ തിരിച്ചറിഞ്ഞിരുന്നു. അധികാരക്കൈമാറ്റത്തിൻ്റെ ദിനങ്ങളിൽ സ്വതന്ത്രരായ ഒരു ഇന്ത്യൻ ജനത ഉണ്ടാകുക പ്രധാനപ്പെട്ട കാര്യമാണ് എന്ന് ചുറ്റുമുള്ളവരെ ഗാന്ധി നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. വർഗ്ഗീയ രാഷ്ട്രീയം പുകയുന്ന ഇടങ്ങളിലെല്ലാം അദ്ദേഹം ഓടി നടന്നു. കശ്മീരിൽ, വാ അഭയാർത്ഥി ക്യാമ്പിൽ, റാവൽപിണ്ടിയിൽ. വാ ക്യാമ്പിൽ തൻ്റെ വിശ്വസ്തയായ സുശീല നയ്യാരെ നിർത്തിക്കൊണ്ടാണ് ഗാന്ധി മടങ്ങുന്നത്. എക്കാലത്തും ഗാന്ധിയൻ സമരങ്ങളുടെ പ്രധാന പങ്കാളികളായി സ്ത്രീകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ മുമ്പോ പിമ്പോ ഇത്രമാത്രം സ്ത്രീ പങ്കാളിത്തം ഒരു രാഷ്ട്രീയ മുന്നേറ്റങ്ങളിലും ഉണ്ടായിട്ടില്ല എന്ന് പറയാൻ കഴിയും വിധം. ഗാന്ധിയുടെ സാന്നിദ്ധ്യം പഞ്ചാബിലും കശ്മീരിലും ഉരുണ്ടുകൂടിയ ആശങ്കകളെ തത്ക്കാലം ശമിപ്പിച്ചു.
1947 ആഗസ്റ്റ് 8 ന് ഗാന്ധി പാറ്റ്നയിൽ എത്തി കോൺഗ്രസ്സ് നേതാക്കളായും കോൺഗ്രസ്സ് മന്ത്രിസഭയിലെ അംഗങ്ങളായും ചർച്ച നടത്തി. അന്ന് സായാഹ്ന പ്രാർത്ഥനാ സമ്മേളനത്തിൽ സ്വാതന്ത്ര്യം ലഭിക്കാൻ പോകുന്ന ആഗസ്റ്റ് 15 ന് ഉപവസിക്കാനും പ്രാർത്ഥിക്കാനും നൂൽനൂൽക്കാനും ഗാന്ധി ജനങ്ങളോട് ആഹ്വാനം ചെയ്തു. ” ചർക്കയാണ് ബീഹാറിനെ ഉണ്ടാക്കിയത്. ഇന്നും ബീഹാർ നൂൽനൂൽപ്പിൽ മുന്നിലാണ്. ഇതുവരെ ആർജ്ജിച്ച എല്ലാം ചാമ്പലാകുന്നതിൽ നിന്നും ബീഹാറിനെ സ്വർഗ്ഗം തടഞ്ഞു. ” ഗാന്ധി പറഞ്ഞു. അന്ന് രാത്രി തന്നെ ഗാന്ധി കൽക്കട്ടയ്ക്ക് പുറപ്പെട്ടു.’നിഷ്ഠുരമായ കൽക്കട്ട കൊലപാതകങ്ങൾ ‘ക്ക് ശേഷം ഒരിക്കലും കൽക്കട്ട ശാന്തത അനുഭവിച്ചിരുന്നില്ല. മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ആഴത്തിൽ ഒരു വിള്ളൽ അവിടെ രൂപപ്പെട്ടിരുന്നു. പക്ഷെ, സുഹ്രവർദ്ദിയെപ്പോലുള്ള നേതാക്കളിൽ ഗാന്ധിയുടെ മുൻ സന്ദർശനം ആഴത്തിൽ മാറ്റമുണ്ടാക്കിയിരുന്നു. വിഭജനം അംഗീകരിച്ചത് കൊണ്ട് കോൺഗ്രസ്സുകാരനായ പ്രഫുല്ല ചന്ദ്ര ഘോഷിൻ്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽ വന്നിരുന്നു.                        ” അടിമത്തത്തിലേയ്ക്കുള്ള ഇന്ത്യയുടെ തിരിച്ചുപോക്കിന് ഞാൻ ജീവനുള്ള ഒരു സാക്ഷ്യമാകില്ല ” ഗാന്ധി ഘോഷിനോട് പറഞ്ഞു. ” ഹിന്ദു – മുസ്ലീം വൈരം തുടരുകയാണെങ്കിൽ അതായിരിക്കും ഇന്ത്യയുടെ വിധി. ശവകുടീരത്തിൽ കിടന്നും എൻ്റെ ആത്മാവ് ആ ദുരന്തത്തിൽ നിലവിളിക്കും. ദൈവം ആ ദുരന്തത്തിലേയ്ക്ക് നമ്മെ തള്ളിവിടാതിരിക്കട്ടെ എന്ന് മാത്രമാണ് എൻ്റെ പ്രാർത്ഥന .” ഭൂരിപക്ഷം ന്യൂനപക്ഷത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നതാകരുത് ഭരണത്തിൻ്റെ കല എന്ന് ഘോഷിനെ ഗാന്ധി ഉപദേശിച്ചു. പോലീസുകാർ ഒരു കാലത്തും മതത്തിൻ്റെ പേരിൽ പക്ഷം പിടിക്കാൻ പാടില്ല എന്ന് ഗാന്ധി അടിവരയിട്ടു പറഞ്ഞു.1947 ആഗസ്റ്റ് 11 ന് സുഹ്രവർദ്ദി ഗാന്ധിയെ സന്ദർശിച്ചു. സോദേപൂർ ആശ്രമത്തിലായിരുന്നു ഗാന്ധി താമസിച്ചിരുന്നത്. കത്തു പിടിക്കാൻ സാധ്യതയുള്ള നഗരമായ കൽക്കട്ടയിൽ നിന്ന് കനലണച്ച ശേഷം മാത്രമേ പോകാവൂ എന്ന് ഗാന്ധിയോട് സുഹ്രവർദ്ദി അഭ്യർത്ഥിച്ചു. സുഹ്രവർദ്ദി തനിക്കൊപ്പം ഒരു മേൽക്കൂരയ്ക്ക് കീഴെ പോലീസിൻ്റേയും സൈന്യത്തിൻ്റേയും സംരക്ഷണത്തിലല്ലാതെ  വസിക്കുകയാണെങ്കിൽ ഒന്നിച്ച് ജനങ്ങളെ കാണുകയും സമാധാനം പ്രചരിപ്പിക്കുകയും ചെയ്യാമെന്ന് ഗാന്ധി നിർദ്ദേശിച്ചു. അടുത്ത സായാഹ്നത്തിൽ സുഹ്രവർദ്ദി അത് സമ്മതിച്ചു. 1947 ആഗസ്റ്റ് 13 ന് ഗാന്ധി പട്ടേലിനെഴുതി. ” ഞാനും സുഹ്രവർദ്ദിയും (കൽക്കട്ടയിൽ) മുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഒരുമിച്ചു താമസിക്കാൻ പോവുകയാണ്.”

ഭീകരമായ അപകടസാധ്യതയാണ് ഗാന്ധി ഏറ്റെടുക്കുന്നതെന്ന് പട്ടേൽ തിരിച്ചെഴുതി. ഗാന്ധിയുടെ ആരോഗ്യനിലയ്ക്ക് അത് ഏറ്റെടുക്കാൻ കഴിയുമോ എന്നും പട്ടേൽ ആരാഞ്ഞു. പക്ഷെ, ഗാന്ധിയുടെ തീരുമാനങ്ങളുടെ ഇളകാ പ്രകൃതം അറിയാവുന്നതിനാൽ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്ന എന്ന അഭ്യർത്ഥനയോടെയാണ് പട്ടേൽ എഴുത്ത് അവസാനിപ്പിച്ചത്.

ഇന്ത്യ സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കെ ,1947 ആഗസ്റ്റ് 14 ഉച്ച തിരിഞ്ഞ്കൃ, ത്യമായി പറഞ്ഞാൽ 2.28 ന് ഗാന്ധി സോദാപൂരിൽ നിന്നും ബെലിയാഘട്ടയിലേയ്ക്ക് നീങ്ങി. കൽക്കത്തയിലെ വൃത്തികെട്ട ഭാഗങ്ങളിൽ ഒന്നായിരുന്നു ബലിയാഘട്ട. അവിടെ തകർന്നടിഞ്ഞു തുടങ്ങിയ ഒരു കെട്ടിടത്തിൻ്റെ – ഹൈദരി മാൻഷൻ്റെ –  3 മുറികളാണ് ഗാന്ധിക്ക് വേണ്ടി ഒരുങ്ങിയിരുന്നത്.

ജനക്കൂട്ടം ഒട്ടും സ്വസ്ഥരായിരുന്നില്ല. ഗാന്ധിക്കും സുഹ്രവർദ്ദിക്കുമെതിരെ അവർ മുദ്രാവാക്യങ്ങൾ വിളിച്ചു. പ്യാരേലാൽ എഴുതുന്നു. ” തന്നോടൊപ്പം താമസിക്കാനായി ബലിയാ ഘട്ടയിലേയ്ക്ക് ഗാന്ധി വിളിച്ചു വരുത്തിയ ഹൊറേസ് അലക്സാണ്ടർ എത്തിയപ്പോഴും പ്രകടനം തുടരുന്നുണ്ടായിരുന്നു. പ്രകടനക്കാർ അദ്ദേഹത്തേയും തടയാൻ ശ്രമിച്ചു. ഹോറേസിനെ അനുഗമിച്ചിരുന്ന ഇന്ത്യൻ സുഹൃത്ത് ജനക്കൂട്ടത്തോട് യുക്തി പറയാൻ ശ്രമിച്ചു. മറുപടിയായി കൂടുതൽ ശക്തിയോടെ ” ഗാന്ധി തിരിച്ചു പോ ” എന്ന അട്ടഹാസങ്ങൾ മുഴങ്ങി. അവസാനം അവർ രണ്ടുപേരും കാറിൽ നിന്നിറങ്ങി വീടിന് നേരെ നടക്കാൻ തുടങ്ങി. അട്ടഹാസങ്ങൾ തുടർന്നു. ഗാന്ധി ഇരിക്കുന്ന മുറിയുടെ ജനലിലൂടെ പിടിച്ചു കയറാൻ ചില യുവാക്കൾ ശ്രമിച്ചു. ഗാന്ധിയുടെ സംഘാംഗങ്ങൾ അവരോട് നിർത്താൻ യാചിച്ചു കൊണ്ടിരുന്നു. അതിന് ഒരു ഫലവും ഉണ്ടായില്ല. ഹൊറേസ് ജനാലകൾ അടക്കാൻ തുടങ്ങി. ഏറ്റവും തെറ്റായ പ്രവൃത്തികളിലൊന്നായി പിൽക്കാലത്ത് അദ്ദേഹം രേഖപ്പെടുത്തിയ പോലെ ആയിത്തീർന്നു അത്. അപ്പോൾ തന്നെ കല്ലുകൾ ജനാലകളിൽ പതിക്കുകയും ചില്ലുകഷണങ്ങൾ എല്ലാ ദിശയിലും പറന്നു നടക്കുകയും ചെയ്തു. ”

ബംഗ്ലാദേശ് രൂപം കൊള്ളാൻ തയ്യാറായിരിക്കേ, കൽക്കട്ട ഹിന്ദു ഭൂരിപക്ഷ നഗരമായി മാറിയിരുന്നു. ഹിന്ദുമഹാസഭ സൈനികവല്ക്കരിക്കാൻ ശ്രമിച്ച ഹിന്ദുക്കൾക്കും ഹൈന്ദവവല്ക്കരിക്കാൻ ശ്രമിച്ച രാഷ്ട്രീയത്തിനും കൽക്കട്ട സ്ഥാനം കൊടുക്കാൻ തുടങ്ങിയിരുന്നു. പ്രകടനം നയിച്ച പ്രതിനിധികൾ ഗാന്ധിയെ കാണാൻ തെരക്കിട്ടു. ” ഹിന്ദുക്കൾക്ക് മേൽ നേർ ബലപ്രയോഗം ആഗസ്റ്റ് 16 ന് നടപ്പിൽ വരുത്തുമ്പോൾ നിങ്ങൾ ഞങ്ങളുടെ രക്ഷയ്‌ക്കെത്തിയില്ല. ഇപ്പോൾ മുസ്ലീം പ്രദേശങ്ങളിൽ ഒരു ചെറിയ കുഴപ്പം ഉണ്ടായപ്പോൾ നിങ്ങൾ അവരുടെ പിന്തുണക്കാരനായി ഓടിയെത്തിയിരിക്കുന്നു. ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല. തിരിച്ചു പോ ”

ഹിന്ദുമഹാസഭ ഗാന്ധിക്കെതിരെ സൃഷ്ടിച്ച ഒരു മനോഭാവത്തിൻ്റെ മാതൃകാ മനോഭാവമാണ് മേൽ ഉദ്ധരിച്ച പ്രതിനിധിയുടെ അഭിപ്രായത്തിൽ പ്രതിഫലിക്കുന്നത്. ഇവിടെ നാം ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി ചെറുവിരൽ അനക്കാത്ത ഒരു കക്ഷിയുണ്ടെങ്കിൽ അത് ഹിന്ദു മഹാസഭയാണ്. മറ്റ് ഹിന്ദുത്വ സംഘടനകളും അങ്ങനെത്തന്നെ. എന്നാൽ സ്വതന്ത്രമായ ഒരു രാജ്യം നിലവിൽ വന്നപ്പോൾ അതിൻ്റെ ഉടമസ്ഥാവകാശം കരസ്ഥമാക്കാൻ ചാടി വീഴുന്നതിൽ ഒരു ഉളുപ്പും ഹിന്ദുമഹാസഭയ്ക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല, സ്വാതന്ത്ര്യ സമരത്തിൽ വലിയ പങ്കു വഹിച്ച ഒരു വ്യക്തിയുടെ മേലാണ്  അവർ ആശയങ്ങളും നിഗമനങ്ങളും ചോദ്യങ്ങളും എറിയുന്നത്. ഗാന്ധി വിജയിച്ചു എന്ന് അവർക്ക് ആഴത്തിൽ അറിയാമായിരുന്നു. പ്രത്യേകിച്ചും സവർക്കർക്ക്. അതിനാൽ ഇനി കീഴ്പ്പെടുത്തേണ്ടത് ഗാന്ധിയെയാണ്. അവസാനത്തെ വിജയിയെ വീഴ്ത്തുന്നവനുള്ളതാണ് കിരീടം എന്നതായിരുന്നു അവരുടെ യുക്തി. ബ്രാഹ്മണരുടെ മേൽക്കോയ്മാ മനോഭാവത്തിൽ മാത്രമാണ് ഈ യുക്തി സാധ്യമാകുക. മേലനങ്ങാതെ സ്ഥാപിക്കുന്ന മേൽക്കോയ്മ.

ഇത് തന്നെ വലുപ്പത്തിൽ പ്രയോഗിച്ചാൽ ഗോഡ്സേ ആൻഡ് കമ്പനിയുടെ മനോഭാവത്തിലെത്തും. എന്ന് പറഞ്ഞാൽ ഇന്ത്യയിലെ സവർണ്ണഹിന്ദുക്കളിൽ, പ്രത്യേകിച്ച് ബ്രാഹ്മണിസത്തിൽ തലചായ്ച്ച് എന്നും ഉറങ്ങാൻ പോകുന്നവരിൽ ഈ ഗാന്ധി വിരുദ്ധ മനോഭാവം വളർത്താൻ ഹിന്ദുമഹാസഭയ്ക്ക് കഴിഞ്ഞിരുന്നു. വിഭജനം നടന്നതോടെ ഇന്ത്യയിൽ രണ്ടു രാഷ്ട്രങ്ങൾ ഉണ്ടെന്ന് ആദ്യമായി പറഞ്ഞ സവർക്കറും കൂട്ടരും, ജിന്നയ്ക്കും ലീഗിനും പാകിസ്ഥാൻ ലഭിച്ച വകയിലും സവർക്കർക്കും ഹിന്ദുമഹാസഭയ്ക്കും ഹിന്ദുസ്ഥാൻ ലഭിക്കാത്ത വകയിലും, ഗാന്ധി എന്ന ബലിയാടിനെ അറുത്ത് രക്തമൊഴുക്കണമായിരുന്നു. ഗാന്ധിയാകട്ടെ ഇന്ത്യയിലെ വെറും പൗരനായി മാറിക്കഴിഞ്ഞിരുന്നു. മന്ത്രിസഭയിലുണ്ടായിരുന ഹിന്ദുമഹാസഭയുടെ ശ്യാമപ്രസാദ് മുഖർജിക്ക് ആഗസ്റ്റ് 15 മുതൽ ഗാന്ധിയേക്കാൾ കൂടുതൽ ഭൗതികാധികാരം ലഭിക്കാനിരിക്കേ ആണ് ഗാന്ധിയെ ബലിയാടാക്കുന്നത് എന്നോർക്കണം.

എന്തായാലും ഗാന്ധി ശാന്തനായി മറുപടി പറഞ്ഞു. “ 1946 ഓഗസ്റ്റിന് ശേഷം ധാരാളം വെള്ളം പാലത്തിനടിയിലൂടെ ഒഴുകിപ്പോയി. അന്ന് മുസ്ലീങ്ങൾ ചെയ്തത് അങ്ങേയറ്റം തെറ്റായിരുന്നു. 1946 ൽ സംഭവിച്ചതിന് 1947 ൽ പകരം വീട്ടുന്നതിന് എന്ത് അർത്ഥമാണുള്ളത്. നിങ്ങളുടെ സ്വന്തം ബന്ധുക്കൾ എൻ്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്ന നവഖലിയിലേയ്ക്കുള്ള യാത്രയിലാണ് ഞാൻ ( നവഖലി ബംഗ്ലാദേശിൻ്റെ ഭാഗവും അവിടെ ഹിന്ദുക്കൾ ന്യൂനപക്ഷവും ആയിരുന്നു ). പക്ഷെ ഇപ്പോൾ ഞാൻ കരുതുന്നത് ഇവിടെ നിന്ന് നവഖാലി യെ സേവിക്കാമെന്നാണ്. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കേണ്ടത് ഞാനിവിടെ വന്നിട്ടുള്ളത് മുസ്ലീങ്ങളെ മാത്രം സേവിക്കാനല്ല. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അതുപോലുള്ള മറ്റുള്ളവരേയും….. ഞാൻ എന്നെത്തന്നെ  നിങ്ങളുടെ സംരക്ഷണത്തിന് ഏല്പിക്കുകയാണ്. എൻ്റെ നേരെ തിരിയാൻ ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് വേണമെങ്കിൽ എനിക്ക് എതിർ നിൽക്കാം. ഞാനെൻ്റെ ജീവിതയാത്രയുടെ അവസാനമെത്താറായിരിക്കുന്നു. എനിക്കധികം മുന്നോട്ടു പോകാനില്ല. നവഖലിയിലെ മുസ്ലീങ്ങൾക്കും ഇതേ അന്ത്യശാസനം തന്നെയാണ് ഞാൻ കൊടുത്തിരിക്കുന്നത്. ഞാൻ ആ അവകാശം നേടിയിരിക്കുന്നു. നവഖലിയിൽ ഇനിയും ഒരു മുസ്ലീം ഭ്രാന്ത് ഉണ്ടാകുകയാണെങ്കിൽ അവർ എന്നെ മരിച്ച നിലയിൽ കാണും. ഈ ചുവടുവെയ്പ് വഴി നവഖലിയിലെ സമാധാനത്തിൻ്റെ ഭാരം സുഹ്രവർദ്ദിയുടേയും മിയാൻ ഗുലാം സർവാറും മറ്റുള്ളവരും പോലുള്ള അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെയും ചുമലിൽ വെച്ചു കൊടുക്കുന്നത് നിങ്ങൾ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്. അത് ഒരു ചെറിയ നേട്ടമല്ല

പിൽക്കാലത്ത് വെടിയേറ്റ് വീഴും മുമ്പ് ഗോഡ്സേയുമായി സംസാരിക്കാൻ ഇട വന്നിരുന്നുന്നുവെങ്കിൽ, സ്ഥലപരമായ പരാമർശങ്ങൾ മാറ്റിവെച്ച്, ഗാന്ധി ഇത് തന്നെയാകും പറയാൻ മുതിരുക. താത്ക്കാലികമായ പരിചരണങ്ങൾക്കും എതിർപ്പുകൾക്കു മപ്പുറമാണ് മനുഷ്യജീവിതത്തിൻ്റെ പ്രസക്തി എന്നദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാൽ 125 വർഷം ജീവിക്കാൻ ഒരുമ്പെട്ട ഗാന്ധിയിൽ നിന്നും എന്ന് വേണമെങ്കിലും ലോകത്തോട് വിട പറയാവുന്ന ഒരു അവസ്ഥയിൽ ഗാന്ധി എത്തിയിരുന്നു.

സരളവും നേരുള്ളതുമായ ഈ വാക്കുകൾക്ക് മുന്നിൽ ആ ജനക്കൂട്ടത്തിൻ്റെ പത്തി താഴാൻ തുടങ്ങി. പിന്നീടുള്ള ദിവസങ്ങളിൽ അവരിൽ ചിലർ ഹൈദരി മാൻഷന് മുന്നിൽ കാവൽ നിൽക്കാൻ തുടങ്ങി. 1947 ആഗസ്റ്റ് 15 ന് ശേഷം യാതൊരു സുരക്ഷാവലയവും ഗാന്ധിക്ക് ഉണ്ടായിരുന്നില്ല.

ആഗസ്റ്റ് 14 ന് പ്രാർത്ഥനാ സമ്മേളനത്തിൽ ഗാന്ധി സംസാരിച്ചു. ” നാളെ മുതൽ നാം ബ്രിട്ടീഷ് ഭരണത്തിൻ്റെ ബന്ധനങ്ങളിൽ നിന്ന് മോചിതരാവുകയാണ്. പക്ഷെ, ഇന്ന് അർദ്ധരാത്രി മുതൽ ഇന്ത്യ വിഭജിക്കപ്പെടുകയും ചെയ്യും. അതിനാൽ നാളെ സന്തോഷത്തിൻ്റെ ദിവസമാണ് ,സങ്കടത്തിൻ്റേയും .അത് ഉത്തരവാദിത്വത്തിൻ്റെ കനത്ത ഭാരം നമുക്ക് എറിഞ്ഞു തന്നിരിക്കുന്നു. അത് മൂല്യവത്തായി കൈകാര്യം ചെയ്യാൻ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം. സ്വന്തം വീടുകളിൽ നിന്ന് ഓടിപ്പോകേണ്ടി വന്ന മുസ്ലീങ്ങളെ നമുക്ക് അവരുടെ വീടുകളിലേയ്ക്ക് തിരിച്ചെത്തിക്കാം. കൽക്കത്തയിൽ രണ്ട് ദശലക്ഷം വരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ഊരിപ്പിടിച്ച വാളുമായി മുഖാമുഖം നിൽക്കുകയാണെങ്കിൽ, ഞാനെങ്ങനെയാണ് നവ ഖലിയിൽ ചെന്ന് അവിടുത്തെ മുസ്ലീങ്ങളോട് ഹിന്ദുക്കളുടെ കാര്യത്തിനായി അഭ്യർത്ഥിക്കുക ? വർഗ്ഗീയവിദ്വേഷത്തിൻ്റെ നാമങ്ങൾ മുഴുവൻ രാജ്യത്തേയും മൂടുകയാണെങ്കിൽ ഇപ്പോൾ പിറന്ന സ്വാതന്ത്ര്യം എങ്ങനെയാണ് അതിജീവിക്കുക?

ഏതാണ്ട് ഒരു ലക്ഷം പേർ തുറന്ന ഹൃദയത്തോടെ ഇത് കേട്ടു നിന്നു എന്ന് ശേഷ്റാവു ചവാൻ ” മഹാത്മാഗാന്ധിയുടെ അന്ത്യദിനങ്ങൾ ” എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
1947 ആഗസ്റ്റ് 15 ന് ഗാന്ധി വെളുപ്പിന് 2 മണിക്ക് എണീറ്റു. അന്ന് അദ്ദേഹത്തിൻ്റെ സെക്രട്ടറിയായിരുന്ന, അദ്ദേഹം മകനെപ്പോലെ കണക്കാക്കിയിരുന്ന മഹാദേവ് ദേശായിയുടെ അഞ്ചാം ചരമ വാർഷിക ദിനം കൂടിയായിരുന്നു. ആ ദിനങ്ങളിൽ ഉപവാസമെടുക്കുക അദ്ദേഹത്തിൻ്റെ പതിവായിരുന്നു. അതിരാവിലെ പ്രാർത്ഥനാ സമ്മേളനം കൂടുന്നതും. അത് പുരോഗമിച്ചു കൊണ്ടിരിക്കേ ടാഗോറിൻ്റെ സ്വാതന്ത്ര്യ ഗീതം പാടി ഒരു കൂട്ടം പെൺകുട്ടികൾ ഹൈദരി മാൻഷനിലെത്തി ഗാന്ധിയെ കണ്ട് മടങ്ങിപ്പോയി. അത് കഴിഞ്ഞ് മറ്റൊരു കൂട്ടം. പ്രഭാതം പൊട്ടി വിടരും വരെ അത് തുടർന്നുകൊണ്ടേയിരുന്നു.

ആദ്യത്തെ സ്വാതന്ത്ര്യദിനം കൽക്കട്ടയ്ക്ക് അതിശയദിനം കൂടിയായിരുന്നു. നിരവധി ട്രക്കുകളിൽ കൂടിക്കലർന്നിരുന്ന് മുസ്ലീങ്ങളും ഹിന്ദുക്കളും ” ഹിന്ദു മുസ്ലീം ഒന്നാണ് ” എന്നും “ഹിന്ദുമുസ്ലീം സോദരരാണ് ” എന്നും മുദ്രാവാക്യം വിളിച്ചു. ” ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യപ്പെടുക ” ” ജയ്ഹിന്ദ് ” എന്ന് അവർ വിളിച്ചു കൊണ്ടേയിരുന്നു.

പശ്ചിമബംഗാളിലെ ക്യാബിനറ്റ് മന്ത്രിമാർ ഗാന്ധിയെ സന്ദർശിക്കുകയുണ്ടായി. ഗാന്ധി അവരോട് പറഞ്ഞു.

ഇന്നു മുതൽ നിങ്ങൾ മുൾക്കിരീടം ധരിക്കാൻ പോകുന്നു. സത്യവും അഹിംസയും വളർത്തിയെടുക്കാൻ അവിശ്രമം പരിശ്രമിക്കുക. വീനീതരാകുക. ക്ഷമാശീലരാകുക. നിസ്സംശയമായും ബ്രിട്ടീഷ് ഭരണം (ബ്രിട്ടീഷ് ഭരണത്തിൻ്റെ പിൻവാങ്ങൽ) നിങ്ങളെ ഉത്സാഹഭരിതർ ആക്കിയിട്ടുണ്ടാകും. പക്ഷെ ഇപ്പോൾ നിങ്ങൾ തുടർച്ചയായി പരീക്ഷിക്കപ്പെടും. അധികാരത്തെ സൂക്ഷിക്കുക. അധികാരം ദുഷിപ്പിക്കും. അതിൻ്റെ പൊങ്ങച്ചത്തിലും പൊലിമയിലും നിങ്ങളെ കുടുങ്ങാൻ അനുവദിക്കരുത്. ഓർക്കുക, ഇന്ത്യൻ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സേവിക്കാനാണ് നിങ്ങൾ കാര്യാലയങ്ങളിൽ ഇരിക്കുന്നത്. ദൈവം നിങ്ങളെ സഹായിക്കട്ടെ

വൈകീട്ട് പ്രാർത്ഥനാ മൈതാനത്തിൽ 30,000 വരുന്ന ജനക്കൂട്ടത്തെ ഗാന്ധി അഭിസംബോധന ചെയ്തു. ഖിലാഫത്ത് ദിനങ്ങളേക്കാൾ പ്രകടമായ മൈത്രി ഇപ്പോൾ അനുഭവിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.ഗാന്ധിക്ക് ശേഷം സംസാരിച്ച സുഹ്രവർദ്ദി, വീടുപേക്ഷിച്ച് പോയ ഹിന്ദുക്കൾ ആ വീടുകളിലേയ്ക്കും മുസ്ലീങ്ങൾ അവരുടെ വീടുകളിലേക്കും മടങ്ങി വരും വരെ ദൗത്യം അവസാനിച്ചെന്ന് കരുതരുത് എന്ന് ജനക്കൂട്ടത്തെ അദ്ദേഹം ഓർമ്മിപ്പിച്ചു. ചില ആളുകൾ വിചാരിച്ചത് ഹിന്ദു – മുസ്ലീം മൈത്രി അസംഭവ്യമെന്നാണ്. സുഹ്രവർദ്ദി പ്രസംഗത്തിൽ പറഞ്ഞു. പക്ഷെ, ദൈവത്തിൻ്റെ ഇച്ഛകൊണ്ടും മഹാത്മജിയുടെ കൃപകൊണ്ടും മൂന്നാ നാലോ ദിവസം മുമ്പ് അചിന്ത്യമായ ഒന്ന് അത്ഭുതകരമായി ഒരു വസ്തുതയായി മാറിയിരിക്കുകയാണ്.

ഹൈദരി മാൻഷനിൽ താമസിച്ചു കൊണ്ട് ആ വർഷത്തെ ഈദ് ഗാന്ധി ആഘോഷിക്കുകയുണ്ടായി. കൽക്കത്തയിലെ ഈ അത്ഭുതം കണ്ട് മൗണ്ട് ബാറ്റൺ പ്രഭു ഗാന്ധിയ്‌ക്കെഴുതി. ” പഞ്ചാബിൽ നമുക്ക് 55,000 പട്ടാളക്കാരുണ്ടായിരുന്നു. എന്നിട്ടും ധാരാളം കലാപങ്ങൾ  നടന്നു. ബംഗാളിൽ ഞങ്ങളുടെ സൈന്യം ഒരാൾ മാത്രമായിരുന്നു. അവിടെ ഒരു കലാപവും നടന്നില്ല. സർവ്വീസിലുള്ള ഒരു ഉദ്യോഗസ്ഥനെന്ന നിലയിലും ഒരു ഭരണാധികാരി എന്ന നിലയിലും ആ ഒറ്റയാൾ അതിർത്തിപ്പട്ടാളത്തിന് എൻ്റെ അഭിവാദനം രേഖപ്പെടുത്താൻ എന്നെ അനുവദിച്ചാലും. ആ ഒറ്റയാൾ പട്ടാളത്തിൻ്റെ സഹായിയായ രണ്ടാമനേയും, മിസ്റ്റർ സുഹ്രവർദ്ദിയേയും ഞാൻ മറക്കുന്നില്ല. “അന്ന് പശ്ചിമബംഗാളിലെ ഗവർണ്ണർ ആയിരുന്ന സി.രാജഗോപാലാചാരിയും, ഗാന്ധിജി പല കാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും കൽക്കട്ടയിലെ തിന്മയ്‌ക്കെതിരെയുള്ള വിജയത്തെപ്പോലെ അത്ഭുതാവഹമായ മറ്റൊന്ന് ഉണ്ടായിട്ടില്ല എന്ന് പറയുകയുണ്ടായി.

പക്ഷെ ആ അത്ഭുതം ഏതാനും ദിവസമേ നീണ്ടു നിന്നുള്ളു. 1947 ആഗസ്റ്റ് 31 ന് രാത്രി പത്തുമണിക്ക് ഒരു സംഘം ഹിന്ദു വർഗ്ഗീയവാദികൾ ഹൈദരി മാൻഷനിൽ കടന്നുവന്ന് ഗാന്ധിയെ കാണണം എന്ന് ആവശ്യപ്പെടുകയുണ്ടായി. മുദ്രാവാക്യങ്ങൾ വിളിച്ചും കെട്ടിടത്തിൽ കല്ലെറിഞ്ഞുമാണ് അവർ കടന്നു വന്നത്. മനുവും ആഭയും ഉണർന്നെണീറ്റ് വരാന്തയിൽ വന്ന് ആ കൂട്ടത്തെ തടയാൻ ശ്രമിച്ചു. ബഹളം കേട്ട് ഉറക്കമെണീറ്റ ഗാന്ധി  അവരുടെ അടുത്തേക്ക് ചെന്ന് പറഞ്ഞു. ” എന്ത് ഭ്രാന്താണിത്. എന്നെ ആക്രമിക്കാനാണെങ്കിൽ ഞാനിതാ നിങ്ങളുടെ മുമ്പിലുണ്ട്”. ശേഷ്റാവു ചവാൻ എഴുതുന്നു. ” ഒരു ഇഷ്ടികത്തുണ്ട് അദ്ദേഹത്തെ കടന്നു പോയി. ലാത്തികൊണ്ടുള്ള ഒരടി നെല്ലിടയ്ക്ക് ഒഴിവായി

കൽക്കട്ട വീണ്ടും കത്താൻ തുടങ്ങി. ഹിന്ദുമഹാസഭയാണ് കലാപത്തിന്റെ പിന്നിൽ എന്നതിനാൽ കലാപം നിയന്ത്രിക്കാൻ അവരുടെ നേതാക്കളിൽ വിവേകം അവശേഷിക്കുന്ന ആരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. പ്യാരേലാലും ചാരു ചൗധരിയും ചേർന്ന് ഡോ. ശ്യാമപ്രസാദ് മുഖർജിയെ കാണാൻ നിശ്ചയിച്ചു. അദ്ദേഹം പിത്തസഞ്ചിയിൽ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഹിന്ദുമഹാസഭാ പ്രവർത്തകരോട് അക്രമങ്ങളിൽ നിന്ന് അകന്നു നില്ക്കാൻ ആഹ്വാനം ചെയ്യുന്ന പ്രസ്താവന പുറപ്പെടുവിക്കണമെന്ന് അവർ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. താമസിയാതെ അത്തരമൊരു പ്രസ്താവന അദ്ദേഹം തയ്യാറാക്കിത്തന്നു. ഹിന്ദുമഹാസഭയുടെ മറ്റൊരു ബംഗാൾ നേതാവായിരുന്ന എൻ സി ചാറ്റർജി വസതിയിൽ ഉണ്ടായിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെടാമെന്നും പ്രസ്താവന വാങ്ങിച്ചു തരാമെന്നും ശ്യാമപ്രസാദ് മുഖർജി ഉറപ്പു നൽകി.

തിരിച്ച് ഹൈദരി മാൻഷനിലെത്തുമ്പോൾ കലാപം നിർത്താനായി ഹിന്ദുമഹാസഭാപ്രവർത്തകരോട് ആവശ്യപ്പെടുന്ന പ്രസ്താവനയ്ക്കായി അഭ്യർത്ഥിച്ചു കൊണ്ട്ശ്യാമപ്രസാദ് മുഖർജിക്ക് കത്തെഴുതുന്ന ഗാന്ധിയെയാണ് പ്യാരേലാൽ കാണുന്നത്. തങ്ങൾ ആ  ദൗത്യം നിറവേറ്റി എന്നറിഞ്ഞ് അദ്ദേഹം സന്തോഷിച്ചു. പിറ്റേന്ന് മുഖർജിയുടെ പ്രസ്താവന പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ അക്രമങ്ങളിൽ കുറവ് വന്നില്ലെന്ന് മാത്രമല്ല, അവ ആളിപ്പടരാൻ തുടങ്ങി. ബെലിയാഗഞ്ചിലേയ്ക്ക് ട്രക്കിൽ വന്ന ഒരു കൂട്ടം അക്രമികൾ ഹൈദരി മാൻഷനിൽ നിന്നും അത്ര അകലെയല്ലാതെ നിലകൊള്ളുന്ന ഒരു കെട്ടിടത്തിലേയ്ക്ക് ഗ്രനേഡ്‌ എറിഞ്ഞു. രണ്ട് മുസ്ലീങ്ങൾ കൊല്ലപ്പെട്ടു.

രക്തത്തിൻ്റെ ഒരു സംഭരണിയിൽ കിടക്കുന്ന ജഡങ്ങളെ ഗാന്ധി നോക്കി നിന്നു. ആ കണ്ണുകൾ ആകാശത്തേയ്ക്ക് തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരു കൂട്ടം ഈച്ചകൾ ശബ്ദമുണ്ടാക്കിക്കൊണ്ട് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ഹിന്ദു തീവ്രവാദികളുടെ ഗ്രനേഡ് ജീവനെടുത്തവർ പാവപ്പെട്ട ദൈനംദിന തൊഴിലാളികൾ ആയിരുന്നു. അതിലൊരാൾ ധരിച്ചിരുന്നത് കീറിപ്പറഞ്ഞ ദോത്തിയായിരുന്നു. ഒരു നാലണത്തുട്ട്, ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ആകെ സമ്പാദ്യം മൃതശരീരത്തിനരികെ കിടന്നിരുന്നു.

1947 സെപ്തംബർ 1 ന് രാത്രി 8.15 മുതൽ കൽക്കട്ടയിൽ ഗാന്ധി നിരാഹാര സത്യഗ്രഹം ആരംഭിച്ചു.  പണ്ഡിറ്റ് നെഹ്റുവും സർദാർ പട്ടേലും ഗാന്ധിയുമായി ബന്ധപ്പെട്ടു. ലാഹോറിലെ തൻ്റെ സമാധാനശ്രമങ്ങൾ ഗാന്ധിയുടെ കൽക്കട്ടാ സത്യഗ്രഹവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നെഹ്റുവിന് അറിയാമായിരുന്നു.

ഇന്ത്യ പിറന്നു വീണത് പരസ്പര വെറുപ്പിൻ്റെ ഈകാട്ടുതീയ്യിലാണ്. അത് ആളിപ്പടർന്നാൽ തങ്ങളുടെ രാജ്യം വരും എന്ന് സവർക്കറും കൂട്ടാളികളും ആശിച്ചു. ദേശം, ജനത തുടങ്ങിയ ആശയങ്ങളിൽ നിന്നും വൈകാരികതകളിൽ നിന്നും ദൂരെയായിരുന്നു അവർ. ആരൊക്കെ ചാകുന്നു, ആരെല്ലാം കൊല്ലുന്നു എന്നത് അവരെ സ്പർശിച്ചതേ ഇല്ല. മനുഷ്യത്വരഹിതമായ ബ്രാഹ്മണിക രാഷ്ട്രീയമായിരുന്നു അവരുടെ. തുല്യത ബ്രാഹ്മണിസത്തിന് എന്നും അന്യമായത് കൊണ്ട് പശു ചാകുന്നത്ര സങ്കടം പോലും അവർക്ക് മനുഷ്യർ ചത്തുവീഴുമ്പോൾ ഇല്ലായിരുന്നു. അഭയാർത്ഥികളെ മുന്നിൽ നിർത്തി അവർ തന്ത്രങ്ങൾ മെനഞ്ഞു.

ഗാന്ധിയാകട്ടെ, അറ്റ കൈയ്യായി മുഴുവൻ രാഷ്ട്രീയത്തേയും തൻ്റെ ശരീരത്തിലേക്ക് ആവേശിക്കുകയായിരുന്നു. ഇന്ത്യ എന്നത് യാതൊരു മൂല്യവും വിളയാത്ത ഇടമാകരുത് എന്ന് അദ്ദേഹം കരുതി. അതിന് വേണ്ടി നിരാഹാരത്തിൻ്റെ അരങ്ങൊരുക്കി അതിൽ തൻ്റെ ശരീരത്തെ മുൻനിർത്തി ത്യാഗത്തിന്റെ രാഷ്ട്രീയം വിരചിച്ചു.

73 വിലപ്പെട്ട മണിക്കൂറുകൾക്ക് ശേഷം അത് വിജയിച്ചു. ” ഗാന്ധിജിക്ക് ഞങ്ങൾ, താഴെ ഒപ്പിടുന്നവർ നൽകുന്ന വാഗ്ദാനം എന്തെന്നാൽ ശാന്തിയും സമാധാനവും കൽക്കട്ടയിൽ വീണ്ടും തിരിച്ചുപിടിച്ചെന്നും ഇനിയൊരിക്കലും കൽക്കട്ടയിൽ വർഗ്ഗീയ കലാപം ഉണ്ടാകാൻ സമ്മതിക്കില്ലെന്നും അങ്ങനെയുണ്ടായാൽ അത് തടയാൻ മരണം വരെ ശ്രമിക്കുമെന്നും ” എന്നെഴുതിയ രേഖയിൽ ഹിന്ദുമഹാസഭയുടെ എൻ.സി ചാറ്റർജിയും ഡി എൻ മുഖർജിയും ഒപ്പുവെച്ചു. പിന്നാലെ മുസ്ലീം ലീഗിന് വേണ്ടി സുഹ്രവർദ്ദിയും പഞ്ചാബികൾക്ക് വേണ്ടി ആർ കെ ജയ്ഡ്കയും സിക്കുകാർക്ക് വേണ്ടി നിരഞ്ജൻ സിങ്ങ് താലിബും ഒപ്പുവെച്ചു. കൽക്കട്ട തണുത്തു. 1947 സെപ്റ്റംബർ 4 ന് രാത്രി 9.15 ന് ഗാന്ധി നേർപ്പിച്ച നാരങ്ങാവെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചു.

1947 സെപ്തംബർ 7 ന് രാത്രി 9 മണിക്ക് ബേലൂരിൽ നിന്നും ഡെൽഹിയിലേയ്ക്ക് ഗാന്ധി തീവണ്ടി കേറി. സ്ത്രീകൾ ഗാന്ധിയെ ആരതിയുഴിഞ്ഞു. ട്രെയിൻ യാത്ര തിരിച്ചപ്പോൾ പ്ലാറ്റ് ഫോമിൽ ഒരു മനുഷ്യൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. ഷഹീദ് സുഹ്രവർദ്ദിയായിരുന്നു ആ മനുഷ്യൻ.

പിറ്റേ മാസം ഒക്ടോബർ 2 ന് ഗാന്ധിക്ക് 78 വയസ്സ് തികയുമായിരുന്നു. എത്തിപ്പെടാൻ പോകുന്ന ഡെൽഹി ഒരു നിരാഹാരത്തിൻ്റെ സാധ്യത, അനാരോഗ്യത്തിൽ ഉലയാൻ തുടങ്ങുന്ന ആ മുതിർന്ന പൗരനെ കാത്തിരിക്കുന്നു എന്ന്‌ അദ്ദേഹം അറിഞ്ഞിരിക്കുമോ ?

48. ദില്ലി എന്ന മൃതനഗരത്തിൽ
………………………
പിൽക്കാലത്ത് കൽക്കട്ടയെ ഡൊമിനിക് ലാപിയർ വിശേഷിപ്പിച്ചത് ആനന്ദത്തിൻ്റെ നഗരം എന്നാണ്. ജീവിതാനന്ദം കൽക്കട്ടയുടെ ഓരോ രോമകൂപങ്ങളേയും ത്രസിപ്പിച്ചിരുന്നു എന്ന അർത്ഥത്തിൽ. എന്നാൽ 1947 ൽ ഗാന്ധി കണ്ട കൽക്കട്ട വിലാപങ്ങളുടെ നഗരമായിരുന്നു. ആ നഗരത്തിൻ്റെ കണ്ണീർ തുടച്ച് സങ്കടം ഏറ്റുവാങ്ങി ഗാന്ധി പുറപ്പെട്ടത് മൃത നഗരത്തിലേയ്ക്കാണ്. ഡെൽഹിയുടെ ഒപ്പ് അതിൻ്റെ ശവകുടീരങ്ങൾ ആയിരുന്നു. ശവകുടീരങ്ങളെ ഡെൽഹി എപ്പോഴും ആദരിച്ചിരുന്നു. ഹുമയൂണിൻ്റെ ശവകുടീരം ആയാലും ഗാലിബിൻ്റേതായാലും. പേടിപ്പിക്കുന്ന ഇടങ്ങൾ ആയിരുന്നില്ല ഡെൽഹിയിലെ ശവകുടീരങ്ങൾ. അവിടെ കുഞ്ഞുങ്ങൾ പിച്ച നടന്നു. പ്രണയികൾ കൂടുതൽ പ്രണയിച്ചു. വൃദ്ധർ അലസമായിരുന്ന് ഓർത്തു.എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഡെൽഹി പൊട്ടാനൊരുങ്ങി നിൽക്കുന്ന ബോംബ് പോലെ ആയിരുന്നു.പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു, സിക്ക് അഭയാർത്ഥികൾ ഡെൽഹിയിലേയ്ക്ക് ഒഴുകി. അവരെ ഡെൽഹിയിലെ മുസ്ലീങ്ങൾക്കും കോൺഗ്രസ്സിനും എതിരായി തീർക്കുന്നതിൽ ഹിന്ദുമഹാസഭ ഒരു പരിധി വരെ വിജയിച്ചു. ഡെൽഹിയിലെ മുസ്ലീം വസതികളും പള്ളികളും പിടിച്ചെടുത്ത് അവിടെ കയറി താമസിക്കാൻ ഹിന്ദുമഹാസഭയും ഹിന്ദുത്വ ശക്തികളും പ്രേരിപ്പിച്ചു .

1947 സെപ്തംബർ 9 ന് ഗാന്ധി ഡെൽഹിയിലെ ഷഹദര റെയിൽവേസ്‌റ്റേഷനിൽ തീവണ്ടിയിറങ്ങി. സർദാർ പട്ടേലാണ് സ്വീകരിച്ചത്. സാധാരണ ഡെൽഹിയിൽ ഗാന്ധി താമസിക്കാറുള്ള ഭാംഗി കോളനിയിലേയ്ക്കല്ല പട്ടേൽ ഗാന്ധിയെ കൊണ്ടുപോയത്. ബിർള ഹൗസിലേയ്ക്കാണ്. പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളാൽ നിറഞ്ഞിരുന്നു ഭാംഗി കോളനി. മത വർഗ്ഗീയ ശക്തികളാൽ സ്വാധീനിക്കപ്പെട്ട അവരുടെ ഇടയിൽ ഗാന്ധിയുടെ ജീവിതം സുരക്ഷിതമായിരിക്കില്ല എന്ന് പട്ടേൽ കരുതി. ബിർള ഹൗസിൽ ഗാന്ധി എത്തിയ ഉടൻ നെഹ്റു സന്ദർശനത്തിനെത്തി. ഇരുപത്തിനാലു മണിക്കൂർ കർഫ്യു ഡെൽഹിയിൽ പ്രഖ്യാപിച്ചിരുന്നു. ഉറക്കമില്ലായ്മയിൽ ക്ഷീണിതനായ നെഹ്റുവിൻ്റെ മുഖത്ത് ക്ഷോഭം തിരയടിക്കുന്നത് കാണാമായിരുന്നു. എന്തിനാണ് കോപപ്പെടുന്നത് എന്ന ഗാന്ധിയുടെ ചോദ്യത്തിന് താൻ തന്നോട് തന്നെയാണ് ദേഷ്യപ്പെടുന്നത് എന്ന് നെഹ്റു പ്രതിവചിച്ചു.

ഡെൽഹിയെ അപകടകരമായ അസ്വസ്ഥപ്രദേശമായി ഇന്ത്യൻ ഗവണ്മെൻ്റ് പ്രഖ്യാപിച്ചിരുന്നു. പോലീസും സായുധസേനകളും അവിടെ റോന്തുചുറ്റി. എന്നിട്ടും കൊലയും കൊള്ളയും നിർബാധം നടന്നു. അഭയാർത്ഥികളുടെ അനിയന്ത്രിതമായ പ്രവാഹം തുടർന്നു കൊണ്ടിരുന്നു. 1947 ആഗസ്റ്റ് 27 നും നവംബർ 6 നും ഇടയിൽ 673 ട്രെയിനുകളിലായി 28 ദശലക്ഷത്തോളം മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും പലായനം ചെയ്തു. 1200 സൈനിക, അസൈനിക വാഹനങ്ങളിലായി 4, 27,000 അമുസ്ലിങ്ങൾ ഇന്ത്യയിലേക്കും 2,17 ,000 മുസ്ലീങ്ങൾ പാകിസ്ഥാനിലേക്കും സഞ്ചരിച്ചു. 1947 സെപ്തംബർ 15നും ഡിസംബർ 7 നും ഇടയ്ക്ക് 27,000 അഭയാർത്ഥികൾ ഗവണ്മെൻറ് ഏർപ്പെടുത്തിയ ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഇന്ത്യയിലെത്തി. ഡെൽഹിയിലെ ജനങ്ങളിൽ നാലു പേരിൽ ഒരാൾ അഭയാർത്ഥിയാണ് എന്ന നില വന്നു.

1947 സെപ്റ്റംബർ 10 മുതൽ മുസ്ലീം, ഹിന്ദു അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കാൻ തുടങ്ങി. ഹുമയൂൺ ശവകുടീരത്തിനടുത്തുള്ള അറബ് – കി – സരായിലെ മുസ്ലീം അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് ഗാന്ധി തൻ്റെ പര്യടനം തുടങ്ങിയത്. ആൾവാർ, ഭരത്പൂർ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാനിലേയ്ക്ക് ഉള്ള യാത്രയും കാത്തിരിക്കുന്ന മിയാ – മുസ്ലീങ്ങൾ ആയിരുന്നു ആ ക്യാമ്പിൽ ഉണ്ടായിരുന്നത്. തങ്ങൾക്ക് ഇന്ത്യ വിട്ടു പോകാൻ ആഗ്രഹമില്ലെന്ന് അവർ ഗാന്ധിയോട് പറഞ്ഞു. പിന്നീട് ജാമിയ മിലിയ ഇസ്ലാമിയ സ്ഥിതി ചെയ്യുന്ന ഓക്ലയിലേയ്ക്കാണ് ഗാന്ധി പോയത്. അവിടെ  അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ഡോ.സക്കീർ ഹുസൈൻ പഞ്ചാബിൽ നിന്ന് ഡെൽഹിയിലേയ്ക്ക് മടങ്ങുമ്പോൾ  ജലന്ധറിൽ വെച്ച് തലനാരിഴയ്ക്കാണ് കൊലയാളികളിൽ നിന്ന് രക്ഷപ്പെട്ടത്. തുടർന്ന് ദിവാൻ ഹാൾ അഭയാർത്ഥി ക്യാമ്പിലെത്തിയ ഗാന്ധിയെ എതിർപ്പോടെയാണ് സിക്ക്, ഹിന്ദു അഭയാർത്ഥികൾ വരവേറ്റത്.തങ്ങളേക്കാൾ മുസ്ലീങ്ങളെയാണ് ഗാന്ധി പരിഗണിക്കുന്നതെന്ന് അവർ ആരോപിച്ചു. അനിതരസാധാരണയായ ഒരു വിഷാദം ഗാന്ധിയുടെ മുഖത്ത് പ്രതിഫലിച്ചു എന്ന് പിൽക്കാലത്ത് പ്യാരേലാൽ എഴുതി. 41 മൈൽ നീണ്ടു നിന്ന ആ ദിവസത്തെ യാത്ര കിങ്ങ്സ് വേ അഭയാർത്ഥി ക്യാമ്പിൽ ആണ് അവസാനിച്ചത്. അവിടെ നടത്തിയ പ്രാർത്ഥനാ സമ്മേളനത്തിൽ ഗാന്ധി മൂർദ്ദാബാദ് വിളികൾ ഉയർന്നു. ഗാന്ധിയുടെ വാഹനത്തിന് നേരെ കല്ലുകളും സോഡാക്കുപ്പികളും എറിയപ്പെട്ടു.

1947 സെപ്തംബർ 13 ന് പുരാണകിലയിലെ മുസ്ലീം ക്യാമ്പിൽ ഗാന്ധി എത്തി. അവിടെയും ഗാന്ധിക്കെതിരെ പ്രതിഷേധം ഉയർന്നു. സെപ്തംബർ 14 ലെ പ്രാർത്ഥനാ യോഗത്തിൽ ഗാന്ധി ചോദിച്ചു : ” ഡെൽഹിയിലെ പൗരർക്ക് ഭ്രാന്തു പിടിച്ചോ? അവരിൽ മാനവികത അസ്തമിച്ചോ? രാജ്യസ്നേഹവും രാജ്യത്തിൻ്റെ സ്വാതന്ത്ര്യവും അവരിൽ ഒന്നും ജനിപ്പിക്കുന്നില്ലേ?

വീടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട മുസ്ലീങ്ങളെ തിരികെ വിളിക്കാൻ അദ്ദേഹം ഹിന്ദുക്കളോടും സിക്കുകാരോടും നിർദ്ദേശിച്ചു. ആ ധീര നടപടി അവർ സ്വീകരിക്കുകയാണെങ്കിൽ ഡെൽഹിയേയും ഇന്ത്യയേയും അപമാനത്തിൽ നിന്നും നാശത്തിൽ നിന്നും അവർക്ക് രക്ഷിക്കാൻ കഴിയുമെന്നും. ഡെൽഹിയിലെ തുണിമിൽ തൊഴിലാളികളുടെ വൻ യോഗത്തിൽ ഗാന്ധി പറഞ്ഞു. “കുറ്റകൃത്യങ്ങളെ സ്വർണ്ണത്രാസിൽ അളക്കാൻ പറ്റില്ല. രണ്ട് ഭാഗത്തേയും കുറ്റകൃത്യങ്ങളെ അളക്കാനുള്ള വിശദാംശങ്ങൾ എൻ്റെ പക്കലില്ല. രണ്ടു വിഭാഗങ്ങളും കുറ്റവാളികളാണ് എന്നറിയാൻ പര്യാപ്തമായ സുനിശ്ചിതമായ അറിവ് എനിക്കുണ്ട്. ” രണ്ട് വിഭാഗങ്ങളും സമ്മതിയിലെത്തിയില്ലെങ്കിൽ യുദ്ധം മാത്രമേ പോംവഴിയായുണ്ടാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭ്രാതൃഹത്യയിലൂടെ തകരുന്ന ഇന്ത്യയിൽ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും.

1947 സെപ്തംബറിൽ തുടങ്ങിയ ഗാന്ധിയുടെ സമാധാന ശ്രമങ്ങൾ 1948 ജനുവരി വരെയും മുഴുവൻ ഫലവും കൊണ്ടുവന്നില്ല. “ഞാനൊരു ചൂളയ്ക്കുള്ളിലാണ് “, അദ്ദേഹം എഴുതി. ” നാം മാനവികതയെ നമ്മുടെ കാലുകൾക്കടിയിൽ ഞെരിക്കുകയാണ്. അടുത്ത കാൽവെയ്പ് എങ്ങോട്ടാണ് എന്ന് എനിക്ക് നിശ്ചയമില്ല. ഞാൻ വെളിച്ചത്തിന് വേണ്ടി ഉഴറുകയാണ്. അതിൻ്റെ വിളറിയ രശ്മികൾ പിടിച്ചെടുക്കാനേ എനിക്കിനിയും കഴിഞ്ഞിട്ടുള്ളു. ”

1948 ജനുവരി 12 ന് ഗാന്ധി മൗനവ്രതത്തിൽ ആയിരുന്നു. എല്ലാ തിങ്കളാഴ്ചയും പോലെ. സുശീല നയ്യാർ ആയിരുന്നു ആ ദിവസം ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിൽ അദ്ദേഹത്തിൻ്റെ സന്ദേശം വായിക്കുക. അന്ന് വായിക്കാൻ ഗാന്ധി ഏല്പിച്ച കടലാസുകളിലൂടെ കടന്നുപോയ സുശീല നയ്യാർ അസ്തപ്രജ്ഞയായി. ആ വാർത്തയുമായി പ്യാരേലാലിനടുത്തേക്ക് സുശീല നയ്യാർ ഓടിയെത്തി. ഡെൽഹിയിലെ ഭ്രാന്ത് അവസാനിച്ചില്ലെങ്കിൽ ഗാന്ധി മരണം വരെ ഉപവസിക്കുന്നു. കുറച്ചു നേരം മുമ്പ് കൂടെയുണ്ടായിരുന്ന പട്ടേലിനോടും നെഹ്റുവിനോടും പോലും ഗാന്ധി ഉപവാസത്തെക്കുറിച്ച് ഒരു സൂചനയും നൽകിയിരുന്നില്ല.

പ്രസ്താവനയിൽ ഗാന്ധി പറഞ്ഞു : ” 1947 സെപ്റ്റംബർ 9 ന് ഡെൽഹിയിൽ ഞാൻ തിരിച്ചെത്തുമ്പോൾ അത് ഒരു മൃതനഗരമായി കാണപ്പെട്ടു. അത് കണ്ട ഉടനെ ഡെൽഹിയിൽ ഞാൻ ചെയ്യേണ്ടത് “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ” എന്നതാണെന്ന് ഞാൻ ഉറപ്പിച്ചു. സൈന്യത്തിൻ്റേയും പോലീസിൻ്റേയും കൃത്യമായ നടപടികൾ വഴി താരതമ്യേനയുള്ള സമാധാനം കൊണ്ടുവരാനായിട്ടുണ്ട്. പക്ഷെ, നെഞ്ചിനുള്ളിൽ കൊടുങ്കാറ്റുണ്ട്. അത് വരാനിരിക്കുന്ന ഏത് ദിവസവും പൊട്ടിത്തെറിക്കാം.”

” ഒരു സത്യഗ്രഹി ഒരിക്കലും നിരായുധനാകില്ല. …… അവസാന നിഗമനം എന്നിൽ മിന്നുകയും അതെന്നെ സന്തുഷ്ടനാക്കുകയും ചെയ്തു. ”

ആ പ്രസ്താവന അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു. ” എൻ്റെ ഉപവാസം മനസ്സാക്ഷിയെ കൊല്ലാതിരിക്കട്ടെ , അതിനെ പ്രചോദിപ്പിക്കട്ടെ. പ്രിയപ്പെട്ട ഇന്ത്യയിൽ ഉടലെടുത്ത അളിയലിനെപ്പറ്റി ചിന്തിക്കുക, അവളുടെ  വിനീതനായ പുത്രന് ഈ സന്തോഷ പ്രദമായ കാൽവെയ്പ് എടുക്കാൻ ആവശ്യമായ ത്ര  ശക്തനും  ഒരു പക്ഷേ ശുദ്ധനും ആണ് എന്നോർക്കുമ്പോൾ നിങ്ങൾ സന്തോഷിക്കപ്പെടും. അത് രണ്ടുമല്ലെങ്കിൽ അയാൾ ഭൂമിക്കൊരു ഭാരമായി തീരും. അയാൾക്കും ബന്ധപ്പെട്ടവർക്കും നല്ലത് എത്രയും പെട്ടെന്ന് അയാൾ ഇല്ലാതായിത്തീർന്ന്  ഭാരിച്ച ഇന്ത്യൻ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നതാണ് ”

1948 ജനുവരി 13 ന് രാവിലെ 11.55 ന് ഗാന്ധി നിരാഹാരം ആരംഭിച്ചു.
കപൂർ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങൾ അനുസരിച്ച് ഗാന്ധിയുടെ നിരാഹാരത്തിന് രണ്ടു ലക്ഷ്യങ്ങൾ ആണ് ഉണ്ടായിരുന്നത്. 1) പാകിസ്ഥാന് നൽകേണ്ടിയിരുന്ന ബാക്കി തുക പിടിച്ചുവെയ്ക്കാനുള്ള തീരുമാനം റദ്ദ് .ചെയ്തത് പിൻവലിക്കുക. 2) ഡെൽഹിയിൽ  യഥാർത്ഥമായ  ഹിന്ദു – മുസ്ലീം മൈത്രിയ്ക്ക് വേണ്ടിയുള്ള അന്തരീക്ഷം സംജാതമാക്കുക

ഇന്ത്യാ വിഭജനം നടക്കുന്ന കാലത്ത് ഇന്ത്യൻ ഖജനാവിലെ നീക്കിയിരുപ്പ് 275 കോടി രൂപയായിരുന്നു. അതിൽ 75 കോടി രൂപയാണ് പാകിസ്ഥാന് കൊടുക്കാൻ നിശ്ചയിച്ചിരുന്നത്. അതിൽ 20 കോടി രൂപ ആദ്യം തന്നെ പാകിസ്ഥാന് നൽകുകയുണ്ടായി. ബാക്കി  55 കോടി രൂപ 1947 ഡിസംബറിൽ നൽകാമെന്നായിരുന്നു കരാർ. എന്നാൽ കശ്മീരിനെ ആക്രമിച്ചതിനെ തുടർന്ന് പാകിസ്ഥാന് ആ തുക നൽകേണ്ടതില്ലെന്ന് 1948 ജനുവരി 7 ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയും ജനുവരി 12 ന് അക്കാര്യം പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ രാജ്യങ്ങൾ കരാറുകളിൽ സത്യസന്ധത പാലിക്കണമെന്നും പിറന്നു വീണ ഉടൻ തന്നെ ഇന്ത്യ ചീത്തമാതൃക ലോകത്തിന് നൽകരുതുമെന്ന മൗണ്ട് ബാറ്റൻ്റേയും ഗാന്ധിയുടേയും നിർബന്ധം അനുസരിച്ച് 1948 ജനുവരി 15 ന് ചേർന്ന മന്ത്രിസഭായോഗം പണം തടഞ്ഞുവെച്ച തീരുമാനം പിൻവലിക്കുകയുണ്ടായി. ഇതും ഹിന്ദുമഹാസഭയും ഹിന്ദുത്വ ശക്തികളും മുതലെടുക്കാൻ ശ്രമിച്ചു.

എന്നാൽ തൻ്റെ രണ്ടാമത്തെ ലക്ഷ്യമായ ഹിന്ദു – മുസ്ലീം മൈത്രി പ്രാവർത്തികമാക്കുന്നതിനായി ഗാന്ധി നിരാഹാരം തുടർന്നു. അഭയാർത്ഥികൾ കൈയേറിയ മുസ്ലീം ഭവനങ്ങളിലെ യഥാർത്ഥ ഉടമസ്ഥർ പുരാണകിലയിലും മറ്റുമുള്ള അഭയാർത്ഥി ക്യാമ്പുകളിൽ ആയിരുന്നു. അവരെ അവരുടെ ഭവനങ്ങളിലേയ്ക്ക് തിരിച്ചു വിളിക്കണമെന്നും അഭയാർത്ഥികൾ കൈയ്യേറിയ മുസ്ലീം പള്ളികൾ അവർക്ക് ആരാധനക്കായി വിട്ടുനൽകണം എന്നായിരുന്നു ഗാന്ധിയുടെ ആവശ്യം. ഇതിനായി നാലിന പരിപാടി ഗാന്ധി മുന്നോട്ടുവെച്ചു. ആ നാലിനങ്ങൾ താഴെപ്പറയുന്നവയായിരുന്നു.

1. മെഹ്റോളിയിലെ ക്വാജ കുത്ത്ബുദ്ദീൻ്റെ കബറിൽ എല്ലാ വർഷവും മുസ്ലീങ്ങൾ നടത്തുന്ന ഉറൂസ് മുടക്കമില്ലാതെ നടത്തണം.
2. മുസ്ലീങ്ങൾക്ക് ഡെൽഹിയിൽ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവസ്ഥ സംജാതമാക്കണം.
3.  ഹിന്ദുക്കളും സിക്കുകാരും കൈയ്യടക്കിയതിനെ തുടർന്ന് മുസ്ലീങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന പള്ളികളിൽ നിന്ന് അവർ കുടിയിറങ്ങുകയും മുസ്ലീം പ്രദേശങ്ങൾ ബലം പ്രയോഗിച്ച് കീഴടക്കാതിരിക്കുകയും ചെയ്യണം.
4. പാകിസ്ഥാനിലേയ്ക്ക് കുടിയേറിയ മുസ്ലീങ്ങൾ തിരിച്ചു വരുന്നത് ഹിന്ദുക്കൾ തടയാതിരിക്കണം.

ഈ നാലിന പരിപാടി നടപ്പാകാതിരിക്കാൻ ഹിന്ദുമഹാസഭയും ഹിന്ദുത്വ ശക്തികളും പരമാവധി പരിശ്രമിച്ചു .അഭയാർത്ഥികളെ അവർ ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനങ്ങളിലേയ്ക്ക് പ്രകോപിതരാക്കി പറഞ്ഞയച്ചു. ” മാർത്താ ഹൈ തോ മാർണേ ദോ ” ( (ഗാന്ധിക്ക് ) ചാവണമെങ്കിൽ ചത്തോളു) തുടങ്ങിയ പ്രകോപനകരമായ മുദ്രാവാക്യങ്ങൾ അവരെക്കൊണ്ട് ഹിന്ദുത്വ ശക്തികൾ വിളിപ്പിച്ചു

എന്നാൽ കൊൽക്കത്തയിലെ മാന്ത്രികത ഗാന്ധി ആവർത്തിക്കുകയായിരുന്നു. ഗാന്ധിയുടെ ആരോഗ്യം ക്ഷയിക്കുന്നതിനനുസരിച്ച് പ്രതിഷേധങ്ങൾ കുറഞ്ഞു വന്നു. അവസാനം 1948 ജനുവരി 18 ന് ഹിന്ദുമഹാസഭ ഉൾപ്പെടെയുള്ള കക്ഷികൾ നാലിന പരിപാടി നടപ്പാക്കാൻ സമ്മതിച്ച് ഒപ്പു വെയ്ക്കുകയുണ്ടായി. അതെ തുടർന്ന് 1948 ജനുവരി 18 ഉച്ചയ്ക്ക് 12.45 ന് മൗലാനാ ആസാദ് നൽകിയ നാരങ്ങ നീര് സ്വീകരിച്ച് ഗാന്ധി നിരാഹാരം പിൻവലിച്ചു.

ഹിന്ദുത്വ ശക്തികളുടെ താടിയെല്ലുകൾക്കുള്ളിൽ നിന്ന് ഇന്ത്യയെ വലിച്ചെടുക്കുകയായിരുന്നു ഗാന്ധി ചെയ്തത്. ഇന്ത്യയെ ഹിന്ദുസ്ഥാൻ ആക്കാനുള്ള അവരുടെ ശ്രമങ്ങളെ കൽക്കട്ടയിലും ഡെൽഹിയിലും ഒരു പരിധി വരെ ബിഹാറിലും ഗാന്ധി തടഞ്ഞു. ജനാധിപത്യം എന്നത് ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പരിഗണന കൂടിയാണെന്ന വലിയ തത്വം ഇന്ത്യയുടെ രാഷ്ട്രീയ ആത്മാവിൽ ആഴത്തിൽ എഴുതിച്ചേർക്കപ്പെട്ടു. മതേതരത്വം എന്ന ആശയം ഇന്ത്യൻ ബഹുജന  സമൂഹത്തിൻ്റെ നട്ടെല്ലായി.

ഇതേ സമയം പൂനെയിൽ ഗാന്ധി വധത്തിന് വേണ്ടിയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ  ഗൂഢാലോചന പ്രത്യക്ഷരൂപം പ്രാപിക്കുകയായിരുന്നു. 1948 ജനുവരി 9 ന് ബഡ്ഗെയുടെ കൈയ്യിലെ ആയുധ ശേഖരം പര്യാപ്തമെന്ന് കണ്ടശേഷം കർക്കരേയേയും പഹ് വ യേയും ആപ്തേ ബോംബെയിലേയ്ക്കയച്ചു. അന്തിമ പദ്ധതിയാകും വരെ അവരോട് ബോംബെയിലെ ഹിന്ദുമഹാസഭാ കാര്യാലയത്തിൽ താമസിക്കാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് അവർ അന്ന് രാത്രി തന്നെ ബോംബെയ്ക്ക് പുറപ്പെട്ടു. ഗോഡ്സെയും ആപ്തേയും പൂനെയിൽ തങ്ങി മറ്റ് മുന്നൊരുക്കങ്ങൾ ചെയ്യാനാരംഭിച്ചു. അതിൽ പ്രധാനപ്പെട്ട ഒന്ന് തങ്ങളുടെ പദ്ധതി മറച്ചുവെയ്ക്കാനുള്ള വ്യാജ ആഖ്യാനം കെട്ടിപ്പൊക്കലായിരുന്നു. ഹിന്ദുമഹാസഭയുടെയും ആർ എസ് എസിൻ്റേയും വിഭവസമാഹരണത്തിൽ വലിയ പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു ആൾവാർ നാട്ടുരാജ്യത്തിലെ പ്രധാനമന്ത്രി ആയിരുന്ന എൻ.ഡി. ഘരേ. ആർ എസ് എസിൻ്റെ കേന്ദ്രമായിരുന്ന നാഗ്പൂർ ആയിരുന്നു ഘരേയുടെ ജന്മദേശം. 1948 ജനുവരി 20 ന് അദ്ദേഹത്തിൻ്റെ മകളുടെ വിവാഹച്ചടങ്ങുകൾ നാഗ്പൂരിൽ വെച്ചു നടത്താൻ നിശ്ചയിച്ചിരുന്നു.

ഇത് മുൻ നിർത്തി, തങ്ങൾ നാഗ്പൂരിലേക്ക് പുറപ്പെടുകയാണ് എന്ന പ്രതീതി വ്യവഹാരം സൃഷ്ടിക്കാനാണ് ഗോഡ്സേ – ആപ്തേ ദ്വയം മുതിർന്നത്. ആപ്തേയുടെ ഇളയ സഹോദരനായ മാധവ് റാവു അപ്തേയ്ക്ക് അതിന് മുന്നോടിയായി ‘ഹിന്ദുരാഷ്ട്ര ‘ യുടെ ചുമതല ഏല്പിച്ചു. ഗോഡ്സേയുടെ സഹോദരി മധു , ഭർത്താവ് പ്രഭാകർ ത്രിംബക് മറാഠേയ്ക്കൊപ്പം നാഗ്പൂരിലായിരുന്നു വസിച്ചിരുന്നത്. എന്നാൽ അവരുടെ മകൾ വത്സല പൂനെയിൽ ഗോഡ്സെയുടെ ഭവനത്തിൽ താമസിച്ചുകൊണ്ട് ഹൈസ്കൂൾ വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. വത്സലയെക്കൊണ്ട് വ്യാജ ഉള്ളടക്കം പേറുന്ന ഒരു കത്ത് പ്രഭാകറിന് അയപ്പിച്ചു. പിൽക്കാലത്ത് പോലീസിന് പ്രഭാകർ അക്കാര്യം മൊഴിയായി നൽകിയിരുന്നു. 1948 ജനുവരി 16 നോ 17 നോ ആ കത്ത് തനിക്ക് കിട്ടിയെന്നും നാഥുറാം ഗോഡ്സേ ഉടൻ തന്നെ നാഗ്പൂർക്ക് വരുന്നുവെന്ന സന്ദേശമായിരുന്നു അത് ഉൾക്കൊണ്ടിരുന്നതുമെന്നായിരുന്നു ആ മൊഴി.

ഇങ്ങനെ നാഗ്പൂർക്ക് പോകുന്നു എന്ന വ്യാജപ്രതീതി സൃഷ്ടിച്ച ശേഷം 1948 ജനുവരി 14 ന് ഗോഡ്സേയും ആപ്തേയും ബോംബെയ്ക്ക് വണ്ടി കയറി. യഥാർത്ഥത്തിൽ മദൻലാൽ കശ്മീരിലാൽ പഹ് വയെ മുൻനിർത്തി ഗാന്ധിവധം നിർവ്വഹിക്കാനായിരുന്നു ആപ്തേ – ഗോഡ്സേ ദ്വയത്തിൻ്റെ പദ്ധതി എന്ന് വേണം വ്യാജത്തെളിവുകളുടെ നിർമ്മാണത്തിൽ നിന്നും മനസ്സിലാക്കാൻ. സവർക്കർ പിന്നിൽ നിന്നു കൊണ്ട് നടത്തിയ രണ്ടു കൊലകളുടെ, ദിംഗ്രയെ മുൻനിർത്തി നടത്തിയ കഴ്സൺ വില്ലിയുടെ കൊലപാതകവും കൻഹാരെയെ മുൻനിർത്തി നടത്തിയ ജാക്സൺ കൊലപാതകവും, രീതിത്തുടർച്ച ഈ തയ്യാറെടുപ്പുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട് . ജാക്സൺ വധക്കേസിൽ സവർക്കർ പിടിയിലായതിൻ്റെ സ്മരണയിൽ, പഹ് വ പിടിയാലായാൽ പോലും തങ്ങൾ പിടിയിലാകരുത് എന്ന ഉദ്ദേശത്തിലാകും വ്യാജത്തെളിവുകളുടെ നിർമ്മിതിക്ക് ഇവർ ഒരുമ്പെട്ടത് എന്ന് വേണം കരുതാൻ. എന്തായാലും ആപ്തേയും ഗോഡ്സേയും കയറിയ അതേ തീവണ്ടിയിൽ തന്നെ മറ്റൊരു കംപാർട്ട്മെൻ്റിൽ ബഡ്ഗേയും ശങ്കറും കയറിപ്പറ്റിയിരുന്നു. ശങ്കറിൻ്റെ കാക്കി ഹോൾഡോളിനുള്ളിൽ രണ്ട് ഗൺ കോട്ടൺ സ്ലാബുകളും അഞ്ച് കൈ ഗ്രനേഡുകളും അതിൻ്റെ അനുബന്ധ സാമഗ്രികളായ ഫ്യൂസുകളും വയറുകളും  ഭദ്രമായി കരുതിയിരുന്നു.

തീവണ്ടിയിൽ ജാലകത്തിന് സമീപമുള്ള ഒരു ഇരിപ്പിടം തേടി സുന്ദരിയായ ഒരു യുവതി നടക്കുന്നത് ആപ്തേയുടെ കണ്ണുകൾ പിടിച്ചെടുത്തു. ഉടൻ തന്നെ ബിംബ എന്ന പേരിൽ പ്രസിദ്ധയായ നാടക, സിനിമാ നടിയായ ശാന്ത മോദക് ആണ് അവരെന്ന് സിനിമാപ്രേമിയായ ആപ് തേയ്ക്ക് മനസ്സിലായി. ഉടൻ തന്നെ അവരെ വിളിച്ചു വരുത്തി താൻ ഇരിക്കുന്ന ജാലകത്തിനടുത്തെ ഇരിപ്പിടം ആപ് തേ ഒഴിഞ്ഞു കൊടുത്തു. തൻ്റെ ഇരിപ്പിടം നേരെ എതിരിലിരിക്കുന്ന ഗോഡ്സേയുടെ അടുത്തേയ്ക്ക് ആപ് തേ മാറ്റി സ്ഥാപിച്ചു. സ്ത്രീകളുമായി അടുത്തിടപഴകാൻ, എപ്പോഴും ആഗ്രഹിച്ചിരുന്ന ആപ്തേ തൻ്റെ ചടുലമായ സംഭാഷണങ്ങൾ കൊണ്ടും തമാശ നിറഞ്ഞ ഇടപെടലുകൾ കൊണ്ടും ബിംബയുടെ ശ്രദ്ധയാകർഷിച്ചു. ബോംബെയിലേയ്ക്കുള്ള ഏതാനും മണിക്കൂറുകൾ മാത്രം നീണ്ട യാത്ര കൊണ്ട് ചെറുതായ ഒരു സൗഹൃദം അവരുമായി സ്ഥാപിച്ചെടുക്കാൻ ആപ്തേയ്ക്ക് കഴിഞ്ഞു. അതിൻ്റെ ഫലമായി ബോംബെ ദാദർ സ്‌റ്റേഷനിൽ നിന്നും ശിവാജി പാർക്ക് വരെയുള്ള ഗോഡ്സേയുടേയും ആപ്തേയുടേയും യാത്ര തൻ്റെ സഹോദരൻ കൊണ്ടുവരുന്ന വാഹനത്തിൽ ആകാമെന്ന് അവർ അവരോട് പറഞ്ഞു. അവർ അത് സന്തോഷപൂർവ്വം സ്വീകരിച്ചു.
അന്നേരം അത് ഒരു അനുഗ്രഹമായി അവർക്ക് തോന്നിയിരിക്കണം. എന്നാൽ പിൽക്കാലത്ത് ബിംബ എന്ന ശാന്താ മോദക് ആണ് അവർക്കെതിരെയുള്ള പ്രധാനപ്പെട്ട ഒരു മൊഴി നൽകിയത്. ” ദാദർ സ്റ്റേഷനിൽ ഞങ്ങൾ വണ്ടിയിറങ്ങി. ഞാൻ ആ മാന്യരോട് ശിവാജി പാർക്കിലേയ്ക്കുള്ള ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞു. അവർ അത് സ്വീകരിച്ചു. എൻ്റെ സഹോദരൻ്റെ വസതിയും സവർക്കർ സദനും റോഡിൻ്റെ ഒരേ വശത്തായിരുന്നു.( ഞങ്ങൾ ) അവരെ സവർക്കർ സദന് എതിരേ ഇറക്കിവിടുകയും അവർ സവർക്കർ സദൻ ലക്ഷ്യം വെച്ച് പോകുന്നത് കാണുകയും ചെയ്തു

ഈ മൊഴി, സവർക്കർക്ക് ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനയിൽ പങ്കാളിത്തമുണ്ടെന്ന  കണ്ടെത്തലിലേയ്ക്ക് പോലീസിനെ നയിച്ച താക്കോൽ ആയിരുന്നു. ഗാന്ധിവധത്തിന് ശേഷം മൊഴി കൊടുക്കുക മാത്രമല്ല ശാന്താമോദക് ചെയ്തത്, പ്രോസിക്യൂഷൻ സാക്ഷി കൂടിയായി ഡെൽഹി വിചാരണക്കോടതിയിൽ ഹാജരാവുകയും ചെയ്തു. അവിടെ വെച്ച് അവർ വിശദമായി മൊഴി നൽകുകയും ചെയ്തു. ഗാന്ധിവധത്തിൻ്റെ വിചാരണ ഡെൽഹിയിൽ ചെങ്കോട്ടയിൽ നടന്നുകൊണ്ടിരിക്കേ 1948  ആഗസ്റ്റ് 5 ൻ്റെ ഹിന്ദു പത്രത്തിൽ വന്ന റിപ്പോർട്ടിൽ ആ മൊഴിയുടെ വിശദാംശങ്ങൾ ഉണ്ട്. അതനുസരിച്ച് ശാന്താ ഭാസ്ക്കർ മോദക്കിൻ്റെ വിചാരണാവേളയിലെ മൊഴി അനുസരിച്ച് വൈകീട്ട് 7 മണിക്കാണ് അവർ ദാദർ സ്‌റ്റേഷനിൽ വണ്ടിയിറങ്ങിയത്. താമസംവിനാ വന്നു ചേർന്ന ത്രിംബക്കിൻ്റെ ജീപ്പിൽ അവർ ശിവാജി പാർക്കിലേയ്ക്ക് പോയി. പോകുന്ന വഴിക്ക് ജീപ്പ് വില്ക്കാൻ ആഗ്രഹിക്കുന്ന കാര്യം ത്രിംബക്, ശാന്താ മോദക്കിനോട് സൂചിപ്പിക്കുകയുണ്ടായി. ഉടൻ തന്നെ ആപ്തേയും ഗോഡ്സേയും അവർക്ക് ആ ജീപ്പ് വാങ്ങാൻ ആഗ്രഹമുണ്ട് എന്ന് പറയുകയുണ്ടായി. എന്നാൽ കുറച്ചു ദിവസം അവർ പൂനെയിലോ ബോംബെയിലോ സമീപപ്രദേശങ്ങളിലോ ഉണ്ടായിരിക്കുകയില്ലെന്നും തിരിച്ചു വന്നതിന് ശേഷം അതിനെക്കുറിച്ചാലോചിക്കാമെന്നും പറഞ്ഞു.

ത്രിംബക്കിൻ്റെ ഭവനവും സവർക്കർ സദനവും ഒരേ റോഡിൻ്റെ ഒരേ വശത്തായിരുന്നു. അവയ്ക്കിടയിൽ വലിപ്പമുള്ള ഒരു തുറന്ന സ്ഥലം ഉണ്ടായിരുന്നു. ദാദർ സ്റ്റേഷനിൽ നിന്നും വരുന്ന ഒരാൾക്ക് ത്രിംബക്കിൻ്റെ വീട് കഴിഞ്ഞുവേണം സവർക്കർ സദനിലെത്താൻ. ത്രിംബക്ക് തൻ്റെ വീട് കഴിഞ്ഞ് സവർക്കർ സദന് സമീപം അവരെ ഇറക്കിയ ശേഷം തിരിച്ച് തന്റെ വസതിയിലേയ്ക്ക് പോകുകയാണുണ്ടായത്. അപ്പോഴാണ് അവർ സവർക്കർ സദന് നേരെ പോകുന്നതായി ശാന്താമോദക് കണ്ടത്. മാത്രമല്ല ബോംബെയിൽ വെച്ചു നടന്ന തിരിച്ചറിയൽ പരേഡിൽ അവർ രണ്ട് പ്രതികളേയും തിരിച്ചറിയുകയും ചെയ്തിരുന്നു.

2015 ഏപ്രിൽ 28 ന് തൊണ്ണൂറ്റി നാലാം വയസ്സിലാണ് ശാന്താ ഭാസ്ക്കർ മോദക് അന്തരിച്ചത്. ചരമക്കുറിപ്പുകളിൽ അവരുടെ അഭിനയ ജീവിതത്തെക്കുറിച്ചുള്ള അനുസ്മരണങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഗാന്ധിവധത്തിൽ സവർക്കർക്കുള്ള പങ്ക് ചൂണ്ടിക്കാട്ടുന്ന ആദ്യത്തെ താക്കോൽ അവർ ആണ് നൽകിയത് എന്ന കാര്യം വിസ്മരിക്കപ്പെട്ടു. ഒരു പക്ഷെ ഗാന്ധിവധത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഹിന്ദുത്വ ശക്തികളെ രക്ഷിച്ചെടുത്തത് ഇത്തരം പൊതുമറവികൾ ആണെന്ന് പറയാം.

===****===

Comments

comments