64. സവർക്കറിൻ്റെ വിശുദ്ധ നിർമ്മിതികൾ
…………………………………………

1977 ൽ മാത്രമാണ് നാഥുറാം ഗോഡ്സേയുടെ ഷിംല കോടതി പ്രസ്താവന   പൊതുമണ്ഡലത്തിൽ ലഭ്യമാകുന്നത്. കപൂർ കമ്മീഷൻ റിപ്പോർട്ട് അതിന് ശേഷവും. അതു കൊണ്ടു തന്നെ ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനാ വഴികളും അതിന് ഹിന്ദുത്വ ശക്തികളുമായുള്ള ബന്ധവും ഒക്കെ ഒരർത്ഥത്തിൽ പൊതുജനങ്ങൾക്ക് അപ്രാപ്യമായിരുന്നു. ഗാന്ധിയെ ഒരു മതഭ്രാന്തൻ വെടിവെച്ചു കൊന്നു എന്ന ഒറ്റവാചകത്തിൽ തീരുന്നതായിരുന്നു ആ വധത്തിന്റെ സംഗ്രഹം.

ആ വധത്തിൻ്റെ സൂക്ഷ്മാംശങ്ങളെ പുറത്തുകൊണ്ടു വന്ന ആദ്യ പുസ്തകം മനോഹർ മാൽഗോങ്കർ രചിച്ച ”ഗാന്ധിയെ വധിച്ച വ്യക്തികൾ” എന്നതാണ്. 1975 ലാണ് ആ പുസ്തകം പുറത്തു വരുന്നത്. ഗാന്ധിവധത്തെക്കുറിച്ചുള്ള നൈതികവും രാഷ്ട്രീയവുമായ ആലോചനകളേക്കാൾ ആളുകളെ ‘രസിപ്പിക്കുന്ന’ ആഖ്യാനമാണ് മനോഹർ മാൽഗോങ്കർ പിൻതുടരുന്നത്. ചരിത്ര സംഭവങ്ങൾ വിവരിക്കുന്നുണ്ടെങ്കിൽ പോലും. അതേ സമയം ആ രാഷ്ട്രീയമില്ലായ്മയുടെ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് ഇക്കാലത്തെ ചരിത്രാഖ്യാനങ്ങളുടെ സത്യാനന്തരത അറിയാൻ സഹായിക്കും.

ലൈഫ് ഇൻ്റർനാഷണൽ മാഗസിനിലാണ് ഇതിൻ്റെ ആദ്യരൂപം ലേഖനമായി  പ്രസിദ്ധീകരിച്ചത്. പിന്നീട് പുസ്തകരൂപത്തിൽ മാക് മില്ലൻ ഇത് പ്രസിദ്ധീകരിച്ചു. കഥേതര ആഖ്യാനം എന്ന ഗണത്തിലാണ് ഇത് പെടുന്നതെങ്കിലും കഥാഖ്യാനങ്ങളുടെ നാടകീയതയും പരിണാമത്തെക്കുറിച്ചുള്ള ആകാംക്ഷയും നിലനിർത്തിക്കൊണ്ടാണ് ഇത് മുന്നേറുന്നത്.ആ വായനാസുഖമായിരിക്കണം അതിനെ നിരവധി പതിപ്പിലെത്തിച്ചത്.

മനോഹർ മാൽഗോങ്കർ ഈ പുസ്തകത്തിൽ ചെയ്ത ഒരു കാര്യം ഹിന്ദുത്വരാഷ്ട്രീയത്തെ ഗാന്ധിവധത്തിൽ നിന്ന് പൂർണ്ണമായും എടുത്തു മാറ്റി എന്നതാണ്. ഗാന്ധിവധത്തെ വിഭജനത്തിൻ്റെ സന്ദർഭത്തിൽ പൂർണ്ണമായും തളച്ചിട്ടു. പിൽക്കാലത്ത് ഗോപാൽ ഗോഡ്സേ എഴുതിയ പുസ്തകങ്ങൾ, ഗാന്ധിവധ് അണി മി (ഗാന്ധിവധവും ഞാനും ), പഞ്ചവണ്ണകോടിഞ്ചേ ബലി ( 55 കോടിയുടെ ബലി ) എന്നീ പുസ്തകങ്ങളിൽ പ്രകാശിച്ച യുക്തിയാണിത്. ഗോപാൽ ഗോഡ്‌സേ, വിഷ്ണു കർക്കരേ, മദൻലാൽ പഹ് വ എന്നീ  ശിക്ഷ കഴിഞ്ഞ് പുറത്തു വന്ന പ്രതികളായും ദിഗംബർ ബഡ്ഗേ എന്ന മാപ്പുസാക്ഷിയുമായും നടത്തിയ സംഭാഷണങ്ങളും അന്ന് പൊതുമണ്ഡലത്തിൽ ലഭ്യമല്ലാതിരുന്ന കപൂർ കമ്മീഷൻ റിപ്പോർട്ട് ശങ്കർ നായർ എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ വഴി സംഘടിപ്പിച്ച് പഠിച്ചുമാണ് മാൽഗോങ്കർ ഈ പുസ്തകം രചിച്ചതെന്ന് വ്യത്യസ്ത പതിപ്പുകൾക്കെഴുതിയ ആമുഖങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നാം പതിപ്പിനെഴുതിയ ആമുഖത്തിൽ ഗ്രന്ഥകാരൻ ഇങ്ങനെ പറയുന്നു.

ഗോപാൽ ഗോഡ്സേയും അദ്ദേഹത്തിൻ്റെ ഭാര്യ സിന്ധുവും ഗോഡ്സേ ,ആപ്തേ കുടുംബങ്ങൾക്ക് പുറത്തറിയാത്ത വിശദാംശങ്ങൾ കൊണ്ട് എന്നെ നിറച്ചു. ഹൈക്കോടതി അപ്പീലിന് വേണ്ടി തയ്യാറാക്കിയ ചെങ്കോട്ടയിലെ വിചാരണയുടേയുടെ അച്ചടിച്ച റെക്കോർഡുകളുടെ 8 വലിയ വാല്യങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ വ്യക്തിഗതമായ രേഖകൾ എനിക്ക് കടമായി തന്നു ” .

2008 ൽ പുറത്തിറങ്ങിയ പതിനൊന്നാം പതിപ്പിൻ്റെ അവതാരികയിൽ ” കപൂർ കമ്മീഷൻ്റെ സഹായമില്ലായിരുന്നില്ലെങ്കിൽ ‘ ഗാന്ധിയെ കൊന്ന വ്യക്തികൾ ‘ ഇത്രയും ഉറപ്പുറ്റതും കാലം നീണ്ടുനില്ക്കുന്നതുമായ ഒന്നായി തീരുമായിരുന്നോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട് ‘ ” എന്ന് അദ്ദേഹം പറയുന്നു.

അതായത് ഏത് ചരിത്രത്തെ ആധാരമാക്കി എഴുതുന്ന ഏതൊരു പുസ്തകവും പോലെ നേരിട്ട് ശേഖരിച്ച വിവരങ്ങളും രേഖകളെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവുകളുമാണ് ഈ പുസ്തകത്തിൻ്റേയും അടിസ്ഥാന വിഭവം. എന്നാൽ ഇതെല്ലാം ഉപയോഗിച്ചിട്ടുള്ളത് കഥ പറച്ചിലിൻ്റേതായ രസച്ചരട് കോർക്കാനാണ്. ഗോഡ്സേമാർ, നാഥുറാമും ഗോപാലും, നിരന്തരം പറഞ്ഞിരുന്നത് ഇത് ഒരു രാഷ്ട്രീയ കൊലപാതകം ആണെന്നാണ്. അവരെ ന്യായീകരിക്കാനാണ് അത് പറഞ്ഞതെങ്കിലും അത് മാത്രമാണ് അവർ പറഞ്ഞ ഒരേ ഒരു സത്യം. രാഷ്ട്രീയ കൊലപാതകം ആകണമെങ്കിൽ പരസ്പരം പോരടിക്കുന്ന രണ്ടു തരം രാഷ്ട്രീയത്തിൻ്റെ ആവശ്യകതയുണ്ട്. അതായിരുന്നു നേരിട്ട് ശേഖരിച്ചതിൽ നിന്നും രേഖകൾ പഠിച്ചതിൽ നിന്നും മാൽഗോങ്കർ കണ്ടു പിടിക്കേണ്ടിയിരുന്നത്. അത് ചോർത്തിക്കളഞ്ഞപ്പോൾ ഹിന്ദുത്വ രാഷ്ട്രീയം നിഗൂഢ പദ്ധതികളിലൂടെ നടപ്പാക്കാൻ ശ്രമിച്ച ഹിന്ദുരാഷ്ട്ര സംസ്ഥാപനവും അതിനെ  ഗാന്ധി വിലങ്ങനെ തടഞ്ഞതും പുസ്തകത്തിൻ്റെ പരിധിക്ക് പുറത്തായി. ഹിന്ദുമഹാസഭ കോൺഗ്രസ്സിൻ്റെ ശരീരത്തിൽ തറഞ്ഞ മുള്ളായി. പർച്ചിനാർ പോലുള്ള പാകിസ്ഥാൻ അതിർത്തിപ്രദേശങ്ങളിൽ ഹിന്ദുക്കളും സിക്കുകാരും അനുഭവിച്ച പ്രശ്നങ്ങൾ ഉറക്കെയായി. അതേ സമയം ഡെൽഹിയിൽ സ്വന്തം വസതികളിൽ നിന്ന് ഇറക്കി വിട്ട മുസ്ലീങ്ങളുടെ ദുരിതം യുക്തമാണ് എന്ന് പറയുന്നിടത്തോളം അവ കാണാതിരുന്നു. തിരിച്ചടി എന്ന ഹിന്ദുത്വ രാഷ്ട്രീയം അക്കാലത്ത് ഉയർത്തിപ്പിടിച്ച അസംബന്ധം ഈ പുസ്തകത്തിൽ യുക്തിയായി.

ഗാന്ധിജി രാഷ്ട്രീയാധികാരം ഒന്നുമില്ലാതെ ധാർമ്മികാധികാരം എന്ന ജനാധിപത്യത്തിൻ്റെ നൈതികസത്തയിൽ ഊന്നി പ്രവർത്തിക്കുന്ന കാലത്താണ് ആ വധം സംഭവിക്കുന്നത്. ഗാന്ധിയല്ല വിഭജനം സംഭവിപ്പിച്ചത്. ഒരു കാലത്തും ഗാന്ധി വിഭജനത്തെ അനുകൂലിച്ചിട്ടില്ല. ബാബേൽ എൻ്റർടെയ്ൻമെൻ്റ് ചാനലിന് വേണ്ടി അവസാനകാലത്ത് ഗോപാൽ ഗോഡ്സെ യോട് അവരുടെ ലേഖകൻ ഇത് ചോദിക്കുന്നുണ്ട്. ഗോപാൽ ഗോഡ്സേ അതിന് കഥയിലൂടെയാണ് ഉത്തരം പറയുന്നത്. പൂനെയിൽ നിന്ന് ബോംബേയ്ക്ക് പോകേണ്ട ഒരാൾ എതിർദിശയിലെ കോലാപ്പുരിലേയ്ക്ക് ഉള്ള വണ്ടിയിൽ കയറി താൻ ബോംബെയ്ക്കാണ് പോകുന്നത് എന്ന് പറയും പോലെയാണ് ഗാന്ധി വിഭജനത്തിനെതിരായിരുന്നു എന്ന് പറയുന്നത് എന്നാണ് ഗോപാൽ ഗോഡ്സേ ചൂണ്ടിക്കാട്ടുന്നത്. ഗോപാൽ ഇത്തരത്തിൽ പറയുമ്പോൾ ചരിത്രത്തെ വളച്ചൊടിക്കുന്നത് അവിടെ നിൽക്കട്ടെ. അതായത് താൻ വിഭജനത്തിനെതിരായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഇരിക്കുമ്പോഴും  അതൊഴിവാക്കാൻ ഗാന്ധി ശ്രമിച്ചില്ല എന്നാണ് ആ വാദത്തിൻ്റെ കാതൽ. ഇവിടെ ഒരു ലളിതമായ ചോദ്യമേയുള്ളു. കോലാപ്പുരിലേയ്ക്ക് പോകുന്ന വണ്ടിയിൽ കയറി ബോംബെയ്ക്ക് പോകുന്നു എന്ന് പറയുന്ന ആളെ നാം ചിരിച്ചു തള്ളിയേക്കാം. പക്ഷെ, കൊന്നുകളയേണ്ട കുറ്റമല്ല അത്. അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യേണ്ടിയിരുന്ന മന്ത്രിസഭയിൽ ഹിന്ദുമഹാസഭയുടെ പ്രതിനിധിയായി ശ്യാമപ്രസാദ് മുഖർജി മന്ത്രിസഭയിൽ ഉണ്ടെന്ന് ഓർക്കണം. അവർക്കൊന്നും ഇല്ലാത്ത ഉത്തരവാദിത്വം പുറത്ത് നിൽക്കുന്ന വെറും പൗരൻ മാത്രമായ ഗാന്ധിയിൽ ചെലുത്തിയത് എന്തിനാണ് എന്ന പ്രസക്തമായ ചോദ്യത്തെ മാൽഗോങ്കർ മാറ്റിവെയ്ക്കുന്നു. ഗോപാൽ ഗോഡ്സേയെപ്പോലെ. മാത്രമല്ല, ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തെ സവർക്കറും കൂട്ടാളികളും നിരന്തരമായി ശ്രമിച്ച പോലെ നിഷ്ക്രിയതാ സിദ്ധാന്തമായാണ് മാൽഗോങ്കർ അവതരിപ്പിക്കുന്നത്. ബലിഷ്ഠമായ രാജ്യം, വൻകിട വികസനം എന്നിവയിലൂന്നിയ, ചോദ്യം ചെയ്യാത്ത ജനതയുള്ള ഹിന്ദുത്വത്തിൻ്റെ ഫാസിസ്റ്റ് വീക്ഷണത്തെ മാൽഗോങ്കർ പങ്കുവെയ്ക്കുന്നുണ്ട്.
പ്രാർത്ഥനാ സമ്മേളനത്തിന് വരുന്ന ജനങ്ങളെ പരിശോധിക്കണം എന്ന ആശയം ഗാന്ധിക്ക് മുന്നിൽ പോലീസുകാർ വെച്ചപ്പോൾ ഗാന്ധി അത് മുച്ചൂടും തള്ളിക്കളഞ്ഞു. ” ഒരു ക്രിസ്ത്യൻ പള്ളിയിലോ അമ്പലത്തിലോ മുസ്ലീം പള്ളിയിലോ പോകുന്ന ആളുകളെ നിങ്ങൾ പരിശോധിക്കുമോ ? ” എന്നായിരുന്നു  ഗാന്ധിയുടെ മറുചോദ്യം. ഗാന്ധി മറിച്ചൊരു നിലപാട് സ്വീകരിച്ചെങ്കിൽ ആയിരുന്നു നാം അത്ഭുതപ്പെടേണ്ടിയിരുന്നത്. ഗാന്ധിയുടെ മുഴുവൻ ജീവിതവും ഈ ചോദ്യം പ്രസരിപ്പിക്കുന്ന മൂല്യമണ്ഡലത്തിനുള്ളിലായിരുന്നു. ആ മൂല്യ മണ്ഡലമാണ്, സവർക്കർ പ്രതിനിധീകരിച്ചിരുന്ന നിരന്തരമായ ചോരയൊഴുക്കിൻ്റെ യുദ്ധ മൂല്യങ്ങളല്ല, കൊളോണിയൽ വിരുദ്ധ സമരത്തെ വിജയത്തിലെത്തിച്ചതും സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ ആഭ്യന്തരകലാപത്തിൽ നിന്ന് രക്ഷിച്ചതും. എന്നാൽ മനോഹർ മാൽഗോങ്കർ പറയുന്നത് നോക്കുക.

മരിച്ച ഗാന്ധി അദ്ദേഹം തന്നെ കെട്ടിയുണ്ടാക്കിയ ലോകത്തിൽ കുറേക്കൂടി ജീവിച്ചിരിക്കുകയാണെങ്കിൽ അത് ഗവണ്മെൻ്റിനെ നിയന്ത്രിക്കുന്ന ആളുകളായും രാജ്യത്തിലെ നിയമങ്ങളെ അനുസരിക്കുന്ന കാര്യമായും യാതൊരു ബന്ധം പുലർത്താതെ ഒന്നായേനെ. അല്ലെങ്കിൽ ഭൂതത്തിലേയോ വർത്തമാനത്തിലേയോ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ക്രമമായി ഒത്തു പോകുന്നതായിരിക്കില്ല. അഹിംസയിൽ അടിയുറച്ച് വിശ്വസിക്കേണ്ട ഒരു സൈന്യത്തെക്കുറിച്ച്, ഭരണത്തിൽ നിന്ന് പിന്മാറേണ്ട ഒരു ഭൂരിപക്ഷ പാർട്ടിയെപ്പറ്റി, എല്ലാ സാങ്കേതിക പുരോഗതിയിൽ നിന്നും പിൻവലിഞ്ഞു നിൽക്കേണ്ട ഒരു സാമ്പത്തികതയെപ്പറ്റി, ലാളിത്യത്തെക്കുറിച്ചും മാനവികതയുടെ ആദർശങ്ങളെക്കുറിച്ചും തൻ്റെ മാനദണ്ഡങ്ങൾ അനുസരിക്കുന്ന സമൂഹത്തെക്കുറിച്ച്, അദ്ദേഹം മുഴുവൻ ഗൗരവത്തോടു കൂടിയും സംസാരിച്ചു.  ”

പിൽക്കാലത്ത് ഇന്ത്യൻ ഭരണകൂടം ഉയർത്തിക്കാണിച്ച, കറൻസി നോട്ടുകളിൽ അച്ചടിച്ച, മർദ്ദനോപകരണമായി ഉപയോഗിക്കപ്പെട്ട പോലീസ് സ്‌റ്റേഷനുകളിൽ തൂങ്ങിക്കിടന്ന ഗാന്ധിച്ചിത്രം പോലെ അയഥാർത്ഥമായ ഒരു ചിത്രണമാണ് മാൽഗോങ്കർ ഇവിടെ നടത്തുന്നത്. തൻ്റെ ഷിംല കോടതി പ്രസ്താവനയിൽ താൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് ഗാന്ധിയെ നീക്കിയതോടെ ഹൈദരാബാദിൽ ഇന്ത്യൻ സൈന്യത്തിന് കുറ്റബോധമില്ലാതെ ഇടപെടാനായി എന്ന് ഗോഡ്സേ ചൂണ്ടിക്കാട്ടുന്ന അതേ ആശയത്തിൻ്റെ തുടർച്ചയാണ് മാൽഗോങ്കറും പങ്കുവെയ്ക്കുന്നത്. സവർക്കർ എക്കാലവും പ്രകീർത്തിച്ചിരുന്ന ജനങ്ങൾക്ക് യാതൊരു അവകാശവുമില്ലാത്ത  ബലിഷ്ഠമായ രാജ്യവും ബലിഷ്ഠമായ ഗവണ്മെൻ്റും എന്ന ആശയത്തിൻ്റെ ലളിതമായ പ്രകാശനം ആണിത്. ജനാധിപത്യമൂല്യങ്ങളാൽ എന്നതിനേക്കാൾ ഭരിക്കാനുള്ള തങ്ങളുടെ അവകാശം നിലനിൽക്കുന്ന, ആധുനികമായി ഒരു യോഗ്യതയുമില്ലാത്ത ഭൂരിപക്ഷ തത്വങ്ങൾ കൊണ്ട് നേടിയെടുക്കാനുള്ള ശ്രമമാണ് സവർക്കറുടെ ഹിന്ദുത്വ ലക്ഷ്യം വെച്ചത്. ഹിന്ദുക്കൾ എന്ന അമൂർത്ത പരികല്പനയുടെ മുകളിൽ രാഷ്ട്ര ഭരണം, ആ അമൂർത്ത പരികല്പനയെ സംരക്ഷിക്കാനായി സൈന്യങ്ങളും ആയുധങ്ങളും സമ്പദ്ഘടനയും മറ്റ് ഭരണകൂട സ്ഥാപനങ്ങളും. ആ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു പോകാനായി രാജ്യത്തിന്  അകത്തും പുറത്തും ശത്രുക്കളെ നിരന്തരം സൃഷ്ടിക്കൽ. ഇത്തരമൊരു ഭരണ സങ്കല്പത്തെയാണ് ഗാന്ധി മാറ്റിപ്പണിയാൻ ശ്രമിച്ചത്. അതിൻ്റെ സാധുതയാണ് അദ്ദേഹത്തെ ഇന്നലെയും ഇന്നും നാളെയും ചർച്ചാ വിഷയമാക്കി നിർത്തുന്നതും.

ഗാന്ധിയോട് പുലർത്തുന്ന ഈ ദു:സ്വാദ് മാൽഗോങ്കർ മറ്റൊരിടത്ത് പ്രകടിപ്പിക്കുന്നത് നോക്കുക.ഗാന്ധിയുടെ നിരാഹാര സത്യഗ്രഹങ്ങളും മറ്റും പരാമർശിക്കുന്നതിനിടയിൽ അദ്ദേഹം എഴുതുന്നു :

ഗാന്ധി വരുന്നത് കൗശലം നിറഞ്ഞ വ്യാപാരബുദ്ധി പുലർത്തുന്ന ബനിയ അഥവാ വൈശ്യസമുദായത്തിൽ നിന്നാണ്. അദ്ദേഹം  രണ്ട് ആയുധങ്ങളുടെ ഗുണം ചെയ്യുന്ന ഒരു ആയുധം, അത് അവസാന ആയുധമാണെങ്കിൽ പോലും ഉണ്ടാക്കാൻ ശ്രമിച്ചു

ഗാന്ധി സ്വന്തം ശരീരം ഉപയോഗിച്ച് നടത്തിയ സമരങ്ങളെയാണ് വൈശ്യ സമുദായത്തിൻ്റെ കച്ചവട ബുദ്ധിയുമായി താരതമ്യപ്പെടുത്തുന്നത്. ഗാന്ധി പൊതുവേ ലോകനേതാക്കളിൽ നിന്ന് വ്യത്യസ്തമാകുന്നത് നീണ്ട സമരത്തിൻ്റെ അവസാനം അധികാരം അദ്ദേഹത്തിൻ്റെ കൈയ്യിലെത്തിയിട്ടും അത് മറ്റുള്ളവർക്ക് നൽകി മാറി നിന്നു എന്നതിലാണ്. അതേ സമയം രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം മാറി നിന്നില്ല .ആ സംഘർഷങ്ങൾ മുഴുവൻ അദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. അധികാരം ഇന്ത്യക്കാരുടെ കൈവശം എത്തിയിട്ടും പോരാട്ടങ്ങളുടെ ഭൂമിയിൽ നിന്നും അവധിയെടുക്കാനല്ല അദ്ദേഹം തുനിഞ്ഞത്. മൂല്യങ്ങളുടെ രാഷ്ട്രീയ ഭൂമിക നിരന്തരം തുറന്നുകൊണ്ടിരിക്കുന്ന ഒരു പാതയായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയനേതാവായിരിക്കുമ്പോൾ തന്നെ ആ ജനകീയത മൂലങ്ങൾക്ക് വേണ്ടി വെടിയാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. അവസാന ദിവസങ്ങളിലൊന്നിൽ അഭയാർത്ഥികളിൽ ഒരാൾ തൻ്റെ സഹനങ്ങൾക്ക് മേൽ ഹിന്ദുത്വ രാഷട്രീയം വിതയ്ക്കാൻ ശ്രമിച്ച വർഗ്ഗീയ രാഷ്ട്രീയത്തിനെ പിൻപറ്റി ” താങ്കൾക്ക് രാഷ്ട്രീയത്തിൽ നിന്നും പിന്മാറി  ഹിമാലയസാനുക്കളിൽ തപസ്സു ചെയ്യാൻ പോയ്ക്കൂടെ ” എന്ന് രോഷാകുലൻ ആകുന്നുണ്ട്. ഗാന്ധി അതിന് നൽകുന്ന മറുപടി എൻ്റെ ഹിമാലയം ഇവിടെത്തന്നെയാണ് എന്നായിരുന്നു. അതൊരു വലിയ മറുപടിയാണ്. മലകയറ്റം പോലെ നിരന്തരമായ സംഘർഷമാണ് രാഷ്ട്രീയ ജീവിതം എന്ന് അദ്ദേഹം ശ്വാസോച്ഛാസം പോലെയുള്ള ഒരു ഭാഷയിലൂടെ പ്രകാശിപ്പിക്കുന്നതാണ് നാം കാണുന്നത്. മാൽഗോങ്കർ തന്നെ നിരീക്ഷിക്കുന്നത് പോലെ ഗാന്ധിയാണ് നിരാഹാരത്തെ സമരമാർഗ്ഗമാക്കിയത്. തിലക് ഗണേശ പൂജയെ സമരമാർഗ്ഗമാക്കുമ്പോൾ മതത്തിൻ്റെ രാഷ്ട്രീയ വിടർച്ചയാണ് നടന്നത്. മതം എന്നത് അധികാരവുമായി അത്രമേൽ ബന്ധപ്പെട്ട ഒന്നായി അതോടെ മാറി. നവ- യാഥാസ്ഥിതിക ബ്രാഹ്മണ രാഷ്ട്രീയത്തിന് അത് അനിവാര്യമായിരുന്നു. ഗാന്ധി എല്ലാ മതങ്ങളിലും നിലവിലുള്ള ആചാരമായ ഉപവാസത്തെ നിരാഹാരസമരമാക്കിയപ്പോൾ യഥാർത്ഥത്തിൽ അതിൽ നിന്നും മതം കൊഴിഞ്ഞു പോവുകയാണ് ഉണ്ടായത്. മതേതരമായ ഒരു ആധുനികത അതിൽ വന്നു ചേരുകയും മതാത്മക വേരുകൾ കൊഴിഞ്ഞുപോകുകയും ചെയ്തു.

ഗാന്ധിയുടെ രാഷ്ട്രീയത്തെ നിരുപദ്രവമെന്ന് തോന്നാവുന്ന തരത്തിൽ പ്രതികരണങ്ങളിലൂടെ വിമർശിക്കുന്ന മാൽഗോങ്കർ എന്നാൽ സവർക്കറെ വെള്ളപൂശാൻ കാര്യമായി തന്നെ ശ്രമിക്കുന്നുണ്ട്. സവർക്കറുടെ ബ്രിട്ടീഷ് വിരുദ്ധ കാലഘട്ടത്തെ അങ്ങേയറ്റം മഹത്വവല്ക്കരിക്കുന്ന അദ്ദേഹം, സവർക്കർക്കെതിരെ നില്ക്കുന്ന ചരിത്രവസ്തുതകളെ നിരാകരിക്കുന്നു. ഉദാഹരണത്തിന് സവർക്കറുടെ തടവുശിക്ഷയെ പറ്റി പറയുന്ന ഭാഗത്ത് മാൽഗോങ്കർ എഴുതുന്നു.

(ബ്രിട്ടീഷ്) രാജിനെതിരെ ഇന്ത്യയുടെ യുദ്ധം മുന്നോട്ടു കൊണ്ടു പോകുന്നതിൽ യൂറോപ്യൻ അരാജകവാദികളുടെ രീതികൾ സ്വീകരിച്ചതിൽ സവർക്കർ ഒരിക്കലും മാപ്പു ചോദിച്ചില്ല

സവർക്കർ സമർപ്പിച്ച ആറുമാപ്പപേക്ഷകളുടെ രേഖകൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരിക്കേയാണ് മാൽഗോങ്കറുടെ ഈ പരാമർശം പുസ്തകത്തിൽ ഉള്ളത് .മാത്രമല്ല ഈ മാപ്പപേക്ഷകളിൽ പൊതുവായുള്ള കാര്യം ” അരാജകവാദികളുടെ രീതികൾ ” സ്വീകരിച്ചത് തെറ്റായിപ്പോയെന്നുള്ള ക്ഷമാപണവും  ഭരണഘടനാനുസൃതമായ രീതികൾ സ്വീകരിക്കാമെന്ന ഉറപ്പുമാണ്. ” ഗാന്ധിയുടെ കാര്യത്തിൽ എഴുതാപ്പുറം വായിക്കാൻ മെനക്കെടുന്ന മാൽഗോങ്കർ ഇവിടെ വസ്തുകൾ മറച്ചുവെച്ചുള്ള പ്രസ്താവനയ്ക്ക് മടി കാണിക്കുന്നേയില്ല. അതിൻ്റെ മറ്റൊരു ഉദാഹരണം വിഭജനത്തെ സവർക്കറും അനുയായികളും എതിർത്തു എന്നതാണ്. മാൽഗോങ്കർ എഴുതുന്നു. ” സവർക്കറും അദ്ദേഹത്തിൻ്റെ അനുയായികളും  അവസാനം വരെ അതിനെ ( വിഭജനത്തെ ) എതിർത്തു.

ഇന്ത്യയിൽ ദ്വിരാഷ്ട്രവാദത്തിൻ്റെ വിത്തുപാകിയത് 1937 ൽ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്ത് സവർക്കർ നടത്തിയ പ്രസംഗമാണ് എന്ന് നാം കണ്ടു. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രത്തിനുള്ളിലെ രണ്ട് രാജ്യങ്ങളാണ് എന്നാണ് അന്നദ്ദേഹം പ്രസംഗിച്ചത്. അതുവരെ മറ്റൊരു രാഷ്ട്രം എന്ന ആശയം ജിന്നയുടെ മുസ്ലീം ലീഗ് വരെ ഉയർത്തിയിട്ടില്ല. മാത്രമല്ല ഒരു സമയത്ത് സിക്കുകാർക്ക് വേണ്ടി സിക്കിസ്ഥാൻ രാഷ്ട്രം എന്ന ആശയവും സവർക്കർ ഉയർത്തുകയുണ്ടായി. ആർ എസ്  എസ് സർ സംഘ് ചാലക് ആയ മോഹൻ ഭാഗവത് അവതാരികയെഴുതുകയും കേന്ദ്ര പ്രതിരോധ മന്ത്രിയും ബി ജെ പി നേതാവുമായ രാജ്നാഥ് സിംഗ് പ്രകാശനം നിർവ്വഹിച്ചതുമായ, ഉദയ് മഹൂർക്കറും ചിരായു പണ്ഡിറ്റും ചേർന്നെഴുതിയ ” വീർ സവർക്കർ – വിഭജനത്തെ തടയാൻ കഴിയുമായിരുന്ന വ്യക്തി ” (Veer Savarkar – The man could have prevented Partition ” എന്ന ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ പരിലാളനയേറ്റ ഗ്രന്ഥത്തിൽ പോലും സവർക്കറുടെ ഒരു “വീഴ്ച” യെപ്പറ്റി പരാമർശിക്കുന്നുണ്ട്. 1948 ജൂൺ 18 ന് സർ സി.പി. സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയ കമ്പി സന്ദേശങ്ങളിൽ ഒന്ന് സവർക്കറുടേതായിരുന്നു. ” തിരുവിതാംകൂർ എന്ന ഹിന്ദുരാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ദൂരക്കാഴ്ചയുള്ള, ധൈര്യം നിറഞ്ഞ പ്രഖ്യാപനത്തിനുള്ള ” പിന്തുണയായിരുന്നു അത്. അതായത് തിരുവിതാംകൂറിൻ്റെ ‘ അഖണ്ഡഭാരത’ ത്തിൽ നിന്നുള്ള വിഭജനത്തെയാണ് സവർക്കർ ഹൃദയംഗമമായി അഭിനന്ദിച്ചത്. ഒരു ” ദുർബല നിമിഷത്തിൽ തിരുവിതാംകൂറിൻ്റെ പ്രസ്താവനയെ പിന്തുണച്ചത് ഏത് നിലയ്ക്കും  ഐക്യ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ നിലപാടിൻ്റെ സമ്പൂർണ്ണമായ മലക്കം മറിച്ചലാ ” യാണ് ഉദയ് മഹൂർക്കറും ചിരായു പണ്ഡിറ്റും വിലയിരുത്തുന്നത്. അത്തരമൊരു നിലപാട് സവർക്കർ എടുത്തതിനെ ന്യായീകരിക്കാനായി തിരിച്ചും മറിച്ചും ന്യായങ്ങൾ ഗ്രന്ഥകർത്താക്കൾ ഉന്നയിക്കുന്നുണ്ടെങ്കിലും ” തിരുവിതാംകൂർ ‘പ്രശ്നത്തിൽ ഇത്തരം ന്യായവാദങ്ങൾ ഉന്നയിക്കാമെങ്കിലും സവർക്കറുടെ ഉറ്റ അനുയായികൾക്കിടക്ക് പോലും അത് ഒരു തെറ്റായ നിലപാടാണ് എന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം ലഭിച്ചത് ” എന്നാണ് അവർ രേഖപ്പെടുത്തുന്നത് . ” ഭാഗ്യവശാൽ അവസാന കണക്കിൽ തങ്ങളുടെ നിലപാട് തിരുത്തുകയും ഇന്ത്യൻ യൂണിയനിൽ ചേരുകയും ചെയ്തു ”

തിരുവിതാംകൂർ രാജാക്കന്മാരുടെയും ദിവാൻ്റെയും മനം മാറ്റത്തിന് പിന്നിൽ, തിരുവിതാംകൂറിൽ ഉയർന്ന ബഹുജന പ്രക്ഷോഭമാണെന്ന കാര്യം ഗ്രന്ഥകർത്താക്കൾ മറച്ചു പിടിക്കുന്നു എന്നത് ശ്രദ്ധേയമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര വയലാർ സമരം മുതൽ കെ സി എസ് മണി സർ സി പി യെ വെട്ടിയത് വരെയുള്ള ചരിത്രം ഇല്ലാതാക്കിയത് യഥാർത്ഥത്തിൽ ” അമേരിക്കൻ മാതൃക ” മാത്രമല്ല,സവർക്കറെപ്പോലുള്ള ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ രക്ഷാകർത്തൃത്വത്തിനടിയിൽ വിരിയേണ്ട ഹിന്ദുരാഷ്ട്രത്തെയാണ്.
മാൽഗോങ്കർ അങ്ങനെ സവർക്കറുടെ കാര്യത്തിൽ രണ്ടാമതും ചരിത്രം തിരുത്തുന്നത്.

നവഖാലിയിലെ സംഭവങ്ങൾ വിവരിക്കുന്നതിനിടെ മാൽഗോങ്കർ എഴുതുന്നു :                ”  ഗ്രാമത്തെരുവുകളിലൂടെ നഗ്നരായ സ്ത്രീകളുടെ ഘോഷയാത്രയും അവരെ നയിക്കുന്ന ഊർജ്ജസ്വലരായ അക്രമികളുടേയും ഫോട്ടോകൾ കർക്കരെയ്ക്ക് നൽകപ്പെട്ടു

നവഖാലിയിൽ കർക്കരേപോയതിനെപ്പറ്റിയും വീർ സവർക്കറുടെ പേരിലുള്ള ക്യാമ്പുകൾ സ്ഥാപിച്ചതിനെപ്പറ്റിയൊക്കെ നാം ചർച്ച ചെയ്തിരുന്നു. നവഖാലിയിൽ ജിന്നയുടെ മുസ്ലീംലീഗ് നേതാക്കൾ നിരവധി അക്രമ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി എന്നതിലും സംശയമില്ല. എങ്കിൽ പോലും നഗ്നരായ സ്ത്രീകളുടെ ഫോട്ടോഗ്രാഫുകൾ ,അഹ്മദ് നഗറിലെ അഭയാർത്ഥികളെ പ്രകോപിക്കാനുള്ള ഹിന്ദുമഹാസഭയുടെ രാഷട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമായി കർക്കരേയും പഹ് വയും കൂടി കൃത്രിമമായി നിർമ്മിച്ചതാണ് എന്ന് നാം നേരത്തേ കണ്ടുകഴിഞ്ഞു. അഹ്മദ് നഗറിലെ ലൈംഗികത്തൊഴിലാളികളെ ഉപയോഗിച്ചാണ് അവർ അവ നിർമ്മിച്ചതെന്നും.

ദിഗംബർ ബഡ്ഗെയുമായി പലവട്ടം എഴുത്തുകാരൻ സംസാരിച്ചതായി പറയുന്നുണ്ട്. നമുക്കറിയാം ബഡ്ഗെ മാപ്പുസാക്ഷിയായത് മൂലമാണ് ഗാന്ധി വധത്തിൻ്റെ ഗൂഢാലോചനയുടെ ആഴം ഇന്ന് നമുക്ക് അറിയുന്നിടത്തോളം വ്യക്തമായത്. അല്ലെങ്കിൽ അവർ വിഭാവനം ചെയ്തതുപോലെ നാഥുറാം ഗോഡ്സേ മാത്രം പ്രതിയായ ഒരു കൊലപാതകക്കേസു മാത്രമായി ഒടുങ്ങുമായിരുന്നു അത്. അതിനാൽ ഇന്ത്യയുടെ നൈതിക ചരിത്രം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിത്വമാണ് ബഡ്ഗേയുടേത്. അദ്ദേഹം കോടതിയിൽ നൽകിയ പ്രസ്താവനയുടെ നിജസ്ഥിതിയെക്കുറിച്ചോ ഹിന്ദുത്വ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചോ ഒരു അന്വേഷണവും മാൽഗോങ്കർ നടത്തിയതായി പുസ്തകം തെളിവു തരുന്നില്ല. പകരം ബഡ്ഗേ ഒരു കോമാളിയും കൗശലക്കാരനുമാണ് എന്ന് പറയാനാണ് ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുള്ളത്. ചില ഉദാഹരണങ്ങൾ നോക്കുക. ” ഏറ്റവും പഴകിയ പ്രച്ഛന്നവേഷ കൗശലങ്ങളിൽ ആശ്രയമർപ്പിച്ച് തന്നെ തിരിച്ചറിയുന്നതിൽ നിന്നും രക്ഷപ്പെടാൻ കഴിയും എന്നയാൾ ( ബഡ്ഗെ ) വിശ്വസിച്ചിരുന്നു. അതിൻ്റെ തെളിവെന്ന നിലയ്ക്ക് തൻ്റെ അതിനാടകീയമായ ഫോട്ടോഗ്രാഫുകൾ അടങ്ങിയ ഒരു ആൽബം അദ്ദേഹം സൂക്ഷിച്ചിരുന്നു. അപകടകരമായ ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ അദ്ദേഹം ധരിച്ചതായി പറയപ്പെടുന്ന വസ്ത്രധാരണങ്ങൾ ആയിരുന്നു . സ്റ്റുഡിയോകളിൽ എടുത്ത ഈ ഫോട്ടോഗ്രാഫുകളിൽ മുസ്ലീം അറവുകാരനായും പൂജ ചെയ്യുന്ന ബ്രാഹ്മണ പുരോഹിതനായും സിക്ക് കൃഷിക്കാരനായും പുറമേ ഒരാൾ കാവൽ നിൽക്കുന്ന ജയിൽപുള്ളിയായിപ്പോലും അദ്ദേഹത്തെ കാണിച്ചു തരുന്നു ”

എന്നാൽ അതിന് മുമ്പ് ബഡ്ഗേയെ ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ മുഖം ഒരു ( ചീത്ത ) കണ്ണാടിയിൽ കാണും പോലെ കോടിയതാണ്, ബാല്യത്തിൽ ഏറ്റ ഒരു പരിക്കു കൊണ്ട് അദ്ദേഹത്തിൻ്റെ ഒരു കണ്ണ് മറ്റതിനേക്കാൾ വളരെ ചെറുതാണ്, പലപ്പോഴും അത് വെപ്പുകണ്ണു പോലെ തോന്നിപ്പിച്ചു എന്നൊക്കെയുള്ള വിവരണങ്ങളിലൂടെ ബഡ്ഗെ എങ്ങനെ വേഷം മാറിയാലും പിടിക്കപ്പെടുന്നവനാണ് എന്ന ധാരണ സൃഷ്ടിക്കുന്നു.

1948 ജനുവരി 14 ന് , ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനയുടെ നിർണ്ണായക ദിവസത്തിൽ, സ്ഫോടകവസ്തുക്കളും തോക്കുമായി, പൂനെയിൽ നിന്ന് ബോംബെയിലേയ്ക്ക് ബഡ്ഗെയും ശങ്കറും നടത്തിയ സഞ്ചാരത്തെക്കുറിച്ചും പരിഹാസത്തോടെയാണ് മൽഗോങ്കർ വിവരിക്കുന്നത്. ഒരു സംന്യാസിയുടെ വേഷം കെട്ടിയായിരുന്നു ബഡ്ഗെയുടെ യാത്ര. കഴുത്തിൽ ഉണങ്ങിയ ഫലങ്ങൾ കോർത്ത ഒരു മാല ധരിച്ചിരുന്നു. നെറ്റിയിൽ ഭസ്മം പൂശിയിരുന്നു .കാവി വസ്ത്രം ധരിച്ചിരുന്നു. “തിങ്ങിനിറഞ്ഞ മൂന്നാം ക്ലാസ്സ് കംപാർട്ടുമെൻ്റിൽ  തീജ്വാലയുടെ നിറമുള്ള അപകടസൂചന പോലെ അദ്ദേഹം നിന്നു. പ്രച്ഛന്നവേഷധാരണം യഥാർത്ഥത്തിൽ അദ്ദേഹത്തിൽ കൂടുതൽ സംശയം ജനിപ്പിക്കുകയാണ് ചെയ്യുകയെങ്കിലും അത്തരം സംശയങ്ങൾ ബഡ്ഗെയെ ഒരിക്കലും ബാധിച്ചിരുന്നില്ല

യഥാർത്ഥത്തിൽ ഈ യാത്രയിൽ ബഡ്ഗെ യുടെ വേഷവിധാനത്തെപ്പറ്റിയുള്ള ഒരു സൂചനയും ലഭ്യമായ പോലീസ്, കോടതി രേഖകളൊന്നും നൽകുന്നില്ല. കപൂർ കമ്മീഷൻ റിപ്പോർട്ടിലും അത്തരം പരാമർശങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ ആ വിവരണം ഗ്രന്ഥകാരൻ സ്വയം സൃഷ്ടിച്ചതോ, ഗോപാൽ ഗോഡ്സേയിൽ നിന്നോ കർക്കരേയിൽ നിന്നോ പഹ് വയിൽ നിന്നോ കടം കൊണ്ടതാകണം. അവർ മൂന്നുപേരും ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വന്നത് ബഡ്ഗേയുടെ മൊഴി മൂലമാണെന്ന് മനസ്സിലാക്കിയാൽ ബഡ്ഗേയുടെ ചിത്രീകരണത്തിൽ ഉടനീളം ഗ്രന്ഥകാരൻ പുലർത്തിയ വക്രീകരണത്തിൻ്റെ രാഷ്ട്രീയം പിടി കിട്ടും.

സവർക്കറെ കോടതി കുറ്റവിമുക്തനാക്കിയത് നാം കണ്ടു. അദ്ദേഹത്തിൻ്റെ മരണശേഷം മാത്രം വെളിച്ചം കണ്ട കപൂർ കമ്മീഷൻ റിപ്പോർട്ട് അദ്ദേഹത്തെ ഗൂഢാലോചനയുടെ തലപ്പത്ത് ഇരുത്തിയതും. കുറ്റവും ശിക്ഷയും ഗവണ്മെൻ്റ് നടപടികൾ ആണെന്നിരിക്കേ, അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവയെപ്പറ്റി സമൂഹ മനസ്സിൽ രൂപപ്പെടുന്ന പ്രതിബിംബങ്ങളും. അങ്ങനെ നോക്കുമ്പോൾ ഗാന്ധി വധത്തിൻ്റെ നിഴലിൽ നിന്നും സവർക്കർക്ക് ഒരിക്കലും വഴുതി നീങ്ങാൻ കഴിഞ്ഞില്ല. തൻ്റെ വസതി ജനക്കൂട്ടം ആക്രമിക്കും എന്ന നില വന്നു. തൻ്റെ രാഷ്ട്രീയം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു.

ഈ പ്രതിനായക പ്രതിബിംബത്തിൽ നിന്നും സവർക്കറെ രക്ഷിക്കാനുള്ള ആദ്യ ‘നിഷ്പക്ഷ’ ശ്രമം ആയി മാൽഗോങ്കറുടെ പുസ്തകത്തെ കാണാം. പകൽ പോലെ വ്യക്തമായ ഒരു കാര്യം, ,ബോംബെയിലേയും ഡെൽഹിയിലേയും ഹിന്ദുമഹാസഭാ ഓഫീസുകൾ ആണ് ഗാന്ധിവധത്തിൻ്റെ യാത്രാപഥത്തിൽ കൊലയാളികളുടെ വിശ്രമകേന്ദ്രങ്ങൾ ആയി വർത്തിച്ചത്. ആ ദിശയിൽ പോലീസ് വലിയ അന്വേഷണങ്ങൾ ഒന്നും തന്നെ നടത്തിയില്ല എന്നത് വലിയ വീഴ്ചയാണെങ്കിലും, ആ കുറ്റകൃത്യത്തിന്റെ രേഖകളിലൂടെ കടന്നുപോകുന്ന ആരുടേയും മനസ്സിൽ പതിയുന്ന ഒരു വസ്തുത ആണത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ രണ്ട് നഗര ഓഫീസുകൾ കൊലയാളികൾക്ക് യഥേഷ്ടം ഉപയോഗിക്കാൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് ലഭ്യമാകുന്ന ഏറ്റവും ലളിതമായ ഉത്തരം അവർക്ക് അവിടെ കടന്നുചെല്ലാനുള്ള അമിത സ്വാതന്ത്ര്യം ലഭിച്ചിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ആ പദ്ധതി അവർ ഒറ്റയ്ക്കല്ല ആസൂത്രണം ചെയ്തതെന്ന് വ്യക്തമാക്കുന്നു. അശുതോഷ് ലാഹിരി പോലെ ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ നേതാവ് ഗോഡ്സേയോട്  ഇടപെട്ട രീതി കേസ് ഡയറിയിൽ നിന്നും വിചാരണാ രേഖകളിൽ നിന്നും മനസ്സിലാക്കാം. അങ്ങേയറ്റം അടുത്ത ബന്ധം അവർ തമ്മിൽ ഉണ്ടായിരുന്നു എന്ന് അത് കാണിക്കുന്നു. കപൂർ കമ്മീഷൻ റിപ്പോർട്ട് തൻ്റെ എഴുത്തിനെ അങ്ങേയറ്റം സഹായിച്ചു എന്ന് പറയുന്ന മാൽഗോങ്കർ അതിലേയ്ക്കൊന്നും ശ്രദ്ധ പതിപ്പിക്കുന്നില്ല.

സവർക്കറെ കോടതി വെറുതെ വിട്ടത് ബഡ്ഗേയുടെ മൊഴിയിൽ പറയുന്ന 1948 ജനുവരി 14, 17 എന്നീ തീയ്യതികളിൽ സവർക്കറുടെ വസതി ഗോഡ്സേയും ആപ്തേയും സന്ദർശിച്ചതിൻ്റെ ഉപോദ്ബലക തെളിവുകൾ പ്രോസിക്യൂഷന് യഥാവിധി സമർപ്പിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം. 1948 ജനുവരി 14 ലെ സന്ദർശനത്തെക്കുറിച്ച് ബിംബ എന്ന ശാന്താമോദക്കിൻ്റെ മൊഴി മാത്രമേ കോടതിയിൽ വരികയുണ്ടായി. എന്നാൽ സവർക്കർ കോടതിയിൽ അതിനെ നിരാകരിച്ചു. ഒപ്പം ഗോഡ്സേയും ആപ് തേയും. ശാന്താ മോദക്കിനാകട്ടെ അവരെ സവർക്കർ സദൻ്റെ പടിയിൽ ഇറക്കിവിട്ടു എന്നല്ലാതെ അവർ സവർക്കർ സദനിലേയ്ക്ക് പ്രവേശിക്കുന്നത് കണ്ടു എന്ന് പറയാൻ സാധ്യമായിരുന്നില്ല. കാരണം അവരുടെ വാഹനം അപ്പോഴേയ്ക്കും ലക്ഷ്യസ്ഥാനത്തേയ്ക്ക്, സഹോദരൻ്റെ വീട്ടിലേയ്ക്ക് ചലിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അതിനെ പൂരിപ്പിക്കുന്ന തെളിവുകൾ വിഷ്ണു ഡാംലേയും അപ്പ രാമചന്ദ്രകസാറും നൽകിയിരുന്നത് ദുരൂഹമായ സാഹചര്യത്തിൽ കോടതിയിൽ എത്തിയുമില്ല. അവരുടെ മൊഴികളിൽ ജനുവരി 14, 17, 23 എന്നീ ദിവസങ്ങളിലെ സന്ദർശനങ്ങൾ മാത്രമല്ല ,അതിന് മുമ്പത്തെ സന്ദർശനങ്ങളുടെ കുടി വിശദ വിവരങ്ങൾ ഉണ്ട്. കപൂർ കമ്മീഷനിലെ ആ ഭാഗങ്ങൾ നാം കാണുകയും ചെയ്തു. ഇതൊന്നും കണക്കിലെടുക്കാതെ സവർക്കർ സദനിനുള്ളിലേയ്ക്ക് ഗോഡ്സേയും ആപ്തേയും പ്രവേശിക്കുന്നത് കൃത്യമായി ശാന്താമോദക് കാണുകയുണ്ടായില്ല എന്ന കാര്യത്തെ പൊലിപ്പിക്കുകയാണ് മാൽ ഗോങ്കർ ചെയ്യുന്നത്. അതായത് സവർക്കർക്കെതിരെയുള്ള തെളിവുകൾ വരുമ്പോൾ കണ്ണടച്ച് ഇരുട്ടു സൃഷ്ടിക്കുന്ന മാൽഗോങ്കറെ നമുക്ക് കാണാം.  ഡെൽഹിയിലെ ഹിന്ദുമഹാസഭാ ഓഫീസിൽ നിന്നും സവർക്കർ സദനിലേയ്ക്ക് ചെയ്ത ഫോൺ കോളിൻ്റെ കാര്യത്തിൽ ഈ ഇരുട്ടാക്കൽ കൂടുതൽ വ്യക്തമാകും. സഫലമാകാതെ പോയ ആ ഫോൺ വിളിക്ക് ഒരുമ്പെട്ടത് ആപ്തേ ആണെന്ന് അശുതോഷ് ലാഹിരിയുടെ വ്യക്തമായ മൊഴി പോലീസ്, കോടതി രേഖകളിൽ ഉണ്ട്. കപൂർ കമ്മീഷൻ റിപ്പോർട്ടിലുമുണ്ട്. ആ ഫോൺ വിളി നടത്തിയതിനുള്ള തുക ആപ്തേയിൽ നിന്ന് ലാഹിരി ഈടാക്കുകയും ഉണ്ടായി. എന്നാൽ മാൽഗോങ്കർ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്, ഡെൽഹിയിലെ കലങ്ങി മറിഞ്ഞ സ്ഥിതിഗതികൾ ധരിപ്പിക്കാനായി ലാഹിരിയോ, മറ്റ് ഹിന്ദുമഹാസഭാ പ്രവർത്തകരോ സവർക്കറെ വിളിക്കാൻ ശ്രമിച്ചതായിരിക്കാം എന്ന പുകമറ സൃഷ്ടിച്ചാണ്.

1948 ജനുവരി 20 ൻ്റെ സ്ഫോടനത്തിന് ശേഷം അശുതോഷ് ലാഹിരി സവർക്കറെ സന്ദർശിച്ചതായും ഗാന്ധിവധം നടക്കുന്ന കാലയളവു വരെ ബോംബെയിൽ തങ്ങിയതായും കപൂർ കമ്മീഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തെപ്പറ്റി യാതൊരു അന്വേഷണവും പോലീസ് നടത്തുകയുണ്ടായിട്ടില്ല. സവർക്കർ സദനിലേയ്ക്ക് ആപ്തേ- ഗോഡ്സേമാർ പടി കടന്ന് പോകുന്നത് കണ്ടില്ല എന്ന ശാന്താമോദക്കിൻ്റെ മൊഴിയിലെ സാങ്കേതികമായ തലനാരിഴ കീറുന്ന മാൽഗോങ്കർ പക്ഷെ, ആരുടേയും കണ്ണിൽപ്പെടാവുന്ന ആനത്തെളിവുകളെ ഒഴിവാക്കിയാണ് ആഖ്യാനം നടത്തിയിട്ടുള്ളത്. ബാഡ്ഗേയെ നുണയനും കോമാളിയുമായി വിവരിക്കുന്ന മാൽ ഗോങ്കർ, ബഡ്ഗെ കോടതിയിൽ കൊടുത്ത മൊഴിക്ക് വിരുദ്ധമായി സവർക്കർ “ യശസ്വീ ഹോൺ യാ ” എന്ന്  പറയുന്നത് കേട്ടതായി താൻ പറഞ്ഞിട്ടില്ല എന്ന് തന്നോട് പറഞ്ഞതായി രേഖപ്പെടുത്തുന്നു. അവിടെ 1948 ജനുവരി 17 ന് സവർക്കർ സദനിൽ ഗോഡ്സേ – ആപ് തേമാർ സവർക്കർ സദനിൽ ബഡ്ഗേക്കൊപ്പം ചെന്നിരുന്നോ എന്ന കാര്യം മാൽഗോങ്കർ ആരാഞ്ഞതായി വ്യക്തമാക്കുന്നില്ല. സവർക്കർ പറഞ്ഞതായി മുമ്പ് രേഖപ്പെടുത്തിയത് നാഗർവാലയുടെ കുട്ടിച്ചേർക്കലാണ് എന്ന് ധ്വനിപ്പിക്കാനാണ് മാൽ ഗോങ്കർ ശ്രമിക്കുന്നത്. താൻ മരിക്കുന്ന ദിവസം വരെ സവർക്കർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു എന്ന് പറഞ്ഞ നാഗർവാലയേക്കാളും മാൽഗോങ്കർ വിശ്വസിക്കുന്നത് ” നുണയനും കോമാളി “യുമായ ബഡ്ഗേയെ ആണ്. അതോടൊപ്പം തന്നെ സവർക്കറുടെ പദ്ധതിയാണ് ഇതെന്ന് ആപ്തേ തന്നോട് പറഞ്ഞതായി ബഡ്ഗെ തൻ്റെ മൊഴിയിൽ ചൂണ്ടിക്കാട്ടിയതിനെ പറ്റി മാൽ ഗോങ്കർ അന്വേഷിച്ചതായി കാണുന്നില്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, പൊതുമണ്ഡലത്തിൽ കപൂർ കമ്മീഷൻ ലഭ്യമല്ലാത്ത കാലത്ത് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ അത് വായിക്കാൻ കഴിഞ്ഞ മാൽഗോങ്കർ അതിൻ്റെ സുപ്രധാനമായ കണ്ടെത്തലിനെ കുറിച്ച് ഒരു അക്ഷരവും മിണ്ടിയിട്ടില്ല. സവർക്കറും സവർക്കറൈറ്റുകളുമാണ് ഗാന്ധി വധത്തിന് പിന്നിൽ എന്ന കമ്മീഷൻ്റെ നിഗമനത്തെ ആനുഷംഗികമായി പോലും മാൽഗോങ്കർ പറയുന്നില്ല.

മാൽഗോങ്കറുടെ പുസ്തകത്തിന് ശേഷം ഗോപാൽ ഗോഡ്സേ എഴുതിയ രണ്ടുപുസ്തകങ്ങൾ പുറത്തുവന്നത് നാം കണ്ടു കഴിഞ്ഞു. “ഗാന്ധിവധവും ഞാനും”, ” അമ്പത്തഞ്ചു കോടിയുടെ ബലി” എന്നിവയായിരുന്നു ആ പുസ്തകങ്ങൾ. ഗാന്ധി വധത്തിൽ സജീവമായ പങ്കുവഹിച്ച് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിയ ഗോപാൽ നാഥുറാമിനേയും കൂട്ടാളികളേയും ന്യായീകരിച്ചു മാത്രമേ എഴുതൂ എന്നത് തീർച്ചയാണല്ലോ. എന്നാൽ അതവിടെ നിന്നില്ല. ആ പുസ്തകങ്ങളെ ആസ്പദിച്ച് പ്രദീപ് ദാൽവി എന്ന നാടകകൃത്ത് ”മീ നാഥുറാം ഗോഡ്സെ ബോൽത്തായ്” ( ഞാൻ നാഥുറാം ഗോഡ്സേ സംസാരിക്കുന്നു ) 80 കളിൽ എഴുതി. ചരിത്രകാരനായ വൈ ഡി  ഫാഡ്കെ പ്രദീപ് ദാൽവി സൃഷ്ടിക്കാൻ ശ്രമിച്ച ദേശസ്നേഹിയായ ഗോഡ്സെയെ തുറന്നുകാട്ടിക്കൊണ്ട് “നാഥുരാമായൺ” എന്ന പുസ്തകം മറാത്തിയിൽ എഴുതുകയുണ്ടായി. അപ്ല മഹാനഗർ എന്ന സായാഹ്നപത്രത്തിലാണ് ഫാഡ്കെയുടെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചത്. 1995 ൽ ശിവസേന – ബി ജെ പി കൂട്ടുകെട്ട് മഹാരാഷ്ട്ര ഭരിക്കാൻ തുടങ്ങിയ കാലത്ത് ദാൽവി തൻ്റെ നാടകം അരങ്ങിലെത്തിക്കാൻ ശ്രമിച്ചു. അതോടൊപ്പം തന്നെ വിപുൽ ഭാർഗ്ഗവ് ഇതിൻ്റെ ഗുജറാത്തിപ്പതിപ്പ് ഗുജറാത്തിൽ 60-70 ഇടങ്ങളിൽ കളിക്കുകയുണ്ടായി. ഗുജറാത്തിലും മാറി വരുന്ന രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഈ നാടകം അരങ്ങേറുന്നത്.

മറാത്തി നാടകം ആദ്യം കളിച്ചത് സവർക്കറുടെ വസതി സ്ഥിതി ചെയ്തിരുന്ന ദാദറിൽ ആണ്. 1998 ജൂലൈ 17 നാണ് നാടകം ആദ്യമായി അരങ്ങേറാൻ തീരുമാനിച്ചത്. തുടർന്ന് പാർലിമെൻ്റിൽ കോൺഗ്രസ്സ് എം പി മാർ പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന ബി ജെ പി ഗവണ്മെൻ്റ് പ്രതിസന്ധിയിലായി. അവരുടെ രഹസ്യമായ ഗോഡ്സേ ആരാധന പുറത്തു വരും എന്ന സ്ഥിതി ഒഴിവാക്കാനാകും, ആഭ്യന്തര മന്ത്രിയായിരുന്ന എൽ കെ അദ്വാനി മഹാരാഷ്ട്ര ഭരിച്ചിരുന്ന ബി ജെ പി – ശിവസേനാ മുന്നണിയോട് നാടകം നിരോധിക്കാൻ ഉപദേശം നൽകുകയും അത് അവർ പാലിക്കുകയും ചെയ്തു. അതേ തുറന്ന് ദാദറിലെ ശിവാജി മന്ദിറിൽ കളിക്കാനിരുന്ന നാടകം മാറ്റിവെച്ചു.

ദാൽവിയുടെ നാടകത്തിൽ പ്രത്യക്ഷപ്പെടുന്ന സാവന്ത്, അർജ്ജുൻ ദാസ്, ഷെയ്ക്ക് എന്നീ മൂന്നു പോലീസ് ഉദ്യോഗസ്ഥരും യഥാർത്ഥത്തിൽ ഭാവനാസൃഷ്ടികൾ ആണെന്ന് ഫാഡ്കെ ചൂണ്ടിക്കാട്ടുന്നു. ഗാന്ധിവധത്തിൻ്റെ അന്വേഷണത്തിൽ ഇടപെട്ട രണ്ട് സാവന്തുമാർ കപൂർ കമ്മീഷന് മുന്നിൽ സാക്ഷികൾ ആയി പ്രത്യക്ഷപ്പെടുന്നുണ്ട്. അമ്പത്തേഴാം നമ്പർ സാക്ഷിയായ എൻ ബി സാവന്തും തൊണ്ണൂറ്റി നാലാം നമ്പർ സാക്ഷിയായ എസ് എൻ സാവന്തും. ഫാഡ്കെ നാഥുരാമായൺ എഴുതുന്ന തൊണ്ണൂറുകളുടെ അവസാനം ശങ്കർ റാവു സാവന്ത് എന്ന എസ് എൻ സാവന്ത് ഭൂമി വെടിഞ്ഞിരുന്നു. നാരായൺ റാവു സാവന്ത് എന്ന എൻ ബി സാവന്തിൻ്റെ എൺപത്തി നാലാം വയസ്സിൽ ഫാഡ്കെ അദ്ദേഹവുമായി സംസാരിക്കുന്നുണ്ട്. നാരായൺ ആപ് തേയേയും വിഷ്ണുകർക്കരേയേയും ഗാന്ധി വധത്തിന് ശേഷം ബോംബെയിലെ റീഗൽ സിനിമയ്ക്ക് പിന്നിലെ അപ്പോളോ ഹോട്ടലിൽ നിന്നാണ് അവരെ അറസ്റ്റ് ചെയ്തത് എന്ന് നാം കണ്ടു. ജിമ്മി നാഗർവാല ഗാന്ധിവധത്തിൻ്റെ ചുമതല ഏറ്റെടുത്തതിനെ തുടർന്ന് എൻ ബി സാവന്ത് ഡെൽഹിയിൽ അദ്ദേഹത്തെ സഹായിക്കുന്ന സംഘാംഗം ആയിരുന്നു –

ചരിത്രവസ്തുത ഇതായിരിക്കേ സാൽവിയുടെ സാവന്ത് 1948 ജനുവരി 30 ന് ഗാന്ധി വധത്തിന്  ശേഷം നാഥുറാം ഗോഡ്സേയെ പാർലിമെൻ്റ് റോഡ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ കൊണ്ടു വരുമ്പോൾ അവിടെ സന്നിഹിതനായ പോലീസ് ഓഫീസർ ആണ്, എന്നു പറഞ്ഞാൽ നാഥുറാം ഗോഡ്സേയെ മഹത്വവല്ക്കരിക്കാനായി ദാൽവി സൃഷ്ടിച്ച ഒരു കഥാപാത്രമാണ് ഈ സാവന്ത്. എന്നാൽ ഗാന്ധി വധാന്വേഷണത്തിൽ രണ്ട് സാവന്തുമാർ യഥാർത്ഥത്തിൽ പങ്കെടുത്തിട്ടുള്ളതിനാൽ ആ പേര് ഉപയോഗിച്ച് സത്യത്തിൻ്റെ വ്യാജപ്രതീതി സൃഷ്ടിക്കുകയാണ് ദാൽവി ചെയ്യുന്നത്. ഷെയ്ഖ് എന്നൊരു പോലീസ് ഓഫീസറേയും അവിടെ ദാൽവി ഭാവനയാൽ സന്നിഹിതനാക്കുന്നുണ്ട്.

ഷെയ്ഖും സാവന്തും മഹാരാഷ്ട്രക്കാരായ പോലീസുകാരായാണ് ദാൽവി ചിത്രീകരിക്കുന്നത്. 1948 ജനുവരി 20 ൻ്റെ ബോംബു സ്ഫോടനത്തിന് ശേഷം മറാത്താ പോലീസുകാരെ ഡെൽഹിയിൽ വിന്യസിക്കുകയായിരുന്നെങ്കിൽ അവർ നാഥുറാം ഗോഡ്സേയെ എളുപ്പം തിരിച്ചറിഞ്ഞ് ബിർള ഹൗസിലേയ്ക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുമായിരുന്നു എന്നും അതുവഴി ഗാന്ധിവധം ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നുമാണ് പൊതുവേ വിലയിരുത്തുന്നത്. ഡെൽഹി പോലീസിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജീവി പിള്ളയുടെ ഭാഗത്തു നിന്നും വന്ന വലിയ വീഴ്ചയായി അത് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാ തകിടം മറിച്ചു കൊണ്ടാണ് ദാൽവി ഈ രണ്ട് കഥാപാത്രങ്ങളെ നാഥുറാമിൻ്റെ യശസ്സ് വ്യാപിപ്പിക്കാൻ സൃഷ്ടിച്ചത്.

ദാൽവിയുടെ മറ്റൊരു കഥാപാത്രമായ പോലീസ് ഐ ജി അർജ്ജുൻ ദാസ് 1948 ജനുവരി 30 ന് വൈകീട്ട് 5 മണിക്ക് ഗാന്ധിയെ സന്ദർശിക്കുന്നുണ്ട്. നെഹ്റുവിൻ്റെ അംഗരക്ഷകനായിരുന്നു താനെന്നും നെഹ്റു ഗാന്ധിയെ സംരക്ഷിക്കാനായി തന്നെ അയച്ചതാണെന്നും അദ്ദേഹം നാടകത്തിൽ ഗാന്ധിയോട് പറയുന്നുണ്ട്. ഗാന്ധിവധത്തിലെ പ്രതികൾ ജയിലിൽ കഴിഞ്ഞ കാലത്ത് അവിടെ ജയിലിൻ്റെ മുഖ്യ അധികൃതനായിരുന്ന ഒരു അർജ്ജുൻ ദാസിനെ ഗോപാൽ ഗോഡ്സേ തൻ്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. നാഥുറാമിനെ തൂക്കിക്കൊന്ന ശേഷം അർജ്ജുൻ ദാസ് തന്നെ സമാശ്വസിപ്പിച്ചതായും. ഈ അർജ്ജുൻ ദാസിനെ ദാൽവി സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുകയാണ് ചെയ്തതെന്ന് ഫാഡ്കെ നിരീക്ഷിക്കുന്നു.

ഗാന്ധിയുടെ ഇളയ മകനും പത്രപ്രവർത്തകനുമായ ദേവദാസ് ഗാന്ധി രണ്ടു തവണ നാഥുറാം ഗോഡ്സേയെ സന്ദർശിച്ചതായി ദാൽവി വിവരിച്ചിരിക്കുന്നു. ആദ്യ സന്ദർശനം 1948 ജനുവരി 30 ന്, ഗാന്ധി വധിക്കപ്പെട്ട അന്നു രാത്രി പാർലിമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് ആദ്യ കണ്ടുമുട്ടൽ നടന്നതായി ദാൽവിയുടെ നാടകത്തിൽ പറയുന്നത്. ദേവദാസ് ഗാന്ധി പാർലിമെൻ്റ് റോഡ് സ്റ്റേഷനിലെ ഷേയ്ഖ് എന്ന പോലീസ് ഉദ്യോഗസ്ഥനോട് ഫോൺ ചെയ്ത് അനുവാദം വാങ്ങിയ ശേഷമാണ് നാടകത്തിൽ നാഥുറാമിനെ കാണാനെത്തുന്നത്.

ഗോപാൽ ഗോഡ്സെയാണ് ഈ വിവരം ആദ്യമായി തൻ്റെ പുസ്തകത്തിലൂടെ വെളിച്ചത്ത് കൊണ്ടുവരുന്നത്. ബാബേൽ എൻ്റർടെയ്‌ൻമെൻ്റിൻ്റെ യു ട്യൂബ് വീഡിയോയിലും ഇക്കാര്യം ഗോപാൽ സംസാരിക്കുന്നുണ്ട്. അംബാല ജയിലിൽ കഴിയുന്ന കാലത്ത് നാഥുറാം തന്നോട് പറഞ്ഞതായിട്ടാണ് ഗോപാൽ ഇതിന് ആധികാരികത നൽകുന്നത്. ദേവദാസ് ഗാന്ധി എന്തിനാണ് ഇത് ചെയ്തതെന്ന് നാഥുറാമിനോട് ആരാഞ്ഞപ്പോൾ ” പ്രശ്നം രാഷ്ട്രീയമാണ്. രാഷ്ട്രീയമല്ലാതെ ഒന്നുമല്ല ” എന്ന് നാഥുറാം പറഞ്ഞുവെന്നും ദേവദാസ് ഗാന്ധി അത് കേട്ട് ഇറങ്ങിപ്പോയി എന്നുമാണ് ഗോപാൽ പറയുന്നത്. ദാൽവിയുടെ നാടകത്തിലാകട്ടെ ദേവദാസ് ഗാന്ധിയെക്കൊണ്ട് നാഥുറാം ശരിയായിരുന്നു എന്ന് സമ്മതിപ്പിക്കുന്ന മട്ടിൽ പെരുമാറിപ്പിക്കുന്നു. അവസാനം കൊലയാളിയായ  നാഥുറാമിന്റെ കൈകൾ പിടിച്ച് കുലുക്കിയിട്ടാണ്, തൻ്റെ പിതാവ് വെടിയേറ്റു മരിച്ച രാത്രിയിൽ ദേവദാസ് ഗാന്ധി ഇറങ്ങിപ്പോകുന്നത്!

മാത്രമല്ല, ആരും പറയാത്ത ഒരു ‘ചരിത്രഖണ്ഡം’ കൂടി ദാൽവി നാടകത്തിൽ എഴുതി ചേർത്തിരിക്കുന്നു. തൂക്കിക്കൊലയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേവദാസ് ഗാന്ധി വന്ന് നാഥുറാമിനോട് വധശിക്ഷ റദ്ദുചെയ്യാൻ സുപ്രീംകോടതിയിൽ വാദിക്കാം എന്ന് വാഗ്ദാനം ചെയ്യുന്നതും നാഥുറാം അത് നിരാകരിക്കുന്നതുമായ രംഗം ആണത്. ഒന്നാമത്, ദേവദാസ് ഗാന്ധി വക്കീൽ അല്ലായിരുന്നു. രണ്ടാമത്, അന്ന് ഇന്ത്യൻ ഭരണഘടനയോ സുപ്രീംകോടതിയോ നിലവിൽ വന്നിട്ടില്ല. ഗവർണ്ണർ ജനറലും പ്രൈവി കൗൺസിലും, അന്നത്തെ ഏറ്റവും ഉന്നതമായ നിയമ സംവിധാനങ്ങൾ നാഥുറാമിൻ്റെ അപ്പീൽ നിരാകരിച്ചിരുന്നു. ദേവദാസ് ഗാന്ധിയുടെ ജ്യേഷ്ഠനായ രാമദാസ് ഗാന്ധി, പിതാവിൻ്റെ അഹിംസാ സിദ്ധാന്തം ഉയർത്തിപ്പിടിച്ച് നാഥുറാമിൻ്റെ വധശിക്ഷ റദ്ദ് ചെയ്യാൻ വ്യക്തിപരമായി അഭ്യർത്ഥിച്ചെങ്കിലും അത് ഗവണ്മെൻറ് നിരാകരിക്കുകയാണ് ചെയ്തത്. ഇതൊന്നും ദാൽവിക്ക് തൻ്റെ സത്യാനന്തര കഥനം നിർവ്വഹിക്കുന്നതിന് തടസ്സമാകുന്നില്ല.

ദാൽവിയുടെ കഥനത്തിൽ ഷെയ്ഖ് എന്ന മുസ്ലീം ഇൻസ്പെക്ടറും അദ്ദേഹത്തിൻ്റെ മകൾ സുബൈദയും നാഥുറാമിൻ്റെ ആരാധകർ ആകുകയാണ്. അവൾ പള്ളിയിൽ പോയി ദിവസവും നാഥുറാമിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഗർഭിണിയായ അവൾക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന് ഭാഗ്യവശാൽ നാഥുറാം എന്ന് പേരിടണമെന്ന് ദാൽവി നിർദ്ദേശിക്കുന്നില്ല. പകരം നാഥുറാമിൻ്റെ ‘മൂല്യങ്ങൾ’ അവനെ പഠിപ്പിക്കണം എന്നാണ് നിർദ്ദേശിക്കുന്നത്!

ദാൽവിയുടെ നാഥുറാം പ്രേക്ഷകരോട് സവർക്കർ തന്നോട് പറഞ്ഞത് വെളിപ്പെടുത്തുന്നു. ” ആധുനിക കാലഘട്ടത്തിലെ ദധീചി മഹർഷിയാണ് നീ. നിൻ്റെ അസ്ഥികളും ആയുധങ്ങളായി മാറും “. പക്ഷെ, രേഖകൾ ചൂണ്ടിക്കാണിക്കുന്നത് പോലീസിൻ്റെ പിടിയിൽ ആയതോടെ സവർക്കർ നാഥുറാമിനെ തിരിഞ്ഞു  നോക്കിയില്ല എന്നാണ്. ഇനാംദാറോട് താത്യാറാവുവിൻ്റെ പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നതിനെ പറ്റി നാഥുറാം പരാതി പറഞ്ഞത് നാം ചർച്ച ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള നാഥുറാമിനെ കൊണ്ട് ദാൽവി പറയിക്കുന്നത് ഇങ്ങനെ :

” താത്യാറാവു ഈ വിചാരണയിലേയ്ക്ക് അന്യായമായി വലിച്ചിഴക്കപ്പെട്ടു. പക്ഷെ, ഞാൻ ശരിയായ സത്യം പറയട്ടെ ? അദ്ദേഹത്തിൻ്റെ അറസ്റ്റുകൊണ്ട് എനിക്ക് ഗുണം കിട്ടി. എങ്ങനെ ? എനിക്ക് അദ്ദേഹത്തിൻ്റെ കൂടെ കഴിയാൻ സാധ്യമായി. താത്യാറാവു ഞങ്ങളുടെ മാത്രമായി. ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് പലതും പഠിച്ചു. എൻ്റെ അവസാന ദിവസങ്ങൾ മഹത്തായി. അവ ഫലപ്രദമായി ചെലവഴിക്കാനായി. എല്ലാറ്റിനുമുപരി അദ്ദേഹം മരണത്തിനെ കീഴടക്കിയവനാണ്. അതിനാൽ മരണത്തിൻ്റെ നിഴലുപോലും അദ്ദേഹമൊത്തിരിക്കുന്ന നേരത്ത് പേടിച്ച് ചുരുണ്ടു ”

ഇവിടെ ദാൽവി ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന ന്യായം പരീക്ഷിക്കുകയാണ്. ഗോഡ്സേയെ വിശുദ്ധനാക്കുന്നതിനൊപ്പം സവർക്കറെ പരമ വിശുദ്ധനാക്കുന്നു.

1998 ൽ ബി ജെ പി മുന്നണി  സർക്കാർ ആണ് ഭരിച്ചിരുന്നതെങ്കിലും ഈ “വിശുദ്ധ ക്രിയ” എളുപ്പം നടപ്പിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ജനവികാരം അതിനെതിരായിരുന്നു. എന്നാൽ അവർ സവർക്കറെ പതുക്കെ മറവിയിൽ നിന്നും വിശുദ്ധവല്ക്കരണത്തിലേയ്ക്ക് ആനയിക്കുകയുണ്ടായി. 2003 ൽ ആൻഡമാനിലെ പോർട്ട്ബ്ലെയർ എയർപോർട്ടിന്, വ്യാപക പ്രതിഷേധം വകവെയ്ക്കാതെ വീർ സവർക്കർ ഇൻ്റർനാഷണൽ എയർപോർട്ട് എന്ന് പേരു നൽകി. അക്കൊല്ലം ഫെബ്രുവരി 26 ന് അവർ പാർലിമെൻ്റിലെ സെൻട്രൽ ഹാളിൽ ചന്ദ്രകലകുമാർ കദം എന്ന ചിത്രകാരൻ വരച്ച സവർക്കറുടെ ഛായാചിത്രം ഗാന്ധിച്ചിത്രത്തിനെതിരെ സ്ഥാപിച്ചു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചടങ്ങിൽ പങ്കെടുക്കരുതെന്ന് അന്നത്തെ രാഷ്ട്രപതി ഏ പി ജെ അബ്ദുൾ കലാമിനോട് അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. വിശാലമായ ഹൃദയവും ഇടുങ്ങിയ തലച്ചോറും ഉള്ള ആൾ എന്ന് ഗാന്ധിയെ വിശേഷിപ്പിച്ച സവർക്കർ അങ്ങനെ പാർലിമെൻ്റിൽ എത്തി. നിരഞ്ജൻ ടാക്ലേ എന്ന പത്രപ്രവർത്തകൻ വിശേഷിപ്പിച്ചത് പോലെ ഗാന്ധിക്ക് നേരെ പുറം തിരിക്കാതെ പാർലിമെൻ്റ് സെൻട്രൽ ഹാളിൽ സവർക്കറെ കാണാനാകില്ല.

മോദി വന്നതോടെയാണ് സവർക്കർ ചാരത്തിൽ നിന്ന് ഉയിർത്തെണീറ്റത്. 2015 ഫെബ്രുവരി 25 ന് പ്രധാനമന്ത്രി മോദി ഇങ്ങനെ ട്വീറ്റ് ചെയ്തു. ” വീർ സവർക്കർക്ക് അദ്ദേഹത്തിൻ്റെ പുണ്യതിഥിയിൽ അഭിവാദനങ്ങൾ. നിരവധി ജീവിതങ്ങളിൽ അദ്ദേഹം ദേശീയതയുടെ സ്ഫുലിംഗങ്ങൾ ജ്വലിപ്പിച്ചു. ” 2015 മെയ് 27 ന് അദ്ദേഹം വീണ്ടും ട്വീറ്റ് ചെയ്തു. ” മഹാനായ വീർ സവർക്കർക്ക് മുന്നിൽ അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ ഞാൻ തല കുനിക്കുന്നു. അദ്ദേഹത്തിൻ്റെ അധൃഷ്യമായ ഇച്ഛാശക്തിയേയും ഇന്ത്യൻ ചരിത്രത്തിന് അദ്ദേഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനയും ഞങ്ങൾ ഓർമ്മിക്കുന്നു “. 2014ൽ ഇതേ ദിവസം മോദിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ” വീർ സവർക്കർക്ക് അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ. നമ്മുടെ മാതൃ രാഷ്ട്രത്തിന്റെ പുനരുജ്ജീവനത്തിനായി നടത്തിയ അദ്ദേഹത്തിൻ്റെ അക്ഷീണമായ പ്രയത്നങ്ങളെ ഞങ്ങൾ ഓർക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു “. ഒരു ഡിസംബർ 30 ന് ആൻഡമാനിലെ ജയിലിൽ സവർക്കറെ അടച്ചിട്ടിരുന്ന മുറിയിൽ അദ്ദേഹത്തിൻ്റെ ഛായാചിത്രം നോക്കിയിരുന്നു കൊണ്ട് കൈകൂപ്പുന്ന മോദിയുടെ ചിത്രം മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചു. അന്ന് അദ്ദേഹം ചെയ്ത ട്വീറ്റ് ഇതായിരുന്നു. ” സെല്ലുലർ ജയിലിൽ അടക്കപ്പെട്ടവരിൽ മഹാനായ വീർ സവർക്കറും ഉണ്ടായിരുന്നു. അധൃഷ്യനായ വീർ സവർക്കറെ പാർപ്പിച്ചിരുന്ന സെൽ ഞാൻ സന്ദർശിച്ചു. കഠിനമായ തടവ് അദ്ദേഹത്തിൻ്റെ ഇച്ഛാശക്തിയെ തളർത്തിയില്ല. ജയിലിൽ നിന്നു പോലും അദ്ദേഹം സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് എഴുതുന്നതും സംസാരിക്കുന്നതും തുടർന്നു. ”

ജയിലിൽ അദ്ദേഹം ചെയ്ത ഏറ്റവും വലിയ കാര്യത്തെ പ്രധാനമന്ത്രി ട്വീറ്റിൽ ഓർത്തില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തോട് മാപ്പു ചോദിക്കൽ ആയിരുന്നു അത്.

65. വീണ്ടും സവർക്കർ
…………………………..

ഹിന്ദുത്വ ഭരണകൂടങ്ങൾ സവർക്കറെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഭരണപരമായി  നടത്തുന്നതിന് സമാന്തരമായിത്തന്നെ സംസ്ക്കാരത്തിലും  സവർക്കർ ബിംബ നിർമ്മിതിക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു വരുന്നുണ്ട്. ധനഞ്ജയ് കീറിൻ്റെ സവർക്കറുടെ ജീവചരിത്രം ആണ് ഇത്തരത്തിൽ പുറത്തു വന്ന ആദ്യകൃതി. 1950 ലാണ് ഇത് പുറത്തു വരുന്നത്. അതായത് സവർക്കർ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ. മാത്രമല്ല, ഗാന്ധിവധത്തിൻ്റെ ഗൂഢാലോചനക്കുറ്റത്തിൽ നിന്നും കോടതി സവർക്കറെ കുറ്റവിമുക്തമാക്കിയ സമയത്ത്. ആ സമയം സവർക്കർ അത്രമാത്രം ജനശത്രുത ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു താനും.

സവർക്കറുമായി നിരന്തര സമ്പർക്കം പുലർത്തിക്കൊണ്ടും സവർക്കർ പ്രദാനം ചെയ്ത ഒരു പാട് രേഖകൾ ഉപയോഗിച്ചുമാണ് ഈ ജീവചരിത്ര രചന നടത്തിയതെന്ന് ധനഞ്ജയ് കീർ പറയുന്നുണ്ട്. മാത്രമല്ല, സവർക്കറുടെ രത്നഗിരി ജീവിതക്കാലത്ത് ഏർപ്പെട്ട പ്രവർത്തനങ്ങളുടെ സഹയാത്രികനും കൂടിയായിരുന്നു കീർ. പതീത് പാവൻ ക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം കൊടുക്കാൻ സവർക്കർ നടത്തിയ, പരിഷ്ക്കരണ പ്രസ്ഥാനം എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന വംശീയ പ്രസ്ഥാനത്തിൽ പങ്കാളിയും ആയിരുന്നു. അതു കൊണ്ടു തന്നെ ഒരു സവർക്കർ ആരാധകൻ്റെ എഴുത്താണ് കീർ നിർവ്വഹിക്കുന്നത്. അതുകൊണ്ടു തന്നെ സവർക്കർ സ്തുതിയുടെ ഒരു ബൗദ്ധികചട്ടക്കൂട്ടിൽ നിന്നു കൊണ്ടാണ് ഈ ജീവചരിത്ര രചന കീർ നിർവ്വഹിച്ചിട്ടുള്ളത്. സ്വാഭാവികമായും സവർക്കറുടെ മാപ്പപേക്ഷകളും ഗാന്ധിവധത്തിലെ സംശയാസ്പദമായ നിലപാടുകളും ഒക്കെ കീർ തിരി താഴ്ത്തിയിടുന്നു. സവർക്കർ രാഷ്ട്രീയത്തിലെ ഹിംസ എന്ന ആശയം ഒരിക്കലും പ്രശ്നവല്ക്കരിക്കുന്നില്ല.

ഇങ്ങനെ സവർക്കർ സ്തുതികളുടെ വകഭേദങ്ങളായ ജീവചരിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് വിക്രം സമ്പത്ത് എന്ന പ്രശസ്തനായ യുവ എഴുത്തുകാരൻ സവർക്കറുടെ ജീവചരിത്രം രണ്ടു വാല്യങ്ങളായി പുറത്തിറക്കിയത്.

അതിൽ ആദ്യവാല്യം ‘ സവർക്കർ – മറന്ന ഒരു ഭൂതകാലത്തിൽ നിന്നുള്ള പ്രതിധ്വനികൾ 1883- 1924 ‘ (Savarkar – Echoes from a Forgotten Past)  പേര് സൂചിപ്പിക്കും പോലെ 1924 വരെയുള്ള സവർക്കറുടെ ജീവിതത്തെ അനാവരണം ചെയ്യുന്നു.

രണ്ടാമത്തെ വാല്യം ” സവർക്കർ – പരീക്ഷിക്കപ്പെട്ട ഒരു ഐതിഹാസികത 1924-66 (Savarkar – A contested Legacy )  1924 ന് ശേഷം സവർക്കറുടെ മരണം വരെയുള്ള ചരിത്രമാണ് പ്രതിപാദിക്കുന്നത്. ഈ ജീവചരിത്രത്തിൻ്റെ പ്രത്യേകത സവർക്കർ പ്രദാനം ചെയ്ത രേഖകൾക്കപ്പുറം ഒരു ചരിത്രകാരൻ അനുഷ്ഠിക്കേണ്ട തരത്തിൽ അക്കാലത്തെ കുറിച്ച് ലഭ്യമായ രേഖകളിലൂടെ കടന്നുപോകാനും ആവശ്യമായ തെളിവുകൾ നൽകാനും ശ്രമിച്ചിട്ടുണ്ട് എന്നാണ്. സമ്പത്ത് പറയുന്നതിനനുസരിച്ച് ” ഈ പുസ്തകം അദ്ദേഹത്തിന് ( സവർക്കർക്ക്) വേണ്ടിയുള്ള ന്യായവാദമല്ല, ഒരു ദേശീയ വ്യക്തിത്വത്തോട് ചെയ്ത ചരിത്രപരമായ തെറ്റുകൾ തിരുത്താനുള്ള ഉന്നതമായ ലക്ഷ്യം ഏറ്റെടുക്കുന്നുമില്ല”

ഇത്തരം വാചകങ്ങളുടെ തകരാറ് അവ യഥാർത്ഥ ഇംഗിതത്തെ വെളിയിൽ കാണിക്കുന്നു എന്നതാണ്. സവർക്കർ ഒരു ദേശീയ വ്യക്തിത്വമാണെന്നും അദ്ദേഹത്തോട് രാജ്യം ചരിത്രപരമായി തെറ്റു ചെയ്തു എന്നും വിശ്വസിക്കുന്ന ഒരാൾക്ക് മാത്രമേ ആ വാചകം എഴുതാനാകൂ. ഒരു പക്ഷേ, സവർക്കറുടെ ജീവചരിത്രത്തിൻ്റെ ഈ രണ്ടു വാല്യങ്ങളും യഥാർത്ഥത്തിൽ ഈ ഇംഗിതത്തിൻ്റെ നിദർശനങ്ങൾ ആണ്. ധനഞ്ജയ് കീറിനെ സംബന്ധിച്ചിടത്തോളം സവർക്കർ നൂറുശതമാനവും ശരിയാണ്. വിക്രം സമ്പത്ത് സവർക്കറുടെ ജീവിതത്തിൽ വീണ ചില കറുത്ത നിഴലുകൾക്ക് ആധാരമായ രേഖകളെ പുറത്തുകൊണ്ടു വരുന്നുണ്ട്- ഉദാഹരണമായി സവർക്കർ എഴുതിയ എട്ടിൽ ആറു മാപ്പപേക്ഷകളുടേയും പകർപ്പുകൾ പൂർണ്ണമായിത്തന്നെ ഈ  പുസ്തകത്തിൻ്റെ ആദ്യ വാല്യത്തിലുണ്ട്. ഈ മാപ്പപേക്ഷകൾ ബ്രിട്ടീഷുകാർക്ക് മുന്നിലുള്ള കീഴടങ്ങലായി കണക്കാക്കുന്ന ഏ.ജി. നൂറാണിയെപ്പോലുള്ളവരെയും അതല്ല തികച്ചും തന്ത്രപരമായ ഒരു സമീപനം ആയിരുന്നുവെന്ന് കരുതുന്ന ധനഞ്ജയ് കീർമാരെയും ഒരേ പോലെ നിരാകരിക്കുന്നു എന്ന് വിക്രം സമ്പത്ത് അവകാശപ്പെടുന്നുണ്ട്. എന്നാൽ ജയിൽവിമോചിതനായ ശേഷം ഒരിക്കൽപ്പോലും സവർക്കർ ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടാൻ മുതിർന്നിട്ടില്ല എന്ന വസ്തുത സമ്പത്തിൻ്റെ എഴുത്തിനെ ബാധിക്കുന്നേ ഇല്ല. അതായത് 1910 ന് ശേഷം ബ്രിട്ടീഷുകാർക്കെതിരെ സവർക്കറോ അദ്ദേഹത്തിൻ്റെ വ്യത്യസ്ത  സംഘടനകളോ അനങ്ങിയിട്ടില്ല.

അങ്ങനെ ഭൂതകാലത്തിൻ്റെ അരങ്ങിൽ ബ്രിട്ടീഷുകാർക്കെതിരെ ഹിംസയുടെ മാർഗ്ഗം സ്വീകരിച്ച സവർക്കർ, കുറ്റവിമുക്തനായ ശേഷം എന്താണ് ചെയ്യാൻ ശ്രമിച്ചത് എന്നതിനെപ്പറ്റിയുള്ള സൂക്ഷ്മ വിശകലനത്തിലേയ്ക്ക് ഒരിക്കലും സമ്പത്ത് കടക്കുന്നില്ല. മറിച്ച് ചരിത്രത്തിൻ്റെ ഒരു പ്രത്യേക സന്ദർഭത്തിൽ നടന്ന കാര്യങ്ങളെ അവിടെത്തന്നെ നിർത്തി ചർച്ച ചെയ്ത് പോകുകയാണ് വിക്രം സമ്പത്ത് ചെയ്യുന്നത്. അതിനാൽ ഈ പുസ്തകം പിറന്നു വീഴുന്നത് ഒരു മതേതര, ജനാധിപത്യ, ത്യലാവകാശ റിപ്പബ്ളിക്കിൽ ആണെന്ന് ഒരിക്കലും നമുക്ക് തോന്നുകയേ ഇല്ല. സ്വാതന്ത്ര്യസമരചരിത്രത്തിൽ  1910 ന് ശേഷം ഒരു തുള്ളി പോലും അവകാശപ്പെടാൻ അർഹതയില്ലാത്ത സവർക്കറെയാണ് താൻ രാജ്യചരിത്രത്തിലൂടെ നടത്തിക്കുന്നത് എന്ന ബോധ്യം മാറ്റിവെച്ചാണ് സമ്പത്ത് ഇത് ചെയ്യുന്നത്.

ദളിത് രാഷ്ട്രീയം, സ്ത്രീ രാഷ്ട്രീയം എന്ന സങ്കല്പനങ്ങൾ ഒക്കെ അങ്ങേയറ്റം പരിചിതമായ കാലത്ത് സവർക്കറുടേത് ബ്രാഹ്മണി സമാണ് എന്ന് തിരിച്ചറിയാതിരിക്കുക ഒരു ‘ നിഷ്പക്ഷ’ ചരിത്രകാരന് പ്രയാസപ്പെട്ട കാര്യമാണ്. സവർക്കറുടെ എഴുത്തുകൾ, അത് ഹിന്ദുത്വയായാലും  അവസാന പുസ്തകങ്ങളിൽ ഒന്നായ ഇന്ത്യൻ ചരിത്രത്തിലെ ആറ് ഏടുകൾ ‘ ആയാലും അതെല്ലാം അഭിസംബോധന ചെയ്യുന്നത് മതനിരപേക്ഷ ഇന്ത്യയെ അല്ല എന്ന് വളരെ എളുപ്പത്തിൽ ബോധ്യപ്പെടും. പ്രത്യേകിച്ചും ഒരു ചരിത്രകാരന്. അതു കൊണ്ട് മാപ്പിള കലാപത്തെക്കുറിച്ച് നോവൽ എഴുതുമ്പോൾ അത് സവർക്കർ അവതരിപ്പിക്കാനുദ്ദേശിക്കുന്നത് വസ്തുതാപരമായ ഗ്രന്ഥമായാണോ? 1857 ലെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ എഴുതുമ്പോൾ ഹിന്ദു – മുസ്ലീം മൈത്രിയെ പ്രകീർത്തിച്ച സവർക്കർ പിൽക്കാലത്ത് കൊടിയ മുസ്ലിം വിരുദ്ധനായി പ്രത്യക്ഷപ്പെടുന്നതെന്തുകൊണ്ട്? എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങളെ ഗ്രന്ഥകാരൻ മാറ്റിവെയ്ക്കുന്നു. ഒരു ജീവചരിത്ര കർത്താവ് അതൊന്നും അന്വേഷിക്കേണ്ടതില്ലെന്ന് വാദിക്കാവുന്നതാണ്. പക്ഷെ, വിക്രം സമ്പത്തിൻ്റെ ജീവചരിത്രം അത്തരത്തിൽ ഉള്ള ഒന്നല്ല. ഓരോ സന്ദർഭവും വിശകലന വിധേയമാക്കിക്കൊണ്ടാണ് അത് കടന്നു പോകുന്നത്. എന്നാൽ ആ വിശകലനത്തിൽ വർത്തമാനകാലം വരെയുള്ള ചരിത്രം ഇല്ല. മാത്രമല്ല ,ഇന്ത്യൻ സ്വാതന്ത്ര്യ സമരം കത്തി നിൽക്കുന്ന അവസരത്തിൽ സവർക്കറുടെ മുസ്ലീം വിരുദ്ധത ബ്രിട്ടീഷുകാരെ എങ്ങനെയൊക്കെ സഹായിച്ചു കാണും എന്ന ചിന്ത ഒരിടത്തും കടന്നു വരുന്നില്ല.

മാത്രമല്ല, ഗാന്ധി വിചാരണാവേളയിൽ അംബേദ്ക്കർ, സവർക്കറുടെ അഭിഭാഷകനും ഹിന്ദുമഹാസഭാ നേതാവുമായ ബോപ്പട്ക്കറെ കണ്ട് സവർക്കറെ കേസിൽ കുടുക്കിയതാണ് എന്ന സൂചന തന്നു എന്നു പറയുന്ന ഒരു കഥ വിക്രം സമ്പത്ത് ആവർത്തിക്കുന്നു. കാൽ എന്ന പ്രഖ്യാപിത ഹിന്ദുത്വ പ്രസിദ്ധീകരണത്തിൽ വന്ന ഒന്ന് ചരിത്ര വസ്തുത എന്ന നിലയ്ക്കാണ് സമ്പത്ത് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകം മുഴുവൻ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരു വിചാരണ നടന്നുകൊണ്ടിരിക്കുമ്പോൾ രാജ്യത്തിൻ്റെ നിയമ മന്ത്രി പ്രതിഭാഗം വക്കീലിനെ കഷ്ടപ്പെട്ട് കാണുന്നത് എന്തെങ്കിലും കാര്യമായ തെളിവോ കേസിൽ ഉപയോഗിക്കാൻ പറ്റിയ വസ്തുത യോ നൽകുന്നതിനല്ല. ഒരു കഷണം വിവരം തരാൻ മാത്രമാണ് എന്നത് തന്നെ വിഡ്ഢിത്തം നിറഞ്ഞ ഒന്നായി മാത്രമേ കേൾവിക്കാരന് തോന്നു. മനോഹർ മാൽഗോങ്കർ പറഞ്ഞ ,ഒരു പക്ഷേ ഗോപാൽ ഗോഡ്സേയിൽ നിന്ന് കിട്ടിയിരിക്കാവുന്ന കഥ ആവർത്തിക്കുകയാണ് വിക്രം സമ്പത്ത് ചെയ്യുന്നത്.

ഗാന്ധിവധത്തിൻ്റെ നിഴലിൽ നിന്ന് സവർക്കറെ പുറത്ത് കൊണ്ടുവരാൻ ആഞ്ഞു ശ്രമിക്കുമ്പോഴാണ് സമ്പത്ത് തൻ്റെ വാദം കൊണ്ട് സവർക്കറെ ചരിത്രത്തിൻ്റെ കോടതിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നത്. അതിന് അദ്ദേഹം ആശ്രയിക്കുന്നത് ഹിന്ദുത്വവാദികളുടെ പഴയ ഉപകരണങ്ങൾ തന്നെയാണ്. ഗോഡ്സേ കോടതിയിൽ പറഞ്ഞ പച്ചക്കള്ളങ്ങൾ ആണ് അതിലൊന്ന്. ഗോഡ്സേ തൻ്റെ കൂട്ടാളികളെ മുഴുവൻ ഒഴിവാക്കിക്കൊണ്ട് താനൊറ്റയ്ക്ക് തീരുമാനിച്ച ദൗത്യം താൻ തന്നെ നടപ്പാക്കുകയാണ് എന്നാണ് പറഞ്ഞത്. 1948 ജനുവരി 20 ന് മദൻലാൽ പഹ് വ നടത്തിയ വധശ്രമവും 1948 ജനുവരി 30 ന് താൻ നടത്തിയ വധവും തമ്മിൽ പരസ്പര ബന്ധമില്ല എന്നും ആപ്തേയ്ക്കും കർക്കരെയ്ക്കും വധത്തിൽ പങ്കില്ല എന്നും ഗാന്ധിയെ വധിക്കാനുപയോഗിച്ച തോക്ക് ഡെൽഹിയിലെ അഭയാർത്ഥികളിൽ നിന്ന് കരസ്ഥമാക്കിയതുമാണ് എന്നാണ് ഗോഡ്സേ കോടതിയിൽ പറഞ്ഞത്. എന്നാൽ ഇതെല്ലാം കള്ളമാണെന്ന് തെളിഞ്ഞു. ആ ഗോഡ്സേയുടെ മൊഴിയാണ് തൻ്റെ കേസ് വാദിക്കുന്നതിന് സമ്പത്ത് തെളിവു രേഖയെന്ന മട്ടിൽ എടുത്തു കാണിക്കുന്നത്. രണ്ടാമത് എല്ലാ ഗോഡ്സേ വാദികളും ചെയ്യും പോലെ മാപ്പുസാക്ഷിയായ ദിഗംബർ ബഡ്ഗെ യെ കളവു പറയുന്നവനും ചതിയനുമായി ചിത്രീകരിക്കുക. ബഡ്ഗേ നിരവധി കേസുകളിൽ പ്രതിയായിരുന്നു എന്നും സമ്പത്ത് ചൂണ്ടിക്കാട്ടുന്നു. അക്കാലത്തൊക്കെയും അദ്ദേഹം ഹിന്ദുമഹാസഭാ പ്രവർത്തകനും സവർക്കർ അനുയായിയുമായിരുന്നു എന്ന വസ്തുത സമ്പത്ത് മിണ്ടുന്നേയില്ല. ജി.വി. കേത്ക്കറുടെ അടുത്ത ആളായിരുന്നു ബഡ്ഗേ എന്നതും.ഏറ്റവും പ്രധാനപ്പെട്ട കാര്യം ബഡ്ഗേയുടെ മൊഴി ഏറെക്കുറെ ശരി വെക്കുന്ന രീതിയിൽ തന്നെയാണ് കോടതി വിധി വന്നത് എന്നതാണ്. അപ്പീൽ കോടതിയും ഏതാണ്ട് അത് ശരിവെച്ചു. സവർക്കറുടെ കാര്യത്തിൽ ഉപോദ്ബലകത്തെളിവുകളുടെ അഭാവമാണ് മോചനത്തിന് വഴിവെച്ചത്. വിഷ്ണു ഡാംലേയുടേയും അപ്പാ രാമചന്ദ്രകസാറിൻ്റേയും  മൊഴികൾ ദുരൂഹമായ സാഹചര്യത്തിൽ കോടതിയിൽ എത്തിയില്ല. അതിനെ സമ്പത്ത് ഏകപക്ഷീയമായി വിവരിക്കുന്നതാകട്ടെ ആ മൊഴി പ്രോസിക്യൂഷന് എതിരായി തീരും എന്നത് കൊണ്ടാണ് എന്നാണ്. അത് എങ്ങനെ എന്ന് വിശദീകരിക്കുന്നുമില്ല.

അടുത്തതായി സവർക്കർ കോടതിയിൽ കൊടുത്ത മൊഴിയാണ് സമ്പത്ത് നമുക്ക് മുന്നിൽ വെയ്ക്കുന്നത്. ഒരു പ്രതി തന്നെത്തന്നെ രക്ഷിക്കാൻ കോടതിയിൽ കൊടുക്കുന്ന മൊഴി ചരിത്രരേഖയായി സ്വീകരിക്കുമ്പോൾ നൽകേണ്ട ഒരു അകലം കണക്കിലെടുക്കാതെയാണ് സമ്പത്ത് അത് അവതരിപ്പിക്കുന്നത്. മാത്രമല്ല വിചാരണയുടെ ചരിത്രം അവതരിപ്പിക്കുന്നത് പ്രതിഭാഗം വക്കീൽ ആയിരുന്ന ഇനാംദാറുടെ വിവരണങ്ങൾ ഉൾപ്പെടുത്തിയും .

സവർക്കർ അനുഭവിച്ച ഭയവും അതിൽ നിന്നുണ്ടായ കരുതലും ഒക്കെ ഇനാംദാർ വിവരിച്ചത് നാം കണ്ടു. രത്നഗിരി ക്കാലം മുതൽ തൻ്റെയൊപ്പം കൂടിയ ഗോഡ്സേയിൽ നിന്ന് അകലം പാലിക്കാൻ കരുതിക്കൂട്ടി സവർക്കർ എടുത്ത നടപടികളും അതിൽ ഗോഡ്സേയ്ക്കുണ്ടായ വേദനയും. അതിനെയെല്ലാം സവർക്കറും സവർക്കറൈറ്റുകളും രണ്ട് സ്വത്വങ്ങളാണ് എന്ന വിചിത്ര വ്യാഖ്യാനം കൊണ്ട് മറികടക്കാനാണ് വിക്രം സമ്പത്ത് മെനക്കെടുന്നത്.ഗാന്ധിയുടെ ശരീരത്തിൽ ഗോഡ്സേ വർഷിച്ച മൂന്ന് വെടിയുണ്ടകൾക്ക് പുറമേ നാലാമതൊരു വെടിയുണ്ട കൂടി തറച്ചിരുന്നുവെന്നും ആ വെടിയുണ്ട ഉതിർത്തത് ആരെന്ന് അന്വേഷിക്കണമെന്നും ആരാഞ്ഞ് കോടതിയിൽ പോയ പങ്കജ് ഫാഡ്നിസിനെയാണ് ഇവിടെ സമ്പത്ത് സവർക്കറെ ചരിത്രത്തിൻ്റെ കോടതിയിൽ നിന്ന് കുറ്റവിമുക്തനാക്കാൻ കൂട്ടു പിടിക്കുന്നത്. സവർക്കറുടെ അഭിനവ് ഭാരത് എന്ന സംഘടനയ്ക്ക് പുനരുജ്ജീവനം നൽകിയ ആളാണ് ഈ പങ്കജ് ഫാഡ്നിസ്. സത്യവുമായി പുലബന്ധമില്ലാത്ത  ഈ ഹർജിയുടെ പേരിൽ കോടതി പങ്കജ് ഫാഡ്നിസിന് 25,000 രൂപ പിഴ വിധിച്ചത് വിക്രം സമ്പത്ത് മിണ്ടുന്നില്ല.

കപൂർ കമ്മീഷൻ്റെ കണ്ടെത്തലുകളെ പറ്റി പറയുമ്പോൾ അതിൻ്റെ അടിസ്ഥാനത്തിൽ ഒരു അനക്കവും ഗവണ്മെൻ്റിൻ്റെ ഭാഗത്തുനിന്നുണ്ടായില്ല എന്ന് പറഞ്ഞ് അവയെ നിരാകരിക്കാനാണ് വിക്രം സമ്പത്ത് ശ്രമിക്കുന്നത്. കപൂർ കമ്മീഷന് കോടതിയുടെ പദവിയില്ല എന്ന് അതിൻ്റെ രൂപീകരണ നിബന്ധനയിൽ തന്നെ ഉണ്ടായിരുന്നു. സവർക്കറും സവർക്കറൈറ്റുകളുമാണ് ആ കൊലയുടെ ഉത്തരവാദികൾ എന്ന ഒരേ ഒരു കാര്യമാണ് കമ്മീഷൻ്റെ കണ്ടെത്തലായി ഉള്ളത്. സവർക്കറൈറ്റുകൾ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു. ഗവണ്മെൻ്റിന് പിന്നീട് ചെയ്യാറുണ്ടായിരുന്ന ഒരേ ഒരു കാര്യം സവർക്കെതിരെ നടപടി എടുക്കുക എന്നതായിരുന്നു. 1969 ലാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. 1966 ൽ തന്നെ സവർക്കർ അന്തരിച്ചു. പിന്നെ ആർക്കെതിരെയാണ് ഗവണ്മെൻ്റ് നിയമ നടപടി എടുക്കുക ?

ഇങ്ങനെ സവർക്കർക്ക് എതിരെയുള്ള ഓരോ ചോദ്യങ്ങളേയും ഒഴിവാക്കിക്കൊണ്ടും ആവശ്യമുള്ള ഇടങ്ങളിൽ നിശ്ശബ്ദത പാലിച്ചുമാണ് സമ്പത്ത് തൻ്റെ ആഖ്യാനം നിർവ്വഹിച്ചിട്ടുള്ളത് എന്ന് കാണാൻ കഴിയും. അതിന് ഉത്തമ ഉദാഹരണമാണ് സവർക്കർ ആർ എസ് എസിൻ്റെ മുഖപത്രികയായ ഓർഗനൈസറിന് നൽകിയ അവസാന അഭിമുഖം. അതിൽ തൻ്റെ ആൻഡമാൻ ദിനങ്ങളെ അനുസ്മരിക്കുമ്പോൾ ഒരു വാക്കു പോലും പതിവുപോലെ സവർക്കർ മിണ്ടുന്നില്ല. വിക്രം സമ്പത്തിന് അതിനെപ്പറ്റി യാതൊരു പരാതിയും ഇല്ല. സവർക്കർക്കൊപ്പം ആൻഡമാൻ ജയിലിൽ കഴിഞ്ഞിരുന്ന ത്രൈലോക്യനാഥ് ചക്രബർത്തി തൻ്റെ ഓർമ്മക്കുറിപ്പുകളിൽ ജയിൽജീവിതത്തിൽ തങ്ങളുടെ പോരാട്ടങ്ങളോട് അകലം കാണിച്ചു നിന്ന സവർക്കറെയും ബാബാറാവുവിനേയും വിവരിക്കുന്നുണ്ട്. ഗാന്ധിവധത്തിൽ പ്രതിയായി എത്തിയപ്പോൾ ഗോഡ്സേയിൽ നിന്നും മറ്റുള്ളവരിൽ നിന്നും പിൽക്കാലത്ത് ഇതേ അകലം പാലിക്കുന്നതായി നാം കണ്ടു കഴിഞ്ഞു. ജയിലർമാരുടെ നല്ല പിള്ളയായി ചമയാനാണ് രണ്ടു പേരും ശ്രമിച്ചിരുന്നതെന്നും ത്രൈലോക്യനാഥ് പറയുന്നു. സവർക്കർക്കെതിരെയുള്ള ഇത്തരത്തിലുള്ള ഒരു വാദവും സമ്പത്ത് പരിശോധിക്കുന്നേയില്ല. ബഡ്ഗേ അബ്രാഹ്മണനായത് കൊണ്ട് ബ്രാഹ്മണർക്ക് എതിരേ നിലകൊണ്ടു എന്നത് ആരോപണമായി ഉന്നയിക്കുന്ന സമ്പത്ത് അതിൻ്റെ രാഷ്ട്രീയത്തിലേയ്ക്ക് പാളി നോക്കാൻ പോലും മെനക്കെടുന്നില്ല. ഗാന്ധിയുടെ വധം ആവിഷ്ക്കരിച്ച ബ്രാഹ്മണരാഷ്ട്രീയക്കാർ അബ്രാഹ്മണരെക്കൊണ്ട് അത് നടപ്പിലാക്കാനും തങ്ങൾ പരിക്ക് കൂടാതെ രക്ഷപ്പെടാനുമുള്ള ഒരു പദ്ധതിയായിരുന്നു 1948 ജനുവരി 20 ന് ശ്രമിച്ചത് എന്നത് ആ വധശ്രമം ആസൂത്രണം ചെയ്തത് പരിശോധിച്ചാൽ എളുപ്പത്തിൽ കാണാം. ഒരു പക്ഷെ ആ തിരിച്ചറിവാണ് ബഡ്ഗേയുടെ മാപ്പുസാക്ഷിത്വത്തിലേയ്ക്ക് ക്ഷണിച്ചതെന്നും. അഗ്രണിയുടെ താളുകളിൽ ഗാന്ധി ‘ ബനിയ ‘ എന്ന് ആക്ഷേപിക്കപ്പെട്ടു. അവസാന ഇൻ്റർവ്യൂവിൽ പോലും ഗോപാൽ ഗോഡ്സേയുടെ ഭാര്യ ഗാന്ധിയെ ബനിയ എന്ന് ആക്ഷേപ സ്വരത്തിൽ വിളിക്കുന്നുണ്ട്. ഇതൊന്നും വിക്രം സമ്പത്തിൻ്റെ ശ്രദ്ധയിൽ പെടുന്നില്ല. ചിത്പാവൻ ബ്രാഹ്മണ കുലം ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതി എന്ന ബ്രാഹ്മണാഭിമാനം ഉയർത്തുന്ന തരത്തിൽ അവരെ സ്ഥാനീകരിക്കാൻ സമ്പത്ത് ശ്രമിക്കുന്നുണ്ട്. എന്നാൽ 1921 ലെ മലബാർ കലാപം ബ്രിട്ടീഷുകാർക്കെതിരായിരുന്നു എന്ന കാര്യം സമ്പത്ത് വെളിപ്പെടുത്തുകയോ അത്തരമൊരു ആനുകൂല്യം അവർക്ക് നൽകുകയോ ചെയ്യുന്നില്ല.

സവർക്കർ ഉയർത്തിപ്പിടിച്ച ഹിംസാത്മകത, ആണത്ത ബലിഷ്ഠത, ഒരു സമുദായത്തെ മുഴുവനായി സൈനികവത്ക്കരിക്കാനുള്ള അദ്ദേഹത്തിൻ്റെ ത്വര, നിരന്തരമായി ഉല്പാദിപ്പിച്ചു കൊണ്ടിരുന്ന ന്യൂനപക്ഷ വെറുപ്പ്  തുടങ്ങിയവയെല്ലാം ജനാധിപത്യത്തിനും ആധുനിക ലോകവീക്ഷണത്തിനും മനുഷ്യാവകാശബോധ്യങ്ങൾക്കും എതിരാണെന്ന് ആധുനികലോകത്തിലെ പൗരനായ വിക്രം സമ്പത്ത് ഒരിക്കൽ പോലും കാണുന്നില്ല.

വിക്രം സമ്പത്തിൻ്റെ പുസ്തകം ഒരു ഉദാഹരണമായാണ് എടുത്തത്. ഇക്കാലത്തുണ്ടായ, പ്രത്യേകിച്ച് മോദി ഭരണത്തിൻ്റെ വലതുപക്ഷ നിലപാടുകളുടെ രക്ഷ കർത്തൃത്വത്തിനുള്ളിൽ വിരിഞ്ഞ മറ്റ് സവർക്കർ ബിംബ നിർമ്മാണം ദൗത്യമായി ഏറ്റെടുത്ത മറ്റ് പുസ്തകങ്ങളെ പറ്റി നാം പലപാട് പരാമർശിച്ചു കഴിഞ്ഞു.

ഇന്ത്യയിലെ ബ്രാഹ്മണ രാഷ്ട്രീയം വംശീയ രാഷ്ട്രീയമായി ഫാസിസ്റ്റ് രാഷ്ട്രീയമായി രൂപം കൊണ്ടതിൻ്റെ ചരിത്രമാണ് നാം ഈ പുസ്തകത്തിൽ ഇതുവരെ ചർച്ച ചെയ്തത്. ഇതിന് പല തുടർച്ചകൾ ഉണ്ടായി. ഗോൾവാൾക്കറിൻ്റെ വിചാരധാരയും പിൽക്കാലത്ത് ആർ എസ് എസ് ഉയർത്തിപ്പിടിച്ച ഏകാത്മകതാ മാനവ ദർശനവും എല്ലാം രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ ആശയങ്ങളുടെ തുടർച്ചയും സമകാലികവത്ക്കരണവും ആണ്. ഹിംസാധിഷ്ഠിതമല്ലാതെ അതിന് പ്രവർത്തിക്കാൻ വയ്യ. യുദ്ധവിജയങ്ങളുടെ തുടർച്ചയായാണ് അത് അതിൻ്റെ തന്നെ പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നത്.

നെഹ്റു മന്ത്രിസഭയിൽ അംഗമായ ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖർജി 1950 ഏപ്രിൽ 1 ന് രാജിവെച്ചു. 1950 ഏപ്രിൽ 8 ന് പാകിസ്ഥാൻ പ്രസിഡണ്ടായ ലിയാക്കത്ത് അലി ഖാനുമായി രണ്ടു രാജ്യങ്ങളിലേയും ന്യൂനപക്ഷ സംരക്ഷണത്തെ സംബന്ധിച്ച  നെഹ്റു- ലിയാക്കത്ത് സന്ധി എന്നറിയപ്പെടുന്ന കരാർ ഒപ്പിടാനിരിക്കേ അതിൽ പ്രതിഷേധിച്ചാണ് മുഖർജി രാജിവെച്ചത്. ഗാന്ധി വധത്തിന് ശേഷം ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഹിന്ദുമഹാസഭയുടെ ഭാവി ഏതാണ്ട് ഇരുളടഞ്ഞിരുന്നു. അതു കൊണ്ട് ബ്രാഹ്മണരാഷ്ട്രീയത്തിന് വികസിക്കാൻ പുതിയ മേച്ചിൽപ്പുറങ്ങൾ തേടേണ്ടിയിരുന്നു. അങ്ങനെയാണ് ഗാന്ധിവധത്തിൻ്റെ കറ തേച്ചുമായ്ച്ചു കളഞ്ഞ് പുതിയ പാർട്ടി എന്ന ആശയം ഉടലെടുക്കുന്നത്. അതിനായി ആർ എസു എസുമായി സംഭാഷണം ആരംഭിക്കാൻ മുഖർജി തീരുമാനിച്ചു.

മുഖർജിക്കും ഗോൾവാൾക്കറിനുമിടയ്ക്ക് ഒരു പാലമായി വർത്തിച്ചത് വസന്ത റാവു ഓക്ക് എന്ന പ്രമുഖ ആർ എസ് എസ് നേതാവാണ്. അത്ഭുതമെന്തെന്ന് വെച്ചാൽ ഓക്ക് ഇക്കാര്യം ആദ്യം സംസാരിക്കുന്നത്  മൈറോൺ വെയ്നർ എന്ന അമേരിക്കൻ രാഷ്ട്രീയ ശാസ്ത്രജ്ഞനുമായാണ്. ഇന്ത്യയിലെ രാഷ്ട്രീയം സാമാന്യം നന്നായ് മനസ്സിലാക്കിയിട്ടുള്ള ഒരാളായിരുന്നു പിൽക്കാലത്ത് ലോകബാങ്കിൻ്റെ ഉപദേശകനും മറ്റുമായിരുന്ന വെയ്നർ. മുഖർജിയുടെ രാഷ്ട്രീയമായ നിലപാടില്ലായ്മയെ വെയ്നർ ചൂണ്ടിക്കാട്ടി. 1920 കളിൽ മുഖർജി കോൺഗ്രസ്സിൽ ആയിരുന്നു. പിന്നീട് ഹിന്ദുമഹാസഭയിൽ എത്തി. തങ്ങളുടെ എതിരാളിയും പിൽക്കാലത്ത് പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ച വ്യക്തിയുമായ ഫസ്ലുൾ ഹക്കിൻ്റെ ബംഗാൾ മന്ത്രിസഭയിൽ രണ്ടാം സ്ഥാനം വഹിച്ചു. പിന്നീട് തങ്ങളുടെ എതിരാളികളായ ജവഹർലാൽ നെഹ്റു വിൻ്റെ ക്യാബിനറ്റിലും മന്ത്രിയായി. അതിനാൽ പുതിയ പാർട്ടി രൂപീകരിക്കുന്നുവെങ്കിൽ മുഖർജിയെ നെഹ്റു മന്ത്രിസഭയിൽ നിന്ന് വിടുതൽ ചെയ്യണമെന്ന് വെയ്നർ ഓക്കിന് ഉപദേശം നൽകി. അതുകൊണ്ടാണ് മുഖർജി നെഹ്റു മന്ത്രിസഭയിൽ നിന്നും രാജി വെയ്ക്കുന്നത്. നെഹ്റു- ലിയാക്കത്ത് സന്ധിയുടെ കരട് ക്യാബിനറ്റിൽ ചർച്ച ചെയ്യുമ്പോഴൊന്നും വലിയ എതിർപ്പ് ഉയർത്താതിരുന്ന മുഖർജി, ഈ സന്ദർഭത്തിലാണ് പേരിന് അത് ചൂണ്ടിക്കാട്ടി രാജി സമർപ്പിക്കുന്നത്.

തുടർന്ന് ഓക്കിൻ്റെ സഹായത്തോടെ ഗോൾവാൾക്കറുമായി മുഖർജി ചർച്ചകൾ നടത്തി. 1956 ജൂൺ 25 ന് പുറത്തിറങ്ങിയ ആർ എസ് എസ് മുഖപത്രമായ  ഓർഗനൈസറിലൂടെ  ഗോൾവാൾക്കർ തന്നെ ഇങ്ങനെയൊരു ചർച്ച നടക്കുന്നുണ്ടെന്ന വിവരം വെളിപ്പെടുത്തി. ആർ എസ് എസ് ഒരു പാർട്ടിയുടേയും ശിങ്കിടി പാടാൻ തീരുമാനിക്കുന്നില്ലെന്നും ഒരു സാംസ്ക്കാരിക സംഘടനയായി തുടരാനാണ് ഉദ്ദേശിക്കുന്നതുമെന്നാണ് ഗോൾവാൾക്കർ പുറത്തുപറഞ്ഞത്. ഗാന്ധി വധത്തിന് ശ്രമം ആർ എസ് എസിന് പ്രവർത്തനാനുമതി നൽകിയത് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് എന്ന വസ്തുതയായിരിക്കാം പുറത്തേക്ക് ഇത്തരമൊരു നിലപാടെടുത്തത്. എന്നാൽ അണിയറയിൽ പുതിയ രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയുള്ള ചർച്ചയിൽ സജീവമായി ആർ എസ് എസ് പങ്കെടുത്തിരുന്നു. ആർ എസ് എസിനെക്കുറിച്ച് ശ്രദ്ധേയമായ പുസ്തകം രചിച്ച ക്രിസ്റ്റഫർ ജാഫർലോട്ട് പറയുന്നത് നോക്കുക

1950 കളുടെ അവസാനത്തിൽ ടാണ്ടൻ നെഹ്റുവുമായി ഇടഞ്ഞ സമയത്ത് മുഖർജി ഡെൽഹിയിൽ ഒരു സംഘത്തെ വിളിച്ചു കൂട്ടി. അതിൽ ആർ എസ് എസുകാർ ( വി ആർ ഓക്ക്, ബൽരാജ് മധോക്ക്, ഭായ് മഹാവീർ ) മാത്രമല്ല പങ്കെടുത്തത്. എം സി ശർമ്മയെപ്പോലുള്ള പരമ്പരാഗത ഹിന്ദു രാഷ്ട്രീയക്കാരും വ്യത്യസ്ത ആര്യസമാജ പ്രവർത്തകരും (പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പ്രസിഡണ്ടായിരുന്ന ലാലാ യോദ്ധ് രാജ് , അദ്ദേഹത്തിൻ്റെ സഹോദരൻ ബൽരാജ് ബല്ല, പ്രതാപിൻ്റെ മുഖ്യ പത്രാധിപർ ആയിരുന്ന മഹാശയ് കൃഷ്ണൻ ) കൂടിയാണ്. ഇവരോടു കൂടി ഹൻസ് രാജ് ഗുപ്തയും ധർമ്മവീറും അടങ്ങുന്ന ഈ സംഘം 1951 ജനുവരി 16 ന് കൂടിയിരിക്കുകയും ഡെൽഹി പ്രവിശ്യയിലും പഞ്ചാബിലും പ്രവർത്തിക്കുന്ന ഒരു പാർട്ടി രൂപീകരിക്കാനും ഒരു അഖിലേന്ത്യാ പാർട്ടിക്ക് വേണ്ട ഒരു ഭരണഘടന തയ്യാറാക്കാനും തീരുമാനിച്ചു. ഭാരതീയ ജനസംഘ് എന്ന ഈ പാർട്ടിയുടെ കരട് ഭരണഘടന പ്രധാനപ്പെട്ട അനുഭാവികൾക്കിടയിൽ വിതരണം ചെയ്യാനും തീരുമാനിച്ചു.

ജാഫർലോട്ടിൻ്റെ ഈ വിവരണത്തിൽ നിന്നും നാം മനസ്സിലാക്കേണ്ടത് മുഖർജി വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ പങ്കെടുത്തത് ബ്രാഹ്മണരാഷ്ട്രീയത്തിൻ്റെ വിവിധ അടരുകളെ മുന്നോട്ടു കൊണ്ടു പോകുന്ന വിഭാഗങ്ങൾ ആണ്. സവർക്കറുടെ ഹിംസാത്മക ഹിന്ദുത്വത്തെ സ്വാംശീകരിച്ച ആർ എസ് എസ്, ഹിന്ദു ഐക്യം / സംഘടന എന്ന ആശയത്തിലൂന്നുന്ന ആര്യസമാജം, സനാതന ഹിന്ദുമതത്തിൻ്റെ പ്രതിനിധികൾ ഇവരെല്ലാവരും ഈ സംഘത്തിൽ ഒരുമിക്കുന്നുണ്ട്. ആർ എസ് എസ് പൂർണ്ണമായും സഹകരണം പ്രദാനം ചെയ്യുന്നതിന് മുമ്പ് 1951 ഏപ്രിൽ 23 ന് ബംഗാളിൽ, തൻ്റെ ജന്മനാട്ടിൽ മുഖർജി ജനസംഘ് സ്ഥാപിച്ചു. അതുപോലെ ആർ എസ് എസ് നേതാവായ ബൽരാജ് മധോക്കിൻ്റെ പിന്തുണയിൽ മെയ് 27 ന് പഞ്ചാബിനെയും ഡെൽഹിയേയും ഉൾക്കൊള്ളുന്ന പ്രവിശ്യയിലും. 1952 ൽ ഇന്ത്യയിൽ നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിൽ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയം ഏറ്റെടുക്കാൻ ഒരു രാഷ്ട്രീയ കക്ഷി വേണമെന്നും ഹിന്ദുമഹാസഭയ്ക്ക് തത്കാല സാഹചര്യത്തിൽ അത് സാധ്യമല്ലെന്നും ആർ എസ് എസിനുള്ളിലും വിചാരം പ്രബലമായി. മധോക്കിൻ്റെ പ്രസ്താവന അത് ശരിവെയ്ക്കുന്നു.

”  ആർ എസ് എസിൻ്റെ പ്രത്യയശാസ്ത്രവും ആശയങ്ങളും രാഷ്ട്രീയ മണ്ഡലത്തിൽ പ്രതിഫലിക്കുന്നതിനായി ഒരു രാഷ്ട്രീയ സംഘടനയുടെ അടിയന്തിര അത്യാവശ്യം അവർക്ക് (ആർ എസ് എസുകാർ ക്ക്) അതിനാൽ ഉള്ളിൽ അനുഭവപ്പെടാൻ തുടങ്ങി. ” ആർ എസ് എസ് പ്രവർത്തകരുടേയും അനുഭാവികളുടേയും ഈ ആഗ്രഹത്തെ പ്രായപൂർത്തി വോട്ടവകാശം ആദ്യമായി നടപ്പാക്കാനിരിക്കേ മുഖർജി മണത്തറിഞ്ഞിരുന്നു. ആർ എസ് എസ് നേതൃത്വം അതിൻ്റെ ഉള്ള് പൂർണ്ണമായും വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും അണികളുടെ ആഗ്രഹം തന്നെ തുണയ്ക്കുമെന്ന് മുഖർജി മനസ്സിലാക്കി. പ്രത്യയശാസ്ത്രത്തിലും മുസ്ലീം വിരുദ്ധതയിലും ഹിന്ദു പാരമ്പര്യ രീതികൾ തുടരുന്നതിനും മറ്റും ആർ എസ് എസും ജനസംഘവും തമ്മിൽ യാതൊരു വൈരുദ്ധ്യവും ഇല്ലെന്ന് മുഖർജി ബോധ്യപ്പെടുത്തി. എന്നാൽ ഗാന്ധി വധത്തിന് ശേഷമുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ “ഹിന്ദുത്വ രാഷ്ട്രീയം ” എന്നത് സംഘടനയുടെ പേരിൽ കൂട്ടിച്ചേർക്കുന്നതിനോട് മുഖർജി വിയോജിച്ചു. മധോക്ക് എഴുതുന്നത് നോക്കുക :

”  ‘ഹിന്ദു രാഷ്ട്ര’ എന്ന പദത്തോടും അത് പ്രധാനമായി മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക ധ്വനികളോടും നിർദ്ദിഷ്ട രാഷ്ട്രീയ പാർട്ടിയുടെ സമീപനം എന്തായിരിക്കണം എന്നതായിരുന്നു ആ ദിവസത്തിലെ ചർച്ചയിൽ പ്രധാനമായും ഉയർന്നു വന്നത് .സന്നിഹിതരായ ചിലർ “ഹിന്ദു രാഷ്ട്രം” എന്ന സങ്കല്പനത്തോട് തങ്ങൾ സമ്പൂർണ്ണമായി യോജിക്കുന്നുവെങ്കിൽപ്പോലും ചില മനുഷ്യരുടെ മനസ്സുകളിലെങ്കിലും അത് തെറ്റിദ്ധാരണകൾ ജനിപ്പിച്ചേക്കാമെന്നത് കൊണ്ട്  നിർദ്ദിഷ്ട പാർട്ടിയുടെ ലക്ഷ്യങ്ങളിൽ അവ കൂട്ടിച്ചേർക്കാനോ ഉപയോഗിക്കാനോ അവരിഷ്ടപ്പെടുന്നില്ല എന്ന് വാദിച്ചു. അത് ഡോ.മുഖർജിയെ പ്രകോപിപ്പിക്കുകയും താൻ മനസ്സിലാക്കിയ രീതിയനുസരിച്ച് “ഹിന്ദു രാഷ്ട്ര” സങ്കല്പനത്തെ സംബന്ധിച്ച് വിശ്വസനീയമായ ഒരു വിശദീകരണം നൽകുകയും ചെയ്തു. ബ്രിട്ടീഷുകാർ അവരുടെ സാമ്രാജ്യത്ത ലക്ഷ്യങ്ങൾക്കായി  കരുതിക്കൂട്ടി ഹിന്ദു എന്ന പദത്തിന് ഇടുങ്ങിയ വിശദീകരണം നൽകുകയും ഹിന്ദുവുമായി ബന്ധപ്പെട്ട എല്ലാറ്റിനേയും വർഗ്ഗീയമായി പ്രഖ്യാപിച്ച് കോൺഗ്രസ്സുകാർ അവരുടെ കളി കളിക്കുകയും ചെയ്തതായി അദ്ദേഹം വിശദീകരിച്ചു. പുതിയ സംഘടനയുടെ ചുമതല, അദ്ദേഹം അഭ്യർത്ഥിച്ചു, ഈ തെറ്റായ സങ്കല്പനങ്ങളെ നിരാകരിക്കുകയും ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ ഭൂമിശാസ്ത്ര പരവും ചരിത്രപരവും ആയ നാമമായ  ഹിന്ദു, എന്ന പദത്തിൻ്റെ വിശാലമായ ദേശീയ പ്രാധാന്യത്തെ ലോകത്തിന് പരിചിതമാക്കുകയാണ്. “ഹിന്ദു രാഷ്ട്രം” എന്നത്, അദ്ദേഹം വാദിച്ചു, ഒരു കുലീനമായ സങ്കല്പനമാണ്. ഇന്ത്യയിലെ വ്യത്യസ്ത വിഭാഗങ്ങളുടെയും ഗോത്രങ്ങളുടേയും പൊതു പാരമ്പര്യവും അടിസ്ഥാനപരമായ ഏകതയും അത് കൊണ്ടുവരുന്നു. അത് ഏതെങ്കിലും ഒരു പ്രത്യേക മതത്തെ കുറിക്കുന്നില്ല. മറിച്ച് എല്ലാ മതങ്ങളുടേയും വിഭാഗങ്ങളുടേയും പൊതുസംഗ്രഹം ആണത്. കാരണം ഏതെങ്കിലും ഒരാളുടെ ആരാധനാ രീതിയെ, അദ്ദേഹം ഒരു ഇന്ത്യൻ പൗരനാണെങ്കിൽ രാജ്യത്തിൻ്റെ ചരിത്രപരവും സാംസ്കാരികവുമായ പൊതുധാരയിൽ നിന്ന് മുറിച്ചെടുക്കാൻ സാധ്യമല്ല. അത്തരത്തിൽ അത് വർഗ്ഗീയമോ സാമുദായികമോ ആയ ഇടുങ്ങിയ സങ്കല്പനം അല്ല. ആവുകയും ഇല്ല. ഹിന്ദു എന്ന വാക്കിൻ്റെ പേരിൽ പേടിച്ചോടുന്നവരെ, അദ്ദേഹം വാദിച്ചു, രാജ്യത്തിൻ്റെ സാംസ്കാരികവും ഭൂമിശാസ്ത്രപരവും ആയുള്ള  പാരമ്പര്യത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ആശ്രയിക്കാൻ സാധ്യമല്ല. ”

ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് സവർക്കറുടെ വംശീയ ബ്രാഹ്മണരാഷ്ട്രീയത്തെ പുതിയ കുപ്പിയിലടച്ച് പുറത്തിറക്കാനാണ് മുഖർജി ഉദ്ദേശിക്കുന്നതെന്നാണ്. സവർക്കർ ‘ഹിന്ദുത്വ ‘യിൽ ആവിഷ്ക്കരിച്ച അതേ ഭൂമിശാസ്ത്ര സങ്കല്പവും ബഹുസ്വര ഇന്ത്യൻ ജനതയിൽ അടിച്ചേല്പിച്ച വംശീയമായ ഏകതാ സങ്കല്പവും തന്നെയാണ് മുഖർജിയും പുറപ്പെടുവിക്കുന്നത്. സവർക്കറുടെ പ്രതിധ്വനി പോലെ. എന്നാൽ നിർദ്ദിഷ്ട പാർട്ടിയുടെ പേരിൻ്റെ കാര്യത്തിൽ മാത്രം മുഖർജി പുതുതായി ഒരു തീരുമാനമെടുത്തു. മധോക്ക് തുടരുന്നു.

” പക്ഷേ, ആ വാക്ക് സ്വീകരിക്കാനുള്ള തയ്യാറെടുപ്പ് ഇതുവരെ സ്വീകരിക്കാത്തവർക്ക് മേൽ അത് അടിച്ചേല്പിക്കുന്നതിനെ അദ്ദേഹം എതിർത്തു. അതിനാൽ ഭാരതീയ, ഇന്ത്യൻ എന്നീ വാക്കുകൾ അദ്ദേഹം നിർദ്ദേശിച്ചു. അവ ഹിന്ദു എന്ന വാക്കിൻ്റെ പര്യായങ്ങൾ ആണെങ്കിലും പടിഞ്ഞാറിൻ്റെ സ്വാധീനത്തിനടിയിൽ കഴിയുന്നവർക്ക് ‘കുറേക്കൂടി സ്വീകാര്യമാണ്. തിരിച്ചറിവിൻ്റെ ധൈര്യം ഇല്ലാത്തവർക്കും അവർ അവരുടെ അപകർഷതാബോധം വലിച്ചെറിഞ്ഞ് തങ്ങളുടെ സ്വന്തം നാമങ്ങളിലും പാരമ്പര്യങ്ങളിലും അഭിമാനം കൊള്ളാൻ പരിശീലിക്കുകയും ചെയ്യുന്നത് വരെ ഇതായിരിക്കും കുറേക്കൂടി സ്വീകാര്യമായിരിക്കുക ”

അങ്ങനെയാണ് ഹിന്ദു എന്നോ ഹിന്ദുരാഷ്ട്രം എന്നോ കൂട്ടിച്ചേർക്കാതെ ഭാരതീയ ജനസംഘ് എന്ന പേരിൽ പാർട്ടി നിലവിൽ വന്നത്. അതിൻ്റെ തുടക്കം മുതൽ ആ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ആർ എസ് എസ് കിണഞ്ഞു ശ്രമിച്ചിരുന്നു. 1951- 52 ലെ പൊതുതെരഞ്ഞെടുപ്പിൽ ജനസംഘത്തിൻ്റെ പ്രചരണം നയിച്ചത് മിക്കവാറും ആർ എസ് എസ് പ്രവർത്തകരാണ്. അതിനപ്പുറം എല്ലാ ഘടകങ്ങളിലേയും സെക്രട്ടറി, ഓർഗനൈസർ, ഖജാൻജി തുടങ്ങിയ സ്ഥാനങ്ങൾ പിടിച്ചെടുക്കാൻ ആർ എസ് എസ് ശ്രമിച്ചു. ഈ ശ്രമത്തിൻ്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒന്നായിരുന്നു 1954 നവംബറിൽ ജനസംഘത്തിൻ്റെ ദേശീയാദ്ധ്യക്ഷനായ മൗലി ചന്ദ്ര ശർമ്മയുടെ രാജി. ജനസംഘത്തിൻ്റെ സ്ഥാപകരിൽ ഒരാളായ ശർമ്മ ആർ എസ് എസുകാരനല്ലാത്ത പരമ്പരാഗത ബ്രാഹ്മണ – സനാതന പാരമ്പര്യത്തിൽ വിശ്വസിച്ചിരുന്ന ഒരാൾ ആയിരുന്നു. ആർ എസ് എസ് അന്യായമായ സ്വാധീനം ജനസംഘത്തിൽ ചെലുത്തുന്നു എന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്. മറ്റൊരു സ്ഥാപക നേതാവും ഡെൽഹി പ്രവിശ്യാ ജനസംഘത്തിൻ്റെ അദ്ധ്യക്ഷനുമായ ഗുരുദത്തും അധികം താമസിയാതെ ഇതേ കാരണത്താൽ തന്നെ രാജി വെച്ചു.

ശർമ്മയെ രാജിവെപ്പിച്ചത് ആർ എസ് എസ് നിയോഗിച്ച ജനറൽ സെക്രട്ടറിയായ ദീൻ ദയാൽ ഉപാദ്ധ്യായയുടെ ഇടപെടലുകൾ ആണ്. 1961 ലും ഒരു കൂട്ടം ആളുകൾ ഇതേ ആരോപണം ഉയർത്തി ജനസംഘത്തിൽ നിന്ന് പിരിഞ്ഞു പോകുകയുണ്ടായി. മുഖർജി – ഗോൾവാൾക്കർ സന്ധിയിലൂടെ രൂപവത്ക്കരിച്ച ജനസംഘത്തിൽ ഗോൾവാൾക്കറും ആർ എസ് എസും പിടിമുറുക്കിയ ഈ കഥ ഡോ. ബി. ഡി. ഗ്രഹാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

” പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ദീൻ ദയാൽ ഉപാദ്ധ്യായ ഉത്തർപ്രദേശിലെ ഗ്രാമീണർക്കിടയ്ക്ക് പ്രവർത്തിച്ചിരുന്ന ആർ എസ് എസ് പ്രവർത്തകനും ഉത്തർപ്രദേശ് ജനസംഘം സെക്രട്ടറി എന്ന നിലയ്ക്ക് കഴിവുറ്റ വ്യക്തിയായി  മുഖർജിയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാർട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിമാരിൽ ഒരാളായ അടൽ ബിഹാരി വാജ്പേയി തൻ്റെ വിദ്യാർത്ഥി ദിനങ്ങളിൽ തന്നെ ആർ എസ് എസിൽ ചേരുകയും  ഡെൽഹിയിലെ വീർ അർജ്ജുൻ അടക്കം നിരവധി ദേശീയ ഹിന്ദു ആനുകാലികങ്ങളിൽ പത്രാധിപരായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. കേന്ദ്ര എക്സിക്യുട്ടീവിൽ അംഗമായ പ്രൊഫസർ മഹാവീർ ഡെൽഹിയിലെ ക്യാംപ് കോളേജിലെ ചരിത്രാധ്യാപകനും ഇരുപതുവർഷത്തോളം ആർ എസ് എസിൽ പ്രവർത്തിക്കുന്ന വ്യക്തിയും ആയിരുന്നു. പഞ്ചാബ് ജനസംഘിൻ്റെ സ്ഥാപകനായ ബൽരാജ് മധോക്ക് യുദ്ധകാലത്ത് ജമ്മു കശ്മീരിലെ ആർ എസ് എസ് ഓർഗനൈസർ ആയിരുന്നു. 1936 ൽ ബിറാറിൽ ആർ എസ് എസ് ഓർഗനൈസറായി നിയമിക്കപ്പെട്ട ബാപ്പു സാഹിബ് സോഹ്നി പിന്നീട് ജനസംഘത്തിൻ്റെ അഖിലേന്ത്യാ പ്രവർത്തക സമിതിയിലെ ഏറ്റവും സ്വാധീനമുള്ള അംഗങ്ങളിൽ ഒരാളായി തീർന്നു.”

നെഹ്റു പൊതുമണ്ഡലത്തിൽ പ്രസംഗിച്ച പോലെ ” ആർ എസ് എസിൻ്റെ അവിഹിത സന്തതിയാണ് ജനസംഘ് ” എന്നത് ശരി വെയ്ക്കുന്ന ഒന്നായിട്ടാണ് ഈ വിശകലനങ്ങൾ തെളിയിക്കുന്നത്.

1951 ഒക്ടോബർ 29 നാണ് ജനസംഘിൻ്റെ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നത്.

” ഭാരതീയ ജനസംഘിൻ്റെ ഉദ്ദേശ്യം  ഓരോ വ്യക്തിയ്ക്കും അവസരസമത്വവും സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്ന  രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ജനാധിപത്യം എന്ന നിലയ്ക്ക് ഭാരതീയ സംസ്കൃതിയുടേയും മര്യാദയുടേയും അടിസ്ഥാനത്തിൽ ഭാരതത്തെ പുനരുദ്ധരിക്കുകയാണ് . അതുവഴി അവളെ ( ഭാരതത്തെ ) അഭിവൃദ്ധമായ, ശക്തിമത്തായ, ഐക്യരാഷ്ട്രമാക്കാനും പുരോഗമന കരവും ആധുനികവും പ്രബുദ്ധവും മറ്റുള്ളവരുടെ അക്രമാസക്തമാനങ്ങളെ ചെറുക്കുന്നതും ലോകസമാധാനം സ്ഥാപിക്കുന്നതിനുമായി അവളുടെ ( ഭാരതത്തിൻ്റെ )  ശക്തി ലോകരാഷ്ട്രങ്ങളുടെ സഭയിൽ ചെലുത്താനും കഴിയുന്ന തരത്തിൽ ”

ആർ എസ് എസിൻ്റേയും ഹിന്ദുത്വത്തിൻ്റേയും മുദ്ര തെളിഞ്ഞു കാണാവുന്ന ഒരു മാനിഫെസ്റ്റോ ആണിത്.

അങ്ങനെ ഒരു രാഷ്ട്രീയ പാർട്ടിക്കും ശിങ്കിടി പാടില്ല എന്ന് പറഞ്ഞ ഗോൾവാൾക്കർ പിന്നിൽ നിന്ന് കൊണ്ടു നയിക്കുന്ന ആദ്യ രാഷ്ടീയ പാർട്ടിയായി ജനസംഘ് മാറി. മാത്രമല്ല, സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ ചരിത്രത്തിൽ ഹിന്ദുത്വത്തിൻ്റെ ആദ്യ രാഷ്ട്രീയ പരീക്ഷണമായിരുന്നു ജനസംഘ്. സ്വഭാവികമായും അവർ ഏറ്റെടുത്ത ആദ്യ വിഷയം കശ്മീർ ആയിരുന്നു. ജമ്മു അടിസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഹിന്ദുത്വ പാർട്ടിയായ പ്രജാ പരിഷദ് പ്രസിഡണ്ട് പ്രേം നാഥ് ഡോഗ്ര എന്ന ബ്രാഹ്മണൻ 1952 മെയിൽ മുഖർജിയെ കാണുകയുണ്ടായി. ആർ എസ് എസിൻ്റെ ജമ്മു യൂണിറ്റിൻ്റെ മുൻ തലവനായിരുന്നു അദ്ദേഹം. കശ്മീരിലെ ഷേക്ക് അബ്ദുള്ളയുടെ ഭരണത്തെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു ഡോഗ്രയുടെ ഉദ്ദേശങ്ങളിൽ ഒന്ന്. ഷേക്ക് അബ്ദുള്ള കൊണ്ടുവന്ന ഭൂപരിഷ്ക്കരണം ജന്മികളെന്ന നിലയിൽ ഡോഗ്ര ബ്രാഹ്മണ ജന്മിമാരെ തളർത്തി. ഈ ജന്മിമാർക്കൊപ്പം നിൽക്കാൻ 1952 ഡിസംബർ 31 ന് ജനസംഘ് അതിൻ്റെ കാൺപൂർ സമ്മേളനത്തിൽ വെച്ച് തീരുമാനിച്ചു.

പ്രജാ പരിഷദ് ഷേക്ക് അബ്ദുള്ളക്കെതിരെ സംസാരിച്ചിരുന്നത് എങ്ങനെയാണെന്നറിയാൻ ഒരു ഉദാഹരണം നൽകാം : ” ഞങ്ങൾ ഷേക്ക് അബ്ദുള്ളയ്ക്കും നാഷണൽ കോൺഫറൻസിലെ മറ്റ് പ്രവർത്തകർക്കും അവസാനം കുറിക്കും. ഞങ്ങൾ അവരുടെ ചോര കുടിക്കും. ഞങ്ങൾ ഈ ഗവണ്മെൻ്റിൻ്റെ വേരറുത്ത് കശ്മീരിലേയ്ക്കയക്കും. ഞങ്ങൾ ഈ ഭരണം ഇഷ്ടപ്പെടുന്നില്ല ” പ്രജാ പരിഷദ് പ്രവർത്തക സമിതി അംഗമായ റിഷി കുമാർ കൗശൽ 1952 നവംബർ 23 ന് റിയാസിയിൽ വെച്ചു നടത്തിയ പ്രസംഗമാണിത്. ഒരു ജനാധിപത്യരാഷ്ട്രത്തിലെ രാഷ്ട്രീയ സ്വരത്തേക്കാൾ ജന്മിത്വ വ്യവസ്ഥയിലെ അധികാര സ്വരം ഇതിൽ ആർക്കും കേൾക്കാം. 1953 ഫെബ്രുവരി 4 ന് ഷേക് അബ്ദുള്ള മുഖർജിക്കെഴുതിയ കത്തിൽ പ്രജാപരിഷദിനെ തുറന്നു കാണിക്കുന്നുണ്ട്.

” അവരിൽ ചിലർ ആവശ്യപ്പെടുന്നത് അത് ഹിന്ദു ആദർശങ്ങളോട് ഒട്ടി നിൽക്കുമെന്നാണ്. കശ്മീരിലെ മുസ്ലീം ആധിപത്യമുണ്ടാക്കുന്ന വേട്ടയാടുന്ന ഭീതിഎന്ന് അവർ വിളിക്കുന്നതിൽ നിന്നും ജമ്മു ഹിന്ദുക്കളെ മോചിപ്പിക്കും വരെ അവർ അടങ്ങിയിരിക്കില്ല എന്നാണ് പ്രജാ പരിഷദ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ”

വീണ്ടും ഷേക് എഴുതുന്നു

” ഇന്ത്യൻ വിഭജനം സംഭവിക്കുന്നതിന് വളരെ മുമ്പുതന്നെ ജമ്മു കശ്മീർ സംസ്ഥാനത്തെ ജനങ്ങൾ മതേതരത്വത്തോടുള്ള അവരുടെ കൂറ് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ നേതൃത്വത്തിൻ്റെ അക്രമങ്ങളും പ്രലോഭനങ്ങളും ബലപ്രയോഗങ്ങളും അവസാനം 1947 ൽ അവരുടെ പരിധിയില്ലാത്ത അക്രമവും ജനങ്ങൾ  വിജയകരമായി ചെറുത്തു നിന്നു. പാകിസ്ഥാൻ അധിനിവേശകർ ശ്രീനഗറിൻ്റെ പടിവാതിലിൽ മുട്ടിയപ്പോൾ കശ്മീരിലെ മുസ്ലീങ്ങൾ മതേതരത്വത്തിൻ്റെ ആദർശങ്ങളും മനുഷ്യ സാഹോദര്യവും മുറുകെപ്പിടിക്കാനായി അവരുടെ ധീരോത്തമരായ മക്കളെ ബലിയായി വാഗ്ദാനം ചെയ്തു. സഹായത്തിനായി ഒരൊറ്റയാളും ചുറ്റുമില്ലാത്ത കാലത്താണ് അത് സംഭവിച്ചത്. ചുറ്റും ഇരുൾ ചൂഴ്ന്നിരുന്ന സാഹചര്യത്തിൽ .അവരുടെ സഹമതസ്ഥർ ഇപ്പോൾ ഇന്ത്യയുടെ മതേതര ആദർശങ്ങളോട് കൂറ് അവകാശപ്പെടുന്ന അതേ പ്രജാ പരിഷദ് നേതാക്കളുടെ കൈകളാൽ ദാരുണമായി കൊല്ലപ്പെടുമ്പോൾ. അന്നു മുതൽ ഇന്ത്യയും കശ്മീരും തമ്മിലുള്ള രക്തബന്ധം ശക്തിമത്തായി. ”

ഗാന്ധിയുടെ വധത്തിന് ശേഷം ആർ എസ് എസ് നിരോധിക്കപ്പെട്ടപ്പോൾ അത് അണിഞ്ഞ പുതിയ വസ്ത്രമാണ് പ്രജാ പരിഷദ് എന്നും ഷേക് ചൂണ്ടിക്കാട്ടി.

1952 ഡിസംബർ 26 ന് ഡോഗ്ര അറസ്റ്റു ചെയ്യപ്പെട്ടു. അതെ തുടർന്ന് ജന സംഘും മറ്റൊരു ഹിന്ദു സംഘടനയായ രാമരാജ്യ പരിഷത്തും ചേർന്ന് കശ്മീരിൽ സത്യഗ്രഹം ഇരിക്കാൻ തീരുമാനിച്ചു. ആർ എസ് എസ് പ്രക്ഷോഭത്തെ പിന്തുണച്ചു. ആ സമരത്തെ തുടർന്ന് മുഖർജി. ജയിലിലാകുകയും ഹൃദയസ്തംഭനം മൂലം ചരമമടയുകയും ചെയ്തു.

മുഖർജിയുടെ മരണത്തിന് ശേഷം എം സി ശർമ്മ ഇടക്കാല പ്രസിഡണ്ടായെങ്കിലും നാം നേരത്തെ പറഞ്ഞ പോലെ ജനസംഘിലെ ആർ എസ് എസ് സ്വാധീനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം ആ പദവി രാജി വെച്ചു. ശർമ്മയുടെ ഒഴിവ് നികത്താൻ കുറച്ചു കാലം ബാപ്പു സാഹേബ് സോഹ്നി അദ്ധ്യക്ഷപദം അലങ്കരിച്ചെങ്കിലും 1954 ൽ പ്രജാ പരിഷദ് നേതാവായ പ്രേംനാഥ് ഡോഗ്ര ജനസംഘിൻ്റെ അദ്ധ്യക്ഷനായി സ്ഥാനമേറ്റു. തുടർന്ന് ആർ എസ് എസിൻ്റെ ഇച്ഛയ്ക്കൊത്ത് മാത്രം ചലിക്കുന്ന രാഷ്ട്രീയ പാർട്ടിയായി ജനസംഘ് മാറി.ഗോൾവാൾക്കറിൻ്റെ അനുഗ്രഹാശിസ്സുകളോടെ 1967 വരെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച ദീൻ ദയാൽ ഉപാദ്ധ്യായ ആണ് അതിൽ പ്രധാന പങ്കുവഹിച്ചത്.

ദീൻദയാൽ ഉപാദ്ധ്യായ ആണ് സ്വതന്ത്ര ഇന്ത്യയിൽ ആർ എസ് എസിന് ഒരു കാഴ്ചപ്പാട് നൽകിയത്. സവർക്കറുടെയും ഗോൾവാൾക്കറുടേയും നയങ്ങൾ ജനാധിപത്യ രാഷ്ടീയത്തിന് അനുയോജ്യമല്ലാത്ത ഹിംസയും വംശീയതയും സൈനികവല്ക്കരണത്തിനുള്ള ഇച്ഛയും ഒക്കെ തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. ദംഷ്ട്രകളും നഖങ്ങളും നിറഞ്ഞ ഒരു ചിത്രമാണ് അത് ബ്രാഹ്മണരാഷ്ട്രീയത്തിന് നൽകിയിരുന്നു. ഫാസിസത്തിന് വേണ്ടി പരസ്യമായി ആവശ്യപ്പെടാൻ പോലും മടി കാണിക്കാത്ത ജനാധിപത്യ വിരുദ്ധത അതിനുണ്ടായിരുന്നു. എന്നാൽ ഇന്ത്യ സ്വതന്ത്രമാകുകയും ജനാധിപത്യരാഷ്ട്രീയത്തെ ഇന്ത്യൻ ജനത സർവ്വാത്മനാ സ്വാംശീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ രൂപത്തിൽ മുന്നോട്ടു പോകാൻ ബ്രാഹ്മണിക ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രയാസം നേരിട്ടു. അങ്ങനെയാണ് ദീൻ ദയാൽ ഉപാദ്ധ്യായ ഏകാത്മ മാനവ വാദം എന്ന ബ്രാഹ്മണിസത്തിൻ്റെ  പുതിയ മുഖമായി അവതരിപ്പിക്കുന്നത്. സവർക്കറെയും ഗോൾവാൾക്കറെയും പല്ലും നഖവും മൂടിവെച്ച് മൃദുവായി പുനർ വിപണനം നടത്തുകയായിരുന്നു ദീൻ ദയാൽ ഉപാദ്ധ്യായ. അദ്ദേഹം പ്രധാനമായി ചെയ്തത്   രാഷ്ട്രം എന്ന, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കനത്ത അതിർത്തിക്കപ്പുറത്തേയ്ക്ക് ഹിന്ദുത്വ സങ്കല്പനത്തെ വ്യാപിപ്പിക്കാൻ കഴിയുമോ എന്നായിരുന്നു. അതിനാൽ രാഷ്ട്രത്തെ ശിഷ്ടമാനവികതയുമായും  പ്രപഞ്ചവുമായും പരമാത്മാവുമായും ബന്ധിപ്പിക്കുന്ന ഒരു ദർശനം അദ്ദേഹം വികസിപ്പിച്ചെടുത്തു. ഏ. ജി. നൂറാണി ചൂണ്ടിക്കാട്ടും പോലെ അതിന് എത്രമാത്രം രാഷ്ട്രീയ മാനം ഉണ്ട് എന്ന് പറയുക വയ്യ. ഹിന്ദു മതത്തിന് പരിചിതമായ തത്വശാസ്ത്ര സങ്കല്പനങ്ങൾ ഉപയോഗിച്ച് ഹിംസാത്മകതയെ മൂടിവെയ്ക്കാൻ ശ്രമിക്കുകയാണ് ഡി ഡി ഉപാദ്ധ്യായ ചെയ്തത്.

ഏകാത്മ മാനവ വാദത്തിൻ്റെ കേന്ദ്രദർശനം രാഷ്ട്രം എന്നത് രാഷ്ട്രീയ സങ്കല്പനം എന്നതിനേക്കാൾ സാംസ്കാരിക സങ്കല്പനം ആണ്. നമ്മുടെ ദേശീയതയുടെ അടിസ്ഥാനം ഭാരതം എന്ന ഭൗതികമായ സ്ഥലരാശി അല്ല. ഭാരതമാതാവ് എന്ന വ്യക്തി സങ്കല്പമാണ്. മാതാവ് എന്നത് എടുത്ത് മാറ്റിക്കഴിഞ്ഞാൽ ഭാരതം വെറും ഒരു കര മാത്രമാണ്. ഭാരതീയ സാംസ്കാരിക ബോധത്തിൻ്റെ ആകെത്തുക ജിവിതത്തിൻ്റെ ഏകാത്മകത ആണ്. അതാണ് രാഷ്ട്രസങ്കല്പത്തിലേയ്ക്കും വ്യാപിപ്പിക്കുന്നത്.

സവർക്കറും അദ്ദേഹത്തെ പിൻ തുടർന്ന് ഗോൾവാൾക്കറും ഹിന്ദുത്വ യെ നിർവ്വചിക്കാൻ ശ്രമിച്ചത് ദേശാതിർത്തികളേയും പൗരത്വത്തേയും സംബന്ധിച്ച ഭൗതിക നിർവ്വചനങ്ങൾ ഉയർത്തിയാണ് .ഇത് ജനാധിപത്യ രാഷ്ടീയവുമായി നിരന്തരം സംഘർഷങ്ങൾ ഉണ്ടാക്കുകയുണ്ടായി. ഇന്ത്യൻ പതാകയെ ആദ്യഘട്ടത്തിൽ ആർ എസ് എസ് നിരാകരിക്കുന്നതൊക്കെ ജനാധിപത്യവുമായി കൂടിച്ചേരാൻ അതിനുള്ളിലെ ഫാസിസ്റ്റ് ഉള്ളടക്കത്തിന് യാതൊരു തരത്തിലും കഴിയാതെ വന്നതിനാലാണ്. 1946 ജൂലൈ 14 ന് നാഗ്പുരിൽ വെച്ച് ഗോൾവാൾക്കർ പറഞ്ഞു ” ഭാരതീയ സംസ്ക്കാരത്തെ മുഴുവനായി പ്രതിനിധീകരിക്കുന്നത് കാവിക്കൊടിയാണ്. അവസാനം മുഴുവൻ രാഷ്ട്രവും കാവിക്കൊടിയുടെ മുന്നിൽ തല കുമ്പിടുമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ”

ഇന്ത്യൻ ഭരണഘടനാ അസംബ്ലി ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി സ്വീകരിച്ചപ്പോൾ 1947 ആഗസ്റ്റ് 14 ന് ആർ.എസ് എസിൻ്റെ മുഖപത്രികയായ ഓർഗനൈസർ എഴുതി:

” വിധിയുടെ അനുകൂല മനോഭാവത്താൽ അധികാരത്തിലെത്തിപ്പെടുന്ന മനുഷ്യർ ഞങ്ങളുടെ കൈകളിൽ ത്രിവർണ്ണ പതാക തന്നേക്കാം.  പക്ഷെ ഒരിക്കലും അത് ഹിന്ദുക്കളാൽ ബഹുമാനിക്കപ്പെടുകയോ സ്വന്തമായി സ്വീകരിക്കപ്പെടുകയോ ചെയ്യില്ല. മൂന്ന് എന്ന വാക്കു തന്നെ തിന്മ നിറഞ്ഞതായിരിക്കേ , മൂന്ന് നിറങ്ങളുള്ള ഒരു പതാക വളരെ മോശമായ മാനസിക പ്രഭാവം സൃഷ്ടിക്കുയും രാജ്യത്തിന് തന്നെ ഹാനികരമായി ഭവിക്കുകയും ചെയ്യും .”

വിചാരധാരയിൽ ഗോൾവാൾക്കർ എഴുതി.

” നമ്മുടെ നേതാക്കൾ നമ്മുടെ രാജ്യത്തിന് പുതിയ ഒരു പതാക ഉണ്ടാക്കി. അവരെന്തിന് അത് ചെയ്തു ? അത് തെന്നിമാറലും അനുകരണവുമാണ്. തിളങ്ങുന്ന ഭൂതകാലമുള്ള പുരാതനവും  മഹത്തുമായ  രാഷ്ട്രമാണ് നമ്മൾ. അപ്പോൾ  സ്വന്തമായി ഒരു   പതാക നമുക്കില്ലേ? ഈ ആയിരക്കണക്കിന് വർഷങ്ങളിൽ ഒരു ദേശീയ ചിഹ്നം നമുക്കുണ്ടായിരുന്നില്ലേ? തീർച്ചയായും നമുക്ക് ഉണ്ടായിരുന്നു. എങ്കിൽ ഈ അങ്ങേ അറ്റത്തെ ഇല്ലായ്മ, ശൂന്യത നമ്മുടെ മനസ്സുകളിൽ എങ്ങനെ വന്നു ? ”

ഏ ജെ നൂറാണി ചൂണ്ടിക്കാട്ടുന്നത് ഭരണഘടന നിലവിൽ വന്ന ശേഷം നിരവധി വർഷങ്ങൾ കഴിഞ്ഞ് 1968 ലാണ് ഈ വാചകങ്ങൾ പുസ്തകരൂപത്തിൽ പുറത്തു വരുന്നത്.

ഒരു ജനാധിപത്യ, മതേതര റിപ്പബ്ളിക്കിനോടുള്ള ഇടച്ചിൽ, ജനാധിപത്യേതര മാർഗ്ഗങ്ങളിലൂടെ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാം എന്ന ഹിന്ദുത്വശക്തികളുടെ ആഗ്രഹം ഗാന്ധിവധത്തോടെ അവസാനിക്കുന്നത് നാം കണ്ടു. അതിന് ശേഷം ഭരണഘടനാപരമായി പ്രവർത്തിക്കാം എന്ന് ഉറപ്പു നൽകിയാണ് സ്വതന്ത്ര ഇന്ത്യയിൽ ആർ എസ് എസ് നിരോധനം നീക്കി പ്രവർത്തിച്ചു തുടങ്ങിയത്. ആദ്യ പൊതുതെരഞ്ഞെടുപ്പിലാകട്ടെ ഹിന്ദുത്വത്തിൻ്റെ പഴയ രാഷ്ട്രീയമുഖമായിരുന്ന ഹിന്ദു മഹാസഭയ്ക്കും പുതിയ മുഖമായ ഭാരതീയ ജനസംഘിനും മൂന്ന് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളു.

ഈ സാഹചര്യങ്ങൾ, ജനാധിപത്യ രാഷ്ട്രീയത്തോട് ഇടഞ്ഞുകൊണ്ട് മുന്നോട്ടു പോകാൻ സാധ്യമല്ല എന്ന് ആർ എസ് എസിനേയും ജനസംഘിനേയും ചിന്തിച്ചിരിപ്പിക്കണം. ദീൻ ദയാൽ ഉപാദ്ധ്യായ യുടെ ഏകാത്മക മാനവ ദർശനം ഹിന്ദു രാഷ്ട്രീയത്തിൻ്റെ യുദ്ധസന്നദ്ധതയെ മറച്ചു വെയ്ക്കാൻ തയ്യാറായത് അതുകൊണ്ടാണ്. അടിയന്തരാവസ്ഥ വരെയുള്ള കാലത്ത് അങ്ങനെയാണ് ഹിന്ദുത്വസംഘടനകൾ പ്രവർത്തിച്ചത്. ജയപ്രകാശ് നാരായണനെപ്പോലെ ആർ എസ് എസിനെതിരെ ഒരു കാലത്ത് നിരന്തരം ആഞ്ഞടിച്ചിരുന്ന, ശ്യാമപ്രസാദ് മുഖർജിയെ ആദ്യ ഗവണ്മെൻ്റിൽ ഉൾപ്പെടുത്തിയതിനെ നിശിതമായി വിമർശിച്ചിരുന്ന ഒരു വ്യക്തി, അപ്പുറത്ത് അടിയന്തരാവസ്ഥ എന്ന ഫാസിസ്റ്റ് പ്രയോഗം ഇന്ദിരാഗാന്ധി നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണെങ്കിൽ പോലും ആർ എസ് എസുമായി ധാരണയിൽ എത്തുന്നത് നാം കാണുന്നു. തുടർന്ന് പുതുതായുണ്ടായ ജനതാപാർട്ടിയിൽ ജനസംഘം ലയിക്കുന്നതും 1977 ൽ ജനതാപാർട്ടി അധികാരത്തിലെത്തിയപ്പോൾ അതിൻ്റെ മേൽവിലാസത്തിൽ ആണെങ്കിലും വാജ്പേയിലൂടെയും അദ്വാനിയിലൂടെയും ഹിന്ദുത്വരാഷ്ട്രീയം ആദ്യമായി അധികാരം രുചിക്കുന്നതും. സവർക്കറുടെ ഹിംസാത്മക ഹിന്ദുത്വത്തെ ഹിന്ദുത്വ രാഷ്ട്രീയക്കാർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം മറവിയിലേയ്ക്ക് തള്ളുന്ന ഒരു ചരിത്ര സാഹചര്യം അങ്ങനെ സൃഷ്ടിക്കപ്പെട്ടു. പിന്നീട് ആ മറവിയുടെ പുറത്താണ് 1980 ൽ ബി ജെ പി രൂപം കൊള്ളുന്നത്.

എന്നാൽ ആ ഹിംസാത്മക രാഷ്ട്രീയത്തെ ആർ എസ് എസും സംഘ് പരിവാറും ജനാധിപത്യത്തിൻ്റെ പുകമറയ്ക്കുള്ളിൽ സജീവമായി സൂക്ഷിച്ചു വെച്ചിരുന്നു എന്നത് 1992 ൽ തെളിഞ്ഞു. തങ്ങളുടെ യുദ്ധസന്നദ്ധതയും ഫാസിസവും പുറത്തെടുക്കാൻ തക്കവണ്ണം ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങളെ ദുർബലപ്പെടുത്താനും പരുവപ്പെടുത്താനും കഴിഞ്ഞു എന്ന് ധ്വനിപ്പിക്കും വിധം 1992 ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടു. ഗാന്ധി വധത്തിന് ശേഷം സവർക്കർ രാഷ്ട്രീയം പൊടുന്നനെ പ്രത്യക്ഷപ്പെടുന്നത് ആ മുഹൂർത്തത്തിലാണ്. വംശീയമായി സംഘടിക്കപ്പെട്ട ഒരു ഹിന്ദുക്കൂട്ടം സൈനിക രൂപത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു. മറവിയിൽ നിന്ന് സവർക്കർ വലിയ ശക്തിയോടെ തിരിച്ചു വന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ ജനങ്ങൾക്ക് മേൽ അത് പ്രയോഗിക്കപ്പെട്ടു. 1948 ൽ ഹിന്ദു രാഷ്ട്ര സംസ്ഥാപനത്തിനായി അവർക്ക് പ്രയോഗിക്കാനാകാനാകാതെ പോയത് എന്തെന്ന് നാമെല്ലാവരും കണ്ടു.

ഇന്ന്, ആ രാഷ്ട്രീയത്തിനുള്ളിലാണ് നാം ജീവിക്കുന്നത്. പൗരത്വ നിയമം പോലുള്ള ഒന്നിൽ, കശ്മീരിലെ രാഷ്ട്രീയ പ്രയോഗത്തിൽ എല്ലാം സവർക്കറുടെ ഹിന്ദുത്വ എന്ന മാനിഫെസ്റ്റോ എങ്ങനെയാണ് പാഠപുസ്തകമായി വർത്തിച്ചതെന്ന് ഇന്ന് വ്യക്തമാണ്. സവർക്കറുടെ ആശയങ്ങളുടെ  എതിരാളികളായ ജവഹർലാൽ നെഹ്റുവിൻ്റേയും ഗാന്ധിയുടേയും സ്മരണകൾക്ക് മേലുള്ള ഹിംസാത്മക ഇടപെടലുകളും സോഷ്യലിസ്റ്റ്, ഇടതു പക്ഷ ധാരകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇതിൻ്റെ ഭാഗമായി തന്നെയാണ് നടക്കുന്നത്.

ജനാധിപത്യ, മതേതര രാഷ്ട്രീയത്തെ അപ്രസക്തമാക്കുക എന്നാൽ ഇന്ത്യ എന്ന ആശയത്തെ, അതിൻ്റെ സംവാദ പാരമ്പര്യത്തെ, ബഹുസ്വരമായ അതിൻ്റെ ജീവിതാനുഭവങ്ങളെ കൊല ചെയ്യലാണ് എന്ന് മനസ്സിലാക്കുന്ന ഉണർവ്വിലേയ്ക്ക് ഇന്ത്യൻ ജനതയുടെ എത്തിച്ചേരലാണ് ഫാസിസത്തിനുള്ള ചികിത്സ. അതൊരു പക്ഷേ എങ്ങനെയാണ് ഫാസിസത്തിനെതിരെ ജനാധിപത്യത്തിൻ്റെ വിജയം എന്ന കാര്യത്തിൽ ലോകത്തിനും വരും കാല ചരിത്രത്തിനും ഒരു പാഠപുസ്തകമായേക്കും.

==================================================================

Comments

comments