ഒരു ആലപ്പുഴക്കാരൻ എന്ന നിലയിൽ പ്രൈമറി സ്കൂൾ കാലഘട്ടം മുതൽ എന്ന് തന്നെ പറയാം, നിരവധി രാഷ്ട്രീയ നേതാക്കളെ ദിനംപ്രതി എന്നോണം കാണാൻ സാധിച്ചിട്ടുള്ള ഒരാളാണ് ഞാൻ. അതിൽ ആർഎസ്പി നേതാക്കളായ എൻ ശ്രീകണ്ഠൻ നായരും കെ കെ കുമാരപിള്ളയും സിപിഐ നേതാക്കളായ റ്റി വി തോമസും പി കെ വാസുദേവൻ നായരും ഉണ്ട്. സിപിഎം നേതാക്കളായ കെ ആർ ഗൗരിയമ്മയും പി കെ ചന്ദ്രാനന്ദനും വിഎസ് അച്യുതാനന്ദനും ഉണ്ട്. അതിൽ ദീർഘകാലം ജീവിച്ചിരിക്കുകയും ജനമനസ്സുകളിൽ ഏറ്റവും ആഴത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്ത വിപ്ലവ നേതാവ് തീർച്ചയായും വിഎസ് അച്യുതാനന്ദൻ തന്നെയാണ്. മറ്റുള്ള നേതാക്കളും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെ ഇടയിലും ഏറെ സ്വീകാര്യതയുള്ളവരായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ വിഎസ് എട്ടു ദശാബ്ദക്കാലം നീണ്ടുനിന്ന സുദീർഘമായ രാഷ്ട്രീയ ജീവിതത്തിൽ അചഞ്ചലനായി പ്രതിസന്ധികളെ നേരിടുകയും അങ്ങേയറ്റത്തെ സമചിത്തതയോടെ ജനകീയ പ്രശ്നങ്ങളെ സമീപിച്ച് അവയെ സമരമുഖത്തേക്ക് കൊണ്ടുവരികയും ചെയ്ത ജനകീയനായ നേതാവ് എന്ന നിലയിൽ ഏറ്റവും അധികം പിന്തുണ നേടിയ വിപ്ലവ നേതാവായിരുന്നു.
അദ്ദേഹം മുന്നിൽ നിന്ന് നയിക്കുന്ന ജാഥകൾ, അദ്ദേഹം മുന്നിൽ നിന്ന് നയിക്കുന്ന സമരങ്ങൾ, അദ്ദേഹത്തിന്റെ കർക്കശമായ ഭാഷയിലുള്ള നിശിതമായ പ്രസംഗങ്ങൾ – എല്ലാം ചെറുപ്പം മുതൽ തന്നെ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത ഒരു കാര്യം ഏറ്റെടുത്താൽ അതിൽ ഉറച്ചു നിൽക്കുകയും ആ പ്രശ്നവുമായി ബന്ധപ്പെട്ട സമരസാഹചര്യങ്ങളെ അതീവ ജാഗ്രതയോടെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുക എന്നുള്ളതായിരുന്നു. അദ്ദേഹം ഒരു സൈദ്ധാന്തികൻ ആയിരുന്നില്ല. പക്ഷേ പ്രായോഗിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകൾ സൈദ്ധാന്തികമായും വിശകലനപരമായും രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഏറെ പഠിക്കുവാനുള്ളതാണ്.
പുന്നപ്ര വയലാർ സമരത്തിന്റെ കാലത്തിനു മുൻപ് മുതൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയ വ്യക്തിയാണ് വിഎസ് അച്യുതാനന്ദൻ. ആ കാലഘട്ടത്തിൽ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ അദ്ദേഹം സമരമുഖത്തേക്ക് കടന്നു വരികയും അവിടെ നിലയുറപ്പിക്കുകയും ചെയ്തത് അന്നത്തെ സാഹചര്യം വച്ചുനോക്കുമ്പോൾ അവിശ്വസനീയമായ ഒരു കാര്യമാണ്. കാരണം അത്ര ചെറുപ്പത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതൃത്വം അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുകയും വലിയ ചുമതലകൾ അദ്ദേഹത്തിന് നൽകുകയും ചെയ്യുന്നുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളായ കെ ദാമോദരനും എൻ സി ശേഖറും പി കൃഷ്ണപിള്ളയും ഇഎംഎസും ഒക്കെ അടങ്ങുന്ന മുതിർന്ന നേതൃത്വവും അതുപോലെതന്നെ തിരുവിതാംകൂറിൽ നിന്നും നേതൃത്വത്തിലേക്ക് ഉയർന്നു വന്ന റ്റി വി തോമസിനെ പോലുള്ള നേതാക്കളും, അവരെല്ലാം തന്നെ ഒരു യുവാവിൽ വിശ്വാസം അർപ്പിച്ചിരുന്നെങ്കിൽ അത് വിഎസ് അച്യുതാനന്ദനിൽ ആയിരുന്നു. പിന്നീട് നാല്പതുകളുടെ ഒടുവിലും അൻപതുകളുടെ തുടക്കത്തിലും ആലപ്പുഴയിലെയും കേരളത്തിലെ തന്നെയും ഒരു പ്രമുഖ നേതാവായി അദ്ദേഹം ഉയർന്നുവന്നു.
അൻപതുകളിൽ ആലപ്പുഴ ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകുന്നതിന് അദ്ദേഹം പ്രമുഖമായ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യം പലപ്പോഴും വേണ്ടവിധം ഓർമ്മിക്കപ്പെടാറില്ല. ഒരുപിടി നീണ്ട പട്ടിക പ്രമുഖരായ നേതാക്കൾ ജനമനസ്സുകളിൽ സ്വാധീനം ചെലുത്തിയിരുന്ന ആ കാലത്ത് വിഎസ് അച്യുതാനന്ദന്റെ നിശബ്ദമായ പ്രവർത്തനത്തെക്കുറിച്ച് പറയപ്പെടാതെ പോയതാണ്. എന്നാൽ ഗ്രാസ് റൂട്ട് ലെവലിൽ ഉള്ള അദ്ദേഹത്തിന്റെ സംഘടനാ പാടവം അൻപതുകളിൽ ആലപ്പുഴയിലും കേരളത്തിൽ തന്നെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നത് നിസംശയം പറയാവുന്നതാണ്.
വർഗ്ഗസമരത്തിന്റെ തീച്ചൂളയിലാണ് അച്യുതാനന്ദൻ എന്ന നേതാവ് ഉയർന്നു വന്നതെങ്കിലും സമരം എന്നത് ഒരു ബഹുജനവ്യവഹാരമാണ് എന്നത് അദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞു. വർഗ്ഗബന്ധിതം മാത്രമായ ഒരു കാഴ്ചപ്പാടിലൂടെ സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല എന്നും വിപുലമായ ബഹുജന ഐക്യം സമരങ്ങളുടെ വിജയത്തിന് ആവശ്യമാണെന്നും അദ്ദേഹം വളരെ നേരത്തെ തന്നെ മനസ്സിലാക്കി. തൊഴിലാളി വർഗ്ഗ സമരങ്ങൾ തന്നെയും ഒറ്റപ്പെട്ട സമരങ്ങൾ ആകാതിരിക്കാനാണ് അവയിൽ എല്ലാം വിപുലമായ ബഹുജന ഐക്യത്തിന്റെ പശ്ചാത്തലങ്ങൾ അദ്ദേഹം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സമരങ്ങൾ വിഭാഗീയമായ സമരങ്ങളുടെ പട്ടികയിൽ പെടുത്താൻ കഴിയുന്നതല്ല. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കേണ്ടത് വർഗരാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമായതാണ് എന്ന് അദ്ദേഹം വളരെ നേരത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ, കർഷകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ട് തുണ്ടുവൽക്കരിക്കപ്പെട്ട ഭൂമിക്ക് എന്ത് സംഭവിക്കും എന്ന് ആശങ്കയുണ്ടാകുന്ന കാലഘട്ടത്തിൽ നിലം നികത്തലിന് എതിരെയുള്ള സമരങ്ങൾ, നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ ഏറ്റെടുത്തിരുന്ന പ്ലാച്ചിമട, എൻഡോസൾഫാൻ പോലെയുള്ള സമരങ്ങൾ എന്നിവയിലേക്കെല്ലാം അദ്ദേഹം കടന്നുവന്നത്. ഇതെല്ലാം തന്നെ വർഗ്ഗസമരത്തെ നവസാമൂഹ്യപ്രസ്ഥാനങ്ങളുമായും പൊതുസമൂഹത്തിന്റെ ആശങ്കകളുമായും സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഇടപെടലുകളായിരുന്നു.
ഭരണം എന്നത് യാദൃശ്ചികവും ആകസ്മികവുമായ ഒന്നാണെന്നും സമരം എന്നത് നിരന്തരവും നിതാന്തവുമായ ഒരു വർഗ്ഗരാഷ്ട്രീയ പ്രക്രിയ ആണെന്നും മനസ്സിലാക്കി കൊണ്ടാണ് അദ്ദേഹം എല്ലാകാലത്തും പ്രവർത്തിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭരണത്തിലൂടെ ഉള്ള ക്ഷേമപ്രവർത്തനങ്ങൾ ഒരു വലിയ കാര്യമായിരിക്കുമ്പോൾ തന്നെ സമരങ്ങളിലൂടെ ഉണ്ടാകുന്ന ജനകീയ അവബോധമാണ് ഇത്തരം ക്ഷേമപ്രവർത്തനങ്ങൾക്ക് തന്നെ പശ്ചാത്തലമാകുന്നത് എന്ന വിപുലമായ കാഴ്ചപ്പാട് ആയിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതുതന്നെയാണ് അദ്ദേഹത്തെ നിരന്തരം സമരമുഖങ്ങളിലേക്ക് കൊണ്ടുവന്നുകൊണ്ടിരുന്നതും. ഭരണത്തിലിരിക്കെയുണ്ടായ മൂന്നാറിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ വാസ്തവത്തിൽ ഒരു സമരപ്രഖ്യാപനം തന്നെയായിരുന്നു. ഒരു ഭരണാധികാരി എന്നതിലുപരി ഭരണം തന്നെ സമരമായി മാറുന്ന ഒരു അപൂർവ്വ കാഴ്ചയാണ് അത്തരം ഇടപെടലുകളിലൂടെ കാണാൻ കഴിഞ്ഞത്. ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളുടെ കാര്യത്തിലും മറ്റു ചില രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തിലും ഉൾപ്പെടെ അദ്ദേഹവുമായി വിയോജിക്കേണ്ടി വന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ വിഎസ് അച്യുതാനന്ദൻ ഓർമ്മിക്കപ്പെടുന്നത് അവയുടെ പേരിലോ പാർട്ടിയിലെ വിഭാഗീയ സമരങ്ങളിൽ ഒരു ഭാഗത്ത് നിന്നിരുന്ന ആൾ എന്ന നിലയിലോ അല്ല. ആയിരത്തിതൊള്ളായിരത്തി മുപ്പതുകൾ മുതൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ പകുതി വരെയും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നങ്ങൾ ഉയർത്തുകയും അവ പരിഹരിക്കുകയും ചെയ്യുക എന്ന വലിയ ലക്ഷ്യവുമായി, നിർമമതയോടെ നിസംഗതയോടെ, എന്നാൽ അങ്ങേയറ്റത്തെ രാഷ്ട്രീയ ജാഗ്രതയോടെ നിലകൊണ്ട നേതാവ് എന്ന പേരിലാണ്. ആ അർത്ഥത്തിൽ അത്യുന്നതമായ പദവിയാണ് അദ്ദേഹത്തിന് ജനമനസ്സുകളിൽ ഉള്ളത്. ജനാധിപത്യ പ്രക്രിയ സങ്കീർണമാണ് എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിന്റെ സൈദ്ധാന്തികത എത്രമാത്രം പ്രായോഗിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാക്കിയ നേതാവുമായിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഭാഷയുടെയും ഇടപെടലുകളുടെയും കാർക്കശ്യം ഒരർത്ഥത്തിൽ അദ്ദേഹം കടന്നുപോന്ന ജീവിതയാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.
അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിക്കുന്ന കടുത്ത ആഘാതം കേരളവും മലയാളി സമൂഹവും വേഗത്തിൽ തരണം ചെയ്യും എന്ന് തോന്നുന്നില്ല. നവമലയാളി എടുത്തിട്ടുള്ള പല രാഷ്ട്രീയ നിലപാടുകളും ഏറെ സന്ദർഭങ്ങളിലും വിഎസ് അച്യുതാനന്ദന്റെ രാഷ്ട്രീയ നിലപാടുകളോട് യോജിക്കുന്നവയായിരുന്നു എന്നത് ഓർക്കാൻ ഞാൻ ഈ സന്ദർഭം ഉപയോഗിക്കുകയാണ്. നവമലയാളിയുടെ പത്രാധിപസമിതിയും അതിന്റെ പ്രവർത്തകരും താദാത്മ്യം പ്രാപിച്ച പ്രധാനപ്പെട്ട രാഷ്ട്രീയ ശബ്ദങ്ങളിൽ ഒന്ന് വിഎസ് അച്യുതാനന്ദന്റേത് ആയിരുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേർപാട് നവമലയാളിക്കും അങ്ങേയറ്റം വേദനാജനകമായ ഒന്നാണ്. മുഴുവൻ മലയാളികളോടും ഒപ്പം നവമലയാളിയും അദ്ദേഹത്തിന്റെ വിയോഗത്തിൽ സങ്കടം പങ്കിടുന്നു. ഒപ്പം അദ്ദേഹത്തിന്റെ വലിയ രാഷ്ട്രീയ സന്ദേശത്തെ ആഴത്തിൽ പങ്കിടുന്നു, അഭിവാദ്യം ചെയ്യുന്നു.







Be the first to write a comment.