ആമുഖം
……………….
ഇങ്ങനെയൊരു എഴുത്തിന് പിന്നിൽ പല കാരണങ്ങൾ ഉണ്ട്.
പെട്ടെന്ന് ചൂണ്ടിക്കാണിക്കാവുന്ന ഒരു കാരണം ” ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ” എന്നൊരു പുസ്തകം എഴുതാനിടയായി എന്നതാണ്. അത് വായിച്ചിട്ടുള്ളവർക്ക് അറിയാവുന്നതു പോലെ ഗാന്ധിവധത്തിൽ അവസാനിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ചരിത്രമാണ് അതിൽ പ്രതിപാദിക്കുന്നത്. ഗാന്ധിവധം കഴിഞ്ഞ് ഒന്നരപ്പതിറ്റാണ്ടുകൾ കഴിഞ്ഞാണെങ്കിലും ആ സംഭവത്തെ അധിഷ്ഠിതമായി രൂപീകരിച്ച കപൂർ കമ്മീഷൻ റിപ്പോർട്ടും, ഗാന്ധി വധാനന്തരം സവർക്കറുടെ രാഷ്ട്രീയ ജീവിതവും ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ തളർച്ചയും നമ്മുടെ കാലത്ത് ഫാസിസ്റ്റ് രാഷ്ട്രീയ മൂശയിൽ വാർത്തെടുക്കപ്പെടുന്ന പുതിയ സവർക്കർ ബിംബ നിർമ്മാണവും പരിശോധിക്കപ്പെടുന്നുണ്ടെങ്കിലും പൊതുവേ ആ പുസ്തകം ഗാന്ധിവധം വരെയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ചരിത്രമാണ് പ്രതിപാദിക്കുന്നത്. അതെഴുതാനെടുത്ത, ഏതാണ്ട് പത്തുവർഷത്തോളം നീണ്ടുനിന്ന പരിശ്രമങ്ങളിൽ, രണ്ടായിരത്തി പതിന്നാലിൽ നരേന്ദ്ര മോഡി അധികാരത്തിൽ വരുന്നത് വരെയുള്ള ഹിന്ദുത്വ രാഷ്ട്രീയ ചരിത്രം പരിശോധിക്കാനുതകുന്ന രേഖകൾ ശേഖരിച്ചിരുന്നു. അതിനാൽ ആ പുസ്തകം പുറത്തുവന്ന ശേഷവും ബാക്കി എഴുതിയല്ലല്ലോ എന്ന ഖേദം വ്യക്തിപരമായി എന്നിൽ നിലനിന്നിരുന്നു. ബാക്കി പ്രധാനമായി എഴുതാനുണ്ടായിരുന്നത്, ഞാനും എൻ്റെ തലമുറയും ജീവിച്ച കാലത്തിൻ്റെ രാഷ്ട്രീയ ചരിത്രം കൂടിയാണ് എന്നതും പ്രധാനപ്പെട്ടതായിരുന്നു. കൺമുമ്പിൽ നടന്ന കാര്യങ്ങളുടെ വിശകലനം, ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതും, വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതിൽ നിന്ന് മാറിനിൽക്കുന്നു എന്നത് ആത്മവിചാരണയുടെ രീതിയിൽ ഒഴിയാബാധയായി പിന്തുടരാൻ തുടങ്ങുകയും ചെയ്തു.
എന്നാൽ “ഹിന്ദുത്വ ഫാസിസത്തിൻ്റെ കഥ ” യുടെ രണ്ടാംഭാഗമല്ല ഈ പുസ്തകം. മറ്റൊരു സ്വതന്ത്ര പുസ്തകമാണ്. അത് അങ്ങനെയാകാൻ കാരണം, 2024-ൽ, ഗാന്ധി, ഹിന്ദുത്വഫാസിസത്തെ നേർക്കുനേർ നേരിട്ട ഭൂമികളിലൂടെ സഞ്ചരിക്കാനിടയായി എന്നതാണ്. കേരളത്തിൽ, വാണിജ്യേതര സിനിമകളെ പ്രദർശിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ചലച്ചിത്രമേളയാണ് വർഷം തോറും ചിറ്റൂരിൽ നടക്കുന്ന പാഞ്ചജന്യം ഫിലിം ഫെസ്റ്റിവൽ. പ്രതി – സംസ്കാര ചിന്തകളുടെ ചലച്ചിത്ര ഇടമായി അതിനെ വളർത്തിയെടുക്കാൻ കുറഞ്ഞ കാലം കൊണ്ട് അതിൻ്റെ സംഘാടകർക്ക് കഴിഞ്ഞിട്ടുണ്ട്. ജീവിതത്തേയും കലയേയും ഗൗരവമായി സമീപിക്കുന്ന മനുഷ്യരുടെ സമ്മേളനം കൂടിയാണ് ആ ഫിലിം ഫെസ്റ്റിവൽ. വർഷങ്ങളായി ആ ഇടത്തിൻ്റെ ഒരു ബന്ധു കൂടിയാണ് ഞാൻ. 2023-ൽ, ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ പുസ്തകമായി ഇറങ്ങിയതിന് ശേഷം, അതിൻ്റെ ഉള്ളടക്കത്തിൻ്റെ കുറച്ചു ഭാഗങ്ങൾ, പ്രത്യേകിച്ച് ഗാന്ധിയുടെ അവസാന കാല ദൗത്യങ്ങളെക്കുറിച്ച് പ്രസംഗ രൂപത്തിൽ പാഞ്ചജന്യം സിനിമാമേളയ്ക്കൊപ്പം നടത്തി വരുന്ന സാംസ്കാരിക പരിപാടികളുടെ ഭാഗമായി അവതരിപ്പിക്കുകയുണ്ടായി. അതു കഴിഞ്ഞ ഉടനെ, ആ ചലച്ചിത്ര മേളയിലെ സംഘാടകരിൽ ഒരാളും പ്രശസ്ത ഫോട്ടോഗ്രാഫറുമായ സുധീഷ് യെഴുവത്ത് എന്നെ സമീപിക്കുകയുണ്ടായി. ഗാന്ധി, ഇന്ത്യയിലെ വർഗ്ഗീയ കലാപങ്ങളെ തെരുവിൽ നേരിട്ട, കൊൽക്കൊത്ത, നവഖലി, ബീഹാർ, ഡെൽഹി എന്നീ സ്ഥലങ്ങളിൽ ഗാന്ധിയുടെ കാലടികൾ പിൻതുടർന്ന് സഞ്ചരിച്ച്, അതിനെ അടിസ്ഥാനമാക്കി ഒരു കലാപ്രദർശനം നടത്തുക എന്ന ആശയമായിരുന്നു സുധീഷ് എൻ്റെ മുന്നിൽ അവതരിപ്പിച്ചത്. ഹിറ്റ്ലറുടെ ഓഷ്വിറ്റ്സ്, ബെർക്കന്യൂ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ പോയി, ആ സഞ്ചാരത്തെ അധികരിച്ച് സുധീഷ് നടത്തിയ പ്രദർശനം നേരത്തെ ഞാൻ കണ്ടിരുന്നു. പ്രസിദ്ധ ചിത്രകാരനായ മുരളി ചീരോത്തും, ഹ്യൂമൻ ജിയോഗ്രാഫർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഇപ്പോൾ ലണ്ടനിലുള്ള ജയരാജ് സുന്ദരേശനുമായിരുന്നു, ആ പ്രദർശനം ക്യുറേറ്റ് ചെയ്തിരുന്നത്. ആധുനികമായ ഒരു മാനവിക ദർശനത്തിൻ്റെ വലിയ ഊർജ്ജം അത് പ്രസരിപ്പിച്ചിരുന്നത് അന്നേ തൊട്ടറിഞ്ഞിരുന്നു. അതിനാൽ, ഒരു സംശയവും കൂടാതെ ഞാൻ സമ്മതം മൂളി.
2024 ജൂലായിൽ അങ്ങനെ ഞങ്ങൾ, ഞാനും സുധീഷും മുരളി ചീരോത്തും പ്രസൂൺ സുരേശനും ഇപ്പോൾ ബംഗ്ലാദേശിലുള്ള നവഖലിയിലെത്തി. അന്ന് ബംഗ്ലാദേശിൽ ഇപ്പോഴുള്ള രാഷ്ട്രീയ സ്ഥിതി അല്ലായിരുന്നു. അതിനാൽ യാത്രയ്ക്ക് തടസ്സമൊന്നുമുണ്ടായില്ല. സുധീഷ്, ലോകയാത്രികനായതിനാൽ എല്ലാ കാര്യങ്ങളും ചിട്ടയോടെ ഏർപ്പാടാക്കിയിരുന്നു. ജൊയാഗിലെ ഗാന്ധി ആശ്രം ട്രസ്റ്റ് അധികാരികൾ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. താമസിക്കാനിടവും ഭക്ഷണവും തന്നു. നവഖലിയിൽ സമാധാനം പുന:സ്ഥാപിക്കാൻ ഗാന്ധി നടത്തിയ കാൽനടയാത്ര 11947 ജനുവരി 29-ന് ജൊയാഗിലെത്തി. അന്ന് ബംഗാളിൻ്റെ ഭാഗമായിരുന്ന ജൊയാഗിലെ ഭൂവുടമയായിരുന്ന ബാരിസ്റ്റർ ഹേമന്തകുമാർ ഘോഷ്, ഏക്കർക്കണക്കിന് വരുന്ന സ്ഥലം, ആ സന്ദർശനത്തിന്റെ ഓർമ്മക്കായി ഗാന്ധിക്ക് നൽകാൻ തീരുമാനിച്ചു. എന്നാൽ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ച് ആ ഭൂമി, അംബിക – കാളിഗംഗ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലാക്കി, അവിടെ ഗ്രാമവികസനത്തിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതാണ് പിന്നീട് ഗാന്ധി ആശ്രം ട്രസ്റ്റായി പേരുകേട്ടത് – ട്രസ്റ്റിൻ്റെ ഡയറക്ടർ റാഹാ നബ കുമാറുമായി സുധീഷ് നേരത്തേ ബന്ധപ്പെട്ടിരുന്നു.
എത്തിയതിൻ്റെ പിറ്റേന്ന് മുതൽ, ആശ്രം ട്രസ്റ്റ് അധികൃതരുടെ മാർഗ്ഗനിർദ്ദേശത്തിൽ, ഞങ്ങൾ നവഖലിയിൽ, ഗാന്ധി നടന്ന വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. രണ്ട് പോലീസുകാർ ഞങ്ങൾക്കൊപ്പം ഈ സഞ്ചാരത്തിൽ അനുഗമിച്ചു. ബംഗ്ലാദേശിൻ്റെ ആന്തരതലങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയപരിണാമപ്രക്രിയയുമായി കൂട്ടിവായിക്കുമ്പോൾ, പോലീസകമ്പടിയുടെ കാര്യം മനസ്സിലാക്കാൻ കഴിയും. കൂടെ വന്ന പോലീസുകാർക്ക്, പക്ഷെ നവഖലിയുടെ ചരിത്ര പ്രാധാന്യം തീരെ അറിയില്ലായിരുന്നു. ഞങ്ങളുടെ വിവരണങ്ങളിൽ നിന്നാണ് അവർ ഗാന്ധിയുടെ ഐതിഹാസിക ദൗത്യത്തെക്കുറിച്ചറിയുന്നത്.

1946-47 കാലത്തെ വായിച്ചറിഞ്ഞ നവഖലിയും, ഇപ്പോഴത്തെ നവഖലിയും തമ്മിൽ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. നിറയെ തോടുകളും ജലപാതകളും. അവയ്ക്ക് കുറുകെ കടക്കാനായി ശംഖോ എന്ന് വിളിക്കുന്ന മുളയുടെ ഒറ്റത്തടിപ്പാലങ്ങൾ. നഗരവല്ക്കരണം നടക്കാത്തതിനാൽ ഭൂപ്രകൃതി വലുതായൊന്നും മാറിയിരുന്നില്ല. ശ്രീറാംപൂരിൽ, നവഖലി യാത്രയുടെ കേന്ദ്രമായി ഗാന്ധി മാറ്റിയെടുത്ത ഗ്രാമത്തിൽ, ഗാന്ധി താമസിച്ചിരുന്ന തകരക്കുടിൽ ഞങ്ങൾ കണ്ടു. പിന്നീട് പരിഷ്ക്കരിച്ചു എന്ന് പറയുന്ന ആ കുടിലിൻ്റെ ദാരിദ്ര്യാവസ്ഥയും പരിമിതമായ സൗകര്യങ്ങളും കണ്ടാൽ, അതിലും എത്രയോ ദരിദ്രമായ സാഹചര്യത്തിലായിരിക്കണം ഗാന്ധി, തന്റെ എഴുപത്തേഴാം വയസ്സിൽ അവിടെ കഴിഞ്ഞിരുന്നത് എന്നോർത്ത് നാം അത്ഭുതപ്പെടും. ആ തകരക്കുടിലിൻ്റെ ചുമരിൽ തലചായ്ച്ച് ഗാന്ധി പൊട്ടിക്കരഞ്ഞതിൻ്റെ കഥ, അന്ന് അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്ന നിർമ്മൽ കുമാർ ബോസ് വിവരിച്ചിട്ടുണ്ട്. ആ കുടിലിലേയ്ക്കാണ്, കലാപം നടക്കുന്ന ബീഹാറിൽ നിന്നും, അന്നത്തെ ഇടക്കാല സർക്കാരിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു എത്തിച്ചേർന്നത്. മൗലാന അബുൾ കലാം ആസാദും തടിപ്പാലം കടന്ന് ചെളി നിറഞ്ഞ പാതയിലൂടെ ഗാന്ധിയെ കാണാനെത്തി. ഈശ്വർ, അള്ളാ തേരേ നാം എന്ന വരി ഉൾക്കൊള്ളുന്ന രാംധുൻ ആദ്യമായി ആലപിക്കപ്പെട്ട പണിയാലയിലെ സ്കൂൾ മൈതാനവും ഞങ്ങൾ കണ്ടു. കൂട്ടക്കൊല നടന്ന ചൗധരി ബാടി നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പുതിയൊരു വീടാണ് നിൽക്കുന്നതെങ്കിലും, ആ മണ്ണിൽ പുരണ്ട ചോരയുടെ മണം അഗാധ തലങ്ങളിൽ നിന്ന് ഉയർന്നു വന്നു. നവഖലിയിലെ അസ്വസ്ഥതകൾക്ക് തുടക്കമിട്ടയാൾ എന്ന് പറയപ്പെടുന്ന ഗുലാം സർവാർ ഹുസൈനിയുടെ ശവകുടീരവും കുടുംബവീടും ഞങ്ങൾ കണ്ടു. അദ്ദേഹത്തിൻ്റെ ഇപ്പോഴുള്ള അനന്തരാവകാശിയുമായി സംസാരിച്ചു നിൽക്കുമ്പോൾ ആ വീടിൻ്റെ ചുവരിൽ തൂക്കിയിട്ട പടത്തിൽ നിന്നും, ജിന്നയുടെ മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് ബംഗാൾ നിയമസഭയിൽ ഉണ്ടായിരുന്ന ഗുലാം സർവാർ ഹുസൈനി ഞങ്ങളെ ഇമ ചിമ്മാതെ നോക്കി.
നവഖലിയുടെ അത്ഭുതം എന്നാൽ അതൊന്നുമായിരുന്നില്ല. ഗാന്ധിയുടെ യാത്ര നേരിട്ടു കണ്ട മനുഷ്യരെ കാണാൻ കഴിയുമെന്ന്, യാത്ര തിരിക്കുമ്പോൾ ഞങ്ങൾ സ്വപ്നേപി കരുതിയിരുന്നില്ല. എന്നാൽ ഒന്നിൽ കൂടുതൽ മനുഷ്യരെ ഞങ്ങൾ കണ്ടു. അവരുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങൾ നടത്തി. ഗാന്ധിയുടെ പര്യടനം നടക്കുന്ന കാലത്ത് അവരെല്ലാം ചെറുപ്രായക്കാരായിരുന്നു. പലരും പിതാവിൻ്റെ കൈകളിൽ തൂങ്ങിയാണ് ഗാന്ധിയുടെ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിരുന്നത്. ഇപ്പോൾ നവതിയോടടുത്ത, നവതി കഴിഞ്ഞ ശരീരങ്ങളിലിരുന്ന് അവർ ആ ദിനങ്ങൾ ഇന്നലെയെന്ന പോലെ, വ്യക്തതയോടെ ഓർത്തെടുത്തു. ഗാന്ധി ആ വാക്കുകളിലൂടെ ഉടലും ഉയിരും വീണ്ടെടുത്ത് ഞങ്ങൾക്കിടയിൽ നിന്നു. വിഭജനത്തിൻ്റെ കഥ അത്രയും വലിപ്പത്തിൽ ഞങ്ങൾക്കിടയിൽ നിവർന്നു. നവഖലിയിലെ ഒരു പാതയിൽ, പ്രസൂൺ സുരേശന്റെ കൈയ്യിലെ ട്രൈപ്പോഡും ക്യാമറയും കണ്ടാകണം, ഒരു വൃദ്ധൻ അയാൾക്ക് സാധ്യമാകുന്ന കരുത്തിൽ അടുത്തെത്തി ഞങ്ങളെന്ത് ചെയ്യുകയാണ് എന്നന്വേഷിച്ചു. ഞങ്ങളുടെ ദൗത്യത്തിൻ്റെ കഥ കേട്ടപ്പോൾ ആ കണ്ണുകൾ തിളങ്ങി. “ഞാൻ കണ്ടിട്ടുണ്ട് ഗാന്ധിയെ “, അയാൾ ആവേശത്തിൽ പറഞ്ഞു. “ബീബി അംതസ് സലാമും, ഗാന്ധിയുടെ കൂടെയുണ്ടായിരുന്നു.”
നവഖലിയിലെ സിറണ്ടിയിൽ 25 ദിവസം നിരാഹാരമിരുന്ന് സമാധാനത്തെ വിളിച്ചു വരുത്തിയ ബീബി അംതസ് സലാമിനെ ഞങ്ങൾ ഒന്നിച്ചോർത്തു. അങ്ങു ദൂരെ പട്യാലയിൽ നിന്ന് ഇന്ത്യയുടെ വീതി മുഴുവൻ മറികടന്ന് ഗാന്ധിക്കൊപ്പം നവഖലിയിലെത്തിയതാണ് ബീബി. അത്തരം സ്ത്രീകളുടെ ത്യാഗത്തിൻ്റെ കഥകൾ ആ മണ്ണിൽ ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ട്. വലിയ മാറ്റങ്ങളൊന്നും പിടികൂടാതെ കഴിയുന്നതിനാൽ നവഖലിയിൽ ഓർമ്മകൾ ചിതറിപ്പോയിട്ടില്ല. ആവിയായുയർന്നാലും തിരികെ മഴയായിപ്പെയ്ത് ഓർമ്മകൾ അവിടേയ്ക്കു തന്നെ തിരിച്ചെത്തുന്നു. ഓക്സിജനേക്കാൾ കൂടുതൽ ഓർമ്മകൾ അവിടെ ഞങ്ങൾ ശ്വസിച്ചു. അതോടെ ഞങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ മറുപുറം കണ്ടു. അതിൻ്റെ പ്രസിദ്ധമായ പുറത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യമെന്നത് ഒരു തുള്ളി ചോര ചൊരിയാതെ കിട്ടിയതാണെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ മറുപുറത്താകട്ടെ, രക്തം, സിരകളും ധമനികളും ഭേദിച്ച് പുഴകളായൊഴുകി. വേദനയും ദുരിതവും തളം കെട്ടി നിന്നു. ഒരേ ജീവിതത്തിൽ തളച്ചിട്ട ജനങ്ങൾക്കിടയിൽ വിഭജനത്തിൻ്റെ കോടാലി പതിച്ചു. അതിർത്തി രേഖകൾക്കപ്പുറമിപ്പുറവും നിന്ന് ഇപ്പോഴും സാധാരണക്കാർ ചോദിക്കുന്നു. ഞങ്ങൾക്കും നിങ്ങൾക്കുമിടയിലെ വ്യത്യാസം എന്താണ്?
രണ്ടാം യാത്ര ബീഹാറിലേയ്ക്കായിരുന്നു. ബീഹാറിൽ ചരിത്രത്തിൻ്റെ നിഗൂഢമായ ഇടനാഴികൾ ഞങ്ങൾക്ക് മുന്നിൽ തെളിയാൻ കാരണഭൂതനായത്, മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എൻ എസ് മാധവൻ ആയിരുന്നു. ബീഹാറിലേയ്ക്ക് പുറപ്പെടും മുമ്പ് മാധവൻ ഞങ്ങൾക്ക് ശ്രീകാന്തിൻ്റെ നമ്പർ തന്നു. പാറ്റ്നയിൽ ഞങ്ങൾ ശ്രീകാന്തിനെ കണ്ടു. അനുസരണയില്ലാത്ത മുടിയിഴകളും എണ്ണ തട്ടാത്ത താടിരോമങ്ങളും മഞ്ഞഖാദി ജുബ്ബയുമായി ശ്രീകാന്ത് എന്ന പഴയ പത്രപ്രവർത്തകൻ ഞങ്ങളെ സി പി ഐ (എം എൽ ) ലിബറേഷന്റെ ഓഫീസിലെത്തിച്ചു. ബീഹാറിൽ, പാർലിമെൻ്ററി സാന്നിദ്ധ്യം ഏറ്റവും കൂടുതൽ ഉള്ള കമ്യൂണിസ്റ്റ് പാർട്ടി, ലിബറേഷനാണ്. മാവോവാദിപ്പാത ഉപേക്ഷിച്ച്, പാർലിമെൻ്ററി മാർഗ്ഗം പുൽകിയ പാർട്ടിയാണ് അത്. ദീപാങ്കുർ ഭട്ടാചാര്യ നയിക്കുന്ന പാർട്ടിക്ക് ബീഹാർ നിയമസഭയിൽ 12 എം എൽ എ മാരും ഡെൽഹിയിലെ പാർലിമെൻ്റിൽ 2 എം എൽ എമാരുമുണ്ട്. മാവോയുടെ പാത ഭൂതകാലത്തിളക്കമായി സൂക്ഷിക്കുന്ന പാർട്ടി, ഗാന്ധിയുടെ പാത തേടി വന്ന ഞങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുക എന്നോർത്ത് ഞങ്ങൾ ഉള്ളിൽ ബേജാറായി. മടിച്ചു മടിച്ചാണ് ഞങ്ങൾ ആവശ്യം ഉന്നയിച്ചത്. 1946 ഒക്ടോബർ മാസത്തിൽ നടന്ന കലാപസ്ഥലികൾ, പിന്നീട് 1947-ൽ ഗാന്ധി സമാധാന സന്ദേശം പ്രചരിപ്പിച്ച വഴികൾ, കാണണം. അപ്പോഴാണ്, ഞങ്ങളെ ഞെട്ടിക്കുന്ന തരത്തിൽ അവർ അത് പറഞ്ഞത്. കഴിഞ്ഞ വർഷത്തെ അവരുടെ പ്രധാനപ്പെട്ട രാഷ്ട്രീയ പരിപാടി, ഗാന്ധി സഞ്ചരിച്ച യാത്രയെ പുന: സൃഷ്ടിക്കുകയായിരുന്നു എന്ന്. ഇടതുപക്ഷത്തിൻ്റെ അങ്ങേ അറ്റത്തുള്ള ഒരു പാർട്ടി, ഗാന്ധിയെ രാഷ്ട്രീയമായി പുനരുജ്ജീവിക്കുന്നതിന് പൊരുൾ ഒന്നേയുള്ളൂ. ഇന്ത്യയിൽ തിങ്ങിനിറഞ്ഞ ഫാസിസം അതിനെതിരെ നിൽക്കുന്ന പാർട്ടികൾക്ക് പുതിയ രാഷ്ട്രീയ ദൗത്യങ്ങൾ നൽകുന്നു. കാലത്തിൻ്റെ കേൾക്കാൻ തയ്യാറായ പാർട്ടികൾ തങ്ങളെത്തന്നെ ഉടച്ചു പണിയാൻ നിർബന്ധിതരായി തീരുന്നു.
പിറ്റേന്ന്, ഞങ്ങൾ, ലിബറേഷന്റെ ഒരു പ്രവർത്തകനൊപ്പം ബീഹാറിൻ്റെ ഉൾഗ്രാമങ്ങളിലേയ്ക്ക് പുറപ്പെട്ടു. എരുമച്ചാണകം മണക്കുന്ന ഇടവഴികളിലൂടെ, എരുമകളെ തൊട്ടുരുമ്മി . കർഷകത്തൊഴിലാളികളായ ഗ്രാമീണരുടെ എളിയ ഭക്ഷണം പങ്കിട്ട് നടത്തിയ ആ യാത്രയാണ് ഈ എഴുത്തിന് ജന്മം നൽകിയത്.
ബീഹാറിലെ കലാപം, നവഖലിയിലും കൊൽക്കൊത്തയിലും നടന്ന കലാപങ്ങളേക്കാൾ വലുതും രക്തരൂക്ഷിതവുമായിരുന്നു. എന്നാൽ നവഖലി എഴുതപ്പെട്ടതിനേക്കാൾ നൂറിലൊന്ന് ബീഹാർ പിൽക്കാലത്ത് എഴുതപ്പെട്ടില്ല. അതു കൊണ്ട് ബീഹാർ കലാപത്തെക്കുറിച്ചുള്ള പഠനങ്ങളും രേഖകളും പൊതുമണ്ഡലത്തിൽ കുറവാണ്. എൻ എസ് മാധവൻ, ബീഹാറിലെ ഉദ്യോഗസ്ഥ മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും ഏറെ മതിപ്പുളവാക്കിയ ഉദ്യോഗസ്ഥൻ ആയിരുന്നു എന്നതിനാൽ, ബീഹാറിലെ ആർക്കൈവ്സ് ഞങ്ങൾക്ക് മുന്നിൽ തുറക്കപ്പെട്ടു. അവിടെ നിന്നും ഗാന്ധിയുടെ ബീഹാർ സന്ദർശനത്തെക്കുറിച്ചും ബീഹാർ കലാപത്തിൻ്റെ ഗതിവിഗതികളെ സംബന്ധിച്ച സർക്കാർ റിപ്പോർട്ടുകളും അടങ്ങിയ ചില പുസ്തകങ്ങളും രേഖകളും ലഭിക്കുകയുണ്ടായി. അവ ബീഹാർ കലാപത്തിൻ്റെ നേർച്ചിത്രം കാണിക്കുന്നതായിരുന്നു. കൊൽക്കൊത്തയിലും നവഖലിയിലും മറ്റും നടന്ന വർഗ്ഗീയ കലാപങ്ങളുടെ തുടർച്ചയായി തോന്നാമെങ്കിലും, അതിൽ നിന്നും വ്യത്യസ്തമായിരുന്നു ബീഹാർ കലാപം. ഓരോ രേഖകളിലൂടെ കടന്നുപോകുമ്പോഴും, ബീഹാറിൽ വർഗ്ഗീയ ലഹളയല്ല നടന്നത്, വംശഹത്യയായിരുന്നു എന്ന് ഉള്ളു വിറപ്പിക്കുന്ന തിരിച്ചറിവുണ്ടായി. സവർക്കറും പിന്നീട് ഗോൾവാൾക്കറും ഉദ്ബോധനം ചെയ്ത, രണ്ടാം കിട പൗരരായി മുസ്ലീങ്ങളെ ഇടിച്ചു താഴ്ത്താനുള്ള ആദ്യത്തെ പ്രായോഗിക പരീക്ഷണശാലയായിരുന്നു ബീഹാർ. മുസ്ലീം സമുദായത്തെ ഏറ്റവും ചുരുങ്ങിയത് ബീഹാറിൽ നിന്നെങ്കിലും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദു വംശീയവാദികൾ നടത്തിയ വംശഹത്യാശ്രമമായിരുന്നു അവിടെ നടന്നത്.
ഞങ്ങളുടെ ഉൾനാടൻ യാത്രകളും അത് തെളിയിച്ചു തന്നു. നെൽവയലുകൾക്കിടയിലും കുന്നിൻ ചരിവുകളിലും ഞങ്ങൾ കണ്ട തകർന്ന പള്ളികളും കെട്ടിടങ്ങളും അതിൻ്റെ വാസ്തുവിദ്യാ തെളിവുകളായിരുന്നു. ആ പള്ളികൾ പലതും ചെറുതല്ലായിരുന്നു. അവയെ പ്രൗഢിയോടെ പോറ്റാൻ തക്കവിധം സമ്പന്നതയുള്ള മുസ്ലീം ജനസമൂഹം അവിടെയുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും വിധം. എന്നാൽ അത്തരം ഗ്രാമങ്ങളിലൊന്നും, സ്ഥിതി വിവരക്കണക്ക് പരിശോധിച്ചാൽ മുസ്ലീം ജനതയുടെ സാന്നിദ്ധ്യം ഇപ്പോൾ തുലോം തുച്ഛമാണ്. അതിൻ്റെ അർത്ഥം അവരെ അവിടെ നിന്ന് ബലപ്രയോഗം നടത്തിയാണ് പുറത്താക്കിയത് എന്നാണ്. അതിനാൽ ആ തകർന്ന പള്ളികൾ പുതുക്കപ്പെടാതെയോ, ആരാധന പുനരാരംഭിക്കാതെയോ, കാലത്തിനെതിരെ; അപമാനത്തിന്റേയും ഏൽക്കപ്പെട്ട ഹിംസയുടേയും പ്രതീകമായി മാത്രം നിൽക്കുന്നു. ആരാധനയുടേയോ, മനുഷ്യസമ്മേളനത്തിൻ്റേയോ ഇടമല്ലാതെ. വരാൻ പോകുന്ന ബാബ്റി മസ്ജിദിൻ്റെ തകർച്ചയെ മുൻകൂട്ടി പ്രവചിച്ച ഭാവിവര്യന്മാരെപ്പോലെ അവ ഒറ്റയ്ക്ക് വെയിലും കാറ്റും മഴയും നിലാവുമേറ്റ് അങ്ങനെ നിൽക്കുന്നുണ്ട്. ഇപ്പോഴും. തകർന്ന വീടുകൾ ദൂരെയെവിടെയോ ഉള്ള അവകാശികളുടെ കടാക്ഷം കാത്ത് പതിറ്റാണ്ടുകളായി വീണ്ടും വീണ്ടും ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നു. മുഹമ്മദ് പൂർ എന്ന ഗ്രാമത്തിൻ്റെ പേര് കേൾക്കുമ്പോൾ നമ്മുടെ സാമൂഹ്യജ്ഞാനം അതിനെ മുസ്ലീം ഭൂരിപക്ഷ പ്രദേശമെന്നെണ്ണും. ഒരൊറ്റ മുസ്ലീമും അവിടെ കണ്ടെന്ന് വരില്ല. നാമമാത്രമായി ഉണ്ടെങ്കിൽ തന്നെ പിന്നീട് വന്ന് പാർത്തവരാണ്. പല ഗ്രാമങ്ങളിലും കലാപത്തിൻ്റെ കഥ ഗ്രാമവാസികൾക്ക് അറിയാമെങ്കിലും അവർ നമ്മോടത് പറയാൻ വിമുഖത കാണിക്കുന്നതിൻ്റെ കാരണം, അവർ കൈവശം വെച്ചിരിക്കുന്ന ഭൂമിയൊന്നും തന്നെ അവരുടെ പൈതൃക സ്വത്തല്ല എന്ന തിരിച്ചറിവാണ്. 1946-ൽ മുസ്ലീങ്ങളെ ഓടിച്ചു വിട്ട് അവരുടെ പൂർവ്വികർ പിടിച്ചെടുത്ത, ചോര നിലങ്ങളാണവ.
ഇന്ത്യാ ചരിത്രത്തിൽ ഹിന്ദുവംശീയ വാദികളുടെ ഹിംസാത്മകമായ ആദ്യത്തെ പ്രഹരം ഗാന്ധിവധമല്ല. ബീഹാറിലെ വംശഹത്യയാണ്. അതുമായി തട്ടിച്ചു നോക്കുമ്പോൾ, 2002 ലെ ഗുജറാത്ത് കലാപം തുച്ഛമാണ്.
ആ യാത്രയിൽ ഒരു കാര്യം കൈവെള്ളയിലെ രേഖകൾ പോലെ വ്യക്തമായി. ഗുജറാത്തിന് മുമ്പ് മുസ്ലീം വംശഹത്യ, ഹിന്ദു വംശീയവാദികൾ നടത്തിയത് ബീഹാറിലാണ്. എൻ്റെ തന്നെ ഒരു തെറ്റിദ്ധാരണ ബീഹാറിലെ ആ പര്യടനവും വിവിധ മനുഷ്യരുമായുള്ള സംഭാഷണവും തിരുത്തി തന്നു. ഇന്ത്യാ ചരിത്രത്തിൽ ഹിന്ദുവംശീയ വാദികളുടെ ഹിംസാത്മകമായ ആദ്യത്തെ പ്രഹരം ഗാന്ധിവധമല്ല. ബീഹാറിലെ വംശഹത്യയാണ്. പതിനായിരത്തോളം മുസ്ലീങ്ങളെ അന്ന് ബീഹാറിൽ ഹിന്ദു വംശീയ വാദികൾ കൊന്നു. ലക്ഷക്കണക്കിന് പേരെ നാടു കടത്തി. അനേകായിരം പേരുടെ ജീവിതം തകർത്തു. അതുമായി തട്ടിച്ചു നോക്കുമ്പോൾ, 2002 ലെ ഗുജറാത്ത് കലാപം തുച്ഛമാണ്.
ആ യാത്ര ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പ്രവർത്തന രീതിയെക്കുറിച്ച് വ്യക്തമായ കാഴ്ച തന്നു എന്ന് പറയാം. ബീഹാറിലെ വംശഹത്യയോടെ, ഇന്ത്യൻ മുസ്ലീങ്ങൾ ഭയക്കുമെന്നും ആ ഭയത്തിന് പുറത്ത് ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാമെന്നും ഹിന്ദു വംശീയവാദികൾ കരുതിയിരിക്കണം. 1946 ഒക്ടോബറിന് മുമ്പുതന്നെ ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ തീരുമാനിച്ചിരുന്നു. അതോടെ മുഹമ്മദലി ജിന്നയും അദ്ദേഹത്തിൻ്റെ മുസ്ലീം ലീഗും പാകിസ്ഥാന് വേണ്ടിയുള്ള പ്രവർത്തനം ഊർജ്ജിതമാക്കി. പ്രത്യക്ഷത്തിൽ അഖണ്ഡഭാരതത്തിന് വേണ്ടിയാണ് ഹിന്ദു വംശീയവാദികൾ നിലകൊണ്ടതെങ്കിലും, പാകിസ്ഥാൻ വാദം അവരെ ഉള്ളാലെ സന്തോഷിപ്പിച്ചിരുന്നു. ജിന്നയുടെ മുസ്ലീം ലീഗുമായി സന്ധി ചെയ്ത് സിന്ധ് മുതലായ സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന പാർട്ടിയും കൂടിയാണ് ഹിന്ദു മഹാസഭ. പാകിസ്ഥാൻ ഉണ്ടായാൽ ഇന്ത്യൻ മുസ്ലീങ്ങൾ മുഴുവൻ അവിടേയ്ക്ക് പോകുമെന്നും, അതോടെയുണ്ടാകുന്ന സമുദായ ധ്രുവീകരണം മുതലെടുത്ത് ഹിന്ദുത്വരാഷ്ട്രം രൂപീകരിക്കാമെന്നും അവർ കരുതി. കൊൽക്കൊത്തയിലും നവഖലിയിലും ജിന്നയുടെ പാർട്ടി തുടങ്ങി വെച്ച വർഗ്ഗീയ കലാപത്തിൻ്റെ മറവിൽ, ബീഹാറിൽ മുസ്ലീങ്ങളെ കൊന്നൊടുക്കിയാൽ, പാകിസ്ഥാൻ രൂപം കൊള്ളുന്ന മാത്രയിൽ സുരക്ഷിതത്വം കാംക്ഷിച്ച് മുസ്ലീങ്ങളെല്ലാം പാകിസ്ഥാനിൽ പോകുമെന്ന് അവർ കരുതി. ഗാന്ധിയുടെ സമയോചിതമായ ഇടപെടൽ അത് തടഞ്ഞു. ആ ഇടപെടൽ ബീഹാറിൽ അവരുടെ രാഷ്ട്രീയ സ്വപ്നങ്ങളെ തകർത്തു.
രണ്ടാമതായി, ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായുള്ള ശ്രമം അവർ തുടങ്ങിവെച്ചത് കൊൽക്കൊത്തയിലാണ്. സ്വാതന്ത്ര്യത്തിനൊപ്പം ബംഗാൾ വിഭജനവും നടന്നു. കിഴക്കൻ ബംഗാൾ, കിഴക്കൻ പാകിസ്ഥാനായി. പടിഞ്ഞാറൻ ബംഗാളിൽ നിന്നും, കിഴക്കൻ പാക്കിസ്ഥാനിലേയ്ക്ക് പോകാതെ നിന്ന മുസ്ലീങ്ങളെ വംശഹത്യ നടത്തിയും പേടിപ്പിച്ചോടിച്ചും, ബീഹാറിൽ ഗാന്ധിയും കൂട്ടരും തടഞ്ഞ, ഹിംസാത്മകതയെ കൊൽക്കൊത്തയിൽ ഹിന്ദു വംശീയ വാദികൾ വീണ്ടും പ്രയോഗിക്കാൻ തുടങ്ങി. ഹിന്ദുരാഷ്ട്രം കണ്ണെത്തുന്ന ദൂരത്താക്കുക എന്നതായിരുന്നു, ഇത്തവണ അവരുടെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന് മുമ്പ് ബംഗാളിലുണ്ടായ കലാപം വർഗ്ഗീയ കലാപം ആയിരുന്നുവെങ്കിൽ, സ്വാതന്ത്ര്യത്തിന് ശേഷം കൊൽക്കൊത്തയിലുണ്ടായ കലാപം ബീഹാർ വംശഹത്യയുടെ തുടർച്ചയും ആസൂത്രിതവും ആയിരുന്നു. ബീഹാറിലെന്ന പോലെ ഒരു ആശയം എന്ന നിലയിൽ അഹിംസയേയും, ബുദ്ധൻ്റെ ഓർമ്മകൾ ആണ്ടുകിടക്കുന്ന മണ്ണിൽ, അഹിംസയുടെ ചിറകുകളായി മൈത്രിയേയും അവതരിപ്പിക്കുക വഴി കൊൽക്കൊത്തയിൽ ശമനമുണ്ടാക്കുക സാധ്യമല്ലെന്ന് ഗാന്ധിക്ക് ബോധ്യപ്പെട്ടിരിക്കണം. ഭൂരിപക്ഷ – ന്യൂനപക്ഷ സമുദായങ്ങൾക്ക് ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുക എന്നത് സ്വതന്ത്ര ഇന്ത്യയിൽ സാധ്യമാണെന്ന് മാത്രമല്ല, അതാണ് സ്വതന്ത്ര ഇന്ത്യയുടെ ലക്ഷ്യം എന്നത് സുഹ്രവർദ്ദിയുമൊത്ത് പ്രായോഗികമായി അവതരിപ്പിക്കുക മാത്രമല്ല ഗാന്ധി ചെയ്തത്, എഴുപത്തിമൂന്ന് മണിക്കൂർ നിരാഹാരത്തിലൂടെ, അതിന് വേണ്ടി ആവശ്യമെങ്കിൽ സമരവും ചെയ്യണം എന്ന സന്ദേശം നൽകുക കൂടിയാണ്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സമരം, ഗാന്ധിയിലൂടെ പ്രകാശിതമായത്, ഒരു ബഹുസ്വര രാജ്യത്തിൽ ഭൂരിപക്ഷ – ന്യൂനപക്ഷ പ്രശ്നം ഒരു ജനാധിപത്യരാജ്യത്തിൽ എങ്ങനെ പരിഹരിക്കണം എന്ന ഉത്തരങ്ങൾ മുന്നോട്ടു വെച്ചാണ്. കൂടിക്കൊണ്ടിരിക്കുന്ന ഭരണഘടനാ അസംബ്ലിക്ക് ഇത്തരം കാര്യങ്ങളിൽ വലിയ തെളിച്ചം നൽകാൻ ഗാന്ധിയുടെ കൊൽക്കത്താ സത്യാഗ്രഹത്തിനും തുടർന്ന് ഡെൽഹിയിൽ നടത്തിയ സമരത്തിനും കഴിഞ്ഞു. ഭരണഘടനാ അസംബ്ലിയുടെ സംശയങ്ങൾക്കും നിഗമനങ്ങൾക്കും പ്രത്യക്ഷമായ പ്രവർത്തനങ്ങളിലൂടെ ഗാന്ധി പരോക്ഷവ്യക്തത വരുത്തി.
എന്നാൽ ഡെൽഹിയിലാണ് ഹിന്ദുവംശീയവാദികളും ഗാന്ധിയും തമ്മിലുള്ള ഏറ്റവും രൂക്ഷമായ പോരാട്ടം നടന്നത്. ബീഹാറിലും ബംഗാളിലും ഗാന്ധി എന്ന ഫയറെഞ്ചിൻ താത്ക്കാലികമായ അഗ്നിശമനം വരുത്തിയെങ്കിലും, ഡെൽഹിയിലെ തീ കുറേക്കൂടി ബലിഷ്ഠമായിരുന്നു. ഹിന്ദു വംശീയ വാദികൾക്ക്, ഹിന്ദുത്വ രാഷ്ട്രം പടിവാതിലിലെത്തി എന്ന തോന്നൽ ജനിപ്പിച്ചു കൊണ്ട് പാകിസ്ഥാനിൽ നിന്നും വൻ അഭയാർത്ഥി പ്രവാഹം ഇന്ത്യയിലേയ്ക്കുണ്ടായി. ഹിന്ദുക്കളും സിക്കുകാരുമടങ്ങുന്ന ആ വലിയ കൂട്ടത്തിന്, പാകിസ്ഥാൻ പ്രവിശ്യയിലെ വർഗ്ഗീയ മുസ്ലീങ്ങളിൽ നിന്നും പല ക്രൂരതകളും നേരിടേണ്ടി വന്നു. അങ്ങനെ അതിജീവിച്ചവർ ഡെൽഹിയിൽ പ്രതീക്ഷിച്ചത്, ഭാവനാത്മകമെങ്കിലും സ്വന്തം നാടിൻ്റെ സാന്ത്വനവും സ്നേഹവുമാണ്. നിർഭാഗ്യവശാൽ അത് അവർക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, ക്യാമ്പുകളിൽ അങ്ങേയറ്റത്തെ ദുരിതാവസ്ഥയിലാണ് അവർ കഴിഞ്ഞിരുന്നത്. തങ്ങൾ ജീവിച്ചിരുന്ന പ്രവിശ്യയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട അവർ, ഇവിടെയും അനാഥത്വത്തിൻ്റെ പിടിയിലായിരുന്നു. അതുണ്ടാക്കുന്ന രോഷവും താപവും, രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ഹിന്ദുത്വ വംശീയ വാദികൾ ശ്രമിച്ചത്. അഭയാർത്ഥികൾക്ക് രൂക്ഷമായി സമരം ചെയ്യാൻ ഒരു കാരണം ഉണ്ടായിരുന്നു. ആ കാരണം തങ്ങളുടെ രാഷ്ട്രീയ അജണ്ടയിൽ പൊതിഞ്ഞെടുക്കാൻ ഹിന്ദു വംശീയവാദികൾക്ക് ഒരു പരിധി വരെ സാധിച്ചു.
മാത്രമല്ല, ആർ എസ് എസിന് ശക്തമായ ഇടപെടൽ നടത്താനുള്ള സാഹചര്യം കൂടി ഡെൽഹിയിൽ അനുകൂലമായുണ്ടായിരുന്നു. ഗോൾവാൾക്കറുടെ വലം കൈയ്യായ വസന്ത് റാവു ഓക്കിനെപ്പോലെ ഒരാളുടെ നേതൃത്വത്തിൽ ഡെൽഹിയിൽ സംഘ് സുസംഘടിതമായിരുന്നു. ഹിന്ദുമഹാസഭ പ്രതിനിധിയായ ഡോ.ശ്യാമപ്രസാദ് മുഖർജി, ഇടക്കാല മന്ത്രിസഭയിൽ വ്യവസായ മന്ത്രി ആയിരുന്നു. രൺധാവയെപ്പോലുള്ള ഹിന്ദുത്വ അനുയായികൾ പോലീസ് തലപ്പത്ത് ഉണ്ടായിരുന്നു. ഡെൽഹിക്ക് ചുറ്റുമുള്ള പല നാട്ടുരാജ്യങ്ങളും ആർ എസ് എസിന് രാഷ്ട്രീയവും സാമ്പത്തികവുമായ സഹായങ്ങൾ നൽകിയിരുന്നു.
ഗാന്ധി ഡെൽഹിയിലെത്തുന്നത് കുറേക്കൂടി ദുർബലമായ ശരീരവും എന്നാൽ കുറേക്കൂടി ശക്തമായ ആശയച്ചായ് വോടും കൂടിയാണ്. നവഖലിയിൽ പോകുന്ന ഗാന്ധി, ഒരർത്ഥത്തിൽ നിരാശനും നിരാശയനും ആയിരുന്നു. എന്നാൽ 1947 സെപ്തംബറിൽ കൊൽക്കൊത്തയിലെ നിരാഹാര സമരം കഴിഞ്ഞ് ഒരു ചെറിയ ഇടവേള പോലും എടുക്കാതെ, ഡെൽഹിയിൽ എത്തിയ ഗാന്ധിക്ക് ഹിന്ദുത്വ ദേൾീയതയെ നേരിടുന്നതിൽ കുറേക്കൂടി ആശയ വ്യക്തത ഉണ്ടായിരുന്നു. പക്ഷെ, അദ്ദേഹം ഡെൽഹിയിലാണ് തൻ്റെ അന്തിമ സമരം അരങ്ങേറുക എന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. സ്വതന്ത്രസർക്കാരിൻ്റെ രൂപീകരണവും ഭരണഘടനാ അസംബ്ലിയുടെ സാന്നിദ്ധ്യവും ഇന്ത്യയിലെ മതേതരനേതൃത്വം കേന്ദ്രീകരിച്ച സ്ഥലം എന്ന നിലയും ഡെൽഹിയെ ആധുനികവല്ക്കരിക്കുകയും മതേതരവല്ക്കരിക്കുകയും ചെയ്തിരിക്കും എന്ന് ഗാന്ധി കരുതിയിരിക്കണം. അതിനാൽ വിഭജനവിധേയമായ പഞ്ചാബിലാകും തൻ്റെ അന്തിമ സമരം എന്നാണ് ഗാന്ധി കരുതിയത്. ഗാന്ധിയുടെ കണക്കുകൂട്ടലുകളെ ഡെൽഹി തകിടം മറിച്ചു. ഡെൽഹിയിൽ ഇറങ്ങുമ്പോൾ അത് മൃതനഗരമായിരുന്നു എന്ന പ്യാരേലാലിൻ്റെ പ്രസ്താവന, വെറുമൊരു പ്രസ്താവനയേക്കാൾ ഈ കണക്കു തെറ്റലിൻ്റെ അത്ഭുതം വഹിക്കുന്ന ഒന്നാണ്.
അതിനാൽ 1947 സെപ്തംബർ മുതൽ 1948 ജനുവരി വരെ ഡെൽഹിയിൽ നടന്ന ഏറ്റവും വലിയ രാഷ്ട്രീയസംഘർഷം എന്നത് ഹിന്ദുവംശീയ ശക്തികളും മതേതരത്വവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു എന്ന് പറയാം. അതിന് പല തലങ്ങൾ ഉണ്ടായിരുന്നു. ജനാധിപത്യപരമായ ബഹുസ്വരതയും ഏകാധിപത്യപരമായ മതരാഷ്ട്രീയവും തമ്മിൽ, സ്മൃതി – ശ്രുതി- പുരാണോക്ത സംഹിതയും ആധുനികമായ പൗരസംഹിതയും തമ്മിൽ, നൈതിക രാഷ്ട്രീയവും ഫാസിസ്റ്റ് രാഷ്ട്രീയവും തമ്മിൽ, ഒക്കെ സംഘർഷങ്ങൾ ഉണ്ടായി. അഹിംസാത്മക രാഷ്ട്രീയത്തിൻ്റെ ഏറ്റവും ശക്തവുമായ നേതൃത്വരൂപമായി ഗാന്ധി നിന്നു. അവസാനം കൊൽക്കത്തയിലെ നിരാഹാര സത്യഗ്രഹത്തിൻ്റെ തുടർച്ചയെന്നോണം 1948 ജനുവരി 13 മുതൽ, 5 ദിവസം ഗാന്ധി നിരാഹാര സത്യഗ്രഹം ഇരുന്നു. ഇത്തവണ സംശയങ്ങൾക്കിടയില്ലാത്ത വിധം ,ഇന്ത്യൻ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങൾക്ക് വേണ്ടി പ്രത്യക്ഷമായി നിലകൊള്ളുകയാണ് ഗാന്ധി ചെയ്തത്. അത് കൊള്ളേണ്ടിടത്ത് കൊണ്ടു. ഡെൽഹിയിലെ പൗരസമൂഹം, ഹിന്ദു വംശീയ ശക്തികൾ അതിൽ പടർത്തിയ രാഷ്ട്രീയ രോഗത്തെ വലിച്ചെറിഞ്ഞു.
പിന്നോട്ടടിച്ച ഹിന്ദു വംശീയ ശക്തികൾ പക്ഷെ, അവരുടെ രാഷ്ട്രീയത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാനല്ല മുതിർന്നത്. മറിച്ച് ഗോൾ പോസ്റ്റ് മാറ്റാനാണ്. ന്യൂനപക്ഷങ്ങളെ രണ്ടാംകിടയാക്കിയുള്ള വംശീയ രാഷ്ട്രീയം വിജയിക്കണമെങ്കിൽ, അവരെ ജനാധിപത്യപരമായി നീതിമത്ക്കരിക്കുന്ന രാഷ്ട്രീയനേതൃത്വത്തെ തന്നെ നീക്കം ചെയ്യണമെന്ന ദിശയിലേയ്ക്കാണ് നീങ്ങിയത്. എന്നു പറഞ്ഞാൽ തെരുവ് യുദ്ധക്കളമാക്കി ബലം പ്രയോഗിച്ച് സമൂഹത്തേയും ഭരണകൂടത്തേയും ചൊൽപ്പടിയിലാക്കാം എന്നതിൽ നിന്നും ഭീകരപ്രവർത്തനത്തിന്റെ ലക്ഷ്യം വ്യക്തികളുടെ ഉന്മൂലനമായി. ഗാന്ധി വധത്തിനുള്ള പശ്ചാത്തലം ഒരുക്കിക്കൊടുക്കുന്നതിൽ ആർ എസ് എസും ഹിന്ദുമഹാസഭയും അടക്കമുള്ള എല്ലാ ഹിന്ദു വംശീയ വാദികളും ആൾവാർ, ഭരത്പൂർ, ഗ്വാളിയർ തുടങ്ങി ഒരു പിടി ഹിന്ദു നാട്ടുരാജ്യങ്ങളും വിജയിച്ചു. അങ്ങനെ 1948 ജനുവരി 30-ന് ഗാന്ധിയെ അക്ഷരാർത്ഥത്തിൽ തന്നെ അവർ തുടച്ചു നീക്കി.
എന്നാൽ അവർക്കെതിരെ ഗാന്ധി വളർത്തിയെടുത്ത രാഷ്ട്രീയം വ്യക്തികേന്ദ്രീകൃതമല്ലാത്തതിനാൽ അത് ഗാന്ധിയുടെ മരണത്തിനപ്പുറവും വളർന്നു. മരണത്തിനപ്പുറമുള്ള ഗാന്ധി സ്മരണ, ഒരു വ്യക്തിയെപ്പോലെത്തന്നെ ഹിന്ദു വംശീയവാദത്തിനെതിരെയുള്ള നൈതികതയ്ക്ക് വേണ്ടി കൊളോസസ്സിനെപ്പോലെ സുദൃഢമായി നിലകൊണ്ടു. അവർ താല്ക്കാലികമായി തുടച്ചു നീക്കപ്പെട്ടു എന്ന് തന്നെ പറയാൻ കഴിയും വിധം.
കശ്മീരിലും പടിഞ്ഞാറൻ യുപിയിലും ഇതേ അവസരത്തിൽ തന്നെ ഹിന്ദുവംശീയവാദികൾ ഹിന്ദു രാഷ്ട രൂപീകരണത്തിലേയ്ക്ക് നയിക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. അവിടെ അതിനെ സഫലമായി നേരിട്ടത്, ഗാന്ധിയായിരുന്നില്ല, മറിച്ച് ജവഹർലാൽ നെഹ്രു ആയിരുന്നു. ആധുനികമായ വ്യക്തതയിൽ നിന്ന്, ആർ എസ് എസിനെയും ഹിന്ദു വംശീയവാദത്തേയും മനസ്സിലാക്കാനും അതിനെ ചെറുക്കാൻ തൻ്റെ സഹപ്രവർത്തകരെ സജ്ജമാക്കാനും നെഹ്റു നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു.
ഗാന്ധിവധത്തിന് ശേഷം ഏതാണ്ട് ഒന്നരവർഷത്തോളം ആർ എസ് എസ് നിരോധിക്കപ്പെട്ടു. ഹിന്ദുവംശീയ സംഘടനകളെല്ലാം അങ്ങേയറ്റം പിറകോട്ടടിച്ചു. അവിടെ നിന്ന്, തകർച്ചയുടെ പടുകുഴിയിൽ നിന്നും അവർ കയറി വന്നതും ഭീകരരാഷ്ട്രീയത്തിൻ്റെ കൈ പിടിച്ചാണ്. 1949 മുതൽ തന്നെ അയോദ്ധ്യയിലെ ബാബ്റി മസ്ജിദ് എന്ന രൂപകത്തെ മുൻ നിർത്തി അവർ അതിനെ വികസിപ്പിച്ചെടുത്തു. 1992 ഡിസംബർ 6 ന് അത് തകർക്കപ്പെട്ടു. അത് വരേയ്ക്കും അതിനെ ചുറ്റിപ്പറ്റി ഹിംസയുടെ വലിയ ആഖ്യാനമുണ്ടാക്കിയെടുക്കാൻ അവർക്ക് കഴിഞ്ഞു. 2002 ൽ, ബീഹാർ വംശഹത്യയുടെ തുടർച്ചയെന്നോണം ഗുജറാത്തിൽ മുസ്ലീം കൂട്ടക്കൊല നടന്നു. 1946 – 47 ൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ മതേതരവാദികൾ സ്വജീവിതം കൊണ്ട് തടഞ്ഞത്, എഴുപതുകളുടെ രണ്ടാം പകുതി മുതൽ വീണ്ടും വ്യാപിക്കാൻ തുടങ്ങി. ഭരണകൂടത്തെ തന്നെ ആവശ്യമെങ്കിൽ ഭീകരയന്ത്രമാക്കുന്ന രാഷ്ട്രീയ സാങ്കേതികത അവരാർജ്ജിച്ചു. കൈകളിൽ ന്യൂനപക്ഷങ്ങളുടെ രക്തം പുരണ്ടയാൾ എന്ന് ലോകത്തിലെ മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയ ആൾ രണ്ടായിരത്തിൻ്റെ ആദ്യവർഷങ്ങളിൽ ഡെൽഹിയിലെ അധികാരക്കസേരയിൽ കയറിയിരുന്നു.
2023 ൽ ഹിന്ദു വംശീയ രാഷ്ട്രീയത്തിന് അടിത്തറയിട്ട, വി ഡി സവർക്കർ രചിച്ച ഹിന്ദുത്വ എന്ന പുസ്തകത്തിന് 100 വയസ്സായി. 2025 ൽ അതിൻ്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആർ എസ് എസിന് 100 വയസ്സാകുകയാണ്. ലോകത്തിൽ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പഴക്കം ചെന്ന ഫാസിസ്റ്റ് സംഘടന അതാണെന്ന് പറയാം. ഭരണത്തിലിരിക്കുമ്പോൾ പോലും ഹിന്ദുത്വ വംശീയത, ആ ഭീകരപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഭരണത്തിൻ്റെ കൈകൾ കൂടി ആ ഹിന്ദുത്വ സമൂഹ നിർമ്മിതിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട് എന്ന് മാത്രം. എതിർപ്പുകൾ ഉണ്ടാകുന്നില്ലെന്നല്ല. എതിർപ്പുകൾ ഉണ്ടെങ്കിലും ആ എതിർപ്പുകളെ ഇന്ത്യൻ സമൂഹത്തിൻ്റെ ആഴത്തിൽ വേരുപിടിപ്പിക്കുന്നതിൽ നാം എവിടെയോ പിഴക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും ഫാസിസ്റ്റ് സംഘടന അതിൻ്റെ നൂറ്റാണ്ട് ആഘോഷിക്കാൻ തുനിയുമ്പോൾ, ചരിത്രത്തിൽ നാമൊന്നിച്ച് ഏറ്റെടുക്കേണ്ട കടമയിലേയ്ക്ക് അല്പം വെളിച്ചം ചൊരിയാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്.
ബീഹാറിൽ, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗാന്ധി പ്രതിമ സ്ഥിതി ചെയ്യുന്ന ബാങ്കിപ്പൂർ മൈതാനത്തിൽ, ഹിന്ദു വംശീയ രാഷ്ട്രീയത്തിനെതിരെ ചെറുത്തു നില്പിൻ്റെ വാക്കുകൾ ഗാന്ധി ഉയർത്തിയ അതേ മൈതാനത്തിൽ, ഇരിക്കുമ്പോഴാണ് ഈ എഴുത്ത് മനസ്സിൽ രൂപകല്പന കൊണ്ടത്. മുരളി ചീരോത്തും ഞാനും കാലുകൾ നീട്ടി മൈതാനത്ത് അലസമായി ഇരിക്കുകയായിരുന്നു. സുധീഷും പ്രസൂണും ഞങ്ങൾ ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയിലേയ്ക്ക് ഉള്ളടക്കമായി വരാവുന്ന ഫോട്ടോഗ്രാഫുകൾ എടുത്തു കൊണ്ടിരിക്കുന്നു. ഗാന്ധിയുടെ വാക്കുകൾ പലതായി പ്രതിധ്വനിച്ചിരുന്ന ബാങ്കിപ്പൂർ മൈതാനത്തിൻ്റെ, വളരെ വലിപ്പമുള്ള ആ മൈതാനത്തിൻ്റെ സിംഹഭാഗവും, ഏതോ പട്ടാള പദ്ധതിയിലേയ്ക്ക്, സ്വയം സംഭാവന ചെയ്യാൻ വന്ന ഇന്ത്യൻ യുവത്വത്തെ പരിശീലിപ്പിക്കുന്ന പദ്ധതിയാൽ നിറഞ്ഞിരിക്കുന്നു. ഊർജ്ജ്വസ്വലരായ ആൺകുട്ടികളും പെൺകുട്ടികളും കവാത്ത് നടത്തുന്നു, ഓടുന്നു, ചാടുന്നു, വിവിധ തരം കസർത്തുകളിൽ തങ്ങളെത്തന്നെ മറന്നു കൊണ്ട് സ്വയം അർപ്പിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗാന്ധി പ്രതിമയ്ക്ക് കീഴിൽ തോക്കേന്താൻ കൊതിക്കുന്ന യുവത്വം കോപ്പുകൂട്ടുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഒരു വലിയ പിരിവ് അവിടെ ദൃശ്യമായിരുന്നു. അതിന് കാണിക്കാൻ പറ്റിയ ഏറ്റവും വലിയ പ്രകടനത്വരയിൽ.
അതിനാൽ, ഇത് “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ “ യുടെ തുടർച്ചയല്ല. പക്ഷെ ഹിന്ദു വംശീയതയുടെ കഥാ തുടർച്ചയാണ്. അങ്ങോട്ടും ഇങ്ങോട്ടും പകരുന്ന ചില സംഭവങ്ങൾ പ്രതിപാദിക്കുന്നത് കൊണ്ട് , ”ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ “ യുമായി ഒരു കാലം, ഈ രചനയുടെ ആദ്യ അദ്ധ്യായങ്ങൾ പങ്കിടുന്നുണ്ട് എന്നു മാത്രം.

ഞങ്ങളുടെ യാത്രയുടെ ആത്യന്തികമായ ഫലം, ഒരു കലാപ്രദർശനത്തിൻ്റെ രൂപത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്യാലറിയിൽ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 21 വരെ പ്രദർശനത്തിന് വെയ്ക്കുകയുണ്ടായി. സുധീഷിൻ്റെഫോട്ടോഗ്രാഫുകൾ, എൻ്റെ കവിതകൾ, മറ്റ് നിരവധി ഡിജിറ്റൽ കലാസങ്കേതങ്ങൾ എല്ലാം ഉപയോഗിച്ച്, മുരളി ചീരോത്തും ജയരാജ് സുന്ദരേശനും ചേർന്ന് ക്യുറേറ്റ് ചെയ്ത “You I could not Save ,walk with me “ എന്ന പേരിൽ അവതരിപ്പിച്ച കലാപ്രദർശനം നിരവധി പേർ കാണുകയുണ്ടായി. അതും ഈ പുസ്തകത്തിന് പ്രചോദനമായി .
സുധീഷ് യെഴുവത്തിനും മുരളി ചീരോത്തിനും ജയരാജ് സുന്ദരേശനും പ്രസൂൺ സുരേശനും നന്ദി. അവരുടെ കൂടെയുള്ള യാത്രയില്ലായിരുന്നെങ്കിൽ, ഈ പുസ്തകം സാധ്യമാകില്ലായിരുന്നു. ഒപ്പം നവഖലി ഗാന്ധി ആശം ട്രസ്റ്റ്, ബീഹാർ ഗാന്ധി മ്യൂസിയം, ബറാക് പൂർ ഗാന്ധി മ്യൂസിയം, ന്യൂഡെൽഹി നാഷണൽ ഗാന്ധി മ്യൂസിയം, ഹൈദരി മൻസിൽ ഗാന്ധി മ്യൂസിയം എന്നിവയുടെ അധികൃതർക്ക്, ലൈബ്രറി കൈകാര്യം ചെയ്യുന്നവർക്ക്, നന്ദി. എൻ എസ് മാധവനും ശ്രീകാന്തിനും ബീഹാറിലെ ഉൾഗ്രാമങ്ങളിലേയ്ക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയവർക്കും നന്ദി. ഇത് പരമ്പര രൂപത്തിൽ പ്രസിദ്ധീകരിക്കുന്ന ടീം നവമലയാളിക്കും നന്ദി.
ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ ശ്രദ്ധാപൂർവ്വം വായിച്ച മലയാളികൾക്ക് മുമ്പിൽ ഈ എഴുത്തും സമർപ്പിക്കട്ടെ.






