അന്ത്യദിനം

1946 മുതൽ 48 വരെയുള്ള കാലത്താണ് നമുക്കറിയാവുന്നിടത്തോളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഭ്യന്തര കലാപങ്ങൾ ഉണ്ടാകുന്നത്.  വിഭജനത്തിൻ്റെ പശ്ചാത്തലത്തിൽ വർഗ്ഗീയത ഇന്ത്യയിലെ ജനജീവിതത്തെ ആവേശിച്ച ദുർശക്തിയായി മാറി. തെരുവുകളിൽ എന്തിനെന്നറിയാതെ ജനങ്ങൾ ഏറ്റുമുട്ടി.  ആണുങ്ങൾ, ചാകുകയും കൊല്ലുകയും ചെയ്തു.  സ്ത്രീകളും കുട്ടികളും ചാകുകയും. പലായനങ്ങൾ,  കൊള്ളകൾ, കൊലകൾ, ദുരന്തങ്ങൾ, അനാഥത്വം, തീവെയ്പുകൾ, ബലാത്സംഗങ്ങൾ ഒക്കെ ഇന്ത്യയിൽ പലയിടത്തും ദൈനം ദിനാനുഭവങ്ങളായി.

ഇന്ത്യയിൽ മതരാഷ്ട്രീയത്തിൻ്റെ അഗ്നിപർവ്വതം പൊട്ടിയൊലിക്കുന്നത് ഏറ്റവും അടുത്തു നിന്നു കണ്ട ഒരേ ഒരു നേതാവ്, മോഹൻദാസ് കരംചന്ദ് ഗാന്ധിയാണ്. മറ്റൊരു നേതാവും ഈ കലാപരംഗങ്ങൾ ഗാന്ധിയെപ്പോലെ അത്രയും അടുത്തു നിന്നു കണ്ടിട്ടില്ല.  1946 ആഗസ്റ്റ് മുതൽ ഗാന്ധിയുടെ ജീവിതയാത്ര മിക്കവാറും ഈ കലാപപ്രദേശങ്ങളിലൂടെയായിരുന്നു.  മതത്തിൻ്റെ പേരിലുള്ള ഹിംസയെ വിദൂരക്കാഴ്ചയായല്ല,  സമീപദൃശ്യമായാണ് ഗാന്ധി കണ്ടത്.  മനുഷ്യമാംസം കത്തിക്കരിയുന്നതിൻ്റെ ഗന്ധം, ഗാന്ധി തൊട്ടടുത്ത് നിന്ന് ശ്വസിച്ചിട്ടുണ്ട്.  മനുഷ്യരുടെ ജീവിതത്തകർച്ചകൾ കണ്മുന്നിൽ അദ്ദേഹം കണ്ടു.  1946 മുതൽ അദ്ദേഹം ഹിംസാത്മകരായ ജനങ്ങളോട് ” അരുത്, അരുത് ” എന്നായിരിക്കും ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുക.

ദുരിതങ്ങളിലൂടെയും സഹനങ്ങളിലൂടെയും ഉള്ള ഈ യാത്ര  ശാരീരികമായും മാനസികമായും ഗാന്ധിയെ എങ്ങനെ തകർത്തു എന്നറിയണമെങ്കിൽ 1948 ജനുവരി 30 ൻ്റെ ദിനാനുഭവത്തിലൂടെ കടന്നു പോയാൽ മതി. അതേ സമയം ക്ഷീണിച്ച ശരീരത്തിലും മനസ്സിലും പോരാളിയുടെ ശക്തി എങ്ങനെ നിലനിർത്തി എന്നറിയാനും. ആ അന്ത്യദിനത്തിൽ ഏറ്റവും ചുരുങ്ങിയത് രണ്ടുവട്ടമെങ്കിലും ഗാന്ധി മരണത്തെപ്പറ്റി സംസാരിക്കുന്നുണ്ട്.  അതോടൊപ്പം മരണം ഒരു പൂർണ്ണവിരാമമല്ല എന്ന വിശ്വാസവും സഹപ്രവർത്തകനെഴുതിയ കത്തിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.  125 വയസ്സിൻ്റെ പൂർണ്ണജീവിതത്തെക്കുറിച്ച് തൻ്റേതായ നിലയിൽ കൊണ്ടുനടന്ന വിശ്വാസം ഗാന്ധി ഇക്കാലയളവിൽ ഉപേക്ഷിച്ചു എന്ന് നമുക്ക് മനസ്സിലാക്കാം.  എന്നാൽ ആ ജീവിതത്തിന് മാത്രം സ്വായത്തമായ അച്ചടക്കത്തോടെ എന്നെന്നേയ്ക്കും ജീവിച്ചിരിക്കുന്ന ഒരാളെപ്പോലെ കാര്യങ്ങളിൽ വ്യാപൃതനാകുന്നുമുണ്ട്.

പതിവുപോലെ, സൂര്യനുദിക്കുന്നതിന് വളരെ മുമ്പ്,  3. 30 ന് തൻ്റെ ദിനചര്യകൾ ഗാന്ധി അന്നും തുടങ്ങിവെച്ചു.  തൻ്റെ സംഘത്തിലെ ഒരാൾ ആ സമയത്തെ പ്രാർത്ഥനാവേളയിൽ പങ്കുകൊള്ളാൻ ഉണർന്നിരുന്നില്ല എന്ന വിവരം ഗാന്ധി മനസ്സിലാക്കി. തൻ്റെ സഹപ്രവർത്തകൻ്റെ ഒഴികഴിവ് തന്നിലെ  കുറവുപോലെയാണ് ഗാന്ധി കണ്ടിരുന്നതെന്ന് പ്യാരേലാൽ എഴുതുന്നു. പ്രാർത്ഥന കഴിഞ്ഞ് കോൺഗ്രസ്സിൻ്റെ പുന:സംഘടനയ്ക്കായി താൻ തയ്യാറാക്കിയ കുറിപ്പ് കുറ്റമറ്റതാക്കാൻ ഗാന്ധി ശ്രമിച്ചു.

1948 ജനുവരി 13 മുതൽ 18 വരെ, ഡെൽഹിയിൽ അഴിഞ്ഞാടിയ ഹിന്ദുവംശീയതയ്ക്കെതിരെ, താനാചരിച്ച നിരാഹാര സത്യഗ്രഹം, ഗാന്ധിയുടെ ആരോഗ്യത്തെ തകർത്തിരുന്നു.  രാവിലെ 4. 45 ന് ചുടുവെള്ളത്തിൽ തേനും ചെറുനാരങ്ങാ നീരും കലർത്തിയ തൻ്റെ പ്രഭാതപാനീയം അദ്ദേഹം കുടിച്ചു. ഒരു മണിക്കൂർ കഴിഞ്ഞ് 16 ഔൺസ് ഓറഞ്ചുനീരും.  അതിന് ശേഷം അദ്ദേഹം ഒന്നു മയങ്ങാൻ കിടന്നു.  അല്പനേരം കഴിഞ്ഞ് എണീറ്റ് കത്തുകൾ എഴുതാനിരുന്നു.  കഴിഞ്ഞ ദിവസം കിഷോർലാൽ മഷ്റുവാലയ്ക്ക് ഗുജറാത്തിയിൽ എഴുതിയ കത്ത് അദ്ദേഹം തിരയാനാരംഭിച്ചു.  പതിവില്ലാത്ത വിധം ആ കത്ത് എങ്ങോ തെറ്റിവച്ചതിനാൽ, കഴിഞ്ഞ ദിവസം അയയ്ക്കാൻ കഴിഞ്ഞില്ല.  അല്പസമയത്തിന് ശേഷം അത് കണ്ടുകിട്ടുകയും അയയ്ക്കാനായി നൽകുകയും ചെയ്തു.  ആ കത്തിൽ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു.

” എൻ്റെ പ്രിയപ്പെട്ട കിഷോർലാലിന്,
പ്രഭാതപ്രാർത്ഥനയ്ക്ക് ശേഷമുള്ള സമയം ഞാൻ ഈ കത്തെഴുതാൻ വിനിയോഗിക്കുകയാണ്. ശങ്കരൻജിയുടെ മകളുടെ മരണത്തെപ്പറ്റിയുള്ള വാർത്ത താങ്കൾ എന്നെ അറിയിച്ചത് നന്നായി.  ഞാൻ അദ്ദേഹത്തിന് കത്തെഴുതി. സേവാഗ്രാമിലേയ്ക്കുള്ള എൻ്റെ പോക്ക് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.  ഡെൽഹിയിൽ ഞാൻ ” പ്രവർത്തിച്ചു ” എന്ന് പറയാൻ കഴിയുമെങ്കിൽ എൻ്റെ പ്രതിജ്ഞ (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ) പാലിക്കാനായി ഇവിടെത്തന്നെ തുടരേണ്ടതില്ല. പക്ഷെ അത് തീരുമാനിക്കേണ്ടത് ഇവിടത്തെ ജനങ്ങളാണ്.  ഈ ചോദ്യത്തിന് നാളെ ചിലപ്പോൾ തീരുമാനമുണ്ടായേക്കും. . . . . . . .

താങ്കളുടെ
ബാപ്പു ”

ഈ കത്തിൽ പരാമർശിക്കുന്ന ശങ്കരൻജിക്കെഴുതിയ അനുശോചനസന്ദേശമായിരുന്നു, അടുത്ത കുറിപ്പ്. ” താങ്കളുടെ മകൾ സുലോചനയുടെ മരണവാർത്ത കിഷോർലാൽ അറിയിക്കുകയുണ്ടായി.  ഞാനെന്താണ് താങ്കൾക്കെഴുതുക?  എന്താശ്വാസമാണ് ഞാൻ താങ്കൾക്ക് തരിക? മരണം യഥാർത്ഥ സ്നേഹിതനാണ്.  യഥാർത്ഥത്തിൽ നമ്മുടെ തിരിച്ചറിവില്ലായ്മയാണ് നമ്മെ വിഷമത്തിലാഴ്ത്തുന്നത്.  സുലോചനയുടെ ആത്മാവ് ഇന്നലെയുണ്ടായിരുന്നു, ഇന്നുമുണ്ട്, നാളെ തുടരുകയും ചെയ്യും. ശരീരം,  തീർച്ചയായും മരിക്കേണ്ടതുണ്ട്.  അവളുടെ പരാജയങ്ങളും കൊണ്ട് അവൾ പോയി. പക്ഷെ, അവളുടെ നന്മ ഇവിടെ അവശേഷിപ്പിച്ചാണ് അവൾ പോയത്.  നമ്മുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിന് നമ്മെ ജാഗ്രത്താക്കാൻ ആ ഓർമ്മകൾക്ക് കഴിയട്ടെ ”

സാധാരണയായി നടത്താറുള്ള പ്രഭാത സവാരിക്ക് പോകുന്നതിൽ നിന്നും ശാരീരികമായ സുഖമില്ലായ്മ ഗാന്ധിയെ തടഞ്ഞു.  അതിനാൽ തൻ്റെ മുറിക്കുള്ളിൽ തന്നെ ഏതാനും ചാലുകൾ അദ്ദേഹം നടന്നു. തൻ്റെ ചുമ ശമിപ്പിക്കുന്നതിനായി പനഞ്ചക്കരയിൽ കരയാമ്പൂ പൊടി ചേർത്ത് സേവിക്കുന്നത് അദ്ദേഹത്തിൻ്റെ പതിവായിരുന്നു.  പക്ഷെ, കരയാമ്പൂപ്പൊടി ചേർത്തുകൊണ്ടിരിക്കേ, അത് അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും പുറത്തേയ്ക്ക് തൂവിപ്പോയി.  അത് കണ്ടപ്പോൾ മനു സഹായിക്കാനെത്തി.  താനത് ചെയ്തു തരാമെന്നും അതല്ലെങ്കിൽ രാത്രി കഴിക്കാനായി കരയാമ്പൂപ്പൊടി അവശേഷിക്കില്ലെന്നും അവൾ പറഞ്ഞു.  ” രാത്രിക്ക് മുമ്പേ എന്താണ് സംഭവിക്കുക എന്ന് ആർക്കറിയാം.  അപ്പോഴേയ്ക്കും ഞാൻ ജീവനോടെ തന്നെ ഉണ്ടാകുമോ ആവോ? രാത്രി ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നിനക്കത് എളുപ്പത്തിൽ തയ്യാറാക്കാം ” ഗാന്ധി പ്രതിവചിച്ചു.  ഇന്ത്യക്കാരുടെ അബോധത്തിൽ വീണുകിടക്കുന്ന ചിന്താപദ്ധതി വെച്ച് നോക്കുകയാണെങ്കിൽ, ഗാന്ധി വരാനിരിക്കുന്ന തൻ്റെ വിധിയെക്കുറിച്ച് പ്രവചിക്കുകയായിരുന്നു, എന്ന് വ്യാഖ്യാനിക്കാം.  എന്നാൽ ചരിത്രപരമായി നോക്കുകയാണെങ്കിൽ,  ഹിന്ദു വംശീയ വാദികളുടെ നിലയില്ലാത്ത ഹിംസാപ്രവൃത്തികൾ അദ്ദേഹത്തിലേല്പിച്ച അനിശ്ചിതത്വത്തിൻ്റേയും ദു:ഖത്തിൻ്റേയും അനുരണനമായാണ് അതിനെ കാണാൻ കഴിയുക.  സ്വാതന്ത്ര്യസമരത്തിൻ്റെ കാലത്ത്, സമരം ചെയ്യുന്ന ജനതയ്‌ക്കൊപ്പം ഹിന്ദു വംശീയ വാദികൾ ഉണ്ടായിരുന്നില്ല.  രാജ്യത്തിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു സംഭവങ്ങളിലും അവർ പങ്കുചേർന്നില്ല.  സാമ്രാജ്യത്വത്തിൻ്റെ കൂട്ടാളികൾ ആയിരുന്നു അവർ. എന്നാൽ സ്വാതന്ത്ര്യം ലഭിക്കുമെന്ന് കണ്ടപ്പോൾ തന്നെ രാജ്യത്തിൻ്റെ ഭാഗധേയം തങ്ങളുടെ കൈപ്പിടിയിലാക്കാൻ അവർ കൊടും ക്രൂരതകൾ സ്വന്തം ജനതയുടെ തന്നെ ഭാഗമായ മറ്റ് മതക്കാർക്ക് മേൽ, വിശിഷ്യാ മുസ്ലീങ്ങളുടെ മേൽ അഴിച്ചു വിട്ടിരുന്നു. പാകിസ്ഥാൻ ഉണ്ടായിട്ടും, ഇവിടെത്തന്നെ നിന്ന മുസ്ലീങ്ങൾക്ക് മേൽ അക്രമമഴിച്ചു വിട്ടാൽ അവർ പാകിസ്ഥാനിലേയ്ക്ക് ഓടിപ്പൊയ്ക്കൊള്ളും, അങ്ങനെ സ്വതന്ത്ര ഇന്ത്യയെ ഹിന്ദുസ്ഥാനാക്കി പരിണമിപ്പിക്കാം എന്ന തോന്നലായിരുന്നു ഹിന്ദു വംശീയ വാദികളെ നയിച്ചിരുന്നത്.  അതിനെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ 1948 ജനുവരി 13 മുതൽ 18 വരെ ഗാന്ധി അനുഷ്ഠിച്ച നിരാഹാര സത്യഗ്രഹത്തിന് കഴിഞ്ഞിരുന്നു.  അതും സ്വാതന്ത്ര്യസമരപ്പോരാട്ടത്തിൻ്റെ ഉജ്ജ്വല അദ്ധ്യായമായിരുന്നു.  വൈദേശിക ശക്തിക്കെതിരെയല്ലെന്ന് മാത്രം.  ഇന്ത്യയെ ഒരു മതേതര, ജനാധിപത്യ രാഷ്ട്രമാക്കുന്നതിൽ നിന്നും എന്നന്നേയ്ക്കുമായി തടഞ്ഞു നിർത്താൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെയായിരുന്നു, ആ പോരാട്ടം.  സ്വാതന്ത്ര്യസമരത്തിൻ്റെ ആ രണ്ടാംഭാഗം വൈദേശിക ശക്തികൾക്കെതിരെ പൊരുതിയ ഒന്നാംഭാഗത്തേക്കാൾ ഒട്ടും കുറവല്ല എന്ന് ഗാന്ധിക്കറിയാമായിരുന്നു.  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതിനിടയിലാണ് താനെന്നും.

ബിർളാഹൗസിൽ പ്യാരേലാൽ താമസിക്കുന്ന മുറിയിലെത്തി കോൺഗ്രസ്സിൻ്റെ പുതിയ ഭരണഘടനയായി താനെഴുതിയുണ്ടാക്കിയ കരട് ഗാന്ധി, അദ്ദേഹത്തെ ഏല്പിച്ചു. ദേശത്തിന് വേണ്ടിയുള്ള ഗാന്ധിയുടെ അവസാനത്തെ ഒസ്യത്ത് എന്ന് പിന്നീടറിയപ്പെട്ട രേഖ പ്യാരേലാലിന് നൽകിയത് അതിലെ കുറവുകൾ പരിശോധിക്കാൻ വേണ്ടിയായിരുന്നു”.  ഞാനത് തയ്യാറാക്കിയത് കനത്ത പിരിമുറുക്കത്തിൽ ഇരിക്കുമ്പോഴാണ് ”  ഗാന്ധി പറഞ്ഞു.

ഇന്ത്യയൊട്ടാകെ നടന്ന് ക്ഷീണിച്ച കാലുകളെ നെയ് പുരട്ടി അല്പനേരം ഗാന്ധി സമാശ്വസിപ്പിച്ചു. അതിനു ശേഷം കരടുരേഖ തിരുത്തിയോ എന്ന് പ്യാരേലാലിനോട് ആരാഞ്ഞു.  നവഖലിയിലെ അനുഭവങ്ങളുടേയും പരീക്ഷണങ്ങളുടേയും വെളിച്ചത്തിൽ മദ്രാസ് സംസ്ഥാനത്തിലെ  ഭീഷണമായ ഭക്ഷ്യപ്രശ്നത്തെ നേരിടാൻ പരിഹാരം നിർദ്ദേശിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കാനും ഗാന്ധി, പ്യാരേലാലിനോട് നിർദ്ദേശിച്ചു.  ” ഭക്ഷ്യമന്ത്രാലയം ആശങ്കയിലാണ് ” അദ്ദേഹം പറഞ്ഞു.  ” ജനങ്ങൾ അവരുടെ വിഭവങ്ങളെ ശ്രദ്ധാപൂർവ്വം പരിചരിക്കാൻ ശീലിക്കുകയാണെങ്കിൽ പ്രകൃതി അനുഗ്രഹിച്ച് തെങ്ങും പനയും നിലക്കടലയും ഏത്തപ്പഴവും,  കിഴങ്ങുവർഗ്ഗങ്ങളും വാരിക്കോരി തന്നിട്ടുള്ള മദ്രാസ് സംസ്ഥാനം പോലൊരു പ്രവിശ്യ ഭിക്ഷാപാത്രവുമായി ഇറങ്ങിപ്പുറപ്പെടേണ്ടതില്ല.  ”

പിന്നീട് ഗാന്ധി കുളിക്കാൻ പോയി.  കുളിച്ചു തിരിച്ചു വന്ന ഗാന്ധി ഉന്മേഷവാനായിരുന്നു. തലേരാത്രിയിലെ പിരിമുറുക്കം അദ്ദേഹത്തെ വിട്ടു പിരിഞ്ഞിരുന്നു.  തൻ്റെ സ്വാഭാവികമായ നർമ്മം ഗാന്ധിയിൽ തിരിച്ചെത്തി.  അനാരോഗ്യത്തിൻ്റെ പേരിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടികളെ അദ്ദേഹം കളിയാക്കി.  അന്ന് യാത്രപറഞ്ഞു പോയ സേവാഗ്രാമിലെ ഒരു വനിതാ അന്തേവാസിക്ക് തീവണ്ടി കിട്ടിയില്ല എന്ന് ആരോ  പറഞ്ഞു.  തീവണ്ടി സ്റ്റേഷനിലേയ്ക്കുള്ള യാത്രാസൗകര്യം സമയത്തിന്  ലഭിക്കാത്തതായിരുന്നു, കാരണം.  ” അവർക്ക് സ്റ്റേഷനിലേയ്ക്ക് നടക്കാമായിരുന്നില്ലേ? ” ഗാന്ധി ആരാഞ്ഞു.  അത് വെറുതേ പറഞ്ഞതായിരുന്നില്ല.  അടിയന്തിര ഘട്ടങ്ങളിൽ തൻ്റെ കൈയ്യിലുള്ള വിഭവങ്ങൾ ഉപയോഗിക്കണം എന്നത് അദ്ദേഹത്തിൻ്റെ ഉറച്ച വിശ്വാസമായിരുന്നു.  സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടോ നിർവ്വഹണം ദുഷ്ക്കരമായതു കൊണ്ടോ ഏർപ്പെട്ട ദൗത്യത്തിൽ നിന്ന് പിന്തിരിയുന്നത് അദ്ദേഹത്തിൻ്റെ സ്വഭാവമായിരുന്നില്ല.  ചരിത്രമായിത്തീർന്ന  ദണ്ഡിയാത്രയ്ക്ക് ഏതാണ്ട് രണ്ടുകൊല്ലം മുമ്പ് ഒരു ദക്ഷിണേന്ത്യൻ യാത്രയിൽ യാത്രാവാഹനത്തിൻ്റെ ഇന്ധനം തീർന്നതിനെ തുടർന്ന് പതിമൂന്ന് മൈൽ അകലെയുള്ള തീവണ്ടി സ്‌റ്റേഷനിലേയ്ക്ക് അദ്ദേഹം നടന്നുപോയിരുന്നു.

എല്ലാ ദിവസവും ചെയ്യുന്ന പോലെ ഗാന്ധി തൻ്റെ ശരീരഭാരം പരിശോധിച്ചു. നൂറ്റൊമ്പത് പൗണ്ട് മാംസത്തിൻ്റെ എടുപ്പിനുള്ളിലാണ് താൻ എന്ന് അദ്ദേഹം മനസ്സിലാക്കി.  അപ്പോഴേയ്ക്കും രാവിലെ 9. 30 ആയി.  അദ്ദേഹം പ്രഭാതഭക്ഷണം കഴിക്കാനിരുന്നു.   ഔൺസ് ആട്ടിൻപാൽ,  നാല് പഴുത്ത തക്കാളികൾ, നാലു മധുരനാരങ്ങകൾ,  കുറച്ച് വേവിച്ച പച്ചക്കറികൾ, ക്യാരറ്റ് ജ്യൂസിൽ ഇഞ്ചിസത്തും ചെറുനാരങ്ങസത്തും കറ്റാർവാഴസത്തും ചേർത്ത പാനീയം,  ഇതെല്ലാമടങ്ങുന്നതായിരുന്നു പ്രഭാത ഭക്ഷണം.  അത് കഴിക്കുമ്പോൾ തന്നെ പ്യാരേലാൽ തിരുത്തിവെച്ച കോൺഗ്രസ്സിൻ്റെ ഭരണഘടനയുടെ കരട് രേഖയിലൂടെ അദ്ദേഹം കണ്ണോടിച്ചു.  അതിന് ശേഷം ബംഗാളി ഭാഷ പഠിക്കാനിരുന്നു.  നവഖലിയിൽ വെച്ച് തുടങ്ങിവെച്ചതായിരുന്നു, അത്.  കലാപബാധിതരായ മനുഷ്യരോട് സംസാരിക്കാൻ ദ്വിഭാഷി ഒരു തടസ്സമായി അദ്ദേഹത്തിന് തോന്നിയിരിക്കണം.

തലേന്ന് രണ്ട് സന്ദേശങ്ങൾ ഗാന്ധി അയച്ചിരുന്നു.  ഒന്ന് ഡോ. രാജേന്ദ്രപ്രസാദിന് അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചാരാഞ്ഞായിരുന്നു.  രണ്ടാമത്തേത്,  അന്ന് മന്ത്രിയായിരുന്ന, ഹിന്ദുമഹാസഭാ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖർജിക്കായിരുന്നു.  കോൺഗ്രസ്സ് നേതാക്കളെ വധിക്കാൻ പ്രേരിപ്പിക്കുന്ന പ്രകോപനകരമായ പ്രഭാഷണങ്ങൾ  ഒരു ഹിന്ദുമഹാസഭാ നേതാവ് ഡെൽഹിയിൽ നടത്തിക്കൊണ്ടിരിക്കുന്നതിലേയ്ക്ക്  അദ്ദേഹത്തിൻ്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടായിരുന്നു, അത്.  അത്തരം വന്യ പ്രഭാഷണങ്ങളിൽ നിന്ന് ആളുകളെ പിൻതിരിപ്പിക്കാൻ ഹിന്ദുമഹാസഭയുടെ ഉത്തരവാദിത്വപ്പെട്ട നേതാവ് എന്ന ആധികാരികത ഉപയോഗിച്ചുകൂടെ എന്ന് ആ സന്ദേശത്തിൽ ശ്യാമപ്രസാദ് മുഖർജിയോട് ആരാഞ്ഞിരുന്നു.  അതിന് ഡോ. ശ്യാമപ്രസാദ് മുഖർജി നൽകിയ മറുപടി അസ്വാസ്ഥ്യം ജനിപ്പിക്കുന്ന ഒന്നായിരുന്നു.  അത്തരം പ്രഭാഷണങ്ങളുടെ അപകടകരമായ ഗുരുതരാവസ്ഥ അങ്ങേയറ്റം നിസ്സാരവത്ക്കരിച്ചു കാണുന്ന നിലയാണ്  ശ്യാമപ്രസാദ് മുഖർജി മറുപടിയിലൂടെ വെളിവാക്കിയത്.  പ്യാരേലാലിനെക്കൊണ്ട് ഗാന്ധി ആ കത്ത് ആവർത്തിച്ച് വായിപ്പിച്ചു.  അത് കേൾക്കേ അദ്ദേഹത്തിൻ്റെ ഇമകൾ കനത്തു.

ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയിൽ നിന്നും ലഭിച്ച, നവഖലിയിലെ അവസാനത്തെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്ത പ്യാരേലാൽ, ഗാന്ധിയോട് പറഞ്ഞു.  അത് നവഖലിയെക്കുറിച്ചുള്ള ഒരു ചർച്ചയിലേയ്ക്ക് നയിച്ചു.  കഴിഞ്ഞ ദിവസം പ്യാരേലാൽ ഗാന്ധിയോട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു.  കശ്മീർ പ്രശ്നത്തിൻ്റെ പേരിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്നേക്കാവുന്ന യുദ്ധസാധ്യതാ സാഹചര്യത്തിൽ നവഖലിയിൽ എന്ത് ചെയ്യണമെന്നാണ് ഗാന്ധി ഉദ്ദേശിക്കുന്നത് എന്നതായിരുന്നു അത്.  നവഖലി  വിഭജനത്തെ തുടർന്ന് മറ്റൊരു രാജ്യത്തിലാണ്.  അവിടെ ഇനി എങ്ങനെ പ്രവർത്തിക്കാനാകും ? മാനഭംഗപ്പെടുമെന്ന് ഭയന്ന് അവിടുത്തെ സ്ത്രീകൾ ഓടിപ്പോകുമോ? മറുപടിയായി ഗാന്ധി എഴുതിയ കുറിപ്പിൽ പറഞ്ഞത് ” ഞാൻ പറഞ്ഞത് നിങ്ങളുടെ തലച്ചോറും ഹൃദയവും സ്വീകരിക്കുകയാണെങ്കിൽ, സ്വയം സംരക്ഷണത്തെപ്പറ്റി ജനങ്ങളെ പഠിപ്പിക്കുന്നത് തുടരുകയും നിങ്ങൾ സ്വതന്ത്രരായി തീരുകയും ചെയ്യും.  നിങ്ങൾ അഹിംസാദൗത്യത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മരണം കടന്നുവരികയാണെങ്കിൽ നിങ്ങളതിനെ പുണരും. അവർ നിങ്ങളെ തുറുങ്കിലടയ്ക്കുകയാണെങ്കിൽ നിങ്ങൾ മരണം വരെ നിരാഹാരമനുഷ്ഠിക്കും.  ഇത്തരം കഴിവുള്ളവർ സ്ത്രീകൾക്ക് മേൽ എന്തു തന്നെ നിപതിച്ചാലും നവഖലിയിൽ തന്നെ കഴിയുകയും മരണത്തിന് മുഖാമുഖം നിൽക്കുകയും ചെയ്യും. ഒരിക്കലും ഭീരുത്വം മൂലമുള്ള പിൻമടക്കത്തിന് തയ്യാറാകില്ല ”

തൻ്റെ ബുദ്ധിമുട്ടുകൾ വീണ്ടും പ്യാരേലാൽ ഗാന്ധിക്ക് മുന്നിൽ അവതരിപ്പിച്ചു. ” കോൺസൻട്രേഷൻ ക്യാമ്പിനുള്ളിൽ നാം സുരക്ഷിതരായിരിക്കും.  എങ്ങനെയാണ് നാം സ്ത്രീകളെ അവരുടെ വിധിക്ക് വിടുക? ” ഉറച്ചതായിരുന്നു, ഗാന്ധിയുടെ മറുപടി.  അത്യാഹിതങ്ങൾ എല്ലാം തന്നെ ഒഴിവാക്കപ്പെടുന്നതല്ല.  പ്രവർത്തകരെല്ലാം തന്നെ ” പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ” എന്നതിന് തയ്യാറെടുക്കേണ്ടതുണ്ട്.  അവർ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനതയെ ” പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ” എന്നതിലേയ്ക്ക് തയ്യാറെടുപ്പിക്കണം.  അപകടങ്ങളിൽ നിന്ന് ഒരു കാരണവശാലും ഓടി രക്ഷപ്പെടാൻ പാടില്ല. “സായുധയുദ്ധങ്ങളിൽ ചിലപ്പോഴെങ്കിലും ബറ്റാലിയനുകൾ തുടച്ചു നീക്കപ്പെടാറില്ലേ? “ഗാന്ധി,  പ്യാരേലാലിനോട് ചോദിച്ചു. “ക്യാമ്പുകൾക്കുള്ളിൽ മരണം വരെ നിരാഹാരമനുഷ്ഠിക്കാനുള്ള ശക്തിയുണ്ടെങ്കിൽ പുറത്ത് സംഭവിക്കുന്നതിൻ്റെ മുകസാക്ഷികൾ മാത്രമായി അവർ മാറുകയില്ല.  ഇനി പുറത്താണെങ്കിൽ തന്നെയും അവർ ജീവിച്ചിരിക്കും എന്നതിന് യാതൊരുറപ്പുമില്ല.  ഒരു പക്ഷെ, ഇതുപ്രകാരം വളരെക്കുറച്ചു പേർ മാത്രമേ, അവസാനം അവശേഷിക്കുകയുള്ളൂ.  ദുർബലരെ, ബലമുള്ളവരാക്കാൻ മറ്റു വഴികൾ ഒന്നുമില്ല. ”

നവഖലിയിൽ പ്യാരേലാൽ അനുഷ്ഠിച്ച ക്രിയാത്മകമായ അഹിംസാ പരീക്ഷണങ്ങളിൽ ചിലതിനെ പരാമർശിച്ച്, അദ്ദേഹം പറഞ്ഞു – ” ഇത്തരം കാര്യങ്ങൾ സ്വയം അനുഷ്ഠിക്കുന്നതിനായി ഞാനെത്രയോ കാലമായി ദാഹിക്കുന്നു. മരണഭയത്തെ തടഞ്ഞുനിർത്തി  സേവിക്കുന്നവരുടെ ഹൃദയങ്ങളിലേയ്ക്കും വികാരങ്ങളിലേയ്ക്കും കടന്നുകയറാനുള്ള ശേഷിയാണ് നമുക്ക് ആവശ്യമുള്ളത്.  ഇതാണ് നിങ്ങൾ ചെയ്തത്.  സ്നേഹത്തോട്, നിങ്ങൾ ജ്ഞാനവും ഉത്സാഹവും കൂട്ടിച്ചേർത്തു. മറ്റുള്ളവരെ മറന്നേക്കൂ.  ഒരാളെങ്കിലും, നിങ്ങൾ ചെയ്ത പോലെ, അദ്ദേഹത്തിൻ്റെ ഭാഗം വൃത്തിയായും മുഴുവനായും ചെയ്താൽ അത് എല്ലാറ്റിനേയും ആവരണം ചെയ്യും.  നിങ്ങളെ ഇവിടെ വേണമെന്ന് ഞാൻ ആവശ്യപ്പെടുകയുണ്ടായി.  എന്നിൽ നിന്ന് ദൂരെയാകുമ്പോൾ നിങ്ങൾക്ക് എൻ്റെയും എനിക്ക് നിങ്ങളുടേയും  അഭാവം കഠിനമായി അനുഭവപ്പെടും.  ധാരാളം കാര്യങ്ങൾ ലോകത്തോട് പങ്കുവെയ്ക്കാൻ എനിക്ക് ആഗ്രഹമുണ്ട്.  പക്ഷെ താങ്കളെ നവഖലിയിൽ വിട്ടു പോന്നതിനാൽ എനിക്ക് അതിന് കഴിഞ്ഞില്ല.  എന്നിട്ടും ഞാൻ കരുതുന്നത് സത്യത്തിൻ്റെ തുലാസ്സ് നുണയുടേതിനേക്കാൾ ഭാരമേറിയതാണെന്നാണ്.  നിങ്ങൾ നവഖലിയിൽ ചെയ്യുന്നത് എൻ്റെ കണ്ണിൽ കൂടുതൽ മേന്മയേറിയതാണ്. ”

നവഖലിയിലെ അധികാരികൾ പ്രദേശത്തെ ചീത്ത മനുഷ്യർക്കും കുപ്രസിദ്ധ റൗഡികൾക്കുമെതിരെ നടപടികൾ ഒന്നും എടുത്തില്ലെങ്കിൽ നാം എന്താണ് ചെയ്യുക എന്ന് പ്യാരേലാൽ ഗാന്ധിയോട് ചോദിച്ചു. റൗഡികളെ ധൈര്യത്തോടും വിശ്വാസത്തോടും കൂടി നേരിടുക എന്നതാണ് നമ്മുടെ മുന്നിലെ വഴി എന്ന് ഗാന്ധി പ്രതിവചിച്ചു.  പക്ഷെ അത് ചെയ്യേണ്ടത് തരിമ്പും പകയോ വിദ്വേഷമോ കൂടാതെ വേണം.  അവരുടെ ദുഷ്ചെയ്തികൾ അവർക്കു തന്നെ മനസ്സിലാക്കിക്കൊടുക്കണം.  “അവരോട് സംസാരിക്കുമ്പോൾ തളരുകയോ പറഞ്ഞ് പറഞ്ഞ് കാടുകയറുകയോ ചെയ്യരുത്.  അനാവശ്യമായി കുറേ പറഞ്ഞത് കൊണ്ട് കാര്യമില്ല.  മനസ്സിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ലെങ്കിൽ നിങ്ങളുടെ വാക്കുകൾ അവയുടെ ലക്ഷ്യം കണ്ടെത്തും.  എ യുടെ കാര്യത്തിൽ ഞാൻ ചെയ്തത് അതാണ്.  ഇന്നയാൾ മാറിയ മനുഷ്യനാണ്.  യഥാർത്ഥ സൗഹൃദം ഉടലെടുക്കുമ്പോൾ കുറ്റവാളികൾ കുറ്റം തുറന്നു പറയും “. പിന്നീട് ഗാന്ധി, പാകിസ്ഥാൻ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതിനെപ്പറ്റി പ്യാരേലാലിനോട് പറഞ്ഞു.  ” നിങ്ങൾ നവഖലിയിലേയ്ക്ക് പോകൂ.  അവിടത്തെ പണി തീരുമ്പോൾ എന്നോടൊപ്പം പാകിസ്ഥാനിൽ പോകാൻ തിരിച്ചു വരൂ “. അങ്ങനെയാണെങ്കിൽ  അന്നു തന്നെ നവഖലിയിലേയ്ക്ക്   തിരിക്കാമെന്ന് പ്യാരേലാൽ പറഞ്ഞു.  ” വേണ്ട ” ഗാന്ധി പറഞ്ഞു.  ” ഞാൻ വാർദ്ധയിലേയ്ക്ക് പുറപ്പെട്ടതിന് ശേഷം നിങ്ങൾ നവഖലിയിലേയ്ക്ക് തിരിച്ചാൽ മതി.  അതിനർത്ഥം മിക്കവാറും ഫെബ്രുവരി 2 ന് നിങ്ങൾക്ക് നവഖലിയിലേയ്ക്ക് പോകാം എന്നാണ് “.  പ്യാരേലാലിന് അത് അസാധാരണമായി തോന്നി.  ഒരു പണി ഏല്പിച്ചാൽ അതിനെ വൈകിപ്പിക്കുക ഗാന്ധിയുടെ രീതിയല്ലായിരുന്നു.

പത്തരയ്ക്ക് ഗാന്ധി തൻ്റെ കട്ടിലിൽ വിശ്രമിക്കാൻ കിടന്നു.  മയങ്ങും മുമ്പ് തൻ്റെ ബംഗാളി വായന ഗാന്ധി നടത്തി. ഉണർന്നപ്പോൾ സുധീർ ഘോഷിനെയാണ് അദ്ദേഹം ആദ്യം കണ്ടത്.  സുധീർ ഘോഷ് ഹൈദരാബാദിൽ നിന്നും തിരിച്ചു വന്നതാണ്.  മറ്റു കാര്യങ്ങൾക്കിടയിൽ,  ലണ്ടൻ ടൈംസിൽ നിന്നും മുറിച്ചെടുത്ത ഒരു വാർത്തയും തൻ്റെ ഇംഗ്ലീഷ് സുഹൃത്ത് തനിക്കെഴുതിയ കത്തും സുധീർ ഘോഷ്, ഗാന്ധിയെ കാണിച്ചു.  നെഹ്റുവിനും പട്ടേലിനുമിടയ്ക്കുള്ള അസ്വാരസ്യം വലുതാക്കാൻ ചില മനുഷ്യർ നിരന്തരം പ്രയത്നിക്കുന്നതിൻ്റെ ഉദാഹരണമായിട്ടാണ് സുധീർ ഘോഷ് അവ കാണിച്ചത്. പട്ടേലിനെ വർഗീയ വാദിയായി ചിത്രീകരിച്ചും നെഹ്റുവിനെ പുകഴ്ത്തിയുമാണ് അവർ അത് സാധിക്കുന്നതെന്ന് സുധീർ ഘോഷ് പറഞ്ഞു.  അതിനെപ്പറ്റി താൻ നല്ല ബോധവാനാണെന്ന് ഗാന്ധി പറഞ്ഞു.  പ്രാർത്ഥനാ സമ്മേളനത്തിന് ശേഷം നടത്തുന്ന പ്രഭാഷണങ്ങളിലൊന്നിൽ ഗാന്ധി നേരത്തേ തന്നെ അക്കാര്യം പരാമർശിച്ചിരുന്നു.  കൂടുതലായി എന്തെങ്കിലും ചെയ്യുന്നതിനെപ്പറ്റി അദ്ദേഹം ആലോചിച്ചു.

ഡെൽഹിയിലെ മൗലവിമാർ ഗാന്ധിയെ സന്ദർശിക്കുന്ന സമയത്ത് പ്യാരേലാൽ മറ്റെന്തോ ആവശ്യത്തിന് പുറത്തു പോയി. സേവാഗ്രാമിലേയ്ക്കും പാകിസ്ഥാനിലേക്കും പോകാനുള്ള തൻ്റെ ഒരുക്കത്തെപ്പറ്റി ഗാന്ധി അവരോട് സംസാരിച്ചു.  വിചാരിച്ച ദിവസം സേവാഗ്രാമിൽ പോകാനായില്ലെങ്കിൽ, തൻ്റെ പദ്ധതികൾ തകിടം മറിയുമെന്ന് ഗാന്ധി അവരോട് പറഞ്ഞു. ഗാന്ധിയെ ഡെൽഹിയിൽ തന്നെ പിടിച്ചു നിർത്താൻ അവർ ഉദ്ദേശിക്കുന്നില്ലെന്ന് മൗലവിമാർ പറഞ്ഞു.  എവിടെയായാലും തങ്ങൾക്ക് വേണ്ടി ഗാന്ധി പ്രവർത്തിക്കും എന്നവർക്ക് അറിയാമായിരുന്നു.  അദ്ദേഹത്തിൻ്റെ അവസാനത്തെ സത്യഗ്രഹത്തിൻ്റെ ഫലമായി തീരുമാനിച്ച നടപടികളുടെ നിർവ്വഹണം എങ്ങനെയാണ് നീങ്ങുന്നതെന്ന് ഗാന്ധിയില്ലാത്ത ഇടവേളയിൽ പരിശോധിക്കാമെന്ന് അവർ അറിയിച്ചു.  ഫെബ്രുവരി 14 ആകുമ്പോഴേയ്ക്കും അദ്ദേഹം ഡെൽഹിയിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.  ” ഫെബ്രുവരി പതിനാലോടെ തിരിച്ചെത്തും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.  ” ഗാന്ധി പറഞ്ഞു.  ” പക്ഷെ വിധി മറ്റൊന്നു ചിന്തിച്ചാൽ, അത് വ്യത്യസ്തമാകും.  മറ്റന്നാൾ ഇവിടെ നിന്നും പോകാം എന്ന് വിചാരിക്കുന്നത് പോലും നടക്കുമോ എന്നെനിക്കറിയില്ല.  എല്ലാം ദൈവത്തിൻ്റെ കൈകളിലാണ്  ”

ഗാന്ധിയുടെ എത്തിച്ചേരലിനെപ്പറ്റി സേവാഗ്രാമിലേയ്ക്ക് കമ്പിയടിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ ” എന്തിനാണ് കമ്പിസന്ദേശമയച്ച് പണം നശിപ്പിക്കുന്നത് ? ” എന്നാണ് ഗാന്ധി തിരിച്ചുചോദിച്ചത്. “പ്രാർത്ഥനാ സമ്മേളനത്തിൽ ഞാൻ തീയ്യതി പ്രഖ്യാപിക്കാം. കമ്പി അവിടെയെത്തും മുമ്പേ പത്രങ്ങളിൽ നിന്ന് അവർക്ക് അറിവു കിട്ടും”.

ഉച്ചയ്ക്ക് ശേഷം 1. 30 ന് അദ്ദേഹം പതിവുപോലെ തൻ്റെ വയർ പശിമയുള്ള  മണ്ണു കൊണ്ട് പൊതിഞ്ഞു. സൂര്യന് ചൂടുണ്ടായിരുന്നു. തൻ്റെ മുഖത്തടിക്കുന്ന വെയിൽ തടയാൻ നവഖലിയിലെ കർഷകർ ഉപയോഗിക്കുന്ന തൊപ്പി അദ്ദേഹം എടുത്തണിഞ്ഞു.  ഫെബ്രുവരി 1 ന് അദ്ദേഹം സേവാഗ്രാമിലേയ്ക്ക് തിരിക്കുമോ എന്ന് ഒരു പത്രപ്രവർത്തകൻ ആരാഞ്ഞു. “ആരാണങ്ങനെ പറഞ്ഞത് ? ” എന്ന് ഗാന്ധി തിരിച്ചു ചോദിച്ചു.  ” പത്രങ്ങളിലുണ്ടല്ലോ ” എന്നായിരുന്നു മറുപടി. ” ശരിയാണ് ” ഗാന്ധി പറഞ്ഞു.  ” ഗാന്ധി ( ഫെബ്രുവരി ) ഒന്നാം തീയ്യതി തന്നെ പോകുമെന്ന് പത്രങ്ങൾ പറഞ്ഞിരിക്കുന്നു.  പക്ഷെ ആ ഗാന്ധി ആരെന്ന് എനിക്കറിഞ്ഞുകൂടാ. ”

“പാംസുസ്നാനം ” അവസാനിപ്പിച്ചിട്ടും അഭിമുഖങ്ങൾ തുടർന്നു.  സിലോണിൽ നിന്നും ഡോ. ഡിസിൽവയും അദ്ദേഹത്തിൻ്റെ മകളും ഗാന്ധിയെ കാണാനെത്തിയിരുന്നു.  മകൾക്ക് ഒരു ഓട്ടോഗ്രാഫ് നൽകാൻ ഡിസിൽവ, ഗാന്ധിയോട് അഭ്യർത്ഥിച്ചു. ഒരു പക്ഷെ അതായിരിക്കും ഗാന്ധി നൽകിയ അവസാനത്തെ ഓട്ടോഗ്രാഫ് എന്നാണ് പ്യാരേലാൽ പിന്നീട് അഭിപ്രായപ്പെടുന്നത്.  ഒരു ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഗാന്ധിയെ കണ്ടതായും അദ്ദേഹത്തിൻ്റെ ഫോട്ടോഗ്രാഫുകൾ അടങ്ങുന്ന ഒരു ആൽബം കൈമാറിയതായും പ്യാരേലാൽ രേഖപ്പെടുത്തിയിട്ടുണ്ട്.  ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ആയിരുന്ന ഹെൻറി കാർട്ടിയർ ബ്രെസ്സോൺ ആയിരിക്കണം ആ ഫോട്ടോഗ്രാഫർ.  ആ ദിനങ്ങളിൽ ഗാന്ധിയുടെ നിരവധി ചിത്രങ്ങൾ ബ്രെസ്സോൺ ചിത്രീകരിച്ചിരുന്നു.  (പിന്നീട് ഗാന്ധിയുടെ മരണശേഷമുള്ള വിലാപയാത്രയുടേയും ശവസംസ്കാരത്തിൻ്റേയും ചിത്രങ്ങളും).  ഫോട്ടോഗ്രാഫർ പോയ ശേഷം അഭിമുഖങ്ങൾ തുടർന്നു.  ലൈഫ് മാഗസിന് വേണ്ടി ലോകത്തിലെ മറ്റൊരു പ്രശസ്ത ഫോട്ടോഗ്രാഫർ മാർഗരറ്റ് ബുർക്കേ – വൈറ്റ് ഗാന്ധിയെ ഇൻ്റർവ്യൂ ചെയ്തു കൊണ്ടിരിക്കേയാണ് പ്യാരേലാൽ, ബിർള ഹൗസ് വിട്ടത്.

വൈകീട്ട് 4 മണിക്ക് അഭിമുഖങ്ങൾ അവസാനിച്ചു. അപ്പോഴേയ്ക്കും സർദാർ പട്ടേൽ മകളും സെക്രട്ടറിയുമായ മണിബെൻ പട്ടേലുമൊത്ത് എത്തിച്ചേർന്നു.  ചർക്കയിൽ നൂൽ നൂറ്റുകൊണ്ടാണ് ഗാന്ധി അവരോട് സംസാരിച്ചത്.  നെഹ്റുവും പട്ടേലും തമ്മിലുള്ള അകൽച്ച മൂർച്ഛിച്ചു വരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് പട്ടേലിനെ ഗാന്ധി വിളിച്ചു വരുത്തിയത്. ഇത്തരമൊരു സാഹചര്യത്തിൽ രണ്ടിലൊരാൾ മന്ത്രിസഭയിൽ നിന്ന്, പിൻമാറണമെന്നായിരുന്നു മുൻപ് ഗാന്ധിയുടെ അഭിപ്രായം.  അത് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.  എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രധാനമന്ത്രി നെഹ്റുവും ആഭ്യന്തരമന്ത്രി പട്ടേലും മന്ത്രിസഭയിൽ അനിവാര്യമാണെന്നായിരുന്നു ഗാന്ധി, പട്ടേലി’നെ അറിയിച്ചത്. അവരിൽ ആരെങ്കിലും പിന്മാറുന്നത് ദുരന്തമായിരിക്കും.  അന്ന്, തൻ്റെ പ്രാർത്ഥനാവേളയ്ക്ക് ശേഷമുള്ള പ്രഭാഷണത്തിൽ ഈ വിഷയം പരാമർശിക്കുമെന്നും ഗാന്ധി പറഞ്ഞു.  പ്രാർത്ഥനാ സമ്മേളനത്തിനും പ്രഭാഷണത്തിനും ശേഷം പണ്ഡിറ്റ് ജവഹർലാൽ നെഹ്റു തന്നെ സന്ദർശിക്കാനെത്തുമെന്നും, താൻ നെഹ്റുവിനോട് ഇതേ ആവശ്യം ഉന്നയിക്കുമെന്നും ഗാന്ധി പറയുകയുണ്ടായി. രണ്ടുപേർക്കുമിടയിലെ അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാൻ സമയമെടുക്കുമെങ്കിൽ തൻ്റെ സേവാഗ്രാം യാത്ര മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും.

ഗാന്ധി നൽകിയ അവസാനത്തെ ഉപദേശം എങ്ങനെ ഫലിച്ചുവെന്ന് പിന്നീട് പ്യാരേലാൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവർ തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് അന്ത്യമുണ്ടായില്ലെങ്കിലും രാജ്യ നന്മയെ മുൻനിർത്തിയുള്ള ഒരു പൊതുഘടകത്തിൽ അഭിപ്രായ സമന്വയം സാധ്യമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. രണ്ടരവർഷത്തിന് ശേഷം, സർദാർ പട്ടേലിൻ്റെ മരണത്തിന് മൂന്നു മാസം മുമ്പ് ഇൻഡോറിൽ വെച്ചു നടത്തിയ ഗാന്ധി അനുസ്മരണ പ്രഭാഷണത്തിൽ പട്ടേൽ ഇങ്ങനെ പറഞ്ഞു.  ” ഞങ്ങളുടെ നേതാവ് ജവഹർലാൽ നെഹ്റു ആണ്.  ഗാന്ധി അദ്ദേഹത്തിൻ്റെ പിൻഗാമിയായി തൻ്റെ ജീവിതകാലത്തു തന്നെ അവരോധിക്കുകയും അത്തരത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.  ബാപ്പുവിൻ്റെ ആഗ്രഹം അനുസരിക്കാൻ ബാപ്പുവിൻ്റെ എല്ലാ ഭടന്മാർക്കും ബാധ്യതയുണ്ട്. ഇത് ഹൃദയത്തിൽ സ്വീകരിക്കാത്ത ഓരോരുത്തരും ദൈവത്തിൻ്റെ മുന്നിൽ പാപികളായിരിക്കും. ഞാൻ കൂറില്ലാത്ത ഒരു ഭടനല്ല.  ഞാൻ വഹിക്കുന്ന സ്ഥാനത്തെ കുറിച്ച് ഞാൻ ചിന്തിക്കുന്നു പോലുമില്ല.  എനിക്കിത് മാത്രമേ അറിയൂ.  ബാപ്പു എന്നെ എടുത്തു വെച്ച സ്ഥലത്താണ് ഞാനിപ്പോഴും ”

സർദാറുമായുള്ള സംഭാഷണം വൈകീട്ട്  4. 30 വരെ തുടർന്നു.  ആഭ,  ഗാന്ധിക്ക് സായാഹ്ന ഭക്ഷണവുമായെത്തി. പ്രഭാതഭക്ഷണത്തിന് ഏറെക്കുറെ സമാനമായിരുന്നു, അത്.  പ്രാർത്ഥനാവേള സമാഗതമായിരുന്നു.  സമയനിഷ്ഠ ഗാന്ധിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണെന്ന് ആഭയ്ക്ക് അറിയാമായിരുന്നു.  എങ്കിലും പട്ടേലുമായുള്ള  ഗാന്ധിയുടെ സംഭാഷണം പ്രധാനപ്പെട്ട ഒന്നായി തോന്നിയതിനാൽ ആഭ ഇടപെട്ടില്ല.  പക്ഷെ,  സംഭാഷണം നീണ്ടു പോകുന്നു എന്ന് തോന്നിയപ്പോൾ അവൾ ഗാന്ധിയുടെ വാച്ചെടുത്ത് അദ്ദേഹത്തിന് മുന്നിൽ വെച്ചു.  അതും ഗാന്ധിയുടെ കണ്ണിൽപ്പെട്ടില്ല. ആഭയുടെ അസ്വസ്ഥത മനസ്സിലാക്കിയ മണിബെൻ പട്ടേൽ തന്ത്രപൂർവ്വം ഇടപെട്ടു.  അതോടെ ഗാന്ധി എഴുന്നേറ്റു.” ഞാനെന്നെത്തന്നെ ഉരച്ചുകളയേണ്ട സമയമായി ”

പ്രാർത്ഥനാ സമ്മേളനത്തിലേയ്ക്ക് പോകുന്നതിനെ ഇവ്വിധമാണ് ഗാന്ധി പട്ടേലിനോട് പറഞ്ഞത്. കത്തിയവാഡിൽ നിന്നും രണ്ടു പ്രവർത്തകർ കാണാനാവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഒരാൾ അറിയിച്ചു.  ” പ്രാർത്ഥനയ്ക്ക്  ശേഷം അവരോട് വരാൻ പറയൂ ” ഗാന്ധി പ്രതിവചിച്ചു.  ” അന്നേരം ജീവിച്ചിരിപ്പുണ്ടെങ്കിൽ. . . . .  അവരെ കാണാം “

ആഭയുടേയും മനുവിൻ്റേയും തോളുകളിലൂന്നി അദ്ദേഹം പ്രാർത്ഥനാ മൈതാനത്തേയ്ക്ക് തിരിച്ചു. അദ്ദേഹം താമസിക്കുന്ന ബിർളാ ഹൗസിൻ്റെ വളപ്പിനുള്ളിൽ തന്നെയുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു പ്രാർത്ഥനാ സമ്മേളനങ്ങൾ നടത്തിയിരുന്നത്. ഗാന്ധിയുടെ ഐതിഹാസികമായ 5 ദിവസത്തെ നിരാഹാരവും ബിർളാഹൗസിൽ തന്നെയായിരുന്നു.  ഏതാനും ദിവസങ്ങൾക്ക് മുമ്പ് 1948 ജനുവരി 13 മുതൽ 18 വരെയായിരുന്നു ആ നിരാഹാരം.

ഇരിപ്പിടത്തിലേയ്ക്ക് പോകുന്ന വഴി മനുവിനോടും ആഭയോടും തമാശ പറഞ്ഞ് ചിരിക്കാൻ ഗാന്ധി മുതിർന്നിരുന്നു. തൊട്ടുമുമ്പ് ആഭ നൽകിയ വേവിക്കാത്ത ക്യാരറ്റ് കൊണ്ടുള്ള ജ്യൂസിനെ പരാമർശിച്ച് ഗാന്ധി പറഞ്ഞു ” നീയെനിക്ക്  കാലിത്തീറ്റയാണ് തരുന്നത് ” ആഭ ചിരിച്ചു.  ” ബാ (കസ്തൂർബാ ഗാന്ധി ),  അതിനെ കുതിരത്തീറ്റ എന്നാണ് പറഞ്ഞിരുന്നത്  ”

“ആർക്കും വേണ്ടാത്ത സാധനങ്ങളൊക്കെ എനിക്ക് തരികയാണല്ലേ ” ഗാന്ധി തിരിച്ചു പറഞ്ഞു.  ആഭ വിഷയം മാറ്റി ” ബാപ്പു, താങ്കളുടെ വാച്ചിന് താങ്കൾ അതിനെ അവഗണിച്ചതായി തോന്നിയിരിക്കും. താങ്കൾ അതിനെ നോക്കുക പോലും ചെയ്തില്ല ”

” ഞാനെന്തിനത് ചെയ്യണം.  നിങ്ങളല്ലേ എൻ്റെ സമയപാലകർ ? ” ഗാന്ധി പറഞ്ഞു.

“പക്ഷെ, താങ്കൾ സമയപാലകരേയും ഗൗനിച്ചില്ല ” ആഭ പ്രതിവചിച്ചു.  പ്രാർത്ഥന നടക്കുന്ന സ്ഥലത്തേയ്ക്കുള്ള പടവുകൾ കയറുന്നതിനിടയിൽ ” ഞാൻ പത്തു മിനിറ്റ് വൈകിയാണ് എത്തുന്നത്. വൈകുക എന്നത് ഞാൻ വെറുക്കുന്ന ഒന്നാണ്. അഞ്ചുമണി മുട്ടുമ്പോൾ തന്നെ പ്രാർത്ഥനയിൽ ആയിരിക്കാനാണ് എന്റെ ആഗ്രഹം ”  ഗാന്ധി പറഞ്ഞു.

അതായിരുന്നു ഗാന്ധി നടത്തിയ അവസാന സംഭാഷണം. പ്രാർത്ഥനാ മൈതാനത്തിൽ കൂടിയിരുന്ന ജനങ്ങൾ ഗാന്ധിയെ കണ്ടതോടെ നിശ്ശബ്ദമായി.  ഗാന്ധി സാധാരണ ഇരിക്കാറുള്ള ഇരിപ്പിടത്തിലേയ്ക്കുള്ള മാർഗ്ഗം ജനക്കൂട്ടം സ്വയം വകഞ്ഞ് ഉണ്ടാക്കി.  ഗാന്ധി പെൺകുട്ടികളുടെ തോളിൽ നിന്നും കൈയെടുത്ത് ജനക്കൂട്ടത്തിന് നേരെ കൂപ്പി.  അപ്പോൾ രണ്ടായിപ്പിളർന്ന ജനക്കൂട്ടത്തിൻ്റെ വലതുവശത്തു നിന്നും ഒരാൾ തിക്കിത്തിരക്കി  ഗാന്ധിയുടെ വഴിയിലേയ്ക്ക് കയറി നിന്നു.  മനു എന്തോ പറയാനാഞ്ഞു.  അത് പറയും മുമ്പേ, തന്നെ ഇടതു കൈ കൊണ്ട് മനുവിനെ വകഞ്ഞു മാറ്റി. അത്രയും അടുത്ത് നിന്ന് അയാൾ ഗാന്ധിയുടെ ശരീരത്തിലേയ്ക്ക്, വലതുകൈയിലെ തോക്കുപയോഗിച്ച് മൂന്നുപ്രാവശ്യം വെടിയുതിർത്തു.

അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സേ എന്നായിരുന്നു.  വി ഡി  സവർക്കറുടെ അനുയായി ആയിരുന്നു അയാൾ. ആർ എസ് എസ്, ഹിന്ദുമഹാസഭ, ഹിന്ദു രാഷ്ട്രദൾ എന്നിങ്ങനെയുള്ള ഹിന്ദു വംശീയ സംഘടനകളിൽ പല കാലങ്ങളിലായി പ്രവർത്തിച്ചിരുന്ന, ഹിന്ദുരാഷ്ട്രവാദിയായിരുന്നു ഗോഡ്സേ.

“രാമ, രാമ ” എന്നുച്ചരിച്ച് ഗാന്ധി കുഴഞ്ഞുവീണു.
— —- —— —— ——
തുടരും…
——————————
“ഹിന്ദുത്വ ഭീകരതയുടെ കഥ” എന്ന പരമ്പരയിൽ ഇതുവരെ  പ്രസിദ്ധീകരിച്ചവ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments