ബുക്ക്റാക്ക് – 2: ടി. ടി. ശ്രീകുമാര്‍
————————————-
ജൂതപ്രശ്നത്തെക്കുറിച്ച്
കാള്‍ മാര്‍ക്സ്
വിവര്‍ത്തനം: കെ. നാരായണന്‍ പോറ്റി
സംശോധനം: അജിത് നരിക്കുനി
മറുവാക്ക് പബ്ലിക്കേഷന്‍സ്

1843-ല്‍ രചിച്ച മാര്‍ക്സിന്‍റെ ‘ജൂത പ്രശ്നത്തെക്കുറിച്ച്’ (On the Jewish Question), ബ്രൂണോ ബൗറിന്റെ ജൂതവിമോചനത്തെക്കുറിച്ചുള്ള ഉപന്യാസങ്ങളോടുള്ള പ്രതികരണമായി രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയരചനകളിലൊന്നാണ്. ആധുനിക ജനാധിപത്യരാഷ്ട്രങ്ങൾ പൗരർ സവിശേഷ സ്വത്വങ്ങളിൽനിന്ന്മു ക്തരാകണമെന്ന് ആവശ്യപ്പെടുന്നതിനാൽ, ജൂതന്മാർക്ക് അവരുടെ മതം ഉപേക്ഷിച്ചുകൊണ്ട് മാത്രമേ രാഷ്ട്രീയവിമോചനം നേടാൻ കഴിയൂ എന്ന് ബൗർ വാദിച്ചിരുന്നു. പ്രഷ്യയിലെ ജൂതന്മാർക്ക് പൗരാവകാശങ്ങൾ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിലാണ് മാര്‍ക്സ് ഈ ലേഖനം എഴുതിയത്. മതപരമായ കെട്ടുപാടുകള്‍ രാഷ്ട്രീയ സ്വാതന്ത്ര്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് മാര്‍ക്സിന്‍റെ അന്നത്തെ സഹ – യുവഹെഗലിയൻ ബൗവർ വാദിച്ചു – യഥാർത്ഥ പൗരത്വത്തിനായി ജൂതന്മാരും ക്രിസ്ത്യാനികളും മതം ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലിബറൽ രാഷ്ട്രീയ വിമോചനത്തെയും ബൂർഷ്വാ ജനാധിപത്യത്തിന്റെ പരിമിതികളെയും കുറിച്ച് ആഴത്തിലുള്ള വിമർശനം ആരംഭിക്കുന്നതിന് മാർക്സ് ഇതിനെ ഒരു തുടക്കമായി എടുത്തു. രാഷ്ട്രീയമായ അർത്ഥത്തിൽ വിമോചനം – സഭയെയും ഭരണകൂടത്തെയും വേർതിരിക്കൽ, നിയമത്തിന് മുമ്പിലുള്ള സമത്വം മുതലായവ – സാധ്യമാണെന്ന് മാർക്സ് സമ്മതിച്ചു. പക്ഷേ ഈ തരത്തിലുള്ള വിമോചനം ഭാഗികമാണെന്നായിരുന്നു മാര്‍ക്സിന്‍റെ പ്രധാനവിമര്‍ശനം. രാഷ്ട്രീയവിമോചനം, നിയമത്തിനുമുന്നിൽ പൗരരായി മാത്രമേ ആളുകളെ സ്വതന്ത്രരാക്കുന്നുള്ളൂ, യഥാർത്ഥ മനുഷ്യരായിട്ടല്ല എന്ന് മാർക്സ് പറയുന്നു. ഒരു മുതലാളിത്ത സമൂഹത്തിൽ, ആളുകൾക്ക് കടലാസിൽ മാത്രമേ തുല്യാവകാശങ്ങൾ ഉണ്ടാവുകയുള്ളൂ. പക്ഷേ ദൈനംദിന ജീവിതത്തിൽ അവർ എപ്പോഴും അന്യവല്‍ക്കരിക്കപ്പെട്ടവരും സ്വാർത്ഥതാൽപ്പര്യത്താൽ നയിക്കപ്പെടുന്നവരുമാണ് – ഓരോ വ്യക്തിയും അതിജീവനത്തിനും സമ്പത്തിനും വിജയത്തിനുംവേണ്ടി മത്സരിക്കുന്നു. ഒരു യഥാർത്ഥ മനുഷ്യസമൂഹത്തിന്റെ ഭാഗമാകുന്നതിനുപകരം, വ്യക്തികൾ അവരുടെ സ്വകാര്യനേട്ടങ്ങളിൽമാത്രം ശ്രദ്ധാലുക്കളായ ഒറ്റപ്പെട്ട, സ്വാർത്ഥരായ ജീവികളെപ്പോലെ പ്രവർത്തിക്കുന്നു. മാർക്സിനെ സംബന്ധിച്ചിടത്തോളം, യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ ഈ സ്വാർത്ഥവും വിഭജിക്കപ്പെട്ടതുമായ അസ്തിത്വത്തെ മറികടക്കുകയും ഉടമകളായോ തൊഴിലാളികളായോ പൗരരായോ മാത്രമല്ല, പൂർണ്ണമായും മനുഷ്യരായി ആളുകൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. യഥാർത്ഥ മനുഷ്യവിമോചനത്തിന് രാഷ്ട്രീയാവകാശങ്ങൾ മാത്രമല്ല, അന്യവൽക്കരണത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യങ്ങളായ സ്വകാര്യസ്വത്ത്, മത്സരം, വർഗവിഭജനം എന്നിവയും ഇല്ലാതാക്കേണ്ടതുണ്ട്. മുതലാളിത്തത്തിന് കീഴിലുള്ള മനുഷ്യവിമോചനത്തിന്റെ ചോദ്യമായി അദ്ദേഹം “ജൂത പ്രശ്നത്തെ” പുനർവ്യാഖ്യാനിക്കുന്നു; “യഹൂദമതത്തെ” ബൂർഷ്വാസമൂഹത്തിലെ പണത്തിന്റെയും കൈമാറ്റത്തിന്റെയും ആത്മാവായി ആലങ്കാരികമായി തിരിച്ചറിയുന്നു. വിമോചനം എന്നാല്‍ രാഷ്ട്രീയവിമോചനം മാത്രമല്ല എന്ന മാർക്‌സിന്റെ ആശയം ഇസ്രായേൽ-പാലസ്തീൻ/ഗാസ സംഘർഷത്തിലേക്കും വെളിച്ചംവീശുന്നതാണ്. അവിടെ പോരാട്ടം കേവലമായ അംഗീകാരത്തിനോ അവകാശങ്ങൾക്കോ വേണ്ടി മാത്രമല്ല, വിഭവങ്ങൾ, ചലനം, സാമ്പത്തിക ജീവിതം, അന്തസ്സ്, ദൈനംദിന സ്വയംഭരണം എന്നിവയ്ക്ക് മേലുള്ള നിയന്ത്രണത്തിനു കൂടി വേണ്ടിയാണ്. ഉടമ്പടികൾക്കും ഔപചാരിക സ്ഥാപനങ്ങൾക്കും അപ്പുറം ഘടനാപരമായ അധികാരം, അസമത്വങ്ങൾ, ജനങ്ങളുടെ ജീവിത യാഥാർത്ഥ്യം എന്നിവയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്ന രാഷ്ട്രീയ—സൈദ്ധാന്തിക വിചിന്തനമാണ് മാര്‍ക്സിന്‍റെ ഈ ആദ്യകാല രചന. എന്നാല്‍ മാര്‍ക്സിന്‍റെ ആദ്യകാല രചന എന്നനിലയില്‍ ഇതിനു പല പരിമിതികളുമുണ്ട്. അവ മറ്റൊരവസരത്തില്‍ ചര്‍ച്ചചെയ്യാം. ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുള്ളത് കെ. നാരായണന്‍ പോറ്റിയാണ്. പ്രിയ സുഹൃത്ത് അജിത് നരിക്കുനി ഇതിന്റെ സംശോധനം നിര്‍വഹിച്ചിരിക്കുന്നു. കെ. ഇ. എന്‍, ഡോ. പി. കെ. പോക്കര്‍, എം. സുധാകരന്‍, കെ. നാരായണന്‍ പോറ്റി, കെ. അഷറഫ് എന്നിവരുടെ പഠനക്കുറിപ്പുകളും ഇതില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരു കുറിപ്പ് എഴുതണം എന്ന് പ്രസാധകര്‍ എന്നോടും ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷെ ആ സമയത്തെ തിരക്കുകള്‍മൂലം കഴിഞ്ഞില്ല. പുസ്തകം അയച്ചതിന് നന്ദി.

അറിവിന്‍റെ ആപല്‍ക്കരമായ തൂവല്‍ സ്പര്‍ശം
അശോകകുമാര്‍ വി.
പ്രസക്തി ബുക്ക് ഹൌസ്
നവലിബറല്‍ സാമൂഹികാനുഭവത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രിയ സുഹൃത്ത് അശോകകുമാര്‍. വി ട്രൂ കോപ്പി വെബ്സീനില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ‘അറിവിന്‍റെ ആപല്‍ക്കരമായ തൂവല്‍ സ്പര്‍ശം’. “നവലിബറലിസം: സാംസ്കാരിക പഠനങ്ങള്‍” എന്നാണ് അദ്ദേഹം ഇതിന് ഉപശീര്‍ഷകം നല്‍കിയിരിക്കുന്നത്. നിരവധി ഉള്‍ക്കാഴ്ചകളും വിമര്‍ശനങ്ങളും സാരവത്തായ രാഷ്ട്രീയ സാംസ്കാരിക നിരീക്ഷണങ്ങളും ഈ കൃതിയില്‍ കാണുവാന്‍ കഴിയും. തൃശൂരില്‍ സാഹിത്യ അക്കാദമിയില്‍ വച്ചുനടന്ന ഇതിന്റെ പ്രകാശനത്തില്‍ ഞാന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു സംസാരിച്ചിരുന്നു. പി. എന്‍. ഗോപീകൃഷ്ണന്‍ അവതാരിക എഴുതിയിട്ടുള്ള ഈ പുസ്തകത്തില്‍ നവലിബറലിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യുന്ന 22 വ്യത്യസ്തമായ കുറിപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. ഈ കുറിപ്പുകള്‍ തയ്യാറാക്കുന്നതിന് വേണ്ടി അശോകകുമാര്‍ നടത്തിയ പഠനങ്ങള്‍ ഇതില്‍ പരാമര്‍ശിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയും ചെയ്തിരിക്കുന്ന പരികല്പനകളുടെയും ആശയങ്ങളുടെയും വിപുലതയില്‍ നിന്നുതന്നെ വ്യക്തമാണ്. പക്ഷെ അദ്ദേഹം ചെയ്യുന്നത് അവയെ അപ്പാടെ സ്വീകരിക്കുകയല്ല. തന്‍റെ സ്വന്തമായ ചട്ടക്കൂടില്‍ക്കൂടി അവയെ വിമര്‍ശനത്മമായി വിശകലനം ചെയ്യുകയാണ്. നമ്മുടെ പൊറുതിമുട്ടുന്ന സാംസ്കാരിക ജീവിതാവസ്ഥ എങ്ങനെ നവലിബറല്‍ പ്രത്യയശാസ്ത്ര സമ്മര്‍ദ്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാതലായ ചോദ്യമാണ് അശോകകുമാര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. അതില്‍ അദ്ദേഹം കാര്യമായ വിജയം നേടുകയും ചെയ്തിരിക്കുന്നു. വിശദാംശങ്ങളിലോ സവിശേഷമായ ചില നിഗമനങ്ങളുടെ കാര്യത്തിലോ അദ്ദേഹത്തോട് വിയോജിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷെ അതിലുപരി, ഈ വിഷയത്തെ സാംസ്കാരികാധികാരത്തിന്റെയും അധീശത്വത്തിന്‍റെയും സമകാലിക സമസ്യയായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം തീര്‍ച്ചയായും ശ്ലാഘനീയമാണ്. ഈ കുറിപ്പുകള്‍ പരമ്പരയായി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോള്‍ അത് വായിച്ച് കവി പി. പി. രാമചന്ദ്രന്‍ ഈ കുറിപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് പുസ്തകത്തിന്റെ പുറംചട്ടയില്‍ ചേര്‍ത്തിട്ടുള്ളത്. വിശദമായ ഉപരിചര്‍ച്ചകള്‍ക്ക് സമാര്‍ഹമായ കൃതിയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ പ്രകാശനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞതിലുള്ള സന്തോഷവും പങ്കുവക്കുന്നു.
സാമൂഹശാസ്ത്ര ചിന്തകര്‍
എഡിറ്റര്‍: കെ. എസ്. ഹക്കിം
കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “സമൂഹശാസ്ത്ര ചിന്തകർ” എന്ന പുസ്തകം സാമൂഹ്യശാസ്ത്ര-ദാർശനിക ചിന്തയുടെ വ്യാപ്തിയും വൈവിധ്യവും ഉൾക്കൊള്ളുന്ന ശ്രദ്ധേയമായ സംരംഭമാണ്. ലൂയി ആൽത്തുസർ, മിഷേൽ ഫൂക്കോ, കാള്‍ മാർക്‌സ്, ആന്റോണിയോ ഗ്രാംഷി, ജാക്ക് ദെറിദ, ജൂഡിത്ത് ബട്ട്ലർ, സിമോൺ ദെ ബോവാ, അന്നാ ഹരാവേ, ഡി.ഡി. കോസാമ്പി, ഡോ. ബി. ആര്‍. അംബേദ്കർ, ഫാത്തിമ മെർനിസി, രണജിത് ഗുഹ തുടങ്ങി അറുപത്തിയെട്ട് ചിന്തകരുടെ സിദ്ധാന്തപരവും രാഷ്ട്രീയപരവുമായ സംഭാവനകളെ സംക്ഷിപ്തവും വിശകലനാത്മകവുമായി ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. ഇന്ന് “എൻസൈക്ലോപീഡിയകളുടെ കാലം കഴിഞ്ഞുവെന്ന” വാദം നിലനിൽക്കുന്ന സമയത്താണ് ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം തെളിയുന്നത്. കാരണം, ഇത്തരത്തിലുള്ള സമാഹാരങ്ങൾ വെറും വിജ്ഞാനസമാഹാരങ്ങളല്ല, മറിച്ച് അക്കാദമിക് തെരഞ്ഞെടുപ്പുകളെയും രാഷ്ട്രീയാഭിരുചികളെയും പ്രതിഫലിപ്പിക്കുന്ന ദിശാനിർദ്ദേശങ്ങളാണ്. ആരെ ഉൾപ്പെടുത്തുന്നു, ആരെ ഒഴിവാക്കുന്നു എന്ന ചിന്തതന്നെ വായനക്കാരനെ വിമർശനാത്മകമായ വിചിന്തനത്തിലേക്ക് വഴിതിരിച്ചുവിടുന്നു. അതിനാൽത്തന്നെ ഈ പുസ്തകം ഒരു ‘വിവരഗ്രന്ഥ’മല്ല, മറിച്ച് വിവേചനശേഷി ഉണർത്തുന്ന ബൗദ്ധികകൃതിയാണ്. എന്‍റെ പ്രിയ സുഹൃത്തും ഇതിന്‍റെ എഡിറ്ററുമായ ഡോ. ഹക്കിമിന്റെ നിര്‍ദ്ദേശപ്രകാരം ഇതില്‍ മാര്‍ക്സിനെക്കുറിച്ചും ഗ്രാംഷിയെക്കുറിച്ചുമുള്ള കുറിപ്പുകള്‍ ഞാനാണ് തയ്യാറാക്കിയത്. ഈ സംരംഭത്തില്‍ എന്നെയുംകൂടി പങ്കാളിയാക്കിയതിന് നന്ദി. സാമൂഹ്യ-രാഷ്ട്രീയചർച്ചകളിൽ ഈ ചിന്തകരുടെ പ്രസക്തിയെ തെളിയിക്കുന്നതരത്തില്‍ സംവിധാനം ചെയ്തിട്ടുള്ള ഈ പുസ്തകം, ഇതിലെ നിഗമനങ്ങള്‍കൊണ്ടും വിപുലമായ റഫറന്‍സ്കൊണ്ടും അക്കാദമിക് ലോകത്തിനും പൊതുവില്‍ ബൗദ്ധികവായനക്ക് താല്‍പ്പര്യമുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ മൂല്യവത്തായ സംഭാവനയാണ്.
മാധവിക്കുട്ടി: കടലിന്‍റെ നിറങ്ങള്‍
ഡോ. ആശ കെ
മതുഭൂമി ബുക്സ്
ഒരുപക്ഷെ, എം.ടിയേക്കാള്‍ കൂടുതല്‍ മലയാളികള്‍ സംസാരിക്കുന്ന ഒരു സര്‍ഗ്ഗാത്മക രചയിതാവ് മാധവിക്കുട്ടി (കമലാസുരയ്യ) മാത്രമായിരിക്കും. ഈ ജീവചരിത്രപ്പുസ്തകം കമലാസുരയ്യയുടെ സാസ്കാരിക ജീവിതത്തിനുള്ള വിലപ്പെട്ട ഒരു സമര്‍പ്പണമാണ്. ന്യായവിധികള്‍ക്ക് മുതിരാതെ, എഴുത്തുജീവിതത്തെ സമചിത്തതയോടെ സമീപിക്കുവാനാണ് ഗ്രന്ഥകാരി ശ്രമിച്ചിട്ടുള്ളത്. അനുദിനം വിവാദങ്ങളില്‍പ്പെട്ടിരുന്ന മാധവിക്കുട്ടിയെ അവരുടെ കൂടി കാഴ്ചപ്പാടില്‍ അവതരിപ്പിക്കുവാന്‍ കഴിയുമോ എന്ന സഹഭാവമാര്‍ന്ന ഒരു സമീപനം ഇതില്‍ കാണുവാന്‍ കഴിയും. ജീവിതവും രചനകളും വേറിട്ടുകാണാതെ അവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള വിശകലനമാണ് ഡോ. ആശ നടത്തുന്നത്. ആരോഗ്യകരമായ ഒരു ജീവചരിത്ര രചനാസരണിയാണ് സ്വീകരിച്ചിട്ടുള്ളത്. മതംമാറ്റമുണ്ടായ കാലത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചും എഴുതുമ്പോള്‍ മാധവിക്കുട്ടിയുടെയും വീട്ടുകാരുടെയും അഭിപ്രായങ്ങള്‍ ആശ വ്യക്തമാക്കിത്തരുന്നു. അപവാദവചനങ്ങളുടെ പിന്നാലെ ഒരു സന്ദര്‍ഭത്തില്‍പോലും പോകാതെ കഴിയുന്നത്ര വസ്തുനിഷ്ഠമായി ആ ജീവിതാനുഭവങ്ങളെ പകര്‍ത്താന്‍ ശ്രമിക്കുന്നു എന്നത് രചനാപരമായ വിജയമാണ്. മതംമാറ്റം, അതിന് അടിസ്ഥാനമായ ആത്മീയനിലപാടുകളില്‍ നിന്നുകൊണ്ട് വിശദീകരിക്കുന്നു. അതിനുശേഷം കമലയുടെ രചനകളില്‍ കടന്നുവന്ന ആത്മീയവിചാരങ്ങളും അല്ലാഹുവിനോടുള്ള ഭക്തിയും പ്രണയവും പരാമര്‍ശിക്കുന്നു. ധീരമായ ഈ സമീപനത്തിന് ഡോ. ആശ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. പുസ്തകം എത്തിച്ചതിനു നന്ദിയും.
കേരള ഇസ്ലാമോഫോബിയ റിപ്പോര്‍ട്ട് 2024
ബാബുരാജ് ഭഗവതി, കെ. അഷ്‌റഫ്
പ്രതീക്ഷ ബുക്സ്.
പത്രപ്രവര്‍ത്തകരും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും എല്ലാമടങ്ങുന്ന ഒരു സംഘം അന്വേഷകരുടെ സഹായത്തോടെ കേരളത്തില്‍ പടരുന്ന ഇസ്ലാംഭീതിയുടെ ആഴങ്ങള്‍, വൃത്താന്തങ്ങളും മറ്റു രേഖകളും സംഭവങ്ങളും വിശകലനം ചെയ്തു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയരേഖയാണ് ഈ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഈ വിഷയത്തെക്കുറിച്ച് എനിക്ക് സംസാരിക്കേണ്ടി വന്നിരുന്നു. കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽവച്ച് സുധീഷ് എം. രഘുവും സലിം ദേളിയും ചേർന്ന് എഡിറ്റ് ചെയ്തു ബുക് പ്ലസ് പ്രസിദ്ധീകരിച്ച ‘ഇസ്‌ലാമോഫോബിയ’ എന്ന ലേഖനസമാഹാരം ഡോ. മോഹൻ ഗോപാൽ പ്രകാശനം ചെയ്തു. അദ്ദേഹത്തിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നിർവഹിച്ചപ്പോഴായിരുന്നു അത്. വളരെ സമഗ്രവും വസ്തുതാപരവും വിശകലനത്മകവുമായ പുസ്തകമാണ് ബുക് പ്ലസ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനു ശക്തമായ ഒരു അനുബന്ധം എന്നു പറയാവുന്ന കൃതിയാണ് ബാബുരാജ് ഭഗവതിയും കെ. അഷ്‌റഫും ചേര്‍ന്ന് എഴുതിയിട്ടുള്ളത്. ഇസ്ലാമോഫോബിയ എന്നത് ഇസ്ലാമിനോടോ മുസ്ലീങ്ങളോടോ ഉള്ള ഭയം, വെറുപ്പ് അല്ലെങ്കിൽ മുൻവിധി, അവയുടെ അടിസ്ഥാനത്തിലുള്ള അകറ്റിനിര്‍ത്തല്‍, വിവേചനം, പാര്‍ശ്വവല്‍ക്കരണം എന്നിവയെ സൂചിപ്പിക്കുന്നു. ഇത് പലപ്പോഴും സ്റ്റീരിയോടൈപ്പുകൾ, പ്രത്യക്ഷവും പരോക്ഷവുമായ അക്രമവും ഹിംസയുമായി മാറുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ – പ്രത്യേകിച്ച് 9/11 ന് ശേഷം – ആഗോള മാധ്യമങ്ങളും രാഷ്ട്രീയ വ്യവാഹരങ്ങളും ഇസ്ലാംതീവ്രവാദവുമായോ ഭീകരതയുമായോ സത്താപരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിത്രീകരിക്കാൻ തുടങ്ങിയപ്പോൾ ഈ പരികല്‍പ്പന സാംസ്കാരിക രാഷ്ട്രീയ ചര്‍ച്ചകളില്‍ ഒരു അനിവാര്യതയായി ഉയര്‍ന്നുവന്നതാണ്. അതിന്റെ കാതലിൽ, ഇസ്ലാമോഫോബിയ സാംസ്കാരികമായും ഘടനാപരമായും പ്രവർത്തിക്കുന്ന ഒന്നാണ് – സാംസ്കാരികമായി, മുസ്ലീം ആചാരങ്ങളോ മൂല്യങ്ങളോ പിന്നോക്കവും, യുക്തിരഹിതവും, “ആധുനിക” നാഗരികതയുമായി പൊരുത്തപ്പെടുന്നതുമല്ല എന്ന ആരോപണമായി ഇത് പ്രകടമാക്കപ്പെടുന്നു. പൊതുവില്‍ മതങ്ങള്‍ക്ക് ചേരുന്ന വിമര്‍ശനങ്ങള്‍ പലതും ഇസ്ലാമിന്‍റെ മാത്രം പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നു. കടുത്ത മേല്‍നിരീക്ഷണം, കുടിയേറ്റ നിരോധനങ്ങൾ, പൗരത്വാവകാശനിഷേധം, തൊഴിൽ – ഭവന സ്വാതന്ത്ര്യ വിവേചനം, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, വിചാരണകള്‍, എന്നിവയിലൂടെയും ഇത് പ്രത്യക്ഷപ്പെടുന്നു. ‘കവറിംഗ് ഇസ്ലാം’ എന്ന പുസ്തകത്തിൽ എഡ്വേർഡ് സെയ്ദിനെപ്പോലുള്ള പണ്ഡിതന്മാർ കൊളോണിയൽ കാലഘട്ടത്തിലെ ഓറിയന്റലിസവുമായി – (മുസ്ലീംലോകത്തിന്റെ പാശ്ചാത്യ നിർമ്മിതി) ഇസ്ലാമോഫോബിയയെ ബന്ധിപ്പിക്കുന്നുണ്ട്. ഇതൊരു പുതിയ പ്രതിഭാസമല്ല. ശീതയുദ്ധാനന്തരം 9/11-ന് ശേഷമുള്ള കാലഘട്ടത്തില്‍, ഇസ്ലാമോഫോബിയ ഒരു പ്രധാന പ്രത്യയശാസ്ത്ര – രാഷ്ട്രീയ ഉപകരണമായി സാമ്രാജ്യത്വം ഉപയോഗിക്കുന്നു. അത് സൈനിക ഇടപെടലുകളെ ന്യായീകരിക്കുന്നു, സുരക്ഷാ പ്രശ്നങ്ങളുടെ പേരിലുള്ള മനുഷ്യാവകാശ ലംഘനങ്ങളെ നീതിമത്കരിക്കുന്നു, മുസ്ലീങ്ങളെ “അന്യരായി ചിത്രീകരിച്ചുകൊണ്ട് ആഭ്യന്തര സാമൂഹിക പ്രതിസന്ധികളിൽ നിന്ന് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ജനശ്രദ്ധ തിരിക്കുന്നു. എന്നാല്‍ സമകാലിക ഇസ്ലാമോഫോബിയ പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; അത് ആഗോളതലത്തിൽ പ്രവർത്തിക്കുന്നു – ഇന്ത്യയിൽ ഹിന്ദുത്വ സാംസ്കാരികരാഷ്ട്രീയം, യൂറോപ്പിൽ കുടിയേറ്റ വിരുദ്ധ നയങ്ങൾ, മ്യാൻമറിലോ ചൈനയിലോ നടക്കുന്ന വംശീയ പീഡനം എന്നിവയില്‍ ഇസ്ലാമോഫോബിയ പ്രകടമാണ്. ഈ റിപ്പോര്‍ട്ട് നമ്മെ ഞെട്ടിക്കുന്നത് കേരളം പോലെ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന ഒരു പ്രദേശത്ത് നിലനില്‍ക്കുന്ന ഇസ്ലാംഭീതിയുടെ വ്യവഹാരങ്ങളെ അഴിച്ചുകാണിക്കുന്നതിനാലാണ്. സാരാംശത്തിൽ, ഇസ്ലാമോഫോബിയ വംശീയതയുടെ ഒരു ആധുനിക രൂപമാണ്, സാംസ്കാരിക വിമർശനമോ സുരക്ഷാ ആശങ്കയോ സാംസ്കാരികാധിനിവേശ ഭീതിയോ ഒക്കെയായി അത് സ്വയം മറച്ചുവെക്കുന്നു. അങ്ങനെ കേരളം മറച്ചുവക്കുന്ന അയുക്തിക ഭീതികളിലൂടെ ഈ റിപ്പോര്‍ട്ട് വായനക്കാരെ കൂട്ടിക്കൊണ്ട് പോകുന്നു.
യാത്രികന്റെ കണ്‍വഴികള്‍: സെബാസ്റ്റ്യന്‍ കവിതാപഠനം
ഡോ. ലക്ഷ്മി. വി. എസ്
പുസ്തകപ്രസാധകസംഘം
എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ് കവി സെബാസ്റ്റ്യനും അദ്ധ്യാപികയായ ഡോ. ലക്ഷ്മിയും. ഇതിന്‍റെ പ്രസാധകനായ ജോസിയും സുഹൃത്താണ്. ലക്ഷ്മി, സെബാസ്റ്റ്യന്റെ കവിതകളെക്കുറിച്ച് എഴുതിയപ്പോള്‍ അതിലേക്ക് ചേര്‍ക്കാന്‍ ഒരു കുറിപ്പ് ചോദിച്ചിരുന്നു. പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള ഹ്രസ്വമായ ആ കുറിപ്പുതന്നെ ഇവിടെ ആവര്‍ത്തിക്കുകയാണ്: ശാന്തമായ സമുദ്രത്തെപ്പോലെ, അടിയൊഴുക്കുകളുടെ ശക്തിയില്‍ ആത്മജ്ഞാനം അനുഭവിപ്പിക്കുന്ന കവിതകളാണ് സെബാസ്റ്റ്യന്‍ എഴുതുന്നത്. ഓര്‍മ്മകളേയും ഭൂതാതുരതയേയും തൊട്ടുനില്‍ക്കുന്ന കാല്‍പനിക സന്ദേഹങ്ങള്‍ മുതല്‍ മിത്തുകളുടെയും അന്യാപദേശങ്ങളുടെയും ട്രോപ്പുകള്‍ നിറഞ്ഞുനില്‍ക്കുന്ന നരവംശചരിത്രംവരെ അനായാസമായി വഴങ്ങുന്ന വാങ്ങ്മയങ്ങളാണ് സെബാസ്റ്റ്യന്‍ അദ്ദേഹത്തിന്‍റെ കവിതകളിലൂടെ എപ്പോഴും ആവിഷകരിക്കുന്നത്. ഡോ. വി. എസ്. ലക്ഷ്മി, ഒരു നിരൂപക എന്നനിലയില്‍ അവധാനതയോടെ സെബാസ്റ്റ്യന്റെ കവിതകള്‍ ആഴത്തില്‍ പഠിക്കാനും അവയുടെ ആന്തരികാര്‍ത്ഥങ്ങള്‍ വിശദീകരിക്കാനും ശ്രമിക്കുന്ന പുസ്തകമാണിത്. അദ്ദേഹത്തിന്‍റെ കവിത അര്‍ഹിക്കുന്ന ഗൌരവത്തോടെ ഈ വിഷയത്തെ സമീപിക്കാന്‍ ലക്ഷ്മിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ പ്രധാന കവികളില്‍ ഒരാളാണ് സെബാസ്റ്റ്യന്‍ എന്നതിന് ഈ പഠനം മറ്റൊരു സാക്ഷ്യംകൂടി നല്‍കുകയാണ്. ഇരുവരും എന്‍റെ അടുത്ത സുഹൃത്തുക്കളാണ്. ഈ സൌഹൃദങ്ങളുടെ വൈകാരികമായ അടുപ്പത്തിനപ്പുറം നിന്നുകൊണ്ട്, നിശിതമായ നിരീക്ഷണങ്ങളും പരികല്പനാപരമായ വിശകലനങ്ങളും ഉള്‍പ്പെടുത്തി ഡോ. ലക്ഷ്മി ഈ കവിതാപഠനം കാലികപ്രസക്തവും അതീവ സാര്‍ത്ഥകവുമാക്കിയിട്ടുണ്ട് എന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതിന്‍റെ വായനാവഴികളിലേക്ക് എല്ലാ ആസ്വാദകരേയും ഞാന്‍ ആഹ്ലാദപൂര്‍വ്വം സ്വാഗതംചെയ്യുകയാണ്.
ലണ്ടന്‍ to കേരള
രാജേഷ് കൃഷ്ണ
ഡി.സി. ബുക്സ്
രാജേഷ് കൃഷ്ണയുടെ ലണ്ടനില്‍നിന്ന് കേരളത്തിലേക്കുള്ള കരമാര്‍ഗമുള്ള ഏകാംഗയാത്രയുടെ വിവരണമാണ് ഈ പുസ്തകം. നവമലയാളി വഴി എന്റെ അടുത്ത സുഹൃത്ത് ആണെങ്കിലും ഞങ്ങള്‍ തമ്മില്‍ ആശയ വിനിമയം കുറവായതിനാല്‍ ഈ യാത്രയെക്കുറിച്ച് അസ്പഷ്ടമായ ഒരു ധാരണ മാത്രമേ ഈ പുസ്തകം വായിക്കുന്നതുവരെയും എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ യാത്ര എന്നായിരുന്നു ഞാന്‍ അവ്യക്തമായി അനുമാനിച്ചിരുന്നത്. ഹോ! തന്‍റെ ചിരപരിചിതമായ ലോകത്തില്‍നിന്ന് ഒന്നരമാസക്കാലം – ഒരു പക്ഷെ എത്രനാള്‍ എന്ന് ഉറപ്പില്ലാതെ – വിട്ടുനിന്നുകൊണ്ട്, ആ ലോകവുമായി ബന്ധം ഏതാണ്ട് പൂര്‍ണ്ണമായും ഉപേക്ഷിച്ചുകൊണ്ട്, സാമൂഹിക മാധ്യമങ്ങള്‍ പോലും ഒഴിവാക്കി, ഒറ്റയ്ക്കൊരു ലോകയാത്രക്കാണ് രാജേഷ് പോയതെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തരിച്ചിരുന്നു. ഇത് തീര്‍ത്തും അസാധ്യമായ കാര്യമായതുകൊണ്ടല്ല, പലരും ചെയ്യുന്നുണ്ടാവും. പക്ഷെ ഇങ്ങനെ തീരുമാനിക്കാന്‍ പക്ഷെ എല്ലാവര്‍ക്കും കഴിയില്ല എന്നതുകൊണ്ട്. അതിനു അസാധാരണമായ ധീരതയും നിശ്ചയദാര്‍ഢ്യവും ആവശ്യമുണ്ട് എന്നതുകൊണ്ട്. അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങള്‍, നഗരങ്ങള്‍, ജനപദങ്ങള്‍ അവിടെ പരിചയപെട്ട മനുഷ്യര്‍, സംസ്കൃതികള്‍, കാഴ്ചകള്‍, സാക്ഷിയായ സംഭവങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ – എല്ലാം ഇതില്‍ അടയാളപ്പെട്ടിരിക്കുന്നു. 19 രാജ്യങ്ങളിലൂടെ 20,000 കിലോമീറ്ററുകള്‍ ഒറ്റക്കൊരാള്‍ 49 ദിവസങ്ങള്‍കൊണ്ട് താണ്ടുന്നു എന്നതിലല്ല, അത് അനുഭവിക്കുന്ന, അതിനുവേണ്ടി സഹിക്കുന്ന ക്ലിഷ്ടതകളെ, യാതനകളെ അനുഭൂതികളാക്കി മാറ്റുന്നു എന്നതിലാണ് ആ യാത്രയുടെ മഹത്വം കാണുവാന്‍ കഴിയുക. സാഹസികമായ ആ യാത്രയെക്കുറിച്ചുള്ള തീക്ഷ്ണമായ ഓര്‍മ്മകളാണ് ഇതില്‍ പങ്കുവക്കുന്നത്. അതികാല്‍പ്പനികതയിലേക്ക് വഴുതിവീഴാത്ത കാവ്യാത്മകമായ ഒരു ഭാഷയിലും അതിലുപരി ചരിത്ര – ഭൂമിശാസ്ത്രബോധത്തിലും ഊന്നിനില്‍ക്കുന്ന ഭാഷയിലാണ് രാജേഷ് ഇത് എഴുതിയിട്ടുള്ളത്. ഇതിനുള്ള അവതാരികയ്ക്ക് “പുതിയ ഭൂപടം” എന്നാണ് സഖറിയ പേര് നല്‍കിയത്. ഒരു മനുഷ്യന്‍ തന്‍റെ യാത്രയിലൂടെ മാറ്റിവരയ്ക്കുന്ന ഭൂപടം ഈ കൃതിയില്‍ തെളിയുന്നുണ്ട്. കേവലമായ ഒരു യാത്രാവിവരണമല്ല, ചരിത്ര – വൈജ്ഞാനിക – രാഷ്ട്രീയ വിചാരങ്ങളുടെകൂടി സമാഹാരമാണ് ഈ പുസ്തകം. “സരസവും ഗഹനവും കഠിനവുമായ ലക്ഷ്യം” എന്നാണ് രാജേഷ് ഈ യാത്രയെക്കുറിച്ച് സൂചിപ്പിക്കുന്നത്. അതിനുപയോഗിച്ച സ്വന്തം കാറിനോട് അദ്ദേഹത്തിന് തോന്നുന്ന പ്രീതിക്ക് അതിരുകളില്ല. താന്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ച് രാജേഷ് നടത്തുന്ന ഒരു പരാമര്‍ശം ശ്രദ്ധേയമാണ്: “എന്നെ നയിച്ച ഒരു വാഹനം മാത്രമല്ല ഈ കാര്‍. വിജനവും വിദൂരവുമായ ദേശങ്ങളില്‍, ഭാഷയുടെ വിളുമ്പുകളില്‍, നദീതീരങ്ങളില്‍, കടല്‍ക്കരയില്‍, തകര്‍ന്നടിഞ്ഞ നഗരാവഷിഷ്ടങ്ങളില്‍, ഭൂകമ്പം താണ്ഡവമാടി കടന്നുപോയ ജനപദങ്ങളില്‍, പാര്‍വതശിഖരങ്ങളില്‍, ചെങ്കുത്തായ മലയിറക്കങ്ങളില്‍, ചിലനേരമെങ്കിലും ഭയചകിതമാകുന്ന ഏകാന്തതകളില്‍, നീയും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.” കാര്‍ എന്ന വസ്തുവും രാജേഷ് കൃഷ്ണ എന്ന മനുഷ്യനും മാത്രം താണ്ടിയ വൈകാരികാനുഭവങ്ങളുടെ നേര്‍സാക്ഷ്യം ഇതിലും ഭംഗിയായി പറയുന്നതെങ്ങനെ? താന്‍ യാത്രയില്‍ നേരിട്ട പ്രതിസന്ധികളും ആനന്ദങ്ങളും ധര്‍മ്മസങ്കടങ്ങളും വായനക്ഷമമായി പകര്തിക്കൊണ്ട് എഴുതപ്പെട്ട ഈ പുസ്തകം തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
ടെററിസ്റ്റ്: എന്‍റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തിന്റെ 14 വര്‍ഷങ്ങള്‍
മുഹമ്മദ് ആമിർ ഖാന്‍, നന്ദിത ഹക്‌സര്‍
വിവര്‍ത്തനം: മിസ്‌അബ് മുസ്തഫ നൂറാനി
ഐ.പി.ബി. ബുക്സ്
മുഹമ്മദ് ആമിർ ഖാനും നന്ദിത ഹക്‌സറും ചേർന്ന് രചിച്ച Framed as a Terrorist: My 14-Year Struggle to Prove My Innocence (2016) എന്ന പുസ്തകത്തിന്‍റെ മലയാളം വിവര്‍ത്തനമാണിത്. ഇതിന്‍റെ പ്രകാശനം, എ. പി. കുഞ്ഞാമു വിവര്‍ത്തനം ചെയ്ത, ഹര്‍ഷ് മന്ദിര്‍ എഴുതിയ Looking Away: Inequality, Prejudice and Indifference in New India എന്ന പുസ്തകത്തിനൊപ്പം, പാലക്കാട് നടന്ന എസ്.എസ്.എഫിന്‍റെ സാഹിത്യോല്സവത്തില്‍ വച്ച് ഞാന്‍ നിര്‍വഹിച്ചിരുന്നു. ഈ പുസ്തകം, ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം തെറ്റായി തടവിലാക്കപ്പെട്ടതിന്റെ ഭരണകൂട ഭീകരതയെ തുറന്നുകാട്ടുന്ന ശക്തമായ ഒരു ഓർമ്മക്കുറിപ്പാണ്. തീവ്രവാദക്കുറ്റം ചുമത്തി പതിനാല് വർഷം തടവിലാക്കപ്പെട്ടതിന് ശേഷമുള്ള ആമിർ ഖാന്റെ വേദനാജനകമായ അനുഭവങ്ങൾ ഈ പുസ്തകം വിവരിക്കുന്നു. തന്‍റെ യൌവനത്തില്‍, അദ്ദേഹത്തിന്‍റെ ഇരുപതുകളിൽ, അറസ്റ്റിലായ ഖാൻ, പീഡനം, ഒറ്റപ്പെടൽ, വർഷങ്ങളോളം നീണ്ടുനിന്ന കോടതി വ്യവഹാരങ്ങൾ എന്നിവ സഹിച്ച് ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുന്നു. ദേശീയസുരക്ഷയുടെ പേരിൽ ഭരണകൂടാധികാരം ദുരുപയോഗം ചെയ്യുന്നതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ അദ്ദേഹത്തിന്റെ കഥ വെളിപ്പെടുത്തുന്നുണ്ട്. സാമൂഹികമായ മുൻവിധികള്‍, കെട്ടിച്ചമച്ച തെളിവുകൾ, നിയമവ്യവസ്ഥായുടെ ഘടനാപരമായ പരാജയങ്ങള്‍ എന്നിവ നിരപരാധികളുടെ ജീവിതത്തെ വേട്ടയാടുന്നതിന്റെ ചിത്രമാണ് അമീറിന്‍റെ ജീവിതാഖ്യാനം വെളിപ്പെടുത്തുന്നത്. ഒരു വ്യക്തി നേരിടുന്ന ദുരിതങ്ങള്‍ക്കപ്പുറം, ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെയും, അരികുവൽക്കരിക്കപ്പെട്ട പൗരരെ – വിശേഷിച്ച് ന്യൂനപക്ഷങ്ങളെ – എത്രയും നിസ്സാരമായി “ഭീകരരായി” മുദ്രകുത്തുന്നതിന്റെ രാഷ്ട്രീയ കുറ്റപത്രമായി ഈ പുസ്തകം നിലകൊള്ളുന്നു. ഹക്‌സറിന്റെ നിയമപരമായ ഉൾക്കാഴ്ച ഖാന്റെ ആത്മപ്രകാശനത്തെ പൂരിപ്പിക്കുന്നു. ക്രൂരമായ നിയമങ്ങളും വർഗീയ പക്ഷപാതവും ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും എങ്ങനെ നശിപ്പിക്കുന്നു എന്ന് എടുത്തുകാണിക്കുന്ന ആത്മകഥനമാണിത്. അപ്പോഴും ഈ പുസ്തകം, കേവലമായ സിനിക്കല്‍ യുക്തികള്‍ക്ക് കീഴടങ്ങാതെ സഹിഷ്ണുത, ക്ഷമ, നീതിയിലുള്ള വിശ്വാസം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നു. ജയിൽ കവാടങ്ങൾ തുറന്നതിനുശേഷവും അന്തസ്സിനും മതേതരത്വത്തിനും സത്യത്തിനും വേണ്ടിയുള്ള പോരാട്ടം അമീര്‍ ഖാന്‍ തുടരുന്നുവെന്ന് ഈ പുസ്തകം വായനക്കാരെ ഓർമ്മിപ്പിക്കുന്നു.
നിധയേ സര്‍വവിദ്യാനാം
കല്ലേലി രാഘവന്‍പിള്ള
നാദം ബുക്സ്
തികച്ചും വ്യക്തിപരമായ ആനന്ദമാണ് ഈ പുസ്തകം നല്‍കുന്നത്. ഇത് എഴുതിയത് സ്കൂള്‍ പഠനകാലത്ത് എന്നെ ബൌദ്ധികമായി ഉണര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ധ്യാപകനാണ്— ആലപ്പുഴക്കക്ക് പ്രിയങ്കരനും എക്കാലവും ആദരണീയനുമായ കല്ലേലി രാഘവന്‍പിള്ള സര്‍. അദ്ദേഹം ദേശീയ അവാര്‍ഡ് നേടിയ അദ്ധ്യാപകനാണ്. ആലപ്പുഴയിലെ സാംസ്കാരിക മേഖലയില്‍ നിത്യസാന്നിധ്യമായിരുന്നു. ഇപ്പോള്‍ വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന പൂര്‍വവിദ്യാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും ഒക്കെയായി അദ്ദേഹം സ്നേഹസ്മരണകള്‍ പങ്കിടാറുണ്ട്. ഞാനും ആലപ്പുഴയില്‍ പോകുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. ഈ പുസ്തകത്തിന് രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ഒന്ന്, അദ്ദേഹത്തെ വേര്‍പിരിഞ്ഞ ജീവിതപങ്കാളിയെക്കുറിച്ചുള്ള ഓര്‍മ്മകളും രണ്ട്, അദ്ദേഹം എഴുതിയ ചില ലേഖനങ്ങളും കുറിപ്പുകളും. അദ്ദേഹത്തിന്‍റെ ജീവിതസഖി വിദ്യട്ടീച്ചറും എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു. “നിധയേ സര്‍വവിദ്യാനാം” എന്നത് ദക്ഷിണാമൂര്‍ത്തി സ്തോത്രത്തിലെ ഒരു ശ്ലോകത്തിന്റെ തുടക്കമാണ്. ‘സർവ്വജ്ഞാനത്തിന്റെയും കലവറ’ എന്നാണ് അതിനര്‍ത്ഥം. തന്‍റെ ജീവിതത്തെ പ്രാര്‍ഥനാരൂപത്തില്‍ നോക്കിക്കാണുന്ന കല്ലേലി സര്‍ കൂടുതല്‍ ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത തലമുറയുമായുള്ള ആത്മബന്ധം അദ്ദേഹം എപ്പോഴും ക്ലാസ്സില്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു. ഗാന്ധിയും നെഹ്രുവും സ്വാതന്ത്ര്യസമരവുമൊക്കെ അദ്ദേഹത്തിന്‍റെ ക്ലാസ്സുകളില്‍ നിരന്തരം പരാമര്‍ശിക്കപ്പെട്ടിരുന്നു. കുട്ടികളോട് കര്‍ക്കശക്കാരനായ അന്നത്തെ ഒരു ഹെഡ്മാസ്റ്റര്‍ പക്ഷെ തന്‍റെ കാര്‍ക്കശ്യം ഭയന്ന് വിദ്യാര്‍ഥികള്‍ സ്വാതന്ത്യസമരത്തിന്‍റെ ഭാഗമായ ക്ലാസ് ബഹിഷ്കരണത്തിന് തയ്യാറാവാതെയിരുന്നപ്പോള്‍ ക്ലാസ് മുറികളില്‍പോയി “ഇറങ്ങിനെടാ എല്ലാവരും സമരത്തിന്” എന്ന് ഗര്‍ജ്ജിച്ച കാര്യം സര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ ലിബറല്‍ പാരമ്പര്യത്തിന്റെ കണ്ണിയാണ് കല്ലേലി സര്‍. ഇ. കെ. നായനാരുടെ ആത്മകഥയെക്കുറിച്ച് എഴുതുമ്പോഴും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സമരസ്മരണകള്‍ പരാമര്‍ശിക്കുമ്പോഴും ഈ വിപ്ലവസഹഭാവം അദ്ദേഹം പുലര്‍ത്തുന്നുണ്ട്. ഒരു സ്കൂള്‍ വിദ്യാര്‍ഥി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ സ്നേഹസൌജന്യങ്ങള്‍ ധാരാളമായി ഞാനും അനുഭവിച്ചിട്ടുണ്ട്. കവി കെ. കുമാരപിള്ള, എം. കെ. സാനുമാഷ് തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തിന്‍റെ സഹപാഠികളും അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് കോളേജില്‍ എന്റെ അദ്ധ്യാപകനായിരുന്ന ഈ അടുത്തകാലത്തു വേര്‍പിരിഞ്ഞുപോയ, കവി പ്രൊഫ. അമ്പലപ്പുഴ ഗോപകുമാറാണ്. അതുപോലെ എം. കെ. സാനുമാഷിന്‍റെ കല്ലേലി സാറിനെക്കുറിച്ചുള്ള ഓര്‍മ്മയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അവര്‍ സഹപാഠികള്‍ ആയിരുന്നു. എനിക്ക് ചെറുപ്പം മുതലെ അറിയാവുന്ന അദ്ദേഹത്തിന്‍റെ പ്രിയപുത്രി ഡോ. ചിത്ര എന്‍. ആര്‍ ആണ് ഈ പുസ്തകം എത്തിച്ചുതന്നത്. അല്പം വൈകിയാണെങ്കിലും ഇത് വായിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.
The World After Gaza: A Short History
Pankaj Mishra
Juggernaut Books
പങ്കജ് മിശ്ര എഴുതിയ ‘ദി വേൾഡ് ആഫ്റ്റർ ഗാസ: എ ഷോർട്ട് ഹിസ്റ്ററി’ (2025) എന്ന പുസ്തകം ഗസ്സ യുദ്ധത്തെയും അതിന്റെ വിശാലമായ ആഗോള പ്രതിധ്വനികളെയുംകുറിച്ചുള്ള ധീരവും പ്രതിഫലനാത്മകവുമായ ഒരു ഇടപെടലാണ്. 2023–24 കാലഘട്ടത്തിൽ ഗസ്സയിൽ ആരംഭിച്ച സംഘർഷം, രണ്ട് പ്രബലമായ ആധുനിക ആഖ്യാന പാരമ്പര്യങ്ങളെ പുനഃപരിശോധിക്കുന്നതിനുള്ള ഒരു സന്ദര്‍ഭമായി മിശ്ര ഉപയോഗിക്കുന്നു. ഗ്ലോബൽ നോർത്തിന്റെ അവകാശവാദങ്ങളില്‍പ്പെടുന്ന ലിബറൽ പ്രബുദ്ധത, പുരോഗതി, ധാർമ്മികാധികാരം എന്നിവയുടെ ആഖ്യാനവും, ഗ്ലോബൽ സൗത്തിന്റെ അപകോളനീകരണം, വംശീയ നീതി, പ്രതിരോധം എന്നിവയുടെ ആഖ്യാനവും ഈ പുസ്തകത്തില്‍ മുഖാമുഖം സന്ധിക്കുന്നു. പാശ്ചാത്യ സ്മരണയിലും രാഷ്ട്രീയത്തിലും ഹോളോകോസ്റ്റ് കേന്ദ്രധാർമ്മിക മാനദണ്ഡമായി മാറിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മിശ്ര ചൂണ്ടിക്കാണിക്കുന്നു. ഇത് പലപ്പോഴും ഇസ്രായേൽ ഭരണകൂടത്തിന്റെ അസ്തിത്വാവകാശവാദങ്ങളെയും സൈനികനടപടികളെയും ന്യായീകരിക്കാൻ എങ്ങനെ പാശ്ചാത്യലോകം ഉപയോഗിക്കുന്നുവന്നതിനെക്കുറിച്ച് അദ്ദേഹം ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. അതേസമയം, പാശ്ചാത്യേതര ലോകത്തിന്റെ ഭൂരിഭാഗത്തിനും, ഇരുപതാംനൂറ്റാണ്ടിലെ അടിസ്ഥാനചരിത്രം അപകോളനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു – ആ പ്രക്രിയ സൃഷ്ടിക്കുന്ന ട്രോമ, വിമോചനസാധ്യതകള്‍, നീതിപ്പോരാട്ടങ്ങള്‍ എന്നിവയാണ് മുന്‍കോളനികളുടെ അടിസ്ഥാന പ്രതിസന്ധികളെ നിര്‍വചിക്കുന്നത്. പുസ്തകത്തിൽ, മിശ്ര സ്വന്തം ബൗദ്ധികയാത്രയെക്കുറിച്ച് പ്രതിഫലനാത്മകമായി ചിന്തിക്കുകയും, പാശ്ചാത്യമാധ്യമങ്ങളിലെയും രാഷ്ട്രീയത്തിലെയും അവരുടെ സൌകാര്യാര്‍ഥം തിരഞ്ഞെടുക്കപ്പെട്ട ഓർമ്മകൾമാത്രം ആവര്‍ത്തിക്കുന്ന സമീപനം, ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കൊലകളിലെ ഇവരുടെ നൈതികപങ്കാളിത്തം, പലപ്പോഴും അവര്‍ പാലിക്കുന്ന കുറ്റകരമായ നിശബ്ദത എന്നിവയെ ചോദ്യംചെയ്യുകയും ചെയ്യുന്നു. ചില ജീവിതങ്ങൾ മറ്റുള്ളവയെക്കാൾ പ്രാധാന്യമർഹിക്കുന്നതെങ്ങനെ, സ്വത്വവും ഇരവാദവും എങ്ങനെ നിർമ്മിക്കപ്പെടുന്നു, ആഴത്തിൽ ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്ത് നൈതികമായി പ്രവർത്തിക്കുന്നതിന്റെ അർത്ഥമെന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഈ സംഘര്‍ഷം ഉയര്‍ത്തുന്നുണ്ട്. “വേൾഡ് ആഫ്റ്റർ ഗസ്സ” എന്ന കൃതി, ഒരു കഴിഞ്ഞകാലചരിത്രത്തിന്‍റെ ആഖ്യാനമല്ല, മറിച്ച് ഗസ്സയിലെ ഹിംസക്കുശേഷം നീതിയുക്തമായ ഒരു ലോകം നമുക്ക് എങ്ങനെ സങ്കൽപ്പിക്കാൻ കഴിയും എന്നതിനെക്കുറിച്ച് പങ്കജ് മിശ്ര ഉയര്‍ത്തുന്ന സന്ദേഹങ്ങളുടെകൂടി പ്രതിനിധാനമാണ്.






