ഫ്രീഡം ഫ്ലോട്ടില്ല: അതിരുകൾ ഭേദിക്കുന്ന സിവിലിയൻ പ്രതിരോധം! – മിനി രാഘവൻ

ഫ്രീഡം ഫ്ലോട്ടില്ല, അഥവാ പരാജിതരുടെ വിജയഗാഥ! അല്ലെങ്കിൽ, അതിരുകൾ ഭേദിക്കുന്ന ഒരു സിവിലിയൻ പ്രതിരോധം – ഫ്രീഡം ഫ്ലോട്ടില്ലയുടെ നിർവ്വചനങ്ങൾ നിരവധിയാണ്.

ആക്രമണത്തിനും അധിനിവേശത്തിനും പുറമേ  ഗാസയ്ക്കും പലസ്തീനും മേൽ ഇസ്രയേൽ നടപ്പിലാക്കിയിരിക്കുന്ന ഉപരോധം ലംഘിച്ച് കടൽമാർഗ്ഗം ചെറുകപ്പലുകൾ വഴി  ഭക്ഷ്യവസ്തുക്കളും ഉൾപ്പടെയുള്ള അവശ്യസാധനങ്ങളും സഹായങ്ങളും എത്തിക്കുവാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള, നിരവധി രാജ്യങ്ങളിലെ ജനങ്ങളുടെ കൂട്ടായ്മയാണ് ഫ്രീഡം ഫ്ലോട്ടില്ല.

ഭൂമിശാസ്ത്രപരമായ അതിരുകളുടെയോ, രാഷ്ട്രീയവും സാമ്പത്തികവുമായ വ്യത്യസ്‌തകളുടെയോ അടിസ്ഥാനത്തിൽ,  മാനവികത വിഭജിതമായ ലോകത്ത്, അധികാരത്തെയും സാമ്രാജ്യത്വത്തെയും ചോദ്യം ചെയ്യുന്ന ഫ്രീഡം ഫ്ലോട്ടില്ല കേവലം  സഹായക്കപ്പലുകൾ  മാത്രമല്ല ; അത് ഒരു സിവിലിയൻ പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണ്. നിരാലംബരായ ഗാസയിലെ ജനങ്ങൾക്ക് കൈത്താങ്ങാവാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള സാധാരണക്കാരായ മനുഷ്യർ തന്നെ മുന്നോട്ടുവന്നപ്പോൾ, അതിന്റെ പിന്നിൽ പ്രവർത്തിച്ചത് സഹജീവിതത്തിന്റെ ആഴത്തിലുള്ള കരുതലായിരുന്നു.

ചരിത്രത്തിലെ പ്രശസ്തമായൊരു കഥ ഇതു  നമ്മെ ഓർമ്മിപ്പിക്കുന്നു – സ്കോട്‌ലൻഡ് രാജാവായ റോബർട്ട് ബ്രൂസ്. നിരന്തര പരാജയങ്ങൾക്കുശേഷം ഒറ്റപ്പെട്ട് ഒരു ഗുഹയിൽ  നിരാശനായി മറഞ്ഞിരുന്നപ്പോൾ, അയാൾ  ഒരു എട്ടുകാലിയെ  ശ്രദ്ധിച്ചു. ആറു പ്രാവശ്യം പരാജയപ്പെട്ടിട്ടും ഏഴാം ശ്രമത്തിൽ  തന്റെ വലകെട്ടുന്നതിൽ  വിജയം കൈവരിച്ച ആ എട്ടുകാലി  പരാജിതനായ രാജാവിന്റെ  പ്രേരക ശക്തിയായി. ആ ചെറു ജീവിയുടെ അത്യദ്ധ്വാനം  രാജാവിനെ  വീണ്ടും പോരാട്ടത്തിലേക്ക് പ്രചോദിപ്പിച്ചു. അവസാനം, ബ്രൂസ് (Battle of Bannockburn, 1314) തന്റെ ജനതയ്ക്കു സ്വാതന്ത്ര്യം നേടിക്കൊടുത്തു.

ഫ്രീഡം ഫ്ലോട്ടില്ലയുടെ യാത്രയും അതുപോലെതന്നെ ഒരു പ്രതീകമാണ്. പലവട്ടം തടയലുകൾക്കും ഭീഷണികൾക്കും വിധേയമായിട്ടും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണക്കാരായ പ്രവർത്തകർ വീണ്ടും വീണ്ടും ഒരുമിച്ച് നിലകൊള്ളുന്നു. അവർ മനുഷ്യ സമൂഹത്തോടു  പറയുന്നത് ഒന്നു  മാത്രമാണ്. – “പെർസിസ്റ്റൻസ്”, അതായത്, സ്ഥിരമായി നിലകൊള്ളുന്ന പരിശ്രമം.

അതുകൊണ്ടുതന്നെ, ഫ്രീഡം ഫ്ലോട്ടില്ല വെറും കപ്പൽയാത്രാ സംഘമല്ല. അത് സാധാരണക്കാരുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ സാക്ഷ്യപത്രം കൂടിയാണ്. ഗാസയിലെ നിരാലംബർക്കു ഭക്ഷണവും മരുന്നും എത്തിക്കുന്നതിലുപരി, ലോകത്തോട് അവർ പറയുന്നത് ഒരേയൊരു സന്ദേശമാണ്: “ജനാധിപത്യത്തിന്റെ യഥാർത്ഥ രക്ഷാധികാരികൾ സമ്പന്നരുടെ കൊട്ടാരങ്ങളിൽ അല്ല, മറിച്ച് നിരാലംബരെ താങ്ങാൻ മുന്നോട്ട് വരുന്ന സാധാരണ മനുഷ്യരുടെ ഹൃദയങ്ങളിൽ തന്നെയാണ്.

ഗാസയിലേക്ക് യാത്രതിരിക്കുന്ന ഫ്രീഡം ഫ്ലോട്ടില്ല അന്താരാഷ്ട്ര ജലങ്ങളിൽ മുന്നേറുമ്പോൾ, അത് മധ്യധരണ്യാഴിക്കപ്പുറം, ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.  ലോകമെമ്പാടുമുള്ള സിവിൽ സമൂഹ സംഘടനകളും പ്രവർത്തകരും ചേർന്ന് സംഘടിപ്പിച്ച ഈ ദൗത്യം  മാനവീയ സഹായം എത്തിക്കുന്നതിനുള്ള ശ്രമം മാത്രമല്ല; ഗാസയിലെ ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന അതിദാരുണമായ യാതനകൾ  തിരിച്ചറിയുകയോ  അംഗീകരിക്കുകയോ ചെയ്യാതെ, പീഡകരായ സ്വേച്ഛധിപത്യ രാജ്യങ്ങൾക്ക്   ഒപ്പം നിൽക്കുകയോ, അല്ലെങ്കിൽ നിശ്ശ്ബ്ദപിന്തുണ പിന്തുണ നൽകുകയോ  ചെയ്യുന്ന  സർക്കാർ നയങ്ങൾക്കെതിരായി താഴേത്തട്ടിൽ നിന്നും  ഉയർന്ന് വന്ന പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു.

ഈ ഫ്ലോട്ടില്ലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവർത്തകർ, ഡോക്ടർമാർ, പാർലമെന്റ് അംഗങ്ങൾ, വിദ്യാർത്ഥികൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കുന്നു. അവരുടെ ലക്ഷ്യം ഗാസയ്ക്കു നേരെയുളള ഇസ്രായേലിന്റെ ദീർഘകാല നാവിക ഉപരോധത്തെ വെല്ലുവിളിക്കുകയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ഈ ഉപരോധത്തെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്ന നടപടിയായി വിശേഷിപ്പിച്ചിട്ടുണ്ട്, കാരണം അത് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ ഭീകരമായ ക്ഷാമത്തിലേക്ക്   അല്ലെങ്കിൽ ജനതയുടെ വംശനാശത്തിലേക്ക് നയിക്കാൻ കാരണമായിട്ടുണ്ട്.

മുൻകാല ഫ്ലോട്ടില്ലകൾ പലപ്പോഴും തടയപ്പെട്ടിട്ടുണ്ടെങ്കിലും, ഇത്തവണത്തെ ശ്രമം വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യത്തിലാണ് നടക്കുന്നത്. സ്പെയിൻ, അയർലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ സമുദ്രത്തിൽ സിവിലിയൻ പ്രവർത്തകരോടുളള പെരുമാറ്റത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും, സഹിഷ്ണുതാപരമായ സമീപനത്തിനായി   ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇറ്റലിയും സ്പെയിനും സുരക്ഷയ്ക്കായി നാവിക കപ്പലുകൾ വിന്യസിച്ചെങ്കിലും, സൈനിക സംഘർഷം ഒഴിവാക്കാൻ അവർ സൂക്ഷ്മമായ സമീപനമാണ് സ്വീകരിച്ചത്.

ഗാസയെ അതിരുകൾ കടന്ന് നോക്കുമ്പോൾ, ഫ്രീഡം ഫ്ലോട്ടില്ലയുടെ പ്രാധാന്യം വളരെ കൂടുതലാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. അത് ആഗോള ക്രമത്തിൽ നിലനിൽക്കുന്ന ആഴത്തിലുള്ള വിഭജനം വെളിപ്പെടുത്തുന്നു: ഏകാധിപത്യ ഭരണകൂടങ്ങളും, സാമ്പത്തിക-സൈനിക പങ്കാളിത്തങ്ങളിലൂടെ ആ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുന്നുവെന്ന് വിമർശകർ ആരോപിക്കുന്ന ജനാധിപത്യ രാജ്യങ്ങളും, ഉത്തരവാദിത്തം ആവശ്യപ്പെടുന്ന സാധാരണ ജനങ്ങളുടെ ശബ്ദവുമാണ് തമ്മിൽ ഏറ്റുമുട്ടുന്നത്.

“സർക്കാരുകൾ പരാജയപ്പെടുമ്പോൾ, ജനങ്ങളാണ് മുന്നോട്ട് വരുന്നത്,” ദൗത്യത്തിൽ പങ്കെടുത്ത ഒരു യൂറോപ്യൻ പാർലമെന്റ് അംഗം പറഞ്ഞു.

നിരീക്ഷകരുടെ  അഭിപ്രായത്തിൽ, ഫ്ലോട്ടില്ലയുടെ ശക്തി ഗാസയുടെ ആവശ്യങ്ങൾക്ക് താരതമ്യേന ചെറുതായുള്ള സഹായത്തിൽ അല്ല, മറിച്ച് അതിന്റെ പ്രതീകാത്മകതയിലാണ്. ആയുധങ്ങളില്ലാത്ത സാധാരണക്കാരെ ഒരു രാഷ്ട്രീയ സംഘർഷത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഈ ദൗത്യം ഗാസയുടെ പ്രശ്നത്തെ ഒരു സാങ്കേതിക നയതന്ത്ര വിഷയമല്ലാതെ ഒരു നൈതിക പ്രതിസന്ധിയായി ലോകം കാണേണ്ടതാണെന്ന് ഓർമ്മിപ്പിക്കുന്നു.

നവലോകക്രമങ്ങളിൽ ജനാധിപത്യരാജ്യങ്ങളുടെ പങ്കിനെക്കുറിച്ചും വീണ്ടും ചര്‍ച്ചകള്‍ ഉണര്‍ന്നിട്ടുണ്ട്. പലപ്പോഴും അവരുടെ നയങ്ങളും വ്യാപാരവും സമ്പന്നരെ മാത്രമാണ്  അനുകൂലമായി ബാധിക്കുന്നത്, സാധാരണ ജനങ്ങൾ യുദ്ധങ്ങളുടെയും, കാലാനുചിതമല്ലാത്ത സാമ്പത്തികനയങ്ങളുടെയും ഇരകളായി ജീവിച്ചു മരിക്കേണ്ടി വരുന്നു, വിമർശകർ പറയുന്നതുപോലെ, ഫ്ലോട്ടില്ല ജനാധിപത്യ ആശയങ്ങളും അധികാര രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള വിടവ് വെളിപ്പെടുത്തുന്നു.

വരാനിരിക്കുന്ന ദിവസങ്ങളിൽ ഫ്ലോട്ടില്ല വീണ്ടും ഇസ്രയേലിനാൽ തടയപ്പെടാം, ആക്രമിക്കപ്പെടാം. എങ്കിലും ഫ്ലോട്ടില്ലയെ പിന്തുണക്കുന്നവർ പറയുന്നത്, ഫ്ലോട്ടില്ല ഇതിനകം തന്നെ അതിന്റെ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു എന്നാണ്: ഗാസയെ ലോകശ്രദ്ധയിൽ കൊണ്ടുവരികയും, ഐക്യദാർഢ്യം സർക്കാരുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ജനങ്ങളിൽ നിന്ന് ആരംഭിക്കാമെന്നും ഓർമ്മിപ്പിക്കുകയായിരുന്നു ഫ്ലോട്ടില്ല.

ഫ്രീഡം  ഫ്ലോട്ടിലയുടെ സഹയാത്രികൻ  പറയുന്നു, “ഞങ്ങൾ കഥയുടെ ചെറു വഴിത്തിരിവുകൾ മാത്രമാണ്, കഥ പാലസ്റ്റീനിന്റേതാണ് , ഗാസയിലെ ജനങ്ങളുടെയും.”

Comments

comments